സംസ്കൃത സർവകലാശാല സമരം: ‘മാപ്പ് പരിഹാരം’ നിരസിച്ച് വിദ്യാർത്ഥികൾ,
ഡിവിഷൻ ബെഞ്ച് വിധി ഇന്ന്

കാലടി സംസ്കൃത വാഴ്സിറ്റി കാമ്പസിലെ അടിസ്ഥാന ഭൗതിക സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർത്ഥികളെയാണ് താൽക്കാലിക വി.സി ശത്രുപക്ഷത്ത് നിർത്തി പ്രതികാരനടപടി സ്വീകരിക്കുന്നത്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ സസ്​പെന്റ് ചെയ്യുക മാത്രമല്ല, അവരെ പരീക്ഷ എഴുതിക്കില്ല എന്ന, വിദ്യാഭ്യാസഅവകാശം നിഷേധിക്കുന്ന തരത്തിലുള്ള വി.സിയുടെ നിലപാടിന്റെ സാഹചര്യത്തിൽ, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പുറപ്പെടുവിക്കുന്ന വിധി നിർണായകമാണ്.

News Desk

കാലടി സംസ്കൃത സർവകലാശാലയിൽ സമരം ചെയ്തതിന് സസ്​പെൻഷനിലായ വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിച്ച ഹൈ​ക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. താൽക്കാലിക വി.സി സിസ തോമസ് അടക്കമുള്ളവരാണ് സിംഗിൾ ​ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകിയത്.

നവംബർ നാലിനാണ് പരീക്ഷ തുടങ്ങുന്നത്. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും പരീക്ഷാഫീസ് ഓൺലൈനായി അടക്കാനുള്ള വെബ്സൈറ്റ് പോർട്ടൽ തുറന്നുനൽകാതെ സർവകലാശാല പ്രതികാരനടപടി തുടർന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ഡിവിഷൻ ബെഞ്ച് ഉത്തരവ്, വിദ്യാർത്ഥിസമരത്തെ സംബന്ധിച്ച് നിർണായകമാണ്. മാത്രമല്ല, സമരത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ശത്രുപക്ഷത്തുനിർത്തി വി.സി സ്വീകരിക്കുന്ന പ്രതികാരനടപടികളുടെ പാശ്ചാത്തലത്തിലും ഇന്നത്തെ ഡിവിഷൻബെഞ്ച് വിധി സുപ്രധാനമാണ്.

READ: ‘ലൈറ്റ് ചത്തെ’
നാടകം തീർന്നു,
കാലടി യൂണിവേഴ്സിറ്റിയിൽ
തുടരുന്നു, വിദ്യാർത്ഥിദ്രോഹം

കാലടി സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് SFI-യുടെ നേതൃത്വത്തിൽ സമരം നടത്തിയത്. 16 വിദ്യാർത്ഥികൾ 64 ദിവസമായി സസ്​പെഷനിലാണ്. കഴിഞ്ഞദിവസം യോഗം ചേർന്ന സിൻഡിക്കേറ്റ്, നാല് വിദ്യാർത്ഥികളുടെ സസ്​പെൻഷൻ രണ്ടു മാസം കൂടി നീട്ടി. ബാക്കിയുള്ള 12 പേർ മാപ്പ് എഴുതിനൽകിയാൽ തിരിച്ചെടുക്കാമെന്ന വിചിത്രപരിഹാരവും മുന്നോട്ടുവെച്ചു. ഇത് എസ്.എഫ്.ഐയും സസ്​പെൻഷനിലായ വിദ്യാർത്ഥികളും നിരസിക്കുകയും ചെയ്തു. സസ്​പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അനിശ്ചിതകാല നിരാഹാരത്തിലാണിപ്പോൾ.

കാമ്പസിലെ അടിസ്ഥാന സൗകര്യവികസനം അടക്കമുള്ള വിഷയങ്ങൾ മുൻനിർത്തിയാണ് സമരം. പ്രധാന കാമ്പസിലും ഉപകേന്ദ്രങ്ങളിലും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുക, പഠനത്തിനുള്ള ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് കൃത്യമായി വിതരണം ചെയ്യുക, സർട്ടിഫിക്കറ്റുകളുടെ വിതരണം സമയബന്ധിതമാക്കുക, ​ഫൈനാർട്സ്- തിയേറ്റർ- മ്യൂസിക്- നൃത്ത വിഭാഗങ്ങളിലെ അക്കാദമിക അന്തരീക്ഷവും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ജൂലൈ 21ന് സമരം തുടങ്ങിയത്.

യൂണിവേഴ്സിറ്റിയിലെ തിയേറ്റർ (നാടക വിഭാഗം) വിദ്യാർത്ഥികൾ, റിഹേഴ്സൽ സമയത്ത് കുടിവെള്ളത്തിന് കൊതുക് കൂത്താടികൾ നിറഞ്ഞ കൂളർ വൃത്തിയാക്കണമെന്നും തങ്ങളുടെ നാടകം കളിക്കാൻ ആവശ്യമായ ലൈറ്റുകൾ വേണം എന്നും മറ്റുമുള്ള അടിസ്ഥാന ആവശ്യങ്ങളാണുയർത്തിയത്. സമരത്തിന്റെ ഭാഗമായി സിൻഡിക്കേറ്റ് യോഗം നടന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായി വിദ്യാർത്ഥികൾ, പ്രവർത്തിക്കാത്ത ലൈറ്റുകളുടെ അവസ്ഥ സൂചിപ്പിച്ച് ‘ലൈറ്റ് ചത്തെ’ എന്ന നാടകം അവതരിപ്പിച്ചു. പ്രവർത്തനരഹിതമായ ലൈറ്റിന്റെ ശവസംസ്കാരമായിരുന്നു ഈ പ്രതിഷേധനാടകത്തിന്റെ ഇതിവൃത്തം. എന്നാൽ, ഇതിനെ, വിദ്യാർത്ഥികൾ പ്രതീകാത്മകമായി ‘വി.സിയുടെ ശവസംസ്കാര ചടങ്ങ്’ നടത്തി എന്നും വി.സിയെ ശാരീരികമായി ആക്രമിച്ചു എന്നുമുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ച് കേസെടുക്കുകയാണ് അധികൃതർ ചെയ്തത്.

യൂണിവേഴ്സിറ്റിയിലെ തിയേറ്റർ വിദ്യാർത്ഥികൾ, റിഹേഴ്സൽ സമയത്ത് കുടിവെള്ളത്തിന് കൊതുക് കൂത്താടികൾ നിറഞ്ഞ കൂളർ വൃത്തിയാക്കണമെന്നും തങ്ങളുടെ നാടകം കളിക്കാൻ ആവശ്യമായ ലൈറ്റുകൾ വേണം എന്നും മറ്റുമുള്ള അടിസ്ഥാന ആവശ്യങ്ങളാണുയർത്തിയത്.
യൂണിവേഴ്സിറ്റിയിലെ തിയേറ്റർ വിദ്യാർത്ഥികൾ, റിഹേഴ്സൽ സമയത്ത് കുടിവെള്ളത്തിന് കൊതുക് കൂത്താടികൾ നിറഞ്ഞ കൂളർ വൃത്തിയാക്കണമെന്നും തങ്ങളുടെ നാടകം കളിക്കാൻ ആവശ്യമായ ലൈറ്റുകൾ വേണം എന്നും മറ്റുമുള്ള അടിസ്ഥാന ആവശ്യങ്ങളാണുയർത്തിയത്.

എന്നാൽ, വി.സിയുടെയും സർവകലാശാലാ അധികൃതരുടെയും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്, ​ഇതുസംബന്ധിച്ച് അന്വേഷണ കമീഷൻ തന്നെ കണ്ടെത്തിയതോടെ, വിദ്യാർത്ഥികൾക്കെതിരായുള്ളത് വി.സിയുടെ പ്രതികാരനടപടിയാണെന്ന് തെളിഞ്ഞു.

READ: സമരം ചെയ്യുന്ന
വിദ്യാർത്ഥികളുടെ
ഭാവി പന്താടുന്ന
സംസ്കൃത സർവകലാശാല

ഡോ. സിസ തോമസിന്റെ ആരോപണങ്ങൾ നിഷേധിക്കുക മാത്രമല്ല, വി.സി എന്ന നിലയിൽ വിദ്യാർത്ഥികളുടെ പഠനാവകാശം തന്നെ ഇല്ലാതാക്കുകയാണ്, അവർക്കെതിരായ നടപടികളിലൂടെ ചെയ്തത് എന്ന ഗുരുതര സ്വഭാവമുള്ള സൂചനയും കമീഷൻ റിപ്പോർട്ടിലുണ്ട്. പരാതിക്കാരിയായ വി.സി അന്വേഷണ കമീഷന്റെ അധികാരപരിധിയിൽ കടന്നുകയറിയെന്നും മതിയായ തെളിവുകളില്ലാതെയാണ് വിദ്യാർത്ഥികളെ രണ്ടുമാസത്തിലേറെയായി സസ്പെൻഷനിൽ നിർത്തിയിരിക്കുന്നതെന്നും സിൻഡിക്കേറ്റ് അംഗം ഡോ. ജനിത കെ. എസ്. സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. വി.സിയെ വിദ്യാർത്ഥികൾ ആക്രമിച്ചു എന്നതിന് സിസിടിവി ദൃശ്യങ്ങളിൽ തെളിവില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിയേറ്റർ വിദ്യാർത്ഥികളുടെ സ്പോട്ട് ലൈറ്റ് പ്രവർത്തനരഹിതമായതിനെ തുടർന്ന് നടത്തിയ നാടകം പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നുവെന്നും അത് വി.സിയുടെ പ്രതീകാത്മക ശവസംസ്കാര ചടങ്ങായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം റദ്ദാക്കാൻ ഒരു വൈസ് ചാൻസലർ തന്നെ മുന്നിട്ടിറങ്ങുന്നതും കോടതിയിലേക്കുപോകുന്നതുമായ, തീർത്തും ഗുരുതരമായ അക്കാദമിക സാഹചര്യമാണ്, ഈ സമരത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
പുറത്താക്കപ്പെട്ട വിദ്യാർത്ഥിയും കേരളത്തിൽ പി.എച്ച്.ഡി. പ്രവേശനം നേടിയ ആദ്യ ട്രാൻസ്‌ജെൻഡർ ഗവേഷകയും എസ്.എഫ്.ഐ. നേതാവുമായ ഋതിഷ ഋതുവിന്റെ വെളിപ്പെടുത്തൽ, വി.സിയുടെയും സർവകലാശാലയുടെയും വിദ്യാർത്ഥിവിരുദ്ധ സമീപനം വെളിപ്പെടുത്തുന്നു: ‘‘രണ്ടു മാസം മുമ്പാണ് ഞാനടക്കം 16 വിദ്യാർത്ഥികൾ കാലടി സംസ്കൃത സർവകലാശാലയിൽ സമരം ചെയ്തു എന്നതിന്റെ പേരിലും നാടകം കളിച്ചു എന്നതിന്റെ പേരിലും സസ്‌പെൻഡ് ചെയ്യപ്പെട്ടത്. ഞാനടക്കം ആറ് ഗവേഷകരും 10 ഡിഗ്രി- പിജി വിദ്യാർത്ഥികളുമാണ് അതിലുള്ളത്. ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് അവരുടെ വിദ്യാഭ്യാസം എന്നത്, ഒരു അവകാശം തന്നെയാണ്. അത്തരത്തിലുള്ള അവകാശത്തെയാണ് കഴിഞ്ഞ 62 ദിവസമായി ഒരു സംഘപരിവാറുകാരി ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഗവേഷണം ചെയ്യാൻ സാധിക്കുന്നില്ല, പ്രാക്റ്റിക്കൽ പരീക്ഷ ഉള്ളവർക്ക് അത് ചെയ്യാൻ സാധിക്കുന്നില്ല, ഇന്റേണൽ എക്സാം എഴുതാൻ അനുവദിക്കില്ല എന്നിങ്ങനെ കടുത്ത വിദ്യാഭ്യാസ അവകാശ ലംഘനമാണ് കാലടിയിൽ നടക്കുന്നത്. കടുത്ത രാഷ്ട്രീയ തിമിരം ബാധിച്ച വൈസ് ചാൻസലറാണ് കാലടിയിലുള്ളത്. അടിസ്ഥാനപരമായ ആവശ്യങ്ങൾ ഉന്നയിച്ച് എസ് എഫ് ഐ സമരം ചെയ്യാൻ തുടങ്ങിയിട്ട് 90 ദിവസത്തോളമായി. ഇന്ന് വരെ ആ വിദ്യാർത്ഥികളെ കേൾക്കാനോ ചർച്ച ചെയ്യാനോ തയ്യാറാവാത്ത ഒരു ഭരണകൂടമാണ് ഇന്ന് സർവകലാശാല ഭരിച്ചുകൊണ്ടിരിക്കുന്നത്. പഠിക്കാനുള്ള അവകാശം ലംഘിക്കപ്പെടരുത് എന്ന് കരുതി കോടതിയെ സമീപിച്ചു, കോടതിയിൽ നിന്ന് പരീക്ഷ എഴുതാനുള്ള വിധി വന്നു, സന്തോഷം. എന്നാൽ ആ കോടതി വിധിക്ക് പോലും പുല്ല് വില കൊടുത്തുകൊണ്ട് ആണ് സർവകലാശാല അധികാരികൾ പ്രവർത്തിക്കുന്നത്. എക്സാം രജിസ്റ്റർ ചെയ്യാനുള്ള പോർട്ടൽ തുറന്നു നൽകുകയോ ഫീസ് അടക്കാനുള്ള സംവിധാനം ചെയ്തു തരുകയോ ചെയ്യാതെ വീണ്ടും വീണ്ടും വിദ്യാർത്ഥികളെ വേട്ടയാടുകയാണ് സിസ്സ തോമസ് ചെയുന്നത്. പരീക്ഷ എഴുതാനുള്ള കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സർവകലാശാല തീരുമാനിക്കുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ ഇല്ലായ്മ ചെയ്യുകയല്ലേ ഇപ്പോൾ അവർ ചെയ്യുന്നത്.... പഠിക്കാൻ സമരം ചെയ്ത് പാടത്തു മുട്ടിപ്പുല്ല് കിളിപ്പിച്ച ആളുകളുടെ പിന്മുറക്കാരാണ് ഞങ്ങൾ, ഒരിക്കലും ഈ സംഘപരിവാർ അടിമകളുടെ മുന്നിൽ മുട്ടുമടക്കില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിൽ നടക്കുന്ന ഒരു വിദ്യാർത്ഥി വേട്ടയ്ക്ക് കുട പിടിക്കുകയാണ് മന്ത്രി റോജി എം ജോണും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്’’- ഋതിഷ ഋതു ഫേസ്ബുക്കിൽ കുറിച്ചു.

സമരം ചെയ്തതിന് ഋതിഷ ഋതുവിന്റെ ഗവേഷണവും തടസപ്പെട്ടിരിക്കുകയാണ്. സസ്പെൻഷനിലായതോടെ, JRF നേടി ഗവേഷണം നടത്തുന്ന ഋതിഷയ്ക്ക് കഴിഞ്ഞ രണ്ട് മാസമായി സർവകലാശാലയിൽ പ്രവേശിക്കാനായിട്ടില്ല. ഹാജർ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ഫെലോഷിപ്പ് തുക ക്ലെയിം ചെയ്യാനും സാധിക്കുന്നില്ല. അത്യന്തം പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ട് ഉന്നതവിദ്യാഭ്യാസരംഗത്തെത്തിയവരാണ്, സസ്​പെൻഷനിലായി, പഠനം നിഷേധിക്കപ്പെട്ട പല വിദ്യാർത്ഥികളും.

വിഷയത്തിൽ സംസ്ഥാന സർക്കാർ, സമരവും സസ്​പെൻഷനും കേസുമെല്ലാം സർവകലാശാലായുടെ അധികാരപരിധിയിലാണ് എന്ന ന്യായവുമായി മുഖംതിരിഞ്ഞുനിൽക്കുകയാണ്. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സർവകലാശാലയാണെന്നും സർക്കാർ ഇടപെടേണ്ട സാഹചര്യമില്ലെന്നുമാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെയും സർക്കാറിന്റെയും നിലപാട്.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇന്ത്യയിലും, ആഗോളതലത്തിലും രാഷ്ട്രീയ സമരങ്ങൾ അതിശക്തമായി പടർന്നുകൊണ്ടിരിക്കുന്ന സമയത്തുതന്നെയാണ്, വിദ്യാർത്ഥികളുടെ രാഷ്ട്രീയസമരത്തെ നിയമനടപടികളിലൂടെയും അച്ചടക്കനടപടികളിലൂടെയും സർവകലാശാലാ വി.സിയും സർവകലാശാലാ സംവിധാനങ്ങളും നേരിടുന്നത് എന്നത്, കേരളത്തിലെ വിദ്യാർത്ഥിസംഘടനാപ്രവർത്തനങ്ങൾക്കുമാത്രമല്ല, വിദ്യാർത്ഥിസമൂഹത്തിനുതന്നെ നിശ്ശബ്ദമായി നോക്കിയിരിക്കാനാകില്ല എന്നത് നിസ്തർക്കമാണ്.

Comments