എന്റെ എഴുത്തുജീവിതത്തിൽ ഇതുവരെ അഞ്ച് അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. രണ്ടെണ്ണം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവർ സ്റ്റോറിയായി വന്നു. ഒന്ന് ഇപ്പോൾ ട്രൂകോപ്പിയും കവറായി ചെയ്തു. മലയാളത്തോടും കേരളത്തോടും പ്രത്യേക മമതയുള്ള അസമീസ് കവി ബിപുൽ റേഗൻ, പലസ്തീൻ നോവലിസ്റ്റും ഫിലിം മേക്കറുമായ ലിയാന ബദർ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളാണ് മാതൃഭൂമി പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നത്. വിഖ്യാതചരിത്രകാരനായ ഡോ. മഹമൂദ് കൂരിയയുമായി മരുമക്കത്തായ മുസ്‍ലിംകളെ കുറിച്ച് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ലൈവായി സംസാരിച്ചതാണ് മൂന്നാമത്തെ അഭിമുഖം. അത് യൂറ്റ്യൂബിൽ ലഭ്യമാണ്. നാലമത്തെ അഭിമുഖവും മഹമൂദ് കൂരിയയുമായാണ്. കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഇസ്‍ലാമിക് ലോ ഇൻ സർകുലേഷൻ-ഷാഫിഈ ടെക്സ്റ്റ്സ് എക്രോസ് ദി ഇന്ത്യൻ ഓഷ്യൻ ആന്റ് ദി മെഡിറ്ററേനിയൻ എന്ന മഹമൂദിന്റെ പുതിയ പുതിയ പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി ട്രൂകോപ്പിക്കു വേണ്ടിയാണ് ഈ വീഡിയോ അഭിമുഖം തയ്യാറാക്കിയത്. ആയിരക്കണക്കിന് വ്യൂവേഴ്സ് യൂറ്റ്യൂബിൽ ലഭ്യമായ ഈ അഭിമുഖങ്ങൾക്കുണ്ട്.
ചരിത്രപരമായ ചില സന്ദർഭങ്ങൾ ആവശ്യപ്പെടുമ്പോഴേ അഭിമുഖം എന്ന പണി ഞാൻ ചെയ്തിട്ടുള്ളൂ. ഏതേതെല്ലാം സന്ദർഭങ്ങളിലാണ്, വിഷയങ്ങളിലാണ് ഞാൻ ഒരു അഭിമുഖകാരന്റെ വേഷമണിഞ്ഞത് എന്ന് മേല്പറഞ്ഞ അഭിമുഖങ്ങൾ തന്നെ പറഞ്ഞുതരും. ലിയാനബദറുമായി നടത്തിയ അഭിമുഖത്തിൽ അവരുടെ വാക്കുകളെയാണ് ഞാൻ വിശ്വസിച്ചത്. അല്ലെങ്കിൽ മുഖവിലക്കെടുത്തത്. പലസ്തീനിൽനിന്ന് പുറത്താക്കപ്പെട്ട ആ വനിത പറഞ്ഞ പല കാര്യങ്ങളും ഇസ്രായേൽ എന്ന സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കിനെതിരെയുള്ളതായിരുന്നു. നോവലിസ്റ്റും സംവിധായികയുമായ അവരുടെ വാക്കുകൾക്ക് വിലയും ആധികാരികതയും ഉള്ളതുകൊണ്ടാണ് അത് പ്രസിദ്ധീകരണയോഗ്യമാകുന്നത്.
വിഷ്ണുപ്രസാദ് സ്വകാര്യമായി പറഞ്ഞു എന്നു പറയുന്നത് പി.രാമൻ നിഷേധിച്ചിട്ടില്ല, പകരം അതൊക്കെ സെൻസിബിലിറ്റിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് എന്നാണ് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്.
ബിപുൽ റീഗൻ അല്പം പതിഞ്ഞ മട്ടിലാണെങ്കിലും ആസാമിലെ രാഷ്ട്രീയം സംസാരിച്ചിരുന്നു. ഒരു സ്വകാര്യസംഭാഷണത്തിൽ you don’t know anything about how tribes and muslims are living here എന്ന് ബിപുൽ പത്തുവർഷം മുമ്പ് എന്നോടു പറഞ്ഞിരുന്നു. നോവലുകളും കവിതകളും എഴുതിയ, അകാദമീഷ്യനായ ഒരു മനുഷ്യന് അക്കാലത്തുപോലും ആസാമിന്റെ ആഭ്യന്തരരാഷ്ട്രീയം വെളിപ്പെടുത്താൻ മടിയായിരുന്നു. എന്നിട്ടും ചിലതെല്ലാം അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. സമീപകാലത്ത് മിയാ പോയട്രിയെക്കുറിച്ച് ഒരു അഭിമുഖത്തിനു ശ്രമിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല.
