കോഴിക്കോട്ട് ബിപുൽ റെഗോൺ നൃത്തം ചെയ്തപ്പോൾ

പ്രിയ ബിപുൽ, താങ്കൾ എന്നാണ്
അവസാനമായി നൃത്തം ചെയ്തത്?

പ്രിയ ബിപുൽ, ബ്രഹ്മപുത്രയിലൂടെ മന്ദമായി നീങ്ങുന്ന ചങ്ങാടത്തിൽ താങ്കൾ മൂളിയ ഒരു ബിഹു ഗാനം ഓർമ വരുന്നു. കോഴിക്കോട്ട് താങ്കൾ നടത്തിയ സോളോ നൃത്തപരിപാടി ഓർമ വരുന്നു. മനോഹരമായ ആ ചിരിയും ഫോണിലൂടെ ഒഴുകിവരുന്ന മധുരമായ സ്നേഹാന്വേഷണങ്ങളും ഓർമ വരുന്നു- ജൂലൈ അഞ്ചിന് മരിച്ച ആസാമിസ് കവിയും സാംസ്കാരികപ്രവർത്തകനുമായിരുന്ന, മലയാളത്തിൽ കവിതകളെഴുതിയിരുന്ന ബിപുൽ റെഗോണുമായുള്ള ആത്മബന്ധം ഓർത്തെടുക്കുന്നു, വി. അബ്ദുൽ ലത്തീഫ്.

2012-ലെ ഒരു ബിഹു സീസൺ.
ആസാമിലെ ജോർഹട്ടിൽ കേരളത്തിൽനിന്ന് ഒരു കലാസംഘമായി എത്തിയതായിരുന്നു ഞങ്ങൾ. എഴുത്തുകാരുണ്ട്, നാടകപ്രവർത്തകരുണ്ട്, ഫോട്ടോഗ്രാഫർമാരും സിനിമാ പ്രവർത്തകരുണ്ട്, അധ്യാപകരുണ്ട്. കുടുംബമായും അല്ലാത്തവരായും ഒരു വലിയ യാത്രാസംഘം, കലാസംഘം.
ഞങ്ങളെ സ്വീകരിക്കാനെത്തുന്ന ബിപുൽ റെഗോൺ, സെയ്ദ് പർവെസ് ഹുസൈൻ എന്നിവരെ കുറിച്ച് വാസുദേവൻമാഷ് പറഞ്ഞറിയാം. ബിപുൽ കവിയാണ്, പർവെസ് നിരൂപകനും.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രഭാതം നേരത്തേയെത്തും. അങ്ങനെയൊരു തണുത്ത പ്രഭാതത്തിൽ ജോർഹട്ട് റെയിൽവെ സ്റ്റേഷനിലിറങ്ങിയ കുഞ്ഞുകുട്ടിപരാധീനതകളുള്ള മലയാളി യാത്രാസംഘത്തെ ബിപുലും പർവെസുമടങ്ങുന്ന സംഘം ഹൃദയം കൊണ്ട് സ്വീകരിച്ചു. 2024 ജൂലൈ അഞ്ചിന് ബിപുൽ ഈ ലോകത്തോട് വിട പറയുംവരെ പത്തുവർഷത്തിലധികം ആ ബന്ധം നിലനിന്നു.

രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന അസുഖമായിരുന്നു ബിപുലിന്. അത് ക്രമേണ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിച്ച് ബിപുലിനെ നാല്പത്തിനാലാം വയസ്സിൽ മരണത്തിലേക്ക് കൈപിടിച്ചു. അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് എത്രയോ പേരാണ് സമൂഹമാധ്യമങ്ങളിൽ സങ്കടത്തോടെ അനുസ്മരണക്കുറിപ്പുകളെഴുതിയത്, അദ്ദേഹത്തിന്റെ കവിതകൾ പങ്കുവച്ചത്. ബിപുലിന് ധാരാളം മലയാളി സുഹൃത്തുക്കളുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അതിന്റെ വൈപുല്യം മരണശേഷമാണ് മനസ്സിലാവുന്നത്.

മലയാളത്തിന്റെയും കേരളത്തിന്റെയും നിത്യബന്ധുവായിരുന്ന ബിപുൽ റെഗോൺ ആസാമിൽ ബ്രഹ്മപുത്രയുടെ നദീദ്വീപായ മജൂലിയിൽനിന്നു വരുന്ന ബഹുഭാഷാ കവിയാണ്.
മലയാളത്തിന്റെയും കേരളത്തിന്റെയും നിത്യബന്ധുവായിരുന്ന ബിപുൽ റെഗോൺ ആസാമിൽ ബ്രഹ്മപുത്രയുടെ നദീദ്വീപായ മജൂലിയിൽനിന്നു വരുന്ന ബഹുഭാഷാ കവിയാണ്.

ആരായിരുന്നു ബിപുൽ റെഗോൺ?

മലയാളത്തിന്റെയും കേരളത്തിന്റെയും നിത്യബന്ധുവായിരുന്ന അയാൾ ആസാമിൽ ബ്രഹ്മപുത്രയുടെ നദീദ്വീപായ മജൂലിയിൽനിന്നു വരുന്ന ബഹുഭാഷാ കവിയാണ്. മനുഷ്യരുടെ ഹൃദയങ്ങളിലേക്കു സഞ്ചരിച്ച സൗഹൃദത്തിന്റെ രൂപകമാണ്. ഗോത്രഭാഷയായ മിഷിങ് ആണ് മാതൃഭാഷ. സിനോതിബറ്റൻ ഭാഷാഗോത്രത്തോടാണ് ഇതിനു ചാർച്ച.

വിദ്യാഭ്യാസം നേടിയത് അസമീസ് ഭാഷാമാധ്യമത്തിൽ. ബിരുദവും ബിരുദാനന്തരബിരുദവും നേടിയത് ഹിന്ദിയിൽ. ഇന്ത്യയുടെ മറ്റൊരു ഭാഗത്തെ ഭാഷ പഠിക്കാൻ അവസരം ലഭിച്ചപ്പോൾ ബിപുൽ മലയാളം തിരഞ്ഞെടുത്തു. മൈസൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൽ ചേർന്ന് ഔപചാരികമായി മലയാളം പഠിച്ചു. മാതൃഭാഷയുടെ ഭാഷാശാസ്ത്രപരമായ വേരുകളന്വേഷിച്ചുചെന്ന് തായ് ഭാഷയും പഠിച്ചു.

ബിപുൽ ധാരാളം സംസാരിക്കുമായിരുന്നു. ബിഹുവിനെ കുറിച്ച്, ഓരോ സീസണും മജൂലിയുടെ ഭൂപടം മാറ്റിവരയ്ക്കുന്ന ബ്രഹ്മപുത്രയെക്കുറിച്ച്, ആസാമിലെ ഗോത്രങ്ങളെ കുറിച്ച്, ആസാമിന്റെ നവോത്ഥാനത്തിൽ വലിയ പങ്കുവഹിച്ച ശങ്കർ മഹാദേവിനെ കുറിച്ച്, സംഗീതജ്ഞനായ ഭുപൻ ഹസാരികയെ കുറിച്ച് എല്ലാം ബിപുൽ സംസാരിക്കുമായിരുന്നു.

മലയാളം പഠിച്ച കാലത്ത് മൈസൂരിൽ അദ്ദേഹത്തിന്റെ അധ്യാപകരുടെയും സഹപാഠികളുടെയും കൂടെ കേരളത്തിലൂടെ യാത്ര ചെയ്തു. തുടർച്ചയായി മലയാളസാഹിത്യം പിന്തുടർന്നു. സംസാരിച്ച ഓരോ മലയാളിയെയും അത്ഭുതപ്പെടുത്തി, നിത്യസൗഹൃദത്തിലേക്ക് വലിച്ചിട്ടു. മലയാളത്തിൽനിന്നുള്ള കവിതകളും കഥകളും നാടകങ്ങളും അസമീസിലേക്ക് വിവർത്തനം ചെയ്യാനുള്ള നിരവധി പ്രോജക്ടുകൾ ഏറ്റെടുത്തു. കേരളത്തിൽനിന്ന് ആസാമിലെത്തുന്നത് ആരായാലും അവരെയും കൊണ്ട് ആസാമിലാകെ ചുറ്റിനടന്നു. സമയമുണ്ടെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ ആളുകളുടെ കൈപിടിച്ചു നടന്നു. ഓരോരുത്തർക്കും ആവശ്യമുള്ളതു കൊടുത്തു.

ബിപുൽ ധാരാളം സംസാരിക്കുമായിരുന്നു. ബിഹുവിനെ കുറിച്ച്, ഓരോ സീസണും മജൂലിയുടെ ഭൂപടം മാറ്റിവരയ്ക്കുന്ന ബ്രഹ്മപുത്രയെക്കുറിച്ച്, ആസാമിലെ ഗോത്രങ്ങളെ കുറിച്ച്, അവരുടെ സാഹിത്യത്തെ കുറിച്ച്, ശിബ് സാഗറിലും കാമാഖ്യയിലുമുള്ള ക്ഷേത്രങ്ങളെ കുറിച്ച്, ആസാമിന്റെ നവോത്ഥാനത്തിൽ വലിയ പങ്കുവഹിച്ച ശങ്കർ മഹാദേവിനെ കുറിച്ച്, സംഗീതജ്ഞനായ ഭുപൻ ഹസാരികയെ കുറിച്ച് എല്ലാം ബിപുൽ സംസാരിക്കുമായിരുന്നു. ആഴത്തിൽ ഖനനം ചെയ്യാൻ വരുന്നവരോടു മാത്രം അദ്ദേഹം വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയത്തിന്റെയും സംസ്കാരത്തിന്റെയും ആഴങ്ങളും സംഘർഷങ്ങളും പങ്കുവച്ചു.

ആസാമിലെത്തുന്നത് ആരായാലും ബിപുൽ അവരെയും കൊണ്ട് ആസാമിലാകെ ചുറ്റിനടന്നു. സമയമുണ്ടെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ ആളുകളുടെ കൈപിടിച്ചു നടന്നു.
ആസാമിലെത്തുന്നത് ആരായാലും ബിപുൽ അവരെയും കൊണ്ട് ആസാമിലാകെ ചുറ്റിനടന്നു. സമയമുണ്ടെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാകെ ആളുകളുടെ കൈപിടിച്ചു നടന്നു.

റേഡിയോയിൽ ഡൽഹിയിൽനിന്നുള്ള വാർത്താപ്രക്ഷേപണങ്ങളിൽ ആസാമിനെ കുറിച്ചുള്ള വാർത്തകൾ വന്നിരുന്ന കാലം ഓർക്കുന്നു. ഉൾഫ തീവ്രവാദികളും സൈന്യവുമായുള്ള ഏറ്റുമുട്ടലുകളുടെ വാർത്തകൾ. മരണങ്ങളുടെ കണക്കുകൾ. പിന്നീട് ഉൾഫകൾ ആയുധം താഴെ വച്ച് സമൂഹത്തിന്റെ മുഖ്യധാരയിൽ ലയിച്ചു.

