പാമ്പുകടി മരണം നിസ്സാരമല്ല,
കേരള ബജറ്റിലെ 25 കോടി വിലപ്പെട്ടതാണ്…

പാമ്പുവിഷബാധയേറ്റുള്ള മരണം ഇല്ലാതാക്കാൻ കേരള ബജറ്റിൽ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചതിനെയും അതിന് 25 കോടി രൂപ വകയിരുത്തിയതിനെയും സാമൂഹിക മാധ്യമങ്ങളിൽ ചിലർ പരിഹാസത്തോടെയാണ് നേരിട്ടത്. എന്നാൽ, പാമ്പുവിഷബാധ അത്രയ്ക്ക് നിസ്സാരമായ ഒന്നാണോ? അല്ല എന്നാണ് മരണങ്ങളുടെ കണക്ക് കാണിക്കുന്നത്- സ്നേഹ മേരി മാത്യു എഴുതുന്നു.

പാമ്പു കടിയേറ്റുള്ള മരണങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ എന്ന പദ്ധതി 2025-ലെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് 25 കോടി രൂപയും വകയിരുത്തി.

എന്നാൽ, ഏതാണ്ട് പരിഹാസരൂപേണയാണ് സാമൂഹിക മാധ്യമങ്ങളിൽ ഈ പദ്ധതി ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഇത്തരമൊരു പദ്ധതിയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പാമ്പ് വിഷബാധയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിനായി ആഗോള തലത്തിലും ദേശീയ തലത്തിലും ഊർജിത ശ്രമം നടക്കുന്ന പശ്ചാത്തലത്തിൽ, പ്രത്യേകിച്ച്.

വർഷം 58,000- ഓളം പേരെ
കൊന്നൊടുക്കുന്ന വില്ലൻ

ലോകാരോഗ്യ സംഘടന (World Health Organisation-WHO) അവഗണിക്കപ്പെട്ട ഉഷ്ണമേഖലാരോഗങ്ങളുടെ (Neglected tropical disease- NTD) പട്ടികയിൽ പാമ്പുകടി മരണങ്ങളെ ഉൾപ്പെടുത്തുന്നത് 2017- ലാണ്. 2019- ലെ കണക്കനുസരിച്ച് 81,000- 13,80,000,00 ഇടയിൽ ആളുകൾ ആഗോളതലത്തിൽ പാമ്പുകടിയേറ്റ് മരിക്കുന്നു. അതിൽ ഭൂരിപക്ഷവും ആഫ്രിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇന്ത്യയിൽ പ്രതിവർഷം മൂന്ന് മുതൽ നാല് ദശലക്ഷം പേർക്ക് പാമ്പുകടിയേൽക്കുന്നുണ്ട്. പാമ്പുവിഷബാധയേറ്റ് ശരാശരി 58,000- ഓളം പേർ മരിക്കുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും പിന്നാക്ക മേഖലകളിലും സംഭവിക്കുന്ന മരണങ്ങൾ കണ്ടെത്തുന്നതിലും രേഖപ്പെടുത്തുന്നതിലും പരിമിതിയുള്ളതുകൊണ്ട് ഈ കണക്ക് കൃത്യമാകണമെന്നില്ല.

പാമ്പുകടിയേറ്റ് 2024 -ൽ കേരളത്തിൽ 30 പേരാണ് മരിച്ചത്. അതിൽ 26 മരണങ്ങളും യഥാസമയം ചികിത്സയും പ്രതിരോധവും ലഭിയ്ക്കാതിരുന്നതിനാലാണ് എന്നതാണ് കേരള വനം വകുപ്പിൻ്റെ കണക്ക് വ്യക്തമാക്കുന്നത്.

കേരളത്തിൽ മരണം 30

2017- 2019 കാലത്ത് കേരളത്തിൽ പാമ്പു കടിയേറ്റ് 334 ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. പ്രതിവർഷം ശരാശരി 110 മരണം. 2020- നുശേഷം മരണം കുറഞ്ഞു: 76 (2020), 40 (2021), 42 (2022) എന്നിങ്ങനെ. 2024 -ൽ 30 പേർ മരിച്ചപ്പോൾ അതിൽ 26 മരണങ്ങളും യഥാസമയം ചികിത്സയും പ്രതിരോധവും ലഭിയ്ക്കാതിരുന്നതിനാലാണ് എന്നതാണ് കേരള വനം വകുപ്പിൻ്റെ കണക്ക് വ്യക്തമാക്കുന്നത്.

