ലോകത്തെല്ലായിടത്തും പുറമ്പോക്ക് മനുഷ്യരുടെ അതിജീവനരീതികൾ ഏറെക്കുറെ സമാനമാണ്. അത്തരം മനുഷ്യർക്ക് ഒറ്റക്കുനിന്ന് പോരാടാനോ അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കാനോ കഴിയുന്നില്ല. അങ്ങനെ കഴിഞ്ഞിടത്തൊക്കെ അതിനെ ഭരണകൂടം ക്രൂരമായി അടിച്ചമർത്തിയിട്ടുമുണ്ട്. അത്തരം ഭരണകൂടങ്ങളെ നാം ജനാധിപത്യത്തിൻ്റെ ഭാഗമായി വാഴ്ത്തുകയും ചെയ്യും. കേരളത്തിലെ എല്ലാ രീതിയിലുള്ള അടിത്തട്ട് സമരങ്ങളോടും മുഖ്യധാരാ സമീപനം ഒരേ പോലെയാണ്, ആശാ വർക്കർമാരുടെ സമരം ഉൾപ്പെടെ. അതിനുകാരണം, മുഖ്യധാരാ മൂലധന ശക്തികളോട് സമരസപ്പെട്ട് മാത്രമേ സമ്പന്ന സവർണ്ണ രാഷ്ട്രീയ കൂട്ടുകെട്ടിന് മുന്നോട്ടു പോകാൻ കഴിയൂ. അവിടെ അടിത്തട്ട് മനുഷ്യരോടുള്ള സമീപനം ജനാധിപത്യവിരുദ്ധമാകുന്നത് അവർ അസംഘടിത സമൂഹമായതുകൊണ്ടു കൂടിയാണ്. മാത്രമല്ല, ഭൂരഹിതരും സാമ്പത്തിക സ്വാശ്രയത്വമില്ലാത്തവരുമായ മനുഷ്യരൊക്കെ സമൂഹത്തിലെ ഉത്പാദനശക്തികളുടെ ഭാഗമാകാതെ പുറംതള്ളപ്പെട്ട സാമൂഹ്യ മനുഷ്യരാകുന്നു എന്ന പൊതുധാരണ ശക്തമാണ്.
ആശ വർക്കർമാർ ഉന്നയിക്കുന്ന അവകാശങ്ങളോട് മുഖംതിരിക്കുന്ന മുഖ്യധാരാ സമീപനങ്ങളെ ജനാധിപത്യവാദികൾ ചോദ്യം ചെയ്യേണ്ടതുണ്ട്.
Read: ചില്ലുമേടയിലിരുന്ന് കല്ലെറിയുന്നവരോട് – ആശാവർക്കർമാരുടെ സമരത്തെപ്പറ്റി
ഈ യാഥാർത്ഥ്യം നിലനിൽക്കേ, എന്തുകൊണ്ടാണ് സമൂഹത്തിലെ സാമ്പത്തിക പുരോഗതിയും ഭൗതിക വികസനവും അടിത്തട്ട് മനുഷ്യരിലേക്ക് എത്താത്തവിധം ചോർന്നു പോകുന്നത് എന്ന ചോദ്യം മുഖ്യധാരാ ചർച്ചയിലേക്ക് വരുന്നില്ല. അടിത്തട്ട് ജനവിഭാഗത്തിൻ്റെ വികസനം എന്നത് ഭരണകൂടത്തിന്റെ ലക്ഷ്യം കാണാത്ത ഉദാരതയായി ഇപ്പോഴും നിലനിൽക്കുകയാണ്. കേരളത്തിലെ കോളനികളും അസംഘടിത തൊഴിലാളികളും എന്തുകൊണ്ട് അടിത്തട്ടിനെ പ്രതിനിധീകരിക്കുന്നു? ലോകത്തിലെ എല്ലാ സമൂഹങ്ങളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെങ്കിലും സമാനമായ രീതിയിലാണ് ഇത്തരം മനുഷ്യർ ജീവിക്കുന്നത്. അതിൻ്റെ പ്രധാന കാരണം, മുഖ്യധാരാ ജീവിതം മുന്നോട്ടുവെക്കുന്ന അധീശത്വ രാഷ്ട്രീയ സമീപനവും അത് ഉൽപ്പാദിപ്പിക്കുന്ന വികസന മാതൃകകളും മധ്യ- ഉപരിവർഗ്ഗങ്ങളെ പരിഗണിച്ചുകൊണ്ടാണ്. അപ്പോഴും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി ഇത്തരം മനുഷ്യർ വോട്ട് ചെയ്യുന്നുണ്ട്. എന്നാൽ സാമൂഹ്യനീതിയോ തുല്യതയോ സാമ്പത്തിക വികേന്ദ്രീകരണത്തിന്റെ അനുഭവസ്ഥരോ ആകാൻ കഴിയാത്തവിധം അടിത്തട്ടിലെ മനുഷ്യർ മുഖ്യധാരാ അനുഭവ പരിസരത്തേക്ക് വളരുന്നില്ല.

ഇന്ത്യയിൽ അതിൻ്റെ രാഷ്ട്രീയ പശ്ചാത്തലത്തെ ക്രമപ്പെടുത്തുന്നത് ജാതിയാണെങ്കിൽ മറ്റ് പലയിടത്തും വംശീയതയും അടിമബോധവുമാണ്. ഈ രീതിയിലുള്ള സമീപനങ്ങളെ മാറ്റിയെടുക്കാൻ പുരോഗമന ബോധത്തിന് കഴിയാത്തത് മുഖ്യധാരാ സമീപനത്തിൻ്റെയും വികസന കാഴ്ചപ്പാടിൻ്റെയും ഫലമാണ്. കറുത്തവരോട് വെളുത്തവർക്കുള്ള സമീപനം. ബ്രാഹ്മണർക്ക് ദലിതരോടുള്ള സമീപനം. മുതലാളിക്ക് തൊഴിലാളിയോടുള്ള സമീപനം. ഇതൊന്നും മുഖ്യധാരാ രാഷ്ട്രീയ സമീപനത്തിൻ്റെ ചർച്ചയിലേക്ക് വരുന്നില്ല. മറിച്ച്, സംഭവിക്കുന്നത് ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അക്കാദമിക്ക് പണ്ഡിതരുടെ അകമുറയിലെ തണുത്ത സംവാദങ്ങളാണ്.
അതേസമയം, ഇതിനെതിരെ ശബ്ദിക്കാൻ കൊച്ചുകൊച്ചു ദേശങ്ങളിലെ പൊതുസമൂഹത്തിന് ചെറിയ രീതിയില്ലെങ്കിലും കഴിഞ്ഞിട്ടുമുണ്ട്. ആ അർത്ഥത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം ആർജ്ജിച്ചെടുത്തിട്ടുള്ള സാമൂഹിക പുരോഗതിയും രാഷ്ട്രീയ ഇടപെടലും ഇതിനുമുമ്പും ചർച്ചയായതാണ്. എന്നാൽ ഈ യാഥാർത്ഥ്യം നിലനിൽക്കെ, ഇപ്പോഴും കേരളത്തിലെ അടിത്തട്ട് മനുഷ്യരോടുള്ള മുഖ്യധാരാ സമീപനങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന് തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

വ്യത്യസ്ത നിലപാടുകൾ എന്ന രീതിയിൽ (രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ എല്ലാ ഒന്നായിക്കൊണ്ടിരിക്കുകയാണ്.) മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാൽ നിയന്ത്രിക്കപ്പെടുന്ന കേരളീയ സമൂഹത്തിനകത്ത് നിന്നുകൊണ്ടു മാത്രമേ ഏതൊരു കൂട്ടങ്ങൾക്കും തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയൂ. അത് വിരുദ്ധാഭിപ്രായങ്ങൾ ആയാൽപ്പോലും. അതാകട്ടെ, മുഖ്യധാരാ പ്രസ്ഥാനങ്ങളോടോ അതിനെ നിയന്ത്രിക്കുന്നവരുടെ രാഷ്ട്രീയ നിലപാടുകളോടോ ഐക്യപ്പെട്ടു കൊണ്ടായിരിക്കണം. അല്ലാത്ത പക്ഷം, അത്തരം വിരുദ്ധാഭിപ്രായങ്ങളെ പ്രതിരോധിച്ചും അടിച്ചമർത്തിയുമാണ് മുഖ്യധാരാ രാഷ്ട്രീയക്കാർ നിലപാടുകൾ സ്വീകരിക്കുക. ഓരോ കാലത്തും ഭരിക്കുന്നവർ പാർശ്വവൽകൃത വിഭാഗങ്ങളുടെ സമരങ്ങളെ എതിർക്കുമ്പോൾ, പ്രതിപക്ഷത്തുള്ളവർ അതിനോട് യോജിക്കുന്ന കാഴ്ച രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ്. മുത്തങ്ങ, അരിപ്പ, ചെങ്ങറ തുടങ്ങിയ നിരവധി ഭൂസമരങ്ങളോട് ഭരണ- പ്രതിപക്ഷ നിലപാടുകൾ രൂപപ്പെട്ടത് ഇത്തരം താൽപര്യ രാഷ്ട്രീയത്തിന്റെ യുക്തിയിൽ നിന്നാണ്. ഇത് വീണ്ടും തുടരുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിലെ ആശ വർക്കർമാർ നടത്തുന്ന അതിജീവനത്തിന് വേണ്ടിയുള്ള സമരങ്ങൾ കാണിക്കുന്നത്.
ആശാ വർക്കാർമാരെപ്പോലുള്ളവർ തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന ചെറുതും വലുതുമായ എല്ലാ സമരങ്ങളെയും പ്രധാന രാഷ്ട്രീയ പാർട്ടികൾ അവഗണിക്കാറാണ് പതിവ്. അതിനെ വർഗ്ഗീയമായോ തീവ്രരാഷ്ട്രീയത്തിന്റെ ഭാഗമായോ മുദ്രകുത്തി പരിഹസിക്കുന്നു.
ഇവിടെ ഏറ്റവും ഗൗരവപ്പെട്ട വിഷയം, കേരളത്തിലെ ഇടതുപക്ഷത്തെ നിയന്ത്രിക്കുന്ന തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൻ്റെ സമീപനമാണ്. ആ നിലയിലാണ് സി പി എമ്മിന്റെ തൊഴിലാളി വിഭാഗ പ്രസ്ഥാനത്തിൻ്റെ നേതാവ് എളംമരം കരീമിൻ്റെ നിലപാടിനെ കാണേണ്ടത്. അത് എന്തുമാത്രം വസ്തുതാവിരുദ്ധമാണ്. ഇത്തരം നിലപാടുകൾ നേരത്തെയും കേരളത്തിലെ പാർശ്വവൽകൃതരുടെ സമരങ്ങളോട് മുഖ്യധാരാ പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം മനുഷ്യർ തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി നടത്തുന്ന ചെറുതും വലുതുമായ എല്ലാ സമരങ്ങളെയും പ്രധാന രാഷ്ട്രീയ പാർട്ടികൾ അവഗണിക്കാറാണ് പതിവ്. അതിനെ വർഗ്ഗീയമായോ തീവ്രരാഷ്ട്രീയത്തിന്റെ ഭാഗമായോ മുദ്രകുത്തി പരിഹസിക്കുന്നു. അങ്ങനെ പൊതുസമൂഹത്തിൽ അതിൻ്റെ രാഷ്ട്രീയ പ്രാധാന്യത്തെ പരിഹസിക്കുന്ന നിലപാടാണ് എക്കാലത്തും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

അത് ആണവനിലയങ്ങൾക്കെതിരായ സമരമായാലും കുടിവെള്ളത്തിനു വേണ്ടിയായാലും കരിങ്കൽ ക്വാറിക്കെതിരെയും ഭൂമിക്കും പട്ടയത്തിനും വേണ്ടിയായാലും, ഇത്തരം സമരങ്ങളോടുള്ള നിലപാടുകൾ ഈ രീതിയിൽ തന്നെയാണ്. ഈയൊരു മുഖ്യധാരാ സമീപനം രൂപപ്പെടുന്നതിൻ്റെ രാഷ്ട്രീയ കാരണങ്ങൾ പലതാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ അടിത്തട്ട് മനുഷ്യരുടെ രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഏത് ഭരണകൂടത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്നു. ഇത്തരം സമരകാലത്ത് ഉയർന്നു വരുന്ന സാമൂഹ്യനീതിയെക്കുറിച്ചും തുല്യതയെക്കുറിച്ചുമുള്ള സംവാദങ്ങളും ചർച്ചകളും ചിലത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മേൽത്തട്ടു മനുഷ്യരും മധ്യവർഗ്ഗവും അനുഭവിക്കുന്ന ജീവിതത്തിൻ്റെ അയലത്തു പോലും അടിത്തട്ട് മനുഷ്യർക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യമാണത്. അത് കേരളത്തിൻ്റെ എല്ലാ മൂല്യങ്ങളെയും വികസന രീതികളെയും മുൾമുനയിൽ നിർത്തും.
Read: ഇത്രയും അടിസ്ഥാന ആവശ്യങ്ങൾക്കാണ് ഇടതു സർക്കാർ ASHA വർക്കർമാരെ രാപകൽ സമരത്തിൽ നിർത്തിയിരിക്കുന്നത്
ആശാ വർക്കർമാരുടെ പരിമിതമായ ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ആവശ്യങ്ങളോടുള്ള സർക്കാരിൻ്റെ സമീപനങ്ങൾ അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. അതിന് പല കാരണങ്ങളുണ്ട്. എല്ലാ മനുഷ്യർക്കും ശരാശരി ജീവിത അവസരങ്ങൾ സൃഷ്ടിക്കുക എന്നുള്ളത് ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ജന്മനാ അടിത്തട്ടു മനുഷ്യർ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം പോയതിന്റെ പ്രധാന കാരണങ്ങൾ, ജാതിമേൽക്കോയ്മയും ഭൂസ്വത്തിൽ മേൽ ജാതി മനുഷ്യരും രാഷ്ട്രീയ അധികാരവർഗ്ഗവും നേടിയ അധീശത്വവുമാണ്. മൂലധനശക്തികൾ നേടിയ ഈ അധികാരത്തെ ഏഴു പതിറ്റാണ്ട് കഴിഞ്ഞിട്ടും മാറ്റിയെടുക്കാൻ മുഖ്യധാരാ രാഷ്ട്രീയവർഗത്തിന് കഴിഞ്ഞിട്ടില്ല. അവർ എക്കാലത്തും ശ്രദ്ധിച്ചിട്ടുള്ളതും വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുള്ളതും മധ്യ ഉപരിവർഗ്ഗ താൽപര്യങ്ങളെ കണ്ടുകൊണ്ടാണ്.
സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാറിൻ്റെ ഭാഗമായി നിൽക്കുന്നവർക്കും അടിക്കടി ഉണ്ടാകുന്ന ശമ്പള വർദ്ധനവും ഭൗതിക ജീവിത നിലവാരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളും അൽഭുതപ്പെടുത്തുന്നതാണ്. ഇതിൻ്റെ പത്ത് ശതമാനം പോലും അടിത്തട്ടു മനുഷ്യരിലേക്ക് എത്തുന്നില്ല.
സർക്കാർ ഉദ്യോഗസ്ഥർക്കും സർക്കാറിൻ്റെ ഭാഗമായി നിൽക്കുന്നവർക്കും അടിക്കടി ഉണ്ടാകുന്ന ശമ്പള വർദ്ധനവും ഭൗതിക ജീവിത നിലവാരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൗകര്യങ്ങളും അൽഭുതപ്പെടുത്തുന്നതാണ്. ഇതിൻ്റെ പത്ത് ശതമാനം പോലും അടിത്തട്ടു മനുഷ്യരിലേക്ക് എത്തുന്നില്ല. ഈ ജനാധിപത്യവിരുദ്ധ നിലപാടിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എല്ലാവർക്കും ഒരേ പോലെ അല്ലെങ്കിലും പരമാവധി ജീവിക്കാനുള്ള സാഹചര്യമൊരുക്കൽ ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അതിന് ബോധപൂർവ്വം തയ്യാറാവാത്ത അവസരങ്ങളിലാണ് അടിത്തട്ട് മനുഷ്യർ തുറന്ന ഇടങ്ങളിൽ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നത്. അതിനോട് പ്രതികരിക്കാതെ, വെറും കാഴ്ചയായി കണ്ടു പോകുന്ന മുഖ്യധാരാ സമീപനങ്ങളോട് സഹതപിക്കാതെ കൈവിരൽ ഉയർത്താൻ പൊതു സമൂഹത്തിന് കഴിയണം. ആശ വർക്കർമാർ ഉന്നയിക്കുന്ന അവകാശങ്ങളോട് മുഖംതിരിക്കുന്ന മുഖ്യധാരാ സമീപനങ്ങളെ ജനാധിപത്യവാദികൾ ചോദ്യം ചെയ്യേണ്ടതുണ്ട്.