പട്ടിക വിഭാഗ സ്‍കോളർഷിപ്പിന് സാമ്പത്തിക പരിധി; പുറന്തള്ളലിന്റെ പുതിയ ഒത്തുകളി

പട്ടികവിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ്പി​ന്റെ അർഹതക്കുള്ള കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയാക്കിയ പുതുക്കിയ കേന്ദ്ര നിയമം ഈ വിഭാഗത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളെ റദ്ദാക്കുന്ന ഒന്നാണ്. ഈ വിജ്ഞാപനം കേരളത്തിലും നടപ്പിലാക്കിയതോടെ വലിയൊരു നീതികേട് ചോദ്യം ചെയ്യപ്പെടാതെ നിലവിൽവന്നിരിക്കുന്നു. ആയിരക്കണക്കിന് പട്ടിവിഭാഗം വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിൽനിന്ന് പുറന്തള്ളപ്പെടാൻ കാരണമാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷണം.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പട്ടികജാതി- പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുന്നു. 2010- 2020 കാലത്ത്, 18,408 പേർക്കാണ് പഠനം പാതിവഴിയിൽ നിർത്തേണ്ടിവന്നത്. കോവിഡ് പ്രതിസന്ധിയും തുടർന്നുണ്ടായ പിന്തുണാസംവിധാനങ്ങളുടെ അപര്യാപ്തയും കൊഴിഞ്ഞുപോക്ക് വേഗത്തിലാക്കി. 'ഡ്രോപ്പൗട്ട് സിൻഡ്രോം' എന്ന, പരിഹാരമില്ലാത്തതെന്ന് സർക്കാർ തന്നെ അന്തിമവിധിയെഴുതിയ വിശദീകരിക്കാനാകാത്ത ഒരുതരം പ്രതിഭാസത്തിലേക്ക് തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ് ഈ വിദ്യാർഥികൾ.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഈ പ്രതിസന്ധി രൂക്ഷമാണ്. സർക്കാരുകളുടെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പുകളിൽ വിശ്വാസമർപ്പിച്ച് പഠനം നടത്തിയവരെല്ലാം കൃത്യമായി ഗ്രാന്റ് ലഭിക്കാതെ കോഴ്‌സ് പൂർത്തികരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. രണ്ട് വർഷമായി ഇ-ഗ്രാന്റ്‌സ് പോലുള്ള സ്‌കോളർഷിപ്പുകളും ഫെല്ലോഷിപ്പുകളും മുടങ്ങിക്കിടക്കുകയാണ്. പട്ടികജാതി- പട്ടികവർഗവിദ്യാർഥികളുടെ പഠനത്തെ പിന്തുണക്കുന്നതായി സർക്കാർ വലിയൊരു തുക ഇ ഗ്രാന്റായി നൽകുന്നുവെന്ന തെറ്റിദ്ധാരണയുമുണ്ട്. ഈ സാഹചര്യത്തിൽ ഇ ഗ്രാന്റ്‌സ് സംവിധാനത്തെക്കുറിച്ചും അതിന്റെ പ്രായോഗികതയിലുള്ള പ്രയാസങ്ങളും ഇ ഗ്രാന്റസ് സ്‌കോളർഷിപ്പുകൾ മുടങ്ങുന്നത് പട്ടിക വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്നുമുള്ള അന്വേഷണം.

എന്താണ് ഇ ഗ്രാന്റ്സ് ?

പട്ടികജാതി- പട്ടികവർഗവിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള സർക്കാർ ധനസഹായം രണ്ട് ഘടകങ്ങളായാണ് പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുന്നത്.

1) കംപൾസറി നോൺ റീ ഫണ്ടബ്ൾ ഫീ.
2) സ്‌റ്റേറ്റ് അക്കാദമിക്ക് അലവൻസ്.

സംസ്ഥാന സർക്കാർ, യൂണിവേഴ്‌സിറ്റി, സർക്കാർ ചുമതലപ്പെടുത്തിയ ഏജൻസികൾ, ഫീ ഫിക്‌സേഷൻ കമ്മിറ്റി തുടങ്ങിയവ നിശ്ചയിച്ച നിരക്കിലുള്ള ട്യൂഷൻ ഫീസ്, പരീക്ഷാഫീസ്, സ്‌പെഷ്യൽ ഫീസ് എന്നിവ ഉൾപ്പെടുന്ന തുകയാണ് compulsory non refundable fee. വിദ്യാർഥികളുടെ പഠനത്തിന് നൽകുന്ന ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പൻഡ്, പോക്കറ്റ് മണി, ഹോസ്റ്റൽ അലവൻസ് തുടങ്ങിയവക്കായി സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന നിരക്കാണ് സ്‌റ്റേറ്റ് അക്കാദമിക് അലവൻസ്. ആദ്യത്തേത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും രണ്ടാമത്തേത് കുട്ടികൾക്ക് പഠനത്തിന് സപ്പോർട്ടിങ്ങ് സിസ്റ്റമായും ലഭിക്കുന്ന ഫണ്ടുകളാണ്. ഈ രണ്ട് ഗ്രാന്റുകളുടെയും അഡ്മിനിസ്‌ട്രേഷൻ മെക്കാനിസം ഇലക്ട്രോണിക് സംവിധാനങ്ങളായി മാറിയപ്പോഴാണ് ഇവരെ ഇ-ഗ്രാന്റ്സ് എന്നു വിളിക്കാൻ തുടങ്ങിയത്.

വിദ്യാർഥി കോളേജിൽ അഡ്മിഷനെടുത്ത ശേഷം പഠിക്കാൻ നൽകുന്ന അലവൻസാണ് ലംപ്‌സം ഗ്രാന്റ്. യു.ജി വിഭാഗത്തിന് 1400 രൂപയും പി.ജി വിഭാഗത്തിന് 1900 രൂപയുമാണ് നൽകുന്നത്. വിദ്യാർഥികളുടെ അക്കമഡേഷൻ കാറ്റഗറികളെ പുതുക്കിയ കേന്ദ്ര സർക്കാർ വിജ്ഞാപനമനുസരിച്ച് ഇ ഗ്രാന്റസ് സൈറ്റിൽ ഡേ സ്‌കോളർ, ഹോസ്റ്റലർ എന്നിങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്.
സർക്കാർ / പ്രൈവറ്റ് കോളേജുകളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഫീസായി പ്രതിമാസം 3500 രൂപയും പോക്കറ്റ് മണിയായി 200 രൂപയുമാണ് നൽകുന്നത്. സർക്കാർ കോളേജ് ഹോസ്റ്റൽ ലഭിക്കാത്ത പട്ടികജാതി വിദ്യാർഥികൾക്ക് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നതിന് 1500 രൂപയും പട്ടികവർഗ വിദ്യാർഥികൾക്ക് 3000 രൂപയുമാണ് നൽകുന്നത്. ഡേ സ്‌കോളേഴ്‌സിന് യാത്രാ ചെലവിനും മറ്റും 800 രൂപയാണ് നൽകുന്നത്. മെഡിക്കൽ, എഞ്ചിനിയറിങ്ങ് വിദ്യാർഥികൾക്ക് പ്രതിമാസം ഹോസ്റ്റൽ അലവൻസായി 4500 രൂപ നൽകുന്നു. ദുർബ്ബല സമുദായത്തിൽപ്പെട്ട വേടൻ, അരുന്തതിയാർ, ചക്കിളിയൻ, കല്ലടി, നായാടി സമുദായട്ട വിദ്യാർത്ഥികൾക്ക് നിശ്ചിത തുകയും സ്റ്റൈപ്പന്റ് നൽകുന്നുണ്ട്.

Photo: Badusha Fahad
Photo: Badusha Fahad

ഇ ഗ്രാന്റ്‌സ് പോർട്ടൽ / നാഷണൽ പോർട്ടൽ മുഖേന ഓൺലൈനായാണ് സ്‌കോളർഷിപ്പ് വിതരണം. കേന്ദ്ര സർക്കാർ മാനദണ്ഡങ്ങളുടെ പരിധിയിൽപ്പെട്ട വിദ്യാർഥികൾക്ക് കേന്ദ്ര- സംസ്ഥാന വിഹിതമടങ്ങിയ സ്‌കോളർഷിപ്പ് ഇ- ഗ്രാന്റ്‌സ് പോർട്ടൽ / നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ലഭിക്കും. സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്ന അലവൻസുകളായ ലംപ്‌സം ഗ്രാന്റ്, സ്റ്റൈപ്പന്റുകൾ, പോക്കറ്റ് മണി എന്നിവയുടെ തുക സ്‌റ്റേറ്റ് അക്കാദമിക് അലവൻസ് എന്ന പേരിൽഒറ്റത്തവണയായാണ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന വിതരണം ചെയ്യുന്നത്.

ഇ ഗ്രാന്റ് അപേക്ഷ വിദ്യാഭ്യാസ വർഷാരംഭത്തിൽ അക്ഷയകേന്ദ്രങ്ങൾ മുഖേന ഓൺലൈനായി സ്ഥാപനമേധാവിക്ക് സമർപ്പിക്കണം. സ്ഥാപന മേധാവിയത് ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകിയാണ് ഗ്രാന്റ് അനുവദിക്കപ്പെടുന്നത്.

ഉയരുന്ന വിദ്യാഭ്യാസ ചെലവും
ഉയരാത്ത ഗ്രാന്റുകളും

പ്രായോഗികതലത്തിൽ ഇ- ഗ്രാന്റ് പദ്ധതി കാര്യക്ഷമല്ല എന്നതി​ന് തെളിവാണ് വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക്. വിദ്യാഭ്യാസ മേഖലയിലെ സ്വകാരവത്ക്കരണവും വിദ്യാഭ്യാസ ചെലവുകളുടെ ക്രമാതീതമായ വർദ്ധനവും കണക്കിലെടുത്ത് പട്ടിക വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് സർക്കാർ പരിരക്ഷ ഉറപ്പുവരുത്താനുള്ള സമഗ്ര സമീപനം ഇതുവരെയുണ്ടായിട്ടില്ല. പട്ടിക വിഭാഗ വിദ്യാർഥികൾനേരിടുന്ന പല പ്രശ്‌നങ്ങളെയും അഡ്രസ്സ് ചെയ്യാനും പരിഹരിക്കാനും ഈ സംവിധാനത്തിന് സാധിക്കുന്നുമില്ല.

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് വിതരണം മുമ്പെങ്ങും നേരിടാത്ത രൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. 2021 മാർച്ചിൽ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഇതിൽവലിയ പങ്കുണ്ട്. വിദ്യാർഥികളുടെ അവസ്ഥ മനസ്സിലാക്കാതെ, ഗ്രാന്റ്‌സ് നടത്തിപ്പിൽ നിരവധി മാറ്റങ്ങൾ ഈ വിജ്ഞാപനത്തിലൂടെ കൊണ്ടുവന്നു. ഈ നീതികേടുകളെ എതിർക്കുന്നതിനുപകരം 2023 ജനുവരിയിൽ ഈ വിജ്ഞാപനം കേരളത്തിലും നടപ്പിലാക്കി. ഇ-ഗ്രാന്റ്‌സ് സംവിധാനത്തിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പല നടപടികളും പട്ടിക വിഭാഗ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്.

ഇ-ഗ്രാന്റ്‌സ് സംവിധാനത്തിലെ പ്രധാന പ്രശ്‌നങ്ങൾ:

1) സമയബന്ധിതമായി ഇ-ഗ്രാന്റ് ലഭിക്കുന്നില്ല

ഇ- ഗ്രാന്റ്‌സ് സമയബന്ധിതമായി ലഭിക്കുന്നില്ല. പുതിയ വിജ്ഞാപനമനുസരിച്ച് പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ ധനസഹായ തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ 40 ശതമാനം വിഹിതം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയ ശേഷമേ കേന്ദ്ര സർക്കാരിന്റെ 60 ശതമാനം വിഹിതം വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുകയുള്ളൂ. എന്നാൽ ഫണ്ടില്ലാത്തതിന്റെ പേരിൽ രണ്ട് വർഷമായി ഈ തുക സംസ്ഥാന സർക്കാർ നൽകാത്തതുമൂലം ഗ്രാന്റ് മുടങ്ങിക്കിടക്കുകയാണ്. യഥാസമയം ഫീസ് അടക്കാനാകാത്തത് വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്നു.
ട്യൂഷൻ ഫീസും എക്‌സാം ഫീസും അടക്കാൻ കഴിയാത്തതിനാൽ, ‘ഞാൻ എസ്.സി, എസ്.ടി വിദ്യാർഥിയാണ്’ എന്ന് സാക്ഷ്യപ്പെടുത്തുന്ന അപേക്ഷകൾ എഴുതികൊടുത്ത്, കോളജിൽ നിന്ന് അംപ്രൂവൽ വാങ്ങിയാണ് പല വിദ്യാർഥികളും പരീക്ഷ എഴുതുന്നത്. ഗ്രാന്റ് ലഭിക്കാത്ത അത്രയും കാലം ഈ അപേക്ഷിക്കൽ ഇവർക്ക് തുടരേണ്ടി വരുന്നു. പല എയ്ഡഡ് / സാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ സ്ഥാപനങ്ങളും പരീക്ഷാ ഫീസിനത്തിൽ വരുന്ന ചെലവുകൾ വിദ്യാർഥികളെകൊണ്ട് നിർബന്ധിതമായി അടപ്പിക്കുന്നുണ്ട്. യഥാസമയം ഫീസടക്കാത്തതിനാൽ ഹാൾ ടിക്കറ്റ് ലഭിക്കാതെ പരീക്ഷ എഴുതാൻ കഴിയാതെ പോയ വിദ്യാർഥികളും നിരവധിയുണ്ട്.

ഇ-ഗ്രാന്റ് കൃത്യമായി ലഭിക്കാത്തതിനാൽ പരീക്ഷയെഴുതാൻ ഒന്നിലേറെ തവണ അപേക്ഷകൾഎഴുതിക്കൊടുത്തിട്ടുണ്ടെന്നും ഫീസടക്കാൻ വൈകുന്നതിലൂടെ പഠനം നിർത്തേണ്ട അവസ്ഥയിലാണെന്നും എറണാകുളം സെന്റ് ആൽബർട്‌സ് കോളേജിലെ ബി.വോക് ഫിറ്റ്‌നെസ് ആൻഡ് പേഴ്‌സ്ണൽ ട്രെയിനിങ്ങ് വിദ്യാർഥിയായ സജിത്ത് പറയുന്നു:

സജിത്ത്
സജിത്ത്


എന്റെ മൂന്നുവർഷ പഠനകാലയളവിൽ ആദ്യവർഷം മാത്രമാണ് ഇ-ഗ്രാന്റ് തുക വന്നിട്ടുള്ളത്. 2023 ജനുവരി മുതൽ ഹോസ്റ്റൽ അലവൻസും സെമസ്റ്റർ ഫീസിനുമുള്ള തുകയും വന്നിട്ടില്ല. ഫീസ് അടക്കാത്തതുകൊണ്ട് പലപ്പോഴും റിക്വസ്റ്റുകൾ എഴുതി കൊടുത്തിട്ടാണ് ഞാൻ പരീക്ഷ എഴുതാറ്. പല തവണ ഇങ്ങനെ റിക്വസ്റ്റുകൾ എഴുതി കൊടുക്കേണ്ടിവന്നിട്ടുണ്ട്. ഇനി എക്‌സാം ഫീസ് അടക്കുമ്പോഴും ഫൈൻ കൂട്ടി അടയ്ക്കണം. ക്ലാസിൽ പലപ്പോഴും സെമസ്റ്റർ ഫീസ് അടക്കാത്തവരുടെ പേര് റെഡ് മാർക്കിൽ അടയാളപ്പെടുത്താറുണ്ട്. അതിൽ സ്ഥിരമായി എന്റെ പേരും ഉണ്ടാകാറുണ്ട്. ഗ്രാന്റ് കിട്ടാൻ വൈകുന്നതുകൊണ്ട് ഇങ്ങനെ നിരവധി പ്രശ്‌നങ്ങൾ നേരിട്ടാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്. ഇ-ഗ്രാന്റ്‌സ് കിട്ടിയില്ലെങ്കിൽ ഞങ്ങൾക്ക് കോഴ്‌സ് സർട്ടിഫിക്കറ്റ് കിട്ടാനും വൈകും’’.

ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസടക്കാതെ പട്ടിക വിഭാഗക്കാരെ പരീക്ഷ എഴുതാൻ അനുവദിക്കുമെങ്കിലും പരീക്ഷാഫലം തടഞ്ഞുവക്കാറുമുണ്ട്. ഫീസടക്കാത്തതുമൂലം സർട്ടിഫിക്കറ്റുകളും വിടുതൽ സർട്ടിഫിക്കറ്റുകളും നൽകാതെയും സ്ഥാപനങ്ങൾ വിദ്യാർഥികളെ പ്രശ്‌നത്തിലാക്കും. ക്ലാസിലും കോളേജിലും നിന്ന് നേരിടേണ്ടിവരുന്ന ഇത്തരം മാറ്റിനിർത്തലുകളെയെല്ലാം അതിജീവിച്ചാണ് ഈ വിദ്യാർഥികൾ പഠനം പൂർത്തീകരിക്കുന്നത്.

2) ഇ-ഗ്രാന്റ് പരിധിയിൽ പെടാത്ത ചെലവുകൾ

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോളേജ് പ്രവേശന ചെലവു​കളെല്ലാം വിദ്യാർഥികൾ സ്വയം വഹിക്കുകയാണ് ചെയ്യുന്നത്. വിവിധ കോഴ്‌സുകൾക്ക് ഒരേസമയം ഓൺലൈനായി അപേക്ഷിക്കൽ, പ്രവേശന പരീക്ഷയെഴുതൽ, അഡ്മിഷന് ഫീസടക്കൽ, ഓൺലൈൻ പഠനത്തിനും ദൈനംദിന പഠനചെലവിനും വേണ്ടിവരുന്ന പണം കണ്ടെത്തൽ, ഹോസ്റ്റൽ ചെലവ് തുടങ്ങി ആദ്യ ഘട്ടത്തിലെ സാമ്പത്തിക ബാധ്യതകളെല്ലാം വിദ്യാർഥി സ്വയം കണ്ടെത്തണം, ഇത് ഇ ഗ്രാന്റ് പരിധിയിൽ വരില്ല.
ഒന്നിലേറെ യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും അപേക്ഷിക്കുമ്പോൾ ഒരു വിദ്യാർഥിക്ക് ശരാശരി 200 രൂപ നിരക്കിൽ 1500- 2000 രൂപ വരെ അപേക്ഷാ ഫീസിനത്തിൽ ചെലവാകും. സെൻട്രൽ യൂണിവേഴ്‌സിറ്റികളിലും കേരളത്തിലെ പി.ജി കോഴ്‌സുകളിലും പ്രവേശനം നേടാൻ ഒരു വിദ്യാർഥി ഒന്നിലധികം പ്രവേശനപരീക്ഷ എഴുതേണ്ടി വരുമ്പോഴും അധികച്ചെലവുണ്ടാകും. വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള കോഴ്‌സുകളും കോളേജുകളും ലഭിക്കണമെങ്കിൽ സ്വന്തം ജില്ല വിട്ട് പുറത്തേക്ക് പോകണം, അതിന്റെ യാത്രാച്ചെലവും വിദ്യാർഥി തന്നെ വഹിക്കേണ്ടിവരും. അതായത്, കൃത്യമായ പാരന്റൽ സപ്പോർട്ടില്ലാതെ പ്രവേശനത്തിന് വരുന്ന വിദ്യാർഥികൾക്ക് പിന്തുണ നൽകേണ്ടത് സർക്കാർ ഉത്തരവാദിത്തമാണ്. എന്നാൽ കോളേജിൽ അഡ്മിഷനെടുക്കുന്നതുവരെയുള്ള എല്ലാ ചെലവുകളും സ്വന്തം കൈയ്യിൽ നിന്നാണ് എടുത്തിരുന്നതെന്ന് കണ്ണൂരിലെ മലബാർ ടീച്ചർ ട്രെയിനിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായിരുന്ന നിമിത പറയുന്നു:

നിമിത
നിമിത


കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാനും യാത്രാച്ചെലവിനും തുക കണ്ടെത്താൻ ശരിക്കും ബുദ്ധിമുട്ടിയിട്ടുണ്ട്. അഡ്മിഷനെടുത്തശേഷം ഒരു തവണ മാത്രമാണ് എനിക്ക് ഇ-ഗ്രാന്റ് കിട്ടിയത്. ഗ്രാന്റ് കിട്ടാൻ വൈകുന്നതുകൊണ്ട് ഫീസടക്കാനും പഠനസാമഗ്രികൾ വാങ്ങാനും യാത്രാ ചെലവിനുമൊക്കെ അമ്മയും അച്ഛനും കടം വാങ്ങുകയായിരുന്നു. പലപ്പോഴും ബന്ധുക്കളിൽ നിന്നും കുടുംബശ്രീ വഴിയും അത്യാവശ്യ കടവും ലോണും എടുത്താണ് വിദ്യാഭ്യാസ ചെലവുകൾ നികത്തിയിരുന്നത്. ഇ-ഗ്രാന്റ് മുടങ്ങിയതുകൊണ്ട് ഫീസ് മുഴുവൻ അടക്കാനായിട്ടില്ല. അതുകൊണ്ട് കോഴ്‌സ് തീർന്നിട്ടും സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഈ പ്രശ്‌നത്തെക്കുറിച്ച് ഡയറക്​ടറേറ്റിൽ പോയി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇ-ഗ്രാന്റ് ഉള്ളതുകൊണ്ടുമാത്രമാണ് ഞാൻ പഠനത്തിന് ചേർന്നത്. പക്ഷേ പഠനകാലയളവിൽ ഒരു തവണയല്ലാതെ അത് കിട്ടിയിട്ടുമില്ല. ഇനി സർക്കാർ കൊണ്ടു വരുന്ന ഇത്തരത്തിലുള്ള തുടർപഠന പദ്ധതികളെ വിശ്വസിക്കാൻ പറ്റാതെ വരികയും തുടർപഠന താല്പര്യം കുറയുകയും ചെയ്യും. ”.

എന്നാൽ പട്ടികജാതി- പട്ടികവർഗ വിദ്യാർഥികളിൽ സ്‌കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്ക് പ്രവേശന ഫീസ് നൽകാതെ തന്നെ കോളേജിൽ അഡ്മിഷനെടുക്കാവുന്ന സംവിധാനമുണ്ട്. ഫ്രീഷിപ്പ് കാർഡ് എന്നാണ് ഇതിനെ പറയുന്നത്. പക്ഷേ ഫ്രീഷിപ്പ് കാർഡുമായി ബന്ധപ്പെട്ട അവബോധം വിദ്യാർഥികൾക്ക് നൽകാത്തതുകൊണ്ടുതന്നെ ഇവരാരും ഇതിനെക്കുറിച്ച് അറിയുകയോ ഈ സംവിധാനം ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഫ്രീഷിപ്പ് കാർഡ്

കേന്ദ്ര / സംസ്ഥാന സർക്കാർ മാനദണ്ഡപ്രകാരം സ്‌കോളർഷിപ്പിന് അർഹരായവർക്ക് സംസ്ഥാന സർക്കാർ ഫ്രീഷിപ്പ് കാർഡ് അനുവദിക്കും. ഈ ഫ്രീഷിപ്പ് കാർഡ് അംഗീകരിച്ച് മുൻകൂർ ഫീസ് വാങ്ങാതെ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകണം. ഫ്രീഷിപ്പ് കാർഡിനായി വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്‌സ് പോർട്ടൽ / സ്‌കോളർഷിപ്പ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.
ഫ്രീഷിപ്പ് കാർഡ് ലഭിക്കാൻ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റ് എന്നിവ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. അപേക്ഷിച്ച് 30 ദിവസത്തിനകം ഇ ഗ്രാന്റ്‌സ് പോർട്ടൽ വഴി ഫ്രീഷിപ്പ് കാർഡ് ലഭിക്കും. ഇത് പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. വിദ്യാർഥികൾ നൽകുന്ന ഫ്രീഷിപ്പ് കാർഡ് അംഗീകരിച്ച് മുൻകൂർ ഫീസ് അടക്കാതെ തന്നെ സ്ഥാപനങ്ങൾ അഡ്മിഷൻ നൽകണമെന്നും വ്യവസ്ഥയുണ്ട്.

എന്നാൽ ഈ സംവിധാനത്തെക്കുറിച്ച് പട്ടികജാതി- പട്ടികവർഗ വകുപ്പോ കേരള സർക്കാരോ വേണ്ടത്ര അവബോധം നൽകാൻ ശ്രമിക്കുന്നില്ലെന്നാണ് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം (എ.പി.ഡി.എഫ്) പോലുള്ള സംഘടനകൾ ആരോപിക്കുന്നത്. ഗ്രാമ പഞ്ചായത്ത് തലം മുതൽ ജില്ലാ തലം വരെ പട്ടികജാതി- പട്ടികവർഗ വിദ്യാർഥികൾക്ക് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കികൊടുക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അത് നടപ്പിലാക്കാൻ ശ്രമിക്കുന്നില്ല. പട്ടികജാതി- പട്ടികവർഗ ഓഫീസുകളിലെ ഉദ്യോഗസ്ഥർക്കുപോലും ഫ്രീഷിപ്പ് കാർഡിനെക്കുറിച്ച് വലിയ അറിവില്ല. സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള രഹസ്യധാരണയാണ് ഇത് നടപ്പിലാക്കാത്തതിനുപിന്നിലെന്ന് എ.പി.ഡി.എഫ് ആരോപിക്കുന്നു. എല്ലാ വിദ്യാർഥികൾക്കും ഫ്രീഷിപ്പ് കാർഡ് കിട്ടിയാൽ പട്ടിക വിഭാഗ വിദ്യാർഥികളുടെ കൈയ്യിൽ നിന്ന് ഫീസ് വാങ്ങാനാകാത്ത അവസ്ഥയുണ്ടാകും. അത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കുമെന്നത്‌കൊണ്ടാണ് ഈ വിഷയത്തിൽ ഇടപെടലുകളുണ്ടാകാത്തതെന്നും ഇവർ പറയുന്നു.

3) പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് വാർഷിക കുടുംബവരുമാന പരിധി:

പുതിയ വിജ്ഞാപന പ്രകാരം കുടുംബവാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള വിദ്യാർഥികൾക്ക് മാത്രമാണ് കേന്ദ്ര സർക്കാരിന്റെ ഇ-ഗ്രാന്റ് വിഹിതം ലഭിക്കുക. ഇതിൽ കൂടുതൽ കുടുംബവാർഷിക വരുമാനമുള്ളവരുടെ മുഴുവൻ വിദ്യാഭ്യാസ ധനസഹായവും ഇപ്പോൾ സംസ്ഥാന സർക്കാരാണ് നൽകുന്നത്. എന്നാൽ ഈ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നാണ് അംബേദ്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം ജനറൽ സെക്രട്ടറി ഷാജു വി ജോസഫ് പറയുന്നത്:

ഷാജു വി ജോസഫ്
ഷാജു വി ജോസഫ്


സർക്കാർ സഹായങ്ങളെ സാമ്പത്തികവുമായി ബന്ധപ്പെടുത്തണമെന്ന് ഭരണഘടനയിലെവിടെയും നിർദ്ദേശിച്ചിട്ടില്ല. ഇന്നത്തെ സാഹചര്യത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ കൂലിപ്പണി ചെയ്യുന്നവർക്കും രണ്ടരലക്ഷം രൂപ വാർഷിക വരുമാനമുണ്ട്. ആർ.ബി.ഐ അംഗീകരിച്ച ദിവസ വേതനം തന്നെ കേരളത്തിൽ 750 രൂപയാണ്. അത് കണക്കുകൂട്ടിയാൽ തന്നെ അച്ഛനും അമ്മയും ജോലിക്കുപോകുന്ന കുടുംബങ്ങളിൽ രണ്ടരലക്ഷം വാർഷിക വരുമാന പരിധി കടന്നുപോകും. സ്‌കോളർഷിപ്പുകൾക്ക് വരുമാനപരിധി നിശ്ചയിച്ചതോടെ 18-20 ശതമാനത്തോളം വിദ്യാർഥികൾ ഇ-ഗ്രാന്റിന്റെ പരിധിയിൽ പെടാതെ പോകുന്നുണ്ട്. അവർക്ക് കേന്ദ്രസർക്കാറിന്റെ വിഹിതം ലഭിക്കില്ല. ഇത് കേരള സർക്കാറിനുണ്ടാക്കുന്ന ബാധ്യത വലുതാണ്. ഈ നിർദ്ദേശം തീരെ പ്രായോഗികമല്ല”.

ഈ വിഷയത്തിൽ കേരള സർക്കാരുമായി എ.പി.ഡി.എഫ് അടക്കമുള്ള സംഘടനകൾ ചർച്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാറിന്റെ പരിധിയിൽപ്പെടാത്ത വിദ്യാർഥികൾക്കും ഗ്രാന്റ് ഉറപ്പുവരുത്തുമെന്നാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. ഇത് ഈ നിയമത്തിന്റെ ഭരണഘടനാവിരുദ്ധ സ്വഭാവത്തെ അംഗീകരിക്കലാണ്. സംസ്ഥാന സർക്കാരിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാരിനെ അറിയിക്കാമെന്നുമാണ് പറയുന്നത്. പക്ഷേ ഈ വിഷയത്തിൽ ഒരു നീക്കവുമുണ്ടായിട്ടില്ല ഈ ആവശ്യങ്ങൾ ഉന്നയിച്ച് എ.പി.ഡി.എഫിന്റെ കീഴിൽ രണ്ട് സമരങ്ങൾ നടന്നിരുന്നു.

4) അക്കാദമിക് ഫീസ് തുക വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക്:

പട്ടിക വിഭാഗക്കാരുടെ അക്കാദമിക്ക് ഫീസ് വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് സർക്കാർ നേരിട്ടടക്കുകയായിരുന്നു പതിവ്. ലംപ്‌സം ഗ്രാന്റും പ്രതിമാസ സ്റ്റൈപ്പൻഡ് അല്ലെങ്കിൽ പോക്കറ്റ് മണിയും മാത്രമാണ് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകിയിരുന്നത്. എന്നാൽ പുതുക്കിയ വിജ്ഞാപനമനുസരിച്ച് അക്കാദമിക് ഫീസ് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടയക്കുകയാണ്. ഒറ്റനോട്ടത്തിൽ വിദ്യാർഥിപക്ഷ നടപടിയാണെന്ന് തോന്നുമെങ്കിലും പ്രായോഗിക തലത്തിൽ നിരവധി പ്രശ്‌നങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. യഥാസമയം ഫീസടക്കാനുള്ള തുക അക്കൗണ്ടിൽ വന്നില്ലെങ്കിൽ വിദ്യാർഥികൾ സ്വന്തം നിലയ്ക്ക് ഫീസടക്കണമെന്നുവരുന്നു.

പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷം രൂപ എന്ന പുതുക്കിയ കേന്ദ്ര സർക്കാർ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക്‌ ഫോറവും അംബേദ്‌കർ പ്രോഗ്രസ്സിവ് സ്റ്റുഡന്റസ് അസോസിയേഷനും സംയുക്തമായി  കോട്ടയം ഗാന്ധി പ്രതിമക്കുമുന്നിൽ നടത്തിയ സായാഹ്ന ധർണയിൽ ജനറൽ സെക്രട്ടറി ഷാജു വി. ജോസഫ് സംസാരിക്കുന്നു.
പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിന് കുടുംബ വാർഷിക വരുമാനം 2 . 5 ലക്ഷം രൂപ എന്ന പുതുക്കിയ കേന്ദ്ര സർക്കാർ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് അംബേദ്‌കർ പ്രോഗ്രസ്സിവ് ഡെമോക്രാറ്റിക്‌ ഫോറവും അംബേദ്‌കർ പ്രോഗ്രസ്സിവ് സ്റ്റുഡന്റസ് അസോസിയേഷനും സംയുക്തമായി കോട്ടയം ഗാന്ധി പ്രതിമക്കുമുന്നിൽ നടത്തിയ സായാഹ്ന ധർണയിൽ ജനറൽ സെക്രട്ടറി ഷാജു വി. ജോസഫ് സംസാരിക്കുന്നു.

നിലവിലെ കോളേജ് സിസ്റ്റമനുസരിച്ച് ഓരോ സെമസ്റ്ററിന്റെയും ആദ്യം തന്നെ ഫീസടക്കണം. ഇ ഗ്രാന്റ് സമയബന്ധിതമായി കിട്ടാത്തതുകൊണ്ട് പലപ്പോഴും വിദ്യാർഥികൾ സ്വന്തം കൈയ്യിൽ നിന്നെടുത്താണ് അടക്കുന്നത്. ഇത് വിദ്യാർഥികളയും രക്ഷിതാക്കളെയും കടക്കെണിയിലാക്കുന്നു. അക്കാദമിക് ഫീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നേരിട്ടുവന്നിരുന്ന സമയത്ത് ഇത്തരം ബുദ്ധിമുട്ട് വിദ്യാർഥികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല.

രണ്ടു വർഷമായി ഇ-ഗ്രാന്റ് തുക കിട്ടിയിട്ടില്ലെന്നാണ് കൊച്ചിൻ കോളേജിലെ ബി.എ ഇക്കണോമിക്‌സ വിദ്യാർഥിയായ വിജിൻ പറയുന്നത്:

വിജിൻ
വിജിൻ


“ ഇ- ഗ്രാന്റ് തുക കിട്ടാത്തതുകൊണ്ട് സ്വന്തം കൈയ്യിൽ നിന്ന് പൈസയെടുത്ത് പഠിക്കേണ്ട ഗതികേടിലാണ്. ഇപ്പോൾ റൂം വാടകക്കും ഭക്ഷണത്തിനും കോളേജിലും ഒന്നും അടക്കാനുള്ള പൈസ ഞങ്ങളുടെ കൈയ്യിലില്ല. സർക്കാർ ഇ-ഗ്രാന്റ് കൃത്യമായി തന്നാൽ മാത്രമേ ഞങ്ങൾക്കിതൊക്കെ കൊടുത്തുതീർക്കാനാവുകയുള്ളൂ. ഇ-ഗ്രാന്റിന്റെ പരിധിയിൽ പെടാത്ത ചെലവും നിരവധിയുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം മാധ്യമങ്ങളോട് സംസാരിച്ചിട്ടുള്ളതാണ്. ഓഫീസുകളിലെല്ലാം കയറിയിറങ്ങിയതാണ്. പക്ഷേ ഒരു നടപടിയും എടുത്തിട്ടില്ല, ഫണ്ട് കിട്ടിയിട്ടുമില്ല”

5) ഹോസ്റ്റൽ സൗകര്യമില്ല,
ഹോസ്റ്റൽ അലവൻസുമില്ല

പോസ്റ്റ് മെട്രിക് കോഴ്‌സ് പഠിക്കുന്നവർക്കായി 19 ഹോസ്റ്റലുകൾ പട്ടിക ജാതി പട്ടികവർഗ വകുപ്പ് നേരിട്ട് നടത്തുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ 1980-നുശേഷം കേരളത്തിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകൾ നിർമിക്കുന്നില്ലെന്നാണ് ഇ-ഗ്രാൻഡ്‌സ് സംരക്ഷണ സമിതി പറയുന്നത്. കേരളത്തിലും പുറത്തുമുള്ള ഏതു പ്രദേശത്തും ഒരു വിദ്യാർഥിക്ക് പഠനത്തിന് സ്ഥാപനം തിരഞ്ഞെടുക്കാനുള്ള സാഹചര്യം നിലവിലുണ്ട്. എന്നാൽ അതിനനുസരിച്ചുള്ള ഹോസ്റ്റൽ സൗകര്യം ഇല്ല. ഇതുകൊണ്ടുതന്നെ സർക്കാർ ഹോസ്റ്റൽ സൗകര്യമുള്ള നഗരങ്ങളിലും പരിസരത്തുമുള്ള കോളേജുകളിൽ പ്രവേശനം നേടാൻ ഇഷ്ടപ്പെട്ടതും പഠിക്കാൻ താൽപ്പര്യമുള്ളതുമായ കോഴ്‌സുകൾ ഉപേക്ഷിക്കാൻ എസ്.സി / എസ്.ടി വിദ്യാർഥികൾ നിർബന്ധിതരാകുന്നു.

പട്ടിക ജാതി- പട്ടികവർഗ വിദ്യാർഥികൾക്ക് നല്ല കോഴ്‌സ് പഠിക്കണമെങ്കിൽ ഏത് യൂണിവേഴ്‌സിറ്റികളിലും പോകാൻ അവകാശമുണ്ടെന്നിരിക്കെ പഠിക്കാനും ജീവിക്കാനും പര്യാപ്തമായ ഹോസ്റ്റൽ സൗകര്യം സർക്കാർ നിഷേധിക്കുന്നത് വിവേചനപരമാണ്.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ അപേക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ലെന്നാണ് എറണാകുളം കൊച്ചിൻ കോളേജിലെ ബി.എ ഇക്കണോമിക്‌സ് വിദ്യാർഥി ഉണ്ണികൃഷ്ണൻ പറയുന്നത്:

 ഉണ്ണികൃഷ്ണൻ
ഉണ്ണികൃഷ്ണൻ

“ഫസ്റ്റിയറിൽ അഡ്മിഷനെടുത്തപ്പോൾ തന്നെ ഞാൻ ഹോസ്റ്റലിന് അപേക്ഷിച്ചതാണ്. അതിന്റെ ഭാഗമായ ഇന്റർവ്യൂ അറ്റൻഡ് ചെയ്തിരുന്നെങ്കിലും കിട്ടിയില്ല. സ്വകാര്യ ഹോസ്റ്റലിൽ പണം നൽകി താമസിക്കാനുള്ള പണമൊന്നും എന്റെ കൈയ്യിലില്ല. പിന്നീടാണ് ആദിശക്തി സമ്മർസ്‌കൂളിന്റെ ഹോസ്റ്റലുണ്ടെന്നറിഞ്ഞ് എറണാകുളത്തേക്ക് വന്നതും ഇവിടുത്തെ കോളേജിൽ അഡ്മിഷനെടുത്തതും.”