എല്ലാ കടിയും മരണകാരണമല്ല

ഇന്ത്യയുടെ സമ്പന്നമായ ജൈവവ്യവസ്ഥയിൽ 310 പാമ്പിനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ 66 ഇനങ്ങളാണ് വിഷമുള്ളവ. കേരളത്തിൽ കാണപ്പെടുന്ന 120 -ഓളം ഇനങ്ങളിൽ പത്തിനങ്ങൾ വിഷപ്പാമ്പുകളാണ്. ദേശീയ തലത്തിൽ മൂർഖന്‍ (Spectacled Cobra), വെള്ളിക്കെട്ടന്‍ (Common Indian Krait), അണലി (Russell's Viper), ചുരുട്ട മണ്ഡലി (Saw-scaled Viper) എന്നിവയാണ് പ്രധാനമായും ആളുകളുടെ മരണത്തിന് കാരണമാകുന്നത്. കേരളത്തില്‍, തവിട്ട് / മുഴു മൂക്കന്‍ കുഴിമണ്ഡലി എന്നിവയും മരണത്തിന് കാരണമാകാറുണ്ട്. മനുഷ്യജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണമാകില്ല. ഇര പിടിച്ചശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണം എന്നില്ല.

Source: National Centre for Disease Control (NCDC). (2024). National Action Plan for Prevention and Control of Snakebite Envenoming (NAPSE).
Source: National Centre for Disease Control (NCDC). (2024). National Action Plan for Prevention and Control of Snakebite Envenoming (NAPSE).

കാലാവസ്ഥാ വ്യതിയാനം
എന്ന ഘടകം

കാലവസ്ഥാവ്യതിയാനം പാമ്പുകടിയുടെ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചൂട് വർദ്ധിക്കുന്നത് പാമ്പുകളുടെ നിലവിലുള്ള ആവാസമേഖലയിൽ മാറ്റം വരുന്നതിനും അവയുടെ നിലനിൽപ്പിനനുയോജ്യമായ പുതിയ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിന് കാരണമാകുകയും ചെയ്യും. കാലവർഷത്തിലെ വ്യതിയാനങ്ങളും പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങളും പാമ്പുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തകർക്കുന്നതിനും ഒപ്പം അവയുടെ പ്രജനനം, ഭക്ഷണം തുടങ്ങിയുമായി ബന്ധപ്പെട്ട ജൈവക്രമീകരണത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു.


നഗരവത്കരണം, കൃഷി, വിവിധ നിർമ്മാണങ്ങൾ, മാലിന്യങ്ങളുടെ അശ്രദ്ധമായ വലിച്ചെറിയൽ എന്നിവ മൂലം ഭൂവിനിയോഗത്തിൽ വരുന്ന മാറ്റങ്ങളും പാമ്പുകളും മനുഷ്യരുമായുള്ള സംഘർഷം വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. പൊതുവേ പാമ്പുകളില്ലാതിരുന്ന മനുഷ്യവാസ കേന്ദ്രങ്ങളിൽ വിവിധ ഇനം പാമ്പുകളുടെ സാന്നിധ്യം വർദ്ധിക്കുന്നു എന്ന് വാർത്തകൾ വ്യക്തമാകുന്നു. വിവിധ കാരണങ്ങളാൽ പുതിയ ഇടങ്ങളിലേക്ക് മനുഷ്യരും പാമ്പുകളും മാറുമ്പോൾ പാമ്പു വിഷബാധയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെയും പൊതുജനാരോഗ്യത്തിൻ്റെയും മേഖലകളിലുള്ള സമഗ്രമായ പദ്ധതികളാണ് ആവശ്യം.

