ഉഷ്ണതരംഗത്തിലേക്ക് കേരളവും

ശനിയാഴ്ച പാലക്കാട്ട് 41.8 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലുമൊരു പ്രദേശത്ത് ഉഷ്ണതരംഗ സ്ഥീരികരണമുണ്ടാകുന്നത്. ഇന്ന് പാലക്കാട്ട് 41 ഡിഗ്രി വരെയും കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 40 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത.

Think

പാലക്കാട്, തൃശ്ശൂർ, കൊല്ലം എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രഖ്യാപനം. കഴിഞ്ഞദിവസം പാലക്കാട് ജില്ലയിൽ ചൂട് കൂടിയതോടെ കേന്ദ്രകാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗം സ്ഥീരികരിച്ചിരുന്നു.

ശനിയാഴ്ച പാലക്കാട്ട് 41.8 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഏതെങ്കിലുമൊരു പ്രദേശത്ത് ഉഷ്ണതരംഗ സ്ഥീരികരണമുണ്ടാകുന്നത്. ഇന്ന് പാലക്കാട്ട് 41 ഡിഗ്രി വരെയും കൊല്ലം, തൃശ്ശൂർ ജില്ലകളിൽ 40 ഡിഗ്രി വരെയും താപനില ഉയരാനാണ് സാധ്യത. കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട്, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും താപനില ഉയരാനാണ് സാധ്യത.

അന്തരീക്ഷ താപനില തുടർച്ചയായി സാധാരണ താപനിലയിൽ കൂടുതൽ ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. താപനിലയിലുണ്ടാകുന്ന വർദ്ധനവ് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉഷ്ണതരംഗം അഥലാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറയുന്നു. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിക്കാവുന്ന ഗുരുതര പ്രശ്‌നമാണ്.

ആഗോളതാപനവും വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും ഉഷ്ണതരംഗങ്ങളിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. ഗ്രാമീണ മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോൾ ജനസാന്ദ്രതയേറിയതും വികസിതവുമായ നഗരപ്രദേശങ്ങളിൽ പ്രകടമാകുന്ന ഉയർന്ന താപനിലയെ താപത്തുരുത്ത് (urban heat island) എന്നാണ് വിശേഷിപ്പിക്കുന്നത്.

ചൂടിന്റെ തീവ്രത കൂടുന്നത് മൂന്ന് തരത്തിലാണ് മനുഷ്യശരീരത്തിൽ ബാധിക്കുന്നത്.

1) heat exhaustion.
2) heat stroke.
3) sunburn.

രാവിലെ പതിനൊന്നര തൊട്ടാണ് അന്തരീക്ഷത്തിലെ താപനില കൂടി വരുന്നത്. രണ്ട് മണിമുതൽ രണ്ടര വരെയുള്ള സമയത്താണ് ഒരു ദിവസം ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത്. രണ്ടരക്കുശേഷം ചൂടിന്റെ തീവ്രത കുറഞ്ഞുവരുമെന്നാണ് കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ.എസ്. അഭിലാഷ് പറയുന്നത്: “ചൂടു കൂടിയ മാസങ്ങളിൽ പതിനൊന്നര തൊട്ട് രണ്ടര വരെ പുറത്തിറങ്ങുമ്പോഴാണ് sun burn ഉണ്ടാവുന്നത്. കാരണം, അൾട്രാവയലറ്റ് ഇൻഡക്‌സുകൾ കൂടി നിൽക്കുന്ന, സൂര്യരശ്മികൾ നേരിട്ട് പതിക്കുന്ന അവസ്ഥയാണിത്. Heat exhaustion എന്ന് പറയുന്നത് നമ്മുടെ ശരീരതാപനില നിയന്ത്രിക്കുന്ന ചെയ്യുന്ന മെക്കാനിസത്തിലുണ്ടാകുന്ന വ്യതിയാനമാണ്. ambient temperature നാൽപത് ഡിഗ്രി ആയി കഴിഞ്ഞാലും, 37 ഡിഗ്രിയിൽ തന്നെ ശരീരതാപം ക്രമീകരിക്കുന്ന ഒരു സംവിധാനം ശരീരത്തിനുണ്ടല്ലോ. താപനില കൂടി വരുമ്പോൾ ഈ സംവിധാനത്തിൽ പ്രശ്‌നങ്ങളുണ്ടാകും. ഇത് ഓരോ വ്യക്തികളിലും വ്യത്യസ്ത രീതിയിലാണ് ബാധിക്കുന്നത്. വ്യക്തികളുടെ പ്രായം, ലിംഗം, തുടങ്ങിയവയെല്ലാം ഇതിനെ ബാധിക്കുന്ന ഘടകങ്ങളാണ്. കൊച്ചുകുട്ടികളെക്കാൾ മുതിർന്ന ആളുകളെയാണ് heat exhaustion ശരാശരിയെക്കാളും കൂടുതൽ ബാധിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുള്ളവരെയും ഇത് ബാധിക്കുന്നുണ്ട്. അന്തരീക്ഷത്തിൽ താപനില നീണ്ടുനിൽക്കുന്ന സമയങ്ങളിൽ ശരീരത്തിൽ താപനില ക്രമീകരിക്കുന്ന സംവിധാനത്തിൽ വ്യതിയാനങ്ങളുണ്ടാകുകയും ഹാർട്ട് അറ്റാക്ക് പോലെയോ മറ്റോ ശരീരസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കൂടി വരും. നേരിട്ട് വെയിൽ കൊള്ളുമ്പോൾ മാത്രമല്ല, വീടിനകത്തിരുന്നാലും Heat exhaustion ഏൽക്കാൻ സാധ്യതകളുണ്ട്''

Heat stroke എന്നത് താപനിലയിലുണ്ടാകുന്ന വർധനവിലൂടെ നമ്മുടെ ഹൃദയത്തെയും മറ്റ് ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്ന രീതിയിലുള്ള പ്രതികൂല മാറ്റങ്ങളാണ്. ഇതിനെയെല്ലാം കൂടി സൂര്യാഘാതം, സൂര്യാതപം എന്നൊക്കെയാണ് പറയുന്നത്.

താപനില വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകളുണ്ടായാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കണം. നിരന്തരമായി ശരീര താപനില ക്രമീകരിക്കാൻ പറ്റുന്നില്ലെങ്കിലും നമ്മുടെ ശരീരത്തിൽനിന്ന് ബാഷ്പീകരണത്തിലൂടെ വെള്ളം പുറത്തേക്ക് വിടുമ്പോഴാണ് ഈ റെഗുലേഷൻ നടക്കുന്നത്. ശരീരത്തിൽനിന്ന് വെള്ളം ബാഷ്പീകരിച്ച് പോവുമ്പോൾ ശരീരം അതിനുള്ള എനർജിയെടുക്കും, അപ്പോൾ നമ്മുടെ ശരീരം തണുക്കും. ഈ ഒരു സംവിധാനത്തിലാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. കൂടുതൽ അത് സംഭവിക്കുന്നത് അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനൊപ്പം ഹ്യുമിഡിറ്റ് കൂടി ഉയർന്നു നിൽക്കുമ്പോഴാണ്. അപ്പോൾ ശരീരത്തിൽ നിന്ന് ബാഷ്പീകരണം നടക്കില്ല. ഈ ഹ്യുമിഡിറ്റി ത്വക്ക് രോഗങ്ങൾക്കൊക്കെ കാരണങ്ങളുണ്ടാകുന്നുണ്ട്. ഇതെല്ലാം പരസ്പര ബന്ധിതമാണ്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നതിലൂടെ ഇത് ഒരു പരിധി വരെ കുറക്കാം. പരീക്ഷാക്കാലമായതിനാൽ, പ്രത്യേകിച്ച്, കുട്ടികൾ കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.”

നാലുവയസ്സിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള മുതിർന്നവരിലും താപനില വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണ്. ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവിനെ ആശ്രയിച്ചാണ് ചൂടിനെ പ്രതിരോധിക്കാൻ സാധിക്കുന്നത്. രോഗികളും മരുന്ന് കഴിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിർമ്മാണ തൊഴിലാളികൾ, കായികതാരങ്ങൾ, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നവർ തുടങ്ങിയ ഔട്ട്‌ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് ഉയർന്ന അപകടസാധ്യതയുണ്ട്. കടുത്ത ചൂടിൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ നിർജ്ജലീകരണം, ചൂടുമായി ബന്ധപ്പെട്ട രോഗങ്ങൾഎന്നിവയ്ക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.

ചൂടുമായി ബന്ധപ്പെട്ട് ഇതിനകം തന്നെ സംസ്ഥാനത്ത് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം താപനില കൂടുതലുള്ള പാലക്കാട് ജില്ലയിൽ 198 പേരാണ് ചികിത്സ തേടിയിട്ടുള്ളത്.

പൊതുവായി സ്വീകരിക്കാവുന്ന മുൻകരുതലുകൾ

 • രാവിലെ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

 • ചൂട് കുടതലുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്ന പുറം ജോലികളിലും കായിക പ്രവൃത്തികളിലും ഏർപ്പെടാതിരിക്കുക

 • നിർജലീകരണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കണം

 • വീടിന് പുറത്തിറങ്ങുമ്പോൾ കുട കൈയ്യിൽ കരുതുക

 • ചൂട് കൂടുതലുള്ള സമയങ്ങളിൽ അയഞ്ഞതും വെള്ള, ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.

 • ശാരീരിക അസ്വസ്ഥതകൾ തോന്നുമ്പോൾ വെയിലില്ലാത്ത, തണലുള്ള സ്ഥലങ്ങളിലേക്ക് മാറുക.

 • കാപ്പി, കാർബണേറ്റഡ്, ആൽക്കഹോളിക് ഡ്രിങ്ക്‌സ് എന്നിവയൊക്കെ നിർജ്ജലീകരണം കൂട്ടുന്ന പാനീയങ്ങളാണ്. ഇവ കുടിക്കുന്നത് ഒഴിവാക്കുക.

 • തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക

 • അമിതമായ വ്യായാമം ഒഴിവാക്കണം. ഈ സമയത്ത് കൂടുതൽ വ്യായായം ചെയ്യുന്നത് പ്രശ്നമുണ്ടാക്കും.

 • കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

 • കുട്ടികളെയും വളർത്തു മൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്

 • കടുത്ത ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ചികിത്സ തേടേണ്ടതാണ്.

  Read: കേരളത്തിലിപ്പോൾ കൊടും ചൂടായത് എന്തുകൊണ്ട്?

  ഉഷ്​ണതരംഗങ്ങൾ ലോകത്തെ പിടിമുറുക്കികഴിഞ്ഞു, സ്​ഥിതി കൂടുതൽ വഷളാവുകയാണ്​

Comments