ജോർഹട്ടിൽ വിവിധ പരിപാടികളുമായി കഴിയുന്ന ഒരു നാളിൽ ബിപുലിനോട്, കീഴടങ്ങിയ പഴയ ഉൾഫ പ്രവർത്തകരെ കുറിച്ചു ചോദിച്ചു. ‘സറണ്ടേഡ് ഉൾഫ’ എന്നതിന്റെ ചുരുക്കമായ സുൾഫ (SULFA) എന്നാണ് അവർ അറിയപ്പെട്ടത്. അത്തരത്തിലുള്ള ആരെയെങ്കിലും കാണിക്കാമോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് ബിപുൽ വഴങ്ങി. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന് കുറച്ചപ്പുറം മാറി ഒരു ടീ ഷോപ്പിൽ പിറ്റേന്ന് വൈകീട്ട് അവരുമായി സന്ധിക്കാം.
പിറ്റേന്നാവാൻ കാത്തിരുന്നു.
പഴയ കഥകളും ആസാമിന്റെ രാഷ്ട്രീയചരിത്രവുമൊക്കെ ഓർത്തെടുത്തു.

പിറ്റേന്നു വൈകീട്ട് നേരത്തേ തന്നെ കൂട്ടത്തിലാരെയോ കൂട്ടി പറഞ്ഞുറപ്പിച്ച ടീ ഷോപ്പിലെത്തി. കൃത്യസമയത്ത് ബിപുലും പർവേസും അവിടെയെത്തി. ഞങ്ങൾ നാലുപേർ അഭിമുഖമായി ഇരുന്നു. ടീ ഷോപ്പിലേക്ക് വരുന്ന ഓരോരുത്തരെയും സുൾഫകൾ എന്ന മട്ടിൽ നോക്കിയെങ്കിലും അവരൊന്നും അതായിരുന്നില്ല. ഒടുക്കം ക്ഷമ കെട്ട് അവരോട് ‘എവിടെ സുൾഫകൾ?’ എന്നു ചോദിച്ചു.
സുൾഫകളെ കാണണമെന്ന് നിർബന്ധമുണ്ടോ?, ബിപുൽ ചോദിച്ചു.
ഞങ്ങൾ പറഞ്ഞു, കാണണം.
എങ്കിൽ ഞങ്ങളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കോളൂ.
ഇതും പറഞ്ഞ് ബിപുലും പർവേസും പരസ്പരം നോക്കി ചെറുതായി ചിരിച്ചു. പിന്നെ ചോദിച്ച ഒന്നിനും അവർ മറുപടി പറഞ്ഞില്ല.

ബിപുൽ തുടക്കമിട്ട മഹാരത്തി എന്ന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലുണ്ടായിരുന്ന ഫിരിംഗോട്ടി എന്ന ചെറുകവിതാപ്രസ്ഥാനത്തെക്കുറിച്ച് ടെലഗ്രാഫ് പത്രത്തിൽ വന്ന റിപ്പോർട്ട്.
ബിപുൽ തുടക്കമിട്ട മഹാരത്തി എന്ന സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിലുണ്ടായിരുന്ന ഫിരിംഗോട്ടി എന്ന ചെറുകവിതാപ്രസ്ഥാനത്തെക്കുറിച്ച് ടെലഗ്രാഫ് പത്രത്തിൽ വന്ന റിപ്പോർട്ട്.

ബിപുലിനെയും പർവേസിനെയും കുറിച്ച് അന്വേഷിച്ചാൽ ‘ഫിരിംഗോട്ടി’ (കനൽത്തരികൾ) എന്നു പേരിട്ട ഒരു കവിതാപ്രസ്ഥാനത്തിൽ എത്തിച്ചേരും.
2000-ാമാണ്ടിന്റെ തുടക്കത്തിലാണ് മഹാരത്തി എന്ന പേരിൽ ബിപുൽ ഒരു സാംസ്കാരികസംഘടന രൂപീകരിക്കുന്നത്. 2003-ൽ പർവെസുമായി ചേർന്ന് പുതുകവിതയുടെ പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായി തീപ്പെട്ടികളിൽ കവിതച്ചുരുളുകൾ നിറച്ച് ജോർഹട്ടിലും പരിസരത്തുമാകെ വിതരണം ചെയ്തു.

ഫിരിംഗോട്ടി എന്നു വിളിച്ച് വിതരണം ചെയ്ത ഈ കവിതകൾ പൊതുവെ അറിയപ്പെട്ടത് തീപ്പെട്ടിക്കവിതകൾ എന്ന പേരിലാണ്. 42 കവികളിൽനിന്ന് കവിതകൾ സംഘടിപ്പിച്ച് (മിക്കവാറും ചെറുകവിതകൾ) തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പത്തിൽ ചുരുട്ടാവുന്ന കടലാസിലേക്കു പകർത്തി അഞ്ചു രൂപ വിലയിട്ട് വിതരണം ചെയ്തു.

ബിപുലിന്റെ കൂടെ വടക്കുകിഴക്കൻ മേഖലയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. അവിടെയൊക്കെ ഞങ്ങളെ സഹായിക്കാൻ ഒന്നുകിൽ ബിപുൽ നേരിട്ട് വരും, അല്ലെങ്കിൽ ബിപുലിന്റെ സുഹൃത്തുക്കളോ പരിചയക്കാരോ അവിടെയുണ്ടാകും.

പതിയെ ഇത് ജോർഹട്ടിനു പുറത്തേക്കും വ്യാപിച്ചു. ടെലഗ്രാഫ് പത്രം അക്കാലത്ത് ഈ കവിതാപ്രസ്ഥാനത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അസമീസ് സാഹിത്യ അക്കാദമിയും മറ്റ് സാഹിത്യ സാംസ്കാരിക പ്രവർത്തകരും ഈ മൂവ്മെന്റ് ശ്രദ്ധിച്ചിരുന്നു.

ബിപുലിനോടും പർവേസിനോടും തീപ്പെട്ടിക്കവിതകളെ കുറിച്ചു ചോദിച്ചാൽ പറയുക, വേറിട്ട് എന്തെങ്കിലും ചെയ്യണമെന്നു തോന്നി, ചെയ്തു എന്നു മാത്രമാകും. എന്നാൽ അവർ പോലുമറിയാത്ത കനൽത്തരികൾ അതിനകത്തുണ്ടായിരുന്നു. ഒരുവേള അവർ തന്നെയായിരുന്നു ആ കനൽത്തരികൾ.

കേരളത്തിൽ ഡയറ്റ് അധ്യാപകനായിരുന്ന ഡോ.കെ.എസ്. വാസുദേവൻ സഹഅധ്യാപകരോടൊപ്പം ആസാമിലേക്കു നടത്തിയ യാത്രയിലാണ് കേരള- ആസാം കലാസാഹിത്യസഹകരണം എന്ന ആശയം രൂപപ്പെടുന്നത്. ആസാമിലെ ബിഹു സീസണിൽ ജോർഹട്ടിലും പരിസരത്തും നാടകങ്ങളും സാഹിത്യസെമിനാറും കവിതാവതരണവുമൊക്കെ നടത്താനാണ് വലിയൊരു സംഘമായി ഞങ്ങൾ ജോർഹട്ടിലെത്തിയത്.

വാസുമാഷ് എഴുതി, അനൂപ് വാധ്യാൻ സംവിധാനം ചെയ്ത വെളുത്ത കുട്ടി എന്ന നാടകം കേരളത്തിൽനിന്നുള്ള സംഘം അവതരിപ്പിച്ചു. സ്ത്രീശക്തി വിളംബരം ചെയ്യുന്ന മറ്റൊരു നാടകംകൂടി അന്ന് അരങ്ങേറുകയുണ്ടായി. ബിഹു, സത്രിയ നൃത്തപരിപാടികൾ അസം സംഘം ഞങ്ങൾക്കു വേണ്ടിയും കരുതിവച്ചിരുന്നു.

ജോർഹട്ടിൽ അവതരിപ്പിച്ച നാടകത്തിൽനിന്ന്. അഗ്ഗത് നയാഗ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത സിന്ധു സാജനാണ് കുട്ടികളോടൊപ്പം.
ജോർഹട്ടിൽ അവതരിപ്പിച്ച നാടകത്തിൽനിന്ന്. അഗ്ഗത് നയാഗ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത സിന്ധു സാജനാണ് കുട്ടികളോടൊപ്പം.

ആസാമിനെ വിശദമായി പരിചയപ്പെടുന്ന ഒരു യാത്രയായിരുന്നു അത്. ചലച്ചിത്രപ്രവർത്തകരായ റാസി മുഹമ്മദും സാജൻ സിന്ധുവും ചേർന്ന് ദിവസങ്ങളോളം നീണ്ട ആ യാത്ര ക്യാമറയിൽ പകർത്തിയിരുന്നു. യാത്രാസംഘത്തിലെ കുട്ടികളടക്കം യാത്രാനുഭവങ്ങൾ എഴുതുകയും വരയ്ക്കുകയും ചെയ്തു. മാസങ്ങൾക്കു ശേഷം ‘കണ്ടെടുക്കാത്ത പറുദീസകൾ’ (Paradise un Explored) എന്ന പേരിൽ ഒരു പുസ്തകവും ഡോക്യുമെന്ററി സിനിമയും തയ്യാറായി. ഇതിന്റെ പ്രകാശനപരിപാടിയിലേക്ക് ആസാമിൽനിന്ന് ബിപുലും സംഘവും കോഴിക്കോട്ടു വന്നു. ബിഹു, സത്രിയ നർത്തകരും പാട്ടുകാരും എഴുത്തുകാരുമടങ്ങിയ ഒരു വലിയ സംഘം. കോഴിക്കോട് നളന്ദയിൽ നടന്ന ആ പരിപാടി ഉദ്ഘാടനം ചെയ്തത് എൻ. പ്രഭാകരൻ മാഷായിരുന്നു.
ആസാമിൽനിന്നെത്തിയ കലാസംഘം കേരളത്തിലുടനീളം സഞ്ചരിച്ചു. കാസറഗോഡുമുതൽ തിരുവനന്തപുരം വരെ പലപല വീടുകളിൽ താമസിച്ചു. ഓരോ വീടും അസം സംഘത്തെ സൽക്കരിച്ചു. കേരളം മുഴുവൻ ബിഹു നൃത്തം നേരിട്ടു കണ്ടു.

2015-ൽ കേരളത്തിൽനിന്നൊരു സംഘത്തെ മഹാരത്തി വീണ്ടും ആസാമിലേക്കു ക്ഷണിച്ചു. ജോർഹട്ടിൽനടക്കുന്ന കവിസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനലക്ഷ്യം. കവി കല്പറ്റ നാരായണൻ, ഒ.പി.സുരേഷ്, വി.മുസഫർ അഹമ്മദ്, അധ്യാപകനും ഗായകനുമായ ഭാനുപ്രകാശ്, എഴുത്തുകാരനായ എ.കെ.അബ്ദുൽ ഹക്കീം എന്നിവരോടൊപ്പം ഞാനും ആ സംഘത്തിലുണ്ടായിരുന്നു.

ബിപുൽ റെഗോൺ.
ബിപുൽ റെഗോൺ.

ബിപുലും സംഘവും ആ യാത്രയിലുടനീളം ഞങ്ങളെ പിന്തുടർന്നു. കുറേക്കൂടി സൂക്ഷ്മമായി ആസാമിനെ പരിചയപ്പെടുത്തി. സവിശേഷമായ നെല്ലിനങ്ങൾ, ഛായ്‍മദി, അപോങ് തുടങ്ങിയ റൈസ് ബീറുകൾ, ബ്രഹ്മപുത്രയിലെ മീനുകൾ ഒക്കെ രുചിയായും സംസ്കാരമായും ഞങ്ങളിലേക്കെത്തി. എന്തിന്, ആസാമിൽ മാത്രം കാണുന്ന പ്രത്യേകതരം പട്ടുനൂൽപ്പുഴുക്കളെ വറുത്തെടുത്തതും ഒരു ദിനം ഞങ്ങൾക്കായി തീൻമേശയിൽ നിരന്നു.

ഗോത്രവർഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, വർഗീയസംഘട്ടനങ്ങൾ, അതിന്റെ രാഷ്ട്രീയവും സാംസ്കാരികവുമായ കാരണങ്ങൾ ഒക്കെ ബിപുലും സംഘവും സൂക്ഷ്മമായി വിശദീകരിച്ചു. നാഗാ- അസമീസ് ഗോത്രങ്ങൾ തമ്മിൽ രക്തരൂഷിതമായ തർക്കങ്ങൾ നടക്കുന്ന പ്രദേശങ്ങളിലും ബോഡോ-മുസ്‍ലിം സംഘർഷങ്ങൾ നടക്കുന്ന പ്രദേശങ്ങളിലും അപകടകരമായി യാത്ര ചെയ്തു. തേയിലഗോത്രങ്ങളുടെ സൂക്ഷ്മമായ ജീവിതാവസ്ഥകൾ പറഞ്ഞുതന്നു.

മനോഹരമായ കൈപ്പടയായിരുന്നു ബിപുലിന്റേത്. സ്വന്തം കൈപ്പടയിൽ ബിപുൽ എഴുതിക്കൊടുത്ത കവിത കണ്ട് കവി പി.എൻ.ഗോപീകൃഷ്ണൻ ബിപുലിനോട് ഇത് ആരെഴുതിയതാണ് എന്നു ചോദിച്ചത് ഗോപീകൃഷ്ണൻ എഴുതിയിട്ടുണ്ട്.

ബിപുലിന്റെ കൂടെ വടക്കുകിഴക്കൻ മേഖലയിലെ വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. അവിടെയൊക്കെ ഞങ്ങളെ സഹായിക്കാൻ ഒന്നുകിൽ ബിപുൽ നേരിട്ട് വരും, അല്ലെങ്കിൽ ബിപുലിന്റെ സുഹൃത്തുക്കളോ പരിചയക്കാരോ അവിടെയുണ്ടാകും. പല ഭാഷകൾ, പല ഗോത്രങ്ങൾ, വ്യത്യസ്തമായ സംസ്കാരങ്ങൾ. ഇവയിലേക്കെല്ലാം ബിപുലിന് ആധികാരികമായ വേരുകളുണ്ടായിരുന്നു. ശരിക്കും നോർത്ത് ഈസ്റ്റിന്റെ ഹൃദയത്തിലേക്കുള്ള താക്കോലായിരുന്നു ബിപുൽ.

ബിപുലിന്റെ കവിതാവഴികൾ

മൈസൂരിൽ പഠിക്കുന്ന കാലത്താണ് ബിപുൽ മലയാളത്തിൽ കവിതയെഴുതിത്തുടങ്ങുന്നത്. അധ്യാപികയായ സ്മിത നായരുടെ പ്രേരണയാൽ ബിപുൽ എഴുതിയ ‘കാശ്മീർ കന്യക’ എന്ന കവിത കേരളസാഹിത്യ അക്കാദമിയിൽ വായിച്ചതായി ഡോ. സ്മിത ഈയിടെ എഫ്.ബി.യിൽ എഴുതിയ അനുസ്മരണക്കുറിപ്പിൽ പറഞ്ഞിരുന്നു.

മനോഹരമായ കൈപ്പടയായിരുന്നു ബിപുലിന്റേത്. സ്വന്തം കൈപ്പടയിൽ ബിപുൽ എഴുതിക്കൊടുത്ത കവിത കണ്ട് കവി പി.എൻ.ഗോപീകൃഷ്ണൻ ബിപുലിനോട് ഇത് ആരെഴുതിയതാണ് എന്നു ചോദിച്ചത് ഗോപീകൃഷ്ണൻ എഴുതിയിട്ടുണ്ട്. കേരളത്തിലെ ഒരുപാടു കവികളെ ബിപുൽ പിന്തുടർന്നിരുന്നു. കൃത്യമായ ഇടവേളകളിൽ ബിപുൽ എല്ലാവരെയും വിളിക്കുകയും ബന്ധം പുതുക്കുകയും ചെയ്യും. കവിതകൾ അയച്ചുകൊടുക്കും. വേണ്ട എഡിറ്റിംഗുകൾ ചെയ്യിക്കും. ബിപുലിന്റെ ഒരുകൂട്ടം കവിതകൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയിടെ ഡബ്ല്യു.ടി.പി.ലൈവിൽ ബിപുൽ എഴുതിയ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. ഡോ. പി. സുരേഷാണ് ഈ കവിതകൾ വിവർത്തനം ചെയ്തത്.

ബിപുല്‍ റെഗോൺ സ്വന്തം കൈപ്പടയില്‍ എഴുതിയ മലയാള കവിത ‘കോമ്രേഡ്’ / Read More
ബിപുല്‍ റെഗോൺ സ്വന്തം കൈപ്പടയില്‍ എഴുതിയ മലയാള കവിത ‘കോമ്രേഡ്’ / Read More

പലതവണ കേരളത്തിൽ വരികയും ഞങ്ങളുടെയൊക്കെ വീടുകളിൽ താമസിക്കുകയും തുടർച്ചയായി ബന്ധം പുതുക്കുകയും ചെയ്തിരുന്ന ബിപുലിന്റെ അടുത്ത ചങ്ങാതിമാരൊക്കെ ഞങ്ങളുടെയും സുഹൃത്തുക്കളായിരുന്നു. പർവേസ്, ഉത്തം ഹസാരിക, രാജശ്രീ ഹസാരിക തുടങ്ങി ഒരുപാടുപേർ ഇപ്പോൾ ആസാമിൽ സുഹൃത്തുക്കളായുണ്ട്. കഴിഞ്ഞവർഷം മലയാളത്തിൽനിന്നുള്ള പത്തുകവികളെ അസമീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നതിനെ കുറിച്ച് ബിപുൽ സംസാരിച്ചിരുന്നു. ഇതിലേക്ക് ചില കവികളെയും അവരുടെ കവിതകളെയും ഞാനും നിർദ്ദേശിച്ചിരുന്നു. ആ പ്രോജക്ട് പൂർത്തിയാക്കാൻ ബിപുലിന് കഴിഞ്ഞുവോ എന്നറിയില്ല. ബിപുൽ മലയാളത്തിലെഴുതിയ കവിതകളുടെ ഒരു സമാഹാരമിറക്കുന്നതും ആലോചിച്ചിരുന്നു. അതും എത്രത്തോളം മുന്നോട്ടു പോയി എന്നറിയില്ല.

പതിയെ ബിപുൽ ആശുപത്രിയിലായി, നിശ്ശബ്ദനായി. ബിപുലിനെപ്പോലെ ഒരാൾ മലയാളികളെയും ആസാംകാരെയും സൂക്ഷ്മമായി ബന്ധിപ്പിക്കുന്ന ഒരു സാംസ്കാരികലോകം നെയ്തെടുത്തത് എന്തിനാകും?

പല തരത്തിൽ പരിശോധിക്കാവുന്ന സമസ്യയാണിത്. വടക്കു- കിഴക്കൻ സംസ്ഥാനങ്ങളിൽ വനനിയമങ്ങൾ കർശനമാകുന്ന ഘട്ടത്തിൽ പ്ലൈവുഡ് കമ്പനികൾ ഒന്നൊന്നായി അടച്ചുപൂട്ടാൻ തുടങ്ങിയതിനെ തുടർന്നാണ് ആ ഭാഗങ്ങളിൽനിന്ന് തൊഴിലാളികൾ കേരളത്തിലേക്ക് വന്നുതുടങ്ങുന്നത്. കേരളത്തിൽ തടിവ്യവസായവും പ്ലൈവുഡ് കമ്പനികളും സജീവമായിരുന്ന പെരുമ്പാവൂർ പോലുള്ള പ്രദേശങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ ശക്തമായ തൊഴിൽ മൈഗ്രേഷൻ നടക്കുന്നത്. മാതൃഭൂമിക്കു വേണ്ടി ബിപുലിനോട് സംസാരിച്ചപ്പോൾ ബിപുൽ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

ബിപുലിനെക്കുറിച്ചുള്ള കവർ സ്റ്റോറിയുമായി ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2013 ഡിസംബർ 29-ലെ ലക്കം.
ബിപുലിനെക്കുറിച്ചുള്ള കവർ സ്റ്റോറിയുമായി ഇറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 2013 ഡിസംബർ 29-ലെ ലക്കം.

വൈലോപ്പിള്ളി ആസാം പണിക്കാർ എഴുതുന്നതിനുപിന്നിലും ഇത്തരമൊരു തൊഴിൽ മൈഗ്രേഷന്റെ പശ്ചാത്തലം കാണാം. ഇന്ത്യയിൽ തേയിലകൃഷി ആദായകരമായ വ്യവസായമായപ്പോഴാണ് ആസാം താഴ്‍വരയിലെ കാടുകൾ വെട്ടിത്തെളിച്ച് ആയിരക്കണക്കിന് ഹെക്ടർ തേയിലത്തോട്ടങ്ങളുണ്ടാകുന്നത്. തുടർന്ന് ചെറുചെറു ടൗൺഷിപ്പുകൾ, ഗോൾഫ് കോഴ്സുകൾ, പശ്ചാത്തല സൗകര്യങ്ങൾ ഇവയൊക്കെ ഒരുക്കാൻ ആസാമിലേക്ക് കൂലിത്തൊഴിലാളികളുടെ ഒഴുക്കുണ്ടാകുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലും തൊഴിലാളികൾ ആയിരക്കണക്കിന് മൈൽ ദൂരെ തീർത്തും അന്യമായ ദേശങ്ങളിലേക്ക് എത്തിപ്പെടുന്നുണ്ട്. കൃത്യമായ സേവന വേതന വ്യവസ്ഥകളോടെയല്ലാതെ ഏതാണ്ട് കൂലിയടിമകളെ പോലെ ആസാമിലെത്തിപ്പെട്ടവരാണ് തേയിലത്തോട്ടത്തിലെ ആയിരക്കണക്കിന് തൊഴിലാളികൾ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നടക്കം എത്തിച്ചേർന്ന്, പിന്നീട് തേയിലഗോത്രമായി പരിണമിച്ച അവർ ഇന്ന് ഏറ്റവും പതിതമായ അവസ്ഥയിൽ കഴിയുന്നവരാണ്. ലാഭകരമല്ലാതെ മിക്ക തേയിലത്തോട്ടങ്ങളും ഉപേക്ഷിക്കപ്പെട്ടു. സംരക്ഷണമില്ലാത്ത തോട്ടങ്ങളിൽനിന്ന് കിട്ടുന്ന തേയില നുള്ളിയെടുത്ത് വിറ്റാണ് ഈ മനുഷ്യരിൽ പലരും ഉപജീവനം കഴിക്കുന്നത്. ഈ തേയില ഗോത്രങ്ങളിൽനിന്ന് എം.എൽ.എ.മാരും എം.പി.യുമൊക്കെ ഉണ്ടായിട്ടുണ്ട്. വലിയ എഴുത്തുകാരുണ്ടായിട്ടുണ്ട്. പക്ഷേ, ഭൂരിപക്ഷം മനുഷ്യരുടെയും അവസ്ഥ ഇന്നും പരിതാപകരമാണ്.

മാതൃഭൂമി ആഴ്ചപ്പതിപ്പി​ലെ കവർ സ്റ്റോറി ആസാമിലെ പത്രങ്ങൾ വാർത്തയാക്കിയപ്പോൾ
മാതൃഭൂമി ആഴ്ചപ്പതിപ്പി​ലെ കവർ സ്റ്റോറി ആസാമിലെ പത്രങ്ങൾ വാർത്തയാക്കിയപ്പോൾ

സ്വാതന്ത്യാനന്തരം പല തരം ഉണർവുകൾ ആസാം സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്. നിരവധി സൂഫി മാർഗങ്ങളുടെ തുടർച്ചപോലെയാണ് ശങ്കർമഹാദേവ് പതിനാറാം നൂറ്റാണ്ടിൽ ആസാമിനെ സാംസ്കാരികമായി ഒരുമിപ്പിക്കുന്നത്. രാജവംശങ്ങളെ മാത്രമല്ല, വിവിധ ഗോത്രങ്ങളെയും മതങ്ങളെയും സമന്വയിപ്പിച്ച് ആസാമിന്റെ സ്വത്വബോധത്തെ നിർണയിച്ചതും വികസിപ്പിച്ചതും ശങ്കർമഹാദേവ് ആണ്. വൈഷ്ണവധാരയെയും സൂഫിധാരയെയും അദ്ദേഹം ഏകോപിപ്പിച്ചു. ഇതോടൊപ്പം പറയാവുന്നതാണ്, അസമിന്റെ സംഗീതപാരമ്പര്യം. ഭുപൻ ഹസാരികയുടെ സംഗീതലോകം അസമിന്റെ ഗ്രാമങ്ങളോളം വേരുകളുള്ളതാണ്. ആധുനിക ആസാമിൽ ഏതാണ്ട് എല്ലാ വീടുകളിലും കടകളിലും ഭുപൻ ഹസാരികയുടെ ഒരു പടമെങ്കിലും കാണും. ഒരു പാട്ടുകാരൻ ദേശീയ ഹീറോ ആയിട്ടുള്ള അധികം ദേശങ്ങൾ ഉണ്ടാകാനിടയില്ല.

ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സ്വാധീനം ആസാമിൽ ശക്തമായി ഉണ്ടായിരുന്നു. പക്ഷേ പതിയെപ്പതിയെ ദേശസ്വത്വവാദത്തിലൂന്നിയ പ്രാദേശിക പാർട്ടികളും ഉൾഫ പോലുള്ള സംഘടനകളും ആസാമിന്റെ താളം തെറ്റിച്ചു. പിന്നീട് സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുള്ള പലപല നീക്കുപോക്കുകളിലൂടെയാണ് ആസാമിന് ഒരു സ്ഥിരതയുണ്ടാകുന്നത്.

ആധുനിക ആസാമിൽ ഏതാണ്ട് എല്ലാ വീടുകളിലും കടകളിലും ഭുപൻ ഹസാരികയുടെ ഒരു പടമെങ്കിലും കാണും. ഒരു പാട്ടുകാരൻ ദേശീയ ഹീറോ ആയിട്ടുള്ള അധികം ദേശങ്ങൾ ഉണ്ടാകാനിടയില്ല.
ആധുനിക ആസാമിൽ ഏതാണ്ട് എല്ലാ വീടുകളിലും കടകളിലും ഭുപൻ ഹസാരികയുടെ ഒരു പടമെങ്കിലും കാണും. ഒരു പാട്ടുകാരൻ ദേശീയ ഹീറോ ആയിട്ടുള്ള അധികം ദേശങ്ങൾ ഉണ്ടാകാനിടയില്ല.

രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു പുത്തനുണർവിന്റെ ചൂടുറവകളിലൊന്ന് എന്ന് ബിപുലിനെപ്പോലുള്ളവരുടെ പ്രസ്ഥാനത്തെ വിശേഷിപ്പിക്കാനാകും. ആ ഉണർവിൽ യുവാക്കളുടെ പ്രതീക്ഷയുണ്ട്, രാഷ്ട്രീയമുണ്ട്. ഗോത്രസമൂഹങ്ങളുടെ ഉത്സാഹവും സഹജീവിസ്നേഹവും കൂടി ചേരുമ്പോഴാണ് ബിപുലിനെ പോലെ ഒരാൾ ഉണ്ടാകുന്നത്. ബിപുൽ റെഗോണും സെയ്ദ് പർവെസ് ഹുസൈനുമൊക്കെ ചേർന്ന മഹാരത്തി എന്ന സംഘടനയായാലും കേരളത്തിൽ വാസുദേവൻമാഷിന്റെ നേതൃത്വത്തിലുണ്ടായ ‘കൾച്ചറൽ കൊളീഗ്സ്’ എന്ന കൂട്ടായ്മയായാലും സാധാരണക്കാരും ഇടത്തരക്കാരുമായ മനുഷ്യരുടെ സംഘാടനങ്ങളാണ് അത്. പ്രകടമായി വലിയ സ്വാധീനശേഷിയില്ലെങ്കിലും അസാമാന്യമായ ഭംഗിയുണ്ടായിരുന്നു അതിന്.

2015-ലാണ് രണ്ടാം തവണ ആസാമിൽ എത്തുന്നത്. അവിടെ തിരഞ്ഞെടുപ്പുകാലമാണ്. ബി.ജെ.പി.ക്കുവേണ്ടി പ്രചാരണത്തിനെത്തിയത് അമിത് ഷാ ആയിരുന്നു. ഗോഹട്ടിയിൽ കാമാഖ്യക്ഷേത്രം സന്ദർശിച്ച് ഞങ്ങൾ തിരിച്ചിറങ്ങുമ്പോൾ വഴിയിൽ നിരവധി സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെ ഷാ ക്ഷേത്രദർശനത്തിനു പോകുന്നുണ്ടായിരുന്നു.
പിറ്റേന്ന് പത്രങ്ങളുടെ തലക്കെട്ട് ‘Elect BJP for a Bangladesi free Assam: Sha’ എന്നായിരുന്നു. അതിന്റെ തലേ ദിവസങ്ങളിലൊന്നിൽ ഞങ്ങൾ ബോഡോകളും മുസ്ലിംകളും സംഘർഷത്തിലുള്ള ടാങ്ള സന്ദർശിച്ചിരുന്നു. ബോഡോലാന്റിലെ നാലു ജില്ലകളിലൊന്നായ ഉടൽഗുരിയിലാണ് ടാങ്ള. ടാങ്ളയിൽ ഞങ്ങളെത്തിയ ദിവസം ചെറിയ ഭൂമികുലുക്കമുണ്ടായി. ആ ഭൂമികുലുക്കവും സാമുദായികമായ അസ്വസ്ഥകളും തുടർന്നു.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് നിർണായകസ്വാധീനമുള്ള ഗവൺമെന്റ് അധികാരത്തിൽ വന്നു.

ബിപുൽ പതിയെ മൗനിയായി.
പൗരത്വനിയമങ്ങളുമായി ബന്ധപ്പെട്ട് ബിപുലുമായി ഒരു അഭിമുഖത്തിനു ശ്രമിച്ചെങ്കിലും അയാൾ രാഷ്ട്രീയസ്വഭാവമുള്ള അഭിമുഖത്തിന് വിസമ്മതിച്ചു. പകരം മഴയെ കുറിച്ചും ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തെ കുറിച്ചും പറഞ്ഞു. പല ഭാഷകളിൽ കവിതയും നോവലും എഴുതിയിരുന്ന ബിപുൽ മനോഹരമായി നൃത്തവും ചെയ്യുമായിരുന്നു.
പ്രിയ ബിപുൽ, ബ്രഹ്മപുത്രയിലൂടെ മന്ദമായി നീങ്ങുന്ന ചങ്ങാടത്തിൽ താങ്കൾ മൂളിയ ഒരു ബിഹുഗാനം ഓർമ വരുന്നു. കോഴിക്കോട്ട് താങ്കൾ നടത്തിയ സോളോ നൃത്തപരിപാടി ഓർമ വരുന്നു.
മനോഹരമായ ആ ചിരിയും ഫോണിലൂടെ ഒഴുകി വരുന്ന മധുരമായ സ്നേഹാന്വേഷണങ്ങളും ഓർമ വരുന്നു.

എന്നാണാവോ ബിപുൽ അവസാനമായി നൃത്തം ചെയ്തത്?


Summary: Bipul Regon, when was the last time he danced? - V Abdul Latheef writes about Kerala - Assam relations and life of Bipul Regon.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments