ചില്ലുമേടയിലിരുന്ന് കല്ലെറിയുന്നവരോട് – ആശാവർക്കർമാരുടെ സമരത്തെപ്പറ്റി

ന്യായമായ ആവശ്യങ്ങളുന്നയിച്ച് തെരുവിൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ പ്രക്ഷോഭത്തെ എന്തുകൊണ്ടാണ് സർക്കാറും ഭരണകൂടത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മിന്റെ അണികളും പുച്ഛിച്ചുതള്ളുന്നത്? പൊതുരംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ച സ്ത്രീകൾക്ക് സ്വയം ചിന്തിക്കാൻ ശേഷിയുണ്ടാകും എന്ന് തിരിച്ചറിയാൻ പോലും കഴിവില്ലാത്തവരിൽ നിന്ന് എന്തു സാമൂഹ്യപുരോഗമനമാണ് പ്രതീക്ഷിക്കാനാവുക?- ആൽത്തിയ സഹോദരീസംഘം എഴുതുന്നു.

21-ാം നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹ്യവികസനകഥ പറഞ്ഞ് ആത്മപ്രശംസയിൽ മുഴുകുന്ന നാടാണ് കേരളം, ഇന്നും. ആ കഥയിലെ മുഖ്യാംശം ആരോഗ്യസംബന്ധമാണുതാനും. ആ അംശത്തെ സാധ്യമാക്കുന്ന തൊഴിലാളിസ്ത്രീകളാണ് ഇന്ന് കേരളത്തിൽ തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവിലിറങ്ങിയിരിക്കുന്നത്. അതേ, ആശാ വർക്കർമാർ ഇന്നത്തെ കേരളത്തിലെ പൊതുജനാരോഗ്യപരിപാലനത്തിൽ വഹിക്കുന്ന പങ്ക് വളരെ വലുതു തന്നെയാണ്. എന്തിന്, കേരള മാതൃകാ വികസനത്തിൽ വീട്ടമ്മയ്ക്കു പുറമെ ഗ്രാമതലത്തിൽ കഠിനാദ്ധ്വാനം ചെയ്ത സ്ത്രീകളായ സാമൂഹ്യവികസനപ്രവർത്തകർക്കും വലിയൊരു പങ്കുണ്ടെന്ന് നിസ്സംശയം പറയാം.

ഇന്ന് കേരള സർക്കാറിന്റെ ശ്രദ്ധയത്രയും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലാണ്. എന്നാൽ ഈ ലക്ഷ്യത്തിനു തുരങ്കം വയ്ക്കുന്ന വിചിത്രമായ ഒരു ബുദ്ധിമോശം അവർ കാട്ടുന്നുമുണ്ട്. ജനാധിപത്യ വ്യവസ്ഥയിലൂടെ അധികാരത്തിലേറിയ സർക്കാരിൽ നിന്ന് ജനങ്ങൾ ന്യായമായും ആവശ്യപ്പെടുന്ന ഗുണഫലമാണ് ആരോഗ്യം. എന്നാൽ ഇന്നത്തെ സർക്കാരിനെ മോഹിപ്പിച്ചിരിക്കുന്ന ആ ലക്ഷ്യത്തെ—വിദേശനിക്ഷേപത്തെ - ഇങ്ങോട്ടേയ്ക്ക് ആകർഷിക്കാൻ പോലും ആ അംശം ആവശ്യമാണെന്നത് നിസ്തർക്കമാണ്. ആരോഗ്യവും വിദ്യാഭ്യാസവുമുള്ള, കാര്യക്ഷമതയുള്ള, തൊഴിൽസേന സാമൂഹ്യവികസനത്തിലൂടെ കേരളം സജ്ജമാക്കിയിരിക്കുന്നു എന്നുള്ള പറച്ചിൽ കൂടാതെ വിദേശ നിക്ഷേപകരുടെ ശ്രദ്ധയെ ഇവിടേയ്ക്ക് ആകർഷിക്കാനാകുമെന്ന് തോന്നുന്നില്ല. എന്നാൽ ഈ അടിസ്ഥാനവ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന കണ്ണുകാണായ്കയാണ് സമരം ചെയ്യുന്ന ആശാവർക്കർമാരോടുള്ള അവഗണന വഴി കേരളസർക്കാർ കാട്ടുന്നത്.

കേരളത്തിനു പുറത്തുനടത്തുന്ന പബ്ലിക് റിലേഷൻസ് പ്രചാരണത്തിൽ വികസനപ്രവർത്തകരായ സ്ത്രീകളുടെ നേട്ടങ്ങളെ പെരുപ്പിച്ചുകാട്ടി കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന നിങ്ങൾ അവർ നടത്തുന്ന സമരത്തോടു കാട്ടുന്ന പുച്ഛം നിങ്ങൾക്കു തന്നെ തിരിച്ചടിയാകും.
കേരളത്തിനു പുറത്തുനടത്തുന്ന പബ്ലിക് റിലേഷൻസ് പ്രചാരണത്തിൽ വികസനപ്രവർത്തകരായ സ്ത്രീകളുടെ നേട്ടങ്ങളെ പെരുപ്പിച്ചുകാട്ടി കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന നിങ്ങൾ അവർ നടത്തുന്ന സമരത്തോടു കാട്ടുന്ന പുച്ഛം നിങ്ങൾക്കു തന്നെ തിരിച്ചടിയാകും.

ചില്ലുമേടയിൽ ജീവിക്കുന്നവർ കല്ലെറിയരുത്. സാമൂഹ്യവികസന ചില്ലുമേടയിലിരുന്നുകൊണ്ട് ഇവിടുത്തെ ആരോഗ്യവികസന സംവിധാനത്തിന്റെ അടിസ്ഥാനപ്രവർത്തകരെ നിന്ദിക്കരുത് -  തിരുവനന്തപുരത്ത് കഴിഞ്ഞ രണ്ടാഴ്ചയിലധികം നീണ്ടുകഴിഞ്ഞിരിക്കുന്ന ആശാ വർക്കർമാരുടെ സമരത്തെ കുറച്ചുകാണിക്കാൻ ശ്രമിക്കുന്ന സർക്കാരിനോടും സി പി എം അണികളോടും ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്. കേരളത്തിനു പുറത്തുനടത്തുന്ന പബ്ലിക് റിലേഷൻസ് പ്രചാരണത്തിൽ വികസനപ്രവർത്തകരായ സ്ത്രീകളുടെ നേട്ടങ്ങളെ പെരുപ്പിച്ചുകാട്ടി കൈയ്യടി വാങ്ങാൻ ശ്രമിക്കുന്ന നിങ്ങൾ അവർ നടത്തുന്ന സമരത്തോടു കാട്ടുന്ന പുച്ഛം നിങ്ങൾക്കു തന്നെ തിരിച്ചടിയാകും.

വെറും സന്നദ്ധപ്രവർത്തകരല്ല, അവർ

കേരളത്തിന്റെ ആരോഗ്യസംവിധാനത്തിൽ ആശാ വർക്കാർമാർ വഹിക്കുന്ന പങ്കിനെ കുറച്ചുകാട്ടാൻ നിങ്ങളുടെ പ്രചാരകർ സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും നടത്തുന്ന അപഹാസ്യ ശ്രമങ്ങൾ ഉടൻ അവസാനിപ്പിക്കുകയാണു വേണ്ടത്. കമ്മ്യൂണിസ്റ്റ് കക്ഷി എന്നവകാശപ്പെടുന്നവർക്ക് ചേരാത്ത പ്രവൃത്തിയാണത്. ഉദാഹരണത്തിന് ഒരു ചാനൽ ചർച്ചയിൽ ഇടതുപക്ഷവക്താവായ ഒരു പുരുഷൻ ചോദിക്കുന്നതു കേട്ടു: സമരം ശരിയായിരിക്കാം, പക്ഷേ ആശാവർക്കർമാർ നിങ്ങളെയും എന്നെയും പോലെ രാവിലെ കൃത്യസമയത്ത് തൊഴിൽസ്ഥലത്തെത്തി തൊഴിൽചെയ്തു മടങ്ങുന്ന തൊഴിലാളികളാണോ?

ഐ സി ഡി എസ് സംവിധാനം ആരംഭിച്ചപ്പോഴും അംഗനവാടി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്തത് സുശീലാ ഗോപാലനടക്കമുള്ള ഇടതുനേതാക്കളാണ്. പക്ഷേ നവലിബറൽ ഭരണസംസ്കാരം ഇന്ത്യയിൽ വേരുറച്ചതോടെ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ സ്ത്രീകളുടെ കൂലിയില്ലാ- കൂലികുറഞ്ഞ അദ്ധ്വാനത്തെ മുതലെടുക്കുന്ന പ്രവണതയ്ക്ക് ശക്തിയേറുകയാണുണ്ടായത്.

ഇത്രയും മൂഢത്വം കമ്മ്യൂണിസ്റ്റുകൾക്ക് എങ്ങനെയുണ്ടായി എന്നു ചോദിക്കാൻ ഞങ്ങളെ ഈ ചോദ്യം പ്രേരിപ്പിക്കുന്നു. ഇന്ത്യയിൽ സ്ത്രീകളെ കീഴ്ത്തട്ടു പ്രവർത്തനങ്ങളിലേക്ക് സേവന-സന്നദ്ധപ്രവർത്തകരായി കൂലിയില്ലാതെയോ കൂലി കുറച്ചോ നിയമിക്കുന്ന ഏർപ്പാടിന് ഏറെ പഴക്കമുണ്ടെന്ന കാര്യം അവർ മറന്നുപോയോ?പഴയ ഗ്രാമലക്ഷ്മി- ഗ്രാമസേവിക മുതൽ ലേഡീ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വരെ സ്ത്രീകൾ കീഴ്ത്തട്ടുകളിൽ നിർവ്വഹിക്കുന്ന സാമൂഹ്യവികസന അദ്ധ്വാനത്തെ അദ്ധ്വാനമല്ലെന്ന് സ്ഥാപിക്കുന്ന തൊഴിൽനിഷേധസംസ്കാരത്തിൽ നിന്നാണ് തുടങ്ങിയത്. ഇവയിലെ അനൗപചാരികതയെയും കൂലിയിലും ജോലിസമയത്തിലും ഉണ്ടായിരുന്ന വ്യവസ്ഥയില്ലായ്മയെയും മറ്റും തിരുത്തിയത് ഇവിടുത്തെ സംഘടിത തൊഴിലാളിപ്രസ്ഥാനങ്ങളുടെ പരിശ്രമങ്ങളാണ്. പിന്നീട് ഐ സി ഡി എസ് സംവിധാനം ആരംഭിച്ചപ്പോഴും അംഗനവാടി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്തത് സുശീലാ ഗോപാലനടക്കമുള്ള ഇടതുനേതാക്കളാണ്. പക്ഷേ നവലിബറൽ ഭരണസംസ്കാരം ഇന്ത്യയിൽ വേരുറച്ചതോടെ സ്ത്രീശാക്തീകരണത്തിന്റെ പേരിൽ സ്ത്രീകളുടെ കൂലിയില്ലാ- കൂലികുറഞ്ഞ അദ്ധ്വാനത്തെ മുതലെടുക്കുന്ന പ്രവണതയ്ക്ക് ശക്തിയേറുകയാണുണ്ടായത്.

 ഐ സി ഡി എസ് സംവിധാനം ആരംഭിച്ചപ്പോഴും അംഗനവാടി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്തത് സുശീലാ ഗോപാലനടക്കമുള്ള ഇടതുനേതാക്കളാണ്.
ഐ സി ഡി എസ് സംവിധാനം ആരംഭിച്ചപ്പോഴും അംഗനവാടി തൊഴിലാളികളെ സംഘടിപ്പിക്കാൻ മുൻകൈയ്യെടുത്തത് സുശീലാ ഗോപാലനടക്കമുള്ള ഇടതുനേതാക്കളാണ്.

സന്നദ്ധ പ്രവർത്തകർക്കും സേവകർക്കും കൂലിയില്ല, ഓണറേറിയം മാത്രമേ ഉള്ളൂ എന്നതും തൊഴിലാളിവർഗ കക്ഷികൾക്ക് സമ്മതമായി. അവർ തൊഴിലാളികളേ അല്ല എന്ന വാദം ഇന്ന് സർക്കാർ ഉന്നയിക്കുന്നത് ആകസ്മികമല്ല. തദ്ദേശ സമൂഹതലത്തിൽ ആരോഗ്യപ്രവർത്തനം പലപ്പോഴും വൈകാരിക അദ്ധ്വാനം കൂടിയാണ് – ഗാർഹികസാഹചര്യത്തിൽ സ്ത്രീകൾ പതിവായി നിർവ്വഹിക്കുന്നത്. ജന്‍ററിനെപറ്റി വാ തോരാതെ വീമ്പുപറയുമെങ്കിലും കേരളസർക്കാരിന്റെ അദ്ധ്വാനസങ്കല്പം ഇപ്പോഴും പുരുഷകേന്ദ്രിതം തന്നെയായതുകൊണ്ടാണ് ആശാ വർക്കറുടെ അദ്ധ്വാനം ഇനിയും അപ്രത്യക്ഷമായി തുടരുന്നത്.

കേരളത്തിലെ ഇടതുപക്ഷവും ആ സംസ്കാരത്തെ പുണരുകയായിരുന്നു. സവിശേഷമായ ലിംഗവത്കൃത സ്വഭാവം ഈ ചൂഷണത്തിന് തീർച്ചയായും ഉണ്ട്. സ്ത്രീകളുടെ അദ്ധ്വാനത്തെ ചൂഷണംചെയ്ത് സ്വന്തം മുഖം മിനുക്കിവയ്ക്കുന്ന പിതൃമേധാവിത്വമാണ് ഇന്ന് കേരള സർക്കാർ. മലയാളി സ്ത്രീകൾ വിദ്യാഭ്യാസത്തിലൂടെ ആർജിച്ച വ്യക്തിത്വവികാസവും ഗൃഹബാഹ്യ ജീവിതാസക്തിയും, അവർക്കിടയിലുള്ള വ്യാപകമായ തൊഴിലില്ലായ്മയും മുതലെടുത്താണ് കാര്യക്ഷമതയിലും ജോലിയോടുള്ള പ്രതിബദ്ധതയിലും മുൻപന്തിയിൽ നിൽക്കുന്ന സ്ത്രീതൊഴിലാളിസേനയെ ഈ രംഗത്ത് സൃഷ്ടിക്കാൻ ഇവിടുത്തെ സർക്കാരിനു കഴിഞ്ഞത്. പലപ്പോഴും പൊതുജീവിതം കാംക്ഷിക്കുന്ന സ്ത്രീകൾ അതിനായി വലിയ ത്യാഗങ്ങൾ സഹിക്കാറുണ്ട്. പക്ഷേ സഹനങ്ങൾക്കെല്ലാം അതിരുണ്ടെന്ന് കേരളത്തിലെ അധികാരവർഗം തിരിച്ചറിയേണ്ട സമയമായിരിക്കുന്നു. പൊതുരംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ച സ്ത്രീകൾക്ക് സ്വയം ചിന്തിക്കാൻ ശേഷിയുണ്ടാകും എന്ന് തിരിച്ചറിയാൻ പോലും കഴിവില്ലാത്തവരിൽ നിന്ന് എന്തു സാമൂഹ്യപുരോഗമനമാണ് പ്രതീക്ഷിക്കാനാവുക... സ്ത്രീശാക്തീകരണത്തിലൂടെ കടന്നുപോയതുകൊണ്ടാണ് സമരക്കാരികൾ ചൂഷിതരായ തൊഴിലാളികളാണ് തങ്ങൾ എന്നു തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് വിളിച്ചുപറയാൻ സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സ്ത്രീപക്ഷ ബുദ്ധിജീവികൾക്കു പോലും കഴിയുന്നില്ല, കഷ്ടം.

സുശീലാ ഗോപാലന്റെ കക്ഷിയാണ് നിങ്ങൾ എന്ന് നിങ്ങൾ മറന്നിരിക്കാം, പക്ഷേ കേരളജനത അതു മറക്കാനിടയില്ല. അവരുടെ കക്ഷിയുടെ അനുകൂലികളാണ് ഇന്ന് ആശാ വർക്കർ വെറും സന്നദ്ധപ്രവർത്തകർ മാത്രമാണെന്ന് പറഞ്ഞു പല്ലിളിക്കുന്നത്.

സ്ത്രീശാക്തീകരണത്തിലൂടെ കടന്നുപോയതുകൊണ്ടാണ് സമരക്കാരികൾ ചൂഷിതരായ തൊഴിലാളികളാണ് തങ്ങൾ എന്നു തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് വിളിച്ചുപറയാൻ സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സ്ത്രീപക്ഷ ബുദ്ധിജീവികൾക്കു പോലും കഴിയുന്നില്ല, കഷ്ടം.
സ്ത്രീശാക്തീകരണത്തിലൂടെ കടന്നുപോയതുകൊണ്ടാണ് സമരക്കാരികൾ ചൂഷിതരായ തൊഴിലാളികളാണ് തങ്ങൾ എന്നു തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് വിളിച്ചുപറയാൻ സിപിഎമ്മിനോടു ചേർന്നുനിൽക്കുന്ന സ്ത്രീപക്ഷ ബുദ്ധിജീവികൾക്കു പോലും കഴിയുന്നില്ല, കഷ്ടം.

500- 600 വീടുകളുടെ ഉത്തരവാദിത്തമുള്ളവർ

സമരം ചെയ്യുന്ന ആശാ വർക്കർമാർ കേരളത്തിന്റെ ആരോഗ്യനേട്ടങ്ങളിൽ അഭിമാനം കൊള്ളുന്നവരാണ്. ഇടതുസർക്കാരുകൾ തങ്ങളുടെ നേട്ടമായി അവകാശപ്പെടുന്ന സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി സ്വയം തിരിച്ചറിയുന്നവരാണ്. 1993 മുതൽ ഗ്രാമപ്രദേശങ്ങളിൽ സന്നദ്ധ ആരോഗ്യപ്രവർത്തകരായി വേതനം കൂടാതെ പ്രവർത്തിച്ച പലരും സമരത്തിലുണ്ട്. സ്ത്രീകളുടെ സാമൂഹ്യസേവനസാധ്യതകളെപ്പറ്റി ആ കാലത്തും ശേഷവും കേരളത്തിലാകെ പടർന്ന ആഖ്യാനങ്ങൾ തന്നെയാണ് അവരെ അതിലേക്ക് ആകർഷിച്ചത്. ക്ഷതസാധ്യത കൂടിയ കുടുംബങ്ങൾക്കും മാറാരോഗികൾക്കും വയോജനങ്ങൾക്കും തങ്ങൾ ചെയ്യുന്ന സേവനത്തിന്റെ പ്രാധാന്യത്തെ ഓർത്ത് ഈ തൊഴിലിൽ തങ്ങൾ സഹിക്കുന്ന നഷ്ടത്തെയും പ്രയാസത്തെയും അവഗണിക്കുന്ന തൊഴിലാളികളാണ് ഇവർ. കേരളത്തിൽ വെള്ളപ്പൊക്കത്തിനുശേഷം പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരുന്നതിനു പിന്നിൽ ഇവരുടെ അദ്ധ്വാനമായിരുന്നു. മഹാമാരിക്കാലത്തെ കേരളം തരണംചെയ്തതിലും വലിയ പങ്കുവഹിച്ചവരാണിവർ. ഇവരെയാണ് ഉത്തരവാദപ്പെട്ട ഇടതുമന്ത്രിമാർ വല്ലവരുടെയും താളത്തിനു തുള്ളുന്ന വെറും പാവകളായി ചിത്രീകരിക്കുന്നത്. അവരുടെ സമരത്തെയാണ് വെറും അനാവശ്യമെന്ന് വിളിച്ച് തള്ളിക്കളയുന്നത്.

വാർഡ് മെമ്പർ, ജൂനിയർ പബ്ളിക് നേഴ്സ്, പാലിയേറ്റിവ് കെയർ നേഴ്സ്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ – ഇവരെല്ലാം ആശാ വർക്കറുടെ താങ്ങുസംവിധാനത്തിന്റെ ഭാഗമാകേണ്ടതാണ്. പക്ഷേ താങ്ങാകുന്നതിനു പകരം പലപ്പോഴും അധികാരി- കീഴ്ജീവനക്കാരി ബന്ധമാണ് വേതനക്കാര്യത്തിൽ നിലവിലുള്ളത്.

SUCI എന്ന സംഘടനയിൽപ്പെട്ടവരാണ് സമരം തുടരുന്നതെന്നും മറ്റുള്ളവർ പിൻവാങ്ങിയെന്നുമുള്ള സർക്കാരിന്റെ അവകാശവാദം വ്യാജമാണെന്ന് സമരക്കാർ തീർത്തുപറയുന്നു. ഇനി അങ്ങനെയാണെങ്കിൽത്തന്നെ ആശാ വർക്കർമാർ ഉന്നയിക്കുന്ന വിഷമതകളെല്ലാം അതിനാൽ അസാധുവാണെന്ന വാദം ചിന്താദൂഷ്യം (thought fallacy) മാത്രമാണ് – ഉത്തരംമുട്ടിയപ്പോൾ നടത്തിയ ദയനീയമായ പല്ലിളി. സമരത്തെ കോൺഗ്രസ് ഏറ്റെടുത്തു എന്ന വാർത്തയെ സമരക്കാർ നിഷേധിച്ചുകഴിഞ്ഞു. സന്ദർശനത്തിനെത്തിയ ബി ജെ പി നേതാക്കളെ അധികാരം കൈവശമുള്ളവർ സംസാരത്തിലൂടെയല്ല, പ്രവർത്തനത്തിലൂടെയാണ് തങ്ങളുടെ ആത്മാർത്ഥത തെളിയിക്കേണ്ടത് എന്ന് അവർ ഓർമ്മിപ്പിച്ചു. സമരത്തിനു പിന്നിൽ ആരാണെന്നല്ല, അതുന്നയിക്കുന്ന വിഷയങ്ങളുടെ ഗൌരവത്തെയാണ് സർക്കാർ അന്വേഷിക്കേണ്ടത്. കേട്ടയുടൻ സമരം അനാവശ്യം എന്നു പ്രഖ്യാപിക്കുന്ന നേതാക്കൾ ജനാധിപത്യസംസ്കാരം ഉൾക്കൊണ്ടവരാണെന്ന് പറയാനാവില്ല, തീർച്ച.

തങ്ങൾക്ക് ഏകദേശം പന്ത്രണ്ടു മണിക്കൂറിലധികം പുറത്ത് വേലയെടുക്കേണ്ടിവരുന്നുണ്ടെന്ന് സമരം ചെയ്യുന്ന സ്ത്രീകൾ പറയുന്നു. വീട്ടിലെത്തിയാൽ മിനിറ്റ് തയ്യാറാക്കലും മറ്റുമായി വീണ്ടും രണ്ടും മൂന്നും മണിക്കൂറുകൾ വേറെയും. വീട്ടിലിരുന്നാലും ഫോൺ വഴിയുള്ള തൊഴിൽനിർവ്വഹണം കൂട്ടാതെയാണിത്. ഇത് പൊതുവെ സ്ത്രീകൾക്കു സർക്കാരും എൻ ജി കളും നൽകുന്ന തൊഴിലവസരങ്ങളുടെ പ്രത്യേകതയാണ്. പിതൃമേധാവിത്വ സംസ്കാരത്തിലെ പരിചരണാദ്ധ്വാനത്തിന്റെ അടിസ്ഥാന സ്വഭാവത്തെ അതുപോലെ നിലനിർത്തി സ്ത്രീയുടെ പ്രവർത്തനത്തെ സ്വന്തം വീടിനു പുറത്തേയ്ക്കു വ്യാപിപ്പിക്കുന്ന രീതിയാണ് പൊതുവെ ഇവയിൽ. ഇന്ന് കേരളത്തിലെ ആശാ വർക്കർമാർ പഞ്ചായത്തുകളിൽ 500- 600 വീടുകളുടെ വീതം ഉത്തരവാദിത്വമുള്ളവരാണ്. ആ വീടുകളിലെ ഗർഭിണികളുടെ, കുട്ടികളുടെ, കിടപ്പുരോഗികളുടെ, വൃദ്ധജനങ്ങളുടെ, മാറാരോഗികളുടെ, ജീവിതശൈലീരോഗങ്ങളുള്ളവരുടെ ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്താനും നിരീക്ഷിക്കാനുമുള്ള ഉത്തരവാദിത്വമാണ് അവർ വഹിച്ചുവരുന്നത്. ടി.ബി, ലെപ്രസി മുതലായ രോഗങ്ങൾക്കെതിരെയുള്ള പദ്ധതികളുടെ കീഴ്ത്തട്ടു നടത്തിപ്പുകാർ ഇവരാണ്. ഇവയ്ക്കാവശ്യമായ വിവരശേഖരണം നടത്തുന്നതും ഇവർ തന്നെ. ഇതുകൂടാതെ ഡെങ്കി മുതലായ പുതിയ സാംക്രമിക രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ തങ്ങളുടെ വാർഡുകളുടെ പുറത്തും അവർക്ക് പണിയെടുക്കേണ്ടിവരുന്നു.

കേരളത്തിലെ ആശാ വർക്കർമാർ പഞ്ചായത്തുകളിൽ 500- 600 വീടുകളുടെ വീതം ഉത്തരവാദിത്വമുള്ളവരാണ്. ആ വീടുകളിലെ ഗർഭിണികളുടെ, കുട്ടികളുടെ, കിടപ്പുരോഗികളുടെ, വൃദ്ധജനങ്ങളുടെ, മാറാരോഗികളുടെ, ജീവിതശൈലീരോഗങ്ങളുള്ളവരുടെ ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്താനും നിരീക്ഷിക്കാനുമുള്ള ഉത്തരവാദിത്വമാണ് അവർ വഹിച്ചുവരുന്നത്.
കേരളത്തിലെ ആശാ വർക്കർമാർ പഞ്ചായത്തുകളിൽ 500- 600 വീടുകളുടെ വീതം ഉത്തരവാദിത്വമുള്ളവരാണ്. ആ വീടുകളിലെ ഗർഭിണികളുടെ, കുട്ടികളുടെ, കിടപ്പുരോഗികളുടെ, വൃദ്ധജനങ്ങളുടെ, മാറാരോഗികളുടെ, ജീവിതശൈലീരോഗങ്ങളുള്ളവരുടെ ആരോഗ്യസ്ഥിതിയെ മെച്ചപ്പെടുത്താനും നിരീക്ഷിക്കാനുമുള്ള ഉത്തരവാദിത്വമാണ് അവർ വഹിച്ചുവരുന്നത്.

‘ഏറ്റവും വേതനം
കേരളത്തിൽ’- യാഥാർഥ്യമെന്ത്?

ആശാ വർക്കറുകളെ പറ്റിയുള്ള ആദ്യകാല സർക്കാർ നയരേഖകളിൽ (2005-7 കാലത്തുള്ളവയിൽ) താങ്ങുസംവിധാനങ്ങൾ, വേതന- പ്രചോദന- തുകകളുടെ വിതരണത്തിലെ കൃത്യത, ഇവയെക്കുറിച്ചുള്ള പരാമർശങ്ങൾ ആവർത്തിച്ചുപറയുന്നതു കാണാം. സത്യത്തിൽ സമരക്കാർ പറയുന്നത് ഈ രണ്ടു കാര്യങ്ങളിലും സംഭവിച്ചിരിക്കുന്ന ഭീകരമായ തകർച്ചയെപ്പറ്റിയാണ്. താങ്ങുസംവിധാനങ്ങൾ അത്തരത്തിൽ പ്രവർത്തിക്കുന്നതിനു ഒന്നുകിൽ പകരം കൂടുതൽക്കൂടുതൽ അദ്ധ്വാനം, അസാധ്യങ്ങളായ ടാർജറ്റുകൾ, മുതലായവ അടിച്ചേൽപ്പിക്കുന്ന അധികാരസ്ഥാനങ്ങളായിരിക്കുന്നു, അല്ലെങ്കിൽ അവ തീർത്തും ഇല്ലാതിരിക്കുന്നു. ഉദാഹരണത്തിന് ഗർഭം ധരിച്ച വിവരങ്ങൾ മൂന്നു മാസത്തിനകം ആശാ വർക്കറെ അറിയിക്കാത്തതിന്റെ കുറ്റം ആശാ വർക്കർക്കാകുന്നു (കല്ല്യാണം കഴിച്ചുകൊണ്ടുവന്ന പിറ്റേന്നു മുതൽ ആയോ ആയോ എന്നു ചോദിച്ചുചെല്ലാനൊക്കുമോ ... സമരക്കാരിലൊരാൾ ചോദിക്കുന്നു. അവരോടു പറയണേ എന്ന് ആവർത്തിച്ചു പറയും, പക്ഷേ എല്ലാവരും പറയില്ല), അതിന്റെ പേരിൽ വേതനം വെട്ടിക്കുറയ്ക്കുന്നു. വാർഡു മെമ്പർ, ജൂനിയർ പബ്ളിക് നേഴ്സ്, പാലിയേറ്റിവ് കെയർ നേഴ്സ്, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ – ഇവരെല്ലാം ആശാ വർക്കറുടെ താങ്ങുസംവിധാനത്തിന്റെ ഭാഗമാകേണ്ടതാണ്. പക്ഷേ താങ്ങാകുന്നതിനു പകരം പലപ്പോഴും അധികാരി- കീഴ്ജീവനക്കാരി ബന്ധമാണ് വേതനക്കാര്യത്തിൽ നിലവിലുള്ളത്. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെല്ലാം ആരോഗ്യ വാളണ്ടിയർമാർ ഉണ്ട്, പക്ഷേ മിക്കപ്പോഴും പേരിനു മാത്രം. തങ്ങളുടെ താങ്ങുസംവിധാനത്തിന്റെ ഭാഗമായവർക്ക് കൃത്യമായ ശമ്പളം കിട്ടുന്നുണ്ടെന്ന് ആശാവർക്കർമാർ പറയുന്നു.

2007-8 കാലത്ത് ആശാ വർക്കറുടെ വേതനം കുറവായിരുന്നുവെന്നത് സത്യമാണ്. പക്ഷേ സമരം ചെയ്യുന്ന സ്ത്രീകൾ- അവരിൽ പലരും 17 വർഷത്തെ പ്രവർത്തിപരിചയമുള്ളവരാണ് – പറയുന്നത് അന്ന് ജോലിഭാരവും വളരെ കുറവായിരുന്നെന്നാണ്. ഇന്നാണെങ്കിൽ കേരളത്തിൽ അത് പതിന്മടങ്ങായിരിക്കുന്നു.

2007-8 കാലത്ത് ആശാ വർക്കറുടെ വേതനം കുറവായിരുന്നുവെന്നത് സത്യമാണ്. പക്ഷേ സമരം ചെയ്യുന്ന സ്ത്രീകൾ- അവരിൽ പലരും 17 വർഷത്തെ പ്രവർത്തിപരിചയമുള്ളവരാണ് – പറയുന്നത് അന്ന് ജോലിഭാരവും വളരെ കുറവായിരുന്നെന്നാണ്. ഇന്നാണെങ്കിൽ കേരളത്തിൽ അത് പതിന്മടങ്ങായിരിക്കുന്നു. പുതിയ പദ്ധതികളുടെ നടത്തിപ്പിന്റെ മുഴുവൻ ഭാരവും ആശാ വർക്കർമാർ വഹിക്കുന്നു.  ജോലിഭാരവും വേതനക്കുറവും അധികാരികളുടെ മുഷ്ക്കും കാരണം ആശാ വർക്കർമാരിൽ പലരും ജോലി വിട്ടുപോകുന്നു – പകരക്കാരെ കണ്ടെത്തുന്നതിനു പകരം അവരുടെ ഉത്തരവാദിത്വങ്ങളെ ജോലിയിൽ തുടരുന്ന ആശാ വർക്കർമാരുടെ തലയിൽ അടിച്ചേൽപ്പിക്കുന്നു. കീഴ്ത്തട്ടു ജോലിക്കാർ സഹിക്കേണ്ടിവരുന്ന സകല വേദനകളും അവർ സഹിക്കുന്നു. ജോലി ഇരട്ടിക്കുമ്പോഴും വേതനം കൂടാതിരിക്കുന്ന നിർഭാഗ്യകരമായ അവസ്ഥയെ നേരിടുന്നവരാണ് തങ്ങളെന്ന് സമരം ചെയ്യുന്ന വികസനത്തൊഴിലാളിസ്ത്രീകൾ പറയുന്നു.

കേരളത്തിലാണ് ആശാ വർക്കർമാർക്ക് ഏറ്റവുമധികം വേതനം കിട്ടുന്നതെന്ന് സമരത്തെ അനുകൂലിക്കുന്നുവെന്ന് ആവകാശപ്പെടുന്നവർ പോലും പറയുന്നു. എന്നാൽ കർണാടകത്തിലെ അരി വിലയാണോ കേരളത്തിൽ, ആശാവർക്കർമാർ തിരിച്ചുചോദിക്കുന്നു. അവിടെത്തെക്കാൾ ഇരട്ടിയാണ് ഇവിടെ ജീവിതച്ചെലവ്. ഉത്തരവാദിത്വങ്ങൾ പതിന്മടങ്ങാണ്. മാത്രമല്ല, ജീവിതത്തെ പറ്റിയുള്ള ആദർശം, കുട്ടികളോട് മാതാപിതാക്കളുടെ ഉത്തരവാദിത്വബോധം, ഇതെല്ലാം ഉത്തർ പ്രദേശിലും കേരളത്തിലും ഒന്നാണോ, അവർ മറുചോദ്യം തുടരന്നു. കേരളത്തിലെ ജീവിതച്ചെലവിനും ജോലിഭാരത്തിനും ജീവിതാദർശങ്ങൾക്കും പറ്റിയ വേതനമല്ല തങ്ങളുടേതെന്ന് ആശാ വർക്കർമാർ ഉറപ്പിച്ചു പറയുമ്പോൾ കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് ഇവിടുത്തെ പ്രശ്നങ്ങളെ അദൃശ്യമാക്കുന്ന അധികാരിതന്ത്രത്തെയാണ് അവർ  തിരസ്ക്കരിക്കുന്നത്.

കേരളത്തിൽ വെള്ളപ്പൊക്കത്തിനുശേഷം പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരുന്നതിനു പിന്നിൽ ഇവരുടെ അദ്ധ്വാനമായിരുന്നു. മഹാമാരിക്കാലത്തെ കേരളം തരണംചെയ്തതിലും വലിയ പങ്കുവഹിച്ചവരാണിവർ. ഇവരെയാണ് ഉത്തരവാദപ്പെട്ട ഇടതുമന്ത്രിമാർ വല്ലവരുടെയും താളത്തിനു തുള്ളുന്ന വെറും പാവകളായി ചിത്രീകരിക്കുന്നത്. അവരുടെ സമരത്തെയാണ് വെറും അനാവശ്യമെന്ന് വിളിച്ച് തള്ളിക്കളയുന്നത്.
കേരളത്തിൽ വെള്ളപ്പൊക്കത്തിനുശേഷം പകർച്ചവ്യാധികൾ പടർന്നു പിടിക്കാതിരുന്നതിനു പിന്നിൽ ഇവരുടെ അദ്ധ്വാനമായിരുന്നു. മഹാമാരിക്കാലത്തെ കേരളം തരണംചെയ്തതിലും വലിയ പങ്കുവഹിച്ചവരാണിവർ. ഇവരെയാണ് ഉത്തരവാദപ്പെട്ട ഇടതുമന്ത്രിമാർ വല്ലവരുടെയും താളത്തിനു തുള്ളുന്ന വെറും പാവകളായി ചിത്രീകരിക്കുന്നത്. അവരുടെ സമരത്തെയാണ് വെറും അനാവശ്യമെന്ന് വിളിച്ച് തള്ളിക്കളയുന്നത്.

ആശാ വർക്കറുടെ വേതനം 13,200 രൂപ വരെ എന്ന ദേശാഭിമാനിയുടെ അവകാശവാദത്തെ തൊഴിലാളികൾ തള്ളിക്കളയുന്നു. എല്ലാ ഇൻസെൻറീവുകളും കൂട്ടിയാലും ഇത്രയും വരില്ലെന്നും അവർ പറയുന്നു. കിട്ടേണ്ട 7000 പോലും പലതരം കുറയ്ക്കലിനു വിധേയമാകാറുണ്ടെന്നും, ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സ് മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ളവരുടെ ദയാദാക്ഷീണ്യത്തെ ആശ്രയിച്ചാണ് തങ്ങളുടെ മാസവരുമാനമെന്നും അവർ അവകാശപ്പെടുന്നു. അധികാരികളുടെ ഇഷ്ടത്തിനു നിൽക്കാത്തവർക്ക് കടുത്ത നഷ്ടമാണുണ്ടാകാറ്. മാത്രമല്ല, അഞ്ചാം തീയതിയ്ക്കു മുമ്പ് ശമ്പളം കിട്ടുന്നതു തന്നെ വിരളമാണെന്നും കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം കിട്ടിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. തൊഴിലിനാവശ്യമായ സ്മാർട്ട് ഫോൺ പോയിട്ട്, ടി ബി രോഗികളുടെ കഫം പരിശോധനയ്ക്കെടുക്കാൻ ആവശ്യമായ കൈയ്യുറ പോലും തങ്ങൾക്ക് സർക്കാർ നൽകിയിട്ടില്ലെന്ന് അവർ പരാതിപ്പെടുന്നു. ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികളെ നേരിടേണ്ടിവരുമ്പോൾ ആശാവർക്കർമാരുടെ ജോലി തങ്ങളുടെ വാർഡുകളിൽ മാത്രം ഒതുങ്ങുന്നുമില്ല. ഇതിനൊന്നും അവർക്ക് സവിശേഷപ്രതിഫലം ലഭിക്കുന്നുമില്ല. കേരളത്തിലെ മറ്റു അനൗപചാരിക സ്ത്രീത്തൊഴിലാളികൾക്ക് ലഭിച്ചുവരുന്ന വേതനത്തെക്കാൾ ഞെട്ടിപ്പിക്കുംവിധം കുറവാണ് ആശാ വർക്കർമാരുടെ വേതനം. സമീപകാലത്ത് കേരളത്തിലെ രണ്ടു പ്രമുഖനഗരങ്ങളിൽ നടത്തിയ പഠനത്തിൽ ഗാർഹിത്തൊഴിലാളികളായ സ്ത്രീകളുടെ മാസവേതനം 11,000- 12,000 രൂപ വരെയാണ്. ഹരിതകർമ്മസേനാത്തൊഴിലാളികൾക്ക് പലയിടത്തും കുറഞ്ഞത് 10,000 രൂപ കിട്ടിത്തുടങ്ങിയിരിക്കുന്നു. തൊഴിലാളികൾ ആയി കണക്കാക്കപ്പെടാത്തതുകൊണ്ട് മിനിമം കൂലി പോയിട്ട് തൊഴിലുറപ്പുകൂലി പോലും അവർക്ക് അവകാശപ്പെടാനാവില്ലെന്നാണ് അധികാരികളുടെ പക്ഷം. കേരളത്തിൽ ചിലയിടങ്ങളിൽ ആശാവർക്കർമാർ സാമൂഹ്യമായ ഒറ്റപ്പെടലും അനുഭവിക്കുന്നുവെന്നും സമരക്കാർ പറയുന്നു.

കേരളം നമ്പർ ഒന്ന് എന്ന ഖ്യാതി നിലനിർത്താൻ പുതുപുത്തൻ പ്രഖ്യാപനങ്ങൾ നടത്തുക, എന്നിട്ട് സർവ്വപ്രധാനങ്ങളായ പൊതുജനാരോഗ്യപ്രക്രിയകൾക്കു പുറമേ പുതിയവയെയും നിരന്തരമായി ആരോഗ്യസംവിധാനത്തിന്റെ ഏറ്റവും കീഴ്ത്തട്ടുപ്രവർത്തകരുടെ മേൽ കൂടുതൽക്കൂടുതൽ അടിച്ചേൽപ്പിക്കുക, അവരെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുക – ഈ ചിത്രത്തെയാണ് ആശാ വർക്കർമാരുടെ സമരം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.

സമരത്തെ മറയ്ക്കുന്ന
ഇടതു സർക്കാർ

പക്ഷേ ഇതു മാത്രമല്ല ഈ സമരം വിളിച്ചു പറയുന്നത്. വികസനത്തൊഴിലാളിസ്ത്രീകൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ എന്താണ് വെളിവാക്കുന്നത്? കേരളം നമ്പർ ഒന്ന് എന്ന ഖ്യാതി നിലനിർത്താൻ പുതുപുത്തൻ പ്രഖ്യാപനങ്ങൾ നടത്തുക, എന്നിട്ട് സർവ്വപ്രധാനങ്ങളായ പൊതുജനാരോഗ്യപ്രക്രിയകൾക്കു പുറമേ പുതിയവയെയും നിരന്തരമായി ആരോഗ്യസംവിധാനത്തിന്റെ ഏറ്റവും കീഴ്ത്തട്ടുപ്രവർത്തകരുടെ മേൽ കൂടുതൽക്കൂടുതൽ അടിച്ചേൽപ്പിക്കുക, അവരെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുക – ഈ ചിത്രത്തെയാണ് ആശാ വർക്കർമാരുടെ സമരം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയിൽ ആശാവർക്കർമാരുടെ സമരം വഴിതടസ്സമുണ്ടാക്കുന്നുവെന്ന് പരാതി എത്തിയത് വെറുതേയല്ല. ആശാവർക്കർമാർ തുറന്നുകാട്ടുന്ന ചിത്രം സർക്കാരിനു നാണക്കേടു തന്നെ. അവർ വഴിവക്കത്തു സമരം തുടരുംതോറും ആ ചിത്രം പൊതുദൃശ്യതയിൽ നിലനിൽക്കും. പ്രശ്നത്തെ പരിഹരിക്കുന്നതിനു പകരം അതിനെ മറയ്ക്കാൻ സർക്കാർ നടത്തുന്ന ശ്രമം ദയനീയമാണ്.

എന്നാൽ ഒരുപക്ഷേ കേരള സർക്കാരിനെക്കാൾ ഞങ്ങളുടെ ആഹ്വാനം കേരളത്തിലെ സിവിൽ സമൂഹത്തോടാണ്. കേരളത്തിലെ വൻകിട തൊഴിലാളിപ്രസ്ഥാനങ്ങളുടെ മൂഢത്വം ഭയങ്കരം തന്നെ. CITU തങ്ങളെ സഹായിക്കാനല്ല, ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് സമരക്കാർ പറയുന്നു. CITU വനിതാവിഭാഗം കണ്ടില്ലെന്നു നടിക്കുന്നു. പക്ഷേ അതിലും സങ്കടകരമായ കാര്യം, കേരളത്തിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ രൂപമെടുത്ത സ്ത്രീത്തൊഴിലാളിസംഘടനകളുടെ നിശബ്ദതയാണ്. നിങ്ങൾ ഈ മിണ്ടാതിരിക്കൽ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. സ്ത്രീകൾക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന് പറയുന്ന എൻ ജി ഒകളും മറ്റു വനിതാസംഘടനകളും സജീവമായി രംഗത്തുവരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. WCC-യുടെ സമരത്തിന് നിങ്ങൾ നൽകിയ പിന്തുണ കേരളത്തിലെ തൊഴിലാളിസ്ത്രീകളുടെ മുൻനിരയിൽത്തന്നെയുള്ള ആശാ വർക്കർമാർക്കും നൽകണമെന്ന് അപേക്ഷിക്കുന്നു.

കേരളം നമ്പർ ഒന്ന് എന്ന ഖ്യാതി നിലനിർത്താൻ പുതുപുത്തൻ പ്രഖ്യാപനങ്ങൾ നടത്തുക, എന്നിട്ട് സർവ്വപ്രധാനങ്ങളായ പൊതുജനാരോഗ്യപ്രക്രിയകൾക്കു പുറമേ പുതിയവയെയും നിരന്തരമായി ആരോഗ്യസംവിധാനത്തിന്റെ ഏറ്റവും കീഴ്ത്തട്ടുപ്രവർത്തകരുടെ മേൽ കൂടുതൽക്കൂടുതൽ അടിച്ചേൽപ്പിക്കുക, അവരെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുക – ഈ ചിത്രത്തെയാണ് ആശാ വർക്കർമാരുടെ സമരം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.
കേരളം നമ്പർ ഒന്ന് എന്ന ഖ്യാതി നിലനിർത്താൻ പുതുപുത്തൻ പ്രഖ്യാപനങ്ങൾ നടത്തുക, എന്നിട്ട് സർവ്വപ്രധാനങ്ങളായ പൊതുജനാരോഗ്യപ്രക്രിയകൾക്കു പുറമേ പുതിയവയെയും നിരന്തരമായി ആരോഗ്യസംവിധാനത്തിന്റെ ഏറ്റവും കീഴ്ത്തട്ടുപ്രവർത്തകരുടെ മേൽ കൂടുതൽക്കൂടുതൽ അടിച്ചേൽപ്പിക്കുക, അവരെക്കൊണ്ട് അടിമപ്പണിയെടുപ്പിക്കുക – ഈ ചിത്രത്തെയാണ് ആശാ വർക്കർമാരുടെ സമരം വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.

ആപത്തിൽ രക്ഷിക്കുന്നവരെ തിരികെ തുണയ്ക്കാതെ കൈവിടുന്നവരാണ് നാമെന്ന് മുമ്പുതന്നെ തെളിഞ്ഞതാണ് – വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തിൽ. അതിനു സമാനമായ ഒരു അവസരമാണിത്. ആശാ വർക്കർമാരുടെ നിരന്തരസേനവമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടുകളിലെ ആരോഗ്യവെല്ലുവിളികളെ നേരിടാൻ നമ്മെ ഇതുവരെ സഹായിച്ചത്  --- എന്നാൽ അവരുടെ ആവശ്യങ്ങളെ ചെവിക്കൊള്ളാൻ അധികാരികൾ തയ്യാറാകുന്നില്ല. അവർ സ്ത്രീകളാകുമ്പോൾ പിതൃമേധാവിത്വത്തിൻറെ സാമാന്യയുക്തിയെ പ്രയോജനപ്പെടുത്തിക്കൊണ്ട് സമരത്തെ പുച്ഛിക്കാൻ ഭരണംകൂടം ശ്രമിക്കുന്നത് പ്രതീക്ഷിതം മാത്രം. എന്നാൽ കേരളജനതയുടെ നിശബ്ദത കേവലം നന്ദികേടു മാത്രമല്ല, ശുദ്ധവിഡ്ഢിത്തവും ഭീരുത്വവും കൂടിയാണ്. കാരണം 21-ാം നൂറ്റാണ്ട് പലതരം പകർച്ചവ്യാധികളുടെ കാലമായിരിക്കുമെന്ന് ഏതാണ്ട് സുവ്യക്തമായിരിക്കുന്നു. ആഗോളമഹാമാരികൾ ഇനിയും വന്നേക്കാം – വെള്ളപ്പൊക്കമോ കാട്ടുതീയോ ഇനിയും വരാം. ഇരിക്കുന്ന കൊമ്പ് വെട്ടുന്നത് കണ്ടിട്ടും മിണ്ടാതിരുന്ന വിഡ്ഢികളും ഭീരുക്കളും ആകാതിരിക്കട്ടെ നമ്മൾ. 

ആശാ വർക്കർമാരുടെ സമരത്തെ ആൽത്തിയ എല്ലാവിധത്തിലും പിൻതാങ്ങുന്നു. സമരക്കാരുടെ ആവശ്യങ്ങളെ സർക്കാർ തികച്ചും അനുഭാവപൂർവം പരിഗണിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കേരളത്തിലെ സിവിൽ സമൂഹം നിശ്ശബ്ദത വിട്ടുണരണമെന്നും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

READ ALSO:

പ്രതിസന്ധി നിറഞ്ഞ തൊഴിൽ സമൂഹത്തിലെ
‘ആശ’യറ്റ വർക്കർമാർ:

ഇത്രയും അടിസ്ഥാന ആവശ്യങ്ങൾക്കാണ് ഇടതു സർക്കാർ ASHA വർക്കർമാരെ രാപകൽ സമരത്തിൽ നിർത്തിയിരിക്കുന്നത്


Summary: Why is the CPM leading the government ignoring the agitation of the Asha workers who are striking in the streets for their labour rights


‘ആൽത്തിയ’

സ്ത്രീസാഹോദര്യസംഘം (മുംതാസ് ബീഗം, മിനി മോഹൻ, മിനി എസ്, അനാമികാ അജയ്, പി. ഇ. ഉഷ, അനു ജോയ്, ജെ. ദേവിക, ദിവ്യ ജി. എസ്, മാഗ്ലിൻ ഫിലോമെന).

Comments