പൊതുബോധത്തിന്റെ നേർച്ചക്കോഴികൾ

IFFK ‘മലയാളം സിനിമ ടുഡെ’ വിഭാഗത്തിൽ ശിവരഞ്ജിനി ഒരുക്കിയ 'വിക്ടോറിയ' എന്ന ചിത്രത്തിലെ നായികയായ വിക്ടോറിയ, തന്നെ പലതരത്തിൽ ചുറ്റിവരിഞ്ഞിരിക്കുന്ന പൊതുബോധങ്ങളെ, വിലക്കുകളെ, പ്രതിസന്ധികളെ മുറിച്ചുകടക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുകയാണ്. പി പ്രേമചന്ദ്രൻ എഴുതുന്നു.

വിക്ടോറിയ എന്ന പേരിൽ വിജയമുണ്ട്. ശിവരഞ്ജിനി ഒരുക്കിയ 'വിക്ടോറിയ' എന്ന ചിത്രത്തിലെ നായികയായ വിക്ടോറിയ, തന്നെ പലതരത്തിൽ ചുറ്റിവരിഞ്ഞിരിക്കുന്ന പൊതുബോധങ്ങളെ, വിലക്കുകളെ, പ്രതിസന്ധികളെ മുറിച്ചുകടക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുകയാണ്. അതിലെത്തിച്ചേരുന്നതുവരെയുള്ള സങ്കീർണ്ണതകളും പ്രയാസങ്ങളുമാണ് സിനിമയിലുള്ളത്. തന്റെ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരം മറ്റുള്ളവരെ ആശ്രയിച്ചല്ല എന്ന തിരിച്ചറിവ് നേടാനായതാണ് അവളുടെ വിജയം. അതിലെത്തിച്ചേർന്നതിന്റെ ഉള്ളുറപ്പിലാണ് സിനിമ അവസാനിക്കുന്നത്. അത് പ്രേക്ഷകരിൽ ഉളവാക്കുന്ന ആഹ്ലാദവും ചെറുതല്ല.

വിക്ടോറിയയുടെ ഒരു ദിവസത്തെ ജീവിതമാണ് സിനിമയിൽ. അതും പട്ടണത്തിൽ അവൾ ജോലി ചെയ്യുന്ന ബ്യൂട്ടിപാർലറിൽ അവൾ എത്തിച്ചേരുന്നതിനും അവിടെ നിന്ന് തിരിക്കുന്നതിനുമിടയിലുള്ള ചുരുക്കം മണിക്കൂറുകൾ. ബ്യൂട്ടിപാർലറിൽ എത്തിച്ചേരുന്ന ഏതാനും സ്ത്രീകളും പെൺകുട്ടികളുമാണ് ഇതിലെ മറ്റുകഥാപാത്രങ്ങൾ. ഒരു പുരുഷ കഥാപാത്രത്തെപ്പോലും സിനിമ നേരിട്ട് കാട്ടിത്തരുന്നില്ല. മൊബൈൽ സ്ക്രീനിൽ വീഡിയോ ചാറ്റിൽ വരുന്ന വിക്ടോറിയയുടെ കാമുകനായ പ്രജീഷ്, ചില്ലുവാതിലനപ്പുറം നിന്ന് സാധനങ്ങൾ എത്തിക്കുന്ന കടയുടമയുടെ ഭർത്താവിന്റെ നിഴൽരൂപം, ഓർമ്മകളിലെ അച്ഛന്റെ ശബ്ദം എന്നിവ മാത്രമായി അത് ചുരുങ്ങുന്നു. ബസ്സിലും നഗരത്തിലും പോലും ഒരു പുരുഷനേയും ക്യാമറ അടയാളപ്പെടുത്തിയിട്ടില്ല. അത് ഈ ചിത്രത്തിന്റെ സുപ്രധാനമായ ഒരു പ്രസ്താവനയാണ്. ലോകത്തെല്ലായിടത്തും സിനിമയെന്ന കലയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന സ്ത്രീകളെക്കുറിച്ചുള്ള കണക്കെടുപ്പുകളും പഠനങ്ങളുമുണ്ടാകുന്നുണ്ട്.

