രാഷ്ട്രീയ ജാഗ്രതയുടെ സിനിമ,
കേരളം കാണാൻ മടിച്ച ഷാജി എൻ. കരുൺ കല;
ഭാഗം രണ്ട്
▮
നാവികനും തോണിയും
തണ്ണീർത്തടങ്ങളും
ഇളയ രാജാവിനെയാണ് ഇളങ്കോൻ അഥവാ ഇളങ്കോ എന്നു സംഘകാലത്തു സ്വന്തം ജനത വിളിച്ചത്. ചേരമൂപ്പനായ ചെങ്കുട്ടുവന്റെ ഇളയ സോദരനായിരുന്ന ഇളങ്കോ ഒരു ശ്രമണമുനിയായിരുന്നു. കുട്ടന്റെ നാടായ കുട്ടനാടിന്റെ നീതിമാനായ ഭരണാധികാരിയായതിനാലാണ് കുട്ടുവൻ എന്ന സ്ഥാനിത്തം ചേരമൂപ്പർക്കു കിട്ടിയത്. ലോകമറിഞ്ഞ കേരളത്തുറയായ മുചിറിയുടെ അഥവാ മുസിരിസിന്റെ വടക്കുള്ള പാപിനിവട്ടത്തിനടുത്തുള്ള തൃക്കണാമതിലകമെന്ന തിരുക്കുണവായിൽ കോട്ടത്തിലിരുന്നു കൊണ്ടാണ് അദ്ദേഹം സി. ഇ. ആദ്യ ശതകങ്ങളിലെപ്പൊഴോ ചിലപ്പതികാരം ചമച്ചത്. ഇന്നത്തെ മതിലകത്തെ ഇലവഞ്ചിക്കുളം എന്ന പ്രബുദ്ധമായ വഞ്ചി മഹാവിദ്യാലയത്തിന്റെ ഒരു പ്രധാന കേന്ദ്രം ഇപ്പോഴും ഉദ്ഘനനം ചെയ്യപ്പെട്ടിട്ടില്ല. 1341 ലെ പെരിയാറ്റിലുണ്ടായ വമ്പിച്ച വെള്ളപ്പൊക്കത്തിലാണ് ആയിരത്താണ്ടുകളായി കേരളത്തിന്റെ പെരുന്തുറയായിരുന്ന മുസിരിസ് എന്ന കൊടുങ്ങല്ലൂർ അടഞ്ഞു പോവുകയും തെക്ക് കൊച്ചഴിയായ കൊച്ചി തുറക്കുകയും ചെയ്തത്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്തുള്ള കൊടുങ്ങല്ലൂരിലെ ഒരു ഇളയ നാവികനാണ് അഥവാ ചെറുകപ്പിത്താനാണ് ഷാജിയുടെ കുട്ടിസ്രാങ്ക്. മമ്മൂട്ടി എന്ന നടന്റെ എല്ലാ അഭിനയ മികവുകളും രൂപഭാവഹാവാദികളും നന്നായി ഉപയോഗിക്കുന്ന ഒരു കഥാപാത്രമാണ് കുട്ടിസ്രാങ്ക്. വഞ്ചിയുടെ ചക്രം പിടിച്ചു ചവിട്ടുനാടകപ്പാട്ടും പാടി തോണിയോട്ടുന്ന ആ നാവികൻ ഗുരുവിന്റെ ഗുരുക്കന്മാരായ യൂറോപ്യരുടെ പെരിയ ആവിവൻതോണിയേയും സൂചിപ്പിക്കുന്നു. അച്ചനും കുട്ടനും എന്ന പോലെ ബല്യസ്രാങ്കും കുട്ടിസ്രാങ്കും. കേരളത്തിന്റെ ജലഭൂമികയുടെ തീരദേശങ്ങളുടെ സംസ്കാര ചരിത്രവും ജനജീവിതവും കൂടിയാണ് ഈ വമ്പിച്ച സംഘസാഹിത്യ പെരുംകാപ്പിയം പോലുള്ള ചലച്ചിത്രത്തിൽ ഇതൾ വിരിയുന്നത്. ചാത്തനാരുടെ മണിമേഖലയും മാധവിയും ഇളങ്കോയുടെ കണ്ണകിയുമെന്ന പോലെ നിരവധി സ്ത്രീകളാണ് ഇവിടെ പ്രധാന കഥാപാത്രങ്ങളായി വരുന്നത്. സ്രാങ്ക് എന്ന കപ്പലോട്ടക്കാരൻ ചിത്രം തുടങ്ങുമ്പഴേ മരണപ്പെട്ടിരിക്കുന്നു. ഈ സ്ത്രീകളുടെ ഓർമകളും പറച്ചിലുകളും ഭാവനകളുമാണ് അയാളെ ഒരു തുടർച്ചയാക്കി ചിത്രത്തിൽ നിലനിർത്തുന്നത്. പി. എഫ്. മാത്യൂസും ഹരികൃഷ്ണനുമൊക്കെയായി സഹകരിച്ചു ഷാജി വിരചിച്ച നിരവധി ഉപപാഠങ്ങളും പാഠാന്തരങ്ങളുമുള്ള ഒരു പെരിയ മണിമേഖലാകാവ്യം തന്നെയാണ് കുട്ടിസ്രാങ്ക്.

വിപുലമായ സ്ഥലകാലങ്ങൾ സന്നിഹിതമായ ഒരു വിപുലമായ ക്രോണോടോപ്പാണ് ചിത്രത്തിന്റെ രൂപശില്പഘടന. കാലാവസ്ഥയും ഇടവും മാറിമറിയുന്നു ചാഞ്ചാടുന്നു, ഭിന്നമായ യാഥാർഥ്യങ്ങളുടെ നിരവധി കഥകളും ആഖ്യാനങ്ങളും ദൃശ്യങ്ങളും ഒഴുകിമാറുന്നു. മലബാറിലെ ചുവന്ന വേനൽക്കാലം, കൊച്ചിയിലെ ഇരുൾനീല ചാലിച്ച മഴക്കാലം, തിരുവിതാംകൂറിലെ മഞ്ഞുകാലം ഇങ്ങനെ കിം കി ദുക്കിന്റെ തെക്കൻ കൊറിയൻ ഋതുക്കളിലൂടെയുള്ള സ്പ്രിങ്ങ്, സമ്മർ... സഞ്ചാരം പോലെ ഷാജി കേരള തീരത്തുകൂടി സിനിമാറ്റിക് ദശ്യസഞ്ചാരം ചെയ്യുകയാണ്. ഓളിൽ നാം പിന്നീടു കാണുന്ന നെയ്തൽ തിണയിലൂടെയുള്ള യാത്രകൾ കുട്ടിസ്രാങ്കിലാണ് അനിഷേധ്യമായി തുടങ്ങുന്നത്. കാലത്തിലും ഇടത്തിലും മാത്രമല്ല മനുഷ്യ കർതൃത്വങ്ങളിലൂടെയുള്ള സഞ്ചാരവുമാണിത്. മണ്ണും പെണ്ണും ഈ ആത്മാന്വേഷണ യാത്രകളെ കൂടുതൽ ആഴമുളളതാക്കുന്നു.
മലബാറിലെ ഭീകരനായ മൂപ്പന്റെ മകളായ രേവമ്മ ഒരു സമാധാനം തേടി ഒരു ബുദ്ധ ഭിക്കുനിയാകുന്നു. ഗുരുശിഷ്യരായ മിതവാദിയും സഹോദരനും സി. വി. യും കൂടി 1910 മുതൽ 40 കൾ വരെ നടത്തിയ തമിഴകത്തെ അയ്യോതീ താസ പണ്ഡിതർക്കു ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ നവബുദ്ധവാദ പ്രസ്ഥാനം ഇവിടെ സൂചിതമാകുന്നു. മലബാറിലെ വേനൽ നിറയെ ചുവന്ന ചോരയാണ്. ഫാസ്ബിന്ദറുടേയും മറ്റും ആധുനിക ജർമൻ ഫിലിമിക് എക്സ്പ്രഷനിസം പോലെ തീവ്രമായി നിറങ്ങളെ ചാലിക്കാൻ ഷാജിക്കു വിരുതുണ്ട്. ബൗദ്ധഭിക്കുവിനോടുള്ള മൂപ്പന്റെ ഹിംസ കേരള ചരിത്രത്തിലെ വംശഹത്യകളെ തീവ്രമായി അടയാളപ്പെടുത്തുന്നു.

കൊച്ചിയിലെ ലത്തീൻ സാമൂദായിക പരിസരത്തെ പെമ്മേണ ചവിട്ടുനാടകത്തിലും ചാഞ്ചാട്ടമുള്ള ഒരു കലാഹൃദയവും കൂടി കാക്കുന്നവളാണ്. തിരുവിതാംകൂറിലെ കാളിയാകട്ടെ കാട്ടിൽ പാർത്തു വിഷമിറക്കുന്ന ഒരു പ്രഹേളികയും. ഇവരെല്ലാം തന്നെ കൊച്ചിക്കായലോരത്തടിയുന്ന കുട്ടി സ്രാങ്കിന്റെ ശരീരം കാണാൻ വരികയും അതിനെ കുറിച്ചുള്ള ഓർമകളും ആഖ്യാനങ്ങളും പങ്കുവയ്ക്കുകയും ചെയ്യുന്നു. അവരുടേയും മമ്മൂട്ടി വളരെ സമർഥമായി അവതരിപ്പിച്ച ഈ മൂന്നു തരത്തിലുളള ഒരേ കഥാപാത്രത്തിന്റെയും കർതൃത്വങ്ങളും ഇഴപിരിഞ്ഞു തെളിഞ്ഞു വ്യക്തമായി വരുന്നു. ആഖ്യാനത്തിന്റെ ഇഴയടുപ്പവും ഇഴപ്പെരുക്കവും ഷാജിയുടെ ചലച്ചിത്രണത്തിന്റെ കൈത്തഴക്കത്തേയും മാധ്യമവഴക്കത്തേയും മൂർത്തമാക്കുന്നതാണ്. ലോകത്തു തന്നെ ഇത്തരത്തിലുള്ള ഒരു ഭാവനാഖ്യാനം ചലച്ചിത്രത്തിൽ ഫലിപ്പിച്ചെടുക്കാൻ ഇന്ന് എത്ര സംവിധായകരുണ്ട് എന്നു തിരഞ്ഞു തേറാവുന്നതാണ്.
ഒരുപക്ഷേ അലക്സാണ്ടർ സൊഖുറോവിനോടു മാത്രം താരതമ്യം ചെയ്യാവുന്ന ദൃശ്യസംവിധാനവും ദൃശ്യഭാവനയും കാഴ്ച്ചവൽക്കരണവുമാണ് ലോകസിനിമയുടെ മാറ്റങ്ങളുടെ ആവേഗപരിസരത്ത് ഷാജി കരുൺ കേരള സിനിമയിൽ നടത്തുന്നത്.
അദ്ദേഹത്തിന്റെ നായികമാരാകട്ടെ അനന്യമായി പാത്രചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു. കമാലിനി മുഖർജിയുടെ പെമ്മേണയും പദ്മപ്രിയയുടെ രേവമ്മയും മീനാകുമാരി എന്ന ശ്രീലങ്കൻ നടിയുടെ കാളിയും അനശ്വരമായ സെല്ലുലോയിഡ് സ്ത്രീത്വങ്ങളായി നിലകൊളളുന്നു. പി. കെ. റോസി മുതലുള്ള കേരള തിരപ്പട നായികമാരെ നാമോർക്കും. പദ്മപ്രിയയുടെ സമീപ ദൃശ്യങ്ങൾ ഒരു പക്ഷേ അവരുടെ കരിയറിൽ തന്നെ മുൻപിൻ സമാനതകളില്ലാത്തവയാണ്. പായക്കപ്പലുകളെന്ന മരക്കലങ്ങളേറി കേരളതീരത്തു വരുന്ന ബുദ്ധഭിക്കുക്കളുടെ ദൃശ്യങ്ങളാണ് ചിത്രത്തെ ചരിത്രണതലത്തിൽ അതുല്യമാക്കുന്നത്. കേരള സംസ്കാരത്തിന്റെ ബൗദ്ധമായ അടിത്തറയെ ഇഴപ്പെരുക്കങ്ങളോടെ ഷാജി ഓരോ ചിത്രങ്ങളിലും കലാപരമായി സൂചിതമാക്കുന്നു. കേരളതീരത്തിന്റെ ലോകബന്ധങ്ങളും ലോകസഞ്ചാരങ്ങളും തുറവികളും ചലച്ചിത്രണത്തെ ആഴവും പരപ്പും പെരുപ്പവുമുള്ളതാക്കുന്നു. ഇനി നാം കാണാൻ പോകുന്ന പോലെ സ്വപാനത്തിലും ഓളിലും ഈ ആഗോള പ്രബുദ്ധതയുടെ കാരുണ്യ ചലച്ചിത്ര വ്യവഹാരം അദ്ദേഹം തുടരുകയാണ്.
