‘മലയാള കവിതയിൽ കോക്കസുണ്ട്’​;
വിഷ്ണുപ്രസാദിനൊപ്പം കവിതയുടെ മുപ്പതുവർഷങ്ങളിലൂടെ…

തൊണ്ണൂറുകളിൽ കവിതയിലേക്കുവന്ന് കവിതയുടെ സൈബർ സ്പേസിൽ ശ്രദ്ധേയനായ കവിയാണ് വിഷ്ണുപ്രസാദ്. കവിതയിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തിയ ഈ കവി മലയാളകവിതയിലെ പല പുതുപ്രവണതകളുടെയും പ്രഭവകേന്ദ്രവുമാണ്. കാവ്യജീവിതവുമായി ബന്ധപ്പെട്ട ഇണക്കങ്ങളും പിണക്കങ്ങളും ഗൗരവതരമായ ആലോചനകളും സൗന്ദര്യശാസ്ത്രപരമായ പ്രതിസന്ധികളും പറഞ്ഞുവെക്കുന്ന സംഭാഷണം.

1990- കളിൽ മലയാളത്തിൽ കവിതയുടെ രൂപഭാവങ്ങൾ സംബന്ധിച്ച് വലിയ ചർച്ചകളും ബോധപൂർവമായ ഇടപെടലുകളുമുണ്ടാകുന്നുണ്ട്. രണ്ടായിരത്തിന്റെ ആദ്യ ദശകത്തിലേക്കെത്തുമ്പോൾ സൈബറിടം കവിതയ്ക്ക് പുതിയതും വിപുലവുമായ വലിയ തുറസ്സൊരുക്കുന്നു. മാറ്റത്തിന്റെ ഒരു അടയാളസ്ഥാനമായി 1990- കളെ സങ്കല്പിക്കുകയാണെങ്കിൽ ഈ മാറ്റത്തിന് ഇപ്പോൾ മുപ്പതു വയസ്സായി. തൊണ്ണൂറുകളിൽ കവിതയിലേക്കുവന്ന് കവിതയുടെ സൈബർ സ്പേസിൽ ശ്രദ്ധേയനായ കവിയാണ് വിഷ്ണുപ്രസാദ്.

സ്വന്തമായി കവിതയെഴുതുകയും അതിൽ നിരന്തരം പരീക്ഷണങ്ങൾ നടത്തുകയും ചെയ്ത വിഷ്ണുപ്രസാദ് മലയാളകവിതയിലെ പല പുതുപ്രവണതകളുടെയും പ്രഭവകേന്ദ്രമാണ്. ഓരോ കവിതയിലും എന്തെങ്കിലും പുതുമ കൊണ്ടുവരാൻ വിഷ്ണുപ്രസാദിനായിട്ടുണ്ട്. അതിൽ ലോകക്രമങ്ങളോടുള്ള തുടർച്ചയായ പ്രതികരണങ്ങൾ കാണാം. വിവിധ മാധ്യമങ്ങളുമായി കവിതയെ മുഖാമുഖം നിർത്തുന്ന അദ്ദേഹത്തിന്റെ ആഖ്യാനരീതി കവിതയെ ചിത്രശാലയോ ചലച്ചിത്രമോ ആക്കിത്തീർക്കുന്നു. സ്വപ്നത്തിലേക്കും ഫാന്റസിയിലേക്കും സഞ്ചരിക്കുന്ന അതേ വേഗത്തിൽ യാഥാർത്ഥ്യത്തിന്റെ സൂക്ഷ്മതകളിലേക്ക് ചുഴിഞ്ഞിറങ്ങുന്നതും കാഴ്ചകളെ മറിച്ചിട്ട് പരിശോധിക്കുന്നതും കാണാം. മനുഷ്യാവസ്ഥകളോടുള്ള അതേ കരുതൽ തിര്യക്കുകളോടും ജഡവസ്തുക്കളോടും കാണിക്കുമ്പോൾ കവി ഈ പ്രപഞ്ചത്തിലെ അനേകവസ്തുക്കളിൽ ഒന്നായി എളുതാവുന്നതും കാണാം. അക്കാദമികചർച്ചകളിൽ കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ലെങ്കിലും വിഷ്ണുപ്രസാദ് നയിച്ച ‘കാടിരുത്തം’ പോലുള്ള കവിതാചർച്ചകൾ ഇടക്കാലത്ത് മലയാളകവിതയെ ഊർജ്ജസ്വലമാക്കിയിട്ടുമുണ്ട്.

വിഷ്ണുപ്രസാദിനോടൊപ്പം കർണാടകഗ്രാമങ്ങളിലൂടെ നടത്തിയ ഒരു യാത്രക്കിടയിൽ നടത്തിയ സംഭാഷണത്തിൽ സുദീർഘമായ കാവ്യജീവിതത്തെ സംബന്ധിച്ച് അദ്ദേഹം മനസ്സു തുറക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഗൗരവതരമായ ആലോചനകളും സൗന്ദര്യശാസ്ത്രപരമായ പ്രതിസന്ധികളും അദ്ദേഹം പറഞ്ഞുവെക്കുന്നു.

വി. അബ്ദുൽ ലത്തീഫ്: പുതുകവിതയെ രൂപപ്പെടുത്തിയ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ട് നമുക്ക് ഈ സംഭാഷണം ആരംഭിക്കാം.

വിഷ്ണുപ്രസാദ്: പുതുകവിത വെറുതെ ഉണ്ടായതല്ല. അതിന് പുതിയൊരു രാഷ്ട്രീയം മുന്നോട്ടുവെക്കാനുണ്ട്. എന്താണ് ഈ പുതിയ രാഷ്ട്രീയം? സ്ത്രീകളും ദലിതരും ഉൾപ്പെടുന്ന അവശർ എന്നു കരുതപ്പെട്ടിരുന്ന ജനവിഭാഗങ്ങളോടുള്ള പുതിയ സമീപനത്തിൽനിന്നാണ് ആ രാഷ്ട്രീയം രൂപപ്പെട്ടുവരുന്നത്. അതിൽനിന്നാണ് പുതുകവിത ഉണ്ടായിവരുന്നത്. ഇതോടൊപ്പം ഭാഷയിലും മറ്റും കവിത കുറേക്കൂടി ലളിതമാവുന്നുണ്ട്. ഭാഷയിൽ കഠിന സംസ്കൃതപദാവലി ക്രമേണ ഉപേക്ഷിച്ച് നിത്യജീവിതമലയാളം സ്വീകരിക്കുന്നുണ്ട്. എന്നിട്ടും പുതുകവിത തീർത്തും ജനങ്ങളിലേക്ക് എത്തിയിരുന്നില്ല. അത് ഒരു സവിശേഷ ഉപരിവർഗ്ഗത്തിന്റെ കൈകളിൽത്തന്നെയായിരുന്നു.

പുതുകവിതയിൽ വ്യാപരിച്ചിരുന്നവർ പി.പി. രാമചന്ദ്രനോ പി. രാമനോ ആരുമായിക്കൊള്ളട്ടെ, പുതുകവിത സാധാരണ ജനങ്ങളിൽനിന്ന് അകന്ന ഒരു ക്ലാസിന്റെ കൈയിലായിരുന്നു. 2006-നൊക്കെ ശേഷമാണ് കവിത ഇന്നു കാണുന്ന തരത്തിൽ സാധാരണ മനുഷ്യരിലേക്കെത്തുന്നത്. അവരുടെ ഭാഷയിൽ രചിക്കപ്പെടുന്നത്, കവിത ആർക്കും എഴുതാം എന്ന നില വന്നത്. തങ്ങളുടെ ഭാഷ തന്നെ കവിതയ്ക്ക് പര്യാപ്തമാണ് എന്ന് സാധാരണ മനുഷ്യർക്ക് തിരിച്ചറിവുണ്ടായത്. ജീവിതത്തിൽ കരയുകയും ചിരിക്കുകയും ചെയ്യുന്നതുപോലൊന്നാണ് കവിതയെഴുത്ത് എന്നൊരു ധാരണ വന്നത് അപ്പോഴാണ്. ഇത് ബ്ലോഗെഴുത്തും മറ്റും ഉണ്ടാക്കിയ മാറ്റമാണ്. പുതുകവിതയെക്കുറിച്ച് ധാരാളം ചർച്ചകൾ വന്നിട്ടുണ്ടെങ്കിലും അത് ജനകീയമാകുന്ന ഈ തിരിവ് അധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ല.

പി.പി. രാമചന്ദ്രന്‍, പി. രാമന്‍

ബ്ലോഗെഴുത്തിലൂടെയാണ് പുതുകവിതയുടെ ഈ ജനകീയമായ തുടർച്ചയുണ്ടായതെന്നാണ് മാഷ് പറഞ്ഞുവരുന്നത്. ആദ്യകാലത്ത് ഇന്റർനെറ്റും ബ്ലോഗെഴുത്തുമൊക്കെ എല്ലാവർക്കും പ്രാപ്യമായിരുന്നോ? 2006-ലൊന്നും സാങ്കേതികമായിപ്പോലും അതത്ര ലളിതമായിരുന്നില്ല.

തുടക്കത്തിൽ അല്ലായിരുന്നു. പക്ഷേ ക്രമേണ അത് എല്ലാവർക്കും പ്രാപ്യമായി വന്നു. ബ്ലോഗിൽനിന്ന് ഫേസ്ബുക്കിലെത്തിയപ്പോഴേക്കും എല്ലാവർക്കും കവിതയെഴുതാമെന്നായി. പതിയെപ്പതിയെ ജീവിതത്തിന്റെ ഓരത്തുനിൽക്കുന്ന ദലിത്, ആദിവാസി വിഭാഗങ്ങളടക്കം എല്ലാവർക്കും കവിതയിലേക്ക് പ്രവേശനം സാധ്യമായി. അവർക്ക് വിപുലമായി സുഹൃത്തുക്കളോടു സംസാരിക്കാനായി. അവരുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളുമൊക്കെ കവിതയായോ ഇമേജുകളായോ ഒക്കെ അപ്‍ലോഡു ചെയ്യാവുന്ന അവസ്ഥ വന്നു.

ഒരു സ്റ്റാറ്റസ് ഇടുന്നതുപോലെ കവിതകളും വരാൻ തുടങ്ങി. ഇത് തിരിച്ചുപറഞ്ഞാൽ ഇമേജുകളോ വീഡിയോകളോ ഒക്കെ കവിതകളാകാനും തുടങ്ങി. ഈ പ്രവണത ഒരു ദശകമൊക്കെ പിന്നിടുമ്പോൾ വലിയ ആഴങ്ങളിലേക്കു പോയതായി കാണാൻ സാധിക്കും. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ കാണുന്ന ഒരു മിനിറ്റു വീഡിയോകളുടെ മുന്നിൽ കവിത കുനിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്.

ബ്ലോഗിൽ ആരംഭിക്കുകയും ഫേസ്ബുക്കിലൂടെ പ്രസ്ഥാനമാവുകയും ചെയ്ത ഈ പേഴ്സണൽ സ്റ്റാറ്റസുകളുടെ തുടർച്ചയായി വീഡിയോ റീലുകളെ കാണാൻ സാധിക്കുമോ?

അങ്ങനെയല്ലെന്നാണ് എനിക്കു തോന്നുന്നുത്. ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന ഷോർട്ട്​ വീഡിയോകൾക്ക് അതുമായി ബന്ധമില്ല. ബ്ലോഗുകാലത്തെയോ ഫേസ്ബുക്കിലേയോ കവിതകൾ വായിച്ച ഒരു തലമുറയല്ല ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുന്ന പുതിയ തലമുറ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കവികളിൽ ഉറപ്പായും ബ്ലോഗുകാലത്തിന്റെ തുടർച്ച കാണാൻ സാധിക്കും. എന്നാൽ വീഡിയോ റീലുകൾക്ക് അതില്ല എന്നാണ് എന്റെ തോന്നൽ. പൊതുവെ മലയാള ഭാവനയ്ക്ക് കവികളുടെ സംഭാവന കുറവാണ്. വിഷ്ണുപ്രസാദ് എന്ന കവിക്ക് മലയാളികളെ സ്വാധീനിക്കാൻ കഴിയില്ല. എന്നാൽ മോഹൻലാൽ മീശ പിരിച്ചാൽ അതിന് മലയാളികളെ സാധീനിക്കാൻ കഴിയും. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഒരു ലളിതമായ സിനിമയാണ്. അതുണ്ടാക്കിയ ഇംപാക്ട് ഉണ്ടാക്കാൻ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു കവിതയ്ക്ക് സാധിക്കുമോ? ഞാൻ പറഞ്ഞുവരുന്നത് മീഡിയയുടെ സ്വാധീനശേഷിയിലെ വ്യത്യാസത്തെക്കുറിച്ചാണ്.

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍ സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും

മീഡിയയുടെ സ്വാധീനശേഷിയെക്കുറിച്ചുള്ള ചർച്ചയിലേക്കു നമുക്ക് തിരിച്ചുവരാം. പുതുകവിതയുടെ തുടർച്ചയെക്കുറിച്ച് കുറച്ചുകൂടി വ്യക്തത വരുത്തേണ്ടതുണ്ട്. എസ്. ജോസഫ് ഉയർത്തിക്കൊണ്ടുവരുന്ന എമർജിംഗ് പോയട്രിയെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

‘എമർജിംഗ് പോയട്രി’ എന്നത് എസ്. ജോസഫ് ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പുതിയ തരത്തിൽ കവിതയെ രൂപപ്പെടുത്തുക എന്ന ഒരു സംഗതിയാണത്. എന്നാൽ എമർജിംഗ് പോയട്രി എന്നു പറഞ്ഞ് അദ്ദേഹവും അദ്ദേഹത്തിന്റെ കുടെയുള്ളവരും എഴുതിയ കവിതകളെല്ലാം നേരത്തേ മലയാളത്തിൽ സംഭവിച്ച കവിതകളാണ്. അതായത്, ‘എമർജിംഗ് പോയട്രി’ അദ്ദേഹം ഉണ്ടാക്കിയ ഒന്നല്ല. അത് നേരത്തേ സംഭവിച്ചതാണ്. പുതുകവിത അവസാനിച്ചിട്ട് കുറേക്കാലമായി. അതിനുശേഷമുണ്ടായ കവിതകളുടെ സവിശേഷതകൾ ചേർത്തുകൊണ്ടുള്ള ഒന്നാണ് ജോസഫ് ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. ഈ പ്രവണതകളെ സമീപകവിത എന്നാണ് ഞാൻ സംബോധന ചെയ്യുന്നത്.

എസ്. ജോസഫ്

ജയമോഹന്റെ നേതൃത്വത്തിൽ നടന്ന കവിതാചർച്ചകൾക്കു ശേഷം ഏറ്റവും ക്രിയാത്മകമായി നടന്ന ചർച്ചയല്ലേ ജോസഫ് മാഷ് ഉയർത്തിക്കൊണ്ടുവന്നത്? കവിതയുടെ സൈദ്ധാന്തികമായ ഒരു പശ്ചാത്തലം ജയമോഹനും ആറ്റൂരും കെ.ജി.എസുമൊക്കെ ഉയർത്തിക്കൊണ്ടുവന്നിരുന്നു. കവിതയുടെ രൂപഭാവതലങ്ങളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മലയാളത്തിൽ നടന്ന വലിയൊരു ചർച്ചയായിരുന്നു അത്. ഇതിനുശേഷം ജോസഫ് മാഷ് ‘എമർജിംഗ് പോയട്രി’യെക്കുറിച്ച് ഏറെക്കുറേ തനിയെ സംസാരിച്ചു തുടങ്ങിയപ്പോൾ അതിന്റെ ഫിലോസഫിയും സൗന്ദര്യാത്മകതയും ഇതിനൊക്കെ ആധാരമായ കലാസാംസ്കാരിക ഘടകങ്ങളും സൂക്ഷ്മമായിത്തന്നെ പറയാൻ ശ്രിമിച്ചു, കലാചരിത്രം വിസ്തരിച്ചു പറഞ്ഞു. ഭാഷ എന്താവണമെന്നും കവിത എങ്ങനെയാണ് മാറേണ്ടതെന്നും അദ്ദേഹം പറഞ്ഞുവെച്ചിരുന്നു. ഈയർത്ഥത്തിൽ ഇതൊരു വലിയ മുന്നേറ്റമല്ലേ?

ഇതൊക്കെ ശരിയായ കാര്യങ്ങളാണ്. പക്ഷേ, ഇക്കാര്യങ്ങളൊക്കെ ഇവിടെ ഉണ്ടായിരുന്നതാണ് എന്നാണ് ഞാൻ പറയുന്നത്. ജോസഫ് ഉണ്ടാക്കിയതാണ് ഇതെല്ലാം എന്ന നിലയിലാണ് അദ്ദേഹം കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അങ്ങനയല്ല അത്. അദ്ദേഹം കലാചരിത്രവും സൗന്ദര്യശാസ്ത്രവുമൊക്കെ വിസ്തരിച്ചു പറഞ്ഞുവെച്ചു എന്നത് ശരിയായിരിക്കാം. എന്നാൽ അതുൾക്കൊണ്ടുകൊണ്ട് പുതുതായി എഴുതുന്നു എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ട കവിതകൾ നേരത്തേ ഇവിടെയുള്ളതാണ് എന്നാണ് ഞാൻ പറഞ്ഞത്.

ആറ്റൂര്‍ രവിവര്‍മ, കെ.ജി. ശങ്കരപ്പിള്ള

ജോസഫ് അവതരിപ്പിച്ച കവിതകളേക്കാൾ ഗംഭീരമായ കവിതകൾ, അതേ രൂപഭാവങ്ങളുള്ളത് ഇവിടെ ഉണ്ടായിരുന്നു. പുതുകവിതകൾക്കു ശേഷം സംഭവിച്ച കവിതകളാണ് ഇത്. പുതുകവിതയ്ക്കു ശേഷമുണ്ടായ എല്ലാ കവിതകളെയും പുതുകവിതയുടെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനാണ് ജോസഫിനെ പോലുള്ളവർ ശ്രമിച്ചത്. അതിനുവേണ്ടിയുള്ള ശ്രമമാണ് അദ്ദേഹത്തിന്റെ പുതുകവിതയുടെ ചരിത്രം എന്ന പുസ്തകം.

പുതുകവിതയുടെ ചരിത്രത്തിൽ പറയുന്ന എല്ലാ കവികളും പുതുകവികളെല്ലെന്നാണോ?

