കേരളത്തോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവേചനപരമായ സമീപനവും മോദിയെ സുഖിപ്പിക്കാനുള്ള എ.ഐ.സി.സി പ്രവർത്തകസമിതി അംഗം ശശി തരൂരിന്റെ വിദ്വേഷ പ്രസംഗവും ഓരോ മലയാളിയെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരെ മാറ്റി പാർപ്പിക്കാനും പുനരധിവസിപ്പിക്കാനും നയാപൈസ കേരളത്തിന് തരാത്ത മോദി സർക്കാരിെൻ്റ കൊടുംക്രൂരതയ്ക്ക് ന്യായം ചമച്ചുകൊണ്ടാണ് കഴിഞ്ഞദിവസം ശശി തരൂർ, തുർക്കിയിലെ ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാനായി കേരള സർക്കാർ സംഭാവന നൽകിയതിനെ വിമർശിച്ചത്. സംഘപരിവാർ അജണ്ടയിൽ ശശി തരൂർ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ ക്യാമ്പയിന്റെ ഭാഗമായിട്ടുവേണം തുർക്കിയെ സഹായിച്ച കേരള സർക്കാരിനെതിരായി നടത്തിയ വിമർശനത്തെ കാണേണ്ടത്.
പഹൽഗാമിലെ ഭീകരാക്രമണവും അതിന് പകരം ചോദിക്കാൻ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറും ലോകരാജ്യങ്ങളോട് വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിലെ അംഗമെന്ന നിലയിൽ പ്രതിപക്ഷ പാർട്ടികളുടെയും കോൺഗ്രസിന്റെയും നിലപാടുകളെ അവഗണിച്ചുകൊണ്ടാണ് തരൂർ കഴിഞ്ഞ കുറേ ദിവസങ്ങളായി മോദി സ്തുതിയിൽ ആമഗ്നനായിരിക്കുന്നത്. പാകിസ്ഥാന് ആയുധങ്ങൾ നൽകി ആ രാജ്യത്തെ പിന്തുണയ്ക്കുന്നത് തുർക്കിയാണെന്നും ആ തുർക്കിയ്ക്ക് ഭൂകമ്പ ദുരിതാശ്വാസം നൽകിയത് അപലപനീയമാണെന്നും ആ പണം കേരളത്തിന് മുണ്ടക്കൈ, ചൂരൽമല ദുരിതാശ്വാസത്തിന് ഉപയോഗിക്കാമായിരുന്നുവെന്നുമാണ് ബി.ജെ.പിക്കാരെ കടത്തിവെട്ടുന്ന തരത്തിൽ തരൂർ പറഞ്ഞത്.

യഥാർത്ഥത്തിൽ തരൂരിന്റെ ഈ പ്രസ്താവന സാർവ്വലൗകിക മാനവികതയോടും ദുരിതമനുഭവിക്കുന്ന മനുഷ്യരോടുമുള്ള കടുത്ത വെല്ലുവിളിയാണ്. സംഘപരിവാറിന്റെ വർഗീയ അജണ്ടയിൽ വീണുപോയ ‘വിശ്വപൗരന്റെ’ അധഃപതനമാണ് ഇത് കാണിക്കുന്നത്. കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയെ ന്യായീകരിക്കാൻ ഇത്തരം വിദ്വേഷ പ്രചാരണം നടത്തുന്നവർ മനസ്സിലാക്കേണ്ടത്, പാക് അധിനിവേശ കാശ്മീരിൽ പ്രളയമുണ്ടായപ്പോൾ ഇന്ത്യ അവിടെ ദുരിതാശ്വാസ സഹായങ്ങൾ എത്തിച്ചുകൊടുത്തിരുന്നുവെന്നാണ്. മോദി സ്തുതിയിൽ ചരിത്രവും മനുഷ്യത്വവും മറന്നുപോകുന്ന തരൂരിന് അറിയാത്തതല്ലല്ലോ ഗുജറാത്തിൽ 2021–ൽ ഭൂകമ്പമുണ്ടായപ്പോൾ ദുരിതബാധിതരെ സഹായിക്കാൻ പാകിസ്ഥാൻ സഹായങ്ങളെത്തിച്ചിരുന്നുവെന്ന കാര്യം.
