19-ാം നൂറ്റാണ്ടിൽ റിയലിസ്റ്റിക് നോവലിന്റെ ഒരു ഭാഗമായിട്ടാണ് ഡിറ്റക്റ്റീവ് ഫിക്ഷൻ എന്ന സാഹിത്യശാഖ ഉടലെടുക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ, ഡിറ്റക്ടീവ് എന്ന നിലയിൽ നായകൻ ഒരു നിഗൂഢമായ കാര്യത്തിന്റെയോ സംഭവത്തിന്റെയോ 'യാഥാർത്ഥ്യം' അന്വേഷിക്കുകയും അതുവഴി പൊതുജീവിതത്തിന്റെ സ്വാഭാവികതയെയും സാധാരണതയെയും നിയന്ത്രിക്കുകയും ചെയ്യുന്നു. ആർതർ കോനൻ ഡോയലിന്റെ ഡിറ്റക്റ്റീവ് ഫിക്ഷനെക്കുറിച്ച് ലാറി മക്കാഫെറിയും സിൻഡ ഗ്രിഗറിയും പറയുന്നതുപോലെ, "... സംഭവങ്ങൾ എത്ര വിചിത്രമോ വിശദീകരിക്കാനാകാത്തതോ ആയി തോന്നിയാലും, യുക്തി വിജയിക്കുമെന്നും, കുറ്റവാളിയെ പിടികൂടി ശിക്ഷിക്കുമെന്നും, കാര്യങ്ങളുടെ ‘യഥാർത്ഥ’ ക്രമം പുനഃസ്ഥാപിക്കുമെന്നും വായനക്കാർക്ക് എല്ലായ്പ്പോഴും ഉറപ്പുനൽകുന്നു..." (39).
ഏതൊരു ഡിറ്റക്ടീവ് കഥയ്ക്കും കേന്ദ്രമായി ഒരു സംഭവമുണ്ട് (മിക്കപ്പോഴും ഒരു കൊലപാതകം). അത് നിഗൂഢതയിൽ പൊതിഞ്ഞതായിരിക്കും. സംശയിക്കപ്പെടുന്നവരും സാക്ഷികളും അലിബൈകളും സൂചനകളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും വാദങ്ങളും പ്രതിവാദങ്ങളും വെളിപ്പെടുത്തലുകളും പുതിയ സംഭവവികാസങ്ങളും ട്വിസ്റ്റുകളും കുറ്റപത്രവും കുറ്റസമ്മതവും ഒക്കെ ഒരു ഡിറ്റക്ടീവ് കഥയിലെ സ്ഥിരം ഘടകങ്ങളാണ്.
'ദൃശ്യം 3': ക്രൈമിൽ നിന്ന് ക്രൈമിന്റെ സാമൂഹ്യശാസ്ത്രത്തിലേക്ക്
മിക്ക അന്വേഷണകഥകളിലും, കഥയുടെ അവസാന നിമിഷങ്ങളിൽ കേസ് തെളിയിക്കാൻ താൻ നടത്തിയ ഇടപെടലുകളുടെ സംഗ്രഹത്തോടൊപ്പം, കുറ്റകൃത്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് അന്വേഷകൻ വിശദമായ ഒരു വിവരണം നൽകാറുണ്ട്. താൻ നേരിട്ട വെല്ലുവിളികളെയും നിഗൂഢത പരിഹരിക്കാൻ ഉപയോഗിച്ച രീതികളെയും അദ്ദേഹം അനാവരണം ചെയ്യുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, സാധ്യതയുടെ ഒന്നിലധികം പാതകളിലൂടെ സഞ്ചരിക്കുമ്പോൾ, ഡിറ്റക്ടീവ് സംഭവങ്ങളെ വ്യത്യസ്ത ആഖ്യാനങ്ങളായി വിഭജിക്കുന്നു, യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ സാധ്യമായ അർത്ഥങ്ങളും വിശദീകരണങ്ങളും നിർദ്ദേശിക്കുന്നു. പി. കെ. രാജശേഖരൻ വിശദീകരിക്കുന്നതുപോലെ, ഒരു ഡിറ്റക്ടീവ്, സംഭവം (event) എന്ന് വിളിക്കപ്പെടുന്ന മെറ്റാനാരേറ്റീവിനെ ഇല്ലാതാക്കുന്നു.

ആന്റി ഡിറ്റക്റ്റീവ് പരീക്ഷണം
ഡിറ്റക്ടീവ് ത്രില്ലറിൽനിന്ന് വ്യത്യസ്തമായി, ഒരു കുറ്റകൃത്യം മറയ്ക്കാൻ പരമാവധി ശ്രമിക്കുന്ന നായകനെ പിന്തുടരുന്നതാണ് ആന്റി ഡിറ്റക്ടീവ് സ്റ്റോറി. ഡിറ്റക്ടീവ് പാരമ്പര്യത്തിന്റെ ഒരു ഉത്തരാധുനിക പതിപ്പാണ് ആന്റി ഡിറ്റക്ടീവ് ഫിക്ഷൻ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ജനപ്രിയ സിനിമ ദൃശ്യം (2013) ആന്റി ഡിറ്റക്ടീവ് ശാഖയിലെ മലയാളത്തിലെ പ്രധാന പരീക്ഷണമാണ്. അതിൻ്റെ രണ്ടും മൂന്നും ഭാഗങ്ങൾ കൂടുതൽ സംഭവവികാസങ്ങളോടെ ഈ ശാഖയുടെ ഉദാഹരണങ്ങളായി മാറുന്നു.
ആന്റി- ഡിറ്റക്റ്റീവ് കഥയെ നിർവചിക്കുന്ന സവിശേഷത, കുറ്റകൃത്യം ആര് ചെയ്തു എന്ന് കണ്ടെത്തുന്നതിലെ നിഷ്ക്രിയത്വമാണ്. ബെന്നറ്റ് ക്രാവിറ്റ്സ് നിരീക്ഷിക്കുന്നതുപോലെ, ആന്റി-ഡിറ്റക്റ്റീവിന് ഒരിക്കലും കടങ്കഥയുടെ ചുരുളഴിക്കാനോ നിഗൂഢതയുടെ അടിത്തട്ടിലെത്താനോ ചെയ്ത കുറ്റകൃത്യത്തിന് ആരാണുത്തരവാദിയെന്ന് സ്ഥാപിക്കാനോ കഴിയില്ല. പരമ്പരാഗത ഡിറ്റക്ടീവ് കഥാപാരമ്പര്യങ്ങളെ പാരഡി ചെയ്യുകയോ അട്ടിമറിക്കുകയോ ചെയ്യുന്നു എന്ന അർത്ഥത്തിൽ പട്രീഷ്യ മെറിവാലെയും സൂസൻ സ്വീനിയും ആന്റി-ഡിറ്റക്റ്റീവിനെക്കാൾ 'മെറ്റാഫിസിക്കൽ ഡിറ്റക്റ്റീവ്' എന്ന പദമാണ് നിർദേശിക്കുന്നത്.
ഒരു സാധാരണ ആന്റി- ഡിറ്റക്റ്റീവ് കഥ നിഗൂഢത പരിഹരിക്കാനുള്ള അന്വേഷകന്റെ കഴിവില്ലായ്മയെ ആഘോഷിക്കുകയും സംഭവത്തെ കൈകാര്യം ചെയ്യാനുള്ള അയാളുടെ കഴിവില്ലായ്മയ്ക്ക് ബദലായി കുറ്റവാളിയെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. ദൃശ്യം ഫ്രാഞ്ചസിയിൽ കുറ്റവാളി ആരെന്ന അറിവുണ്ട്. പക്ഷേ തെളിവുകളുടെ അഭാവമാണ് പോലീസിനെ വട്ടംകറക്കുന്നത്.
വരുണിൻ്റെ കൊലയിലേക്ക് നയിച്ചത് വരുൺ തന്നെയാണെന്നും അവൻ അഞ്ജുവിനോടും അമ്മയോടും മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ സ്വരക്ഷയ്ക്കും അമ്മയെ സംരക്ഷിക്കുന്നതിനും വേണ്ടി അവൾ നടത്തിയ ചെറുത്തുനിൽപ്പാണ് കൊലയിലേക്ക് നയിച്ചത് എന്നീ വസ്തുതകൾ ആദ്യഭാഗം മുതൽ തന്നെ കഥയിൽ നിന്ന് അപ്രത്യക്ഷമാവുന്നുണ്ട്.
