വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

‘‘ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷമുള്ള സർക്കാറിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ യു.ഡി.എഫിന് മുൻതൂക്കമുള്ള വയനാട്ടിൽ എൽ.ഡി.എഫിന് പ്രതീക്ഷയാകുമ്പോൾ, സി.കെ.ജാനുവിന്റെ മുന്നണിപ്രവേശമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ’’- ഡോ. കുട്ടികൃഷ്ണൻ എ.പി. എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു.

1956 നവംബറിൽ സംസ്ഥാനം നിലവിൽ വന്നപ്പോൾ കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു വയനാട്. പിന്നീട്, തെക്കൻ വയനാട് താലൂക്ക് കോഴിക്കോട് ജില്ലയോട് ചേർത്തപ്പോൾ വടക്കൻ വയനാട് താലൂക്ക് കണ്ണൂർ ജില്ലയുടെ ഭാഗമായി നിലനിർത്തി. 1980 നവംബർ ഒന്നിന് വടക്കൻ വയനാടും തെക്കൻ വയനാടും ഉൾപ്പെടുത്തി 12-ാമത്തെ ജില്ലയായി വയനാട് രൂപീകരിച്ചു.

ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള ജില്ലകളിലൊന്നായ വയനാട്ടിലെ ഭൂവിസ്തൃതിയുടെ ഏകദേശം 74 ശതമാനവും വനമാണ്. 20-ാം നൂറ്റാണ്ടിൻ്റെ മധ്യം മുതൽ തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്ന് വയനാട്ടിലെ കൃഷിയോഗ്യമായ കുന്നിൻപ്രദേശങ്ങളിലേക്ക് വ്യാപകമായി കുടിയേറ്റം നടന്നിരുന്നു. 20-ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ കുടിയേറ്റക്കാരും അവരുടെ പിൻതലമുറക്കാരും ജില്ലയിലെ ജനസംഖ്യയുടെ ഗണ്യമായ വിഭാഗമായി.

Read: പത്തനംതിട്ട ജില്ലയിലെ ജയവും തോൽവിയും
ആര് തീരുമാനിക്കും?

2011- ലെ സെൻസസ് പ്രകാരം, ജില്ലയിലെ ജനസംഖ്യ 8,17,420 ആണ്. സമീപകാല പ്രവണതകളെ അടിസ്ഥാനമാക്കി 2025 അവസാനിക്കുമ്പോൾ ജനസംഖ്യ ഏകദേശം 8,50,000- 8,60,000 വരെ ആയിരിക്കുമെന്നാണ്‌ കണക്ക്. 2011- ലെ സെൻസസ് പ്രകാരം ജില്ലയിൽ 49.5% ഹിന്ദുക്കളും 28.65% മുസ്ലീങ്ങളും 21.3% ക്രിസ്ത്യാനികളുമാണ്. മൊത്തം ജനസംഖ്യയുടെ ഏകദേശം 18.5% പട്ടികവർഗ്ഗക്കാരാണ്. പട്ടിക വർഗക്കാരിൽ പണിയ വിഭാഗം ഏകദേശം 45%-വും 20% കുറിച്യരുമാണ്. ബാക്കി അടിയ, കുറുമ, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗക്കാരും.

2026- ലെ തീവ്ര വോട്ടർപട്ടിക പരിഷ്കാരത്തിനുശേഷം പുറത്തുവന്ന വോട്ടർപട്ടികയിൽ 6,40,947 വോട്ടർമാരുണ്ട്. മാനന്തവാടി, സുൽത്താൻ ബത്തേരി , കൽപ്പറ്റ എന്ന് മൂന്നു നിയമസഭ മണ്ഡലങ്ങളിൽ മാനന്തവാടിയും സുൽത്താൻ ബത്തേരിയും പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്.

1.മാനന്തവാടി:
കടുത്ത മത്സരത്തിന്

  • ഇരു മുന്നണികൾക്കും പ്രതീക്ഷ നൽകുന്ന മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമായിരിക്കുമെന്നതിൽ തർക്കമില്ല.

2008- ലെ മണ്ഡല പുനർനിർണ്ണയത്തിലൂടെയാണ് മാനന്തവാടി മണ്ഡലം രൂപീകരിച്ചത്. 2011- ലെ ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി. കെ. ജയലക്ഷ്മിയാണ് ജയിച്ചത്. 2011-16 ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു. 2016, 2021 തിരഞ്ഞെടുപ്പുകളിൽ സി പി എം സ്ഥാനാർത്ഥി ഒ. ആർ. കേളു ജയലക്ഷ്മിയെ പരാജയപ്പെടുത്തി. മന്ത്രി കെ. രാധകൃഷ്ണൻ 2024- ൽ ലോക്‌സഭാംഗമായതിനെത്തുടർന്നുണ്ടായ ഒഴിവിൽ കേളു പട്ടികജാതി- പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായി.

Read: രാഷ്ട്രീയ അടിയൊഴുക്കുണ്ടോ, കാസർകോട് ജില്ലയിൽ?

മാനന്തവാടിയിൽ 2011 മുതൽ മൂന്നു തിരഞ്ഞെടുപ്പുകളിൽ ബി ജെ പി സ്ഥാനാർത്ഥിക്ക് യഥാക്രമം 4.62, 11.20, 8.62 % വീതം വോട്ടാണ് ലഭിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾ മാനന്തവാടിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾ മാനന്തവാടിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

മാനന്തവടി നഗരസഭയിലും എടവക, തവിഞ്ഞാൽ, തൊണ്ടർനാട്, പനമരം, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലും 2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോൾ തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് എൽ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് പ്രകാരം മാനന്തവാടി മണ്ഡലത്തിൽ ഇടതു മുന്നണിയേക്കാൾ യു.ഡി.എഫിന് 9000- ലേറെ അധികം വോട്ടാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.

കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികൾക്കും ലഭിച്ച വോട്ടുവിഹിതം പരിശോധിച്ചാൽ യു.ഡി.എഫിനാണ് മുൻതൂക്കം. 2016- ൽ നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി വിജയിച്ചതെങ്കിൽ 2021-ൽ ഭൂരിപക്ഷം വർധിപ്പിക്കാൻ കേളുവിനായി. ജനപ്രതിനിധിയെന്ന നിലയിലും പട്ടികജാതി -പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയെന്ന നിലയിലും മണ്ഡലത്തിൽ ലഭിച്ച സ്വീകാര്യതയും വികസന പ്രവർത്തനങ്ങളും മുന്നോട്ടുവെച്ച് എൽ.ഡി.എഫിന് 2021- ലേതുപോലെ വോട്ട് നേടിയെടുക്കാൻ കഴിഞ്ഞാൽ മാനന്തവാടി ഇക്കുറിയും എൽ ഡി എഫിനോടൊപ്പം നിൽക്കാനാണ് സാധ്യത. ഇരു മുന്നണിക്കും വിജയ പ്രതീക്ഷ നൽകുന്ന മണ്ഡലത്തിൽ കടുത്ത മത്സരമായിരിക്കുമെന്നതിൽ തർക്കമില്ല.

2.സുൽത്താൻ ബത്തേരി:
ജാനു ഫാക്ടർ?

  • കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ യു ഡി എഫിന് ഏറെ വിജയ പ്രതീക്ഷയുണ്ട്.

1970 വരെ സൗത്ത് വയനാട്‌ മണ്ഡലമായിരുന്നു, 1977 മുതലാണ് സുൽത്താൻ ബത്തേരിയായത്. പട്ടികവർഗ സംവരണ മണ്ഡലമാണിത്. കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ യു ഡി എഫിന് ഏറെ വിജയ പ്രതീക്ഷയുണ്ട്.

മണ്ഡലരൂപീകരണം മുതൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കാണ് മുൻ‌തൂക്കം. 1996- ൽ പി.വി. വർഗീസ് വൈദ്യരും 2006- ൽ പി.കെ. കൃഷ്ണപ്രസാദും മാത്രമാണ് സി പി എം ടിക്കറ്റിൽ വിജയിച്ചത്. കോൺഗ്രസിലെ കെ. രാഘവൻ, കെ. കെ. രാമചന്ദ്രൻ, കെ. സി. റോസക്കുട്ടി, എൻ. ഡി. അപ്പച്ചൻ എന്നിവർ മുൻ എം.എൽ.എമാരാണ്. 2011 മുതൽ തുടർച്ചയായി മൂന്നുതവണ വിജയിച്ച ഐ.സി. ബാലകൃഷ്ണനാണ് ഏറ്റവും കൂടുതൽ കാലം മണ്ഡലത്തെ പ്രതിനിധീകരിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ സുൽത്താൻ ബത്തേരിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ).
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ സുൽത്താൻ ബത്തേരിയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ).

സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, അമ്പലവയൽ, മീനങ്ങാടി, മുളൻ കൊല്ലി, നെൻമേണി, നൂൽപ്പുഴ, പൂത്താടി, പുൽപ്പള്ളി ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലത്തിൽ മീനങ്ങാടിയിലും പൂത്താടിയിലുമാണ് 2025- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചത്. പുൽപ്പള്ളിയിൽ ഇരു മുന്നണികളും തുല്യ നിലയിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 14,000 ലേറെ വോട്ടിൻ്റെ ഭൂരിപക്ഷമാണ് യു ഡി എഫിനുള്ളത്.

2021- ലെ തിരഞ്ഞെടുപ്പിൽ ഐ. സി. ബാലകൃഷ്‌ണൻ 81,077 വോട്ട് നേടിയപ്പോൾ സി പി എമ്മിലെ എം.എസ്. വിശ്വനാഥൻ 69,255 വോട്ട് നേടി. ആകെ പോൾ ചെയ്ത 1,67,432 വോട്ടിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച സി.കെ. ജാനു 15,198 വോട്ടാണ് നേടിയത്. ജാനു എൻ.ഡി.എ വിട്ട് ഇപ്പോൾ യു.ഡി.എഫിലാണ്.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഐ.സി. ബാലകൃഷ്ണനെതിരെയുണ്ടെങ്കിലും, അദ്ദേഹം സ്ഥാനാർഥിയാകുകയാണെങ്കിൽ സി. കെ. ജാനുവിന്റെ പിന്തുണയോടെ എൽ.ഡി.എഫിനെതിരെ കടുത്ത മത്സരം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ.

3.കൽപ്പറ്റ:
ക്ഷേമപ്രവർത്തനം
വോട്ടാകുമോ?

  • യു ഡി എഫ് വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലം. എന്നാൽ, ദുരന്തസമയത്തും പിന്നീടും സർക്കാർ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ എൽ.ഡി.എഫിനും പ്രതീക്ഷയേകുന്നുണ്ട്.

1965 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലമാണ് കൽപ്പറ്റ. കർഷക പ്രശ്നങ്ങൾ ഏറ്റെടുത്ത് സമരങ്ങൾ സംഘടിപ്പിക്കുകയും കുടിയേറ്റ മേഖലകളിൽ ഇടപെടുകയും ചെയ്ത ഫാ. ജോസഫ് വടക്കൻ രൂപീകരിച്ച കർഷക തൊഴിലാളി പാർട്ടിയുടെ പ്രസിഡന്റായിരുന്ന ബി. വെല്ലിംഗ്ടനാണ്‌1967- ൽ കൽപ്പറ്റയിൽ ജയിച്ചത്. പല ഘട്ടങ്ങളിലും കമ്മ്യൂണിസ്റ്റു പാർട്ടിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നെങ്കിലും വടക്കൻ്റെ കർഷ തൊഴിലാളി പാർട്ടി 1967- ൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയുടെ ഭാഗമായാണ് മത്സരിച്ചത്. 1967- ൽ അധികാരത്തിൽ വന്ന രണ്ടാം ഇ.എം.എസ് സർക്കാരിൽ 1967 മുതൽ 1969 വരെ ബി. വെല്ലിംഗ്ടനായിരുന്നു ആരോഗ്യമന്ത്രി. കോൺഗ്രസിലെ പി. സിറിയക് ജോണും കെ. ജി. അടിയോടിയും കെ. കെ. രാമചന്ദ്രനും ജനതാപാർട്ടി ടിക്കറ്റിൽ എം. കമലവും എം.പി. വീരേന്ദ്രകുമാറും കൽപ്പറ്റയിൽ നിന്ന് ജയിച്ചിരുന്നു.

ആദ്യകാലം മുതൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും 1977- ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ജനതാപാർട്ടിയുടെ ദേശീയ നേതാവാകുകയും പിന്നീട് കേന്ദ്രമന്ത്രിയാകുകയും ചെയ്ത എം.പി. വീരേന്ദ്രകുമാറിൻ്റെ ജന്മദേശമായ കൽപ്പറ്റയിൽ അദ്ദേഹത്തിന് സ്വാധീനമുള്ള ചില മേഖലകളുണ്ട്. അതുകൊണ്ടുതന്നെ വീരേന്ദ്രകുമാറും മകൻ എം.വി. ശ്രേയസ് കുമാറും നേതൃത്വം കൊടുക്കുന്ന ജനതാദളിന് തിരഞ്ഞെടുപ്പുകളിൽ നിർണായക സ്ഥാനമാണ് മുന്നണികൾ നൽകാറ്. മിക്ക തിരഞ്ഞെടുപ്പുകളിലും ജനതാപാർട്ടി / ജനതാദൾ ഇടതുമുന്നണിയുടെ ഘടകകക്ഷിയായിട്ടാണ് പ്രവർത്തിച്ചിരുന്നതെങ്കിലും 2011, 2016 വർഷങ്ങളിൽ ജനതാദൾ വിഭാഗം യു ഡി എഫിലായിരുന്നു. 2016- ൽ സി-പി-എമ്മിലെ സി. കെ. ശശീന്ദ്രൻ യു ഡി എഫിൻ്റെ ഭാഗമായി മത്സരിച്ച എം.വി. ശ്രേയസ്കുമാറിനെ തോൽപ്പിച്ചു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കൽപ്പറ്റയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കൽപ്പറ്റയിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021- ലെ തിരഞ്ഞെടുപ്പിൽ ശ്രേയംസ്കുമാർ നയിക്കുന്ന ജനതാദൾ വിഭാഗം എൽ ഡി എഫിൽ തിരികെയെത്തിയെങ്കിലും യു ഡി എഫിനായിരുന്നു വിജയം. 2021- ൽ ആകെ പോൾ ചെയ്ത 1,52,587 വോട്ടിൽ കോൺഗ്രസിലെ ടി. സിദ്ധിക്ക് 70,252 വോട്ടും എൽ ഡി എഫിലെ ശ്രേയംസ് കുമാർ 64,782 വോട്ടും നേടിയപ്പോൾ ബി ജെ പിയുടെ സുബീഷ് ടി.എമ്മിന് 14,113 വോട്ടാണ് ലഭിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി, മൂപ്പനാട്, മുട്ടിൽ, വൈത്തിരി പഞ്ചായത്തുകളിൽ എൽ ഡി എഫും മറ്റു തദ്ദേശ സ്ഥാപങ്ങളിൽ യു ഡി എഫുമാണ് ജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് പരിശോധിച്ചാൽ മണ്ഡലത്തിൽ 20,000- ലേറെ വോട്ടിൻ്റെ ഭൂരിപക്ഷം യു ഡി എഫിനുണ്ട്.

വയനാട്ടിൽ യു ഡി എഫ് വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കൽപ്പറ്റ. എന്നാൽ മുണ്ടക്കൈ- ചൂരൽമല പ്രകൃതി ദുരന്തസമയത്തും പിന്നീടും സർക്കാർ നടത്തിയ ഭവനപദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും വിവിധ വിഭാഗം ജനങ്ങളുടെ പിന്തുണ നേടിക്കൊടുക്കാൻ എൽ.ഡി.എഫിന് സഹായകമായേക്കാം. ഇത് വോട്ടായാൽ എൽ ഡി എഫിന്റെ തിരിച്ചുവരവ് സാധ്യമാകും.

2026-ലെ
സാധ്യതകൾ:

മൂന്നു നിയമസഭ മണ്ഡലങ്ങളിലെ കഴിഞ്ഞ കാല വോട്ടുവിഹിതവും നിലവിലെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും ഉരുൾപൊട്ടൽ ദുരന്തത്തിലെ സർക്കാർ ഇടപെടലുകളെയും ആസ്പദമാക്കി പരിശോധിച്ചാൽ 2026-ൽ നിലവിലുള്ള സ്ഥിതി തുടരാനാണ് സാധ്യത. മുൻ തിരഞ്ഞെടുപ്പുകളിൽ പ്രകടിപ്പിച്ച രാഷ്ട്രീയ സ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും മുന്നണിക്ക് അനുകൂലമായോ പ്രതികൂലമായോ വലിയ തരത്തിൽ വോട്ട് ചാഞ്ചാടിയാൽ ഉണ്ടാവുന്ന മാറ്റങ്ങളും സൂചിപ്പിക്കാം.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ  വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വയനാട് ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments