സീതാറാം യെച്ചൂരി / Photo: Snehasish Chatterjee

ഭാവിയിലെ പോരാട്ടങ്ങൾ കാണിച്ചുതരും,
യെച്ചൂരിയുടെ പ്രസക്തി

‘‘വിദ്യാർഥി മുന്നണിയിലും കർഷക മുന്നണിയിലും ഉള്ള ഞാനുൾപ്പെടെയുള്ള പ്രവർത്തകർക്ക് ആശയവ്യക്തത നൽകുന്നതിൽ സീതാറാം യെച്ചൂരി നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്’’; വിദ്യാർഥി- കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഒന്നിച്ചുപ്രവർത്തിച്ച യെച്ചൂരിയൻ കാലം ഓർക്കുന്നു, പി. കൃഷ്ണപ്രസാദ്.

നേരിയ ചാറ്റൽ മഴ പെയ്തുകൊണ്ടിരുന്ന 2024 സെപ്റ്റംബർ 12 ന് പകൽ 3.03 മണിക്ക് സഖാവ് സീതാറാം യെച്ചൂരി എന്നന്നേക്കുമായി കണ്ണടച്ചു. ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ചികിൽസാവേളയിൽ ഓരോ ദിവസവും താൻ വിടവാങ്ങുകയാണെന്ന വസ്തുത സൗമ്യമായി ചുറ്റുമുള്ളവരെ ബോധ്യപ്പെടുത്തുകയായിരുന്നു യെച്ചൂരി. അരനൂറ്റാണ്ടുനീണ്ട തന്റെ പ്രായോഗിക - ധൈഷണിക സംഭാവനകളിലൂടെ ഇന്ത്യൻ വിപ്ലവ പാതയിൽ വരുംകാലങ്ങളിലും അനവധി തലമുറകൾക്ക് യെച്ചൂരി ആശയവ്യക്തത നൽകും.

1970- കളിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന ധൈഷണിക നേതൃത്വമായിട്ടാണ് യെച്ചൂരി ജനശ്രദ്ധ നേടുന്നത്. അടിയന്തരാവസ്ഥാ-കാലത്ത് സർവശക്തയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ച ജവഹർലാൽ നെഹ്രു സർവകലാശാലയിലെ സ്റ്റുഡൻറ്സ് യൂണിയൻ അദ്ധ്യക്ഷൻ. 1984-1986 ൽ എസ്.എഫ്.ഐയുടെ അഖിലേന്ത്യാ അദ്ധ്യക്ഷനും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) ഏറ്റവും പ്രായം കുറഞ്ഞ പോളിറ്റ് ബ്യൂറോ അംഗവുമായി, പിന്നീട് പാർട്ടി ജെനറൽ സെക്രട്ടറിയും.

1980- കളിൽ ധൈഷണിക നേതൃത്വം വഴി എസ്.എഫ്.ഐയെ കേരളത്തിലെ ഏറ്റവും പ്രധാന വിദ്യാർഥി സംഘടനയായി വളർത്തുന്നതിൽ അഖിലേന്ത്യാ പ്രസിഡൻറ് എന്ന നിലയിൽ സഖാവ് യെച്ചൂരിയുടെ സംഭാവന വളരെ വലുതാണ്.
1980- കളിൽ ധൈഷണിക നേതൃത്വം വഴി എസ്.എഫ്.ഐയെ കേരളത്തിലെ ഏറ്റവും പ്രധാന വിദ്യാർഥി സംഘടനയായി വളർത്തുന്നതിൽ അഖിലേന്ത്യാ പ്രസിഡൻറ് എന്ന നിലയിൽ സഖാവ് യെച്ചൂരിയുടെ സംഭാവന വളരെ വലുതാണ്.

