21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 3
▮
നവമാധ്യമത്തിലെ share-ന്റെ അർത്ഥം വീതംവെയ്ക്കുകയെന്നോ പങ്കുവെയ്ക്കുകയെന്നോ അല്ല. വീതംവെയ്ക്കുമ്പോഴും പങ്കുവെയ്ക്കുമ്പോഴും ഒരു നഷ്ടസാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ, നവമാധ്യമങ്ങളിൽ share ചെയ്യുന്തോറും പങ്കുവെയ്ക്കുന്നതാരാണോ അയാളുടെ നേട്ടങ്ങൾ വർദ്ധിക്കുകയാണ്. share സംസ്കാരത്തിന്റെ പ്രത്യേകത തന്നെ ഇതാണ്. അങ്ങനെ ആദ്യം നടക്കുന്ന share-കളിൽ നിന്ന് വിപുലമായ രീതിയിൽ share ചെയ്യപ്പെടുന്നതോടെ ഉള്ളടക്കം വൈറലാകുന്നു.
ഒരു ഉള്ളടക്കത്തെ വൈറലാക്കുന്നതിന്റെ മുഖ്യഘടകമെന്താണെന്ന് മനസ്സിലാക്കാൻ ഇന്റർനെറ്റ് സാമൂഹ്യശാസ്ത്രത്തിനോ മനുഷ്യരുടെ ഇന്റർനെറ്റ് പെരുമാറ്റങ്ങളെക്കുറിച്ചു പഠിക്കുന്ന പെരുമാറ്റ മനഃശാസ്ത്രത്തിനോ അതിനേക്കാൾ മനുഷ്യമനസ്സിന്റെ ഉള്ളുതുരന്ന്, ഇഷ്ടാനിഷ്ടങ്ങളുടെ മൂലസ്രോതസ്സായ മസ്തിഷ്ക്കത്തിലെ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കുന്ന കോഗ്നിറ്റിവ് (cognitive) ശാസ്ത്രത്തിനോ സാധിച്ചിട്ടില്ല.
അൽഗോരിതങ്ങൾ സമൂഹമാധ്യമങ്ങളിലെ ഓരോ വ്യക്തികളുടെയും വിനിമയങ്ങളുടെ ആകെത്തുക പരിഗണിച്ചാണ് വൈറൽ ഉള്ളടക്കം തള്ളുന്നത്. അൽഗോരിതത്തിനും അജ്ഞാതമാണ് മനുഷ്യമനസ്സിനെ ആകർഷിക്കുന്ന സുപ്രധാന ഘടകമെന്താണ്, അല്ലെങ്കിൽ ഘടകങ്ങൾ ഏതാണ്, അല്ലെങ്കിൽ എന്താണ് എന്നത്. അൽഗോരിതം ഒരേകശിലാരൂപത്തിൽ മനുഷ്യരുടെ അഭിവാജ്ഞകളെ നിർണയിക്കുകയാണ്. നരവംശത്തിന്റെ ആർജ്ജിതമായ സാംസ്കാരിക അഭിരുചികളെ, വിശേഷജ്ഞാനത്തെ, വൈകാരിക അനുഭൂതികളെ -ഇവയുടെ സഞ്ചിതസൃഷ്ടിയായ മനുഷ്യവിനിമയങ്ങളെ കടന്നാക്രമിക്കുകയാണ് അൽഗോരിതം.
READ: 21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി
കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ
മുതലാളിത്തത്തിന് ഒരിക്കലും സാധിച്ചിട്ടില്ലാത്തതാണ് മനുഷ്യവ്യവഹാരങ്ങളെ ഏകരൂപത്തിലേക്ക് സങ്കോചിപ്പിക്കുക എന്നത്. എന്നാൽ മൂലധനവ്യവസ്ഥ ഒരു ശരാശരി മനുഷ്യപ്രകൃതത്തെ മാനകമാക്കി ചരിത്രനിരപേക്ഷമായി ഏകരൂപത്തിലേക്ക് മനുഷ്യരുടെ വ്യവഹാരങ്ങളെ പരിമിതപ്പെടുത്തുകയാണ്. സമാനമെങ്കിലും സമൂഹശാസ്ത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട "ദേശീയതയും ഭാവനാത്മക സമൂഹവും" (Nationalism and Imagined Community) എന്ന വിശകലനാത്മകമായ നീരിക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിച്ചാൽ, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിർച്വൽ മുതലാളിത്തം ആഗോളമായ ഒരു ഭാവനാത്മക സമൂഹത്തെ (imagined community) വിഭാവനം ചെയ്യുക മാത്രമല്ല അതിനൊരു രൂപഘടന നൽകുകയുമാണ്. വൈവിധ്യങ്ങളെയും വ്യത്യസ്‌തകളെയും ഉപരിതലത്തിൽ നിരാകരിക്കാതെ, എന്നാൽ എല്ലാവിധ വൈജാത്യങ്ങളെയും ഭേദിച്ച് ശരാശരിയിൽ പടുത്തുയർത്തപ്പെട്ട ഒരേകീകൃത നരവംശത്തെയാണ് വിർച്ച്വൽ മുതലാളിത്തം രൂപപ്പെടുത്തുന്നത്.
