ഒരു പേര് മനുഷ്യന് നൽകുന്നതെന്താണ്? അത് ആ വ്യക്തിയെ തിരിച്ചറിയാനുള്ളൊരു വിളിപ്പേര് മാത്രമല്ല, അവൻ / അവൾ ജനിച്ചുവീണ സമൂഹത്തിന്റെ രാഷ്ട്രീയവും മതപരവുമായ അധികാരഘടനകളുടെ ഒരു കൂട്ടായ അടയാളം കൂടിയാണ്. ഈ അധികാര ഘടനകൾക്കും സ്റ്റേറ്റിനും മനുഷ്യരെന്നാൽ ചില ഐഡന്റിറ്റി കാർഡുകളും രേഖകളുമാണ്.
ഇവിടെയാണ് ചിദംബരവും ജിത്തു മാധവനും തങ്ങളുടെ ചിത്രത്തിന് 'ബാലൻ' എന്ന പേര് തിരഞ്ഞെടുത്തതിലെ കൗതുകമാരംഭിക്കുന്നത്. ആദ്യ ശബ്ദചിത്രത്തിന്റെ പേരെന്ന ചരിത്രഭാരത്തെ മാറ്റിവെച്ചാൽ, 'ബാലൻ' എന്നത് ഒരു പ്രത്യേക പ്രായത്തിനും ലിംഗപദവിയ്ക്കുമപ്പുറം മറ്റൊന്നിനെയും വെളിപ്പെടുത്താത്തൊരു ശൂന്യമായ പ്രതലമാണ്. കഥാപാത്രത്തെ സാമൂഹികമായ സകല അടയാളങ്ങളിൽ നിന്നും ബോധപൂർവ്വം അടർത്തിമാറ്റി, അതിനെ ഒരു സാർവത്രികമായ 'ഒബ്ജക്റ്റ്' മാത്രമായി നിലനിർത്താനുള്ള എഴുത്തുകാരന്റെ ജാഗ്രതയാണ് ഈ സിനിമയുടെ ആത്മാവ്. സ്വന്തം സ്വത്വത്തെ ഒരു ബാധ്യതയായി ചുമക്കേണ്ടിവരുന്ന മനുഷ്യരുടെ ആന്തരിക ലോകമാണ് ഈ ചലച്ചിത്രത്തിന്റെ ഭൂമിക.
READ: ബാലൻ: അസ്തിത്വസങ്കീർണ്ണതകളുടെ ആഖ്യാനലോകം
‘രക്ഷകഅച്ഛൻ’ സിനിമയുടെ
കാലത്തൊരു ‘ബാലൻ’
സിനിമയുടെ ആദ്യഭാഗത്തിൽ കാണുന്ന അമ്മയും മകനും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നവരാണ്. അവരുടെ ഭൂതകാലം പ്രേക്ഷകരിൽനിന്ന് മറച്ചുവെയ്ക്കപ്പെടുന്നു. ചെന്നെത്തുന്നോരോസ്ഥലത്തും പുതിയ പേരുകളും പുതിയ കഥകളും ഇരുവരും സ്വീകരിക്കുന്നു. വളരെ കഠിനമായ ബാല്യം കടന്ന്, സുരക്ഷിതമെന്നു കരുതി വേരുറപ്പിക്കാനുറച്ച ഒരറ്റത്തുവെച്ച്, പെട്ടെന്നൊരു ദിവസം കാണാതായ തന്റെ അമ്മയെ തിരഞ്ഞു പോകേണ്ടിവരുന്ന ഒരു ബാലന്റെ കഥയാണ് ഈ സിനിമയുടെ പ്രമേയമെന്ന് പൊതുവിൽ പറയാം. അമ്മ എന്ന ഒരൊറ്റ ബിന്ദുവിലാണ് അവന്റെ സകല സുരക്ഷിതത്വബോധവും നിലനിന്നിരുന്നത്.
പേരുകൾക്കും
മേൽവിലാസങ്ങൾക്കുമപ്പുറം
ഓരോ മനുഷ്യനും വർത്തമാനകാലത്ത് ജീവിക്കുന്നത് തന്റെ ഭൂതകാലത്തിന്റെ നിഴലിലാണ്. എന്നാൽ ഭൂതകാലം ഒരു ഭാരമായി മാറി, നിരന്തരമതിനെ ഭയന്നുജീവിക്കേണ്ടിവരുന്നൊരു ബാല്യ- കൗമാരമനസ്സിനെ സിനിമയിൽ കാണാം.
പള്ളിക്കൂടം കഴിഞ്ഞ് തിരികെവരുമ്പോൾ അമ്മയെ കാണാതെ പരിഭ്രമിക്കുന്ന കുട്ടി, പുസ്തകസഞ്ചി അഴിച്ചുവെക്കുന്നതുപോലെ അത്രമേൽ സ്വാഭാവികമെന്നോണം തന്റെ സുരക്ഷയ്ക്കായി തനിക്കുമേലുള്ള ആ സ്വത്വത്തെ ഊരിമാറ്റുകയാണ്. പേരിന്റെയും വേഷത്തിന്റെയും ഭൂതകാലത്തിന്റെയും സകല ഭാരങ്ങളും ആ റോഡുവക്കിലുപേക്ഷിച്ച്, ആൾക്കൂട്ടത്തിൽ കേവലം അടിവസ്ത്രത്തിലേക്ക് ചുരുങ്ങാൻ അവന് കഴിയുന്നു. ആ നിമിഷത്തിലാണ് അവൻ സ്വതന്ത്രനാകുന്നത്.

മനുഷ്യർ നിർമ്മിച്ച അതിരുകൾക്ക് പുറത്തുള്ള, യാതൊരു ട്രാക്ക് റെക്കോർഡുകളുമില്ലാത്ത, 'ബാലൻ’ എന്ന സാർവജനീനമായ ഐഡന്റിറ്റിയിലേക്ക് അവൻ അഭയം പ്രാപിക്കുകയാണ്. ഈ ലോകത്ത് ജീവിക്കണമെങ്കിൽ മേൽവിലാസങ്ങളുണ്ടാക്കുകയല്ല, അവയെ മറന്നുകളയുകയാണ് വേണ്ടതെന്ന അമ്മയുടെ പറഞ്ഞ പാഠത്തെ പിൻപറ്റുക മാത്രമാണവൻ ചെയ്യുന്നത്.
അമ്മയുടെ ഐഡന്റിറ്റിയും സിനിമയിൽ സങ്കീർണമാണ്. ‘അമ്മ’ എന്ന സാമൂഹികമായ ഐഡന്റിറ്റിയും ‘സ്ത്രീ’ എന്ന വ്യക്തിപരമായ ഐഡന്റിറ്റിയും തമ്മിലുള്ള സംഘർഷം സിനിമയിൽ കാണാം. ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് സ്വന്തമായ അനുഭവങ്ങളും ആഗ്രഹങ്ങളുമുണ്ടെങ്കിലും, കഥ അവരെ പലപ്പോഴും "അമ്മ" എന്ന വൈകാരികമായ ജെൻഡർ റോളിലേക്ക് തിരിച്ചുവിളിക്കുന്നു. അവരുടെ എല്ലാ തീരുമാനങ്ങൾക്കും ന്യായീകരണം ലഭിക്കുന്നത് മാതൃത്വത്തിലൂടെയാണ്. അവരോടുന്നത് സ്വന്തം രക്ഷയ്ക്കുവേണ്ടിയാണോ, അതോ മകന്റെ സുരക്ഷയ്ക്കുവേണ്ടിയാണോ എന്ന ചോദ്യത്തിൽ സിനിമ രണ്ടാമത്തേതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. കഥാഗതിയിൽ അവർ ഇന്ദുവായും മേരിയായും ഷേർളിയായുമൊക്കെ രൂപം മാറുന്നുണ്ട്. എന്നാൽ ഈ പേരുകളെല്ലാം വ്യവസ്ഥിതിയുടെ കണ്ണുവെട്ടിക്കാനുള്ള താൽക്കാലിക മുഖംമൂടികൾ മാത്രമാണ്. ഓരോ പേരിനും പിന്നിലും അവരുടെ ഓരോ അതിജീവനകഥയുണ്ട്. പക്ഷേ ആ കഥകളൊരിക്കലും പൂർണമായി പറയപ്പെടുന്നില്ല. ആ അപൂർണതയും അനിശ്ചിതത്വവും തന്നെയാണ് ഈ കഥാപാത്രത്തെ മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും സങ്കീർണമായ ഐഡന്റിറ്റി നിർമിതികളിലൊന്നാക്കി മാറ്റുന്നത്.
