ചീപ് ഡോപമിനു വേണ്ടിയായിരുന്നു ഓട്ടം, ഒടുവിൽ ജീവിതം തിരിച്ചുപിടിച്ചു; ഒരു മൾട്ടി ലഹരി അഡിക്ടിൻെറ അനുഭവകഥ

“പുതിയ പുതിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന ആനന്ദം സുഹൃദ്‌വലയങ്ങൾക്കിടയിൽ പങ്കുവെക്കുകയും ചെയ്താണ് ഒരുകാലത്ത് ഞാൻ മുന്നോട്ടുപോയിരുന്നത്. യഥാർഥത്തിൽ, ചീപ് ഡോപമിനു വേണ്ടിയുള്ള ഒരു ഓട്ടമായിരുന്നു ജീവിതം.” മൾട്ടി ലഹരി അഡിക്ടായിരുന്ന ഒരു വ്യക്തി നാർക്കോട്ടിക് അനോണിമസ് എന്ന കൂട്ടായ്മയുടെ കൂടി സഹായത്താൽ ജീവിതത്തിലേക്ക് തിരികെ വന്ന അനുഭവകഥ വിവരിക്കുകയാണ്. നവീന നാരായണൻ തയ്യാറാക്കിയ ഫീച്ചർ.

ലഹരിക്ക് അടിമപ്പെട്ടവരുടെ കഥകളും അവർ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നതിൻറെ വഴികളും കേൾക്കുമ്പോൾ ചില ആളുകൾക്കെങ്കിലും അത് സ്വാഭാവികമായ കാര്യമാണെന്ന് തോന്നുന്നുണ്ടാവാം. ഒരാൾ ലഹരിക്ക് അടിമപ്പെടുന്നു പിന്നീട് ഒരു തിരിച്ചറിവ് അവരിലേക്ക് വന്ന് അവർ ലഹരി വിമുക്തിയിലേക്ക് വഴിമാറുന്നു. ഒരു ആസക്തിയിലൂടെ കടന്നുപോയി, കൈവിട്ടു പോയ ജീവിതത്തെ തിരിച്ചുപിടിച്ച്, അതിജീവനത്തിലൂടെ ജീവിതം നേടിയെടുത്തവർക്ക് അത് അവരുടെ ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയും ബന്ധങ്ങളുടെയും വീണ്ടെടുക്കലിന്റെ കൂടി കഥയാണ്.

സമൂഹത്തിൽ ഏറ്റവും മാന്യമായ ഒരു ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു അയാൾ. തകർന്നുപോയ ജീവിതത്തെ നോക്കി നിൽക്കുമ്പോൾ ഒരു വ്യക്തിയുടെ മനസ്സിൽ ഉണ്ടായേക്കാവുന്ന കുറ്റബോധമോ നിസ്സംഗഭാവമോ അതുമല്ലെങ്കിൽ ഏറ്റവും വൈകി വന്നുപോയ ഒരു തിരിച്ചറിവോ ആയിരിക്കാം ലഹരി വിമുക്തി എന്ന, അനിവാര്യമായ ഒരു മാറ്റത്തിലേക്ക് അദ്ദേഹത്തെയും കൊണ്ടെത്തിച്ചത്. അത്തരത്തിൽ ജീവിതത്തെ തിരിച്ചുപിടിച്ച ഒരാളുടെ കഥയാണിത്. കേവലം ലഹരിവസ്തുക്കൾ ഉപയോഗിക്കുക മാത്രമല്ല ലഭ്യമാകുന്ന എല്ലാ ലഹരി വസ്തുക്കളുടെയും അഡിക്റ്റ് ആയിരുന്ന ഒരു മൾട്ടി അഡിക്റ്റിന്റെ കഥ. കൃത്യമായ ചികിത്സയും പിന്തുണയും സ്വന്തം ഇച്ഛാശക്തിയും കൈകോർക്കുമ്പോൾ തിരിച്ചുവരവിന്റെ വഴികൾ സാധ്യമാണ്. ലഹരിയുടെ പിടിയിൽനിന്ന് വീണ്ടെടുത്ത ജീവിതത്തിന്റെ അനുഭവങ്ങളും തിരിച്ചറിവുകളും പങ്കുവെക്കുകയാണ് ഈ സംഭാഷണത്തിലൂടെ അഖിൽ (പേര് സാങ്കല്പികം) എന്ന ചെറുപ്പക്കാരൻ.

"എനിക്ക് ഇപ്പോൾ 32 വയസ്സാണ്, 15 വർഷ കാലമായി ലഹരി ഉപയോഗിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. ഇപ്പൊ ഒരു 2 വർഷമായി യാതൊരുവിധ ലഹരിയും ഉപയോഗിക്കുന്നില്ല. എന്റെ 29ാം വയസ്സിലാണ് ഞാൻ ലഹരി മുക്തിയിലേക്ക് എത്തുന്നത്. ആദ്യമായി ലഹരി ഉപയോഗിക്കണമെന്ന തോന്നൽ ഉണ്ടാകുന്നത് എന്റെ 16 വയസ്സിലാണ്. ചെറിയ ചെറിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് തുടങ്ങിയാണ് ഈ ശീലം. അതായത് ചെറിയ നിക്കോട്ടിൻ കണ്ടന്റുകളുള്ള സിഗരറ്റുകൾ കൂൾ ലിപ് ഇതുപോലെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചുകൊണ്ടാണ് തുടക്കം. ഞാൻ ചെറുപ്പം മുതലേ ഫുട്ബോൾ കളിക്കുന്ന വ്യക്തിയായിരുന്നു. കളിക്കാൻ പോകുന്ന സമയത്തൊക്കെ സിഗരറ്റ്, ഹാൻസ് പോലെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായി സമ്പർക്കമുണ്ടാകാറുണ്ടായിരുന്നു. ഞാൻ ഉപയോഗിച്ചിരുന്ന ഇത്തരം വസ്തുക്കളോടൊക്കെ എനിക്ക് അഡിക്ഷൻ ഉണ്ടായി.