Source: Martín, Gerardo, et al. "Implications of global environmental change for the burden of snakebite." Toxicon: X 9 (2021): 100069.
Source: Martín, Gerardo, et al. "Implications of global environmental change for the burden of snakebite." Toxicon: X 9 (2021): 100069.

ഇരകളിലേറെയും
പിന്നാക്ക വിഭാഗക്കാർ

സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കിടയിലാണ് പാമ്പു കടിയേൽക്കുന്ന സംഭവങ്ങൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കർഷകർ, കർഷക തൊഴിലാളികൾ, കുട്ടികൾ, അന്തർ സംസ്ഥാന തൊഴിലാളികൾ, വനമേഖലകളിൽ താമസിക്കുന്നവർ തുടങ്ങിയവരാണ് പ്രധാനമായും ഇരകൾ. കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ അധികവും തൊഴിലുറപ്പ് - പുല്ല് വെട്ട് തൊഴിലാളികളാണ്. കുടുംബ വരുമാനത്തിൻ്റെ പ്രധാന സ്രോതസ്സുകളാകും പലപ്പോഴും ഇവർ. അത് കുടുംബത്തിൽ സൃഷ്ടിക്കുന്ന മാനസിക- സാമ്പത്തിക അരക്ഷിതാവസ്ഥയും വലുതാണ്.

ചികിത്സയും ചെലവും

പാമ്പു കടിച്ചാൽ ചികിത്സ ചർച്ച ചെയ്യപ്പെടുന്നത് ആന്റി വെനം നൽകുന്നതുവരെ മാത്രാമാണ്. എന്നാൽ വിഷം അകത്ത് ചെന്നിട്ടുണ്ടെങ്കിൽ വിദഗ്ധ തുടർ ചികിത്സ ആവശ്യമാണ്.

രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യനാഡീമണ്ഡലത്തെയും (Neurotoxic) അണലി വിഷം രക്തമണ്ഡലത്തെയുമാണ് (Haemotoxic) ബാധിക്കുന്നത്. അതുകൊണ്ട് വിഷാശം ശരീരത്തെ ബാധിച്ചിരിക്കുന്നതിൻ്റെ തോതനുസരിച്ച് ചികിത്സയും പരിചരണവും വ്യത്യസ്തമാകും.

സർക്കാർ മേഖലയിൽ ചികിത്സ സൗജന്യമാണെങ്കിലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നവർക്ക് സ്ഥിതി വ്യത്യസ്തമാണ്. തമിഴ് നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ അടിസ്ഥാനത്തിൽ നടന്ന പഠനം അനുസരിച്ച്, തീവ്രപരിചരണ വിഭാഗം, ശസ്ത്രക്രിയകൾ, വാർഡ് ചാർജുകൾ എന്നിവ ഉൾക്കൊള്ളുന്ന ആശുപത്രി ചെലവുകളാണ് മൊത്തം ചികിത്സാച്ചെലവിൽ ഏറ്റവും കൂടുതൽ. അതിനുശേഷം, പ്രധാനമായും ആന്റി വെനവും മറ്റ് മരുന്നുകളും ഉൾപ്പെടുന്ന ഫാർമസി ചെലവുകളും. ആന്റി വെനത്തിന്റെ വില സർക്കാർ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ആന്റിബയോട്ടിക്കുകൾ, രക്തഉൽപ്പന്നങ്ങൾ, ശസ്ത്രക്രിയകൾ എന്നിവ പോലുള്ള അധിക മെഡിക്കൽ ആവശ്യങ്ങൾ മൊത്തം ചെലവ് കാര്യമായി വർദ്ധിപ്പിക്കുന്നു.

അടിയന്തര ചികിത്സ ലഭ്യമാക്കിയാൽ വിഷം ശരീരത്തെ ബാധിക്കുന്നതും അവയെ തുടർന്നുള്ള മരണവും കുറയ്ക്കുവാൻ കഴിയും എന്നു തന്നെയാണ് വിദഗ്ദർ പറയുന്നത്.

2020- ൽ കേരള വനം വകുപ്പ് പുറത്തിറക്കിയ ‘സർപ്പ ആപ്പ്’ പാമ്പുകടി അനുബന്ധ ആളപായങ്ങളെ കുറയ്ക്കുന്നതിൽ ഫലപ്രദമായ ഇടപെടലായിരുന്നു.

ബജറ്റ് നിർദ്ദേശങ്ങളുടെ പ്രസക്തി

2018 മെയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ, WHO അംഗരാജ്യങ്ങളോട് പാമ്പു കടിയേറ്റതുമൂലമുള്ള വിഷബാധയുടെ തോത് വിലയിരുത്തുവാനും അവ കുറയ്ക്കുന്നതിന് ആവശ്യമായ നിരീക്ഷണം, പ്രതിരോധം, ചികിത്സ, പുനരധിവാസ പരിപാടികൾ എന്നിവ ശക്തിപ്പെടുത്താനും നിർദേശിച്ചിരുന്നു. 2030- ഓടെ പാമ്പ് കടിയേറ്റതുമൂലമുള്ള മരണങ്ങളും അംഗവൈകല്യവും പകുതിയാക്കി കുറയ്ക്കുക എന്ന ലക്ഷ്യമാണ് WHO മുന്നോട്ടുവെച്ചത്.

യൂണിയൻ ഗവൺമെന്റ് 2020 മാർച്ചിൽ പാമ്പ് കടിയേറ്റതുമൂലമുള്ള വിഷബാധാ മരണങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ദേശീയ പ്രവർത്തന പദ്ധതി (The National Action Plan for Snakebite Envenoming- NAPSE) പ്രഖ്യാപിച്ചു. മനുഷ്യർ, വന്യജീവികൾ, മൃഗങ്ങൾ എന്നിവയെ ഉൾപ്പെടുത്തി നടത്തേണ്ട തന്ത്രപരമായ നടപടികളെ ഇതനുസരിച്ച് നിശ്ചയിച്ചിട്ടുണ്ട്. 2024 നവംബറിൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം പാമ്പു കടിയേറ്റ കേസുകളും മരണങ്ങളും ‘അറിയിക്കപ്പെടേണ്ട രോഗങ്ങൾ’ (notifiable disease) ആയി പ്രഖ്യാപിച്ചു.

പാമ്പു കടിയേറ്റുള്ള മരണങ്ങൾ കുറയ്ക്കുന്നതിന് വിവിധ തലത്തിലുള്ള പദ്ധതികൾ കേരളം നടപ്പിലാക്കിയിട്ടുണ്ട്. 2025-ലെ കേരള ബജറ്റിൽ അവതരിപ്പിച്ച ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ എന്ന പദ്ധതി സംസ്ഥാന സർക്കാർ കുറച്ച് വർഷങ്ങളായി ആരംഭിച്ച മഹത്തായ പദ്ധതിയുടെ അവസാനഘട്ടമെന്നാണ് ധനമന്ത്രി അറിയിച്ചത്.

 2025-ലെ കേരള ബജറ്റിൽ അവതരിപ്പിച്ച ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ എന്ന പദ്ധതി സംസ്ഥാന സർക്കാർ കുറച്ച് വർഷങ്ങളായി ആരംഭിച്ച മഹത്തായ പദ്ധതിയുടെ അവസാനഘട്ടമെന്നാണ് ധനമന്ത്രി അറിയിച്ചത്.
2025-ലെ കേരള ബജറ്റിൽ അവതരിപ്പിച്ച ‘പാമ്പുവിഷബാധ ജീവഹാനി രഹിത കേരളം’ എന്ന പദ്ധതി സംസ്ഥാന സർക്കാർ കുറച്ച് വർഷങ്ങളായി ആരംഭിച്ച മഹത്തായ പദ്ധതിയുടെ അവസാനഘട്ടമെന്നാണ് ധനമന്ത്രി അറിയിച്ചത്.

2020- ൽ കേരള വനം വകുപ്പ് പുറത്തിറക്കിയ ‘സർപ്പ ആപ്പ്’ പാമ്പുകടി അനുബന്ധ ആളപായങ്ങളെ കുറയ്ക്കുന്നതിൽ ഫലപ്രദമായ ഇടപെടലായിരുന്നു. ഒഡീഷ, തമിഴ്നാട്, ആസാം സർക്കാരുകൾ ഇതിൻ്റെ മാതൃക പിന്തുടർന്ന് ആപ്പുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാമ്പുകളെ പിടികൂടി ആവാസവ്യവസ്ഥയില്‍ കൊണ്ടുപോയി വിടുന്നതിന് പരിശീലനം നല്‍കിയ ഒട്ടേറെ വളണ്ടിയർമാർ ഈ പദ്ധതിയുടെ വിജയത്തിൻ്റെ പ്രധാന കാരണമാണ്. പദ്ധതിയുടെ വികസനത്തിനും കൂടുതൽ ആളുകൾക്ക് ശാസ്ത്രീയ പരിശീലനം നൽകുന്നതിനും പൊതുജന ബോധവത്കരണത്തിനും ഈ പദ്ധതി കാരണമാകും എന്ന് പ്രതീക്ഷിക്കാം.

പാമ്പിന്‍ വിഷം ശരീരത്തിലെത്തിയാലുള്ള പ്രധാന ചികിത്സ ആന്റി സ്നേക് വെനം (Anti-Snake venom- ASV) നല്‍കലാണ്. പാമ്പിന്‍വിഷത്തെ നിര്‍വീര്യമാക്കാനുള്ള മറുമരുന്നാണിത്. മൂർഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ട മണ്ഡലി എന്നിവയ്‌ക്കെതിരെ ആന്റിബോഡികൾ അടങ്ങിയ പോളിവാലെന്റ് ആന്റി- സ്നേക്ക് വെനം നല്‍കുന്നത് പാമ്പ് കടിയേറ്റ കേസുകളിൽ 80% വരെ ഫലപ്രദമാണ്.

നിലവിൽ കേരളത്തിൽ താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള ആശുപത്രികളിലാണ് ആന്റി വെനം ലഭ്യമാക്കിയിട്ടുള്ളത്. 2024 -ൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യത ഉറപ്പുവരുത്തതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചിരുന്നു. കൂടുതൽ കേന്ദ്രങ്ങളിൽ- പ്രത്യേകമായി പാമ്പുകടി സാദ്ധ്യതാ മേഖലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ- ഇവ ലഭ്യമാക്കുന്നതിനുള്ള നടപടികളുണ്ടാക്കാനും അതുവഴി അടിയന്തര ചികിത്സയുടെ വേഗം കൂട്ടാനും മരണസാദ്ധ്യത കുറയ്ക്കാനും ബജറ്റ് വിഹിതം ഇടയാക്കും. പാമ്പു കടിയേറ്റ രോഗികളെ ചികിത്സിക്കുന്നതിന് ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുന്ന പദ്ധതികളും മരണനിരക്ക് കുറയ്ക്കുവാൻ സഹായിക്കും.

പാരമ്പരാഗത വൈദ്യം, ഒറ്റമൂലി- പച്ചമരുന്ന് തുടങ്ങിയ ചികിത്സാരീതികൾ പാമ്പ് കടിയേറ്റതിൻ്റെ പ്രതിവിധിയാണ് എന്ന തെറ്റിദ്ധാരണ ശക്തമാണ്.

പാമ്പുവിഷത്തിന്
ഒറ്റമൂലിയില്ല

പാരമ്പരാഗത വൈദ്യം, ഒറ്റമൂലി- പച്ചമരുന്ന് തുടങ്ങിയ ചികിത്സാരീതികൾ പാമ്പ് കടിയേറ്റതിൻ്റെ പ്രതിവിധിയാണ് എന്ന തെറ്റിദ്ധാരണ ശക്തമാണ്. തെറ്റായ പ്രാഥമിക ശുശ്രൂഷ നൽകുന്നതും കടിയേറ്റാളുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കാറുണ്ട്. അശാസ്ത്രീയ ചികിത്സാരീതികൾ അവസാനിപ്പിക്കുകയും അതിനെതിരായ ബോധവൽക്കരണവും ആവശ്യമാണ്.

പാമ്പുകടികളുടെ സാമൂഹിക- പാരിസ്ഥിതിക മാനങ്ങളെ ഉൾച്ചേർത്തുള്ള സമഗ്ര ശാസ്ത്രീയ പഠനങ്ങൾക്കുള്ള സൗകര്യങ്ങളും ഗ്രാൻ്റുകളും ഏർപ്പെടുത്തുവാനുമുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ലഭ്യമായ എ.എസ്.വികൾക്കുപുറമേ കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന മറ്റ് വിഷപാമ്പുകളുടെ ആൻ്റി വെനം വികസിപ്പിക്കുവാനുള്ള ഗവേഷണങ്ങൾക്കും സർക്കാർ പിന്തുണ നൽകേണ്ടതുണ്ട്. ആന്റിവെനം നിർമ്മാണകേന്ദ്രം ആരംഭിക്കും എന്ന പ്രഖ്യാപനം പ്രതീക്ഷ നല്കുന്നതുമാണ്.

പാമ്പുവിഷബാധയേറ്റുള്ള മരണം ഇല്ലാതാക്കാനുള്ള പദ്ധതി പ്രഖ്യാപനം, സങ്കീർണമാകുന്ന മനുഷ്യ - വന്യജീവി സംഘർഷങ്ങളെ നേരിടുന്നതിനുള്ള അഭിനന്ദനാർഹമായ ചുവടുവെയ്പ്പാണ്. വാർത്തകളിൽ ഇടംപിടിയ്ക്കുന്ന സംഭവങ്ങൾക്കപ്പുറമുള്ള പൊതുജനാരോഗ്യ പ്രശ്‌നത്തെ കൃത്യമായി തിരിച്ചറിഞ്ഞ് എടുത്ത ഒരു തീരുമാനം. ഈ പദ്ധതി വിജയകരമായി നടപ്പാക്കേണ്ടതുണ്ട്. അതിനായി ബോധവത്കരണവും സ്ഥിരമായ നയപിന്തുണയും അനിവാര്യമാണ്. പാമ്പു കടിയേറ്റുള്ള മരണങ്ങൾ ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പരിഗണിച്ചാൽ, സമയോചിത ഇടപെടലിന്റെ അഭാവത്തിൽ ഒരു ജീവനും നഷ്ടപ്പെടാത്ത ഭാവിയിലേക്ക് നീങ്ങാൻ കഴിയും.

REFERENCE:

Budget Speech 2025-26, Government of Kerala. Presented by K.N. Balagopal, Finance Minister.

Salim A, Williams J, Abdel Wahab S, et al. Identifying key factors contributing to treatment costs for snakebite envenoming in private tertiary healthcare settings in Tamil Nadu, India. PLoS Negl Trop Dis. 2023;17(10):e0011699.

Kerala Forest & Wildlife Department. Sarpa – Snakebite Management Initiative. Available at: https://forest.kerala.gov.in/en/sarpa/ [Accessed February 2025].

World Health Organization (WHO). Snakebite and climate change – A call for urgent action to future-proof a neglected tropical disease. 12 January 2024. Available at: https://www.who.int/news/item/12-01-2024-snakebite-and-climate-change [Accessed February 2025].

Information & Public Relations Department, Government of Kerala. ആന്റിവെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം : മന്ത്രി വീണാ ജോർജ്. Available at: https://www.prd.kerala.gov.in/ml/node/264138 [Accessed February 2025].

Kerala Kaumudi. Snakebite deaths on the rise in Kerala; other departments to cooperate with forest department to halve snakebite deaths. Available at: https://keralakaumudi.com/en/news/news.php?id=1459570&u=snakebite-deaths-on-the-rise-in-kerala-other-departments-to-cooperate-with-forest-department-to-halve-snakebite-deaths-1459570 [Accessed February 2025].

National Centre for Disease Control (NCDC). National Action Plan for Prevention and Control of Snakebite Envenoming (NAPSE). Available at: https://ncdc.mohfw.gov.in/wp-content/uploads/2024/07/NATIONAL-ACTION-PLAN-FOR-PREVENTION-AND-CONTROL-OF-SNAKEBITE-ENVENOMING-NAPSE.pdf [Accessed February 2025].

Martín, Gerardo, et al. "Implications of global environmental change for the burden of snakebite." Toxicon: X 9 (2021): 100069.


READ ALSO:

Comments