ദുരഭിമാന വാർത്താക്കൊല

‘ദുരഭിമാനക്കൊലകളുടെ റിപ്പോർട്ടുകളിൽ അടങ്ങിയിരിക്കുന്ന ജാതിയുടെയും വംശീയതയുടെയും ആഖ്യാനങ്ങൾ പരിശോധിക്കുന്നു. NEWS BIN: മാധ്യമ റിപ്പോർട്ടിങ്ങുകളെ വിശകലനം ചെയ്യുന്ന കോളം തുടരുന്നു.

NEWS BIN- 2

നാലു വർഷം മുമ്പു നടന്ന തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും വിധിച്ച പാലക്കാട് സെഷൻസ് കോടതി വിധിയുടെ വാർത്ത എല്ലാവരും വായിച്ചിരിക്കുമല്ലോ. ഈ വിധിയുടെ പശ്ചാത്തലത്തിലെങ്കിലും കേരളത്തിലേയും ഇന്ത്യയിലേയും ദുരഭിമാനക്കൊലകൾ വീണ്ടും ചർച്ചയാവേണ്ടതാണെന്ന് തോന്നുന്നു.

ദുരഭിമാനക്കൊലകളുടെ മതപരമായ സാമൂഹിക-സാംസ്കാരിക- ജാതിപരമായ കാരണങ്ങളിലേക്ക് വെളിച്ചംവീശുന്ന നിരവധി പഠനങ്ങൾ അക്കാദമിക തലത്തിൽ നടക്കുന്നുണ്ടെങ്കിലും മാധ്യമങ്ങളുടെ ആഖ്യാനം (Narrative) പരിശോധിക്കുന്ന പഠനങ്ങൾ വളരെ കുറവാണ്. ദുരഭിമാനക്കൊലകൾ സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങൾ ഒട്ടും തന്നെ റിപ്പോർട്ട് ചെയ്യാതെയോ കുറച്ച് കേസുകൾ മാത്രം റിപ്പോർട്ട് ചെയ്യുന്നതായോ ഉള്ള (Under Reporting) നിരീക്ഷണങ്ങൾ പ്രബലമാണ്. മാത്രമല്ല, ദുരഭിമാനക്കൊലകൾ നടത്തുന്ന പ്രതികൾ കുടുംബത്തെ രക്ഷിക്കാൻ എന്തോ വലിയ ‘അഭിമാന’ കൊലപാതകങ്ങളാണ് നടത്തുന്നത് എന്ന തരം ‘ഹീറോയിക’ ആഖ്യാനങ്ങൾ മാധ്യമങ്ങളിലുണ്ടോ? സ്ത്രീകൾക്കുനേരെ നടക്കുന്ന നിഷ്ഠൂര കൊലപാതകങ്ങളായി തന്നെ ഇവയെ റിപ്പോർട്ട് ചെയ്യേണ്ടതല്ലേ?

 തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികളായ സുരേഷ്, പ്രഭുകുമാർ
തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികളായ സുരേഷ്, പ്രഭുകുമാർ

1989 മുതൽ 2009 വരെ ലോകമെമ്പാടും ദുരഭിമാനക്കൊലകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചതായി ചെസ്‍ലർ (Chesler, 2010) തന്റെ പഠനത്തിൽ വിശദീകരിക്കുന്നു. ഇതിനു കാരണമായി പറയുന്നത് ഈ കാലയളവിൽ കേസുകൾക്ക് വലിയ മാധ്യമശ്രദ്ധയും കവറേജും ലഭിച്ചതിനാലാകാമെന്നും സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് ദുരഭിമാനക്കൊലകളിലെ മാധ്യമങ്ങളുടെ ആഖ്യാനം പരിശോധിക്കുന്നത്. ദുരഭിമാനക്കൊലകൾക്കു പിറകിലുള്ള ജാതീയവും വംശീയവുമായ ഘടകങ്ങൾ, അത്യാഗ്രഹം, അക്രമം, കൊലപാതകം, ഗൂഢാലോചനകൾ, ദുരുദ്ദേശ്യങ്ങൾ, മറ്റ് അജണ്ടകൾ എന്നിവയെ എങ്ങനെയാണ് മാധ്യമ റിപ്പോർട്ടുകൾ പ്രതിനിധീകരിച്ചിരിക്കുന്നതെന്നു മനസിലാക്കാൻ ശ്രമിക്കുന്നു.

ദുരഭിമാനക്കൊലകളുമായി ബന്ധപ്പെട്ട വലിയൊരു ശതമാനം വാർത്തകളിലും നമ്മുടേത് പുരുഷമേധാവിത്വ സമൂഹമാണെന്നും ഇവിടെ ഇത്തരം ‘കൊലകൾ’ നടക്കുന്നത് തടയാൻ സാധിക്കില്ലെന്നുമുള്ള തരത്തിൽ ‘Normalize’ ചെയ്യുന്ന നറേറ്റീവുകൾ വിപുലമായി കാണാം.

ഐക്യരാഷ്ട്രസഭയുടെ കണക്കുകളനുസരിച്ച്, അന്താരാഷ്ട്ര തലത്തിൽ ഓരോ വർഷവും നടക്കുന്ന ദുരഭിമാനക്കൊലയുടെ അഞ്ച് കേസുകളിൽ ഒന്ന് ഇന്ത്യയിൽ നിന്നാണ്. അന്താരാഷ്ട്ര തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 5000 കേസുകളിൽ 1000 എണ്ണം ഇന്ത്യയിൽ നിന്നാണെന്ന് Honour Killings: India’s Crying Shame എന്ന തലക്കെട്ടിൽ അൽ ജസീറ 2013 നവംബർ 28-ന് പ്രസിദ്ധീകരിച്ച വാർത്തയുടെ ലീഡ് പാരഗ്രാഫിൽ ഐക്യരാഷ്ട്രസഭയെ ഉദ്ധരിച്ച് വ്യക്തമാക്കുന്നു.

രാജ്യത്ത് ആയിരക്കണക്കിന് യുവതീയുവാക്കളാണ് അവരുടെ ജാതിക്ക് പുറത്തുള്ളവരെയോ കുടുംബത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമോ ആയവരെ വിവാഹം ചെയ്യുന്നതിനാൽ ദുരഭിമാനക്കൊലകൾക്ക് ഇരയാവുന്നതെന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ വാക്കുകൾ പ്രസക്തമാകുകയാണ് (Ashok Desai Memorial Lecture on Law and Morality, 2022). സമൂഹത്തിലെ പ്രബല വിഭാഗങ്ങൾ പലപ്പോഴും നിർവചിച്ച സദാചാരം (Morality) ആത്മനിഷ്ഠവും (Subjective) മാറ്റങ്ങൾക്ക് വിധേയവുമാകണമെന്നും ദുരഭിമാനക്കൊലകളുടെ പശ്ചാത്തലത്തിൽ അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു. The Real Stories behind Honour Killing എന്ന ഡോ. ഷഹനാസ് ഷോറോയുടെ (Dr Shahnaz Shoro) ദുരഭിമാന പീഢനങ്ങൾക്കിരയായ 26 പേരുടെ സാക്ഷ്യപത്രങ്ങൾ നിരത്തിയുള്ള പുസ്തകവും വളരെ പ്രസക്തമാണ്.

ഡോ. ഷഹനാസ് ഷോറോ
ഡോ. ഷഹനാസ് ഷോറോ

ലോകമെമ്പാടും, കൂടുതലും വികസ്വര രാജ്യങ്ങളിൽ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളായ ഇറാഖ്, ജോർദാൻ, സിറിയ, ഇറാൻ, യെമൻ എന്നിവിടങ്ങളിലും ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ഇന്ത്യ എന്നിവിടങ്ങളിലും തുർക്കി പോലുള്ള മെഡിറ്ററേനിയൻ രാജ്യങ്ങളിലും ദുരഭിമാനക്കൊല നടക്കുന്നതായി നിയാസ്, യാദവ്, ത്രിപാഠി (Niaz, 2003; Yadav and Tripathi, 2004) എന്നിവർ പഠനത്തിൽ വ്യക്തമാക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലും ദുരഭിമാനക്കൊല റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അഹമെത് ബെയ്സാദേ (Ahmet beyzade, 2008) ഗവേഷണത്തിൽ എടുത്തുപറയുന്നു.

അധികാരബന്ധങ്ങൾ (Power relations), മൂല്യങ്ങൾ (Values), പ്രത്യയശാസ്ത്രങ്ങൾ (Ideologies), സ്വത്വ രൂപീകരണം (Identity formation) തുടങ്ങിയ സാമൂഹിക സങ്കൽപ്പങ്ങൾ ഭാഷാപരമായ നിർമ്മാണത്തിലൂടെ (linguistic construction) വ്യക്തികളിലും സാമൂഹിക ക്രമത്തിലും പ്രതിഫലിക്കുമെന്ന് വാൻ ഡിജിക്ക് (2003) പഠനത്തിൽ വ്യക്തമാക്കുന്നു. അതിനാൽ, ഈ ലേഖനത്തിൽ ദുരഭിമാനക്കൊലകളുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോർട്ടുകളിലെ ആഖ്യാനങ്ങളെ വിമർശനാത്മക വ്യവഹാര വിശകലനം (Critical Discourse Analysis) നടത്തുന്നുണ്ട്. വാർത്താ റിപ്പോർട്ടുകളിൽ ഉപയോഗിക്കുന്ന ഭാഷയിലൂടെ - ആഖ്യാനങ്ങളിലൂടെ എങ്ങനെയാണ് ദുരഭിമാനക്കൊലകളുമായി ബന്ധപ്പെട്ട ജനങ്ങളുടെ കാഴ്ച്ചപ്പാടുകൾ പുനർനിർമ്മിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.

താഴ്ന്ന ജാതിയിൽ നിന്നുള്ള വിവാഹത്തിൽ പ്രകോപിതരായ ബന്ധുക്കൾ (പുരുഷൻമാർ) തങ്ങളുടെ കുടുംബത്തിന്റെ ‘ആത്മാഭിമാനം’ സംരക്ഷിക്കാൻ വേറെ വഴിയില്ലാതെ നടത്തിയതാണ് ഈ കൊലപാതകങ്ങൾ എന്നതാണ് ദുരഭിമാനക്കൊലകളുടെ മീഡിയ നറേറ്റീവ്.

ഗൂഗിൾ ന്യൂസ് ഡാറ്റ ബേസിൽ നിന്ന് 2022 - 2024 കാലയളവിൽ ലഭിച്ച 50 ഓൺലൈൻ വാർത്താ റിപ്പോർട്ടുകളാണ് വിശകലനം ചെയ്തിരിക്കുന്നത്. വിശകലനം ചെയ്ത ചുരുക്കം ചില റിപ്പോർട്ടുകൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്. ‘Honour Killing in India’ എന്ന താക്കോൽവാക്ക് (Keyword) ഉപയോഗപ്പെടുത്തിയായിരുന്നു സെർച്ച്. ‘ജാതി നറേറ്റീവ്’ (Cast Narrative), ‘പുരുഷമേധാവിത്വ സമൂഹം’ (Patriarchial Society), ‘നിയമപരിരക്ഷ’ (Legal Protection), ‘പുരോഗമന സമൂഹത്തിന് ഭീഷണി’ (Threat for Progressive Society) എന്നീ വിശകലന വിഷയങ്ങളിൽ (Theme of Analysis) ഊന്നിയാണ് ദുരഭിമാനക്കൊലകളുമായുള്ള മാധ്യമ റിപ്പോർട്ടുകളുടെ നറേറ്റീവ് പരിശോധിക്കാൻ ശ്രമിക്കുന്നത്.

  • പുരുഷമേധാവിത്വ സമൂഹമാണ്, സ്ത്രീകൾ ഇത് അനുഭവിക്കാൻ ബാധ്യസ്ഥരാണ് എന്ന നറേറ്റീവ് ഗുണം ചെയ്യില്ല

വലിയൊരു ശതമാനം വാർത്തകളിലും നമ്മുടേത് പുരുഷമേധാവിത്വ സമൂഹമാണെന്നും (Patriarchal Society) ഇവിടെ ഇത്തരം ‘കൊലകൾ’ നടക്കുന്നത് തടയാൻ സാധിക്കില്ലെന്നുമുള്ള തരത്തിൽ ‘Normalize’ ചെയ്യുന്ന നറേറ്റീവുകൾ വിപുലമായി കാണാം.

ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്തയിൽ ഹരിയാനയിൽ അടുത്തടുത്തായി നടന്ന നാല് ദുരഭിമാനക്കൊലകൾ വിശദീകരിക്കുന്നുണ്ട് (Disgrace to state: Haryana trembles once again with three ‘Honor Killings’ after a relative calm, 25.06.24). ഗുർജർ സമുദായത്തിൽ നിന്നുള്ള കോമൾ, സിർസ ജില്ലയിലെ സരവ്ജീത് കൌർ, ഹരിയാനയിലെ തന്നെ ഹിസാർ ജില്ലയിൽ നിന്നുള്ള ദമ്പതികളായ ബദാല ഗ്രാമത്തിലെ തേജ്ബീർ, ഭാര്യ മീന എന്നിവരാണ് കൊല്ലപ്പെട്ടത്.

ഈ കൊലപാതകങ്ങളിലെല്ലാം താഴ്ന്ന ജാതിയിൽ നിന്നുള്ള വിവാഹത്തിൽ പ്രകോപിതരായ ബന്ധുക്കൾ (പുരുഷൻമാർ) തങ്ങളുടെ കുടുംബത്തിന്റെ ‘ആത്മാഭിമാനം’ സംരക്ഷിക്കാൻ വേറെ വഴിയില്ലാതെ നടത്തിയതാണ് ഈ കൊലപാതകങ്ങൾ എന്നതാണ് നറേറ്റീവ്. അതിന്റെ വാല് പിടിച്ച് എല്ലാ റിപ്പോർട്ടിലും Cut Copy Paste പോലെ കാണാവുന്ന ‘ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന കേസിൽ കുറച്ച് ബന്ധുക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നു’ എന്ന വാചകവും. അത് ഈ റിപ്പോർട്ടിലുമുണ്ട്.

ദുരഭിമാനക്കൊലക്കിരയായ ഭൂരിഭാഗം പേരും പട്ടികജാതി-പട്ടിക വർഗ്ഗ സമുദായത്തിലെ അംഗങ്ങളാണ്. അതിനാൽ ജാതിപ്പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകളിലെ ആഖ്യാനങ്ങൾ ഈ കൊലപാതകങ്ങളെ വളരെ എളുപ്പം മതവൽക്കരിക്കുകയോ ജാതിവൽക്കരിക്കുകയോ ചെയ്യുന്നതായി സംശയിക്കാം

ഒരു ഖാപ് പഞ്ചായത്ത് (Khap Panchayats) വക്താവ് തങ്ങൾക്ക് വിഷയത്തിൽ ഒരു പങ്കുമില്ലെന്ന് പറഞ്ഞുകൊണ്ടുള്ള ‘കൈകഴുകൽ’ പ്രസ്താവന ഉദ്ധരിച്ച് ബാലൻസിങിനായി ശ്രമിച്ചിട്ടുമുണ്ട്. നമുക്കറിയാവുന്നതുപോലെ ഹരിയാനയിലെ ഖാപ് പഞ്ചായത്തുകൾ തർക്കം പരിഹരിക്കുന്നതിലും സാമൂഹിക പെരുമാറ്റം നിയന്ത്രിക്കുന്നതിലും ചരിത്രപരമായി അർദ്ധ ജുഡീഷ്യൽ പങ്ക് (quasi-judicial roles) വഹിച്ചിട്ടുണ്ടെന്ന പഠനങ്ങളുണ്ട്. അതിനാൽ ഇത്തരം കൊലപാതകങ്ങളിൽ ഇവരുടെ നിശ്ശബ്ദതയും മാധ്യമ റിപ്പോട്ടുകളിൽ ഇവർക്കു നൽകുന്ന ഇടവും ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ദുരഭിമാനക്കൊലപാതകങ്ങൾ (Honour Killing) പല 'Honour Based' കമ്മ്യൂണിറ്റികളിലും- പ്രത്യേകിച്ച് മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ- ആധിപത്യം പുലർത്തുന്ന ‘Honour’ എന്ന സങ്കൽപ്പത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന് അഹമെത് ബെയ്സാദേ (Ahmetbeyzade, 2008) തന്റെ പഠനത്തിൽ പറയുന്നു.
‘Honour Killing’-ലെ ‘Honour’ എന്ന ആശയനിർമിതിയിൽ (Conceptualization of honour) വിവാഹത്തിന് മുമ്പുള്ള സ്ത്രീകളുടെ കന്യകാത്വസംരക്ഷണം (Pre-marital virginity) പുരുഷന്മാരുടെ ഉത്തരവാദിത്വമാണെന്നും ‘അഭിമാന’ സംരക്ഷകർ പുരുഷൻമാരാണെന്നും സ്ത്രീകളാണെങ്കിൽ ‘ലജ്ജയുണ്ടാക്കുന്ന’, ‘നാണക്കേട് സ്യഷ്ടിക്കുന്ന’ പ്രതീകങ്ങളായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും മൊക്സ്നസ്, നയേ എന്നിവർ (Moxnes, 2003; Nye, 1998) പഠനത്തിൽ വ്യക്തമാക്കുന്നു.

ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യ മനോഭാവമാണ് ഹരിയാനയിലെ ദുരഭിമാനക്കൊലകളിലെ പ്രധാന കാരണമെന്ന ആഖ്യാനം തന്നെയാണ് ട്രിബ്യൂൺ വാർത്തയിലും (‘Honour’ killing, 21.06.24). എന്നാൽ ഇവിടെ, ദുരഭിമാനക്കൊലകൾ അവസാനിപ്പിക്കുന്നതിൽ വലിയ രീതിയിലുള്ള സാമൂഹിക മാറ്റം (Societal Change) ഉണ്ടാവണമെന്ന നറേറ്റീവിനുകൂടി പ്രാധാന്യം നൽകിയിരിക്കുന്നത് നല്ലതായി തോന്നുന്നു. വനിതാ കായികതാരങ്ങൾക്ക്, പ്രത്യേകിച്ച് ഗുസ്തിക്കാർക്ക് പേരുകേട്ട ഒരു സംസ്ഥാനം ലിംഗ അനീതിയുടെയും അസമത്വത്തിന്റെയും പേരിൽ അപമാനം നേരിടുന്നതിന്റെ വൈരുദ്ധ്യവും 2015 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പരിപാടി ഹരിയാനയിലാണ് ആരംഭിച്ചതെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

മണിക്കൂറുകൾ നീണ്ട പോലീസ് ചോദ്യം ചെയ്യലിനുശേഷം പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും ‘ദുരഭിമാനക്കൊലയാണെന്ന്’ സമ്മതിച്ചതായാണ് കൗമുദി ഓൺലൈൻ പ്രസിദ്ധീകരിച്ച വാർത്തയിലും പറയുന്നത് (Honour killing again; 18-year-old girl and lover shot dead, bodies thrown into crocodile infested river, 19.06.2023).
‘വീണ്ടും ദുരഭിമാനക്കൊല’ എന്ന തലക്കെട്ടിൽ വിഷയത്തെ വല്ലാതെ ലളിതവൽക്കരിക്കുന്നതായി (trivialize) തോന്നാം. ഗ്രൗണ്ട് സോഴ്സുകളില്ലാതെ ഭോപ്പാലിൽ നിന്നുള്ള ഒരു വാർത്തയെ ഇതിലും നന്നായി ഏതെങ്കിലും ദേശീയ മാധ്യമങ്ങളിൽ നിന്നോ ന്യൂസ് ഏജൻസി ഫീഡുകളിൽ നിന്നോ വിവർത്തനം ചെയ്യാൻ സാധിക്കില്ല എന്നും ആശ്വസിക്കാം (https://keralakaumudi.com/en/news/news.php?id=1090683).

ഇന്ത്യ ഏഷ്യൻ ന്യൂസ് ഏജൻസിയുടെ (IANS) കോപ്പി അതേ പടി പകർത്തിയെഴുതിയ മനോരമ റിപ്പോർട്ടിലും ‘Honur Killing’ എന്ന് ആദ്യമേ തന്നെ പ്രസ്താവിയ്ക്കുന്ന തലക്കെട്ട് വാചകമുണ്ട്. മനോരമ പ്രസിദ്ധീകരിച്ച വാർത്തയിൽ ഇത് വ്യക്തമാണ് (Honour killing: Man invites sister, husband to dinner, hacks both to death in TN, 14.06.22). ഒരു വ്യത്യാസം- ബൈലൈനിൽ തന്നെ IANS കോപ്പിയാണിത്, ഞങ്ങളുടേതല്ല എന്ന് മനോരമ പറഞ്ഞിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള ദുരഭിമാന കൊലപാതകങ്ങളുടെ കേന്ദ്രമായി തമിഴ്നാട് അതിവേഗം മാറുകയാണെന്ന് വസ്തുതകളോ കണക്കുകളോ (Facts) ഒന്നും പറയാതെയുള്ള ആഖ്യാനങ്ങൾ നല്ല ജേണലിസം പ്രാക്ടീസായി തോന്നുന്നില്ല.

എന്നാൽ ഇത്തരം ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ശൈലിയാണ് സൗത്ത് ഫസ്റ്റ് ഓൺലൈൻ പ്ലാറ്റ്ഫോം പ്രസിദ്ധീകരിച്ച വാർത്തയിലും (Tamil Nadu’s shame: As many as 400 ‘dishonour crimes’ in five years — and counting, 26.04.23) ദ ന്യൂസ് മിനിറ്റ് (The News Minute) പ്രസിദ്ധീകരിച്ച വാർത്തയിലുമുള്ളത് (Anti-caste coalition has drafted a Bill to end ‘honour’ killings: Here’s what it says, 14.09.22).

ജാതിവിരുദ്ധ പ്രവർത്തകരുടെയും സംഘടനകളുടെയും സഖ്യമായ ദലിത് ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡർ നെറ്റ് വർക്ക് (The Dalit Human Rights Defender Network), “The Freedom of Marriage and Association and Prohibition of Crimes in the Name of Honour Bill 2022’’ എന്ന പേരിൽ 17 പേജുള്ള കരട് ബിൽ തയ്യാറാക്കി മുഖ്യമന്ത്രി എം. കെ. സ്റ്റാലിന് കൈമാറിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത്തരം വികസനോത്മുഖ റിപ്പോർട്ടിങ് സമീപനം വളരെ നല്ലതായി തോന്നുന്നു. (https://thesouthfirst.com/sf-specials/tamil-nadus-shame-as-many-as-400-honour-crimes-in-five-years-and-counting/).

ദുരഭിമാനക്കൊലകളിൽ ഉൾപ്പെട്ട ഇരകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും വ്യത്യസ്ത വിശ്വാസങ്ങൾ ഉപയോഗിച്ച് സാധ്യമായ എല്ലാ കോണുകളിൽ നിന്നും വാർത്തകൾ നിർമിക്കാം.

‘ജാതി’ നറേറ്റീവ്

വിശകലനം ചെയ്ത റിപ്പോർട്ടുകളിൽ ദുരഭിമാനക്കൊലക്കിരയായ ഭൂരിഭാഗം പേരും പട്ടികജാതി-പട്ടിക വർഗ്ഗ സമുദായത്തിലെ അംഗങ്ങളാണെന്ന് മനസിലാക്കാം. അതിനാൽ തന്നെ ജാതിപ്പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ടുകളിലെ ആഖ്യാനങ്ങൾ ഈ കൊലപാതകങ്ങളെ വളരെ എളുപ്പം മതവൽക്കരിക്കുകയോ ജാതിവൽക്കരിക്കുകയോ ചെയ്യുന്നതായി സംശയിക്കാം. ജാതിപ്പേര് വെളിപ്പെടുത്താത്ത റിപ്പോർട്ടുകളിൽ ഇരയുടെ പേരിനോടൊപ്പം ‘ജാതിവാൽ’ നൽകുന്നുണ്ട്. അല്ലെങ്കിൽ ‘ഒരു പ്രബല ജാതിയിൽപെട്ട’, ‘മറ്റൊരു മതത്തിൽപ്പെട്ട’ എന്നിങ്ങനെയുള്ള ആഖ്യാനങ്ങളും നൽകുന്നു.

എറണാകുളം ജില്ലയിലെ ആലുവ കരുമല്ലൂരിൽ പ്രായപൂർത്തിയാകാത്ത മകളെ കൊലപ്പെടുത്തിയ കേസിലെ ദ വീക്ക് റിപ്പോർട്ടിൽ (Kerala honour killing: Class 10 girl dies after father force-feeds pesticide over interfaith relationship, 08 നവംബർ 2023) മതത്തിന്റ പേര് വെളിപ്പെടുത്താതെ ‘ഇതര വിശ്വാസത്തിൽപ്പെട്ട’ (Interfaith relationship) എന്നാണ് തലക്കെട്ടിൽ തന്നെ ഉപയോഗിക്കുന്നത്. പക്ഷേ ഇരയുടെ പേര് ‘ഫാത്തിമ’ എന്ന് പരാമർശിക്കുന്നതിലൂടെ എല്ലാം വ്യക്തമാകുകയും ചെയ്യുന്നു.

ദേശീയ- അന്തർദ്ദേശീയ മാധ്യമങ്ങളുടെ കവറേജ് ലഭിച്ച 26 കാരിയായ ശ്രദ്ധ വാൾക്കറുടെ (Shraddha Walkar) കൊലപാതകത്തിൽ മാധ്യമങ്ങൾ നടത്തിയ ‘ലവ് ജിഹാദ്’ ആഖ്യാന ശ്രമവും മറ്റ് വലതുപക്ഷ ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. സി.എൻ.എൻ (CNN) ഒപ്പീനിയൻ കോളത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ നിരീക്ഷണമുണ്ട്. (India’s ‘murder most foul’ has a chilling subtext, 31.01.2024).

ദുരഭിമാനക്കൊലകളിൽ ഉൾപ്പെട്ട ഇരകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും വ്യത്യസ്ത വിശ്വാസങ്ങൾ ഉപയോഗിച്ച് സാധ്യമായ എല്ലാ കോണുകളിൽ നിന്നും വാർത്തകൾ നിർമിക്കാം. അതിനാൽ ദുരഭിമാനക്കൊലകളിലെ ജാതി-മത ആഖ്യാനങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് തോന്നുന്നു. ‘ഭർത്താക്കന്മാരോടുള്ള അനുസരണക്കുറവ് കാരണം’ അല്ലെങ്കിൽ ‘കുടുംബത്തെ അപമാനിച്ചതു മൂലമാണ്’ സ്ത്രീകൾ കൊല്ലപ്പെടുന്നതെന്ന തരത്തിലെ പ്രബല ആഖ്യാനങ്ങൾ ഭയപ്പെടുത്തുന്നതാണ്.

ശ്രദ്ധ വാൾക്കര്‍
ശ്രദ്ധ വാൾക്കര്‍

നാഷണൽ കൗൺസിൽ ഫോർ വുമൺ ലീഡേഴ്സുമായി (National Council for Women Leaders- NCWL) സഹകരിച്ച് ദലിത് ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡേഴ്സ് നെറ്റ് വർക്ക് (Dalit Human Rights Defenders Network- DHRDN) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഹരിയാന, ഗുജറാത്ത്, ബിഹാർ, രാജസ്ഥാൻ, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള ജാതിഅടിസ്ഥാനമാക്കിയുള്ള ദുരഭിമാന കൊലപാതകങ്ങളുടെ വിശദാംശങ്ങളുണ്ട്. ദ വയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ (Study Finds Rise in Reported Cases of Honour Killings, but No Legislative or Social Remedy in Hand, 11.04.23) ഈ കണക്കുകൾ അവതരിപ്പിക്കുന്നുണ്ട്.

  • ദുരഭിമാനക്കൊലകൾ പുരോഗമന സമൂഹത്തിന് ഭീഷണിയാണെന്ന ആഖ്യാനം റിപ്പോർട്ടുകളിലുണ്ടോ?

പുരോഗമന സമൂഹത്തിൽ എന്തുകൊണ്ടാണ് ഇത്തരം കൊലപാതകങ്ങൾ തുടരുന്നത്? മാധ്യമങ്ങളിൽ 'Honour Killing' എന്ന പദം അമിതമായി ഉപയോഗിക്കുന്നത് അനർഹമായ നിയമസാധുത ഇത്തരം കൊലപാതകങ്ങൾക്ക് സൃഷ്ടിച്ചുകൊടുക്കുന്നതായി ഡോ. സാദിഖ് ഭൻ​ബ്രോ Representation of Honour Killings: Critical Discourse Analysis of Pakistani English-Language Newspapers (Sadiq Bhanbhro- 2015) എന്ന പഠനത്തിൽ നിരീക്ഷിക്കുന്നുണ്ട്.

ഫ്യൂഡൽ, ഗോത്ര, പുരുഷാധിപത്യ സംസ്കാരത്തിന്റെ പ്രതിഫലനമെന്ന നിലയ്ക്കുള്ള സാംസ്കാരിക പ്രതിഭാസമായി മാത്രം ‘ദുരഭിമാനക്കൊലകളെ’ ലളിതവൽക്കരിച്ച് കാണിക്കുന്നതായും പഠനം പറയുന്നു. കുടുംബത്തിന്റെ ‘അന്തസ്സും’ ‘ബഹുമാന്യത’യും സംരക്ഷിക്കുന്നതിന് എന്ന പേരിൽ നടക്കുന്ന ഇത്തരം ക്രൂര കൊലപാതകങ്ങൾ പുരോഗമന സമൂഹത്തിന് വലിയ ഭീഷണിയാണെന്ന കാര്യം നമ്മുക്ക് നിസ്സംശയം അറിയാം. മാധ്യമ ആഖ്യാനങ്ങളിലും ഇത് പ്രതിഫലിക്കണം. എന്നാൽ വളരെ ചുരുക്കം മാധ്യമ റിപ്പോർട്ടുകളിൽ മാത്രമാണ് കണക്കുകളും ഡാറ്റയും നിരത്തിയുള്ള ആഖ്യാനങ്ങൾ കാണാനാവുക. വലിയൊരു ശതമാനം റിപ്പോർട്ടുകളിലും കൊലപാതകത്തിന്റ തീവ്രത കാണിക്കാനുള്ള സെൻസേഷനൽ തലക്കെട്ടുകളിലും ഭാഷാപ്രയോഗങ്ങളിലുമാണ് ശ്രദ്ധ.

 ഡോ. സാദിഖ് ഭൻ​ബ്രോ
ഡോ. സാദിഖ് ഭൻ​ബ്രോ

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (NCRB) ഏറ്റവും പുതിയ കണക്ക് അവതരിപ്പിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് Killing honour in the name of ‘honur killings’ എന്ന തലക്കെട്ടിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു (04.09.23). സാമൂഹ്യ പ്രവർത്തകരുടേയും സോഷ്യോളജിസ്റ്റുകളുടേയും സൈക്കാട്രിസ്റ്റുകളുടേയും പ്രസ്താവനകൾ ഉൾക്കൊള്ളിച്ചത്, പ്രശ്നപരിഹാരത്തിന് അനുബന്ധ വൈജ്ഞാനിക മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്ന സമീപനത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളും ദുരഭിമാനക്കൊലകളിൽ ഇരകളാണെന്നഇൻക്ലൂസീവ് ന്യൂസ് ആംഗിളുകളും കൂടുതലായി ദേശീയ മാധ്യമ ആഖ്യാനങ്ങളിലും ഇടംപിടിക്കേണ്ടതല്ലേ?

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും ജാതീയത ഇല്ലാതായിട്ടില്ലെന്ന് ജാതിപ്രചോദിതമായ ദുരഭിമാനക്കൊലകൾ തെളിയിക്കുന്നതായി 2021 നവംബറിൽ സുപ്രീം കോടതി ജഡ്ജിമാരുടെ ബെഞ്ച് നിരീക്ഷിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ ബർസാനയിൽ ജാതി അടിസ്ഥാനമാക്കിയുള്ള സാമൂഹിക മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടതിന് 30 വർഷങ്ങൾക്കുശേഷം 23 പേരുടെ ശിക്ഷ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

ഔട്ട് ലുക്ക് (Outlook) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇത് വിശദീകരിക്കുന്നുണ്ട് (Love In The Crosshairs: Honour Killings Still Continue In India, 15.01.22). കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തമിഴ്നാട്ടിൽ നിന്ന് മാത്രം 195 ദുരഭിമാന കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നുള്ള എൻ ജി ഒ കണക്കുകളും റിപ്പോർട്ടിലുണ്ട്.

എത്രത്തോളം ഇൻക്ലൂസീവായി (Inclusive) വേണം ദുരഭിമാനക്കൊലകളുടെ മാധ്യമ ആഖ്യാനം എന്ന് പറഞ്ഞുതരുന്ന റിപ്പോർട്ടാണ് ബി.ബി.സി (BBC) ‘‘India LGBT couples: 'My parents were ready to kill me for their honour’’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത് (28.07.23). ക്വിയർ കമ്യൂണിറ്റിയിൽപെട്ട 17 കാരനായ മനോജിന്റെ ആഖ്യാനത്തിലാണ് റിപ്പോർട്ട് പുരോഗമിക്കുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങളും ദുരഭിമാനക്കൊലകളിൽ ഇരകളാണെന്ന ഇത്തരം ഇൻക്ലൂസീവ് ന്യൂസ് ആംഗിളുകളും കൂടുതലായി ദേശീയ മാധ്യമ ആഖ്യാനങ്ങളിലും ഇടംപിടിക്കേണ്ടതല്ലേ?

  • നിയമത്തെക്കുറിച്ച് മിണ്ടാത്ത റിപ്പോർട്ടുകൾ

ദുരഭിമാനക്കൊലകളിൽ ‘അഭിമാനിക്കാൻ’ ഒന്നുമില്ലെന്നും, കഠിന ശിക്ഷ അർഹിക്കുന്ന ക്രൂരരും ഫ്യൂഡൽ മനോഭാവമുള്ള വ്യക്തികൾ നടത്തുന്ന കൊലപാതകങ്ങളാണ് ഇവയെന്നും, പ്രതികൾക്ക് കഠിന ശിക്ഷ നൽകുന്നതിലൂടെ മാത്രമേ ഇത്തരം ക്രൂരത ഇല്ലാതാക്കാൻ കഴിയൂ എന്നും 2006- ൽ സുപ്രീംകോടതി പറയുന്നുണ്ട്. ഈ നിരീക്ഷണത്തെ ബലപ്പെടുത്തുന്ന സുപ്രീംകോടതി പരാമർശങ്ങൾ തുടർന്നുവന്ന നിരവധി കേസുകളിൽ കാണാം ( Lata Singh v State of U.P. & Anr.-2006, Arumugam Servai v State of Tamil Nadu-2011, Bhagwan Dass v State- NCT of Delhi- 2011, Vikas Yadav v State of Uttar Pradesh & others- 2016, Shakti Vahini v Union of India- 2018). എന്നാൽ ഇത്തരം റഫറൻസുകളൊന്നും മാധ്യമ റിപ്പോട്ടുകളുടെ ആഖ്യാനങ്ങളിൽ കാണുന്നില്ല.

വിശകലനത്തിന് എടുത്ത ചുരുക്കം റിപ്പോർട്ടുകളിൽ മാത്രമാണ് ദുരഭിമാനക്കൊലകളെ ചെറുക്കുന്നതിൽ നിയമപരമായ സംരക്ഷണം അത്യാവശ്യമാണെന്ന തരത്തിലുള്ള ആഖ്യാനമുള്ളത്. നിയമവശം റിപ്പോർട്ടിൽ ചർച്ച ചെയ്യുന്നതിലൂടെ വായനക്കാർക്ക് പ്രസ്തുത വിഷയത്തിലുള്ള അവബോധം വർദ്ധിക്കുമെന്നുറപ്പാണ്. നിയമ സംവിധാനത്തെ ആഴത്തിൽ വിശകലനം ചെയ്യുകയും ചിലപ്പോൾ ചോദ്യം ചെയ്യുകയും ചെയ്യുന്ന തരത്തിലുള്ള റിപ്പോർട്ടിങ് രീതിയും ആഖ്യാനവുമാണ് ബദൽ മാധ്യമ പ്ലാറ്റ്ഫോമുകളായ (Alternative Media Platforms) ദ ന്യൂസ് മിനിറ്റ് (The News Minute), ക്വിന്റ് (Quint), സ്ക്രോൾ ഡോട്ട് ഇൻ (Scroll.in) എന്നിവ പുലർത്തുന്നത്.

പല ദുരഭിമാനക്കൊലകളെയും ഇന്ത്യൻ പീനൽ കോഡിലെ (ഐ.പി.സി) കൊലപാതകങ്ങൾ (Murders), പരിക്കുണ്ടാക്കുക (Injuries), തട്ടിക്കൊണ്ടുപോകൽ (Kidnapping) എന്നിങ്ങനെയുള്ള കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന വിവരം ഈ റിപ്പോർട്ടുകളിലുണ്ട്. ഇത് കുറ്റകൃത്യങ്ങളുടെ യഥാർത്ഥ കാരണവും സ്വഭാവവും തിരിച്ചറിയാനും പഠിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി വായനക്കാർക്ക് എളുപ്പം മനസിലാക്കാൻ സാധിക്കും.

1967-ൽ തമിഴ്നാട് മുഖ്യമന്ത്രി സി. എൻ. അണ്ണാദുരൈ ഹിന്ദു വിവാഹനിയമം (1955) ഭേദഗതി ചെയ്യുകയും ഇതര ജാതി വിവാഹത്തെ (Inter- Cast Matrimony) പ്രോത്സാഹിപ്പിക്കുകയും ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയാണ് ദ ക്വിന്റ് (The Quint) റിപ്പോർട്ട് ആരംഭിക്കുന്നത്. ‘Caste Atrocities: Why Are TN Survivors of Honour Killing Demanding a Unique Law?’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ദുരഭിമാനക്കൊലകളെ ചെറുക്കുന്നതിന് പ്രത്യേക നിയമത്തിന്റെ ആവശ്യമുണ്ടെന്ന ആഖ്യാനമാണ് പ്രധാനമായും മുന്നോട്ടുവക്കുന്നത്.

ഇതേ ആഖ്യാനശൈലി പിൻന്തുടരുന്ന റിപ്പോർട്ടാണ് ദ ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിലുമുള്ളത് (Anti- caste coalition has drafted a Bill to end ‘honour’ killings: Here’s what it says, 14.09.22). ദുരഭിമാനക്കൊലകളുടെ പശ്ചാത്തലത്തിൽ നിഷ്ക്രിയമായ പൊലീസ് സംവിധാനത്തേയും, സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ ഉത്തരവാദിത്വങ്ങളേയും റിപ്പോർട്ടിൽ പരാമർശിക്കുന്നു, നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നു. ‘അഭിമാനം സംരക്ഷിക്കാൻ’ എന്ന പേരിൽ ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കുന്ന, ഇരവൽക്കരിക്കുന്ന മാധ്യമ ആഖ്യാനങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇത്തരം ബദൽ മാധ്യമ റിപ്പോർട്ടുകൾ.

24 കാരനായ ദലിത് ക്രിസ്ത്യാനി കെവിൻ ജോസഫിന്റെ മരണം ദുരഭിമാനക്കൊലയാണെന്ന കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിന്റെ സ്ക്രോൾ ഡോട്ട് ഇൻ (Scroll.in) റിപ്പോർട്ടിലും നിയമപരിരക്ഷയുടെ പ്രാധാന്യത്തിനാണ് ഊന്നൽ.

നീനു, കെവിൻ ജോസഫ്
നീനു, കെവിൻ ജോസഫ്

മാധ്യമങ്ങളുടെ സത്യസന്ധമായ റിപ്പോർട്ടിംഗ് ഇത്തരം അക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കാൻ സഹായകരമാവുമെന്ന് ഗവേഷണ പഠനങ്ങൾ വ്യക്തമാക്കുന്നു. നിരവധി സാമൂഹിക-സാംസ്കാരിക ഘടകങ്ങൾ ദുരഭിമാനക്കൊലപാതകങ്ങളിലേക്ക് നയിക്കുന്നതായി Honor Killings in the Eastern Mediterranean Region: A Narrative Review എന്ന പ്രബന്ധത്തിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ ദുരഭിമാനക്കൊലകൾ പോലെയുള്ള വിവിധ അടരുകളുളള പ്രശ്നത്തെ പ്രതിനിധീകരിക്കാൻ മാധ്യമ പ്രവർത്തകർക്ക് സാമൂഹിക- സാംസ്കാരിക തലത്തിൽ നിന്നുള്ള ഗവേഷണ മനോഭാവം കൂടി വേണ്ടതുണ്ട്. അല്ലെങ്കിൽ റിപ്പോർട്ടുകൾ വളരെ വേഗം സെൻസേഷനലും ഉപരിപ്ലവവും സ്ത്രീവിരുദ്ധവുമാകാൻ സാധ്യതയുണ്ട്.

പുരുഷാധിപത്യ ലോകത്തിലെ സ്ത്രീകളുടെ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ലിംഗ സംവേദനക്ഷമത (Gender Sensitivity) നിലനിർത്തേണ്ടതുണ്ട്.

പുരുഷാധിപത്യ ലോകത്തിലെ സ്ത്രീകളുടെ അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ ലിംഗ സംവേദനക്ഷമത (Gender Sensitivity) നിലനിർത്തേണ്ടതുണ്ട്. എങ്ങനെയാണ് 2016 ജൂലൈയിൽ പാക്കിസ്ഥാനി മോഡൽ ഖന്ദീൽ ബലൂച്ചിന്റെ (Qandeel Baloch) കൊലപാതകത്തെ മാധ്യമങ്ങൾ സെൻസേഷണലൈസ് ചെയ്തത്? ഖന്ദീൽ ഓൺലൈനിൽ പോസ്റ്റ് ചെയ്ത വീഡിയോകളും ഫോട്ടോകളും കുടുംബത്തിന് അപകീർത്തികരമാണ് എന്നു പറഞ്ഞാണ് സഹോദരൻ അവരെ കൊലപ്പെടുത്തിയത്.

ഇൻസെൻസിറ്റീവ് മാധ്യമ കവറേജുകൾക്ക് ഈ വാർത്തയുടെ റിപ്പോർട്ടുകളെ റഫറൻസായി എടുക്കാം. ഇത്തരം ദുരഭിമാനക്കൊലകൾ ഏറ്റവും കൂടുതൽ പാക്കിസ്ഥാനിലാണെന്ന് കരുതുന്നതായി നിയാസ്, യാദവ്, ത്രിപാഠി (Niaz- 2003, Yadav and Tripathi- 2004) എന്നിവർ ഗവേഷണത്തിൽ വിശദീകരിക്കുന്നുണ്ട്. മാധ്യമങ്ങൾ പലതും ഈ കൊലപാതകത്തെ ‘അഭിമാനകരമായ’ സംഭവമായി ചിത്രീകരിച്ചു. മാധ്യമങ്ങൾ കുറ്റകൃത്യം ചെയ്തയാളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, ഇരയിലല്ല എന്ന പ്രാഥമിക പാഠമാണ് ഖന്ദീൽ ബലൂച്ചിന്റെ കൊലപാതക റിപ്പോർട്ടുകൾ പറഞ്ഞു തരുന്നത്.

ഖന്ദീൽ ബലൂച്
ഖന്ദീൽ ബലൂച്

എല്ലായിടത്തെയും പോലെ ‘പുരുഷാധിപത്യം’ നമ്മുടെ വാർത്താമുറികളിൽ, പ്രത്യേകിച്ച് എഡിറ്റോറിയൽ തീരുമാനങ്ങളിൽ ആധിപത്യം പുലർത്തുന്നതിനാൽ, ആരാണ് ഇത്തരം ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് എന്നത് വ്യക്തമാണ്. ദുരഭിമാനക്കൊലകളുടെ റിപ്പോർട്ടിങിന് മാധ്യമങ്ങൾ തങ്ങളുടേതായ സ്റ്റൈൽ ബുക്ക് (Style Book) പിന്തുടരുന്നത് നല്ലതാണ്.

ഖന്ദീൽ ബലൂച്ചിന്റേയും മറ്റ് സമീപകാല ദുരഭിമാനക്കൊലകളുടേയും പശ്ചാത്തലത്തിൽ ‘Honour Killing’ എന്ന പദത്തിന് ബദലുകൾ കണ്ടെത്താനുള്ള ആരോഗ്യകരമായ ചർച്ചയ്ക്ക് തുടക്കമിട്ടതായി അൽ ജസീറയിലെ എഡിറ്റർമാർ പറയുന്നുണ്ട്. ദുരഭിമാനക്കൊല നടത്തുന്നവർ നിയമപ്രകാരം കടുത്ത ശിക്ഷ അർഹിക്കുന്നുവെന്ന കാര്യം പൊതുജനങ്ങളെ അറിയിക്കുന്ന തരത്തിൽ തന്നെയാവണം മാധ്യമ ആഖ്യാനം. അക്രമത്തിനിരയായവരോട് പോസീറ്റീവായ സമീപനം കാണിക്കുന്നതിനും സ്ത്രീവിരുദ്ധതയ്ക്കെതിരെ പോരാടുന്നതിനും അത്തരം കവറേജുകൾ സാഹായിക്കും. പുരുഷാധിപത്യപരമായ സ്റ്റീരിയോടൈപ്പ് ഭാഷാ ആഖ്യാനങ്ങൾ ഒഴിവാക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം. മാധ്യമ ആഖ്യാനങ്ങൾ ഒരിക്കലും അക്രമത്തെ സെൻസേഷനലൈസ് ചെയ്യുകയോ ന്യായീകരിക്കുകയോ ചെയ്യുന്നതുമാകരുത്.

References:

AlQahtani, Sarah M., Danah S. Almutairi, Eman A. BinAqeel, Reema A. Almutairi, Reem D. Al-Qahtani, and Ritesh G. Menezes. 2023. "Honor Killings in the Eastern Mediterranean Region: A Narrative Review" Healthcare 11, no. 1: 74. https://doi.org/10.3390/healthcare11010074

Ahmetbeyzade C (2008) Gendering necropolitics: The juridical-political sociality of honor killings in Turkey. Journal of Human Rights 7(3): 187–206.

Bhanbhro, Sadiq. (2015). Representation of Honour Killings: Critical Discourse Analysis of Pakistani English-Language Newspapers. 10.1163/9781848884243_002.

Chesler P (2010) Worldwide trends in honor killings. Middle East Quarterly 17(2): 3–11.

Moxnes H (2003) Honor and shame. In: Rohrbaugh RL (ed.) The Social Sciences and New Testament Interpretation. Ada: Baker Academic, 19–40.

Nye R (1998) Masculinity and Male Codes of Honor in Modern France. Berkeley: University of California Press.

Niaz U (2003) Violence against women in South Asian countries. Archives of Women’s Mental Health 6(3): 173–184.

Yadav S, Tripathi A (2004) For the sake of honour: But whose honour? ‘Honour crimes’ against women. Asia-Pacific Journal on Human Rights and the Law 5(2): 63–78.

Online Links:

https://ethicaljournalismnetwork.org/honour-killing

https://newcollege.asu.edu/global-human-rights-hub/fellows-program/ghr-fellows-blog/namrata

https://www.dhrdnet.org/honour-crimes-research-report/

https://clpr.org.in/blog/an-analysis-of-indian-supreme-judgments-on-honour-crimes/

https://www.aljazeera.com/opinions/2013/11/28/honour-killings-indias-crying-shame

https://www.newyorker.com/news/news-desk/the-outrageous-honor-killing-of-a-pakistani-social-media-star

https://shuddhashar.com/private-love-public-eyes-media-family-and-honour-killings-in-india-nandhitha-babuji/

https://reutersinstitute.politics.ox.ac.uk/theres-no-honour-honour-killing-paradox-femicide-palestinian-media.

Comments