ലഹരിക്ക് അടിമപ്പെടുന്ന ഒരാളുടെ ജീവിതം പതിയെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. വിശപ്പും ഉറക്കവും നഷ്ടപ്പെടുക, സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങൾ പോലും തിരിച്ചറിയാൻ കഴിയാതാവുക, ചുറ്റുമുള്ളവരെയും സ്വന്തം ആരോഗ്യത്തെയും അവഗണിക്കുക തുടങ്ങിയ മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാകുന്നു.

സാധാരണ ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ഡോപ്പാമിൻ വർധനയെക്കാൾ വലിയൊരു ആനന്ദം എനിക്ക് ലഭിക്കാറുണ്ടായിരുന്നു. അത്തരത്തിൽ ലഹരിവസ്തുക്കൾ മാറിമാറി ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് അതിനുവേണ്ടി സുഹൃദ്‌വലയങ്ങൾ മാറാൻ തുടങ്ങി. ഇത്തരം ലഹരിവസ്തുക്കൾ കൂടുതൽ ലഭ്യമാകുന്ന സുഹൃദ്‌വലയങ്ങളിലേക്ക് ഞാൻ മാറിത്തുടങ്ങി. ലഹരിയിലേക്ക് എത്തിപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം വസ്തുക്കളുടെ ലഭ്യതയാണ്. ആ പ്രായത്തിലുണ്ടാകുന്ന കൗതുകവും അന്നത്തെ സുഹൃദ്‌വലയങ്ങളുമെല്ലാം എന്നെ അതിലേക്ക് എത്തിച്ചുവെന്ന് പറയാം.

READ: Tucibi, Kush, Monkeytail; ലഹരിമരുന്ന് ലോകത്തെ ഭയപ്പെടുത്തുന്ന പുതിയ ആശങ്കകൾ

ഞാൻ വളരെ ഊർജസ്വലനായ വ്യക്തിയാണ്. എവിടെയും അടങ്ങിയിരിക്കാൻ കഴിയില്ല; എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കണം. എപ്പോഴും ഊർജസ്വലനായി നിൽക്കണം. ആ സമയത്ത് ഇത്തരം ലഹരിവസ്തുക്കൾ നൽകിയിരുന്ന ആനന്ദം വളരെ വലുതായിരുന്നു. അതുതന്നെയാണ് എന്നെ ഇതിലേക്ക് കൂടുതൽ അടുപ്പിച്ചതും. പിന്നീട് ലഹരിയുടെ തിരഞ്ഞെടുപ്പുതന്നെ മാറി. സാധാരണ ലഹരിപദാർഥങ്ങളിൽനിന്ന് സിന്തറ്റിക് ലഹരിയിലേക്ക് വഴിമാറി. കാരണം, അത് ഉപയോഗിക്കുന്ന സമയത്ത് മറ്റുള്ളവർ അറിയില്ല, കണ്ണ് ചുവക്കില്ല, പ്രത്യേക മണങ്ങളുമില്ല. ഈ രീതിയിലൊക്കെയായിരുന്നു എന്റെ ചിന്തകൾ. ലഹരിവസ്തുക്കളുടെ ഉപയോഗം പതുക്കെപ്പതുക്കെയാണ് ഒരു ശീലത്തിലേക്കോ അഡിക്ഷനിലേക്കോ മാറുന്നത്. ആദ്യകാലങ്ങളിൽ ചെറിയ രീതിയിലാണ് ഉപയോഗം തുടങ്ങിയത്. അന്ന് എപ്പോൾ വേണമെങ്കിലും നിർത്താമെന്നും ഞാൻ ഇതിന് അടിമയല്ലെന്നുമുള്ള തോന്നൽ എനിക്കുണ്ടായിരുന്നു. ഇതൊരു ശീലമാകരുത്, അഡിക്ഷനാകരുത്, രോഗമല്ല എന്നൊക്കെ മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഞാൻ ലഹരി ഉപയോഗിച്ചിരുന്നത്.

