90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
മൂന്നാം വഴി
▮
പോയകാലത്തെയാകെ പൊതിഞ്ഞെടുക്കാൻ ചില വാക്കുകൾക്കാകും. വഴിയെന്ന വാക്ക് അവയിലൊന്നുമാത്രം. നാം ഇന്ന് നിൽക്കുന്ന വഴിയിലേക്കെത്തിയത് പിന്നിട്ട ആയിരം വഴികളിലൂടെയാണ്.
അമ്മവിരലിൽ കുഞ്ഞുവിരൽ കോർത്ത് അച്ഛനെ കാത്തുനിന്ന വഴി ഓർമയുണ്ടോ?
പഴയ കൂട്ടുകാരന്റെ വീട്ടിലേക്കുള്ള വഴിയോ? കടമുറികളിലേക്ക്, കാണുന്ന കല്ലോ കട്ടയോ തട്ടി തെറിപ്പിച്ച് അലസമായി നടന്ന വഴി ഓർക്കുന്നില്ലേ? കളിക്കാനോടുന്ന വഴി? ക്ലാസിലേക്കുള്ള വഴി? കാവിലേക്കുള്ള വഴി?
പ്രണയം പറഞ്ഞ വഴിയിൽ പൂക്കളുണ്ടായിരുന്നോ? ഒറ്റക്കിറങ്ങിയ ആദ്യയാത്രാവഴി അതേതായിരുന്നു?
ഓടി തിരികെപ്പോകാൻ കൊതിക്കുന്നൊരു വഴിയുണ്ടോ?
ഓർക്കാനേ ആഗ്രഹിക്കാത്ത വഴികളെത്രയെണ്ണം? തെറ്റിയ വഴികളും തീരാത്ത വഴികളുമില്ലേ?വളഞ്ഞവഴികളും കുറുക്കുവഴികളും ഉണ്ടായിരുന്നില്ലേ?
വഴിയേറെ താണ്ടി, വളവും തിരിവും കടന്ന്, വെയിലും തണലും അറിഞ്ഞ്, കയറ്റവും ഇറക്കവും കണ്ട്, വിയർത്തും വിശ്രമിച്ചും നമ്മൾ യാത്ര തുടരുന്നു. പിറന്നത് മുതൽ പുറപ്പെട്ട ഈ യാത്രയിൽ കണ്ടുമുട്ടിയവരനേകം. ആദ്യം മുതൽ ഒപ്പമുള്ളവർ, പാതിവഴിയിൽ പിരിഞ്ഞവർ, അതിഥിവേഷം കെട്ടിയവർ, വഴിനീളെ ആരെല്ലാമാരെല്ലാം. കറങ്ങി വീഴുന്നത് ഒന്നാണെങ്കിൽ ഇറങ്ങിത്തിരിക്കുന്ന, പാമ്പുംകോണിയും കളിപോലെ വന്നവഴികളെ കണ്ടാൽ എടുത്ത് ഉയർത്തിയ കോണികളായവർ ഏറെയുണ്ട്. വീണ, വിഴുങ്ങിയ പാമ്പുകൾ അതിലേറെ കാണും.
വായിക്കാം, കേൾക്കാം: 90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി
വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ
മൈലുകൾ താണ്ടി, കിതച്ചും കുതിച്ചും നമ്മളിതാ ഒരു നാൽക്കവലയിലെത്തി നിൽക്കുന്നു. അറിയുന്നവരും അറിയാത്തവരുമായി ആരെല്ലാമോ ചുറ്റിലും. പലദിശയിൽ പലദൂരം പോകേണ്ടവർ. ഒരുനൊടിനേരം നാം വേഗം കുറയ്ക്കുന്നു. വെളിച്ചം കാക്കുന്നു. സിഗ്നൽ ബോർഡിൽ പച്ച വെളിച്ചം തെളിയുന്നു. നമുക്ക് യൂടേണെടുക്കാം. തിരികെ, പഴയ വഴികളിലേക്ക്.
ഓർമോപനിഷത്ത്,
വഴിയോർമകളിലൂടെ.
