കേരളത്തിന്റെ ജനസംഖ്യയിൽ 60 വയസ്സിനു മുകളിലുള്ളവരുടെ അനുപാതത്തിൽ വർധന. 2004-ലെ 11 ശതമാനത്തിൽനിന്ന് 2019-ൽ 18.6 ശതമാനമായാണ് വർധിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനം- 2.0 റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. 2004 മുതൽ 2019 വരെയുള്ള ഒന്നര ദശാബ്ദത്തിലെ ഡാറ്റയുടെ അടിസ്ഥാനത്തിലുള്ള വിവരമാണിത്.
65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം ഈ കാലഘട്ടത്തിൽ 8.3 ശതമാനത്തിൽനിന്ന് 12.4 ശതമാനമായി കൂടി. ഇന്ത്യയിൽ ഈ പ്രായക്കാരുടെ ആപേക്ഷിക ശതമാനം 6.3 ആണ്. എന്നാൽ, കേരളത്തിന്റെ കണക്കുകൾ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ (64-ാം സ്ഥാനമുള്ള ചിലിയ്ക്ക്) ഒപ്പമാണ് (പട്ടിക 4).
കുറയുന്ന യുവ ജനസംഖ്യ
2004-ലെയും 2019-ലെയും ഡാറ്റ താരതമ്യം ചെയ്താൽ, 45 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തിൽ ആപേക്ഷിക വർധനവും യുവ- ജനസംഖ്യയുടെ എണ്ണത്തിൽ ആപേക്ഷിക കുറവും സംഭവിച്ചതായി കാണാം (പട്ടിക 3.1).

പ്രായഘടനയുടെ അടിസ്ഥാനത്തിലുള്ള പ്രായ പിരമിഡിൽ (ചിത്രം 3.1) ഇന്ത്യയും കേരളവും തമ്മിൽവലിയ വ്യത്യാസമുണ്ട്. ഇന്ത്യൻ പ്രൊഫൈലിന് പിരമിഡിന്റെ ആകൃതിയാണുള്ളത്. അതായത്, യുവാക്കളുടെ അനുപാതം താരതമ്യേന കൂടുതലും മുതിർന്നവരുടെ അനുപാതം കുറവുമാണ്. എന്നാൽ, കേരളത്തിലെ ജനസംഖ്യയുടെ പ്രായഘടനയ്ക്ക് ബാരലിന്റെ ആകൃതിയാണ്. ഇതിന്റെ ഏറ്റവും വലിയ ഭാഗം 20-24 പ്രായ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിലെ ജനസംഖ്യാഘടന കൂടുതൽ യോജിക്കുന്നത് യു.എസ് ജനസംഖ്യയുമായാണ് എന്ന് റിപ്പോർട്ട് പറയുന്നു.

സാമ്പിൾ ജനസംഖ്യയുടെ 69.8 ശതമാനവും 15-64 പ്രായമുള്ളവരാണ് (പട്ടിക 3.2). 2004-ൽ ഇത് 7.3 ശതമാനമായിരുന്നു.
കുറഞ്ഞ ആശ്രിത നിരക്ക്
കേരളം അതിവേഗം വാർധക്യത്തിലേക്ക് നീങ്ങുകയാണെങ്കിലും ഭൂരിഭാഗം പേരും ഉൽപ്പാദനക്ഷമതയുള്ള പ്രായപരിധിയിലാണ്. ആശ്രിത അനുപാതം, അതായത്, ആശ്രിത പ്രായവിഭാഗത്തിന്റെയും ഉൽപ്പാദനക്ഷമതയുള്ള പ്രായവിഭാഗത്തിന്റെയും അനുപാതം, കേരളത്തിൽ താരതമ്യേന കുറവാണ്. സമ്പൂർണ ആശ്രിതത്വ അനുപാതം 0-14 വയസ്സുകാരും 65 വയസ്സുമുതലുള്ളവരും ഉൾപ്പെടുന്നവരുടെ ശതമാനത്തിന്റെ ആകത്തുകയെ 15-64 വയസ്സുകാരുടെ ശതമാനം കൊണ്ട് ഹരിച്ചാണ് കണക്കാക്കുന്നത് (വിവിധ രാജ്യങ്ങളുടെ ആശ്രിത അനുപാതവും കേരളവുമായുള്ള താരതമ്യവും പട്ടിക 3.3).