സ്വകാര്യ ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾ ഫീസടക്കാൻ കഴിയാത്തതിന്റെ പേരിൽ വിവേചനം നേരിടുന്നുണ്ട്. മെസ് ഫീസടക്കാത്തതുകൊണ്ട് പണം നൽകാതെ ഭക്ഷണം കഴിക്കുന്നവരെന്നും മറ്റുമുള്ള ഹോസ്റ്റൽ വാർഡന്മാരുടെ കുത്തുവാക്കുകൾ ഇവർ നിരന്തരം കേൾക്കേണ്ടി വരുന്നു.
ഹോസ്റ്റലിൽ താമസിക്കാൻ ഒരു വിദ്യാർഥിക്ക് സർക്കാർ അനുവദിക്കുന്നത് 3500 രൂപയും പ്രൈവറ്റ് അക്കോമഡേഷനാണെങ്കിൽ എസ്.ടി വിദ്യാർഥിക്ക് 3000 രൂപയും എസ്.സി വിദ്യാർഥിക്ക് 1500 രൂപയുമാണ്. ഈ തുക ഹോസ്റ്റൽ താമസത്തിന് പര്യാപ്തമല്ല. കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ ഹോസ്റ്റലുകളിലെല്ലാം 5000-രൂപക്കു മുകളിലാണ് ഫീസ് നൽകേണ്ടിവരുന്നത്. ഹോസ്റ്റൽ സൗകര്യങ്ങളില്ലാത്തത് ഉന്നത വിദ്യാഭ്യാസത്തിൽനിന്നുള്ള വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണമാണ്.

6) ഇ-ഗ്രാന്റ് പരിധിയിൽ പെടാത്ത
ന്യൂ ജനറേഷൻ കോഴ്‌സുകൾ

ഇ-ഗ്രാന്റ്സ് ലഭിക്കുന്ന കോഴ്‌സുകളുടെ പരിധിയിൽ ന്യൂ ജനറേഷൻ കോഴ്‌സുകളും AD ON കോഴ്‌സുകളും ഉൾപ്പെടാത്തത് വിദ്യാർഥികളുടെ പഠനാ വസരങ്ങളെ പരിമിതപ്പെടുത്തുന്നു. ബി.വോക്ക് കോഴ്‌സുൾപ്പടെയുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കും ന്യൂ ജനറേഷൻ കോഴ്‌സുകൾക്കും സെൽഫ് ഫിനാൻസിങ്ങ് കോഴ്‌സുകളായാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇവയ്ക്ക് യു.ജി.സി / യൂണിവേഴ്‌സിറ്റി അംഗീകാരമുണ്ടെങ്കിലും സംസ്ഥാന സർക്കാർ ഇ-ഗ്രാന്റ്‌സ് ആയി നൽകുന്ന സ്‌കോളർഷിപ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സെൽഫ് ഫിനാൻസിങ് കോളേജുകളിൽ 51% വരെ സർക്കാരിന് മാറ്റിവെക്കാറുണ്ട്. ഇത്തരം കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നവർ മുൻകൂർ ഫീസ് അടക്കാൻ നിർബന്ധിതരാകുകയും പല വിദ്യാർഥികളും കോഴ്‌സ് ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു.

എറണാകുളം ആലുവയിലെ അൽ അമീൻ കോളേജിൽ സൗണ്ട് എൻജിനിയറിങ്ങ് കോഴ്സിന് പഠിക്കുന്ന ശരതിന് 37,500 രൂപയാണ് സെമസ്റ്റർ ഫീസ്. ഈ കോഴ്സ് സെൽഫ് ഫിനാസിങ്ങ് കോഴ്സായിരുന്നതുകൊണ്ട് ആദ്യ വർഷം ഇ-ഗ്രാന്റ്സ് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരുന്നില്ല. പഠനത്തിന്റെ രണ്ടാം വർഷം അനുവദിച്ച ഇ-ഗ്രാന്റ്സിൽ നിന്ന് 17,500 രൂപ ഫീസായി അടച്ചെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ ഈ സ്‌കോളർഷിപ്പ് തുകയും അനിശ്ചിതമായി മുടങ്ങി. സമയബന്ധിതമായി ഇ-ഗ്രാന്റ്സ് തുക ലഭിക്കാത്തതുകാരണം പഠനം തുടരാനാകാത്ത അവസ്ഥയിലാണ് ശരത്:

ശരത്
ശരത്


കോഴ്‌സിന്റെ ആദ്യ വർഷം ഇ-ഗ്രാന്റ് കിട്ടാത്തതുകൊണ്ട് ഫീസടച്ചില്ല. രണ്ടാം വർഷം ഇ-ഗ്രാന്റ് വന്നതിൽ നിന്ന് കുറച്ച് തുകയടച്ചു. ട്യൂഷൻ ഫീയും എക്‌സാം ഫീസും അടക്കം 17,500 രൂപയാണ് അടച്ചത്. ബാക്കി തുക കുറച്ച് ഹോസ്റ്റൽ ഫീസിൽ അടച്ചുകഴിഞ്ഞപ്പോൾ ബാക്കിയൊന്നുമുണ്ടായിരുന്നില്ല. ഇനിയും വലിയ തുക ഫീസായി അടക്കാനുണ്ട്. ഇടക്കിടക്ക് ഓഫീസിലേക്ക് വിളിപ്പിക്കും. പ്രിൻസിപ്പലിനെ പോയി കാണേണ്ട സ്ഥിതിയാണ്. കോളേജിൽ നിന്നിറങ്ങുന്നതിനുമുമ്പേ ഫീസടച്ചുതീർക്കണമെന്നാണ് പറയുന്നത്”.

7) പാഠ്യേതര ഫീസുകളും
വിദ്യാർഥികളുടെ ചുമലിൽ

കോളേജിലെ അക്കാദമിക് ഫീസിന് പുറമെ ഇൻസ്റ്റിറ്റ്യൂഷനുമായി ബന്ധപ്പെട്ട കോളേജ് ഡെവലപ്‌മെന്റ് ഫണ്ട്, പി.ടി.എ ഫണ്ട് തുടങ്ങിയ സിസ്റ്റം ജെനറേറ്റഡ് ഫീസുകളും അടക്കാൻ പട്ടിക വിഭാഗം വിദ്യാർഥികൾ നിർബന്ധിതരാകുന്നു. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അക്കാദമിക് ഫീസുകൾ തന്നെ അടക്കാൻ കഴിയാത്ത വിദ്യാർഥികളെ സംബന്ധിച്ച് ഇത് അമിതഭാരമാണ്. ഇ-ഗ്രാന്റ്‌സ് സംവിധാനത്തിൽ ഇത്തരം ഫീസുകൾ ഉൾപ്പെടാത്തതുകൊണ്ട് ഇവ വിദ്യാർഥികൾ സ്വന്തം നിലയ്ക്ക് അടക്കേണ്ടതായി വരുന്നു.

8) തുച്ഛം, പോക്കറ്റ് മണി

പട്ടിക വിഭാഗ വിദ്യാർഥികളിൽ ഹോസ്റ്റലേഴ്സിന് 200 രൂപയും ഡേസ്‌കോളേഴ്സിന് 800 രൂപയുമാണ് പോക്കറ്റ് മണി. ഈ തുക പഠനവുമായി ബന്ധപ്പെട്ട ദൈന്യംദിനകാര്യങ്ങൾ നടത്താൻ പര്യാപ്തമല്ലെന്നാണ് വിദ്യാർഥിയായ എ.ജെ. സന്ധ്യ പറയുന്നത്:

എ.ജെ. സന്ധ്യ
എ.ജെ. സന്ധ്യ

200 രൂപയാണ് പോക്കറ്റ് മണി. ചില സമയങ്ങളിൽ ടീച്ചേഴ്‌സ് ഓൺലൈൻ ക്ലാസ് വെക്കും. നെറ്റിന് റീചാർജ് ചെയ്യാൻ പോലും 200 രൂപ തികയില്ല. പെൺകുട്ടികൾക്ക് പാഡ് വാങ്ങാനും യാത്രാക്കൂലിയൊന്നും ഈ തുക കൊണ്ട് തികയില്ല. പഠിക്കാനുള്ള സാമ്പത്തിക പിന്തുണയെന്ന നിലയിലാണല്ലോ ഇ-ഗ്രാന്റ്‌സ് എന്ന സംവിധാനം സർക്കാർ നടത്തുന്നത്. പക്ഷേ ഞങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെന്താണെന്ന് സർക്കാരിന് ഇതുവരെയും മനസ്സിലായിട്ടില്ല”.

9) ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റ് കാര്യക്ഷമമല്ല

ഇ-ഗ്രാന്റ്‌സുമായി ബന്ധപ്പെട്ട എല്ലാ വിനിമയങ്ങളും പോർട്ടലിലൂടെയാണ്. സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കേരള സർക്കാറിന്റെ ഇ ഗ്രാന്റ് വെബ്‌സൈറ്റും കേന്ദ്ര സർക്കാരിന്റെ നാഷനൽ സ്‌കോളർഷിപ്പ് പോർട്ടലും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇതുമൂലം പലർക്കും സകോളർഷിപ്പ് രജിസ്റ്റർ ചെയ്യാനാകുന്നില്ല, ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. ഇരുപത് ശതമാനത്തോളം അപേക്ഷകളാണ് ഈ പോർട്ടലുകളിൽ മുടങ്ങി കിടക്കുന്നത്.

ഇ-ഗ്രാന്റ്‌സ് വെബ്‌സറ്റ് തീരെ ഇന്ററാക്ടിവല്ല. സംശയങ്ങൾ ഉന്നയിക്കാനും പരിഹരിക്കാനും സംവിധാനമില്ല. വെബ്‌സൈറ്റ് മൈന്റേൺസും കൃത്യമായി നടക്കുന്നില്ല. ഇടയ്ക്ക് വെബ്‌സൈറ്റ് സ്റ്റക്ക് ആകും. വെബ്‌സൈറ്റിലെ പ്രശ്‌നങ്ങൾ ഗ്രാന്റ് രജിസ്ട്രേഷനെ പ്രതികൂലമായി ബാധിക്കും. പോർട്ടൽ മാനേജ്‌മെന്റിനുള്ള സബ് കോൺട്രാക്റ്റ് സി-ഡിറ്റിനാണ്. ഇത് പുതുക്കിയില്ലെങ്കിൽ ഇവർ വെബ്‌സെറ്റുമായി ബന്ധപ്പെട്ട ഇടപെടലുകൾ നടത്തില്ല, ഇത് കാര്യക്ഷമതയെ ബാധിക്കും. നിരവധി സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. പല വിദ്യാർഥികൾക്കും ഗ്രാന്റ് അനുവദിച്ചെന്ന തെറ്റായ അലർട്ടുകൾ വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. പലരും ബാങ്കിൽ പോയി അന്വേഷിക്കുമ്പോഴാണ് ഗ്രാന്റ് വന്നിട്ടില്ലെന്ന് മനസ്സിലാകുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിൽ അന്വേഷണം നടത്തിയാലും അവർക്ക് വ്യക്തമായ മറുപടിയുണ്ടാകാറില്ല.

10) തുക ഒറ്റത്തവണ

ഇ-ഗ്രാന്റുകൾ പ്രതിമാസം നൽകുന്നതിനുപകരം ഒറ്റത്തവണയായി തീർപ്പാക്കുമെന്നാണ് പുതിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻ ഫീസ്, വിദ്യാർഥികൾക്ക് നൽകുന്ന അക്കാദമിക്ക് അലവൻസുകൾ, പരീക്ഷാ ഫീസ് എന്നിവയെല്ലാം പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ നൽകുമെന്നാണ് പറയുന്നത്. ഇത് വിദ്യാർഥി വിരുദ്ധ നടപടിയാണ്. വിദ്യാർഥികളുടെ പഠനച്ചെലവിനാവശ്യമായ തുക യഥാസമയം ലഭിക്കാത്ത സാഹചര്യമുണ്ടാകും.

വിദ്യാഭ്യാസ ഗ്രാന്റുകൾ തടഞ്ഞുവെച്ചുള്ള ജാതീയ വിവേചനങ്ങൾക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
വിദ്യാഭ്യാസ ഗ്രാന്റുകൾ തടഞ്ഞുവെച്ചുള്ള ജാതീയ വിവേചനങ്ങൾക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം

ഇ-ഗ്രാന്റിൽ കാലതാമസം കൂടി നേരിടുന്ന സാഹചര്യത്തിൽ വർഷത്തിലൊരിക്കൽ ഗ്രാന്റുകൾ നൽകിയാൽ മതിയെന്ന ഉത്തരവ് തിരുത്തപ്പെടേണ്ടതാണ്. ഇതിന് കൃത്യമായ മോണിറ്റിറിങ്ങ് സംവിധാനമുണ്ടായിട്ടില്ല. കൂടാതെ വർഷാ വർഷം ബജറ്റിൽ ഇ ഗ്രാന്റ്‌സിനായി തുക വകയിരുത്തുമെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തുക ചെലവഴിക്കാതെ വെക്കുകയാണെന്നാണ് ഇ ഗ്രാൻഡ്‌സ് സംരക്ഷണ സമിതി പറയുന്നത്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻമുൻകൈയ്യെടുക്കേണ്ട എസ്.സി -എസ്.ടി വകു​പ്പും പരിഹാരനടപടിയെടുക്കുന്നില്ല.

ഇത്തരം പ്രശ്‌നങ്ങളും മറ്റും ഉൾപ്പെടുത്തി ഇ ഗ്രാന്റ്‌സ് പദ്ധതിയിൽ സാധ്യമാക്കേണ്ട മാറ്റങ്ങളെ ഇങ്ങനെ ക്രോഡീകരിക്കാം:

  • ഇ-ഗ്രാന്റ്‌സ് തുക സമയബന്ധിതമായി തന്നെ നൽകണം. ബജറ്റിൽ വകയിരുത്തിയ തുക കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

  • പട്ടിക വിഭാഗ സ്‌കോളർഷിപ്പിനുള്ള വാർഷിക കുടുംബവരുമാനപരിധി പിൻവലിക്കുക.

  • അക്കാദമിക് ഫീസുകൾ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തുന്ന സംവിധാനം ഇല്ലാതാക്കണം, പകരം ഫീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സർക്കാർ നേരിട്ടയക്കുന്ന സമ്പ്രദായം പുനസ്ഥാപിക്കണം.

  • ഫ്രീ ഷിപ്പ് കാർഡിനെക്കുറിച്ച് കൃത്യമായ അവബോധം നൽകുക. മലയാളത്തിൽ തന്നെ ഈ വിജ്ഞാപനത്തെക്കുറിച്ച് പോർട്ടലിൽ എഴുതിവെക്കണം.

  • ഒറ്റത്തവണ ഇ ഗ്രാന്റ്സ് തുക നൽകുന്നതിനു പകരം പ്രതിമാസം ലഭിക്കുന്ന തരത്തിൽ പേമെന്റ് സംവിധാനത്തിൽ മാറ്റം വരുത്തണം.

  • ഹോസ്റ്റൽ അലവൻസും പോക്കറ്റ് മണി പോലുള്ള അലവൻസുകളും ഗ്രാന്റ് തുകയുമെല്ലാം യഥാർത്ഥ ബോർഡിങ്ങ് / ലോഡിജിങ്ങ് ചെലവിനനുസരിച്ച് വർദ്ധിപ്പിക്കണം.

  • പട്ടികവർഗ വകുപ്പിൽ ഇ-ഗ്രാന്റ്‌സ് കൈകാര്യം ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരായ സപ്പോർട്ടിങ്ങ് എൻജിനിയർമാരെ ഫണ്ടില്ലെന്ന കാരണ പറഞ്ഞ് പിരിച്ചുവിട്ടിരുന്നു. ഇത് ഇ ഗ്രാന്റ്‌സിന്റെ സുഗമമായ നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ഈ തസ്തിക പുനഃസ്ഥാപിക്കണം.

  • പട്ടിക ജാതി പട്ടികവർഗ വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സൗകര്യങ്ങൾ ആവശ്യത്തിനനുസരിച്ച് വർദ്ധിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുക.

  • പാഠ്യേതര ഫീസുകൾ അടക്കുന്നതിൽ നിന്ന് പട്ടിക വിഭാഗ വിദ്യാർഥികളെ ഒഴിവാക്കണം.

  • ന്യൂ ജനറേഷൻ കോഴ്‌സുകളും ഇ-ഗ്രാന്റ് പരിധിയിൽ ഉൾപ്പെടുത്തണം.

  • ഇ ഗ്രാന്റ്‌സ് വെബ്‌സെറ്റുകൾ കാര്യക്ഷമാക്കുന്നതിനുള്ള മൈന്റേൺസ് വർക്കുകൾ നടത്തണം.

  • ആദിവാസി- ദലിത് വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുവേണ്ട പണം നിശ്ചയിക്കാനും മോണിറ്ററിങ്ങ് ചെയ്യാനും കമ്മിറ്റി അത്യാവശ്യമാണ്. വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യമായി പഠിച്ച് ഇ-ഗ്രാന്റ്‌സ് തുക നിശ്ചയിക്കുന്ന മോണിറ്ററിങ്ങ് കമ്മിറ്റിയിൽ എസ്.സി - എസ്.ടി പ്രതിനിധികളെ നിർബന്ധമായും ഉൾപ്പെടുത്തണം.

പട്ടിക വിഭാഗ വിദ്യാർഥികളുടെ വികസനത്തിന് നിരവധി പദ്ധതികൾ സർക്കാർ ഏറ്റെടുക്കാറുണ്ട്. എല്ലാ വർഷവും നിശ്ചിത തുകയും ഇതിനായി ചെലവഴിക്കുന്നു. മറ്റു വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരത്തിലേക്ക് പട്ടിക വിഭാഗത്തെ കൊണ്ടുവരുന്നതിന് ട്രൈബൽ സബ് പ്ലാൻ ഫണ്ട് വകയിൽ കഴിഞ്ഞ് അഞ്ചുവർഷത്തിൽ കേരളത്തിൽ 3500 കോടി രൂപയോളം അനുവദിച്ചിരുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ മാത്രമേ പട്ടിക വിഭാഗത്തിലെ പുതിയ തലമുറയെ മുഖ്യധാരയിലേക്ക് എത്തിക്കാനാകൂവെന്ന ബോധ്യം സർക്കാരിനുണ്ടെന്നാണ് അവകാശപ്പെടുന്നത്. അതിനായി വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിക്കുന്നു, പാർശ്വവൽകൃത വിഭാഗത്തിലെ വിദ്യാർഥികളെ ഉയർത്തുന്നതിനുള്ള സമഗ്ര പദ്ധതികൾക്ക് രൂപം നൽകുന്നു തുടങ്ങിയ അവകാശവാദങ്ങൾ സർക്കാർ നടത്തുന്നുണ്ട്.

രണ്ടര ലക്ഷത്തിനുമേൽ വരുമാനമുള്ള പട്ടിക വിഭാഗ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ പോസ്റ്റ്‌മെട്രിക്ക് സ്‌കോളർഷിപ്പ് നിഷേധിച്ചപ്പോൾ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി വരുമാനഭേദമില്ലാതെ എല്ലാ പട്ടിജാതി വിദ്യാർഥികൾക്കും സ്‌കോളർഷിപ്പ് നൽകാനായെന്ന് സംസ്ഥാന സർക്കാർ പറയുന്നു.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം 2017-2018 വർഷം മുതൽ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് കുടിശ്ശിക ഇനത്തിൽ നൽകാനുണ്ടായിരുന്ന 504.2 കോടി രൂപയും നൽകി. സാമ്പത്തിക പ്രതിസന്ധിയാണ് ഇ-ഗ്രാന്റ് വൈകാൻ കാരണമായി പട്ടിക ജാതി പട്ടികവർഗ വകുപ്പ് പറയുന്നത്. ഫണ്ട് വരുന്നതിനനുസരിച്ച് വിദ്യാർഥികൾക്ക് നൽകുന്നുണ്ടെന്നുമാണ് വകുപ്പ് വ്യക്തമാക്കുന്നത്. പക്ഷേ, ഉന്നത വിദ്യാഭ്യാസമേഖലയിൽനിന്നുള്ള ആദിവാസി - ദലിത് വിദ്യാർഥികളുടെ പുറന്തള്ളൽ ഒഴിവാക്കാൻ കാര്യക്ഷമമായ ശ്രമം നടക്കുന്നുണ്ടോയെന്നത് സംശയാസ്പദമാണ്.

ഇ -ഗ്രാന്റുമായി ബന്ധപ്പെട്ട പുതുക്കിയ വിജ്ഞാപനമനുസരിച്ച് സംസ്ഥാന സർക്കാരിന്റെ വിഹിതം വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് ഇട്ടു കഴിഞ്ഞ് 15 ദിവസം കഴിഞ്ഞാണ് കേന്ദ്ര സർക്കാർ വിഹിതം നൽകുകയുള്ളൂ. അതായത് സംസ്ഥാന സർക്കാർ വിഹിതം വൈകുന്തോറും കേന്ദ്ര സർക്കാർ വിഹിതവും വൈകും. നേരത്തെ കേന്ദ്രസർക്കാർ വിഹിതം 50-50 അനുപാതത്തിലായിരുന്നു. കേന്ദ്ര സർക്കാർ വൺ ടൈം ട്രാൻസാക്ഷൻ നടത്തിയിരുന്നതുകൊണ്ടുതന്നെ ഒരു വിദ്യാഭ്യാസ വർഷത്തിന്റെ പകുതിയോടെ തന്നെ ഇ ഗ്രാന്റ് തുക എത്തുമായിരുന്നെന്നാണ് ഷാജു വി. ജോസഫ് പറയുന്നത്.

കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിദ്യാർഥികളുടെ സാമുഹിക പുരോഗതിക്കും ഉന്നമനത്തിനും പിന്നിലെ പ്രധാന ചാലക ശക്തിയായി മാറിയത് വിദ്യാഭ്യാസ മേഖലയിൽ അവർ കൈവരിച്ച പുരോഗതിയാണ്. എന്നാൽ ഇത്തരം മുന്നേറ്റങ്ങളെ മുഴുവൻ റദ്ദാക്കുന്ന സമീപനങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇ-ഗ്രാന്റ്‌സ് പോലുള്ള പിന്തുണാ സംവിധാനത്തിലുള്ള ചെറിയ പാളിച്ച പോലും ദലിത്- ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ ജീവിതത്തെ തന്നെയാണ് തകർക്കുന്നത്. നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നതിനപ്പുറം ആവിഷ്‌കരിച്ച പദ്ധതികളുടെ പ്രായോഗിക വശങ്ങളെയും പരിണതികളെയും കൃത്യമായി മോണിറ്ററിങ്ങ് ചെയ്യാനും വിലയിരുത്താനുമുള്ള സമീപനമാണ് സർക്കാറിനുവേണ്ടത്.

പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സർക്കാർ ഓരോ വർഷവും ചെലവഴിക്കുന്ന ഫണ്ടു വിനിയോഗത്തെക്കുറിച്ചും വ്യക്തമായ കണക്കുണ്ടാകണം. വിദ്യാർഥികളുടെ പ്രശ്‌നങ്ങളെന്താണെന്ന് മനസ്സിലാക്കി, ഈ ഗ്രാന്റ് സംവിധാനത്തിൽ സാധ്യമായ മാറ്റം വരുത്തിയാലേ ഈ പ്രതിസന്ധികളെ മറികടക്കാനാകൂ.

READ: ഇ ഗ്രാന്റ്‌സ് എന്ന അവകാശത്തെ ഔദാര്യമാക്കുന്ന ഭരണകൂട ക്രൂരത

സന്തോഷത്തോടെ മന്ത്രി രാധാകൃഷ്ണനെ കാണാൻ പോയി, തിരിച്ചുവന്നത് ഏതോ ഒരവസ്ഥയിൽ

ഫെല്ലോഷിപ്പ് നിഷേധിക്കപ്പെട്ട് 350 ഗവേഷക വിദ്യാർഥികൾ;
ഉന്നത വിദ്യാഭ്യാസത്തിലെ ഭരണകൂട എക്സ്ക്ലൂഷൻ

Comments