ആദ്യകാലങ്ങളിൽ ചെറിയ രീതിയിലാണ് ഉപയോഗം തുടങ്ങിയത്. അന്ന് എപ്പോൾ വേണമെങ്കിലും നിർത്താമെന്നും ഞാൻ ഇതിന് അടിമയല്ലെന്നുമുള്ള തോന്നൽ എനിക്കുണ്ടായിരുന്നു. / Representational Image
ആദ്യകാലങ്ങളിൽ ചെറിയ രീതിയിലാണ് ഉപയോഗം തുടങ്ങിയത്. അന്ന് എപ്പോൾ വേണമെങ്കിലും നിർത്താമെന്നും ഞാൻ ഇതിന് അടിമയല്ലെന്നുമുള്ള തോന്നൽ എനിക്കുണ്ടായിരുന്നു. / Representational Image

കാലം കഴിയുന്തോറും ഉപയോഗിച്ചിരുന്ന ലഹരിപദാർഥങ്ങളുടെ സ്വഭാവം മാറിത്തുടങ്ങി. ആനന്ദത്തിനുവേണ്ടി തുടങ്ങിയ ഉപയോഗം പിന്നീട് അതിജീവനത്തിനുള്ള മാർഗംപോലെയായി. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും അത് ബാധിക്കാൻ തുടങ്ങിയപ്പോഴാണ് ഈ കാര്യം ഞാൻ തിരിച്ചറിഞ്ഞത്. കുടുംബം, ബിസിനസ്, ആത്മീയത തുടങ്ങി എല്ലാ മേഖലകളിലും ലഹരി ആസക്തി ബാധിച്ചുതുടങ്ങിയപ്പോഴാണ് ഇത് ഒരു രോഗമാണെന്ന് മനസ്സിലാക്കിയത്. സമൂഹം എന്നെ നോക്കിക്കാണുന്ന രീതിയിലും എന്റെ ജീവിതത്തിന്റെ മറ്റു മേഖലകളിലും ഞാൻ താഴേക്ക് വീണുപോയെന്ന തോന്നൽ എനിക്കുണ്ടായി. ഈ തിരിച്ചറിവ് എനിക്ക് സ്വയം ഉണ്ടായതാണെന്ന് പറയാനാകില്ല. എന്റെ ഏറ്റവും നല്ല സുഹൃത്താണ് ഈ തിരിച്ചറിവിലേക്ക് നയിക്കുന്ന കാര്യങ്ങൾ പറഞ്ഞുതന്നത്. പിന്നീട് റീഹാബിലിറ്റേഷൻ സെന്ററിൽ പോയപ്പോഴാണ് അഡിക്ഷൻ ഒരു രോഗമാണെന്ന് അവർ എനിക്ക് പറഞ്ഞുതന്നത്. നാർക്കോട്ടിക്‌സ് അനോണിമസ് എന്ന പരിപാടിയിൽ പങ്കെടുത്തതിനുശേഷം അവിടെയുള്ള ആളുകൾ പറയുന്ന കാര്യങ്ങൾ കേട്ടാണ് ഈ കാര്യങ്ങളെല്ലാം എനിക്കും തിരിച്ചറിയാൻ സാധിച്ചത്.”,

ലഹരിക്ക് അടിമപ്പെടുന്ന ഒരാളുടെ ജീവിതം പതിയെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു. വിശപ്പും ഉറക്കവും നഷ്ടപ്പെടുക, സ്വന്തം ശരീരത്തിന്റെ ആവശ്യങ്ങൾ പോലും തിരിച്ചറിയാൻ കഴിയാതാവുക, ചുറ്റുമുള്ളവരെയും സ്വന്തം ആരോഗ്യത്തെയും അവഗണിക്കുക തുടങ്ങിയ മാറ്റങ്ങൾ ജീവിതത്തിന്റെ ഭാഗമാകുന്നു. ഒരുകാലത്ത് ഏറെ പ്രിയപ്പെട്ടിരുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും പോലും ഓർമകളിൽനിന്നും ചിന്തകളിൽനിന്നും അകന്നുപോകുന്നു. ലഹരി ലഭിക്കുക എന്ന ഒരേയൊരു ചിന്തയ്ക്കു മുന്നിൽ ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും സ്വപ്നങ്ങളും മങ്ങിത്തുടങ്ങുന്നു. സ്വന്തം ജീവിതം തന്നെ കൈവിട്ടുപോകുന്നുവെന്ന് തിരിച്ചറിയാൻ കഴിയാത്തത്ര ആഴത്തിൽ ലഹരി ഒരാളെ മാനസികമായും ശാരീരികമായും തളർത്തിയേക്കാം.

എല്ലാ മേഖലകളിലും കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. കാരണം, ലഹരിവസ്തുക്കളാണ് എന്നെ നിയന്ത്രിച്ചിരുന്നത്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നത് തുടരാൻ വളരെ എളുപ്പമാണ്; വീണ്ടും പോയി വാങ്ങി ഉപയോഗിച്ചാൽ മാത്രം മതി. ചിലപ്പോൾ മദ്യപിക്കും, ചിലപ്പോൾ രാസലഹരികൾ ഉപയോഗിക്കും, ചിലപ്പോൾ ജോയിന്റ് ഉപയോഗിക്കും. ഞാൻ പലതരം ലഹരിവസ്തുക്കൾക്ക് അടിമയായിരുന്നു. ഒരു ലഹരിപദാർഥം ഇല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ അത് തുടർന്നുകൊണ്ടേയിരുന്നു. റീഹാബിലിറ്റേഷൻ സെന്ററിൽ പോകുന്നതിനുമുമ്പ് പലരീതിയിലും അഡിക്ഷൻ നിർത്താൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, സാധിച്ചില്ല. ഒരു ലഹരിവസ്തു നിർത്തി മറ്റൊന്ന് മാത്രം ഉപയോഗിച്ചുനോക്കുക, പലതും ഒഴിവാക്കി ഒരു ലഹരിവസ്തു മാത്രം ഉപയോഗിച്ചുനോക്കുക, ദീർഘമായ ഇടവേള എടുക്കുക തുടങ്ങിയ രീതികളിൽ ശ്രമിച്ചിരുന്നു. എന്നാൽ, ലഹരിവസ്തുക്കളുടെ ഉപയോഗം പൂർണമായി നിർത്താൻ സാധിച്ചില്ല.