കാപ്പിപ്പൂ പൂത്ത
പൂവഴികൾ
എവിടെയാണ് വീടെന്ന ചോദ്യത്തിന് വയനാടെന്ന് ഉത്തരം നൽകിയവർക്കറിയാം, ആ ഉത്തരം, ചോദ്യം ചോദിച്ചയാളിലെ യാത്രാസ്നേഹിയെ ഉണർത്തും. ഒരു തണുത്തകാറ്റ് ആ രണ്ടുപേർക്കിടയിൽ ഇടംപിടിക്കും. വയനാട്ടിൽ വന്നുപോയ വിശേഷമോ വയനാട്ടിൽ വരാനുള്ള പദ്ധതിയോ, ആ തണുപ്പിനെ വകഞ്ഞുമാറ്റി അയാൾ പങ്കിടും. ഒരു കോടമഞ്ഞിനപ്പുറം ഒരുമിച്ചുകടന്നതുപോൽ ആ പരിചയത്തിന് ആദ്യമേയൊരു തെളിച്ചം വരും. വയനാടൻ വഴികൾ എന്നും തണുപ്പുള്ളൊരു ഓർമയാണ്. കാപ്പിപ്പൂവിന്റെ മണമുള്ള കാട്ടുവഴികൾ. ഒരു കടുംകാപ്പിയുടെ ചൂടും മണവുമാണ് വയനാട്ടുകാരെ ഉണർത്തുക. ഏതാണ് പ്രിയപ്പെട്ട ഗന്ധം എന്ന് ആരെങ്കിലും ചോദിച്ചാൽ എനിക്ക് രണ്ടുത്തരമുണ്ട്. ഒന്ന്, കാപ്പിപൊടിയുടെ ഗന്ധമെങ്കിൽ രണ്ട്, മരുന്നും ഡെറ്റോളുമെല്ലാം കൂടി കലർന്ന ആശുപത്രി വരാന്തയുടേതാണ്. രണ്ടും അത്രമേൽ ആഴത്തിലറിഞ്ഞ ഗന്ധങ്ങളാണ്.

വയനാട്ടിൽ പൂർണമായും ചെലവിട്ടത് ആദ്യകാല സ്കൂൾ ജീവിതം മാത്രം. അക്കാല ഓർമകൾ മൂന്നുവഴികളിൽ തീരും. വീട്ടിലേക്കും സ്കൂളിലേക്കും ജോർജേട്ടൻറെ കടയിലേക്കുമുള്ള വഴികൾ.
വായനശാലയുടെ മുന്നിൽ നിന്നാണ് വീട്ടിലേക്കുള്ള വഴിയുടെ തുടക്കം. ഒരു കലുങ്കിൽ തുടങ്ങുന്ന മണ്ണിട്ട വഴി. അരിപ്പൂകൊണ്ട് മൂടിയ ചെറിയ കാടുകൾ ഇരുവശവും. അരിപ്പൂവിനൊപ്പം നാവിൽ വച്ചാൽ തരിപ്പറിയുന്ന മഞ്ഞക്കുഞ്ഞിപ്പൂവുകൾ ഇടകലർന്നുകാണാം. പിന്നിട്ട വഴികളിൽ പലതിനേയും പൂക്കളെ ഓർത്തും പറയാനാകും. ആദ്യം പഠിച്ച അങ്കണവാടിയുടെ വഴിയും മതിലും കയ്യേറിയ കടലാസുപൂക്കൾ മുതൽ കോളേജാകെ നിറഞ്ഞ ഗുൽമോഹർ പൂക്കൾ വരെ, ഓരോകാലത്തിനും ഓരോ പൂക്കളുടെ നിറങ്ങൾ. അല്ലെങ്കിലും പ്രണയം പറയാനും മരണം വണങ്ങാനും നമുക്ക് പൂക്കളല്ലേയുള്ളൂ. പൂ പറിക്കാൻ നടന്ന കുഞ്ഞോണക്കാലങ്ങൾക്ക് പലനിറപ്രഭ.
അച്ഛനൊപ്പം നടന്ന വഴികൾ തണുപ്പും തണലും മാത്രം കണ്ട വഴികളായിരുന്നു. അത്ര തെളിച്ചമില്ലാത്തൊരു കാത്തുനിൽപ്പിന്റെ ഓർമയിൽ തുടങ്ങുന്നു അച്ഛൻവഴികൾ.
അരിപ്പൂവഴി അവസാനിക്കുന്നയിടം, കാപ്പി ഇടതിങ്ങി നിൽക്കുന്ന തോട്ടത്തിന് അകത്തായൊരു കൊച്ചുവീട്. കിണറും തോടുമായിരുന്നു വീടിന് മുന്നിലും പിന്നിലും അതിരുകൾ. വശങ്ങളിൽ അതിരായത് ചെമ്പരത്തിമതിലുകൾ. ആ വീടോർത്താൽ മഴയും തണുപ്പും കൂട്ടുവരും. ഒരു മങ്കിക്യാപും ഒരു സെറ്ററും കൂടെ വരും. ഉമിക്കരികൊണ്ടു പല്ലുതേച്ചുണരും. ഏറെക്കാലം ഉമിക്കരിയായിരുന്നു ഞങ്ങളുടെ വില്ലിവൈറ്റ്. പല്ലുതേപ്പിന്റെ ഉണർവോടെ, തീ കായാൻ പോകും. ഉണങ്ങിയ ഇലകൾ കൂട്ടികത്തിക്കുന്നയിടം ചുരുണ്ടുകൂടിയിരുന്ന് തണുപ്പുമാറ്റും. തീ കത്തി തീരാതെ നോക്കാൻ കൊഴിഞ്ഞ ഇലകളെയാകെ വാരികൂട്ടും. തുളച്ചുകയറുന്ന തണുപ്പിനെ തോൽപ്പിക്കാൻ അതുകൊണ്ടൊന്നുമാകില്ലെന്ന് മാത്രം. തണുപ്പൊന്നുതാഴുമ്പോൾ ഇടവഴിയിലേക്ക് ഒറ്റക്കും തെറ്റിയും സ്കൂൾ കുട്ടികളെത്തി തുടങ്ങുന്നുണ്ടാകും. ഇടവഴി കടന്ന്, പള്ളിക്കരികിലൂടെ, നീലയും വെള്ളയും ഇട്ട കുട്ടിപ്പട്ടാളം, ഒരു ഉറുമ്പുവരിപോലെ ഓടുമേഞ്ഞൊരു പഴയകെട്ടിടത്തിലേക്ക് പഠിക്കാൻ കയറും. എക്കാലവും സ്കൂളിലേക്ക് പോകുന്ന വഴിയും സ്കൂൾ വിട്ട് വരുന്ന വഴിയും ഒന്നാണെങ്കിലും രണ്ടായി തോന്നും. പോക്കുവരവുകളിൽ, വരവിലാണ് വഴി കൂടുതൽ ആസ്വദിക്കുക. പോകുന്നത് സമ്മർദ്ദയാത്രെയങ്കിൽ വരുന്നത് സ്വാതന്ത്ര്യയാത്രയാണ്.
മഴ, പുതിയ ആനന്ദങ്ങളുടെ വഴിവെട്ടും. മുറ്റം നിറയെ മഴ ചിതറിത്തെറിപ്പിക്കുന്ന ആലിപ്പഴത്തിനായി ഓടിയിറങ്ങും. വീടോടുചേർന്ന തോടാകെ കവിഞ്ഞ് കുത്തിയൊലിക്കുന്നത് പോയിനോക്കിനിൽക്കും. ഇറയത്തും ഇടവഴിയിലും കടലാസുതോണികൾ ഇറക്കും. കാറ്റിനും മഴയ്ക്കുമൊപ്പം കുട കമത്തിയോടും. പെരുമഴ, പരിമിതികളിൽ പുലരുന്ന ഞങ്ങൾക്ക് പേടിയുടെ കരിമ്പടം കൂടി തന്നു.
വഴി കോടമൂടുന്ന മകരമഞ്ഞിൽ കമ്പിളിക്കുപ്പായങ്ങളുടെ കട്ടികൂടി. കുഞ്ഞുകാല ഓർമത്തണുപ്പുകൾ ഓർത്താലിനിയുമിനിയും ഓടിവന്ന് ആർത്തുപ്പെയ്യും. ചൂടെത്ര കാഞ്ഞാലും ചൂഴ്ന്നു കയറുന്ന തണുപ്പുപോലെ മേലള്ളിപ്പിടിക്കും. അച്ഛൻറെ മരണത്തോടെ വയനാട്ടിലെ വീട് വിറ്റ് ഞങ്ങൾ ചുരമിറങ്ങി. അതും ഒരു തോരാതുലാമഴക്കാലം.