സംഘപരിവാറിന്റെ അതിദേശീയതാവാദവും വർഗീയവിദ്വേഷ പ്രചാരണവും കോൺഗ്രസ് നേതാവായ ശശി തരൂർ ഏറ്റെടുക്കുന്നതിന്റെ രാഷ്ട്രീയത്തിൽ നിന്നുതന്നെ വേണം കേരളത്തോടുള്ള കേന്ദ്രസർക്കാറിന്റെ കൊടും വിവേചനത്തെ ന്യായീകരിക്കാനുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളെയും മനസ്സിലാക്കേണ്ടത്.
കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ വിവേചനത്തെയും ഇരട്ടത്താപ്പിനെയും സാമാന്യമായി ഒന്നു പരിശോധിച്ചുപോകാം.
2018–ലെ പ്രളയകാലത്ത് കേരളത്തിന് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വീകരിക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക അനുമതി നൽകിയത് രാഷ്ട്രീയ താൽപര്യം വെച്ചാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കേരളത്തോട് ദുരന്തമുഖത്ത് അങ്ങേയറ്റം വിവേചനം കാണിച്ച മോദി സർക്കാർ വിദേശ സംഭാവന നിയന്ത്രണ നിയമപ്രകാരമുള്ള രജിസ്ട്രേഷൻ സി.എം.ആർ.എഫിന് നൽകി.
ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ പ്രധാനമാണ് ഫെഡറലിസമെന്നും സംസ്ഥാനങ്ങളുടെ യൂണിയനെന്ന നിലയ്ക്കാണ് ഇന്ത്യൻ റിപ്പബ്ലിക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്നും ബി.ജെ.പിയുടെ കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല. 2014 മുതൽ മോദി സർക്കാർ ഫെഡറൽഘടനയെ തകർക്കാൻ പലതലങ്ങളിൽ ശ്രമിച്ചുവരികയാണ്. അതോടൊപ്പം തങ്ങൾക്ക് അനഭിമതരായ ഗവൺമെൻ്റുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളോട്, വിശിഷ്യ കേരളത്തോടും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടും, കടുത്ത വിവേചനവും തുടരുന്നു. 2018–ലെ പ്രളയത്തിന്റെ ഘട്ടത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് കേരളത്തിന് വലിയ സഹായ വാഗ്ദാനങ്ങൾ ലഭിച്ചതാണ്. പക്ഷെ കേന്ദ്ര സർക്കാർ അത് സ്വീകരിക്കാൻ കേരളത്തിന് അനുമതി നൽകിയില്ല. ബി.ജെ.പി സർക്കാറിന്റെ ന്യായവും അധികപ്രസംഗവും രാജ്യം ശക്തമാണെന്നും ഇത്തരം ദുരന്തങ്ങളെ ഒറ്റയ്ക്കു നേരിടാൻ കരുത്തുണ്ടെന്നുമായിരുന്നു.
READ: വിദേശ സഹായത്തിൽ ഇരട്ട നീതി;
കേന്ദ്രത്തിന്റെ ദുരന്ത രാഷ്ട്രീയം
ഇത് കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയം, കേന്ദ്രത്തിന്റെ കൊടുംചതി
ഇപ്പോൾ മഹാരാഷ്ട്രയിലെ ബി.ജെ.പി സർക്കാരിനുവേണ്ടി ഈ വാദങ്ങളെയെല്ലാം വിഴുങ്ങിയിരിക്കുകയാണ് മോദി സർക്കാർ. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കാൻ അനുമതി നൽകുമ്പോൾ എന്തുകൊണ്ട് കേരളത്തിന് നിഷേധിച്ചുവെന്ന ചോദ്യം ന്യായമായും ഉയർന്നുവരണം. ഭരണഘടനയെയും ഫെഡറൽ തത്വങ്ങളെയും കാറ്റിൽപ്പറത്തി രാഷ്ട്രീയം കളിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തോട് കാണിച്ച വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. അന്ന് കേന്ദ്ര സർക്കാർ പറഞ്ഞത് കാലഹരണപ്പെട്ട ചട്ടങ്ങളും രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതുമാണ് വിദേശസഹായം സ്വീകരിക്കുന്നത് എന്നാണ്.
ഇപ്പോൾ മഹാരാഷ്ട്ര സർക്കാരിന് അനുമതി നൽകുക വഴി കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയവിവേചനവും ഇരട്ടനീതിയുമാണ് വെളിവാക്കപ്പെട്ടിരിക്കുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണ് 2018–ൽ കേരളത്തിലുണ്ടായത്. അന്താരാഷ്ട്ര ഏജൻസികളുടെ കണക്കനുസരിച്ച് 50,000 കോടി രൂപയുടെ നാശനഷ്ടമാണ് കേരളത്തിനുണ്ടായത്. 500–ഓളം പേർ മരിക്കുകയും 15 ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തുകയും ചെയ്തു. കേരളമെന്ന നാടിെൻ്റ നിലനിൽപുതന്നെ ഭീഷണി നേരിട്ട നാളുകളായിരുന്നു അത്. ആ ഒരു സാഹചര്യത്തെ അതിജീവിക്കാൻ നാട്ടിലെ സർവ്വ മനുഷ്യരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ദുരന്തത്തിന്റെ വൈപുല്യം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ വിദേശ മലയാളികളുടെ സഹായത്തോടെ വിദേശരാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കാനുള്ള ശ്രമം നടത്തിയത്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്, ദുരന്ത നിവാരണത്തിന് വൻതോതിൽ തന്നെ വിഭവങ്ങളാവശ്യമുണ്ടെന്ന് ലോകരാജ്യങ്ങൾക്കെല്ലാം അറിയാം. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും സഹായിക്കാൻ സന്നദ്ധമാവുന്ന അവസ്ഥയുമുണ്ടായി. യു.എ.ഇ സർക്കാർ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്തു. മാലദ്വീപ്, ഖത്തർ, തായ്ലൻ്റ് തുടങ്ങി പല രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അത് സ്വീകരിക്കാൻ കേന്ദ്ര സർക്കാർ കേരളത്തെ അനുവദിച്ചില്ല. ദുരിതാശ്വാസഫണ്ട് സമാഹരിക്കാൻ മന്ത്രിമാരുടെ മുൻകൈയ്യിലുള്ള സംഘങ്ങൾക്ക് വിദേശയാത്ര നടത്താൻ അനുമതിയും നൽകിയില്ല.
മുകളിൽ സൂചിപ്പിച്ചതുപോലെ 2001–ൽ ഗുജറാത്തിലെ ബുജ് ഭൂകമ്പത്തെ തുടർന്ന് സംസ്ഥാനം വിദേശ സഹായം സ്വീകരിച്ചിരുന്നു. ‘ഗുജറാത്ത് റിലീഫ് ഡവലപ്മെന്റ്’ എന്ന പേരിൽ വൻ തോതിൽ അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകളിൽ നിന്നുവരെ മോദി സർക്കാർ സഹായം സ്വീകരിക്കുന്നത് ആ കാലത്ത് വിവാദപരമായി ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ദുരിതാശ്വാസ സഹായത്തിനെന്ന വ്യാജേന കുപ്രസിദ്ധങ്ങളായ ബഹുരാഷ്ട്രകുത്തകകളിൽ നിന്ന് ഗുജറാത്തിലെ മോദി സർക്കാർ സ്വീകരിക്കുന്ന പണം ആർ.എസ്.എസിന്റെ പ്രവർത്തനഫണ്ടായി മാറുന്നതിനെക്കുറിച്ചും അക്കാലത്ത് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇന്ത്യ റിലീഫ് ഡവലപ്മെന്റ് എന്ന പേരിൽ അമേരിക്കൻ കമ്പനികളിൽ നിന്ന് ഗുജറാത്ത് സർക്കാർ വഴി ആർ.എസ്.എസ് സ്വീകരിക്കുന്ന വൻ ഡോളറുകളെ സംബന്ധിച്ച് പല സംശയങ്ങൾ ഉയരുകയും അമേരിക്കയിലെ ഇന്ത്യക്കാർ അതിനെതിരെ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു. അക്കൂട്ടത്തിലൊരാളായിരുന്നു അന്ന് യു.എൻ ഉദ്യോഗസ്ഥനായിരുന്ന ശശി തരൂരെന്നും സാന്ദർഭികമായിവിടെ സൂചിപ്പിക്കട്ടെ.