കാലം കഴിയുന്തോറും ഉപയോഗിച്ചിരുന്ന ലഹരിപദാർഥങ്ങളുടെ സ്വഭാവം മാറിത്തുടങ്ങി. ആനന്ദത്തിനുവേണ്ടി തുടങ്ങിയ ഉപയോഗം പിന്നീട് അതിജീവനത്തിനുള്ള മാർഗംപോലെയായി. / Representational Image
കാലം കഴിയുന്തോറും ഉപയോഗിച്ചിരുന്ന ലഹരിപദാർഥങ്ങളുടെ സ്വഭാവം മാറിത്തുടങ്ങി. ആനന്ദത്തിനുവേണ്ടി തുടങ്ങിയ ഉപയോഗം പിന്നീട് അതിജീവനത്തിനുള്ള മാർഗംപോലെയായി. / Representational Image

ദീർഘമായ ഇടവേള എടുക്കണമെന്നു കരുതി പത്തോ പതിനഞ്ചോ ദിവസം ലഹരി ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കും. പക്ഷേ, പൂർണമായി നിർത്തിവയ്ക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പിന്നീട് ഇത്തരം ലഹരിവസ്തുക്കൾ ലഭിക്കുന്ന സുഹൃദ്‌വലയങ്ങളിൽ എത്തുമ്പോൾ വീണ്ടും ഉപയോഗിക്കാൻ തുടങ്ങി. ആ സമയത്ത് അത് ഉപയോഗിക്കണമെന്ന ശക്തമായ ആഗ്രഹം എന്നെ കീഴടക്കിയിരുന്നു. പതിയെപ്പതിയെ ഞാൻ വീണ്ടും ഉപയോഗം ആരംഭിച്ചു. ആദ്യമൊക്കെ ആരും അറിയാതെയാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ലഹരി ഉപയോഗം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയപ്പോൾ എല്ലാവരും ഞാൻ ലഹരി ഉപയോഗിക്കുന്ന കാര്യം അറിഞ്ഞുതുടങ്ങി. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ആദ്യകാലത്ത് മറ്റുള്ളവർ അറിയാതെ, എന്റെ സ്വകാര്യ ഇടങ്ങളിൽ മാത്രമാണ് ഇത്തരം വസ്തുക്കൾ ഉപയോഗിച്ചിരുന്നത്. പിന്നീട് ഉറക്കമില്ലായ്മ, ഭക്ഷണം കഴിക്കാതിരിക്കൽ, വിശപ്പില്ലായ്മ, ക്ഷീണം, ശരീരത്തിലുണ്ടായ മാറ്റങ്ങൾ എന്നിവ കണ്ടിട്ടാകണം വീട്ടുകാർ ലഹരി ഉപയോഗം തിരിച്ചറിഞ്ഞത്. അഖിൽ ( പേര് യഥാർത്ഥമല്ല ) പറയുന്നു.

വീട്ടിൽനിന്നുപോലും അകന്നുനിന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. എന്റെ നന്മയ്ക്കുവേണ്ടി അവർ പറഞ്ഞ പല കാര്യങ്ങളും തെറ്റായി എടുത്ത് അവരുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഒരു വർഷത്തോളം ഹിമാചൽ പ്രദേശിൽപ്പോലും പോയി താമസിച്ചിട്ടുണ്ട്. അവർ പറയുന്ന കാര്യങ്ങളോട് വളരെ മോശമായിട്ടായിരുന്നു ഞാൻ പ്രതികരിച്ചിരുന്നത്. ഫോൺ ഉപയോഗിക്കാതെ നടക്കുന്നതുപോലുള്ള കാര്യങ്ങളും ഉണ്ടായിരുന്നു.

ലഹരിക്ക് അടിമപ്പെടുന്ന ഒരാളുടെ ജീവിതം പതിയെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു./ Representational Image
ലഹരിക്ക് അടിമപ്പെടുന്ന ഒരാളുടെ ജീവിതം പതിയെ നിയന്ത്രണങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു./ Representational Image

“ഇവന് എന്തോ പറ്റിയിട്ടുണ്ട്”, “ഇവനെന്താ ഇങ്ങനെ?”, “നിനക്കെന്തുപറ്റി?” എന്നിങ്ങനെ എന്നോട് നേരിട്ട് വന്ന് സംസാരിച്ച ആളുകൾ എന്റെ ജീവിതത്തിലുണ്ട്. ഞാൻ മെലിഞ്ഞുപോയത് എന്തുകൊണ്ടാണെന്ന് പല നല്ല സുഹൃത്തുക്കളും നാട്ടുകാരും ചോദിച്ചിട്ടുണ്ട്. പക്ഷേ, ആ സമയത്ത് ഇത്തരം ചോദ്യങ്ങൾ എനിക്ക് വളരെ ക്ലീഷേയായി തോന്നിയിരുന്നു. അതുകൊണ്ടുതന്നെ അത്തരം സുഹൃത്തുക്കളിൽനിന്ന് ഞാൻ ഒഴിഞ്ഞുമാറി നടന്നു. അത്തരം സുഹൃദ്‌വലയങ്ങൾ മനഃപൂർവം ഒഴിവാക്കി, ലഹരിപദാർഥങ്ങൾ എനിക്ക് എത്തിച്ചുതരുന്ന ശൃംഖലകളെയാണ് ഞാൻ അന്വേഷിച്ചുനടന്നത്. പോലീസ് കേസുകളിലേക്കോ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തികളിലേക്കോ ഞാൻ കടന്നുപോയിട്ടില്ല. ഒരുപക്ഷേ, എന്റെ റിക്കവറി വേഗത്തിലാക്കാനും ലഹരിയിൽ നിന്ന് മുക്തി നേടണമെന്ന ആഗ്രഹം ശക്തിപ്പെടുത്താനും ഇതു സഹായിച്ചിരിക്കാം. എന്റെ പല സുഹൃത്തുക്കളും ലഹരി ഉപയോഗിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ജയിലിലാകുകയും ചെയ്ത സാഹചര്യങ്ങളുണ്ട്.

“റിക്കവറിയുടെ ഘട്ടത്തിൽ ഒരു മാസം ഞാൻ വീട്ടിൽത്തന്നെ വിശ്രമിച്ചിരുന്നു. പുറത്തേക്കിറങ്ങിയാൽ പഴയ സ്ഥലങ്ങളിലേക്കും പഴയ സുഹൃത്തുക്കളെ തേടിയും പോകാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് വീട്ടിൽത്തന്നെ ഇരിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. മൊബൈൽ ഫോൺ ഉപയോഗവും ഒരു പരിധിവരെ കുറച്ചു; തീരെ ഉപയോഗിച്ചിരുന്നില്ലെന്നുതന്നെ പറയാം.”

എന്നെ ചുറ്റിപ്പറ്റിയുള്ള ആളുകൾ എന്നോട് പെരുമാറിയ രീതിയും ഇതിന് മറ്റൊരു കാരണമാണെന്ന് പറയാം. സാധാരണയായി, ലഹരിക്ക് അടിമയായ ഒരാൾ എന്ത് ചെയ്താലും ആളുകൾ അയാളെ ലഹരിക്ക് അടിമയായ വ്യക്തിയായിട്ടാണ് കാണുന്നത്. പള്ളിയിൽ നിസ്‌കരിക്കാൻ പോകുമ്പോൾ പോലും ഈ പേരിൽ പലരെയും കളിയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിലേക്ക് ഞാൻ എത്തിയിട്ടില്ല. ഒരുപക്ഷേ, അത്തരമൊരു കുടുംബത്തിൽ നിന്നുള്ള ആളായതുകൊണ്ടാകാം; അല്ലെങ്കിൽ, ബിസിനസുമായി ഇടപെട്ട് നടന്നിരുന്ന വ്യക്തിയായതുകൊണ്ടാകാം. ഞാൻ ഒന്നിലധികം ബിസിനസുകൾ നടത്തിയിരുന്ന വ്യക്തിയായിരുന്നു. ബിസിനസിലെ തീരുമാനങ്ങൾ ഉൾപ്പെടെ എന്റെ പല തീരുമാനങ്ങളും തെറ്റാൻ തുടങ്ങിയത് ലഹരിവസ്തുക്കളുടെ ഉപയോഗം കാരണമാണെന്ന് പറയാൻ കഴിയും”, അഖിൽ പറയുന്നു.

 ലഹരിയോടുള്ള ആശ്രിതത്വത്തെ കേവലം വ്യക്തിയുടെ തെറ്റായി കാണാതെ, ചികിത്സയും കരുതലും പിന്തുണയും ആവശ്യമായ അവസ്ഥയായി തിരിച്ചറിയുമ്പോഴാണ് യഥാർഥ ലഹരിവിമുക്തിക്ക് സമൂഹത്തിനും പങ്കാളിയാകാൻ കഴിയുന്നത്. /Representational Image
ലഹരിയോടുള്ള ആശ്രിതത്വത്തെ കേവലം വ്യക്തിയുടെ തെറ്റായി കാണാതെ, ചികിത്സയും കരുതലും പിന്തുണയും ആവശ്യമായ അവസ്ഥയായി തിരിച്ചറിയുമ്പോഴാണ് യഥാർഥ ലഹരിവിമുക്തിക്ക് സമൂഹത്തിനും പങ്കാളിയാകാൻ കഴിയുന്നത്. /Representational Image

ലഹരിക്ക് അടിമപ്പെട്ട വ്യക്തികളോട് സമൂഹം സ്വീകരിക്കുന്ന നിലപാടും അവരുടെ വിമുക്തിയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ലഹരിയുടെ പിടിയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഒരാൾക്ക് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ഏറെ പ്രധാനമാണ്. എന്നാൽ, പലപ്പോഴും ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായോ സ്വഭാവദൂഷ്യമുള്ളവരായോ കാണുന്ന പ്രവണതയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. പരിഹാസവും കുറ്റപ്പെടുത്തലും അവഗണനയും അനുഭവിക്കേണ്ടിവരുന്നത് ഇവരിൽ ഒറ്റപ്പെടലും അപകർഷതാബോധവും സൃഷ്ടിക്കുകയും വീണ്ടും ലഹരിയിലേക്ക് മടങ്ങാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തേക്കാം. മറിച്ച്, അവരുടെ അവസ്ഥയെ തിരിച്ചറിയുകയും മാനസികമായ പിന്തുണ നൽകുകയും ചികിത്സയ്ക്കും പുനരധിവാസത്തിനും ആവശ്യമായ സാഹചര്യമൊരുക്കുകയും ചെയ്യുന്നത് വീണ്ടെടുപ്പിലേക്കുള്ള യാത്ര എളുപ്പമാക്കും. ലഹരിയോടുള്ള ആശ്രിതത്വത്തെ കേവലം വ്യക്തിയുടെ തെറ്റായി കാണാതെ, ചികിത്സയും കരുതലും പിന്തുണയും ആവശ്യമായ അവസ്ഥയായി തിരിച്ചറിയുമ്പോഴാണ് യഥാർഥ ലഹരിവിമുക്തിക്ക് സമൂഹത്തിനും പങ്കാളിയാകാൻ കഴിയുന്നത്.

ലഹരിയിൽനിന്ന് വിട്ടുനിൽക്കുന്നതിനൊപ്പം ജീവിതത്തെ വീണ്ടും ക്രമപ്പെടുത്തുകയും മാനസികമായ വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തിൽ പിന്തുണയുമായി ഒപ്പമുണ്ടാകുന്ന കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരത്തിലൊരു കൂട്ടായ്മയാണ് നാർക്കോട്ടിക്‌സ് അനോണിമസ് (NA).

“ലഹരിവസ്തുക്കൾ ലഭിക്കാൻ സാധ്യതയുള്ള സുഹൃദ്‌വലയങ്ങളായിരുന്നു ആ സമയത്ത് ഞാൻ കൂടുതലായി ഉണ്ടാക്കിയിരുന്നത്. എന്നാൽ, അവർ ആ സമയത്ത് മാത്രമാണ് എന്റെ കൂടെയുണ്ടായിരുന്നത്. ലഹരിവസ്തുക്കളുമായുള്ള ബന്ധം ഉപേക്ഷിച്ചപ്പോൾ അവരാരും കൂടെയുണ്ടായിരുന്നില്ല. പുതിയ പുതിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന ആനന്ദം സുഹൃദ്‌വലയങ്ങൾക്കിടയിൽ പങ്കുവെക്കുകയും ചെയ്താണ് ഒരുകാലത്ത് ഞാൻ മുന്നോട്ടുപോയിരുന്നത്. യഥാർഥത്തിൽ, ചീപ് ഡോപമിനു വേണ്ടിയുള്ള ഒരു ഓട്ടമായിരുന്നു ജീവിതം.

ഇതിന്റെ പേരിൽ എന്റെ വീട്ടുകാർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഉമ്മയുമായും ഉപ്പയുമായുമുള്ള ആശയവിനിമയം കുറഞ്ഞു. ഒരു ഘട്ടത്തിൽ എന്നോട് സംസാരിക്കാൻ പോലും അവർക്ക് പേടിയായിരുന്നു. അവരോട് സംസാരിക്കുമ്പോൾ മറുപടി നൽകുന്ന രീതിയിലും മാറ്റമുണ്ടായി. ചെറിയ തിരുത്തലുകൾ പറയുമ്പോൾ പോലും ഞാൻ അവരെ എതിർത്തു സംസാരിച്ചു. അവർക്ക് സഹിക്കാനാകാത്ത വാക്കുകൾ പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. സ്വാഭാവികമായും, അവർ എനിക്ക് നൽകിയിരുന്ന ഉത്തരവാദിത്തങ്ങൾ കുറഞ്ഞു. എന്നോടുള്ള സംസാരവും കുറഞ്ഞു.

READ: ‘അവർ പ്രകോപിതരാവാം, ആക്രമിക്കാം’; ലഹരിക്കേസുകളിലെ പൊലീസ് വെല്ലുവിളികൾ

പുനരധിവാസകേന്ദ്രത്തിൽ പോയ സമയത്ത് കൗൺസിലിങ്ങിലൂടെയാണ് കാര്യങ്ങൾ ശരിയായി വരാൻ തുടങ്ങിയത്. എനിക്ക് കൗൺസിലിങ് നൽകിയ അതേ രീതിയിൽ കുടുംബാംഗങ്ങൾക്കും കൗൺസിലിങ് നൽകിയിരുന്നു. ഇതൊരു രോഗമാണെന്നും അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും അവരെ മനസ്സിലാക്കിക്കൊടുത്തത് കൗൺസിലിങ്ങിലൂടെയായിരുന്നു. അപ്പോഴാണ് അവർക്കും കാര്യങ്ങൾ മനസ്സിലായത്. റിക്കവറിയുടെ ഘട്ടത്തിൽ ഒരു മാസം ഞാൻ വീട്ടിൽത്തന്നെ വിശ്രമിച്ചിരുന്നു. പുറത്തേക്കിറങ്ങിയാൽ പഴയ സ്ഥലങ്ങളിലേക്കും പഴയ സുഹൃത്തുക്കളെ തേടിയും പോകാൻ സാധ്യതയുണ്ടായിരുന്നു. അതുകൊണ്ടാണ് വീട്ടിൽത്തന്നെ ഇരിക്കണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. മൊബൈൽ ഫോൺ ഉപയോഗവും ഒരു പരിധിവരെ കുറച്ചു; തീരെ ഉപയോഗിച്ചിരുന്നില്ലെന്നുതന്നെ പറയാം. ഈ കാര്യങ്ങളിൽ ശ്രദ്ധിച്ചതും നാർക്കോട്ടിക്‌സ് അനോണിമസ് മീറ്റിങ്ങുകൾ എനിക്ക് ഫലപ്രദമായതും ലഹരിമുക്തിയിലേക്കുള്ള വഴിയിൽ സഹായിച്ചു. ഒരുപക്ഷേ, എന്റെ തീരുമാനങ്ങളും അതിന് സഹായിച്ചിരിക്കാം”, അഖിൽ പറയുന്നു.

പുനരധിവാസകേന്ദ്രത്തിൽ പോയ സമയത്ത് കൗൺസിലിങ്ങിലൂടെയാണ് കാര്യങ്ങൾ ശരിയായി വരാൻ തുടങ്ങിയത്. /Representational Image
പുനരധിവാസകേന്ദ്രത്തിൽ പോയ സമയത്ത് കൗൺസിലിങ്ങിലൂടെയാണ് കാര്യങ്ങൾ ശരിയായി വരാൻ തുടങ്ങിയത്. /Representational Image

ലഹരിയിൽനിന്നുള്ള മോചനം പുനരധിവാസകേന്ദ്രത്തിലെ ചികിത്സകൊണ്ട് മാത്രം പൂർത്തിയാകുന്ന ഒന്നല്ല. ലഹരിയിൽനിന്ന് വിട്ടുനിൽക്കുന്നതിനൊപ്പം ജീവിതത്തെ വീണ്ടും ക്രമപ്പെടുത്തുകയും മാനസികമായ വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തിൽ പിന്തുണയുമായി ഒപ്പമുണ്ടാകുന്ന കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരത്തിലൊരു കൂട്ടായ്മയാണ് നാർക്കോട്ടിക്‌സ് അനോണിമസ് (NA).

ലഹരി ഉപയോഗത്തിൽനിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നവർക്കും ലഹരിമുക്തി നിലനിർത്താൻ ശ്രമിക്കുന്നവർക്കും പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനും പിന്തുണ നൽകാനും അവസരമൊരുക്കുന്ന കൂട്ടായ്മയാണിത്. പതിവായ റിക്കവറി മീറ്റിങ്ങുകളിലൂടെ ലഹരിയുടെ പിടിയിൽനിന്ന് പുറത്തുകടന്നവരുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കാം. ദീർഘകാലമായി ലഹരിമുക്തരായി കഴിയുന്നവരുടെ ജീവിതാനുഭവങ്ങൾ കേൾക്കുന്നത് വീണ്ടെടുപ്പ് സാധ്യമാണെന്ന പ്രതീക്ഷ ശക്തിപ്പെടുത്തും. സമാനമായ പ്രതിസന്ധികളിലൂടെ കടന്നുപോയവർ ഒപ്പമുണ്ടെന്ന തിരിച്ചറിവ് ഒറ്റപ്പെടലിന്റെ തോത് കുറയ്ക്കാനും സഹായിക്കുന്നു.

“നാർക്കോട്ടിക്‌സ് അനോണിമസ് കൂട്ടായ്മയുടെ റിക്കവറി മീറ്റിങ്ങുകൾ എനിക്ക് വളരെ ഫലപ്രദമായിരുന്നു. അവിടെ വരുന്ന ആളുകളുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കാം. ഓരോരുത്തരും എങ്ങനെയാണ് ലഹരിമുക്തിയിലേക്ക് എത്തിയത് എന്ന് നേരിട്ട് കേട്ടറിയുന്നത് ഫലപ്രദമായിരുന്നു. ദീർഘകാലമായി ലഹരിമുക്തരായി കഴിയുന്ന ആളുകളുടെ അനുഭവങ്ങൾ കേൾക്കുമ്പോൾ നമുക്കും അതുപോലെ വീണ്ടെടുപ്പ് സാധ്യമാണെന്ന പ്രതീക്ഷ ശക്തിപ്പെടും. വീണ്ടെടുപ്പ് സാധ്യമാണെന്ന പ്രതീക്ഷ അവിടെനിന്നാണ് ലഭിച്ചത്.

മറ്റുള്ളവർ അംഗീകരിക്കാത്ത സാഹചര്യത്തിലും നമ്മുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും ഒരിടമുണ്ടെന്നത് വളരെ വലിയ കാര്യമാണ്. / Representational Image
മറ്റുള്ളവർ അംഗീകരിക്കാത്ത സാഹചര്യത്തിലും നമ്മുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും ഒരിടമുണ്ടെന്നത് വളരെ വലിയ കാര്യമാണ്. / Representational Image

റിഹാബിലിറ്റേഷനു ശേഷമുള്ള കാലം വളരെ സങ്കീർണമായിരുന്നു. ഭാവിയെക്കുറിച്ചുള്ള ആശങ്കകളും അമിതചിന്തയും ഉണ്ടായിരുന്നു. ലഹരിവസ്തുക്കൾക്ക് അടിമപ്പെട്ട് ഞാൻ വരുത്തിവെച്ച മാനഹാനിയും സാമ്പത്തിക നഷ്ടങ്ങളും ബിസിനസിലുണ്ടായ നഷ്ടങ്ങളും കാരണം വിഷാദം, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾ നേരിടേണ്ടിവന്നു.

ഈ കാര്യങ്ങളെല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിപാടിയിൽ പങ്കെടുത്തതിനുശേഷമാണ് പഠിച്ചത്. അനോണിമസ് കൂട്ടായ്മകളിൽ അംഗങ്ങൾ പിന്തുടരുന്ന ഒരു ജീവിതരീതിയുണ്ട്. അവിടെ നിർദേശിക്കുന്ന വിവിധ ഘട്ടങ്ങൾ പരിശീലിക്കേണ്ടതുണ്ട്. അതിലൂടെയാണ് ഈ അവസ്ഥകളെല്ലാം തരണം ചെയ്തത്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നടക്കുന്ന കൺവെൻഷനുകളിലും പങ്കെടുക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ അവിടെ എത്താറുണ്ട്. ലഹരി ഉപയോഗിച്ചിരുന്നവർ അതിൽനിന്ന് എങ്ങനെ മോചനം നേടി എന്നറിയുന്നത് എന്റെ വീണ്ടെടുപ്പിനും വളരെയധികം സഹായകരമാണ്.

ലഹരിയിൽനിന്ന് വിട്ടുനിൽക്കുന്ന ആളുകളുടെ ഒരു ശൃംഖലതന്നെ ഉണ്ടെന്നത് വീണ്ടെടുപ്പിലേക്കുള്ള ഫലപ്രദമായ ചുവടുവയ്പാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നാർക്കോട്ടിക്‌സ് അനോണിമസിലെ അംഗങ്ങളെ എന്ത് പ്രശ്നമുണ്ടെങ്കിലും വിളിക്കാം. മാനസികമായി ബുദ്ധിമുട്ടുള്ള സമയങ്ങളിൽ അവരുടെ പിന്തുണ ലഭിക്കും. അവർ നമുക്കുവേണ്ടി സമയം ചെലവഴിക്കും. അതൊരു വലിയ സഹായമാണ്. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന തോന്നൽ അവിടെനിന്നാണ് ഉണ്ടായത്. കാരണം, മറ്റുള്ളവർ അംഗീകരിക്കാത്ത സാഹചര്യത്തിലും നമ്മുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരങ്ങൾ നിർദേശിക്കാനും ഒരിടമുണ്ടെന്നത് വളരെ വലിയ കാര്യമാണ്”, അഖിൽ കൂട്ടിച്ചേർത്തു.

ലഹരി ഉപയോഗിച്ചിരുന്നവർ അതിൽനിന്ന് എങ്ങനെ മോചനം നേടി എന്നറിയുന്നത് എന്റെ വീണ്ടെടുപ്പിനും വളരെയധികം സഹായകരമാണ്.
ലഹരി ഉപയോഗിച്ചിരുന്നവർ അതിൽനിന്ന് എങ്ങനെ മോചനം നേടി എന്നറിയുന്നത് എന്റെ വീണ്ടെടുപ്പിനും വളരെയധികം സഹായകരമാണ്.

യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. സിനിമകളോ സുഹൃദ്‌വലയങ്ങളോ അതുമല്ലെങ്കിൽ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മറ്റിടങ്ങളിൽ താമസിക്കുമ്പോഴുള്ള സാഹചര്യങ്ങളോ ഇതിന് കാരണമാകാം. ഏത് ലഹരിവസ്തുവും ഇന്ന് എളുപ്പത്തിൽ ലഭ്യമാകുന്നു എന്നത് വലിയൊരു കാരണമാണ്. ലഹരിയിലേക്ക് അടുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ ലഭ്യതയാണ്. ഒരു പരിധിവരെ, ലഹരി ഉപയോഗിച്ചുനോക്കാമെന്ന ചിന്തയിൽനിന്നാണ് ഇത് തുടങ്ങുന്നത്. ഉദാഹരണത്തിന്, പത്തുപേരുള്ള ഒരു സുഹൃദ്‌വലയത്തിൽ ഒരാൾ ലഹരി ഉപയോഗിക്കുന്നത് കണ്ടാൽ മറ്റുള്ളവർക്കും അത് ഉപയോഗിക്കാൻ പ്രചോദനമായേക്കാം. ലഹരി ആസക്തി ഒരു രോഗമാണെന്ന അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നത് പ്രധാനമാണ്. ഇതൊരു രോഗമാണെന്നും ചികിത്സ ആവശ്യമാണെന്നും അതിൽനിന്ന് വിട്ടുനിൽക്കാൻ കൃത്യമായ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നും ആളുകളെ ബോധ്യപ്പെടുത്താൻ ഇത്തരം ബോധവത്കരണങ്ങൾക്കും സാധിക്കും.

Comments