ഒടുവിൽ പ്രതീക്ഷിച്ചുതന്നെ സംഭവിച്ചു; അന്ധവിശ്വാസനിരോധന നിയമ നിർമാണത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ദുർമന്ത്രവാദവും ആഭിചാരവുമെല്ലാം നിരോധിക്കുന്ന നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നുവെങ്കിലും 2023 ജൂലൈ അഞ്ചിനുചേർന്ന മന്ത്രിസഭായോഗം ഇത്തരമൊരു നിയമവുമായി മുന്നോട്ടു പോകേണ്ടതില്ല എന്നു തീരുമാനിച്ചുവെന്നാണ് സർക്കാർ ഹൈക്കോടതയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.
ദുർമന്ത്രവാദവും ആഭിചാരങ്ങളും നിരോധിക്കാനുള്ള നിയമം നിർമിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം 2022-ൽ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. സാമൂഹിക പ്രാധാന്യമുള്ള വിഷയത്തിൽ ഇത്തരമൊരു സത്യവാങ്മൂലമല്ല സർക്കാറിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബെഞ്ച്, മൂന്നാഴ്ചക്കകം, ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിയന്ത്രണ നടപടി വ്യക്തമാക്കി മറ്റൊാരു സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഫലത്തിൽ, സർക്കാർ വിശദീകരണം കോടതി തള്ളിക്കളഞ്ഞിരിക്കുന്നു.
2022-ൽ യുക്തിവാദിസംഘത്തിന്റെ ഹർജി പരിഗണിച്ച സമയത്ത്, നിയമനിർമാണത്തെക്കുറിച്ച് ആലോചിക്കുന്നുവെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. അതിൽനിന്ന് കടകവിരുദ്ധമായ നിലപാടാണ്, ഒരു കാരണവും വിശദീകരിക്കാതെ, ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

പത്തനംതിട്ടയിലെ ഇലന്തൂരിൽ 2022-ൽ രണ്ട് സ്ത്രീകളെ കഴുത്തറുത്തുകൊന്ന സംഭവത്തെതുടർന്നാണ്, അന്ധവിശ്വാസനിരോധന നിയമത്തെക്കുറിച്ച് വ്യാപക ചർച്ചയുയർന്നത്. 2019-ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമീഷൻ തയാറാക്കിയ 'ദ കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യുമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആന്റ് ബ്ലാക് മാജിക് ബിൽ- 2019' എന്ന കരടുബിൽ അടക്കം സംസ്ഥാന സർക്കാറിനുമുന്നിൽ നിരവധി ബില്ലുകളുണ്ടായിരുന്നു. അന്ധവിശ്വാസനിരോധന നിയമത്തിനുവേണ്ടി സർക്കാർ ശക്തമായ നടപടി തുടങ്ങിയതായി അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും പുറത്തും പ്രഖ്യാപിച്ചു.
എന്നാൽ, അവശ്യം വേണ്ട ഈയൊരു നിയമത്തിനുവേണ്ടി മുന്നോട്ടുപോകേണ്ടതില്ല എന്ന് എന്തുകൊണ്ടാണ് സർക്കാർ തീരുമാനിച്ചത്? രണ്ടു വർഷം മുമ്പുതന്നെ ഇത്തരമൊരു തീരുമാനമെടുത്ത സർക്കാർ, അത് എന്തുകൊണ്ടാണ് വിശദീകരിക്കാൻ മടിച്ചത്? ഹൈക്കോടതിയിൽ ഒരു ഹർജിയ്ക്കുള്ള വിശദീകരണമായി മാത്രം വെളിപ്പെടേണ്ട കാര്യമല്ല ഇത്.
അന്ധവിശ്വാസനിരോധന നിയമം കൊണ്ടുവരുമെന്ന് നിയമസഭയിൽ തന്നെ ഉറപ്പുകളുണ്ടായിട്ടുണ്ട്. അതിൽനിന്ന് ഏകപക്ഷീയമായും ദുരൂഹമായും പിൻവാങ്ങുകയാണ് എൽ.ഡി.എഫ് സർക്കാർ.
വിശ്വാസവും മതാചാരങ്ങളും അന്ധവിശ്വാസങ്ങളും തമ്മിൽ കൃത്യമായി വേർതിരിക്കാനാകില്ല എന്നതുകൊണ്ടാണ് നിയമത്തിൽനിന്ന് പിന്മാറുന്നത് എന്നതാണ് സർക്കാർ ന്യായം. മതവിശ്വാസത്തിന്റെ മറവിൽ ഏതുതരം അനാചാരങ്ങളെയും വകവെച്ചുകൊടുക്കാനുള്ള ന്യായം മാത്രമാണിതെന്ന് വ്യക്തം. ഇത്തരമൊരു നിയമത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും സാമൂഹിക വിരുദ്ധത ചർച്ചയാകും. മതപൗരോഹിത്യവും ആൾദൈവങ്ങളും അടക്കമുള്ള 'ശക്തി'കൾക്കെതിരെ നിലപാട് സ്വീകരിക്കേണ്ടിവരും. ഇതിൽനിന്നെല്ലാമുള്ള ‘രക്ഷപ്പെടലാണ്’ സർക്കാറിന്റേത്.
വിശ്വാസങ്ങൾ ഏതെല്ലാം സന്ദർഭങ്ങളിൽ കുറ്റകൃത്യമായി മാറുന്നു എന്ന് കൃത്യമായി വിശദീകരിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. കൊലപാതകങ്ങളും വ്യാജ ചികിത്സാമരണങ്ങളും ധനകാര്യത്തട്ടിപ്പുകളും മന്ത്രവാദങ്ങളും അടക്കമുള്ള അത്തരം നിരവധി സംഭവങ്ങൾ നമുക്കു മുന്നിലുണ്ട്. അവയ്ക്കെതിരായ പൊതുബോധവും ശക്തമാണ്. എന്നാൽ, വിശ്വാസങ്ങളെയും ആചാരങ്ങളെയും നേരിയ തോതിലെങ്കിലും ചോദ്യം ചേയ്യേണ്ടിവരുന്നത്, ആചാരസംരക്ഷകരായ അധികാര രാഷ്ട്രീയത്തെ സംബന്ധിച്ച് വലിയ വില കൊടുക്കേണ്ടിവരുന്ന സംഗതിയാണെന്ന്, സി.പി.എമ്മും കോൺഗ്രസും അടക്കമുള്ള കക്ഷിരാഷ്ട്രീയത്തിന് നന്നായി അറിയാം. അതുകൊണ്ടാണ്, ഇരുമുന്നണികളും വളരെ സമർഥമായി ഈയൊരു നിയമത്തെ കാലങ്ങളായി ചുവപ്പുനാടയിൽ ബന്ധിച്ചുനിർത്തിയിരിക്കുന്നത്.

ഉദാഹരണത്തിന്, സർക്കാറിനു മുന്നിൽ വിവിധ സംഘടനകളും ജനപ്രതിനിധികളും സമർപ്പിച്ച ബില്ലുകളിൽ അന്ധവിശ്വാസമെന്ന് പൊതുവായി നിർവചിക്കപ്പെടുന്ന ചില കാര്യങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ശരീരത്തിൽ ലോഹദണ്ഡുകൾ തുളച്ചുകയറ്റി നടത്തുന്ന തൂക്കം, മാനസിക രോഗത്തിനെന്ന പേരിലുള്ള വ്യാജ ചികിത്സ, മന്ത്രവാദം, ദുരാചാരം, ജ്യോത്സ്യം, ഫലസിദ്ധിയുണ്ടെന്ന് അവകാശപ്പെടുന്ന യാഗയജ്ഞ പൂജാദികർമങ്ങൾ, പുരോഹിതരുടെ കുഴിമാടങ്ങളും ഖബറുകളും സാമ്പത്തിക ചൂഷണത്തിന് ഉപയോഗിക്കുക, ആൾദൈവങ്ങളായി ചമഞ്ഞ് തട്ടിപ്പ് തുടങ്ങിയവ കുറ്റകൃത്യങ്ങളായി പരിഗണിക്കണമെന്ന് എല്ലാ ബില്ലുകളും നിർദേശിക്കുന്നു.
ഇവയെ കുറ്റകൃത്യങ്ങളായി കാണാനാകുമോ എന്ന സംശയയുക്തിയാണ് സർക്കാർ സത്യവാങ്മൂലത്തിനു പുറകിൽ പ്രവർത്തിക്കുന്നത് എന്ന് വ്യക്തം. ആചാരങ്ങൾ തിരുത്താനും വിശ്വാസങ്ങളിലെ മനുഷ്യവിരുദ്ധതക്കും എതിരെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുകയും നവോത്ഥാനത്തുടർച്ച അവകാശപ്പെടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ സർക്കാറിനാണ് ഈ സ്ഥലജലവിഭ്രാന്തി എന്നതാണ് ഏറെ പരിതാപകരം. മതപൗരോഹിത്യവും ആൾദൈവങ്ങളും വലിയ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്വാധീനം ചെലുത്തുന്ന ശക്തികളായി വളർന്നിട്ടുണ്ട്. അധികാരകേന്ദ്രങ്ങളിലും ഭരണകൂടങ്ങളിലും അവർക്ക് പിൻവാതിൽ ബന്ധങ്ങളുമുണ്ട്. തങ്ങളുടെ സാമ്രാജ്യങ്ങളെ ദുർബലമാക്കുന്ന ഏതു നീക്കവും ഇല്ലാതാക്കാൻ തക്ക ശക്തമാണ്, ഈ സ്വാധീനം എന്ന് സർക്കാർ നിലപാട് മറയില്ലാതെ വെളിപ്പെടുത്തുന്നു.
ആചാരങ്ങൾ തിരുത്താനും വിശ്വാസങ്ങളിലെ മനുഷ്യവിരുദ്ധതക്കും എതിരെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുകയും നവോത്ഥാനത്തുടർച്ച അവകാശപ്പെടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന്റെ സർക്കാറിനാണ് നിയമത്തെക്കുറിച്ച് സ്ഥലജലവിഭ്രാന്തി എന്നതാണ് ഏറെ പരിതാപകരം.
വാസ്തവത്തിൽ, അന്ധവിശ്വാസനിരോധന ബിൽ കൊണ്ടുവരുന്നതിനും അതിന്മേൽ ജനകീയമായ സമവായമുണ്ടാക്കുന്നതിനുമുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോൾ കേരളത്തിലുണ്ട്. കാരണം, ഇത്തരമൊരു ബില്ലിന് ആശയപരമായി ഒരു പാർട്ടിയും എതിരല്ല. കേരളത്തിലെ വിവിധ മതസംവിധാനങ്ങളും വിശ്വാസിസമൂഹവും അടക്കമുള്ള പൊതുസമൂഹത്തിനുമുന്നിൽ യുക്തിഭദ്രമായി തന്നെ ഈ വിഷയം അവതരിപ്പിക്കാൻ കഴിയും. പതിനഞ്ചു വർഷത്തിനിടയിൽ യു.ഡി.എഫ്- എൽ.ഡി.എഫ് സർക്കാറുകൾക്കു മുന്നിൽ സമർപ്പിക്കപ്പെട്ട ബില്ലുകളിലെ നിർദേശങ്ങൾ പലതും വിശ്വാസികളടക്കമുള്ള ജനകീയമായ സമവായത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുവെച്ചവയാണ്. അവയിലേറെയും നിരോധിക്കപ്പെടേണ്ട കുറ്റകൃത്യങ്ങളാണെന്നതിൽ വലിയ തർക്കങ്ങളുമുണ്ടായിട്ടില്ല.

2014-ൽ യു.ഡി.എഫ് ഭരണകാലത്ത്, എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രൻ 'അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽബിൽ- 2014' തയാറാക്കിയത്, പല തലങ്ങളിലുള്ള ചർച്ചകൾക്കുശേഷമാണ്. തുടർചർച്ച നടത്തി നിയമം കൊണ്ടുവരുമെന്നാണ് അന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പ്രഖ്യാപിച്ചത്.
2018-ൽ എം.എൽ.എയായിരുന്ന പി.ടി. തോമസ്, ആൾദൈവങ്ങൾ അടക്കമുള്ളവർക്കെതിരെ നടപടിക്ക് നിർദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബിൽ കൊണ്ടുവന്നു.
2019-ൽ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമീഷനും അന്ധവിശ്വാസനിരോധന നിയമം മുന്നോട്ടുവച്ചു. വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വേർതിരിവ് സംബന്ധിച്ച് അവ്യക്തതയുള്ളതിനാൽ ഈ കരടിനുപകരം പുതുക്കിയ ബിൽ തയാറാക്കണമെന്നാണ്, പിന്നീട് ഈ വിഷയം ചർച്ച ചെയ്ത മന്ത്രിസഭായോഗം തീരുമാനിച്ചത്.

2021-ൽ നിയമസഭയിൽ ആലത്തൂരിലെ സി.പി.എം എം.എൽ.എ കെ.ഡി. പ്രസേനൻ 'കേരള അന്ധവിശ്വാസ- അനാചാര നിർമാർജന ബിൽ-2021' അവതരിപ്പിച്ചു.
ഇതുകൂടാതെ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള യുക്തിവാദി സംഘം തുടങ്ങിയ സംഘടനകൾ സമർപ്പിച്ച ബില്ലുകൾ വേറെ. 2014-ൽ ഡോ. നരേന്ദ്ര ധബോൽക്കറുടെ രക്തസാക്ഷിത്വത്തിന്റെ ഒന്നാംവാർഷികത്തിലാണ് പരിഷത്ത് ബില്ലിന്റെ കരട് സർക്കാരിന് സമർപ്പിച്ചത്. അന്നത്തെ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും ബില്ല് യാഥാർത്ഥ്യമാക്കുന്നതിനുള്ള ശ്രമം ആരംഭിക്കും എന്ന് ഉറപ്പ് നൽകിയതിനെതുടർന്ന് മാതൃകാബില്ലും സമർപ്പിച്ചിരുന്നു.
എന്നാൽ, ഇവ നിയമസഭയിലും പുറത്തും ചർച്ച ചെയ്ത് ജനകീയമായ സമവായത്തിന് ഇരു മുന്നണി സർക്കാറുകളും ശ്രമം നടത്തിയില്ല. വാസ്തവത്തിൽ, അന്ധവിശ്വാസങ്ങൾക്കെതിരായ നിയമനിർമാണത്തിന്റെ സങ്കീർണത കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. മറ്റു സംസ്ഥാനങ്ങളിൽ ഈ പ്രശ്‌നം കേരളത്തിലേതിനേക്കാൾ തീവ്രമാണെന്നു പറയാം. എന്നിട്ടും മഹാരാഷ്ട്ര, ഝാർഖണ്ഡ്, കർണാടക, ബീഹാർ, ഒഡീഷ, രാജസ്ഥാൻ, ആസാം തുടങ്ങിയ സംസ്ഥാനങ്ങൾക്ക്, പരിമിതികളോടെയാണെങ്കിലും ഇത്തരമൊരു നിയമം പാസാക്കാനായി. ഏതൊക്കെ വിശ്വാസങ്ങളാണ് കുറ്റകൃത്യങ്ങളുടെ പരിധിയിൽ വരിക എന്ന ആശയക്കുഴപ്പം ആ സംസ്ഥാനങ്ങളും നേരിട്ടിരുന്നു. എന്നാൽ, അതാതിടങ്ങളിലെ സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഏറെക്കുറെ യുക്തിസഹമായ തീരുമാനത്തിലെത്താൻ ആ സംസ്ഥാനങ്ങൾക്കു കഴിഞ്ഞു.

കേരളത്തിലും ഇത്തരമൊരു നിയമം കൊണ്ടുവരുമെന്ന് നിയമസഭയിൽ തന്നെ ഉറപ്പുകളുണ്ടായിട്ടുണ്ട്. അതിൽനിന്ന് ഏകപക്ഷീയമായും ദുരൂഹമായും പിൻവാങ്ങുകയാണ് എൽ.ഡി.എഫ് സർക്കാർ. ആരുടെ താൽപര്യപ്രകാരമാണ്, പൊതുസമൂഹത്തിന് മുഖ്യമന്ത്രിയടക്കമുള്ളവർ നൽകിയ ഉറപ്പിൽനിന്ന് പിൻവാങ്ങുന്നതെന്ന് സർക്കാർ വിശദീകരിക്കേണ്ടതുണ്ട്.
ട്രൂകോപ്പി വെബ്‌സീന് നൽകിയ അഭിമുഖത്തിൽ കെ.ഡി. പ്രസേനൻ പറഞ്ഞത്, സാമൂഹിക പ്രതിബന്ധതയുള്ള ജനാധിപത്യസംവിധാനത്തിൽ നിർബന്ധമായും ഇത്തരം ബില്ലുകൾ അനിവാര്യമാണ് എന്നാണ്, നിയമസഭയിൽ തന്റെ ബില്ലിൽ ഇടപെട്ട് സംസാരിച്ച എല്ലാ ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയത്തിനതീതമായി സൂചിപ്പിച്ചത് എന്നാണ്. അതുകൊണ്ട് ഇന്നല്ലെങ്കിൽ നാളെ ഈ ബില്ലിന്റെ ആശയമുൾക്കൊള്ളുന്ന ഒരു ബില്ല് നിയമസഭ പാസാക്കുമെന്നുതന്നെയാണ് താൻ കരുതുന്നത് എന്നും എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണ് അതിന് ഏറ്റവും സാധ്യതയുള്ളത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. പുരോഗമനചിന്ത പങ്കിടുന്ന പൗരസമൂഹത്തിന്റെ ഈയൊരു പ്രതീക്ഷയാണ് പിണറായി വിജയന്റെ സർക്കാർ ഇപ്പോൾ കെടുത്തിക്കളഞ്ഞത്.
അന്ധവിശ്വാസ ചൂഷണ നിരോധന നിയമം പാസാക്കുന്നതിൽ നിന്നുള്ള സർക്കാരിന്റെ പിൻമാറ്റം ആശങ്കയ്ക്കിടവരുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടുന്നു. കരട് ബില്ല് ജനകീയ ചർച്ചകളിലൂടെ കുറ്റമറ്റതാക്കാനുള്ള പൊതുചർച്ചകൾക്ക് മുൻകൈയെടുക്കുന്നതിനുപകരം നിയമത്തിൽനിന്നുതന്നെ പിന്തിരിയുന്നത് അന്ധവിശ്വാസത്തട്ടിപ്പുകൾ നടത്തുന്നവർക്കും അവയിലൂടെ സവിശേഷമായ പ്രതിലോമരാഷ്ട്രീയം വളർത്തുവാൻ യത്നിക്കുന്ന ശക്തികൾക്കും സഹായകമാകുമെന്നും പരിഷത്ത് ചൂണ്ടിക്കാട്ടുന്നു.
അന്ധവിശ്വാസ നിരോധനനിയമവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്ക് പ്രസിദ്ധീകരിച്ച മറ്റ് ലേഖനങ്ങള്‍ വായിക്കാം:
ചുവപ്പുനാടയിൽ കേരളം ബന്ധിച്ച അന്ധവിശ്വാസ നിരോധന നിയമം
