കുടിയേറ്റ
തൊഴിലാളികളെ
ബംഗാൾ തിരിച്ചുവിളിക്കുന്നു;
മടങ്ങി​പ്പോകുമോ അവർ?

കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ പശ്ചിമബംഗാൾ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ, കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ബംഗാളി കുടിയേറ്റ തൊഴിലാളികളെ മടങ്ങിപ്പോകാൻ പ്രേരിപ്പിക്കുമോ? പ്രൊഫ. എ.എം.​ തോമസ്, നവാസ് എം. ഖാദർ എന്നിവർ നടത്തുന്ന അന്വേഷണം. സംസ്ഥാനങ്ങളിലെ തൊഴിൽ കുടിയേറ്റങ്ങളുടെ സമഗ്ര റിപ്പോർട്ട്: പരമ്പര തുടരുന്നു.

തൊഴിലിനായി
നാടു വിടേണ്ടിവരുന്ന
മനുഷ്യർ: ഭാഗം രണ്ട്
▮

പശ്ചിമ ബംഗാളിൽ ഗ്രാമീണ തൊഴിലവസരങ്ങൾ വിപുലീകരിക്കുന്നതിനും, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുമായി സർക്കാർ നിർണായകമായ പുതിയ നയപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ബംഗാളിലെ ഗ്രാമീണ മേഖലയെയും തൊഴിൽ ശക്തിയെയും ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ അവകാശവാദങ്ങൾ ഇവയാണ്:

  • തൊഴിൽ ദിനങ്ങളുടെ വിപുലീകരണം:

VB-G RAM G പദ്ധതിക്കുകീഴിൽ ഓരോ കുടുംബത്തിനും വർഷത്തിൽ നൽകുന്ന തൊഴിൽ ദിനങ്ങൾ 125 ദിവസമായി ഉയർത്തുക.

  • വേതന ഗ്യാരന്റി:

ഓരോ ജോബ് കാർഡുടമയ്ക്കും പ്രതിവർഷം 34,500 രൂപ വേതനം ഉറപ്പുനൽകുക.

  • വൻകിട ലക്ഷ്യങ്ങൾ:

സംസ്ഥാനത്തൊട്ടാകെ 22 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുക വഴി ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുക.

  • കുടിയേറ്റക്കാരുടെ പുനരധിവാസം:

ഉയർന്നുനിൽക്കുന്ന തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷിതത്വവും വാഗ്ദാനം ചെയ്ത്, മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം കുടുംബത്തോടൊപ്പം വന്ന് ജോലി ചെയ്യാൻ പ്രേരിപ്പിക്കുക.

സംസ്ഥാനങ്ങളിലെ തൊഴിൽ കുടിയേറ്റങ്ങളുടെ സമഗ്ര റിപ്പോർട്ട്: പരമ്പര ഭാഗം ഒന്ന് വായിക്കാം, കേൾക്കാം

പശ്ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ഈ പുതിയ പദ്ധതിയും സാമ്പത്തിക ആനുകൂല്യങ്ങളും കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ ലഭ്യതയെ നേരിട്ട് ബാധിക്കുമോ എന്ന കാര്യം വേതനത്തിലെ വ്യത്യാസങ്ങൾ, നൈപുണ്യ നിലവാരം, യുവതലമുറയുടെ തൊഴിൽ പ്രതീക്ഷകൾ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കാം.

പശ്ചിമ ബംഗാളിൽ തൊഴിലുറപ്പ് പദ്ധതി വിപുലീകരിച്ച് ഗ്രാമീണ തൊഴിലവസരം വർധിപ്പിക്കുമെന്നും, അതുവഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയ തൊഴിലാളികളെ തിരിച്ചെത്തിക്കുമെന്നുമുള്ള രാഷ്ട്രീയ പ്രഖ്യാപനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

മാസം 25 ദിവസം ജോലി ചെയ്യുന്ന ബംഗാളിൽനിന്നുള്ള തൊഴിലാളിക്ക് ദക്ഷിണേന്ത്യയിൽ നിന്ന് പ്രതിവർഷം 1.8 ലക്ഷം രൂപ മുതൽ 2.6 ലക്ഷം രൂപ വരെ മിനിമം ശമ്പളമായി ലഭിക്കുകയും ഒരു വർഷം കുറഞ്ഞത് 60,000 മുതൽ ഒന്നര ലക്ഷം രൂപ വരെ നാട്ടിലേക്ക് അയക്കാനും കഴിയുന്നുണ്ട്.

ഇതിനുമുൻപ് മുൻ മുഖ്യമന്ത്രി മമത ബാനർജി 2025 ജൂലൈ 27-ന്, മറ്റു സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 22 ലക്ഷം കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് നടപടി സ്വീകരിക്കാനും അവർ നിർദേശം നൽകി. തിരിച്ചെത്തുന്നവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കുന്നതിനും അവരുടെ തൊഴിൽനൈപുണ്യം പ്രയോജനപ്പെടുത്തുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു.

ഗ്രാമീണമേഖലയിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്ന പദ്ധതികളിലൂടെയും (VB-G RAM G), വാർഷിക വേതന ഗ്യാരന്റിയിലൂടെയും തൊഴിലാളികളെ ആകർഷിക്കാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് ഈ വാഗ്ദാനങ്ങൾ എത്രത്തോളം പ്രായോഗികമാണ്?

കേവലം രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കപ്പുറം, കുടിയേറ്റത്തിന്റെ സാമ്പത്തികശാസ്ത്രവും ജനസംഖ്യാപരമായ യാഥാർത്ഥ്യങ്ങളും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത് ഇത്തരം പ്രഖ്യാപനങ്ങൾ കുടിയേറ്റ തൊഴിലാളികളെ അവരുടെ തൊഴിൽ സ്ഥലങ്ങളിൽ നിന്ന് തിരിച്ചുപോകാൻ പ്രേരിപ്പിക്കുന്നില്ല എന്നതാണ്.

പശ്ചിമ ബംഗാളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് പരമാവധി ലഭിക്കാവുന്ന വാർഷിക വരുമാനം 34,500 രൂപയോളമാണ്.
പശ്ചിമ ബംഗാളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് പരമാവധി ലഭിക്കാവുന്ന വാർഷിക വരുമാനം 34,500 രൂപയോളമാണ്.

സാമ്പത്തിക യാഥാർത്ഥ്യവും
വേതനവിടവും

തൊഴിൽ കുടിയേറ്റത്തെ നിർണ്ണയിക്കുന്ന ഏറ്റവും പ്രധാന ഘടകം അതിർത്തികൾക്കപ്പുറമുള്ള വേതന വിടവാണ് (Wage Differential). പശ്ചിമ ബംഗാളിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു തൊഴിലാളിക്ക് പരമാവധി ലഭിക്കാവുന്ന വാർഷിക വരുമാനം 34,500 രൂപയോളമാണ് (ദിവസേന ശരാശരി 276 രൂപ കണക്കിൽ 125 ദിവസത്തേക്ക്).

എന്നാൽ കേരളത്തിലോ തമിഴ്‌നാട്ടിലോ എത്തുന്ന തൊഴിലാളിക്ക് അതിലും കൂടുതൽ ലഭിക്കും. നിർമ്മാണമേഖല, കൃഷി, ഫാക്ടറികൾ, ഹോട്ടൽ ശൃംഖലകൾ എന്നിവയിൽ ദിവസേന 550 മുതൽ 700 രൂപ വരെയും അതിൽ കൂടുതലും വേതനം ലഭിക്കുന്നുണ്ട് എന്ന് ഫീൽഡ് പഠനത്തിൽ വ്യക്തമായ വസ്തുതയാണ്.

മാസത്തിൽ 25 ദിവസം ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് ദക്ഷിണേന്ത്യയിൽ നിന്ന് പ്രതിവർഷം 1.8 ലക്ഷം രൂപ മുതൽ 2.6 ലക്ഷം രൂപ വരെ മിനിമം ശമ്പളമായി ലഭിക്കുകയും ഒരു വർഷം കുറഞ്ഞത് 60,000 മുതൽ ഒന്നര ലക്ഷം രൂപ വരെ നാട്ടിലേക്ക് അയക്കാനും കഴിയുന്നുണ്ട്. തൊഴിൽ മേഖലയനുസരിച്ചു ഇതിൽ ഏറ്റക്കുറച്ചിലുണ്ടാകാം. ഇതിനെ “റിവേഴ്‌സ് റെമിറ്റൻസ്” എന്നു വിളിച്ച് ഈ തൊഴിലാളികളെ അപമാനിക്കേണ്ടതില്ല. കാരണം കേരള സർക്കാരിന്റെ കയ്യിലുള്ള കുടിയേറ്റ തൊഴിലാളികളുടെ കണക്കുവെച്ച് പരിശോധിച്ചാൽ കുടിയേറ്റ തൊഴിലാളികൾ ഏറ്റവും കുറഞ്ഞത് ഒരു മാസം കേരളത്തിൽ ചെലവഴിക്കുന്നത് 25,81,60,000 രൂപയാണ്.

ബംഗാളിലെ പ്രാദേശിക തൊഴിൽ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് നേടാൻ കഴിയുന്ന തുക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് 40 മുതൽ 45 ദിവസത്തെ അധ്വാനം കൊണ്ട് സമ്പാദിക്കാൻ കഴിയും

കേരളത്തിലെ ഉയർന്ന വേതനം മാത്രമല്ല, കാലക്രമേണ കൂടുതൽ വരുമാനം നേടാനുള്ള സാധ്യതയും അന്തർസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമാണ്. നിലവിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ച്, ഇപ്പോൾ ലഭിക്കുന്ന വരുമാനം തന്റെ തൊഴിൽജീവിതത്തിലെ പരമാവധി വരുമാനമായി കണക്കാക്കാനാവില്ല. തൊഴിൽപരിചയം വർധിക്കുന്നതിലൂടെയും പുതിയ നൈപുണ്യങ്ങൾ സ്വായത്തമാക്കുന്നതിലൂടെയും അവിദഗ്ധ തൊഴിലുകളിൽനിന്ന് അർധവിദഗ്ധ, വിദഗ്ധ തൊഴിലുകളിലേക്ക് മാറുന്നതിലൂടെയും ഉയർന്ന വേതനം നേടാൻ കഴിയുമെന്ന പ്രതീക്ഷ ഇവർക്കുണ്ട്.

ഉദാഹരണത്തിന്, നിലവിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് കാലക്രമേണ ടൈലിങ്, പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികൾ, മെഷിനറി ഓപ്പറേഷൻ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നേടുന്നതിലൂടെ കൂടുതൽ വരുമാനമുള്ള തൊഴിലുകളിലേക്ക് മാറാൻ അവസരമുണ്ടാകാം. അതിനാൽ, കേരളത്തിലേക്കുള്ള തൊഴിൽ കുടിയേറ്റത്തെ നിലവിലെ വേതനവ്യത്യാസത്തിന്റെ മാത്രം അടിസ്ഥാനത്തിൽ വിലയിരുത്താനാവില്ല. മറിച്ച്, ഭാവിയിൽ മെച്ചപ്പെട്ട വരുമാനം നേടാനും സാമ്പത്തികമായും സാമൂഹികമായും ഉയർന്ന ജീവിതനിലവാരം കൈവരിക്കാനുമുള്ള തൊഴിലാളികളുടെ ദീർഘകാല അഭിലാഷങ്ങളുടെ ഭാഗമായി കൂടി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്.

അതായത്, ബംഗാളിലെ പ്രാദേശിക തൊഴിൽ പദ്ധതിയിലൂടെ ഒരു വർഷം കൊണ്ട് നേടാൻ കഴിയുന്ന തുക ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് 40 മുതൽ 45 ദിവസത്തെ അധ്വാനം കൊണ്ട് സമ്പാദിക്കാൻ കഴിയും! ഈ വലിയ സാമ്പത്തിക വ്യത്യാസം നിലനിൽക്കുമ്പോൾ, ഒരു തൊഴിലാളിയും തന്റെ കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉപേക്ഷിച്ച് നാട്ടിലെ നിശ്ചിതവും കുറഞ്ഞതുമായ വേതനത്തിലേക്ക് തിരിച്ചുമടങ്ങാൻ തയ്യാറാവില്ല.

മറ്റു സംസ്ഥാനങ്ങളിൽനിനന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരുന്ന യുവാക്കൾ നിർമ്മാണ സാങ്കേതികവിദ്യകൾ, ടൈലിങ്, പ്ലംബിങ്, വൈദഗ്ധ്യമുള്ള മരപ്പണികൾ, തുണിമില്ലുകളിലെ മെഷിനറി ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ വലിയ പരിചയസമ്പന്നത നേടുന്നവരാണ്.
മറ്റു സംസ്ഥാനങ്ങളിൽനിനന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരുന്ന യുവാക്കൾ നിർമ്മാണ സാങ്കേതികവിദ്യകൾ, ടൈലിങ്, പ്ലംബിങ്, വൈദഗ്ധ്യമുള്ള മരപ്പണികൾ, തുണിമില്ലുകളിലെ മെഷിനറി ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ വലിയ പരിചയസമ്പന്നത നേടുന്നവരാണ്.

