കനു സന്യാൽ. /Photo Credit : Pinakpani Bhattacharjee.

ആദ്യത്തെ നക്സൽ

കനു സന്യാലിന്റെ ജീവചരിത്രം

നിരവധി തവണ കനു സന്യാലുമായി നടത്തിയ അഭിമുഖങ്ങളിലൂടെയും ചരിത്രാന്വേഷണങ്ങളിലൂടെയും മാധ്യമപ്രവർത്തകനായ ബപ്പാദിത്യ പോൾ തയാറാക്കിയ ‘ദി ഫസ്റ്റ് നക്‌സൽ: ആൻ ഓതറൈസ്ഡ് ബയോഗ്രഫി ഓഫ് കനു സന്യാൽ' എന്ന കൃതിയുടെ മലയാള വിവർത്തനത്തിൽനിന്നുള്ള ഭാഗങ്ങൾ

​​​​​​​ഒന്ന്: അന്ത്യത്തിൽ നിന്നുള്ള തുടക്കം

23 മാർച്ച് 2010, ഉച്ചതിരിഞ്ഞ് 3 മണി.

വടക്കൻ പശ്ചിമബംഗാളിലെ സിലിഗുരി പട്ടണത്തിന് 20 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ശാന്തമായ കുഗ്രാമം, സെബെദ്​ല്ല ജോതെ പെട്ടെന്ന്, അസാധാരണമായ പ്രവർത്തനങ്ങളുടെ തിരക്കുകാണിച്ചു.
അനേകം മാധ്യമപ്രവർത്തകരും ഒരു വലിയ പൊലീസ് സംഘവും നൂറുകണക്കിന് ആദിവാസി ഗ്രാമീണ ജനങ്ങളും അകത്തുനിന്ന് വാതിലുകൾ അടച്ചിരിക്കുന്ന ഒരു ചെളിവാസസ്ഥലത്തിനു ചുറ്റും കൂടിയിട്ടുണ്ട്. വീടിനുള്ളിലെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനുള്ള വേവലാതിയിൽ വീഡിയോ ക്യാമറയുള്ള മാധ്യമപ്രവർത്തകർ അവരുടെ ലെൻസ് കൂടാരത്തിന്റെ കുടുസ്സുദ്വാരങ്ങളിൽ ഉറപ്പിച്ചു.

കുടിലിനുള്ളിൽ, ഒരു മൂലയിൽ പുസ്തകങ്ങളും പത്രങ്ങളും ഫയലുകളും അടുക്കിയിരുന്ന ഒരു പഴയ അലമാര നിശ്ചലമായി കിടക്കുന്നുണ്ടായിരുന്നു. മറ്റൊരു മൂലയിൽ അയയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ കിടക്കുന്നു. ഉപയോഗശൂന്യമായ കട്ടിലിനുസമീപത്തായി ചിലന്തികെട്ടിയ വലയും! ലെനിൻ, സ്റ്റാലിൻ, ഏംഗൽസ്, മാവോ സേതുങ്, മറ്റു ചില കമ്യൂണിസ്റ്റ് നേതാക്കൾ എന്നിവരുടെ ഫ്രെയിം ചെയ്ത ഫോട്ടോ പ്രദർശിപ്പിച്ചിരിക്കുന്ന ഒറ്റമുറി കൂടാരത്തിൽ മറ്റ് ഗൃഹോപകരണങ്ങളൊന്നുമുണ്ടായിരുന്നില്ല.

ലുങ്കിയും അരക്കൈ ബനിയനും ധരിച്ച അയാളുടെ കാലുകൾ മണ്ണിന്റെ തറയിൽ ഭാഗികമായി തൊട്ടിരിക്കുന്നു. അയാളുടെ ജീവനില്ലാത്ത ശരീരത്തിന്റെ ഇടത്തുവശത്തേക്ക് തല ചരിഞ്ഞുകിടന്നു.

കട്ടിലിന്റെ മധ്യഭാഗത്ത് അഞ്ച് നിശ്ശബ്​ദ വ്യക്തികളാൽ ചുറ്റപ്പെട്ട ഒരു വൃദ്ധൻ കഴുത്ത് സീലിംഗിൽ തൂക്കിയിട്ട് തൂങ്ങി നിൽക്കുന്നു. ലുങ്കിയും അരക്കൈ ബനിയനും ധരിച്ച അയാളുടെ കാലുകൾ മണ്ണിന്റെ തറയിൽ ഭാഗികമായി തൊട്ടിരിക്കുന്നു. അയാളുടെ ജീവനില്ലാത്ത ശരീരത്തിന്റെ ഇടത്തുവശത്തേക്ക് തല ചരിഞ്ഞുകിടന്നു. അയാളുടെ മുമ്പിൽ വെറുതെയിരിക്കുന്നത് ഒരു പ്ലാസ്റ്റിക് കസേരയാണ്. ഒരു മരസ്റ്റൂൾ അല്പം അകലെയും മൺതറയിൽ കീറിയ മെത്തയും രണ്ടു തലയിണകളും കിടക്കുന്നുണ്ട്.

നിശ്ശബ്​ദരായ അഞ്ചു വ്യക്തികളിൽ ഒരാൾ മജിസ്​ട്രേറ്റായ ഹേമന്ത് സേവയാണ്. അയാൾ, മൃതദേഹം ഇൻക്വസ്റ്റ് നടത്തുകയും ആവശ്യമായ വിവരങ്ങൾ ഡയറിയിൽ കുറിക്കുകയും ചെയുന്നു. മറ്റൊരാളായ പ്രദീപ് ദേബ്നാഥ് എഫ്. ഐ. ആർ തയ്യാറാക്കാൻ മൊഴി കൊടുക്കുന്നു. അയാൾ മരിച്ചയാളുടെ സഹായിയാണ്. ദേബ്നാഥിനോട് ചേർന്നുനിൽക്കുന്നത് മരിച്ചയാളുടെ അന്തരവൻ അരിന്ദം സന്യാലാണ്. അൽപ്പം അകലെമായി സുഹൃത്ത് ദുലാൽ കരഞ്ജായി നിന്നു. നിശ്ശബ്​ദമായി നടപടി നിരീക്ഷിക്കുന്ന ഒരു പത്രപ്രവർത്തകനായിരുന്നു അഞ്ചാമൻ.

ജോലി പൂർത്തിയാക്കിയ മജിസ്​ട്രേറ്റ്​ ഹാജരായ മറ്റുള്ളവരോട് കയർ മുറിച്ച്​മൃതദേഹം താഴെയിറക്കാൻ ആവശ്യപ്പെട്ടു. കേട്ടയുടൻ തൽക്ഷണം അത് പാലിക്കപ്പെടുകയും, ഇപ്പോൾ താഴെ കീറിയ മെത്തയിൽ വൃദ്ധശരീരം വിശ്രമിക്കുകയും ചെയ്യുന്നു.
ഈ സമയത്ത് കുടിലിന്റെ ഒറ്റവാതിൽ തുറക്കപ്പെടുകയും സിലിഗുരിയിലെ അഡീഷണൽ പൊലീസ് സൂപ്രണ്ട് ഗൗരവ് ശർമ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. ഗൗരവ് ഇൻക്വസ്റ്റിനെക്കുറിച്ച് അന്വേഷിക്കുകയും തുടർന്ന് മൃതദേഹം പുറത്ത് നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയക്കണം. മൃതദേഹം സ്ട്രെച്ചറിൽ മുറിയിൽ നിന്ന് പുറത്തെടുത്ത നിമിഷം വരണ്ട വസന്തകാലത്തിന്റെ ആകാശത്തുകൂടെ ഒരു കൂട്ടവിലാപം പൊട്ടിപ്പുറപ്പെട്ടു.
ഓ...... കനു ദാ........ ആദിവാസി പുരുഷന്മാരും സ്ത്രീകളും നിലവിളിച്ച് വായു ശ്വസിക്കാൻ കഴിയാത്തവിധം ഭാരമുണ്ടാക്കി!