അഞ്ജലി ശുക്ലയെന്ന സ്ത്രീയാണ് ഷാജിയുടെ ഛായാഗ്രഹണി കൈകാര്യം ചെയ്തിരിക്കുന്നത്. നോക്കുനിലകളിലും നോക്കുപാടുകളിലും തോതുകളിലും ഫീൽഡിന്റെ ആഴത്തിലും തോതിലും കോണുകളിലും ചലനങ്ങളിലും ദൃശ്യാഭിഭാവങ്ങളിലും ആണത്ത കാമനയും ആൺനോട്ടത്തിന്റെ ലിംഗാധീശത്തവും കലരാതിരിക്കാനും പുതുവും കൂടുതൽ കമനീയവുമായ ഒരു പുതു മനുഷ്യ ചിത്രണം സാധ്യമാക്കാനും ഷാജി കരുൺ പ്രത്യേകം തിരഞ്ഞെടുത്തതാണീ യുവ ഛായാഗ്രാഹകയെ. ആൺനോട്ടത്തിന്റെ കോയ്മയേയും നടുനായകത്തത്തേയും സംവിധായകൻ സമർഥമായും ലാവണ്യപരമായും അപനിർമിക്കുന്നു. രാഷ്ട്രീയവും കാവ്യശാസ്ത്രവും ക്രാഫ്റ്റും രൂപവും ഒന്നാകുന്ന ഒരു സവിശേഷ സന്ദർഭവും കൂടിയാണ് അലീ ശുക്ലയുടെ ഇടപെടുത്തൽ. ലിംഗ അസമത്വത്തെ സംബോധന ചെയ്യുന്ന ആത്മചിത്രണപരമായ ഒരു സങ്കേതമായി ഇതിനെ കാണാം. ചിത്രത്തിന്റെ മെറ്റാഫിലിമിക് വിമർശപാഠ്യതയെ വികസിപ്പിക്കുന്ന മറ്റൊരു തലം.

ജി. അജയൻ ബോധി (2014) യിലൂടെ സമാന്തരമായി നടത്തിയ പ്രകൃതിദൃശ്യ സിനിമയുടെ വിപുലമായ പല തലങ്ങളും പ്രാദേശീയതയെ സൂക്ഷ്മമായി താക്കോൽ ബിംബസൂചനകളിലൂടെ അവതരിപ്പിക്കുന്ന ഈ പടത്തിൽ കാണാം. കൊച്ചിയിലെ കായലോരങ്ങളും വഞ്ചികളും കടന്നുവരുമ്പോൾ തിരുവിതാംകൂറിലെ ആറ്റുവേലയും കെട്ടുകാഴ്ച്ചയും സ്ഥലസംസ്കാരത്തെ പൊടുന്നനെ കാണികളുടെ ഉള്ളിലുണർത്തുന്നു. ഓളിൽ ഡ്രോണുകളുപയോഗിച്ച സംവിധായകൻ വമ്പിച്ച ക്രെയിൻ ഷോട്ടുകളിലൂടെയാണ് കുട്ടിസ്രാങ്കിലെ കേരള ജലഛായകളെ കാലത്തേയും ചലച്ചിത്രത്തേയും മുന്നോട്ടു ചലിപ്പിച്ചു കൊണ്ട് പകർത്തിയിരിക്കുന്നത്.
ലോകത്തെ മാറ്റിപ്പണിയുന്ന കലാകർമമാണ് ഒരു ചലച്ചിത്രകാരന്റെ കാഴ്ച്ചകളും അവയുണർത്തുന്ന മനുഷ്യേച്ഛയും സർഗകാമനയും. ഒരുപക്ഷേ അലക്സാണ്ടർ സൊഖുറോവിനോടു മാത്രം താരതമ്യം ചെയ്യാവുന്ന ദൃശ്യസംവിധാനവും ദൃശ്യഭാവനയും കാഴ്ച്ചവൽക്കരണവുമാണ് ലോകസിനിമയുടെ മാറ്റങ്ങളുടെ ആവേഗ പരിസരത്ത് ഷാജി കരുൺ കേരള സിനിമയിൽ നടത്തുന്നത്. പിറവിയിൽ ആരംഭിക്കുന്ന കേരളത്തിന്റെ ജലരാശിയും വഞ്ചിയും സഞ്ചാരവും സ്രാങ്കിലൂടെ കപ്പലോട്ടി ഓളിലൂടെ തുടരുകയും പ്രേക്ഷക ഹൃദയങ്ങളിലേക്കു പടരുകയുമാണ്. ഭാവിയാണ് ചലച്ചിത്രത്തിന്റെ സൂചിതം എന്നു പറയാവുന്ന അഭൂതപൂർവമായ പ്രകരണമാണിത്. മാറ്റം തന്നെയാണ് കലയുടെ വ്യംഗ്യം. കലയേയും ഇതര അടയാള സമ്പ്രദായങ്ങളായ ഭാഷയേയും സാഹിത്യത്തേയും കോളനീകരിച്ചാണ് അധീശത്തം ഉറപ്പിക്കപ്പെടുന്നത്. സിനിമയുടെ രാഷ്ട്രീയവും സൗന്ദര്യവും രണ്ടല്ല അതു ഭവിഷ്യോന്മുഖവും മാനവികവും സർവോപരി നൈതികവും തന്നെയാണ്. കാണുന്തോറും നിറഞ്ഞ സൗന്ദര്യവും കാരുണ്യവും തന്നെയാണത്, ഗുരുവരുൾ പോലെ ഓർക്കുന്തോറും നിറഞ്ഞ സൗന്ദര്യമായ നീതിയാണതിൽ അലയടിക്കുന്നത്, കാരുണ്യത്തിന്റെ കടലും കായലും നദികളും പരസ്പര ബന്ധിതങ്ങളാണ്. ജലമില്ലാതെ ജീവനില്ല, ചലച്ചിത്രമില്ലാതെ നൈതിക മാനവിക സംസ്കാരവും. അപര പ്രിയമായ അലിവാർന്ന അറിവാണതിൽ നിറയുന്നത്. കൊട്ടകപ്പള്ളിയുടെ സംഗീതവും ജോസപ്പച്ചന്റെ ചവിട്ടുനാടക ഗാനങ്ങളും സംസ്കാര ചരിത്രപരമായ പ്രാധാന്യമുള്ളവയാണ്. മാഘചന്ദിരാ... രൂപമണിയേ... എന്ന പഴന്തമിഴ് ശൈലിയിലുള്ള പാട്ട് സൂചിപ്പിക്കുന്ന പോലെ, പതിനാറാം നൂറ്റാണ്ടിൽ പറങ്കികളുടെ മേൽക്കൈയ്യിൽ ചവിട്ടുനാടകം ചിട്ടപ്പെടുത്തിയ ശേഷവും പതിനേഴു മുതൽ ഇരുപത്തൊന്നാം നൂറ്റാണ്ടുവരേയും പഴന്തമിഴ് പാട്ടുകളാണ് കേരളത്തിലെ അടിസ്ഥാന ബഹുജനങ്ങളുടെ ഇടയിൽ കാവ്യഭാഷയും സംസ്കാര വിനിമയ പ്രകടന ഭാഷയുമായി തുടർന്നത് എന്ന പ്രാഥമിക സത്യവും ചരിത്രവസ്തുതയുമാണ്. ഭാഷയുടേയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തേയും ചരിത്രത്തേയും കുറിച്ചു കൂടി വലിയ ഉൾക്കാഴ്ച്ചകളും സത്യപ്രസ്താവങ്ങളും ചരിത്രണവും നടത്തുന്ന നൈതിക രചനയാണിത്.