മഹമൂദുമായുള്ള അഭിമുഖങ്ങളും കേരളത്തിലെ മുസ്‍ലിംകളിൽ വലിയൊരു വിഭാഗത്തെ ചൊടിപ്പിച്ചതാണ്. ആ ചൊടിയെക്കാൾ ഒരു അന്താരാഷ്ട്ര ഗവേഷകന്റെ കണ്ടെത്തലുകളുടെ ആധികാരികതയെയാണല്ലോ നമ്മൾ പരിഗണിക്കേണ്ടത്. അദ്ദേഹവുമായി നടത്തിയ പുതിയ അഭിമുഖത്തിലും സാമാന്യബോധത്തിന് ദഹിക്കാത്ത പല വെളിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. അതിനോടുള്ള പ്രതികരണങ്ങൾ യൂറ്റ്യൂബിൽ കാണാവുന്നതാണ്.
വിഷ്ണുപ്രസാദ് എന്ന കവിയുമായി ഒരു അഭിമുഖം സംഘടിപ്പിക്കുന്നതും കൃത്യമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. മലയാളത്തിലെ മികച്ച കവികളിലൊരാളാണ് അയാൾ എന്നതാണ് ഒന്നാമത്തെ അടിസ്ഥാനം. സാഹിത്യമോ അകാദമിക്സോ എന്തായാലും, മുഖ്യധാരാമലയാളം അവ ചർച്ച ചെയ്യുന്നത് ശ്രേണീകൃതമായ ഒരു ജാതിബോധം ഉള്ളിൽവെച്ചുകൊണ്ടാണ്. ഏറ്റവും മികച്ച കവികളിലൊരാളായിരിക്കുമ്പോഴും അയാളോട് അല്പമൊരകലം പാലിക്കുക എന്ന ശീലം സാഹിത്യലോകം വിഷ്ണുപ്രസാദിനോടും കാണിച്ചിട്ടുണ്ട്. വിഷ്ണുപ്രസാദിനോടു മാത്രമല്ല, പ്രാന്തം എന്നു പുറത്തുനിർത്തിയ എല്ലാ കവികളോടുമുള്ള പെരുമാറ്റം അത്തരത്തിലുള്ളതാണ്. ആരെങ്കിലും ഇതു സൂചിപ്പിക്കുമ്പോൾ ഇവർക്ക് മുഖ്യധാര നൽകിയ സൗജന്യങ്ങളുടെ പട്ടിക നിരത്തും. ചെറിയ ഒരു ഉദാഹണം പറയാം. കഴിഞ്ഞ തവണ പട്ടാമ്പി കവിതാ കാർണിവലിൽ അന്തരിച്ച കവി ടി.പി. രാജീവനെ പ്രശംസനീയമായ നിലയിൽ ഓർമ്മിക്കുന്ന പരിപാടി സംഘടിപ്പിച്ചു. ഇതേ കാലയളവിൽ അന്തരിച്ച കവി ബിനു എം. പള്ളിപ്പാടിനെ പോലുള്ളവരെ ഓരോ ചിത്രം നടവഴിയിൽ തൂക്കി കടമ തീർത്തു. ഇത് മലയാളിയുടെ സാംസ്കാരിക അബോധത്തിന്റെ കൃത്യമായ അടയാളമാണ്. ഇത്തരം അനുഭവങ്ങൾ എത്രവേണമെങ്കിലും ഓർത്തെടുക്കാൻ പറ്റും.
ഈ അഭിമുഖത്തിൽ വസ്തുതാപരമായ ചില പിശകുകൾ സംഭവിച്ചത് കവി വിഷ്ണുപ്രസാദ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പേജിൽ സൂചിപ്പിച്ചിട്ടുണ്ട്. സുജീഷിന്റെ എഫ്. ബി. പേജല്ല ബ്ലോക്കിയത്. അദ്ദേഹത്തിന്റെ വിവർത്തന സൈറ്റിന്റെ ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നത് വിലക്കുകയാണ് ചെയ്തത്. അതുപോലെ ശ്രീകുമാർ കരിയാടിന്റെ ഇൻസ്റ്റലേഷൻ എന്ന കവിത ബിനാലെയ്ക്കു മുൻപ് വന്നതാണ്. ടി.പി. വിനോദും ഡോണാ മയൂരയും ചിത്രങ്ങളും വാക്കുകളും ഡയഗ്രങ്ങളുമുപയോഗിച്ച് ചെയ്ത കവിതകളെയാണ് പരാമർശിക്കാൻ ശ്രമിച്ചത്. പക്ഷേ റീൽസിനെ സംബന്ധിച്ച ചോദ്യത്തോടുള്ള പ്രതികരണമായി അത് വന്നത് തെറ്റിദ്ധാരണാജനകമായി. ഡോണ മയൂരയുടെ കവിതകൾ മലയാളകവിത ബ്ലോഗുകളിലൂടെ സജീവമായതിനുശേഷമാണ് വന്നത് എന്നതും ശരിയല്ല. അവർ വളരെ നേരത്തേ കവിതയെഴുതി പ്രസിദ്ധീകരിച്ചു തുടങ്ങിയതാണ്.
വിഷ്ണുപ്രസാദുമായുള്ള അഭിമുഖത്തിൽ തന്നെ ആക്ഷേപിച്ചു എന്നു കാണിച്ച് കവി പി. രാമൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ എന്നെക്കൂടി ടാഗു ചെയ്ത് എഴുതിയതുകണ്ടാണ് ഇതിപ്പോൾ കുറിക്കുന്നത്. പ്രിയകവിയും സുഹൃത്തുമായ പി.രാമന്റെ ആക്ഷേപങ്ങൾ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അദ്ദേഹം പറയുന്നത് ആ അഭിമുഖത്തിൽ മുഖ്യമായും നടന്നത് രാമനെ അധിക്ഷേപിക്കലാണ് എന്നാണ്. സുദീർഘമായ അഭിമുഖത്തിൽ പി. രാമൻ നാലോ അഞ്ചോ ഇടങ്ങളിൽ പരാമർശിക്കപ്പെട്ടു എന്നത് ശരിയാണ്. കവി എന്ന നിലയിലും വിഷ്ണുപ്രസാദിന്റെ സുഹൃത്ത് എന്ന നിലയിലും പി. രാമനെ അംഗീകരിച്ചുകൊണ്ടും അദ്ദേഹത്തിന്റെ എഴുത്തിനെ വിലമതിച്ചുകൊണ്ടുമുള്ളതാണ് ഇതിലെ പരാമർശങ്ങൾ. ആക്ഷേപകരമായ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിട്ടുമില്ല. കൂട്ടത്തിൽ അദ്ദേഹം പറഞ്ഞ, പി.രാമന് ആക്ഷേപകരമായി തോന്നിയ കാര്യങ്ങൾ ഞാനൊന്ന് വിശദീകരിക്കാം.
പി.രാമൻ മലയാളത്തിൽ കവിതയെഴുതുക മാത്രമല്ല, കവികളെ കണ്ടെടുക്കുകയും ചെയ്യുന്ന കവിയാണ്. കവിതകളും കവിതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിലയിരുത്തപ്പെടുമ്പോൾ ഈ കണ്ടെടുക്കലുകളുടെ രാഷ്ട്രീയവും ആഘാതങ്ങളും വിലയിരുത്തപ്പെടില്ലേ?
മലയാളകവിതയിലെ ഭിന്നധാരകളെക്കുറിച്ചുള്ള സംസാരത്തിനിടയിലാണ് വിഷ്ണുപ്രസാദിന് ശ്രദ്ധേയരായിത്തോന്നിയ ചില കവികൾ കവികളേയല്ല എന്ന മട്ടിൽ പി. രാമനെ പോലുള്ളവർ സംസാരിച്ചതായി അദ്ദേഹം വെളിപ്പെടുത്തുന്നത്. ഇത് ഏതാനും കവികൾ തമ്മിലുള്ള വ്യക്തിപരമായ പ്രശ്നം എന്നതിനപ്പുറം മലയാളകവിതയിലെ ഭാവുകത്വപരമായ സംഘർഷങ്ങളായാണ് ഞാൻ മനസ്സിലാക്കിയത്. അത് സാഹിത്യസംബന്ധമായ ചർച്ചകൾ ശ്രദ്ധിക്കുന്നവരിലേക്ക് എത്തിക്കേണ്ടതുണ്ട് എന്നും വിചാരിക്കുന്നു. ഇത്തരം അഭിപ്രായപ്രകടനങ്ങൾ സോഷ്യൽമീഡിയയിൽ പലപ്പോഴും കണ്ടതുകൊണ്ടാണ് അത് ചർച്ചയിലേക്കു കൊണ്ടുവന്നത്. പി. രാമൻ മലയാളത്തിൽ കവിതയെഴുതുക മാത്രമല്ല, കവികളെ കണ്ടെടുക്കുകയും ചെയ്യുന്ന കവിയാണ്. കവിതകളും കവിതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിലയിരുത്തപ്പെടുമ്പോൾ ഈ കണ്ടെടുക്കലുകളുടെ രാഷ്ട്രീയവും ആഘാതങ്ങളും (Impact) വിലയിരുത്തപ്പെടില്ലേ?
പി.രാമൻ എന്ന കവിയുടെ സ്വാധീനം മൂലം മറ്റു ചില കവികൾക്ക് വേണ്ടത്ര സ്ഥാനപ്പെടാൻ പറ്റാതെ പോയി എന്ന വിഷ്ണുപ്രസാദിന്റെ ആരോപണം വ്യക്തിപരമായ ഒന്നായി എനിക്കു തോന്നിയിട്ടില്ല. പി. രാമൻ അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നതുപോലെ അദ്ദേഹം അദ്ദേഹത്തിന്റെ എഴുത്തിലൂടെയും പറച്ചിലിലൂടെയും ശ്രദ്ധിച്ച കവികൾ പിന്നീട് മലാളത്തിൽ ശ്രദ്ധേയരായി എന്നത് സുവിദിതമായ കാര്യമാണ്. ഈ പ്രവർത്തനത്തിനിടയിൽ തമസ്കരിക്കപ്പെട്ടവരുണ്ട് എന്ന് മലയാളത്തിലെ ഒരു മുതിർന്ന കവി പറയുന്നത് മലയാള കവിതാചരിത്രവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം കുഞ്ഞുകുഞ്ഞു പ്രവർത്തനങ്ങളിലൂടെയും എതിർബലങ്ങളിലൂടെയുമാണ് സാഹിത്യചരിത്രം ഉണ്ടായിവരുന്നത്. സാഹിത്യചരിത്രവിജ്ഞാനീയം ഒഴിവാക്കപ്പെട്ടവയുടെ രാഷ്ട്രീയംകൂടിയാണ് ചർച്ച ചെയ്യുന്നത് എന്നതും നമുക്കറിയാവുന്നതാണ്. തിരസ്കരിക്കപ്പെടവരെക്കുറിച്ചുള്ള വർത്തമാനത്തിന് ഉയർന്ന സ്ഥാനമുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
സാഹിത്യ ചരിത്രത്തിൽ പിൽക്കാലത്ത് പ്രസിദ്ധങ്ങളായ പല തർക്കങ്ങളും അക്കാലത്ത് വ്യക്തിപരമായവ കൂടിയായിരുന്നു. ‘കേശവന് ഈ (ശാകുന്തള ) വിവർത്തനം പ്രസിദ്ധീകരിക്കേണ്ടതുണ്ടോ?’ എന്ന കേരളവർമ്മയുടെ ചോദ്യം അങ്ങേയറ്റം വ്യക്തിപരമാണ്. പക്ഷേ അത് മലയാളത്തിലെ ആദ്യത്തെ ശാകുന്തള വിവർത്തനം തമസ്കരിക്കപ്പെട്ടതിന്റെ ചരിത്രത്തിലേക്ക് വിരൽ ചൂണ്ടും. (സജീവ് പി.വി.യുടെ ജാതിരൂപകങ്ങൾ എന്ന പുസ്തകം നോക്കുക). കേരളത്തിലെ നായർസ്ത്രീകളുടെ വിവാഹത്തെ സംബന്ധിച്ച് ചന്തുമേനോന്റെ വാദങ്ങൾ ഇന്ന് ചർച്ചക്കെടുക്കുമ്പോൾ ഇന്ദുലേഖയിൽ അദ്ദേഹം എന്തു പറഞ്ഞു എന്നതിനൊപ്പം ഹിന്ദു വിവാഹനിയമത്തിൽ ചന്തുമേനോന്റെ വ്യക്തിപരമായ നിലപാട് എന്തായിരുന്നുവെന്നതും പ്രസക്തമല്ലേ? ഇന്ദുലേഖയിൽ കണ്ടത് വിശ്വസിച്ചാൽ മതിയോ?
വിഷ്ണുപ്രസാദ് എന്ന കവിയുടെ വാക്കുകൾ തന്നെയാണ് ആധികാരികത. അദ്ദേഹം അദ്ദേഹത്തിന്റെ കാവ്യജീവിതാനുഭവങ്ങൾ അവതരിപ്പിക്കുകയാണ്. ഇതൊന്നും വ്യക്തിപരമല്ല എന്ന് അദ്ദേഹം കൃത്യമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഇനി ആധികാരികതയെ സംബന്ധിച്ചാണെങ്കിൽ, മുപ്പതുകൊല്ലത്തോളമായി മലയാളകവിതയിൽ സജീവമായ വിഷ്ണുപ്രസാദ് എന്ന കവിയുടെ വാക്കുകൾ തന്നെയാണ് ആധികാരികത. അദ്ദേഹം അദ്ദേഹത്തിന്റെ കാവ്യജീവിതാനുഭവങ്ങൾ അവതരിപ്പിക്കുകയാണ്. ഇതൊന്നും വ്യക്തിപരമല്ല എന്ന് അദ്ദേഹം കൃത്യമായി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിഷ്ണുപ്രസാദ് സ്വകാര്യമായി പറഞ്ഞു എന്നു പറയുന്നത് പി.രാമൻ നിഷേധിച്ചിട്ടില്ല, പകരം അതൊക്കെ സെൻസിബിലിറ്റിയുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളാണ് എന്നാണ് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. മലയാളകവിതയുടെ ദീർഘമായ ഒരു കാലം ചർച്ച ചെയ്യുന്ന ഒരു അഭിമുഖത്തിൽ സെൻസിബിലിറ്റിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ ഒഴിവാക്കുന്നതെങ്ങനെയാണ്? അഭിമുഖം കാവ്യേതരമായ കാര്യങ്ങളിലാണ് ഊന്നുന്നത് എന്ന ആക്ഷേപത്തിനും മറുപടി ഇതാണ്. അഭിമുഖം പുറത്തുവന്നതിനു ശേഷമുണ്ടായ ചില ചർച്ചകൾ, വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത് ഇതൊന്നും വിഷ്ണുപ്രസാദിന്റെ വ്യക്തിപരമായ അനുഭവങ്ങൾ മാത്രമല്ലെന്നാണ്. തൽക്കാലം അത്തരം ചർച്ചകളെ ഞാനിവിടേക്കു കൊണ്ടുവരുന്നില്ല.
പി.രാമൻ വ്യക്തിപരമായി എനിക്ക് ആദരവുള്ള വ്യക്തിയാണ്, സുഹൃത്താണ്. അദ്ദേഹത്തിന്റെ കവിതകളും കവിതയെ സംബന്ധിച്ചുള്ള എഴുത്തും സംസാരവും പലവട്ടം താൽപര്യത്തോടെ ശ്രദ്ധിച്ചതുമാണ്. സൂക്ഷ്മതയിൽ അഭിപ്രായവ്യത്യാസങ്ങളുള്ളപ്പോൾത്തന്നെ അതിനെയൊക്കെ വിലമതിക്കുകയും ചെയ്യുന്നു.
ട്രൂകോപ്പിയിൽ വന്ന അഭിമുഖം പി.രാമനെ വ്യക്തിപരമായി അക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല ചെയ്തത്. എന്നെ ടാഗു ചെയ്ത് പി.രാമൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പു കണ്ട ശേഷം ഞാൻ ആ അഭിമുഖം ഒന്നുകൂടി വായിച്ചുനോക്കി. മലയാളകവിതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാവുകത്വപരമായ കാര്യങ്ങളെപ്പറ്റി സംസാരിച്ചപ്പോൾ സജീവമായി ഈ രംഗത്തുള്ള പി. രാമൻ വിശദമായിത്തന്നെ പരാമർശിക്കപ്പെട്ടു എന്നല്ലാതെ വ്യക്തിപരമായ ആക്ഷേപങ്ങൾ അതിലുള്ളതായി എനിക്കു തോന്നിയില്ല.
സാഹിത്യസംബന്ധമായ ഒരു ചർച്ചയും സർവസമ്മതമാകാറുമില്ലല്ലോ.
വിഷ്ണുപ്രസാദുമായി വി. അബ്ദുല്‍ ലത്തീഫ് നടത്തിയ അഭിമുഖം ഇവിടെ വായിക്കാം…