മാലപ്പാട്ടിലെ ഇമ്മിണി വല്യ ഒന്ന്

“എഴുത്തും വ്യക്തിജീവിതവും ഒരുപോലെ ആഘോഷിക്കപ്പെട്ട മലയാളത്തിലെ അപൂർവ്വം സാഹിത്യകാരരിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ. കഥപറഞ്ഞ്, കഥപറഞ്ഞ് സ്വയം കഥയായിത്തീർന്ന ഒരാൾ! എഴുത്തിലും ജീവിതത്തിലും ബഷീർ ഒരു സൂഫിയുടെ പരിവേഷം അണിഞ്ഞു. അറബിമലയാളത്തിലെ സൂഫീ പ്രകീർത്തനകാവ്യത്തിന്റെ മാതൃകയിൽ അരഡസനോളം ബഷീർ മാലകൾ രചിക്കപ്പെട്ടിട്ടുണ്ട്,” ബഷീർ മാലകളെ വിശകലനം ചെയ്യുന്നു മുഹമ്മദ് സാദിഖ്. എൻ.

ഒരു സാഹിത്യജനുസ്സെന്ന നിലയിൽ, അറബിമലയാളത്തിലെ മാലപ്പാട്ടുസാഹിത്യത്തിന് നാന്നൂറ് വർഷത്തിലേറെ പഴക്കമുണ്ട്. ഖാസി മുഹമ്മദിന്റെ മുഹിയുദ്ദീൻമാല തൊട്ട്, അമ്പരപ്പിക്കുന്ന വിഷയവൈവിധ്യങ്ങളോടെയും ഇശൽ വൈവിധ്യങ്ങളോടെയും പല കാലങ്ങളിലായി, അനേകം മാലകൾ രചിക്കപ്പെട്ടു. കേരളീയ മുസ്ലിങ്ങൾ അറബിമലയാള ലിപിസമ്പ്രദായം കയ്യൊഴിഞ്ഞതോടെ, മാലസാഹിത്യമടക്കമുള്ള അറബിമലയാള സാഹിത്യരൂപങ്ങളുടെ രചനയും പ്രചാരവും കുറഞ്ഞു. എന്നാൽ, മാപ്പിളപ്പാട്ടുകൾ എന്ന പൊതുലേബലിൽ രചിക്കപ്പെട്ട സിനിമാഗാനങ്ങളും ആൽബങ്ങളും ജനപ്രിയഗാനശാഖയായി വളരുകയുണ്ടായി.

ഇസ്ലാമിലെ വിശുദ്ധരെ കുറിച്ചുള്ള ജീവചരിത്രാഖ്യാനങ്ങളാണ് (Hagiography) മാലസാഹിത്യത്തിലെ പ്രധാനഭാഗം. മൗലൂദ്, റാത്തീബ്, ശൈഖ്- മുരീദുകൾക്കിടയിലുള്ള ആത്മീയരഹസ്യങ്ങൾ തുടങ്ങിയ സൂഫിസത്തിന്റെ ദാർശനിക ഉള്ളടക്കത്തെ അവതരിപ്പിക്കുന്ന പലതരം സർഗാത്മകാവിഷ്കാരങ്ങളുടെ ഭാഗമായാണ് ആദ്യകാലമാലപ്പാട്ടുകൾ രചിക്കപ്പെട്ടത്. വിശുദ്ധരുടെ അനുഗ്രഹവും കാവലും പ്രതീക്ഷിച്ച് മാലപാടുന്നത് ഒരുകാലത്ത് മാപ്പിളമതാനുഷ്ഠാനങ്ങളുടെ പ്രധാനഘടകമായിരുന്നു. അതിൽ മാപ്പിളകവികൾ ഏറ്റവും കൂടുതൽ മാലകൾ രചിച്ചത് ശൈഖ് അബ്ദുൽ ഖാദിർ അൽജീലാനിയെ കുറിച്ചാണ്. അറബിമലയാളത്തിലെ ആദ്യത്തെ കൃതിതന്നെ ശൈഖ് ജീലാനിയെക്കുറിച്ചുള്ള ഖാദി മുഹമ്മദിന്റെ മാലപ്പാട്ടാണ്. മാപ്പിളമാരുടെ രക്ഷാപുരുഷനും ആത്മീയവഴിയുമായിരുന്നു ശൈഖ് ജീലാനി. ദീനം മാറാനും സുഖപ്രസവത്തിനും മലബാർ സമരകാലത്ത് പോരിനിറങ്ങാനും മാപ്പിളമാർ മാലപ്പാട്ടുകൾ ചൊല്ലുകയും ശൈഖ് ജീലാനിയടക്കമുള്ള വിശുദ്ധരെ വിളിച്ചുപ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ആദ്യകാലത്ത് മാപ്പിളമാർ ആത്മീയമായി സംഘടിച്ചിരുന്നത് വിവിധ സൂഫീസരണികളിലൂടെയായിരുന്നു. തൽസ്ഥാനത്ത് ആയിരത്തിതൊള്ളായിരത്തി ഇരുപതുകളോടെ മുസ്ലിംങ്ങൾക്കിടയിൽ വിവിധ സംഘടനകൾ നിലവിൽ വരികയും സൂഫി പ്രസ്ഥാനങ്ങളുടെ സ്വാധീനം കുറയുകയും ചെയ്തു. മുസ്ലിം മുഖ്യധാരയിൽ നിന്നും സൂഫിസം പിൻവാങ്ങിയതോടെ പരമ്പരാഗത മാലപ്പാട്ടുസാഹിത്യം ഇന്ന് ഏറെക്കുറെ ഇല്ലാതായിരിക്കുന്നു എന്നുതന്നെ പറയാം.

ആദ്യകാല മാലപ്പാട്ടുകളുടെ ഈണവും വൃത്തവും പിൽക്കാലത്ത് വ്യാപകമായി ഉപയോഗിച്ചത് പാരഡി ഗാനങ്ങളാണ്. ഇത്, പാരമ്പര്യ മാപ്പിള ഈണങ്ങളുടെ ജനകീയ സ്വീകാര്യത എത്രത്തോളമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു. ഇത്തരം പാരഡികൾക്ക് ഒരു ഉദാഹരണമാണ്, സാമൂഹമാധ്യമങ്ങളിൽ ഇന്നും പ്രചാരത്തിലുളള, കലാഭവൻ മണിയുടെ വരികൾ:

“അരിപ്പൊടി ജീരകം മഞ്ഞള് കൊത്തമല്ലി... കറങ്ങിയടിച്ചോളേ”.

ഗൗരവമേറിയ ആത്മീയഉള്ളടക്കത്തിൽ നിന്നും വിനോദം, ഹാസ്യം, സാമൂഹിക വിമർശനം തുടങ്ങിയ വിഷയങ്ങളിലേക്ക് മാലപ്പാട്ടിന്റെ ഉള്ളടക്കം പരുവപ്പെട്ടതിനെ അടയാളപ്പെടുത്തുന്നതാണ് ഇത്തരം പാരഡി ഗാനങ്ങൾ.

ഖാലിദ് റഹ്മാന്റെ സംവിധാനത്തിൽ, 2022-ൽ പുറത്തിറങ്ങിയ ‘തല്ലുമാല’ എന്ന സിനിമയിലെ 'ആലം ഉടയോന്റെ അരുളപ്പാടിനാലെ' എന്ന് തുടങ്ങുന്ന വരികൾ മാലപ്പാട്ടിന്റെ താളവഴക്കങ്ങൾ കടംകൊണ്ടതാണ്. അതിലെ

"ലോലാ ലോലാ ലോലാ

ലോലാ ലോലാ ലോലാ"

എന്ന മാലപ്പാട്ടിന്റെ ഈണം സിനിമാഗാനരംഗത്ത് പുതിയ ഉണർവും ആവേശവുമായി. സ്പാനിഷ് എഴുത്തുകാരൻ മിഗ്വേൽ ദേ സെർവാന്റിസിന്റെ ക്ലാസ്സിക്ക് നോവലായ ഡോൺ ക്വിക് സോട്ടിനെ രംഗഭാഷ്യത്തിൽ അവതരിപ്പിക്കുന്ന, അലിയാർ അലി സംവിധാനം ചെയ്ത ‘നന്മയിൽ ജോൺ കിഹോത്തെ’ എന്ന നാടകത്തിൽ മാലപ്പാട്ടിന്റെ ഈണത്തിൽ ചേരമാൻ പെരുമാളിന്റെ മക്കയിലേക്കുളള യാത്ര ആവിഷ്കരിക്കുന്നുണ്ട്.

സ്പാനിഷ് എഴുത്തുകാരൻ മിഗ്വേൽ ദേ സെർവാന്റിസിന്റെ ക്ലാസ്സിക്ക് നോവലായ ഡോൺ ക്വിക് സോട്ടിനെ രംഗഭാഷ്യത്തിൽ അവതരിപ്പിക്കുന്ന,  അലിയാർ അലി സംവിധാനം ചെയ്ത  ‘നന്മയിൽ ജോൺ കിഹോത്തെ’ എന്ന നാടകത്തിൽ മാലപ്പാട്ടിന്റെ ഈണത്തിൽ ചേരമാൻ പെരുമാളിന്റെ മക്കയിലേക്കുളള യാത്ര ആവിഷ്കരിക്കുന്നുണ്ട്.
സ്പാനിഷ് എഴുത്തുകാരൻ മിഗ്വേൽ ദേ സെർവാന്റിസിന്റെ ക്ലാസ്സിക്ക് നോവലായ ഡോൺ ക്വിക് സോട്ടിനെ രംഗഭാഷ്യത്തിൽ അവതരിപ്പിക്കുന്ന, അലിയാർ അലി സംവിധാനം ചെയ്ത ‘നന്മയിൽ ജോൺ കിഹോത്തെ’ എന്ന നാടകത്തിൽ മാലപ്പാട്ടിന്റെ ഈണത്തിൽ ചേരമാൻ പെരുമാളിന്റെ മക്കയിലേക്കുളള യാത്ര ആവിഷ്കരിക്കുന്നുണ്ട്.

ഇവയ്ക്കുപുറമെ, പാരമ്പര്യത്തിന്റെ ആത്മീയ വഴിയിൽനിന്നും വിടുതൽനേടി മാലപ്പാട്ടുകളിലെ ഹാജിയോഗ്രഫിയും പുതിയ രീതിയിൽ ആവിഷ്കരിക്കപ്പെടുന്നുണ്ട്. അതിൽ പ്രധാനമാണ് വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള മാലപ്പാട്ടുകൾ. ടി.പി. അബ്ദുറഹ്മാൻ, എം. എൻ. കാരശ്ശേരി, വി.എം. കുട്ടി, എം.പി. അനസ് എന്നിവരുടെ മാലപ്പാട്ടുകളും അൻവർ അലിയുടെ ഗാന്ധിത്തൊടൽമാലയും അതിൽ പ്രധാനമാണ്.

സൂഫിസത്തിന്റെ ദാർശനിക ഉള്ളടക്കത്തെ ആധുനിക മതേതരപരിസരത്ത് പുനരാവിഷ്കരിച്ച വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചുള്ള മാലപ്പാട്ടുകൾ, അറബിമലയാള സാഹിത്യചരിത്രത്തിലെ സവിശേഷമായ ഒരു പഠനവിഷയമാണ്. ഈ പശ്ചാത്തലത്തിൽ, പ്രധാനമായും രണ്ടുകാര്യങ്ങളാണ് ലേഖനത്തിൽ അന്വേഷണവിധേയമാക്കുന്നത്. ഒന്നാമതായി അറബിമലയാളമാലപ്പാട്ടുസാഹിത്യത്തിലെ ഹാജിയോഗ്രഫി (Hagiography) എന്ന ശാഖയുടെ ആധുനികാവിഷ്കാരം എന്ന നിലയിൽ ബഷീർ മാലകളെ വിലയിരുത്തുകയും അവ പാരമ്പര്യ മാലപ്പാട്ടുകളിൽ വരുത്തിയ അടിസ്ഥാനപരമായ ഭാവുകത്വമാറ്റങ്ങളെ പരിശോധിക്കുകയും ചെയ്യുന്നു. രണ്ടാമതായി എം. എൻ. കാരശ്ശേരി, വി. എം. കുട്ടി, എം.പി. അനസ് എന്നിവരുടെ ബഷീർ മാലകളെ സൂക്ഷ്മവിശകലനം ചെയ്തുകൊണ്ട്, ഈ മൂന്ന് കൃതികളും ബഷീർ എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും എപ്രകാരമാണ് ആവിഷ്കരിക്കുന്നത് എന്ന് സമഗ്രമായി ചർച്ച ചെയ്യുന്നു.

എം. എൻ. കാരശ്ശേരി, വി. എം. കുട്ടി, എം.പി. അനസ് എന്നിവരുടെ ബഷീർ മാലകളെ സൂക്ഷ്മവിശകലനം ചെയ്തുകൊണ്ട്, ഈ മൂന്ന് കൃതികളും ബഷീർ എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും എപ്രകാരമാണ് ആവിഷ്കരിക്കുന്നത് എന്ന്  സമഗ്രമായി ചർച്ച ചെയ്യുന്നു.
എം. എൻ. കാരശ്ശേരി, വി. എം. കുട്ടി, എം.പി. അനസ് എന്നിവരുടെ ബഷീർ മാലകളെ സൂക്ഷ്മവിശകലനം ചെയ്തുകൊണ്ട്, ഈ മൂന്ന് കൃതികളും ബഷീർ എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും എപ്രകാരമാണ് ആവിഷ്കരിക്കുന്നത് എന്ന് സമഗ്രമായി ചർച്ച ചെയ്യുന്നു.

അറബിമലയാളത്തിലെ ഹാജിയോഗ്രഫി

സൂഫീഗുരുക്കന്മാരുടെ വിശുദ്ധജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കാവ്യങ്ങളാണ് അറബിമലയാളത്തിലെ മാലപ്പാട്ടുസാഹിത്യത്തിൽ ഉൾപ്പെടുന്ന ഹാജിയോഗ്രഫികൾ. ആദ്യ അറബിമലയാള സാഹിത്യകൃതിയായ മുഹ്‌യുദ്ദീൻമാല ഈ വിഭാഗത്തിൽപ്പെടുന്നതാണ്. പ്രശസ്ത പേർഷ്യൻ സൂഫീപണ്ഡിതനായ ശൈഖ് അബ്ദുൽ ഖാദർ ജീലാനിയെ (എ.ഡി.1077-1166) കുറിച്ചുള്ള പ്രകീർത്തനകാവ്യമാണ് മുഹ്‌യുദ്ദീൻമാല. ഈജിപ്ത് മുതൽ ഇൻഡോനേഷ്യ വരെയുള്ള ഇന്ത്യൻ മഹാസമുദ്രപാതയിലെ മുസ്ലിം ജനപ്രിയസംസ്കാരത്തിൽ ഏറ്റവും കൂടുതൽ സ്വാധീനംചെലുത്തിയ സൂഫിഗുരുവാണ് ശൈഖ് ജീലാനി. മുഹ്‌യുദ്ദീൻമാലക്കുശേഷം അതേസ്വഭാവത്തിലുള്ള നിരവധി കൃതികൾ അറബി മലയാളത്തിലുണ്ടായി. നഫീസത്ത് മാല, മഹമൂദ് മാല, മഞ്ഞക്കുളം മാല, മമ്പുറം മാല തുടങ്ങിയ പ്രസിദ്ധമായ മാലകളെല്ലാം ഹാജിയോഗ്രഫി വിഭാഗത്തിൽ പെടുന്നവയാണ്. പുണ്യാത്മാക്കളുടെ പ്രകീർത്തനങ്ങളോടൊപ്പം, സാമൂഹികവിമർശനങ്ങൾ, ധാർമിക ഉപദേശങ്ങൾ, ദാർശനികചർച്ചകൾ തുടങ്ങിയവയെല്ലാം മാലകളിൽ ഉള്ളടങ്ങിയിരിക്കുന്നു.

അറബിമലയാളത്തിലെ ഏറ്റവും സമ്പന്നവും ജനകീയവുമായ സാഹിത്യവിഭാഗമാണ് മാലപ്പാട്ടുകൾ. പുണ്യപുരുഷന്മാരുടെ ജീവിതാഖ്യാനങ്ങളും അപദാനങ്ങളും ഉൾക്കൊള്ളുന്ന ഹാജിയോഗ്രഫികൾക്കുപുറമെ, ആദ്യകാലത്ത് കല്യാണപാട്ടുകൾക്കും ഉറുദുഗാനങ്ങൾക്കും വെള്ളപ്പൊക്കമാലകൾക്കുമെല്ലാം മാല എന്ന പേര് നൽകപ്പെട്ടിരുന്നു. കിളത്തിമാല, നസ്വീഹത്ത്മാല, വെള്ളപ്പൊക്കമാല എന്നിവ ഉദാഹരണം.

അറബിമലയാളഹാജിയോഗ്രഫിയുടെ ചരിത്രം സൂഫീപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. മധ്യകാലത്ത് അറേബ്യയിലും പേർഷ്യയിലുമായി വികാസംപ്രാപിച്ച സൂഫീപ്രസ്ഥാനങ്ങൾ ഇന്ത്യൻ മഹാസമുദ്രപാതയിലുടനീളം വലിയ സ്വാധീനംനേടി. നിരവധി സൂഫീഗുരുക്കന്മാർ അവരുടെതായ ആത്മീയവഴികൾ രൂപപ്പെടുത്തുകയും വിശ്വാസികളെ അതിലൂടെ നയിക്കുകയും ചെയ്തു. പിന്നീടവ, പ്രത്യേക ആരാധനാരൂപങ്ങളും ചിട്ടവട്ടങ്ങളുമുള്ള വിപുലമായ ആത്മീയപ്രസ്ഥാനങ്ങളായി മാറി. ത്വരീക്കത്തുകൾ (മാർഗം) എന്നാണ് അവ അറിയപ്പെട്ടത്. കേരളത്തിലെ ഏറ്റവും സ്വാധീനമുള്ള ത്വരീഖത്തകളിൽ ഒന്നാണ് ശൈഖ് അബ്ദുൽ ഖാദർ ജീലാനിയുടെ പേരിൽ അറിയപ്പെടുന്ന ഖാദിരിയ്യ ത്വരീഖത്ത്. ഖാദിരിയാ ത്വരീഖത്തിന്റെ ഉപവിഭാഗങ്ങളായാണ് രിഫാഈ, ബാഅലവി തുടങ്ങിയ ത്വരീഖത്തുകൾ നിലവിൽ വന്നത്. ഓരോ ആത്മീയപ്രസ്ഥാനങ്ങളുടെയും അനുകർത്താക്കൾ തങ്ങളുടെ ആത്മീയഗുരുവിന്റെ പോരിശപറയാൻ പാട്ടുകൾ ചമയ്ക്കുകയും അനുഷ്ഠാനമുറകൾക്ക് രൂപം കൊടുക്കുകയും ചെയ്തു. മുഹിയുദ്ദീൻ മാലയുടെ കർത്താവായ ഖാസി മുഹമ്മദ്, ഖാദിരിയത്വരീഖത്തിന്റെ ശൈഖായിരുന്നു. ശൈഖ് ജീലാനിയെകുറിച്ച് അറബിഭാഷയിൽ രചിക്കപ്പെട്ട കൃതികളെ ഉപജീവിച്ചുകൊണ്ടാണ് അദ്ദേഹം മുഹിയുദ്ദീൻ മാല രചിച്ചത്.

സൂഫീഗുരുക്കന്മാരുടെ വിശുദ്ധജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കാവ്യങ്ങളാണ് അറബിമലയാളത്തിലെ മാലപ്പാട്ടുസാഹിത്യത്തിൽ ഉൾപ്പെടുന്ന ഹാജിയോഗ്രഫികൾ. ആദ്യ അറബിമലയാള സാഹിത്യകൃതിയായ മുഹ്‌യുദ്ദീൻമാല ഈ വിഭാഗത്തിൽപ്പെടുന്നതാണ്.
സൂഫീഗുരുക്കന്മാരുടെ വിശുദ്ധജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കാവ്യങ്ങളാണ് അറബിമലയാളത്തിലെ മാലപ്പാട്ടുസാഹിത്യത്തിൽ ഉൾപ്പെടുന്ന ഹാജിയോഗ്രഫികൾ. ആദ്യ അറബിമലയാള സാഹിത്യകൃതിയായ മുഹ്‌യുദ്ദീൻമാല ഈ വിഭാഗത്തിൽപ്പെടുന്നതാണ്.

ആദ്യകാല ഹാജോഗ്രഫികൾക്ക് രണ്ടുഭാഗങ്ങളുണ്ട്. പ്രതിപാദ്യപുരുഷനായ പുണ്യാത്മാവിനെ കുറിച്ചുള്ള അപദാനങ്ങളാണ് ഒന്നാം ഭാഗത്തുണ്ടാവുക. ഇരവ് എന്ന പേരിൽ കൊടുത്തുകാണുന്ന അനുബന്ധമാണ് രണ്ടാംഭാഗം. ഇതിനെ ഇടതേട്ടം എന്നും പറയും. പുണ്യാത്മാവിനെ മുൻനിർത്തി ദൈവത്തോട് നടത്തുന്ന പ്രാർത്ഥനയാണത്. നഫീസത്ത് മാല പോലെയുള്ള ചില കാവ്യങ്ങളിൽ ഒന്നാംഇരവ്, രണ്ടാംഇരവ് എന്നിങ്ങനെയും ചേർത്തുകാണുന്നു.

താളത്തിൽ പാടാവുന്ന ഗാനരൂപങ്ങളാണ് അറബിമലയാളത്തിലെ പ്രകീർത്തനകാവ്യങ്ങൾ. മുഹിയുദ്ദീൻ മാല തൊട്ടുള്ള പല കാവ്യങ്ങളിലേയും ഈരടികൾ 'ഓവർ' എന്ന ശബ്ദത്തിലാണ് അവസാനിക്കുന്നത്. നാടൻ പാട്ടുകളിൽ കാണുന്ന പദാവർത്തനങ്ങളുടെ മറ്റൊരു പതിപ്പാണിത്. താളത്തിൽ ചൊല്ലാനും ഓർമ്മിച്ചുവെക്കാനും ഇതുപകരിക്കും. ഗഹനമായ തത്വചിന്തകൾ പോലും മാലകൾ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. പുണ്യാത്മാവിനെക്കുറിച്ചുള്ള അപദാനങ്ങൾക്കുപുറമെ, ധാർമികോപദേശങ്ങളും സാരാംശകഥകളും മതതത്ത്വങ്ങളും അതിൽ ഉൾക്കൊള്ളുന്നു. താളാത്മകമായ ഘടനയും അവതരണത്തിലെ ലാളിത്യവും മാലകളെ ജനകീയമാക്കിത്തീർത്തു. പണ്ഡിതോചിതമായ മതസാഹിത്യങ്ങളെക്കാൾ സാമാന്യജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നതും അവരുടെ സാമൂഹിക-സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തിയതും ഇത്തരം കാവ്യങ്ങളാണ്. ശൈഖ് ജീലാനി, ശൈഖ് രിഫാഇ, നഫീസത്ത് ബീവി തുടങ്ങിയ മാപ്പിളമാരുടെ ദൈനംദിന ജീവിതത്തിലെ നിത്യസാന്നിധ്യമായിരുന്ന രക്ഷാപുരുഷസങ്കല്പങ്ങളെ ഉണ്ടാക്കിയെടുത്തതിൽ മാലകളുടെ പങ്ക് വലുതാണ്.

ഒരേസമയം ആത്മീയവും ഭൗതികവുമായ പ്രതിസന്ധികൾക്ക് ഉത്തരം കൊടുക്കാൻ മാലകൾക്ക് സാധിച്ചു.

"എന്നെ പിടിച്ചവർ ഇടറുന്ന നേരത്ത്

എപ്പോഴും അവർകൈ പിടിപ്പേൻ ഞാനെന്നോവർ

എന്നെ പിടിച്ചവർ ഏതുംപേടിക്കേണ്ട

എന്നെ പിടിച്ചോർത്ത് ഞാൻ കാവൽ എന്നവർ" (മുഹിയുദ്ദീൻ മാല)

ശൈഖ് ജീലാനിയുടെതായി മുഹിയുദ്ദീൻ മാലയിൽ ഉദ്ധരിച്ച ഇത്തരം വരികൾ എല്ലാ പ്രകീർത്തന കാവ്യങ്ങളിലും എമ്പാടുമുണ്ട്. ജീവിത പ്രതിസന്ധികളിൽ 'യാ മുഹിയദ്ദീൻ' എന്നുവിളിക്കാനും മരണാനന്തര ജീവിതത്തെ നിർഭയമായി കാണാനും മാപ്പിളമാരെ പഠിപ്പിച്ചത് മാലകളാണ്. സാമാന്യയുക്തിയിൽ അവിശ്വസനീയമായി തോന്നുന്ന കഥകളിലൂടെയും സംഭവവിവരണങ്ങളിലൂടെയും അത്തരം രക്ഷാപുരുഷസങ്കൽപ്പങ്ങളെ മാലകൾ സൃഷ്ടിച്ചെടുത്തു. കേരളീയ മുസ്ലിങ്ങളുടെ സാംസ്കാരികവും സാമൂഹികവും വിശ്വാസപരവുമായ നിലനിൽപ്പിന്റെ ഭാഗമായാണ് മാലകൾ എഴുതപ്പെട്ടതും ചൊല്ലിയിരുന്നതും എന്ന വിശാലമായ കാഴ്ച അറബിമലയാളത്തിലെ പ്രകീർത്തനകാവ്യങ്ങളെ മനസ്സിലാക്കുന്നതിൽ പ്രധാനമാണ്.

ബഷീർമാലകൾ: പാഠവിശകലനം.

എഴുത്തും വ്യക്തിജീവിതവും ഒരുപോലെ ആഘോഷിക്കപ്പെട്ട മലയാളത്തിലെ അപൂർവ്വം സാഹിത്യകാരരിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ. കഥപറഞ്ഞ്, കഥപറഞ്ഞ് സ്വയം കഥയായിത്തീർന്ന ഒരാൾ! എഴുത്തിലും ജീവിതത്തിലും ബഷീർ ഒരു സൂഫിയുടെ പരിവേഷം അണിഞ്ഞു. അറബിമലയാളത്തിലെ സൂഫീ പ്രകീർത്തനകാവ്യത്തിന്റെ മാതൃകയിൽ അരഡസനോളം ബഷീർ മാലകൾ രചിക്കപ്പെട്ടിട്ടുണ്ട്.

എം.എ. കാരശ്ശേരി (ബഷീർമാല 1991, ആഗസ്റ്റ് 21, ചന്ദ്രിക ആഴ്ചപ്പതിപ്പ്), പി.ടി. അബ്ദുറഹ്മാൻ (ബഷീർമാല, 1991 സെപ്റ്റംബർ 9, ചന്ദ്രിക ആഴ്ചപ്പതിപ്പ്), വി.എം. കുട്ടി (വൈക്കം മുഹമ്മദ് ബഷീർ മാലപ്പാട്ട്, 1994, ജൂലൈ 17, ചന്ദ്രിക ആഴ്ചപ്പതിപ്പ് പതിപ്പ്), എം.പി. അനസ് (സുൽത്താൻമാല, 2025, മെയ് 12, ട്രൂകോപ്പി തിങ്ക്) എന്നിവരാണ് മുഹിയുദ്ദീൻ മാലയുടെ മാതൃകയിലുള്ള മാലപ്പാട്ടുകൾ രചിച്ചത്. അൻവർ അലിയുടെ ഗാന്ധിത്തൊടൽമാല, ബഷീർ ഗാന്ധിയെ തൊട്ടനിമിഷത്തെ ആസ്പദമാക്കിയുള്ള കവിതയാണ്. മാലപ്പാട്ടിന്റെ ഘടനയോ സ്വഭാവമോ അതിനില്ല.

മൂന്നുമാലകളെ പാഠവിശകലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നു; എം.എൻ. കാരശ്ശേരി, വി. എം.കുട്ടി, എം. പി. അനസ് എന്നിവരുടെ ബഷീർമാലകൾ. അതിൽ താരതമ്യേന, പുതിയ കാവ്യമാണ് എം.പി അനസിന്റെ സുൽത്താൻമാല. ആഖ്യാനത്തിലെ പുതുമകൊണ്ട് അത് ശ്രദ്ധേയമാകുന്നു. കാരശ്ശേരിയുടെയും വി.എം. കുട്ടിയുടെയും മാലകൾ ഏറെക്കുറെ അടുത്തടുത്ത കാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും ചില മൗലിക വ്യത്യാസങ്ങൾ പുലർത്തുന്നതായി കാണാം. മൂന്നു മാലകളും ബഷീറിനെ അവതരിപ്പിക്കുന്നത് എങ്ങനെയാണ്? മാലകളിലെ പ്രതിപാദനത്തിലെ തെരഞ്ഞെടുപ്പ് എങ്ങനെയാണ്? പരമ്പരാഗതമാലപ്പാട്ടുസാഹിത്യവുമായുള്ള അവയുടെ താരതമ്യംചെയ്യുക എന്നീ കാര്യങ്ങളാണ് ഈ ഭാഗത്തുള്ളത്.

വായിക്കൂ, കേൾക്കൂ: സുൽത്താൻ മാല

എഴുത്തും വ്യക്തിജീവിതവും ഒരുപോലെ ആഘോഷിക്കപ്പെട്ട മലയാളത്തിലെ അപൂർവ്വം സാഹിത്യകാരരിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ.
എഴുത്തും വ്യക്തിജീവിതവും ഒരുപോലെ ആഘോഷിക്കപ്പെട്ട മലയാളത്തിലെ അപൂർവ്വം സാഹിത്യകാരരിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ.

ബഷീർമാല

ബഷീറിന്റെ വ്യക്തിവിശേഷണങ്ങളും കൃതികളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും പരാമർശകമാകുന്ന, 55 ഈരടികൾ അടങ്ങിയ മാലപ്പാട്ടുകൃതിയാണ് എം.എൻ കാരശ്ശേരിയുടെ ബഷീർമാല. 'അല്ലാ തിരുപേരും തുദിയും സലാവാത്തും' എന്ന മുഹിയുദ്ധീൻ മാലയുടെ രീതിയിലാണ് രചനയെന്ന് തുടക്കത്തിൽ പ്രത്യേകംചേർത്തിരിക്കുന്നു. മാലപ്പാട്ടിന്റെ രൂപപരമായ ഔപചാരികതയെ നിലനിർത്തിക്കൊണ്ട് കാവ്യാവസാനത്തിൽ രചയിതാവിന്റെ വിവരണവും ഉൾപ്പെടുത്തിയിരിക്കുന്നു. മുഹിയുദ്ദീൻമാലയെ അനുസ്മരിപ്പിക്കുന്ന നിരവധിവരികൾ മാലയിലുണ്ട്.

വായിക്കൂ, കേൾക്കൂ എം.എൻ കാരശ്ശേരിയുടെ ബഷീർ മാല

ഉദാ:

1. ബാവമുതുകീന്ന് കാത്തിബായ് വന്നവർ

(ബഷീർ മാല)

ബാവമുതുകീന്ന് ഖുതുബായി വന്നോവർ (മുഹിയുദ്ധീൻ മാല)

2. സുൽത്താനുൽ ബേപ്പൂരി എന്നുപേരുള്ളവർ (ബഷീർ മാല)

സുൽത്താനുൽഔലിയ എന്നു പേരുള്ളവർ (മുഹിയുദ്ധീൻ മാല)

3. അവർ ചൊന്നകഥയീന്നും പുസ്തകംതന്നീന്നും

കോർവ ഇതൊക്കെയും നോക്കിയെടുത്തവർ. (ബഷീർ മാല)

അവർചൊന്ന ബൈത്തിനും ബഹ്ജകിതാബിന്നും

അങ്ങനെ തക്മീല തന്നിന്നും കണ്ടോവർ

(മുഹിയുദ്ധീൻ മാല)

ഇത്തരത്തിൽ, ശൈലിയിലും പദസ്വീകാരത്തിലുമടക്കം മുഹിയുദ്ദീൻമാലയുമായി സമാനത പുലർത്തുന്നു. രൂപപരമായി പരമ്പരാഗതമാലകളോട് ചേർന്നുനിൽക്കുകയും മാലയുടെ ഔപചാരികഘടന നിലനിർത്തുകയും ചെയ്യുന്നുണ്ടെങ്കിലും വിശുദ്ധരുടെ ജീവചരിത്രാഖ്യാനമെന്ന മാലകളുടെ ഉള്ളടക്ക സ്വഭാവത്തെ ബഷീർമാലയിൽ നിരാകരിക്കുന്നു. വിശുദ്ധരുടെ സുൽത്താൻ എന്ന അർത്ഥത്തിൽ സുൽത്താനുൽഔലിയ എന്ന് ശെെഖ് ജീലാനിയെക്കുറിച്ച് മുഹിയുദ്ദീൻ മാലയിൽ വിശേഷിപ്പിക്കുന്നുണ്ട്. ശെെഖ് ജീലാനിയുടെ ആത്മീയ പദവിയെ സൂചിപ്പിക്കുന്ന ആ പ്രയോഗത്തിനുപകരം, സുൽത്താനുൽ ബേപ്പൂരി എന്ന ലൗകിക പദവിയും വിശേഷണവുമാണ് ബഷീർ മാലയിലുള്ളത്. പരമ്പരാഗത മാലകളിൽ വിശുദ്ധന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളും (കറാമത്തുകൾ) ആത്മീയപദവികളും വിവരിക്കുന്ന സ്ഥാനത്ത്, ബഷീറിന്റെ ജീവിതത്തിലെ അനർഘനിമിഷങ്ങളെയോ കൃതികളെയോ കുറിച്ച് ബഷീർമാലയിൽ ഹ്രസ്വമായി വിവരിക്കുകയാണ് ചെയ്യുന്നത്. ഭക്തിയും അനുഗ്രഹവും ലക്ഷ്യമാക്കിയുളള പരമ്പരാഗതമാലകളുടെ ധർമ്മത്തിൽ നിന്ന് മാറി, ബഷീറിന്റെ ജീവിതത്തെയും കൃതികളെയും കുറിച്ചുള്ള സാഹിത്യപരമായ പ്രകീർത്തനം എന്ന നിലയിലാണ് കാരശ്ശേരിയുടെ ബഷീർമാല നിലകൊള്ളുന്നത്.

ബഷീറിന്റെ ദർശനങ്ങളിലെ മതാതീതമായ ആത്മീയതയെ അവതരിപ്പിക്കാനാണ് കാരശ്ശേരി ശ്രമിക്കുന്നത്. പൊരുള് തിരയുന്ന സൂഫിയായ് തീർന്നാരെ/പത്ത് സനത്തോളം ചുറ്റി നടന്നോവർ, ഹഖിന്റെ സാരവും ബ്രഹ്മത്തിൻ സാരവും/ഹഖായി ഒന്നെന്ന് എപ്പോളും ചൊന്നോവർ തുടങ്ങിയ വരികളിലിൽ ദൃശ്യമാകുന്ന ബഷീർ മാലയിലെ സൂഫീസങ്കല്പം പരമ്പരാഗ അർത്ഥത്തിലല്ല ആവിഷ്കരിച്ചിരിക്കുന്നത്. മതപരമായ ചിട്ടകൾക്കകത്തുനിന്നുകൊണ്ട് ബാഹ്യവും ആന്തരികവുമായ ആത്മീയജീവിതത്തെ പ്രകാശിപ്പിക്കുന്ന പരമ്പരാഗത സൂഫിസങ്കല്പത്തിനുപകരം, ബഷീറിന്റെ ദാർശനികസമീപനങ്ങളുടെയും ജീവിതമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ സൂഫിസം എന്ന രൂപകത്തെ ആധുനിക മതേതരമൂല്യങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്.

ബഹുഭാഷാപദങ്ങൾ കലർത്തി ഉപയോഗിക്കുന്ന ആദ്യകാലമാലകളുടെ ശൈലി ബഷീർ മാലയിലും കാണാം. കാത്തിബ്, സയ്യിദ്, സുൽത്താൻ, ദർജ, അനൽ ഹഖ്, സീറ, റാവി, മദ്ഹ്, ഫളല്, ഷജറ്, ഷറഫ്, മർത്തബ തുടങ്ങിയ അറബിഭാഷാപദങ്ങളും വളർമ്മ, പിരാന്ത്, പോരിശ, ഉശർമ്മ, പിരിശം, അശക്, വമ്പ്, മണ്ടിനടക്കുക, മങ്ക, പോരിമ, തിശ, മന്തിരം, ചേതികൾ, ചിന്ത്, ആരമ്പ, മൊഞ്ചത്തി, മാലോർ തുടങ്ങിയ മാപ്പിളമലയാളപദങ്ങളും ഉദാഹരണങ്ങളായെടുക്കാം. എന്നാൽ മാനകമലയാളത്തിലുളളതോ സംസ്കൃത സ്വാധീനമുള്ളതോ ആയ പദങ്ങളുടെ ആധിക്യം പല വരികളിലും മാലയുടെ പാരായണക്ഷമതയെ ബാധിക്കുന്നുണ്ട്. പരമ്പരാഗതമാലകൾ പ്രകീർത്തിച്ചിരുന്നത് വിശുദ്ധരുമായി ബന്ധപ്പെട്ട ഐതിഹ്യപരമായ സംഭവങ്ങളെയും അത്ഭുതസിദ്ധികളെയുമായിരുന്നു. എന്നാൽ, വൈക്കം മുഹമ്മദ് ബഷീർ എന്ന ആധുനിക മനുഷ്യന്റെ സങ്കീർണമായ ജീവിതവും കൃതികളുടെ വിവരണവും മാലപ്പാട്ടെന്ന പരമ്പരാഗതസാഹിത്യജനുസ്സിനകത്തേക്ക് കൊണ്ടുവരുമ്പോൾ ഇത്തരം പരിമിതികൾ സ്വാഭാവികമാണ്.

ബഷീറിന്റെ വ്യക്തിവിശേഷണങ്ങളും കൃതികളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും പരാമർശകമാകുന്ന, 55 ഈരടികൾ അടങ്ങിയ മാലപ്പാട്ടുകൃതിയാണ് എം.എൻ കാരശ്ശേരിയുടെ ബഷീർമാല.
ബഷീറിന്റെ വ്യക്തിവിശേഷണങ്ങളും കൃതികളും കഥാപാത്രങ്ങളും ജീവിതസന്ദർഭങ്ങളും പരാമർശകമാകുന്ന, 55 ഈരടികൾ അടങ്ങിയ മാലപ്പാട്ടുകൃതിയാണ് എം.എൻ കാരശ്ശേരിയുടെ ബഷീർമാല.

വൈക്കം മുഹമ്മദ് ബഷീർ മാലപ്പാട്ട്

1994 ജൂലൈ 17-ലെ ചന്ദ്രികാ ആഴ്ച്ചപ്പതിപ്പിലാണ് വി.എം കുട്ടിയുടെ വൈക്കം മുഹമ്മദ് ബഷീർ മാലപ്പാട്ട് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് വിപുലീകരിച്ച് എഴുതുകയും പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുമാണ് ഉണ്ടായത്. ബഷീറിന്റെ സായാഹ്നസദസ്സിൽ, മാല ചൊല്ലിക്കേൾപ്പിച്ചിരുന്നെന്നും ‘ശിങ്കിടി മുങ്കൻ’ എന്ന കഥാപാത്രത്തെ മാലയിൽ ചേർക്കാൻ ബഷീർ നിർദ്ദേശിച്ചതായും വി.എം കുട്ടി ആമുഖത്തിൽ എഴുതുന്നുണ്ട്. തമിഴ്നോവലിസ്റ്റായ തോപ്പിൽ മുഹമ്മദ് മീരാനാണ് അവതാരിക എഴുതിയത്. പരമ്പരാഗത മാലകളിൽ കാണുന്നതുപോലെ ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലിക്കൊണ്ടാണ് തുടക്കം. ആകെ 197 ഈരടികളുള്ള സാമന്യം വലിയമാല. വി.എം കുട്ടിയുടെ മാപ്പിളപ്പാട്ട് ഗാനരംഗത്തുള്ള നീണ്ടകാലത്തെ പ്രാഗല്ഭ്യം, മലപ്പാട്ടിന്റെ രചനയിൽ തെളിഞ്ഞുകാണുന്നുണ്ട്. കാവ്യത്തിലുടനീളം മാപ്പിളമലയാളപദങ്ങൾ തികവോടെ ഉപയോഗിച്ചിരിക്കുന്നു. ബഷീർ കൃതികളെ ഉദ്ധരിക്കുകയോ സൂചിപ്പിക്കുകയോ ചെയ്യുമ്പോൾ കൃതിയുടെ പേരും പേജുനമ്പറും സഹിതം റഫറൻസ് കൊടുക്കുന്നുണ്ട്. ബഷീറിന്റെ ജീവിതത്തിലെ സുപ്രധാനസംഭവങ്ങൾ, സംഭാഷണങ്ങൾ, ദാർശനിക വീക്ഷണങ്ങൾ, കൃതികളും കഥാപാത്രങ്ങളും തുടങ്ങിയവയെല്ലാം മാപ്പിളപ്പാട്ടിന്റെ പ്രാസനിയമങ്ങൾ പാലിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നു. വി.എം. കുട്ടിയുടെ മാലയ്ക്ക് വിവരണാത്മക സ്വഭാവം കൂടുതലാണ്. ഒന്നുരണ്ടുദാഹരണങ്ങൾ നോക്കാം;

“ജയിലിൽ കിടക്കും മകനെയും കാത്തിട്ട് ചോറും കറിയുമായി ‘അമ്മ’ ഇരിക്കുന്നു”

സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ ബഷീർ എഴുതിയ അമ്മ എന്ന കഥയെക്കുറിച്ച് ഈ രണ്ടുവരിയിൽ കാരശ്ശേരി ചുരുക്കിപ്പറയുന്നു. അതേകാര്യം, വി.എം. കുട്ടിയുടെ മാലയിൽ പന്ത്രണ്ട് വരിയിലൂടെ വിസ്തരിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്.

“തടവും കഴിഞ്ഞു ജയിലിന്നിറങ്ങിയോർ, ഉമ്മായെ കാണാൻ മനസ്സ് കൊതിച്ചവർ”

എന്ന വരികളിൽ തുടങ്ങി, വിദൂരദേശത്തു നിന്നും പാതിരാത്രി തളർന്നു വീട്ടിലെത്തിയ മകന്, കരുതിവെച്ച ഭക്ഷണമെടുത്തുകൊടുത്ത്, നിറകണ്ണുകളോടെ മകനെ തലോടുന്നതും വിശേഷങ്ങൾ ആരായുന്നതുമായ അമ്മയുടെ ചിത്രം വിസ്തരിച്ചുതന്നെ പറഞ്ഞിരിക്കുന്നു. ‘ഒരു മനുഷ്യൻ’ എന്ന കഥയുടെ പ്രതിപാദനത്തിലും ഇത് കാണാം.

“ഏതു ‘മനുഷ്യന്റെ’ ഉള്ളിലും അലിവെന്ന് കൊടിയൊരു കള്ളന്റെ കനിവിലും കണ്ടോവർ” -

എന്നാണ് കാരശ്ശേരിയുടെ മാലയിലുള്ളത്. അതേസ്ഥാനത്ത് വി.എം. കുട്ടിയുടെ മാലയിൽ പതിനെട്ടു വരിയിലൂടെ കഥ മുഴുവനായും പറഞ്ഞുവെക്കുന്നുണ്ട്. പാത്തുമ്മയുടെ ആട് (12 ഈരടി), ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് (8 ഈരടി), തേന്മാവ് (5 ഈരടി), മതിലുകൾ (10 ഈരടി) തുടങ്ങിയവയുടെ സ്ഥിതിയം ഇതുതന്നെ. ഖാസി മുഹമ്മദിന്റെ മുഹിയുദ്ദീൻ മാലയും പിൽക്കാലത്ത് രചിക്കപ്പെട്ട മുഹിയുദ്ധീൻ മാലകളും താരതമ്യംചെയ്യുമ്പോൾ ഇതേകാര്യം കാണാനാകും.

ശൈഖ് ജീലാനിക്ക് മുഹിയദ്ദീൻ എന്ന പേര് കിട്ടിയതിനെകുറിച്ച് ഖാസി മുഹമ്മദിന്റെ മുഹിയുദ്ദീൻ മാലയിൽ രണ്ടുവരിയിൽ പറഞ്ഞുവെക്കുന്നു:

“മൂലമുടയവൻ ഏകലരുളാലെ മുഹിയുദ്ദീനെന്നു പേർ ദീൻതാൻ വിളിച്ചോവർ”

അതേകാര്യം, 1915-ൽ എം.പി ഫക്കീർ മുഹമ്മദ് രചിച്ച പുതിയ മുഹിയുദ്ധീൻ മാല നേർച്ചപ്പാട്ടിൽ, ആ സംഭവത്തെ ഉദ്ധരിച്ച വ്യക്തികളുടെ പേരടക്കം പറഞ്ഞുകൊണ്ട് സുദീർഘമായാണ് വിവരിക്കുന്നത്. കാരശ്ശേരിയുടെ മാലയോട് സമാനത പുലർത്തുന്ന നിരവധി വരികൾ ബഷീർ മാലയിലുണ്ട്. ഉദാഹരണങ്ങൾ നോക്കാം.

“ആനക്കഥകളും പൂച്ചക്കഥകളും ആട്ടിൻ കഥകളും പലതും പറഞ്ഞോവർ” (എം. എൻ കാരശ്ശേരി)

“പ്രേമക്കഥകളും പൂച്ചക്കഥകളും പാമ്പിൻ കഥകളും ഏറെപ്പറഞ്ഞോവർ” (വി. എം. കുട്ടി)

“പാമ്പും കുറുക്കനും അവരെ ഹബീബാണ് പൂച്ചയും ഈച്ചയും അവരെ റഫീഖാണ്” (എം.എൻ കാരശ്ശേരി)

“പാമ്പും കുറുക്കനും പാറും പറവയും പൂച്ചയും ഈച്ചയും ഒക്കെ ഹബീബായോർ” (വി. എം. കുട്ടി)

“ജീവിതം തന്നെയും അറ്റമില്ലാതുളള പ്രാർത്ഥനയാണെന്ന പൊരുള് പറഞ്ഞോവർ” (എം. എൻ കാരശ്ശേരി)

“അറ്റമില്ലാതുളള പ്രാർത്ഥനയാകുന്നു ജീവിതമെന്ന് നമുക്കോതിത്തന്നോവർ” (വി.എം. കുട്ടി)

ഭാഷ, താളാത്മകത എന്നിവയ്ക്ക് പുറമേ, ഉള്ളടക്കത്തെ പരിഗണിക്കുമ്പോഴും പരമ്പരാഗതമാലപ്പാട്ട് സാഹിത്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ബഷീർ മാല വി എം കുട്ടിയുടേതാണ്. മാല ചമച്ചതിന്റെ ഉദ്ദേശ്യം ഭക്തിയല്ലെങ്കിൽ കൂടി, അനുവാചകർക്ക് പല വരികളിലും ഭക്തിയുടെ മിന്നലാട്ടം അനുഭവപ്പെടും.

ഇടതു കൈ അറിയാതെ സദഖ ഒരുപാട്

നൽകി അനുദിനം സന്തോഷം പൂണ്ടോവർ

……………

ഷറഫേറയുള്ളൊരു കരളിന്നൊളിയാലേ

ദുനിയാവിൽ കണ്ണ് തുറന്നുകൊടുത്തോവർ

…………….

ഇസ്ലാം മതത്തിൻറെ പൊരുളേറെ കണ്ടോവർ

ഇഖ്റഇൻ പോരിശ ഏറ്റു മൊഴിഞ്ഞോവർ

തുടങ്ങിയ ഒട്ടേറെ വരികൾ വിശുദ്ധാത്മാക്കളെ കുറിച്ചുള്ള പരമ്പരാഗതപ്രകീർത്തനകാവ്യങ്ങളെ ഓർമിപ്പിക്കുന്നു.

ബിസ്മി, ഹംദ്, സ്വലാത്ത് എന്നിവ കൊണ്ടാരംഭിക്കുകയും ഇരവിലൂടെ (പ്രാർത്ഥന) അവസാനിക്കുകയും ചെയ്യുന്ന പരമ്പരാഗതമാലകളുടെ ചിട്ടവഴക്കങ്ങളെ പിന്തുടരുന്നു എന്നതാണ് ‘വൈക്കം മുഹമ്മദ് ബഷീർ മാലപ്പാട്ടി’നെ വ്യത്യസ്തമാക്കുന്നത്.

പരമ്പരാഗത മാലകളിൽ കാണുന്നതുപോലെ ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലിക്കൊണ്ടാണ് തുടക്കം. ആകെ 197 ഈരടികളുള്ള സാമന്യം വലിയമാല. വി.എം കുട്ടിയുടെ മാപ്പിളപ്പാട്ട് ഗാനരംഗത്തുള്ള നീണ്ടകാലത്തെ പ്രാഗല്ഭ്യം, മലപ്പാട്ടിന്റെ രചനയിൽ തെളിഞ്ഞുകാണുന്നുണ്ട്.
പരമ്പരാഗത മാലകളിൽ കാണുന്നതുപോലെ ബിസ്മിയും ഹംദും സ്വലാത്തും ചൊല്ലിക്കൊണ്ടാണ് തുടക്കം. ആകെ 197 ഈരടികളുള്ള സാമന്യം വലിയമാല. വി.എം കുട്ടിയുടെ മാപ്പിളപ്പാട്ട് ഗാനരംഗത്തുള്ള നീണ്ടകാലത്തെ പ്രാഗല്ഭ്യം, മലപ്പാട്ടിന്റെ രചനയിൽ തെളിഞ്ഞുകാണുന്നുണ്ട്.

സുൽത്താൻ മാല

മലയാളത്തിന്റെ പ്രിയകഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ പ്രമേയമാകുന്ന ‘ദീർഘകവിത’ എന്ന ആമുഖവാക്യത്തോടെ 2025 മെയ് മാസത്തിൽ ട്രൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച എം.പി അനസിന്റെ കവിതയാണ് സുൽത്താൻ മാല. അയ്യങ്കാളിമാലയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരുകാവ്യം. മാപ്പിളപ്പാട്ടിന്റെ ഇശലിൽ കോർത്തെടുത്ത അയ്യങ്കാളിമാല, പരമ്പരാഗത മാലകളുടെ തുടർച്ചയിൽ വരുന്നതാണ്. ഹംദ് (ദൈവസ്തുതി), സ്വലാത്ത് (പ്രവാചകനോട് വേണ്ടിയുള്ള പ്രാർത്ഥന) എന്നീ പ്രാരംഭമുറകൾക്കുപുറമേ അറബി മലയാളത്തിലെ ആദ്യകാവ്യമായ മുഹിയുദ്ദീൻ മാലയെയും അതിന്റെ കർത്താവിനെയും അയ്യങ്കാളിമാലയിൽ അനുസ്മരിക്കുന്നുണ്ട്. സുൽത്താൻമാല ഇതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. നാലുവരിവരുന്ന അവസാനത്തിലെ 'ഇരവ'ടക്കം പത്തൊമ്പത് കോർവകളാണ് സുൽത്താൻ മാലയിലുള്ളത്. മാലപ്പാട്ട് എന്ന സാഹിത്യരൂപത്തെ, സമ്പൂർണ്ണമായി പുന:രാവിഷ്കരിക്കാനുള്ള ശ്രമം കാവ്യത്തിൽ കാണാം. മാപ്പിളപ്പാട്ടിന്റെ ഇശലുകൾ ഭാഗികമായേ പിന്തുടരുന്നുള്ളൂ. ഗദ്യവർണ്ണനകളും ധാരാളമായി കടന്നുവരുന്നു. സംഘകാലകാവ്യപാരമ്പര്യത്തെ അനുസ്മരിച്ചുകൊണ്ടാണ് കവിത ആരംഭിയ്ക്കുന്നത്. മാലപ്പാട്ടുസാഹിത്യത്തെയും സുൽത്താൻമാലയെയും സംഘകാലസാഹിത്യത്തിന്റെ തുടർച്ചയിൽ സ്ഥാനപ്പെടുത്താൻ ശ്രമിക്കുന്നു.

സുൽത്താൻമാലയിൽ മാലപ്പാട്ട് സാഹിത്യത്തിന്റെ തുടർച്ചയും മൗലികമായ ഇടർച്ചയും ഒരേസമയം കണ്ടെത്താം. രണ്ടാം കോർവയിലെ പ്രാർത്ഥനാവരികളായ, ‘അറ്റമില്ലാത്ത നേരത്തിനുടയോരും കരുതും കനിവതിൻ ഉദവികളായോരും’ എന്ന ഈരടി ഇതിന് ഉദാഹരണമാണ്. ഈ വരികൾ ഒരുവശത്ത് മാലപ്പാട്ടിന്റെ ഔപചാരികമായ പ്രാരംഭരീതിയെ പിന്തുടരുമ്പോൾ, മറുവശത്ത് പ്രാർത്ഥനയുടെ ഉള്ളടക്കത്തെ മതേതരവും ദാർശനികവുമായ മാനങ്ങളിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. 'അറ്റമില്ലാത്ത നേരം', 'കനിവ്' എന്നിവയിൽ ഊന്നൽ നൽകുന്നതിലൂടെ സ്നേഹത്തിലും അനന്തതയിലും അധിഷ്ഠിതമായ ബഷീറിന്റെ ദൈവസങ്കൽപ്പത്തെയാണ് മുന്നോട്ടുവെക്കുന്നത്.

“കഥകളതെല്ലാമേ

ദൈവമറിയുമ്പോൾ

ഇരവുകളെന്തിന്നായെ-

ന്നായിരുന്നാരേ.”

ഏഴാംകോർവയിലെ ഈ വരികളിലൂടെ പ്രാർത്ഥനയുടെ സാമ്പ്രദായികാർത്ഥത്തെ ചോദ്യംചെയ്യുകയും ചെയ്യുന്നുണ്ട്. പാരമ്പര്യമാലകളുടെ അവസാനത്തിൽ പ്രകീർത്തനം ചെയ്ത പുണ്യാത്മാവിനെ മുൻനിർത്തി ദൈവത്തോട് നടത്തുന്ന ഇരവ് (പ്രാർത്ഥന) ചേർക്കാറുണ്ട്. സുൽത്താൻ മാലയിലെയും അവസാനത്തെ കോർവ ഇരവാണ്. എന്നാലിവിടെ പ്രാർത്ഥനയ്ക്ക് മതപരമോ ദൈവശാസ്ത്രപരമോ ആയ അർത്ഥമില്ല. മാനവികവും പാരിസ്ഥിതികവുമായ മതേതരാർത്ഥത്തിലേക്ക് പ്രാർത്ഥനയുടെ ഉള്ളടക്കത്തെ സ്ഥാപിച്ചിരിക്കുന്നു.

“ഒരു തൈ നടുവതിരവ്

അതിരില്ലാത നനവതിരവ്

അരുൾ പകരുവതിരവ്

അറിവേ വാഴ് വതിരവ്.”

അറബിമലയാള ഇശലുകളിൽ ചൊല്ലിപ്പോകാവുന്ന രൂപഘടനയും അറബി, തമിഴ്, സംസ്കൃതം, മലയാളം തുടങ്ങിയ ബഹുഭാഷാപദങ്ങളെ തന്മയത്വത്തോടെ ഉപയോഗിക്കുന്ന ഭാഷാശൈലിയും ചേർന്നതാണ് മാലപ്പാട്ട് സാഹിത്യം. സുൽത്താൻ മാലയിൽ ഈ രണ്ടു കാര്യങ്ങളെയും ഭാഗികമായേ പിന്തുടരുന്നുള്ളൂ. രണ്ട്, നാല്, ഏഴ് എന്നീ കോർവകളിൽ മാത്രമാണ് മാലപ്പാട്ടിന്റെ ഇശൽ സ്വീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള ഭൂരിഭാഗം കോർവകളും താളാത്മകമായ ഗദ്യത്തിലാണ് എഴുതിയിട്ടുള്ളത്. ബഹുഭാഷാപദങ്ങളുടെ സൂക്ഷ്മവിന്യാസമടങ്ങിയ വരികൾ കാണാമെങ്കിലും മാലപ്പാട്ടിന്റെ ചിട്ടവഴക്കങ്ങൾ കടംകൊണ്ട്, മാനകമലയാളത്തിൽ രചിച്ച, ഒരാധുനികകവിത എന്ന വിശേഷണമാണ് സുൽത്താൻ മാലയ്ക്ക് കൂടുതൽ ചേരുക. മറ്റു രണ്ടുമാലകളിലുള്ളതുപോലെ ബഷീറിൻറെ ജീവിതം, ദർശനം, കൃതികളുടെ ഉള്ളടക്കം, കഥാപാത്രങ്ങൾ, മിസ്റ്റിക്ഭാവങ്ങൾ, അനുഭവങ്ങൾ എന്നിവയെല്ലാം സുൽത്താൻ മാലയിലും കാവ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.

നാല് നൂറ്റാണ്ടിന്റെ ചരിത്രമുള്ള അറബിമലയാളത്തിലെ മാലപ്പാട്ടുസാഹിത്യം അതിന്റെ രൂപപരവും ഭാവുകത്വപരവുമായ പരിണാമഘട്ടങ്ങളെ എങ്ങനെ അതിജീവിക്കുന്നു എന്നാണ് ബഷീർമാലകളെ മുൻനിർത്തി ഈ പ്രബന്ധം വിശകലനം ചെയ്തത്. മതാനുഷ്ഠാനരൂപത്തിൽ നിന്നുമാറി മാലപ്പാട്ടുകൾ സാംസ്കാരികവും മതേതരവുമായ പുനർവായനകൾക്ക് വിധേയമാകുന്നതിന്റെ ദൃഷ്ടാന്തമാണ് ബഷീർ മാലകൾ. ആദ്യകാലമാലകളിലെ അമാനുഷികനായ 'ദിവ്യൻ' (The Divine) എന്ന സങ്കല്പം, ബഷീർ മാലകളിലേക്ക് എത്തുമ്പോൾ മാനവികതയുടെ ഉദാത്ത മാതൃകയായ 'മഹാനായ മനുഷ്യൻ' (The Great Human) എന്ന നിലയിലേക്ക് പരിവർത്തിക്കപ്പെടുന്നത് ഈ സാഹിത്യശാഖയിലെ വിപ്ലവകരമായ മാറ്റമാണ്.

പരമ്പരാഗതമാലകളിലെ കേന്ദ്രകഥാപാത്രമായ ശൈഖ് ജീലാനി എന്ന വിശുദ്ധന്റെ മഹത്വവും ആത്മീയപദവിയും ആദ്യകാലമാലകൾ സ്ഥാപിച്ചെടുത്തത് പ്രകൃതിനിയമങ്ങളെ മറികടക്കുന്ന അത്ഭുതപ്രവർത്തികളുടെ (കറാമത്തുകൾ) വിവരണത്തിലൂടെയാണ്. മരിച്ചവരെ ജീവിപ്പിക്കാനും പ്രകൃതിശക്തികളെ നിയന്ത്രിക്കാനും കഴിയുന്ന ഒരു രക്ഷാപുരുഷനായി അദ്ദേഹം വിശ്വാസികൾക്കിടയിൽ നിലകൊണ്ടു. എന്നാൽ ബഷീർമാലകളിലേക്ക് എത്തുമ്പോൾ, ഈ 'ദിവ്യത്വം' അതിന്റെ അമാനുഷികപരിവേഷം വെടിയുകയും പകരം അത് ലൗകികമായ മാനുഷികതയിലേക്ക് പറിച്ചുനടപ്പെടുകയും ചെയ്യുന്നു. ബഷീർ മാലകളിൽ അത്ഭുതം എന്നത് അമാനുഷിക പ്രവൃത്തിയല്ല, മറിച്ച് സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും അനുകമ്പയുമാണ്. 'മനുഷ്യൻ' എന്ന കഥയിലെ കൊടിയകള്ളന്റെ മനസ്സുമാറ്റുന്നത് ദിവ്യത്വത്തിലൂടെയല്ല, മറിച്ച് ബഷീർ എന്ന മനുഷ്യന്റെ അലിവിലൂടെയാണ്. ഇവിടെ മനുഷ്യസ്നേഹം തന്നെയാണ് ഏറ്റവും വലിയ ‘കറാമത്താ’യി ആവിഷ്കരിക്കപ്പെടുന്നത്.

സൂഫിസത്തിന്റെ പൊരുളായ 'അനൽഹഖ്' (ഞാൻ സത്യമാകുന്നു) എന്ന ദർശനത്തെ, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലും ദൈവത്തെ ദർശിക്കുന്ന 'ഭൂമിയുടെ അവകാശികൾ' എന്ന ദർശനമായി ബഷീർ വിപുലപ്പെടുത്തി. ശൈഖ് ജീലാനി തന്റെ മുരീദുകളെ (ശിഷ്യന്മാർ) അപകടങ്ങളിൽ നിന്ന് കാത്തുരക്ഷിക്കുമ്പോൾ, ബഷീർ തന്റെ സുഹൃത്ത് വലയങ്ങളെയും കഥാപാത്രങ്ങളെയും പൂച്ചയെയും പാമ്പിനെയുമെല്ലാം 'ഹബീബുകളായി' (പ്രിയപ്പെട്ടവർ) കണ്ട് കൂടെച്ചേർക്കുന്നു. 'ബാവ മുതുകിൽ നിന്ന് ഖുതുബായി വന്നവർ' എന്ന ശൈഖ് ജീലാനിയുടെ പ്രഭാവം, 'ബാവ മുതുകിൽ നിന്ന് കാത്തിബായി (എഴുത്തുകാരൻ) വന്നവർ' എന്ന പദവിയിലേക്ക് പരിണമിക്കുമ്പോൾ, ദിവ്യത്വത്തിന്റെ സിംഹാസനത്തിൽ നിന്ന് മനുഷ്യത്വത്തിന്റെ എഴുത്തുപുരയിലേക്ക് ആത്മീയതയുടെ കേന്ദ്രം മാറുന്നു.

സൂഫിസത്തിന്റെ പൊരുളായ 'അനൽഹഖ്' (ഞാൻ സത്യമാകുന്നു) എന്ന ദർശനത്തെ, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലും ദൈവത്തെ ദർശിക്കുന്ന 'ഭൂമിയുടെ അവകാശികൾ' എന്ന ദർശനമായി ബഷീർ വിപുലപ്പെടുത്തി.
സൂഫിസത്തിന്റെ പൊരുളായ 'അനൽഹഖ്' (ഞാൻ സത്യമാകുന്നു) എന്ന ദർശനത്തെ, പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളിലും ദൈവത്തെ ദർശിക്കുന്ന 'ഭൂമിയുടെ അവകാശികൾ' എന്ന ദർശനമായി ബഷീർ വിപുലപ്പെടുത്തി.

ചുരുക്കത്തിൽ, മതപരമായ അതിർവരമ്പുകൾക്കുള്ളിൽ നിന്നുള്ള പ്രകീർത്തന രൂപത്തെ (Hagiography) സാർവ്വലൗകികമായ ഒരു മതേതര ആവിഷ്കാരമാക്കി മാറ്റുന്നതിൽ ബഷീർ മാലകൾ വിജയിച്ചിരിക്കുന്നു. പാരമ്പര്യത്തിന്റെ ഈണവും ആധുനികതയുടെ മാനവികദർശനവും ഒത്തുചേരുന്ന ഈ കൃതികൾ, മലയാള സാഹിത്യത്തിലെ പാരമ്പര്യരൂപങ്ങൾ എങ്ങനെ കാലാനുസൃതമായി സ്വയം നവീകരിക്കുന്നു എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ്.

ഗ്രന്ഥസൂചി

  1. എം. എൻ. കരശ്ശേരി, 2023, ബഷീർ മാല, സായാഗ്ന ഫൌണ്ടേഷൻ, ജഗതി, തിരുവനന്തപുരം

  2. എം. പി. അനസ്, 2025, സുൽത്താൻ മാല, ട്രൂക്കോപ്പി തിങ്ക്

  3. ബാലകൃഷിണൻ വളളിക്കുന്ന്, ഉമർ തറമേൽ, 2018, മാപ്പിളപ്പാട്ട് പാഠവും പഠനവും, അദർ ബുക്സ്, കോഴിക്കോട്.

  4. വി. എം. കുട്ടി, 2012, വൈക്കം മുഹമ്മദ് ബഷീർ മാലപ്പാട്ട്, ലിപി പബ്ലിക്കേഷൻ, കോഴിക്കോട്.

ഇംഗ്ലീഷ് പുസ്തകങ്ങൾ

  1. Delehaye, Hippolyte, 1907, The Legends of the Saints, Longmans Green and Co., London.

  2. Renard, John, 2004, Friends of God: Islamic Images of Piety, Commitment, and Spiritual Authority. University of California Press.

Comments