2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊൽക്കത്തയിൽ നടന്ന സി.പി.ഐ (എം.എൽ) വാർത്താസമ്മേളനത്തിൽ കനു സന്യാൽ. / Photo : Soman.

ആദിവാസികൾ അവരുടെ ആദിപിതാവിന്റെ വിയോഗത്തിൽ ദുഃഖിക്കുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ കനു സന്യാൽ എന്ന ആദിപിതാവ് ഇപ്പോൾ എന്നെന്നേക്കുമായി സെബെദ്​ല്ല ജോതെ ഗ്രാമം വിടുകയാണ്. കഴിഞ്ഞ മുപ്പതുവർഷമായി അദ്ദേഹത്തിന്റെ വിലാസമായിരുന്ന കുഗ്രാമം അദ്ദേഹം ഉപേക്ഷിക്കുകയാണ്.

കനു സന്യാൽ ജനിച്ചത് സെബെദ്​ല്ല ജോതിൽ അല്ല, 1929-ൽ ദാർജിലിങ് കുന്നുകളിലെ കുർസ്യോങിലാണ്. അച്ഛൻ അന്നദ ഗോവിന്ദ സന്യാൽ കോടതി ഉദ്യോഗസ്ഥനും അമ്മ നിർമ്മല ദേവി വീട്ടമ്മയുമായിരുന്നു. അന്നദ ഗോവിന്ദിന്റെ മൂന്നാമത്തെ ഭാര്യായിരുന്നു നിർമല. ആദ്യ രണ്ട് ഭാര്യമാർ ഓരോ മകനെയും സമ്മാനിച്ച് അസുഖം മൂലം മരിച്ചു. നിർമലയ്ക്ക് ജനിച്ച മൂന്നാമത്തെ മകനായിരുന്നു കനു സന്യാൽ.
സന്യാൽ കുടുംബം യഥാർത്ഥത്തിൽ സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലെ പബ്ന ജില്ലയിലെ സൽഗേറിയയിൽ പെട്ടവരാണ്. ഈ സ്ഥലം ഇപ്പോൾ ബംഗ്ലാദേശിന്റെ ഭാഗമാണ്.

മാതാപിതാക്കൾ ദാർജിലിങ്ങിലേക്ക് അവരുടെ മുത്തച്ഛൻ പ്യാരി മോഹൻ താലൂക്ക് ദാറിന്റെ വീട്ടിലേക്ക് മാറിയപ്പോൾ അന്നദ ഗോവിന്ദ് ഒരു ശിശുവായിരുന്നു. ബ്രിട്ടീഷ്​ രാജിലെ ഒരു സർക്കാർ ജീവനക്കാരനായിരുന്നു താലൂക്ക് ദാർ. ദാർജിലിങ്ങിലെ ഡെപ്യൂട്ടി കമീഷണറുടെ ഓഫീസിൽ ഒരു സൂപ്പർവൈസറിന്റെ പോസ്റ്റായിരുന്നു അദ്ദേഹത്തിന്. താലൂക്ക് ദാർ, ദാർജിലിങ്ങ് എന്ന മലയോര നഗരത്തിന്റെ ഭരണകാര്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.
സ്വാധീനമുള്ള ഒരു മുത്തച്ഛൻ അവരുടെ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്തതിനാൽ അന്നദ ഗോവിന്ദയ്ക്ക് മെട്രിക്കുലേൻ പൂർത്തിയാക്കുന്നതിനും പിന്നീട് ദാർജിലിങ്ങ് സെഷൻസ് കോടതിയിൽ ഗുമസ്തനായി നിയമനം നേടുന്നതിനും തടസമൊന്നും നേരിട്ടില്ല.

"വീട്ടിൽ അമ്മ എന്നെ കനു എന്ന് വിളിക്കാറുണ്ടായിരുന്നു. എന്ത് കാരണത്താലെന്നറിയില്ല ഈ വിളിപ്പേര് പിന്നീട് ആളുകൾ എന്റെ യഥാർത്ഥ പേരാക്കി മാറ്റി’.

ആദ്യ രണ്ട് ഭാര്യമാരുടെ അകാല വിയോഗം മൂലം അന്നദ ഗോവിന്ദ മൂന്നാം വിവാഹം കഴിച്ചപ്പോഴേക്കും കുർസ്യോങിലെ സബ്ഡിവിഷൻ കോടതിയിലേക്ക് അദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. അന്നദയുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. ഇളയസഹോദരങ്ങൾ അദ്ദേഹത്തോടൊപ്പമാണ് താമസിച്ചിരുന്നത്. കുർസ്യോങിലേക്ക് താമസം മാറിയപ്പോൾ കുടുംബത്തെ പട്ടണത്തിലെ ഭാലു ബസ്തി പ്രദേശത്തെ ഒരു വാടകവീട്ടിലാണ് താമസിപ്പിച്ചത്. 1929-ലെ മൺസൂണിൽ കൂർസ്യോങിലെ ഈ വാടകവീട്ടിൽ വെച്ച് അന്നദ ഗോവിന്ദയുടെ മൂന്നാമത്തെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകി.

ഈ മകൻ പിന്നീട് നക്സൽബാരി പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനെന്ന നിലയിൽ അറിയപ്പെട്ടു.

കനു സന്യാലിന്റെ യഥാർത്ഥ പേര് കൃഷ്ണകുമാർ സന്യാൽ എന്നായിരുന്നു. അദ്ദേഹത്തിന്റെ പിതൃസഹോദരൻ ഗിരിജ ഗോവിന്ദ് ആണ് ഈ പേര് നൽകിയത്. പക്ഷെ കാലക്രമേണ അത് വിസ്മൃതിയിലായി."വീട്ടിൽ അമ്മ എന്നെ കനു എന്ന് വിളിക്കാറുണ്ടായിരുന്നു. എന്ത് കാരണത്താലെന്നറിയില്ല ഈ വിളിപ്പേര് പിന്നീട് ആളുകൾ എന്റെ യഥാർത്ഥ പേരാക്കി മാറ്റി. ആളുകൾ എന്നെ കനു സന്യാൽ എന്ന് വിളിക്കാൻ തുടങ്ങി.' അദ്ദേഹം പറഞ്ഞു.

തന്റെ രണ്ട് മൂത്ത സഹോദരങ്ങൾ ഉൾപ്പെടെ ‘വളരെ വലിയ അംഗങ്ങളു'ള്ള കൂട്ടുകുടുംബത്തിലാണ് സന്യാൽ വളർന്നുകൊണ്ടിരുന്നത്. അമ്മ നിർമലയ്ക്കും രണ്ട് സഹോദരങ്ങൾക്കും രണ്ട് സഹോദരിമാർക്കും നാല് സഹോദരങ്ങൾ കൂടി ജനിച്ചു. അങ്ങനെ സന്യാലിന്റെ ആറ് സഹോദരങ്ങൾക്കുപുറമെ അമ്മാവന്മാരുടെ ഭാര്യമാരും അവരുടെ കുട്ടികളും അവരോടൊപ്പം താമസിച്ചിരുന്നു. ഒടുവിൽ ഇത്രയും വലിയ കുടുംബത്തെ ചെറിയ വാടകവീട്ടിൽ താമസിപ്പിക്കുന്നത് ബുദ്ധിമുട്ടായി. അതിനാൽ മുഴുവൻ കുടുംബവും സുധർചന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പുതിയ വാടകകെട്ടിടത്തിലേക്ക് മാറി.

പുതിയ വീട് അതേ ഭാലു ബസ്തി പ്രദേശത്തായിരുന്നു. ഭൂവുടമ കുടുംബം താമസിച്ചിരുന്ന ഒന്നാം നിലയിലെ ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നില മുഴുവൻ സന്യാൽ കുടുംബം വാടകക്കെടുത്തിരുന്നു. പുതിയ വീട്ടിൽ, അവർക്ക് മൂന്നു വലിയ കിടപ്പുമുറികളും ഒരു ചെറിയ കിടപ്പുമുറിയും ഒരു അടുക്കളയും ലഭിച്ചു.
ഇതൊക്കെയാണെങ്കിലും ധാരാളം ആളുകൾ താമാസിക്കുന്നതിനാൽ വീട് സന്യാലിന് നിരവധി അതിർത്തികളുള്ള ഒരു ഹോട്ടൽ പോലെയാണ് അനുഭവപ്പെട്ടത്. എല്ലാ സഹോദരങ്ങളും ഒരുമിച്ച് വൃത്താകാരത്തിലിരുന്ന് അമ്മ നിർമല അവർക്കെല്ലാം ഉച്ചഭക്ഷണമോ, അത്താഴമോ വിളമ്പിക്കൊടുക്കുമ്പോൾ ഒരു ഹോട്ടലിൽ താമസിക്കുന്നതുപോലെത്തന്നെ തോന്നുമായിരുന്നു. ‘ഇത്രയും വലിയ കുടുംബത്തിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു എന്നാൽ അമ്മ വിദഗ്ധയായ മാനേജറെപ്പോലെ ചുമതല നിർവ്വഹിച്ചു. വലിയ ഉത്തരവാദിത്തം അവരിലെ കർക്കശക്കാരിയെ പുറത്തുനിർത്തി.' ; സന്യാൽ ചൂണ്ടിക്കാണിക്കുന്നു.

കുട്ടിക്കാലം മുതൽ കനു സന്യാലിന്റേത് അശ്രദ്ധമായ വ്യകതിത്വമായിരുന്നു. ചില മേൽക്കൈ സ്വഭാവങ്ങളും അക്കാലത്ത് ഉണ്ടായിരുന്നു. കളിക്കൂട്ടുകാരുടെ സംഘത്തെ എന്നും കനു ആജ്ഞാപിച്ച് നിർത്തി. അപൂർവ സന്ദർഭങ്ങളിൽ ആരെങ്കിലും തന്റെ അധികാരത്തെ ധിക്കരിക്കാൻ തുനിഞ്ഞാൽ അവരെ നിഷ്‌ക്കരുണം ആക്രമിക്കുമായിരുന്നു. ഇങ്ങനെ പല കുഴപ്പങ്ങളിലും കനു ചെന്നുപെടുമായായിരുന്നു. ശൈത്യകാലത്ത് കുർസ്യോങിലെ തണുപ്പിനെ തോൽപ്പിക്കാൻ അവൻ അയൽവക്കത്തെ വീടുകളുടെ മരം കൊണ്ടുള്ള അതിർത്തിവേലി ഇളക്കിയെടുത്ത് അതുകൊണ്ട് വിറകുകൂന കത്തിച്ച് ബോൺഫയർ സംഘടിപ്പിക്കുകയും അയൽക്കാർ അവന്റെ അമ്മയ്ക്ക് പരാതി നൽകുകയും ചെയ്യുമായിരുന്നു. സന്യാലും അവന്റെ എല്ലാ സഹോദരങ്ങളും ഇതിൽ ഭയങ്കരമായി പേടിച്ചു. ഇത്തരം ദുരനുഭവങ്ങളുടെ ഫലമായി അമ്മ നിർമലയിൽനിന്ന് ശാരീരിക ശിക്ഷ കിട്ടുന്നത് ഒരു പതിവു വൈകുന്നേര സംഭവമായിരുന്നു. എന്നിട്ടും അവൻ ചെയ്ത്ത് നിർത്തിയില്ല. വീണ്ടും മറ്റൊരു വികൃതിയിലേക്ക് അവനപ്പോഴേക്കും ചെന്ന് പെട്ടിരിക്കും.!

കൂർസ്യോങിലെ വാടകവീട്ടിൽവെച്ച് അന്നദ ഗോവിന്ദയുടെ മൂന്നാമത്തെ ഭാര്യ ഒരു കുഞ്ഞിന് ജന്മം നൽകി. ഈ മകൻ പിന്നീട് നക്സൽബാരി പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകനെന്ന നിലയിൽ അറിയപ്പെട്ടു. / Fb Page, Romancing North Bengal.

സന്യാലിന്റെ യഥാർത്ഥ ജനനത്തീയതി രേഖപ്പെടുത്തുന്ന ഒരു ആധികാരിക രേഖയും ലഭ്യമല്ല. എന്നാൽ കൽക്കത്ത സർവകലാശാല നൽകിയ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് 1947 മാർച്ച് 01 ന് 16 വയസ്സ് 08 മാസമാണ്. ഇതനുസരിച്ച് സന്യാലിന്റെ ജനനത്തീയതി 1930ന്റെ മധ്യത്തിലായിരിക്കണം. എന്നാൽ ഇത് തെറ്റാണെന്ന് അദ്ദേഹം പറയുന്നു:‘ഞാൻ ഓർക്കുന്നു. മെട്രിക്കുലേഷൻ പരീക്ഷയ്ക്കുള്ള രജി. ഫോം പൂരിപ്പിക്കുമ്പോൾ എന്റെ മാതാപിതാക്കൾ എന്റെ പ്രായം ഒരു വയസ്സ് കുറച്ചു. മാത്രമല്ല ഞാൻ 1947-ൽ രണ്ടാമത്തെ ശ്രമത്തിൽ മെട്രിക്കുലേഷൻ പാസായിട്ടുമുണ്ട്. അതിനാൽ എന്റെ കണക്കുകൂട്ടലനുസരിച്ച് ഞാൻ 1929-ലെ മൺസൂണിൽ ജനിച്ചു.’ (കനു സന്യാൽ അഭിമുഖത്തിൽ പറഞ്ഞത് 2007).

രണ്ട്: രാഷ്ട്രീയത്തിലേക്കുള്ള ആദ്യചായ്​വ്​

ഗ്രേറ്റ്​ ബ്രിട്ടൺ അഡോൾഫ് ഹിറ്റ്​ലറുടെ ജർമനിക്കെതിരെ സഖ്യസേനയെ നയിച്ച രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. സ്വന്തമായി ഒരു താൽപര്യം ഇല്ലാതിരുന്നിട്ടും, മഹായുദ്ധത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് കോളനിയായ ഇന്ത്യ വൈകാതെ അതിന്റെ സാമൂഹ്യ- സാമ്പത്തിക ജീവിതത്തിന്റെ അനന്തരഫലം അനുഭവിക്കാൻ തുടങ്ങി. സർവവ്യാപിയായ യുദ്ധത്തിന്റെയും ബ്രിട്ടീഷ് ഭരണാധികാരികളുടെ വ്യാപകമായ തെറ്റായ ഭരണത്തിന്റെയും വ്യക്തമായ ആഘാതത്തിന് ഇന്ത്യ താമസിയാതെ വില നൽകാൻ തുടങ്ങുകയായിരുന്നു.
1940-41 കാലഘട്ടത്തിൽ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വലിയ ക്ഷാമം ബംഗാൾ പ്രവിശ്യയിൽ ബാധിച്ചു. പ്രതിസന്ധി ദാർജിലിങ് കുന്നുകളിലേക്കും വ്യാപിച്ചു. ‘ ആ ദിവസങ്ങൾ ഭയങ്കരമായിരുന്നു. വസ്ത്രം വേണ്ടെന്നുവച്ച് നേപ്പാളി സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നത് ദാർജിലിങ് മലനിരകളിലുടനീളം ഒരു സാധാരണ സംഭവമായിക്കഴിഞ്ഞിരുന്നു.' -സന്യാൽ ആഴത്തിലുള്ള വേദനയോടെ ഓർക്കുന്നു.