നൈപുണ്യവും
തൊഴിൽമേഖലയിലെ
വ്യതിയാനങ്ങളും

നാട്ടിലെ തൊഴിലുറപ്പ് പദ്ധതികളും അന്തർസംസ്ഥാന കുടിയേറ്റവും തമ്മിൽ വൻ തോതിലുള്ള തൊഴിൽ-നൈപുണ്യ വൈരുധ്യമുണ്ട്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ പ്രധാനമായും മണ്ണുമാന്തൽ, കനാൽ ശുചീകരണം, മരം നടീൽ തുടങ്ങിയ ശാരീരിക അധ്വാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരു ഗ്രാമീണ കുടുംബത്തിന്റെ പട്ടിണി മാറ്റാനുള്ള 'സോഷ്യൽ സേഫ്റ്റി നെറ്റ്' ആയി മാത്രം പ്രവർത്തിക്കുന്നു.

എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വരുന്ന യുവാക്കൾ നിർമ്മാണ സാങ്കേതികവിദ്യകൾ, ടൈലിങ്, പ്ലംബിങ്, വൈദഗ്ധ്യമുള്ള മരപ്പണികൾ, തുണിമില്ലുകളിലെ മെഷിനറി ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിൽ വലിയ പരിചയസമ്പന്നത നേടുന്നവരാണ്. അതിനാൽ, സ്വന്തം തൊഴിൽശേഷിയും ജീവിതനിലവാരവും ഉയർത്തിയ ഒരു വിഭാഗം തൊഴിലാളികളെ വീണ്ടും ഗ്രാമങ്ങളിലെ അടിസ്ഥാന ശാരീരിക അധ്വാനത്തിലേക്ക് തളച്ചിടാൻ ഇത്തരം പദ്ധതികൾക്കാവില്ല.

ജനസംഖ്യാ കണക്കുകളും
യുവതലമുറയുടെ പ്രതീക്ഷകളും

2011-ലെ സെൻസസ് കണക്കുകളും പുതിയ ജനസംഖ്യാപ്രവചനങ്ങളും അനുസരിച്ച് പശ്ചിമ ബംഗാളിലെ ജനസംഖ്യ 10 കോടിയോളമാണ്. ഇതിൽ 18 നും 60 നും ഇടയിൽ പ്രായമുള്ള ഉൽപ്പാദനക്ഷമമായ തൊഴിൽശക്തി 5.8 കോടിയോളം വരും. സംസ്ഥാനത്തിന് പുറത്തേക്ക് തൊഴിൽ തേടിപ്പോയ അന്തർസംസ്ഥാന കുടിയേറ്റക്കാരുടെ എണ്ണം 22 ലക്ഷം മുതൽ 25 ലക്ഷം വരെയാണെന്ന് കണക്കാക്കപ്പെടുന്നു.

ഇതിൽ സിംഹഭാഗവും 18-നും 35-നും ഇടയിൽ പ്രായമുള്ള തൊഴിലാളികളാണ്. ഈ യുവതലമുറയെ സംബന്ധിച്ച് കുടിയേറ്റം കേവലം വിശപ്പടക്കാനുള്ള മാർഗ്ഗമല്ല; മറിച്ച് സാമ്പത്തിക അഭിവൃദ്ധി നേടാനും, സ്വന്തമായി വീടുവെക്കാനും, സഹോദരിമാരുടെ വിവാഹം നടത്താനും, കുടുംബത്തിന്റെ കടങ്ങൾ വീട്ടാനുമുള്ള 'ആശയാഭിലാഷ കുടിയേറ്റം' (Aspirational Migration) ആണ്. ഇതിനുപുറമേ, ദക്ഷിണേന്ത്യയിലെ തൊഴിൽ പരിചയം ഗൾഫ് രാജ്യങ്ങളിലേക്ക് (GCC) കുടിയേറാനുള്ള ചവിട്ടുപടിയായും ഇവർ കാണുന്നു. വാർഷിക വരുമാനത്തിന് പരിധിയുള്ള ഗ്രാമീണ പദ്ധതികൾക്ക് യുവാക്കളുടെ ഈ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താനാവില്ല.

പശ്ചിമ ബംഗാൾ സർക്കാർ നടപ്പിലാക്കുന്ന 125 ദിവസത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ ദക്ഷിണേന്ത്യൻ തൊഴിൽ വിപണിയുമായി മത്സരിക്കാൻ പ്രാപ്തമല്ല.

