രാഷ്ട്രീയപാർട്ടികളും
സാമൂഹികനീതിയും തമ്മിലെന്ത്?

‘‘പാർലമെന്ററി ജനായത്തത്തിൽ സ്ഥാനാർത്ഥി നിർണ്ണയാധികാരം കൈവശപ്പെടുത്തി, രാഷ്ട്രീയപ്പാർട്ടി എന്ന സാമൂഹിക സ്ഥാപനം സാമൂഹികനീതിനിഷേധത്തെ നിലനിർത്തുകയാണ് ചെയ്യുന്നത്’’- അശോകകുമാർ വി. എഴുതുന്ന ലേഖനപരമ്പരയുടെ മൂന്നാം ഭാഗം.

ഭരണപ്പാർട്ടിയുടെ
ഭരണകൂട അധിനിവേശങ്ങൾ:
ഭാഗം 3

പാർലമെൻ്റിൻ്റെ
ജനായത്തവൽക്കരണം

18-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ (1770-1990 കൾ) യൂറോ- അമേരിക്കൻ നാടുകളിൽ സാർവ്വത്രിക വോട്ടവകാശത്തിനുവേണ്ടിയുള്ള പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും ശക്തമാകുന്നതു കാണാം. ഈ സമരങ്ങൾ നിഷ്‌ക്കരുണം അടിച്ചമർത്തപ്പെട്ടെങ്കിലും, അവ വീണ്ടും വീണ്ടും ഉയർന്നുവന്നപ്പോൾ ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ, പല കാലങ്ങളിൽ ഘട്ടംഘട്ടമായി വന്ന തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളിലൂടെ പാർലമെൻ്ററി ഭരണത്തിലേക്ക് ജനങ്ങളുടെ രാഷ്ട്രീയപങ്കാളിത്തം വ്യാപിച്ചു. അങ്ങനെ വോട്ടെടുപ്പിൻ്റെ ജനകീയവൽക്കരണത്തിലൂടെ പാർലമെൻ്ററി വ്യവസ്ഥ പാർലമെൻ്ററി ഡെമോക്രസിയായി പരിണമിച്ചു.

വോട്ടെടുപ്പിൻ്റെ ജനകീയവൽക്കരണം ആരംഭിക്കുന്ന 19 -ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളിൽ തന്നെ പാർലമെൻ്റംഗങ്ങളുടെ രാഷ്ട്രീയ വിഭജനം പൗരസമൂഹത്തിലേക്കു കൂടി കടന്നുവരുകയും രാഷ്ട്രീയപ്പാർട്ടികൾ സംഘടിത സാമൂഹിക സ്ഥാപനങ്ങളായി വികസിക്കുകയും ചെയ്തു. പാർലമെൻ്റ് പ്രതിനിധികളെ നിശ്ചയിക്കാനുള്ള രാഷ്ട്രീയാധികാരം സമ്പന്നവർഗ്ഗങ്ങളിൽ നിന്ന് വോട്ടെടുപ്പിലുടെ ജനങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ജനപ്രതിനിധി ക്രമേണ പാർട്ടിപ്രതിനിധി കൂടിയായി; ജനങ്ങളുടെ വോട്ട് വ്യക്തിക്കുള്ള വോട്ടിനപ്പുറം പാർട്ടിക്കുള്ള വോട്ടായും മാറി.

Read: ജനങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടോ
പാർട്ടികൾ?

രാഷ്ട്രീയപ്പാർട്ടികളിലൂടെ ജനായത്തത്തിലേക്കുള്ള ഈ രാഷ്ട്രീയ രൂപാന്തരം സമൂഹത്തിലും വ്യക്തിയിലും എന്തെല്ലാം മാറ്റം സൃഷ്ടിച്ചു?

പൊതുവേ അറിയപ്പെടുന്നതുപോലെ പാർട്ടികൾ ജനായത്തത്തിലെ തെരഞ്ഞെടുപ്പ് സംഘാടകർ മാത്രമാണോ? അതോ സമൂഹത്തെയും പൗരരുടെ പൊതുരാഷ്ട്രീയ ബോധത്തെയും നിർണ്ണയിക്കുന്ന സാമൂഹിക സ്ഥാപനങ്ങളാണോ? പാർലമെൻ്ററി സമ്പ്രദായത്തിനകത്തെ സാർവ്വത്രിക വോട്ടവകാശം നൂറ്റാണ്ടുകൾ നീണ്ട ജനകീയ സമരങ്ങളിലൂടെ നേടിയെടുത്തതാണെങ്കിൽ, അതിനോടൊപ്പം വളർന്നുവന്ന പാർട്ടിസംവിധാനം ജനായത്തത്തെ യഥാർത്ഥത്തിൽ എത്രത്തോളം ശക്തിപ്പെടുത്തി? അതോ ജനങ്ങളുടെ രാഷ്ട്രീയാധികാരത്തെ പുതിയൊരു സ്ഥാപനഘടനയ്ക്കുള്ളിൽ അവ പുനഃസംഘടിപ്പിച്ചോ? പാർട്ടിസംവിധാനങ്ങളിലൂടെ മാത്രം സാർവ്വത്രിക വോട്ടവകാശം നൂറിലധികം വർഷമായി പ്രകാശിതമാകുന്ന സാമൂഹികാനുഭവം ജനായത്തത്തിന്റെ വളർച്ചയെക്കുറിച്ച് എന്താണ് നമ്മെ പഠിപ്പിക്കുന്നത്?

സാർവ്വത്രിക വോട്ടവകാശപ്രക്ഷോഭങ്ങളിലൂടെ പാർലമെന്ററി സമ്പ്രദായം പാർലമെന്ററി ജനായത്തമായി പരിണമിച്ച ചരിത്രഘട്ടങ്ങളെ വിശകലനം ചെയ്ത് മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഉത്തരം അന്വേഷിക്കാവുന്നതാണ്.

പാർലമെൻ്റിൽ ക്യാബിനറ്റിലേക്കുള്ള അധികാരകേന്ദ്രീകരണം സഭാംഗങ്ങളെ രാഷ്ട്രീയപ്പാർട്ടികളായി സംഘടിക്കാൻ നിർബന്ധിതരാക്കിയെങ്കിൽ, വോട്ടവകാശത്തിലേക്കുള്ള സാമാന്യജനത്തിന്റെ കടന്നുവരവ് വോട്ടർമാരെയും രാഷ്ട്രീയപ്പാർട്ടികളുടെ ഭാഗമാക്കി മാറ്റി. സഭയ്ക്കുള്ളിലെ വോട്ടെടുപ്പിൽ ആരംഭിച്ച പാർട്ടിവൽക്കരണം വോട്ടെടുപ്പിന്റെ ജനകീയവൽക്കരണത്തിലൂടെ സഭയുടെ പുറത്തേക്കും വ്യാപിച്ചു. അങ്ങനെ പാർലമെന്റിനകത്തെ പാർട്ടിസംഘാടനവും പാർലമെന്റിന് പുറത്തുള്ള ജനകീയ പാർട്ടി സംഘാടനവും പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് പാർട്ടിജനായത്തത്തിന്റെ സാമൂഹിക അടിത്തറ രൂപപ്പെടുത്തി. അപ്പോൾ രാഷ്ട്രീയപ്പാർട്ടി സഭയ്ക്കകത്തെ ഒരു പാർലമെന്ററി സംഘം മാത്രമല്ലാതായി; സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് വ്യാപിച്ച ഒരു സാമൂഹിക സ്ഥാപനമായി മാറി.

പാർലമെൻ്റ് പ്രതിനിധികളെ നിശ്ചയിക്കാനുള്ള രാഷ്ട്രീയാധികാരം സമ്പന്നവർഗ്ഗങ്ങളിൽ നിന്ന് വോട്ടെടുപ്പിലുടെ ജനങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ജനപ്രതിനിധി ക്രമേണ പാർട്ടിപ്രതിനിധി കൂടിയായി; ജനങ്ങളുടെ വോട്ട് വ്യക്തിക്കുള്ള വോട്ടിനപ്പുറം പാർട്ടിക്കുള്ള വോട്ടായും മാറി.
പാർലമെൻ്റ് പ്രതിനിധികളെ നിശ്ചയിക്കാനുള്ള രാഷ്ട്രീയാധികാരം സമ്പന്നവർഗ്ഗങ്ങളിൽ നിന്ന് വോട്ടെടുപ്പിലുടെ ജനങ്ങളിലേക്ക് വ്യാപിക്കുമ്പോൾ ജനപ്രതിനിധി ക്രമേണ പാർട്ടിപ്രതിനിധി കൂടിയായി; ജനങ്ങളുടെ വോട്ട് വ്യക്തിക്കുള്ള വോട്ടിനപ്പുറം പാർട്ടിക്കുള്ള വോട്ടായും മാറി.