നേതാജിയെ കമ്യൂണിസ്റ്റ് പാർട്ടി നിരന്തരം ദുരുപയോഗം ചെയ്യുന്നത് കൗമാരക്കാരനായ സന്യാലിന്റെ വികാരങ്ങളെയും വ്രണപ്പെടുത്തി. തത്ഫലമായി കമ്യൂണിസ്റ്റുകളോട് കടുത്ത ശത്രുതാപരമായ വികാരം അദ്ദേഹം ഉള്ളിൽ വളർത്താൻ തുടങ്ങി.

ഇന്ത്യയിലെ കമ്യൂണിസ്റ്റുകൾ അക്കാലത്ത് രഹസ്യയോഗങ്ങളിലൂടെ അവരുടെ രാഷ്ട്രീയപ്രവർത്തനം നടത്താറുണ്ടായിരുന്നു. ഇന്ത്യയേയും ലോകത്തേയും സംബന്ധിച്ച സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും അവർ വിതരണം ചെയ്യാറുണ്ടായിരുന്നു. കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന കോൻ ദികെ പല്ലാഭാരി, ജപ്പാൻ കേ രുക്തേ ഹോബേ തുടങ്ങിയ ബംഗാളി ബുക്ക്​ലെറ്റുകൾ കുർസ്യോങിലും പ്രചാരത്തിലുണ്ടായിരുന്നു. എന്നിരുന്നാലും സന്യാലിന്റെ പിതാവ് അന്നദ ഗോവിന്ദ ഒരിക്കലും ഈ ലഘുലേഖകൾ സ്വീകരിച്ചിരുന്നില്ല. കാരണം, ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാവായ നേതാജി സുഭാഷ്ചന്ദ്രബോസിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ നീചമായ പ്രചാരണത്തിൽ അദ്ദേഹത്തിന് യോജിപ്പില്ലായിരുന്നു. ‘കമ്യൂണിസ്റ്റുകാർ സുഭാഷ്ചന്ദ്രബോസിനെ ക്വിസ്ലിംഗ് എന്ന് വിളിക്കുന്നു. അവർ എന്തൊരു മണ്ടന്മാരാണെന്ന് ഞാൻ ശരിക്കും അുതപ്പെടുന്നു.' - അന്നദ ഗോവിന്ദ സന്യാലിനോട് പറയും.
രാജ്യേദ്രാഹി എന്നതിനുള്ള ഒരു നോർവീജിയൻ വാക്കാണ് ക്വിസ്ലിംഗ്. ഇന്ത്യൻ കമ്യൂണിസ്റ്റുകൾ സുഭാഷ്ചന്ദ്രബോസിനെ ഹിറ്റ്​ലറുമായുള്ള ബന്ധം കാരണം രാജ്യേദ്രാഹിയായി മുദ്രകുത്തുകയായിരുന്നു. നേതാജിയെ കമ്യൂണിസ്റ്റ് പാർട്ടി നിരന്തരം ദുരുപയോഗം ചെയ്യുന്നത് കൗമാരക്കാരനായ സന്യാലിന്റെ വികാരങ്ങളെയും വ്രണപ്പെടുത്തി. തത്ഫലമായി കമ്യൂണിസ്റ്റുകളോട് കടുത്ത ശത്രുതാപരമായ വികാരം അദ്ദേഹം ഉള്ളിൽ വളർത്താൻ തുടങ്ങി.

‘എന്റെ ചെറുപ്പകാലത്ത് ഞാനൊരു കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നുവെന്ന റിഞ്ഞാൽ ഒരാൾ ആശ്ചര്യപ്പെടും. നേതാജിക്കെതിരായ കമ്യൂണിസ്റ്റ് പാർട്ടിയുടെ അപവാദ പ്രചാരണം മാത്രമാണ് ഇതിനുകാരണം.' -സന്യാൽ വ്യകതമാക്കി.

അത് കൂടുതലായിരുന്നു. കാരണം മിക്ക ബംഗാളികളേയുംപോലെ സന്യാലിന്​സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ നായകൻ സുഭാഷ് ചന്ദ്രബോസ് ആയിരുന്നു. വാസ്തവത്തിൽ സന്യാലിന് നേതാജിയോട് വളരെ ഇഷ്ടമായിരുന്നു. കുർസ്യോങിലെ ഗിദ്ദപഹാറിൽ ബ്രിട്ടീഷുകാർ നേതാജിയെ വീട്ടുതടങ്കലിൽ പാർപ്പിച്ച വേളയിൽ കനു സന്യാലും കൂട്ടുകാരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ജ്യോതിർമോയ് എന്ന കൂട്ടുകാരനോടൊപ്പം അവിടെ പോയപ്പോൾ നേതാജി അവർക്ക് കാണാൻ അവസരം മാത്രമല്ല, ഓട്ടോഗ്രാഫ് നൽകുകയും ചെയ്തിരുന്നു. നേതാജിയുടെ സൗഹൃദപൂർണമായ വ്യക്തിത്വത്തിൽ അന്നുതന്നെ സന്യാൽ ബന്ധിതനായി എന്നുപറയണം.

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെന്നപോലെ ദാർജിലിങിലും കമ്യൂണിസ്റ്റുകൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ തുടങ്ങി. തത്ഫലമായി പൊതുജന പിന്തുണ ആർജിക്കുന്നതിൽ അവർ വിജയിച്ചുകൊണ്ടിരുന്നു.
പ്രക്ഷുബ്ധമായ ആ ദിവസങ്ങളിൽ സന്യാലിന്റെ അമ്മ നിർമലയുടെ രണ്ട് മച്ചുനന്മാർ ഒരു യാത്രക്കായി കുർസ്യോങ്ങിലെത്തി. അവർ കിഴക്കൻ ബംഗാളിലെ രാജ്ഷാഹി കോളേജിലെ വിദ്യാർത്ഥികളായിരുന്നു. പുതുതായി രൂപീകരിച്ച ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ, എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ അനുബന്ധ സംഘടനയുമായി സഹകരിക്കുന്നവരായിരുന്നു അവർ. ഭക്ഷ്യ ദൗർബല്യത്തിനെതിരെ പ്രചാരണം നടത്താൻ അവർ ഒരു സാംസ്കാരിക സംഘത്തിന്റെ ഭാഗമായാണ് എത്തിയത്. അവർ സന്യാലിന്റെ വീട്ടിലും എത്തി. അവർ കലാപരിപാടി അവതരിപ്പിച്ചു. അവരുടെ പ്രകടനവും സംഗീതവും സന്യാലിനെ പ്രചോദിപ്പിച്ചു. എന്നിട്ടും അദ്ദേഹത്തിന്റെ മനസ്സിൽ ആഴത്തിൽ തുളച്ചുകയറിയ ശകതമായ കമ്യൂണിസ്റ്റ് വിരുദ്ധവികാരം ഇല്ലാതാക്കാൻ അത് പര്യാപ്തമായില്ല.

അനുശീലൻ ഗ്രൂപ്പിന്റെ സായുധ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ദിനേശ് ദായുമായുള്ള നീണ്ട സംഭാഷണങ്ങളും സ്വാതന്ത്ര്യസമര സേനാനികളോടുള്ള അഗാധമായ ആദരവ് മുളച്ചതും രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആദ്യ ചായ്​വ്​ ആയിരിക്കുമെന്ന് സന്യാൽ വിശ്വസിക്കുന്നു.

അതേവർഷം, അതായത് 1942-ൽ കമ്യൂണിസ്റ്റ്പാർട്ടി ദാർജിലിങ് കുന്നുകളിൽ സംഘടന സ്ഥാപിക്കാന്നതിൽ ഔപചാരികമായി വിജയിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു പ്രവിശ്യാ കമ്മറ്റി ഓർഗനൈസറായ സുശീൽ ചാറ്റർജിയുടെ അശ്രാന്തപരിശ്രമം മൂലമാണ് ഇത് പ്രധാനമായും സാധ്യമായത്. നേപ്പാളി- ബംഗാളി സംഘർഷത്തിൽ നേപ്പാളികളുടെ പക്ഷം പിടിച്ചതിന് ചാറ്റർജി കുപ്രസിദ്ധനായിരുന്നു. അക്കാലത്ത് ദാർജിലിങ് കുന്നുകളിൽ ഈ സംഭവം അസാധാരണമല്ല. ഇത് സന്യാലിന് കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടിൽ പറ്റിനിൽക്കാൻ ഒരു കാരണംകൂടി നൽകി. പക്ഷെ വർഷങ്ങൾക്കുശേഷം മിക്കവാറും സന്ദർഭങ്ങളിൽ സുശീൽ ചാറ്റർജി ബംഗാളികളെ അപലപിക്കുന്നത് ശരിയായിരുന്നു എന്നദ്ദേഹം മനസ്സിലാക്കി.

രണ്ടാം ലോക മഹായുദ്ധസമയത്ത് പരിക്കേറ്റവരും പരിക്ഷീണരുമായ പട്ടാളക്കാരെ ശുശ്രൂഷക്കായി ദാർജിലിങിലേക്ക് അയക്കുന്ന ബ്രിട്ടീഷ് നിയമം നിലവിലുണ്ടായിരുന്നു. ദാർജിലിങ് തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം യൂറോപ്യൻ പട്ടാളക്കാർക്ക് ഏറ്റവും അനുയോജ്യമായ കുന്നുകളിലെ കുറഞ്ഞ താപനിലയാണ്. ദാർജിലിങിലേക്കുള്ള പട്ടാളക്കാരുടെ ഒഴുക്ക് മലനിരകളിൽ ഒരു സാമൂഹിക സാമ്പത്തിക മാറ്റത്തിന് കാരണമായി. സഖ്യകക്ഷികളുടേയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിേന്റയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി ചെറുകിട/ഇടത്തരം വ്യവസായങ്ങൾ സ്ഥാപിക്കപ്പെട്ടു. അത്തരം സംരംഭങ്ങളുടെ ഭാഗമായി ബ്രിട്ടീഷുകാർ സന്യാൽ പഠിക്കുന്ന പുഷ്പറാണി റോയ് മെമ്മോറിയൽ എച്ച്. ഇ. സ്കൂളിനോടു ചേർന്ന് കുർസ്യോങിൽ ഒരു കോർക്ക് ഫാക്ടറി സ്ഥാപിച്ചു. ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്ന കോർക്ക് വാട്ടർബോട്ടിലുകളിൽ ഉപയോഗിക്കുന്നതിന് മാത്രമായിരുന്നു. അവ സൈനികാവശ്യങ്ങൾക്ക് മാത്രമായിരുന്നു. ഈ ഫാക്ടറിയിലെ ഭൂരിഭാഗം തൊഴിലാളികളും സ്വാതന്ത്ര്യ പൂർവേന്ത്യയിലെ ബംഗാൾ മേഖലയിൽ നിന്നുള്ളവരാണ്.

1940-41 കാലഘട്ടത്തിൽ ബംഗാൾ പ്രവിശ്യയെ ബാധിച്ച ഭക്ഷ്യക്ഷാമത്തിനിരയായ ഗ്രാമീണർ / Wikimedia Commons.

‘ഞങ്ങളുടെ അയൽപക്കത്ത് താമസിച്ചിരുന്ന അത്തരമൊരു തൊഴിലാളിയായിരുന്നു ദിനേശ് ദാ. എനിക്ക് 13-14 വയസ്സും അദ്ദേഹത്തിന് നാൽപ്പത്തിയഞ്ചുമായിരുന്നിട്ടു കൂടി ഞങ്ങൾ എങ്ങനെയോ സുഹൃത്തുക്കളായി. ദിനേശ് ദാ ധാക്ക സ്വദേശിയായിരുന്നു. അനുശീലൻ ഗ്രൂപ്പിന്റെ സായുധ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ നടത്തിയ സ്ഫോടനാത്മകമായ ആക്രമണത്തിൽ ദിനേശ് ദായ്ക്ക് തന്റെ വലതുചെവി നഷ്ടപ്പെട്ടു.' -സന്യാൽ ഓർക്കുന്നു.

സ്വാതന്ത്ര്യസമരത്തിലെ സംഭവവികാസങ്ങൾ ദിനേശ് ദാ സന്യാലുമായി പങ്കുവെച്ചു. ബ്രിട്ടീഷുകാരുടെ പിടിയിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള അനുശീലൻ ഗ്രൂപ്പിന്റെ അശ്രാന്ത പരിശ്രമങ്ങളെക്കുറിച്ച് അദ്ദേഹം കൗമാരക്കാരനായ സ്കൂൾ വിദ്യാർത്ഥിയെ സവിസ്തരം ബോധ്യപ്പെടുത്തി. പ്രസിദ്ധമായ ചിറ്റഗോംഗ് ആയുധക്കൊള്ളയെക്കുറിച്ച് സന്യാൽ വിശദമായി പഠിച്ചത് ദിനേശ് ദായിൽ നിന്നാണ്.

ഇത്തരം ആഖ്യാനങ്ങൾ സന്യാലിനെ ആവേശം കൊള്ളിക്കുകയും പ്രചോദിപ്പിക്കുകയും സ്വാതന്ത്ര്യസമര സേനാനികളോട് ആഴത്തിലുള്ള ആദരവ് അവനിൽ വളർത്തുകയും ചെയ്തു. താമസിയാതെ അദ്ദേഹം ദിനേശ് ദായുടെ കൂട്ടുകെട്ടിലായി. ഒരു ദിവസം ഉച്ചക്കു മുമ്പെ അദ്ദേഹത്തെ കാണാതിരുന്നാൽ സന്യാലിന് ആ ദിവസം പാഴായതായി തോന്നും.
സൂക്ഷ്മമായി ചിന്തിച്ചാൽ ദിനേശ് ദായുമായുള്ള നീണ്ട സംഭാഷണങ്ങളും സ്വാതന്ത്ര്യസമര സേനാനികളോടുള്ള അഗാധമായ ആദരവ് മുളച്ചതും ഒരുപക്ഷേ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ആദ്യ ചായ്​വ്​ ആയിരിക്കുമെന്ന് സന്യാൽ വിശ്വസിക്കുന്നു.

മൂന്ന്: കോളജ് കാമ്പസ്: രാഷ്ട്രീയാന്വേഷണത്തിന്റെ ആരംഭം

മെട്രിക്കുലേഷനുശേഷം ഇനി സന്യാലിന് കോളേജിൽ പോകണം. പക്ഷേ എവിടെ? അക്കാലത്ത് സിലിഗുരിയിൽ കോളേജില്ല. തന്നെയുമല്ല, ദാർജിലിങ് ജില്ലയിൽ ഒരു കോളേജ് മാത്രമേ ഉള്ളൂ. ദാർജിലിങ് ടൗണിലെ സെൻറ്​ ജോസഫ് കോളേജ്. ദാർജിക്കുന്നിൽ പഠിക്കാൻ സന്യാൽ തയ്യാറായില്ല. സമതലത്തിൽ എവിടെയും പഠിക്കാമെന്ന് സന്യാൽ മാതാപിതാക്കളോട് പറഞ്ഞു. അങ്ങനെ 1947 മധ്യത്തിൽ പിതാവ് അന്നദ ഗോവിന്ദ അദ്ദേഹത്തെ അയൽ ജില്ലയായ ജൽപായഗുരിയിൽ നിന്ന് 50 കി. മീ. അകലെയുള്ള അന്നദ ചന്ദ്ര കോളേജിൽ പ്രവേശിപ്പിച്ചു. കോളേജ് സ്​ഥാപിതമായിട്ട് 5 വർഷമേ ആയിരുന്നുള്ളൂ. ജൽപായ്ഗുരിയിലെ റേസ് കോഴ്‌സിനു സമീപമുള്ള ഒരു കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
സന്യാൽ ഇന്റർമീഡിയറ്റ് ഓഫ് സയൻസ് കോഴിസിന് ചേർന്നു. ജൽപായ്ഗുരിയിലെ ഉകിൽപാറ പ്രദേശത്തുള്ള അമ്മാവെന്റ വസതിയിൽ താമസം ഏർപ്പാടുചെയ്തു. കോളേജ് അവിടെനിന്ന് വളരെ അകലെയായിരുന്നു. അക്കാലത്ത് ജൽപായ്ഗുരിയിൽ റിക്ഷയോ മറ്റ് ഗതാഗത സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ‘ഞാൻ എല്ലായ്‌പ്പോഴും, എല്ലായിടത്തേക്കും നടക്കുകയായിരുന്നു' -സന്യാൽ പറഞ്ഞു.

ഫോർവേഡ് ബ്ലോക്കുമായുള്ള ബന്ധം ഒരു മാസത്തോളം നീണ്ടുനിന്നില്ല. ഫോർവേഡ് ബ്ലോക്കിന് പുതിയതായി ഒന്നും നൽകാനില്ലെന്നും സുഭാഷ്ചന്ദ്രബോസിന്റെ പ്രശസ്തി മാത്രം മുതലെടുക്കുകയാണെന്നുമുള്ള സ്വയം തിരിച്ചറിവ് സന്യാലിനുണ്ടായി

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജൽപായ് ജില്ലാഓഫീസ് സ്ഥിതിചെയ്യുന്നത് അതേ ഉകിൽപാറ പ്രദേശത്താണ്. കോളേജിലേക്കുള്ള യാത്രക്കിടയിൽ എല്ലാ ദിവസവും സന്യാൽ പാർട്ടി ഓഫീസ് കാണുകയും ആ രാഷ്ട്രീയസ്ഥലത്തേക്ക് കയറാനുള്ള ആഗ്രഹത്തിന് മൂക്കുകയറിടുകയും ചെയ്യും. അത്തരം ആഗ്രഹം വരുമ്പോഴൊക്കെ, നേതാജിയെ ചതിയനെന്നു വിളിച്ചത് ഇതേ കമ്യൂണിസ്റ്റുകളാണെന്ന് ഓർമിപ്പിക്കാൻ സന്യാൽ സ്വയം ശ്രമിക്കും. നേതാജിയോടുള്ള അപ്രതിരോധ്യമായ വിശ്വസ്തത അദ്ദേഹത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമിടയിൽ കിടങ്ങായി നിന്നു. ഒരു പക്ഷെ സുഭാഷ് ചന്ദ്രബോസിനോടുള്ള ഈ വിധേയത്വത്തിനു പുറത്താണ് സന്യാൽ പാണ്ഡപാറ പ്രദേശത്തുള്ള ഫോർവേഡ് ബ്ലോക്കിന്റെ ഓഫീസിൽ ഇടക്കിടെ പോകാൻ തുടങ്ങിയത്. സച്ചിൻ ലാഹിരിയായിരുന്നു അന്ന് ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി.
‘ഞാൻ സ്വയം പരിചയപ്പെടുത്തി, എല്ലാ വൈകുന്നേരവും അവരുടെ ഓഫീസ് സന്ദർശിക്കാൻ തുടങ്ങി' -സന്യാൽ ഓർമിച്ചു.

എന്നാൽ ഫോർവേഡ് ബ്ലോക്കുമായുള്ള ഈ ബന്ധം ഒരു മാസത്തോളം നീണ്ടുനിന്നില്ല. ഫോർവേഡ് ബ്ലോക്കിന് പുതിയതായി ഒന്നും നൽകാനില്ലെന്നും സുഭാഷ്ചന്ദ്രബോസിന്റെ പ്രശസ്തി മാത്രം മുതലെടുക്കുകയാണെന്നുമുള്ള സ്വയം തിരിച്ചറിവ് സന്യാലിനുണ്ടായി. സൂര്യനു താഴെയുള്ള എന്തിനെയും നേതാജിയുമായി കൂട്ടിക്കെട്ടാനുള്ള വിഫലശ്രമമായി മാത്രമെ അതിനെ കാണാൻ കഴിഞ്ഞുള്ളൂ. കൂടാതെ ബോസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന അവരുടെ വാദത്തോട് സന്യാൽ യോജിച്ചുമില്ല. നിരവധി പ്രതിവാദങ്ങൾ സന്യാൽ നിരത്തിയെങ്കിലും ഒടുവിൽ മതിയായ ന്യായവാദങ്ങളാൽ ബോധ്യപ്പെടാതെ എന്തും വിഴുങ്ങുകയായിരുന്നു അവസാനമായി ചെയ്യേണ്ടത്. ബോസിനോട് അഗാധമായ ആദരവുണ്ടായിരുന്നിട്ടും നേതാജി മരിച്ചുവെന്നുതന്നെ സന്യാൽ വിശ്വസിച്ചു.‘നേതാജിയുടെ പാരമ്പര്യം വീണ്ടും വീണ്ടും ചൂഷണം ചെയ്യുന്നതല്ലാതെ മറ്റെന്തെങ്കിലും ഫോർവേഡ് ബ്ലോക്കിന് ചെയ്യാനുണ്ടോ എന്ന് ഞാൻ ഒരുദിവസം ജില്ലാസെക്രട്ടറിയോട് ചോദിച്ചു. ലാഹിരിക്ക് വ്യകതമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. പകരം ഐന്റ അഭാവത്തിൽ സംശയം പ്രകടിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.'

അടുത്ത ദിവസം മുതൽ സന്യാൽ ഫോർവേഡ്‌ ബ്ലോക്ക് ഓഫീസ് സന്ദർശിക്കുന്നത് നിർത്തി. ജൽപായ്ഗുരിയിലെ സ്വാതന്ത്ര്യസമര സേനാനിയായ ചിത്തരഞ്ജൻ ദാസ് ശർമയെ സന്യാൽ പരിചയപ്പെടാനിടയായി. നേതാജിയുമായുള്ള അടുപ്പത്തിന്റെ കാരണത്താൽ സന്യാലിന് അദ്ദേഹത്തോട് ആരാധനയായി.‘ഒരു ദിവസം ചിത്തരഞ്ജൻ ശർമ കൊൽക്കത്തയിലേക്കൊരു യാത്ര എനിക്ക് വാഗ്ദാനം ചെയ്തു. നഗരത്തിലെ നേതാജിയുടെ വീട് കാണിച്ചുതരാമെന്നു പറഞ്ഞു. എന്റെ അച്ഛൻ വണ്ടിക്കൂലി തരികയില്ലെന്നു പറഞ്ഞപ്പോൾ അത് നൽകാൻ ശർമ തയ്യാറായി. വൈകാതെ ഒരുദിവസം നഗരത്തിലേക്ക് അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു.'
സന്യാലിന്റെ ആദ്യ കൽക്കത്തയാത്രയായിരുന്നു അത്. യുവാവായ സന്യാൽ ശരിക്കും ആവേശഭരിതനായിരുന്നു. കൽക്കത്തയിലെത്തി, എൽ ജിൻ റോഡിലുള്ള നേതാജിയുടെ വീട് സന്ദർശിച്ചു. നേതാജിയുടെ വീട് മ്യൂസിയമായി പരിപാലിക്കാൻ തുടങ്ങിയിരുന്നു. കൽക്കത്ത മുഴുവൻ കണ്ടില്ലെന്ന പരിദേവനവുമായി രണ്ടുദിവസം കൊണ്ട് ആ യാത്ര അവസാനിച്ചു. സന്യാൽ വീണ്ടും നഗരം സന്ദർശിക്കണമെന്ന് ആഗ്രഹിച്ചു.

അധികം താമസിയാതെ അഖിലേന്ത്യാ കോൺഗ്രസ്​ കമ്മിറ്റിയുടെ ദേശീയ കൺവെൻഷൻ 1947 ഡിസംബറിൽ കൽക്കത്തയിൽ നടക്കാൻ പോവുകയാണെന്ന് സന്യാൽ അറിഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം പദ്ധതിയിട്ടു. ‘മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു തുടങ്ങിയ കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതാക്കളെ ഒരു നോക്കുകാണുകയായിരുന്നു എന്റെ പ്രാഥമിക താല്പര്യം. ഡിസംബർ 30ന് കൽക്കത്തയിലെ സ്മാരക മൈതാനത്ത് അവർ തുറന്ന റാലിയെ അഭിസംബോധന ചെയ്യാനിരിക്കുകയായിരുന്നു.' -സന്യാൽ ഓർക്കുന്നു.
ഇത്തവണ സന്യാൽ ഒറ്റയ്ക്ക് കൽക്കത്തയ്ക്ക് പുറപ്പെട്ടു. ജയ്​പാൽ ഗുരിയിൽ ആരുടെ വീട്ടിലാണ് താമസിക്കുന്നതെന്ന് ബന്ധുക്കളെ അറിയിക്കാതെ!
ഡിസംബർ 29 ന് വൈകുന്നേരം കൽക്കത്തയിലെ സീൽദ സ്റ്റേഷനിലേക്കുള്ള തീവണ്ടിയുടെ ജനറൽ കമ്പാർട്ട്‌മെൻറിൽ ടിക്കറ്റില്ലാതെ കയറിക്കൂടി. പിറ്റേന്ന് രാവിലെ മഹാനഗരത്തിലെത്തി. വഴിയാത്രക്കാരോട് അന്വേഷിച്ച്, സ്മാരക ഗ്രൗണ്ടിൽ എത്തി.

‘ഞാൻ കണ്ട ഏറ്റവും വലിയ പൊതുസമ്മേളനമായിരുന്നു അത്. വേദി ജനക്കൂട്ടം കൊണ്ട് നിറഞ്ഞിരുന്നു. സ്റ്റേജിൽ നിരന്നിരിക്കുന്ന കോൺഗ്രസ്​ നേതാക്കളെ അടുത്തുകാണാൻ ജനക്കൂട്ടത്തോടൊപ്പം ഞാനും തിരക്കുകൂട്ടി. തിക്കും തിരക്കും താങ്ങാനായില്ല. തിരക്കിൽപ്പെട്ട് ഗ്രൗണ്ടിൽ കാലിടറി വീണു.’
ഏതാനും മിനിറ്റ് നിലത്തുകിടന്ന് അവൻ സ്വയം സ്ഥിരത കൈവരിക്കാൻ ശ്രമിച്ചു. ഇടതുകൈ ഒടിഞ്ഞിരുന്നു. ഒടിഞ്ഞ അവയവം വില്ലുപോലെ തൂങ്ങിക്കിടക്കുകയായിരുന്നു. കൊടും തിക്കിൽ കുടുങ്ങി സന്യാൽ സഹായത്തിനായി നിലവിളിച്ചു. പക്ഷെ ആരും ശ്രദ്ധിച്ചില്ല. പകരം ആൾക്കൂട്ടത്തിന്റെ നിരന്തരമായ ഉന്തും തള്ളുംകൊണ്ട് അദ്ദേഹം ഇപ്പോൾ വി.ഐ.പി കൾക്കായി വേർതിരിച്ച ചുറ്റുമതിലിനടുത്തെത്തി. ഭയങ്കര വേദനയിൽ സന്യാൽ വിയർത്തു. പുറംകുപ്പായം എങ്ങനെയൊക്കെയോ അഴിച്ചുമാറ്റിയെങ്കിലും അത് പിടിക്കാൻ കഴിയാത്തതിനാൽ നിലത്തേക്ക് ഊർന്നുപോയി. ഇരിക്കാൻ ഒരു വിഫലശ്രമം നടത്തി, സ്ഥലം കിട്ടിയില്ല.‘വേദന സഹിക്കാനാവാതെ, നിരാശയോടെ എന്റെ അരികിൽ നിൽക്കുന്ന ഒരാളുടെ കൈയ്യിൽ ഞാനൊരു കടികൊടുത്തു. അപ്രതീക്ഷിതമായി ആ പ്രവൃത്തിയിൽ അയാൾ ഞെട്ടുകതന്നെ ചെയ്തു. അയാൾ മറ്റൊരു മനുഷ്യന്റെ നേർക്ക് ഇടറി. അതോടെ എനിക്ക് ആവശ്യമായ കുറച്ച് സ്ഥലം കിട്ടി. ഒരുനിമിഷം പോലും പാഴാക്കാതെ ഞാൻ താഴെ നിലത്തിരുന്നു. ആസനം ഉറപ്പിച്ച് ഞാൻ ഇരുമ്പു ബാരിക്കേഡിലൂടെ വി.ഐ.പി വലയത്തിലേക്ക് കയറി. എനിക്കാവശ്യമായ വൈദ്യസഹായം അവിടെനിന്ന് മാത്രമെ കിട്ടൂവെന്ന് എനിക്കറിയാമായിരുന്നു. എന്റെ ശാരീരികാവസ്ഥയെക്കുറിച്ച് സന്നദ്ധപ്രവർത്തകരോട് വിശദീകരിച്ചപ്പോൾ അവർ ഒരു കാറിനടുത്ത് എത്തിച്ചു.’

സുഭാഷ് ചന്ദ്ര ബോസ്.

കോൺഗ്രസ്​ വളണ്ടിയർ ജനക്കൂട്ടത്തിൽ നിന്ന് കാറിലേക്ക് മാറ്റുന്നതിനിടയിൽ സന്യാൽ വേദിയിൽ ഉപവിഷ്ടനായ മഹാത്മജിയെ ഒരുനോക്കു കണ്ടു.
സന്നദ്ധപ്രവർത്തകർ അദ്ദേഹത്തെ കൽക്കത്ത മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു. ഡ്യൂട്ടിയിലുള്ള ഡോക്ടർ വന്നപ്പോൾ രോഗിയും ഡോക്ടറും പരസ്പരം തിരിച്ചറിഞ്ഞു. സുദാർചന്ദ്ര സർക്കാരിന്റെ മകൻ ഹിമാദ്രി സർക്കാർ ആയിരുന്നു ആ ഡോക്ടർ. കുർസ്യോങിലെ സന്യാൽ കുടുംബത്തിലെ കുടിയാന്മാരിൽ ഒരാൾ. ആരുടെ കൂടെ എന്തിനാണ് കൽക്കത്തയിൽ വന്നതെന്നറിയാൻ ഹിമാദ്രി ദായ്ക്ക് സംശയം നിറഞ്ഞ താല്പര്യമുണ്ടായിരുന്നു. കൈയ്യൊടിഞ്ഞതിന്റെ മൂലകാരണമറിയാൻ അയാൾ തിടുക്കം കാട്ടി. പക്ഷെ ആവർത്തിച്ചാവർത്തിച്ച് ചോദിച്ചിട്ടും ഞാൻ പിടികൊടുക്കാതിരുന്നുപ്പോൾ നിൽക്കക്കളിയില്ലാതെ ഹിമാദ്രി ശ്രമം ഉപേക്ഷിക്കുകയും ഒടിഞ്ഞ കൈയിൽ പ്ലാസ്റ്റർ ഇട്ട് തരികയും ചെയ്തു.

‘‘ഇന്ന് വളരെ വൈകിയിരിക്കുന്നു. നിങ്ങളുടെ ഒടിവിന് ഞാൻ ഒരു തൽക്കാല പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. എന്നാൽ വിപുലമായ ചികിത്സക്കായി നാളെ വീണ്ടും വരണം.’’ ​​​​​​​അതിനിടെ നിങ്ങൾ നഗരത്തിലെവിടെയാണ് താമസിക്കുന്നതെന്ന ചോദ്യത്തിന് സമ്പൂർണ മൗനമായിരുന്നു മറുപടി. കൽക്കത്തയിലെ അന്നത്തെ രാത്രി കടന്നുകിട്ടുവാൻ വഴിയില്ലെന്നും ഉറങ്ങാൻ സ്ഥലമില്ലെന്നുമുള്ള വസ്തുത വെളിപ്പെടുത്തിയില്ല. പകരം അടുത്തദിവസം ആശുപത്രിയിൽ വച്ചു കാണാമെന്നുമാത്രം പറഞ്ഞു തത്ക്കാലം അവിടന്നു രക്ഷപ്പെടാൻ വേണ്ടി മാത്രം.
മാതാപിതാക്കളെയോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അറിയിക്കാതെ കൽക്കത്തയിൽ വന്നുപോയതിനെ ഇപ്പോൾ അദ്ദേഹം ഭയക്കുകയും ശപിക്കുകയും ചെയ്യുന്നു. കൈയാവട്ടെ ഒടിഞ്ഞുതൂങ്ങുകയും ചെയ്യുന്നു.
ഈ സംഗതികളെല്ലാം സിലിഗുരിയിലെ വീട്ടിൽ ചെന്നെത്തുമെന്നുറപ്പാണ്.
ഗുണദോഷങ്ങൾ പരിഗണിച്ച് കൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലും വിപുലമായ ചികിത്സക്ക് നിൽക്കാതെ എത്രയും വേഗം ജൽപായ്ഗുരിയിലെത്തുക എന്നതാണ് മുൻഗണനയെന്ന് സന്യാൽ തീരുമാനിച്ചു. ഉടനെ സിയാൽഗു റെയിൽവേ സ്റ്റേഷനിലേക്ക് ‘ഭാഗ്യമുണ്ടാവണേ’ എന്നുവിചാരിച്ചുകൊണ്ട് ഓടി. ഭാഗ്യമുണ്ടായതിനാൽ അന്ന്​ വൈകുന്നേരം തന്നെ ജൽപായ്ഗുരിയിലേക്കുള്ള പാസഞ്ചർ ട്രെയിൻ പിടിക്കാൻ കഴിഞ്ഞു. ഇത്തവണയും ഒരു ജനറൽ കമ്പാർട്ട്‌മെന്റിൽ ടിക്കറ്റില്ലാതെ യാത്രയായിരുന്നു.!

പിറ്റേന്ന് രാവിലെ ജൽപായ്ഗുരിയിലെത്തിയ സന്യാൽ ഉടൻ ബന്ധുവിന്റെ വീട്ടിലേക്ക് പോയി. യാതൊരു വിവരവും പറയാതെ അപ്രതീക്ഷമായി പോയതിന് രൂക്ഷമായി വിമർശിച്ചു. പക്ഷേ അവെന്റ തുണിയിൽ കെട്ടിയ പ്ലാസ്റ്ററിട്ട കൈ കണ്ടപ്പോൾ അവർ കൂടുതൽ ആശ്ചര്യപ്പെട്ടു. ഒടിവ് നിവർത്തുന്നതിനെക്കുറിച്ചുള്ള ഒരു കോഴിയുടേയും കാളയുടേയും കഥയൊക്കെ സരസമായി പറഞ്ഞ് രംഗം ശാന്തമാക്കി.നിന്നെക്കുറിച്ച് യാതൊരു വിവരവും കിട്ടാതായപ്പോൾ ഞങ്ങൾ സിലിഗുരിയിലെ മാതാപിതാക്കൾക്ക് ചോദിച്ചെഴുതി. നിന്റെ നിരോധനത്തിലവർ കടുത്ത ഉത്കണ്ഠയിലാണ്' ബന്ധുക്കൾ സന്യാലിനോടു പറഞ്ഞു.

അക്കാലത്ത് ജൽപായ്ഗുരിയിലെ സിലിഗുരിയുടെ ഫോൺ സൗകര്യം അപൂർവമായിരുന്നു. ഉന്നതസ്ഥാനത്തുള്ള സർക്കാർ ഉദ്യോഗസ്ഥർക്കോ അതിസമ്പന്നരായ ബിസിനസുകാർക്കോ മാത്രമേ ടെലഫോണുണ്ടായിരുന്നുള്ളൂ. തപാൽ സേവനം മാത്രമായിരുന്നു സാധാരണക്കാരുടെ ആശ്രയം. താൻ തിരിച്ചെത്തിയ വിവരം മാതാപിതാക്കളെ അറിയിക്കാൻ സന്യാൽ അന്നുതന്നെ ബസിൽ സിലിഗുരിയിലേക്ക് പുറപ്പെട്ടു. വീട്ടിലെത്തിയപ്പോൾ മറ്റൊരു തരത്തിൽ അപലപിക്കപ്പെട്ടു. തന്റെ കൈയിലെ ഒടിവിനെക്കുറിച്ചുള്ള കഥ അദ്ദേഹം ആവർത്തിച്ചു. വിപുലമായ ചികിഝക്കുള്ള ഡോക്ടറുടെ കുറിപ്പടി സംബന്ധിച്ച് യാതൊന്നും മാതാപിതാക്കളോട് പറഞ്ഞില്ല. ഒടിഞ്ഞ കൈയിന് ഒരുകാലത്തും ശരിയായ പ്ലാസ്റ്റർ ഇട്ടുമില്ല. ഇതുമൂലം സന്യാലിന്റെ ഇടതുകൈ എന്നെന്നേക്കുമായി സ്വല്പം വളഞ്ഞുതന്നെയിരുന്നു.
ഇടതുവളവിന്റെ നായകനാവാൻ കാലം കനുസന്യാലിനെ കരുതിവെക്കുകയായിരുന്നു.! ▮

(തുടരും)

(എസ്​.പി.സി.എസ് പ്രസിദ്ധീകരിക്കാനിരിക്കുന്ന ബപ്പാദിത്യ പോളിന്റെ ‘ദ ഫസ്റ്റ് നക്​സൽ’ എന്ന പുസ്തകത്തിന്റെ​​​​​​​ വിവർത്തനത്തിൽ നിന്ന്)


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ബപ്പാദിത്യ പോൾ

‘സ്​റ്റേറ്റ്​മാൻ’ പത്രത്തിൽ സിലിഗുരി ​ലേഖകനായിരുന്നു. നക്​സലിസം, മാവോയിസം, ഗൂർഖ പ്രസ്​ഥാനം എന്നിവയെക്കുറിച്ച്​ എഴുതിയിട്ടുണ്ട്​. ‘ദ ഫസ്റ്റ് നക്​സൽ’ആദ്യ പുസ്തകമാണ്. കനുസന്യാലിൻറെ ഒരേയൊരു അംഗീകൃത ജീവചരിത്രമാണിത്. ഇപ്പോൾ കൊൽക്കത്തയിൽ ഫ്രീലാൻസറാണ്​.

സി. ഗണേഷ്

കഥാകൃത്ത്​, നോവലിസ്​റ്റ്​. തുഞ്ചത്തെഴുത്തച്​ഛൻ മലയാളം സർവകലാശാലയിൽ ക്രിയേറ്റീവ് റൈറ്റിംഗ് അധ്യാപകൻ.ക്രിയാത്മക കഥാപാത്രങ്ങൾ, നനഞ്ഞ പതിവുകൾ, ചിങ്ങവെയിലിനെ തൊടാമോ, ചങ്ങാതിപ്പിണർ, കേരള ഭക്ഷണത്തിന്റെ സംസ്​കാര ചരിത്രം, കാണം വിറ്റും ഓണം ഉണ്ണണോ എന്നിവ പ്രധാന കൃതികൾ.

Comments