മറ്റൊരു രീതിയിൽ പറഞ്ഞാൽ, അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്ന മധ്യേഷ്യൻ പോരാളിയെയും ശ്വേതാധിപത്യത്തിനായി നിലകൊള്ളുന്ന മിലിറ്റന്റ് വെൺപക്ഷ തീവ്രവാദിയെയും ഒരേനിലയിൽ ഡിജിറ്റൽ മണ്ഡലത്തിൽ പുനർനിർമിക്കുന്നു അൽഗോരിതം, പ്രത്യക്ഷത്തിൽ അവർ വ്യത്യസ്തരായിരിക്കുമ്പോൾ തന്നെ. രണ്ടുപേരും ഒരേ ഇടങ്ങളും സമാനമായ അഭിലാഷഘടനയെയും തന്നെയാണ് പിന്തുടരുന്നത്.

ദൃശ്യമാധ്യമങ്ങളുടെ കേരളം
മലയാളിയുടെ നവമാധ്യമ അനുഭവസീമകളിലേക്ക് വന്നാൽ ഇതിന്റെ പ്രത്യക്ഷീകരണം അനുഭവപ്പെടും. മലയാളി 21-ാം നൂറ്റാണ്ടിൽ ആഗോളീകൃതവും നവമാധ്യമസ്ഥവുമായ ഒരു സാമൂഹികവ്യവസ്ഥയിലേക്ക് എളുപ്പം പിടിച്ചെടുക്കപ്പെട്ട ജനതയാണ്. മലയാളികൾ തമ്മിൽ തമ്മിലുള്ള ജാതി- മത വ്യത്യാസങ്ങളും തന്മൂലമുള്ള ഉൾപിരിവുകളും നിലനിൽക്കെ തന്നെ, ആഗോളീയമായ ഭാവനാത്മകസമൂഹത്തിൽ പുത്തൻ മൂലധനക്രമത്തിന്റെ അൽഗോരിതം ശീലങ്ങൾക്കൊപ്പം ദൈനംദിനം ജീവിക്കാൻ പഠിക്കുകയും അതിൽ അഭിരമിക്കുകയും ചെയ്യുന്ന ജനതയാണ്.
2000 മധ്യത്തിൽ മലയാളത്തിലെ ദൃശ്യമാധ്യമങ്ങൾ വളർച്ചയുടെ ഒരു ഘട്ടം പിന്നിട്ടുകഴിഞ്ഞു. മലയാളത്തിൽ ഏഷ്യാനെറ്റിനും സൂര്യക്കും പുറമെ കൈരളി ചാനൽ കൂടി രംഗപ്രവേശം ചെയ്തു. സി.പി.എം പിന്തുണയോടെ ആരംഭിച്ച ചാനൽ വാർത്താവിനോദസംസ്കാരത്തിൽ പുതിയൊരു ദിശാസൂചികയാകുമെന്നാണ് നിനച്ചിരുന്നത്. എന്നാൽ, വാർത്തകളിൽ ഇടതുപക്ഷ സ്വാധീനം തുടക്കത്തിൽ കൊണ്ടുവന്നു എന്നതൊഴിച്ചാൽ പരിവർത്തനാത്മകമായ ഒന്നും കൈരളി സംഭാവന ചെയ്തില്ല.
ഏഷ്യാനെറ്റ് അപ്പോഴേക്കും സീരിയൽ സംപ്രേക്ഷണത്തിലേക്ക് തിരിഞ്ഞിരുന്നു. സ്ത്രീ എന്ന സീരിയൽ പെട്ടെന്ന് ഹിറ്റാവുകയും മലയാളത്തിലെ സീരിയൽ സംസകാരത്തിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ ഒരു പുത്തൻ പ്രേക്ഷകസമൂഹത്തെ നിർമിച്ചെടുക്കാൻ ദൃശ്യമാധ്യമ ചാനലുകൾക്ക് കഴിഞ്ഞു. സ്ത്രീപ്രേക്ഷകരെ തനതായ രീതിയിൽ വിഭാവനം ചെയ്യാനും കഴിഞ്ഞു.