1980- കളിൽ ധൈഷണിക നേതൃത്വം വഴി എസ്.എഫ്.ഐയെ കേരളത്തിലെ ഏറ്റവും പ്രധാന വിദ്യാർഥി സംഘടനയായി വളർത്തുന്നതിൽ അഖിലേന്ത്യാ പ്രസിഡൻറ് എന്ന നിലയിൽ സഖാവ് യെച്ചൂരിയുടെ സംഭാവന വളരെ വലുതാണ്. അടിയന്തരാവസ്ഥക്കെതിരായ ജനാധിപത്യാവകാശ പ്രക്ഷോഭങ്ങൾ കാമ്പസ്സുകളിലുണ്ടായിരുന്ന കെ.എസ്.യു കുത്തക തകർത്തെറിഞ്ഞു. ആ സമയത്ത് വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായ എന്റെ തലമുറയിലെ പ്രവർത്തകർക്ക് അഭിമാനമായിരുന്നു വാഗ്മിയായ സഖാവ് യെച്ചൂരി. കോഴിക്കോട് ദേവഗിരി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന ഞാൻ ആദ്യമായി പങ്കെടുത്ത, 1986-ൽ വിജയവാഡയിൽ ചേർന്ന എസ്.എഫ്.ഐയുടെ അഖിലേന്ത്യാ സമ്മളനത്തിലാണ് യെച്ചൂരി അദ്ധ്യക്ഷ പദവി ഒഴിയുന്നത്. എന്നാൽ പിന്നീട് എസ്.എഫ്.ഐയുടെയും കിസാൻ സഭയുടെയും അഖിലേന്ത്യാ കേന്ദ്രത്തിൽ യെച്ചൂരിയുമായി ചേർന്ന് പ്രവരത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു.

ലോകത്താകെ സോവിയറ്റ് യൂണിയൻ നേരിട്ട തകർച്ചയും ഇന്ത്യയിൽ ബാബറി മസ്ജിദ് തകർക്കലും സ്വത്വരാഷ്ട്രീയത്തിനു സാമ്രാജ്യത്വ ശക്തികൾ നൽകിയ പ്രോൽസാഹനങ്ങളും സങ്കീർണ്ണമാക്കിയ 1990 കളിലെ ആദ്യ പകുതിയിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് 1992-93 ൽ വിദ്യാർത്ഥി സംഘടനയുടെ ചരിത്രത്തിൽ ആദ്യമായി അഖിലേന്ത്യാ തലത്തിൽ മെംബർഷിപ്പ് കുറയുന്ന സ്ഥിതി വന്നത്. പാർട്ടിയിൽ വിദ്യാർത്ഥി മുന്നണിയുടെ ചുമതല യെച്ചൂരിക്കായിരുന്നു. അഖിലേന്ത്യാ കേന്ദ്രം ശക്തിപ്പെടുത്താൻ കേരളത്തിൽ നിന്നും ഒരു മുഴുവൻ സമയ വിദ്യാർത്ഥി പ്രവർത്തകനെ നൽകണമെന്ന് പാർട്ടി പോളിറ്റ് ബ്യൂറോ നിശ്ചയിച്ചു. ഈ സാഹചര്യത്തിലാണ് കേരള പാർട്ടി നിശ്ചയിച്ച പ്രകാരം 1994 ജൂലൈ മാസത്തിൽ ഞാൻ അഖിലേന്ത്യാ കേന്ദ്രത്തിൽ ചേരുന്നത്. യെച്ചൂരിയുമായി അടുത്ത് പ്രവർത്തിക്കാനും എസ്എഫ്ഐയുടെ പ്രവർത്തനം ഉത്തരേന്ത്യയിൽ കൂടുതൽ ശക്തിപ്പെടുത്താനും എനിക്കും അവസരം ലഭിച്ചു. 2000-2003 ൽ ഞാൻ അഖിലേന്ത്യാ അദ്ധ്യക്ഷനായി പ്രവർത്തിച്ച ഘട്ടത്തിൽ വിദ്യാർത്ഥി മുന്നണിയുടെ ചുമതല യെച്ചൂരിക്കായിരുന്നു.

വിദ്യാർഥി സംഘടനയുടെ പരിപാടി മാറ്റുന്നതിനുള്ള  വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പക്കുന്നതിൽ യെച്ചൂരിയുടെ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്..
വിദ്യാർഥി സംഘടനയുടെ പരിപാടി മാറ്റുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പക്കുന്നതിൽ യെച്ചൂരിയുടെ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്..

ബഹുജന സംഘടനകളെക്കുറിച്ച് എന്ന 1981-ലെ പാർടി കേന്ദ്രകമ്മിറ്റിയുടെ പ്രമേയം വിദ്യാർത്ഥി മുന്നണിയുടെ പരിപാടിയെ നിശിതമായി വിമർശിക്കുന്നതാണ്. പരിപാടി മുന്നോട്ടുവെക്കുന്നത് സോഷ്യലിസ്റ്റ് വിദ്യാഭ്യാസ നയമാണ്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പരിപാടി വിഭാവനം ചെയ്യുന്ന ഇന്ത്യയുടെ വിപ്ലവ ഘട്ടം സോഷ്യലിസ്റ്റ്ഘട്ടമല്ല; കാർഷിക വിപ്ലവത്തിൽ കേന്ദ്രീകരിക്കുന്ന സമൂഹ്യമാറ്റത്തിന്റെ ജനാധിപത്യ ഘട്ടമാണ്. പരിപാടി വിദ്യാർത്ഥി സംഘടനയെ കേവലം കമ്യൂണിസ്റ്റ്കാരായ വിദ്യാർഥികളുടെ സംഘടനയാക്കി ചുരുക്കുന്നതാണ് എന്നാണ് പാർട്ടി കേന്ദ്രകമ്മിറ്റി വിമർശനം. ഈ പശ്ചാത്തലത്തിലാണ് സോഷ്യലിസം എന്ന ദീർഘകാല ലക്ഷ്യം നിലനിർത്തിതന്നെ ജനാധിപത്യ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രീകരിച്ചു വിദ്യാർഥി സംഘടനയുടെ പരിപാടി വർത്തമാന കാലഘട്ടത്തിനനുസൃതമായി പുതുക്കണം എന്നു നിശ്ചയിച്ചത്. ഈ കടമ നിർവഹിക്കുന്ന പ്രക്രിയയിൽ ആശയവ്യക്തത ഉറപ്പുവരുത്താൻ യെച്ചൂരി നേതൃത്വപരമായ സംഭാവനയാണ് നൽകിയത്.

1997-ൽ പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂരിൽ ചേർന്ന എസ്എഫ്ഐ സമ്മേളനം വിദ്യാഭ്യാസം ജനകീയ വികസനത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ ദിശയിലെ ആദ്യ കാൽവെപ്പായി. 2000-ൽ ചെന്നെയിൽ ചേർന്ന സമ്മേളനം പരിപാടി പുതുക്കാനുള്ള കമ്മിറ്റി രൂപീകരിച്ചു. 2003 ൽ കോഴിക്കോട് ചേർന്ന സമ്മേളനം കരട് രേഖ ചർച്ച ചെയ്തു പിന്നീട് ആസ്സാമിൽ ചേർന്ന പ്രത്യേക കൺവെൻഷൻ അന്തിമമായി രേഖ അംഗീകരിച്ചു.

ഏതാണ്ട് പത്തു വർഷത്തോളം നീണ്ട പ്രക്രിയയിലൂടെ പാർട്ടി പരിപാടിയുടെ ഉള്ളടക്കമായ ജനകീയ ജനാധിപത്യ വിപ്ലവഘട്ടത്തിന് ഉതകുന്ന വിധം വിദ്യാർഥി സംഘടനയുടെ പരിപാടി മാറ്റുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിൽ യെച്ചൂരിയുടെ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. കാർഷിക-വ്യാവസായിക ഉല്പാദന മേഖലകളിൽ തൊഴിലും സാങ്കേതിക വികാസവും ഉറപ്പുവരുത്താൻ പര്യാപ്തമായ വിധം വിദ്യാഭ്യാസ മേഖലയുടെ കോർപ്പറേറ്റ്-വൽക്കരണത്തെ തടയാനുള്ള ജനാധിപത്യ വിദ്യാഭ്യാസ വ്യവസ്ഥ വികസിപ്പിക്കുക എന്ന ബദൽ നയം അടിസ്ഥാനമാക്കി വിദ്യാർത്ഥി സംഘടനയുടെ പരിപാടി കാലോചിതമായി പുതുക്കുന്ന പ്രക്രിയ കാമ്പസ്സുകളിലെ പ്രവർത്തകരെയും വിദ്യാർഥി സമൂഹത്തെയാകെയും ബോദ്ധ്യപ്പെടുത്തി പൂർത്തീകരിക്കുന്നതിൽ യെച്ചൂരി പക്വമായ നേതൃത്വമാണ് നൽകിയത്.

പത്തു വർഷത്തോളം നീണ്ട പ്രക്രിയയിലൂടെ പാർട്ടി പരിപാടിയുടെ ഉള്ളടക്കമായ ജനകീയ ജനാധിപത്യ വിപ്ലവഘട്ടത്തിന് ഉതകുംവിധം വിദ്യാർഥി സംഘടനയുടെ പരിപാടി മാറ്റുന്നതിനുള്ള  വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പക്കുന്നതിൽ യെച്ചൂരിയുടെ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്.
പത്തു വർഷത്തോളം നീണ്ട പ്രക്രിയയിലൂടെ പാർട്ടി പരിപാടിയുടെ ഉള്ളടക്കമായ ജനകീയ ജനാധിപത്യ വിപ്ലവഘട്ടത്തിന് ഉതകുംവിധം വിദ്യാർഥി സംഘടനയുടെ പരിപാടി മാറ്റുന്നതിനുള്ള വ്യക്തമായ കാഴ്ചപ്പാട് അവതരിപ്പക്കുന്നതിൽ യെച്ചൂരിയുടെ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്.

സോവിയറ്റ് യൂണിയൻ തകർന്നതോടെ എസ്എഫ്ഐയും സോഷ്യലിസം ഉപേക്ഷിക്കുന്നു എന്ന വിധത്തിൽ വിദ്യാർഥി പ്രവർത്തകർക്ക് ആശയക്കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വ്യാപകമായ വിവാദപ്രചാരണങ്ങൾ രാജ്യത്താകെ വലതുപക്ഷ മാധ്യമങ്ങൾ നടത്തി. വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും രാഷ്ട്രീയമായി വ്യക്തത നൽകാൻ യോഗങ്ങളിലും എസ്.എഫ്.ഐ സമ്മേളനങ്ങളിളും നടത്തിയ അവതരണങ്ങളിൽ യെച്ചൂരിയ്ക്കുണ്ടായിരുന്ന ആശയവ്യക്തത വലിയ പങ്ക് വഹിച്ചു.

2003-ൽ വിദ്യാർഥി സംഘടനാ പ്രവർത്തനത്തിൽ നിന്ന് വിരമിച്ചപ്പോൾ ഭാവി പ്രവർത്തന രംഗം കർഷകമുന്നണിയാകണം എന്നതിൽ എനിക്ക് വ്യക്തതയുണ്ടായത് പാർട്ടി പരിപാടിയുടെ മർമ്മം കാർഷിക വിപ്ലവമാണ് എന്ന രാഷ്ട്രീയ കാഴ്ചപ്പാട് വിദ്യാർഥി സംഘടനയുടെ അഖിലേന്ത്യാ കേന്ദ്രത്തിലെ പ്രവർത്തനത്തിലൂടെ നേടാനായതാണ്.

വിദ്യാർഥി സംഘടനയിൽ പ്രവർത്തിക്കുന്ന പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും രാഷ്ട്രീയ വ്യക്തത നൽകാൻ യോഗങ്ങളിലും എസ്.എഫ്.ഐ സമ്മേളനങ്ങളിലും നടത്തിയ അവതരണങ്ങളിൽ യെച്ചൂരിയ്ക്കുണ്ടായിരുന്ന ആശയവ്യക്തത വലിയ പങ്ക് വഹിച്ചു.

എന്റെ ജന്മനാടും കാർഷിക മേഖലയുമായ വയനാട്ടിൽ പ്രവർത്തിക്കണം എന്നതാണ് പാർട്ടി അഖിലേന്ത്യാ കേന്ദ്രം നിശ്ചയിച്ചത്. വയനാട്ടിൽ കാപ്പി കർഷകർ കടുത്ത പ്രതിസന്ധി നേരിട്ട് വ്യാപകമായി ആത്മഹത്യ ചെയ്യുന്ന ഘട്ടം. കൃഷിയുടെ കോർപ്പറേറ്റ് വൽക്കരണത്തിനെതിരെ വയനാട്ടിലെ കർഷകരുടെ ഐക്യം വികസിപ്പിക്കുന്നതിൽ ഊന്നൽ നൽകിയ പ്രവർത്തനം 2006-ഓടെ വയനാട് കർഷക സമര സമിതി രൂപീകരിക്കുന്നതിലേക്കും കാപ്പി കർഷകരുടെ പാർലമെന്റ് മാർച്ച് നടത്തുന്നതിലേക്കും മുന്നേറി. 2006- ലെ തെരെഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വയനാട്ടിലെ മൂന്നു മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചു. കാർഷിക പ്രശ്നമാണ് അതിനുള്ള സാഹചര്യമൊരുക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി ജില്ലയിലെ മുഖ്യ പ്രചാരകനായിരുന്നു. 2006- ൽ വി. എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. എൽ ഡി എഫ് സർക്കാർ കടാശ്വാസ കമ്മീഷൻ രൂപീകരിച്ച് വയനാട്ടിലെ 41,141 കർഷക കുടുംബങ്ങളെ കടബാദ്ധ്യതകളിൽ നിന്ന് മോചിപ്പിച്ചു. ഇടതുപക്ഷ പിന്തുണയോടെ അധികാരത്തിൽ വന്ന ഒന്നാം യു പി എ സർക്കാർ 2008- ൽ 70,000 കോടി രൂപയുടെ കടാശ്വാസം രാജ്യത്താകെ നടപ്പിലാക്കി.

Photo: Sitaram Yechuri, X
Photo: Sitaram Yechuri, X

2008- ലെ അമേരിക്കൻ ഓഹരി വിപണി നേരിട്ട രൂക്ഷമായ തകർച്ചയിലൂടെ ലോക മുതലാളിത്തം വ്യവസ്ഥാ-പ്രതിസന്ധി ഘട്ടത്തിലേക്ക് (systemic crisis) പ്രവേശിച്ചതായി വ്യക്തമായ സന്ദർഭത്തിൽ, 16 വർഷത്തിനുശേഷവും ഈ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കാർഷിക പ്രശ്നം രാജ്യത്താകെ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ, മുഖ്യ വൈരുദ്ധ്യങ്ങളെ മുൻനിർത്തി കാർഷിക മേഖലയിൽ മൂർത്തമായ മുദ്രാവാക്യങ്ങൾ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വയനാട്ടിൽ ഒരു ദേശീയ സെമിനാർ നടത്താനുള്ള നിർദേശം അന്നത്തെ കിസാൻ സഭ അദ്ധ്യക്ഷൻ എസ്. രാമചന്ദ്രൻ പിള്ളയുമായി കൂടിയാലോചിച്ചു. അഖിലേന്ത്യാ കിസാൻ സഭയുടെയും അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയന്റെയും കേന്ദ്ര നേതൃത്വങ്ങൾ സംയുക്തമായി വയനാട്ടിൽ സെമിനാർ നടത്താനുള്ള തീരുമാനമെടുത്തതായി എസ്.ആർ.പി അറിയിച്ചു. 2009-ൽ വയനാട്ടിൽ സംഘടിപ്പിച്ച അഖിലേന്ത്യാ കാർഷിക സെമിനാറിൽ പാർട്ടി ജെനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, എസ്. രാമചന്ദ്രൻ പിള്ള, കെ. വരദരാജൻ എന്നീ നാലു പി.ബി അംഗങ്ങൾ പങ്കെടുത്തത് കാർഷിക മുന്നണിയിലെ വർഗ സമരത്തിന് സി.പി.ഐ- എം നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു.

 എസ്. രാമചന്ദ്രൻ പിള്ളയും യെച്ചൂരിയും
എസ്. രാമചന്ദ്രൻ പിള്ളയും യെച്ചൂരിയും

കാർഷിക വിപ്ലവത്തിനായി കർഷകരുടെ വിപുലമായ ഐക്യം, അതിലൂടെ രാജ്യവ്യാപകമായ തൊഴിലാളി- കർഷക ഐക്യം എന്നതിൽ യെച്ചൂരിക്കുണ്ടായിരുന്ന ആശയവ്യക്തത പ്രതിഫലിക്കുന്നതായിരുന്നു മേൽ സെമിനാറിലെ നവ ഉദാരവൽക്കരണവും കാർഷിക മേഖലയിലെ മുഖ്യ വൈരുദ്ധ്യങ്ങളും സംബന്ധിച്ച സെഷൻ. ലോകത്തെ നാല് പ്രധാന വൈരുദ്ധ്യങ്ങളിൽ സാമ്രാജ്യത്വവും മൂന്നാം ലോക രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിക്കുന്നു എന്നതാണ് സി.പി.ഐ- എം വിലയിരുത്തൽ.

ഇന്ത്യയിൽ അർദ്ധ ജന്മി- ഭൂപ്രഭു –പുത്തൻ ഗ്രാമീണ ധനിക വർഗ്ഗ കൂട്ടുകെട്ടും ദരിദ്ര ഇടത്തര കർഷക – കർഷകതൊഴിലാളി വിഭാഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അതിശക്തമായി നിലനില്ക്കുന്നുണ്ടെങ്കിലും, സാമ്രാജ്യത്വ കോർപ്പറേറ്റ് ശക്തികളും ഭൂപ്രഭുക്കളൊഴികെയുള്ള കാർഷിക ജനസമാന്യവും തമ്മിലുള്ള വൈരുദ്ധ്യം കാർഷിക മേഖലയിലെ മുഖ്യവൈരുദ്ധ്യമായി ശക്തിപ്പെടുകയാണ്. അതിനനുസൃതമായ അടവ്നയം മുൻനിർത്തി മൂർത്തമായ മുദ്രാവാക്യങ്ങൾ മുന്നോട്ടുവെക്കുകയും മൂർത്തമായ സാഹചര്യങ്ങൾക്കനുസരിച്ച് കർഷകരുടെ വിപുലമായ ഐക്യം രൂപപ്പെടുത്താനുള്ള വിപുലമായ പ്രക്ഷോഭങ്ങൾ വികസിപ്പിക്കുകയും വേണമെന്ന് യെച്ചൂരി വ്യക്തമാക്കി. തൊഴിലാളി- കർഷക ഐക്യത്തിലേക്കും വിപുലമായ ബഹുജന ഐക്യത്തിലേക്കുമുള്ള മുന്നേറ്റമാണ് കാർഷിക പ്രശ്നം പരിഹരിക്കാനും കോർപ്പറേറ്റ്-വർഗീയ ശക്തികളെ തടയാനും സഹായിക്കുക എന്നതാണ് ഈ സെമിനാർ ഉപസംഹരിച്ചുകൊണ്ടു യെച്ചൂരി ചൂണ്ടിക്കാട്ടിയത്.

പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ കർഷക സമരങ്ങളും തൊഴിലാളി- കർഷക ഐക്യവും വികസിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും അതിന്റെ ബലത്തിൽ ബി.ജെ.പിക്കും എൻ.ഡി.എ ക്കുമെതിരെ രാഷ്ട്രീയമായ ഐക്യം വികസിപ്പിക്കുകയും ചെയ്യുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഘട്ടത്തിലാണ് യെച്ചൂരി വിടവാങ്ങിയത്.

2009- നു ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ നവ ഉദാരവൽക്കരണ നയങ്ങൾക്കും കോർപ്പറേറ്റ് ചൂഷണത്തിനുമെതിരെ പ്രാദേശികമായി രൂപപ്പെട്ട കർഷക ഐക്യവും 2014- നു ശേഷമുള്ള കഴിഞ്ഞ 10 വർഷത്തെ കാലയളവിൽ രാജ്യവ്യാപകമായി ഉയർന്നുവന്ന കർഷക പ്രക്ഷോഭങ്ങളും ഈ നയത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയവയാണ്.

തൊഴിലാളി-കർഷക ഐക്യവും സി.പി.ഐ-എം പാർട്ടിപരിപാടിയിൽ ഊന്നുന്ന കാർഷികവിപ്ലവവും ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ അച്ചാണിയാണ് എന്ന കാഴ്ചപ്പാട് എത്രത്തോളം പ്രസക്തമാണ് എന്നും വർഗീയതക്കെതിരെ അധികമധികം ബഹുജനങ്ങളെ അണിനിരത്താനും വിപുലമായ വർഗസമരങ്ങളാണ് സഹായിക്കുക എന്നും സമീപകാല രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു.

വിദ്യാർഥി മുന്നണിയിലും കർഷക മുന്നണിയിലും ഉള്ള പ്രവർത്തകർക്ക് ആശയവ്യക്തത  നൽകുന്നതിൽ യെച്ചൂരി നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്.
വിദ്യാർഥി മുന്നണിയിലും കർഷക മുന്നണിയിലും ഉള്ള പ്രവർത്തകർക്ക് ആശയവ്യക്തത നൽകുന്നതിൽ യെച്ചൂരി നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്.

പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ കർഷക സമരങ്ങളും തൊഴിലാളി- കർഷക ഐക്യവും വികസിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും അതിന്റെ ബലത്തിൽ ബി.ജെ.പിക്കും എൻ.ഡി.എ ക്കുമെതിരെ രാഷ്ട്രീയമായ ഐക്യം വികസിപ്പിക്കുകയും ചെയ്യുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്ന ഘട്ടത്തിലാണ് യെച്ചൂരി വിടവാങ്ങിയത്.

വിദ്യാർഥി മുന്നണിയിലും കർഷക മുന്നണിയിലും ഉള്ള ഞാനുൾപ്പെടെയുള്ള പ്രവർത്തകർക്ക് ആശയവ്യക്തത നൽകുന്നതിൽ യെച്ചൂരി നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണ്. വരാനിരിക്കുന്ന നാളുകളിൽ മേൽ ദിശയിൽ വർഗ സമരങ്ങൾ രൂക്ഷമാകുമ്പോൾ ഇടതുപക്ഷ ജനാധിപത്യ ശക്തികൾ രാജ്യവ്യാപകമായി ശക്തിപ്പെടുകയാണ് ചെയ്യുക. ഭാവിയിൽ കോർപ്പറേറ്റ് വിരുദ്ധ പോരാട്ടങ്ങൾ നേടുന്ന ഓരോ വിജയവും യെച്ചൂരിയുടെ കാഴ്ചപ്പാടുകളുടെയും ധൈഷണിക സംഭാവനകളുടെയും പ്രസക്തി കൂടുതൽ കൂടുതൽ വ്യക്തമാക്കുന്നതാവും.


Summary: P. Krishnaprasad remembers Sitaram Yechury as a leader who worked in connection with student farmer movements in India.


പി. കൃഷ്ണപ്രസാദ്

രാജ്യത്തെ കർഷക പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഖിലേന്ത്യ കിസാൻ സഭ ഫിനാൻസ് സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സി.പി.എം എം.എൽ.എയായിരുന്നു

Comments