ആകാശം കണ്ട,
ഭൂമിയറിഞ്ഞ
സ്നേഹവഴികൾ
അച്ഛനൊപ്പം നടന്ന വഴികൾ തണുപ്പും തണലും മാത്രം കണ്ട വഴികളായിരുന്നു. അത്ര തെളിച്ചമില്ലാത്തൊരു കാത്തുനിൽപ്പിന്റെ ഓർമയിൽ തുടങ്ങുന്നു അച്ഛൻവഴികൾ. വൈകീട്ടുള്ള വരവിനായി വഴിയറ്റം നോക്കിനിന്ന കാലം. ദൂരെത്തെളിഞ്ഞ് ചാരെയെത്തുംവരെ ആനന്ദപൂത്തിരിപോലെയൊരു അച്ഛൻ വരവ്. മുണ്ടിന്റെ മടിക്കുത്തിൽ തീപ്പെട്ടിക്കും ഒന്നോ രണ്ടോ സിഗരറ്റുകൾക്കുമൊപ്പം ഒരു മിഠായിപ്പൊതി കാണും. ആ മധുരപ്പൊതിയുടെ വരവുകാത്തുള്ള വഴിയോരനിൽപ്പിനോളം വരില്ല ഒരു പിൽക്കാല കാത്തിരിപ്പും. കഴുകി വെളുപ്പിച്ച ഒരു ഫിഷർ ഹവായിയിലേക്ക് അച്ഛൻ കാലെടുത്തുവച്ചപ്പോഴെല്ലാം, എങ്ങോട്ടെന്നറിയില്ലെങ്കിലും ഞാനും വരട്ടേ എന്ന ചോദ്യമെറിഞ്ഞു. കടകളിലേക്കാദ്യം കൂട്ടുവിളിച്ചു. മംഗലം കണ്ടു. മരിപ്പുകൂടി. കാവും കുളവും കടലും കണ്ടു. വായനശാല കണ്ടു. പൊതുയോഗവും പാർട്ടി സമ്മേളനവും കണ്ടു. തോളിലേറി, കയ്യിൽ തൂങ്ങി, മുന്നാലെ, പിന്നാലെയോടി പലകാല പലവഴി യാത്ര. നാടും നഗരവും കണ്ടത്, നാലളറിഞ്ഞത്, നാലാളെയറിഞ്ഞത് എല്ലാം അച്ഛനൊപ്പം നടന്ന ആ വഴികളിലൂടെയായിരുന്നു.
അച്ഛനൊരു നടന്നുതീരാത്ത വഴിയായിരുന്നുവെങ്കിൽ അമ്മയൊരു തുറന്നിട്ട വാതിലായിരുന്നു. ലോകത്തിലേക്കുള്ള വാതിൽ തുറന്നു തന്നതുകൊണ്ടാകാം, പരിഭവകാലത്തും ചാരിയതല്ലാതെ ഒരമ്മയും ഒരു വാതിലും കൊട്ടിയടച്ചുകണ്ടിട്ടില്ല. ആർക്കും താഴുതപ്പി തിരയേണ്ടിവന്നില്ല, ഒരുനാളും മുട്ടിനോക്കി കാത്തുനിൽക്കേണ്ടിവന്നില്ല. അമ്മയ്ക്കുളളിലുറങ്ങവേ പുറത്തേക്കുള്ള വഴിയേതെന്ന് നമ്മൾ ചിന്തിച്ചുകാണുമോ? നീ വയറ്റിൽക്കിടന്ന് എന്തൊരു ചവിട്ടായിരുന്നുവെന്ന അമ്മപ്പരാതിക്കുപിന്നിൽ ഒരുപക്ഷേ കുഞ്ഞുനമ്മളുടെ വഴിയന്വേഷണമായിരിക്കാം. ചന്ദ്രക്കലപ്പോലെ കിടന്ന കാലം, ഏതുവഴിയവതരിക്കുമെന്ന് ആലോചിച്ചങ്ങനെ, അമ്മ വയറൊരു വാതിലെന്ന് സങ്കൽപ്പിച്ചങ്ങനെ, ചവിട്ടിത്തുറക്കാൻ നോക്കിയതാകും. തോളേറ്റിയച്ഛൻ കാണിച്ച ആകാശവും കൈകോർത്തമ്മ നടത്തി കാണിച്ച ഭൂമിയും അളന്നുതീർക്കാനൊരു വാമനനും ഇതുവരെ, ഇതുവരെ ഈ വഴി വന്നതേയില്ല.
ഞാനൊരു വഴിപറയാം എന്നുപറഞ്ഞുതുടങ്ങി സകല ചുഴിയിലും കൊണ്ടുതള്ളുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടിയ പഴയ വഴി ഓർമയുണ്ടോ.
അച്ഛനുമ്മയും കൈമാറുന്നത് ചേച്ചിമാരുടെ കൈകളിലേക്കാണ്. ഒരേസമയം അവൾ അച്ഛനും അമ്മയും എന്തിന് അധ്യാപിക വരെയാകും. കരുതലും കൌതുകവും കണ്ട മെല്ലെപ്പോക്കുകൾ. വഴിവക്കിലെ വെള്ളത്തണ്ടൊടിച്ചും കയ്യിൽ പച്ചകുത്തുന്ന ഇലപറിച്ചൊട്ടിച്ചും പതിയെ നടന്ന പദയാത്രകൾ. മയിൽപ്പീലി പ്രസവിക്കുന്നതടക്കമുള്ള കണ്ടുപിടുത്തങ്ങളെ കേട്ട വഴിയോർമകൾ. ഒരു കുടയും കുഞ്ഞുപെങ്ങളുമെന്നതുപോലെ ഒരു ഡോറാ- ബുജി പ്രയാണം.
അയൽപക്ക സഹപ്രായസംഘത്തെ ശ്രദ്ധയിൽപ്പെടുന്നത് അക്കാലമാണ്. അച്ചടക്കത്തിന്റെ, അനുസരണയുടെ ചേച്ചിച്ചങ്ങല പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രനാകാൻ അരുളപ്പാടുണ്ടായി. അധികം വൈകാതെ അവരുടെ ഗ്യാംഗിൽ അംഗത്വമെടുത്തു. നടന്ന വഴികളല്ല, ഓടിരക്ഷപ്പെട്ട വഴികളായിരുന്നു പുതിയ ഗ്യാംഗിന്റെ സംഭാവന. മാങ്ങക്ക് കല്ലെറിഞ്ഞോടുക, പന്തടിച്ച് ചില്ലുതകർത്തോടുക ഇനി ഒരു പ്രകോപനവുമില്ലെങ്കിലും പോകുംവഴി കാണുന്ന വീടിൻറെ ബെല്ലടിച്ച് ഓടുക തുടങ്ങി പടയോട്ടങ്ങളുടെ പട്ടിക ഒത്തിരിയുണ്ട്. ടയറോട്ടിയ വഴികളിലൂടെ വാടക സൈക്കിളുകളിലോടി. സമീപവീടുകളെല്ലാം സ്വന്തം വീടായി. വഴി തെറ്റിപ്പോകരുതേയെന്ന പ്രാർത്ഥനയ്ക്ക് വഴി വെട്ടി കൊടുത്ത കാലം പിറന്നു.

സാഹസവഴികൾ,
സൗഹൃദ വഴികൾ
സകലചരാചരങ്ങളേയും സൃഷ്ടിച്ചത് ദൈവമെന്ന് കരുതുക. സൃഷ്ടിക്കപ്പെട്ട സകലതും ദൈവത്തെ സ്മരിച്ചുതന്നെയാകും പുലരുന്നതും. നമ്മളോ, നമ്മൾ മാത്രം, വെറുതെ സ്മരിച്ചാൽ പോരല്ലോ, നന്നായി ആരാധിച്ചുകളയാം എന്നുറപ്പിച്ച് മൂപ്പരുടെ പിന്നാലെ കൂടി. ലോഹം കണ്ടുപിടിച്ചപ്പോൾ അതിലൊരു പങ്കെടുത്ത് ശൂലം പണിതതുപോൽ, ശിലായുഗകാലം മുതൽ ഇന്നുവരെ വിശ്വശിൽപ്പിയെ വണങ്ങാതെ ഒരു വഴിക്കും നമ്മളിറങ്ങിയിട്ടില്ല. ചെറിയ ആരാധന, ആദ്യകാലമെല്ലാം അങ്ങേര് ആസ്വദിച്ചുകാണും. കണ്ട് പഠിക്കെടാ ഇവന്മാരെ എന്ന് മറ്റ് ജീവജന്തുജാലങ്ങളോട് ഏതെങ്കിലും രീതിയിൽ ഏതെങ്കിലും ദൈവം വീമ്പുപറഞ്ഞിട്ടുണ്ടാകും. പോകെപ്പോകെ ഇവന്മാരിത് ഓവറാക്കി ചളമാക്കുന്നുണ്ടല്ലോ എന്ന് പലകുറി, പലവട്ടം ദൈവത്തിന് ആത്മഗതം പറയേണ്ടിവന്നിട്ടുമുണ്ടാകും. ആദ്യ വിശ്വാസിയെ മുതൽ അവസാനം പിറന്ന വിശ്വാസിയെവരെ എടുത്താൽ, അവരിൽനിന്ന് ഒരു ദൈവം ഏറ്റവും തവണ കേട്ട പ്രാർത്ഥന ഏതാകും. ഭഗവാനെ ഇവൻ അല്ലെങ്കിൽ ഇവൾ വഴിതെറ്റിപ്പോകരുതേ എന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ അപേക്ഷയാകും അതെന്നതിൽ തർക്കം വേണ്ട. സകലവഴിയും തെറ്റി വളർന്ന അച്ഛനമ്മമാർ അവരുടെ മക്കൾക്ക് വഴിതെറ്റരുതേയെന്ന് ദൈവത്തെ കണ്ട് പറയുന്നു. ആ മക്കൾ സമാനപാതയിൽ തെറ്റിചുറ്റിക്കറങ്ങി അവരുടെ മക്കളെക്കുറിച്ച് അതേ ആശങ്ക ഇതേ ദൈവത്തോട് പറയാനെത്തുന്നു. തലമുറ, തലമുറ മാറി അതൊരു മന്ത്രമായി എന്നും ഏതെങ്കിലും ദൈവം കേട്ടുകൊണ്ടേയിരിക്കുന്നു.
വളഞ്ഞ വഴികളുടെ കാലം,
വിളഞ്ഞ വിത്തായ കാലം
ഞാനൊരു വഴിപറയാം എന്നുപറഞ്ഞുതുടങ്ങി സകല ചുഴിയിലും കൊണ്ടുതള്ളുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടിയ പഴയ വഴി ഓർമയുണ്ടോ. ഇന്ന് കണ്ടാലും, നമ്മൾ ഇങ്ങനെപോയാൽ പറ്റില്ലെന്നും രക്ഷപ്പെടാൻ പുതിയ ഒരു വഴിയാലോചിക്കേണ്ടേ എന്നും ചോദിക്കുന്നവർ. കുറുക്കുവഴികളും കൂട്ടുപ്രതികളും ചേർന്നാണ് പോയകാലത്തെ ഒരു കളർപടമാക്കിയത്. പ്രോഗസ് കാർഡിൽ ഒപ്പിട്ടുകിട്ടാനെന്തുവഴി, ക്ലാസിൽ കയറാതിരിക്കാൻ എന്തുവഴി, പ്രണയം പറയാൻ എന്തുവഴി, ലൈമും പഫ്സും കഴിക്കാനെന്തുവഴി, സിനിമക്ക് പോകാൻ എന്തുവഴി എന്നുതുടങ്ങി വഴിക്കണക്കോർത്തെടുത്താൽ തീരാതെ നീളും.
ഹോംവർക്ക് ചെയ്യാതിരിക്കാൻ എന്ത് വഴിയെന്ന ആലോചനകൾ പതിറ്റാണ്ട് നീണ്ട് റെക്കോർഡ് സബ്‍മിറ്റ് ചെയ്യാൻ എന്താണ് വഴി എന്നതിലേക്ക് എത്തിച്ചു. അമ്പലങ്ങളിലേക്കുള്ള വഴി മറക്കാതിരിക്കുന്നത് അക്കാലം പ്രധാനമായും രണ്ടവസരങ്ങളിലായിരുന്നു. ഒന്ന് പരീക്ഷാക്കാലം. മറ്റൊന്ന് ഉത്സവകാലം. തേങ്ങ ഉടക്കലിൽ തുടങ്ങി, വിദ്യാസൂക്തത്തിലേക്ക് വളർന്ന് സകല വഴിപാടും പ്രാർത്ഥനയും കടന്നെത്തിയ പരീക്ഷാമുറികളുണ്ട്. പഠിച്ചത് മറക്കരുതേ, പഠിച്ചത് തന്നെ ചോദ്യങ്ങളായി വരണമേ എന്നതിൽ തുടങ്ങിയ പ്രാർത്ഥനകൾ പിന്നെ വെട്ടിയ തുണ്ടിൽ നിന്ന് തന്നെ ചോദ്യങ്ങളുണ്ടാകണേ എന്നായി.
എന്തായിരിക്കുമോ അന്നൊക്കെ കോവിലുകൾക്കുളളിലെ ദൈവം ദൈവത്തോട് തന്നെ പറഞ്ഞത്.
ഓരോ വഴിയും ഓരോ ഓർമച്ചുഴി തന്നെ. നമ്മൾ പോകുന്ന വഴി ശരിയല്ലെടാ എന്ന് പലവട്ടം പലരും പറഞ്ഞിട്ടുണ്ടെങ്കിലും ആ വഴികളുടെ ഊർജമാണ് പിന്നീട് എല്ലാവഴിയിലുമോടാൻ ഇന്ധനമായത്. ലക്ഷ്യങ്ങളല്ല, വഴികൾ തന്നെയാണ് യാത്രയുടെ സൗന്ദര്യം.
ഉത്സവവഴികൾ ഉല്ലാസപ്പൂത്തിരികളായി. രാത്രിയാത്രകളുടെ തുടക്കം ഉത്സവകാലത്തായിരുന്നു. നാടകം കണ്ടും ഗാനമേളകേട്ടും ഉത്സവപറമ്പുകളിൽ ഉലാത്തി. കുലുക്കുകുത്തിക്കളത്തിൽ ആദ്യ ഭാഗം പരീക്ഷിച്ചു. ആരുടെയെക്കെയോ ടോർച്ചുകൾ വീട്ടിലേക്കുള്ള വഴിവിളക്കുകളായി. പന്ത് തൊട്ട് പടക്കം വരെ വാങ്ങാൻ കടയിൽ നിന്ന് മിച്ചം കിട്ടിയ കാശെടുത്തുമറിച്ചു. നെപ്പോ കിഡുകൾ അന്ന് എവിടെയായിരുന്നുവോ എന്തോ! അടുത്ത അഞ്ച് പഞ്ചായത്തുകളിൽപോലും ആരേയും കണ്ടില്ല. സിനിമാകൌതുകം നഗരത്തിലേക്കുള്ള വഴിയും വണ്ടിയും കാട്ടി. തിയേറ്ററുകളിലെ തുരങ്കപാതകളിലൂടെ നൂണ്ടിറങ്ങുമെന്നത് വെള്ളിയാഴ്ച വഴിപാടായി. ഉയർന്ന ക്ലാസുകളിലേക്കുള്ള മാറ്റം ഉന്നംമറന്ന് തെന്നിപ്പറന്ന സാഹസവഴികളുടെ എണ്ണം കൂട്ടി. വിനോദയാത്രകളായി പ്രധാന വിനോദം.
പലവഴിമാറി,
ഒരേയൊരു
ജീവിതവഴിയിൽ-
സ്കൂളടച്ച്, ഒരു മാസം കുത്തിമറിഞ്ഞ്, മെയ് ആദ്യവാരമാണ് ജയിച്ചോ തോറ്റോ എന്നറിയാൻ വീണ്ടും സ്കൂളിലെത്തുക. ഇന്നത്തെപോലെ തോൽവികളില്ലാ കാലമല്ല. ഒരു തോൽവി കൊണ്ട് പഠിത്തം നിർത്തിയവർ ഏറെയുണ്ട്. അച്ഛന്റെയോ അയൽപക്ക ചേട്ടൻമാരുടേയോ കടകളിൽ പിന്നീടവർ സഹായികളാകും. സ്കൂളിലേക്കുള്ള വഴിയിൽ അവന്റെ അഭാവം നിഴലിക്കും. വലിയ ക്ലാസുകളിലും തനിയാവർത്തനങ്ങളുണ്ടായി.
സംഘബലം കുറഞ്ഞു. അവരവരുടെ തനി വഴികളിലേക്ക് എല്ലാവരും മാറി നടന്നു. വഴിയോരക്കാഴ്ചകളെ മറന്ന് ലക്ഷ്യം കാണേണ്ട സാഹചര്യങ്ങളിലേക്കെത്തി. ഒറ്റയ്ക്കലഞ്ഞ ഒത്തിരിവഴികൾക്ക് തുടക്കമിട്ടു. വേദനയുടെ നൂറുവഴികളും പിന്നിലുണ്ട്. അടുപ്പമുള്ളവരെ അവസാനമായി കാണാൻ പോയ വഴികൾ, ജോലിയന്വേഷണ നിരാശകളുടെ വഴികൾ, പ്രണയനിരാസത്തിന്റെ വഴികൾ, ഒറ്റപ്പെടലുകളുടെ ഒരുനൂറുവഴികൾ. ഓരോ വഴിയും ഓരോ ഓർമച്ചുഴി തന്നെ. നമ്മൾ പോകുന്ന വഴി ശരിയല്ലെടാ എന്ന് പലവട്ടം പലരും പറഞ്ഞിട്ടുണ്ടെങ്കിലും ആ വഴികളുടെ ഊർജമാണ് പിന്നീട് എല്ലാവഴിയിലുമോടാൻ ഇന്ധനമായത്. ലക്ഷ്യങ്ങളല്ല, വഴികൾ തന്നെയാണ് യാത്രയുടെ സൗന്ദര്യം.

ഒൻപതാം വളവിലെ
ഓർമച്ചങ്ങല
വയനാടൻ ചുരം കയറിയവർ ശ്രദ്ധിച്ചുകാണും കരിന്തണ്ടനെ ആവാഹിച്ചൊരു ചങ്ങലമരമുണ്ട്, ഒൻപതാം വളവിൽ. കാട് തെളിച്ച് കോഴിക്കോടെത്താൻ വഴി കാട്ടിയ കരിന്തണ്ടനെ വൈദേശികർ വകവരുത്തുകയായിരുന്നു. പിന്നീട് ആത്മാവിനെ ചങ്ങലമരത്തിലാവാഹിച്ചു. അതിനടുത്തായി ചങ്ങല മുനീശ്വർ കോവിലും കാണാം. ഒറ്റയ്ക്ക് വഴിവെട്ടി വിജയിച്ചവരെ അത്രയെളുപ്പം കുഴിവെട്ടി മൂടാനാകില്ലെന്ന ഓർമ്മപ്പെടുത്തലാണ് ആ ചങ്ങലമരവും കരിന്തണ്ടൻ കോവിലും.
ഏറെ കാലത്തിനുശേഷം വയനാട്ടിൽ പോയത് ചൂരൽമല ഉരുൾപൊട്ടലിന് ശേഷമാണ്. വഴിയേതെന്നോ, വീടേതെന്നോ അറിയാമട്ടിൽ മഴ ഉഴുത ഭൂമി. ആദ്യ വീട്ടിൽ നിന്ന് അധികം ദൂരമില്ലാത്തയിടം. കാൾ സാഗന്റെ വാക്കുകളെ ഓർത്തു. നിത്യജീവിതം നിരന്തരമുള്ള അത്യാഹിതം കൂടിയാണ്. അതിന്റെ അടയാളങ്ങൾ മുറിവുകളായി, പരുക്കുകളായി പേറുമ്പോഴും അത് നഷ്ടത്തിന്റെ, ദു:ഖത്തിന്റെ മാത്രമല്ല. നമ്മൾ ഈ നിമിഷവും അവശേഷിക്കുന്നുവെന്ന അതിജീവനശേഷിയുടെ സാക്ഷ്യപത്രം കൂടിയാകുന്നു.
അവിചാരിതമാകാം, വയനാട്ടിലേക്കുള്ള വഴിയെക്കുറിച്ച്, പഴയ വീട്ടിലേക്കുള്ള വഴിയെക്കുറിച്ച് ഈ കുറിപ്പ് എഴുതുന്നത് കൊച്ചി കലൂരിലെ കഫേ കോഫി ഡേ ഔട്ട്ലെറ്റിരുന്നാണ്. ഇവിടം സകലം കാപ്പിമയം. ബത്തേരി ഗണപതിയമ്പലത്തിനോട് ചേർന്നുള്ള കാപ്പിപൊടിക്കുന്ന കടകളുടെ മണമല്ലെങ്കിലും ചുറ്റിലും ചൂടുകാപ്പിയുടെ ഗന്ധം. അന്ന് ചാക്കുകളിൽ കടവരാന്തകളിൽ കാപ്പിക്കുരു കെട്ടിവക്കുമായിരുന്നു. ഇവിടം ടെറേറിയം കുപ്പികളിലിരുന്ന് കാപ്പിക്കുരു എന്നെ നോക്കി ചിരിക്കുന്നു. ഒരു തുലാമഴതണുപ്പിനെ തോൽപ്പിക്കാൻ അമ്മയിട്ടുതന്നെ പഴയ വെല്ല കാപ്പിയെ ഓർക്കുന്നു.
ഇനിയെത്ര വഴികൾ,
ഇനിയെത്ര യാത്രകൾ…