2021, 2026 വർഷങ്ങളിലാണ് ദൃശ്യം സിനിമകളിലെ രണ്ടും മൂന്നും ഭാഗങ്ങൾ പുറത്തിറങ്ങുന്നത്. അന്നേവരെ മലയാളസിനിമ കണ്ട ത്രില്ലർ സിനിമകളിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു തീം ഉപയോഗിച്ചു എന്നത് ആദ്യ ദൃശ്യം സിനിമയെ വൻവിജയത്തിലേക്ക് നയിച്ചു. ആദ്യ സിനിമയുടെ ഇടവേളയ്ക്ക് മുൻപുള്ള ഭാഗം കുടുംബ പശ്ചാത്തലത്തിലുള്ള ഒരു സാധാരണ മോഹൻലാൽ സിനിമയുടെ ടെംപ്ലേറ്റാണ് ഉപയോഗിച്ചത്. എന്നാൽ ഇടവേളയ്ക്കുശേഷം ചിത്രത്തിൻ്റെ ഗതി തികച്ചും അപ്രതീക്ഷിത പാതയിലേക്ക് മാറി. ട്വിസ്റ്റ് എന്ന വാക്ക് മലയാളികളെ പുതിയൊരു അനുഭവത്തിലേക്ക് കൊണ്ടുപോയത് ദൃശ്യമാണ്. അന്നേവരെ മലയാളസിനിമ അന്വേഷണ കഥകൾക്ക് പ്രാധാന്യം നൽകിയിരുന്നപ്പോൾ വെറും നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള നായകൻ അയാളുടെ ബുദ്ധികൂർമ്മത കൊണ്ട് ഒരു സംസ്ഥാനത്തെ പോലീസ് വകുപ്പിനെ മുഴുവൻ പരിഹസിക്കുന്നത് അവതരിപ്പിച്ച് ദൃശ്യം ആൻ്റി ഡിറ്റക്ടീവ് പാരമ്പര്യത്തിൻ്റെ മറ്റൊരു പാത വെട്ടുകയാണ് ചെയ്തത്.

ചില ധാർമിക പ്രശ്നങ്ങൾ
കൃത്യമായി രൂപപ്പെടുത്തിയ തിരക്കഥയുടെ സഹായത്തോടെ എട്ട് വയസുള്ള പെൺകുട്ടി അടങ്ങുന്ന ഒരു കുടുംബം നിയമപാലകർക്ക് മുന്നിൽ ഒട്ടും അടിപതറാതെ തങ്ങളുടെ അലൈബിയിൽ ഉറച്ചുനിൽക്കുന്നതാണ് ദൃശ്യം സിനിമയുടെ രണ്ടാം പകുതി.
ക്രൂരമായ പോലീസ് മുറകൾക്കുമുന്നിൽ തെല്ലും പതറാതെ അവർ കഴിയുന്നത്ര പിടിച്ചുനിൽക്കുന്നു. എങ്കിലും ഇളയമകൾക്ക് അവസാനം കാര്യങ്ങൾ തുറന്നുപറയേണ്ടിവരുന്നിടത്താണ് മറ്റൊരു ട്വിസ്റ്റിലൂടെ കഥ പിന്നെയും വഴിമാറുന്നത്.
ദൃശ്യം ഫ്രാഞ്ചസി ജനപ്രിയ സിനിമയുടെ പല വിഭാഗങ്ങളെയും സംയോജിപ്പിക്കുന്നുണ്ട്. നാലംഗങ്ങളുള്ള ഒരു ചെറിയ കുടുംബത്തെ കേന്ദ്രീകരിക്കുന്നതിനാൽ ഇത് ഒരു കുടുംബകഥയാണ്. അതേസമയം, കുടുംബം നിർണായക പങ്ക് വഹിക്കുന്ന കൊലപാതക കേസ് അന്വേഷിക്കുന്ന ഒരു സംഘം പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണാത്മക ത്രില്ലറാണിത്. പോലീസിന് നിഷേധിക്കാനോ ചോദ്യം ചെയ്യാനോ കഴിയാത്ത നിരവധി അലൈബികളുടെ ഒരു പരമ്പര ബുദ്ധിപൂർവ്വം കെട്ടിച്ചമച്ച് നായകനും കുടുംബവും നിയമത്തിൽനിന്ന് രക്ഷപ്പെടാൻ കഠിനമായി ശ്രമിക്കുന്നു.