വിക്ടോറിയ എന്ന സിനിമയുടെ പോസ്റ്റർ
വിക്ടോറിയ എന്ന സിനിമയുടെ പോസ്റ്റർ

ഒറ്റ സ്ത്രീകഥാപാത്രം പോലുമില്ലാത്ത സിനിമകളുമുണ്ടാകുന്നുണ്ട്. സ്ത്രീകൾ ഉണ്ടെങ്കിൽ തന്നെ അപ്രധാനരായോ നായകബിംബത്തെ കൂടുതൽ ശോഭിപ്പിക്കേണ്ട ഉപകരണങ്ങളായോ മാത്രം പരിഗണിക്കപ്പെടുന്നു. സിനിമയെന്ന കലയെ / കച്ചവടത്തെ നിയന്ത്രിക്കുന്നതും അടക്കിഭരിക്കുന്നതും ആണും ആൺകോയ്മയുടെ ആശയ പരിസരവുമാണ്. അതിനെയാണ് ഒരർത്ഥത്തിൽ വിക്ടോറിയ ലളിതമായി നുള്ളിക്കളയുന്നത്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയിൽ നിർമ്മിക്കപ്പെട്ട സിനിമയെന്നത് ഈ അർത്ഥസാധ്യതയെ ഒന്നുകൂടി ബലപ്പെടുത്തുന്നുണ്ട്. തന്നെ പൊതിഞ്ഞ എല്ലാ ധർമ്മസങ്കടങ്ങളെയും പ്രതിസന്ധികളെയും മറികടക്കുന്ന വിക്ടോറിയ, തന്റെ കാഴ്ചപ്പാടിലുള്ള സിനിമയൊരുക്കുന്നതിനായി കഠിനമായ വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന സംവിധായികയുടെ കൂടി പ്രതിനിധിയാണ്. ആ നിലയിൽ 'വിക്ടോറിയ'യുടെ വിജയം ശിവരഞ്ജിനിയുടെ വ്യക്തിപരമായ വിജയം കൂടിയാണ്.

സിനിമയെന്ന കലയെ / കച്ചവടത്തെ നിയന്ത്രിക്കുന്നതും അടക്കിഭരിക്കുന്നതും ആണും ആൺകോയ്മയുടെ ആശയ പരിസരവുമാണ്. അതിനെയാണ് ഒരർത്ഥത്തിൽ വിക്ടോറിയ ലളിതമായി നുള്ളിക്കളയുന്നത്.

വിക്ടോറിയയ്ക്ക് മറികടക്കേണ്ടി വരുന്നത് കുടുംബം, ജാതി / മതബോധങ്ങൾ, ആണധികാരം തുടങ്ങി അവളുടെ ജീവിതത്തെ ഇറുക്കുന്ന പൊതുബോധത്തിന്റെ കൂർത്ത മുള്ളുകളെയാണ്. അവ മുറിച്ചു കടക്കുക എളുപ്പമല്ല. അവളുടെ ചുറ്റിലുമുള്ള സ്ത്രീകൾ പല തരത്തിൽ അതിന്റെ ഇരകളായവരാണ്. തൊഴിലെടുക്കുന്നവരും അല്ലാത്തവരുമായ ആ സ്ത്രീകൾ എങ്കിലും ആ മുള്ളുകൾക്കിടയിലും രഹസ്യമായെങ്കിലും തങ്ങളുടെ ജീവിതാനന്ദങ്ങളെ പിന്തുടരുന്നുണ്ട്. ബ്യൂട്ടിപാർലർ തന്നെ ഈ സിനിമയുടെ രൂപഘടനയിൽ സവിശേഷമായ ഒരർത്ഥം സൃഷ്ടിക്കുന്നുണ്ട്. സ്ത്രീകൾ തങ്ങളുടെ ആനന്ദം കണ്ടെത്തുകയും രഹസ്യങ്ങൾ ഇറക്കിവെക്കുകയും ചെയ്യുന്ന ഇടം എന്ന നിലയിലാണ് സിനിമയിൽ അത് വരുന്നത്. ശരീരം പ്രധാനമായ ഒരു ലോകത്തെയും അതിന്റെ പരിപാലനത്തെയും അപമാനകരമായി വീക്ഷിക്കുന്ന ഒരു സാമൂഹികബോധത്തിൽ ആണ് ബ്യൂട്ടിപാർലർ ഒരു രഹസ്യ ഇടമായി തീരുന്നത്. അവിടെയെത്തുന്ന പലരും മറ്റുള്ളവർ അതറിയരുത് എന്ത് ഉള്ളാലെ ആഗ്രഹിക്കുന്നവരാണ്.

നഗരത്തിലെ പാർലറിലേക്ക് ബസ്സിൽ വരുന്ന വിക്ടോറിയയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.
നഗരത്തിലെ പാർലറിലേക്ക് ബസ്സിൽ വരുന്ന വിക്ടോറിയയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.

