സിതാര എസ്.

‘ചെറുപ്പത്തിന്റേതായ ആ ഒരു ചോര തിളയ്ക്ക​ൽ
​എന്നിൽ ഇപ്പോൾ കുറവാണ്’

സിതാര എസ്. മലയാള കഥയുടെ ആധുനിക- ഉത്തരാധുനിക പരിവർത്തന ദശയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്. ഇ. സന്തോഷ്‌കുമാർ, കെ.രേഖ, സുഭാഷ് ചന്ദ്രൻ, ധന്യാരാജ്, ബി. മുരളി, പ്രിയ. എ.എസ്. തുടങ്ങി തൊണ്ണൂറുകളിൽ മലയാളഭാഷയിലെ കഥാസാഹിത്യത്തെ വിഷയസ്വീകരണത്തിലും രചനാലാവണ്യത്തിലും തുറന്നെഴുത്തിലും വിവിധപ്പെടുത്തിയ ഒരു പിടി എഴുത്തുകാരിൽ പ്രധാനിയായിരുന്നു സിതാര. മലയാളത്തിന്റെ പെണ്ണെഴുത്ത് മറ്റു ഇന്ത്യൻ ഭാഷകളിലേതിനെ അപേക്ഷിച്ച് രാഷ്ട്രീയ സൂക്ഷ്മതയും വിസ്ഫോട ശേഷിയും ആർജിച്ചെടുത്തതിൽ സിതാരയുടെ അഗ്നിയും നൃത്തശാലയും പോലെയുള്ള കഥകൾക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇന്നും എഴുത്താളർ കൈ പൊള്ളുമെന്നോർത്ത് തൊടാത്ത ഇടങ്ങളെത്രയോ അന്നേ ഖനിച്ചു ചെന്ന അക്ഷരങ്ങളാണ് ഈ കഥാകാരിയുടേത്. സ്ത്രീവാദപരമായ കാഴ്ചപ്പാട് മുന്നോട്ടു വെയ്ക്കുമ്പോഴും സിതാരയുടെ എഴുത്തുകൾ പുരുഷനെ ആത്യന്തിക പ്രതിസ്ഥാനത്ത് നിർത്തുന്നില്ല. പുരുഷ പരിപ്രേക്ഷ്യത്തിലൂടെ നായക കഥാപാത്രങ്ങളെ മുൻനിർത്തി നിറയെ എഴുതിയിട്ടുള്ള ആളും ആണ് സിതാര. പ്രവാസവും മരുന്നും അതിജീവനവും സിതാരയുടെ ഭാവനക്ക് തേജസ്സ് ഏറ്റിയിട്ടേയുള്ളു. പുതിയ ഒരു പിടി കഥകളിലൂടെ എഴുത്തിൽ സജീവമായി തിരിച്ചെത്തിയിട്ടുള്ള സിതാര തന്റെ വീക്ഷണങ്ങളും രാഷ്ട്രീയ ബോധ്യങ്ങളും നവമലയാള കഥയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ചില ആശങ്കകളും പങ്കുവെയ്ക്കുകയാണ് ഈ അഭിമുഖത്തിൽ.

സുനിത ശ്രീനിവാസ്, അരുൺലാൽ മൊകേരി: എൻ. ശശിധരൻ എന്ന ധിഷണാശാലിയുടെ മകളാണ് സിതാര. നിരൂപകനും, കലാകാരനും, നാടകക്കാരനും ഒക്കെയായ അദ്ദേഹം 1960 കളിലെ സച്ചിദാനന്ദൻ അടക്കമുള്ള മിക്ക ബുദ്ധികേന്ദ്രങ്ങളുടെയും സഹവർത്തിയുമായിരുന്നു. നിത്യസന്ദർശകരും സഹവാസികളും ആയിരുന്നു അവരിൽ പലരും അക്കാലത്ത്. അത്തരത്തിലുള്ള സാഹിത്യ- സംസ്‌കാരിക സൗഹൃദം എന്ന കാപ്പിറ്റൽ എഴുത്തിൽ എങ്ങനെയൊക്കെയാണ് സിതാരയെ സ്വാധീനിച്ചിട്ടുള്ളത് ?

സിതാര എസ്.: എനിക്ക് ഓർമ വച്ച കാലം തൊട്ട് വായനക്കും എഴുത്തിനും അനുകൂലമായ ഒരു സാഹചര്യം എന്റെ വീട്ടിലുണ്ടായിരുന്നു. വായിക്കാൻ പ്രോത്സാഹിപ്പിച്ച അച്ഛൻ, ഒരുപാട് പുസ്തകങ്ങൾ, വീട്ടിൽ വന്നുപോയിരുന്ന എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും, ഇതൊക്കെയും സംയുക്തമായി മനസ്സിലുണ്ടാക്കിയ പോസിറ്റിവിറ്റി- സജീവമായ ഈയൊരന്തരീക്ഷം എഴുത്തിന്റെ തുടക്കത്തിൽ എന്നെ ഏറെ സഹായിച്ചു. വളർച്ചയുടെ ഓരോ പടവുകളിലും, ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും, അന്ന് പകർന്നു കിട്ടിയ ഊർജ്ജം ഏതൊക്കെയോ രീതിയിൽ താങ്ങായിട്ടുണ്ട്. വറ്റാത്ത പച്ചപ്പായി എഴുത്തിന്റെ വേരുകളിലും അതിന്നെന്നെ തൊട്ടു കൊണ്ടിരിക്കുന്നു.

എൻ. ശശിധരൻ / Photo: Wikimedia Commons
എൻ. ശശിധരൻ / Photo: Wikimedia Commons

സൈബർ ഇടത്തിൽ സ്ത്രീ തന്റെ സാന്നിധ്യം ശക്തമായ അറിയിക്കുന്ന ഒരു കാലമാണ് ഇത്. വ്യക്തമായ സാമൂഹിക കാഴ്ചപ്പാടുകൾ, കൃത്യമായ നിലപാടുകൾ എന്നിവയിലൂടെ പുരുഷാധിപത്യത്തെ, ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുന്നു. എന്നിരുന്നാലും പരമ്പരാഗത സ്ത്രീ സങ്കല്പങ്ങൾ, ജാതി, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥ ഒക്കെ ഇന്നും ഒരുപാട് സ്ത്രീകളെ നിശ്ശബ്ദരാക്കുന്നുണ്ട്. ആക്രമണ ഭീതിയില്ലാതെ സംവദിക്കാൻ കഴിയുന്ന ‘ഇടം' ഇന്നും അകലെയാണ്. പലപ്പോഴും മധ്യവർഗ ആണാധികാര സംരക്ഷക വ്യവസ്ഥയിൽ മൂർത്തമായ സ്വാതന്ത്ര്യ സങ്കൽപമുള്ള സ്ത്രീക്കും സുരക്ഷ തേടേണ്ടിവരുന്നു. സിതാര എഴുത്താരംഭിച്ച തൊണ്ണൂറുകളുടെ ഉത്തരാർധത്തിൽ നിന്നും സമൂഹത്തിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. എഴുത്തിന്റെ സാധ്യതകൾ ഗ്ലോബൽ ആയി മാറിയിട്ടുണ്ട്. ദേശാന്തരങ്ങളിൽ നിന്നുള്ള എഴുത്തുകാരും വായനക്കാരും സോഷ്യൽ മീഡിയ വഴി സംവദിക്കുന്നു. ഒരു സ്ത്രീപക്ഷ എഴുത്തുകാരി എന്ന നിലയിൽ ഈ മാറ്റങ്ങളെ എങ്ങിനെ കാണുന്നു? പ്രത്യേകിച്ചും എഴുത്തിന്റെ വിസിബിലിറ്റി/റീച്/ അക്കൗണ്ടബിലിറ്റി എന്നത് കൂടിയ ഒരു കാലഘട്ടo ആണ് ഇന്നത്തേത്. സ്വതന്ത്രമായ സംവാദങ്ങൾ സാധ്യമാണ് എന്നു നാം അവകാശപ്പെടുന്ന ഇടങ്ങളിൽ പോലും (FB പോലത്തെ സോഷ്യൽ മീഡിയ സ്‌പേസുകളിൽ) ഇന്ന് സ്ത്രീയുടെ ‘ഇടം' ആക്രമിക്കപ്പെടുന്നുണ്ട്. പല വിധത്തിലുള്ള നിശ്ശബ്ദവത്കരണത്തിനെതിരെയും സ്വതന്ത്ര സ്വത്വാവിഷ്‌കാരത്തിനുമായി സ്ത്രീക്ക് ഒരു വ്യക്തി എന്ന നിലയിലും കൂട്ടമായിട്ടും ചെറുത്തുനിന്നു കൊണ്ടേയിരിക്കേണ്ടതായി വരുന്നുണ്ട് ഇന്നും. ഈ ചെറുത്തുനിൽപ്പുകൾ ചിലതൊക്കെ കാലക്രമേണ മാഞ്ഞുപോകുന്നതായും കാണാം. ഇതേ സ്‌പേസുകൾ തന്നെ സ്ത്രീയുടെ അദൃശ്യവത്കരണത്തിനും അടിച്ചമർത്തലിനും എതിരെ ഒരു ആയുധമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. ഇന്ന് സമൂഹത്തിൽ കാണുന്ന ഈ തരത്തിലുള്ള ഇടങ്ങളെ എങ്ങനെ കാണുന്നു സിതാര.

സോഷ്യൽ മീഡിയയുടെ ആവിർഭാവം തീർച്ചയായും എഴുത്തിന്റെ മറഞ്ഞിരുന്ന പല ഇരുൾ വഴികളെയും വെളിച്ചത്തിലേയ്ക്കു കൊണ്ടുവന്നിട്ടുണ്ട്. പ്രിന്റ്​ മീഡിയയുടെ കാലത്ത് ചിലർക്ക് മാത്രം പ്രാപ്യമായിരുന്ന ആ ഒരെഴുത്തിടം സോഷ്യൽ മീഡിയയിലൂടെ എല്ലാവർക്കും ലഭ്യമായി. അത് തീർച്ചയായും നല്ലൊരു കാര്യം തന്നെ ആണ്. ജീവിതത്തിൽ തോറ്റു പോയവർക്ക്, പൊരുതി തളരുന്നവർക്ക്, സ്വയം പ്രകടിപ്പിക്കാൻ ഒരു പൊതു ഇടം ലഭിക്കുക എന്നത് ഒരു ചെറിയ സംഭവമല്ല. പലർക്കും ഒരു തരം പിടിച്ചു നിൽക്കലാണത്. പ്രത്യേകിച്ചും സ്ത്രീകൾക്ക്. നിരന്തരമായ ചവിട്ടി മെതിക്കലുകൾക്കും ഒടുങ്ങാത്ത ഉത്തരവാദിത്തങ്ങളുടെ അമിത ഭാരങ്ങൾക്കും മിക്കവാറും ഇരകളാകുന്നത് കൂടുതലും സ്ത്രീകളാണല്ലോ. ഞാൻ പറയുന്നത് കേൾക്കുവാൻ ഒരാളെങ്കിലും ഉണ്ട് എന്നത് പരാജിതർക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. വായനയുടെ ലോകം അല്പം കൂടി വലുതായി എന്നതാണ് മറ്റൊരു നേട്ടം. സെലെക്ടിവ് ആയി വായിക്കുകയാണെങ്കിൽ നല്ല ഒരുപാടു വായനാനുഭവങ്ങൾ ഓൺലൈനിലും ലഭ്യമാണ്.

സ്വന്തം ജീവിതവും എഴുത്തും മറ്റു രീതികളിലുള്ള ഏതു ആത്മാവിഷ്‌കാരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുന്ന ഒരു സ്ത്രീ, നിരന്തരമായ വിമർശനങ്ങൾക്കും വിചാരണകൾക്കും വിധേയയാകുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഇടങ്ങൾക്കും അവയുടേതായ ന്യൂനതകൾ ഇല്ലാതില്ല. മറ്റുള്ളവരുടെ സ്വകാര്യ/ സാമൂഹ്യ ജീവിതത്തിലേക്കുള്ള അനാവശ്യമായ ഇടപെടലുകളും കടന്നു കയറ്റങ്ങളും കൂടി എന്നത് തന്നെയാണ് അതിലേറ്റവും വലുത്. നേരത്തെ പറഞ്ഞത് പോലെ ഇവിടെയും പ്രധാന ഇരകൾ സ്ത്രീകൾ തന്നെ. സ്വന്തം ജീവിതവും എഴുത്തും മറ്റു രീതികളിലുള്ള ഏതു ആത്മാവിഷ്‌കാരങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുന്ന ഒരു സ്ത്രീ, നിരന്തരമായ വിമർശനങ്ങൾക്കും വിചാരണകൾക്കും വിധേയയാകുന്നുണ്ട്. അവളുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലാത്തവർ പോലും അവളെ ഭരിക്കാൻ ചെല്ലുകയും ഉപദേശക്കുപ്പായമിട്ട ഭീഷണികൾ മുഴക്കുകയും ഒരു പടി കൂടി കടന്നു സ്വഭാവ ഹത്യയിലേക്കും മറ്റ് ആക്രമണങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്നത് കാണാം. സോഷ്യൽ മീഡിയയിൽ ആർക്കും ആരെയും എന്തും പറയാം എന്ന ഒരു ധൈര്യമാവാം അവരെ കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്. ചിലപ്പോഴൊക്കെ ഇരയാക്കപ്പെടുന്ന സ്ത്രീയുടെ (പുരുഷന്റെയും) ആത്മവിശ്വാസത്തെ അമ്പേ തകർത്തു കളയാനും ജീവിതത്തോട് പോലും വിരക്തിയുണ്ടാക്കാനും ഇതിടയാക്കിക്കൂടായ്കയില്ല. ഇത്തരം ആക്രമണങ്ങളെ ഓരോരുത്തരും നേരിടുന്നത് ഓരോ രീതിയിലാണ്. തന്റെ സ്വത്വാവിഷ്‌കാരങ്ങൾക്കു നേരെ സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിക്കു കൊള്ളുന്ന രീതിയിൽ നേരിടാൻ ഇന്നത്തെ യുവ ജനത പ്രത്യേകിച്ച് പെൺകുട്ടികൾ കുറേയൊക്കെ പഠിച്ചു കഴിഞ്ഞു എന്നത് തീർച്ചയായും സന്തോഷകരമായ ഒരു കാര്യമാണ്.

