കർണാടക സർക്കാർ നൽകുന്ന രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ രാജ്യോത്സവ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ അന്നത്തെ കർണാടക മുഖ്യമന്ത്രിയായിരുന്ന സിദ്ദരാമയ്യയോട് അക്കൈ പദ്മശാലി ചോദിച്ചു, "എനിക്കെന്തിനാണ് അവാർഡ് നൽകുന്നത്? ഞാൻ എപ്പോഴും സർക്കാറിനോട് യുദ്ധം ചെയ്യുന്നവളല്ലേ?'
വളരെ സൗമ്യമായി സിദ്ധരാമയ്യ മറുപടി നൽകി, "നിങ്ങളുടെ പോരാട്ടങ്ങൾ ഞങ്ങൾക്ക് വളരെ പ്രധാനമാണ്.'
ജീവിതം തന്നെ ഒരു വലിയ പോരാട്ടമാക്കിയ അക്കൈ പദ്മശാലി എന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റിന് അതുകേട്ട് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. പ്രകൃതിവിരുദ്ധം എന്ന് മുദ്ര ചാർത്തി, സമൂഹത്തിന്റെ പുറമ്പോക്കുകളിലേയ്ക്ക് തള്ളിമാറ്റപ്പെട്ട ട്രാൻസ്ജെൻഡർ സമുദായത്തിന്റെ ഈ അവകാശപ്പോരാളിയെ തേടിയെത്തിയ അംഗീകാരങ്ങളുടെ തുടക്കമായിരുന്നു ആ വേദി. രാജ്യോത്സവ പുരസ്‌കാരം നേടുന്ന ആദ്യ ട്രാൻസ്ജെൻഡറാണ് അക്കൈ.
അവഹേളനങ്ങളും പീഡനങ്ങളും സഹിക്കാൻ കഴിയാതെ പത്താം ക്ലാസോടെ പഠിപ്പ് അവസാനിപ്പിച്ച അക്കൈ ഇന്ന് പല സംസ്ഥാന സർക്കാരുകളുടെയും ഔദ്യോഗിക ചടങ്ങുകളിൽ ക്ഷണിക്കപ്പെട്ട അതിഥിയാണ്, സാമൂഹ്യനയങ്ങളുടെ പരിഷ്‌കരണത്തിനുള്ള സമിതികൾ അക്കൈയുടെ അഭിപ്രായങ്ങൾക്ക് ചെവിയോർക്കുന്നു, ലൈംഗികതയിലെ സ്വാതന്ത്ര്യം എന്ന ‘വിലക്കപ്പെട്ട വിഷയം' അവരിലൂടെ പല വേദികളിലും ചർച്ചയാകുന്നു. മുസ്സോറിയിലെ ട്രെയിനിങ് ഇൻസ്റ്റിറ്റിറ്റ്യൂട്ടിൽ ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് ക്ലാസെടുക്കുന്നതും അക്കൈ തന്നെ.
"ഞങ്ങളും പ്രകൃതിയുടെ ഭാഗമാണ്, നിങ്ങളെപ്പോലെ ഞങ്ങളും മനുഷ്യരാണ്, ഒരു "നോ മാൻസ് ലാൻഡിൽ' പെട്ടുഴറി, പീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങി ജീവിക്കേണ്ടവരല്ല ഞങ്ങൾ.'
ഒരിക്കൽ ആട്ടിയകറ്റിവർക്കൊപ്പം കസേര വലിച്ചിട്ടിരുന്ന് അക്കൈ പറയുന്നത് അവകാശങ്ങളെക്കുറിച്ചാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരു സമുദായത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ അവർ നടത്തുന്ന പോരാട്ടം ചരിത്രത്തിന്റെ ഭാഗമാകുന്നതും അതുകൊണ്ടുതന്നെ.
വ്യത്യസ്തമായ ലിംഗസവിശേഷതയുടെ പേരിൽ മാത്രം പൊതു ഇടങ്ങളിൽ അദൃശ്യരാക്കപ്പെട്ട നിശബ്ദരും നിസ്സഹായരുമായി മാറേണ്ടിവന്ന ഒരു കൂട്ടം ആളുകളുടെ ശബ്ദമാണ് ഇന്ന് അക്കൈ. വ്യക്തവും കൃത്യവുമാണ് അവരുടെ നിലപാട്: ‘‘ഞങ്ങളും പ്രകൃതിയുടെ ഭാഗമാണ്, നിങ്ങളെപ്പോലെ ഞങ്ങളും മനുഷ്യരാണ്, ഒരു "നോ മാൻസ് ലാൻഡിൽ' പെട്ടുഴറി, പീഡനങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങി ജീവിക്കേണ്ടവരല്ല ഞങ്ങൾ.’’
ബംഗളൂരുവിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജഗദീഷ്, അക്കൈയമ്മ എന്ന ആക്ടിവിസ്റ്റായി വളർന്നത് ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സമൂഹം വരച്ചിട്ട പതിവു കളങ്ങളിൽ ചവിട്ടിത്തന്നെയാണ്. തെരുവുകളിൽ ഭിക്ഷ യാചിച്ചു. ഇരുട്ടിടങ്ങളിൽ ലൈംഗികവൃത്തി ചെയ്തു. 15-16 വയസ്സ് മുതൽ ബാംഗ്ലൂരിലെ കബ്ബൺ പാർക്കിൽ ലൈംഗികത്തൊഴിലാളിയായിരുന്ന നാലുവർഷത്തെ അനുഭവങ്ങളാണ് ഇന്നും അക്കൈയുടെ കരുത്ത്. തെരുവിൽ, ഒരു നിയമത്തിന്റെയും പരിരക്ഷയില്ലാതെ കഴിഞ്ഞ കാലം. വർഷങ്ങൾക്കിപ്പുറം, ട്രാൻസ്ജെൻഡർ പോളിസി രൂപപ്പെടുത്താൻ കർണാടക സർക്കാർ നിയമിച്ച കമ്മിറ്റിയിൽ അംഗമായപ്പോൾ ലൈംഗികത്തൊഴിൽ മേഖലയുടെ എല്ലാ വശങ്ങളും ആധികാരികമായി അവതരിപ്പിക്കാൻ കഴിഞ്ഞതും ആ വർഷങ്ങളുടെ ബലത്തിൽ തന്നെ. ഈ രംഗത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ 2016-ൽ സർക്കാർ രൂപംകൊടുത്ത ഒരു പഠനസമിതിയിൽ ഉൾപ്പെട്ടപ്പോഴും അക്കൈ കൈക്കൊണ്ട നിലപാടുകൾ മറ്റുള്ളവരുടെതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ട്രാൻസ് സ്ത്രീകൾ യഥാർഥ സ്ത്രീകളല്ല എന്ന അഭിപ്രായത്തിൽ പ്രതിഷേധിച്ച് ആ സമിതിയിൽ നിന്ന് അക്കൈ രാജി വയ്ക്കുകയായിരുന്നു.
നെടുമ്പാതയിലെ ചെറുചുവട് എന്ന ജീവിതകഥയിൽ അതേക്കുറിച്ച് അക്കൈ എഴുതുന്നത് ഇങ്ങനെയാണ്: എങ്ങനെയാണ് ഇവർക്ക് ഞങ്ങൾ സ്ത്രീകളല്ലാതായത്? സ്ത്രീയുടെ അസ്തിത്വത്തിന് വേണ്ടിയുള്ള സമരമാണ് ഈ സമിതിയിലെ എന്റെ റോൾ എന്നെനിക്ക് തോന്നി, ലിംഗവിവേചനത്തിന് എതിരെയുള്ള പോരാട്ടവും. വർഗീയവാദം എപ്പോഴും ജാതീയതയുമായി ബന്ധപ്പെട്ടതാകണമെന്നില്ല. സ്ത്രീ ആണോ അല്ലയോ എന്ന് ആര് തീരുമാനിക്കണം എന്നതും വർഗീയവാദം തന്നെയാണ്. ഞാൻ ആ കമ്മിറ്റിയിലുള്ളവരോട് ചോദിച്ചു, "നിങ്ങൾ എങ്ങനെയാണ് ഒരു സ്ത്രീയെ തിരിച്ചറിയുന്നത്? ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതിയാകുമോ? ഒരു സർട്ടിഫിക്കറ്റിലൂടെ ലിംഗസ്വത്വം തെളിയിക്കാൻ സാധിക്കുമോ?'
