ഒ. വി. വിജയനും രണ്ട്‌ കമ്യൂണിസ്റ്റ്‌ ‘ഭൂത’ങ്ങളും

വിടുതി ഇല്ലാത്ത വിധം കമ്യൂണിസത്തിന്റെ രണ്ടു ‘ഭൂത’ങ്ങൾക്ക് പിറകെ വിജയൻ നടന്നുകൊണ്ടേയിരുന്നു: ഒന്ന്, ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ്‌ സ്മൃതികൾക്ക് പിറകിൽ. മറ്റൊന്ന്, നമ്പൂതിരിപ്പാടിന്റെ കമ്യൂണിസത്തിനു പിറകിൽ

“Keep the company of those who seek the truth- run from those who have found it”

― Vaclav Havel

കാഫ്‌കയെ കുറിച്ചുള്ള പ്രശസ്തമായ ഒരു പഠനം (Kafka – Toward a Minor Literature - Deleuze/Guttari ) തുടങ്ങുന്നത് The Castle has many entrances ...The hotel in America has too many doors for us to count” എന്നായിരുന്നു. ഒരു കൃതിയിലേക്ക് എത്തിച്ചേരാൻ ഒരു പ്രവേശനകവാടം കണ്ടെത്തുന്നത് അനവധി പ്രവേശന കവാടങ്ങൾ കണ്ടുകൊണ്ടാണ് എന്ന് ഇത് ഓർമിപ്പിക്കുന്നു. അതുപോലെ ഒരു സാധ്യത ഒ. വി. വിജയന്റെ എഴുത്തിലും കലയിലും ഉണ്ട്. വളരെയധികം പ്രവേശങ്ങൾ ഉള്ള ഒരു തുറസ്സും, ഒരു കോട്ട പോലെ തോന്നുന്ന നിൽപ്പും ആ കലാജീവിതത്തിന്റെ സൗന്ദര്യമായിരുന്നു. എന്നാൽ, ‘ഖസാക്കി’ലെ ബഹുസ്വരത നമുക്ക് നഷ്ടപ്പെട്ടത് അതിനെ ഒരു ‘അസ്തിത്വവാദ’ രചന മാത്രമായി കണ്ടതുകൊണ്ടായിരുന്നു എന്നതുപോലെ, വിജയന്റെ എഴുത്തിനെ സർവാതിശയിയായ ഈ ‘അസ്തിത്വ വാദം’ മൂടി നിൽക്കുകയും ചെയ്തു.

 Vaclav Havel
Vaclav Havel

നാം പരിചയപ്പെട്ട ‘അസ്തിത്വവാദ’മാകട്ടെ, നമുക്ക് വ്യക്തിയുടെ ‘പതന’വുമായിരുന്നു. കൂട്ടം തെറ്റി അലയുന്ന ഒരാളുടെ വ്യഥയിലായിരുന്നു ഏറെയും അതിന്റെ ചവർപ്പും മധുരവും.

മടുപ്പോളമെത്തുന്ന തേജോവലയം, Aura, മാറ്റിനിർത്തി കണ്ടിരുന്നുവെങ്കിൽ വിജയന്റെ കലാലോകം സർഗ്ഗാത്മകമാവുന്നത് തന്റെ തന്നെ എഴുത്തിലെ, ആലോചനയിലെയും, വൈരുധ്യങ്ങൾക്ക്‌ വിജയൻ തന്നെ നൽകുന്ന സാധ്യതകൾകൊണ്ടാണ്‌; ആ സാധ്യതയാകട്ടെ, സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള വ്യക്തിയുടെയും ദേശത്തിന്റെയും അകമഴിഞ്ഞ ആലോചനകളെ ചുറ്റിപ്പറ്റിയും നിർമിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ‘സന്ദേഹം’ എന്ന പദം കൊണ്ടാണ് ഈ വൈരുദ്ധ്യമത്രയും വിജയൻ അടയാളപ്പെടുത്തുന്നത്. അപൂർണമാകുന്ന ‘എന്തോ ഒന്ന്’ തന്റെ ‘കഥ’കളിൽ അവശേഷിപ്പിക്കുന്നപോലെ, തന്റെ രാഷ്ട്രീയ സങ്കൽപ്പങ്ങളുടെ വിചാരപരിണാമത്തെയും അപൂർണമായ ഒരന്ത്യത്തിലേക്ക്‌ വിജയൻ അടുപ്പിക്കുന്നു. വാസ്തവത്തിൽ, ‘അധികാരം’ എന്ന കൽപ്പനയെയും അതിന്റെ പ്രായോഗികമണ്ഡലങ്ങളെയുമായിരുന്നു വിജയൻ എപ്പോഴും അഭിമുഖീകരിച്ചതും. ‘ചവിട്ടടി പാതകൾ നാട്ടുകാര്യസ്ഥന്മാരെ പോലെ നാല് ഭാഗത്തേക്കും പോയ്ക്കൊണ്ടിരുന്നു’ എന്ന് ഖസാക്കിന്റെ ഇതിഹാസത്തിൽ ‘നിഷ്കളങ്കതയോടെ’ എഴുതുമ്പോൾ, താൻ പറയുന്ന കഥയിലെ അധികാര വ്യവസ്ഥയെ പറ്റിയും ഓർക്കുന്നപോലെയാണത്. അല്ലെങ്കിൽ, മലയാളി (ഇന്ത്യൻ?) മാർക്​സിസ്റ്റിനെ തന്റെ ഹാസ്യചിത്രകലയിൽ അടയാളപ്പെടുത്താൻ കുടുമയും പൂണൂലും വരച്ച് ഒരേസമയം ഒരു പ്രതിസന്ധിയും അധികാര ശ്രേണിയും ഓർക്കുന്നപോലെ. ഏതുതരം രാഷ്ട്രീയ സമഗ്രാധിപത്യത്തെയും സംശയിക്കുകയും പരിശോധിക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു എന്നാണ്‌ ഒ.വി. വിജയന്റെ രാഷ്ടീയ വിമർശനത്തിന്റെ കാതൽ. കേരളീയ രാഷ്ട്രീയാന്തരീക്ഷത്തിൽ മുഴുകിയതുകൊണ്ടാകും, കമ്യൂണിസ്റ്റ്‌ സമഗ്രാധിപത്യത്തെ വിജയൻ തന്റെ വിമർശനത്തിൻറെ ഒരു മുഖ്യ മേഖലതന്നെയാക്കി എടുത്തതും. അതിന്റെ സവിശേഷമായ രാഷ്ട്രീയ സന്ദർഭങ്ങൾ കണ്ടുപിടിച്ചതും. ഇതുപോലെ: “ഇന്ത്യൻ സ്റ്റാലിനിസത്തിൽ വെള്ളം കലർത്താൻ നമ്മുടെ ജാതിവ്യവസ്ഥയും അന്ധവിശ്വാസവും ഹൈന്ദവമായ ആലസ്യവും ഉതകും. സമചിത്തതയെ പിന്തള്ളിക്കൊണ്ട് മാർക്സിസ്റ്റുകൾ കൊട്ടിയാടുന്ന ഒരു തെയ്യമാണ് സ്റ്റാലിൻ എന്നോർക്കുമ്പോഴാണ് മനോവിഷമം. ഈ തെയ്യം എത്രകാലം വേണമെങ്കിലും നടത്തിക്കൊണ്ടുപോകാം; തെയ്യം വീരസ്മരണയും സങ്കൽപവുമാണ്. യാഥാർത്ഥ്യത്തെ തൊടാത്തെടത്തോളം തെയ്യത്തിന്റെ ആയുസ്സ് നീട്ടിക്കൊണ്ടുപോകാം. അധികാരത്തിന്റെ ബാധ്യതകൾ ഇല്ലാതെ ഗ്രന്ഥശാലകളിലും സർവകലാശാലകളിലും സമ്പന്നരായ വിമതരുടെ ബുദ്ധിപരമായ ആഡംബരത്തിലും കേരളത്തിൽ ഈ ആരാധന ചാത്തൻസേവപോലെ നിരവധി കാലം നീണ്ടുനിന്നെന്നുവരും.” (ആരുടെ ജീവിതം, ആരുടെ മരണം? ഒ.വി. വിജയൻ - ഒ.വി. വിജയൻറെ ലേഖനങ്ങൾ - ഡി സി ബുക്സ്‌ - കോട്ടയം).

