“നാട് എൻ വീട് ഈ വയനാട്
കൂട് എൻ മേട് ഈ വയനാട്”
ഈ പാട്ടിൽ വയനാടിന്റെ (Wayanad) തണുപ്പും, തുടിയും, താളവും, ചരിത്രവും, ഹൃദയവുമുണ്ട്. വയനാടിന്റെ ആത്മാവറിഞ്ഞ, പതിനെട്ടാം വയസ്സിലെഴുതിയ പാട്ടുമായാണ് കെ.ജെ. ബേബിയും (K.J.Baby), കനവിന്റെ (Kanavu) മക്കളും തൊണ്ണൂറുകളിൽ കേരളമാകെ പാട്ടുപാടിയും, ആട്ടമാടിയും ഒരു ബദൽ വിദ്യാലയത്തിന്റെ വരവിനെ അവതരിപ്പിച്ചത്. ആദ്യം ‘കനവും’ പിന്നെ ഷേർളി ടീച്ചറും ഇപ്പോൾ ബേബിയും യാത്ര പറയുമ്പോൾ എല്ലാം ഒരു കനവായിരുന്നുവോയെന്ന് കാലവും ദേശവും സങ്കടപ്പെടുന്നു. ‘കനവി’ന്റെ ബേബി മാമൻ, പ്രിയപ്പെട്ടവരുടെ ബേബിച്ചേട്ടൻ, വിദ്യാഭ്യാസപ്രവർത്തകരുടെ ബേബി മാഷ്, സാമൂഹ്യപ്രവർത്തകരുടെ കെ.ജെ. ബേബി ഇനിയില്ല. മരണത്തിലും അയാൾ അതേ ബദൽ സാധ്യതകൾ തന്നെ തേടി.
ഓരോ വ്യക്തിയും മറ്റൊരാളുടെ കാർബൺ കോപ്പിയല്ലെന്ന് ജീവിതത്തിലൂടെയും എഴുത്തിലൂടെയും മരണത്തിലൂടെയും ബേബി ഓർമപ്പെടുത്തി. നടവയലിലെ ചീങ്ങോട് മലയുടെ താഴ്‌വരയിൽനിന്ന് അദ്ദേഹം പാടിയ പാട്ടുകളും പറഞ്ഞ കഥകളും ‘കനവ്’ എന്ന വിദ്യാലയം സൃഷ്ടിച്ച ഓർമ്മകളും അനുഭവങ്ങളും അത്ര പെട്ടെന്ന് മാഞ്ഞുപോകില്ല. കണ്ണൂരിലെ പേരാവൂരിനടുത്തുള്ള മാവടിയിൽ നിന്ന് വയനാട്ടിലെത്തിയ ബേബിയുടെ എഴുത്തിലും പാട്ടിലും പറച്ചിലിലും വയനാട്ടിലെ അടിയരുടെയും പണിയരുടെയും ചുവടുകളും താളവും കഥകളും ജീവിതവും ലയിച്ചുകിടന്നിരുന്നു. ആരും ആരുടേയും അടിമകളല്ലാത്ത, കള്ളവും ചതിയുമില്ലാത്ത മാവേലിമന്റുവിന്റെ കാലത്തെക്കുറിച്ചുള്ള വിമോചക സ്വപ്നങ്ങളുടെ പ്രായോഗിക സാധ്യതയായി വിദ്യാഭ്യാസത്തെയാണ് ബേബി കണ്ടത്. അതായിരുന്നു അയാളുടെ കനവ്.
നടവയലിലെ ‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസ പരീക്ഷണത്തിലൂടെ ആദിവാസിയെന്നത് കേവല വനവാസിയല്ലെന്നും, ആഴമുള്ള സാംസ്കാരികത്തനിമയുടെ നേരവകാശികളാണെന്നുമുള്ള സ്വത്വബോധം കുറഞ്ഞത് ‘കനവി’ലെ പഠിതാക്കളിലെങ്കിലും എത്തിക്കാൻ ബേബിയ്ക്കു കഴിഞ്ഞു. അത് ചിലരെയെങ്കിലും നിവർന്നുനിൽക്കാനും, അഭിമാനമുള്ളവരാവാനും ഭയരഹിതമായി സാമൂഹിക ജീവിതത്തിലിടപെടാനും പഠിപ്പിച്ചു.
സിനിമകളിലും മെഗാഷോകളിലും പ്രദർശനങ്ങളിലും അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന പ്രച്ഛന്നവേഷങ്ങളല്ല വയനാട്ടിലെ ആദിവാസി ജീവിതമെന്ന് കേരളത്തോട് ആദ്യമായി പറഞ്ഞത് കെ.ജെ. ബേബിയും ‘കനവി’ലെ കുട്ടികളുമായിരുന്നു. നോവലിലും നാടകത്തിലും വിദ്യാഭ്യാസത്തിലും ഇപ്പോൾ മരണത്തിലും ബേബി നടന്ന വഴികൾ വേറിട്ടതും ബദൽ അന്വേഷണങ്ങളുടേതുമായിരുന്നു.
പിൽക്കാലത്ത് ‘കനവി’നേയും അവിടുത്തെ വിദ്യാഭ്യാസ സമീപനങ്ങളേയും ഉൾക്കൊള്ളാൻ ആദിവാസി ജനതയ്ക്കോ വയനാടിനോ കേരളത്തിനോ കഴിഞ്ഞില്ലയെന്നത് ബേബിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നത് വ്യക്തമാണ്.
‘കനവി’ന്റെ രൂപീകരണവും അത്തരമൊരു ബദൽ സാധ്യതയായിരുന്നു. ഒരു കൗതുകമെന്നതിൽ കവിഞ്ഞ് പിൽക്കാലത്ത് ‘കനവി’നേയും അവിടുത്തെ വിദ്യാഭ്യാസ സമീപനങ്ങളേയും ഉൾക്കൊള്ളാൻ ആദിവാസി ജനതയ്ക്കോ വയനാടിനോ കേരളത്തിനോ കഴിഞ്ഞില്ലയെന്നത് ബേബിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നത് വ്യക്തമാണ്.
വൈദേശിക മാതൃകകൾക്കു പകരം ‘കനവ്’, ‘സാരംഗ്’, ‘പള്ളിക്കൂടം’ ഉൾപ്പെടെയുള്ള കേരളത്തിലെ ബദൽ വിദ്യാഭ്യാസ പരീക്ഷണങ്ങളിലെ നല്ല മാതൃകകൾ ഔപചാരിക വിദ്യാഭ്യാസക്രമത്തിൽ ഉൾച്ചേർക്കാൻ കേരളത്തിനു കഴിഞ്ഞിരുന്നെങ്കിൽ ടോട്ടോചാന്റെയും കൊബായാഷി മാസ്റ്ററുടെയും ‘ടോമോ’ എന്ന വിദ്യാലയം പോലെ കനവ് ഒരു രാജ്യാന്തര വിദ്യാഭ്യാസ പരീക്ഷണമാവുമായിരുന്നു.
1980-കളുടെ തുടക്കത്തിൽ കേരളത്തിലെ തെരുവുകളിൽ ഇടതുപക്ഷരാഷ്ട്രീയവും, ആദിവാസി രാഷ്ട്രീയവും ചർച്ച ചെയ്ത നാടകങ്ങളിലൊന്നാണ് ‘നാടുഗദ്ദിക’. വയനാട്ടിലെ അടിയരുടെ കലാരൂപമായ ഗദ്ദികയാണ് ബേബി നാടകത്തിനുപയോഗിച്ചത്.
‘അതാ നമ്മുടെ ലക്ഷ്മണൻ. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് തെരുവിൽ. അവനവിടെ കാണുന്ന എല്ലാ കള്ളവേഷങ്ങളും കാണാപ്പാഠം പഠിക്കുന്ന ശ്രമത്തിലാണ്. ഇനിയുമവിടെ നിന്നാൽ അവിടെ കാണുന്ന എല്ലാ കള്ളവേഷങ്ങളും അവനണിഞ്ഞേക്കാം. നമുക്കവനെ കൂട്ടിവരാം’. (നാടുഗദ്ദിക).
‘കനവി’ന്റെ രൂപീകരണത്തിൽ ബേബിയ്ക്കൊപ്പം പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ അധ്യാപികയായിരുന്ന പങ്കാളി ഷേർളി ടീച്ചറും സജീവമായുണ്ടായിരുന്നു. ‘കനവി’നൊപ്പം ചേരാൻ ടീച്ചർ കോളേജധ്യാപികയുടെ ജോലി തന്നെ വേണ്ടെന്നുവെച്ചു.
നാടുഗദ്ദികയിലും മാവേലിമൻറത്തിലും ബേബി മുന്നോട്ടുവെച്ച ആദിവാസി ജനജീവിതത്തെ സംബന്ധിക്കുന്ന ആശയങ്ങളുടെ പ്രായോഗികാവിഷ്ക്കാരമെന്ന നിലയിലാണ് ‘കനവ്’ രൂപീകരിക്കുന്നത്. അപൂർണയിലേയും നാടുഗദ്ദികയിലേയും നാടകപ്രവർത്തരുടെ മക്കളും പൊതുവിദ്യാലയങ്ങളുപേക്ഷിച്ചവരും സ്കൂളിൽ പോകാൻ തയ്യാറാവാത്തവരുമായിരുന്നു ആദ്യ പഠിതാക്കൾ.
വിദ്യാഭ്യാസം പരസ്പരം സ്നേഹിക്കാനും സഹവർത്തിത്വത്തോടെ പെരുമാറാനും സന്തോഷത്തോടെ ജീവിക്കാനുമുള്ള ഉപാധിയാവണമെന്ന ചിന്തയിൽ നിന്നാണ് ‘കനവി’ന്റെ പിറവിയെന്ന് ബേബി എപ്പോഴും പറയാറുണ്ട്. ‘കനവി’ന്റെ രൂപീകരണത്തിൽ ബേബിയ്ക്കൊപ്പം പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ അധ്യാപികയായിരുന്ന പങ്കാളി ഷേർളി ടീച്ചറും സജീവമായുണ്ടായിരുന്നു. ‘കനവി’നൊപ്പം ചേരാൻ ടീച്ചർ കോളേജധ്യാപികയുടെ ജോലി തന്നെ വേണ്ടെന്നുവെച്ചു.
‘കനവ്’ ഒരു വിദ്യാഭ്യാസ സിദ്ധാന്തവും മുന്നോട്ടു വെച്ചില്ല. ഒരു വിദ്യാഭ്യാസ വിദഗ്ധനേയും ഉദ്ധരിച്ചുമില്ല. സൈദ്ധാന്തിക ജാഡകളുടെ ആലഭാരങ്ങളില്ലാതെ, മനഃശ്ശാസ്ത്ര സിദ്ധാന്തങ്ങളുടെ മടുപ്പിക്കുന്ന വിവരണങ്ങളില്ലാതെ, ആദിവാസി ജീവിതത്തോടു ചേർന്നു നിൽക്കുന്ന സമഗ്രമായ ഒരു വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചുവെന്നതാണ് ‘കനവി’ന്റെ വിജയം. ‘കനവി’ന്റെ കരിക്കുലത്തിൽ തുടിയും താളവും മാത്രമായിരുന്നില്ല, പാചകവും തുന്നലും കൃഷിയും കളരിപ്പയറ്റും ശില്പകലയും കരാട്ടെയും സിനിമയും ചിത്രംവരയും നാടകപ്രവർത്തനവും സാമൂഹിക ഇടപെടലകളുമെല്ലാം ഉൾപ്പെട്ടിരുന്നു.
‘കനവി’ലെ കുട്ടികൾ നർമ്മദ നദിക്കരയിലെ മേധാ പട്കറുടെ പ്രക്ഷോഭത്തിനൊപ്പവും മാവൂർ ഗ്വാളിയോർ റയോൺസിലെ സമരത്തിനൊപ്പവും വയനാട്ടിലെ ആദിവാസി ഭൂസമരത്തിനൊപ്പവും പാട്ടുപാടിയും ചുവടുകൾ വെച്ചും അണിചേർന്നു. വിദ്യാഭ്യാസം ചോദ്യങ്ങളും പ്രതിരോധവും വിമോചനവുമാണെന്ന് പ്രഖ്യാപിച്ചു.
ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ താഴ്ന്ന പ്രവേശനനിരക്കും, വർധിച്ച കൊഴിഞ്ഞുപോക്കും ആശങ്കയാവുന്ന വയനാട്ടിന് സ്വീകരിക്കാവുന്ന നല്ല മാതൃകകളിലൊന്നായിരുന്നു ‘കനവ്’ മുന്നോട്ടു വെച്ച മോഡൽ.
ഇന്നിപ്പോൾ ഫിന്നിഷ് വിദ്യാഭ്യാസത്തെപ്പറ്റി പറയുന്ന ‘ഹാപ്പിനെസ് ലേണിംഗ്’ എന്ന ആശയം ബേബി ‘കനവി’ലൂടെ ഏറെ മുമ്പു തന്നെ അവതരിപ്പിച്ചിരുന്നു. ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ, ഒരുപക്ഷേ സാധ്യമല്ലാത്ത, മൗലികമായ തനതുപരീക്ഷണങ്ങളാണ് ‘കനവി’ലൂടെ ബേബി മുന്നോട്ടു വെച്ചത്. വിജയമോ പരാജയമോ എന്നതിലുപരി അതൊരു പുതുവഴി തുറക്കലായിരുന്നു.
ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ താഴ്ന്ന പ്രവേശനനിരക്കും, വർധിച്ച കൊഴിഞ്ഞുപോക്കും ആശങ്കയാവുന്ന വയനാട്ടിന് സ്വീകരിക്കാവുന്ന നല്ല മാതൃകകളിലൊന്നായിരുന്നു ‘കനവ്’ മുന്നോട്ടു വെച്ച മോഡൽ. സ്കൂൾ കൂട്ടായ പഠനത്തിന്റെയും പങ്കുവയ്ക്കലിന്റെയും കമ്മ്യൂൺ ആണെന്ന ആശയം ‘കനവി’ന്റേതാണ്. ഗുരുകുല വിദ്യാഭ്യാസമെന്ന് ബേബി പറയാറുണ്ടെങ്കിലും ‘കനവി’ൽ ഗുരു- ശിഷ്യ ബന്ധത്തിന്റെ ഉയർച്ചതാഴ്ചകളുണ്ടായിരുന്നില്ല. ഒരുമിച്ചു പഠിക്കുകയും കളിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തുല്യനിലയിലുള്ള ബന്ധമായിരുന്നു അത്. മുതിർന്ന കുട്ടികൾ ഇളയവരെ പഠിപ്പിക്കുന്ന, നാമിപ്പോൾ പിയർ ലേണിംഗ് എന്നു വിളിക്കുന്ന, പഠനരീതിയിലൂടെ പഠനത്തിന്റെ തുടർച്ചയും നിരന്തരസഹായവും പിന്തുണയും ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു.
ഔപചാരിക വിദ്യാഭ്യാസത്തിലെ കരിക്കുലം, കോ- കരിക്കുലം, എക്സ്ട്രാ കരിക്കുലം എന്നിങ്ങനെയുള്ള വേർതിരിവുകളെയെല്ലാം സമർത്ഥമായി മറികടക്കുന്ന സമഗ്രമായ, എന്നാൽ വഴക്കമുള്ള ഒരു പാഠ്യപദ്ധതി ‘കനവി’നുണ്ടായിരുന്നു. അത് രേഖപ്പെടുത്തപ്പെട്ടതോ ക്രമീകൃതമായതോ അല്ല. പ്രകൃതിയെ, സമൂഹത്തെ, ഗോത്രജീവിതത്തിന്റെ വ്യത്യസ്ത അടരുകളെ കരിക്കുലവും പാഠപുസ്തകവുമായി വികസിപ്പിക്കുകയാണ് ‘കനവ്’ ചെയ്തത്. ഒളപ്പമണ്ണക്കവിതയിലേതുപോലെ ‘തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും തുംഗമാം വാനിൻചോട്ടിലെ’ ശാന്തസുന്ദരമായ വിദ്യാലയമായിരുന്നു ‘കനവ്’. ‘കനവി’നെ അറിയാൻ കേരളത്തിലെ മറ്റു പ്രദേശങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നു പോലും വിദ്യാഭ്യാസപ്രവർത്തകർ ഒഴുകിയെത്തിയിരുന്നു.
എല്ലാ ബദൽ പരീക്ഷണങ്ങളിലും സംഭവിക്കുന്നതു പോലെ ‘കനവി’നും തുടർച്ചയുണ്ടായില്ല. വ്യത്യസ്ത കാരണങ്ങളാൽ മുന്നോട്ടു പോകാനാവാതെ ‘കനവ്’ എന്ന ബദൽ വിദ്യാലയം നിന്നുപോയി. അപ്പോഴും നിർമമതയോടെ ബേബി പറഞ്ഞു - "കനവ് ഒരു കാലത്തിന്റെ ആവശ്യകതയായിരുന്നു. മറ്റൊരു കാലത്ത്, മറ്റൊരു രൂപത്തിൽ കനവ് വീണ്ടും വന്നേക്കാം."
പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ബേബി ‘കനവി’ന്റെ ഭൂമിയും കെട്ടിടങ്ങളും മുതിർന്ന വിദ്യാർത്ഥികളുടെ ട്രസ്റ്റിനെ ഏൽപ്പിച്ച് പടിയിറങ്ങുന്നത്. ‘കനവി’ന്റെതായതെല്ലാം ഉപേക്ഷിച്ച് പിൻവാങ്ങിയ ബേബിയുടെ മാതൃക അയാൾ ജീവിച്ച സുതാര്യവും സത്യസന്ധവുമായ ജീവിതത്തിന്റെയും മൂല്യങ്ങളുടേയും പ്രതിബദ്ധതയുടേയും സാക്ഷ്യപത്രമാവുന്നു. എല്ലാ ബദൽ പരീക്ഷണങ്ങളിലും സംഭവിക്കുന്നതു പോലെ ‘കനവി’നും തുടർച്ചയുണ്ടായില്ല. വ്യത്യസ്ത കാരണങ്ങളാൽ മുന്നോട്ടു പോകാനാവാതെ ‘കനവ്’ എന്ന ബദൽ വിദ്യാലയം നിന്നുപോയി. അപ്പോഴും നിർമമതയോടെ ബേബി പറഞ്ഞു - "കനവ് ഒരു കാലത്തിന്റെ ആവശ്യകതയായിരുന്നു. മറ്റൊരു കാലത്ത്, മറ്റൊരു രൂപത്തിൽ കനവ് വീണ്ടും വന്നേക്കാം."
ഒറ്റ ഫ്രെയിമിൽ ഒതുക്കാവുന്നതല്ല കെ.ജെ. ബേബിയുടെ പകർന്നാട്ടങ്ങൾ. നോവലിസ്റ്റ്, കവി, നാടകകൃത്ത്, ഗായകൻ, അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും അദ്ദേഹം പടർന്നുകയറി. അവിടെയെല്ലാം അഗാധമായ മനുഷ്യസ്നേഹത്തിന്റെ, മാനവികതയുടെ തുരുത്തുകൾ സൃഷ്ടിച്ചു. അങ്ങനെയൊരു തുരുത്തായിരുന്നു ‘കനവ്’. ദേശീയ അവാർഡ് നേടിയ എം.ജി. ശശിയുടെ ‘കനവുമലയിലേക്ക്’ എന്ന ഡോക്യുമെന്ററി യൂടൂബിൽ ഒരിക്കൽക്കൂടി കണ്ടു. ബേബിയെ, ഷേർളി ടീച്ചറെ, ബേബിയുടെ ‘കനവി’നെ ഇനി നേരിൽ കാണാനാവില്ലായെന്ന അസ്വസ്ഥജനകമായ യാഥാർത്ഥ്യം നൊമ്പരമുണ്ടാക്കുന്നു. പക്ഷേ ബേബി എവിടേയ്ക്കും പോകുന്നില്ല. വയനാടിന്റെ സ്വന്തം കബനിയിൽ അയാൾ നിറഞ്ഞൊഴുകുന്നു, ഒരു പുഴയായി…