സിതാര എസ്. 2017 കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ വേദിയിൽ / Photo: Wikimedia Commons
സിതാര എസ്. 2017 കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ വേദിയിൽ / Photo: Wikimedia Commons

എൻ. പ്രഭാകരൻ, വി.ആർ. സുധീഷ്, അക്ബർ കക്കട്ടിൽ, യു.കെ. കുമാരൻ, പി. സുരേന്ദ്രൻ, അഷ്ടമൂർത്തി തുടങ്ങിയ ആധുനികാനന്തരരുടെ കാലത്തെ കഥകൾക്കു ശേഷമാണല്ലോ പ്രിയ എ.എസ്., സിതാര എസ്​., സുഭാഷ് ചന്ദ്രൻ, ഇ. സന്തോഷ്‌കുമാർ, കെ.രേഖ, ധന്യാരാജ് എന്നിവർ കടന്നുവരുന്നത്. ആധുനികാനന്തരർ സൃഷ്ടിച്ച ഭാവുകത്വത്തെ മറികടക്കാൻ നിങ്ങളുടെ കഥാതലമുറ സ്വീകരിച്ചത് ആഖ്യാനത്തെ തന്നെ ആയിരുന്നോ അതോ പ്രമേയ സ്വീകാരത്തിലെ വൈവിധ്യമായിരുന്നോ? ആഖ്യാനത്തിലും പ്രമേയതലത്തിലും പുതിയ കഥാകൃത്തുക്കൾ സ്വീകരിച്ച അത്തരം ബോധപൂർവ്വമായ പ്രവർത്തനങ്ങൾ ഏതൊക്കെ ? വിശദമാക്കാമോ. അതുപോലെ മലയാളത്തിൽ കഴിഞ്ഞ ഒരു ദശകമായിട്ട് ചെറുകഥാ സാഹിതിയിൽ ആശോദ്ദീപകമായ ഒരു പാട് മാറ്റങ്ങൾ വന്നു ചേർന്നിട്ടുണ്ട്. ഒരു പക്ഷേ നോവലുകളെ അപേക്ഷിച്ച്​ രാഷ്ട്രീയവും നിലപാടുകളും ക്രാഫ്റ്റിന്റെ സാധ്യതകളും ചെറുകഥകൾ പരീക്ഷിക്കുന്നുണ്ട്. പുതിയ മലയാള കഥയോട് സിതാരക്ക് എന്താണ് പറയാനുള്ളത്? എങ്ങനെയാണ് ചെറുകഥ എഴുത്തിലെ മാറ്റങ്ങളെ താങ്കൾ നോക്കിക്കാണുന്നത്?

എന്റെ കാര്യം പറയുകയാണെങ്കിൽ വാസ്തവത്തിൽ ഒരു പ്രത്യേക രചനാ രീതി പിന്തുടരാനുള്ള മനഃപൂർവമായ ശ്രമങ്ങൾ ഒന്നും എഴുത്തിന്റെ തുടക്കത്തിൽ നടത്തിയിട്ടില്ല. മുൻതലമുറകളിലെ എഴുത്തുകാരുടെ സ്വാധീനം തീർച്ചയായും ആദ്യ രചനകളിൽ ഉണ്ടായിരുന്നു താനും. എഴുത്തിൽ വീണ്ടും മുന്നോട്ടു നടന്നപ്പോൾ എന്റേതായ ഒരു രചനാരീതി സ്വാഭാവികമായി ഉരുത്തിരിഞ്ഞിട്ടുണ്ടാകാം. അതിൽ തന്നെ തിരുത്തലുകളും സ്വന്തമായ മുദ്രകളും വരുത്താൻ പിന്നീട് ശ്രമിച്ചിട്ടുണ്ട്. സമകാലികരോ മുൻപേ നടന്നവരോ പിന്നീട് വന്നവരോ പിന്തുടർന്ന രീതികൾ ഒരു വായനക്കാരിയെന്ന നിലയിലല്ലാതെ ഒരെഴുത്തുകാരി എന്ന നിലയിൽ നോക്കിക്കാണുകയോ താരതമ്യം ചെയ്യുകയോ ഉണ്ടായിട്ടില്ല. പുതിയ കഥയിലെ നല്ല മാറ്റങ്ങൾ സന്തോഷത്തോടെ, ചിലപ്പോൾ അഭിമാനത്തോടെ ശ്രദ്ധിക്കാറുണ്ട്. രചനാരീതിയിലും ക്രാഫ്റ്റിലും ഭാഷയിലും ഇന്നത്തെ കഥാകൃത്തുക്കൾ നടത്തുന്ന പുതിയ പരീക്ഷണങ്ങൾ എടുത്തുപറയേണ്ടുന്നത് തന്നെയാണ്.

കവിതയിൽ ഈയടുത്ത കാലത്ത്​ദൃശ്യമായ അഭൂതപൂർവ്വമായ ഒരു സ്ത്രീമുന്നേറ്റം അതേയളവിൽ കഥയിൽ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു.

മലയാള കവിതയിൽ സ്ത്രീകൾ ഏറെ കരുത്തോടെ എഴുതുന്ന കാലമാണിത്. ഇന്ന് പുതിയ കവികൾ ഒരുപാടുയർന്നുവരുന്നുണ്ട്. കഥയിലെ ‘സ്ത്രീ ശക്തി'യായി ഇന്ന് എഴുത്തുകാരുണ്ടെങ്കിലും, (കവി എസ്. ജോസഫ് സൂചിപ്പിച്ചതു പോലെ) കവിതയിലാണ് ഇന്ന് സ്ത്രീ ഉയിർത്ത് എഴുന്നേൽകുന്നത് എന്നതിനെ കുറിച്ചു ഇന്നത്തെ ചെറുകഥാലോകത്തെ മുൻനിർത്തി പറയാമോ? അത്തരത്തിലൊരു സ്ത്രീ സാന്നിധ്യത്തിന്റെ കുറവ് തോന്നിയിട്ടുണ്ടോ.

കഥയുടെ ലോകത്തിൽ എല്ലാ കാലത്തും സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നു. അവരവരുടേതായ രീതികളിൽ ഏറിയും കുറഞ്ഞും തങ്ങളുടെ മുദ്രകൾ പതിപ്പിക്കാനും അവർക്കായിട്ടുണ്ട്. എങ്കിലും കവിതയിൽ ഈയടുത്ത കാലത്ത്​ദൃശ്യമായ അഭൂതപൂർവ്വമായ ഒരു സ്ത്രീമുന്നേറ്റം അതേയളവിൽ കഥയിൽ ഉണ്ടായിട്ടില്ലെന്ന് തോന്നുന്നു. ഈ കാലഘട്ടത്തിന്റെ പൊതുവിലുള്ള ഒരു വേഗത, സ്വയം പ്രകാശിപ്പിക്കാൻ തിരഞ്ഞെടുക്കുന്ന വാക്കുകളുടെ അളവും സ്വഭാവവും, സമയത്തിന്റെ സാദ്ധ്യതകൾ ഉൾക്കൊള്ളുന്നതിലുള്ള ഏറ്റക്കുറച്ചിലുകൾ, ഇതൊക്കെയും അതിന്റെ കാരണങ്ങളാകാം.

വിഷയങ്ങളിലെ വ്യത്യസ്തത സിതാരയുടെ കഥകളുടെ പ്രത്യേകതയാണ്. സ്ത്രീ മനസിലെ ആകുലതകൾ, ദലിത് യുവതികളുടെ പ്രശ്‌നങ്ങൾ, കപട സദാചാരം, സ്വവർഗ പ്രണയം- വർത്തമാന കാലത്തിന്റെതായ സാമൂഹിക വിഷയങ്ങൾ. എല്ലാം ഇന്നും വായനക്കാർക്കു റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്ര സൃഷ്ടികളാണ്. പ്രമേയപരമായ അതിലംഘനങ്ങൾ, ആഖ്യാന രീതി (കഥയെ അസ്ഥിരമാക്കുന്ന ഒരു തരം തെന്നിമാറൽ ഉള്ളതായി തോന്നിയിട്ടുണ്ട് ചില കഥകൾ വായിക്കുമ്പോൾ), പാത്രസൃഷ്ടി, ബിംബങ്ങളുടെ തിരഞ്ഞെടുക്കൽ എന്നതിലൊക്കെ സ്വീകരിക്കുന്ന രീതികൾ എന്തൊക്കെയാണ്?

പ്രമേയം തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും കുറച്ചു കൂടുതൽ ശ്രദ്ധിക്കാറുണ്ട്. ചിലപ്പോളത് യാദൃച്ഛികമായി വീണുകിട്ടുന്നതാവും. ചിലപ്പോൾ വായനയുടെ, യാത്രകളുടെ, ടി.വി. കാണലിന്റെ, മറ്റുള്ളവരുമായുള്ള ആശയവിനിമയങ്ങളുടെ ഒക്കെ ഇടയിൽ ഇങ്ങോട്ടു തേടിവരുന്നതാവും. ചിലപ്പോൾ കുറെ ദിവസങ്ങൾ, ആഴ്ചകൾ ഒക്കെ ആലോചിച്ചു കണ്ടെത്തുന്നതും. എങ്ങനെയായാലും, അതിലൊരു പുതുമ ഉണ്ടെന്നു ഉറപ്പു വരുത്താൻ ശ്രമിക്കാറുണ്ട്. ചിലപ്പോളൊക്കെ അതിൽ വിജയിച്ചേക്കാം, ചിലപ്പോൾ പരാജയപ്പെടാനും മതി. എഴുതിത്തുടങ്ങിയാൽ പിന്നെ ആ ഒഴുക്കിനൊത്തങ്ങു പോകാറാണ് പതിവ്. ആഖ്യാനരീതിയും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പും ബിംബങ്ങളുടെ ഉപയോഗവും ഒക്കെ അതിന്റെ ഭാഗമായി അങ്ങ് വന്നു ഭവിക്കുന്നതാണ്.

യഥാർത്ഥ ജീവിതത്തിൽ ആൺകോയ്മയോട് ഒരു സന്ധിയും ഇല്ലാതെ നൂറു ശതമാനവും പൊരുതി ജയിക്കാൻ സാധിക്കുന്ന സ്ത്രീകൾ വളരെ വിരളമാണെന്നാണ് എനിക്ക് തോന്നുന്നത്.

പുരുഷ/സ്ത്രീ കഥാപാത്രങ്ങൾ അനുഭവിക്കുന്ന അന്തഃസംഘർഷങ്ങൾ, അധീശത്വവിധേയത്വത, അവരുടെ മനോഭാവങ്ങൾ, എന്നതെല്ലാം ഭാഷയുടെ തിരഞ്ഞെടുപ്പിലൂടെ എങ്ങനെ വായനക്കാരിലേക്ക് എത്തിക്കുന്നു? സ്ത്രീകളുടേതു മാത്രമായ അനുഭവങ്ങൾ, വ്യവഹാര മണ്ഡലങ്ങളെ രേഖപ്പെടുത്തുവാൻ ഭാഷ അപര്യാപ്തമായി തോന്നിയിട്ടുണ്ടോ? ചില കഥാപാത്രങ്ങൾക്ക് പുരുഷമേൽകോയ്മയോട് സന്ധി ചെയ്യേണ്ടിവരുന്നുണ്ട് എന്നു പറയുന്നത് ശരിയായിരിക്കുമോ?

കഥാപാത്രങ്ങളുടെ, അത് സ്ത്രീകളായാലും പുരുഷന്മാരായാലും, മനോവ്യാപാരങ്ങളെയും അന്തർ സംഘർഷങ്ങളെയും അതേ തീവ്രതയിൽ വരച്ചിടാൻ ഒരുപക്ഷേ ലോകത്തെ ഒരു ഭാഷക്കും കരുത്തുണ്ടെന്നു തോന്നുന്നില്ല. എങ്കിലും, ഏറ്റക്കുറച്ചിലുകളോടെ അതിനോട് പരമാവധി നീതി പുലർത്തുവാൻ എഴുത്തിനാവും. അതിലെത്ര വിജയിക്കാം എന്നത് ഓരോ എഴുത്തുകാരി / കാരനെയും അവരുടെ ഭാഷയിലുള്ള മികവിനെയും ആശ്രയിച്ചിരിക്കും. നേരത്തേ പറഞ്ഞതുപോലെ, മറ്റുള്ള എഴുത്തുരീതികൾ പിന്തുടരാനോ മറികടക്കാനോ മനഃപൂർവമായ ശ്രമങ്ങൾ ഉണ്ടാകാറില്ല.

സിതാരയുടെ പഴയകാല ചിത്രം
സിതാരയുടെ പഴയകാല ചിത്രം

യഥാർത്ഥ ജീവിതത്തിൽ ആൺകോയ്മയോട് ഒരു സന്ധിയും ഇല്ലാതെ നൂറു ശതമാനവും പൊരുതി ജയിക്കാൻ സാധിക്കുന്ന സ്ത്രീകൾ വളരെ വിരളമാണെന്നാണ് എനിക്ക് തോന്നുന്നത്. തീർച്ചയായും, ചെറുത്തുനിൽക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്., എങ്കിലും അത് മുഴുവനായും എല്ലാവർക്കും സാധിക്കുന്നുണ്ട് എന്ന് പറയുക വയ്യ. എഴുത്തും യഥാർത്ഥ ജീവിതത്തിന്റെ പരിച്ഛേദമാകയാൽ, ജീവിതത്തിലെന്ന പോലെ കഥയിലും സ്ത്രീകൾക്ക് ആഗ്രഹമില്ലാതെയും ചില വിട്ടുവീഴ്ചകളെങ്കിലും ചെയ്യേണ്ടി വന്നേക്കാം. അത് എഴുത്തുകാരുടെയോ അവർ സൃഷ്ടിക്കുന്ന സ്ത്രീകഥാപാത്രങ്ങളുടെയോ പരാജയമല്ല , നേരെ മറിച് അവർ ജീവിക്കുന്ന സമൂഹത്തിന്റെ, കാലത്തിന്റെ, വീഴ്ചയാണ്.

ആർത്തവ രക്തത്തെ കുറിച്ച് എഴുതിയത് ശ്രദ്ധ നേടാനുള്ള ഗിമ്മിക് ആയി ഒരിക്കൽ അവഹേളിക്കപ്പെട്ടുവല്ലോ. എഴുത്ത് എന്ന പ്രക്രിയയിലൂടെ ഉണ്ടാകുന്ന സ്ത്രീയുടെ ശരീരാവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ, തുറന്നെഴുത്തു സാധ്യതകളെ, സിതാര എങ്ങനെ കാണുന്നു? ശരീരത്തിന്മേലുള്ള കടന്നുകയറ്റങ്ങളെ ഓരോസ്ത്രീയും വ്യത്യസ്തമായി കാണുന്നു. തന്റേതായ രീതിയിൽ സ്ത്രീ പ്രതികരിക്കുന്നു. ഒരു സ്ത്രീയുടെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ സ്ത്രീശരീരം കാഴ്ചവസ്തുവാകുന്നു. അതിൽ പ്രാധാന്യം അർഹിക്കുന്ന ഒരിടം ഡോക്ടർമാരുടെ ടെസ്റ്റുകൾക്കും പരിശോധനകൾക്കും സ്ത്രീ ശരീരത്തെ വിധേയമാക്കുന്ന ആശുപത്രിയാണ്. ശരീരം/നഗ്‌നത എന്നത് അപമാനവീകരണത്തിന്റെ വ്യവഹാരമാക്കി അധികാര വ്യവസ്ഥകൾ പലപ്പോഴും മാറ്റുന്നു. ആശുപത്രിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 'വാക്കുകളുടെ ആകാശo' എന്നതിലെ പോലെ തന്നെ ആസക്തിയുടെ പേരിൽ തകർക്കപ്പെടുന്ന ശരീരങ്ങളും ഈ വ്യവസ്ഥയുടെ ഒരുദാഹരണമാണ്. തങ്ങളുടെ ശരീരത്തിന്റെ സ്വകാര്യതയ്ക്ക് മേൽ നിർണ്ണയാവകാശം സ്ഥാപിച്ചെടുക്കാനുള്ള സ്ത്രീയുടെ ശ്രമം സിതാരയുടെ കഥകളിൽ കാണാം. അവ സ്ത്രീ ശരീരത്തിന്റെ, സ്ത്രീ ലൈംഗികതയുടെ, ആർത്തവം പോലുള്ള ജൈവ പരതയുടെ ഒക്കെ ചുറ്റും സൃഷ്ടിക്കപ്പെട്ടിട്ടുള്ള നിഗൂഢ വ്യവഹാരങ്ങളെ തകർക്കുകയും, പൊതുസമൂഹത്തിൽ നിന്നും ഭ്രഷ്ട് കൽപ്പിക്കപ്പെടുന്ന അവസ്ഥകളെ പൊളിച്ചെഴുതുകയും ചെയ്തിട്ടുണ്ട്. രഹസ്യാത്മകതയെ താറുമാറാക്കി ലൈംഗികതയുടെ ഹിംസാത്മകമായ പരിസരങ്ങളെ വാക്കുകളിലൂടെ ('അഗ്‌നി') വായനക്കാർക്ക് മുന്നിൽ തുറന്നു വയ്ക്കുന്നു കഥകൾ. ശരീരമെഴുത്തിന്റെ ബഹുലതയെ കൈകാര്യം ചെയ്യുന്ന എഴുത്തുകാരി എന്ന നിലയിൽ (‘അഗ്നി', ‘വാക്കുകളുടെ ആകാശം', ‘മെഹബൂബാ...', ‘ചരക്ക്') സ്ത്രീ ശരീരത്തെ ഒരു തരം ‘പെർഫോർമിങ് ബോഡി' (performing body) ആയി കാണുന്നുണ്ടോ?

ശരീരത്തിന്റെ അപകർഷതകളെയും അപമാനങ്ങളെയും മറികടക്കുക എന്നത് ഒരു സ്ത്രീ തന്റെ ജീവിതകാലത്തുടനീളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. ഒരു പരിധി വരെ ശരീരത്തിന്റെ ജൈവികവും ലിംഗപരവുമായ ചില വശങ്ങളെയെങ്കിലും സാമാന്യവൽക്കരിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ഒരു സ്ത്രീയെന്ന നിലയിലും ഒരെഴുത്തുകാരിയെന്ന നിലയിലും ഞാൻ നടത്താറുണ്ട്. അതിനു എനിക്ക് എന്റേതായ ചില ലക്ഷ്മണരേഖകളും പരിമിതികളും ഉണ്ടാവാം. എങ്കിലും, അങ്ങനെയൊരു ശ്രമം നടത്താൻ സാധിക്കുന്നു എന്നത് തന്നെ എനിക്ക് വലിയൊരു കാര്യമാണ്. പക്ഷേ ഇത്തരം ശ്രമങ്ങളെ സമൂഹം പലപ്പോഴും അത്രക്കങ്ങു സ്വാഗതം ചെയ്യാറില്ല. എഴുതിത്തുടങ്ങിയ ആ കാലത്തു ആർത്തവരക്തത്തെ കുറിചു ഒരു വരി എഴുതിയപ്പോൾ പോലും എനിക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. അതുകൊണ്ടു തന്നെ പിന്നീടുള്ള എഴുത്തിൽ ആർത്തവത്തെക്കുറിച്ചും സാനിറ്ററി പാഡുകളെ കുറിച്ചും ഒരു തരം വാശിയോടെ തന്നെ എഴുതിയിരുന്നത് ഓർക്കുന്നു. ഇന്ന് പക്ഷെ സ്ഥിതി മാറി. ഇന്ന് ആർത്തവം വളരെയധികം നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. അതേപ്പറ്റി തുറന്ന ചർച്ചകൾ നടക്കുന്നു. അത് കാൺകെ സന്തോഷം തോന്നാറുണ്ട്. ശരീരത്തിന്റെ അപമാനങ്ങൾക്കു ഇന്നും വലിയ കുറവൊന്നുമില്ല.എങ്കിലും, ആ അപമാനങ്ങളോടുള്ള സ്ത്രീകളുടെ പ്രത്യേകിച്ച് പെൺകുട്ടികളുടെ പ്രതികരണങ്ങൾ മുമ്പത്തേക്കാൾ പതിന്മടങ്ങ് ശക്തിയുള്ളതായിട്ടുണ്ട്. അതും ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.

സ്​ത്രീകളുടെ ഇടപെടലുകൾ സ്ത്രീകൾ കൂടി ഉൾപ്പെടുന്ന സമൂഹം എത്രത്തോളം സൗഹാർദ്ദപരമായി സ്വീകരിക്കുന്നു, അല്ലെങ്കിൽ അവ സ്വീകരിക്കപ്പെടുന്നു തന്നെയുണ്ടോ എന്നതിൽ ഇപ്പോഴും എനിക്ക് സംശയങ്ങളുണ്ട്

ലിംഗപരമായ ഇടംതിരിക്കൽ (gender segregation) കേരളത്തിൽ കുറഞ്ഞു വരുന്നു. ഇന്ന് സ്ത്രീകൾ എത്തിപ്പെടാത്ത മേഖലകൾ ഇല്ല. സ്ത്രീയുടെ വികാരങ്ങളും അവസ്ഥകളും തുറന്നെഴുതപ്പെടുക മാത്രമല്ല അതോടൊപ്പം തന്നെ സാമൂഹിക അവസ്ഥയും എഴുത്തിന്റെ ഭാഗമാകുന്നു. ആധുനിക സ്ത്രീയുടെ സമൂഹവുമായുള്ള സംവാദത്തെ ഒരു എഴുത്തുകാരി എന്ന നിലയിൽ ഇന്ന് എങ്ങനെ കാണുന്നു?

ആധുനിക സ്ത്രീ അവളുടേതായ വ്യത്യസ്ത രീതികളിൽ സമൂഹത്തിൽ നിരന്തരമായ ഇടപെടലുകൾ നടത്തുന്നവളാണ്. എന്നാൽ അത്തരം ഇടപെടലുകൾ സ്ത്രീകൾ കൂടി ഉൾപ്പെടുന്ന സമൂഹം എത്രത്തോളം സൗഹാർദ്ദപരമായി സ്വീകരിക്കുന്നു, അല്ലെങ്കിൽ അവ സ്വീകരിക്കപ്പെടുന്നു തന്നെയുണ്ടോ എന്നതിൽ ഇപ്പോഴും എനിക്ക് സംശയങ്ങളുണ്ട്. അവിടെയും സന്തോഷം തരുന്ന ഒരു കാര്യം സമൂഹത്തിന്റെ പ്രതികരണങ്ങൾ ഉണ്ടോ അല്ലെങ്കിൽ അതെന്താണ് എന്നതൊന്നും കാര്യമാക്കാതെ സ്ത്രീകൾ തങ്ങളുടെ ഇടപെടലുകൾ തുടരുന്നു എന്നതാണ്. എനിക്കടക്കമുള്ള മറ്റെല്ലാ സ്ത്രീകൾക്കും സമൂഹത്തിലെ സ്വയം വെളിപ്പെടലുകളുടെ കാര്യത്തിൽ കൂടുതൽ ആത്മവിശ്വാസം നൽകാൻ ഇത് തീർച്ചയായും സഹായിക്കുന്നുണ്ട്.

കവി സച്ചിദാനന്ദൻ സാറാ ജോസഫിന്റെ ‘പാപത്തറ'യുടെ ആമുഖ പഠനത്തിൽ പറയുന്ന ‘പെണ്ണെഴുത്ത്' സമകാലിക സന്ദർഭത്തിൽ ഏതൊക്കെ തരത്തിലാണ് പുതുക്കി ആലോചിക്കപ്പെടേണ്ടത്? ഈ പ്രയോഗത്തെ എതിർത്ത എഴുത്തുകാരും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ ജീവിത/വായനാസാഹചര്യത്തിൽ സ്ത്രീവാദഎഴുത്ത് എന്ന നിലയിൽ പരിമിതപ്പെടുന്ന ഒന്നിനെക്കാളും, a more fluid space, as contesting all hegemonies, എന്ന അർത്ഥത്തിൽ ‘പെണ്ണെഴുത്ത്' പുനർനിർവചിക്കപ്പെടേണ്ടതുണ്ടോ?

പെണ്ണെഴുത്ത് എന്ന പ്രയോഗം അതിന്റെ ഉത്ഭവ കാലം തൊട്ടിന്നുവരെ നിരന്തരമായ വിമർശനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന നിർവചനങ്ങളും കൊണ്ട് തേഞ്ഞു പോയ ഒന്നാണ്. എന്നാൽ അതിന്റെ ശരിയായ അസ്തിത്വത്തിനു ഒരു കാലത്തും പ്രസക്തി നഷ്ടപ്പെടുന്നില്ല. കാലത്തിനൊത്ത്​ സ്ത്രീയുടെ ആകാശങ്ങളും വിശാലമാകുമ്പോൾ , സ്ത്രീ സംബന്ധമായ മറ്റേതൊരു ആസ്​പെക്​റ്റും പോലെ തന്നെ, പെണ്ണെഴുത്തിനും പുതിയ വായനകൾ വരുന്നുണ്ട്. എന്നാലത് പഴയതിനെ റദ്ദു ചെയ്തു കൊണ്ടല്ല, മറിച്ചു അതിന്റെ തുടർച്ചയായിട്ടാണ്.തീർച്ചയായും, ഏതൊരു തരം ആധിപത്യത്തോടുമുള്ള കൂടുതൽ വിശാലമായ ഒരു ചെറുത്തുനിൽപ്പായി അതിനെ കാണാവുന്നതുമാണ്.

എനിക്ക് പരമ്പരാഗതമായ പുസ്തക വായനയാണ് ഏറ്റവും ഇഷ്ടവും തൃപ്തിയും. എന്നാൽ, മറ്റൊരാൾക്ക് ചിലപ്പോൾ അത് അങ്ങനെയാവണമെന്നില്ല.

ഇന്ന് ഡിജിറ്റൽ സ്‌പേസിന്റെ സാധ്യതകൾ വന്നതോടെ "വായന'/ശ്രോതാവ് എന്നത് കൂടെ പ്രാധാന്യം അർഹിക്കുന്നു. സിതാരയുടെ വികാരതീക്ഷണങ്ങളായ കഥകൾ ഈ ഒരു ഘട്ടത്തിലൂടെ എങ്ങനെ കടന്നു പോകുന്നു? പേനയും കടലാസിലും (പലപ്പോഴും ഇതിനെ പൂർണമായി കാണുന്ന രീതിയിൽ) നിന്ന് സൈബർ ഭിത്തികളിലേക്ക് (ബ്ലോഗ്, FB പോലത്തെ സ്‌പേസുകളിലെ കോറി ഇടലുകൾ) നാം നീങ്ങി. ഗൂഗ്ൾ യുഗത്തിൽ പരമ്പരാഗത വായനശാല സംസ്‌കാരത്തിലും മാറ്റം വന്നുകഴിഞ്ഞു. സ്വന്തം എഴുത്തിന് എഴുത്തുകാർ ശബ്ദം നൽകി QR കോഡുകൾ വഴി വായനക്കാരിലേക്ക് എത്തിക്കുന്നു. പുതിയ കാലത്തിന്റെ വായനാശീലങ്ങളെ തിരിച്ചറിഞ്ഞ് കഥകൾ സോഫ്റ്റ് കോപ്പികൾ, ഓഡിയോ പുസ്തകങ്ങൾ ആയി പരിവർത്തിതമാകുമ്പോൾ (‘കറുത്ത കുപ്പായക്കാരി' പോലെ) എഴുത്തിനെ വോയ്‌സ് ആർട്ടിസ്റ്റിന്റെ ശബ്ദക്രമീകരണം, കഥ വായിച്ചെടുക്കുന്ന ഭാഷാശൈലി എന്നതൊക്കെ ബാധിക്കും എന്നു തോന്നിയിട്ടുണ്ടോ? എഴുത്താളർ തന്നെ ശബ്ദം നൽകുന്ന രീതിയുമുണ്ട് (സിതാരയുടെ ശബ്ദത്തിൽ കേൾക്കാൻ അവസരമൊരുക്കിയ ‘വാക്കുകളുടെ ആകാശം' ഒരുദാഹരണം). പുതിയ സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറും എന്നിരിക്കെ ഈ ഒരു മാറ്റത്താൽ കഥ/ ‘വായന' എന്നതിനുമുകളിൽ ഉണ്ടാകുന്ന/ഉണ്ടായേക്കാവുന്ന സ്വാധീനത്തെ കുറിച്ചുകൂടി ചിന്തിക്കേണ്ടതില്ലേ? തന്റെ എഴുത്തിലൂടെ വായനക്കാർ എങ്ങിനെ സഞ്ചരിക്കണം എന്ന ഒരു സങ്കൽപം എഴുത്തുകാരി എന്ന നിലയിൽ ഉണ്ടാകാറുണ്ടോ?

എഴുതിക്കഴിഞ്ഞ ഒരു കഥയെ എങ്ങനെ വായിക്കണം എന്നത് വായനക്കാരുടെ മാത്രം തീരുമാനമാണ്. എങ്ങനെയായാലും അതിന്റെ സത്ത അവർ ഉൾക്കൊള്ളണം എന്ന ഒരു മോഹം മാത്രമേ എഴുത്തുകാരി എന്ന നിലയിൽ എനിക്കുള്ളൂ.
പുതിയ സാങ്കേതിക വിദ്യ തീർച്ചയായും വായന എന്ന പ്രക്രിയയെ ബാധിക്കുന്നുണ്ട്. അത് ഓരോരുത്തരുടെ വ്യക്തിപരമായ മുൻഗണനകളെയും അഭിരുചികളെയും ബാധിച്ചിരിക്കും. എന്റെ കാര്യം പറയുകയാണെങ്കിൽ എനിക്ക് പരമ്പരാഗതമായ പുസ്തക വായനയാണ് ഏറ്റവും ഇഷ്ടവും തൃപ്തിയും. എന്നാൽ, മറ്റൊരാൾക്ക് ചിലപ്പോൾ അത് അങ്ങനെയാവണമെന്നില്ല.

‘പ്രണയവൈറസ്' എന്ന കഥയിലെ ഇസബെല്ല, ‘അഗ്‌നി'യിലെ പ്രിയ, ‘സ്പർശം ' എന്ന കഥയിലെ മാദ്രി എന്നു തുടങ്ങി മിക്ക സ്ത്രീകഥാപാത്രങ്ങളും പുരുഷാധിപത്യ സമൂഹത്തിൽ ആഴത്തിൽ വേരോടിയ സ്ത്രീമാതൃകകളെ കടപുഴക്കി സ്വന്തം ഇടം വ്യക്തമായി രേഖപ്പെടുത്തുന്നവരാണ്. അവ സ്വീകരിച്ച കേരളീയവായനാസമൂഹത്തിന്റെ പ്രതികരണങ്ങൾ ഒന്ന് ഓർത്തെടുക്കാമോ?

‘പ്രണയ വൈറസി'ലെ ഇസബെല്ല എന്റെ പരിചയ പരിധിയിലൊരിടത്തും ഉണ്ടായ ഒരു കഥാപാത്രമായിരുന്നില്ല. അതുകൊണ്ടു തന്നെ അവളെ കുറിച്ചെഴുതുമ്പോൾ എനിക്കെന്റേതായ ശങ്കകൾ ഉണ്ടായിരുന്നു. ‘അഗ്‌നി'യിലെ പ്രിയയുടെ ചിന്താഗതിയും എനിക്ക് പരിചിതമായ, അല്ലെങ്കിൽ എനിക്കും സ്വന്തമായ ഒന്നായിരുന്നില്ല. മാദ്രിയും കൂട്ടുകാരിയും തമ്മിലുണ്ടായിരുന്ന സവർഗാനുരാഗവും അതെ. എങ്കിലും ആവുന്നത്ര രീതിയിൽ convincing ആയി ഈ വിഷയങ്ങളെ അല്ലെങ്കിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിലെത്രത്തോളം വിജയിച്ചു എന്നറിയില്ല. നിലവിലുണ്ടായിരുന്ന സ്ത്രീ മാതൃകകളിൽ നിന്ന്​ വ്യത്യസ്തമായതിനാലാവാം, അവർക്കൊക്കെയും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. എങ്കിൽ പോലും, ഇരുപത്തി രണ്ടോ ഇരുപത്തിമൂന്നോ വർഷങ്ങൾക്കു മുൻപേയുള്ള അന്നത്തെ വായനാ സമൂഹം പൊതുവെ സൗഹാർദ്ദപരമായ തന്നെയാണ് ആ വിഷയങ്ങളെയും കഥാപാത്രങ്ങളെയും സ്വാഗതം ചെയ്തത് എന്നോർക്കുന്നു. ചില ഒറ്റപ്പെട്ട കടുത്ത വിമർശനങ്ങളൊഴിച്ചാൽ, അത്യാവശ്യം തുറന്ന ചർച്ചകളും വായനകളും അന്നവയ്ക്കു ലഭിച്ചു എന്നതിൽ സന്തോഷമുണ്ട്.

‘ഇടത്താവളം', ‘റാമെസിസിന്റെ പഴത്തോട്ടം' പോലുള്ള കഥകളിൽ പ്രവാസജീവിതത്തിന്റെ ചിത്രണങ്ങൾ കാണാം. പ്രവാസി എന്ന നിലയിലെ ജീവിതവും, ആ കാലഘട്ടം എഴുത്തിൽ ഉണ്ടാക്കിയ പരിണാമവും ഓർത്തെടുക്കാമോ?‘ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം' എന്നതിൽ മരുഭൂമിയിലെ ജീവിത അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്. പുതിയ ബന്ധങ്ങളും ജീവിതത്തിൽ അവ കൊണ്ടുവന്ന മാറ്റങ്ങളും എന്നതിനപ്പുറത്ത് ഈ ഒരു കാലത്തെ ഇന്ന് എങ്ങനെ അടയാളപ്പെടുത്താനാണ് താൽപ്പര്യപ്പെടുന്നത്? ഉദാഹരണത്തിന്, കഥാപാത്ര സൃഷ്ടിയിൽ ഒരു ബഹുസ്വരത സാധ്യമാക്കുന്നതിൽ ഇത് സ്വാധീനിച്ചതായി തോന്നു ന്നുണ്ടോ?

ജീവിതത്തിലെ നീണ്ട പതിനാറു വർഷങ്ങൾ ഞാൻ പ്രവാസത്തിലായിരുന്നു. ആ കാലം എഴുത്തിലും അതിന്റേതായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്റെ രണ്ടാം വീടായിരുന്ന സൗദി അറേബ്യയിൽ പൊതുവെ സാമൂഹിക ജീവിതവും മറ്റു സ്വയം പ്രകാശനങ്ങൾക്കുള്ള അവസരങ്ങളും വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ വലിയ തോതിലുള്ള അനുഭവങ്ങളൊന്നും എനിക്കവിടെ നിന്ന്​ലഭിക്കുകയുണ്ടായില്ല. അതിനൊരു മാറ്റമുണ്ടായത് ഞാൻ പല രാജ്യക്കാരായ കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിൽ അധ്യാപികയായെത്തിയത് മുതൽക്കാണ്. വിവിധ സംസ്‌കാരങ്ങൾ, ചിന്താഗതികൾ, എന്റെ കുട്ടികളിൽ നിന്ന്​കേട്ടറിഞ്ഞ നിരവധി ജീവിത കഥകൾ... ഇവയിൽ നിന്നൊക്കെ കിട്ടിയ ചില നൂലുകളിൽ നിന്നും ഏതൊക്കെയോ കഥകൾ ആ സമയത്തെഴുതിയിട്ടുണ്ട്. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെയും അതിലെ നമ്മുടെ വ്യക്തിപരമായ ഇടപെടലുകളുടെയും പ്രതിഫലനം കൂടിയാണല്ലോ എഴുത്ത്. ഇന്നും അതങ്ങനെ തന്നെയാണെനിക്ക്.

ദലിത് പരിപ്രേക്ഷ്യത്തിന്റെ പതിവു രീതികളിൽ നിന്ന്​ വ്യത്യസ്തമായ ഒരു തലം അവതരിപ്പിക്കുന്ന രചനയാണ് ‘കറുത്ത കുപ്പായക്കാരി'. ആ രചനയെ, അതിലേക്ക് നയിച്ച സാഹചര്യങ്ങളെ എങ്ങനെയാണ് കഥാകാരി നോക്കിക്കാണുന്നത് ?

കുറച്ചു വർഷങ്ങൾക്കുമുമ്പ്​ ഒരാനുകാലികത്തിൽ വായിച്ച ലേഖനത്തിൽ നിന്നാണ് ‘കറുത്ത കുപ്പായക്കാരി’ ഉരുത്തിരിയുന്നത്. ആ കാലഘട്ടത്തിൽ ദലിത് മേഖലയിൽ പ്രവർത്തിച്ചിരുന്ന, കറുത്ത കുപ്പായക്കാരെന്നറിയപ്പെട്ട ഒരു കൂട്ടം ആളുകളെ കുറിച്ചുള്ളതായിരുന്നു ആ ലേഖനം. കഥ പൂർണമായും അവരെക്കുറിച്ചുള്ളതല്ല , എങ്കിലും ആ ഒരു അന്തരീക്ഷം കഥയിൽ ഉപയോഗിച്ചിട്ടുണ്ട്. അതിലെ പെൺകുട്ടിക്ക് അടിച്ചമർത്തപ്പെട്ട ഏതു വിഭാഗക്കാരിയെയും പോലെ കടന്നു പോകേണ്ടി വന്ന പരിതഃസ്ഥിതികൾ, ദലിതയായതിനാൽ മാത്രം എത്രയോ ഇരട്ടിയായി നേരിടേണ്ടി വന്ന ചൂഷണങ്ങൾ, സമൂഹത്തിന്റെ തെറ്റോ ആപേക്ഷികമോ ആയ ചില മുൻവിധികൾ, ഇതൊക്കെയും കഥാപാത്ര വളർച്ചയിലും കഥയുടെ ഒഴുക്കിലും നിശ്ചിതമായ ഒരു പശ്ചാത്തലമായി വന്നിട്ടുണ്ടാകാം.

ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ എതിർക്കുവാനോ പിന്തുടരാനോ വേറിട്ട് നടക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതേപ്പറ്റിയൊന്നും ആലോചിക്കാറു കൂടിയില്ല എന്നതാണ് സത്യം.

എഴുത്തുകാരിയെ ‘സ്ത്രീ ജാതിയിലെ എഴുത്തച്ഛൻ' എന്നു വിശേഷിപ്പിക്കപ്പെട്ട കാലം ഉണ്ടായിരുന്നു. സ്ത്രീകൾ തമസ്‌കരിക്കപ്പെട്ട ഒരു കാലത്തിൽ നിന്ന്​ സാറ ജോസഫ്, ഗ്രേസി, അഷിത, ഖദീജ മുംതാസ്, രേഖ, യമ എന്നിവരിൽ എത്തുമ്പോൾ സ്വന്തം കൃതികളെയും അവയിൽ പ്രതിപാദിക്കുന്ന സ്ത്രീ സ്വത്വത്തെയും എങ്ങനെ വിലയിരുത്തുന്നു? നേരത്തെ സൂചിപ്പിച്ചതുപോലെ കർതൃസ്ഥാനത്തിൽ വലിയൊരു മാറ്റം സിതാരയുടെ എഴുത്തോടെ വരുന്നുണ്ട്. സിതാരയുടെ എഴുത്തിലൂടെ മലയാള ചെറുകഥയിൽ വന്നിട്ടുള്ള മാറ്റത്തെ എങ്ങനെ കാണുന്നു. കഥകൾ ഫെമിനിസ്റ്റ് ആഭിമുഖ്യം പ്രകടിപ്പിക്കുമ്പോഴും ആ ആശയധാരയെ പൂർണമായും അംഗീകരിക്കുന്നതായി തോന്നിയിട്ടില്ല. സ്ത്രീയുടെ പ്രണയം, വ്യക്തിത്വം, ലൈംഗികത എന്നതിലൊക്കെ ഒരു പുതിയ കാഴ്ചപ്പാട് എന്നതിലപ്പുറം മലയാള സ്ത്രീവാദ സാഹിത്യത്തിന്റെയും ഉത്തരാധുനിക സാഹിത്യ രീതികളുടെയും ഭാഗമായി സ്വന്തം എഴുത്തിനെ എങ്ങിനെ ഇന്ന് കാണുന്നു?

സത്യം പറഞ്ഞാൽ വളരെ ലളിതമായ രീതിയിലാണ് ഞാൻ സ്വന്തം എഴുത്തിനെ നോക്കിക്കാണുന്നത്. ഏതെങ്കിലും ഒരു പ്രത്യയ ശാസ്ത്രത്തെ എതിർക്കുവാനോ പിന്തുടരാനോ വേറിട്ട് നടക്കാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതേപ്പറ്റിയൊന്നും ആലോചിക്കാറു കൂടിയില്ല എന്നതാണ് സത്യം. ഒരു സ്ത്രീ എന്ന നിലയിൽ, ഒരു മനുഷ്യൻ എന്ന നിലയിൽ, എനിക്ക് പറയാൻ തോന്നുന്നത് വളരെ ലളിതമായി ഞാൻ പറയുന്നു, അത്ര തന്നെ. പറയുന്ന വാക്കുകളിൽ ഈ പറഞ്ഞ പ്രത്യയ ശാസ്ത്രങ്ങളും സമാനമായ ചില പൊതു ധാരണകളും കടന്നു വന്നേക്കാം. വരാതെയുമിരിക്കാം.

എന്റെ കഥകളിലെ സ്ത്രീ സ്വത്വത്തെ കുറിച്ച് പറയുകയാണെങ്കിൽ, അത് ബഹുസ്വരമായ ഒന്നാണെന്ന് തോന്നുന്നു. എന്റെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും നല്ലവരും പെർഫെക്റ്റ് ആയവരും അല്ല. സ്ത്രീ എങ്ങനെയാവണം എന്ന് ഞാൻ ഒരിക്കലും എന്റെ പെണ്ണുങ്ങളിലൂടെ പറഞ്ഞിട്ടില്ല. അതിനാർക്കും സാധിക്കുകയുമില്ല. മുൻപും പറഞ്ഞിട്ടുള്ളത് പോലെ, എന്റെ പരിചയത്തിലുള്ളതും ഇല്ലാത്തതുമായ, ഞാനോ അവരോ ആയ, ഏതൊക്കെയോ സ്ത്രീകൾ, അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക സന്ദർഭത്തിൽ അല്ലെങ്കിൽ പരിതസ്ഥിതിയിൽ അപ്പോഴത്തെ തങ്ങളുടെ മനോനിലയനുസരിച് അവർ നടത്തുന്ന പ്രതികരണങ്ങൾ, ഇതൊക്കെയാണ് എന്റെ കഥകളിലെ സ്ത്രീ സ്വത്വം.

മത ചിഹ്നങ്ങൾ പേറുന്ന നാമങ്ങൾ (‘ഏകാന്തസഞ്ചാരങ്ങൾ', ‘ദൈവവിളി'), സിന്ദൂരം (സംരക്ഷണത്തെയും വിധേയത്വത്തെയും ഒരുപോലെ സൂചിപ്പിക്കുന്ന), വിദ്വേഷം ജ്വലിക്കുന്ന കുങ്കുമക്കുറികൾ (‘സാക്ഷി'), ആചാരബന്ധിതമായുള്ള (ആർത്തവം, വിവാഹം) സമൂഹരീതികൾ പോലുള്ള പുരുഷകേന്ദ്രിത സാമൂഹിക വ്യവസ്ഥകളിൽ നിന്നുയരുന്ന സ്ത്രീ ബിംബങ്ങളെ സിതാര തള്ളിക്കളയുന്നുണ്ട് കഥകളിൽ. ‘കറുത്ത കുപ്പായക്കാരി 'യിലെ (‘ടെററിസ്റ്റ്' ആയി മുദ്രകുത്തപ്പെടുന്ന) ദലിത് യുവതിയുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകളിൽ അരികുജീവിതത്തിന്റെ പ്രതിഷേധവും പ്രതിരോധവും നിറയുന്നു. മതം എന്നതിന്റെ ഉള്ളിൽ പ്രവർത്തിക്കുന്ന അധികാരതന്ത്രങ്ങൾ അതിനോട് ചേർന്നുപോകുന്ന മറ്റു വ്യവഹാരങ്ങൾ ജാതിരാഹിത്യം എന്നത് മിഥ്യയായി അവശേഷിക്കുന്ന ഒരുകാലത്ത് എങ്ങനെ കാണുന്നു?

മതത്തോടും അതിന്റെ അനാവശ്യമായ ചട്ടക്കൂടുകളോടും നിയമങ്ങളോടും വ്യക്തിജീവിതത്തിലുള്ള താല്പര്യമില്ലായ്മ്മ ഒരുപക്ഷേ കഥകളിലും പ്രതിഫലിച്ചിട്ടുണ്ടാവാം. മതത്തോട് ബന്ധപ്പെട്ട പല ബിംബങ്ങളും ജീവിതത്തിൽ നിന്ന് മാത്രമല്ല എഴുത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അത്തരം ബിംബങ്ങൾ അടിച്ചേല്പിക്കപ്പെടുമ്പോൾ സിതാര എങ്ങനെയൊക്കെ പ്രതിഷേധിച്ചുവോ, അതേ കാർക്കശ്യത്തോടെ സിതാരയുടെ കഥാപാത്രങ്ങളും (അവരുടേതായ രീതികളിൽ ) പ്രതിഷേധിച്ചത് അതുകൊണ്ടുതന്നെ തികച്ചും സ്വാഭാവികമായിരുന്നു. എന്നുവച്ച് മത സംബന്ധിയാണ് എന്നതുകൊണ്ട് മാത്രം എല്ലാ ബിംബങ്ങളും മറ്റു കാര്യങ്ങളും എതിർക്കപ്പെടേണ്ടതാണ് എന്നും എനിക്കഭിപ്രായമില്ല. അതിൽ വ്യക്തിപരമായ ഇഷ്ടങ്ങൾ ചിലപ്പോൾ ഇടപെട്ടേക്കാം. ഉദാഹരണത്തിന്, എനിക്ക് ഒരു കാലത്ത്​സിന്ദൂരമിടാൻ ഇഷ്ടമായിരുന്നു. പിന്നെയെനിക്കതിഷ്ടമില്ലാതായി. നാളെ ആ ഇഷ്ടം വീണ്ടും തിരിച്ചു വന്നേക്കാം. ഇവിടെ മതമല്ല, എന്റെ ഇഷ്ടാനിഷ്ടങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇത് ഓരോ വ്യക്തിയിലും മാറിയും മറിഞ്ഞും വരും; ഓരോ കഥാപാത്രങ്ങളിലും.

എനിക്കൊന്നിനും ആവില്ലെന്ന് തളരുന്ന ഏതൊക്കെയോ നിമിഷങ്ങളിൽ, എന്നിലും കണ്ണകിയും കാളിയും ഊർജ്ജമായി നിറയാറുണ്ട്. ശോഭിയിൽ സംഭവിച്ചതും അത് തന്നെയാവാം.

മിത്തുകളെ അപനിർമിക്കുന്ന കഥകളും സിതാരയുടെ കഥാലോകത്തുണ്ട് (‘ചതുപ്പ്', ‘ദൈവനാമത്തിൽ', ‘ഡ്രാക്കുള' ). അടിച്ചമർത്തപ്പെട്ട ലൈംഗികത, അസംതൃപ്ത ജീവിതത്തിന്റെ അന്തസംഘർഷങ്ങൾ ഒക്കെ ഇവ വായനക്കാരുടെ മുൻപിൽ എടുത്തിടുന്നുണ്ട്. ‘എന്തിനേയും മിത്തുകളുടെ രൂപം നൽകി ആദർശവത്കരിക്കൽ നിങ്ങൾ മലയാളികളുടെ സ്ഥിരം രീതിയാണ്, ഒരു തരം എസ്‌കേപ്പിസം,' എന്ന് ‘കടൽക്കൊള്ള'യിൽ കപ്പൽയാത്ര കടലിന്റെ അനന്തമായ ആഴത്തിലേക്ക് നീങ്ങുന്നതിനു മുൻപ് ഒരു കഥാപാത്രം പറയുന്നുണ്ട്. മിത്തുകളുടെ തിരഞ്ഞെടുപ്പും എഴുത്തും ഒന്നു പറയാമോ?

കഥകളിൽ ഉപയോഗിക്കപ്പെടുന്ന മിത്തുകളൊക്കെയും പ്രമേയത്തിന്റെ ഭാഗമായി, എഴുത്തെന്ന പ്രക്രിയക്കൊപ്പം വന്നു ഭവിക്കുന്നതാണ്. അങ്ങനെയൊന്നു മനസ്സിൽ വന്നു പെട്ടാൽ, അതിന്റെ സാധ്യമായ എല്ലാ വായനകളും ആലോചിച്ചു നോക്കാറുണ്ട്. അപനിർമാണം എന്നൊക്കെ പറയാമോ എന്നറിയില്ല, എങ്കിലും ഓരോ മിത്തിനും പരമ്പരാഗതമായതിൽ നിന്നും വേറിട്ടുള്ള ഒരു വ്യാഖ്യാനം ഈ പ്രത്യേക കഥാ സന്ദർഭത്തിൽ സ്വീകാര്യമാണോ എന്ന് തീർച്ചയായും പരീക്ഷിക്കാറുണ്ട്.

‘ഞാൻ മുല പറിച്ചെറിഞ്ഞ് നഗരം കത്തിച്ച കണ്ണകിയല്ല ' എന്നാണ് സമീപകാലത്ത് പുറത്തുവന്ന ‘വാക്കുകളുടെ ആകാശം' ആരംഭിക്കുന്നത്. ഞണ്ടുകൾ ഏൽപ്പിക്കുന്ന വേദനയേക്കാൾ എത്ര മാരകമാണ് കടന്നുകയറ്റത്തിന്റെ , അതിക്രമത്തിന്റെ രാഷ്ട്രീയമേൽപ്പിക്കുന്നത് എന്ന് ശോഭിയെ പിൻതുടരുന്ന വായനക്കാർ വേദനയോടെ തിരിച്ചറിയുന്നുമുണ്ട്. തന്റെ ജീവിതം തിരിച്ചു പിടിക്കാനും പ്രതികാരം ചെയ്യാനും ഉള്ളുറപ്പുകൊണ്ടു മാത്രം ഇറങ്ങാൻ സാധിക്കുന്ന ശോഭിയിൽ കൃത്യമായി കണ്ണകി കത്തിപ്പടരുന്നുണ്ട്. നിരാകരിച്ചു കൊണ്ട് സ്വീകരിക്കുന്ന ആ ആഖ്യാനതന്ത്രത്തെക്കുറിച്ച് കഥയുടെ ചുവടുപിടിച്ച് വ്യക്തമാക്കാമോ?

എല്ലാ സ്ത്രീകളെയും പോലെ തന്നെ, ശോഭിക്കും തന്റെ യഥാർത്ഥത്തിലുള്ള ജ്വലന ശക്തിയെ കുറിച്ച് ഒരുപാട് മുൻവിധികളുണ്ട്. എല്ലാ സ്ത്രീകളെയും പോലെ തന്നെ അവളും തന്റെ ഉള്ളിലെ യഥാർത്ഥ അഗ്‌നിയുടെ കരുത്തെത്രത്തോളമുണ്ടെന്നു മനസ്സിലാക്കുന്നില്ല. എല്ലാ സ്ത്രീകളെയും പോലെ തന്നെ, ഏറ്റവും തകർന്നു പോകുന്ന ഒരു സന്ദർഭത്തിൽ, പ്രകൃതിയിൽ നിന്നും ഏറ്റവും വലിയൊരു ശക്തി അവളിലേക്കും ആവേശിക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ അത്തരത്തിലുള്ള ചില നിമിഷങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എനിക്കൊന്നിനും ആവില്ലെന്ന് തളരുന്ന ഏതൊക്കെയോ നിമിഷങ്ങളിൽ, എന്നിലും കണ്ണകിയും കാളിയും ഊർജ്ജമായി നിറയാറുണ്ട്. ശോഭിയിൽ സംഭവിച്ചതും അത് തന്നെയാവാം. ഞാൻ കണ്ണകിയല്ല എന്ന് പറയുന്നത് ഒരു നിരാകരണമല്ല, സ്വന്തം കരുത്തിനെക്കുറിച്ചുള്ള ബോധ്യമില്ലായ്മ്മയാണ്.

‘നല്ല' വീട്, ഉത്തമ കുടുംബിനി, ആദർശവൽക്കരിക്കപ്പെട്ട മാതൃത്വം പോലുള്ള നിർമ്മിതികളെ തകർക്കാൻ ശ്രമിക്കുന്നതിലൂടെ പുതിയ സ്വത്വത്തെ താങ്കൾ കഥകളിൽ സൃഷ്ടിക്കുന്നു. ശിഥിലമായ ബന്ധങ്ങൾ, അതിൽ കുടുങ്ങികിടക്കുന്ന ഏകാകികൾ അങ്ങനെ ഈ കഥാലോകത്തിന്റെ ഭാഗമാകുന്നു. കുടുംബം, ദാമ്പത്യം, എന്നതിനെ കുറിച്ച് സിതാരയുടെ കാഴ്ചപ്പാടുകൾ?

ഒരിക്കൽ കുടുംബം എന്ന സ്ഥാപനത്തിന്റെ ഭാഗമാക്കപ്പെടുന്ന സ്ത്രീകൾക്ക് അതിന്റെ കെട്ടുപാടുകളിൽ നിന്ന് വിമുക്തരാവാൻ മിക്കവാറും ഏറെ പ്രയാസമാണ്. ശരീരം കൊണ്ട് അതിന്റെ പുറത്തേക്കു വന്നാൽ പോലും അവരുടെ മനസിന്റെ ചില നൂലുകളെങ്കിലും അവിടങ്ങനെ കുരുങ്ങിക്കിടക്കും. ദാമ്പത്യത്തിന്റെ കാര്യവും അത് തന്നെ. കുടുംബവും ദാമ്പത്യവും എല്ലായ്‌പ്പോഴും എതിർക്കപ്പെടേണ്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. അതിൽ സന്തോഷം കണ്ടെത്തുന്നവർ അങ്ങനെ ചെയ്യട്ടെ. അതിന്റെ ഇഷ്ടമില്ലാത്ത ചങ്ങലക്കണ്ണികളിൽ ഞെരിഞ് ഏകാന്തതയിൽ ചോര വാർന്നു കൊണ്ട് ജീവിക്കുന്നവർ കുതറി മാറാനുള്ള ചെറിയ ശ്രമങ്ങളെങ്കിലും നടത്തട്ടെ. ഇത്തരം ശ്രമങ്ങൾ ഒട്ടും എളുപ്പമല്ല എന്നതാണ് എതിർക്കപ്പെടേണ്ട, മാറ്റപ്പെടേണ്ട ഒരു കാര്യം. ശ്വാസം മുട്ടിക്കൊണ്ട് ഒരു ബന്ധത്തിലും ജീവിക്കുക എളുപ്പമല്ല. അങ്ങനെയും ജീവിക്കുന്ന നിരവധി സ്ത്രീകൾ നമുക്ക് ചുറ്റും കാണാം.. അനാവശ്യമായ ആദർശവൽക്കരണത്തിന്റെ ഇരകൾ. അത്തരം സ്ത്രീകളുടെ അതിജീവന ശ്രമങ്ങളെക്കുറിച്ച് ചില കഥകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്.

പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും സാഹിത്യ അക്കാദമി യുവ പുരസ്കാർ ഏറ്റു വാങ്ങുന്നു (2004)
പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്നും സാഹിത്യ അക്കാദമി യുവ പുരസ്കാർ ഏറ്റു വാങ്ങുന്നു (2004)

സിതാരയുടെ എഴുത്തുകൾ സ്ത്രീവാദപരമായ കാഴ്ചപ്പാട് തുറന്നുവയ്ക്കുന്നവയാണെന്ന് പൊതുബോധത്തിൽ ഉണ്ട്. സമൂഹത്തോട് പൊരുതുമ്പോഴും, സ്ഥാപിതമായുള്ളതിനെ മറികിടക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോഴും പുരുഷന്റെ ഭാഗത്തു നിന്ന്​ കാര്യങ്ങളെ വായനക്കാരനു മുന്നിൽ തുറന്നിടാനുള്ള ശ്രമങ്ങൾ എഴുത്തിലുള്ളതായി തോന്നിയിട്ടുണ്ട്. ‘നൃത്തശാല' പോലുള്ള കഥകൾ രണ്ടു തരത്തിലുള്ള പ്രതിഷേധങ്ങളെ (‘ഗോ ബാക്ക്' വിളികൾ ഒരു വശത്തും നൃത്തവുമായി ബന്ധപ്പെടുത്തിയുള്ള മദീഹയുടെ അലറൽ മറ്റൊന്നും) തുറന്നിടുന്നു.‘ചതുപ്പ്' (ഫാദർ റെജി ആന്റണിയിലൂടെ), ‘പരാകായം' (പരൻ), ‘വേഷപ്പകർച്ച' (രാജേന്ദ്രകൃഷ്ണൻ), ‘ഗുഹാചിത്രം' (കൃഷ്ണകുമാർ/ശിവൻ), ‘ഇടം' (നൂർ മാതിയോസ്), ‘കളി' (പ്രിയൻ), ‘വധു ' (മാർക്ക്) എന്നിവയിൽ പുരുഷ കേന്ദ്രകഥാപാത്രങ്ങൾ കഥയെ മുൻപോട്ട് കൊണ്ടുപോകുന്നു. പുരുഷ കഥാപാത്രങ്ങളുടെ ആന്തരികലോകത്തിലൂടെ വായനക്കാരനെ കൊണ്ടുപോകുന്ന ആഖ്യാന രീതി അവലംബിക്കുമ്പോൾ പുരുഷ മനസിനെ ഉൾകാഴ്ചയോടെ ആവിഷ്‌കരിക്കുന്നതിനോടൊപ്പം സ്ത്രീ വിഹരിക്കുന്ന ഒരു പശ്ചാത്തലം കൂടി സിതാര സൃഷ്ടിക്കുന്നു. ‘മെഹബൂബാ...' എന്ന കഥയിൽ പതറിനിൽക്കുന്ന പുരുഷനെ ഒരു പാവയാക്കി മാറ്റുന്ന പെണ്ണിനെ കാണാം. പുരുഷനെ വേശ്യ/ശരീരവില്പനക്കാരന്റെ തലത്തിലേക്ക് തള്ളുന്ന ‘മെഹബൂബാ...'യും ‘പ്രണയ വൈറസും' ഉദാഹരണങ്ങൾ. എന്നിരുന്നാലും പുരുഷകഥാപാത്രത്തിന്റെ ആത്മഗതങ്ങളിലൂടെ/ആഖ്യാനത്തിലൂടെ നാം നീങ്ങുമ്പോൾ ആണ്‌കോയ്മ പ്രതിധ്വനിക്കുന്നതായും കാണാം. ‘പ്രണയവൈറസ്', ‘ജലം' എന്നീ കഥകളൊക്കെ പലതരത്തിലുള്ള കീഴ്‌പെടുത്തലുകളെ സൂചിപ്പിക്കുന്നു. ശരീരവില്പനക്കാരനോടൊപ്പം ആസക്തിയുടെ അഗ്‌നി ജ്വലിച്ചുനിൽക്കുന്ന സ്ത്രീ കഥാപാത്രങ്ങൾ, ഇതിനു പുറമെ അധിനിവേശ പ്രത്യയശാസ്ത്രത്തെയും മുൻപോട്ടുവെയ്ക്കുന്നതായി കാണാം. ഇരുവശത്തെയും (സ്ത്രീ-പുരുഷ) പ്രശ്‌നവത്കരിക്കുന്ന ഒരു രീതി എഴുത്തിൽ ഇല്ലേ?

സമൂഹത്തിൽ സ്ത്രീയുടേതായി കൽപ്പിച്ചു വെയ്ക്കപ്പെട്ടിരിക്കുന്ന ആ ഒരു ചിന്താരീതികളും യഥാർത്ഥത്തിൽ ഒരുവൾ കടന്നുപോകുന്ന ആത്മവികാരങ്ങളും തികച്ചും വ്യത്യസ്തമാണ്. പുരുഷന്റേതെന്നത് പോലെ തന്നെ, എല്ലാത്തരത്തിലുള്ള ‘grey' ഷെയ്ഡുകളും ഒരു സ്ത്രീയുടെ സ്വഭാവത്തിലും ഉണ്ട്. എല്ലായ്പ്പോഴും പതിഞ്ഞ, ലോലമായ, ഒന്നാവില്ല സ്ത്രീ ഹൃദയം. അത് വന്യവും തീക്ഷ്ണവുമാവാം. അടിച്ചമർത്താൻ ഇഷ്ടപ്പെടുന്നതാവാം. വിജയം കൊതിക്കുന്നതും അതിനായി വെമ്പുന്നതും ആവാം. കടുത്ത വികാരങ്ങളാൽ ആവേശിക്കപ്പെടുന്നതാവാം. ക്രൂരവും അതേസമയം മുഗ്ധവും ആവാം. ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ അവളുടെ എല്ലാ ഷെയ്ഡു കളോടും കൂടി അവളെ എഴുതാനാണ് എനിക്കിഷ്ടം. പെർഫെക്റ്റ് അല്ലാത്ത, ദുർബലയും ശക്തയും ആയ ഒരുവൾ.

സിതാര എന്ന വ്യക്തി യഥാർത്ഥ ജീവിതത്തിൽ ഒരു സാധാരണ സ്ത്രീയാണ്. എങ്കിലും, കല്പനകളുടേതായ ഒരു ലോകം എല്ലായ്‌പ്പോഴും ഞാൻ മനസിൽ കൊണ്ട് നടക്കുന്നുണ്ട്.

മൗനത്തിലൂടെയും ലംഘനങ്ങളിലൂടെയും ഒക്കെ ഉണ്ടാകുന്ന സ്ത്രീകളുടെ ചെറുത്തു നിൽപ്പുകൾ കാലികപ്രസക്തിയുള്ള കഥകളിലൂടെ അവതരിപ്പിക്കുമ്പോഴും ഒരുതരം സർറിയൽ/ഫാന്റസി ശൈലിയിലേക്കുള്ള ചായ് വ് ഒരുപാട് കഥകളിൽ തോന്നിയിട്ടുണ്ട്. പലപ്പോഴും യാഥാർത്ഥ്യത്തിൽ നിന്നുള്ള ഒളിവും ഓട്ടവുമല്ല മറിച്ച് വിചിത്രമായ ചില വിടർച്ചകൾ (open endedness) ഇത് സാധ്യമാക്കുന്നത് പോലെ തോന്നാറുണ്ട്. ‘നോബഡീസ് സ്വീറ്റ്ഹാർട്ട്' ൽ രഞ്ജു കാല്പനികതയുടെ ജനലുകൾ തുറന്ന് പുറത്തു ചാടുന്നു, ‘നപുംസകങ്ങളുടെ നൃത്തം' എന്ന കഥയിലെ കാഴ്ചഭ്രമങ്ങൾ, ‘കളി', ‘വിഷനിഴൽ ', ‘മൃത്യോന്മത്തം', ‘പരാകായം', ‘മറിയം', ‘സ്‌നേഹവിഭ്രമം' ഇതിലൊക്കെ കാണുന്ന ഒരു സർറിയൽ തലമുണ്ട്. ‘തന്ത്രപരമായ ഒരു സൂത്രപ്പണി' എന്ന് ശ്രീബാല കെ. മേനോൻ ‘അഗ്‌നി 'യെ കുറിച്ചു പറഞ്ഞത് സിതാരയുടെ എഴുത്തിൽ ഇവിടെയുമൊക്കെ കാണാം. സിതാരയുടെ എഴുത്തിലെ സർറിയൽ (surreal) ഘടകത്തെ കുറിച്ച് ?

സിതാര എന്ന വ്യക്തി യഥാർത്ഥ ജീവിതത്തിൽ ഒരു സാധാരണ സ്ത്രീയാണ്. എങ്കിലും, കല്പനകളുടേതായ ഒരു ലോകം എല്ലായ്‌പ്പോഴും ഞാൻ മനസിൽ കൊണ്ട് നടക്കുന്നുണ്ട്. ചിലപ്പോളെങ്കിലും എന്റെ ചിന്തകൾ വിചിത്രവും അയഥാർത്ഥവും ആയ ഒരു ജീവിതത്തിൽ അലഞ്ഞു തിരിയാറുമുണ്ട്. എല്ലാവർക്കുമുണ്ടാവാം ഭ്രമകല്പനകളുടേതായ ഇത്തരമൊരു സമാന്തര ലോകം. ഈ ലോകത്തിന്റെ തുണ്ടുകൾ അറിഞ്ഞും അറിയാതെയും എഴുത്തിലേക്കും ചിലപ്പോൾ വന്നു വീഴും. അവ തികച്ചും അയഥാർത്ഥമെന്നും പറയാനാവില്ല. ആ വിഭ്രമങ്ങളിലൂടെ കടന്നു പോകുമ്പോൾ മനസ്സിലുണ്ടാകുന്ന തരംഗങ്ങൾ, വേദന, മറ്റു വികാരങ്ങൾ, ഇതൊക്കെയും നൂറു ശതമാനം സത്യമാണ്. അതെന്റെ കാര്യത്തിലായാലും ശരി കഥാപാത്രങ്ങളുടെ കാര്യത്തിലായാലും ശരി.

‘പ്രണയചന്ദ്രിക' എന്ന കഥ ഒരു അതിസാഹിതീയതലത്തിലേക്ക് വായനക്കാരനെ കൊണ്ടുപോകുന്നു. കുമാരനാശാന്റെ ലീല, ചങ്ങമ്പുഴയുടെ രമണൻ എല്ലാം കടന്നുവരുന്നു ഇവിടെ. ഒരു പുനരാഖ്യാനമായി എഴുതിയതാണോ? അപനിർമാണത്തിന്റെ സാധ്യതകൾ സൂചിപ്പിക്കുന്ന ഒന്നായി കണ്ടിരുന്നോ എഴുത്തിന്റെ സമയത്ത്?

വളരെ ചെറുപ്പത്തിൽ എഴുതിയ ഒരു കഥയാണ് ‘പ്രണയ ചന്ദ്രിക’. അപനിർമ്മാണം എന്ന രീതിയിലൊന്നും അന്ന് ചിന്തിച്ചിട്ടില്ല. ഒരു സർക്കാസ്റ്റിക് മൂഡിൽ പറഞ്ഞു പോയ ഒന്ന്, അത്രേയുള്ളൂ.

‘തുടർവാർത്ത', ‘ഉപജീവനം', ‘ഉത്തരാർത്ഥം', ‘മണ്ണ്' ഇതിലൊക്കെ സിതാരയ്ക്ക് സുപരിചിതമായ മേഖലകളാണ്- പത്രപ്രവർത്തനം, സാഹിത്യം-തിരഞ്ഞെടുത്തിരിക്കുന്നത്. സുപ്രിയ മറുപടികളിലൂടെയും ആത്മഗതങ്ങളിലൂടെയും പരിഹാസത്തിന്റെ തീക്ഷണമായ രൂപകങ്ങൾ തൊടുത്തു വിടുന്നുണ്ട്. പുരുഷനിർമ്മിത ലോകബോധത്തോട് ഒരുതരത്തിൽ വിമർഷനാത്മക സംവാദത്തിൽ ഏർപ്പെടുന്നു. ഇതുപോലുള്ള സന്ദർഭങ്ങളിൽ ഒരു എതിരെഴുത്ത് ഉരുത്തിരിഞ്ഞു വരുന്നുണ്ട്. ഈ രണ്ടു കഥകളിലേക്കും നയിച്ച സാഹചര്യങ്ങളെ കുറിച്ചൊന്നു പറയാമോ? ഒരു സ്ത്രീയെ സംബന്ധിച്ച്​ ഒന്ന് പൊതുവായ തൊഴിലിടം (a public space) മറ്റത് ക്രിയാത്മകതയുടെ സ്വന്തമായ ഇടം (more of a converging space) പൊതു/സ്വത്വം എന്നതിനെ മുൻനിർത്തി പറയുമോ?

പത്രപ്രവർത്തനമായാലും സാഹിത്യമായാലും മറ്റേതൊരു മേഖലയിലുമെന്ന പോലെ സ്ത്രീ നേരിടേണ്ടുന്ന അല്ലെങ്കിൽ സ്ത്രീയായതു കൊണ്ടുമാത്രം നേരിടേണ്ടി വരുന്ന നിരവധി വെല്ലുവിളികളും പ്രതിബന്ധങ്ങളുമുണ്ട്. കാലങ്ങളായി പുരുഷാധിഷ്ഠിതമെന്നു കരുതിപ്പോരുന്ന ഇടങ്ങളിൽ, അതിജീവനത്തിനും നില നില്പിനും സ്ത്രീക്ക് ഇന്നും യുദ്ധം ചെയ്യേണ്ടി വരുന്നുണ്ട്. യുദ്ധങ്ങളിൽ ജയിക്കുന്നവർ കുറവാണ്, പക്ഷേ , അവർ ഉണ്ട്. ഒരിക്കലും വിട്ടു കൊടുക്കുകയേ ചെയ്യില്ല എന്നുറച്ച്, നേരത്തെ പറഞ്ഞത് പോലെ ജയിക്കാനായി പൊരുതുന്നവർ. ഓരോ സ്ത്രീയുടെയും പോരാട്ടവീര്യം, പോരാട്ട വിജയം, ഒക്കെയും വ്യത്യസ്തമാവും. ചിലർ ഇതൊന്നും മനസ്സിൽ കൊടുക്കാതെ ജീവിച്ചു മുന്നേറും. ചിലർക്ക് ഓരോ തിരിച്ചടിയിലും ഓരോ അന്യായത്തിലും ചോര തിളക്കും. പൊതു ഇടങ്ങളിലാവട്ടെ, സ്വന്തമായ ക്രിയേറ്റിവ് ഇടങ്ങളിലാകട്ടെ, ഞാനടക്കമുള്ള എല്ലാവർക്കും ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകാതെ വയ്യ. അങ്ങനെയുള്ള ചില അനുഭവങ്ങൾ മേൽപ്പറഞ്ഞ കഥകളുടെ പശ്ചാത്തലമായി വർത്തിച്ചിട്ടുണ്ട്.

അവൾ ഭയപ്പെടുന്നുണ്ട്, പക്ഷേ തകർന്നു പോകുന്നില്ല. ചുരുങ്ങിയത് എന്റെ മനസ്സിലെ സ്ത്രീയെങ്കിലും അങ്ങനെയാണ്. എന്റെ കഥകളിലും അതിനാലാവാം അത്തരം സ്ത്രീകളെ കൂടുതലായി കാണാനാവുന്നത്.

‘ആണികളഴിഞ്ഞ ഒരു മരസ്സാമാനം പോലെ' (‘അഗ്‌നി') സ്ത്രീസഹജമായ സ്വയം കുറ്റപെടുത്തലും അപമാനബോധവും (‘തന്നോടുതന്നെ വെറുപ്പു') തോന്നി കിടക്കുമ്പോഴും ‘ഇര'യായ സ്ത്രീക്ക് ഭയമോ ആത്മഹത്യയോ സിതാര നൽകുന്നില്ല. പുരുഷ ആസക്തിയിൽ നിന്നും അഹന്തയിൽ നിന്നും ഉയരുന്ന അക്രമത്തിന് മറുപടിയെന്നോണം സ്ത്രീസ്വത്വത്തെ വീണ്ടെടുക്കുന്നു. ഒരു ഭയം അവൾ (പ്രിയ/സ്ത്രീ) അവരിൽ (പുരുഷനിൽ) സൃഷ്ടിക്കുന്നുണ്ട്, സ്വത്വനിർമിതിയിലൂടെയും തുറന്നപ്രതിരോധത്തിലൂടെയും. ‘കവയിത്രിയും കൃഷിക്കാരിയും' എന്ന കഥയിൽ കാപ്പിത്തോട്ടത്തിലൂടെ നടക്കുന്ന രണ്ടു കൂട്ടുകാരികൾ (ട്രീസ/ഫാത്തിമ) ഇതിന്റെ വേറൊരു രൂപമാണ്. ‘മുറിവ്' എന്ന കഥയിൽ അസ്തിത്വം ഒരു മുറിവായി മാറുന്നു. അതിജീവനത്തിന്റെ ആത്മീയതയെ സിതാര എന്ന കഥാകാരി എങ്ങനെ സ്വാംശീകരിക്കുന്നു?

ഒരു സ്ത്രീ നേരിടുന്ന സംഘർഷങ്ങളും അവയെ അതിജീവിക്കാൻ അവൾക്കു ചെയ്യേണ്ടി വരുന്ന പോരാട്ടങ്ങളും ചെറുതല്ല. എങ്കിലും, അവളെ പൂർണമായി തകർത്താൻ അവയ്ക്കാവുമെന്നു തോന്നുന്നില്ല. തീർച്ചയായും, സാഹചര്യങ്ങളും സ്വഭാവ സവിശേഷതകളും അനുസരിച്ചു ഓരോ സ്ത്രീയിലും ഈ ജീവിത സമരങ്ങളുണ്ടാക്കുന്ന പിടച്ചിലുകൾ, അല്ലെങ്കിൽ പൊള്ളൽ, വ്യത്യസ്തമാവാം. അവൾ ഭയപ്പെടുന്നുണ്ട്, പക്ഷേ തകർന്നു പോകുന്നില്ല. ചുരുങ്ങിയത് എന്റെ മനസ്സിലെ സ്ത്രീയെങ്കിലും അങ്ങനെയാണ്. എന്റെ കഥകളിലും അതിനാലാവാം അത്തരം സ്ത്രീകളെ കൂടുതലായി കാണാനാവുന്നത്.

കേരള പ്രസ് അക്കാദമി പഠനകാലത്തെ ഫോട്ടോ
കേരള പ്രസ് അക്കാദമി പഠനകാലത്തെ ഫോട്ടോ

‘എനിക്ക് പുരുഷനെ അവന്റെ എല്ലാ കള്ളത്തരങ്ങളോടുകൂടിയും ഇഷ്ടമാണ്.' ‘ഒരു സ്ത്രീ എന്ന നിലയിൽ, ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് എന്റേതായ ശരികൾ ഉണ്ട്; എന്റേതായ തെറ്റുകളും' എന്ന് തുറന്നിടുന്നു ഒരു എഴുത്ത്. ‘ചരക്കി’ൽ ‘നിങ്ങളെപോലുള്ളവർക്ക് വിറ്റഴിക്കപ്പെടാൻപോലും യോഗ്യതയില്ല' എന്ന് പ്രതികരിക്കുന്ന സുഹാനയിൽ, സ്ത്രീത്വത്തിന്റെ തോൽവി കത്തിമുനയായി തറയ്ക്കുമ്പോഴുള്ള പ്രിയയുടെ (‘അഗ്‌നി') ‘പ്രതികരണ'ത്തിൽ ഒക്കെ സിത്താര എന്ന കഥാകാരിയുടെ ഈ ഒരു അംശം കാണാം. ‘വിഷനിഴൽ', ‘മണ്ണ്', ‘കോമാളിവേഷങ്ങൾ', ‘ഏകാന്തസഞ്ചാരങ്ങൾ' എന്നീ കഥകളൊക്കെ മാനസിക സംഘർഷങ്ങൾ തുറന്നിടുന്നു. ‘ഏകാന്തസഞ്ചാരങ്ങൾ' ഒരു ഓട്ടോറിക്ഷ യാത്രയിലൂടെ (ഷെർബയുടെ) ഏകാന്തതയും, അതിൽ നിന്നുയരുന്ന സ്വസ്ഥതയും വരച്ചിടുന്നു. ‘കോമാളിവേഷങ്ങൾ' (രേണുക/അനിൽ) ‘ഞാൻ ശരിക്കും കല്യാണം കഴിക്കേണ്ടിയിരുന്നില്ല' എന്ന് ചിന്തിച്ചുപോകുന്ന സ്ത്രീയുടെ ആത്മ സംഘർഷങ്ങളെ തുറന്നിടുന്നു. അതുപോലെതന്നെ മുഖ്യധാരാ മാതൃകകൾ തകർത്തുകൊണ്ടു കഥാപാത്രം മൂത്രതുണിയും കഴുകാത്ത പാൽകുപ്പിയുടെ മണവും മടുപ്പുളവാക്കുന്നതാണ് എന്ന് വായനക്കാരന് മുൻപിൽ വെയ്ക്കുന്നു. സ്ത്രീയുടെ മാനസികാവസ്ഥ, ശരീരം എന്ന യാഥാർഥ്യം, അത് സഹിക്കുന്ന അപമാനം, ശിക്ഷ ഒക്കെയും കഥാപാത്രത്തിന്റെ ചിന്തകളിലൂടെ വായനക്കാരന്റെ മുൻപിൽ എത്തുന്നു. എഴുത്തിലെ ആത്മപ്രതിബിംബീകരണം (self reflexivity) എങ്ങനെ കാണുന്നു?

എന്റെ കഥകളിൽ എന്റെ തന്നെ ആത്മാംശങ്ങൾ ഏറിയും കുറഞ്ഞും വരാറുണ്ട്. അത് തികച്ചും സ്വാഭാവികമായ ഒരു പ്രതിഫലനമാണ്. അതല്ലാതെ, എന്നെ തന്നെ മുഴുവനായോ അല്ലെങ്കിൽ ഒരു വലിയ പങ്കോ പറിച്ചു വച്ച കഥകൾ വളരെ അപൂർവ മാണെന്നു തോന്നുന്നു. എന്റെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് ഒരിക്കലും എന്റെ മാത്രം ചിന്തകളല്ല. ചെറിയ ചില സ്വാധീനങ്ങൾക്കപ്പുറത്ത് അവർ എന്നിൽ നിന്നും വ്യത്യസ്തരായ സ്വതന്ത്ര വ്യക്തിത്വങ്ങളാണ്. അവർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും ചിന്താരീതികളും പ്രത്യയ ശാസ്ത്രങ്ങളും അവരുടേതായ പരിതഃസ്ഥിതികൾക്കും മനോഗതികൾക്കും വിശ്വാസങ്ങൾക്കും അധിഷ്ഠിതമായതാണ്. അവയ്ക്കനുസരിച്ചു മാത്രമേ എനിക്കാ കഥാപാത്രങ്ങളെ സൃഷ്ടിക്കാനാവൂ. എങ്കിൽ മാത്രമേ അതിൽ യുക്തി ഉണ്ടാവൂ.

ഏറ്റവുമിഷ്ടമുള്ളവരോട് മിണ്ടാൻ മാത്രമല്ല, തികച്ചും അപരിചിതരായ മനുഷ്യരോട് സംസാരിക്കുവാനും അവരെ ഒരു പരീക്ഷണവസ്തുവെന്ന പോലെ മനസ്സിലാക്കാൻ ശ്രമിക്കാനും എനിക്കിഷ്ടമാണ്.

‘ഓരോ സ്ത്രീക്കും യാത്രകൾ സ്വാതന്ത്ര്യത്തിലേക്കുള്ള കൊച്ചുപാതകളാണ്’- വായന, സംവാദം, സഞ്ചാരം എങ്ങനെ സിതാരയെ എഴുത്തുകാരി എന്ന നിലയിൽ സ്വാധീനിച്ചിട്ടുണ്ട്? യാത്രകൾ സിതാരയുടെ എഴുത്തിൽ പലവിധത്തിൽ പ്രാധാന്യം അർഹിക്കുന്നതായി തോന്നിയിട്ടുണ്ട്. ‘താങ്ങ്', ‘ഏകാന്തസഞ്ചാരങ്ങൾ' ഉദാഹരണങ്ങളാണ്.

എല്ലാവരെയും പോലെ എനിക്കും യാത്രകൾ ഇഷ്ടമാണ്. പക്ഷേ അതിനെനിക്ക് എന്റേതായ നിയമങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഉണ്ട്. ഒറ്റയ്ക്കെന്ന പോലെ, പ്രിയപ്പെട്ട അപൂർവ്വം ചിലരോടൊപ്പവും ഞാൻ യാത്രകൾ ആസ്വദിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ചിലപ്പോൾ യാത്രകൾ എന്റെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങൾ കൂടിയാണ്. സംവാദത്തിന്റെ കാര്യവും അതുപോലെ തന്നെ. ഏറ്റവുമിഷ്ടമുള്ളവരോട് മിണ്ടാൻ മാത്രമല്ല, തികച്ചും അപരിചിതരായ മനുഷ്യരോട് സംസാരിക്കുവാനും അവരെ ഒരു പരീക്ഷണവസ്തുവെന്ന പോലെ മനസ്സിലാക്കാൻ ശ്രമിക്കാനും എനിക്കിഷ്ടമാണ്. ഇതൊക്കെയും ഏതൊക്കെയോ രീതിയിൽ എന്റെ എഴുത്തിനെയും സ്വാധീനിച്ചിട്ടുണ്ടാവാം.

ഭിന്നലൈംഗികത മാത്രം അനുശീലിക്കുന്ന ഒരു സൗന്ദര്യശാസ്ത്രത്തിൽ സ്വവർഗ ലൈംഗികതയുടെ കഥാസന്ദർഭങ്ങൾ എന്നതിനെ എങ്ങനെ കാണുന്നു? ‘ചതി', ‘സ്പർശം' പോലുള്ള കഥകളെ മുൻനിർത്തി പറയുമോ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വവർഗ ലൈംഗികത വളരെയേറെ തുറന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച്​ അല്പമൊക്കെ അത് നോർമലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്ന് ജനപ്രിയമായ ടെലിവിഷൻ സീരിയലുകളിലും സാഹിത്യത്തിലും ഒക്കെ സ്വവർഗ ലൈംഗികത വളരെ സാധാരണമായി പരാമർശിക്കപ്പെടുന്നുണ്ട് . ഇനിയും ഒരുപാട് വലിയ മാറ്റങ്ങൾ വരാനുണ്ട് എങ്കിൽ പോലും ഇതൊക്കെയും ഏറെ സന്തോഷം തരുന്ന കാര്യങ്ങളാണ്. എന്റെ കഥകളിൽ ഞാനതിനെ കുറിച്ചെഴുതിയ സമയത്ത് കാര്യങ്ങൾ അൽപ്പം കൂടി സങ്കുചിതമായിരുന്നു. എന്നാലും വലിയ എതിർപ്പുകളില്ലാതെ ആ വിഷയങ്ങൾ സ്വീകരിക്കപ്പെട്ടു എന്ന് തോന്നുന്നു.

എഡിറ്ററുടെ കൈകളിലൂടെ കഥകൾ കടന്നു പോകുമ്പോൾ എഴുത്തുകാരി എന്ന നിലയിൽ ഇടപെടലുകൾ വേണ്ടിവരാറുണ്ടോ? ആത്മാവിഷ്‌കരത്തിന് പൊതുവിൽ തടസ്സങ്ങൾ നേരിട്ടിട്ടുണ്ടോ?

ഇത്രയും വർഷങ്ങളിലെ എഴുത്തു ജീവിതത്തിനിടയിൽ അത്തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. അതിങ്ങോട്ടായാലും ശരി അങ്ങോട്ടായാലും ശരി. എനിക്ക് എഡിറ്റർമാരുമായുള്ള ബന്ധം എല്ലായ്​പ്പോഴും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായിരുന്നു എന്നത് ഞാനെന്റെ ഒരു ഭാഗ്യമായി കരുതുന്നു. എഴുതി തുടങ്ങിയ സമയത്ത്​ ചിലർ വിലയേറിയ ചില നിർദ്ദേശങ്ങളും നൽകുകയുണ്ടായിട്ടുണ്ട് . എഴുത്തിൽ മറ്റു രീതിയിലുള്ള ഇടപെടലുകളും പൊതുവെ കുറവായിരുന്നു, പരിതഃസ്ഥിതികളാൽ ഉണ്ടാവാറുള്ള ചില പ്രതിബന്ധങ്ങളൊഴിച്ച്.

സിതാര കഥകൾക്ക് ശീർഷകങ്ങൾ തിരഞ്ഞെടുക്കുന്ന രീതികളെ കുറിച്ചു പറയുമോ? ‘കല്പിത വൃത്താന്തം', ‘മൃത്യോന്മത്തം', ‘ഉദരലിഖിതം', ‘ഉത്തരാർത്ഥം' പോലെ വ്യത്യസ്തമായവയും ശ്രദ്ധിക്കപ്പെടുന്നതും ആണ് അവ.

ഒരു കഥ എഴുതുന്ന പ്രോസസ്സിനിടയിൽ എനിക്കേറ്റവും കഠിനമായ ഒന്നാണ് പേരിടൽ. കഥ പെട്ടെന്ന് എഴുതിക്കഴിഞ്ഞാലും പറ്റിയൊരു പേര് കിട്ടാതെ ചിലപ്പോൾ ദിവസങ്ങളോളം ഞാൻ വിഷമിക്കും. അന്നും ഇന്നും കഥക്ക് പേരിടാൻ ഞാൻ എന്റെ അച്ഛന്റെ സഹായം തേടാറുണ്ട്. അപൂർവമായി, കഥയുടെ ബീജം മനസ്സിൽ മുളക്കുമ്പോൾ തന്നെ നല്ല ഒരു പേര് മനസ്സിൽ തോന്നിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

എഴുതിക്കഴിഞ്ഞ എന്റെ ഒരു കഥയെ എങ്ങനെ വായിക്കണം എന്നത് വായനക്കാരുടെ മാത്രം അവകാശമായി കാണുന്ന ഒരാളാണ് ഞാൻ

‘എഴുത്ത്' എന്നത് സിതാരയുടെ പല കഥകളിലും പ്രധാനമാണ്. ഒരു എഴുത്താളിനെക്കുറിച്ച് പൊതുബോധത്തിലുള്ള ഒരു ചിത്രം പലയിടങ്ങളിലും സിതാര ഉപയോഗിക്കുന്നുണ്ട്. ‘കല്പിതവൃത്താന്തം' എന്ന കഥയിൽ കഥ എഴുത്ത് പ്രക്രിയയിലേക്കും കഥാകൃത്തിലേക്കും തന്നെ നീങ്ങുന്നു. ‘സാൽവദോർ ദാലി'യിൽ സ്വയം ഒരു മിത്തായി സങ്കല്പിക്കുന്ന വില്യംസ് എന്ന എഴുത്തുകാരനെ കാണാം. പൊതുസമൂഹത്തിൽ എഴുത്തുകാരനെ കുറിച്ചുള്ള സങ്കല്പങ്ങൾ പരിഹസിക്കപ്പെടുന്നു ഇവിടെ. ‘ചാരുവിന്റെ കഥ' എഴുത്തുകാരിയുടെ ഏറെ വ്യത്യസ്തമല്ലാത്ത ഭ്രമാത്മകമായ മറ്റൊരു ലോകം നൽകുന്നു. എഴുത്തുകാരിയായ അനുപമയിലുടെ (‘ഉപജീവനം') സിതാര എടുത്തിടുന്ന മറ്റൊന്നുണ്ട്; ‘ഞാനതൊന്നും ഉദേശിച്ചില്ല' എന്നത്. സിതാര ‘ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം' എന്നതിൽ ‘അഗ്‌നി'യെ കുറിച്ചു പറയുന്നത് ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്- ‘‘വർഷങ്ങളോളം അതിനെ പലരും പല രീതിയിൽ വായിച്ചത് ഞാൻ കണ്ടിട്ടുണ്ട്’’, ‘‘എന്റേതായിരുന്ന തടാകത്തിനുമേൽ ലോകം പെയ്യുന്നതു നോക്കി ഞാൻ എന്റെ ജനൽപ്പടിക്കു പിന്നിൽ തന്നെ ഇരുന്നു.’’ എഴുത്തുകാരിയുടെ പിടിയിൽ നിന്ന്​ കുതറിമാറിയ എഴുത്ത്. സിതാരയുടെ കഥകളുടെ പുനരുൽപാദന സാധ്യതകളെ സിതാര എന്ന വായനക്കാരി എങ്ങനെ കാണുന്നു?

മുൻപ് പലപ്പോഴും പറഞ്ഞിട്ടുള്ളത് പോലെ, എഴുതിക്കഴിഞ്ഞ എന്റെ ഒരു കഥയെ എങ്ങനെ വായിക്കണം എന്നത് വായനക്കാരുടെ മാത്രം അവകാശമായി കാണുന്ന ഒരാളാണ് ഞാൻ. ഒരെഴുത്തുകാരി എന്ന നിലയിൽ, ഞാൻ പറയാനുദ്ദേശിച്ചത് അതിനോടടുത്ത രീതികളിലെങ്കിലും ഗ്രഹിക്കപ്പെടണമെന്ന ഒരാഗ്രഹം എനിക്കുണ്ട്. എങ്കിലും, അത് ഒരു പരിധി വരെ മാത്രമാണ്. എന്റെ എഴുത്തുകളിൽ നിന്ന്​പുറത്തുകടന്ന് ഒരു വായനക്കാരി മാത്രമായി അവയെ വീണ്ടും വായിക്കുമ്പോൾ , വ്യത്യസ്തമായ ചില വ്യാഖ്യാനങ്ങൾ എനിക്കവ തരാറുണ്ട്. എഴുതുമ്പോൾ സിതാര എന്ന എഴുത്തുകാരി മനസ്സിൽ പോലും ഓർക്കാത്തവയാകാം അവ. എനിക്ക് പോലും അങ്ങനെയാകുമ്പോൾ, മറ്റു വായനക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

സിതാര എന്ന വായനക്കാരിയെയും എഴുത്തുകാരിയെയും സ്വാധീനിച്ചിട്ടുള്ള ഒരു എഴുത്തുകാരിയാണ് കമലദാസ്. ഒരു എഴുത്തുകാരിയെന്ന നിലയിൽ മറ്റ് പ്രധാന സ്വാധീനങ്ങളെക്കുറിച്ച് പറയാമോ?

വായിച്ചിട്ടുള്ള എല്ലാ എഴുത്തുകാരും ഒരു വിധത്തിലല്ലെങ്കിൽ വേറൊരു വിധത്തിൽ എന്റെ എഴുത്തിനെ തുടക്കത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ചിലർ രചനാ രീതികളുടെ തലങ്ങളിൽ, മറ്റു ചിലർ വിഷയ വൈവിധ്യത്തിൽ, വേറെ ചിലർ മനുഷ്യ മനസ്സുകളുടെ അത്ഭുതകരമായ വായനകളിൽ ഒക്കെ പ്രചോദനങ്ങളായിരുന്നു. കുട്ടിക്കാലത്തെഴുതിയ ആദ്യ കഥകളിൽ ടി. പദ്മനാഭന്റെ സ്‌റ്റൈൽ അനുകരിക്കാൻ ശ്രമിച്ചതോർക്കുന്നു. മാധവിക്കുട്ടിയുടെ ഭാഷയും ആദ്യമൊക്കെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചില സ്വാധീനങ്ങളൊക്കെ അറിയാതെ തന്നെ എഴുത്തിൽ വന്നു വീണവയും ഉണ്ട്. മാധവിക്കുട്ടിയുടെ ഇംഗ്ലീഷ് കവിതകൾ അത്തരത്തിലുള്ള ഒന്നാണ്. മനസ്സ് ശൂന്യമായിരിക്കുമ്പോൾ അത് വായിക്കും. നിരവധി തീപ്പൊരികൾ ആത്മാവിലേക്ക് പാറി വീഴും.

 മാധവിക്കുട്ടി / ,Photo: Punalur Rajan
മാധവിക്കുട്ടി / ,Photo: Punalur Rajan

ഒരേ സമയത്ത് കഥകളും കവിതകളും എഴുതിയിരുന്ന ഒരു കാലം സിതാരയ്ക്ക് ഉണ്ടായിരുന്നു എന്ന് ‘ഉഷ്ണഗ്രഹങ്ങളുടെ സ്‌നേഹം' എന്ന കൃതിയിൽ പറയുന്നുണ്ട്. കവിതകളുടെ ഉറവ നിന്നു പോയതിനെ, അല്ലെങ്കിൽ നിർത്തിക്കളഞ്ഞതിനെ ഓർത്തെടുക്കാമോ?

ഏറ്റവും ആദ്യം എഴുതിയത് കവിതയാണ്. പിന്നീട് കഥകളെഴുതാൻ തുടങ്ങിയപ്പോഴും വല്ലപ്പോഴുമൊക്കെ കവിതയും വഴിയിൽ വന്നു വീണിരുന്നു. കോളേജ് കാലം വരെ അത് തുടർന്നു. പിന്നെ പൂർണമായി നിന്നു . സത്യത്തിൽ അന്നെഴുതിയതൊന്നും കവിതയേ ആയിരുന്നില്ല എന്നിപ്പോൾ തോന്നും. അതുമല്ലെങ്കിൽ എന്റെ ലോകം ഒരിക്കലും കവിതയല്ലായിരുന്നു എന്നും. ഇന്നും കവിതയെ ഒരുൾഭയത്തോടെ എന്നാൽ അടക്കാനാവാത്ത ആകർഷണത്തോടെ അകന്നു നിന്ന് നോക്കിക്കാണുന്നയാളാണ് ഞാൻ. കവികളോട് എനിക്കസൂയയാണ് എന്നുപോലും ചിലപ്പോൾ തോന്നും. കാരണം, ചുരുങ്ങിയത് എനിക്കെങ്കിലും, കഥയിൽ പറയുന്ന കാര്യങ്ങൾ കവിതയിൽ അതേ ശക്തിയിൽ അവതരിപ്പിക്കുക എന്നത് തികച്ചും വിഷമകരമായ ഒന്നാണ്. എന്നാലും, കഥയെഴുതുമ്പോൾ കാവ്യാത്മകമായ ഭാഷ ചിലപ്പോളൊക്കെ ഉപയോഗിക്കേണ്ടി വരും. ആ സന്ദർഭങ്ങളിൽ പരിമിതികൾ അനുഭവപ്പെടാറുമില്ല.

ഇത്രയും സങ്കീർണമായ ഒരു ജീവിതാവസ്ഥ ഇന്നത്തെയും നാളത്തേയും ഇനി വരുന്ന ഒരുപാട് കാലങ്ങളിലെയും എഴുത്തും മറ്റു കലാരൂപങ്ങളുമടക്കമുള്ള സാംസ്‌കാരിക ലോകത്തിലും വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വസൂരി പശ്ചാത്തലമായി മലയാളത്തിൽ മികച്ച രചനകൾ ഉണ്ടായിക്കഴിഞ്ഞു - വസൂരി (കാക്കനാടൻ), അസുരവിത്ത് (എം.ടി), ഖസാക്കിന്റെ ഇതിഹാസം (ഒ. വി. വിജയൻ) - എന്നിങ്ങനെ. അതിനു ശേഷം ലോകത്തെ നടുക്കിയ പല രോഗങ്ങളും (കാൻസറടക്കം) അത്ര ഭീതിദമായ നിലയിൽ മലയാളിയെ ബാധിച്ചിട്ടില്ല. (എയ്ഡ്സ് പശ്ചാത്തലമായി എം. മുകുന്ദന്റെ നോവൽ ‘നൃത്തം’ അല്ലാതെ മലയാളത്തിൽ കാര്യമായി ഒന്നും എഴുതപ്പെട്ടിട്ടില്ല). എന്നാൽ ഇപ്പോൾ മലയാളിയുടെ അനുഭവലോകത്തേക്ക് പുതിയൊരു വൈറസ് രംഗപ്രവേശം ചെയ്തു കഴിഞ്ഞു. ഭാവിയിലെ ഭാവനയുടെ പശ്ചാത്തലവിഭവമായി എത്രത്തോളം ഈ വൈറസ് മാറും എന്ന് കരുതുന്നു? വേറൊരു തരത്തിൽ ചോദിച്ചാൽ, രോഗം ഒരു കേവലാവസ്ഥ എന്നതിലുപരി മനുഷ്യാവസ്ഥയെ സദാ ഗ്രസിച്ചു നിൽക്കുന്ന ഒന്നായി കാണേണ്ടതുണ്ട് എന്ന് survivor എന്ന നിലയിൽ ആലോചിക്കുന്ന സിതാര കരുതുന്നുണ്ടോ?

രോഗം എന്ന സങ്കൽപ്പത്തെ പൂർണമായും പൊളിച്ചെഴുതിക്കൊണ്ടാണ് പുതിയ വൈറസ് നമ്മുടെ ജീവിതങ്ങളിലേക്കു ഇടിച്ചു കയറി വന്നിരിക്കുന്നത്. അതുണർത്തിയ ആശങ്കകൾ, വൈകാരിക സ്‌ഫോടനങ്ങൾ, ഓരോ മേഖലയിലും ഉണ്ടാക്കിയ നികത്താനാകാത്ത കോട്ടങ്ങൾ, അഭൂതപൂർവ്വമായ ആരോഗ്യ പ്രശ്‌നങ്ങൾ, മുൻകൂറായി കാണാനാകാത്ത പാർശ്വ ഫലങ്ങളും തലമുറകളിലേക്ക് നീളാവുന്ന അനന്തര ഫലങ്ങളും, ഇവയൊക്കെയും ഏവർക്കും അറിയാവുന്നതാണ്. രോഗം എന്നതിന്റെ നിർവചനങ്ങൾക്കപ്പുറത്തേക്കു നൂഴ്ന്നു കയറി, ഒരു തലമുറയെ, സംസ്‌കാരത്തെ, ജീവിതമെന്ന സങ്കൽപ്പത്തെ ഒക്കെ കാർന്നു തിന്നു നശിപ്പിക്കുന്ന ഒരു മഹാ വിപത്താണത്. മറ്റു രോഗങ്ങളുടെ കാര്യങ്ങളിലെന്ന പോലെ, ‘surviving' എന്ന പദം പോലും അതോടു ചേർത്ത് വയ്ക്കാൻ നമുക്ക് ആശങ്കയും ഭയവുമാണ്. അത്രത്തോളം അനിശ്ചിതവും പ്രവചനാതീതവും ആണതിന്റെ ഗതിവിഗതികൾ. ഇത്രയും സങ്കീർണമായ ഒരു ജീവിതാവസ്ഥ ഇന്നത്തെയും നാളത്തേയും ഇനി വരുന്ന ഒരുപാട് കാലങ്ങളിലെയും എഴുത്തും മറ്റു കലാരൂപങ്ങളുമടക്കമുള്ള സാംസ്‌കാരിക ലോകത്തിലും വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

എഴുതാനുണ്ടാവുക എന്നത് സമ്മർദ്ദം തരാറുണ്ടെന്നത് ശരി തന്നെ, എങ്കിലും എഴുതാതിരിക്കുന്നതിൽ സ്വയം ദേഷ്യവും സങ്കടവും തോന്നാറുണ്ട്.

കാലത്തിലൂടെയും എഴുത്തിലൂടെയും കടന്നുപോകുമ്പോൾ സ്ഥലകാലങ്ങൾക്ക് അനുസൃതമായ മാറ്റങ്ങൾ ഒരു വ്യക്തിക്ക് സംഭവിക്കുന്നു. ഒരെഴുത്തുകാരി എന്ന നിലയിൽ ഇന്ന് എങ്ങനെ സ്വയം വിലയിരുത്തുന്നു? കാഴ്ചപ്പാട്, സ്ത്രീ സ്വത്വത്തെ കുറിച്ചുള്ള ചിന്തകൾ എന്നിവയിൽ വന്നിട്ടുള്ള മാറ്റങ്ങൾ?

ജീവിതം കടന്നു പോകുന്നതിനനുസരിച്ച്​, ഒരു വ്യക്തിയെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും സ്വാഭാവികമായ കുറെ മാറ്റങ്ങൾ എന്റെ കാഴ്ചപ്പാടുകളിലും ഉണ്ടായിട്ടുണ്ട്. ജീവിത സാഹചര്യങ്ങളും നല്ലതും ചീത്തയും ആയ അനുഭവങ്ങളും ഈ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ടാവാം. പ്രായം കൂടുന്നതിനനുസരിച്ച്​ സ്ത്രീയെന്ന നിലയിലുള്ള എന്റെ അസ്തിത്വത്തെ ഞാൻ നോക്കിക്കാണുന്ന വിധവും മാറിയിട്ടുണ്ട്. ചെറുപ്പത്തിന്റേതായ ആ ഒരു ചോര തിളക്കൽ ഇപ്പോൾ കുറവാണ്. പക്ഷേ, അന്ന് സ്ത്രീയെന്ന നിലയിൽ ചെയ്യാൻ ഭയപ്പെട്ടിരുന്ന പല കാര്യങ്ങളും ഇന്ന് ഞാൻ ചെയ്യുന്നുണ്ട്. പൂർണമായല്ലെങ്കിലും, സ്ത്രീയെന്ന നിലയിലുള്ള എന്റെ inhibitions മറി കടക്കുവാനും എന്റെ സ്വാതന്ത്ര്യങ്ങളെ സ്വന്തമായെടുക്കാനും ഞാനിന്നു പഠിച്ചു കഴിഞ്ഞു.
വല്ലപ്പോഴും എഴുതുന്ന ഒരാളാണ് ഞാൻ. എഴുത്തിൽ വലിയ ഗ്യാപ്പുകൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. എഴുതാനുണ്ടാവുക എന്നത് സമ്മർദ്ദം തരാറുണ്ടെന്നത് ശരി തന്നെ, എങ്കിലും എഴുതാതിരിക്കുന്നതിൽ സ്വയം ദേഷ്യവും സങ്കടവും തോന്നാറുണ്ട്. കുറച്ചേ എഴുതിയിട്ടുള്ളൂ എങ്കിലും അതിന്റെ പേരിൽ ഇപ്പോഴും വായനക്കാരുടെ അടുത്ത് നിന്നും നിറഞ്ഞ സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. ഒരെഴുത്തുകാരി എന്ന നിലയിൽ മാത്രമല്ല, ഒരു വ്യക്തി എന്ന നിലയിലും ആ സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. ▮


അരുൺലാൽ മൊകേരി

എഴുത്തുകാരൻ, വിവർത്തകൻ, പ്രഭാഷകൻ. മൊകേരി ഗവ. കോളേജിൽ ഇംഗ്ലീഷ്​ ഡിപ്പാർട്ടുമെൻറിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. കാലിക്കറ്റ്​ യൂണിവേഴ്​സിറ്റിയിൽ റിസർച്ച്​ ഗൈഡാണ്​.

സുനിത ശ്രീനിവാസ്​

മെകേരി ഗവ. കോളേജിൽ ഇംഗ്ലീഷ്​ ഡിപ്പാർട്ടുമെൻറിൽ അസോസിയേറ്റ്​ പ്രൊഫസർ. കൾചറൽ സ്​റ്റഡീസിൽ സ്​പെഷലൈസ്​ ചെയ്യുന്നു.

Comments