കേരളം ഇന്ത്യയെയും മറ്റു വികസ്വര രാജ്യങ്ങളെയും അപേക്ഷിച്ച് വളരെ കുറഞ്ഞ ആശ്രിതനിരക്കുള്ള പ്രദേശമാണ്. കേരളത്തിലെ ശിശു ആശ്രിത നിരക്കും വയോജന ആശ്രിതനിരക്കും വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണ്. 2004 മുതൽ 2019 വരെയുള്ള 15 വർഷത്തിനിടയിൽ മൊത്ത ആശ്രിതനിരക്ക് വളരെയധികം മാറിയിട്ടില്ല. ഇതിനുകാരണം, വയോജനങ്ങളുടെ അനുപാതത്തിലുണ്ടായ വർധനവ് കുട്ടികളുടെ എണ്ണത്തിലുള്ള കുറവ് കൊണ്ട് നികത്തപ്പെട്ടിരിക്കുന്നതുകൊണ്ടാണ്.

എങ്കിലും ജനസംഖ്യയിൽ വയസ്സായവരുടെ എണ്ണം വർധിക്കുന്നതിന്റെ ഫലമായി വരും വർഷങ്ങളിൽ മൊത്തം ആശ്രിതനിരക്ക് വർധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ കേരളം നിലനിർത്തുന്ന ഉൽപ്പാദനക്ഷമമായ പ്രായഘടന ദീർഘകാലം നീണ്ടുനിൽക്കും എന്ന് പ്രതീക്ഷിക്കാനാകില്ല.
വേഗത്തിൽ വയസ്സാകുന്നു
കേരളത്തിലെ മീഡിയൻ വയസ്സ് ഇന്ത്യയിലേതിനേക്കാൾ എട്ടു വർഷം കൂടുതലാണ്. 2004-ൽ ഈ വ്യത്യാസം അഞ്ചു വർഷം മാത്രമായിരുന്നു. കേരള ജനസംഖ്യ ഇന്ത്യയിലെ മറ്റു ഭാഗങ്ങളുടേതിനേക്കാൾ വേഗത്തിൽ വയസ്സാവുകയാണ് എന്നാണ് ഇത് കാണിക്കുന്നത് (പട്ടിക 3.4).

ജനസംഖ്യയുടെ വിവിധ വിഭാഗങ്ങളിൽ ശരാശരിയും മീഡിയൻ വയസ്സും വിതരണം ചെയ്യപ്പെടുന്നതും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിൽ മീഡിയൻ വയസ്സും ശരാശരി വയസ്സും മുന്നാക്ക ഹിന്ദുക്കളേക്കാളും ക്രിസ്ത്യാനികളേക്കാളും വളരെ കുറവാണ് (പട്ടിക 3.5).

എന്നാലും 2004 മുതൽ 2019 വരെയുളള വർധനവ് എല്ലാവരിലും സമാനനിരക്കിൽ തന്നെയാണ്. ഉത്തര കേരളത്തിലെ ശരാശരി വയസ്സ് താരതമ്യേന കുറവാണ്. മുസ്‌ലിം അനുപാതം ഇവിടെ കൂടുതലാണ്. സാമ്പത്തിക ഗ്രൂപ്പുകൾക്കിടയിൽ ഏറ്റവും ഉയർന്ന ശരാശരിയും മീഡിയൻ വയസ്സും ഉയർന്ന ഇടത്തരക്കാരിലാണ് കാണുന്നത്.
പിന്നാക്ക ഹിന്ദുക്കളും
മുസ്‍ലിംകളും കൂടുതൽ
സംസ്ഥാനത്തെ ജനസംഖ്യയിലെ ഏറ്റവും വലിയ ഗ്രൂപ്പുകൾ പിന്നാക്ക ഹിന്ദുക്കളും മുസ്‌ലിംകളുമാണ് (മതം, ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യാ വിതരണം പട്ടിക 3.6). മുസ്‌ലിം, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യാനികൾ, പട്ടികജാതി- പട്ടികവർഗം എന്നിവ ജനസംഖ്യയുടെ 73.9 ശതമാനം വരും (പട്ടിക 3.6).

ഹിന്ദു പിന്നാക്ക ജാതികളിൽ ഏറ്റവും കൂടുതൽ ഈഴവരാണ്, 69.9 ശതമാനം. മുന്നാക്കക്കാരിൽ ഏറ്റവും വലിയ വിഭാഗം നായന്മാരാണ്, 88.1 ശതമാനം (പട്ടിക 3.7, 3.8).
കുടുംബാംഗങ്ങളുടെ എണ്ണം കുറയുന്നു
കേരളത്തിലെ കുടുംബാംഗങ്ങളുടെ ശരാശരി എണ്ണം 4.3 ആണ്. 2004-ൽ 4.9 ആയിരുന്നു. ഇത് മുസ്‌ലിംകളിൽ കൂടുതലും പിന്നാക്ക ക്രിസ്ത്യാനികൾ, മുന്നാക്ക ഹിന്ദുക്കൾ എന്നിവരിൽ കുറവുമാണ് (പട്ടിക 3.9). എല്ലാ വിഭാഗങ്ങളിലും 16.1 ശതമാനത്തിന്റെ കുറവുണ്ട്. ഏറ്റവും കുറവ് പട്ടിക വർഗക്കാരിലും (17 ശതമാനം) മുസ്‌ലിംകളിലുമാണ് (16.4 ശതമാനം).

കേരളത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ശരാശരി കുടുംബാംഗങ്ങളുണ്ട്. ഏതാണ്ട് അഞ്ചിലൊന്ന് വീടുകളിൽ കൂട്ടുകുടുംബങ്ങളാണുള്ളത് (പട്ടിക 3.10). 2004 മുതൽ 2019 വരെ കൂട്ടുകുടുംബങ്ങളുടെ അനുപാതം 13.8 ശതമാനത്തിൽനിന്ന് 19.5 ശതമാനമായി വർധിച്ചു. കൂട്ടുകുടുംബങ്ങൾ പല തലമുറ കുടുംബങ്ങൾ ഒരുമിച്ച് കഴിയുന്നവയാണ്. ഈ കാലയളവിൽ കൂട്ടുകുടുംബങ്ങളുടെ അനുപാതത്തിൽ കുറവ് വന്ന സാമൂഹിക വിഭാഗം പട്ടിക വർഗക്കാരുടേതാണ്.
സ്ത്രീ- പുരുഷ അനുപാതം ഉയർന്നു
സ്ത്രീ- പുരുഷ അനുപാതം (1000 പുരുഷന്മാർക്കുള്ള സ്ത്രീകളുടെ അനുപാതം) 2004-ൽ 1046 ആയിരുന്നു. ഇത് 2019-ൽ 1083 ആയി ഉയർന്നു (ജില്ലാടിസ്ഥാനത്തിലുള്ള പുരുഷ- സ്ത്രീ അനുപാതം പട്ടിക 3.11).
2004-ൽ സ്ത്രീകളുടെ എണ്ണം കുറവായിരുന്ന ഇടുക്കി, വയനാട് ജില്ലകളിൽ ഇപ്പോൾ മുതിർന്ന പ്രായവിഭാഗങ്ങളിൽ സ്ത്രീ- പുരുഷ അനുപാതം ഉയർന്ന തോതിൽ കാണുന്നു. കുടിയേറ്റവും 35 വയസ്സിനു മുകളിലുള്ള പുരുഷന്മാരുടെ ജനസംഖ്യയിലുള്ള മരണനിരക്കിന്റെ വർധനവും മൂലമാകാം.

ലിംഗാനുപാതം
കുട്ടികളുടെ ലിംഗാനുപാതം (0-6 വയസ്സിനിടയിലുള്ള 1000 ആൺകുട്ടികൾക്ക് പെൺകുട്ടികളുടെ എണ്ണം) 2011-ലെ സെൻസസിൽ 964 ആയിരുന്നു. 2001-ൽ ഇത് 960 ആയിരുന്നു. 2004-ലെ കേരള പഠനത്തിൽ ഇത് 995 ആയിരുന്നു. 2019-ലെ പഠനത്തിൽ ഇത് 887 ആയി കുറഞ്ഞു. പെൺകുട്ടികളുടെ എണ്ണത്തിൽ ആപേക്ഷിക കുറവുണ്ടായേക്കാം എന്ന് ഈ കണക്ക് സൂചിപ്പിക്കുന്നു. ജനനസമയത്ത് സ്വാഭാവിക അനുപാതം 105 ആൺകുട്ടികൾക്ക് 100 പെൺകുട്ടികൾ എന്നതാണ്. ഇതിന്റെ ലിംഗാനുപാതം 952 ആണ്.
സാധാരണയായി ജനനസമയത്തും നവജാതശിശു കാലഘട്ടത്തിലും ആൺകുട്ടികളുടെ മരണനിരക്ക് കൂടുതലായിരിക്കും. എന്നാൽ, വളരെയധികം മെച്ചപ്പെട്ട വൈദ്യശാസ്ത്രപരിചരണം മൂലം ഈ മരണനിരക്ക് വളരെ കുറഞ്ഞു. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ ശിശുമരണനിരക്ക് വളരെയധികം കുറഞ്ഞു. ഇപ്പോൾ കേരളം പാശ്ചാത്യരാജ്യങ്ങൾക്കൊപ്പമാണ്. ഇത് കൂടുതൽ ആൺകുട്ടികൾ ജീവനോടെ തുടരാൻ കാരണമായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.


READ ALSO: സംസ്ഥാന സർക്കാർ ജോലിയിൽ
ഹിന്ദു മുന്നാക്കക്കാർക്ക് ഉയർന്ന പ്രാതിനിധ്യം- പരിഷത്ത് പഠനം
ഇടത്തരക്കാരുടേതാകുന്ന കേരളം, കടത്തിലാക്കുന്ന വിവാഹവും
ചികിത്സാച്ചെലവും:
പരിഷത്ത് കേരള പഠനം 2.0