നഗരത്തിലെ പാർലറിലേക്ക് ബസ്സിൽ വരുന്ന വിക്ടോറിയയിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. തന്റെ നാട്ടുകാരിയും പരിചയക്കാരിയുമായ അന്നാമ്മച്ചേടത്തിയുടെ പുണ്യാളന്റെ അത്ഭുത കഥകളിൽ അവൾ ആവേശം കൊള്ളുന്നില്ല. പുണ്യാളന് നേർന്നിട്ടുള്ള പൂവൻ കോഴിയുമായാണ് അവർ പട്ടണത്തിലേക്ക് വരുന്നത്. തന്റെ ഭർത്താവ് വൈകുന്നേരം വന്നു വാങ്ങിക്കോളും എന്ന ഉറപ്പിൽ അവരത് നിർബന്ധിച്ച് വിക്ടോറിയയെ ഏൽപ്പിക്കും. ഈ നേർച്ചക്കോഴിയാണ് സിനിമയിലെ പ്രധാന രൂപകമായി വർത്തിക്കുന്നത്. എന്നാൽ ആ പൂവൻ കോഴിയെ കേവലം പ്രതീകവത്കരിച്ചോ കൃത്യമായ ആശയ സൂചനയായോ സിനിമ പ്രയോജനപ്പെടുത്താൻ വിചാരിക്കുന്നുമില്ല. തലയെടുപ്പുള്ള, സുന്ദരനായ ആ പൂവൻകോഴി സിനിമയുടെ കേന്ദ്രമായി വർത്തിക്കുകയും അതിന്റെ ആകെ സൗന്ദര്യത്തിന്റെ അടിസ്ഥാനമായിത്തീരുകയും ചെയ്യുന്നുണ്ട്. ബ്യൂട്ടി പാർലറിൽ എത്തപ്പെട്ട ആ പൂവൻ കോഴി അസ്ഥാനത്താണ് നിലകൊള്ളുന്നത്. അത് അവിടെ ചേരാത്തതാണ്. സിനിമയിലെ ഒരു കഥാപാത്രം പറയുന്നതുപോലെ അതിന്റെ "അന്തസ്സിന് നിരക്കാത്തത് ". കാല് കെട്ടപ്പെട്ട ആ കോഴി ഇടയിൽ കുതറുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പൊതിഞ്ഞുവെച്ച സഞ്ചിയിൽ നിന്നും അതിനെ ഭയരഹിതയായി പുറത്തെടുത്ത് തന്റെ കൈപ്പിടിയിലൊതുക്കി നിൽക്കുകയാണ് വിക്ടോറിയ. എല്ലായിടങ്ങളിലും പൊതിഞ്ഞു വെച്ചതും പലരേയും ഭയപ്പെടുത്തുന്നതും പുതിയ കാലത്തും ലോകത്തും അനുചിതവുമായ പൊതുബോധത്തിന്റെ പിടച്ചിലുകളെക്കൂടിയാണ് അവൾ ഇറുക്കിപ്പിടിക്കുന്നത്. ഒന്ന് ധൈര്യപൂർവ്വം തുനിഞ്ഞാൽ സാധിക്കാവുന്നതേയുള്ളൂ നമ്മെ അസ്വസ്ഥരാക്കുന്ന പൊതുബോധത്തിന്റെ കരുത്തുള്ള കുതറലുകളെ ഒതുക്കാൻ എന്നവൾ പറയാതെ പറയുന്നുണ്ട്. കെട്ടിയിടപ്പെടുകയോ വിലക്കപ്പെടുകയോ ചെയ്ത സ്ത്രീകാമനകളെയും ആ പൂവൻകോഴി ഓർമ്മയിലെത്തിക്കും.

ശിവരഞ്ജിനി 'വിക്ടോറിയ' സിനിമയുടെ ഷൂട്ടിങ്ങിനിടെ.
ശിവരഞ്ജിനി 'വിക്ടോറിയ' സിനിമയുടെ ഷൂട്ടിങ്ങിനിടെ.

പൊതുബോധം പലതരത്തിൽ ഇരകളാക്കിയ സ്ത്രീകളാണ് ബ്യൂട്ടി പാർലറിൽ അവരുടെ അഭിലാഷങ്ങളുടെ സാക്ഷാത്കാരം നിർവ്വഹിക്കുന്നത്. ചുരിദാർ ഇടാൻ സമ്മതിക്കാത്ത ഭർത്താവിന്റെ കല്പനകളെ മറികടക്കാൻ ഒരു സ്ത്രീയ്ക്ക് സാധിക്കുന്നു. ഭർത്തൃപിതാവ് ഐ സി യു വിൽ മരണം കാത്തു കിടക്കുമ്പോൾ, അടുത്ത് നടക്കേണ്ട അനുജന്റെ വിവാഹത്തിനായി രഹസ്യമായി മേക്കപ്പണിയാൻ വന്ന യുവതിയും നാട്ടുകാർ എന്തുപറയുമെന്ന പേടിയിൽ നാട്ടിൽ നിന്നും ദൂരെയുള്ള അവിടേക്ക് പതിവായെത്തുന്ന നിർമ്മാണത്തൊഴിലാളിയും സാമൂഹികനില, ജാതി തുടങ്ങി പലതരം പൊതുബോധങ്ങൾക്കിടയിൽ ഞെരുങ്ങുന്നവരാണ്. എന്നാൽ 'വിക്ടോറിയ' ഇതൊക്കെ എത്രമാത്രം സൂക്ഷ്മമായാണ് അവതരിപ്പിക്കുന്നത് എന്നതാണ് അതിലെ വിസ്മയം. ഒരു സാമൂഹിക പ്രശ്നം അവതരിപ്പിക്കുന്ന ഊന്നലോടെ ഒരു വിഷയത്തിലും സിനിമ തൊടുന്നില്ല. അത് പല തരത്തിലുള്ള സ്ത്രീജീവിതാനുഭവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിപ്പരക്കുക മാത്രമാണ്. അതിൽ സന്തോഷങ്ങളും സങ്കടങ്ങളും ചിരിയും കരച്ചിലും ഉത്കണ്ഠകളും വേവലാതികളും ഭയവും പ്രതീക്ഷയും എല്ലാമുണ്ട്. ആ പെണ്ണനുഭവങ്ങളുടെ അകൃത്രിമമായ നിറവാണ് 'വിക്ടോറിയ' എന്ന ചിത്രത്തിന്റെ യഥാർത്ഥ വിജയം.

ഒരു സാമൂഹിക പ്രശ്നം അവതരിപ്പിക്കുന്ന ഊന്നലോടെ ഒരു വിഷയത്തിലും സിനിമ തൊടുന്നില്ല. അത് പല തരത്തിലുള്ള സ്ത്രീജീവിതാനുഭവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിപ്പരക്കുക മാത്രമാണ്. ആ പെണ്ണനുഭവങ്ങളുടെ അകൃത്രിമമായ നിറവാണ് 'വിക്ടോറിയ' എന്ന ചിത്രത്തിന്റെ യഥാർത്ഥ വിജയം.

ബ്യൂട്ടിപാർലറിൽ സ്ത്രീകൾ സാധിക്കുന്നത് അവരുടെ ആശയങ്ങളുടെ പങ്കുവെക്കൽ കൂടിയാണ്. ഈ വിനിമയം സിനിമയിൽ പ്രധാനമാണ്. കഥകളായും അനുഭവങ്ങളായും അവർ പരസ്പരം വിനിമയം ചെയ്യുന്ന ഒരാശയ ലോകമുണ്ട്. വിക്ടോറിയയ്ക്ക് കാമുകനുമായും അച്ഛനുമായും സാധിക്കാത്തത് ആ വിനിമയമാണ്. പരസ്പരം തിരിച്ചറിയാൻ സാധിക്കാതെ പോകുന്ന ബന്ധങ്ങളാണ് അവളുടെ സംഘർഷങ്ങളെ മൂർച്ഛിപ്പിക്കുന്നത്. അത് സാധിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന അനായാസത പ്രത്യക്ഷമാണ്. വിക്ടോറിയയുടെ സംഘർഷങ്ങളെ അവഗണിക്കുകയും പരിഹസിക്കുകയും അവളെ നിരന്തരം കുറ്റപ്പെടുത്തുകയും ചെയ്യുന്ന കാമകനുമായും പ്രണയത്തിന്റെ പേരിൽ ശിക്ഷിക്കുന്ന അച്ഛനുമായും നടക്കാതെ പോകുന്ന വിനിമയം ഒരു വാക്കുരിയാടാതെ അവൾക്ക് കൂട്ടുകാരിയുമായി സാധിക്കുന്നുണ്ട്. തന്റെ സംഘർഷങ്ങളെ മുഴുവൻ അവൾക്ക് അതിലൂടെ ഇറക്കിവെക്കാൻ സാധിക്കുന്നുണ്ട്. എല്ലാ അകൽച്ചകളെയും അടുപ്പമാക്കുന്ന ആ വിനിമയത്തിന്റെ തുറസ്സും ലാഘവത്വവും സിനിമയിൽ ഉടനീളമുണ്ട്. സ്ത്രീകൾക്കിടയിൽ മാത്രം സാധ്യമാവുന്ന ആ വിനിമയത്തിന്റെ ബലം സിനിമയുടെ ഉള്ളിലുണ്ട്.

വിക്ടോറിയ എന്ന സിനിമയിൽ നിന്ന്
വിക്ടോറിയ എന്ന സിനിമയിൽ നിന്ന്

കഥയ്ക്കും സംവിധാനത്തിനും പുറമേ 'വിക്ടോറിയ'യുടെ എഡിറ്റിംഗ് നിർവ്വഹിച്ചതും ശിവരഞ്ജിനിയാണ്. രണ്ടു സന്ദർഭങ്ങൾ സവിശേഷം അതിന്റെ മനോഹാരിത വെളിവാക്കുന്നുണ്ട്. കസ്റ്റമറുടെ കൈ വാക്സ് ചെയ്യാൻ മെഴുകുപുരട്ടി രോമങ്ങൾ വലിച്ചുപിഴുതുമാറ്റുന്ന ശബ്ദത്തിലാണ് അച്ഛൻ അവളെ തലേന്നാൾ അടിച്ച അടിയുടെ ശബ്ദവും ചീത്തവിളിയും ഓവർലാപ്പ് ചെയ്ത് കേൾപ്പിക്കുന്നത്. അതിന്റെ തീവ്രത ആ സന്ദർഭത്തെ സംഘർഷഭരിതമാക്കുന്നുണ്ട്. തന്റെ സങ്കടങ്ങളുടെ ആഴത്തിൽ നിന്ന് രക്ഷപ്പെടാൻ കാമുകന്റെ തുണയുമില്ല എന്ന് ബോധ്യപ്പെടുന്ന നിമിഷത്തിൽ, കാലിന്റെ കെട്ടുപൊട്ടിച്ച് പുറത്തുചാടുന്ന നേർച്ചക്കോഴിയെ പിടിക്കാനായി വിക്ടോറിയ ബൂട്ടിപാർലറിലെ സ്വകാര്യമുറിയുടെ വാതിൽ തുറന്ന് പുറത്തേക്കു വരുന്ന ദൃശ്യവും അത്ഭുതകരമായി വിളക്കിച്ചർക്കപ്പെട്ട ഒന്നാണ്. അവൾ നിഗൂഢമായതും കാടുപിടിച്ചതുമായ ഒരു ഭൂഭാഗത്തിന്റെ ഇരുട്ടിലേക്കാണ് ഇറങ്ങുന്നത്. വിഭ്രാമകരമായ ആ ദൃശ്യത്തിൽ അവൾ ഒറ്റപ്പെട്ട കൊടുംവനാന്തരത്തിന്റെ ഭീകരത പ്രേക്ഷകർക്ക് ബോധ്യമാവും. സിനിമയുടെ തുടക്കം മുതൽ ഓർമ്മിക്കപ്പെടുന്ന സർപ്പവും മിത്തോളജിക്കലായ പശ്ചാത്തലവും ആ സന്ദർഭത്തെ തീവ്രമാക്കുന്നുണ്ട്.

പാർലറിൽ എത്തുന്ന പെൺകുട്ടികൾ അടുത്ത ദിവസത്തെ മത്സരത്തിനായി തയ്യാറെടുക്കുന്ന പാട്ട് സിനിമയുടെ ആത്മാവിനെ സ്പർശിക്കുന്നതാണ്. ആ പാട്ട് നിബന്ധിച്ചിരിക്കുന്നതിലെ റിയാലിറ്റിയും കൗതുകകരമാണ്. 'വിക്ടോറിയ'യുടെ ഭരതവാക്യം സത്യത്തിൽ ആ സംഗീത ശകലത്തിലുണ്ട്.

കെണിയായ് കുരുക്കിയിട്ട ചട്ടം,
പലരായ് വരച്ചു വെച്ചവട്ടം,
ഒരു നൊടിയിൽ ഒരു ചുവടിൽ
ചരടെല്ലാമഴിയുമ്പോൾ
വഴി മുന്നിൽ തെളിയുമ്പോൾ
പുതുലോകം, പുതുവേഗം
കുതികൊള്ളുക ചിറകേ..

പല തരത്തിൽ കുതറിത്തെറിക്കുന്ന, പുളക്കുന്ന മലയാള സിനിമയുടെ കോയ്മകളെയാണ് ആത്മവിശ്വാസത്തോടെ 'വിക്ടോറിയ'യിലൂടെ ശിവരഞ്ജിനി മാറത്തടക്കിപ്പിടിച്ചിരിക്കുന്നത്.

IFFK 2024 ട്രൂ കോപ്പി തിങ്ക് വെബ്സീൻ വായിക്കാം

Comments