ബ്രിട്ടനിൽ ക്യാബിനറ്റ് ഭരണത്തിന്റെ ശക്തിപ്പെടലിന് തുടക്കമിട്ട 18-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ തന്നെ, കൈവേലക്കാരും കൂലിവേലക്കാരും രൂപീകരിച്ച രാഷ്ട്രീയ ക്ലബ്ബുകൾ ഭരണഘടനാപരമായ പരിഷ്കാരങ്ങളിലൂടെ സാർവ്വത്രിക (ആൺ) വോട്ടവകാശം സ്ഥാപിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങി.

പാർലമെന്ററി ഭരണത്തിന്റെ മാതൃകയായി വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടനും ജനകീയ വിപ്ലവത്തിന്റെ നാടെന്നു വിശേഷിപ്പിക്കപ്പെട്ട ഫ്രാൻസും ദീർഘകാലം സാർവ്വത്രിക വോട്ടവകാശത്തിനായുള്ള ആവശ്യങ്ങളെ അടിച്ചമർത്തുകയാണുണ്ടായത്.

ഫ്രഞ്ച് വിപ്ലവകാലത്ത് കൂലിപ്പണിക്കാരായ സാൻ-കുലോട്ടുകളുടെയും (Sans-culottes) ജനകീയ രാഷ്ട്രീയ ക്ലബ്ബുകളുടെയും പ്രധാന രാഷ്ട്രീയ അജണ്ടകളിലൊന്ന് വിശാലമായ വോട്ടവകാശവും ജനങ്ങളുടെ നേരിട്ടുള്ള രാഷ്ട്രീയപങ്കാളിത്തവുമായിരുന്നു. ഇവരിൽ പലരും പ്രാതിനിധ്യ ജനായത്തത്തിന്റെ പരിമിതികളെ വിമർശിച്ച് പ്രത്യക്ഷ ജനായത്തത്തിന്റെ (Direct democracy) ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു രാഷ്ട്രീയക്രമം മുന്നോട്ടുവച്ചു. സമ്പന്നവർഗ്ഗങ്ങളുടെ രാഷ്ട്രീയചേരികളിൽ നിന്ന് വ്യത്യസ്തമായി, ഈ ജനകീയ രാഷ്ട്രീയഗ്രൂപ്പുകളിൽ സ്ത്രീപങ്കാളിത്തവും ശ്രദ്ധേയമായിരുന്നു.

നാം ഇന്ന് കാണുന്ന സാർവ്വത്രിക വോട്ടവകാശം അടിസ്ഥാനമാക്കിയ ആധുനിക ജനായത്തം ബ്രിട്ടീഷ്, അമേരിക്കൻ, ഫ്രഞ്ച് പാർലമെന്റുകളിൽ നിന്ന് ജനങ്ങളിലേക്ക് താഴ്ന്നുവന്ന രാഷ്ട്രീയ സംവിധാനമായിരുന്നില്ല. മറിച്ച്, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിവരെ ഏകദേശം ഒന്നര നൂറ്റാണ്ടിലേറെക്കാലം സാധാരണ ജനങ്ങൾ സംഘടിച്ചും സമരം ചെയ്തും നേടിയെടുത്ത രാഷ്ട്രീയാവകാശങ്ങളുടെ ഫലമായിരുന്നു അത്. ബ്രിട്ടനിൽ ലണ്ടൻ കറസ്പോണ്ടിംഗ് സൊസൈറ്റിയും, പിന്നീട് ചാർട്ടിസ്റ്റ് പ്രസ്ഥാനവും ഈ പോരാട്ടത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നെങ്കിൽ, ഫ്രാൻസിൽ കോർഡെലിയേഴ്സ് (Cordeliers) ക്ലബ്ബും സാൻ-കുലോട്ടുകളുടെ ക്ലബ്ബുകളും വിശാലമായ രാഷ്ട്രീയപങ്കാളിത്തത്തിനുവേണ്ടി നിലകൊണ്ടു.

പാർലമെന്ററി ഭരണത്തിന്റെ മാതൃകയായി വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടനും ജനകീയ വിപ്ലവത്തിന്റെ നാടെന്നു വിശേഷിപ്പിക്കപ്പെട്ട ഫ്രാൻസും ദീർഘകാലം സാർവ്വത്രിക വോട്ടവകാശത്തിനായുള്ള ആവശ്യങ്ങളെ അടിച്ചമർത്തുകയാണുണ്ടായത്. അമേരിക്കൻ വിപ്ലവവും തുടക്കത്തിൽ സാർവ്വത്രിക വോട്ടവകാശം അംഗീകരിച്ചിരുന്നില്ല; സ്വാതന്ത്ര്യാനന്തര അമേരിക്കയിൽ വോട്ടവകാശം പ്രധാനമായും സ്വത്തുടമസ്ഥതയോ നികുതിയടയ്ക്കലോ പോലുള്ള യോഗ്യതകൾ പാലിക്കുന്ന വെളുത്ത പുരുഷന്മാർക്കായിരുന്നു. പിന്നീട് മാത്രമാണ് ആ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്യപ്പെട്ടത്.

സഭയ്ക്കുള്ളിലെ വോട്ടെടുപ്പിൽ ആരംഭിച്ച പാർട്ടിവൽക്കരണം വോട്ടെടുപ്പിന്റെ ജനകീയവൽക്കരണത്തിലൂടെ സഭയുടെ പുറത്തേക്കും വ്യാപിച്ചു. അങ്ങനെ പാർലമെന്റിനകത്തെ പാർട്ടിസംഘാടനവും പാർലമെന്റിന് പുറത്തുള്ള ജനകീയ പാർട്ടി സംഘാടനവും പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് പാർട്ടിജനായത്തത്തിന്റെ സാമൂഹിക അടിത്തറ രൂപപ്പെടുത്തി.
സഭയ്ക്കുള്ളിലെ വോട്ടെടുപ്പിൽ ആരംഭിച്ച പാർട്ടിവൽക്കരണം വോട്ടെടുപ്പിന്റെ ജനകീയവൽക്കരണത്തിലൂടെ സഭയുടെ പുറത്തേക്കും വ്യാപിച്ചു. അങ്ങനെ പാർലമെന്റിനകത്തെ പാർട്ടിസംഘാടനവും പാർലമെന്റിന് പുറത്തുള്ള ജനകീയ പാർട്ടി സംഘാടനവും പരസ്പരം ശക്തിപ്പെടുത്തിക്കൊണ്ട് പാർട്ടിജനായത്തത്തിന്റെ സാമൂഹിക അടിത്തറ രൂപപ്പെടുത്തി.

ആധുനിക ഭരണചിന്തയ്ക്ക് അടിത്തറയിട്ട ജ്ഞാനോദയ (Enlightenment) ചിന്തകരിൽ ഭൂരിഭാഗവും സാധാരണ ജനങ്ങൾക്ക് സാർവ്വത്രിക രാഷ്ട്രീയപങ്കാളിത്തം നൽകുന്ന വോട്ടവകാശത്തെ പിന്തുണച്ചിരുന്നില്ല. അങ്ങനെയെങ്കിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ചെരുപ്പുകുത്തികൾ, ഇതര കൈവേലക്കാർ, ചെറുകച്ചവടക്കാർ, കൂലിപ്പണിക്കാർ തുടങ്ങിയ അടിത്തട്ടിലെ ജനങ്ങൾ എങ്ങനെയാണ് സാർവ്വത്രിക വോട്ടവകാശം എന്ന രാഷ്ട്രീയലക്ഷ്യം സ്വയം മുന്നോട്ടു വെച്ചത്? അടിത്തട്ടിലെ ജനങ്ങളുടെ സാമൂഹികാനുഭവങ്ങളും അവരുടെ രാഷ്ട്രീയാദർശങ്ങളും പൊതുചർച്ചകളും ചേർന്നാണ് സാർവ്വത്രിക വോട്ടവകാശം എന്ന ജനായത്ത ആശയം രൂപപ്പെട്ടതെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുണ്ട്. ഒരു പക്ഷേ പ്രാചീന ഗ്രീക്ക് ജനായത്തത്തിന്റെ ആശയങ്ങൾ ജനങ്ങളെ ഭാഗികമായി പ്രചോദിപ്പിച്ചിരിക്കാം. എന്നാൽ അതിലും പ്രധാനമായി, നിലവിലുണ്ടായിരുന്ന പ്രതിനിധ്യ പാർലമെന്ററി സംവിധാനത്തിന്റെ പരിമിതികൾ അവർ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ നേരിട്ട് തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവർ ഭരണഘടനാപരമായ പ്രായോഗിക പരിഹാരങ്ങൾ ഗൗരവമായി അന്വേഷിച്ചു. അധികാരവികേന്ദ്രീകരണം, പ്രത്യക്ഷ ജനായത്തം, പ്രതിനിധികൾക്കു മേൽ സമ്മതിദായകരുടെ നിയന്ത്രണം, പ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള (recall) അധികാരം, ഹർജിയിലൂടെ നിയമനിർമ്മാണത്തെ സ്വാധീനിക്കാനുള്ള അവകാശം തുടങ്ങിയ ആവശ്യങ്ങൾ ഈ അന്വേഷണത്തിന്റെ ഭാഗമായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആധുനിക ജനായത്തത്തെ ജ്ഞാനോദയചിന്തകരുടെ സൈദ്ധാന്തിക സങ്കല്പങ്ങളുടെ മാത്രം സന്തതിയായി മനസ്സിലാക്കാനാവില്ല. അത് അടിത്തട്ടിലെ ജനങ്ങളുടെ രാഷ്ട്രീയാനുഭവങ്ങളും ദീർഘകാല സമരങ്ങളും ഭരണഘടനാപരമായ പ്രശ്നങ്ങളുടെ പരിഹാരാന്വേഷണവും ചേർന്നാണ് രൂപപ്പെട്ടത്.