ട്രാൻസ്‌ജെൻഡറുകളെ കുറ്റവാളികളാക്കുന്ന സെക്ഷൻ 377 സാധുവാക്കിയ സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് 2016-ൽ ഹർജി നൽകിയവരിൽ അക്കൈയുമുണ്ട്. രണ്ടു സുഹൃത്തുക്കൾക്കൊപ്പം അക്കൈയും ട്രാൻസ്ജെൻഡർ വിഭാഗത്തെ പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായിരുന്നു. അഞ്ച് ജഡ്ജിമാരുടെ ആ ബെഞ്ചാണ് അവസാനമായി തീരുമാനമെടുക്കേണ്ടത്. വാദം നടക്കുമ്പോൾ കോടതിമുറിയിലുള്ള ട്രാൻസ്ജെൻഡർ വ്യക്തികളെ കാണാൻ ജഡ്ജിമാർ താല്പര്യം പ്രകടിപ്പിച്ചു. ‘എന്റെ കക്ഷികൾ ഇവിടെയുണ്ട്, ഏറ്റവും പുറകിലാണവർ നിൽക്കുന്നത്,' ജെയ്ന കൊത്താരി കോടതിയെ അറിയിച്ചു. ജഡ്ജിമാർ എല്ലാവരും ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. അവർക്ക് ഞങ്ങളെ വ്യക്തമായി കാണാം. അവരുടെ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾ മൂന്നു പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. നിയമത്തോടൊപ്പം വികാരങ്ങൾക്കും പ്രാധാന്യമുള്ള കേസായിരുന്നു ഇത്.
എല്ലാത്തരം പീഡനങ്ങളും ഏറ്റുവാങ്ങേണ്ടവരാണ് ട്രാൻസ്ജെൻഡറുകൾ എന്ന അലിഖിത നിയമം സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം ഒരു മാറ്റവും ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞതോടെ അക്കൈയുടെ യുദ്ധങ്ങളും കൂടുതൽ കരുത്ത് നേടി.
നിർഭയാ സംഭവത്തിനുശേഷം നിയമഭേദഗതിക്കുവേണ്ട നിർദേശങ്ങൾ നൽകാൻ രൂപീകരിച്ച ജസ്റ്റിസ് വർമ കമ്മിഷനുമുന്നിൽ ട്രാൻസ്ജെൻഡർ സമുദായത്തിന്റെ കാഴ്ചപ്പാടിൽ നിന്നുള്ള അഭിപ്രായങ്ങൾ അറിയിച്ചത് അക്കൈയാണ്. ഈ റിപ്പോർട്ടാണ് പിന്നീട് പാർലമെന്റിൽ സമർപ്പിച്ചത്. ട്രാൻസ്ജെൻഡർ സമുദായത്തിനുവേണ്ടി അക്കൈ ആദ്യമായി മുന്നിട്ടിറങ്ങുന്നത് ‘സംഗമ’ എന്ന സംഘടനയിലൂടെയാണ്. ജീവിതത്തിൽ എല്ലാ ഘട്ടങ്ങളിലും അനുഭവിച്ച ലിംഗവിവേചനം അവരുടെ ഉള്ളിലെ തീ ഊതിക്കത്തിച്ചുകൊണ്ടേയിരുന്നു. സുഹൃത്തുക്കളെന്ന് കരുതിയവർ കൂട്ടലൈംഗികാക്രമണത്തിനിരയാക്കിയായപ്പോൾ, സമുദായത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കുപോലും അർഹിക്കുന്ന അംഗീകാരം ലഭിക്കാതിരുന്നപ്പോൾ, വിവാഹബന്ധം ദുരിതമയമായപ്പോൾ എല്ലാം കേട്ടത് "നീ ഇങ്ങനെയായതുകൊണ്ടല്ലേ' എന്ന വിശദീകരണമാണ്.
എല്ലാത്തരം പീഡനങ്ങളും ഏറ്റുവാങ്ങേണ്ടവരാണ് ട്രാൻസ്ജെൻഡറുകൾ എന്ന അലിഖിത നിയമം സമൂഹത്തിൽ നിലനിൽക്കുന്നിടത്തോളം ഒരു മാറ്റവും ഉണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞതോടെ അക്കൈയുടെ യുദ്ധങ്ങളും കൂടുതൽ കരുത്ത് നേടി.
ഒന്നിച്ചുനിൽക്കുക എന്ന ആശയത്തിനുമേലെ അക്കൈ കെട്ടിയുണ്ടാക്കിയ ‘ഒൻഡേഡെ’ എന്ന പ്രസ്ഥാനം സെക്ഷ്വാലിറ്റിക്ക് നമ്മൾ ചാർത്തിക്കൊടുത്ത ഭ്രഷ്ട് ഇല്ലാതാക്കിയത് നിരന്തരമായ സംവാദങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ്. ഇവിടെ ഈ സമൂഹത്തിൽ ഞങ്ങളും ജീവിക്കുന്നുണ്ട്, ഞങ്ങൾക്കും അവകാശങ്ങളുണ്ട് എന്ന് അക്കൈ നമ്മളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
2012-ൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ അക്കൈയ്ക്ക് കർണാടകയിൽ രജിസ്റ്റർ ചെയ്ത ആദ്യ ട്രാൻസ്ജെൻഡർ വിവാഹത്തിന്റെ ക്രെഡിറ്റുമുണ്ട്. ഗാർഹിക പീഡനത്തെ തുടർന്ന് വിവാഹമോചനം നേടിയ അക്കൈ ഇപ്പോൾ വിവാഹം എന്ന സമ്പ്രദായത്തിൽ നിലനിൽക്കുന്ന അക്രമവും തന്റെ പോരാട്ടങ്ങളുടെ ഭാഗമാക്കിയിരിക്കുകയാണ്. ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയാകുക എന്ന തീവ്രമായ ആഗ്രഹവും അക്കൈ യാഥാർഥ്യമാക്കി. രണ്ടു വയസുകാരൻ അവീൻ ജീവിതത്തിൽ നേരിടേണ്ടി വരാവുന്ന കടമ്പകളെക്കുറിച്ച് അക്കൈയ്ക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ അക്കൈയുടെ പോരാട്ടങ്ങൾ ഒന്നുകൂടി വിശാലമാകുന്നു. അമ്മ എന്ന നിലയിൽ അവന് വേണ്ടി സുരക്ഷിതമായ, അവനെ അംഗീകരിക്കുന്ന, അവന്റെ വികാസം ഉറപ്പുവരുത്തുന്ന ഒരു പരിസ്ഥിതി ഒരുക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇപ്പോൾ അക്കൈയുടെ പ്രവർത്തനങ്ങൾക്ക്.
നാളെയൊരു ദിവസം കളിക്കുന്നതിനിടയിൽ അവനോട് ആരെങ്കിലും ചോദിച്ചേക്കാം, ഏയ്, നിന്റെ അച്ഛനാരാ? ഒരു ആക്ടിവിസ്റ്റ് ആയ എനിക്ക് അവനോട് പറയാം, "നീ പറയണം, ഞാൻ അച്ഛനില്ലാതെയാണ് വളർന്നത്, നീ പറയണം, എനിക്ക് അറിയില്ല അച്ഛൻ ആരാണെന്ന്, നീ പറയണം, എന്റെ അമ്മ ട്രാൻസ്ജെൻഡർ ആണെന്ന്.'
‘എന്റെ ലിംഗത്വം എന്റെ അവകാശമാണ്, എന്റെ തീരുമാനമാണ്’ എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് അക്കൈ പദ്മശാലി. അക്കൈയുമായുള്ള സംഭാഷണത്തിൽ നിന്ന്:
ലിംഗമാറ്റ ശസ്ത്രക്രിയ എന്റെ മാത്രം തീരുമാനമായിരുന്നു
ട്രാൻസ്ജെൻഡർ സമുദായത്തിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ആദ്യമൊന്നും ഞാൻ ലിംഗമാറ്റത്തെക്കുറിച്ച് ചിന്തിച്ചില്ല. അന്നൊക്കെ ഈ വിഷയത്തിൽ ഹിജ്‌റ സമുദായത്തിന്റെ കാഴ്ചപ്പാടും സമൂഹത്തിന്റെ നിയമങ്ങളും ഞാൻ ചോദ്യം ചെയ്യുമായിരുന്നു. പെണ്ണാണ് ഞാൻ എന്ന തിരിച്ചറിവ് എനിക്കുണ്ട്, അതാണ് എനിക്ക് വേണ്ടതും. എട്ടാമത്തെ വയസിൽ എന്റെ സ്ത്രീത്വം തിരിച്ചറിഞ്ഞതുമുതൽ ഏകദേശം 20 വർഷം എനിക്കിഷ്ടമുള്ളതുപോലെയാണ് ഞാൻ ജീവിച്ചതും. പക്ഷേ, ലിംഗമാറ്റം നടത്താത്തതുകൊണ്ടുമാത്രം പല വേദികളിലും എനിക്ക് രൂക്ഷമായ വാക്കുകൾ കേൾക്കേണ്ടി വന്നു. പ്രത്യേകിച്ചും ഹിജ്‌റ സമുദായത്തിലെ മുതിർന്ന നേതാക്കളിൽ നിന്നുള്ള വിമർശനം. എങ്കിലും അവരുടെ അഭിപ്രായങ്ങൾ ഞാൻ കണക്കിലെടുത്തില്ല, എനിക്ക് പ്രധാനം എന്റെ വിശ്വാസമാണ്. എല്ലാ അർഥത്തിലും സ്ത്രീയായി മാറണം എന്ന് തോന്നിയപ്പോൾ മാത്രമാണ് ഞാൻ സർജറിക്ക് തയ്യാറായത്.
ഒരു ലിവ് - ഇൻ റിലേഷൻ പരാജയപ്പെട്ടശേഷമാണ് ഞാൻ വാസുദേവ് എന്ന വസുവിനെ വിവാഹം കഴിക്കുന്നത്. അതോടെ വിവാഹം എന്ന പ്രസ്ഥാനം ഒരു പീഡനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ആദ്യ ട്രാൻസ്ജെൻഡർ വിവാഹം, ആദ്യ വിവാഹമോചനവും
ഒരു ലിവ് - ഇൻ റിലേഷൻ പരാജയപ്പെട്ടശേഷമാണ് ഞാൻ വാസുദേവ് എന്ന വസുവിനെ വിവാഹം കഴിക്കുന്നത്. അതോടെ വിവാഹം എന്ന പ്രസ്ഥാനം ഒരു പീഡനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എല്ലാ വിവാഹബന്ധങ്ങളും അങ്ങനെയല്ല, ഞാൻ ആരെയും കുറ്റപ്പെടുത്തുന്നുമില്ല. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, വ്യത്യസ്ത ജീവിതങ്ങളുമുണ്ട്. പക്ഷേ, വിവാഹം എപ്പോഴും ഒരു സമ്പ്രദായത്തിന്റെ ഭാഗമാണ്, പുരുഷാധിപത്യം ഇന്നും നിലനിൽക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗം. ആണിന്റെ വാക്ക് കേട്ടേ തീരൂ, കുഞ്ഞുങ്ങൾ അയാളുടെ ചോരയിൽ തന്നെ ജനിക്കണം. ആക്ടിവിസ്റ്റ് ആയ എനിക്ക് വിവാഹജീവിതത്തിൽ പലപ്പോഴും മിണ്ടാതിരിക്കേണ്ടി വന്നു. സംസാരിക്കുമ്പോൾ ശബ്ദം താഴ്ത്തി, വാഗ്വാദങ്ങൾ ഒഴിവാക്കി, ഭർത്താവ് പറയുന്നത് മാത്രം കേട്ടു. ഇത്രനാൾ കഴിഞ്ഞിട്ടും വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മനസ്സിൽ അല്പം പേടി തോന്നും. പക്ഷേ, വിവാഹശേഷം ഞാൻ അനുഭവിച്ച ദുരിതമൊന്നും എന്റെ സ്വപ്നങ്ങളെയോ ആഗ്രഹങ്ങളെയോ ഇല്ലാതാക്കിയിട്ടില്ല. ഇപ്പോഴും ഞാൻ ഒരു സുന്ദരലോകം സ്വപ്നം കാണുന്നുണ്ട്. എങ്കിലും ഇനി ഒരു ബന്ധം എനിക്ക് വേണോ? ശാരീരികമായ താല്പര്യങ്ങൾ എനിക്കുമുണ്ട്. ദീർഘകാലം നീണ്ടുനിൽക്കുന്ന, ആത്മാർഥമായ ഒരു ബന്ധം ഞാനിപ്പോഴും ആഗ്രഹിക്കുന്നു.
സെക്‌സ് ഞാൻ ആസ്വദിക്കുന്നുണ്ട്, അതെനിക്ക് ആവശ്യമാണ്
നിങ്ങളുടെ വളരെ സ്വകാര്യമായ ഒരു സ്പേസിൽ നടക്കുന്ന ഒരു ബന്ധമാണ് സെക്‌സ്. എനിക്ക് സ്വകാര്യത നാല് ചുവരുകൾക്കുള്ളിലെ ബെഡ്റൂം അല്ല. അത് ഉപരിവർഗ സങ്കൽപ്പമാണ്. തെരുവിൽ, ലൈംഗികത്തൊഴിൽ ചെയ്ത പശ്ചാത്തലമാണ് എന്റേത്. തൊഴിലാളി വർഗത്തിന്റെ ജീവിത സാഹചര്യങ്ങളിൽ ഏത് ഇരുണ്ട ഇടവും എനിക്ക് സ്വകാര്യത നൽകുന്നു, കുറ്റിച്ചെടികൾ എന്റെ സ്വകാര്യ സ്ഥലമാണ്, വലിയ മരങ്ങളും. ആ സ്വകാര്യതയിൽ ലൈംഗിക സംതൃപ്തിക്കുവേണ്ടി നിങ്ങൾ ചെയ്യുന്നതെന്തും ഞാൻ അംഗീകരിക്കും. ലിംഗവ്യത്യാസം കാരണം ട്രാൻസ്‌ജെൻഡറുകൾക്ക് ലൈംഗികകാര്യങ്ങളിൽ താല്പര്യമില്ലെന്നാണ് സമൂഹത്തിൽ നിലനിൽക്കുന്ന ഒരു ധാരണ. അത് ശരിയല്ല. ലൈംഗികത്വമുള്ള ഒരു വ്യക്തിയാണ് ഞാൻ, എനിക്ക് ലൈംഗികമായ ആഗ്രഹങ്ങളുണ്ട്, എന്റേതായ ഇഷ്ടങ്ങളുമുണ്ട്. സെക്‌സിനെക്കുറിച്ച് പല ട്രാൻസ്ജെൻഡർ വ്യക്തികളും എഴുതിയിട്ടുണ്ട്, ഞങ്ങൾ ലിംഗഹീനരാണ്, ലൈംഗികതാല്പര്യങ്ങളില്ല എന്ന്. ഞാൻ ഇതിനോട് യോജിക്കുന്നില്ല. സെക്‌സ് ഞാൻ ആസ്വദിക്കുന്നുണ്ട്, അതെനിക്ക് ആവശ്യമാണ്, അത് ഞാൻ ചെയ്യാറുമുണ്ട്.
നല്ല നിറമുള്ള വേഷങ്ങളിൽ, കനത്ത മേക്കപ്പിട്ട് വന്നാൽ എല്ലാ നീതികേടിനും പരിഹാരമാകുമെന്നാണ് ഉപരിവർഗ ആക്ടിവിസ്റ്റുകൾ കരുതുന്നത്. ആക്രമണങ്ങളും വിവേചനങ്ങളും നേരിട്ടത് ഞങ്ങളാണ്, എന്നിട്ട് വർഷത്തിലൊരിക്കൽ മാത്രം വന്ന് ക്രെഡിറ്റ് നേടാൻ ഇവരും.
സെക്ഷ്വാലിറ്റിയും ജെൻഡറും ചർച്ചാ വിഷയങ്ങളാക്കിയത് ഞങ്ങളാണ്
എന്താണ് സെക്ഷ്വാലിറ്റി എന്ന ലൈംഗികത? ഹെറ്ററോ സെക്ഷ്വാലിറ്റി, ഹോമോ സെക്ഷ്വാലിറ്റി എന്നീ പദപ്രയോഗങ്ങൾ 20 വർഷം മുൻപുവരെ പോലും പരസ്യമായി ഉപയോഗിച്ചിരുന്നില്ല. പൊതുവേദികളിലെ സംവാദങ്ങളിൽ ഇവ അപൂർവമായി മാത്രം പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ, ലൈംഗികത എന്ന ഒറ്റ വാക്കിനുകീഴിലേയ്ക്ക് വിഭിന്നങ്ങളായ അസ്തിത്വങ്ങളെ കൊണ്ടുവരാനാണ് ഞങ്ങളുടെ പ്രസ്ഥാനം ശ്രമിക്കുന്നത്. ലൈംഗികത, ലിംഗത്വം എന്നിവയുടെ രാഷ്ട്രീയത്തിൽ കാതലായ മാറ്റം വരുത്തിയതിൽ പ്രധാന പങ്ക് തൊഴിലാളിവർഗക്കൂട്ടായ്മക്ക് തന്നെയാണ്. എന്തുകൊണ്ടാണ് എം.പി.യായ കനിമൊഴി കരുണാനിധി ട്രാൻസ്‌ജെൻഡർ വിഷയത്തെക്കുറിച്ച് ഇപ്പോൾ സംസാരിച്ചത്? ലൈംഗികതയെക്കുറിച്ച് തുറന്ന സംഭാഷണങ്ങൾ കൂടുതലായി നടക്കുന്നുണ്ട്, പ്രത്യേകിച്ചും പാർലമെന്റിൽ. ഞങ്ങൾ നടത്തുന്ന പ്രക്ഷോഭങ്ങൾ തന്നെയാണ് ഇതിന് കാരണം. സെക്ഷ്വാലിറ്റി, ജെൻഡർ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലാ അതിരുകളും ഞങ്ങൾ ഇല്ലാതാക്കി. മുൻപൊക്കെ ഹോമോസെക്ഷ്വൽ എന്ന വാക്കിനോട് പോലും കടുത്ത എതിർപ്പായിരുന്നു. "അയ്യയ്യോ, ഇങ്ങനെ പറഞ്ഞാൽ ആളുകൾ നമ്മളെ തല്ലും' എന്നതായിരുന്നു പലരുടെയും പ്രതികരണം. ഇപ്പോൾ പല മാറ്റങ്ങൾക്കും കാരണമായെങ്കിലും ഞങ്ങളുടെ ജോലി അവസാനിച്ചു എന്ന് കരുതുന്നില്ല. സമുദായത്തിനുള്ളിൽ തന്നെ പരിഹാരം കണ്ടെത്താനുള്ള എത്രയോ പ്രശ്‌നങ്ങൾ ഇനിയും ബാക്കിയാണ്.
വർഷത്തിലൊരിക്കൽ ഗേ പ്രൈഡ് പരേഡിൽ പങ്കെടുക്കുന്നതല്ല ആക്ടിവിസം
ഈ ഡിജിറ്റൽ യുഗത്തിൽ വർഷത്തിലൊരിക്കൽ തെരുവിലിറങ്ങാൻ ഒരു സമരം വേണമെന്നില്ല. ആർക്കും ഭിന്നലിംഗ പദവി ആഘോഷിക്കാം, ഗേ പ്രൈഡ് പരേഡിൽ പങ്കെടുക്കാം. പക്ഷേ, ഇതൊന്നും വിവേചനങ്ങൾ ഇല്ലാതാക്കില്ല, അക്രമങ്ങൾ അവസാനിപ്പിക്കില്ല, സമൂഹത്തിൽ നിന്നുള്ള പീഡനങ്ങളോ സമുദായത്തിലെ പോരുകളോ പരിഹരിക്കില്ല. നല്ല നിറമുള്ള വേഷങ്ങളിൽ, കനത്ത മേക്കപ്പിട്ട് വന്നാൽ എല്ലാ നീതികേടിനും പരിഹാരമാകുമെന്നാണ് ഉപരിവർഗ ആക്ടിവിസ്റ്റുകൾ കരുതുന്നത്. ഏറ്റവും കൂടുതൽ ആക്രമണങ്ങളും വിവേചനങ്ങളും നേരിട്ടത് ഞങ്ങളാണ്, അതും എല്ലാ ദിവസവും. എന്നിട്ട് വർഷത്തിലൊരിക്കൽ മാത്രം വന്ന് ക്രെഡിറ്റ് നേടാൻ ഇവരും. മാധ്യമങ്ങളും ഗേ പ്രൈഡ് മാർച്ച് എന്നാണ് പറയുന്നത്. അത് ഗേ പ്രൈഡ് മാർച്ച് അല്ല, വ്യത്യസ്തമായ ലൈംഗിക സവിശേഷതകളുള്ള എല്ലാവർക്കും ആദരമർപ്പിക്കുന്ന മാർച്ച് ആണത്.
എന്തുകൊണ്ട് ഞാൻ രാഷ്ട്രീയത്തിലെത്തി?
കോടതിവിധികൾ പലതും അനുകൂലമാണ്, പക്ഷേ അത് നടപ്പിൽ വരുത്തുന്നത് ഒരു വെല്ലുവിളിയാണ്. സെക്ഷൻ 377 ഇല്ലാതാക്കിയ വിധിന്യായം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് എളുപ്പമല്ല. നായ്ക്കൾ ബിസ്‌കറ്റിനുവേണ്ടി കൊതിച്ച് നടക്കുന്നതുപോലെയാണ് ഇത്രയും നാൾ ഞങ്ങൾ അവകാശങ്ങൾക്ക് വേണ്ടി അധികാരികളോട് യാചിച്ചിരുന്നത്. ഇപ്പോൾ സമയമായി, ഞങ്ങളുടെ അന്തസ്സും ഔന്നത്യവും അവകാശപ്പെടാൻ. അതുകൊണ്ടാണ് രാഷ്ട്രീയരംഗത്തും പങ്കാളിത്തം വേണമെന്ന് ഞങ്ങൾ തീരുമാനിച്ചത്. ഭരണഘടന ഞങ്ങൾക്ക് നൽകിയ ആനുകൂല്യങ്ങൾ ഞങ്ങൾക്ക് ആസ്വദിക്കേണ്ടതുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളും അവരുടെ കണ്ണുകളും മനസ്സുകളും ഹൃദയങ്ങളും ഞങ്ങൾക്കായി തുറന്നേ മതിയാകൂ. അതുകൊണ്ടാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ് ഞാനിപ്പോൾ. നിയമനിർമാണത്തിലൂടെ ഞങ്ങൾക്കനുകൂലമായ കോടതിവിധികൾ നടപ്പിൽ വരുത്താൻ വഴികൾ കണ്ടെത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.
ട്രാൻസ്ജെൻഡർ ബിൽ പാസാക്കിയത് ജനാധിപത്യ സമ്പ്രദായത്തിന് ചേരാത്ത മാർഗങ്ങളിലൂടെയാണ്. വളരെ തിരക്കിട്ട് പല ഘട്ടങ്ങളും പൂർത്തിയാക്കി പാസാക്കുകയായിരുന്നു.
പുതിയ ട്രാൻസ്ജെൻഡർ നിയമം ഞങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണ്
2015 മുതൽ ഞങ്ങൾ നിശിതമായി എതിർക്കുന്ന ട്രാൻസ്ജെൻഡർ ബിൽ 2018-ലാണ് വീണ്ടും പാർലമെന്ററിൽ അവതരിക്കുന്നത്. ഇത്രയേറെ എതിർപ്പുണ്ടായിട്ടും 2019 ഡിസംബറിൽ പാർലമെൻറ് ഈ നിയമം പാസാക്കി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ എല്ലാ താൽപര്യങ്ങൾക്കും വിരുദ്ധമാണ് ഈ ആക്ട്. ലൈംഗികത്തൊഴിൽ കുറ്റകരമാക്കി, എന്നാൽ മറ്റൊരു ജീവിതമാർഗം നിർദേശിക്കുന്നുമില്ല, ഞങ്ങളുടെ ലിംഗഭേദവും ലൈംഗികതയും സ്വയം തീരുമാനിക്കാനുള്ള അധികാരം ഒരു മജിസ്ട്രേറ്റിന് ഈ ആക്ട് നൽകുന്നുണ്ട്. ഞാൻ ആണാണോ പെണ്ണാണോ എന്ന് എങ്ങനെയാണ് ഒരു മജിസ്ട്രേറ്റ് തീരുമാനിക്കുന്നത്? ചുരുക്കിപ്പറഞ്ഞാൽ സ്വകാര്യത എന്ന അവകാശത്തിന്റെ ലംഘനം.
നമ്മുടെ രാജ്യം സ്വാതന്ത്യ്രത്തിനും ബഹുത്വത്തിനും വേണ്ടിയാണ് നിലകൊള്ളേണ്ടത്, ഒപ്പം ദുർബല വിഭാഗങ്ങളുടെ അംഗീകാരത്തിനും വേണ്ടി. എന്റെ ലിംഗസ്വത്വം എനിക്കാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. ഞങ്ങളിൽ പലർക്കും നല്ല വിദ്യാഭ്യാസമോ തൊഴിലോ ഇല്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവകാശങ്ങൾ പോലും ഇല്ലാതാക്കുകയാണ്. ജനവിരുദ്ധ നിയമമാണ് ട്രാൻസ്ജെൻഡർ ബിൽ. അത് പാസാക്കിയതും ജനാധിപത്യ സമ്പ്രദായത്തിന് ചേരാത്ത മാർഗങ്ങളിലൂടെ തന്നെ. വളരെ തിരക്കിട്ട് പല ഘട്ടങ്ങളും പൂർത്തിയാക്കി പാസാക്കുകയായിരുന്നു. ഇതിലൂടെ നിയമനിർമാണത്തെ ആക്ഷേപിച്ചു എന്ന് മാത്രമല്ല, സമൂഹത്തിലെ ഏറ്റവും ദുർബലരായ ചിലരുടെ ജീവിതവും തച്ചുടച്ചു. ▮
(അക്കൈ പദ്മശാലിയുമായി നടത്തിയ സംഭാഷണത്തിൽനിന്ന് തയാറാക്കിയത്)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.