ഖസാക്കിന്റെ ഇതിഹാസം
ഖസാക്കിന്റെ ഇതിഹാസം

തന്റെ രാഷ്ട്രീയ സന്ദർഭത്തെയും കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തെയും താരതമ്യം ചെയ്യുന്ന വിധമായിരുന്നു വിജയന്റെ രാഷ്ട്രീയ ലേഖനങ്ങളുടെ പൊതു
ഭാവം. ഇതിൽ, കേരളത്തിന്റെ രാഷ്ട്രീയ ജീവിതം എന്നത് വിജയന് പൂർവ്വ നിശ്ചിതമായ ഒന്നായിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റ്‌ മാതൃകയിലുള്ള ഒരു സോഷ്യലിസ്റ്റ് സമൂഹത്തിന്റെ നിർമ്മാണമാണത്. തന്റെ സമകാലികരും സുഹൃത്തുക്കളുമായ രാഷ്ട്രീയ പ്രവർത്തകർ പലരും അത്തരമൊരു രാഷ്ട്രീയ നിർമ്മാണത്തിൽ പങ്കെടുക്കുന്നുവരുമായിരുന്നു. എന്നാൽ, തന്റെ സ്വന്തം രാഷ്ട്രീയ സന്ദർഭത്തെ വിജയൻ എപ്പോഴും ഓർമയുടെയും വർത്തമാനത്തിന്റെയും താവളമാക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും ഗാന്ധിജിയുടെ ആശയലോകത്തിന്റെയും മതങ്ങളുടെ സാനിധ്യത്തിന്റെയും സജീവമായ ഓർമയിലാണ് തന്റെ ആശയലോകത്തെ വിജയൻ അവതരിപ്പിക്കുന്നത് - വർത്തമാനത്തെ സഹ്യമാക്കുന്ന ജീവിതോപാധികളെ തേടുകയായിരുന്നു, അല്ലെങ്കിൽ ആ അന്വേഷണങ്ങൾ ഒക്കെയും. ആ അർത്ഥത്തിൽ, സോവിയറ്റ് കമ്യൂണിസത്തിനെതിരെ നിന്ന ആൽബേർ കാമ്യുവിൽ നിന്ന്​ വ്യത്യസ്തമായ ഒരു ഊഴം വിജയൻ തനിക്കുതന്നെ നല്കുന്നുണ്ടായിരുന്നു, മുകളിലെ ഉദ്ധരണിയിൽ നാം കണ്ടുമുട്ടുന്നതരത്തിൽ.

എന്നാൽ, വിജയന്റെ ഈ വിമർശനങ്ങളെ നമ്മുടെ ഔദ്യോഗിക ഇടതുപക്ഷത്തോടൊപ്പം അദ്ദേഹത്തിന്റെ സമകാലികരായ എഴുത്തുകാരും നേരിട്ടത്, വിജയന്റെ രാഷ്ട്രീയ വിമർശം, അവസാന കാലത്തെ വിശേഷിച്ചും, മൃദുഹിന്ദുവാദമായിരുന്നു എന്ന് വഴി തെറ്റിച്ചുകൊണ്ടായിരുന്നു. വിജയന്റെ കലയിലെയും ജീവിതവീക്ഷണത്തിലെയും അധികാര വിമർശത്തെ അങ്ങനെ മറച്ചുവെയ്ക്കാനോ മറികടക്കാനോ ശ്രമിക്കുകയായിരുന്നു. ലോകത്ത് പലയിടങ്ങളിലും ഉണ്ടായിരുന്നപോലെ നമ്മുടെയും ചിന്താജീവിതത്തെ അടിമുടി മാറ്റുന്ന ദശകങ്ങൾ എൺപതുകൾതന്നെ ആവണം. അതുവരെയും നമ്മുടെയും വിചാരലോകം ഏറെക്കുറെ ലക്ഷ്യങ്ങൾ നിറവേറ്റുന്ന ഒരു ടൗൺ പോലെയായിരുന്നു. അവിടെ നിന്ന്​ ഇഷ്ടമുള്ളത് നമുക്ക് വാങ്ങിക്കാൻ പറ്റുമായിരുന്നു. അവിടേക്ക് ആധുനികതാ വാദത്തിന്റെയും അസ്തിത്വ വാദത്തിന്റെയും കമ്യൂണിസ്റ്റ് വിപ്ലവത്തിൻറെയും വഴികൾ ഉണ്ടായിരുന്നു.

അഥവാ, നമ്മുടെ ഓരോതരം ആലോചനകൾക്കും ഒരു ലക്ഷ്യമുണ്ടായിരുന്നു, ഓരോ patronageനും ഒപ്പം. അതിൻറെ ഓരോ patterns നുമൊപ്പം. അങ്ങനെ പുറപ്പെട്ടവരായിരുന്നു നമ്മളും. എൺപതുകൾ, പക്ഷെ, ആദ്യം ചെയ്തത് ആ ലക്ഷ്യങ്ങളെ, അതിൻറെ അത്രയും ദൂരത്തിൽ നിർത്തിക്കൊണ്ടുതന്നെ, അവയെ എല്ലാം അവിശ്വസിക്കാൻ പ്രേരിപ്പിക്കുക എന്നായിരുന്നു. നമ്മുടെ ആശയങ്ങൾ നമ്മുടെ സ്വപ്നങ്ങൾ അല്ല എന്ന് ആ ദശകം ഓരോ ദിവസവും നമ്മളെയും പഠിപ്പിച്ചുകൊണ്ടിരുന്നു. ആ ദിവസങ്ങളിൽ മലയാളികളുടെ രാഷ്ട്രീയ ജീവിതത്തോട് എന്നുമെന്നപോലെ സംസാരിച്ചുകൊണ്ട് നമ്മോടൊപ്പം കഴിഞ്ഞ ഒരാൾ ഒ. വി. വിജയനായിരുന്നു. എന്നാൽ, വിജയന്റെ ഈ പാരമ്പര്യത്തെ, നിങ്ങളുടെ ഏതുതരം വിശ്വാസവും നിങ്ങൾ ജീവിക്കുന്ന സമൂഹം എപ്പോഴും സംശയിക്കുന്നുവെന്നും, അതുകൊണ്ടുതന്നെ നിങ്ങൾ എപ്പോഴും സത്യാന്വേഷണത്തിൽ ആണെന്നും ഉള്ള വിചാരരീതിയുടെ പാരമ്പര്യത്തെ, അട്ടിമറിക്കാൻ രണ്ടായിരത്തോടെ ചില മലയാളി എഴുത്തുകാർ ശ്രദ്ധിയ്ക്കുകയുണ്ടായി. അവരുടെ ‘പാർട്ടി’യ്ക്കു വേണ്ടി. നമ്മുടെതന്നെ ‘മുന്നണി രാഷ്ട്രീയം’ ഉറപ്പു വരുത്തുന്ന ‘ക്ഷേമ രാജ്യ’ത്തിന്റെ intellect തന്നെയായിരുന്നു അവർക്കും പ്രധാനം. എം. എൻ. വിജയൻ, സക്കറിയ, സച്ചിദാനന്ദൻ, എൻ. എസ്. മാധവൻ തുടങ്ങിയ എഴുത്തുകാർ പല സമയങ്ങളിൽ ഇടപെട്ടിരുന്ന രീതികൾ, ‘പല സ്ഥല’ങ്ങളിൽ നിന്നുകൊണ്ടായിരുന്നെങ്കിലും, ഇങ്ങനെ ഒന്നിനെ ഉറപ്പിയ്ക്കുവാനായിരുന്നു. തീർച്ചയായും, എം.എൻ. വിജയന്റെ ‘ഫാഷിസ്റ്റ്‌-ഇടതുപക്ഷ-പാർട്ടി-‘രാഷ്ട്രീയ’മായിരുന്നില്ല സക്കറിയയൊ സച്ചിദാനന്ദനോ എഴുതുക. എന്നാൽ, അതേ രാഷ്ട്രീയം വിലമതിക്കുന്ന, ആ രാഷ്ട്രീയത്തോട് രമ്യമാകുന്ന, അതിനു തുണപോകുന്ന ഒരു രാഷ്ട്രീയം പറയുകയാണ് അവരും ചെയ്തത്. അങ്ങനെ, നമ്മുടെതന്നെ സാമൂഹ്യ ചലനങ്ങളിലെ സൂക്ഷ്മാംശങ്ങളെ, സാമൂഹ്യ ബന്ധങ്ങളിലെ, ‘വേറെ രാഷ്ട്രീയ’ത്തെ, (other politics), ജനാധിപത്യ സാധ്യതകളെ, ഈ വലിയ വായ കൊണ്ട് അവർ കൈ ഒഴിയുകയായിരുന്നു. എൺപതുകൾക്കു ശേഷം വന്ന കാലം ലോകത്തിന്‌ സമ്മാനിച്ച ഏറ്റവും വലിയ പാഠം കമ്യൂണിസമടക്കമുള്ള സമഗ്രാധിപത്യ വ്യവസ്ഥകൾ എല്ലാ അർത്ഥത്തിലും മനുഷ്യവിരുദ്ധവും അതുകൊണ്ട് തന്നെ ഒരു അധികാര വ്യവസ്ഥ എന്ന അർത്ഥത്തിൽ ‘ജനാധിപത്യ’ത്തെ ഉൾക്കൊള്ളാൻ അപ്രാപ്തമാണെന്നുമായിരുന്നു. എന്നാൽ, കേരളത്തിന്റെ രണ്ടായിരമാണ്ടുകളിലൂടെ വിജയനുശേഷം വന്ന എഴുത്തുകാർ ചെയ്തത് മറ്റൊന്നായിരുന്നു: കേരളത്തിന്റെ രാഷ്ടീയ വിചാര ജീവിതം വീണ്ടും ആ പഴയ ‘ശീതയുദ്ധ കാല’ത്തിലേക്ക് തന്നെ കൊണ്ടുപോവുക. മാത്രമല്ല, അതിന്റെ മുന്നുപാധിയായി, സി.പി.എം പോലുള്ള ഒരു (ഫ്യൂഡൽ) സ്റ്റാലിനിസ്റ്റ്‌ കക്ഷിയുടെ സിദ്ധാന്തപരമായ നിലനിൽപായി വിജയനുശേഷം വന്ന നമ്മുടെ മിക്ക എഴുത്തുകാരുടെയും പ്രശ്നം.

ഒ.വി. വിജയൻ / Wikimedia Commons
ഒ.വി. വിജയൻ / Wikimedia Commons

ഒ. വി. വിജയനു ശേഷം, എന്തുകൊണ്ടാണ് മലയാളി എഴുത്തുകാർക്ക്, ഇത്രയും സങ്കീർണ അനുഭവങ്ങൾ ഉള്ളപ്പോൾ പോലും, മനുഷ്യസമൂഹത്തിന്റെ ജനാധിപത്യപരമായ ആകാംഷകൾ രാഷ്ട്രീയമായി ആവിഷ്ക്കരിക്കാൻ കഴിയാതെ പോകുന്നത് എന്നതിന്റെ കാരണം, അല്ലെങ്കിൽ, വേറെ എവിടെ തേടും? അത്തരം അന്വേഷണങ്ങൾ ഈ സമൂഹത്തിൽ ഇല്ലാതെ പോകുന്നല്ലോ എന്ന് ഖേദത്തോടെ, അല്ലെങ്കിൽ, എവിടെ തിരയും? തന്റെ സർഗാത്​മക ജീവിതത്തിന്റെ കൂടെത്തന്നെ വിജയൻ ചെലവിട്ട ഒരു വലിയ സമയം ‘കേരള കമ്യൂണിസ’ത്തിനോട് സംവദിക്കുക എന്നായിരുന്നു. വിജയന്‌ അത് ഉന്മേഷപ്രദമായ ഒരു പ്രവൃത്തികൂടിയായിരുന്നു. തന്റെ വായനക്കാരുടെ രാഷ്ട്രീയ സഹവാസത്തെ മുഷിപ്പിക്കാതെത്തന്നെ അവരുടെ രാഷ്ട്രീയ നേതൃത്വങ്ങളെ വിജയൻ വിമർശിയ്ക്കുകയായിരുന്നു. അല്ലെങ്കിൽ, സ്വാത്രന്ത്ര്യത്തിന് തൊട്ടു പിറകെ വന്ന ഇന്ത്യയോടൊപ്പം ഇത്രയും കണിശമായി സഞ്ചരിച്ച ഒരു മലയാളി എഴുത്തുകാരൻ വേറെ ഇല്ല. (മറ്റൊരാൾ എം. ഗോവിന്ദനായിരുന്നു, പക്ഷെ അത് വിജയന്റെ രീതിയിൽ ആയിരുന്നില്ല). ഒരു രാഷ്ട്രീയ തത്വചിന്തകൻ അല്ലാതിരുന്നിട്ടും, കമ്യൂണിസത്തിന്റെ സിദ്ധാന്തക്ഷയങ്ങൾ, അധികാര നിർവഹണത്തെ മനുഷ്യസമൂഹം എങ്ങനെനേരിടുന്നു എന്ന് പറഞ്ഞുകൊണ്ട് വിജയൻ നമ്മെ എപ്പോഴും ഓർമപ്പെടുത്തുമായിരുന്നു. എന്നാൽ, ഈ സംവാദത്തിൽ വിജയന് എതിരെ നിരന്നവർ (ഇ. എം.എസ് മുതൽ പി. ഗോവിന്ദപിള്ള മുതൽ സച്ചിദാനന്ദൻ വരെ) ‘മാർക്സിസ്റ്റ് ചിന്തകർ’ എന്നതിനേക്കാൾ, അതിനകം രൂപം കൊണ്ട നമ്മുടെ ‘മുന്നണി രാഷ്ട്രീയ’ത്തിന്റെ ബൗദ്ധിക നടത്തിപ്പുകാരായിരുന്നു. അതുകൊണ്ടുതന്നെ, വിജയന്റെ സംവാദങ്ങൾ ഏതെങ്കിലും വിധത്തിൽ നമ്മുടെ ‘രാഷ്ട്രീയ ജനുസ്സി’നെ സ്വാധീനിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. വിജയനും, പക്ഷെ, ഇത് കാര്യമായി കണ്ടിരുന്നില്ല. അല്ലെങ്കിൽ ‘കമ്യൂണിസ’ത്തെ കേരളത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അനിവാര്യമായ ഒരധികാര സങ്കൽപ്പമായിത്തന്നെ വിജയൻ തന്റെ വിചാരലോകത്ത്‌ നിലനിർത്തിയിരുന്നു. സംവാദങ്ങളുടെ മധുരമായ ഓർമകൊണ്ടും അകലംകൊണ്ടും. ഇതാകട്ടെ, വിജയൻ പരിചയപ്പെടത്തുന്ന ‘സന്ദേഹ’ത്തെക്കാൾ, സ്വയം തിരഞ്ഞെടുത്ത ‘വിധി’യായിരുന്നു. അതുകൊണ്ടുതന്നെ, വിടുതി ഇല്ലാത്ത വിധം കമ്യൂണിസത്തിന്റെ രണ്ടു ‘ഭൂത’ങ്ങൾക്ക് പിറകെ വിജയൻ നടന്നുകൊണ്ടേയിരുന്നു: ഒന്ന്, ശീതയുദ്ധകാലത്തെ കമ്യൂണിസ്റ്റ്‌ സ്മൃതികൾക്ക് പിറകിൽ. മറ്റൊന്ന്, നമ്പൂതിരിപ്പാടിന്റെ കമ്യൂണിസത്തിനു പിറകിൽ.

കരുണാകരന്റെ മറ്റു ലേഖനങ്ങൾ

ഈ സമരങ്ങളെ മറവിക്ക് വിട്ടുകൊടുത്തുകൂടാ

‘വല്ല്യേട്ടൻ' തീർച്ചയായും നമ്മളെ നിരീക്ഷിക്കാനുണ്ടാവും

നിങ്ങളുടെ പ്രിയപ്പെട്ട പത്രം കൂടെ ഇല്ലെങ്കിലെന്ത്?


Summary: Karunakaran writes about Communist party and EMS and OV Vijayan.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments