കേന്ദ്രസർക്കാർ നടത്തിയിരിക്കുന്ന ട്രാൻസ്ജൻറർ നിയമഭേദഗതി വിക്ടോറിയൻ മൂല്യങ്ങളുമായി കൂടിക്കലർന്ന ബ്രാഹ്മണമേധാവിത്വത്തിൻെറ ഏറ്റവും നിന്ദ്യമായ പ്രകടനമാണെന്ന് സംശയമേതുമില്ലാതെ പറയാം. അമേരിക്കൻ ഐക്യനാടുകളോടും അവിടുത്തെ ക്രിസ്ത്യൻ വലതുപക്ഷത്തോടും മോദിയും ബിജെപിയുടെ ഭരണത്തിൻ കീഴിലുള്ള ഇന്ത്യ പൊതുവെയും കാണിച്ചുവരുന്ന വിധേയത്വത്തിൻെറ ലക്ഷണം കൂടിയല്ലേയിതെന്ന് കൂടി സംശയം തോന്നുന്നു. ഈ ഭേദഗതി പാസാക്കും മുമ്പ് അതിൻെറ ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നവരുമായ യാതൊരു ചർച്ചയും ഉണ്ടായില്ലെന്നു മാത്രമല്ല, അവരെ പരസ്യമായി അപമാനിക്കാനും കൂടിയാണ് കേന്ദ്രമന്ത്രി തയ്യാറായത്. നിയമസഭകളിലൂടെ യുദ്ധഭീതിയുടെയും ഇന്ധനപ്രതിസന്ധിയുടെയും കാലത്ത് അത് തിരക്കിട്ടു പാസാക്കാനുള്ള അത്യുത്സാഹമാണ് ബി.ജെ.പി സർക്കാർ കാണിച്ചത്. ട്രാൻസ് ജനങ്ങളെ ആകെ പുറന്തള്ളുന്ന പാതകമാണ് അവർ ചെയ്തിരിക്കുന്നത്.
വായിക്കാം, കേൾക്കാം: ഭരണഘടനാവിരുദ്ധം,
ലിംഗസ്വത്വത്തിനുമേലുള്ള
ഭരണകൂട ഇടപെടൽ
സിസ് മനുഷ്യർക്ക് അവരുടെ ലിംഗസ്വഭാവം തെളിയിക്കുന്ന മെഡിക്കൽരേഖകൾ ഹാജരാക്കേണ്ടിവരാറില്ല. ട്രാൻസ് മനുഷ്യരിൽ മാത്രം അതടിച്ചേൽപ്പിക്കുന്നത് വിവേചനവും അടിസ്ഥാനപരമായ വിശ്വാസമില്ലായ്മയുമാണ്. ഇന്ത്യൻ നിയമവ്യവസ്ഥയിലൂടെ അവർക്കു ലഭിച്ചു തുടങ്ങിയ അവകാശങ്ങളെ പറിച്ചെറിയലാണ്. സർക്കാരിൽ നിന്ന് തങ്ങളുടെ ലിംഗസ്വഭാവത്തിൻെറ പേരിൽ ക്ഷേമവിഭവങ്ങൾ കൈപ്പറ്റുന്നവർ മതിയായ തെളിവ് ഹാജരാക്കിക്കൊള്ളണമെന്ന് ഈ നിയമഭേദഗതിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നവർ പറയുന്നു. പക്ഷേ വ്യക്തികളുടെ സ്വകാര്യതയെ പാടെ ഹനിക്കുകയും അവരെ ഉദ്യോഗസ്ഥ ചുഴിഞ്ഞുനോട്ടത്തിനും (നമ്മുടെ സാഹചര്യത്തിൽ തീർച്ചയായും) ഉദ്യോഗസ്ഥചൂഷണത്തിനും എറിഞ്ഞുകൊടുക്കുന്ന തരം തെളിവുഹാജരാക്കലിനെ എന്തായാലും അനുകൂലിക്കാനാവില്ല. ഈ ന്യായീകരണവാദത്തിൽ ശരിക്കും ഒളിഞ്ഞിരിക്കുന്നത് ഒരുതരം ക്രൂരതയാണ് – സിസ്മനുഷ്യത്വത്തിൻെറ സാർവ്വത്രികതയെ സംശയത്തിൻെറ നിഴലിലാക്കിയതിന് ട്രാൻസ്മനുഷ്യർ അനുഭവിക്കേണ്ട ശിക്ഷ പോലെ തോന്നുന്നു ഇത്.

ഈ വിഷയത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ടത് ട്രാൻസ്ജനങ്ങളെ അനുകൂലിക്കുന്ന, അവരോടു സഖ്യമുള്ളവർ മാത്രമല്ല. അതായത്, ഇത് നമ്മുടെ ഇഷ്ടാനിഷ്ടങ്ങളുടെ പ്രശ്നമല്ല. ട്രാൻസ്ജനങ്ങളോടു ദയാദാക്ഷീണ്യം കാട്ടുന്നതിൻെറയും പ്രശ്നമല്ല. ട്രാൻസ്ജനങ്ങൾ എന്ന് ഇന്ത്യൻ ജനാധിപത്യത്തിൻെറ അവിഭാജ്യഘടകമാണ്. ഇന്ത്യൻ നിയമവ്യവസ്ഥയുടെ ദൃഷ്ടിയിൽ ഉൾപ്പെട്ട, ഇവിടുത്തെ രാഷ്ട്രീയപ്രക്രിയകളിൽ പങ്കാളികളായ പൗരജനങ്ങളാണ്. പൗരജനങ്ങളായി അംഗീകരിക്കപ്പെട്ട ഒരു ജനവിഭാഗത്തെയാണ് സർക്കാർ ഈവിധത്തിൽ പീഡിപ്പിക്കുന്നത്, അപമാനിക്കുന്നത്. ഇന്ത്യൻ ജനാധിപത്യവും നിയമവ്യവസ്ഥയും പൂർണപൗരത്വം നൽകിയ കൂട്ടർ ഈവിധം ചെറുതാക്കപ്പെടുമ്പോൾ അത് മറ്റെല്ലാ പൗരജനങ്ങളും ഉണരുക തന്നെ വേണം. കാരണം നിങ്ങൾക്കും ഇതേ അവസ്ഥയുണ്ടാകാം. എന്നാൽ അതിലും ഉപരിയായി, മനുഷ്യത്വം പങ്കുവയ്ക്കുന്ന എല്ലാവരും തന്നെ ഉണരേണ്ടതുണ്ട്. മനുഷ്യർക്കെതിരെ ക്രൂരത കാട്ടുന്നത് തെറ്റാണെന്നു കരുതുന്ന എല്ലാവരും ഈ ദ്രോഹം പ്രവർത്തിച്ച സർക്കാരിനെ തുറന്നു വിമർശിക്കുകതന്നെ വേണം. ഭൂരിപക്ഷത്തിനും ഭരണാധികാരികൾക്കും ഇഷ്ടം തോന്നാത്ത ജനങ്ങളെ ക്രൂരതയ്ക്കു വിധേയമാക്കുന്ന രീതിയെ എതിർക്കുന്ന എല്ലാവരും ഇന്ത്യയിലെ ട്രാൻസ് ജനങ്ങൾക്കൊപ്പം നിൽക്കണം.
Transgender Bill
ക്വിയർ ശരീരങ്ങളും
ഭരണകൂട ഹിംസകളും
ഈ ദ്രോഹത്തിനെതിരെ ട്രാൻസ്മനുഷ്യർ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പം ഞങ്ങളുമുണ്ട്. ഈ അപകടനിമിഷത്തിൽ ട്രാൻസ്ജനങ്ങൾക്കൊപ്പം നിൽക്കേണ്ടത് ഫെമിനിസ്റ്റ് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്നും, ഫെമിനിസത്തിൻെറ എല്ലാ വർണങ്ങളിലും അടരുകളിലും ഉൾപ്പെട്ടവരും ഈ പ്രതിഷേധത്തിൽ പങ്കുചേരാണ്ടതുണ്ടെന്ന് ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

കേരളത്തിലെ സവിശേഷസാമൂഹ്യപരിസരങ്ങളിൽ ട്രാൻസ്ജനങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാക്കിയ ജനാധിപത്യവത്ക്കരണത്തെ നന്ദിപൂർവം സ്മരിക്കാനുള്ള അവസരം കൂടിയാണ് ഇതെന്നും ഞങ്ങൾ പറയുന്നു. കേരളത്തിലിന്ന് ഹിന്ദുത്വത്തിൻെറയും മറ്റു വരേണ്യ സമുദായശക്തികളുടെയും തണലിൽ പുലരുന്ന യാഥാസ്ഥിതിക സ്ത്രീത്വദാർശത്തെ ഏറ്റവും ശക്തവും പ്രത്യക്ഷവുമായ രീതിയിൽ, വ്യവഹാരതലത്തിലും അല്ലാതെയും, എതിർക്കുന്ന ജനവിഭാഗമാണ് ട്രാൻസ്ജനങ്ങൾ എന്ന് നിസ്സങ്കോചം പറയാം. അതിനോട് ജീവിതം കൊണ്ടുള്ള പ്രതിരോധം തീർക്കുന്നത് സിസ് സ്ത്രീകളെക്കാളധികം ട്രാൻസ് സ്ത്രീകളാണ്. സ്ത്രീകളായി സ്വയം വെളിപ്പെടുത്തിയതിൻെറ പേരിൽ മാന്യമായ തൊഴിലും വേതനവും ജീവിതനിലവാരവും നഷ്ടപ്പെട്ട എത്രയോ ട്രാൻസ് വനിതകൾ കേരളത്തിലുണ്ട്. സ്ത്രീത്വത്തെ പുണരുന്നതുകൊണ്ട് സാധാരണ രീതിയിൽ സിസ് സ്ത്രീകൾ നേടുന്ന സാമൂഹ്യമൂലധനമൊന്നും ഇവർ നേടുന്നില്ലെന്നു മാത്രമല്ല, സ്വന്തം കുടുംബങ്ങളിൽ നിന്നു പോലും അവർ ഭ്രഷ്ടരാക്കപ്പെടുന്നു. അതായത്, പിതൃമേധാവിത്വം നിർവചിക്കുന്ന അനുസരണയുള്ള സ്ത്രീത്വത്തിന് പലപ്പോഴും കിട്ടുന്ന സംരക്ഷണമൊന്നും ഇവർക്കില്ല. നേരെമറിച്ച്, പിതൃമേധാവിത്വസംരക്ഷണത്തിനു പുറത്ത്, അതിനെ വെല്ലുവിളിച്ചുകൊണ്ട്, സ്വന്തം രീതിയിൽ, സ്ത്രീത്വം ‘ചെയ്യാനുള്ള’ അവകാശത്തെ അവർ മുറുക്കിപ്പിടിക്കുന്നു.
ഭരണകൂടത്തിൽ നിന്നും വിപണിയിൽ നിന്നും സ്ത്രീത്വത്തെ പിടിച്ചു വാങ്ങി തങ്ങളുടേതായ രീതിയിൽ ട്രാൻസ് സ്ത്രീകൾ പുനഃസംവിധാനം ചെയ്ത് അവതരിപ്പിക്കുന്നു. ട്രാൻസ് വനിതകളുടെ വസ്ത്രാലങ്കാര പരീക്ഷണങ്ങൾ ബ്രാഹ്മണ പിതൃമേധാവിത്വത്തെ കുഴപ്പിക്കുന്നു. തങ്ങളെ സ്ത്രീകളായി അംഗീകരിക്കാത്ത സാമൂഹ്യമുഖ്യധാരയുടെ കണ്ണിനു മുന്നിൽ അതി-സ്ത്രൈണ വസ്ത്രധാരണത്തിലൂടെ സ്വയം പ്രകടമാക്കി ബ്രാഹ്മണ കുലീനസ്ത്രീ ശരീരത്തെത്തന്നെ തിരുത്തിയെഴുതുന്നു. യഥാർത്ഥത്തിൽ, ശരിയായി ലിംഗവത്ക്കരിക്കപ്പെട്ട ശരീരങ്ങൾ ഏതെന്ന പിതൃമേധാവിത്വതീർപ്പുകളെ അവർ കുഴപ്പത്തിലാക്കുന്നു. ട്രാൻസ്പുരുഷന്മാർ ബ്രാഹ്മണപിതൃമേധാവിത്വത്തിന് അചിന്ത്യമായ സാധ്യതകളെ ഉയർത്തിക്കാട്ടുന്നു. പുരുഷത്വത്തിൻെറ വ്യവസ്ഥാപിത മാതൃകകളെ മറിച്ചിടുന്നു.
മറ്റൊരുവിധത്തിൽ പറഞ്ഞാൽ ഭരണകൂടം ഫെമിനിസത്തെ സ്ത്രീശാക്തീകരണമെന്ന പരിമിതവ്യവഹാരത്തിലൂടെ സർക്കാർവത്കൃതകുലീനത്വമായി മാറ്റിയ പ്രക്രിയയിൽ നിന്നുള്ള കുതറിമാറൽ പോലെയാണ് ട്രാൻസ്ജനങ്ങളുടെ പൊതുജീവിത പ്രവേശം അനുഭവപ്പെട്ടത്. അധികവും പിതൃമേധാവിത്വപരം തന്നെയായിത്തുടർന്ന കുടുംബത്തിനാവശ്യമായ വരുമാനം കണ്ടെത്താനുള്ള ശാക്തീകരണവും ആൺ-പെൺദ്വന്ദ്വത്തെ തിരിച്ചിടലും മാത്രമല്ല ഫെമിനിസമെന്നും, സ്ത്രീശരീരത്തെത്തന്നെ വിലമതിക്കുന്ന വിധത്തിലുള്ള സ്ത്രീത്വം ചെയ്യൽ കൂടിയാണെന്നും അവർ നമ്മെ ഓർമ്മിപ്പിച്ചു.

ഭരണകൂട അംഗീകാരവും വിഭവങ്ങളും വേണമെങ്കിൽ തങ്ങളുടെ വിപ്ളവകരമായ സാന്നിദ്ധ്യം തന്നെ അടിയറ വെയ്ക്കണമെന്നും, സർക്കാർ നിശ്ചയിക്കുന്ന അധികാരികളുടെ പരിശോധനയ്ക്കു സ്വയം വിധേയമാകണമെന്നും ആവശ്യപ്പെടുന്നത് ഫലത്തിൽ ഈ ജനങ്ങളെ പൗരത്വത്തിൽ നിന്ന് പുറത്താക്കലാണ്. അവരുടെ രാഷ്ട്രീയവീര്യത്തെ കെടുത്തിക്കളയലാണ്. അത് അവരെ മാത്രമല്ല ബാധിക്കുക. ലിംഗനീതിയുടെ മണ്ഡലത്തിൽ അവർ സാധ്യമാക്കിയ ജനാധിപത്യവത്ക്കരണത്തിൻെറ നാശം ലിംഗപരമായ അനീതിയുടെ വിവിധരൂപങ്ങളോട് പടവെട്ടുന്ന എല്ലാവരേയും ബാധിക്കുമെന്ന് ഓർക്കുകതന്നെ വേണം.
കേരളത്തിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണല്ലോ. എന്നാൽ ജനാധിപത്യം തെരഞ്ഞെടുപ്പുകളിലൂടെ മാത്രമല്ല പുലരുന്നതെന്ന് മലയാളികളെ ഓർമ്മപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. തെരെഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയാധികാരികൾ മാത്രമല്ല, ജനാധിപത്യപരമായ രീതികളിൽ പ്രവർത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളും ജനാധിപത്യത്തിൻെറ തുടിക്കുന്ന ഹൃദയം തന്നെയാണ്. ഇന്ന് ട്രാൻസ്ജനങ്ങളോടു കേന്ദ്രസർക്കാർ ചെയ്തിരിക്കുന്ന അനീതി സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ വിന്യാസത്തിൻെറയും പ്രവർത്തനത്തിൻെറയും കടയ്ക്കാണ് കത്തിവെച്ചിരിക്കുന്നത്. ബിജെപിഭരണത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് പൊതുവെ സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണത്തിന് ശക്തമായ തെളിവാണിത്. ഈ വിഷയം ട്രാൻസ്ജനങ്ങൾ മാത്രം ചെറുക്കേണ്ട ഒന്നല്ല എന്നു പറഞ്ഞതിന് മറ്റൊരു കാരണം ഇതാണ്. ക്ഷേമസ്ഥാപനങ്ങളെ ഉദ്യോഗസ്ഥയുക്തിക്കും സർക്കാരിൻെറ ചുഴിഞ്ഞുനോട്ടത്തിനും കീഴ്പ്പെടുത്തുന്നതൻെറ ദോഷം അവർ മാത്രമല്ല അനുഭവിക്കുന്നത്.
2021-ലെ കുട്ടിക്കടത്തുകേസുമായി ബന്ധപ്പെട്ട് ഞങ്ങൾ ഈ വിഷയം ഉയർത്താൻ ശ്രമിച്ചിട്ടുണ്ട്. അന്ന് സിപിഎം നേതാവിൻെറ ജാതിവെറിയെ തൃപ്തിപ്പെടുത്താൻ കേരളത്തിൻെറ ബാലസംരക്ഷണസംവിധാനത്തെ ഏറ്റവും നിന്ദ്യമായ രീതിയിൽ ദുരുപയോഗം ചെയ്തതിനെ കാര്യമായി എടുക്കാത്ത സിപിഎമ്മിന് ജനാധിപത്യകക്ഷി എന്നവകാശപ്പെടാൻ ധാർമ്മികമായ അവകാശമില്ലെന്ന് ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ന് കേന്ദ്രഭരണത്തിലിരിക്കുന്ന ബിജെപി നയത്തിൽ തന്നെ ക്ഷേമസ്ഥാപനങ്ങളെ തികഞ്ഞ ജനാധിപത്യവിരുദ്ധ ആയുധങ്ങളാക്കി മാറ്റിയിരിക്കുകയാണ്. അതായത്, ഇന്ത്യൻ ന്യൂനപക്ഷ മതസമുദായങ്ങളെ ഒറ്റപ്പെടുത്തി ദ്രോഹിക്കുന്ന ഹിന്ദുത്വഹിംസയുടെ പുതിയ പ്രകടനമായി ട്രാൻസ്ജനങ്ങളുടെ ഭരണത്തെയും ദൃശ്യതയെയും അവർ മാറ്റിക്കൊണ്ടിരിക്കുന്നു. തെരെഞ്ഞെടുപ്പുകളിലൂടെ ജനസമ്മതി നേടാൻ ശ്രമിക്കുന്നു, അതുകൊണ്ട് ജനാധിപത്യത്തോട് തങ്ങൾക്കു കടപ്പാടുണ്ടെന്ന അവകാശവാദമുയർത്താനുള്ള ധാർമ്മികത ആ കക്ഷിക്ക് തീരെയില്ലെന്ന് ഇന്ന്, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ വിളിച്ചുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

മാത്രമല്ല ഈ തെരെഞ്ഞെടുപ്പുവേളയെ നമ്മുടെ ചെറുത്തുനിൽപ് ശക്തിപ്പെടുത്താനുള്ള അവസരമാക്കി മാറ്റണമെന്ന് ഞങ്ങൾ മലയാളികളോട് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ മുന്നിൽ വരുന്ന ഒരൊറ്റ ബിജെപി സ്ഥാനാർത്ഥിയെയും ചോദ്യംചെയ്യാതെ വിടരുത്. സംഘങ്ങളായി അവരെ സമീപിച്ച് ഈ ജനദ്രോഹനടപടിയെപ്പറ്റി പരസ്യമായി ചോദിക്കാൻ നാം തയ്യാറാകണം. മറുപടികൾ പിടിച്ചുവാങ്ങാതെ പിന്മാറില്ലെന്ന വാശിയോടെ തന്നെ. അതിലുപരിയായി, ബിജെപിയെ വിജയിപ്പിക്കാതിരിക്കാനുള്ള പ്രചരണപരിപാടിയായി ഇതു മാറുകയും വേണം. ശരിക്കും, ചെയ്ത ദ്രോഹത്തിന് വലിയ വില അവരെക്കൊണ്ട് കൊടുപ്പിക്കണം. അവർക്കു നഷ്ടമാകുന്ന ഓരോ വോട്ടും ട്രാൻസ്ജൻറർ സഹോദരങ്ങളോടുള്ള ഐക്യപ്പെടലാണ്. അതുകൂടാതെ, കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും ട്രാൻസ്ജെൻഡർ ഭേദഗതി നിയമത്തോടുള്ള തങ്ങളുടെ പ്രതിഷേധം പരസ്യമാക്കണമെന്നും സ്ഥാപനങ്ങളുടെ ജനാധിപത്യപരമായ നടത്തിപ്പിനെ പിൻതാങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.