തെരഞ്ഞെടുപ്പുകളും
താത്കാലിക തൊഴിൽ ക്ഷാമവും

പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് കാലങ്ങളിൽ കേരളത്തിലും കർണാടകയിലുമൊക്കെ കുടിയേറ്റ തൊഴിലാളികളുടെ വലിയ തോതിലുള്ള ക്ഷാമം അനുഭവപ്പെടാറുണ്ട് എന്നത് വസ്തുതയാണ്. റിയൽ എസ്റ്റേറ്റ് മേഖലയെയും നിർമ്മാണ പ്രവർത്തനങ്ങളെയും ഇത് താത്കാലികമായി ബാധിക്കാറുമുണ്ട്. എന്നാൽ ഇത് പ്രാദേശിക തൊഴിൽ പദ്ധതികളുടെ ആകർഷണം കൊണ്ട സംഭവിക്കുന്ന ഒന്നല്ല.  

വോട്ട് രേഖപ്പെടുത്തുക, പ്രാദേശിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, റേഷൻ കാർഡ്, ആധാർ സീഡിങ്, വോട്ടർ പട്ടിക പുതുക്കൽ തുടങ്ങിയ ക്ഷേമപദ്ധതി രേഖകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കുക എന്നീ ഭരണപരമായ ആവശ്യങ്ങൾക്കാണ് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ (30-60 ദിവസങ്ങൾക്കുള്ളിൽ) ഇവർ വീണ്ടും ദക്ഷിണേന്ത്യയിലെ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തുന്നു.

തൊഴിൽ ആവശ്യങ്ങൾക്കായി ദീർഘകാലം സ്വന്തം സംസ്ഥാനത്തിന് പുറത്തു താമസിക്കുന്നതിനാൽ വോട്ടർപട്ടിക പരിശോധനയുമായി ബന്ധപ്പെട്ട നടപടികളിൽ നേരിട്ട് പങ്കെടുക്കുന്നതിനും ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനും ഇവർക്ക് പ്രായോഗിക ബുദ്ധിമുട്ടുണ്ടാകാം. പ്രത്യേകിച്ച്, ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) ഗൃഹപരിശോധനാസമയത്ത് സ്വന്തം നാട്ടിലുണ്ടാകാൻ കഴിയാത്തത്, ആവശ്യമായ രേഖകൾ ലഭ്യമാക്കുന്നതിലെ പരിമിതികൾ, ഔദ്യോഗിക അറിയിപ്പുകളെക്കുറിച്ചുള്ള അറിവില്ലായ്മ, നിശ്ചിത സമയപരിധിക്കുള്ളിൽ പരിശോധനാനടപടികൾ പൂർത്തിയാക്കുന്നതിലെ ബുദ്ധിമുട്ടുകൾ എന്നിവ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയ്ക്ക് കാരണമാകാം. സീസണൽ, താൽക്കാലിക, ചാക്രിക കുടിയേറ്റങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഇത്തരം പ്രതിസന്ധികൾ കൂടുതൽ സങ്കീർണമായേക്കാം.

പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളെ സംബന്ധിച്ച്, ഭാഷാപരമായ സ്വത്വം, താമസസ്ഥലത്തെ അനിശ്ചിതത്വം, രേഖകളുടെ ലഭ്യത, വോട്ടർപട്ടികയിലെ പേരിന്റെ തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അതിനാൽ, SIR നടപടികൾ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ വോട്ടവകാശവിനിയോഗത്തെയും ജനാധിപത്യപരമായ പങ്കാളിത്തത്തെയും എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ഗൗരവമായ ഗവേഷണവും നയപരമായ ഇടപെടലും ആവശ്യപ്പെടുന്ന വിഷയമാണ്. അതേസമയം, മറ്റൊരു സംസ്ഥാനത്ത് തൊഴിൽ ചെയ്യുന്നതുകൊണ്ടുമാത്രം ഒരാൾക്ക് വോട്ടവകാശം നഷ്ടപ്പെടുന്നില്ലെന്നും SIR നടപടികൾ സ്വതവേ പൗരത്വം നിർണയിക്കുന്ന പ്രക്രിയയല്ലെന്നും പ്രത്യേകം വ്യക്തമാക്കേണ്ടതുണ്ട്. അതിനാൽ, തെരഞ്ഞെടുപ്പ് കാലത്തെ തൊഴിൽക്ഷാമത്തെ ഒരു ഘടനാപരമായ മാറ്റമായി കാണുന്നത് തെറ്റായ വിലയിരുത്തലായിരിക്കും.