സങ്കടങ്ങളുടെ മാത്രമല്ല, കാരുണ്യത്തിേൻ്റയും നീതിയുടേയും പ്രതീക്ഷയുടേയും കൂടി കടലാവുകയാണ് ഷാജിയൻ സിനിമ.
എന്തുകൊണ്ടാണ് ലത്തീൻ ക്രൈസ്തവ ജനത പോലും ഇപ്പോഴും മാഘമാസവും അതിലെ പൂർണിമയും ഇത്ര കാരുണ്യാതിരേകത്തോടെ ഓർക്കുകയും പാടുകയും ചെയ്യുന്നത് എന്നു നാം തിരിച്ചറിയേണ്ടതുണ്ട്. മാഘം തന്നെ ബൗദ്ധമായ മാസമാണ്. അതിലെ പൗർണമിയാകട്ടെ മാഘപൂജ എന്ന സംഘദിവസമായി ഇന്നും തേരവാദ രാജ്യങ്ങളിലാകെ ആചരിക്കപ്പെടുന്നു. മുപ്പതോ നാൽപ്പതോ വർഷം മുമ്പ് രാമായണ മാസാചരണവും പഥസഞ്ചലനങ്ങളും വരുന്നവരെ കേരളത്തിലും വർഷാവാസവും മാഘപൂജയുടെ തുടർച്ചകളും സംഘസ്മൃതിയിലും അബോധത്തിലും കിടന്നിരുന്നു. മാഘത്തിലെ മകം ആയിരുന്നു പാലിയിൽ മഹാമാഗ്ഗ ഉൽസവമായിരുന്ന മാമാങ്കം, അതിന്റെ പ്രബുദ്ധത മറിമായങ്ങളോടെ പേരാറ്റിൻകരയിലെ തുറയായിരുന്ന തിരുനാവായിൽ ഏതാണ്ടു പതിനാലാം നൂറ്റാണ്ടുവരെ ആഘോഷിച്ചു പോന്നത് വള്ളുവനാട്ടു കോൻ മുൻനിന്നായിരുന്നു. സാമൂതിരി എന്ന ഏറാൾപ്പാടതു പിടിച്ചതോടെ തികച്ചും സൈനികവും സായുധവും വൈഷ്ണവ ബ്രാഹ്മണികവുമായി മാറ്റപ്പെട്ടു. ഇന്നും നിലപാടു തറയിൽ പ്രാചീനമായ അശോക സ്തംഭത്തിന്റെ അടിവട്ടമായ ചൈത്യവാതായനങ്ങൾ കൊത്തിയ കൽവലയം അവശേഷിക്കുന്നു. പതിനാറാം നൂറ്റാണ്ടോടെ ക്രിസ്തുവിലേക്കു വന്ന ലത്തീൻ ജനത അവരുടെ പഴയ പഴന്തമിഴ് പാട്ടുകളിൽ മാഘവും ചന്ദിരനും രൂപമണിയുമായ പുത്തരെ ഓർമകളിൽ സൂക്ഷിക്കുന്നു അഥവാ പാട്ടുമൊഴിയിൽ ആ ബിംബാവലികൾ ഇന്നും സംസ്കാര വ്യതിരിക്തമായി നിൽക്കുന്നു. അനുകമ്പാ ദശകത്തിൽ ഗുരു നിരീക്ഷിച്ച പോലെ പുത്തരെ കുറിച്ചുള്ള സൂചകങ്ങൾ ക്രിസ്തുവിനും പ്രവാചകനും കൂടി ബാധകമല്ലോ.

സൂക്ഷ്മമായ സംസ്കാര നരവംശ ചരിത്രണവും സംസ്കാര ആർക്കൈവൽ രചനയും ഭാവിയിലേക്കും ഭൂതത്തിലേക്കുമുള്ള സംസ്കാര നിക്ഷേപമായി സിനിമയുടെ സാധ്യതകളെ വളർത്തുകയാണ് ഷാജി കരുൺ. സങ്കടങ്ങളുടെ മാത്രമല്ല, കാരുണ്യത്തിേൻ്റയും നീതിയുടേയും പ്രതീക്ഷയുടേയും കൂടി കടലാവുകയാണ് ഷാജിയൻ സിനിമ. കഥകളിയുടെ കേവലം ഇരുനൂറുവർഷത്തെ ചരിത്രം മാത്രമല്ല ചവിട്ടുനാടകത്തിന്റെ 500 വർഷത്തെ ചരിത്രവും അതിനപ്പുറം പായവഞ്ചികളിലേറിവരുന്ന ചമണ ഭിക്ഷുക്കളുടെ 2600 വർഷത്തോളം പിന്നോട്ടു പോകുന്ന പ്രബുദ്ധമായ കേരളമക്കളുടെ അശോക കാലത്തിനും അപ്പുറത്തേക്കുള്ള സംസ്കാര സാമൂഹ്യ സംഘസ്മരണയും വ്യതിരിക്ത ചരിത്രങ്ങളുമെല്ലാം ബോധാബോധങ്ങളിലൂടെ ഉളളുണർത്തിയെടുക്കുന്ന ഗാഢമായ ലോകബന്ധങ്ങളും അഖിലബാന്ധവത്തവുമുള്ള നാഗരീക നൈതിക ചലച്ചിത്രണമാണദ്ദേഹം സാധ്യമാക്കുന്നത്. മാനസിക വലിപ്പവും ഭാവനാശേഷിയും നീതിബോധവും സത്യബോധവുമുള്ള പുതുകാഴ്ച്ചയുടെ നവലോകങ്ങളെ ഈ സിനിമകൾ പ്രതീക്ഷിക്കുന്നു, പുതുഭാവനകളെ പറത്തിവിടുന്നു.
കൊട്ടിന്റെയും പാട്ടിന്റെയും
അന്തരാള ലോകങ്ങളും
ഉച്ചനീചവിഭ്രാന്തികളും
കലയുടേയും ഭ്രാന്തിന്റെയും അതിർവരമ്പുകളും തൊടികളും വളരെ നേർത്തതാണെന്നു വ്യക്തമാക്കുന്നതാണ് സ്വപാനം (2014). ജയറാമവതരിപ്പിക്കുന്ന ഉണ്ണിയെന്ന ശുദ്ധഗതിക്കാരനായ ചെണ്ടക്കാരനും അയാളുടെ മനസ്സും ശരീരവുമറിയുന്ന കാമുകിയായ മോഹിനിയാട്ടം കലാകാരിയും വിവാഹം കഴിക്കാനദമ്യമായി ആഗ്രഹിക്കുന്നുവെങ്കിലും അവർക്കതിനു കഴിയാതെ പോകുന്നു, കാരണം കേരളമണ്ണിൽ നഖമാഴ്ത്തിയ വിഭജനഭരണമായ വർണാശ്രമധർമം തന്നെ. അവർണശാന്തി നിയമനവും യദുകൃഷ്ണ അടക്കമുള്ളവരുടെ ദുരന്തവും നമുക്കറിയാം. 2019 അവസാനമാണ്, പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരള നവോത്ഥാനത്തെ നാഞ്ചിനാട്ടിൽ നിന്നും തുടക്കം കുറിച്ച അയ്യാ വൈകുണ്ഠരുടെ സമുദായക്കാരനായ ഒരവർണ ശാന്തി കേരളത്തിൽ ആത്മഹത്യ ചെയ്തത്. നിയമിക്കപ്പെട്ട അമ്പലത്തിന്റെ കോവിലിൽ കയറാൻ പോലും അയാൾക്കു പലപ്പോഴും കഴിഞ്ഞിരുന്നില്ല. ജാത്യാപമാനം അനുദിനം സഹിക്കുക മനുഷ്യർക്കു സുസാധ്യമല്ല. ഗുരു പറഞ്ഞ പോലെ ജാതി മനുഷ്യരെ കെടുത്തുന്നു. അതില്ലാതാക്കിയേ മതിയാവൂ. വാദ്യക്കാരും ജാതിയുടെ പേരിൽ അനുദിനം ചവിട്ടിത്തേക്കപ്പെടുകയാണ്.

ഉണ്ണിയെന്ന ചെണ്ടക്കാരൻ പാലക്കാട്ടെ ഒരു മാരാത്ത് അപ്പനാരെന്നറിയാതെ വളർന്ന ഒരു സാധു കൊട്ടുകാരനാണ്. മാരന്റെ വഴിയിൽ ആട്ടുകൊട്ടുപാട്ടുമായി വരുന്നവരാണ് മാരാന്മാർ. മാരനും മകൾ മോഹിനിയുമാണ് പുത്തരെ പരീക്ഷിച്ചവർ. അപ്പൊഴാണദ്ദേഹം ഭൂമീസ്പർശ മുദ്ര സ്വീകരിച്ച് ഭൂമിയാണെന്റെ സാക്ഷി എന്നു പറഞ്ഞത്. മാരണം എന്ന വാക്കു ഭാഷയിലുണ്ടാവുന്നതും മാരണത്തുകാവുകൾ ഉണ്ടാകുന്നതും ആ പഴയ ബൗദ്ധ പഴമൊഴിവഴക്കത്തിലാണ്. മോഹിനിയാട്ടത്തിന്റെ കേരളീയമായ ഉദ്ഭവവും ഈ മാരമോഹിനി മിത്തിലാണെന്നു കാണാം. അയ്യപ്പകഥയിലെന്ന പോലെ ശൈവ- വൈഷ്ണവ സംയോഗ കഥ പിന്നീടു പൗരോഹിത്യം മെനഞ്ഞഞ്ഞെടുത്തു പ്രചരിപ്പിച്ചതാണെന്നു വ്യക്തം. മൂത്ത സഹോദരനാണെങ്കിൽ അസൂയ കലർന്ന പിതൃബോധമാണ് അയാളോടു കാണിക്കുന്നത്. വാനപ്രസ്ഥത്തിലും പിറവിയിലും വികസിക്കുന്ന പിതൃപുത്ര രാഗദ്വേഷ കാമനകളുടെ ചലച്ചിത്രണം ഇവിടേയും പ്രകടമാണ്. മനഃശാസ്ത്ര തലവും മനോവിശ്ലേഷണ കലയും ഷാജി കരുൺ സിനിമകളുടെ പഠന വിധേയമാക്കേണ്ട മറ്റൊരു കനപ്പെട്ട ഭാഗമാണ്. വിസ്താരഭയത്താൽ ഇവിടെ മുതിരുന്നില്ല. ഫ്രോയിഡിയൻ വിസ്താരങ്ങൾ ചരിത്രയാഥാർഥ്യങ്ങളിൽ നിന്നും ജനങ്ങളുടെ കണ്ണുവെട്ടിക്കാനും കുലീന വിമർശം കേരളത്തിൽ ഏറെ ഉപയോഗിച്ചിട്ടുണ്ട്.
മണ്ഡലനന്തരം മലയാള സിനിമയും വരിക്കാശേരി മനയിൽ തടവിലായിരുന്നു. സീരിയലുകാരും മനകളിൽ വന്നു നോമ്പു നോറ്റിരുന്നു. അറിവാളരും മുഠാളരുമായ നൂറാം തമ്പുരാക്കളുടെ അരിയിട്ടു വാഴ്ച്ചയായിരുന്നു മലയാള സിനിമയുടെ പൂമുഖത്ത്.
