സ്വവർഗ വിവാഹം: ഈ വിധിയിൽ നിരാശയില്ല

‘‘വിവാഹമെന്ന സ്ഥാപനത്തിന്റെ അടിസ്ഥാനം സ്നേഹമല്ല, അധികാരമാണ്. ഇന്ത്യൻ സാഹചര്യത്തിൽ വിവാഹം ജാതിയുമായും മതവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹത്തിലൂടെ നേടിയെടുക്കാൻ പറ്റുന്ന നിയമാവകാശങ്ങൾ എന്ന ആവശ്യം സാധുതയുള്ളതാണ്, അതേസമയം അതൊരു കുറുക്കുവഴിയുമാണ്. കുറുക്കുവഴികളിലൂടെ നേടുന്ന നേട്ടങ്ങളൊന്നും ശാശ്വതമാകണമെന്നില്ല.’’ സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെക്കുറിച്ച് ആദി എഴുതുന്നു.

ആദി

സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുള്ള ഹർജിയിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എസ്.ആർ. ഭട്ട്, ഹിമ കോഹ്‌ലി, പി.എസ്. നരസിംഹ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചിൻ്റേതായിരുന്നു തീരുമാനം. ഈ വിധി ഇന്ത്യയിലെ ക്വിയർ മുന്നേറ്റത്തിനേറ്റ ഏറ്റവും വലിയ തോൽവിയായി മനസ്സിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

വിവാഹതുല്യതയെ വിമർശനാത്മകമായി വിശകലനം ചെയ്യുന്ന ഒരു ലേഖനം എഴുതിയതിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് വിധേയമാകേണ്ടിവന്നത് ഈയിടെയാണ്. വിവാഹതുല്യത നേടിക്കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും നിലവിൽ നമ്മൾ അടിയന്തരമായി നേരിടുന്ന പ്രശ്നങ്ങൾക്ക് കാരണം വിവാഹത്തിലേക്കുള്ള പ്രവേശനം സാധ്യമാകാത്തതാണെന്നുമുള്ള തരം ചർച്ചകളോട് എനിക്ക് വിയോജിപ്പുണ്ട്. ഈ വിഷയത്തിൽ ഞാൻ സ്വീകരിക്കുന്ന നിലപാടാണ് ഏറ്റവും ശരിയായതെന്ന ശാഠ്യമെന്നും എനിക്കില്ല. എന്റേതല്ലാത്ത നിലപാടുള്ളവരെല്ലാം തെറ്റാണെന്നും ഞാൻ കരുതുന്നില്ല. എന്റെ വ്യക്തിപരമായ രാഷ്ട്രീയ ധാരണകളും വായനകളുമാണ് എന്റെ നിലപാടിനെ രൂപപ്പെടുത്തുന്നത്. ഞാൻ സ്വീകരിച്ച നിലപാട് തെറ്റാണെന്നും കമ്യൂണിറ്റിയിൽ നിന്നും എന്നെ ഒറ്റപ്പെടുത്തണമെന്നും വരെ പറഞ്ഞവരുണ്ട്. അത്തരമൊരു ചർച്ചാന്തരീക്ഷം ഒട്ടും ഗുണപരമല്ല.

PHOTO: PIXABY

ആശയങ്ങൾക്കുമേൽ ചർച്ചകളാകാം. പക്ഷേ വ്യക്തികളെ അധിക്ഷേപിക്കുന്നതിലൂടെ എന്താണ് നമ്മുക്ക് നേടാനാവുക? നാളെ വിവാഹത്തിനുള്ള അവകാശം നേടിക്കഴിഞ്ഞാൽ നിങ്ങളെന്നെ കല്യാണത്തിന് ക്ഷണിക്കാതിരിക്കുമോ എന്ന് ഞാൻ ചില സുഹൃത്തുക്കളോട് തമാശയ്ക്ക് ചോദിച്ചിരുന്നു. വിവാഹം, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളെ സംശയത്തോടെ നോക്കിക്കാണാനേ എനിക്കാവൂ. എന്നെ സംബന്ധിച്ച് ഇത് സാമൂഹികവും രാഷ്ട്രീയവുമായ ഒരു ചോദ്യമെന്ന പോലെ വ്യക്തിപരമായ ചോദ്യം കൂടിയാണ്.

വിവാഹാനുകൂലികളും
പ്രതികൂലികളും

ഇന്ത്യയിൽ പൊതുവെയും കേരളത്തിൽ പ്രത്യേകിച്ചും പുരോഗമന- ലിബറൽ ഇടങ്ങളിൽ മുന്തിനിന്നത് വിവാഹാനുകൂല വാദങ്ങളാണ്. പെൻഷൻ അവകാശങ്ങൾ, ഇൻഷുറൻസ്, സ്വത്തവകാശം, ജോയിന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നത് സംബന്ധിച്ചുള്ള തടസ്സങ്ങൾ തുടങ്ങിയ നിയമപരമായ അവകാശങ്ങൾക്കുള്ള അർഹത ആൺ- പെൺദമ്പതികൾക്കെന്ന പോലെ സ്വവർഗ്ഗദമ്പതികൾക്കും ആവശ്യമാണെന്ന വാദമാണ് ഇക്കൂട്ടർ ഉയർത്തിയത്.

വിവാഹത്തെ പ്രതികൂലിക്കുന്നവരാകട്ടെ, വിവാഹത്തിന്റെ വിശുദ്ധിയെ സ്വവർഗ്ഗവിവാഹം ചോദ്യം ചെയ്യുമെന്നും കുടുംബങ്ങൾ തകരുമെന്നും, സ്വവർഗ്ഗലൈംഗികത പ്രകൃതിവിരുദ്ധമാണെന്നും തുടങ്ങി പതിവ് വാദങ്ങളൊക്കെ തന്നെയാണ് ഉയർത്തിയത്.

ഈ രീതിയിൽ കറുപ്പും വെളുപ്പുമെന്ന മട്ടിൽ മനസ്സിലാക്കേണ്ട ചർച്ചയല്ല വിവാഹാവകാശത്തെ സംബന്ധിച്ചതെന്ന ധാരണയിലാണ് ഏപ്രിൽ 18-ന് ട്രൂകോപ്പിയിൽ വിവാഹചർച്ചയെ വിശദമായി പരിശോധിക്കുന്ന ഒരു ലേഖനം എഴുതുന്നത്. വിവാഹാനുകൂല പുരോഗമന ലിബറൽ ധാരണകൾക്കും വിവാഹത്തെ പ്രതികൂലിക്കുന്ന യാഥാസ്ഥിതികവാദങ്ങൾക്കും പുറമേനിന്ന് ഈ വിഷയത്തെ നേരിടാനായിരുന്നു ശ്രമം. അത്തരത്തിൽ ഒരു നിലപാട് കേരളത്തിന്റെ ക്വിയർ ചർച്ചകൾക്കകത്ത് പുതുമയുള്ളതായിരുന്നു. എന്റെ വളരെ മൗലികമായ നിരീക്ഷണങ്ങൾ അവതരിപ്പിക്കുകയല്ല ലേഖനത്തിൽ ചെയ്തത്, മറിച്ച് കുറേക്കാലങ്ങളായി വിവാഹത്തെ മുൻനിർത്തിയുള്ള വിമർശങ്ങളെ നിലവിൽ രണ്ട് പക്ഷങ്ങളായി ചേരിതിരിഞ്ഞ ചർച്ചാന്തരീക്ഷത്തിലേക്ക് പരിചയപ്പെടുത്തുകയായിരുന്നു. ആ നിലയിൽ ചരിത്രപരവും രാഷ്ട്രീയവുമായ ഒരനിവാര്യത ആ ലേഖനത്തിനുണ്ടായിരുന്നു. പക്ഷേ ആ ലേഖനം സ്വീകരിക്കപ്പെട്ടത് ആ നിലയിലായിരുന്നില്ല. കുടുംബം, വിവാഹം തുടങ്ങിയ സ്ഥാപനങ്ങളോടുള്ള നമ്മുടെ ഒബ്സഷൻ എത്രത്തോളമാണെന്നും അതിനെ ചോദ്യം ചെയ്യുന്ന ശ്രമങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും അന്നത്തെ അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തി.

വിവാഹാനുകൂലവാദങ്ങൾക്ക് വല്ലാത്ത വശീകരണ ശേഷിയുണ്ട്. ക്വിയർ മുന്നേറ്റത്തിനകത്തെ ചർച്ചകളെയപ്പാടെ നിയന്ത്രിക്കുന്നത് വിവാഹം എന്ന കേന്ദ്ര പ്രമേയമാണ്.

വിവാഹാനുകൂല
ചർച്ചയുടെ (അ)രാഷ്ട്രീയം

വിവാഹാനുകൂലവാദങ്ങൾക്ക് വല്ലാത്ത വശീകരണ ശേഷിയുണ്ട്. ക്വിയർ മുന്നേറ്റത്തിനകത്തെ ചർച്ചകളെയപ്പാടെ നിയന്ത്രിക്കുന്നത് വിവാഹം എന്ന കേന്ദ്ര പ്രമേയമാണ്. 1990-കളോടെ രൂപപ്പെടുന്ന ചെറുതും വലുതുമായ സമരങ്ങൾ ഐ.പി.സി. 377 ന്റെ ഭരണഘടനാവിരുദ്ധസ്വഭാവമാണ് ഉയർത്തിപിടിച്ചത്. 2018-ലെ വിധിയോടെ ഇന്ത്യയിലെ ക്വിയർ മുന്നേറ്റത്തിന് കൃത്യമായ ദിശ നഷ്ടപ്പെടുന്നുണ്ട്. ഇനി അടിയന്തരമായി പരിഹരിക്കപ്പെടേണ്ട വിഷയം വിവാഹത്തിന്റേതാണെന്നാണ് മുന്നേറ്റം മനസ്സിലാക്കിയത്. അതോടെ, വിവാഹം നിയമവിധേയമാക്കിയാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന അപകടകരമായ ശുഭാപ്തിവിശ്വാസത്തിന് വേരോട്ടമുണ്ടാക്കാനായി.

PHOTO: pexels

വിവാഹത്തിലൂടെ കുടുംബത്തിനകത്തേക്കുള്ള പ്രവേശനം, ഇതുവഴി നേടിയെടുക്കാനൊക്കുന്ന നിയമാവകാശങ്ങൾ, സാമൂഹികാംഗീകാരം തുടങ്ങിയവയ്ക്കായിരുന്നു ചർച്ചയിൽ മുൻതൂക്കം. വിവാഹത്തിലൂടെ കുടുംബത്തിലേക്ക് പ്രവേശനം എന്ന യുക്തി ഒരു അടിച്ചമർത്തൽ സംവിധാനമെന്ന നിലയിലുള്ള കുടുംബത്തിന്റെ സ്വഭാവത്തെ പരിഗണിക്കുന്നില്ല. വലിയ തോതിലുള്ള ഹിംസകൾക്കാണ് ക്വിയർ മനുഷ്യർ കുടുംബങ്ങൾക്കുള്ളിൽ വിധേയരാകുന്നത്. ഈ കാഴ്ച്ചയ്ക്ക് പുറമേ കുടുംബം,വിവാഹം തുടങ്ങിയ സ്ഥാപനങ്ങളെ ആദർശവത്കരിച്ച് മനസ്സിലാക്കാനുള്ള ശ്രമങ്ങളാണുണ്ടായത്.

വിവാഹാവകാശം;
വിമോചനത്തിലേക്ക് കുറുക്കുവഴികളില്ല

വിവാഹമെന്ന സ്ഥാപനത്തിന്റെ അടിസ്ഥാനം സ്നേഹമല്ല, അധികാരമാണ്. ഇന്ത്യൻ സാഹചര്യത്തിൽ വിവാഹം ജാതിയുമായും മതവുമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹത്തിലൂടെ നേടിയെടുക്കാൻ പറ്റുന്ന നിയമാവകാശങ്ങൾ എന്ന ആവശ്യം സാധുതയുള്ളതാണ്, അതേസമയം അതൊരു കുറുക്കുവഴിയുമാണ്. കുറുക്കുവഴികളിലൂടെ നേടുന്ന നേട്ടങ്ങളൊന്നും ശാശ്വതമാകണമെന്നില്ല. വിവാഹവുമായി ചേർത്തുകെട്ടി അടിസ്ഥാന അവകാശങ്ങളെ മനസ്സിലാക്കുന്ന കാഴ്ച്ചയെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. വിവാഹം മനുഷ്യർക്കിടയിലെ ബന്ധങ്ങളെ സ്ഥാപനവത്കരിക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുന്ന സംവിധാനം കൂടിയാണ്. ആ നിലയിൽ വിമോചനാത്മകമായി ബദൽ ബന്ധുത്വ സാധ്യതകളെ പ്രയോജനപ്പെടുത്താൻ നമ്മുക്കാവേണ്ടതുണ്ട്.

ക്വിയർ മുന്നേറ്റത്തിന്റെ മുന്നോട്ടുപോക്കിനെ പുതിയ രീതിയിൽ ആസൂത്രണം ചെയ്യാനുള്ള അവസരമായി ഈ ചർച്ചകളെ ഉപയോഗിക്കാനാകേണ്ടതുണ്ട്. സുപ്രീംകോടതിയുടെ വിധി ആ നിലയിൽ നിരാശാജനകമല്ല, പുതിയ ദിശകളിലേക്ക് മുന്നേറ്റത്തെ നയിക്കാനുള്ള ഊർജ്ജം ഈ ചർച്ചകളിൽ നിന്നും വീണ്ടെടുക്കാനാകട്ടെ എന്ന് മാത്രം പ്രത്യാശിക്കാം.

'വിവാഹാവകാശത്തിനുവേണ്ടിയുള്ള സമരം എന്റേതല്ല'

Comments