ബംഗാളിലെ തൊഴിൽ പദ്ധതികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കില്ലെങ്കിലും, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ അല്ലെങ്കിൽ ദൽഹി പോലുള്ള സമീപ പ്രദേശങ്ങളിലേക്ക് പോകുന്നവരെ ഭാഗികമായി സ്വാധീനിച്ചേക്കാം.
ബംഗാളിലെ തൊഴിൽ പദ്ധതികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കില്ലെങ്കിലും, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ അല്ലെങ്കിൽ ദൽഹി പോലുള്ള സമീപ പ്രദേശങ്ങളിലേക്ക് പോകുന്നവരെ ഭാഗികമായി സ്വാധീനിച്ചേക്കാം.

ഉത്തരേന്ത്യൻ യാഥാർത്ഥ്യം

ബംഗാളിലെ തൊഴിൽ പദ്ധതികൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള കുടിയേറ്റത്തെ ബാധിക്കില്ലെങ്കിലും, ഉത്തർപ്രദേശ്, ബിഹാർ, ഒഡീഷ അല്ലെങ്കിൽ ദൽഹി പോലുള്ള സമീപ പ്രദേശങ്ങളിലേക്ക് പോകുന്നവരെ ഭാഗികമായി സ്വാധീനിച്ചേക്കാം. കാരണം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ദിവസവേതനം ബംഗാളിലെ പദ്ധതി വേതനത്തിന് തൊട്ടടുത്താണ് (300 - 450 രൂപ). യാത്രാചെലവും ജീവിതച്ചെലവും കഴിച്ച് അവിടെ ലഭിക്കുന്ന തുച്ഛമായ ലാഭത്തേക്കാൾ നാട്ടിൽ തന്നെ നിൽക്കുന്നത് ലാഭകരമാണെന്ന് ഇത്തരക്കാർ ചിന്തിച്ചേക്കാം. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഉയർന്ന വേതനം ഈ സമവാക്യത്തിന് പുറത്താണ്.

തുടരും, ബംഗാൾ തൊഴിലാളി കുടിയേറ്റം

ചുരുക്കത്തിൽ, പശ്ചിമ ബംഗാൾ സർക്കാർ നടപ്പിലാക്കുന്ന 125 ദിവസത്തെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ ദക്ഷിണേന്ത്യൻ തൊഴിൽ വിപണിയുമായി മത്സരിക്കാൻ പ്രാപ്തമല്ല. വേതനത്തിലെ വലിയ അന്തരവും, നൈപുണ്യ വികസനവും, യുവാക്കളുടെ സാമ്പത്തിക പ്രതീക്ഷകളും നിലനിൽക്കുന്നിടത്തോളം കാലം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള ബംഗാളി തൊഴിലാളികളുടെ ഒഴുക്ക് മാറ്റമില്ലാതെ തുടരുക തന്നെ ചെയ്യും.


Summary: West Bengal government to bring back migrant workers from Kerala and other South Indian states, Navas M Khadar and A.M. Thomas writes.


പ്രൊഫ. എ.എം.​ തോമസ്

കോട്ടയം എം.ജി. സർവകലാശാല സ്കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ പ്രൊഫസറായും ഡയറക്ടറായും സാമൂഹികശാസ്ത്ര വിഭാഗം ഡീനായും ഗവേഷണ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കൻ പഠനങ്ങൾ (American Studies), പ്രവാസി പഠനങ്ങൾ (Diaspora Studies), ആഫ്രിക്കൻ പഠനങ്ങൾ (African Studies), സാമൂഹിക ഭാഷാശാസ്ത്രം (Sociolinguistics) എന്നിവയാണ് പ്രധാന ഗവേഷണ മേഖലകൾ. The American Predicament: Apartheid and United States Foreign Policy എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. Gendered, Climatic, and Cultural Pathways of Migration: A Global Perspective എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്.

നവാസ് എം. ഖാദര്‍

ഗവേഷകൻ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി. 10 വർഷമായി അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ മനുഷ്യാവകാശം, തൊഴിലവകാശങ്ങൾ, നയരൂപീകരണം, സാമൂഹിക സംരക്ഷണം എന്നീ വിഷയങ്ങളിൽ ഗവേഷണവും ഇടപെടലുകളും  നടത്തിവരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ICSSR), അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (ANRF), യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) എന്നിവയുടെ ഗവേഷണ പദ്ധതികളിൽ പ്രോജക്ട് അസോസിയേറ്റായി പ്രവർത്തിച്ചു.

Comments