നിരവധി അലൈബികളുടെ ക്രോസ് ചെക്കിംഗിന് ശേഷവും, പോലീസിന് നന്നായി നിർമ്മിച്ച അവരുടെ കഥ പൊളിച്ചുമാറ്റാൻ കഴിയുന്നില്ല. ആദ്യഭാഗം പോലെ രണ്ടാം ഭാഗത്തിലും ഇതേ പാറ്റേൺ ആവർത്തിക്കുന്നു. ആദ്യ ഭാഗത്തെ ഫിക്ഷണലൈസ് ചെയ്ത് ഒരു നോവൽ രണ്ടാം ഭാഗത്തിൽ ഇറങ്ങുന്നുണ്ട്. ഇതേ നോവൽ മൂന്നാം ഭാഗത്തിൽ സിനിമയായും വരുന്നുണ്ട്. ഫലത്തിൽ മൂന്ന് ഭാഗങ്ങളുടെയും അടിസ്ഥാനഘടകമായി ഒന്നാം ഭാഗത്തിലെ പ്രധാന സംഭവം കൃത്യമായി നിലനിർത്തിയിട്ടുണ്ട്.
കുറ്റവാളിയായ വരുണിൻ്റെ കൊലയ്ക്ക് കൊടുക്കുന്ന അനാവശ്യമായ പെരുപ്പിക്കലും അതിൻ്റെ കാരണത്തിന് നൽകുന്ന നിഷേധവുമാണ് ദൃശ്യം സിനിമകളെ ബാധിക്കുന്ന ഏറ്റവും വലിയ ധാർമികപ്രതിസന്ധി.
ദൃശ്യം ഇറങ്ങിയ സമയം മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരി എന്നോട് സിനിമയെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായം ഇപ്പോഴും ഓർമ്മയുണ്ട്. അവർക്ക് ഈ സിനിമയുടെ പ്ലോട്ട് ഒട്ടും വിശ്വസനീയമായി തോന്നിയില്ലത്രെ. കാരണമായി അവർ പറഞ്ഞത്, അത്രയും പിടിച്ചുനിന്ന ആ കുട്ടിക്ക് പിന്നെയും പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നു എന്നാണ്. അന്ന് അവർ പറഞ്ഞതിൻ്റെ സാംഗത്യം എനിക്ക് അത്ര പിടികിട്ടിയില്ല. എന്നാൽ ഇന്ന് ആ അഭിപ്രായം എനിക്ക് ശരിയായി തോന്നുന്നു. കൂടുതൽ പിടിച്ചു നിൽക്കാനുള്ള കഴിവല്ല ഇവിടെ പ്രധാനം. അത്തരമൊരു അവസ്ഥയിലൂടെ ഒരു കുടുംബം കടന്നുപോവാനുള്ള സാഹചര്യം എങ്ങനെ രൂപപ്പെട്ടു എന്ന അന്വേഷണം പ്രസക്തമാണ്. ഇവിടെയാണ് ദൃശ്യം സിനിമകൾ മുന്നോട്ടുവെക്കുന്ന ചില ധാർമിക പ്രശ്നങ്ങൾ ചർച്ചയാവുന്നത്.
ഈ സിനിമകൾ സമൂഹത്തിന് നൽകുന്ന പ്രതിലോമകരമായ ആശയങ്ങൾ നേരത്തെ ചർച്ചകളിൽ വന്നിട്ടുള്ളതാണ്. ദൃശ്യം സിനിമയിൽ ഒരു ക്രൈം നടത്തി അതിൽനിന്ന് പൊലീസിനെ കബളിപ്പിച്ച് വിദഗ്ദമായി രക്ഷപ്പെടുന്ന നായകൻ സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നു എന്നത് വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ദൃശ്യം മോഡൽ കൊലപാതകം എന്ന വാർത്ത ഒന്നിലധികം തവണ വാർത്തകളിൽ നിറഞ്ഞത് ഈ സ്വാധീനത്തിന് തെളിവായി ഉയർന്നുവന്നു. ദൃശ്യം 2 - ൽ ചാരപ്രവൃത്തിയിലൂടെയും രഹസ്യമായി സ്ഥാപിച്ച ഓഡിയോ ഡിവൈസുകളിലൂടെയും ജോർജ്കുട്ടിയുടെ വീട്ടിൽനിന്ന് രഹസ്യങ്ങൾ ചോർത്താനുള്ള പോലീസിൻ്റെ പദ്ധതികൾ ഒരു ധാർമിക പ്രശ്നമായിത്തന്നെ ചർച്ച ചെയ്യപ്പെട്ടു. Systematic support ഒട്ടുമില്ലാതെയാണ് ഈ പദ്ധതി നടപ്പിലാക്കിയത് എന്നത് പ്രശ്നത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു എന്നും നിരീക്ഷിക്കപ്പെട്ടു. ഒന്നാം ഭാഗത്തിലെ പോലെ രണ്ടാം ഭാഗത്തിലും കുടുംബത്തിൻ്റെ സ്വകാര്യതയെ അതിലംഘിക്കുന്ന നീക്കങ്ങളുണ്ടായത്, സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റം തികച്ചും സാധാരണവും സ്വാഭാവികവുമായി മാറ്റപ്പെടുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു.

ബുദ്ധിയ്ക്കു പകരം
ഹൃദയം നായകനായ
‘ദൃശ്യം 3’
മൂന്നാം ഭാഗത്തിലേക്ക് വരുമ്പോൾ കുറച്ചുകൂടി പക്വത പോലീസ് വകുപ്പും ജോർജ്കുട്ടിയുടെ കുടുംബവും പുലർത്തുന്നുണ്ട്. ജോർജ്കുട്ടിയുടെ വൈകാരികതയ്ക്ക് കൃത്യമായ ഇടം കിട്ടുന്നത് മൂന്നാം ഭാഗത്തിലാണ്. ആദ്യ രണ്ട് ഭാഗങ്ങളിലും നാം കണ്ട ജോർജ്കുട്ടി Vs കേരളാ പോലീസ് എന്ന സമവാക്യം മൂന്നാം തവണ പുതിയ കഥാപാത്രങ്ങളുടെ കടന്നുവരവോടെ ചെറുതായി മാറുന്നു. ഇപ്പൊൾ ജോർജ്കുട്ടി നേരിടുന്നത് മുന്നിൽ നിൽക്കുന്ന പോലീസിനോടൊപ്പം മറഞ്ഞിരിക്കുന്ന വ്യക്തികളെകൂടിയാണ്. ഇവിടെയാണ് ജോർജ്കുട്ടിയുടെ ബലഹീനത മറനീക്കി പുറത്തുവരുന്നത്. ആദ്യ രണ്ട് ഭാഗങ്ങളിൽ നാം കണ്ട ജോർജ്കുട്ടിയുടെ കൂർമ്മബുദ്ധി മൂന്നാം ഭാഗത്തിൽ കാണാൻ കഴിയാത്തത് തലച്ചോറിന് മുകളിൽ ഹൃദയം പ്രവർത്തിച്ചത് കൊണ്ടാണ്.
മൂന്നാം ഭാഗത്തിലെത്തുമ്പോൾ കഥാപാത്രങ്ങൾക്കുണ്ടാകുന്ന സ്വഭാവമാറ്റങ്ങളും മാനസികമായി അവർ പുലർത്തുന്ന പക്വതയും തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ്റെ ഉൾക്കാഴ്ച വെളിപ്പെടുത്തുന്നുണ്ട്. സിനിമ തീരുമ്പോൾ ജോർജ്കുട്ടി എടുക്കുന്ന തീരുമാനം അതുവരെ നേരിട്ട ധാർമികവും മാനസികവുമായ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പ്രാപ്തി അയാളും കുടുംബവും കൈവരിച്ചതിൻ്റെ കൂടി തെളിവാണ്.
ജോർജ്കുട്ടി മുൻകൂട്ടി പ്ലാൻ ചെയ്ത കൃത്യങ്ങൾ ആദ്യ രണ്ട് ഭാഗങ്ങളിൽ അവസാനിച്ചു. മൂന്നാം ഭാഗത്തിൽ പെട്ടെന്നുണ്ടായ ബോധ്യത്തിലാണ് അയാൾ തൻ്റെ ബുദ്ധി പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നാം ഭാഗം ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് കൂടുതൽ മിഴിവും വ്യക്തതയും നൽകുന്നുണ്ട്.

അരികുവൽക്കരിക്കപ്പെടുന്ന കുറ്റകൃത്യം
കഥയിലെ മൂലസംഭവമായ (root event) വരുൺ പ്രഭാകരൻ്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയാണ് ദൃശ്യം സിനിമകളിലെ സംഭവങ്ങൾ വികസിക്കുന്നത്. പ്രസ്തുത കൊലപാതകം വഴി തൻ്റെ കുടുംബം നിയമത്തിൻ്റെ പിടിയിലാവാതിരിക്കാൻ ജോർജ്കുട്ടി നടത്തുന്ന ബുദ്ധിപരമായ നീക്കങ്ങൾ ദൃശ്യം ഒന്നും രണ്ടും കാണിച്ചുതരുന്നുണ്ട്. അതേസമയം, വരുൺ കൊല്ലപ്പെട്ട സാഹചര്യം തങ്ങളുടെ വീക്ഷണത്തിൽ അവതരിപ്പിച്ച് (ക്ഷണിക്കപ്പെടാതെ വന്ന അതിഥി എന്ന രൂപകത്തോടെ), ആദ്യഭാഗത്തിൽ തന്നെ ജോർജ്കുട്ടി പ്രഭാകറിനോടും ഭാര്യ ഗീതയോടും മാപ്പ് ചോദിക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും ഈ ഏറ്റുപറച്ചിൽ ആവർത്തിക്കുന്നുമുണ്ട്.
എന്നാൽ വരുണിൻ്റെ കൊലയിലേക്ക് നയിച്ചത് വരുൺ തന്നെയാണെന്നും അവൻ അഞ്ജുവിനോടും അമ്മയോടും മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ സ്വരക്ഷയ്ക്കും അമ്മയെ സംരക്ഷിക്കുന്നതിനും വേണ്ടി അവൾ നടത്തിയ ചെറുത്തുനിൽപ്പാണ് കൊലയിലേക്ക് (നിയമത്തിൻ്റെ ഭാഷയിൽ വ്യക്തമായി പറഞ്ഞാൽ, കൊലപാതകമല്ല, മനഃപ്പൂർവമല്ലാത്ത നരഹത്യ) നയിച്ചത് എന്നീ വസ്തുതകൾ ആദ്യഭാഗം മുതൽ തന്നെ കഥയിൽ നിന്ന് അപ്രത്യക്ഷമാവുന്നുണ്ട്. കുറ്റവാളിയായ വരുണിൻ്റെ കൊലയ്ക്ക് കൊടുക്കുന്ന അനാവശ്യമായ പെരുപ്പിക്കലും അതിൻ്റെ കാരണത്തിന് നൽകുന്ന നിഷേധവുമാണ് ദൃശ്യം സിനിമകളെ ബാധിക്കുന്ന ഏറ്റവും വലിയ ധാർമികപ്രതിസന്ധി.
അഞ്ജു എന്ന കഥാപാത്രത്തിൻ്റെ മാനസിക സംഘർഷങ്ങൾ രണ്ടാം ഭാഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആ കഥാപാത്രത്തോട് യാതൊരു മമതയും സഹാനുഭൂതിയും ആരിൽനിന്നും ഉണ്ടാവുന്നില്ല എന്ന സത്യം മൂന്നാം ഭാഗത്തിൻ്റെ അവസാനം വരെയും നിലനിൽക്കുന്നു.
അഞ്ജു എന്ന കഥാപാത്രത്തിൻ്റെ മാനസിക സംഘർഷങ്ങൾ രണ്ടാം ഭാഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആ കഥാപാത്രത്തോട് യാതൊരു മമതയും സഹാനുഭൂതിയും ആരിൽനിന്നും ഉണ്ടാവുന്നില്ല എന്ന സത്യം മൂന്നാം ഭാഗത്തിൻ്റെ അവസാനം വരെയും നിലനിൽക്കുന്നു.
കൊലപാതകം എന്ന കുറ്റത്തെ നിയമവും സമൂഹവും ഒരു ക്ലാസിക് ക്രൈം എന്ന രീതിയിൽ സമീപിക്കുകയും സ്ത്രീപീഡനങ്ങൾ, സ്ത്രീശരീരത്തെ അപമാനിക്കൽ, മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം (വരുൺ മൊബൈൽ ഉപയോഗിച്ച് അഞ്ജുവിൻ്റെ സ്വകാര്യ വീഡിയോ ചിത്രീകരിക്കുന്നതിൽനിന്നാണ് ആദ്യ ദൃശ്യം സിനിമയിലെ പ്രധാന പ്രശ്നം ഉടലെടുക്കുന്നത്) അടക്കമുള്ള ഗുരുതരമായ മറ്റ് ക്രൈമുകളെ അരികുവൽക്കരിക്കുകയും ചെയ്യുകയാണ് ദൃശ്യം സിനിമകൾ എന്നാരോപിച്ചാൽ കുറ്റം പറയാൻ കഴിയുമോ എന്ന് സംശയമാണ്.
മനഃപൂർവ്വമല്ലാതെ സംഭവിച്ചുപോയ, ഒരു കുറ്റവാളിയെ, അയാളുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനിടയിൽ സംഭവിച്ച, ഒരു കൈപ്പിഴയെ മൂന്ന് സിനിമകളിലേക്ക് വലിച്ചിഴച്ചത് രണ്ടാമത്തെ കുറ്റം (വരുണിൻ്റെ കൊല) സമൂഹം കൂടുതൽ വൈകാരികമായി കൈകാര്യം ചെയ്യുന്നു എന്നതുകൊണ്ട് മാത്രമല്ല, മറിച്ച്, കൊല്ലപ്പെട്ടത് സമൂഹത്തിലെ എലീറ്റ് ഗണത്തിൽപ്പെട്ട ഒരു ഉയർന്ന പോലീസ് ഓഫീസറുടെ മകനാണ് എന്നതുകൊണ്ടു കൂടിയാണ്.
ആദ്യ കുറ്റത്തെ അരികുവൽക്കരിക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളെ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ ഗൗരവപൂർവം സമീപിക്കാത്ത പുരുഷമേധാവിത്വ സമൂഹവുമാണ്. ഒപ്പം, ഇരകളാവുന്നത് ഒരു സാധാരണ ഗ്രാമീണ പശ്ചാത്തലമുള്ള കുടുംബമാണ് എന്നതുകൊണ്ടുകൂടിയും ഈ അവഗണനയ്ക്ക് പ്രാധാന്യം കൈവരുന്നു.

കൊലകൾക്ക് നൽകുന്ന പ്രാധാന്യം ഗൗരവസ്വഭാവമുള്ള മറ്റ് കുറ്റകൃത്യങ്ങൾക്ക് ലഭിക്കുന്നില്ല എന്നുവരുന്നത് സിനിമയും സാഹിത്യവും അങ്ങനെയൊരു അളവുകോൽ ഉണ്ടാക്കിവച്ചതുകൊണ്ടാണ്. ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയിൽ ഇന്നസെൻ്റിൻ്റെ പോലീസുകാരനായ കഥാപാത്രത്തോട് എന്തുകൊണ്ട് പോലീസ് തങ്ങളുടെ കോളനിയെ ശ്രദ്ധിക്കുന്നില്ല എന്ന് ചോദിക്കുമ്പോൾ അയാൾ കോളനിയിലെ ആളുകളോട് പറയുന്ന ഒരു മറുപടിയുണ്ട്: "അതിനിവിടെ എന്തെങ്കിലും സംഭവങ്ങൾ നടക്കണ്ടേ? ഒന്നുകിൽ ഒരു കത്തിക്കുത്ത്, അല്ലെങ്കിൽ മനോഹരമായ ഒരു കൊലപാതകം". കൊലപാതകം എന്ന 'മനോഹര കൃത്യ'ത്തിന് നിയമപാലകർ പോലും നൽകുന്ന ഈ പ്രിവിലേജാണ് ദൃശ്യം സിനിമകളുടെ ജനപ്രിയതയെ താങ്ങിനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ക്രൈം സിനിമകളിലും നോവലുകളിലും ഏറെയും കാണുന്ന ക്രൈം കൊലപാതകമാണ് എന്നത് യാദൃച്ഛികമല്ല.