ധാർമ്മികതയുടെ
അതിരുകളുടയുന്ന ഇടങ്ങൾ
സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഭ്രാന്തിയായ കഥാപാത്രവും ബാലന്റെ അമ്മയും പല തലങ്ങളിൽ ഒന്നായിമാറുന്നുണ്ട്. സിനിമ നൽകുന്ന സൂചനകൾ പ്രകാരം അവരും ഒരു കുട്ടിയെ നഷ്ടപ്പെട്ടുപോയ, അല്ലെങ്കിൽ മകൻ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ മാനസികനില തെറ്റിയ ഒരു അമ്മയാണെന്ന് വ്യക്തം. വ്യവസ്ഥിതി അവരെ തെരുവിലേക്ക് എറിഞ്ഞുകളഞ്ഞതാണ്. ഇവിടെയാണ് ബാലന്റെ അമ്മയുടെയും ഈ ഭ്രാന്തിയുടെയും ജീവിതങ്ങൾ തമ്മിൽ അതിശയിപ്പിക്കുന്ന ഒരു സമാന്തരത്തെ എഴുത്തുകാരൻ നിർമ്മിക്കുന്നത്. രണ്ടുപേരും തങ്ങളുടെ ഭൂതകാലത്തെക്കുറിച്ചോ മക്കളെക്കുറിച്ചോ ഉള്ള ആകുലതകളിൽ ജീവിക്കുന്നവരാണ്. ഒരാൾ തന്റെ ഐഡന്റിറ്റി ഒളിപ്പിച്ചു ജീവിക്കുന്നു, മറ്റൊരാൾ മാനസികാഘാതത്താൽ ഐഡന്റിറ്റി നഷ്ടപ്പെട്ട് ജീവിക്കുന്നു.
തന്റെയും മകന്റെയും രക്ഷപ്പെടലിനായി ബാലന്റെ അമ്മ ഈ സ്ത്രീയെ ഉപയോഗിക്കുന്നുണ്ട്. സ്വന്തം നിലനിൽപ്പിനായുള്ള ആത്യന്തികമായ ആ ശ്രമം മറ്റൊരു ദുർബലയായ സ്ത്രീയ്ക്കുമേൽ നടത്തുന്ന ക്രൂരമായൊരു ചൂഷണം കൂടിയാണ്, അതിനെയൊരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല (അവർ ചെയ്ത ഒരു കുറ്റകൃത്യത്തെയും). എങ്കിൽപ്പോലും മറ്റൊരു തലത്തിൽ നോക്കുമ്പോൾ, തെരുവോരത്ത് അനാഥയായി കിടന്നിരുന്ന ആ സ്ത്രീയ്ക്ക് ഇതിലൂടെ കൂടുതൽ സുരക്ഷിതമായൊരു ജീവിതം കൈവരുന്നുണ്ടെന്ന് കാണാം. വ്യവസ്ഥിതിയുടെ കണ്ണിൽ അവരിരുവരും പാർശ്വവൽക്കരിക്കപ്പെട്ടവരും അദൃശ്യരുമാണ്. ഒരു അമ്മ മറ്റൊരമ്മയെ സ്വന്തം അതിജീവനത്തിനായി ഇരയാക്കുമ്പോഴും, അറിയാതെയാണെങ്കിലും അതവരുടെ ജീവിതങ്ങളെ അതിജീവനത്തിന്റെ ഒരു വിചിത്രമായ ചാക്രികതയിൽ ബന്ധിപ്പിക്കുന്നു.

നഷ്ടപ്പെട്ട ബാല്യത്തിന്റെ കഥ
സിനിമയിൽ അമ്മയും മകനും വ്യവസ്ഥിതികളുടെ കണ്ണുവെട്ടിച്ച് പലതും അതിജീവിക്കുന്നുണ്ടെന്ന് പുറമേ തോന്നുമ്പോഴും, ആ കുട്ടിയുടെ മനസ്സ് ചെന്നെത്തപ്പെടുന്ന ആഘാതത്തെക്കുറിച്ച് സിനിമ നിശ്ശബ്ദമായി സംസാരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് അമ്മയുമായി സ്ഥാപിക്കുന്ന വൈകാരിക ബന്ധമാണ് ഒരാളുടെ ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഒരു പരിധിവരെ രൂപപ്പെടുത്തുന്നത്. ഇവിടെ ബാലന് അമ്മയാണ് അവന്റെ ഒരേയൊരു ലോകം. തനിക്കും അമ്മയ്ക്കുമിടയിൽ മറ്റൊരു മനുഷ്യനുമുണ്ടാകരുത് എന്ന് അമ്മയ്ക്ക് നിർബന്ധവുമുണ്ട്. സ്നേഹിക്കുന്ന മനുഷ്യർ അവളിലേക്ക് കടന്നു വരുന്നുണ്ടെങ്കിൽ പോലും സ്നേഹമെന്നത് ഒരു പുതിയ കെണിയാണെന്നും അതിലൂടെ തങ്ങൾ പുലർന്നുപോകുന്ന ഒളിവുജീവിതത്തിന്റെ മേൽവിലാസം വേട്ടക്കാർ കണ്ടെത്തുമോയെന്നും അവൾ ഭയപ്പെടുന്നു. ഈ അരക്ഷിതാവസ്ഥയും ഭയവുമാണ് തന്നിലേക്ക് നീളുന്ന സകല മനുഷ്യബന്ധങ്ങളെയും ക്രൂരമായി മുറിച്ചുകളയാൻ അവളെ പ്രേരിപ്പിക്കുന്നത്. ഒടുവിൽ, ഈ ഭയത്തിന്റെ അതിപ്രസരത്തിലാണ് സ്വന്തമായി ശ്വാസമെടുക്കാൻ പോലുമാകാത്തവിധം അവൾ ആ മകനെ തന്റെ മാത്രം ലോകത്തിലേക്ക് ചുരുക്കിക്കളയുന്നതും.
സ്വാഭാവികമായി മണ്ണിൽ വേരുറച്ച് വളരേണ്ട പ്രായത്തിൽ, ഒളിച്ചോട്ടങ്ങളിലും പേരുമാറ്റങ്ങളിലും പരുവപ്പെടുന്ന കളിമണ്ണ് പോലെയായി ആ ബാല്യം മാറുകയാണ്. തന്റെയും മകന്റെയും സുരക്ഷിതത്വത്തിനായി അമ്മ പഠിപ്പിക്കുന്ന അതിജീവനതന്ത്രങ്ങൾ യഥാർത്ഥത്തിൽ ആ കുട്ടിയുടെ സ്വതന്ത്ര വ്യക്തിത്വത്തെയാണ് കൊന്നുകളയുന്നത്. തനിക്ക് മുകളിലിടുന്ന ഓരോ വസ്ത്രവും പേരും തന്നെ പരിക്കേൽപ്പിക്കുമെന്ന് കുട്ടി വിശ്വസിക്കുന്നത് ഈ ഭയത്താലാണ്. സ്വന്തമായി ഒരു വ്യക്തിത്വം പോലുമില്ലാതെ അമ്മയുടെ വികാരങ്ങളുടെ നിഴലായി മാത്രം വളരുന്ന ഒരു 'ബാലൻ' മുതിർന്നുകഴിഞ്ഞാൽ സമൂഹത്തിൽ എങ്ങനെ ജീവിക്കും എന്ന വലിയൊരു ചോദ്യത്തിലാണ് സിനിമ നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്.
'ബാലൻ', നഷ്ടപ്പെട്ട ബാല്യത്തിന്റെ കൂടി കഥയാണ്.
സിനിമ അവസാനിച്ചിട്ടും പ്രേക്ഷകരുടെ മനസ്സിൽ ബാക്കിയാകുന്ന "കണ്ടോ കണ്ടോ താക്കോല്" എന്ന പാട്ടിൽ, അന്വേഷണങ്ങൾക്കൊടുവിലും വീടിന്റെ വെള്ളിത്താക്കോൽ കണ്ടെത്താനാകാതെ, ഇപ്പോഴും "പെക്ക്റോം പെക്ക്റോം" കരഞ്ഞുകൊണ്ട് "താക്കോൽ കണ്ടോ" എന്ന് ലോകത്തോട് ചോദിച്ചുകൊണ്ടേയിരിക്കുന്ന കുഞ്ഞൻ തവളയെപ്പോലെ, നഷ്ടപ്പെട്ടുപോയ തന്റെ ബാല്യത്തിനും സ്വന്തമായൊരു മേൽവിലാസത്തിനും പിന്നാലെയലയുന്ന 'ബാലൻ' പെട്ടെന്നൊന്നും നമ്മെ വിട്ട് പോകില്ല.
ശരി- തെറ്റുകളുടെ ദ്വന്ദങ്ങൾക്കപ്പുറം മനുഷ്യജീവിതത്തിന്റെ സങ്കീർണതകളും സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ധാർമിക അവ്യക്തതകളുമാണ് ചിത്രം അന്വേഷിക്കുന്നത്. കുറ്റകൃത്യങ്ങളെയും അവയുടെ ശരിതെറ്റുകളെയും സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾക്കും സംവാദങ്ങൾക്കും സാധ്യതയുണ്ടെങ്കിൽപ്പോലും ഒരു ചലച്ചിത്രനിർമ്മിതി എന്ന നിലയിൽ ഈ സിനിമ പുലർത്തുന്ന മികവ് അതിഗംഭീരമാണ്.

ദൃശ്യഭാഷയുടെ സൗന്ദര്യം, തിരക്കഥയുടെ കെട്ടുറപ്പ്, മികച്ചതും പുതുമയുള്ളതുമായ കാസ്റ്റിംഗ്, അഭിനയത്തിന്റെ തികവ്, മനോഹരമായ സംഗീതവും ശബ്ദരൂപകല്പനയും തുടങ്ങിയവയിലൂടെ ചിദംബരവും സംഘവും സൃഷ്ടിച്ചിരിക്കുന്ന സിനിമാറ്റിക് അനുഭവം സമകാലിക മലയാള സിനിമയിൽ ശ്രദ്ധേയമാണ്. കാൻ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാർഷേ ഡു ഫിലിം സെക്ഷനിൽ പ്രദർശിപ്പിച്ചപ്പോൾ ഈ ചലച്ചിത്രം ആഗോളതലത്തിൽ പ്രശംസിക്കപ്പെടുകയുണ്ടായി. മലയാള ചലച്ചിത്രഭൂമികയിൽ 'ബാലൻ' അതിന്റെ ഇടം നേടിക്കഴിഞ്ഞുവെന്നതിൽ സംശയമില്ല.