വാദ്യകലയിൽ തന്നെ ചെണ്ടക്കാർക്ക് അസുരവാദ്യക്കാർ എന്ന പേരിൽ പതിത്വം മലയാള കുലീനത കൽപ്പിച്ചിരിക്കുന്നു. മാനസികമായും വൈകാരികമായും ആലംബമന്വേഷിച്ചുഴലുകയാണ് ഉണ്ണി. അയാൾ തുകൽ വാദ്യമായ ചെണ്ടയിൽ മാത്രമല്ല ഈറയ്ക്കിടാത്ത മൃഗത്തോലിലും ചിത്രം വരയ്ക്കും. സംവേദനബോധമുളള ആ വിരലുകളിൽ ചെണ്ടക്കോലും തൂലികയും വിളങ്ങും. തരളമാനസനായ പച്ചയായ ഒരു കലാകാരൻ. ഒഡീസി നർത്തകി കാദംബരി അവതരിപ്പിക്കുന്ന കാമുകി നളിനിയാകട്ടെ സുഹൃത്തും പുരോഗമനകാരിയുമായ നമ്പൂരിപ്പാടിന്റെ സോദരിയും. ആഭിജാതനായ വിപ്ലവകാരിയെങ്കിലും ജാതി വേർതിരിച്ച ബ്രാഹ്മണിക, ശൂദ്രശരീരങ്ങൾ തമ്മിൽ കലരുന്നത് നമ്പൂരിപ്പാടിന് അശേഷം സഹിക്കുന്നില്ല. അങ്ങനെ അനുകമ്പാർഹമായ ആ തരളപ്രണയം ജാതിയാൽ അരുംകൊല ചെയ്യപ്പെടുന്നു. പുരോഗമന വിപ്ലവത്തിന്റെ മേലങ്കിയണിഞ്ഞ ബ്രാഹ്മണിക ആൺകോയ്മയാണ് പ്രേമത്തേയും മാനവികതയേയും സത്യത്തേയും നീതിയേയും നിഷ്കരുണം കൊല്ലുന്നതെന്നു വ്യക്തം. ഓളിൽ കടന്നുവന്നു വാസുപ്പണിക്കരെ വിരട്ടുന്ന മാടമ്പിന്റെ പൗരോഹിത്യ പിതൃരൂപവും വിനീതവതരിപ്പിച്ചു ഫലിപ്പിച്ച നമ്പൂരിപ്പാടും താരതമ്യവിചാരമർഹിക്കുമ്പോലെ പ്രേക്ഷകസ്മരണയിൽ ഒരു നിതാന്ത വർത്തമാന ഭീഷണി പോലെ തങ്ങിനിൽക്കും. കരുണാരഹിതയാണ് പിന്നെ വരുന്ന ഭാര്യ, അവൾക്കാകട്ടെ മറ്റൊരു കാമുകനും ഉണ്ടുതാനും. കാമുകനിൽ നിന്നവൾ ഗർഭിണിയുമാകുന്നു. തന്റെ പേരുകാരനായ നായക്കും വിഷം കൊടുത്തു താനും ചാകാൻ ശ്രമിക്കുന്ന ഉണ്ണിക്കതിനു പോലും ഭാഗ്യമുണ്ടാവുന്നില്ല. നിർഭാഗ്യവാനായ ആ ചെണ്ടക്കാരനെ മരണം പോലും കൈവിടുന്നു. ഭ്രാന്തിലേക്കു കൂപ്പുകുത്തുന്ന ഉണ്ണിയെന്ന ചെണ്ടക്കാരൻ കലാകാരന്റെ പ്രശ്നം പ്രേമരാഹിത്യം മാത്രമല്ല, ജീവിത സാമുദായിക പരിസരവും കരുണാരഹിതവും അടഞ്ഞതും പുറന്തള്ളലേറിയതുമാണ്. അംബേദ്കർ മുതൽ ലൂയി ദുമോങ്ങ് വരെ വിശദീകരിച്ച ശ്രേണീകൃത അസമത്വവും അനീതിയുമാണ് മനുഷ്യരെ ജാതിജന്തുക്കളാക്കുന്നത്.

സി. കേശവൻ 1935- ൽ കോഴഞ്ചേരി പ്രസംഗത്തിൽ പറഞ്ഞ പോലെ ആ ജന്തു, അല്ല ഹിന്ദു, നമുക്കാവശ്യമില്ല, ലോകത്തിനും. ബഹിഷ്കരണത്തിന്റെയും അപമാനവീകരണത്തിന്റേതുമായ വർണാശ്രമ പരിസരമാണ് ഉണ്ണിയെന്ന കലാകാരനായ തരളചിത്തനെ ചിത്തഭ്രമക്കാരനാക്കുന്നത്. മനുഷ്യനെ ഭ്രാന്തനും ജന്തുവുമാക്കുന്നത് തൊട്ടുകൂടായ്മയുടേയും തീണ്ടലിേൻ്റയും വരേണ്യ വ്യവഹാരമാണ്. യഥാർഥ പ്രശ്നം അടഞ്ഞ തൊട്ടുകൂടായ്മയുടെ സാമുദായിക പരിസരമാണ്. ചമണപാരമ്പര്യമുള്ള അന്തരാള സമുദായങ്ങൾ അതിന്റെ വീർപ്പുമുട്ടൽ പലതും അവർണരെന്നപോലെ അനുഭവിച്ചിട്ടുണ്ട്. ഉച്ചനീചത്വവും ശുദ്ധാശുദ്ധിയും നിറഞ്ഞ ജാതിഹിന്ദു സാമുദായികതയാണ് അയാളെ പോലുള്ള കലാകാരരെ ജീവിതത്തിന്റെ പുറത്താക്കുന്നത്. ഭ്രാന്തിനു ചികിൽസിക്കുന്ന ഒരു പഴയ മന്ത്രവാദ മനയിൽ അയാൾ ചങ്ങലയ്ക്കിടപ്പെടുന്നു. മണ്ഡലനന്തരം മലയാള സിനിമയും വരിക്കാശേരി മനയിൽ തടവിലായിരുന്നു. സീരിയലുകാരും മനകളിൽ വന്നു നോമ്പു നോറ്റിരുന്നു. അറിവാളരും മുഠാളരുമായ നൂറാം തമ്പുരാക്കളുടെ അരിയിട്ടു വാഴ്ച്ചയായിരുന്നു മലയാള സിനിമയുടെ പൂമുഖത്ത്. ഗുരു മുതൽ, അദ്ദേഹത്താൽ പ്രേരിതനായെന്നു സ്വയമെഴുതിയ വി. ടി. വരെയുള്ള നവോത്ഥാനക്കാർ നമ്പൂരിത്തത്തിന്റെ ജാതിഭ്രാന്തിൽ നിന്നും മനുഷ്യരാകാൻ പഠിപ്പിച്ച കേരളം വീണ്ടും ജാതിയിരുട്ടിലേക്കും ജാതിക്കൊലയിലേക്കും ജാതിലഹളയുടെ ഭ്രാന്തിലേക്കും വീണതായി വർത്തമാന ജാതിക്കൊലകളും മർദ്ദനങ്ങളും അരികുവൽക്കരണങ്ങളും വടയമ്പാടി മുതൽ പേരാമ്പ്ര വരേയുള്ള യാഥാർഥ്യങ്ങളും വ്യകതമാക്കിയിരിക്കുന്നു. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള അടുക്കലും കൂടിയാണിത്.
ഭാഷാസ്വത്വവാദം പോലെ സാമ്പത്തിക സ്വത്വവാദവും സാമ്പത്തിക മൗലികവാദവും കെട്ടിവച്ചിരിക്കുന്നത് ബഹുജനങ്ങളുടെ തലയിലാണ്. സംസ്കാര സാമൂഹ്യ ചരിത്രത്തേയും യാഥാർഥ്യത്തേയും നീതിയേയും നേരിനേയും കുറിച്ചുള്ള അജ്ഞതയും അലംഭാവവുമാണിതിനെല്ലാം കാരണം. ഇവിടെയാണ് നൈതികമായ ചരിത്രവിമർശബോധത്തെ ഉണർത്തുന്ന ഷാജി കരുണിന്റെ സിനിമകളുടെ വർത്തമാന പ്രസക്തി
മൃഗത്തോലിന്റെ വാദ്യകലയിലെ ദമനങ്ങളും തമസ്കരണങ്ങളും പതിയെ വെളിവാകുകയാണ്. മൃഗത്തോൽ കാലിൽ ചേർന്നാലെന്താ തീണ്ടലെന്നുള്ള ഗുരുവിന്റെ ചോദ്യവും സ്മരണീയമാണ്. കല്ലൂർ ബാബു മുതൽ ഞെരളത്തു ഹരിഗോവിന്ദൻ വരെ അതിന്റെ ഹിംസയും വിലക്കും അറിഞ്ഞവരാണ്. മലയാള സിനിമയിലെ വരേണ്യ സനാതന കാമനാരൂപകമായ വരിക്കാശേരി മന എട്ടുനിലയിൽ പൊട്ടിത്തകരുകയാണ്. എട്ടിന്റെ രൂപകങ്ങളെല്ലാം കേരള ഭാഷയിൽ അട്ടമാഗ്ഗത്തിലാധാരമാണ്. മലയാള ബ്രാഹ്മണ്യത്തിന്റെ ജാതിയിരുട്ടിന്റെ ഭ്രാന്താലയ ബിംബമായ വരിക്കാശേരി മന എന്ന വൈദിക വർണാശ്രമകേന്ദ്രം എന്ന അധീശ അടയാളത്തെ കത്തിക്കുന്നതിലൂടെ പെരിയ വിമോചനവേലയാണ് സ്വപാനം നിർവഹിക്കുന്നത്. കത്തുന്ന വരിക്കാശേരി മനയും ചെണ്ടയും ചിത്രത്തിന്റെ തുടക്കവും ജനശ്രദ്ധ നേടിയ പോസ്റ്ററുമാണ്. സിറിയവൻ ആനന്ദിന്റെ ത്യാഗരാജാസ് കൗ മുതൽ ടി. എം. കൃഷ്ണയുടെ സെബാസ്റ്റ്യൻ ആൻഡ് സൺസ് വരെ പാഠാന്തര പ്രസകതമാകുന്നു. എലിയെ പേടിച്ചില്ലം ചുടലല്ല ഇവിടെ നടക്കുന്നത് മറിച്ച് തീണ്ടലിന്റെ ആകായകളെ പൊളിച്ചടുക്കുന്ന പ്രതീകാത്മക പ്രഹര ചികിൽസയാണ്. 1917- ലെ ചെറായി പന്തിഭോജനത്തിലൂടെ സഹോദരൻ ചെയ്തതു പോലെ ജാതിയെ സ്വന്തം ഉദരത്തിൽ ദഹനരസത്താൽ ദഹിപ്പിക്കുന്ന ഒരു ചരിത്രപരമായ അടയാളപ്പെടുത്തലാണിത്. ജാതിഭീകരദഹനവും ഗോസായി രാമലീലക്കു ബദലായി കേരളത്തിൽ നടത്തിയതും സഹോദരനാണ്. മാളവ്യക്കെതിരേ 1929- ൽ തിരുനക്കരവച്ചു ജയ് രാവൺ വിളിച്ച സഹോദരനെ ഇന്ന് ആസാദ് രാവൺ ഹിന്ദുത്വ ഭീകരതയ്ക്കെതിരേ നടത്തുന്ന ഏകാങ്ക പോരാട്ടത്തിൽ നമുക്കോർക്കാം.

അവസാനത്തെ അരണ്ട വെളിച്ചത്തിൽ നടയിലെ വലിയ ആനബിംബങ്ങളോടൊത്ത് പിറുപിറുക്കുന്ന ജയറാമിന്റെ ദൃശ്യങ്ങളും ചരിത്രഗഹനവും സാന്ദ്രവുമാണ്. ആനയുടെ കാലടിയിലാണ് ആ ഭ്രാന്തനും ഭ്രഷ്ടനുമാക്കപ്പെട്ട കലാകാരൻ അഭയവും ശരണവും തേടുന്നത്. നാം മറന്ന അശോകൻ ഗജോത്തമന്റെ ബിംബങ്ങൾ അർഥപൂർണമാകുന്നു. മഹാകാരുണ്യവും മൈത്രിയും മുദിത്വവും അഹിംസയും ഗജോത്തമ ബിംബത്തിലൂടെ നമ്മിലേക്കു വഴിയുന്നു. ആദിയിൽ അശോകൻ ഗജോത്തമനായി കലിംഗത്തെ ദയാനദിക്കരയിലെ ധൗലിയിൽ ശിലയിൽ കൊത്തിവച്ച ഗജോത്തമ രൂപമാണ് ഇന്ത്യയിലെ ആദ്യത്തെ പുരാവസ്തു ശിലാശില്പ നിർമിതി. ഗജപൃഷ്ഠ വാസ്തുശില്പമെന്ന മുക്കാൽവട്ടശൈലിയും സ്തൂപശൈലിയായ വട്ടങ്ങളും മുട്ടങ്ങളും കുടങ്ങളുമെല്ലാം തുടങ്ങുന്നതും ഇവിടെ നിന്നാണ്. കലിംഗത്തും തമിഴകത്തും കേരളത്തും ഈഴത്തുമാണ് വട്ട, മുക്കാൽവട്ട വാസ്തുശില്പ ശൈലികൾ ഏറെ കാണുന്നത്. വട്ടങ്ങളുടെ അടിത്തറയിൽ എഴുതിയ ധമ്മലിപിയിൽ നിന്നാണ് മധ്യകാലത്തോടെ വട്ടെഴുത്ത് രൂപം കൊണ്ടത്. തെക്കനേഷ്യയിലെ എല്ലാ ലിപികളുടേയു മാതാവാണ് അശോകൻ ധമ്മലിപി എന്ന ബ്രാഹ്മി. സംസ്കാര ചരിത്രത്തിന്റെ ഉറവിടങ്ങളിലേക്കാണ് ഷാജിയുടെ സിനിമ നമ്മെ നയിക്കുന്നത്. തെന്നിന്ത്യൻ – തെക്കനേഷ്യൻ നാഗരീകത്തിന്റെ ലോകബന്ധമുള്ള ചരിത്ര പുരാവസ്തു വംശാവലികളും സിനിമയുടെ ഈ അപൂർവ ചരിത്രണത്തിൽ ബിംബാവലികളിലൂടെ സൂചിതമാകുന്നു. തർക്കോവ്സ്കിയുടെ പള്ളികളും മണികളും കിം കി ദുക്കിന്റെ കൊറിയൻ ഗജശില്പ ശിലകളും ചൈത്യങ്ങളും പാഠാന്തരമായ താരതമ്യങ്ങളുണർത്തും. ‘ഓളി’ലെത്തുമ്പോൾ നാം സൊഖുറോവിന്റെ ഡ്രോൺ ഷോട്ടുകളും ഓർമിക്കും.

ഉണ്ണിക്ക് ഉണ്ണാനുമുടുക്കാനും കിടന്നുറങ്ങാനും നിത്യച്ചിലവിനുമൊന്നും ഒരു മുട്ടുമില്ല. പക്ഷേ അയാൾക്കു സമാധാനം കിട്ടുന്നില്ല. ഉണ്ണിയെ പോലുള്ള സർഗാത്മക കർതൃത്വങ്ങളെ ഭ്രാന്തരാക്കുന്ന ഇന്ത്യൻ അധീശത്വമായ ബ്രാഹ്മണിക ആൺകോയ്മ മറയ്ക്കുന്നതും മായിക്കുന്നതും മറവിയിലേക്കു തള്ളിനീക്കിയതും അർഥഗർഭമായി ഓർമിപ്പിക്കുന്ന വലിയ സാംസ്കാരിക ധർമവും കൂടി ഷാജിയുടെ സിനിമകൾക്കുണ്ട്. രാമരാജ്യവും ഹിന്ദുരാഷ്ട്രവും തിരിച്ചുവരുന്ന സമഗ്രാധിപത്യ കാലത്ത് ഏറ്റവും ശക്തമായ ഗാഢമായ സാംസ്കാരിക പ്രതിരോധമാണവ ഉണർത്തുന്നത്. വ്യാപകമായി അവ കാണാനും കാണിക്കാനും ചർച്ച ചെയ്യാനുമുള്ള അവസരമാണ് ജനകീയ സർക്കാരുകൾ അടിയന്തരമായി സാധ്യമാക്കേണ്ടത്. നികുതിപ്പണം പോലും ദുർവ്യയം ചെയ്തു മാവാരത പട്ടത്താനങ്ങളും ഗീതാഗിരിയും വേദോച്ചാരണവും നടത്തുന്നത് പരിവാര പാദജ രാഷ്ട്രീയത്തിന് വമ്പിച്ച പാഠബലം നൽകി ജനായത്തത്തെ ഇല്ലാതാക്കുമെന്ന് വൈകിയെങ്കിലും തിരിച്ചറിഞ്ഞാൽ അത്രയുമായി.

മവാരതഗീതാഗിരികൾ ശൂദ്രലഹളയ്ക്കരങ്ങൊരുക്കി ഇന്ത്യൻ ഭരണഘടന അട്ടിമറിച്ചു, ഇതാ അതിനു ശേഷം പട്ടത്താനമെല്ലാം അച്ചടിപ്പിച്ച് ന്യൂനപക്ഷ പ്രസിദ്ധീകരണ സ്ഥാപനക്കാരെ കൊണ്ടു വിറ്റഴിപ്പിച്ചു മൂലധനവും അകത്താക്കുകയാണ് മലയാള കുലീനത. ബഹുജനങ്ങളുടെ അധ്വാനവും പണവുമാണീ പട്ടത്താനികൾ ഇന്ത്യൻ നിർമാണഘടനയെ തന്നെ പരോക്ഷമായി അട്ടിമറിച്ച്, ജനവഞ്ചനയിലൂടെ പല രീതിയിൽ ഈറ്റുന്നതെന്ന് വൈകിയെങ്കിലും തിരിച്ചറിയാം. ഭാഷാസ്വത്വവാദം പോലെ സാമ്പത്തിക സ്വത്വവാദവും സാമ്പത്തിക മൗലികവാദവും കെട്ടിവച്ചിരിക്കുന്നത് ബഹുജനങ്ങളുടെ തലയിലാണ്. സംസ്കാര സാമൂഹ്യ ചരിത്രത്തേയും യാഥാർഥ്യത്തേയും നീതിയേയും നേരിനേയും കുറിച്ചുള്ള അജ്ഞതയും അലംഭാവവുമാണിതിനെല്ലാം കാരണം. ഇവിടെയാണ് നൈതികമായ ചരിത്രവിമർശബോധത്തെ ഉണർത്തുന്ന ഷാജി കരുണിന്റെ സിനിമകളുടെ വർത്തമാന പ്രസക്തിയും ഭവിഷ്യോന്മുഖതയും. ലോകം അറിഞ്ഞാദരിച്ച ഷാജി കരുണിന്റെ സിനിമകൾ കേരളത്തിലെ ഓരോ ചെറുമേളയിലും സൊസൈറ്റിയിലും കവലകളിലും പള്ളിക്കൂടങ്ങളിലും സർവകലാശാലകളിലും ഔചിത്യബോധത്തോടെ വിശദമായി കാണിക്കാനുള്ള സുബോധം നാം വൈകിയെങ്കിലും കാണിക്കണം, അല്ലെങ്കിൽ മാവാരത പട്ടത്താനങ്ങളും ഗീതാഗിരിയും ഗീർവാണങ്ങളും കേരളത്തെ അടുത്ത ഗുജറാത്താക്കി മാറ്റുന്നതാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. ഭരണഘടനയെ റദ്ദാക്കിയ ചവരിമല ശൂദ്ര ലഹളയും തീണ്ടാരി വിശ്വാസി ലഹളയും ചെറുതായി കാണുന്നത് സമഗ്രാധിപത്യത്തിനു കോപ്പുകൂട്ടലാവും. അന്തരിച്ച കോവിലന്റെയും വിജയന്റെയും സി. അയ്യപ്പന്റെയും പിൽക്കാല കഥനവും ചെറുകഥനവും, പ്രത്യേകിച്ചും കേരള സമൂഹത്തെ സംബോധന ചെയ്യുന്ന തട്ടകം, തലമുറകൾ എന്നീ നോവലുകളും ഇതുപോലെ തന്നെ പാഠ്യപദ്ധതിയിലുൾപ്പെടുത്തിയും പുതു അനുവാദനങ്ങളിലൂടെയും പുതുതലമുറകളിലെത്തിക്കേണ്ടതുണ്ട്. ഷാജിയൻ സിനിമയുടെ പാഠങ്ങൾ താരതമ്യ ചർച്ചകളിലൂടെ വികസിപ്പിക്കാൻ മണ്ണിൽ വേരുകളുള്ള ഈ കഥനാഖ്യാനങ്ങൾ ഏറെ സഹായകമാകും.
(തുടരും)
ALSO READ: രാഷ്ട്രീയ ജാഗ്രതയുടെ സിനിമ, കേരളം കാണാൻ മടിച്ച
ഷാജി എൻ. കരുൺ കല