അദ്ദേഹം പറഞ്ഞ എല്ലാവരും പുതുകവികളല്ല. പുതുകവികൾ ആരെല്ലാമാണെന്ന് നമുക്കറിയാം. ആറ്റൂർ രവിവർമ്മയും കെ.ജി.എസും എഡിറ്റു ചെയ്ത പുസ്തകങ്ങളിലുള്ള കവികളെയും ആ കാലത്ത് ആ മട്ടിൽ കവിതയെഴുതിയവരെയുമാണ് പൊതുവെ പുതുകവികൾ എന്നു പറയുന്നത്. അവരുടെ കവിതയും നമുക്കറിയാം. അവരെ തുടർന്നു വന്നവർക്ക് ഈ പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ല എന്നല്ല ഞാൻ പറയുന്നത്. ഞാനടക്കമുള്ള കവികൾക്ക് പുതുകവിതയുമായി ബന്ധമുണ്ടായിട്ടുണ്ട്. പക്ഷേ, പിൽക്കാലത്ത് ഞങ്ങൾ അതിൽനിന്ന് പുറത്തുവന്നു. അന്നത്തെ കവിതയല്ല ഞങ്ങൾ ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്നത്. അതിൽനിന്നു വ്യത്യസ്തമായ ഈ രചനാരീതിയെ സമീപകവിത എന്നാണ് ഞാൻ വിളിക്കുന്നത്.

വളരെ സാന്മാർഗികമായിരുന്നു പുതുകവിത. ഒരു തെറിവാക്കെങ്കിലും പറയാൻ അവർക്ക് പേടിയായിരുന്നു. പി.പി. രാമചന്ദ്രന്റെയോ പി. രാമന്റെയോ ആ കാലഘട്ടത്തിലെ ഒരു കവിതയിലും നിങ്ങൾക്ക് അതു കാണാൻ സാധിക്കില്ല.

പുതുകവിതയിൽനിന്ന് സമീപകവിത വേറിട്ടു നിൽക്കുന്നത് എങ്ങനെയാണ്?

ഞാനതിനെക്കുറിച്ച് കൃത്യമായി നേരത്തേ എഴുതിയിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പുതന്നെ സമീപകവിതയുടെ സ്വഭാവവും ലക്ഷണവും വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ ഞാൻ എഴുതിയിട്ടുണ്ട്. കുറേക്കൂടി മനുഷ്യരിലേക്ക് ഇറങ്ങി നിൽക്കുന്ന കവിതയാണത്. കുറച്ചുകൂടി വൈകാരികമാണ് അത്. പുതുകവിത ആളുകളിൽനിന്ന് അകന്നുനിൽക്കുകയാണ് ചെയ്തത്. ജനകീയമായിരുന്നില്ല അത്. കവിത മാത്രം താൽപര്യമുണ്ടായിരുന്ന ഒരു പ്രത്യേക ക്ലാസിലേക്കാണ്, കവിത വായിക്കാൻ താൽപര്യമുള്ള ഒരു മിഡിൽ ക്ലാസിലേക്കാണ് ആ കവിത പോയിരുന്നത്. അതിനുശേഷം വന്ന ബ്ലോഗുകളിൽനിന്നാണ് കവിതയിൽ പ്രത്യേക താൽപര്യമൊന്നും ഇല്ലാത്തവരിലേക്കുകൂടി കവിത ചെല്ലുന്നത്.

കുഴൂര്‍ വില്‍സണ്‍, ടി.പി. അനില്‍കുമാര്‍, ഉമ്പാച്ചി

കുഴൂർ വിൽസന്റെ കവിത, എന്റെ കവിതകൾ, ടി.പി. അനിൽകുമാറിന്റെ കവിതകൾ, ഉമ്പാച്ചിയുടെ കവിതകൾ, പൊന്നപ്പൻ എന്ന ഒരു ചങ്ങാതി എഴുതിയ കവിതകൾ. ഇതുപോലെ ഒരുപാട് കവികൾ, ദേവസേന, സെറീന എന്നിവർ. ഇവരുടെ കവിതകൾ അന്നേവരെ കവിത വായിച്ചിട്ടില്ലാത്ത പ്രവാസികളായ മനുഷ്യരിലേക്കാണ് ഇറങ്ങിച്ചെന്നത്. കവിത അത്ര വലിയ സംഭവമൊന്നുമല്ല, തങ്ങൾക്കും എഴുതാം എന്നു തോന്നിപ്പിക്കുകയും അവരും കവികളായി മാറുകയും ചെയ്യുകയാണുണ്ടായത്. പാരമ്പര്യമായി കാവ്യാനുശീലനമില്ലാത്തവരും കവികളായി. പെട്ടെന്ന് ഓർമ വരുന്ന ഒരു പേര് ഡോണ മയൂരയുടേതാണ്. സോഷ്യൽ മീഡിയയുടെ മേൽപ്പറഞ്ഞ പ്രേരണകളാൽ പിന്നീട് ഒന്നാന്തരമായി എഴുതിയവരാണ് അവർ.

ഷാജു വി.വി.യും അനൂപ് കെ.ആറുമൊന്നും കവികളേയല്ലെന്ന് പി. രാമൻ അടുത്തകാലത്ത് എന്നോടു പറഞ്ഞിട്ടുണ്ട്. ഇതാണ് രാമന്റെ നിലപാട്. പകരം രാമൻ കൊണ്ടുവന്ന കവികൾ മലയാള കവിതയിൽ വിരാജിക്കുന്നു. എന്നെ സംബന്ധിച്ച് ഇപ്പറഞ്ഞവരെല്ലാം മികച്ച കവികളാണ്.

ബ്ലോഗു കവിതകളുടേതായി പറയുന്ന ഈ ലക്ഷണങ്ങളെല്ലാം, പ്രത്യേകിച്ച് ഭാഷയുടെയും പ്രമേയത്തിന്റെയും ലാളിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുതുകവിതയുമായി ബന്ധപ്പെടുത്തിയും പറഞ്ഞിരുന്നതല്ലേ?

അല്ല. വ്യത്യാസമുണ്ട്. പുതുകവിത അതിവൈകാരികതയെ ഒഴിവാക്കി. സമീപകവിത അതിവൈകാരികതയെ തിരിച്ചു സ്വീകരിച്ചു. പുതുകവിത ആളുകളിൽനിന്ന് അകന്നപ്പോൾ സമീപകവിത ആളുകളിലേക്ക് കുറേക്കൂടി അടുത്തു. ഇത്തരത്തിൽ ഒരുപാടു കാര്യങ്ങളുണ്ട്. ഞാനത് കൃത്യമായി എഴുതിയിട്ടുമുണ്ട്. മറ്റൊരു കാര്യം, ഓൺലൈൻ കവിതയുടെ ലോകത്ത് ഒറ്റ ധാരയല്ല ഉള്ളത്. പ്രധാനമായും രണ്ടു ധാരകളുണ്ടെന്നാണ് എന്റെ അഭിപ്രായം. സമീപ കവിത ഇതിലെ ഒരു ധാരയാണ്. സമീപ കവിതയല്ലാത്ത ഒരു ധാരയുമുണ്ട്. സത്യത്തിൽ ഇത് രണ്ടു വ്യക്തികളിൽനിന്ന് ആരംഭിക്കുന്നതാണ്.

ടി.പി. രാജീവന്‍

ടി.പി.രാജീവനിൽ നിന്നാണ് സമീപ കവിത ആരംഭിക്കുന്നത്. ടി.പി.രാജീവൻ മാത്രമല്ല. പുതുകവിതയിൽനിന്ന് വേറിട്ടുവന്ന അതിന്റെ ഒരു കേന്ദ്രം എന്ന നിലയിൽ ടി.പി.രാജീവന്റെ പേര് എടുത്തുപറയുന്നു എന്നു മാത്രം. ഈ കവിതാധാരയ്ക്ക് പുതുകവിതയോടുള്ളതിനേക്കാൾ അടുപ്പം ആധുനിക കവിതയോടായിരുന്നു. പുതുകവിത വർജ്ജിച്ച പല കാര്യങ്ങളുമുണ്ട്. വളരെ സാന്മാർഗികമായിരുന്നു പുതുകവിത. ഒരു തെറിവാക്കെങ്കിലും പറയാൻ അവർക്ക് പേടിയായിരുന്നു. പി.പി. രാമചന്ദ്രന്റെയോ പി. രാമന്റെയോ ആ കാലഘട്ടത്തിലെ ഒരു കവിതയിലും നിങ്ങൾക്ക് അതു കാണാൻ സാധിക്കില്ല. സാന്മാർഗികതയെ ഇളക്കുന്ന ഒന്നും ഇവരുടെ കവിതകളിൽ കാണാൻ സാധിക്കില്ല.

ഡി. അനിൽകുമാറും അശോകൻ മറയൂരും ഗംഭീര കവികളായി മാറുകയും ലതീഷ് മോഹൻ, ക്രിസ്പിൻ ജോസഫ്, അനൂപ് കെ.ആർ, അരുൺപ്രസാദ് തുടങ്ങിയവർ വിസ്മൃതരാവുകയും സമൂഹത്തിൽനിന്ന് മറയ്ക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അതൊരു പ്രശ്നമല്ലേ?

ആധുനികകവിതയിൽ ഇതൊക്കെ ഉണ്ടോ?

ഉണ്ടല്ലോ. കടമ്മനിട്ടയെപ്പോലുള്ള കവികൾക്ക് അതിനൊരു മടിയും തോന്നിയിരുന്നില്ല. ആധൂനിക കവിതയുടെ തുടർച്ചയാണ് സമീപ കവിത. അയ്യപ്പപ്പണിക്കരുടെയും സച്ചിദാനന്ദന്റെയും കവിതകളുടെ തുടർച്ചയാണ് സമീപ കവിത. ഇവരൊക്കെ തെറിവാക്കുകൾ ഉപയോഗിച്ചു എന്നതുകൊണ്ടു മാത്രല്ല ഇങ്ങനെ എടുത്തുപറയുന്നത്. എക്സ്പെരിമെന്റലായി കവിതയെ സമീപിച്ചു എന്നതുകൊണ്ടാണ്. പുതുകവിതകളുടെ കാലത്തിനു ശേഷമാണ് കവിതയിൽ ഇതുപോലുള്ള പരീക്ഷണങ്ങൾ പിന്നീട് സംഭവിക്കുന്നത്. ആറ്റൂരിന്റെയും മറ്റും സ്വാധീനത്തിൽ കവിതയെ സമീപിച്ചു എന്നല്ലാതെ ഇളക്കിമറിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങൾക്കൊന്നും പുതുകവിത മുതിർന്നിരുന്നില്ല.

കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്

പുതുകവിത സംഭവിക്കേണ്ടിയിരുന്ന ഒന്നുതന്നെയാണ്, സംശയമൊന്നുമില്ല. ബാലചന്ദ്രൻ ചുള്ളിക്കാടിനെയൊക്കെ തിരസ്കരിക്കാൻ അവർക്കത് ആവശ്യമുണ്ടായിരുന്നു. പക്ഷേ, മനുഷ്യജീവിതത്തെ സൂക്ഷ്മമായി അഭിസംബോധന ചെയ്യുന്ന ഒരു കലയായതുകൊണ്ടുതന്നെ ഈ പരീക്ഷണോത്സുകതയെ പുനരുജ്ജീവിപ്പിക്കുകയാണ് പിന്നീട് ചെയ്യുന്നത്. പ്രണയവും രതിയും തെറിയുമൊക്കെ അതിലേക്ക് കയറിവരുന്നു. സമീപകവിത ഇത് തിരിച്ചുകൊണ്ടുവന്നതിനുശേഷം പുതുകവിതയുടെ വക്താക്കളായിരുന്നവർ അവരുടെ കവിതയിലേക്കും ഇതൊക്കെ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് (മരിച്ചിട്ടില്ലല്ലോ അവരൊന്നും). പുതുകവിതയും സമീപകവിതയും തമ്മിലുള്ള വ്യാത്യാസം മുഖ്യമായും ഇതൊക്കെയാണ്.

വ്യാപകമായി ചിലർ ഒഴിവാക്കപ്പെടുന്നതിലും ചില കവികളിലേക്ക് കാര്യങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നതിലും ബോധപൂർവമായ ചില ഇടപെടലുകളുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ചിലർക്കെതിരെ ഞാൻ ശക്തമായ വിമർശനം ഉന്നയിക്കുന്നത്.

മലയാളകവിതയിൽ നിലവിൽ നിലനിൽക്കുന്നത് പുതുകവിതയാണോ സമീപ കവിതയാണോ?

ഇപ്പോൾ സമീപകവിതയാണ് മലയാളത്തിൽ നിലനിൽക്കുന്നത്. പക്ഷേ ഇക്കാര്യം വാദിച്ചുറപ്പിക്കാനുള്ള സൈദ്ധാന്തികമായ ഒരു പിന്തുണ സമീപ കവിതയുടെ വക്താക്കൾക്ക് ഇല്ല. കെ.ജി.എസും ആറ്റൂരും എഡിറ്റു ചെയ്ത കവിതകളുടെ സ്വഭാവവും പിൽക്കാല മലയാളകവിതയിലുണ്ടായ മാറ്റങ്ങളും സൂക്ഷ്മമായി പഠിക്കുന്നവർക്ക് ഈ വ്യത്യാസം ശരിയായി മനസ്സിലാകും. നേരത്തേ രണ്ടു ധാരകളെക്കുറിച്ച് ഞാൻ പറഞ്ഞല്ലോ, മേതിൽ രാധാകൃഷ്ണനിൽനിന്നു വരുന്നതാണ് ഈ രണ്ടാം ധാര. ലതീഷ് മോഹൻ, ക്രിസ്പിൻ ജോസഫ്, എം.ആർ.വിഷ്ണുപ്രസാദ്, ഹസ്സൻ തുടങ്ങിയവർ ഈ ധാരയിൽ കവിതയെഴുതിയവരാണ്. കുറച്ചു മുന്നോട്ടുപോയപ്പോൾ ഈ രണ്ടു ധാരകളും ലയിച്ച് ഒന്നായി മുന്നോട്ടു പോവുകയും ചെയ്യുന്നുണ്ട്. മേതിലിന്റെ ധാരയെ സമീപകവിതയുടെ ധാര സ്വാംശീകരിച്ചു എന്നാണ് ഞാൻ പറയുക.

മേതില്‍ രാധാകൃഷ്ണന്‍

വ്യക്തിപരമായി എനിക്കേറെ ഇഷ്ടമുള്ള കവികളാണ് ലതീഷ് മോഹനും ക്രിസ്പിനും അനൂപും അരുൺപ്രസാദും ഷാജു വി.വി.യുമെല്ലാം. പക്ഷേ, പലപ്പോഴും ഇവരുടെ കവിതയുടെ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ചർച്ചകൾ കണ്ടിട്ടുണ്ട്.

മലയാളത്തിൽ വലിയ വായനക്കാരുള്ള കവികളാണ് ഇവരെല്ലാം. പക്ഷേ ചിലർക്ക് ഇവരൊന്നും കവികളല്ല. കുറേ മുമ്പ് പി. രാമൻ എന്നന്നോ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ക്രിസ്പിനും ലതീഷ് മോഹനുമൊന്നും കവികളല്ല എന്ന മട്ടിൽ. ഇവരുടെ കവിതകളൊന്നും കവിതകളല്ല എന്ന മട്ടിൽ. ഷാജു വി.വി.യും അനൂപ് കെ.ആറുമൊന്നും കവികളേയല്ലെന്ന് അദ്ദേഹം അടുത്തകാലത്ത് എന്നോടു പറഞ്ഞിട്ടുണ്ട്. ഇതാണ് രാമന്റെ നിലപാട്. പകരം രാമൻ കൊണ്ടുവന്ന കവികൾ മലയാള കവിതയിൽ വിരാജിക്കുന്നു. എന്നെ സംബന്ധിച്ച് ഇപ്പറഞ്ഞവരെല്ലാം മികച്ച കവികളാണ്.

എസ്. ജോസഫിനെ എതിർക്കാൻ വേണ്ടിത്തന്നെയാണ് പി. രാമനെ പോലൊരു കവി ഈ പറഞ്ഞ കവികളെയൊക്കെ അവതരിപ്പിക്കുന്നത്. അതിനപ്പുറം എന്തെങ്കിലും താൽപര്യം രാമനുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പി. രാമന് ഇക്കാര്യത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുള്ളതായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ?

രാമന്റെ കൂടെയുള്ളവർ എന്നു പറയുന്നവരൊക്കെ മികച്ച കവികളല്ലേ?

അവരൊക്കെ നല്ല കവികളാണ്. പക്ഷേ അവരേക്കാളൊക്കെ എത്രയോ മികച്ച കവികളാണ് മേൽപ്പറഞ്ഞ കവികൾ എന്നാണ് എന്റെ അഭിപ്രായം. മലയാള കവിതയുടെ ഒരു പരമ്പരാഗതരീതി, മലയാളിയുടെ കാവന്യാനുശീലനത്തിന്റെ ഒരു രീതി, മലയാളഭാഷ നന്നായി പഠിക്കുക, രാമചരിതം, മണിപ്രവാളം, എഴുത്തച്ഛൻ, നമ്പ്യാർ എന്ന ക്രമത്തിൽ മലയാള സാഹിത്യം പഠിക്കുക എന്നതാണ്. പുതിയ കവികൾ ഈ പരമ്പരാഗത വഴി ഉപേക്ഷിക്കുകയും പോയറ്റിക്സിന്റെയും സൗന്ദര്യശാസ്ത്രത്തിന്റെയും ട്രീറ്റുമെന്റുകൾ നിലവിലുള്ള ലോകക്രമത്തിൽനിന്ന് നേരിട്ട് സ്വീകരിക്കുകയും ചെയ്തു. നമുക്ക് സിനിമയുടെ, കലയുടെ വലിയ ലോകങ്ങളുണ്ട്. സിനിമയുടെ ആഗോളീകൃതമായ ഒരു ലോകമുണ്ട്, കലയുടെ ആഗോളീകൃതമായ ഒരു ലോകമുണ്ട്. ഇതിൽനിന്ന് നേരിട്ട് കവിതയ്ക്കുള്ള വിഭവങ്ങൾ സ്വീകരിക്കുന്ന ഒരു രീതി വളർന്നുവരുന്നുണ്ട്.

കവിതയുടെ പാരമ്പര്യവഴിയും പുതുവഴിയും തമ്മിൽ ഒരു ഏറ്റുമുട്ടലുണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

അതുതന്നെയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ആലോചിച്ചുനോക്കൂ, ഡി. അനിൽകുമാറും അശോകൻ മറയൂരും ഗംഭീര കവികളായി മാറുകയും ലതീഷ് മോഹൻ, ക്രിസ്പിൻ ജോസഫ്, അനൂപ് കെ.ആർ, അരുൺപ്രസാദ് തുടങ്ങിയവർ വിസ്മൃതരാവുകയും സമൂഹത്തിൽനിന്ന് മറയ്ക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അതൊരു പ്രശ്നമല്ലേ? സൗന്ദശ്യശാസ്ത്രപരമായ ഒരു ഭിന്നിപ്പ് ഉറപ്പായും മലയാള കവിതയിൽ ഉള്ളതാണ്. ഞാൻ എടുത്തുപറയുന്ന കവികളൊക്കെ ന്യൂമീഡിയയുടെ വക്താക്കളാണ്. അവർ ബോധപൂർവമെന്നോണം മറയ്ക്കപ്പെടുന്നു.

ഡി. അനില്‍കുമാര്‍, അശോകന്‍ മറയൂര്‍

അതേസമയം മറ്റൊരു തരത്തിൽ, അതിനെ പൊളിറ്റിക്കൽ എന്ന് പറയാമോ എന്നറിയില്ല, ചിലർ വളർന്നുവരികയും ചെയ്യുന്നു. കവിതയിൽ എടുത്തുപറയാവുന്ന എന്തെങ്കിലും ചൂണ്ടിക്കാണിക്കാനില്ലാത്ത കുറേ പേർ വേറേതോ തരത്തിൽ കവികളെന്ന നിലയിൽ സ്ഥാനപ്പെടുന്നു. അവർ കവികളായി വരേണ്ടതില്ല എന്നല്ല ഞാൻ പറയുന്നത്. പ്രതിഭാധനരായ, പുതിയ കവിതാവഴികൾ കൊണ്ടുവരുന്ന കവികൾ വിസ്മരിക്കപ്പെടുന്നത് ശരിയല്ല എന്നാണ്. ശരിക്കും മലയാളകവിതയുടെ മുൻനിരയിൽ വരേണ്ടിയിരുന്ന കവികൾ ഞാൻ പറഞ്ഞ കൂട്ടത്തിൽപ്പെട്ട കവികളായിരുന്നു. അവരെങ്ങനെ തമസ്കരിക്കപ്പെടുകയും നിഷേധിക്കപ്പെടുകയും ചെയ്തു എന്നത് പരിശോധിക്കേണ്ടതതാണ്. വ്യാപകമായി ചിലർ ഒഴിവാക്കപ്പെടുന്നതിലും ചില കവികളിലേക്ക് കാര്യങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നതിലും ബോധപൂർവമായ ചില ഇടപെടലുകളുണ്ട് എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ചിലർക്കെതിരെ ഞാൻ ശക്തമായ വിമർശനം ഉന്നയിക്കുന്നത്.

ലതീഷ് മോഹൻ, ക്രിസ്പിൻ ജോസഫ്, അനൂപ് കെ.ആർ, അരുൺപ്രസാദ്

വിഷ്ണുപ്രസാദ് പലപ്പോഴും പി.രാമനെ ടാഗർറ്റ് ചെയ്ത്​ സോഷ്യൽ മീഡിയയിൽ എഴുതിയതു കണ്ടിട്ടുണ്ട്. പരന്നുകിടക്കുന്ന മലയാളകവിതയിൽനിന്ന് ഓരപ്പെട്ടുപോയ ഒരുപാട് കവികളെ അവരുടെ കവിതയുടെ അടിസ്ഥാനത്തിൽ കണ്ടെത്തി സ്ഥാനപ്പെടുത്തുക എന്ന പണി ചെയ്യുന്ന ആളാണ് പി.രാമൻ. ഗോത്രകവിതയുമായൊക്കെ ബന്ധപ്പെടുത്തി രാമന്റെ പേരാണ് പൊതുവെ പറഞ്ഞു കേൾക്കാറ്. പി.രാമനുമായി വിഷ്ണുപ്രസാദിന് എന്താണു പ്രശ്നം?

ഗോത്രകവിതയുമായൊക്കെ എനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. ആറ്റൂർ രവിവർമ്മയുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയിൽ ഒരു ചർച്ച നടന്നിരുന്നു, ആറ്റൂര് ജീവിച്ചിരിക്കുമ്പോൾ തന്നെ. പുതുകവികളും എന്നെപ്പോലുള്ള കവികളും അതിൽ പങ്കെടുത്തിരുന്നു. അവിടെവെച്ച് എസ്. ജോസഫ് ഗൗരവതരമായ ഒരു ആക്ഷേപം ഉന്നയിച്ചു. ബ്ലോഗുകളിലോ സൈബർ സ്പേസിലോ നല്ല കവിതകളൊന്നും ഉണ്ടാകുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. നമ്മുടെ സമൂഹത്തിന്റെ ഓരപ്പെട്ട മനുഷ്യരുടെ ജീവിതമൊന്നും അവിടേക്ക് വരുന്നില്ല എന്ന്. സൈബർസ്പേസിലെ കവിതയുമായി ബന്ധപ്പെട്ട ഈ അഭിപ്രായമായത്തോട് ആ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ മറുപടി പറയേണ്ട ബാധ്യതയുണ്ടെന്നു തോന്നിയതുകൊണ്ട് ഞാൻ ആ ചർച്ചയിൽ ഇടപെട്ടു.

രണ്ടു മനുഷ്യരേയുള്ളൂ കവിതയിൽ ശബ്ദിക്കുന്നവരായി, പി.രാമനും, എസ്. ജോസഫും. അപ്പോൾ അതിൽ ആരു നിലനിൽക്കണം എന്നതാണ് ഇവർ തമ്മിലുള്ള പ്രശ്നം. ഇതിന്റെ ഭാഗമായിട്ടാണ് രാമൻ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്.

ദലിത് പോയട്രിയുടെ ഒരു വിഗ്രഹമായിക്കൊണ്ടാണ് ജോസഫ് ഇരിക്കുന്നത്. അതുകൊണ്ട് ആ മേഖലയിൽനിന്നുള്ള കവികളെ ഉയർത്തിക്കൊണ്ടുവരാൻ എസ്. ജോസഫിന് ബാധ്യതയുണ്ട്. കേരളത്തിൽ വരമൊഴിയിൽ ഇല്ലാത്ത ഒരുപാട് ആദിവാസികൾ, ദലിതർ അവരൊക്കെ കവിതയെഴുതുന്നുണ്ടാവും. ഇന്നേവരെ അവയൊന്നും പുറത്തേക്കു വന്നിട്ടില്ല. അത് കൊണ്ടുവരേണ്ടത് ഞങ്ങളുടെ ആരുടെയും ഉത്തരവാദിത്തമല്ല. നിങ്ങൾക്കു വേണമെങ്കിൽ ചെയ്യാം. അല്ലെങ്കിൽ വേറെ ആരെങ്കിലും ചെയ്യേണ്ട കാര്യമാണ്. അവരെ മുന്നോട്ടു കൊണ്ടുവരിക എന്നത് ഞങ്ങൾക്കു പറ്റുന്ന കാര്യമല്ല എന്നു പറഞ്ഞു. അദ്ദേഹത്തിന് അതിന് മറുപടിയുണ്ടായിരുന്നില്ല. പി. രാമനും അവിടെയുണ്ടായിരുന്നു.

സുകുമാരന്‍ ചാലിഗദ്ദ

അതിനുശേഷമാണ് പി. രാമൻ ഗോത്രകവികളെ അഡ്രസ് ചെയ്യുന്നതും മുന്നോട്ടു കൊണ്ടുവരുന്നതും. അശോകൻ മറയൂർ, ഡി.അനിൽകുമാർ, സുകുമാരൻ ചാലിഗദ്ദ തുടങ്ങി കവികളെല്ലാം അതിനുശേഷമാണ് വരുന്നത്. നമുക്ക് കൃത്യമായിട്ട് അറിയാം പി. രാമനും എസ്. ജോസഫും തമ്മിലുള്ള പ്രശ്നം. എസ്. ജോസഫിനെ എതിർക്കാൻ വേണ്ടിത്തന്നെയാണ് പി. രാമനെ പോലൊരു കവി ഈ പറഞ്ഞ കവികളെയൊക്കെ അവതരിപ്പിക്കുന്നത്. അതിനപ്പുറം എന്തെങ്കിലും താൽപര്യം രാമനുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പി. രാമന് ഇക്കാര്യത്തിൽ എന്തെങ്കിലും ആത്മാർത്ഥതയുള്ളതായി താങ്കൾക്ക് തോന്നിയിട്ടുണ്ടോ? ഇക്കാര്യത്തിൽ ഒറ്റ ലക്ഷ്യമേ പി.രാമന് ഉള്ളൂ, അത് എസ്. ജോസഫിനെ തകർക്കുക എന്നതാണ്.

എസ്.ജോസഫിനോട് രാമന് എന്തിനാണ് ശത്രുത?

എസ്. ജോസഫാണ് അയാളുടെ എതിരാളി. പി.രാമനെ സംബന്ധിച്ച് പുതുകവിതയിൽ രണ്ടുപേരേയുള്ളൂ, പി.രാമനും എസ്.ജോസഫും. രണ്ടു ഭാഗങ്ങളിലായി. ബാക്കിയുള്ളവരൊക്കെ നിശ്ശബ്ദരാണ്. രണ്ടു മനുഷ്യരേയുള്ളൂ കവിതയിൽ ശബ്ദിക്കുന്നവരായി, പി.രാമനും, എസ്. ജോസഫും. അപ്പോൾ അതിൽ ആരു നിലനിൽക്കണം എന്നതാണ് ഇവർ തമ്മിലുള്ള പ്രശ്നം. ഇതിന്റെ ഭാഗമായിട്ടാണ് രാമൻ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നത്. പക്ഷേ, രാമൻ കൊണ്ടുവന്ന പലരും അതിനെ കടന്നുപോയി. ഡി. അനിൽ കുമാർ സ്വന്തം നിലയ്ക്ക് പോയട്രിയെക്കുറിച്ച് പഠിക്കുകയും മുന്നോട്ടു പോവുകയും ചെയ്തു. അശോകൻ മറയൂർ ഗംഭീര കവിതയെഴുതുന്ന കവിയാണെന്ന കാര്യത്തിലും എനിക്ക് തർക്കമില്ല. ഇവരേക്കാൾ മികച്ച കവികൾ ഇവിടെയുണ്ട്. പക്ഷേ അവരൊക്കെ അപ്രസക്തരായി.

കവിതയിൽ കോക്കസുകളുണ്ടാക്കുക, സ്വയം ആചാര്യനായി ഭാവിച്ച് അനുചരവൃന്ദം ഉണ്ടാക്കുക. തന്റെ ഇംഗിതത്തിനനുസരിച്ചു മാത്രമേ കവിതയും കവികളും മുന്നോട്ടു പോകാവൂ എന്നു ശഠിക്കുക തുടങ്ങിയ കാര്യങ്ങളെയൊക്കെ വിമർശിക്കപ്പെടേണ്ടതു തന്നെയല്ലേ? അത്തരത്തിലുള്ള കാര്യങ്ങൾ എതിർക്കാതിരിക്കാനാവില്ല.

എസ്. ജോസഫിന്റെ കവിതാശ്രമങ്ങളെ കുറച്ചു കാണേണ്ടതുണ്ടോ?

ജോസഫ് സ്വന്തം നിലയിൽ ചെയ്യുന്ന കുറേ കാര്യങ്ങളുണ്ട്. മെലെ കാവുളു എന്ന സമാഹാരം. എസ്.ജോസഫ്, അൻവർ അലി, സന്ദീപ് കെ.രാജ് എന്നിവരാണ് എഡിറ്റു ചെയ്തത്. അതുപോലെ അദ്ദേഹം ചെയ്ത പുതുകവിതയുടെ ചരിത്രം. സൂക്ഷ്മതയിൽ ചില വിയോജിപ്പുകളൊക്കെ ഉണ്ടെങ്കിലും ഇതൊക്കെ വലിയ ശ്രമം നടത്തി രൂപപ്പെടുത്തിയതാണ്. ഈ മേഖലയിൽ ഇത്തരം ജോലി ചെയ്യുന്നവർ കുറവാണ്. മലയാളത്തിൽനിന്നുള്ള കവികളുടെ വിവർത്തനങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം ഒരു വെബ്സൈറ്റുണ്ടാക്കി. കുറഞ്ഞ കാലംകൊണ്ട് ഇത്തരം കുറേ കാര്യങ്ങൾ അദ്ദേഹം ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. അതൊരു വലിയ കാര്യമാണ്. ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് പുതിയൊരു ഭാവുകത്വമുണ്ടാക്കാനുള്ള ‘എമർജിംഗ് പോയട്രി’ പോലെയുള്ള ശ്രമമൊക്കെ കുറച്ചുകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ട്. അത് അദ്ദേഹം തന്നെയാണ് ചെയ്യേണ്ടത്. എല്ലാവരും ഒരേപോലെ എഴുതിക്കൊണ്ടിരിക്കുക എന്നതിന് മാറ്റമുണ്ടാകേണ്ടതുണ്ട്. ധാരാളം പരീക്ഷണങ്ങൾ വരേണ്ടതുണ്ട്. എന്നാൽ ഇന്ന രീതിയിലാവണം ഇനി വരാനുള്ള കവിത എന്നു വാശി പിടിക്കുന്നത് ശരിയാണോ?

മലയാള കവിത പെൺകവിത, ഗോത്രകവിത, ദലിത് കവിത എന്നു വിഭജിച്ചു നിൽക്കേണ്ടതില്ല എന്ന് ജോസഫ് മാഷ് പറയുകയുണ്ടായി. സ്വയം താനൊരു ദലിത് കവിയല്ലെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

ദലിത് കവിതയുടെ ആചാര്യനായോ അതിന്റെ പ്രതിനിധിയായോ ഒക്കെയാണ് ജോസഫിനെ മലയാളകവിത ആദ്യം അടയാളപ്പെടുത്തിക്കാണുന്നത്. അതിനുശേഷമാണ് ആ മേഖലയിൽനിന്ന് ധാരാളം കവികൾ ഉയർന്നുവരാൻ തുടങ്ങിയത്. ഗോത്രകവികളും സ്​ത്രീകവികളും മലയാള കവിതയിലേക്ക് വന്നുതുടങ്ങിയിട്ടേയുള്ളൂ. ആ മേഖലകളിൽനിന്നെല്ലാം ധാരാളം കവികൾ വരാനിരിക്കുന്നേയുള്ളൂ. ഇവരൊക്കെ ഒരു വിഭാഗം എന്ന നിലയിൽ ഒരുമിച്ചു നിൽക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതേസമയം, ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമല്ലാതെയും ഇത്തരത്തിലുള്ള കവികളും കവിതകളും ഉണ്ടാകുന്നുണ്ട്. കാര്യങ്ങൾ ഇന്ന രീതിയിൽ വേണം എന്നു പറഞ്ഞ് നമുക്ക് ഒന്നിനെയും ഇന്നത്തെ കാലത്ത് തടഞ്ഞുനിർത്താനാവില്ല. സ്വത്വവാദമൊക്കെ നേരത്തേയുള്ളതാണ്. അതുവേണ്ട എന്നുള്ളത് മാഷിന്റെ ഒരഭിപ്രായമാണ്. എനിക്കതിനോട് പൂർണമായി യോജിപ്പില്ല.

വിഷ്ണുപ്രസാദിനെ കുറിച്ചുള്ള വലിയ ഒരു ആക്ഷേപം വലിയ പ്രശ്നക്കാരനാണെന്നാണ്. സ്വന്തം പ്രസാധകരെ താങ്കൾ പരസ്യമായി വഴക്കു പറയുന്നു, കവിതയുമായി ബന്ധപ്പെട്ട പരിപാടികൾക്കു ക്ഷണിച്ചാൽ വയലൻസ് കാണിക്കുന്നു. എന്തിനാണ് താങ്കൾ ഇങ്ങനെ കലഹിക്കുന്നത്. ഇതിനൊക്കെ ഒരു യുക്തി വേണ്ടേ?

എന്നെ സംബന്ധിച്ച് പെട്ടെന്നുള്ള പ്രതികരണങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ആലോചിച്ചുറപ്പിച്ചും പ്രതികരിക്കാറുണ്ട്. അങ്ങനെയല്ലാതെ വേറെ വഴിയില്ല എന്നു തോന്നുന്നിടത്താണ് അതു ചെയ്യുന്നത്. ഈ പറഞ്ഞ കുത്തകമാധ്യമങ്ങളോട്, കുത്തക പ്രസാധകരോട്, വലിയ ആചാര്യപദവിയുള്ള കവികളോട് ഒക്കെ ആരെങ്കിലുമൊക്കെ കലഹിക്കേണ്ടതില്ലേ? ഇവരെയൊക്കെ ഇങ്ങനെയങ്ങ് തുറന്നുവിട്ടാൽ മതിയോ? വളരെ യുക്തിപൂർവം തന്നെയാണ് ഇതൊക്കെ ചെയ്തിട്ടുള്ളത്. ഡി.സി.ബുക്സിനോടായാലും മാതൃഭൂമിയെ സംബന്ധിച്ചായാലും അവരുടെ ചില നിലപാടുകളെ മുൻനിർത്തിയാണ് ചോദ്യം ചെയ്തിട്ടുള്ളത്.

ആഗോളകുത്തകകൾക്കും ഫാഷിസത്തിനും മോദിക്കുമൊക്കെ എതിരെ സംസാരിക്കുന്ന എഴുത്തുകാർക്ക് തങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കും എന്നതുകൊണ്ട് എന്നതുകൊണ്ട് മാതൃഭൂമിക്കോ ഡി.സി.ബുക്സിനോ എതിരായി സംസാരിക്കാൻ സാധാരണയായി കഴിയാറില്ല.