ജനങ്ങളാണ് ഭരണത്തിൻ്റെ പരമാധികാരികൾ എന്ന് അമേരിക്കൻ ഭരണഘടന പറയുന്നുണ്ടെങ്കിലും, സാമ്പത്തിക സ്ഥിതിവെച്ച് വോട്ടവകാശം നിശ്ചയച്ചതിനെ ജനങ്ങൾ ക്രമേണ ചോദ്യം ചെയ്യാൻ തുടങ്ങി.

പാശ്ചാത്യ ലോകത്ത് സാർവ്വത്രിക രാഷ്ട്രീയപങ്കാളിത്തത്തിനായുള്ള വർദ്ധിച്ചുവരുന്ന ജനസമ്മർദ്ദങ്ങളെ അവഗണിക്കാൻ കഴിയാതെ വന്നപ്പോൾ, പാർലമെൻ്ററി ഘടനയുടെ നിലവിലെ ക്രമത്തെ പൂർണ്ണമായി തകർക്കാത്ത ഒരു പ്രാതിനിധ്യ ജനായത്തം വികസിച്ചു വന്നു. ഡെമോക്രസിയെ പറ്റി അക്കാലത്തു നടന്ന വിവിധങ്ങളായ ചർച്ചകളിൽ നിന്നും സ്ഥാപിത താല്പര്യങ്ങൾക്കു സാരമായി പരുക്കേൽക്കാത്ത ഒരു ജനായത്തക്രമവുമായി പൊരുത്തപ്പെടുകയായിരുന്നു പരമ്പരാഗത പാർലമെൻ്ററി സമ്പ്രദായം എന്നു വേണം കരുതാൻ. അതുകൊണ്ടാകണം സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ സാർവ്വത്രിക വോട്ടവകാശം നേടിയെടുക്കാൻ കുറഞ്ഞത് നൂറു വർഷത്തെ കാലതാമസവും മൂന്നു ഘട്ടങ്ങളും പാശ്ചാത്യലോകത്ത് പൊതുവേ കാണുന്നത്. അതിങ്ങനെയാണ്:

  • 1830–1860: മധ്യവർഗ്ഗ പുരുഷന്മാരിലേക്കുള്ള വ്യാപനം.

  • 1860–1914: പുരുഷന്മാർക്ക് വോട്ടവകാശം.

  • 1910–1948: സ്ത്രീകൾക്ക് വോട്ടവകാശം

എന്നാൽ ജനങ്ങളൊന്നാകെ സമരം ചെയ്ത്, 1947 ൽ വിദേശാധിപത്യത്തെ നീക്കം ചെയ്ത ഇന്ത്യയിൽ തുടക്കം മുതൽ എല്ലാവർക്കും വോട്ടവകാശം ജനം നേടിയെടുത്തു. പാശ്ചാത്യരാജ്യങ്ങളിലാകട്ടെ ഭരണകൂടം ആദ്യം രൂപംകൊള്ളുകയും പിന്നീട് അത് അടിത്തട്ടു സമൂഹങ്ങളാൽ ജനായത്തവൽക്കരിക്കപ്പെടുകയും ചെയ്തു. ഇന്ത്യയിൽ, മറിച്ച്, സ്വയംഭരണം മുൻനിർത്തിയ ദേശീയസ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ പുതിയ രാഷ്ട്രം രൂപംകൊണ്ടതിനാൽ സാർവ്വത്രിക വോട്ടവകാശം ആരംഭം മുതൽ അതിൻ്റെ അടിസ്ഥാനഘടകമായി സ്വീകരിക്കപ്പെട്ടു.

അമേരിക്കൻ വിപ്ലവവും തുടക്കത്തിൽ സാർവ്വത്രിക വോട്ടവകാശം അംഗീകരിച്ചിരുന്നില്ല; സ്വാതന്ത്ര്യാനന്തര അമേരിക്കയിൽ വോട്ടവകാശം പ്രധാനമായും സ്വത്തുടമസ്ഥതയോ നികുതിയടയ്ക്കലോ പോലുള്ള യോഗ്യതകൾ പാലിക്കുന്ന വെളുത്ത പുരുഷന്മാർക്കായിരുന്നു.
അമേരിക്കൻ വിപ്ലവവും തുടക്കത്തിൽ സാർവ്വത്രിക വോട്ടവകാശം അംഗീകരിച്ചിരുന്നില്ല; സ്വാതന്ത്ര്യാനന്തര അമേരിക്കയിൽ വോട്ടവകാശം പ്രധാനമായും സ്വത്തുടമസ്ഥതയോ നികുതിയടയ്ക്കലോ പോലുള്ള യോഗ്യതകൾ പാലിക്കുന്ന വെളുത്ത പുരുഷന്മാർക്കായിരുന്നു.

ഒന്നുകൂടി പറയാം: യൂറോപ്യൻ ജനായത്തത്തിന്റെ വികാസചരിത്രം പുറത്ത് സാമ്രാജ്യനിർമ്മാണത്തിന്റെയും ആഭ്യന്തരമായി ജനായത്തവൽക്കരണത്തിന്റെയും സമാന്തര ചരിത്രമാണ്. ഇന്ത്യൻ ജനായത്തത്തിന്റെ ചരിത്രമാകട്ടെ, മറിച്ച്, സാമ്രാജ്യത്വവിരുദ്ധ ജനകീയ സമരങ്ങളുടെ ചരിത്രമാണ്. സ്വേച്ഛാപരമായ കോളനിവൽക്കരണം ബ്രിട്ടനിൽ തീർത്ത സാമ്പത്തിക- സാമൂഹിക മാറ്റങ്ങൾ മധ്യവർഗ്ഗങ്ങളെയും തൊഴിലാളിവർഗ്ഗത്തെയും സൃഷ്ടിച്ചു, അവരുടെ മുൻകൈയിൽ ജനായത്ത വൽക്കരണം സാധ്യമാക്കിയെങ്കിൽ, അതേ സ്വേച്ഛാഭരണത്തിനെതിരെ സ്വയംഭരണത്തിനായി സമരം ചെയ്ത ഇന്ത്യക്കാർ ജനായത്തം ഇവിടെ സ്ഥാപിച്ചു.

സ്ഥാനാർത്ഥീനിർണ്ണയത്തിൻ്റെ കാവലാൾ

സാർവ്വത്രിക വോട്ടവകാശം ഭാഗികമായെങ്കിലും ആദ്യം സാധ്യമാക്കപ്പെടുന്ന അമേരിക്കയിലാണ് രാഷ്ട്രീയപ്പാർട്ടികൾ സാമൂഹിക സ്ഥാപനങ്ങളെന്ന നിലയിൽ 19-ാം നൂറ്റാണ്ടിൻ്റെ തുടക്ക ദശകങ്ങളിൽ തന്നെ ഉയർന്നുവരുന്നത്. ജനങ്ങളാണ് ഭരണത്തിൻ്റെ പരമാധികാരികൾ എന്ന് അമേരിക്കൻ ഭരണഘടന പറയുന്നുണ്ടെങ്കിലും, സാമ്പത്തിക സ്ഥിതിവെച്ച് വോട്ടവകാശം നിശ്ചയച്ചതിനെ ജനങ്ങൾ ക്രമേണ ചോദ്യം ചെയ്യാൻ തുടങ്ങി. മാത്രമല്ല ചില സംസ്ഥാനങ്ങൾക്കു കൈവന്ന സാമ്പത്തികോന്നതി അവിടങ്ങളിൽ സാർവ്വത്രിക വോട്ടവകാശം കൊണ്ടുവന്നു. പല സംസ്ഥാനങ്ങളും മറ്റു ഭരണകൂട സ്ഥാപനങ്ങളിലേക്കും നിയമനങ്ങൾ തെരഞ്ഞെടുപ്പു വഴിയാക്കി. ഇപ്രകാരം മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തെരഞ്ഞെടുപ്പിൻ്റെ ജനപങ്കാളിത്തവും എണ്ണവും വർദ്ധിച്ചപ്പോൾ തെരഞ്ഞെടുപ്പുകളുടെ സംഘാടകരായി രാഷ്ട്രീയപ്പാർട്ടികൾ അമേരിക്കൻ ജനമധ്യത്തിൽ രൂപപ്പെട്ടുവെന്നാണ് ജെയിംസ് ബ്രൈസ് (James Bryce's) ഒസ്ട്രോഗോഴ്‌സിയുടെ (Ostrogorski) പുസ്തകത്തിൻ്റെ (Democracy and the Organization of Political Parties) ആമുഖത്തിൽ പറയുന്നത്.

Read: ഭരണപ്പാർട്ടിയുടെ
ഭരണകൂട
അധിനിവേശങ്ങൾ

അതായത്, തെരഞ്ഞെടുപ്പ് ഏതാനും പേരുടെ അധികാരത്തിൽ നിന്ന് ജനങ്ങളുടെയാകെ അവകാശമായി മാറിയപ്പോൾ ബഹുജനങ്ങളെ ഏകോപിപ്പിക്കൽ, സ്ഥാനാർത്ഥികളെ കണ്ടെത്തൽ, പ്രചാരണപരിപാടികൾ, ഭൂരിപക്ഷ രൂപീകരണം എന്നീ രാഷ്ട്രീയ ധർമ്മങ്ങൾ നിർവ്വഹിക്കുന്നതിലേക്ക്, പൗരസമൂഹത്തിനും സ്റ്റേറ്റിനും ഇടയിൽ മധ്യവർത്തികളായി രാഷ്ട്രീയപ്പാർട്ടികൾ പുതിയ സാമൂഹിക സ്ഥാപനങ്ങൾ എന്ന നിലയിൽ ഉയർന്നുവന്നു എന്നർത്ഥം. എന്നാൽ തെരഞ്ഞെടുപ്പുകളുടെ ബഹുജനവൽക്കരണം സൃഷ്ടിക്കുന്ന പുതിയ പ്രവണതകളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയപ്പാർട്ടികളുടെ സാമൂഹിക സാന്നിധ്യത്തെ കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്.

പാർലമെന്ററി വ്യവസ്ഥ പാർലമെന്ററി ജനാധിപത്യമായി മാറുക എന്നതിന്റെ അർത്ഥം വോട്ടവകാശം കൂടുതൽ ജനങ്ങളിലേക്ക് വ്യാപിച്ചു എന്നതുമാത്രമല്ല. അതിന്റെ ഏറ്റവും അടിസ്ഥാനപരമായ മാറ്റം ഭരണാധികാരികളെയും ഭരിക്കപ്പെടുന്നവരെയും വേർതിരിച്ചിരുന്ന സാമൂഹിക അതിർത്തി തകർന്നുവീണു എന്നതാണ്. ജനാധിപത്യത്തിൽ വോട്ടവകാശമുള്ള ഓരോ പൗരനും, നിയമപരമായി, പ്രതിനിധിയാകാനുള്ള അവകാശവും ലഭിക്കുന്നു.

ബ്രിട്ടീഷ് അക്കാദമിക് പണ്ഡിതനും ചരിത്രകാരനുമായ ജെയിംസ് ബ്രൈസ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തെരഞ്ഞെടുപ്പിൻ്റെ ജനപങ്കാളിത്തവും എണ്ണവും വർദ്ധിച്ചപ്പോൾ തെരഞ്ഞെടുപ്പുകളുടെ സംഘാടകരായി രാഷ്ട്രീയപ്പാർട്ടികൾ അമേരിക്കൻ ജനമധ്യത്തിൽ രൂപപ്പെട്ടുവെന്നാണ് ജെയിംസ് ബ്രൈസ് ഒസ്ട്രോഗോഴ്‌സിയുടെ (Ostrogorski) പുസ്തകത്തിൻ്റെ (Democracy and the Organization of Political Parties) ആമുഖത്തിൽ പറയുന്നത്.
ബ്രിട്ടീഷ് അക്കാദമിക് പണ്ഡിതനും ചരിത്രകാരനുമായ ജെയിംസ് ബ്രൈസ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി തെരഞ്ഞെടുപ്പിൻ്റെ ജനപങ്കാളിത്തവും എണ്ണവും വർദ്ധിച്ചപ്പോൾ തെരഞ്ഞെടുപ്പുകളുടെ സംഘാടകരായി രാഷ്ട്രീയപ്പാർട്ടികൾ അമേരിക്കൻ ജനമധ്യത്തിൽ രൂപപ്പെട്ടുവെന്നാണ് ജെയിംസ് ബ്രൈസ് ഒസ്ട്രോഗോഴ്‌സിയുടെ (Ostrogorski) പുസ്തകത്തിൻ്റെ (Democracy and the Organization of Political Parties) ആമുഖത്തിൽ പറയുന്നത്.

ബ്രിട്ടനിൽ പാർലമെൻ്റിലേക്കു മത്സരിക്കുന്നവർക്ക് ഭൂസ്വത്തുണ്ടായിരിക്കണം എന്ന നിയമം റദ്ദാക്കണമെന്നത് ചാർട്ടിസ്റ്റുകളുടെ മുഖ്യാവശ്യങ്ങളിൽ ഒന്നായിരുന്നു. അതായത് തെരഞ്ഞെടുക്കപ്പെടുന്നവർ ഇനി ഒരു പ്രത്യേക വർഗ്ഗത്തിൽ നിന്ന് മാത്രം വരുന്നവരല്ല. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രം സംവരണം ചെയ്തതല്ല ജനായത്തത്തിൽ ജനപ്രതിനിധി സ്ഥാനം.

ഈ മാറ്റം ഒരു പുതിയ സാമൂഹിക പ്രശ്നം സൃഷ്ടിച്ചു. പ്രതിനിധിയാകാൻ അനേകർക്ക് അവകാശമുണ്ടെങ്കിൽ, ഒരു മണ്ഡലത്തിൽ ആരാണ് സ്ഥാനാർത്ഥിയാകേണ്ടത് എന്ന് ആരാണ് തീരുമാനിക്കുക? ജനാധിപത്യം മത്സരത്തിനുള്ള അവകാശം എല്ലാവർക്കും നൽകുന്നു; എന്നാൽ തെരഞ്ഞെടുപ്പ് ഒരൊറ്റ സ്ഥാനാർത്ഥിയെയാണ് വിജയിപ്പിക്കുന്നത്. അതിനാൽ പ്രതിനിധാനത്തിനായുള്ള മത്സരത്തെ ക്രമപ്പെടുത്തുകയും സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഒരു സ്ഥിര സംവിധാനം ആവശ്യമായി വന്നു. ഈ ആവശ്യമാണ് രാഷ്ട്രീയപ്പാർട്ടികൾ ആധുനിക സാമൂഹിക സ്ഥാപനങ്ങളായി ഉയർന്നു വരാൻ പ്രധാനപ്പെട്ട കാരണം.

രാഷ്ട്രീയപ്പാർട്ടികളും മറ്റു രാഷ്ട്രീയ സംഘങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം, രാഷ്ട്രീയപ്പാർട്ടികൾ സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെ അധികാരാവകാശങ്ങൾ സ്വയം നേടിയെടുത്ത സാമൂഹിക സ്ഥാപനങ്ങളാണ് എന്നതത്രേ. സ്ഥാനാർത്ഥികളെ കണ്ടെത്തുക, അവരെ വിലയിരുത്തുക, ഒരാളെ നാമനിർദ്ദേശം ചെയ്യുക, അവരെ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക എന്നീ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ കേന്ദ്രധർമ്മം. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ മർമ്മം ഇരിക്കുന്നത് സ്ഥാനാർത്ഥി നിർണ്ണയത്തിലാണ്. ദേശീയതലം മുതൽ പ്രാദേശികതലം വരെ സ്ഥാനാർത്ഥിത്വം ആർക്കെന്നു തീരുമാനിക്കുന്ന ആധുനിക സാമൂഹിക (സ്വയംഭരണ) സ്ഥാപനമാണ് രാഷ്ട്രീയപ്പാർട്ടി. മറ്റു രാഷ്ട്രീയ ചിന്തകരുടെ കൂടി നിരീക്ഷണങ്ങളെ ആസ്പദമാക്കി കെന്നത് ജൻഡ (Kenneth Janda) പറയുന്നു (Political Parties: A Cross-National Survey), സ്ഥാനാർത്ഥീനിർണ്ണയമാണ് പാർട്ടികളുടെ മുഖ്യദൗത്യം.

ലോകമെമ്പാടും വനിതകൾക്ക് ഇന്നും അർഹമായ സീറ്റ് നിയമനിർമ്മാണ സഭകളിൽ കിട്ടുന്നില്ല. പാർട്ടികളെല്ലാം സ്ഥാനാർത്ഥി തീരുമാനങ്ങളിൽ പെണ്ണുങ്ങളെ ഇപ്പോഴും കാര്യമായി പരിഗണിക്കാറില്ലെന്നു പഠനങ്ങൾ കാണിക്കുന്നു.

തെരഞ്ഞെടുപ്പു പരിഷ്ക്കാരങ്ങൾ വഴി മധ്യവർഗ്ഗത്തിനും, പിന്നീട് സാധാരണക്കാർക്കും കറുത്തവർക്കും, ഒടുവിൽ സ്ത്രീകൾക്കും വോട്ടവകാശം പ്രാപ്യമായി. ആധുനിക ജനായത്തം എത്തിനിൽക്കുന്ന 200 വർഷത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൻ്റെയും പ്രാതിനിധ്യത്തിൻ്റെയും ചരിത്രം പരിശോധിച്ചാൽ, രാഷ്ട്രീയപ്പാർട്ടികളുടെ ജനായത്ത ദൗത്യത്തെ പറ്റി ചില ചോദ്യങ്ങൾ ഉയർന്നുവരും.

ഉദാഹരണമായി, അമേരിക്കയിൽ നടന്ന ആദ്യകാല തെരഞ്ഞെടുപ്പു പരിഷ്ക്കരണത്തിൽ (1800–1830) ഭൂസ്വത്തു നോക്കാതെ ചില സ്റ്റേറ്റുകൾ വോട്ടവകാശം ഏർപ്പാടാക്കി. തുടർന്ന്, വെളുത്ത വർഗ്ഗത്തിലെ സാധാരണക്കാരായ ആണുങ്ങൾക്കും വോട്ടവകാശം കിട്ടിയിട്ടും അവർക്ക് സ്ഥാനാർത്ഥികളാകാനോ കോൺഗ്രസ് അംഗമാകാനോ കാര്യമായി കഴിഞ്ഞില്ല. 1870- ൽ കറുത്തവർക്ക് വോട്ടവകാശം ലഭ്യമായപ്പോൾ, അതനുസരിച്ച് പിന്നീടിങ്ങോട്ടു സ്ഥാനാർത്ഥിത്വത്തിൽ അവർക്കും സ്ഥാനം കൈവന്നില്ല. സ്ത്രീകൾക്ക് 1920- ൽ വോട്ടവകാശം കിട്ടിയപ്പോഴും ദശകങ്ങളോളം ഇവർക്കും മത്സരങ്ങളിൽ വേണ്ടത്ര സീറ്റ് കൊടുത്തിട്ടില്ല.

ബ്രിട്ടനിൽ മധ്യവർഗ്ഗത്തിന് വോട്ടവകാശം കിട്ടുന്ന 1832- ലെ പരിഷ്‌ക്കാരത്തിനുശേഷം, അവർക്കു കുറച്ച് പ്രാതിനിധ്യം കിട്ടിയെങ്കിലും സഭയിൽ ഭൂരിപക്ഷവും സമ്പന്നവിഭാഗങ്ങളായിരുന്നു. അവിടെ 1867- ൽ നഗരതൊഴിലാളിവർഗ്ഗത്തിന് ആദ്യമായി വോട്ടവകാശം നൽകിയെങ്കിലും അതുകൊണ്ടു മാത്രം അവർക്ക് സ്ഥാനാർത്ഥിയാകാൻ സാധിച്ചില്ല.

അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റ് കെന്നത് ജൻഡ. മറ്റു രാഷ്ട്രീയ ചിന്തകരുടെ കൂടി നിരീക്ഷണങ്ങളെ ആസ്പദമാക്കി കെന്നത് ജൻഡ പറയുന്നു, സ്ഥാനാർത്ഥീനിർണ്ണയമാണ് പാർട്ടികളുടെ മുഖ്യദൗത്യം.
അമേരിക്കൻ പൊളിറ്റിക്കൽ സയന്റിസ്റ്റ് കെന്നത് ജൻഡ. മറ്റു രാഷ്ട്രീയ ചിന്തകരുടെ കൂടി നിരീക്ഷണങ്ങളെ ആസ്പദമാക്കി കെന്നത് ജൻഡ പറയുന്നു, സ്ഥാനാർത്ഥീനിർണ്ണയമാണ് പാർട്ടികളുടെ മുഖ്യദൗത്യം.

അടുത്ത പരിഷ്ക്കാരത്തിൽ (1884), ഗ്രാമത്തിലെ കർഷക തൊഴിലാളികൾക്കു കൂടി വോട്ടവകാശം കിട്ടി. ഈയവസരത്തിലാണ് ബ്രിട്ടനിൽ നിലവിലുള്ള കൺസർവേറ്റീവ്, ലിബറൽ പാർട്ടികൾ കൂടാതെ, 1900- ൽ ലേബർ പാർട്ടി ഉടലെടുക്കുന്നത്. അവരുടെ ലക്ഷ്യം തന്നെ തൊഴിലാളിവർഗ്ഗ പ്രതിനിധികളെ കൊണ്ടുവരിക എന്നതായിരുന്നു. അതോടെ 1900-1950 കാലത്ത് ഖനി, റെയിൽവേ, ടെക്സ്റ്റയിൽ തൊഴിലാളികളിൽനിന്ന് പ്രതിനിധികൾ പാർലമെൻ്റിലുണ്ടായി. എന്നാൽ, 1950- കൾക്കു ശേഷം ഈ പ്രാതിനിധ്യം കുറയുകയും മധ്യവർഗ്ഗ പ്രൊഫഷണൽ രാഷ്ട്രീയക്കാർ തൽസ്ഥാനങ്ങളിൽ നിറയുകയും ചെയ്തു. ലേബർ പാർട്ടി 1924- ൽ ആദ്യമായി അധികാരത്തിൽവന്നപ്പോൾ 70% ലേറെ എം.പി. മാരും തൊഴിലാളിവർഗ്ഗപശ്ചാത്തലത്തിൽ നിന്നായിരുന്നു. എന്നാൽ ഇപ്പോൾ തൊഴിലാളിവർഗ്ഗ പങ്കാളിത്തം എട്ടു ശതമാനത്തോളമാണ്. ബ്രിട്ടനിൽ മാത്രമല്ല പാശ്ചാത്യലോകത്ത് പൊതുവേ തന്നെ, ഇടതുപാർട്ടികളിലും എം.പിമാരിൽ തൊഴിലാളി പ്രാതിനിധ്യം കുറയുകയും തൽസ്ഥാനത്ത് മധ്യവർഗ്ഗം കയറിവരുകയും ചെയ്യുന്നു.

ലോകമെമ്പാടും വനിതകൾക്ക് ഇന്നും അർഹമായ സീറ്റ് നിയമനിർമ്മാണ സഭകളിൽ കിട്ടുന്നില്ല. പാർട്ടികളെല്ലാം സ്ഥാനാർത്ഥി തീരുമാനങ്ങളിൽ പെണ്ണുങ്ങളെ ഇപ്പോഴും കാര്യമായി പരിഗണിക്കാറില്ലെന്നു പഠനങ്ങൾ കാണിക്കുന്നു.

സാർവ്വത്രിക വോട്ടവകാശം ഇന്ത്യ 1947- ൽ നേടിയിട്ടും, സംവരണ സീറ്റ് ഉള്ളതുകൊണ്ടുമാത്രം എസ് സി- എസ് ടി പ്രതിനിധികൾ സഭകൾ കാണുന്നു. അതിനപ്പുറമുള്ള സ്ഥാനാർത്ഥിത്വം ഈ വിഭാഗങ്ങൾക്ക് അപൂർവ്വമാണ്. 1980- കൾക്കു ശേഷം ഒ.ബി.സി പ്രാതിനിധ്യം കൂടിയെങ്കിലും അവർ വരുന്നത് ധനികവിഭാഗങ്ങളിൽ നിന്നുതന്നെയാണ്, ഏറെയും. ഇന്ത്യൻ ജനസംഖ്യയിൽ 14.5% വരുന്ന മുസ്ലീം പ്രാതിനിധ്യം പാർലമെൻ്റിൽ 4.4% മാത്രമാണ് (2024 ലെ ഇലക്ഷൻ).

ജനായത്തത്തിൻ്റെ കളിത്തൊട്ടിലുകളെന്നു പുകൾപെറ്റ ഈ രാജ്യങ്ങളിലെ സ്ഥാനാർത്ഥിത്വത്തിൻ്റെയും പ്രതിനിധാനത്തിൻ്റെയും അസന്തുലിതമായ ഈ നാൾവഴിചിത്രത്തിൽ നിന്ന് രാഷ്ട്രീയപ്പാർട്ടികളെ പറ്റി സാമൂഹ്യശാസ്ത്രപരമായി നാം എന്തു മനസ്സിലാക്കണം? വോട്ടവകാശവും ജനായത്തപ്രക്രിയയും എല്ലാവരിലേക്കും വ്യാപിക്കുന്നതിന് സമാന്തരമായി രൂപംകൊണ്ടു ശക്തിപ്രാപിച്ച ഈ സാമൂഹ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുപ്പിൻ്റെ വെറും മധ്യവർത്തികൾ മാത്രമല്ല എന്നതാണ് ഒന്നാമത്തെ കാര്യം.

പാർട്ടികളുടെ ആഗമനോദ്ദേശ്യം പ്രധാനമായും സ്ഥാനാർത്ഥിനിർണ്ണയത്തിൻ്റെ അധികാരമായിരിക്കെ സാധാരണക്കാർ, തൊഴിലാളികൾ, ന്യൂനപക്ഷങ്ങൾ, ഇതര അവശജനങ്ങൾ, സ്ത്രീകൾ എന്നിവർക്കെല്ലാം ഭരണപ്രാതിനിധ്യ പ്രവേശനം നിയന്ത്രിക്കുന്ന കാവൽ ശക്തിയായിട്ടോ (gatekeepers) സാമൂഹിക അരിപ്പയായിട്ടോ പലപ്പോഴും അവ പ്രവർത്തിക്കുന്നതായി കാണാം. ("Chosen (not) to win? Party nomination strategies and the unequal class representation in parliament," Lea Elsässer & Jonas Wenker, European Journal of Political Research- 2026).

18 -ാം നൂറ്റാണ്ടിൻ്റെ അന്ത്യഘട്ടങ്ങളിൽ ആരംഭിച്ച്, ഒന്നര നൂറ്റാണ്ടു പിന്നിട്ട പ്രക്ഷോഭത്തിലൂടെ, വോട്ടവകാശത്തിൻ്റെ ജനായത്തവൽക്കരണം നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും, സാർവ്വത്രിക പ്രതിനിധാനത്തിൻ്റെ (universal representation) ജനായത്തവൽക്കരണം ഇപ്പോഴും പൂർത്തീകരിക്കപ്പെടാതെ വിപരീതദിശയിൽ കൂടുതൽ കരുത്തോടെ തുടരുകയാണ്. അതിനാൽ, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്ന മതിൽ തകരാതിരിക്കാൻവേണ്ടി രൂപം കൊണ്ടവയാണോ രാഷ്ട്രീയപ്പാർട്ടികൾ എന്നു സംശയം തോന്നാം. അഥവാ പ്രതിനിധാനനീതി നടപ്പിലാക്കി ജനായത്തത്തെ കൂടുതൽ അർത്ഥവത്താക്കുന്നതിൽ രാഷ്ട്രീയപ്പാർട്ടികൾ ഏറെക്കുറെ പരാജയമാണെന്നു പറയാം.

രണ്ടോ അതിലധികമോ പാർട്ടികൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുമ്പോഴും, ആത്യന്തികമായി നീതിപൂർവ്വകമായ പ്രതിനിധാനം നടപ്പിലാക്കപ്പെടുന്നില്ല എന്നു കാണാം. നീതിപൂർവ്വകമായ സാമൂഹിക പ്രതിനിധാനത്തിന് അപ്പോൾ തടസ്സമായി തീരുകയാണ് തെരഞ്ഞെടുപ്പിലെ മത്സരം.

സ്ഥാനാർത്ഥീനിർണ്ണയത്തിൻ്റെ കുത്തകാവകാശം പാർട്ടികളിൽ കേന്ദ്രീകരിക്കുമ്പോൾ നിലവിലുള്ള അധികാര ബന്ധങ്ങൾ ശിഥിലമാകുന്നതിനേക്കാൾ അവ കൂടുതൽ ദൃഢപ്പെടുന്നു. മേൽക്കോയ്മയുടെ അധികാരബന്ധത്തെ ചോദ്യം ചെയ്യാതെ സംരക്ഷിക്കുന്നതിനാലാകാം രാഷ്ട്രീയപ്പാർട്ടികൾ സ്വയം അധികാരകേന്ദ്രങ്ങളായി നിൽക്കുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പുകൾ നിലവിലുള്ള അധികാരഘടനയുടെ മൂല്യങ്ങളെ സമൂഹത്തിൽ ദൃഢപ്പെടുത്തുക കൂടി ചെയ്യുന്നു.

ജാതി, മതം, സമ്പത്ത്, പദവി, വിദ്യാഭ്യാസം എന്നിവ വഴി സമൂഹത്തിനു മേൽ നിലനിൽക്കുന്ന അധികാരത്തെ തെരഞ്ഞെടുപ്പുകളിലൂടെ കൂടുതൽ സമകാലികമാക്കി മാറ്റുന്നു പാർട്ടികൾ. അതിനാൽ നിലവിലുള്ള അധികാരത്തിൻ്റെ കീഴ് വഴക്കങ്ങൾ ലംഘിക്കുന്ന പാർട്ടികൾ മിക്കവാറും തെരഞ്ഞെടുപ്പിൻ്റെ കളരിയിൽ നിന്നും സ്വാഭാവികമായി തന്നെ പുറത്താക്കപ്പെടാൻ സാധ്യതയേറുന്നു.

അതിനാൽ, ജനായത്ത മൂല്യങ്ങളുടെ സംരക്ഷകർ എന്നതിലുപരി, ആധുനിക സമൂഹത്തിലെ നിലവിലുള്ള അധികാരബന്ധങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ പുനരുത്പാദിപ്പിക്കുകയും അവയ്ക്ക് സ്ഥാപനപരമായ നിയമസാധുത നൽകുകയും ചെയ്യുന്ന സാമൂഹിക സ്ഥാപനങ്ങളായി രാഷ്ട്രീയപ്പാർട്ടികളെ മനസ്സിലാക്കുന്നതാണ് കൂടുതൽ യുക്തിസഹം. എന്നാൽ സാമൂഹിക ജീവിതത്തിലെ അവരുടെ ദൈനംദിന ഇടപെടൽ വഴി ഈ അധികാര വിതരണത്തിൻ്റെ അസന്തുലിത യാഥാർത്ഥ്യം മറച്ചുവെയ്ക്കപ്പെടുകയാണ്.

രണ്ടോ അതിലധികമോ പാർട്ടികൾ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുമ്പോഴും, ആത്യന്തികമായി നീതിപൂർവ്വകമായ പ്രതിനിധാനം നടപ്പിലാക്കപ്പെടുന്നില്ല എന്നു കാണാം. നീതിപൂർവ്വകമായ സാമൂഹിക പ്രതിനിധാനത്തിന് അപ്പോൾ തടസ്സമായി തീരുകയാണ് തെരഞ്ഞെടുപ്പിലെ മത്സരം. കാരണം ജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്തുന്നതിലാണ് പാർട്ടികൾ തമ്മിൽ മത്സരം നടക്കുന്നത്. ജയസാധ്യതയും സ്ഥാനാർത്ഥീനിർണ്ണയത്തിൽ പാലിക്കേണ്ട സാമൂഹിക നീതിയുടെ മാനദണ്ഡങ്ങളും പരസ്പരം പൊരുത്തപ്പെടുന്നവ ആകണമെന്നില്ല. അതിനാൽ ഇന്ത്യയിൽ സംവരണം ഇല്ലായിരുന്നെങ്കിൽ എസ് സി, എസ് ടി പ്രാതിനിധ്യം, പാർട്ടിമത്സരങ്ങളുടെ തെരഞ്ഞെടുപ്പിൽ ഇന്നത്തെ പോലെ കാണുക ശരിക്കും ബുദ്ധിമുട്ടാണ്.

ജനാധിപത്യത്തിൽ പാർട്ടികൾ തമ്മിലുള്ള മത്സരം സാധാരണ ജനാധിപത്യത്തിന്റെ ആരോഗ്യലക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഈ മത്സരം പ്രധാനമായും സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ ചുറ്റിപ്പറ്റി സംഘടിപ്പിക്കപ്പെടുമ്പോൾ, സാമൂഹിക പ്രതിനിധാനത്തിലെ അസന്തുലിതാവസ്ഥകൾ അതേപടി തുടരാനുള്ള സാധ്യതയും വർധിക്കുന്നു. അതിനാൽ തെരഞ്ഞെടുപ്പ് മത്സരം സ്വയം സാമൂഹികനീതി മുൻനിർത്തിയുള്ള പ്രതിനിധാനം ഉറപ്പാക്കുന്നില്ല; മറിച്ച് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിന്റെ മാനദണ്ഡങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത് എന്നതാണ് പ്രധാന ചോദ്യം.

ജാതി, മതം, സമ്പത്ത്, പദവി, വിദ്യാഭ്യാസം എന്നിവ വഴി സമൂഹത്തിനു മേൽ നിലനിൽക്കുന്ന അധികാരത്തെ തെരഞ്ഞെടുപ്പുകളിലൂടെ കൂടുതൽ സമകാലികമാക്കി മാറ്റുന്നു പാർട്ടികൾ.
ജാതി, മതം, സമ്പത്ത്, പദവി, വിദ്യാഭ്യാസം എന്നിവ വഴി സമൂഹത്തിനു മേൽ നിലനിൽക്കുന്ന അധികാരത്തെ തെരഞ്ഞെടുപ്പുകളിലൂടെ കൂടുതൽ സമകാലികമാക്കി മാറ്റുന്നു പാർട്ടികൾ.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥിനിർണ്ണയ വേളകളിൽ പാർട്ടി അണികളുടെയും പൗരസമൂഹത്തിന്റെയും ഭാഗത്തുനിന്ന് നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ സാമൂഹിക നീതിയുടെ അടിസ്ഥാനത്തിലുള്ള വിമർശനങ്ങൾ പലപ്പോഴും ഉയർന്നുവരാറുണ്ട്. സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും യുവാക്കൾക്കും പ്രാദേശിക പ്രവർത്തകർക്കും മതിയായ പരിഗണന ലഭിച്ചില്ലെന്ന ആരോപണങ്ങൾ മിക്ക ജനാധിപത്യ രാജ്യങ്ങളിലും പതിവാണ്. എന്നിരുന്നാലും, ഇത്തരം പ്രതിഷേധങ്ങൾ അപൂർവമായാണ് പാർട്ടിസംഘടനയുടെ അടിസ്ഥാന ഐക്യത്തെ തകർക്കുന്നത്.

പാർട്ടി അച്ചടക്കം, നേതൃത്വത്തിന്റെ രാഷ്ട്രീയ വിവേചനത്തിലുള്ള വിശ്വാസം, തെരഞ്ഞെടുപ്പു വിജയം ഏറ്റവും പ്രധാന ലക്ഷ്യമാണെന്ന പാർട്ടി സംസ്കാരം, അധികാരത്തിലെത്തിയാൽ പിന്നീട് സാമൂഹിക നീതിയുടെ ലക്ഷ്യങ്ങൾ നടപ്പാക്കാമെന്ന വാഗ്ദാനം എന്നിവ പാർട്ടിനേതൃത്വത്തിന്റെ സ്ഥാനാർത്ഥി ലിസ്റ്റ് അംഗീകരിക്കാൻ അണികളെയും അനുഭാവികളെയും പ്രേരിപ്പിക്കുന്നു. അങ്ങനെ സ്ഥാനാർത്ഥിനിർണ്ണയത്തിലെ അസന്തുലിതാവസ്ഥകൾക്കെതിരായ ധാർമ്മിക വിമർശനങ്ങൾ നിലനിൽക്കുമ്പോഴും, അവ പലപ്പോഴും പാർട്ടിയുടെ തിരഞ്ഞെടുപ്പ് യുക്തിക്ക് കീഴ്പ്പെടുന്നു. അതായത് പാർട്ടികൾ സ്ഥാനാർത്ഥികളെ മാത്രം തിരഞ്ഞെടുക്കുന്നവയല്ല; സ്ഥാനാർത്ഥി തിരഞ്ഞെടുപ്പിലെ അസമത്വത്തെ അവരുടെ അണികൾ അംഗീകരിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ സംസ്കാരവും അവ നിർമ്മിക്കുന്നു.

ഭരണഘടനകൾ ആദ്യം കണ്ടത് വോട്ടർമാരെയും അവർ തെരഞ്ഞെടുക്കുന്ന പ്രതിനിധികളെയുമാണ്. ജനങ്ങൾക്കും പ്രതിനിധികൾക്കും ഇടയിൽ പിന്നീട് കടന്നുവന്ന രാഷ്ട്രീയപ്പാർട്ടികളെ തിരിച്ചറിഞ്ഞ് അവയെ സംബന്ധിച്ച ഏതാനും വ്യവസ്ഥകളും നിയന്ത്രണങ്ങളും പിന്നീട് കൂട്ടിച്ചേർക്കുക മാത്രമാണ് ഭരണഘടനകൾ ചെയ്തിട്ടുള്ളത്.

വലതുപാർട്ടികൾ ലോകമെങ്ങും പൊതുവേ പരമ്പരാഗത അധികാരശക്തികളുടെ പിടിയിൽ പാർലമെന്റിനെ നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ പ്രാതിനിധ്യനീതി ഉറപ്പാക്കാൻ പിറന്ന ഇടതുപാർട്ടികൾക്കുപോലും, അവരുടെ ആഗമനോദ്ദേശ്യം പ്രാപ്യമാക്കുന്നതിൽ നിന്ന് പിൻതിരിയേണ്ടിവരുന്നുവെങ്കിൽ, അതിന്റെ കാരണങ്ങൾ ഇടതു- വലതു പ്രത്യയശാസ്ത്ര വ്യത്യാസങ്ങളിൽ മാത്രമല്ല, രാഷ്ട്രീയപ്പാർട്ടി എന്ന സാമൂഹിക സ്ഥാപനത്തിൽ തന്നെയാണ് അന്വേഷിക്കേണ്ടത്. ഇടതുപാർട്ടികളിൽ വന്നുചേർന്ന വ്യതിചലനത്തെ വെറും ധാർമ്മിക അപചയമായി കാണുന്നതിനേക്കാൾ, രാഷ്ട്രീയപ്പാർട്ടി എന്ന സാമൂഹിക സ്ഥാപനം തന്നെ പാർലമെന്ററി ജനായത്തത്തിൽ സ്ഥാനാർത്ഥി നിർണ്ണയാധികാരം കൈവശപ്പെടുത്തി സാമൂഹികനീതിനിഷേധത്തെ നിലനിർത്തുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

ഭരണഘടനയും
പാർട്ടിസ്വയംഭരണവും

സ്ഥാനാർത്ഥി നിർണ്ണയത്തിലെ സാമൂഹിക നീതിനിഷേധം എന്ന ജനാധിപത്യവിരുദ്ധത രാഷ്ട്രീയപ്പാർട്ടികൾക്കു ഘടനാപരമായി ഉൾച്ചേർന്നിരിക്കാനുള്ള ഒരു പ്രധാന കാരണം പാർട്ടികളുടെ ഉത്ഭവം ജനാധിപത്യ ഭരണഘടനകൾക്കു ശേഷമുള്ള സാമൂഹിക യാഥാർത്ഥ്യമായതിനാലാകാം. ഭരണഘടനകൾ ആദ്യം കണ്ടത് വോട്ടർമാരെയും അവർ തെരഞ്ഞെടുക്കുന്ന പ്രതിനിധികളെയുമാണ്. ജനങ്ങൾക്കും പ്രതിനിധികൾക്കും ഇടയിൽ പിന്നീട് കടന്നുവന്ന രാഷ്ട്രീയപ്പാർട്ടികളെ തിരിച്ചറിഞ്ഞ് അവയെ സംബന്ധിച്ച ഏതാനും വ്യവസ്ഥകളും നിയന്ത്രണങ്ങളും പിന്നീട് കൂട്ടിച്ചേർക്കുക മാത്രമാണ് ഭരണഘടനകൾ ചെയ്തിട്ടുള്ളത്. അതിനാൽ രാഷ്ട്രീയപ്പാർട്ടികൾ ഭരണഘടനാപരമായ നിയന്ത്രണത്തിന് പരിമിതമായി മാത്രം വിധേയമായ സാമൂഹിക സ്ഥാപനങ്ങളാണ്.

ജനങ്ങളൊന്നാകെ സമരം ചെയ്ത്, 1947 ൽ വിദേശാധിപത്യത്തെ നീക്കം ചെയ്ത ഇന്ത്യയിൽ തുടക്കം മുതൽ എല്ലാവർക്കും വോട്ടവകാശം ജനം നേടിയെടുത്തു.
ജനങ്ങളൊന്നാകെ സമരം ചെയ്ത്, 1947 ൽ വിദേശാധിപത്യത്തെ നീക്കം ചെയ്ത ഇന്ത്യയിൽ തുടക്കം മുതൽ എല്ലാവർക്കും വോട്ടവകാശം ജനം നേടിയെടുത്തു.

അതേസമയം, അവയുടെ ഉദ്ഭവത്തിന്റെ പുതുമകൊണ്ട് പാർട്ടികൾക്കുമേൽ ഫലപ്രദമായ സാമൂഹിക നിയന്ത്രണവും വികസിച്ചിട്ടില്ല. അതിനാൽ പാർട്ടികൾ ഒരു പരിധിവരെ സ്വന്തം ആഭ്യന്തര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നു. ഭരണകൂടത്തിനും സമൂഹത്തിനുമിടയിൽ പാർട്ടികൾ സ്വയം ആർജ്ജിച്ച ഈ സ്ഥാപനപരമായ സ്വയംഭരണം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ പാർട്ടികളും ഒരുപോലെ അനുഭവിക്കുന്നു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, സ്ഥാപനപരമായ സ്വയംചലനയുക്തിയാണ് കാലക്രമേണ പാർട്ടികളെ സ്ഥാപിത താൽപ്പര്യങ്ങളുമായി കൂടുതൽ പൊരുത്തപ്പെടുന്ന ദിശയിലേക്ക് നയിക്കുന്നത്.

പാശ്ചാത്യ പാർലമെന്ററി വ്യവസ്ഥകൾ ഒന്നര നൂറ്റാണ്ടിലേറെ നീണ്ട ജനകീയ സമ്മർദ്ദങ്ങളുടെയും തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങളുടെയും ഫലമായി സാർവത്രിക വോട്ടവകാശത്തിലേക്ക് ക്രമേണ നീങ്ങിയത് നമ്മൾ കണ്ടു. ഈ ചരിത്രപരമായ വികാസത്തിന്റെ സ്വഭാവം കൊണ്ടാകാം, ന്യൂസിലാൻഡിലെ മാവോറി തദ്ദേശീയർക്കുള്ള സംവരണ സീറ്റുകൾ പോലുള്ള അപവാദങ്ങൾ ഒഴികെ, പശ്ചാത്യ ഭരണഘടനകൾ പൊതുവേ സാമൂഹിക പ്രാതിനിധ്യനീതി ഉറപ്പാക്കുന്നതിനായി പാർലമെന്റിൽ സീറ്റ് സംവരണം ഏർപ്പെടുത്തുന്ന രീതി സ്വീകരിച്ചിട്ടില്ല. അമേരിക്കയിൽ ആഫ്രിക്കൻ വംശജർക്കായി കോൺഗ്രസിൽ സംവരണമില്ല; ബ്രിട്ടനിലും തൊഴിലാളികൾക്കോ സ്ത്രീകൾക്കോ ന്യൂനപക്ഷങ്ങൾക്കോ ഭരണഘടനാപരമായ പാർലമെന്ററി സംവരണം നിലവിലില്ല. സാമൂഹിക പ്രാതിനിധ്യത്തിന്റെ പ്രശ്നം പ്രധാനമായും രാഷ്ട്രീയപ്പാർട്ടികളുടെ സ്ഥാനാർത്ഥി നിർണ്ണയ പ്രക്രിയയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു ഈ രാജ്യങ്ങൾ ചെയ്തത്.

ഇന്ത്യൻ ഭരണഘടന ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ പാതയാണ് സ്വീകരിച്ചത്. സ്വാതന്ത്ര്യാനന്തരം സാർവത്രിക വോട്ടവകാശം നടപ്പിലാക്കിയതിനോടൊപ്പം, ചരിത്രപരമായി അടിച്ചമർത്തപ്പെട്ട എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് പാർലമെന്റിലും നിയമസഭകളിലും ഭരണഘടനാപരമായ സംവരണം ഏർപ്പെടുത്തി പ്രാതിനിധ്യത്തിലെ സാമൂഹിക നീതിയെ ഭരണഘടനയുടെ വിഷയമാക്കി. അതിനാൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ രാഷ്ട്രീയപ്പാർട്ടികൾക്ക് പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിക്കാതെ ഭരണഘടനാപരമായ പരിധികളും നിശ്ചയിക്കപ്പെട്ടു. ഈ സമീപനത്തിന് പിന്നിൽ ഡോ. ബി.ആർ. അംബേദ്കറുടെ ജനായത്ത സങ്കൽപം വ്യക്തമായി കാണാം. ജനായത്തം സാർവത്രിക വോട്ടവകാശത്തിൽ അവസാനിക്കുന്നില്ല; ചരിത്രപരമായി പുറത്താക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുമ്പോൾ അത് കൂടുതൽ ഫലപ്രദമാകുന്നു എന്ന ബോധ്യമാണ് ഇന്ത്യൻ ഭരണഘടന പ്രതിഫലിപ്പിക്കുന്നത്.

ജനായത്തം സാർവത്രിക വോട്ടവകാശത്തിൽ അവസാനിക്കുന്നില്ല; ചരിത്രപരമായി പുറത്താക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുമ്പോൾ അത് കൂടുതൽ ഫലപ്രദമാകുന്നു എന്ന ബോധ്യമാണ് ഇന്ത്യൻ ഭരണഘടന പ്രതിഫലിപ്പിക്കുന്നത്.
ജനായത്തം സാർവത്രിക വോട്ടവകാശത്തിൽ അവസാനിക്കുന്നില്ല; ചരിത്രപരമായി പുറത്താക്കപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉറപ്പാക്കുമ്പോൾ അത് കൂടുതൽ ഫലപ്രദമാകുന്നു എന്ന ബോധ്യമാണ് ഇന്ത്യൻ ഭരണഘടന പ്രതിഫലിപ്പിക്കുന്നത്.

ഈ അർത്ഥത്തിൽ രാഷ്ട്രീയപ്പാർട്ടികൾ സ്വമേധയാ സാമൂഹിക പ്രാതിനിധ്യനീതി വികസിപ്പിക്കുന്ന സ്ഥാപനങ്ങളല്ല; ഭരണഘടന നിർബന്ധിതമാക്കുന്നിടത്താണ് അവ സാമൂഹിക നീതിയുടെ മാനദണ്ഡങ്ങൾ സ്വീകരിക്കുന്നത്. ഭരണഘടന ഇടപെടാത്ത മേഖലകളിൽ സ്ഥാനാർത്ഥി നിർണ്ണയം പ്രധാനമായും പാർട്ടികളുടെ ആഭ്യന്തര തീരുമാനമായി തുടരുന്നു. പ്രാതിനിധ്യത്തിലെ സാമൂഹ്യനീതി ഉറപ്പാക്കുന്നതിൽ സ്വയംഭരണാധികാരമുള്ള രാഷ്ട്രീയപ്പാർട്ടികൾ എന്തുകൊണ്ടാണ് അവരുടെ സ്വാതന്ത്ര്യം ഉപയോഗിക്കാത്തത്? ഇടതുപക്ഷ രാഷ്ട്രീയ കക്ഷികൾക്കു പോലും ലോകവ്യാപകമായി പൂർവ്വകാലങ്ങളിലെ അവയുടെ ആദർശശുദ്ധി നഷ്ടപ്പെടുന്നതിനു പിന്നിൽ പാർട്ടിയും നിലവിലെ പാർലമെൻ്ററി സമ്പ്രദായവും തമ്മിലുള്ള ബന്ധം കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്.

(അവസാനിക്കുന്നില്ല)


Summary: Candidate selection and social injustice in parliamentary democracy, Part 3 by Ashoka Kumar V.


അശോകകുമാർ വി.

എഴുത്തുകാരൻ. രാഷ്ട്രീയം, സമൂഹം , സംസ്‌ക്കാരം, പരിസ്ഥിതി എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ എഴുതുന്നു.

അറിവിൻ്റെ ആപൽക്കരമായ തൂവൽസ്പർശം: നവലിബറലിസം -സാംസ്കാരിക പഠനങ്ങൾ, പരിസ്ഥിതി പ്രവർത്തനം: വീട്ടിലും വിദ്യാലയത്തിലും, രോഗം തരുന്ന വെളുത്ത ചോറ് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments