Plot:
മലയാള സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഏതൊക്കെയോ അജ്ഞാതകേന്ദ്രങ്ങളിലിരുന്ന് കുറേ യൂട്യൂബേഴ്സും ഫേസ്ബുക്കേഴ്സും സിനിമക്കെതിരെ റിവ്യു ചെയ്യുന്നു. എന്നാൽ ഇത് ഇഷ്ടപ്പെടാത്ത നിർമാതാക്കൾ റിവ്യു ഇടുന്നയാൾക്കെതിരെ കേസ് കൊടുക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ റിവ്യു ബോംബിംഗ് ആണ് കാര്യം, സംഭവം നിരീക്ഷിക്കണമെന്ന് വിധിയെഴുതുന്നു. ഒൻപത് റിവ്യൂവേഴ്സിനെതിരെ കേസെടുക്കുന്നു. മലയാളത്തിലെ മുൻനിര പത്രങ്ങൾ ഇതൊരു അവസരമാക്കി നിറം പിടിപ്പിച്ച കഥകളുമായി മുന്നോട്ട് വരുന്നു, മാതൃഭൂമി ഇതൊരു സ്പെഷ്യൽ പരിപാടിയാക്കി അവതരിപ്പിക്കുന്നു. യഥാർഥത്തിൽ നിർമാതാക്കളുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയത് മാതൃഭൂമി അല്ലേ എന്ന തരത്തിൽ ചിലർക്ക് സംശയങ്ങളുണ്ടാവുന്നതും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് കഥ.
Analysis:
റിവ്യു ബോംബിംഗിനെക്കുറിച്ച് മലയാളത്തിലെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും വിഷയം ഒരു എൻഗേജിംഗ് റീഡിംഗ് എക്സ്പീരിയൻസ് ആക്കിയത് മാതൃഭൂമിയാണ്. ഇരുണ്ട ലോകത്തെ വില്ലന്മാർ എന്ന പരമ്പരയുടെ ടൈറ്റിൽ തന്നെ വായനക്കാരെ ആകർഷിക്കുന്നതാണ്.
റിയൽ ഇൻസിഡൻറിനെ അടിസ്ഥാനമാക്കി, എന്നാൽ വായനക്കാർക്ക് യോജിച്ച തരത്തിൽ ഫിക്ഷന്റെ അപാര സാധ്യതകൾ ഉപയോഗിച്ച് മാതൃഭൂമി സ്റ്റോറിയെ എൻഗേജിംഗ് ആക്കി നിർത്തുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ സംവിധായകന്റെ ഇൻറർവ്യൂ, എക്സ്പേർട്ട് ഒപ്പിനിയൻ, ഞെട്ടിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ, ചാനൽ വിഭാഗത്തിന്റെ പ്രൈം ടൈംമിൽ ‘അപാര ലോജിക്കലായ’ ചോദ്യങ്ങൾ എന്നിങ്ങനെ സ്റ്റോറി ടെല്ലിംഗിന്റെ വിവിധ സാധ്യതകൾ ഉപയോഗിച്ച് വ്യത്യസ്ത ഓഡിയൻസിലേക്ക് വിഷയം എത്തിക്കാൻ ശ്രമിക്കുന്നുണ്ട്.
നിർമാതാക്കളുടെ പ്രസ് റിലീസ് അവലംബിച്ചുള്ള സ്ക്രിപ്റ്റിംഗ് ആയതിനാൽ എക്സ്പ്ലോർ ചെയ്യാവുന്ന മറ്റു ഏരിയകളിലേക്ക് മാതൃഭൂമിക്ക് അധികം കടന്നുചെല്ലാൻ സാധിച്ചിട്ടില്ല. ഉദാഹരണത്തിന്, ഒരു റിപ്പോർട്ടിൽ പറയുന്നു: "സ്വന്തം ചിത്രത്തെ അങ്ങേയറ്റം നികൃഷ്ടമായി അപമാനിച്ചതിനെത്തുടർന്ന് സഹികെട്ടാണ് നിർമാതാവ് നിയമനടപടിക്കിറങ്ങിയത്. വക്കീൽ നോട്ടീസയക്കാൻ മേൽവിലാസം വേണമല്ലോ. അതന്വേഷിച്ചിറങ്ങിയപ്പോൾ ഒരിടത്തും ലഭ്യമല്ല. താമസിക്കുന്ന സ്ഥലം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി നിർമാതാവിന്റെ പ്രതിനിധികളെ ഞെട്ടിച്ചു: ‘അങ്ങനെ വീടൊന്നുമില്ലെന്ന് തോന്നുന്നു. ബസ്സിലൊക്കെയാണ് കിടപ്പെന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. കേട്ടതിൽ കുറച്ച് സത്യമുണ്ടെന്ന് യൂട്യൂബറോട് അടുപ്പമുള്ളവരും വെളിപ്പെടുത്തി. സിനിമാപ്രവർത്തകരിൽനിന്ന് ‘വധഭീഷണി’ പോലുമുള്ളതിനാൽ തങ്ങുന്ന സ്ഥലം അധികമാർക്കും അറിയില്ല. ഹോട്ടൽമുറികളിൽ മാറിമാറി താമസിച്ചാണ് വീഡിയോ ഷൂട്ടുചെയ്യുന്നതുപോലും."
മാതൃഭൂമി റിപ്പോർട്ടിൽ നിന്നാണ്. കേരളത്തിൽ ഒരു ഫിലിം റിവ്യൂവറെ വധിക്കുമെന്ന് സിനിമാ പ്രവർത്തകരിൽ നിന്ന് ഭീഷണിയുണ്ടായി എന്ന് മാതൃഭൂമിയോട് പറയുന്നത് ഏതോ നിർമാതാവും അവരുടെ പ്രതിനിധിയുമാണ്. ഇതല്ലേ സത്യത്തിൽ വാർത്ത. സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതിന് കേരളത്തിൽ ഒരാൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് നിർമാതാക്കളുടെ ഭാഗത്ത് നിന്ന് ഒരാൾ പറഞ്ഞിട്ടും മാതൃഭൂമിക്ക് അത് ഒറ്റക്കോളം വാര്‍ത്ത പോലുമല്ല.
മാതൃഭൂമിക്ക് കൂടുതലായി എക്സ്പ്ലോർ ചെയ്യാൻ പറ്റുമായിരുന്ന ഭാഗമാണ് മാതൃഭൂമി മിസ് ചെയ്തിരിക്കുന്നത്. 'സിനിമാ സ്റ്റൈൽ കൊലയാളികൾ' എന്നൊക്കെ ഹെഡിംഗ് ഇട്ട് പ്ലോട്ട് കുറേക്കൂടെ ത്രില്ലിംഗ് ആയി ഡെവലപ്പ് ചെയ്യാമായിരുന്നു.
സിനിമയുടെ മാർക്കറ്റിംഗിനെക്കുറിച്ച് ലേഖകർക്ക് ധാരണയില്ലായ്മ പലയിടത്തും ക്രിഞ്ച് ഫീലാവുന്നുണ്ട്. ഉദാഹരണത്തിന് വാർത്തയിൽ സിനിമാ ട്രൈലർ ഡീകോഡിംഗിന് സിനിമയുടെ മാർക്കറ്റിംഗ് ടീമിൽ നിന്ന് പണം വാങ്ങുന്ന യൂട്യൂബറിനെക്കുറിച്ച് പറയുന്നുണ്ട്. സിനിമയുടെ ട്രൈലർ പുറത്തിറങ്ങിയാൽ അത് കണ്ട് അതിൻറെ വിശകലനം ചെയ്ത് വീഡിയോ ചെയ്യുന്നതാണ് ട്രൈലർ ഡീകോഡിംഗ്. ട്രൈലർ എന്നത് സിനിമയുടെ പ്രമോഷനൽ മെറ്റീരിയലാണ്. അതിന് പരമാവധി റീച്ചുണ്ടാക്കാൻ സിനിമയുടെ മാർക്കറ്റിംഗ് ടീം ശ്രമിക്കും. ആ മാർക്കറ്റിംഗ് ടീം ഇപ്പോ പണമിറക്കുന്നത് ഇത്തരം യൂട്യൂബ് ചാനലുകളിൽ കൂടെയാണ്.
നേരത്തെ പത്രങ്ങളായിരുന്നു ഇത് ചെയ്തുകൊണ്ടിരുന്നത്. മനോരമ, മാതൃഭൂമി എന്നീ പത്രങ്ങൾ മലയാള സിനിമയിൽ നിന്ന് വലിയൊരു തുക പരസ്യ ഇനത്തിൽ പറ്റിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഈ വരുമാനം ഇന്ന് ഏറെക്കുറേ ന്യൂമീഡിയകളിലേക്ക് മാറിയിരിക്കുകയാണ്. എന്നാൽ ഈ വരുമാന നഷ്ടമാണോ റിവ്യൂ ബോംബിങ്ങിനെതിരെ ഇത്ര അഗ്രസീവായി സ്റ്റോറി ചെയ്യാൻ കാരണം അതല്ല, നിർമാതാക്കൾ പുതുതായി ഓഫർ ചെയ്ത തുകയാണോ എന്ന് കൃത്യമായൊരു കൺക്ലൂഷനിലെത്താൻ സാധിക്കാത്ത വിധമാണ് മാതൃഭൂമിയുടെ സ്റ്റോറി കൺസ്ട്രക്ഷൻ.
ട്രൈലർ ഡീകോഡിംഗ് പോലെ ഒരു പ്രമോഷനൽ പരിപാടിക്ക് പണം വാങ്ങുന്നത് ക്രൈം ആയി അവതരിപ്പിക്കുന്ന മാതൃഭൂമി മറ്റു പ്രൊഡക്ടുകൾക്ക് പൈഡ് കൊളാബറേഷൻ നൽകുന്ന സിനിമാ താരങ്ങളെക്കുറിച്ച് പരാമർശിക്കാത്തതും പോരായ്മയാണ്.
സിംഗിൾമാൻ നരേറ്റീവിലാണ് കാര്യങ്ങൾ മൊത്തം കിടക്കുന്നത് എന്ന തോന്നൽ മിക്കപ്പോഴു ഉണ്ടാവുന്നത് സ്റ്റോറിയുടെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. കേസ് ഫയൽ ചെയ്ത 'റാഹേൽ മകൻ കോര' സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ നരേറ്റീവിലാണ് പ്രധാന സ്റ്റോറിയും. ഇദ്ദേഹവും ഇദ്ദേഹത്തിന്റെ ടീമും പറഞ്ഞതായിട്ടാണ് മിക്ക 'അസാധാരണ' കാര്യങ്ങളും ക്വോട്ട് ചെയ്യുന്നത്. റാഹേൽ മകൻ കോര എന്ന സിനിമയുടെ പോസ്റ്റർ പോലും മിക്ക മലയാളികളും കണ്ടിട്ടില്ലാത്തതിനാൽ അദ്ദേഹത്തെ ക്വോട്ട് ചെയ്തുള്ള കാര്യങ്ങൾ മലയാളികൾക്ക് കണക്ട് ചെയ്യാതെ പോവന്നുണ്ട്.
മൊത്തത്തിൽ ഒരു തവണ വായിച്ച് തള്ളാവുന്ന റീഡിംഗ് എക്സ്പീരിയൻസാണ് മാതൃഭൂമി സീരീസ്.
Verdict:
വാർത്തകൾക്കുപുറമേ പത്തോളം സ്പെഷ്യൽ ന്യൂസുകളാണ് മാതൃഭൂമി വിഷയത്തിൽ നൽകിയത്. നെഗറ്റീവ് റിവ്യൂ പ്രതികൂലമായി ബാധിച്ച 10 സിനിമകളുടെ പേരും മാതൃഭൂമി നൽകുന്നുണ്ട്.
1. മരക്കാർ അറബിക്കടലിന്റെ സിംഹം
2. കിങ് ഓഫ് കൊത്ത
3. രാമചന്ദ്രബോസ് ആൻറ് കമ്പനി
4. ക്രിസ്റ്റഫർ
5. ജാനകി ജാനേ
6. മേം ഹും മൂസ
7. കാസർഗോൾഡ്
8. വെടിക്കെട്ട്
9. കാപ്പ
10. പൂവൻ
ഇതിൽ മരക്കാറും കിംഗ് ഓഫ് കൊത്തയും ഗംഭീര ഹൈപ്പിൽ വന്ന ചിത്രങ്ങളാണ്. സിനിമ കണ്ട ഒരാളെന്ന നിലയിൽ ഉറപ്പിച്ചുപറയാം, അർഹിച്ച പരാജയം തന്നെയാണ് രണ്ടു ചിത്രങ്ങളും ഏറ്റുവാങ്ങിയത്. രണ്ട് ചിത്രത്തിന്റെയും വിശദമായ ട്രൂകോപ്പിതിങ്ക് റിവ്യു ഇവിടെ വായിക്കാം. [Mrakkar | King of Kotha]
ക്രിസ്റ്റഫർ രണ്ട് തരം അഭിപ്രായവും വന്ന ചിത്രമാണ്. ചിത്രം തിയേറ്ററിലെത്തിയ ശേഷമാണ് മിക്കവരും ചിത്രത്തിന്റെ റിലീസിനെക്കുറിച്ചറിഞ്ഞത്. മതിയായ പ്രമോഷനില്ലാത്തതും ഒരു പോപ്പുലർ ഓഡിയൻസിന് വേണ്ടിയുള്ള ചിത്രമല്ലാത്തതുമാണ് പരാജയ കാരണം.
രാമചന്ദ്രബോസ്, കാസർഗോൾഡ് ഒക്കെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അനേക സിനിമ പോലെ സ്വാഭാവികമായി പരാജയപ്പെട്ടതാണ്. മലയാളത്തിൽ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒട്ടു മിക്ക ചിത്രങ്ങളും പ്രേക്ഷകരെ തിയേറ്ററിൽ ചെന്ന് കാണാവുന്നത്രയും എൻറർടൈയിൻ ചെയ്യിക്കുന്നില്ല. അക്കൂട്ടത്തിലുള്ള, പുതുമയൊന്നുമില്ലാത്ത രണ്ടു ചിത്രങ്ങളാണിവ. വെടിക്കെട്ട്, ജാനകി ജാനേ, മേം ഹും മൂസ ഒക്കെ ചിത്രം പുറത്തിറങ്ങിയത് തന്നെ മിക്ക മലയാളികളും അറിഞ്ഞുകാണില്ല.
ഇനി ഈ തിയേറ്റർ റിലീസിനൊക്കെ ശേഷം ഇതിൽ പലതും ഒ.ടി.ടിയിലും റിലീസ് ചെയ്തതാണ്. തിയേറ്റർറിവ്യൂവിനെ അട്ടിമറിക്കുന്ന തരത്തിൽ ഒ.ടി.ടിയിൽ കണ്ടവരും അഭിപ്രായം പറയുന്നത് കണ്ടിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് റിവ്യു കൊണ്ട് പരാജയപ്പെട്ട ചിത്രങ്ങൾ എന്ന് മാതൃഭൂമി വിധിയെഴുതുന്നത്.
ഇതിന്റെ സൈക്കിൾ ഇങ്ങനെയാണ്: മോശം ചിത്രത്തിന് മോശം എന്ന് പറഞ്ഞ് റിവ്യു വരും. മോശം ചിത്രം മോശമായതിനാൽ തന്നെ പരാജയപ്പെടും. ഇത് 4+2=6 എന്ന് പറയുന്നത് പോലെ ഒരു പ്രോസസാണ്. അതിൽ വാർത്തയെന്താണുള്ളത്?
സത്യത്തിൽ മാതൃഭൂമി ഉൾപ്പടെയുള്ള മാധ്യമങ്ങൾ ചെയ്യാത്ത എന്ത് കാര്യമാണ് യൂട്യൂബേഴ്സ് ചെയ്തത്?
രണ്ടോ മൂന്നോ വർഷങ്ങൾക്കുമുമ്പ് വാരാന്ത്യ സപ്ലിമെന്റ് പേജുകളിൽ സിനിമയുടെ കഥ ഉൾപ്പടെ റിവ്യു എന്ന പേരിൽ എഴുതി സിനിമാമേഖലയുടെ പരസ്യ വിമർശനത്തിന് പാത്രമായവരല്ലേ മാതൃഭൂമി? ഇന്ത്യാവിഷൻ ഉൾപ്പടെയുള്ള അന്നത്തെ ചാനലുകൾ ഒക്കെ സിനിമയെ കീറി മുറിച്ച് വിശകലം ചെയ്തവരല്ലേ. അതിൻറെ ക്രിയേറ്റീവ് തുടർച്ച മാത്രമാണ് ഇപ്പോഴത്തെ യൂട്യൂബ് റിവ്യൂസ്.
ഇനി പരസ്യത്തിന്റെ കാര്യം. എഴുതിത്തുലയ്ക്കുക എന്ന പ്രയോഗം തന്നെ മലയാളത്തിലുണ്ട്. അനഭിമതരായവരെ താറടിക്കുന്നതിൽ മുഖ്യധാരാ മാധ്യമങ്ങളോളം ലെഗസി എന്തായാലും യൂട്യൂബേഴ്സിനില്ല. പണ്ട് സിനിമാ പരസ്യങ്ങളും സെലിബ്രിറ്റി ഇന്റർവ്യൂവും ചെയ്തിരുന്ന മാധ്യമങ്ങളിൽ നിന്ന് അവ പൂർണമായും യൂട്യൂബിലേക്കും ഇൻസ്റ്റഗ്രാമിലേക്കും പോയതിന്റെ കൊതിക്കറുവ് തെളിഞ്ഞു കാണാം ഈ ക്യാമ്പയിനിൽ.
സംവിധായകരെ പരിഹസിക്കുന്നു എന്നതാണ് മാതൃഭൂമി ക്രൂരകൃത്യമായി റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു കാര്യം. മലയാളത്തിൽ രാഷ്ട്രീയക്കാരെ പരിഹസിക്കാനും അവരുടെ സ്വാഭാവിക ചേഷ്ടകളെ പോലും വക്രീകരിച്ച് (വക്രദൃഷ്ടി) എഡിറ്റ് ചെയ്യാനും പ്രത്യേക പ്രോഗ്രാമുകൾ ഉള്ളവരാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ. ചാനൽ അന്തിച്ചർച്ചകളിൽ ഉയർന്നുകേൾക്കുന്ന വ്യക്തിഅധിക്ഷേപത്തോളം വരുമോ യൂട്യൂബേഴ്‌സിന്റെ കമന്റ് ബോക്‌സ് എന്നത് മറ്റൊരു തർക്ക വിഷയമാണ്. മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം പരിഹാസങ്ങൾക്ക് ഉണ്ടാക്കിയെടുത്ത ലെജിറ്റിമസിയേക്കാൾ അപകടം എന്തായാലും യൂട്യൂബേഴ്സ് ഉണ്ടാക്കുന്നില്ലെന്നാണ് ഇത് രണ്ടും കാണുന്നവരുടെ പൊതു സംസാരം.
സിനിമാമേഖലയിൽ നിന്നുള്ള എല്ലാ ആരോപണങ്ങളും അതേപോലെ മാതൃഭൂമി ക്വോട്ട് ചെയ്യുന്നുണ്ട്. വ്യക്തികൾക്കെതിരെ പേരെടുത്തും കൃത്യമായ സൂചന നൽകിയും ആരോപണങ്ങളുണ്ട്. എന്നാൽ അവരിൽഒരാളിൽ നിന്ന് പോലും പ്രതികരണം തേടിയിട്ടില്ല. അതാണിപ്പൊ മെയിൻമാധ്യമങ്ങളിലെ ഒരു ട്രന്റ്.
Conclusion:
168 സിനിമകളാണ് മലയാളത്തിൽ ഈ വർഷം ഇതുവരെ ഇറങ്ങിയത്. അതിൽ വാണിജ്യ വിജയം നേടിയത് ഒറ്റക്കയ്യിലെ വിരലിലെണ്ണിയെടുക്കാൻ മാത്രമുള്ളവ. ഇതിൽ ഒട്ടുമിക്ക പടത്തിന്റെ പേരും പലരും കേട്ടിട്ട് പോലുമുണ്ടാവില്ല. പോസ്റ്ററും ട്രൈലറും തന്നെ നെഗറ്റീവ് പബ്ലിസിറ്റിയാവുന്ന ചിത്രങ്ങളും കൂട്ടത്തിൽ നിരവധി. മലയാള സിനിമ (മാധ്യമങ്ങളും) തകരുന്നത് അതിന്റെ തന്നെ ഭീകരമായ നിലവാരത്തകർച്ച കൊണ്ടാണ്. അർഹതപ്പെട്ട ചിത്രങ്ങൾ ജയിച്ച് കേറുന്നുണ്ട്.