നൂറ്റാണ്ടിന്റെ ആരംഭത്തിൽ അച്ചടിമാധ്യമങ്ങൾ അതിന്റെ സ്വാധീനത നിലനിർത്തി എന്നു മാത്രമല്ല ദൃശ്യമാധ്യമവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു വ്യാജഗൗരവവും ഈ താരതമ്യത്തിന് വകയായി ലഭിക്കുകയുണ്ടായി. രാഷ്ട്രീയമായി കേരളത്തിലെ മുഖ്യധാരാ യാഥാസ്ഥിതിക സമൂഹത്തിന്റെ വാർത്താസ്രോതസ്സ് അച്ചടിമാധ്യമങ്ങളായിരുന്നു. യാഥാസ്ഥിതികതയുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക പരിഷ്ക്കരണങ്ങൾ അച്ചടിമാധ്യമങ്ങൾ മുമ്പേ സ്വീകരിച്ചിട്ടുണ്ട്. ദൃശ്യമാധ്യമങ്ങൾ ഉപഭോഗതൃഷ്ണയുള്ള മലയാളി സമൂഹത്തെയാണ് കെട്ടിപ്പടുത്തത്. ഇന്നും ഈ മധ്യവർത്തി സമൂഹമാണ് മലയാള ദൃശ്യമാധ്യമത്തിന്റെ വിശ്വസ്ത പ്രേക്ഷകർ. ഇന്ന് മധ്യവയസ്സും പിന്നീടുന്ന ഈ മധ്യവർത്തിസമൂഹമാണ് ദൃശ്യമാധ്യമങ്ങളെ കേബിൾ ശൃംഖല വഴി ഇപ്പോഴും ആശ്രയിക്കുന്നത്.
2004-ൽ സംപ്രേക്ഷണം ആരംഭിച്ച ഇന്ത്യാ വിഷൻ ദൃശ്യമാധ്യമ വാർത്താസംസ്കാരത്തിൽ വലിയ മാറ്റം കൊണ്ടുവന്നു. മുഴുവൻ സമയ വാർത്താചാനൽ എന്ന സങ്കല്പത്തോടൊപ്പം ലൈവ് വാർത്താവതരണവും ചർച്ചയും സംപ്രേക്ഷണ ചരിത്രത്തിൽ വഴിത്തിരിവുണ്ടാക്കി. അതിനുമുമ്പേ NDTV-യും CNN IBN- ഉം അമേരിക്കൻ CNN മാതൃക പിന്തുടർന്ന് ലൈവ് ആരംഭിച്ചുകഴിഞ്ഞിരുന്നു. ഇംഗ്ലീഷ് ദൃശ്യമാധ്യമങ്ങൾ കേന്ദ്ര സർക്കാരിന്റെ നവ ഉദാരവൽക്കരണനയം പ്രചരിപ്പിക്കാൻ തുടങ്ങിയ മാധ്യമങ്ങൾ എന്ന നിലയ്ക്കാണ് പ്രവർത്തനം ആരംഭിച്ചത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷ പരിപ്രേക്ഷ്യമെന്നൊന്ന് പൂർണമായും അവഗണിക്കപ്പെട്ടത് ദേശീയതലത്തിൽ സ്വകാര്യ വാർത്താചാനൽ പ്രവർത്തനം ആരംഭിച്ചതോടെയാണ്.
ദൂരദർശൻ കാലത്ത് ഏതൊരു സംവാദത്തിലും ഇടതുപക്ഷവീക്ഷണം സ്ഥിരം സാന്നിധ്യമായിരുന്നു. ദേശീയധാരയിൽ ഇടതുപക്ഷവീക്ഷണം പൂർണമായും പ്രാന്തവൽക്കരിക്കപ്പെട്ടു തുടങ്ങിയത് ദൃശ്യമാധ്യമങ്ങൾ വാർത്താസംസ്കാരത്തെ നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ്. ഈ സ്ഥിതി ഇന്നും അതിനേക്കാൾ തീവ്രമായി ദേശീയ മാധ്യമങ്ങളിൽ തുടരുന്നു. ഹിന്ദുത്വ അനുകൂലമായ രാഷ്ട്രീയം സ്ഥിരപ്രതിഷ്ഠ നേടുന്നതും ദൃശ്യമാധ്യമങ്ങളുടെ ആഗമനത്തോടെയാണ്. ആദ്യം ഒരു സാന്നിധ്യമായും പിന്നീട് മാധ്യമങ്ങളെ തന്നെ പൂർണമായും ഏറ്റെടുക്കുന്നതിലേക്കുമാണ് ഇത് നയിച്ചത്. രാഷ്ട്രീയമായി ഒരു സാന്നിധ്യമേ അല്ലാതിരുന്ന ഹിന്ദുത്വത്തിനും വലതുപക്ഷ ആശയങ്ങൾക്കും കേരളത്തിൽ വമ്പിച്ച ദൃശ്യാത്മകത നൽകിയത് വാർത്താചാനലുകളാണ്. രാഷ്ട്രീയത്തിൽ സാന്നിധ്യമറിയിക്കുന്നതിനു മുൻപേ ഒരു മൂന്നാം സാന്നിധ്യമായി ബി.ജെ.പി കേരളത്തിൽ കടന്നുവന്നു.

മലയാളിയുടെ മാധ്യമാസക്തി തിടംവെച്ചു തുടങ്ങിയത് ഇക്കഴിഞ്ഞ 25 വർഷത്തെ കാലയളവിലാണ്. മാധ്യമ ഉള്ളടക്കത്തെ ഉപഭോഗം ചെയ്യുന്ന മലയാളി അതിൽനിന്ന് വേറിട്ടൊരു വ്യവഹാരികമായൊരു ഇടത്തെ കാണുന്നില്ല. രാഷ്ട്രീയമായാലും വിനോദമായാലും മാധ്യമസ്ഥിതമാണ് മലയാളിയുടെ ജീവിതം. മാധ്യമങ്ങളിൽ നിന്ന് നിർമുക്തമായൊരു ജീവിതവ്യവഹാരത്തെ മലയാളിക്ക് വിഭാവനം ചെയ്യാൻ പറ്റുമോ എന്നു സംശയമാണ്. മൊബൈൽ മാധ്യമത്തിലൂടെ യുട്യൂബും വാട്ടസ് ആപ്പും ലഭ്യമായി തുടങ്ങിയപ്പോൾ ജീവിതം ഡിജിറ്റൽ മാധ്യമലോകത്തിലേക്ക് കൂടുതൽ ആഗിരണം ചെയ്യപ്പെട്ടു. മലയാളിയുടെ മാധ്യമജീവിതത്തെ സൂക്ഷ്മ വിശകലനം ചെയ്യുന്നതാണ് സി. എസ്. വെങ്കിടേശ്വരന്റെ മലയാളിയുടെ നവമാധ്യമ ജീവിതം (ഡി സി ബുക്സ്, 2018) എന്ന പഠനം.
വിവരവിനിമയരംഗത്ത് ലോകത്തിലെമ്പാടും എന്ന പോലെ ഇവിടെയും അച്ചടിമാധ്യമങ്ങളെയും മറ്റു സാമ്പ്രദായിക മാധ്യമങ്ങളെയും പിന്തള്ളി കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടെ ദൃശ്യമാധ്യമങ്ങൾ നേടിയ സ്വാധീനത്തെക്കുറിച്ച് സി.എസ്. വെങ്കിടേശ്വരൻ പറയുന്നു. 1990- കളിൽ ആരംഭിച്ച സാമ്പത്തിക ഉദാരവൽക്കരണനയങ്ങളെ പിന്തുടർന്നുള്ള മാറ്റങ്ങളാണ് അതിന് വമ്പിച്ച ആക്കവും സമ്പത്തിക അടിത്തറയും സാധുതയും നൽകിയത് എന്നും ഈ പുസ്തകം നിരീക്ഷിക്കുന്നു.
ഈ പുസ്തകത്തിൽ സി.എസ്. വെങ്കിടേശ്വരൻ എഴുതുന്നു: "ഇന്ന് മലയാളി ജീവിതത്തോട് ഏറ്റവും അടുത്തുനില്ക്കുന്നതും അതിനെ വളരെ ഗാഢമായി പിന്തുടരുന്നതും പ്രകാശിപ്പിക്കുന്നതും അങ്ങനെ അതിനെ രൂപീകരിക്കുന്നതുമായ മറ്റൊരു വിനിമയസങ്കേതമാണ് മൊബൈൽ ഫോൺ. നമ്മുടെ പൊതുജീവിതത്തെയാണ് ടെലിവിഷൻ ദൃശ്യവൽക്കരിക്കുന്നതെങ്കിൽ മൊബൈൽ നമ്മെ ലോകവുമായി നിരന്തരം ‘ബന്ധി’പ്പിക്കുകയും നമ്മുടെ ആന്തരിക ജീവിത മാധ്യമം തന്നെയായി വർത്തിക്കുകയും ചെയ്യുന്നു. ഒന്ന്, ലോകത്തെ നമുക്ക് ദൃശ്യപ്പെടുത്തുമ്പോൾ മറ്റൊന്നിലൂടെ നമ്മൾ ലോകവുമായി നമുക്കുള്ള ബന്ധത്തെ സ്ഥാപിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുന്നു’’.
മലയാളി സോഷ്യൽ മീഡിയയിലേക്ക്
ഓൺലൈൻ മാധ്യമത്തിലേക്ക് മലയാളി ഉണരുന്നത് ഓർക്കൂട്ട് എന്ന സാമൂഹിക ശൃംഖലാ ഉപാധിയിലൂടെയാണ്. പരിമിതമായിരുന്ന ബ്രോഡ്ബാൻഡ് ഉപയോഗപ്പെടുത്തി ആഗോളതലസമ്പർക്കം സാധ്യമാണെന്ന കാര്യം മലയാളി മനസ്സിലാക്കിയിരുന്നു. ഈ കാലഘട്ടമാകുമ്പോഴേക്കും മലയാളികളിൽ പലരും, പ്രത്യേകിച്ച്, മലയാളി പ്രവാസികൾ ബ്ലോഗ് രചനയിലേക്ക് കടന്നിരുന്നു. സജീവ് എടത്താടന്റെ കൊടക്കരക്കാരൻ ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2004 ആണ് മലയാളം ബ്ലോഗ് വ്യാപകമായ വർഷം.
2025 -ൽ പുറത്തിറങ്ങിയ ഏറെ ശ്രദ്ധേയമായ പുസ്തകമാണ് വഹുനി വാരയുടെ (Vauhini Vara) "Selfhood in the Digital Age". വ്യക്തിഗത അനുഭവത്തിലൂടെ ആദ്യകാല ചാറ്റ് റൂമിൽ നിന്നു തുടങ്ങി സോഷ്യൽ മീഡിയയിലേക്കും AI-യിലേക്കും പടർന്ന ആത്മസ്വത്വത്തെക്കുറിച്ചാണ് വാഹുനി വാര എഴുതുന്നത്. ചാറ്റ് റൂമിലാണ് മലയാളികൾ മറ്റു ലോകരെ പോലെ തന്നെ ആഗോള സമ്പർക്കത്തിന്റെ സവിശേഷതകൾ അറിഞ്ഞത്. 99 -ൽ MSN മെസ്സഞ്ചറിന്റെ ചാറ്റ് റൂമുകളിലെ വിലസലുകൾ നമ്മൾ പലരുടെയും ഇന്റർനെറ്റ് സമ്പർക്കങ്ങളെക്കുറിച്ചുള്ള അനുഭവങ്ങളിൽ ‘നൊസ്റ്റാൾജിയ’ പുരളുന്നതാണ്. പ്രവാസികൾ വളരെ ഉൽക്കർഷത്തോടെ നാട്ടിലെ വിവരങ്ങൾ തിരക്കാൻ ചാറ്റ് റൂമുകൾ ഉപയോഗപ്പെടുത്തിയത് ഓർക്കുന്നു. ലൈംഗികതയും തമാശയും മറ്റും ചാറ്റ് റൂമുകളിൽ നിറഞ്ഞു. സോഷ്യൽ മീഡിയയുടെ സമകാലികമായ പല സവിശേഷതകളും സോഷ്യൽ മീഡിയാപൂർവ ചാറ്റ് റൂമുകളിൽ അനുഭവസ്ഥമായിരുന്നു.
2004 -ൽ ഏഷ്യാനെറ്റ് ന്യൂസിൽ കെ. കെ. ഷാഹിന ഓർക്കുട്ടിനെ മുൻനിർത്തി ആഗോളീയമായ നവസാമൂഹിക രാഷ്ട്രീയം രൂപീകൃതമാകുന്നതിനെ കുറിച്ചൊരു സംവാദം നടത്തുകയുണ്ടായി. സി. ആർ. നീലകണ്ഠൻ ടെലിഫോണിലൂടെയാണ് സംവാദത്തിൽ പങ്കെടുത്തത്. കൊടകര പുരാണം ബ്ലോഗിന്റെ രചയിതാവ് സജീവ് എടത്താടനും സംവാദത്തിൽ പങ്കെടുത്തതായാണ് ഓർമ. പുതിയ സമരമുഖങ്ങളിൽ നവമാധ്യമം അഭൂതപൂർവമായ ഐക്യദാർഢ്യരൂപീകരണമാണ് സാധ്യമാക്കുന്നതെന്നാണ് ഞാൻ ഈ സംവാദത്തിൽ നീരിക്ഷിച്ചത്. സി. ആർ. നീലകണ്ഠൻ, പാരമ്പരാഗത സമരരൂപങ്ങളിൽ തന്നെയാണ് പ്രതീക്ഷയർപ്പിച്ചത്. സംവാദത്തിന്റെ ഊന്നൽ നവമാധ്യമത്തിന്റെ നിർവാഹകത്വത്തെ (agency) കേന്ദ്രീകരിച്ചായിരുന്നു. ഒരുപക്ഷെ, കേരളത്തിലാദ്യമായി ഈയൊരു വിഷയത്തെ മുൻനിർത്തി നടന്നൊരു സംവാദം ഇതായിരിക്കണം. പിൽക്കാലത്ത് ഗതിനിർണായകമായി മാറിയ വസന്തമുന്നേറ്റങ്ങളെ സാധ്യമാക്കിയതിൽ നവമാധ്യമം വഹിച്ച പങ്ക് ഈ സംവാദത്തെ സാർത്ഥകമാക്കുന്നു.
2006-ഓടെ ഫേസ്ബുക്ക് സാമൂഹ്യശൃംഖല എന്ന നിലയിൽ പ്രവർത്തനക്ഷമമായി. നെറ്റ്‌വർക്കിങ് സൈറ്റ് എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിലെ വികാസം. 2009-ഓടെയാണ് സോഷ്യൽ മീഡിയ തരംഗമാകുന്നത്. fb അംഗത്വം വമ്പിച്ച തോതിൽ വർധിച്ചു. ഒരുമിക്കാനും ഒത്തുചേരാനുമുള്ള സാധ്യതയിൽ തന്നെ രാഷ്ട്രീയമായ കൂട്ടായ്‌മക്കും പാരമ്പര്യേതരമായ സംഘാടനരീതികൾക്കും തികച്ചും നൂതനമായ പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറി.
ട്യൂണിഷ്യയിൽ ആരംഭിച്ച് മദ്ധ്യേഷ്യയിലെ ഈജിപ്ത് പോലുള്ള രാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ച്, പിന്നീട് Occupy Wall Street സമരത്തിലൂടെയുമെല്ലാം സാമൂഹിക സംഘാടനത്തിലും പൗരപ്രക്ഷോഭങ്ങളിലും സോഷ്യൽ മീഡിയ നവതരംഗം സൃഷ്ടിച്ചു. സോഷ്യൽ മീഡിയ തുറന്നുതന്ന സമരമുഖത്തിന്റെ സാദ്ധ്യതകൾ തന്നെയാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ UPA സർക്കാരിനെതിരെ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭത്തിലും ഉപയോഗപ്പെടുത്തിയത്. എന്നാൽ ഇത് തനതായി സോഷ്യൽ മീഡിയയിലൂടെ രൂപപ്പെട്ട സമരമായിരുന്നില്ല. വളരെ ആസൂത്രിതമായി സംഘടിക്കപ്പെട്ടതാണ് ഈ സമരമെന്നു പിന്നീട് മനസ്സിലാക്കാൻ കഴിഞ്ഞു. വസന്തസമരത്തിൽ (spring protests) നിന്ന് വ്യതിരിക്തമായി ഇതൊരു വലതുപക്ഷ മുന്നേറ്റമാണെന്ന് അന്നുതന്നെ അരുന്ധതി റോയിയും പാർത്ഥ ചാറ്റർജിയും നീരീക്ഷിച്ചിരുന്നു.

വസന്തമുന്നേറ്റങ്ങളും Occupy Wall Street പ്രക്ഷോഭവും അണ്ണാ ഹസാരയുടെ നേതൃത്വത്തിൽ നടന്ന വരേണ്യ ആൾക്കൂട്ട സമരവും ആത്യന്തികമായി തീവ്രവലതുപക്ഷ സർക്കാരുകളെ അധികാരത്തിൽ അവരോധിക്കുന്നതിലേക്കാണ് നയിച്ചത്. 2010 മുതലുള്ള കാലങ്ങളിൽ സജീവമായി സംവാദവിഷയമായ ജനാവലി (multitude) എന്ന നവ രാഷ്ട്രീയ പരികല്പന വലതുപക്ഷ ഫാഷിസ്റ്റ് അധികാരത്തിനു കടന്നുവരാനുള്ള പാതയൊരുക്കലായി കലാശിച്ചു. നെഗ്രിയുടെ വിഭാവനത്തിനപ്പുറം അധികാരം ഫാഷിസ്റ്റുകൾ പിടിച്ചെടുക്കുകയായിരുന്നു. 30- കളിലെ ജർമനിയിലും ഇറ്റലിയിലുമെന്ന പോലെ പ്രത്യാശാഭംഗവും ജീവിതനിരാശയും വലതുപക്ഷത്തിനാണ് ഊർജമായത്. ഈയൊരു ചരിത്രപരമായ വസ്തുത അഭിമുഖീകരിക്കേണ്ടത് സംഘടനാരൂപങ്ങളെക്കുറിച്ചും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിൽ പ്രധാനമാണ്.
ഈക്കാലയളവിൽ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ ആഗോള പൗരപ്രതികരണ വേദിയുമായി മാറിയിരുന്നു. ഇതിന്റെ ആഘാതവും പിൽക്കാല രാഷ്ട്രീയത്തിൽ പ്രകടമാണ്. പിന്നീട് ട്വിറ്റർ എലോൺ മസ്‌ക് വിപരീത നീക്കങ്ങളിലൂടെ ഏറ്റെടുക്കുകയായിരുന്നു. ട്വിറ്റർ എക്സ് ആയി, വലതുപക്ഷ വിദ്വേഷ പ്രചാരണത്തിനുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായി. വിദ്വേഷ പ്രചാരണവും ഇസ്ലാമോഫോബിക് ഉള്ളടക്കവും ഏറ്റവും വ്യാപരിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്.

മൈക്രോ ബ്ലോഗിങ് സൈറ്റിൽ നിന്ന് ദൃശ്യപരമായ ഉള്ളടക്കത്തിന് വമ്പിച്ച പ്രാധാന്യം ലഭിക്കുന്ന വിധത്തിലാണ് പിന്നീട് നവമാധ്യമ പ്ലാറ്റുഫോമുകളുടെ വികാസമുണ്ടായത്. പാഠം സംസ്കാരത്തിൽ (Text based) നിന്ന് വാമൊഴി (Oral) സംസ്കാരത്തിലേക്ക് നവമാധ്യമങ്ങൾ നരവംശത്തെ തിരികെക്കൊണ്ടുപോവുകയാണെന്ന നീരീക്ഷണം നടത്തിയത് ചിന്തകനും മാധ്യമ സംരഭകനുമായ ശശികുമാറാണ്. യൂട്യൂബ് മാത്രമല്ല വ്യത്യസ്തമായ പുതിയ പ്ലാറ്റ്ഫോമുകളും ആവിർഭവിച്ചിരിക്കുന്നു. പ്ലാറ്റ്ഫോം മുതലാളിത്തമാണ് ലോകത്തിലെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുന്നത്.
ദൃശ്യപരമായ ഉള്ളടക്കത്തിനാണ് പ്രാധാന്യം ലഭിക്കുന്നത്. വീഡിയോ ഉള്ളടക്കം കൂടുതൽ വ്യാപകമായി. ഇതിന്റെ നിർമാണത്തിലും വിതരണത്തിലും വ്യവസ്ഥാപിതമായ എല്ലാ സങ്കല്പങ്ങളും അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സെലിബ്രിറ്റി സങ്കല്പത്തിനു പകരം ഇൻഫ്ലുവെൻസർ എന്നൊരു പുതിയ വ്യക്തിത്വസാധ്യതയാണ് ദൃശ്യപ്ലാറ്റുഫോമുകൾ മുന്നോട്ടുവെയ്ക്കുന്നത്. അനേക സഹസ്രം വീഡിയോ സൈറ്റുകളുണ്ടെങ്കിലും ഗൂഗ്ൾ നിയന്ത്രിക്കുന്ന യൂട്യൂബിനാണ് കുത്തക. ഉള്ളടക്കനിർമാതാക്കൾ എന്നാണ് നവമാധ്യമങ്ങൾക്കായി ഉള്ളടക്കം തയ്യാറാക്കുന്നവരെ വിളിക്കുന്നത്. എത്രപേർ കാണുന്നുവെന്നതിനെ അനുസരിച്ചുള്ള viewership അടിസ്ഥാനമാക്കിയുള്ള റവന്യു മാതൃകയും ഡിജിറ്റൽ സമ്പദ് വ്യവസ്ഥ സാധ്യമാക്കിയിരിക്കുന്നു. ഡാറ്റ സമാഹരണവും വിപണനവുമാണ് ടെക് കമ്പനികളെ ഈയൊരു റവന്യു മാതൃകയ്ക്ക് പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ഓരോ വർഷത്തെയും സൂചകവാക്കുകളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് സമൂഹമാധ്യമത്തിലെ വ്യവഹാരങ്ങളെ സൂചിപ്പിക്കുന്ന വാക്കുകളാണ്. 2013- ൽ തിരഞ്ഞെടുക്കപ്പെട്ട വാക്കാണ് selfie എങ്കിൽ 2016- ലെ വാക്കാണ് post-truth. 2024 -ൽ Brain Rot, 2025 -ൽ Rage Bait എന്നീ വാക്കുകൾ തെരഞ്ഞെടുക്കപ്പെട്ടു.

ക്രോധമാണ് സാമൂഹികമായ പ്രതികരണത്തിന്റെ ഏറ്റവും മൂർത്തമായ ആവിഷ്ക്കാരമാകുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും ക്രോധത്തെ മുതലെടുക്കുകയാണ് ഇന്നത്തെ ഫാഷിസ്റ്റ് രാഷ്ട്രീയ നേതാക്കൾ. അവരുടെ വാക്കുകൾ ക്രോധത്തെ സ്ഫുരിക്കുന്നതാണ്. ക്രോധമൂലധനമാണ് ഫാഷിസത്തിന്റെ സാംസ്‌കാരിക മൂലധനം. നിയമബാഹ്യമായ പ്രവർത്തനങ്ങളെയാണ് ക്രോധം കാംക്ഷിക്കുന്നത്. ആൾക്കൂട്ട പിൻബലത്തിൽ നിയമബാഹ്യമായ ഹിംസാത്മക പ്രവർത്തനങ്ങൾക്ക് നിയമാതീതമായ സംരക്ഷണമാണ് (impunity) താങ്ങാവുന്നത്. എന്നാൽ, ക്രോധം അടിച്ചമർത്തപ്പെട്ടവരുടെ പ്രതികരണ വാങ്മയമാകുമ്പോൾ നിയമം അവർക്കെതിരെ ആയുധമാക്കപ്പെടുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ജയിലിലടച്ചിരിക്കുന്നത് ഇതിന് തെളിവാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റർ (Black Lives Matter) പ്രസ്ഥാനത്തോടുള്ള ആഗോള ശ്വേതാധികാരത്തിന്റെ പ്രതികരണവും ഹിംസാത്മകമാണ്.
ജെൻ -സി പ്രക്ഷോഭ പാരമ്പരകളിലും സോഷ്യൽ മീഡിയ നിർണായകമാണ്. ഒരു ബദൽ സാമൂഹിക വ്യവസ്ഥിതിയെയോ രാഷ്ട്രീയമാറ്റത്തെയോ ഈ സമരപരമ്പരകൾക്ക് വിഭാവനം ചെയ്യാനാകുന്നില്ല എന്നതും യാഥാർഥ്യമാണ്. രാഷ്ട്രീയപക്വമായ ബോധ്യത്തോടെയുള്ള പ്രക്ഷോഭം എന്ന നിലയ്ക്കാണ് സമീപകാലങ്ങളിൽ അർത്ഥവത്തായ പൊതുമയുടെ സാക്ഷാത്ക്കരമായി ഷഹീൻബാഗ് പ്രക്ഷോഭവും കർഷക സമരവും പോരാട്ട ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക.

സമരത്തിലെ രോഷത്തിന്റെ ഉള്ളടക്കമല്ല, പകരം എന്ത് ആവശ്യത്തെ മുൻനിർത്തി, ഏതു മുദ്രാവാക്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് പ്രക്ഷോഭത്തിന്റെ പൊതുമ നിർണയിക്കപ്പെടുന്നതെന്നാണ് പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ ഉള്ളടക്കം തിരിച്ചറിയാനുള്ള സുപ്രധാന ഘടകം.
സമൂഹമാധ്യമങ്ങളിലെ പ്രതികരണ രീതികളും അതിന്റെ വ്യാപനവും വിമർശനാത്മകമായി വിശദീകരിക്കുന്ന പുസ്തകമാണ് 2025-ൽ പുറത്തിറങ്ങിയ അനുരാഗ് മൈനസ് വർമയുടെ The Great Indian Brain Rot: Love, Lives and Algorithms in Digital India. മർദിത ജനവിഭാഗങ്ങളുടെ ശബ്ദമാകുമ്പോഴും സമൂഹമാധ്യമം നിലനിൽക്കുന്ന സാമൂഹിക ശ്രേണീഘടനയെ പുനരുല്പാദിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അനുരാഗ് മൈനസ് വർമ്മ ചൂണ്ടിക്കാട്ടുന്നു. രൂക്ഷമായ പ്രതികരണങ്ങളിലേക്കും ക്രോധത്തിന്റെ ആവിഷ്ക്കാരത്തിലേക്കും ചെറു വീഡിയോകളിലൂടെ പടരുന്ന വിവരങ്ങൾ കാരണമാകുന്നുവെന്നും അനുരാഗ് നീരിക്ഷിക്കുന്നു. മാധ്യമ ഉപഭോഗശീലങ്ങളിൽ വിമർശനാത്മകമായ പ്രതിഫലനം നഷ്ടമാകുന്നതോടെ നരവംശത്തിന്റെ 'സ്‌പീഷീസ്' (species) മികവായ പ്രതിഫലനാത്മകതയാണ് അടിയറവെയ്ക്കപ്പെടുന്നത്. നിർമിതബുദ്ധിയും അൽഗോരിതമിക് ഉള്ളടക്കവും നരവംശത്തിന്റെ ബുദ്ധിശേഷിയെ തന്നെയാണ് അതിക്രമിച്ചുകൊണ്ടിരിക്കുന്നത്.
(നാലാം ഭാഗം അടുത്ത പാക്കറ്റിൽ).