വ്യക്തിപരമല്ല ഇതൊന്നും. ഇത്തരം ഇടപെടലുകളിലെല്ലാം ഒരു വ്യക്തി എന്ന നിലയിൽ എനിക്കുള്ള പരിമിതികൾ ഉണ്ടായിട്ടുണ്ടാവാം. എന്നാൽ, കവിതയിൽ കോക്കസുകളുണ്ടാക്കുക, സ്വയം ആചാര്യനായി ഭാവിച്ച് അനുചരവൃന്ദം ഉണ്ടാക്കുക. തന്റെ ഇംഗിതത്തിനനുസരിച്ചു മാത്രമേ കവിതയും കവികളും മുന്നോട്ടു പോകാവൂ എന്നു ശഠിക്കുക തുടങ്ങിയ കാര്യങ്ങളെയൊക്കെ വിമർശിക്കപ്പെടേണ്ടതു തന്നെയല്ലേ? അത്തരത്തിലുള്ള കാര്യങ്ങൾ എതിർക്കാതിരിക്കാനാവില്ല. മാതൃഭൂമിപോലുള്ള പ്രസിദ്ധീകരണങ്ങൾക്ക് കേരളീയ സമൂഹത്തിൽ വലിയ പ്രാധാന്യമുണ്ട്, വലിയ സ്വീകാര്യതയുണ്ട്. മാതൃഭൂമിയിലൂടെ ഒരാൾ വന്നാൽ അയാൾക്ക് ഒരു പ്രത്യേക അന്തസ്സ് വരുന്നതൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നാം കാണുന്നതാണ്. അപ്പോൾ സ്വാഭാവികമായി അതിനെ എതിർക്കേണ്ടി വരും. അവര് കൊണ്ടുവരുന്നവർ ഉണ്ടാക്കുന്നതു മാത്രമാണ് കവിത, അങ്ങനെയുള്ളവർ മാത്രമാണ് കവികൾ എന്ന ധാരണ ജനങ്ങൾക്കിടയിലുണ്ട്. ചിലപ്പോൾ ചീത്ത പറയുകയും കരിവാരിത്തേക്കുകയുമൊക്കെ വേണ്ടി വരും.

കുറേക്കാലമായി ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെ സ്വാഭാവികമായ പ്രതികരണങ്ങളാണിവ. ഡി.സി.ബുക്സ് പോലുള്ള പ്രസാധക സ്ഥാപനം, അവർ ചെയ്യുന്ന പുസ്തകങ്ങൾ, അവരുടെ എഴുത്തുകാരോടുള്ള സമീപനം അതൊക്കെ സ്ഥിരമായി കാണുമ്പോൾ പ്രതികരിക്കേണ്ടി വരും. ഡി.സി.യും മാതൃഭൂമിയുമല്ലാതെ മറ്റു പ്രസാധകർക്ക് വളർന്നുവരാനുള്ള സാഹചര്യം പോലും വളരെ പരിമിതമാണ്. അപ്പോൾ ഇവർക്കൊക്കെ എതിരെ എഴുതേണ്ടി വരും. ആഗോളകുത്തകകൾക്കും ഫാഷിസത്തിനും മോദിക്കുമൊക്കെ എതിരെ സംസാരിക്കുന്ന എഴുത്തുകാർക്ക് തങ്ങളുടെ സാധ്യതകളെ ഇല്ലാതാക്കും എന്നതുകൊണ്ട് എന്നതുകൊണ്ട് മാതൃഭൂമിക്കോ ഡി.സി.ബുക്സിനോ എതിരായി സംസാരിക്കാൻ സാധാരണയായി കഴിയാറില്ല.

രാമൻ പണ്ട് എന്റെ കവിതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ കാലത്തും ഞാൻ നന്ദിയുള്ളവനായിരിക്കണം എന്നൊരു ആഗ്രഹം അദ്ദേഹത്തിനുണ്ടെന്നു തോന്നുന്നു.

കവിതയിൽ കോക്കസുണ്ടാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചു പറഞ്ഞില്ലേ? അങ്ങനെയൊന്നുണ്ടോ ശരിക്കും?

ഉണ്ട്. പലരും അതിനു ശ്രമിച്ചിട്ടുണ്ട്. അതു വളരെ വിസിബിളാണ്. പി.രാമനെ കുറിച്ച് അങ്ങനെ ഒരു ആരോപണമുണ്ട്. അദ്ദേഹത്തിന് കുറേ ശിഷ്യഗണങ്ങളുണ്ട്. ഇതിനൊന്നും കൃത്യമായ തെളിവുകളൊന്നും എന്റെ കൈവശം ഇല്ല. ഇക്കാര്യം സൂചിപ്പിച്ച് എഴുതിയതിന്റെ പേരിലാവണം അദ്ദേഹം ഫേസ്ബുക്കിൽ എന്നെ ബ്ലോക്കു ചെയ്തിരിക്കുകയാണ്. ചില കവികളെ സംബന്ധിച്ചും അവരുടെ കവിതകളെ സംബന്ധിച്ചുമുള്ള രാമന്റെ അഭിപ്രായം ഞാൻ നേരത്തെ പറഞ്ഞല്ലോ. രാമൻ പണ്ട് എന്റെ കവിതകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ കാലത്തും ഞാൻ നന്ദിയുള്ളവനായിരിക്കണം എന്നൊരു ആഗ്രഹം അദ്ദേഹത്തിനുണ്ടെന്നു തോന്നുന്നു.

ഒരു കവി എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ഒരു ഇഷ്ടക്കുറവും ഇല്ല. രാമന്റെ കനം എന്ന കവിതാസമാഹാരം എന്റെ എല്ലാ കാലത്തെയും മികച്ച പുസ്തകങ്ങളിലൊന്നാണ്. രാമനോ രാമചന്ദ്രൻ മാഷോ ആരെങ്കിലും പക്ഷേ, കവിതയിലെ എന്റെ ഗുരുക്കന്മാരാണെന്ന് ഞാൻ കരുതുന്നില്ല. രാമൻ നേരിട്ടു കണ്ട് എന്നോട് ചോദിച്ചത്, പട്ടാമ്പിയിൽ നീയെന്റെ വീടിനടുത്തല്ലേ താമസിച്ചത്​, നിന്റെ കവിതകളെക്കുറിച്ച് ഞാനല്ലേ ആദ്യമായി ഭാഷാപോഷിണിയിൽ എഴുതിയത്, പട്ടാമ്പിയിൽനിന്ന്​ പോകുമ്പോൾ നിനക്ക്​ യാത്രയയപ്പ് സംഘടിപ്പിച്ചത് ഞാനല്ലേ, പിന്നെ നിനക്കെന്തിനാണ് എന്നോട് ദേഷ്യം എന്നെല്ലാമാണ്. പുള്ളിയെ ഞാൻ ദ്രോഹിക്കാൻ ശ്രമിക്കുന്നു, വളരെയധികം വേദനിപ്പിച്ചു എന്നെല്ലാം പറഞ്ഞ് അദ്ദേഹം എനിക്ക് മെസേജൊക്കെ അയച്ചിട്ടുണ്ട്. ഇതൊക്കെ താൽക്കാലിക പ്രതികരണങ്ങളായിരിക്കാം. ഇതെനിക്ക് വളരെയധികം വേദനയുണ്ടാക്കിയ സംഗതിയാണ്.

ഞാൻ ആലോചിച്ചു നോക്കുമ്പോൾ, അതാത് സമയത്ത് കവിതകളുമായി ബന്ധപ്പെട്ട് തോന്നുന്ന ചില സ്റ്റാറ്റസുകളൊക്കെ ഇടാറുണ്ട് എന്നല്ലാതെ രാമനോട് വ്യക്തിപരമായ യാതൊരു പ്രശ്നവുമില്ല. എസ്. ജോസഫ് പട്ടാമ്പിയിൽ എന്റെ വീട്ടിൽ വരികയും എന്റെ കുട്ടികളൊന്നിച്ച് പുഴയിൽ കുളിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതുസംബന്ധമായി ജോസഫ് ഒരു കവിതയെഴുതുകയും അദ്ദേഹത്തിന്റെ സമാഹാരത്തിൽ ഉൾപ്പെടുത്തുകയും ഉണ്ടായിട്ടുണ്ട്. രാമനുമായോ ജോസഫുമായോ മനസ്സിനകത്ത് എനിക്ക് ശത്രുതയൊന്നും ഇല്ല. എന്നാൽ രാമന്റേതായി പറഞ്ഞു കേൾക്കുന്ന ചില കാര്യങ്ങൾ അത്ര നല്ലതായി എനിക്ക് തോന്നിയിട്ടില്ല. മലയാളത്തിലെ ഒരു പെൺകവിയുടെ കവിത പ്രോത്സാഹിപ്പിക്കരുത് എന്ന്, അദ്ദേഹം പറഞ്ഞാൽ അനുസരിക്കുന്ന ചില കവികളോട് പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. വേറൊരു കവിയുടെ സമാഹാരം ഇറക്കുമ്പോൾ എഡിറ്ററുടെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരു വെക്കുന്നതുമായി ബന്ധപ്പെട്ട കലക്കങ്ങൾ ആ കുട്ടിയുടെ പുസ്തകം ഇറങ്ങുന്നത് ഒരു വർഷം വൈകിച്ച കഥയും കേട്ടിട്ടുണ്ട്.

ഓൺലൈൻ സജീവമായപ്പോൾ ഗംഭീരമായ വിവർത്തനശ്രമങ്ങൾ ജനകീയമായിത്തന്നെ നടന്നിട്ടുണ്ട്. ഇതിന്റെ ഇങ്ങേത്തലക്കൽ നിൽക്കുന്ന ഒരാളാണ് സുജീഷ്. അയാളുടെ പേജ് ഈയിടെ മാസ് റിപ്പോർട്ടിംഗിലൂടെ പൂട്ടിക്കുകയുണ്ടായി. മലയാളത്തിലെ ചില കവികളെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് ഈ സംഘടിത ആക്രമണം എന്നാണ് പൊതുവെയുള്ള സംസാരം.

മലയാള കവിതയിൽ ലോകകവിതകളുടെ വിവർത്തനശ്രമങ്ങൾക്ക് വളരെ പഴക്കമുണ്ട്. സച്ചിദാന്ദനെയും ബാലചന്ദ്രൻ ചുള്ളിക്കാടിനെയും പോലുള്ള കവികൾ അത് ചെയ്തിട്ടുണ്ട്. ഓൺലൈൻ സജീവമായപ്പോൾ ഗംഭീരമായ വിവർത്തനശ്രമങ്ങൾ ജനകീയമായിത്തന്നെ നടന്നിട്ടുണ്ട്. ഇതിന്റെ ഇങ്ങേത്തലക്കൽ നിൽക്കുന്ന ഒരാളാണ് സുജീഷ്. കവിതയിൽ ഇടപെടുന്നവർ, പ്രത്യേകിച്ച് സോഷ്യൽമീഡിയയിൽ കവിതയെഴുതുന്നവർ സുജീഷിന്റെ വിവർത്തനശ്രമങ്ങളെ ലോകകവിതയുമായി എൻഗേജ് ചെയ്യാനുള്ള ഒരു അവസരമായാണ് കാണുന്നത്. അയാളുടെ പേജ് ഈയിടെ മാസ് റിപ്പോർട്ടിംഗിലൂടെ പൂട്ടിക്കുകയുണ്ടായി. മലയാളത്തിലെ ചില കവികളെ വിമർശിച്ചതിലുള്ള പ്രതികാരമായാണ് ഈ സംഘടിത ആക്രമണം എന്നാണ് പൊതുവെയുള്ള സംസാരം. ഇതൊന്നും അത്ര ശരിയായ കാര്യങ്ങളല്ലല്ലോ.

വിഷ്ണുപ്രസാദ്

തൊണ്ണൂറുകൾവരെയുള്ള കാലത്തൊക്കെ കവി എന്ന അംഗീകാരം താരതമ്യേന കുറവായിരുന്നു. പുതിയ കാലത്ത് എഴുതിക്കൊണ്ടിരിക്കുന്ന എല്ലാ കവികളെയും കവികൾ എന്ന നിലയിൽ ഉൾക്കൊള്ളുകയും അവരുടെ പുസ്തകങ്ങൾ എല്ലാവരും വായിക്കുകയും അവർക്കൊക്കെ കാശുകിട്ടുകയും ചെയ്യുന്ന അവസ്ഥ പ്രായോഗികമാണോ?

ഉറപ്പായും പ്രായോഗികമാണ്. ഞാൻ പറയട്ടെ, ഇതു ചെയ്യാൻ കഴിയും. കവിത എഴുതുന്നവർക്ക് കൃത്യമായ പണം കൊടുക്കുക, അതുപോലെ കുഴപ്പത്തിലായിരിക്കുന്ന കവികളെ സപ്പോർട്ടു ചെയ്യുക ഇതൊക്കെ നമുക്ക് ചെയ്യാൻ കഴിയും. ‘അമ്മ’ എന്ന സംഘടന ചലചിത്ര മേഖലയിലെ കലാകാരന്മാരെ സഹായിക്കുന്നതുപോലെ ചെയ്യാവുന്ന ചില കാര്യങ്ങളൊക്കെ നമുക്ക് നമ്മുടെ മേഖലയിലുണ്ട്. നമുക്കത് ചെയ്യാൻ കഴിയും. വലിയ ബുദ്ധിമുട്ടൊന്നും ഉള്ള കാര്യമല്ല. ഞാൻ കഴിഞ്ഞ ദിവസം ആലോചിച്ച ഒരു കാര്യം, വലിയ ഹോൾഡിംഗ്സിൽ വലിയ ആർട്ടിസ്റ്റുകളുടെ ചിത്രങ്ങൾ വരാറുണ്ട്. ഒരു കവിയുടെ ചിത്രം എവിടെയെങ്കിലും വന്നിട്ടുണ്ടോ? ഒരു കവിത വന്നിട്ടുണ്ടോ? എന്താണത് വരാത്തത്? അത് എന്താണ് വരാൻ പറ്റാത്തത്? ഒരു കവിക്ക് അത്രയും കുഴപ്പമുണ്ടോ? ഒരു കവി അംഗീകരിക്കപ്പെടാതിരിക്കാൻ മാത്രം എന്തെങ്കിലും പ്രശ്നമുണ്ടോ? അങ്ങനെയൊരു പ്രശ്നമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. അതിനുള്ള സാധ്യതയൊക്കെ ഇവിടെയുണ്ട്. കവി ഒരു ബ്രാൻഡ് അംബാസഡറായാൽ എന്തെങ്കിലും കുഴപ്പമുണ്ടോ മോഹൻലാൽ എത്രയോ സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസഡറാണ്. അതുപോലെ, ചിലപ്പോൾ അതിനേക്കാൾ കൂടുതൽ യോഗ്യനായ ഒരാളല്ലേ മലയാളത്തിലെ ഒരു കവി?

കുറച്ചുകാലമായി ഏതാണ്ടെല്ലാ കവികളും വേർതിരിച്ചു കാണാൻ പ്രയാസമുള്ള മട്ടിൽ ഒരേപോലെയാണ് കവിതകളെഴുതുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇതൊരു പ്രശ്നമാണ്. പരീക്ഷണപരതയിൽനിന്ന് കവികൾ പിന്തിരിഞ്ഞതായാണ് കാണുന്നത്.

അതിനുമാത്രമുള്ള ഒരു സാമൂഹ്യാംഗീകാരം കവിക്കുണ്ടോ?

ഈ സാമൂഹികാംഗീകാരം ആരാണ് ഉണ്ടാക്കുന്നത്. അതിനുവേണ്ട ചില കളികളുണ്ട് സുഹൃത്തേ. ഇതൊക്കെ നിർമ്മിതികളാണ്. ചലച്ചിത്രതാരങ്ങളെ ജനങ്ങളാണ് ഉണ്ടാക്കുന്നതാണ്. കവികളുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇത് ഉണ്ടാക്കാൻവേണ്ട കുറച്ചുപണികൾ നടക്കേണ്ടതുണ്ട്.

സിനിമയിൽ ഒരുപാടുപേരുണ്ട്. അതിന്റെ അരങ്ങിലും അണിയറയിലുമായി നൂറുക്കണക്കിനുപേർ പണിയെടുക്കുന്നുണ്ട്. ഇതിൽ സെലിബ്രിറ്റികളായി വരുന്നവർ വളരെ കുറച്ചുപേരാണ്. സിനിമയിലുള്ളതിനേക്കാൾ കൂടുതൽ കവികൾ കാണും. ഇവർക്കൊക്കെ സെലിബ്രിറ്റികളാകാൻ സാധിക്കുമോ?

സിനിമയിൽ മുൻനിര സെലിബ്രിറ്റികളായി മോഹൻലാലോ മമ്മൂട്ടിയോ പോലെ കുറച്ചുപേരേ ഉള്ളൂവെന്നത് സത്യമാണ്. എന്നാൽ മറ്റുള്ളവരും അവരവരുടെ തലങ്ങളിൽ സെലിബ്രിറ്റികൾ തന്നെയാണ്. സംശയമൊന്നുമില്ല. ഏതു കവിയാണ് അയാളെ സ്വയം ഒരു സെലിബ്രിറ്റിയായി കാണുന്നത്. സാമൂഹിക അംഗീകാരം നേടിയെടുക്കണം. അതിനായി ബോധപൂർവം പരിശ്രമിക്കേണ്ടതുണ്ട്. കൂട്ടായി, ക്രമമായി ചില ആലോചനകൾ നടത്തിയാൽ ഇത് സാധ്യമാകും. ആർട്ടിൽ പ്രവർത്തിക്കുന്നവർ എന്ന നിലയ്ക്ക് കൃത്യമായ പ്രതിഫലവും അവശകാലത്ത് സഹായവും കവികളും അർഹിക്കുന്നുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍

നമുക്ക് മറ്റൊരു വിഷയത്തിലേക്കു വരാം. ദക്ഷിണേന്ത്യൻ കവിതയിലൊക്കെ, ഉദാഹരണത്തിന് തമിഴിലും മറ്റും ഇടക്കാലത്ത് വലിയ മുന്നേറ്റങ്ങളുണ്ടായിരുന്നു. ഈ പ്രവണതയെ മലയാളകവിതയുമായി ചേർത്തുവായിച്ചാൽ എങ്ങനെയിരിക്കും.

നോക്കൂ, മറ്റു ഭാഷയിലെ കവിതകൾ വായിച്ചു മനസ്സിലാക്കാനുള്ള ഭാഷാശേഷി എനിക്കില്ല. വിവർത്തനത്തിലൂടെ മലയാളത്തിലേക്കു വന്ന കവിതകൾ ഞാൻ വായിച്ചിട്ടുണ്ട്. ആറ്റൂരും രാമനുമൊക്കെ വിവർത്തനം ചെയ്ത കവിതകൾ. വേറെയും പലരും വിവർത്തനം ചെയ്തിരുന്നു. തമിഴിൽ ഒരു സമയത്ത് കവിതയുടെ വലിയ തുറസ്സുണ്ടായിരുന്നു എന്നത് ശരിയാണ്. പക്ഷേ മലയാളം അതിനെയൊക്കെ മറികടന്നുകഴിഞ്ഞു. നഗരവൽക്കരണവുമായൊക്കെ ബന്ധപ്പെട്ട കവിതകൾ, നഗരത്തിന്റെ കവിത എന്ന തരത്തിൽ ഞാനടക്കമുള്ള കവികൾ ധാരാളമായി മലയാളത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ലതീഷ്, ഹസ്സൻ, എം.ആർ. വിഷ്ണുപ്രസാദ്, സുബൽ, അനൂപ് തുടങ്ങിയ കവികൾ ഗംഭീരമായി എഴുതിയിട്ടുണ്ട്. ഇതിനോടൊക്കെ കിടപിടിക്കാവുന്ന കവിതകൾ മറ്റുഭാഷകളിലുണ്ടായതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മലയാളത്തിൽ ഈ പുതിയ കവികൾ എഴുതി അത്ഭുതപ്പെടുത്തിയതുപോലുള്ള കവിതകൾ യൂണിവേഴ്സലായിപ്പോലും കണ്ടിട്ടില്ല എന്നതാണ് സത്യം.

എന്റെ കവിതാസമാഹാരത്തിന് ഒരു ബ്ലർബിനുവേണ്ടി ഞാനൊരു സുഹൃത്തിനെ സമീപിച്ചു. കവിതകളൊക്കെ നോക്കിയ ശേഷം അദ്ദേഹം പറഞ്ഞത്, ഇതൊക്കെ ഇവിടെ നടക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളല്ലേ, എന്താണ് പുതുതായി പറയേണ്ടത് എന്നായിരുന്നു.

വിഷ്ണുപ്രസാദ് സ്വന്തം വായനാപരിസരത്തുനിന്നാണ് ഈ കാര്യങ്ങളൊക്കെ പറയുന്നത്. ആഫ്രിക്കയിൽനിന്ന്, പലസ്തീനിൽനിന്ന്, കൊറിയയിൽനിന്ന്, ആസാമിലെ മിയാകളിൽ നിന്നൊക്കെ കവിതകളുണ്ടാകുന്നുണ്ട്.

ഇത്തരത്തിൽ ഉജ്വലമായ കവിതകൾ ലോകകവിതയിൽ ഉണ്ടെങ്കിൽ നിങ്ങൾ കാണിച്ചുതരൂ. ഞാൻ കണ്ടിട്ടില്ല. ‘കുനാൻ പോഷ്പോറ’ പോലൊരു കവിത കാണിച്ചുതരൂ. ‘ബഹുനിലക്കെട്ടിടത്തിൽനിന്ന് നീ’ എന്ന കവിതപോലൊരു കവിത കാണിച്ചുതരൂ. ‘അവരുടെ മുഖങ്ങൾ ചേർത്തുചേർത്ത് വൻകരകൾ നിർമ്മിക്കുന്നു...’ എന്നൊരു കവിതയുണ്ട് എന്റേതായി. കൊളാഷു പോലൊരു കവിതയാണത്. ഏതാണ്ട് പത്തുവർഷംമുമ്പ് ഇത്തരമൊരു കവിതയെഴുതുമ്പോൾ എനിക്ക് മുൻമാതൃകകൾ ഇല്ല. ലോകകവിതയിൽനിന്ന് ഇത്തരമൊരു കവിത വിവർത്തനം ചെയ്ത് ആരെങ്കിലും മലയാളത്തിൽ അവതരിപ്പിച്ചതായി കണ്ടിട്ടില്ല. കവിതാവിവർത്തനങ്ങളേക്കാൾ നമുക്കു മുന്നിലുള്ളത് ബിനാലെ പോലുള്ള കലാനുഭവങ്ങളാണ്, സിനിമകളാണ്. ബിനാലെയുടെയൊക്കെ പ്രചോദനം ആ കവിതകളിലുണ്ട്. നമ്മൾ വായിക്കുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങളൊക്കെ ഇത്തരം കവിതകളെ സ്വാധീനിച്ചിരിക്കാം. എന്നാൽ കവിത എന്ന നിലയിൽ ഒരു പൂർവമാതൃക ഇല്ലതന്നെ. ഒരുപക്ഷേ വിവർത്തകർ താരതമ്യേന എളുപ്പമുള്ള കവിതകൾ മാത്രം വിവർത്തനം ചെയ്ത് അവതരിപ്പിക്കുന്നതുകൊണ്ടാവാനും സാധ്യതയുണ്ട്. മലയാളത്തിൽനിന്ന് പുറത്തേക്ക് പോകുമ്പോഴും സ്ഥിതി ഇതുതന്നെയാണ്. വിവർത്തനം ചെയ്യാൻ വലിയ പ്രയാസമില്ലാത്ത കവിതകൾ വിവർത്തനം ചെയ്യുന്നു. കുറച്ച് പ്രയാസമുള്ളവ മാറ്റിവെക്കുന്നു. ഇതാണ് സംഭവിക്കുന്നത്.

ചിത്രീകരണം: ജിഷ്ണു കെ.കെ.

കുനാൽ പോഷ്പോറ എന്ന കവിത പരാമർശിച്ചതുകൊണ്ട് ഒരു കാര്യം ചോദിക്കട്ടെ, സമകാലീന കാശ്മീരി കവി മുഹമ്മദ് അലിയുടെ ജീവചരിത്രത്തിൽനിന്ന് ഒരു ഭാഗം എന്നാണ് ആ കവിതയ്ക്ക് അടിക്കുറിപ്പു കൊടുത്തിരിക്കുന്നത്. ആരാണ് ഈ മുഹമ്മദലി?

കുനാൽ പോഷ്പോറ ഒരു കവിതയാണ്. ആ അടിക്കുറിപ്പുപോലും ആ കവിതയുടെ ഭാഗമാണ്. കവിതയ്ക്ക് പുറത്തുനിൽക്കുന്ന ഒന്നല്ല. കാശ്മീരികൾ ഇത്തരം ധാരാളം അനുഭവങ്ങളിലൂടെ, അതിക്രമങ്ങളിലൂടെ കടന്നുപോയ ജനതയാണ്. കുനാനിലും പോഷ്പോറയിലും സൈനിക അതിക്രമം നടന്നിട്ടുണ്ട് എന്നതും നമുക്കറിയാം. ഇന്ത്യയിൽ പല ഭാഗങ്ങളിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അതിക്രമങ്ങൾ ഭരണകൂടങ്ങൾ അതിന്റെ ജനതയ്ക്കുമേൽ അടിച്ചേല്പിക്കുന്നുണ്ട്. അത്തരമൊരു അനുഭവത്തോടുള്ള പ്രതികരണമാണ് ആ കവിത. മുഹമ്മദലിയെപ്പോലെ ഒരു കവി ഉണ്ടായിരിക്കാം, ഉണ്ടാവും എന്ന കാവ്യാത്മാകമായ ആലോചനിയിലാണ് ആ കവിത സംഭവിക്കുന്നത്.

ടി.പി. രാജീവൻ മരണപ്പെട്ടപ്പോൾ ‘എഴുത്തുകാരൻ ടി.പി.രാജീവന് ആദരാഞ്ജലികൾ’ എന്നാണ് എഴുതിവച്ചിരുന്നത്. എനിക്കത് കണ്ട് വലിയ നിരാശ തോന്നി. കാരണം, മലയാളത്തിലെ ഗംഭീര കവികളിലൊരാളായ ടി.പി.രാജീവൻ അന്തരിച്ചപ്പോൾ ‘കവി ടി.പി.രാജീവന് ആദരാഞ്ജലികൾ’ എന്നു തന്നെയായിരുന്നു രേഖപ്പെടുത്തേണ്ടിയിരുന്നത്.

നമ്മുടെ കാലത്ത് കലയുടെ മാധ്യമം പ്രകടമായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. കവിതയുടെ മാധ്യമം അടിസ്ഥാനപരമായി ശബ്ദമാണ്. ശബ്ദസ്വരൂപിയായ കവിത അച്ചടിയുടെ വ്യാപനത്തോടെ എഴുത്തിനെയും അതിന്റെ വിന്യാസത്തേയുംകൂടി മാധ്യമമായി സ്വീകരിച്ചു. അയ്യപ്പപ്പണിക്കരൊക്കെ ഇതിൽ പരീക്ഷണം നടത്തിയിട്ടുണ്ട്. എഴുത്ത്, അച്ചടി എന്നിവയെക്കാൾ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയുമാണ് പുതിയ കാലത്തിന്റെ മാധ്യമം. ഒരു ആർട്ട് എന്ന നിലയിൽ ഇവയ്ക്ക് എളുപ്പത്തിൽ റിലേറ്റു ചെയ്യാവുന്നത് സിനിമയുമായാണ്. ഈ പ്രതിസന്ധിയെ കവിത എങ്ങനെയാണ് മറികടക്കുന്നത്.

സിനിമയും ന്യൂമീഡിയയും കവിതയ്ക്ക് വലിയ വെല്ലുവിളിയാണ് എന്ന കാര്യത്തിൽ തർക്കമില്ല. അതിനുമുമ്പ് ഒരു കാര്യം പറയാം.

എന്റെ കവിതാസമാഹാരത്തിന് ഒരു ബ്ലർബിനുവേണ്ടി ഞാനൊരു സുഹൃത്തിനെ സമീപിച്ചു. കവിതകളൊക്കെ നോക്കിയ ശേഷം അദ്ദേഹം പറഞ്ഞത്, ഇതൊക്കെ ഇവിടെ നടക്കുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങളല്ലേ, എന്താണ് പുതുതായി പറയേണ്ടത് എന്നായിരുന്നു. മലയാളകവിത മാധ്യമപരമായ ഈ പ്രതിസന്ധിയെ മറികടക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണെനിക്കു തോന്നുന്നത്. നേരത്തേ ഞാൻ സൂചിപ്പിച്ച ‘അവരുടെ മുഖങ്ങൾ ചേർത്തുചേർത്ത് വൻകരകൾ നിർമ്മിക്കുന്നു....’ എന്ന, സ്ത്രീജീവിതത്തെക്കുറിച്ചുള്ള ഇൻസ്റ്റലേഷൻ പോലുള്ള കവിതയിൽ എവിടെയാണ് കവിത എന്നാണ് വായനക്കാർ ചോദിക്കുന്നത്. ഇത് നിത്യേന നടക്കുന്നതും നമ്മൾ ‘കണ്ട്’ അറിയുന്നതുമല്ലേ എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇതിലെവിടെ കവിത എന്നു ചോദിക്കുന്നത് കവികളാണ്. സത്യത്തിൽ നമ്മൾ മാധ്യമപരമായ പ്രതിസന്ധികളെ മറികടക്കുന്നത് ഇത്തരം കവിതകളിലൂടെയാണ്. സംഭവങ്ങളെ, വാർത്തകളെ വേറൊരുവിധത്തിൽ ചേർത്തുവെച്ച് പുതിയൊരു ആർട്ടുണ്ടാക്കാൻ ശ്രമിക്കുകയാണ്. കഴിഞ്ഞുപോയതും നടക്കുന്നതുമായ സംഭവങ്ങൾ ഒക്കെ നമുക്കറിയാം ഇവയെ ചേർത്തുവെച്ച് നാം പുതിയ ഒരു അനുഭവമുണ്ടാക്കുന്നു. ഇത് ഒരു ആർട്ടായി പരിഗണിക്കപ്പെടുന്നത് അത്ര എളുപ്പമല്ല. എല്ലാവർക്കും അതിൽ ആർട്ട് കാണാൻ കഴിഞ്ഞുകൊള്ളണമെന്നുമില്ല.

വി. അബ്ദുല്‍ ലത്തീഫ്

വിഷ്ണുപ്രസാദിന്റെ കവിതകളിൽ പൊതുവെ നിരീക്ഷിക്കപ്പെട്ട ഒരു കാര്യം, ചിത്രങ്ങളെയും ചലനാത്മകതയെയും കവിതയിലേക്കു കൊണ്ടുവന്നു എന്ന കാര്യമാണ്. അതായത് ചലച്ചിത്രത്തിന്റെയും നിശ്ചലചിത്രങ്ങളുടെയും ഭാഷ വിഷ്ണുവിന്റെ കവിതകളിലുണ്ട്. വാഴത്തോട്ടം നൃത്തം ചെയ്യുന്നു, ചിറകുള്ള ബസ്സ് തുടങ്ങിയ കവിതകൾ ഇത്തരത്തിലുള്ളവയാണ്. അതുപോലെ സഞ്ചാരം, റോഡ് മൂവി എന്നു പറയാവുന്ന അനുഭവങ്ങൾ കവിതയിലേക്കു കൊണ്ടുവരുന്നു. നൃത്തശാല പോലുള്ള കവിതകളിൽ ആനിമേഷൻ സിനിമയുടെ സാധ്യതകളും കാണാവുന്നതാണ്. പുതിയ തലമുറയിലെ മനുഷ്യർക്ക് എളുപ്പം റിലേറ്റു ചെയ്യാവുന്ന ഇത്തരം ടെക്നിക്കുകൾ ബോധപൂർവമായ ഇടപെടലാണോ?

ബോധപൂർവ്വം ചെയ്യുന്ന ഒന്നല്ല ഇത്. സ്വാഭാവികമായി വന്നുചേരുന്നതാണ്. പണ്ടത്തെ എഴുത്തുകാരൊക്കെ പറയാറില്ലേ, ഇതൊക്കെ ദൈവത്തിന്റെ ഇടപെടലാണ്, ഞാനൊന്നും അറിഞ്ഞിട്ടല്ല എന്നൊക്കെ (ചിരിക്കുന്നു). ഏതാണ്ട് അതേ മട്ടിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ് ഇത്. ദൈവത്തിന്റെ ഇടപെടൽ എന്നു പറഞ്ഞത് കാര്യമാക്കണ്ട. ദൈവത്തിനൊന്നും ഏതായാലും ഇതിന്റെ പങ്കു കൊടുക്കുന്നില്ല.

വിഷ്ണുപ്രസാദിന്റെ കവിതകളിൽ പൊതുവെ നിരീക്ഷിക്കപ്പെട്ട ഒരു കാര്യം, ചിത്രങ്ങളെയും ചലനാത്മകതയെയും കവിതയിലേക്കു കൊണ്ടുവന്നു എന്ന കാര്യമാണ്.

കോഴിയമ്മ എന്ന കവിതയുടെ അനുഭവം ഇത്തരത്തിലാണ്. ആ കാലങ്ങളിൽ എല്ലാ ദിവസവുമെന്നോണം ബ്ലോഗുകളിൽ കവിതകളെഴുതുമായിരുന്നു. ഒരു ദിവസം ഇന്നു വൈകുന്നേരം ഒരു കവിതയെഴുതണമല്ലോ എന്നാലോചിച്ചിരിക്കുകയാണ്. ഒരു വൈകുന്നേരമാണ്. ആ സമയത്ത് ഒരു കോഴി കൂവുകയാണ്. അതു കേട്ടിട്ട് അപ്പോൾത്തന്നെ ഞാനിരുന്നെഴുതിയ കവിതയാണ് കോഴിയമ്മ. തരക്കേടില്ലാത്ത ഒരു കവിതയാണത്. അതുപോലെ എഴുതിയ ഒന്നാണ് പശു എന്ന കവിതയും. വളരെ അനായാസമായി അഞ്ചോ ആറോ മിനിറ്റുകൊണ്ട് എഴുതിപ്പോയ കവിതകൾ. അതേസമയം വളരെയധികം സമയമുപയോഗിച്ച് എഴുതിയ കവിതകളിൽ ചിലതൊന്നും വേണ്ടത്ര വൃത്തിയായിട്ടുമില്ല.

നിങ്ങളൊക്കെ എന്തുപറഞ്ഞാലും കവിതയല്ലാതെ മറ്റൊന്നും ഞാൻ എഴുതില്ല. ഞാനെഴുതുന്നത് കവിതയല്ല എന്നു പറയുന്നവരുണ്ട്. അത് കഥയോ സിനിമയോ ഒക്കെയാണെന്നു പറയുന്നവരുണ്ട്. എന്നെ സംബന്ധിച്ച് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത് കവിതയാണ്.

റോഡ് മൂവി പോലുള്ള കവിതകൾ ഒന്നുകൂടി വിശദീകരിക്കേണ്ടതുണ്ട്.

പഴുത്ത ചക്കയുടെ മണമുള്ള കാട്, അറുപത് കിലോമീറ്റർ സ്പീഡിൽ ഒരു കവിത, റോംഗ് സൈഡിൽ പോകുന്ന ജീപ്പ്, പൂ വെച്ച സൈക്കിൾ, സ്കൂട്ടറിനെക്കുറിച്ചെഴുതിയ ലമ്പ്രട്ട എന്ന കവിത ഇതൊക്കെ വാഹനങ്ങളെക്കുറിച്ചുള്ള കവിതകളാണ്. വാഹനമോടിക്കാൻ അറിയാത്ത ആളാണ് ഞാൻ. പക്ഷേ വാഹനങ്ങളെക്കുറിച്ച് ഞാൻ ഒരുപാട് കവിതകളെഴുതിയിട്ടുണ്ട്. അതുപോലെ വേഗതയെ കവിതയിൽ കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഞാൻ തുടങ്ങിവെച്ച പലതും മലയാളകവിതയിൽ പിന്നീട് അനുകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ വേഗത ആരെങ്കിലും ചെയ്തതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ചലനാത്മകത, വാഹനങ്ങൾ പ്രമേയമായി വരുന്ന കവിതകളിൽ മാത്രമല്ല. ലിഫ്റ്റിന്റെ മുകളിലേക്കും താഴേക്കുമുള്ള മൂവ്മെന്റു പോലെ ചിലതൊക്കെ ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാമൊന്നും വിജയിച്ചിട്ടില്ല. യന്ത്ര ഊഞ്ഞാൽ എന്ന കവിത ഇതുപോലെ ഒരു ചലനമാണ്. ഇത്തരത്തിൽ ചലനങ്ങളുടെ വിവിധ സാധ്യതകളെ കവിതയിൽ കൊണ്ടുവരാൻ പലതരത്തിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. ചിലതൊക്കെ ഇപ്പോഴും പണിപ്പുരയിലാണ്. ചലനം, വേഗത തുടങ്ങിയ കാര്യങ്ങളോട്​ എനിക്ക് വലിയ ഒബ്സഷൻ ഉണ്ട്.

വാഹനമോടിക്കാൻ അറിയാത്ത ആളാണ് ഞാൻ. പക്ഷേ വാഹനങ്ങളെക്കുറിച്ച് ഞാൻ ഒരുപാട് കവിതകളെഴുതിയിട്ടുണ്ട്.

വിഷ്ണുപ്രസാദ് ഫോട്ടോഗ്രാഫറോ ചലച്ചിത്രകാരനോ ഒക്കെ ആകാൻ ആഗ്രഹിച്ച വ്യക്തിയാണോ?

തീർച്ചയായും അതെ. ചലച്ചിത്രകാരനാവാൻ ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ. ഈ ആഗ്രഹം കുറേയൊക്കെ എന്റെ കവിതയിലേക്കും വന്നിട്ടുണ്ട് എന്നു തോന്നുന്നു. എല്ലാ മനുഷ്യരെയും പോലെ എനിക്കും ആഗ്രഹങ്ങളുണ്ടായിരുന്നു. ശാസ്ത്രകാരനാകാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. സിനിമാക്കാരനാകാനും കഥാകൃത്താകാനും എനിക്ക് താൽപര്യമുണ്ടായിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് കവിതയാണ് എളുപ്പമുള്ള ഒന്നായി തോന്നിയത്. എല്ലാവർക്കും ഇതിങ്ങനെ ആയിക്കൊള്ളണമെന്നില്ല. ഒരു നോവലിസ്റ്റിനോ ചലച്ചിത്രകാരനോ കവിതയെഴുതാൻ സാധിച്ചുകൊള്ളണം എന്നും ഇല്ല. കഥയുടെയും നോവലിന്റെയും സാധ്യതകളെക്കുറിച്ച് പലരും എന്നോടു സംസാരിച്ചിട്ടുണ്ട്. കഥയോ നോവലോ ചലച്ചിത്രഗാനമോ ഞാൻ എഴുതാത്തതിന് ഒരു കാരണമുണ്ട്. ടി.പി. രാജീവൻ മരണപ്പെട്ടപ്പോൾ ഞാൻ പോയിരുന്നു. ‘എഴുത്തുകാരൻ ടി.പി.രാജീവന് ആദരാഞ്ജലികൾ’ എന്നാണ് അവിടെയൊക്കെ എഴുതിവച്ചിരുന്നത്. എനിക്കത് കണ്ട് വലിയ നിരാശ തോന്നി. കാരണം, മലയാളത്തിലെ ഗംഭീരകവികളിലൊരാളായ ടി.പി.രാജീവൻ അന്തരിച്ചപ്പോൾ ‘കവി ടി.പി.രാജീവന് ആദരാഞ്ജലികൾ’ എന്നു തന്നെയായിരുന്നു രേഖപ്പെടുത്തേണ്ടിയിരുന്നത്. അയാള് കവിയല്ലെങ്കിൽ പിന്നെ ആരാണ് മലയാളത്തിൽ കവി. അയാളെ കവിയല്ലാതാക്കിയത് അയാൾ തന്നെയാണ്. അയാൾ നോവലെഴുതി. സിനിമയ്ക്ക് തിരക്കഥയെഴുതി.

ഞാൻ ആദ്യകാലത്ത് കവിതകളെഴുതുകയും എഴുതിയിട്ട് കാര്യമില്ല എന്ന് നിരാശപ്പെടുകയും ചെയ്ത ആളാണ്. കവിതയുമായി മുന്നോട്ടുപോകാൻ സാധിക്കില്ല എന്നൊക്കെ കരുതിയ ആളാണ്.

ഞാൻ ഒരു കവിയായി മരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്റെ പേരിൽ വേറൊന്നും വേണ്ട. രണ്ടക്ഷരമുള്ള ആ വാക്കിനോട് എനിക്ക് വലിയ പ്രേമമാണ്. ഞാൻ മറ്റെന്തെങ്കിലും എഴുതിയാൽ ജനം എന്നെ വെറും എഴുത്തുകാരനാക്കും. തിരക്കഥാകൃത്തോ നോവലിസ്റ്റോ ആക്കി അവസാനിപ്പിച്ചു കളയും. എനിക്കതിന് താൽപര്യമില്ല. എനിക്കൊരു കവിയായി മരിക്കണം.

ചലച്ചിത്രകാരനോ നോവലിസ്റ്റോ ഒക്കെ ആയാൽ ജീവിക്കുന്ന കാലത്ത് വലിയ പ്രശസ്തി ഉണ്ടാവില്ലേ?

ഒരു കാര്യം ചോദിക്കട്ടെ. സി.വി.രാമൻപിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുമായാൽ ആരാണ് പ്രശസ്തൻ? ചങ്ങമ്പുഴയാണെന്ന കാര്യത്തിൽ നിങ്ങൾക്ക് സംശയമൊന്നുമില്ലല്ലോ. സി.വി.രാമൻ പിള്ള ഉജ്വലമായ നോവലെഴുതിയ ആളല്ലേ? എന്നിട്ടും കവിയായ ചങ്ങമ്പുഴ പ്രശസ്തിയിൽ മുന്നിൽ നിൽക്കുന്നു. അതാണ് കവിതയുടെ വലിപ്പവും മഹത്വവും. അതുകൊണ്ട് നിങ്ങളൊക്കെ എന്തുപറഞ്ഞാലും കവിതയല്ലാതെ മറ്റൊന്നും ഞാൻ എഴുതില്ല. ഞാനെഴുതുന്നത് കവിതയല്ല എന്നു പറയുന്നവരുണ്ട്. അത് കഥയോ സിനിമയോ ഒക്കെയാണെന്നു പറയുന്നവരുണ്ട്. എന്നെ സംബന്ധിച്ച് ഞാൻ എഴുതിക്കൊണ്ടിരിക്കുന്നത് കവിതയാണ്. ഇപ്പറഞ്ഞതൊക്കെ എന്റെ കവിതയിൽ കാണും. ഞാനതൊക്കെ എന്റെ കവിതയിലേക്ക് കൊണ്ടുവന്ന് തളയ്ക്കുകയാണ്. നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ മാത്രം എന്നെ കവിയെന്നു വിളിച്ചാൽ മതി. പക്ഷേ അങ്ങനെ വിളിക്കേണ്ടിവരും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല.

സി.വി.രാമൻപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള

ശരി. ആവട്ടെ. വിഷ്ണുപ്രസാദ് എങ്ങനെയാണ് കവിതയിലേക്കു വരുന്നത്.

സ്കൂൾ കാലത്തൊക്കെ പഠിച്ച കവിതകൾ മനസ്സിലൂണ്ടായിരുന്നെങ്കിലും പ്രീഡിഗ്രിക്കാലത്ത് പരിചയപ്പെട്ട വേഡ്സ്‍വർത്തിന്റെയും മറ്റും രചനകളാണ് എന്നെ വളരെയധികം പ്രചോദിപ്പിച്ചത്. അക്കാലത്ത് മലയാളത്തിലെ ജനകീയകവികൾ എന്നു പറയാവുന്ന ഒ.എൻ.വി.യെയും സുഗതകുമാരിയെയുമൊക്കെയാണ് ധാരാളം വായിച്ചത്. യഥാർത്ഥത്തിൽ കവിതകളെക്കാൾ കഥകളും നോവലുകളുമൊക്കെയായിരുന്നു വായന. പിന്നെ കടമ്മനിട്ടയിലേക്കും ചുള്ളിക്കാടിലേക്കും വന്നു. സച്ചിദാനന്ദനിലേക്കു വന്നു.

ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി

ബഷീറിന്റെ ‘ബാല്യകാലസഖി’ക്ക് എം.പി.പോൾ എഴുതിയ അവതാരികയാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന വലിയ എഴുത്തുകാരനെ ഉയർത്തിക്കൊണ്ടുവന്നത് എന്നു പറയാറുണ്ട്. കവിതയിൽ വിഷ്ണുപ്രസാദിന്റെ ഗോഡ്ഫാദർ ആരാണ്?

ഞാൻ ആദ്യകാലത്ത് കവിതകളെഴുതുകയും എഴുതിയിട്ട് കാര്യമില്ല എന്ന് നിരാശപ്പെടുകയും ചെയ്ത ആളാണ്. കവിതയുമായി മുന്നോട്ടുപോകാൻ സാധിക്കില്ല എന്നൊക്കെ കരുതിയ ആളാണ്. ഏതാണ്ട് എഴുത്ത് നിർത്താം എന്നു വിചാരിച്ച കാലത്താണ് ഓൺലൈൻ കാലം വരുന്നത്. ഞാനും അവിടെ എത്തിപ്പെടുകയും എഴുത്ത് തുടരുകയും ചെയ്തു. അക്കാലത്താണ്, സജീവമായി എഴുതിക്കൊണ്ടിരുന്ന പി.രാമനെയും പി.പി.രാമചന്ദ്രനെയുമൊക്കെ വായിക്കുകയും അവരെയൊക്കെ കാണുകയും ചെയ്യുന്നത്.

വൈക്കം മുഹമ്മദ് ബഷീര്‍

എന്റെ ആദ്യ പുസ്തകം, കുളം + പ്രാന്തത്തി ഈ സമയം പ്രസിദ്ധീകരിക്കപ്പെട്ടു. പരാജിതൻ എന്ന പേരിൽ എഴുതിയിരുന്ന ഒരു സുഹൃത്താണ് അത് പ്രസിദ്ധീകരിക്കുന്നത്. (അദ്ദേഹം മരണപ്പെട്ടുപോയി) പട്ടാമ്പിയിൽവെച്ചാണ് അതിന്റെ പ്രകാശനം നടക്കുന്നത്. കല്പറ്റ നാരായണനാണ് പ്രകാശനം ചെയ്യുന്നത്. അന്ന് ആ ചടങ്ങിൽ പി.രാമൻ, പി.പി.രാമചന്ദ്രൻ, പ്രതാപ് ജോസഫ്, ലതീഷ് മോഹൻ ഒക്കെ ഉണ്ടായിരുന്നു. അവരൊക്കെ അതിലെ കവിതകൾ വായിച്ച് വിസ്മയിച്ചിരുന്നത് ഓർക്കുന്നു. അതിനുശേഷം പി.രാമൻ എന്റെയും സുനിലിന്റെയും അജീഷ് ദാസന്റെയുമൊക്കെ കവിതകളെക്കുറിച്ച് ഭാഷാപോഷിണിയിൽ എഴുതുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാകണം എന്റെ കവിതാപുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ ഡി.സി.ബുക്സ് മുന്നോട്ടുവന്നത്.

ആദ്യ പുസ്തകത്തിലെ ചില കവിതകൾ ഒഴിവാക്കിയും ചിലത് കൂട്ടിച്ചേർത്തും ചിറകുകളുള്ള ബസ്​ എന്ന പേരിൽ പുതിയ പുസ്തകം വന്നു. വിഷ്ണുപ്രസാദ് എന്നൊരു കവിയെ മലയാളവായനക്കാർക്കുമുന്നിൽ സ്ഥാനപ്പെടുത്തിയത് ഇതൊക്കെയായിരിക്കാം. അന്നത്തെ ആ മൂന്നുപേരിൽ അജീഷ് ദാസൻ കവി എന്നതിനേക്കാൾ ചലച്ചിത്രഗാനരചയിതാവായി ഇവിടെയുണ്ട്. ഞാൻ ഇന്നും കവിതയെഴുതി ക്കൊണ്ടിരിക്കുന്നു. ഈ സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കവിയായി ഞാനിവിടെ ഉണ്ടാകുമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.

എം.പി. പോള്‍

വിഷ്ണുപ്രസാദ് ഒറ്റയ്ക്ക് കവിതയെഴുതിപ്പോവുക മാത്രമല്ല ചെയ്തിട്ടുള്ളത്. കവിതയിൽ താങ്കളുടേതായി ചില പരിശീലനക്കളരികൾ ഉണ്ടായിട്ടുണ്ട്. കാടിരുത്തം എന്നു പേരിട്ട വിഷ്ണുപ്രസാദിന്റെ കവിതാശില്പശാലകൾ, ‘ബൂലോകകവിത’ എന്ന ഓൺലൈൻ കവിതാ മൂവ്മെൻറ്​, കോവിഡ് കാലത്തു ചെയ്ത ‘പോയട്രി മാഫിയ’ തുടങ്ങിയവയൊക്കെ സമാനമനസ്കരായ സുഹൃത്തുക്കളെക്കൂടി ചേർത്തുപിടിച്ചുകൊണ്ട് താങ്കൾ കവിതയിൽ നടത്തിയ ബോധപൂർവമായ ഇടപെടലുകളാണ്.

അധ്യാപകർക്ക് ഒരു സ്വഭാവമുണ്ട്. അത് തങ്ങളുടെ തോന്നലിനനുസരിച്ച് മറ്റുള്ളവരെ ആ ആ വഴിക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ശീലമാണ്. അധ്യാപകരായ കവികൾ അവരുടെ വഴിയിലേക്ക് കവിതയെയും കവികളെയും കൊണ്ടുവരാൻ ശ്രമിക്കും. ഇത്തരം ശ്രമങ്ങൾ പലപ്പോഴും വിപരീതഫലമുണ്ടാക്കും. ചിലതെല്ലാം ഞാൻ സൂചിപ്പിച്ചല്ലോ. എന്നെക്കുറിച്ചും അങ്ങനത്തെ ആരോപണമുണ്ട്. ഞാനും ഈ പണിയൊക്കെതന്നെയാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്കുള്ള ഒരു ഗുണമെന്താണെന്നുവെച്ചാൽ, ഞാനിതൊക്കെ ഓൺലൈനായാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ്. അതുകൊണ്ട് ഈ പരിപാടിക്ക് വലിയ വിസിബിലിറ്റി ഇല്ല. എനിക്കതിന്റെ കുഴപ്പം മനസ്സിലായിട്ടുമുണ്ട്. ഞാനീ ചെയ്തുകൊണ്ടിരിക്കുന്നത് മറ്റ് കവികളെയൊക്കെ ബാധിക്കുന്നുണ്ട്, നമുക്കൊരു അധികാരമുണ്ട് എന്നൊക്കെ. അല്ലെങ്കിൽ അധികാരസ്ഥാനം വരുന്നു എന്ന തോന്നലൊക്കെ ഉണ്ടായിട്ടുണ്ട്. അത് ശരിയല്ല എന്ന് എനിക്ക് മനസ്സിലായിട്ടുമുണ്ട്. പലപ്പോഴും കവിതകൊണ്ട് ആളുകൾക്ക് ഗുണമില്ല, വ്യക്തിപരമായി കവിത എഴുതുന്ന ആളുകൾക്ക് വലിയ സാമ്പത്തികലാഭമില്ല. അംഗീകാരം വേണ്ടത്ര കിട്ടുന്നില്ല എന്നുള്ള പ്രശ്നങ്ങളൊക്കെയുണ്ട്, ഒരു പ്രത്യേക സമൂഹം എന്ന നിലക്ക് അവരുടെ പ്രശ്നങ്ങൾ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. അപ്പോൾ അതിന് എന്തെങ്കിലും ചെയ്യണമെന്ന് പലപ്പോഴും ഞാൻ ആഗ്രഹിച്ചിട്ടുമുണ്ട്.

‘പോയട്രി മാഫിയ’യെ സംബന്ധിച്ചാണെങ്കിൽ ആദിയെ വലിയൊരു ഉദാഹരണമായി എനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. ‘പോയട്രി മാഫിയ’യിലൂടെ നമ്മൾ കൊണ്ടുവന്നെങ്കിലും ഇനിയും പുറത്തേക്കു വരാത്ത ചില കവികളുണ്ട്.

എല്ലാ കാലത്തും ഞാൻ കവിതയിൽ ഇടപെടാൻ ശ്രമിച്ചിട്ടുണ്ട്. മലയാളകവിതയുടെ ഭാവുകത്വത്തെ ഞാനുദ്ദേശിക്കുന്ന തരത്തിൽ മാറ്റിയെടുക്കാനൊക്കെ ഞാൻ കഠിനമായിത്തന്നെ പരിശ്രമിച്ചിട്ടുണ്ട്. അത്തരത്തിൽ എഴുതുന്ന ആളുകളെ മുന്നോട്ടുകൊണ്ടുവരിക തുടങ്ങിയ ഉദ്ദേശ്യങ്ങളൊക്കെ എനിക്കുണ്ടായിരുന്നു. അവരെ കുറച്ചുകൂടി തെളിച്ചത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമൊക്കെ. വേണമെങ്കിൽ ഇതിനെ ദുരുദ്ദേശ്യപരം എന്നു പറയാം. ഒരാളുടെ ഉദ്ദേശ്യം മറ്റൊരാൾക്ക് ദുരുദ്ദേശമാകാമല്ലോ. അഞ്ചു തവണ കാടിരുത്തം നടത്തി. കാടിരുത്തം എന്നായിരുന്നു പേരെങ്കിലും കവികൾക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിക്കൊണ്ടായിരുന്നു ക്യാമ്പുകൾ നടത്തിയിരുന്നത്. ഇതൊക്കെ സാർത്ഥകമായിരുന്നോ എന്നു പറയേണ്ടത് യഥാർത്ഥത്തിൽ ഞാനല്ല, അതിൽ പങ്കെടുത്ത കവികളാണ്. അക്കാലത്ത് സജീവമായി എഴുതിക്കൊണ്ടിരുന്നവരെയും പുതുക്കക്കാരെയുമൊക്കെ അതിൽ പങ്കെടുപ്പിക്കാൻ ശ്രമിച്ചിരുന്നു.

സുധീഷ് കോട്ടേമ്പ്രം

സിദ്ധാന്തങ്ങൾ മുകളിൽനിന്ന് അടിച്ചേല്പിക്കുന്നതിനുപകരം കവികൾതന്നെ സംസാരിക്കുന്ന ഒരു രീതിയാണ് അവിടെ പിന്തുടർന്നിരുന്നത്. കാടിരുത്തത്തിന്റെ സംഘാടനത്തിൽ എന്നെ സഹായിച്ചിരുന്ന ഒരാളായിരുന്നു അനൂപ് കെ.ആർ. അയാൾ പിന്നെ ഗംഭീര കവിതകളെഴുതി. കാടിരുത്തങ്ങളുടെ ഗുണം കിട്ടിയ ഒരാളാണ് അനൂപെന്ന് തോന്നുന്നു. അനൂപിനെ മുൻനിർത്തി പറയുകയാണെങ്കിൽ പുതുയൊരു കവി കാടിരുത്തത്തിലൂടെ ഉണ്ടാവുകയായിരുന്നു. മറ്റു കവികളെ കുറിച്ചു പറയേണ്ടത് ഞാനല്ല. വ്യക്തിപരമായി ഒരു കവി എന്ന നിലയിൽ എനിക്ക് വളരെയധികം ഗുണമുണ്ടായിട്ടുണ്ട്. ഇത്തരം കൂട്ടായ്മകളിൽനിന്നുണ്ടായ സഹവർത്തിത്തവും അനുഭവങ്ങളുമൊക്കെയാണ് എന്നെ ഇപ്പോഴും കവിതയിൽ നിലനിർത്തുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. ലതീഷ് മോഹൻ, ക്രിസ്പിൻ ജോസഫ്, എം.ആർ. വിഷ്ണുപ്രസാദ്, സുധീഷ് കോട്ടേമ്പ്രം, ടി.പി.അനിൽ കുമാർ, നസീർ കടിക്കാട് ഇങ്ങനെ ഒരുപാടു കവികളുണ്ട്. ഇങ്ങനെയുള്ള കവികളിൽനിന്ന് എന്തൊക്കെ സ്വീകരിക്കാൻ പറ്റുമോ അതൊക്കെ ഞാൻ സ്വീകരിച്ചിട്ടുണ്ട്. അതുപയോഗിച്ച് എന്റെ കവിതയെ ഞാൻ അപ്ഡേറ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്.

‘പോയട്രി മാഫിയ’ നമുക്ക് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ഇതൊന്നും എന്റെ അധികാരത്തിന്റെ പരിസരങ്ങളിൽ പെടുന്നതാകരുത് എന്നതും നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുകൂടിയാണ് ഞാനതിൽ അധികം പണിയെടുക്കാത്തത്.

ഇത്തരത്തിൽ അവസാനമായി വിഷ്ണുപ്രസാദ് നേതൃത്വപരമായ പങ്കുവഹിച്ച ഓൺലൈൻ സംരംഭമായിരുന്നു ‘പോയട്രി മാഫിയ’. നേരത്തെ അനൂപിനെക്കുറിച്ചു പറഞ്ഞതുപോലെ ‘പോയട്രി മാഫിയ’യിലൂടെ ശ്രദ്ധിക്കപ്പെട്ട ഏതെങ്കിലും കവിയുണ്ടോ?

‘പോയട്രി മാഫിയ’യെ സംബന്ധിച്ചാണെങ്കിൽ ആദിയെ വലിയൊരു ഉദാഹരണമായി എനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയും. ‘പോയട്രി മാഫിയ’യിലൂടെ നമ്മൾ കൊണ്ടുവന്നെങ്കിലും ഇനിയും പുറത്തേക്കു വരാത്ത ചില കവികളുണ്ട്. അവർക്കൊക്കെ കുറേക്കൂടി പിന്തുണ ആവശ്യമുണ്ടെന്നു തോന്നുന്നു. ആദി കവിതയോടൊപ്പം മറ്റു പല കാര്യങ്ങളും ചെയ്യുന്നതുകൊണ്ടുകൂടിയാണ് പുറത്തേക്കു വന്നത്. പക്ഷേ ഗംഭീരരായ ചില കവികൾ ഇനിയും അതിനകത്ത് കിടപ്പുണ്ട്. അവരാരും പുറത്തേക്കു വന്നിട്ടില്ല. അവരുടെ പേരുകൾ തൽക്കാലം പറയുന്നില്ല. എന്തായാലും ‘പോയട്രി മാഫിയ’ നമുക്ക് പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ഇതൊന്നും എന്റെ അധികാരത്തിന്റെ പരിസരങ്ങളിൽ പെടുന്നതാകരുത് എന്നതും നിർബന്ധമുള്ള കാര്യമാണ്. അതുകൊണ്ടുകൂടിയാണ് ഞാനതിൽ അധികം പണിയെടുക്കാത്തത്.

മലയാള കവിത ഒരു പൂക്കാലത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരി ക്കുന്നത്. ഇഷ്ടംപോലെ കവികൾ, കവിതകൾ. ഫേസ് ബുക്കിൽ മാത്രം എഴുതുന്നവർ, ഇൻസ്റ്റാഗ്രാമിലേക്ക് കവിതയെഴുതുന്നവർ അങ്ങനെ. മലയാളത്തിലെ ആനുകാലികങ്ങളും ഇപ്പോൾ കവിതയ്ക്ക് സാമാന്യം നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്. ഈയൊരു ഘട്ടത്തിൽ കവിത എന്തെങ്കിലും പ്രതിസന്ധികൾ നേരിടുന്നുണ്ടോ?

കുറച്ചുകാലമായി ഏതാണ്ടെല്ലാ കവികളും വേർതിരിച്ചു കാണാൻ പ്രയാസമുള്ള മട്ടിൽ ഒരേപോലെയാണ് കവിതകളെഴുതുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇതൊരു പ്രശ്നമാണ്. പരീക്ഷണപരതയിൽനിന്ന് കവികൾ പിന്തിരിഞ്ഞതായാണ് കാണുന്നത്.

ന്യൂമീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന ഒരുമിനിറ്റ് വീഡിയോകളൊക്കെ പുതുകാലകവിതകളായാണ് ഞാൻ കാണുന്നത്.

ബ്ലോഗുകാലത്തൊക്കെ ധാരാളം പരീക്ഷണങ്ങൾ കവിതയിൽ കൊണ്ടുവരാൻ കവികൾ ശ്രമിച്ചിരുന്നു. അത്തരത്തിലുള്ള പരീക്ഷണങ്ങളിൽനിന്നൊക്കെ പിൻവാങ്ങി എല്ലാവരും സാധാരണമട്ടിൽ കവിതയെഴുതുന്ന രീതിയിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. കവിതയിൽ പുതിയ പരീക്ഷണങ്ങൾ തുടർച്ചയായി വരേണ്ടതുണ്ട്. ന്യൂമീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന ഒരുമിനിറ്റ് വീഡിയോകളൊക്കെ പുതുകാലകവിതകളായാണ് ഞാൻ കാണുന്നത്. ഭാഷേതരമായ ഘടകങ്ങൾകൂടി ചേർന്ന കവിതകളാണ് ഇവ. സംഗീതവും ദൃശ്യങ്ങളുമൊക്കെ ചേർന്നാണ് ഇവിടെ കവിതയുണ്ടാകുന്നത്. ആയിരക്കണക്കിനാളുകൾ കാണുന്ന ഇത്തരം വൺ മിനിറ്റ് വീഡിയോകളിൽനിന്ന് കവിത ഏറെ പഠിക്കാനുണ്ടെന്ന് ഞാൻ കരുതുന്നു. ടി.പി.വിനോദ്, ഡോണ മയൂര, എം.ആർ. വിഷ്ണുപ്രസാദ് തുടങ്ങിയവർ ഈ അനുഭവത്തെ കവിതയിലേക്കു കൊണ്ടുവാൻ ശ്രമിക്കുന്ന കവികളാണ്. വലിയ തോതിൽ പൊതുജനാംഗീകാരം കിട്ടുന്ന തരത്തിലുള്ള പരീക്ഷണങ്ങളായി ഇത് സ്വീകരിക്കപ്പെട്ടിട്ടില്ല. ഒരേ ഘടനയിൽ കവിതയെഴുതുന്ന പരിപാടിയിൽ തിരുത്തു വരുത്താൻ കവികൾക്ക് കഴിയേണ്ടതാണ്. ക്രിയേറ്റിവിറ്റി എന്നു പറഞ്ഞാൽ അതൊക്കെയാണല്ലോ. ബൈജു മണിയങ്കാലയൊക്കെ ഇത്തരം പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ആളാണ്. അരുൺ പ്രസാദ് ട്രൂകോപ്പിയിലെഴുതിയ ഹൈപ്പർ ലിങ്ക് കവിതയൊക്കെ എത്ര പേര് വായിച്ചു എന്നറിയില്ല. ഞാൻ ചോദിച്ച പലരും അത് വായിച്ചിട്ടില്ല.

എന്റെ ഗെയിം എന്ന കവിതയുടെ ചില അംശങ്ങൾ ചുരുളി എന്ന സിനിമയിലുണ്ടെന്ന് നമുക്ക് സംശയം തോന്നും. വേറെയും ചില സിനിമകളിൽ ഇതുപോലെ കണ്ടിട്ടുണ്ട്. നമ്മൾ ഇതൊക്കെ ഒരു ആരോപണമായി ഉന്നയിക്കുന്നതിൽ വലിയ കഴമ്പില്ല.

കവിതയുടെ തിയറ്റർ പെർഫോമൻസുകളെക്കുറിച്ച് എന്താണ് അഭിപ്രായം. പ്രസിദ്ധ ലെബനീസ് സംഗീതജ്ഞൻ മാർസൽ ഖലീഫിനൊപ്പെ പലസ്തീനിയൻ കവി മഹമൂദ് ദർവീഷ് പാരീസിലും മറ്റും കവിതകളവതരിപ്പിച്ചിരുന്നല്ലോ. കഴിഞ്ഞ തവണ തൃശൂരിൻ നടന്ന itfok തിയറ്റർ ഫെസ്റ്റിവലിൽ പലസ്തീനിൽനിന്നുള്ള കവി അസ്മ അസായ്സയുടെ പോയട്രി പെർഫോമൻസ് ധാരാളം ആസ്വാദകർക്കുമുന്നിൽ അരങ്ങേറിയിരുന്നു. എം.ആർ.വിഷ്ണുപ്രസാദും ഡി. അനിൽകുമാറുമൊക്കെ ഈ രംഗത്തുണ്ടെങ്കിലും ഇത്തരത്തിൽ പോയട്രി പെർഫോമൻസുകൾ മലയാളത്തിൽ കൂടുതലായി ഉണ്ടാകേണ്ടതല്ലേ?

ഉണ്ടാവേണ്ടതാണ്. പെർഫോമൻസ് ആയതിനാൽ അതിനു പറ്റിയ ആളുകൾ വേണം. താങ്കൾ സൂചിപ്പിച്ച കവികൾക്കൊപ്പം ഒ. അരുൺകുമാർ, സുധീഷ് കോട്ടേമ്പ്രം തുടങ്ങിയവരൊക്കെ പോയട്രി പെർഫോമൻസുകൾ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ ഇവിടെ നടക്കുന്നുണ്ട്. പക്ഷേ സജീവമല്ല. കൂടുതൽ പേർ ഈ രംഗത്തേക്കു വരേണ്ടതുണ്ട് എന്നു തന്നെയാണ് എന്റെ അഭിപ്രായം. സി.എസ്. രാജേഷ് ഇത്തരമൊരു പരിപാടി ചെയ്തതായി കേട്ടിരുന്നു. അതുപോലെ ദുർഗ്ഗാപ്രസാദും ടീമും ചില കാര്യങ്ങൾ ചെയ്തതായി അറിഞ്ഞിരുന്നു. അവർ കേരളം മുഴുവൻ കവിതകൾ അവതരിപ്പിക്കാൻ ശ്രമിക്കുകയും കുറേയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

മഹമൂദ് ദര്‍വിഷ്

ചിത്രകലയും കവിതയും, ശില്പവും കവിതയും, സിനിമയും കവിതയും ആ രീതിയിൽ ഒരു കൊള്ളക്കൊടുക്കലുകൾ ഉണ്ടായിട്ടുണ്ടുണ്ടോ. മാഷ് അത്തരത്തിൽ ആലോചിച്ചിട്ടുണ്ടോ?

തീർച്ചയായും. ബിനാലെ ഒക്കെ വന്നതിനു ശേഷം അതിന്റെ സ്വാധീനം കവിതയിൽ വന്നിട്ടുണ്ട്. ശ്രീകുമാർ കരിയാടിന്റെ ഒരു കവിത ഇത്തരത്തിൽ വന്നതായി ഞാൻ ഓർക്കുന്നു. ഒരുപാട് വാക്കുകൾ അടുക്കിവെച്ച ഒരു കവിത. ഫിലിം ഫെസ്റ്റിവലുകളിൽ അവതരിപ്പിക്കപ്പെടുന്ന സിനിമകൾ മലയാളകവിതയെ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമ വന്ന സമയത്ത് മഹേന്ദർ മഹി ഫേസ് ബുക്കിൽ താങ്കളുടെ ‘പരകായം’ എന്ന കവിതയുമായി ഈ സിനിമയ്ക്കുള്ള സാമ്യത്തെക്കുറിച്ച് എഴുതിയിരുന്നു. ഷാജു വി.വി.യും ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നു.

എന്റെ കവിതയിൽനിന്ന് പല കാര്യങ്ങളും സിനിമയിലേക്കു പോയിട്ടുണ്ട്. എന്തുപറഞ്ഞാലും വിവാദമാകും എന്നതുകൊണ്ട് ഞാനതൊന്നും പറയുന്നില്ല. പരകായം എന്ന കവിത അത്തരത്തിലൊന്നാണ്. നമ്മുടെ ഒരാശയം ഉപയോഗിച്ച് എന്തെങ്കിലും ചെയ്താൽ തുടക്കത്തിലൊക്കെ നമുക്കൊരു വിഷമമുണ്ടാകും. അത്രയേ ഉള്ളൂ. ആരെങ്കിലും എന്റെ കവിതയെടുത്ത് ചെയ്തു എന്നുവെച്ച് ഞാനതിന്റെ പിന്നാലെ പോകാനൊന്നും മിനക്കെടില്ല. എന്റെ കവിത വായിച്ചാണ് അയാൾ സിനിമ ചെയ്തത് എന്നൊന്നും ഞാൻ പറയുകയുല്ല.

നന്‍പകല്‍ നേരത്ത് മയക്കം സിനിമയില്‍ നിന്ന്

ഒരു പരസ്യചിത്രത്തിൽ നിന്നാണ് ആ സിനിമയുടെ പ്രചോദനം എന്നു പറഞ്ഞു കേട്ടിരുന്നു. ഏതാണ്ട് ആ പരസ്യം പോലെയൊക്കെയാണ് ആ ചിത്രവും. എന്റെ ഗെയിം എന്ന കവിതയുടെ ചില അംശങ്ങൾ ചുരുളി എന്ന സിനിമയിലുണ്ടെന്ന് നമുക്ക് സംശയം തോന്നും. വേറെയും ചില സിനിമകളിൽ ഇതുപോലെ കണ്ടിട്ടുണ്ട്. നമ്മൾ ഇതൊക്കെ ഒരു ആരോപണമായി ഉന്നയിക്കുന്നതിൽ വലിയ കഴമ്പില്ല. ചിലപ്പോൾ ഇതൊന്നും ആലോചിക്കാതെ അവർ ചെയ്തതായിരിക്കാം. വായിച്ചതിന്റെയും അറിഞ്ഞതിന്റെയുമൊക്കെ സ്വാധീനം മനുഷ്യരിലുണ്ടാവും. അതിനൊന്നും തെറ്റുപറയാൻ സാധിക്കില്ല. ഇതേപോലെയൊക്ക തിരിച്ചും വിചാരിച്ചാൽ മതിയാകും.

ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന സാമ്പ്രദായിക കവിതയെ അധികം വൈകാതെ ആളുകൾ തള്ളിക്കളയും.

‘തല്ലുമാല’ എന്ന സിനിമ വന്നപ്പോൾ ഇൻസ്റ്റാം റീലുകളുടെ ഫോമിലാണ് ആ സിനിമ എന്ന വിലയിരുത്തലുണ്ടായിരുന്നു. ഷോർട്ട് വീഡിയോസ് പുതിയ കാലത്തിന്റെ കവിതയാണെന്ന് മാഷ് നേരത്തെ സൂചിപ്പിച്ചിരുന്നു. റീലുകളിൽ കവിതയുടെ സാധ്യതയുണ്ടോ?

ഉണ്ട്. അത് നല്ലൊരു സാധ്യതയാണ്. വൃത്തത്തിൽ കവിതയെഴുതുമ്പോൾ വൃത്തം പരിധിയാണ്. വൃത്തത്തിനു പുറത്തേക്കു പോകാനാവില്ല. ആ പരിമിതിയിൽ നിൽക്കുന്നതാണ് അതിന്റെ സൗന്ദര്യം. അതുപോലെ ഒരു മിനിറ്റിനുള്ളിൽ ചിലത് വിനിമയം ചെയ്യാൻ ശ്രമിക്കുന്നത് ഒരു സാധ്യതയാണ്. ഭാഷയാണല്ലോ കവിതയുടെ അസംസ്കൃതവസ്തു. അതിലേക്ക് ഇമോജികളൊക്കെ വന്നില്ലേ. ലിങ്കുകളുപയോഗിക്കുന്നു. അതുപോലെ വിഷ്വലുകൾ ഉപയോഗിക്കാൻ എന്താണ് ബുദ്ധിമുട്ട്. വോയ്സ് ഉപയോഗിക്കുന്നു. ഇതൊക്കെ ഉപയോഗിച്ച് ഭാവിയിൽ കവിതയെ കൂടുതൽ സമ്പുഷ്ടമാക്കാനുള്ള സാധ്യതയാണ് ഞാൻ കാണുന്നത്.

തല്ലുമാല സിനിമയില്‍ നിന്ന്

സാധാരണ ടെക്സ്റ്റിൽ തന്നെ ക്യൂആർ കോഡൊക്കെ വെച്ച് വായിക്കാനുള്ള സൗകര്യങ്ങൾ ഇപ്പോൾ ഉണ്ടല്ലോ. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന സാമ്പ്രദായിക കവിതയെ അധികം വൈകാതെ ആളുകൾ തള്ളിക്കളയും. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന കവിതകൾ എല്ലാവരും അനുശീലിക്കുന്നു. മുറ്റമടിക്കുന്നതുപോലെ തുണി കഴുകുന്നതുപോലെ ഭക്ഷണമുണ്ടാക്കുന്നതു പോലെ അവരവർക്കു ചെയ്യാവുന്ന ഒന്നായി കവിത മാറിയിരിക്കുന്നു. ഉറങ്ങുകയും ഉണരുകയുംപോലെ നമ്മുടെ ഒരു ഇഷ്ടം, നമ്മുടെ ഒരു രസം എന്ന മട്ടിൽ കവിത കളുണ്ടാന്നു. നമ്മളത് നമ്മുടെ ചുറ്റുവട്ടത്തിൽ പ്രസിദ്ധീകരിക്കുന്നു, കുറച്ചുപേർ വായിക്കുന്നു, നല്ലതോ ചീത്തയോ ആയ അഭിപ്രായങ്ങൾ പറയുന്നു. ഇത് ഒരുവിധം എല്ലാവരും ചെയ്യുന്നു. സിഗരറ്റു വലിക്കാൻ താൽപര്യമുള്ളവരെല്ലാം സിഗരറ്റു വലിക്കുന്നതുപോലെ കവിതയെഴുതാൻ താൽപര്യമുള്ളവരെല്ലാം കവിതയെഴുതിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ച് എന്തെങ്കിലും ലക്ഷ്യംവെച്ചല്ല ഇങ്ങനെ എഴുതുന്നത്. അവർ മറ്റുള്ളവരുടെ കവിത വായിച്ചുകൊള്ളണമെന്നുപോലുമില്ല. ഒരു ഇഷ്ടത്തിനുമേൽ അങ്ങനെ എഴുതുന്നു. അവർ മുമ്പ് ഒരുപാട് വായിച്ചവരൊന്നുമല്ല. ഒപ്പം എഴുതുന്ന ആളുകളെ വായിക്കുന്ന ശീലവും ഇല്ല. ഈ സാധാരണീകരണം കവിതയ്ക്ക് അത്ര നല്ലതല്ല.

പൊളിറ്റിക്കലായ കവിതയ്ക്ക്, സാഹിത്യത്തിന് കൂറേക്കൂടി നല്ല പരിഗണന ഇവിടുത്തെ വായനാസമൂഹവും നൽകുന്നുണ്ട്. പൊളിറ്റിക്കലല്ലാത്ത ഒരാൾക്ക് എഴുത്തിൽ നിൽക്കാൻ കഴിയില്ല.

കവിത ഒരു ആർട്ടെന്ന രീതിയിൽ ബോധപൂർവമായ ഒരു പ്രക്രിയ ആയി മാറണമെന്ന് മാഷിന് അഭിപ്രായമുണ്ടോ?

കവിത തീർച്ചയായും ഒരു ആർട്ടാണ്. അത് ബോധപൂർവമായൊക്കെ ചെയ്യേണ്ടി വരും. ഞാനിതിനെക്കുറിച്ച് നേരത്തേ തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. പഴയപോലെ, എക്കാലവും നിലനിൽക്കുന്ന ഒന്നല്ല ഒരു പുതിയ കവിത. അതായത് ഏതുകാലത്തും വായിക്കപ്പെടാൻ സന്നദ്ധമായി നിൽക്കുന്ന ഒന്നല്ല ഇന്ന് കവിത. പ്ലാസ്റ്റിക്കുപോലെ ഭൂമിയുള്ളിടത്തോളം കാലം അത് നിൽക്കില്ല. അതിന്റെ ആവശ്യവുമില്ല. കവിത പരിഷ്കരിക്കപ്പെട്ടുകൊണ്ടേയിരിക്കും. ഞാനെഴുതിയ കവിത തന്നെ വേറൊരാൾ വേറൊരു തരത്തിൽ മാറ്റിയെഴുതിയേക്കാം. ഒരു ദിവസത്തേക്കോ ഒരു വൈകുന്നേരത്തേക്കോ മാത്രം ആയുസ്സ് കല്പിച്ചാവും പലപ്പോഴും ഒരു കവിത വരുന്നതു തന്നെ. അതുകൊണ്ട് പല കവികളും നിശ്ശബ്ദരായിക്കഴിഞ്ഞാൽ അവരുടെ കവിത വീണ്ടുമൊന്ന് വായിക്കുന്നതോ പുനഃപ്രസിദ്ധീകരിക്കുന്നതോ നമുക്ക് കാണാൻ കഴിയാറില്ല. ഈ കവിതകൾ ഗംഭീരമല്ലാഞ്ഞിട്ടൊന്നുമല്ല. ഇത് വല്ലാത്തൊരു ഒഴുക്കാണ്. പുതിയ പുതിയ സംഗതികൾ ഉണ്ടായിക്കൊണ്ടേയിരിക്കും. പഴയതിലേക്ക് തിരിഞ്ഞുനോക്കാനുള്ള സമയംപോലും നമുക്ക് കിട്ടുന്നില്ല. അപ്പോൾ ശ്രദ്ധിക്കപ്പെടണമെങ്കിൽ കവിതയിൽ ബോധപൂർവ്വമായ ഇടപെടലുകൾ ആവശ്യമാണ്.

കവിതയുടെ, സാഹിത്യത്തിന്റെ പ്രഖ്യാത ലക്ഷ്യങ്ങളിലൊന്ന് അതിന്റെ രാഷ്ട്രീയമായ ഇടപെടൽശേഷിയാണ്. അത് സമൂഹത്തിൽ ഇടപെടേണ്ടതുണ്ട്, സമൂഹത്തിന്റെ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതുണ്ട്. വലിയ തരത്തിലുള്ള വിഭജനമുണ്ടാവുന്ന, മനുഷ്യർക്കിടയിൽ വെറുപ്പ് ഉൽപാദിപ്പിക്കപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഒരു കവി എന്ന നിലയിൽ താങ്കളുടെ നിലപാടെന്താണ്?

തീർച്ചയായും എല്ലാ മനുഷ്യരും പ്രതികരിക്കേണ്ട ഒരു സാഹചര്യമാണ് നിലവിലുള്ളത്. നിലവിൽ മലയാള കവികളൊക്കെ വളരെ പോസിറ്റീവായി ഈ സാഹചര്യത്തോട് സാധ്യമായിടത്തോളം പ്രതികരിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് ഇഷ്യു ഉണ്ടായ സമയത്ത് ലതീഷ് മോഹന്റെ കവിതയിലൊക്കെ അത് കടന്നുവന്നത് ഞാനോർക്കുന്നു. ഗുജറാത്ത് സംഭവവുമായി ബന്ധപ്പെട്ട് ഞാൻ തന്നെ കവിതകളെഴുതിയിട്ടുണ്ട്.

കെ. സച്ചിദാനന്ദന്‍

നമ്മുടെ സമകാലികരും മുമ്പുള്ളവരുമായ കവികൾ, സച്ചിദാനന്ദനെപ്പോലെയും കടമ്മനിട്ടയെ പ്പോലെയുമുള്ള കവികൾ ഇവരൊക്കെ അക്കാലത്ത് കവിതയെഴുതിയിട്ടുണ്ട്. പൗരത്വപ്രശ്നവുമായി ബന്ധപ്പെട്ട് ധാരാളം കവിതകൾ ഉണ്ടായിട്ടുണ്ട്. അതാതുകാലത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ കവികൾ പ്രതികരിക്കാറുണ്ട്. പൊളിറ്റിക്കലായ കവിതയ്ക്ക്, സാഹിത്യത്തിന് കൂറേക്കൂടി നല്ല പരിഗണന ഇവിടുത്തെ വായനാസമൂഹവും നൽകുന്നുണ്ട്. പൊളിറ്റിക്കലല്ലാത്ത ഒരാൾക്ക് എഴുത്തിൽ നിൽക്കാൻ കഴിയില്ല. പി.എൻ.ഗോപീകൃഷ്ണൻ തുടക്കം മുതലേ പൊളിറ്റിക്കലായ ഉള്ളടക്കമുള്ള കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന കവിയാണ്. അതുപോലെ അൻവറലിയുടെ കവിതകൾ, പ്രത്യേകിച്ച് മെഹബൂബ് എക്സ്പ്രസ്, ഒ.പി.സുരേഷിന്റെ താജ്മഹൽ ഒക്കെ ഓരവൽക്കരിക്കപ്പെടുന്ന മനുഷ്യാവസ്ഥയോട് ശക്തമായി പ്രതികരിക്കുന്ന കവിതകളാണ്.

മനുഷ്യർക്കിടയിൽ വലിയ വിഭജനമുണ്ടാകുമ്പോൾ പ്രതികരിക്കുക എന്നതിൽക്കവിഞ്ഞ് മനുഷ്യരുടെ സ്വാഭാവികമൈത്രിയെ സ്ഥിരപ്പെടുത്താൻവേണ്ടി കവികൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഇന്നത്തെ കവികളെ ഞാൻ കാണുന്നത് സാധാരണ മനുഷ്യരായിട്ടാണ്. സമൂഹത്തിൽ വലിയ അധികാരമൊന്നുമില്ലാത്ത ചെറിയ മനുഷ്യരായാണ്. പണ്ട് നമുക്ക് വലിയ അധികാരമുള്ള വലിയ കവികളുണ്ടായിരുന്നു. സമൂഹം അവരുടെ പിന്നിലുണ്ടായിരുന്നു. അവർ പറഞ്ഞാൽ സർക്കാർ കേൾക്കുമായിരുന്നു. ഇപ്പോഴുള്ളത് ചെറിയ ചെറിയ മനുഷ്യരും ചെറിയ ചെറിയ കവികളുമാണ്. അവർക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നോ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നോ ഞാൻ വിചാരിക്കുന്നില്ല. അവർക്ക് ആകെ ചെയ്യാൻ കഴിയുന്ന കാര്യം അവരുടെ ഈ ചെറിയ മാധ്യമത്തിലൂടെ പ്രതികരിക്കുക എന്നതു മാത്രമാണ്.

വരവര റാവു

സുഗതകുമാരിയെപ്പോലുള്ള കവികൾ പരിസ്ഥിതി സമരമൊക്കെ നയിച്ചിട്ടുണ്ട്. അവരെപ്പോലുള്ള കവികൾ ഇപ്പോഴുണ്ടോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കേരളത്തിലെ നക്സൽ മൂവ്മെന്റുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ, കെ.ജി.എസ്, ചുള്ളിക്കാട് എന്നിവരുടെയൊക്കെ കവിതകളുണ്ടായിട്ടുണ്ട്. മലയാളത്തിനു പുറത്തേക്കു നോക്കിയാൽ ഗദ്ദറുണ്ട്, വരവരറാവു ഉണ്ട്, അവരെപ്പോലുള്ള വലിയ കവികളുണ്ട്. പക്ഷേ, കേരളത്തിൽ നിലവിൽ അത്ര വലിയ ആക്ടിവിസ്റ്റുകളായ കവികൾ ഇല്ല. അത്തരത്തിൽ ഒരു ആക്ടിവിസ്റ്റ് പോയറ്റ് ഇനി ഉണ്ടാകുമെന്നും ഞാൻ വിചാരിക്കുന്നില്ല. എത്രയോ വർഷമായി മഅ്​ദനി ജയിലിൽ കിടക്കുന്നു. നമ്മളിവിടെയിരുന്ന് കവിതയെഴുതുന്നു, അപലപിക്കുന്നു എന്നല്ലാതെ നമുക്കെന്താണ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. മോദി ഗവൺമെൻറ്​ ജയിലിലടച്ച, ഒരു തെറ്റും ചെയ്യാത്ത ഒരുപാടു മനുഷ്യരുണ്ട്. അതുപോലെ നാട്ടിൽ നടക്കുന്ന പലപല പ്രശ്നങ്ങൾ. ഇതൊക്കെ നാം കാണുക എന്നല്ലാതെ, ഒരു ഫേസ്ബുക്ക് സ്റ്റാറ്റസോ ചെറിയൊരു കവിതയോപോലെ ചെറിയ പ്രതികരണങ്ങൾ രേഖപ്പെടുത്തുക എന്നല്ലാതെ എന്താണ് നമുക്ക് ചെയ്യാൻ കഴിയുക?

നന്നായി എഴുതിക്കൊണ്ടിരുന്ന ചില കവികളെ ഇപ്പോൾ കാണാനില്ല. അനൂപ് കെ.ആർ., ദേവസേന, ഹസ്സൻ. ഇവരൊക്കെ എവിടെപ്പോയി? ഇങ്ങനെ കുറേപ്പേര് മുങ്ങിപ്പോകുന്നുണ്ട്. ജീവിച്ചിരിക്കേ തന്നെ കവിതയില്ലാത്തവരായിപ്പോകുന്നുണ്ട്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.

വിഷ്ണുപ്രസാദനെ പോലൊരു കവി എന്താണ് ചെയ്യുക എന്ന് തിരിച്ചു ചോദിക്കുകയാണോ വേണ്ടത്?

അത്രയ്ക്ക് നിസ്സാരന്മാരായ മനുഷ്യരാണ് നമ്മൾ. ഭരണകൂടം എന്ന ശക്തമായ സംവിധാനത്തിനുമുന്നിൽ വലിയ സാധ്യതകളൊന്നും ഇല്ലാത്ത ചെറിയ മനുഷ്യരാണ് നമ്മൾ എന്നാണ് ഞാൻ പറഞ്ഞു വരുന്നത്. എന്റെ ‘ഭരണകൂടങ്ങളുടെ ജീവിതം’ എന്ന കവിതയിൽ പറഞ്ഞിട്ടുള്ള അതേ കാര്യങ്ങൾ തന്നെയേ ഇക്കാര്യത്തിൽ എനിക്കു പറയാനുള്ളൂ. ചെറിയ രീതിയിലൊക്കെ നമ്മൾ പ്രതികരിക്കുന്നില്ലേ, നിലവിലെ സാഹചര്യത്തിൽ അതുതന്നെ വലിയ കാര്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്.

കവിതാനിരൂപണത്തെക്കുറിച്ച് ഒരു വാക്കുകൂടി പറഞ്ഞ് നമുക്ക് ഈ സംസാരം അവസാനിപ്പിക്കാമെന്നു തോന്നുന്നു.

നന്നായി എഴുതിക്കൊണ്ടിരുന്ന ചില കവികളെ ഇപ്പോൾ കാണാനില്ല. അനൂപ് കെ.ആർ., ദേവസേന, ഹസ്സൻ. ഇവരൊക്കെ എവിടെപ്പോയി? ഇങ്ങനെ കുറേപ്പേര് മുങ്ങിപ്പോകുന്നുണ്ട്. ജീവിച്ചിരിക്കേ തന്നെ കവിതയില്ലാത്തവരായിപ്പോകുന്നുണ്ട്. ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നും അറിയില്ല. കവിതയെഴുതിക്കൊണ്ടിരിക്കുന്ന ആളുകളെ സംബന്ധിച്ച്, എന്നെക്കുറിച്ച് കൃത്യമായി എനിക്കു പറയാൻ കഴിയും, കവിത എഴുതാൻ വേണ്ടിത്തന്നെ കവിതെയഴുതുകയാണ്. കവിതയെഴുതിയില്ലെങ്കിൽ നിങ്ങൾ കവിതയിൽ ഇല്ല. തിരിച്ചുപോയി നിങ്ങളുടെ കവിത വായിക്കാൻ ഇവിടെ ആരെങ്കിലുമുണ്ടാവുമെന്നു തോന്നുന്നില്ല.

യഥാർത്ഥത്തിൽ ഈ പണി ചെയ്യേണ്ടത് നിരൂപകരാണ്. എന്തുകൊണ്ടാണ് കവിതാനിരൂപണം കാര്യക്ഷമമായി നടക്കാത്തത് എന്ന കാര്യത്തിൽ എനിക്ക് അത്ഭുതമുണ്ട്. കണ്ടുവരുന്ന ഒരു പ്രവണത, കുറച്ചുനാൾ നിരൂപണമെഴുതുന്നവരൊക്കെ പിന്നീട് കവിതയിലേക്കു വരുന്നതാണ്. മുമ്പ് കവിതയെഴുതുന്നത് ഇത്ര എളുപ്പമായിരുന്നില്ലെന്നു തോന്നുന്നു. ഇപ്പോൾ നിരൂപണത്തേക്കാൾ എളുപ്പം കവിതയെഴുതുന്നതാണ് എന്നതുകൊണ്ടായിരിക്കുമോ ഇത്.

വിഷ്ണുപ്രസാദ്

ആരാണ് നിരൂപകരായി വന്ന് പിന്നീട് കവികളായിത്തീർന്നത്?

ആരുടെയെങ്കിലും പേരെടുത്തുപറഞ്ഞ് ബുദ്ധിമുട്ടിലാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പറഞ്ഞുവരുന്നത് കവിതയെഴുതുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടെന്നല്ല, കവിതാനിരൂപണം ശക്തമായ ഒരു പ്രസ്ഥാനമായി വരുന്നില്ല എന്ന് സൂചിപ്പിക്കാനാണ്. സജയ് കെ.വി.യെപോലെ വളരെ കുറച്ചുപേർ മാത്രമേ സാഹിത്യനിരൂപണത്തിൽ മാത്രമായി നിൽക്കുന്നുള്ളൂ. മറ്റുള്ളവരൊക്കെ പല കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതു പറയുമ്പോൾ ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. പഴയതുപോലെ കവിതയ്ക്ക് ഒരു ഇടനിലക്കാരൻ ആവശ്യമില്ലാതായി വരുന്നുണ്ട്. വ്യാഖ്യാനിച്ചു കൊടുക്കാൻ ആരെങ്കിലും വേണ്ടതില്ല. മറഞ്ഞുപോയ ചിലതിനെ വീണ്ടെടുത്ത് അടയാളപ്പെടുത്താനാണ് നമുക്ക് കവിതാപഠിതാക്കളെ ആവശ്യമുള്ളത്. അതുപോലെ ഓരോ കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കവിതകളെ അടയാളപ്പെടുത്താനും സമൂഹത്തിൽ അതെങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിലയിരുത്താനും കവിപഠിതാക്കൾ തന്നെ വേണം. ലേഖനരൂപത്തിലോ പുസ്തകരൂപത്തിലോ ഇക്കാര്യങ്ങൾ പുറത്തുവരേണ്ടതുമുണ്ട്. ജയശീലൻ, സന്തോഷ് മാനിച്ചേരി, സുധീഷ് കോട്ടേമ്പ്രം തുടങ്ങിയവരൊക്കെ ഇത് ചെയ്യുന്നുണ്ട്. ആശ സജിയെപ്പോലെ ചിലർ ഫേസ് ബുക്കിലും മറ്റും കവിതകളെ വിലയിരുത്താൻ ശ്രമിച്ചത് കണ്ടിട്ടുണ്ട്. ആദ്യകാലത്ത് വിശാഖ് ശങ്കറും ആർ.പി.ശിവകുമാറുമൊക്കെ എഴുതിയിരുന്നു. രാഷ്ട്രീയപ്രതികരണങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വലിയ വായനക്കാരുണ്ട്. കവിത വലിയ തോതിൽ വായനക്കാരെ ആകർഷിക്കുന്ന ഒന്നല്ല. അപ്പോൾ കവിതയിൽ സംഭവിക്കുന്ന സൂക്ഷ്മമായ സംഭവവികാസങ്ങൾ പഠിച്ച് മുഖ്യധാരാമാധ്യമങ്ങളിലൂടെ പുറത്തുവരുമ്പോഴേ അത് കൃത്യമായി തിരിച്ചറിയപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്യുകയുള്ളൂ.


വിഷ്​ണുപ്രസാദ്​

കവി. കുളം + പ്രാന്തത്തി, ചിറകുകളുള്ള ബസ്, നൃത്തശാല തുടങ്ങിയ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments