ബിജിബാൽ

രചന: ഗുരു, സംഗീതം: ബിജിബാൽ

നാരായണഗുരുവിന്റെ ‘ചിജ്ജഡചിന്തനം' എന്ന കൃതി സംഗീതസംവിധായകൻ ബിജിബാൽ പുനരാഖ്യാനം ചെയ്ത് അവതരിപ്പിച്ചതിന്റെ പശ്ചാലത്തിലുള്ള സംഭാഷണമാണിത്. നാരായണഗുരുവിന്റെ കവി എന്ന നിലയിലുളള ഇടപെടലാണ് സംഭാഷണ വിഷയം. തന്റെ രചനക്കുവേണ്ടിയുള്ള അന്വേഷണത്തിൽ, പുതിയ തലമുറയിലെ സംഗീതസംവിധായകൻ കണ്ടെത്തിയ ഗുരു എന്ന കവിയെയും അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തെയും കുറിച്ചാണ് ഈ സംവാദം.

സൗമ്യ സാജൻ: സിനിമാസംഗീതത്തിൽനിന്ന് നാരായണഗുരുവിലേക്ക് തീർച്ചയായും ചെറുതല്ലാത്ത അകലമുണ്ട്. അത്, സമയം കൊണ്ടും ആസ്വാദനശൈലി കൊണ്ടും വേറിട്ടുനിൽക്കുന്നു. ഈ കാലത്ത്, അതായത് ഡിജിറ്റൽ കമ്യൂണിക്കേഷന്റെ സാധ്യതകളിൽ സംഗീതം ഉണ്ടാക്കുന്നതിലേക്ക് നാരായണഗുരുവിന്റെ കവിതയായ ചിജ്ജഡചിന്തനം കടന്നുവന്നതെങ്ങനെയാണ്?

ബിജിബാൽ: ആകാശവാണി ആവശ്യപ്പെട്ടപ്പോഴാണത് സംഭവിച്ചത്. വളരെ പെട്ടെന്ന്, ഓവർനൈറ്റിൽ എന്ന പോലെ ചെയ്തുകൊടുക്കണമെന്നാണ് പറഞ്ഞത്. രണ്ടു ദിവസം എന്ന് സമയം പറഞ്ഞിട്ട് ഒരേഴെട്ടെണ്ണം അവർ തന്നെ തരികയായിരുന്നു, വി.എം. ഗിരിജ. പിന്നീട് കൂടുതൽ എണ്ണം ഏൽപ്പിച്ചു. അത് ചെയ്ത്​ കൊടുക്കുകയാണുണ്ടായത്. (അതിൽ) ഒന്നു രണ്ടെണ്ണം ഞാൻ തന്നെ പാടി. അതിൽ ആത്​മോപദേശശതകം ഉണ്ടായിരുന്നു. പിന്നെ, ദൈവദശകം, ചിജ്ജഢചിന്തനം, അനുകമ്പാദശകം അങ്ങനെ ഒരേഴോ എട്ടോ എണ്ണം. അത് ചെയ്തുകഴിഞ്ഞപ്പോഴാണ് ഗുരുവിന്റെ കവിതയിലേക്ക് എന്റെ ശ്രദ്ധ തിരിയുന്നത്. ഈ പറയുന്ന സ്​പിരിച്വൽ കണ്ടൻറും ഇത്രയും ആഴമുള്ള ചിന്തയിൽ നിന്നുണ്ടായ വേദാന്തവും എന്നെ പണ്ടൊക്കെ ആകർഷിച്ചിട്ടുണ്ട്. അതുമാത്രം ഫോളോ ചെയ്തു പോകാൻ വലിയ താൽപര്യം ഉണ്ടായ ഒരാളല്ല ഞാൻ. ഗുരുവിന്റെ കവിത എന്നെ ആകർഷിച്ചു എന്നാണ് സത്യം.

കവിതയെന്ന നിലയിൽ നാരായണഗുരുവിനെ സമീപിക്കുമ്പോൾ, ഭാഷാപരമായ ഒട്ടനവധി പ്രത്യേകതകൾ നേക്കേണ്ടതുണ്ടല്ലോ. പദവിന്യാസങ്ങളിൽ തുടങ്ങി ശബ്ദങ്ങളുടെ പ്രവാഹത്തിലേക്ക്, അറിവിന്റയും സർഗാത്മകതയുടെയും പ്രപഞ്ചത്തിലേക്ക് എന്നൊക്കെ പറയേണ്ടി വരും. അത് എങ്ങനെയായിരുന്നു?

എനിക്ക് വാക്കുകളുടെ ഘടനയിലെ, കവിതയുടെ ഘടനയിലെ റൈമിങ്ങുകൾ സംസ്‌കൃതത്തിലായാലും താത്പര്യമാണ്. സംസ്‌കൃതം പഠിച്ച ആളല്ല ഞാൻ. പക്ഷെ അത്​ ഇടയ്‌ക്കൊക്കെ ചെയ്യാറുണ്ട്. അതിന്റെ ഘടനകൾ, ശങ്കരാചര്യരുടെ പദഘടനകൾ, ഒക്കെ ഭയങ്കരമായി energise ചെയ്യപ്പെടുന്നവയായി തോന്നിയിട്ടുണ്ട്. അങ്ങനെ നോക്കിയപ്പോൾ ഇതും, പ്രത്യേകിച്ച് ‘ജനനീ നവരത്‌ന മഞ്ജരി’യിൽ ഒന്നായമാമതിയിൽ നിന്നായിരം ത്രിപുടി വന്നാശു തന്മതി മറ- ന്നന്നാദിയിൽപ്രിയമുയർന്നാടലാം കടലി - ലൊന്നായി വീണുലയും എന്നാശയം ഗതിപെറും നാദഭൂമിയില- മർന്നാഭവിരാഭ പടരും ചിന്നാഭിയിൽ ത്രിപുടിയെന്നാണറും പടി കലർന്നാറിടുന്നു ജനനീ!
പിന്നെ, ‘ശിവശങ്കര, ശർവ്വ, ശരണ്യ, വിഭോ' എന്നത്, അത് ഏതാണ്?

ഒരു ഇടത്തിൽ ജനിക്കേണ്ട ഈ രാഗം ഇവിടെ മാത്രമേ ജനിക്കാൻ പറ്റുകയുള്ളൂ എന്നുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പഹാട് പോലെയുള്ള രാഗങ്ങൾ ദക്ഷിണേന്ത്യയിൽ ഒരിക്കലും ജനിക്കില്ല എന്ന് എനിക്കുറപ്പാണ്.

ശിവപ്രസാദപഞ്ചകത്തെക്കുറിച്ചാണോ പറയുന്നത്?

അതേ, ശിവപ്രസാദപഞ്ചകത്തിലും ഈ കവിതാ എഴുത്തിന്റെ ഒരു പാരമ്യം എന്നു പറയുന്ന സംഗതി ഉണ്ട്. അത് എന്നെ വളരെ ആകർഷിച്ചു. ശിവശങ്കര... എന്നതാണ് എന്നെ കൂടുതൽ ആകർഷിച്ചത്. പക്ഷെ ഞാൻ, ആകാശവാണിയിലെ അവതരണത്തിനുശേഷവും അതിന്റെ വ്യാഖ്യാനത്തിൽ കൂടി സഞ്ചരിച്ചു. ചെയ്തുകൊടുത്തിട്ടും അത് പിന്നെയും ഹോണ്ട് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. അതുകൊണ്ട് പിന്നെയും പരിശോധിച്ചുകൊണ്ടിരുന്നു. വ്യാഖ്യാനങ്ങൾ കുറേ കേട്ടു. പിന്നെ നമ്മുടെതായ രീതിയിൽ കൂടി കുറേ ആലോചിച്ചു. ഇതിൽ ഞാൻ ലോക്ക്ഡ് ഒന്നുമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ പലതും എന്റെ ജീവിതത്തിലെ കാര്യങ്ങൾ ഒന്നുമല്ലെങ്കിലും, ഒരു പൊയറ്റിക് സെൻസിൽ ആഴത്തിൽ ആസ്വദിക്കുന്ന ഒരാളാണ്. പൊയറ്റിക്​ സെൻസിൽ Avengers cinema കാണുന്നതുപോലെയേ ഉള്ളൂ എനിക്ക് ഇതും കാണുന്നത്. അത്​ കാണുന്ന ഒരു എക്​സൈറ്റുമെൻറിൽ തന്നെയാണ് ഇത് ഒക്കെ കാണുന്നത്. അതുചെയ്യുമ്പോൾ അതിനകത്തെ വാക്കുകൾ നമുക്ക് തരുന്ന ഒരു vibe ഉണ്ട്​.

ശ്രീനാരായണ ഗുരു

ഭാഷാപരമായ അല്ലങ്കിൽ അതിനുമുപരിയായി ശബ്ദകേന്ദ്രീകൃതമായ അനുഭൂതിയെക്കുറിച്ചാണോ പറയുന്നത്?

വാക്കുകൾ എനിക്കിഷ്ടമാണ്. കാരണം, ഈ പറഞ്ഞ ലിംഗ്വസ്റ്റിക്‌സ് ഒന്നും ഞാൻ ഭയങ്കരമായിട്ടൊന്നും അന്വേഷിക്കുന്നില്ല. എങ്കിലും അൽഭുതമായാണ് കാണാറ്. വാക്കുകൾക്ക് ശബ്ദത്തിന്റെ ഉറവിടമുണ്ട്. മ്യൂസിക്കിനും അതേ കുറേ സ്വഭാവമുണ്ട്. ഒരു ഇടത്തിൽ ജനിക്കേണ്ട ഈ രാഗം ഇവിടെ മാത്രമേ ജനിക്കാൻ പറ്റുകയുള്ളൂ എന്നുവിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇപ്പോൾ ചില രാഗങ്ങൾ വച്ച് അന്വേഷിച്ചിട്ടുമുണ്ട്, പഹാട് പോലെയുള്ള രാഗങ്ങൾ ദക്ഷിണേന്ത്യയിൽ ഒരിക്കലും ജനിക്കില്ല എന്ന് എനിക്കുറപ്പാണ്. അത് മലഞ്ചെരിവുകളിൽതന്നെയേ ജനിക്കൂ എന്ന് എനിക്കറിയാം. അതേപോലെ, ഓരോ രാഗങ്ങളും പ്രത്യേകമാണ്. കർണാട്ടിക്കിലും ഹിന്ദുസ്ഥാനിയിലും രാഗമൊക്കെ ഒന്നാണ്. എങ്കിലും അതിന്റെ ആപ്ലിക്കേഷനിൽ ഭയങ്കര വ്യത്യാസം വരുന്നത് അതുകൊണ്ടാണ്. ഒരേ രാഗം വളരെ സരളമായി അവിടെ പാടുമ്പോൾ വീരസ്വഭാവത്തിൽ ഇവിടെ പാടുന്നു. അത് വ്യത്യാസം തന്നെയാണ്, മനുഷ്യന്റെ ഡി.എൻ.എയുടെ പ്രത്യേകതയും, ജ്യോഗ്രഫിക്കലായി അവർ നിൽക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതയും കൊണ്ട് ഉണ്ടാകുന്നതാണെന്നാണ് വിചാരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ കവിതയുടെ ഭാഷാപരമായ ഘടന, ശബ്ദം തന്നെ നമുക്കു തരുന്ന ഒരു എനർജി, ശബ്ദത്തിന്റെ ഒരു കോമ്പിനേഷൻ... അതെല്ലാം കൂടി നമുക്കു തരുന്ന അനുഭവം ഉണ്ട്. അതാണ് ഞാൻ ഉദ്ദേശിച്ചത്.
ഇപ്പോൾ ഇതിനകത്തുതന്നെ; ഗതി നീയടിയന്നു ഗജത്തിയുരി- ച്ചതുകൊണ്ടുടചാർത്തിയ ചിന്മയമേ, ചതിചെയ്യമൊരിട്ടൊരു ജാതി വിടു ന്നതിനിന്നടിയന്നരുളേകണമേ.
(ചിജ്ജഡചിന്തനം, 10)
എന്നുപറയുമ്പോൾ ഗജത്തെയുരിച്ചതായി പുരാണങ്ങളിലൊന്നും വായിച്ചതായി ഞാൻ ഓർക്കുന്നില്ല. ഉണ്ടോ എന്നനിക്കറിയില്ല. ശിവൻ ആനയെ ഉരിച്ച്​ ഉടുത്തു എന്നുപറയുന്നു. പക്ഷെ, അത് വലിയ വിഷ്വൽ അനുഭവം തന്നു. അതായത് അത് കൊല്ലന്റെ ആലയിൽ സൂചിയുണ്ടാക്കുന്നത് പഠിപ്പിക്കല്ലേ, എന്നു പറയുന്നതുപോലെ ഒരു അനുഭവം! അതായത് ആനത്തോല്- ഇരുട്ട്, കരി എന്നാണല്ലോ ആനയെ പറയുന്നത്- കരിയുടെ തൊലി ഉടുത്തവൻ എന്നു പറയുമ്പോൾ ഇരുട്ട് കണ്ടുപിടിച്ചവൻ എന്നാണ്. നമ്മുടെ ഉള്ളിലെ ഇരുട്ട് നീക്കാൻ ഇരുട്ട് ദേഹത്തണിഞ്ഞു നടക്കുന്നയാളോട് പറയുന്നതിലൂടെ വളരെ കൗതുകകരമായ ഒരു പൊയറ്റിക് സ്‌കിൽ ആണ് കൊണ്ടുവന്നിട്ടുള്ളത്. ശിവൻ ഗജത്തെ ഉരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല. പക്ഷെ അത് ചിന്തിച്ച് അവതരിപ്പിച്ച കാവ്യാനുഭവം, അതാണ് എന്നെ ആകർഷിക്കുന്നത്.

ഗുരുവിന്റെ കവിതക്ക്​ പൊയറ്റിക്കൽ ഫ്യൂഷൻ റിലവൻസുണ്ട്, സ്പിരിച്വൽ റിലവൻസുണ്ട്. അതിനെ നമ്മളായിട്ട് കൊണ്ടുവരികയോ നശിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല. പക്ഷേ, സ്പിരിച്വാലിറ്റി എന്ന പറച്ചിലിൽ തീരും കാര്യങ്ങൾ!

ഉള്ളതും ഇല്ലാത്തതുമായ എന്തിനേയും കൽപനകൾ കൊണ്ട് നമുക്ക് സൃഷ്ടിച്ചെടുക്കാല്ലോ. അതെനിക്ക് ഒരുപാട് ഇഷ്ടമാണ്. ആകാശവാണിയിലെ പരിപാടിക്കുശേഷം നാലുകൊല്ലമായി ഞാൻ ചെറിയ പരിപാടികൾ ഇതിന്റെ പേരിൽ ചെയ്യണം എന്ന് കരുതിയിരുന്നു. ചില നൃത്താവിഷ്‌കാരങ്ങളായി ചെയ്യുക എന്നാണ് ആദ്യം തോന്നിയത്, ഷാഡോ ഡാൻസ് പോലെ ചിലത്. അത് നടന്നില്ല. പിന്നീട് മ്യൂസികിന്റെ ചില പ്രൊഡക്ഷനുകൾ ആലോചിച്ചു. ഇതിൽ ഉപയോഗിച്ചിട്ടുള്ളത് ചില പ്രത്യേക സെൻസ് ഓഫ് മ്യൂസിക് അല്ല. പക്ഷെ ഏറ്റവും പുതിയ സംഗീത സങ്കേതമാണിതിൽ ബാക്ക് ഗ്രൗണ്ടായി ഉപയോഗിച്ചത്, ഉള്ളടക്കം മനസ്സിലായാലും ഇല്ലെങ്കിലും. എന്റെ കൂടെ വർക്ക് ചെയ്ത മ്യുസിഷ്യന് മനസ്സിലായിരുന്നില്ല ഇതിലെന്താണ് പറഞ്ഞിട്ടുള്ളതെന്ന്, എന്താ ചേട്ടാ ചിജ്ജഢചിന്തനം എന്നു ചോദിച്ചു. ഇതിൽ പറയുന്ന ആശയം പിടികിട്ടിയില്ലെങ്കിലും അനുഭവം കിട്ടി. ഒരു പക്ഷെ ഈ ആശയത്തോട് സമാനമായ എന്തോ ഒരു അനുഭവം അയാൾക്കുണ്ടായി. ഗുരു ഇത് എഴുതിയതിലൂടെ ഉദ്ദേശിക്കുന്ന ചില കാര്യങ്ങളുണ്ടല്ലോ. അത് സ്വയം അദ്ദേഹത്തിലുണ്ടാക്കിയ ചലനം ശ്രവ്യാനുഭൂതിയിലൂടെ മാത്രം എത്തിക്കാൻ കഴിയും എന്നുതോന്നുന്നു.

ശ്രീനാരായണ ഗുരുവിന്റെ 'ചിജ്ജഢ ചിന്തനം' എന്ന ശിവസ്തോത്രത്തെ ആസ്പദമാക്കി അതേ പേരിൽ നിർമ്മിച്ച മ്യൂസിക് ആൽബത്തിൽ നിന്നും. / Photo: Screegrab, Bodhi Silent Scape

വിശദമായി അർത്ഥതലങ്ങൾ വ്യാഖ്യാനിച്ചിട്ടുള്ള ഒരു അനുഭവം- അത് അല്ലാത്ത ഒന്നുതന്നെയാണല്ലോ മ്യൂസികിലൂടെയുള്ള യാത്ര. അർത്ഥത്തെ വിട്ട് അനുഭവത്തിൽ ലയിച്ച് ഉള്ളുണർന്നുള്ള ഒരു നില മ്യൂസിക് തരുന്നുണ്ട്. ആ അർത്ഥത്തിൽ, മ്യൂസിക് എന്നു പറയുമ്പോൾ ഉദ്ദേശിച്ചത് എന്തെല്ലാമാണെന്ന് ഒന്ന് വിശദീകരിക്കാമോ?

അതേ, ഞാൻ പറയുമ്പോൾ ആലങ്കാരികമാകുമെങ്കിൽ പോലും പ്രാക്ടിക്കലി, വളരെ wordly ആയ അവസ്ഥയിൽ നമുക്ക് അത് പറ്റും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. exaggerate ചെയ്തിട്ട്, അല്ലെങ്കിൽ സർറിയലായ ഒരു ഭാഷയിൽ നമ്മൾ പറയും, മ്യൂസിക് ഒരു ഭാഷയാണെന്ന്. പക്ഷെ അതിനപ്പുറത്തേക്ക് മ്യൂസിക് ഒരു സാർവലൗകികമായ ഭാഷയാണെന്നറിയുമ്പോൾ മ്യൂസിക് ഒരു ഭാഷയാണടോ, അത് ഞാൻ പറഞ്ഞുതരാം എന്നു പറയുന്ന ഒരു അവസ്ഥയിലേക്ക് ലളിതമായ അനുഭവത്തിലൂടെ വരാൻ പറ്റും എന്നാണ് ഞാൻ പറഞ്ഞത്.
അത് വളരെ ഡയറക്റ്റ് ആയി അപ്ലൈ ചെയ്യാൻ പറ്റും. വ്യക്തിപരമായും വർക്കുകളിൽ അത്രയും ഫ്രീഡം കൊണ്ടുനടക്കുന്ന ഒരാളാണ്. ഞാൻ ഭക്തനോ ഭക്തിരഹിതനോ ഈശ്വരവിശ്വാസിയോ നിരീശ്വരവാദിയോ എന്തെങ്കിലുമായിക്കോട്ടെ, എന്തുമായാൽപോലും അതിനെ ആ പോയൻറ്​ ഓഫ് ടൈമിൽ I like! അങ്ങനെതന്നെയാണ് ഇത് ചെയ്തത്.

പറച്ചിൽ അനുഭവമാക്കുമ്പോഴാണ് അതിന് മൂല്യമുണ്ടാകുക. പറയുന്നത് അനുഭവമാണ്, അനുഭവം എങ്ങനെ പറയാം? അത്, സംഗീതത്തിലൂടെ അനുഭവിപ്പിക്കാൻ എങ്ങനെയാണ് കഴിയുക?.

ചിജ്ജഡചിന്തനം എന്ന കവിതയിലെ വരികൾക്ക്, അതിന്റെ അർത്ഥത്തിന്, കൂടുതൽ ശ്രദ്ധയൂന്നാതെ ശബ്ദത്തിലേക്ക് മാത്രമായി പൂർണമായും importance കൊടുത്തു എന്നതാണോ ഈ പ്രൊഡക്ഷനെ സംബന്ധിച്ച് പ്രധാനം?

വായിക്കുന്നവർക്കും അങ്ങനെയുള്ള അനുഭവമുണ്ടാകും എന്ന്​ അറിയാല്ലോ. വി. മധുസൂദനൻ നായരും ടി.എം. കൃഷ്ണയും ചൊല്ലിയിട്ടുണ്ട്, പല രീതികളിലും. അതിന് പൊയറ്റിക്കൽ ഫ്യൂഷൻ റിലവൻസുണ്ട്, സ്പിരിച്വൽ റിലവൻസുണ്ട്. അതിനെ നമ്മളായിട്ട് കൊണ്ടുവരികയോ നശിപ്പിക്കുകയോ ചെയ്യേണ്ട കാര്യമില്ല. പക്ഷേ, സ്പിരിച്വാലിറ്റി എന്ന പറച്ചിലിൽ തീരും കാര്യങ്ങൾ! പറഞ്ഞുകഴിഞ്ഞാൽ പിന്നെ, ഫുൾസ്‌റ്റോപ്പിട്ടാൽ തീർന്നു. പറച്ചിൽ അനുഭവമാക്കുമ്പോഴാണ് അതിന് മൂല്യമുണ്ടാകുക. എനിക്ക് തോന്നുന്നത് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് അതാണെന്നാണ്. പറയുന്നത് അനുഭവമാണ്, അനുഭവം എങ്ങനെ പറയാം? അത്, സംഗീതത്തിലൂടെ അനുഭവിപ്പിക്കാൻ എങ്ങനെയാണ് കഴിയുക. വരികളിലെ ആശയത്തിനപ്പുറം ആനുഭാവികമായി തന്നെ അതിനപ്പുറത്തേക്ക് ആ വരി പറഞ്ഞിട്ടുള്ള ആശയങ്ങൾ അഥവാ വരികളുടെ തന്നെ ഫലം അനുഭവിപ്പിക്കാൻ കഴിയുന്ന ഒരു അനുഭവത്തെയാണ് ഉദ്ദേശിച്ചത്.

വി. മധുസൂദനൻ നായർ, ടി.എം. കൃഷ്ണ

മറ്റുള്ളവരുടെ ചിന്താസാധ്യതകളെ സ്വാഗതം ചെയ്യുമ്പോൾ അല്ലെങ്കിൽ മറ്റുള്ളവരെ കലാസ്വാദനത്തിൽ ഉൾക്കൊള്ളിക്കുമ്പോൾ, അബ്‌സ്ട്രാക്റ്റിന് വളരെ പ്രാധാന്യമുണ്ടല്ലോ, ആ അർത്ഥത്തിൽ അബ്‌സ്ട്രാക്റ്റ് ആയ ചിന്തയെ ഉദ്ദീപിപ്പിക്കുകയും നിലനിർത്തുകയുമാണല്ലോ? അപ്പോൾ, അബ്‌സ്ട്രാക്റ്റ് സ്വഭാവം സംഗീതത്തിൽ വന്നുകൂടായ്കയില്ല എന്നല്ലേ പറയുന്നത്?

അതെ, അത് കാണുന്നവരുടെ ചിന്തയെക്കൂടി ഷെയർ ചെയ്യുന്നുണ്ട്. കാണുന്നവർ ചിത്രകാരരാകുന്ന അവസ്ഥയുണ്ട്. അതുപോലൊരു കാര്യം തന്നെയാണ് ഞാൻ മ്യൂസിക്കിലൂടെ ചെയ്യാൻ ശ്രമിച്ചത്. സൗണ്ടിന് അങ്ങനെ കുറേ പ്രത്യേകതകളുണ്ട്. ഒരു ഫ്രീക്വൻസി ഓഫ് സൗണ്ടിന് നമ്മുടെ ചില റിഫ്‌ളക്‌സുകളെ ഉണർത്താൻ പറ്റും. ഒരുപാട് പ്രാക്ടീസ് ചെയ്തശേഷമായിരിക്കും, ഒരു വെടിക്കെട്ടു കേട്ടാൽ പോലും ഞെട്ടാതിരിക്കുന്ന അവസ്ഥയൊക്കെ ചിലർ ഉണ്ടാക്കിയെടുക്കുന്നത്. അതുപോലെ, റിഫ്ളക്‌സുകളെ ഉണർത്താനുള്ള കഴിവ് ശബ്ദത്തിനുണ്ട്. റിഫ്‌ളക്‌സുകളുള്ള മനുഷ്യർക്കേ സംഗീതവും വഴങ്ങൂ. കേൾവിയും വഴങ്ങൂ. അതിനപ്പുറത്തേയ്ക്കും പോയ ഒരാൾക്ക് മ്യൂസിക്കും പ്രശ്‌നമല്ല. മ്യൂസിക് എന്നല്ല സൗണ്ട് എന്നുതന്നെ പറയണം (മ്യൂസിക് പോലും) അല്ല.

ശരിക്ക് അർപ്പണബോധത്തോടെ ഒരാൾ ആദ്യമായി പാട്ട് കേട്ടുകഴിഞ്ഞാൽ അത് പത്താമത്തെ തവണ കേൾക്കുംപോലെയാണ്. ഗാനത്തിന്റെ ഉപരിപ്ലവമായ അലങ്കാരത്തിൽ വിശ്വസിച്ച് കേൾക്കുന്നവർക്ക്​ ഒരു നല്ല പാട്ട് ആസ്വദിച്ച് ഇഷ്​ടപ്പെടാൻ ഒരുപാട് തവണ കേൾക്കേണ്ടിവരും.

ഇപ്പോൾ, സൂര്യോദയത്തിൽ ഒരാൾ ഇടുന്ന മ്യൂസിക് മറ്റൊരാളെ ദുഃഖിപ്പിച്ചേക്കാം. മ്യൂസിക്കിന് അങ്ങനെ കുറേ പ്രത്യേകതകളുണ്ട്. പ്രഭാതമയമായ ഒരു സംഗീതം എന്നുപറഞ്ഞ് ഒരാൾ ചെയ്യുന്നത് മറ്റൊരാളെ പ്രഭാതം കാണിക്കാതെ ചെയ്താൽ കരഞ്ഞുവിഷമിച്ചുപോകും. ഡിപ്രഷൻ അടിച്ചുപോകും. അങ്ങനെയുള്ള ഡീ കോഡിങ് സംഗീതത്തിനുണ്ട്. പക്ഷെ സൗണ്ടിലൂടെ അല്ലെങ്കിൽ ചില സൗണ്ടുകൾക്ക് റിഫ്‌ളക്‌സുകളെയാണ് അനുഭവിപ്പിക്കുവാൻ കഴിയുക. ചില ഇൻക്ലൂസീവ് ആയി റിഫ്‌ളക്‌സുകളെയാണ് സംഗീതം അഡ്രസ് ചെയ്യുന്നത് എന്നു തോന്നുന്നു.

ഒരു വർക്ക് ചെയ്തിട്ട് അത് വീണ്ടും കാണുമ്പോൾ വേറൊരു ചിന്തയുണ്ടാകുമോ? അപ്പോൾ, ചെയ്തതിൽനിന്ന് വ്യത്യസ്തമായി അതിന്റെ ഉദ്ദേശ്യങ്ങളിൽനിന്ന് വ്യത്യസ്തമായ ചിന്ത ഉണ്ടായതായി തോന്നിയിട്ടുണ്ടോ?

ചെയ്തശേഷം കാണുമ്പോൾ വേറൊരു ചിന്ത ഉണ്ടാകാൻ സാധ്യത കുറവാണ്. കാരണം, നമ്മൾ ചെയ്യുന്ന പ്രോസസ് തന്നെ ചിന്തയിൽനിന്ന് മാറാൻ കുറേനാളെടുക്കും. ഇതിൽ ഞാൻ തന്നെയാണ് എഡിറ്റ് ചെയ്തത്. വിഷ്വലും എഡിറ്റിങ്ങും ഒക്കെ ഒരാളാണ്. അപ്പോൾ, മുന്നിലിരുക്കുന്ന കമോഡിറ്റിയെ കേവലം ഫൂട്ടേജസായി കാണുകയും അത് നിരത്തിയിട്ട് അതിന്റെ pulses, മുഖത്തിന്റെ ഭാവത്തിൽ ഒക്കെ നമ്മൾ തന്നെ ഉണ്ടാക്കുകയാണ്, ഇതിനകത്ത് മറ്റൊരു രീതിയിലുള്ള ചിന്തകളില്ല. എനിക്കിത് ആസ്വദിക്കണമെങ്കിൽ വേറൊരാൾ ചെയ്തിട്ട് തരണം. നമ്മൾ ഭാഗമല്ലാത്ത സിനിമകളൊക്കെ കാണുമ്പോൾ അത് മൊത്തത്തിലാണ് ആസ്വദിക്കാറ്. അതിന്റെ സംഗീതം മാത്രമായി ശ്രദ്ധിച്ചിട്ടുണ്ടാകില്ല. പക്ഷെ, സ്വയം ചെയ്യുന്ന വർക്കുകളിൽ അങ്ങനെയല്ല. ഇവിടെ, ഗുരുവിന്റെ ഒരു സൃഷ്ടിയിലൂടെ നമ്മൾ ഇങ്ങനെ പോകുകയാണ്. ഈ പ്രൊഡക്ഷനിൽ ഭൗതികമായി ചില കാര്യങ്ങൾ- സൗണ്ട് എത്ര, വോള്യം എന്നൊക്കെ. വേറൊരു സ്പിരിച്വൽ അർഥതലത്തിലേക്കൊന്നും ചിന്തിക്കുന്ന ഒരനുഭവമേയില്ല.

'ശിവപ്രസാദപഞ്ചകത്തിലും മറ്റും പറയുന്ന കാര്യങ്ങൾ പലതും എന്റെ ജീവിതത്തിലെ കാര്യങ്ങൾ ഒന്നുമല്ലെങ്കിലും, ഒരു പൊയറ്റിക് സെൻസിൽ ആഴത്തിൽ ആസ്വദിക്കുന്ന ഒരാളാണ്. പൊയറ്റിക് സെൻസിൽ Avengers cinema കാണുന്നതുപോലെയേ ഉള്ളൂ എനിക്ക് ഇതും കാണുന്നത്.' / Photo: marvel.com

നാരായണഗുരു ‘തോടയം’ എന്ന വൃത്തത്തിൽ ഒരു നാടോടി സംസ്‌ക്കാരത്തിലേയ്ക്കു കൂടി ഉപയോഗ്യമായ ഒരു രീതിയിൽ പാടിപ്പതിയാൻ ശ്രദ്ധിച്ചാവണം ശബ്ദവും ഇതിന്റെ വൃത്തവുമൊക്കെ വിന്യസിച്ചിരിക്കുക. ഈ വൃത്തത്തെ കേന്ദ്രീകരിച്ച് ശബ്ദ ക്രമീകരണങ്ങളിൽ കൂടുതൽ ശ്രദ്ധ ഈന്നിയിട്ടുണ്ടോ? പ്രത്യേകിച്ചും പാടിപ്പതിയേണ്ടത് എന്ന രീതിയിലാണല്ലോ ‘തോടയം’ വൃത്തത്തിലുള്ള കവിതകൾ എഴുതപ്പെട്ടിട്ടുള്ളത്. ഗുരുവിന്റെ സമകാലീനർ പലരും ‘തോടയം’ വൃത്തം ഉപയോഗിച്ചിരുന്നല്ലോ, അതിന്റെ റിഥം അങ്ങനെയാണല്ലോ. അങ്ങനെ ചെയ്തിരുന്നോ?

പല സംസ്‌കൃത കൃതികളും ഇതേ വൃത്തത്തിലുണ്ട്. ‘അയിഗിരിനന്ദിനി നന്ദിത മേദിനി' എന്നത് ശങ്കരാചാര്യരെഴുതിയിട്ടുള്ളത്... ഇപ്പോൾ അതിന്റെ പേരങ്ങനെ തന്നെയാണോ, ‘തോടയ’മാണോ, എന്നെനിക്കറിയില്ല. ശിവശങ്കര ശർവ്വ ശരണ്യ വിഭോ, ഭവ സങ്കട നാശന, പാഹി, ശിവ, അയഗിരി നന്ദിനി നന്ദിത മേദിനി വിശ്വമോഹിനി വിഷ്ണുനുതേ
ഇത് അതേ വൃത്തമാണ്. ഇദ്ദേഹത്തിന്റെ കൂടി ഒരു follower ആണല്ലോ?

പല മീഡിയത്തിലേയ്ക്കും ബന്ധിപ്പിച്ച്​ ഒരു എക്​സ്​പ്രഷൻ ഉണ്ടാകുമ്പോൾ, അത് റിഫ്ലക്​റ്റു ചെയ്തുകഴിഞ്ഞ്​ നോക്കുമ്പോൾ അതൊരു എക്​സ്​പ്രഷൻ മാത്രമാണ്. അതിൽ നിങ്ങളുടെ കർതൃത്വം മാറുന്നുണ്ടോ? ആ പ്രൊഡക്​റ്റ്​ ഒരു പ്രൊഡക്​റ്റ്​ ആയി അവിടെ കിടക്കുകയാണ് എന്നാണോ? പ്രൊഡക്​റ്റിൽനിന്ന്​ ഡിറ്റാച്ച്​ഡ്​ ആയി ഒന്നിറങ്ങാൻ തന്നെ ബുദ്ധിമുട്ടാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അപ്പോൾ പല, duration of time വേണ്ടിയിരിക്കും ഓരോരുത്തർക്കും അവരുടെ അനുഭവത്തിൽ നിന്നിറങ്ങി വേറൊന്നായി മാറുവാൻ. പൊതുവെ വർക്കുകൾ ചെയ്യുമ്പോൾ, അതിന്റെ സ്​റ്റൈലിൽ, അല്ലെങ്കിൽ ക്രാഫ്റ്റിൽ വെറും ഒരു പ്രൊഡക്​റ്റ്​ എന്നതിലുപരി നോക്കുമ്പോൾ work of art ആയി മാറുന്നുണ്ട് എന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ? ഒരുപക്ഷേ, ആ പ്രവർത്തിയിലൂടെ തന്നെ നിങ്ങളുടെ സബ്ജക്റ്റിവിറ്റി മാറുന്ന അനുഭവം പിന്നീട് വർക്കിലേയ്ക്ക് ഒന്നുകൂടി നോക്കുമ്പോൾ തോന്നിയിട്ടുണ്ടോ? അപ്പോൾ നിങ്ങൾക്ക് വെറുമൊരു കേൾവിക്കാരനായി മാറാൻ സാധിക്കാറുണ്ടോ?

അങ്ങനെ തന്നെ ചിലപ്പോൾ പറ്റിക്കോളണമെന്നില്ല. ഞാനിപ്പോൾ മതിപ്പോടെ തന്നെയാണ് കാണുന്നത്. നമ്മുടെയാണോ വേറെയാണോ എന്നല്ല അതിന്റെ ഔട്ട്​പുട്ട്​, പലപ്പോഴും നമ്മുടെ സുഹൃത്തുക്കളുടെ മുഖത്തുനിന്നാണ് ഞാനിത് വായിച്ചെടുക്കുന്നത്. അതിനാണ് വർക്ക് ചെയ്യുന്നത്. ഞാനിത് കണ്ടാസ്വദിച്ചു കൊണ്ടിരിക്കുന്നതിനു പകരം പലപ്പോഴും എന്റെ സ്റ്റുഡിയോവിൽ സോങ്ങ് പ്ലേ ചെയ്ത് അപ്പുറത്തെ മുറിയിൽ പോയി നോക്കിയിട്ടുണ്ട്, അവരുടെ മുഖങ്ങളിലേയ്ക്ക്. അവർ എന്നെ കാണുന്നുണ്ടാകില്ല. പക്ഷെ അവരുടെ genuine expressions എനിക്ക് കാണാൻ പറ്റും. ഇത് എന്നെ തൃപ്തിപ്പെടുത്താൻ വേണ്ടി തന്നെയാണ്. അതുറപ്പാണ്. ഞാനൊരു പ്രൊഡക്റ്റ് ഉണ്ടാക്കുമ്പോൾ അത് എന്റെ ഒരു അനുഭവമാണ്. ചിന്തകളുടെയും സാങ്കേതികതകളുടെയും സമ്മിത്രമായ ഒരു അനുഭവം. പക്ഷേ അതിന്റെ പ്രോസസ്​, തന്നെ ഉണ്ടാക്കുന്നതാണ്. അപ്പോൾ ഏറ്റവും end ആയ പ്രൊഡക്റ്റ് എന്നു പറയുന്നത്, പക്ഷെ എനിയ്ക്കു വേണ്ടിയുള്ളതല്ല. മറ്റൊരാൾക്കുവേണ്ടിയുള്ളതാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്.

ചിലർ പറയും, ആദ്യം കേട്ടപ്പോൾ എനിക്കത്ര ഇഷ്​ടപ്പെട്ടില്ല, അതാണ് ആദ്യം വിളിക്കാതിരുന്നത്, പിന്നെ കേട്ട് കേട്ട് ഇഷ്​ടപ്പെട്ടു എന്ന്. ശരിക്ക് അർപ്പണബോധത്തോടെ ഒരാൾ ആദ്യമായി പാട്ട് കേട്ടുകഴിഞ്ഞാൽ അത് പത്താമത്തെ തവണ കേൾക്കുംപോലെയാണ്.

അതുവരെയുള്ള പ്രവർത്തനം എനിക്കുവേണ്ടിയാണ്. ഫുൾസ്​റ്റോപ്പ്​ ഇടുന്നത് വരെയാണ് എനിക്കുവേണ്ടി ഞാൻ ചെയ്തിട്ടുള്ളത്. അത് bounce ചെയ്ത് മുകളിലെത്തി പുറമെയാകുന്ന അവസ്​ഥയിൽ, എനിക്കു വേണ്ടിയല്ല. ഞാൻ പുറത്തേയ്ക്ക് വിട്ടു കൊടുത്തു. അത്, രണ്ടാമതൊരാൾ കാണുമ്പോൾ തന്നെയാണ് വീണ്ടും അതേ എക്​സ്​പ്രഷൻ, എന്റെ ഫീലിംഗ് ആയി മാറുന്നത്. ഉദാഹരണത്തിന് കേൾവിയുടെ നിലവാരമനുസരിച്ച് അനുഭവങ്ങൾ മാറിക്കൊണ്ടിരിക്കും. ചിലർ പറയും, ആദ്യം കേട്ടപ്പോൾ എനിക്കത്ര ഇഷ്​ടപ്പെട്ടില്ല, അതാണ് ആദ്യം വിളിക്കാതിരുന്നത്, പിന്നെ കേട്ട് കേട്ട് ഇഷ്​ടപ്പെട്ടു എന്ന്. ശരിക്ക് അർപ്പണബോധത്തോടെ ഒരാൾ ആദ്യമായി പാട്ട് കേട്ടുകഴിഞ്ഞാൽ അത് പത്താമത്തെ തവണ കേൾക്കുംപോലെയാണ്. ഗാനത്തിന്റെ ഉപരിപ്ലവമായ അലങ്കാരത്തിൽ വിശ്വസിച്ച് കേൾക്കുന്നവർക്ക്​ ഒരു നല്ല പാട്ട് ആസ്വദിച്ച് ഇഷ്​ടപ്പെടാൻ ഒരുപാട് തവണ കേൾക്കേണ്ടിവരും. ഔട്ട്​ ആയിക്കഴിഞ്ഞാൽ അത് രണ്ടാമത്തെയാളുടെ വിഭവമാണ്. അത് വിട്ടുകൊടുക്കുന്നത് അല്ലേ! അത് ഏതും അങ്ങനെയല്ലേ എന്നെനിക്കു തോന്നുന്നു, പെയിൻറിങ്ങുകൾ തന്നെ ആണെങ്കിലും അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

എക്​സ്​പ്രഷൻ എന്നത് സാമൂഹികമാണ്. കലാസ്വാദനത്തിൽ കലാകാരർ അവസാനത്തെ ഒപ്പിട്ടു കഴിഞ്ഞാൽ പിന്നെ അത് ഉറപ്പായിട്ടും അവരുടേതാണ്. പക്ഷെ, അത് മറ്റൊരാളുടെ കൂടിയാണല്ലോ, അത് ഉറഞ്ഞുകൂടി നിൽക്കുന്നില്ലല്ലോ. നിങ്ങൾ ചെയ്ത വർക്കാണ്, അത് ചെയ്ത് കഴിഞ്ഞപ്പോൾ വർക്ക് കഴിഞ്ഞു. പിന്നെ നിങ്ങൾ ഓഡിയന്റായി​ മാറാൻ ശ്രദ്ധിക്കാറുണ്ടോ?

ആകുന്നുണ്ട്. പക്ഷെ, ഭയങ്കര നാച്യുറലായ ഓഡിയന്റ് ആവുന്നുണ്ടോ എന്ന് എനിക്കൊരു സംശയമുണ്ട്. കാരണം, അങ്ങനെ ഒരു മൈൻഡ് സെറ്റ് എനിക്ക് ആക്കേണ്ട ആവശ്യം വന്നിട്ടില്ല.

ഒരു പെർസ്‌പെക്ടീവിന്റെ ഭാഗമായി, ആ പെർസ്‌പെക്ടീവിലുള്ള ചിന്തകൾ വന്നിട്ടുണ്ടാകുമോ? ഒരുപക്ഷെ ഇപ്പോൾ ചെയ്ത ആ വർക്ക് അങ്ങനെയാണോ? പ്രോസസ്സിനിടയിലുണ്ടായ ചിന്തകളെ കുറിച്ച് ചിന്തിക്കേണ്ടി വന്നിട്ടുണ്ടോ?

അതെ, അത് വേറൊരു പ്രോസസ് തന്നെയായിരിക്കും. ഞാൻ കേവലം ഒരു ലിസണറോ വ്യൂവറോ ആകുന്ന ഒരവസ്ഥയില്ല. അങ്ങനെ ആവണമെന്നില്ല. അത് വേറൊരു പ്രോസസ് ആയിരിക്കും. അതിനുപിന്നിൽ ചിന്തയുടെ ആവശ്യമുണ്ട്. പക്ഷെ അതിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വർഷങ്ങൾക്കുശേഷം നമ്മൾ കേൾക്കുമ്പോൾ ചിലപ്പോൾ അങ്ങനെ തോന്നിയേക്കാം. അതായത്, ന്യൂട്രലായ ഒരു വ്യൂവറുടെ മാനസികാവസ്ഥയൊക്കെ ഉണ്ടായേക്കാം.
ഏറെക്കുറെ ഒരുപാട് കാര്യങ്ങൾ എന്റെ തലയിലൂടെ പൊയ്‌ക്കൊണ്ടിരുന്നു. ഇപ്പോൾ കവിതയുടെ വെർബലായ കാര്യങ്ങൾ, നേരത്തെ പറഞ്ഞപോലെ, ഈ കവിതയുടെ ല്വിംഗസ്റ്റിക്കലായ കരുത്ത്, വേദാന്തം അടിസ്ഥാനമാക്കിയുള്ള തിയോളജിക്കൽ ഡൈമൻഷൻ, അല്ലെങ്കിൽ അതിന്റെ നിഷേധം, അത് തന്നെ കവിതയുടെ ഭാഗമാണ്. ശ്രീനാരായണഗുരുവിനെ കൂട്ടിചേർത്ത് വായിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം ആളെപ്പറ്റി ഘോരഘോരം പറഞ്ഞുകൊണ്ടിരുന്നു. പലപ്പോഴും അദ്ദേഹത്തെ വിമർശിക്കുന്ന കുറേ ടോക്കുകൾ (മൈത്രേയന്റെ ഒരു ഇന്റർവ്യൂ കഴിഞ്ഞ ദിവസം കേട്ടിരുന്നു. അദ്ദേഹത്തിന്റെ ടോക്ക് ഗുരുവിനെ നിഷേധിക്കുന്നതല്ല. വേദാന്തം എന്നത് ഒരു ഇന്റലക്ച്വൽ വർക്ക് ആണെങ്കിലും കണ്ടംപററി അല്ലല്ലോ, വേദാന്തികൾ ഇപ്പോഴും പൂർണബോധവും, ബോദ്ധ്യവുമൊക്കെയുള്ള ആളുകൾ എന്നാണല്ലോ അവർ തന്നെ പറയാറ്. സെൽഫ് എൻലൈറ്റ്‌മെൻറ്​ എന്നൊക്കെ പറയുന്ന തരത്തിൽ!). പക്ഷെ, അതിനപ്പുറം വ്യാവഹാരിക ലോകത്തെ ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളോ, ശാസ്ത്രത്തെ കുറിച്ച് പോലും അവർക്ക് വലിയ ഗ്രാഹ്യം ഇല്ല.

വേദാന്തികൾ, അവരുടെ ജീവിതം, ആശയങ്ങൾ, അങ്ങനെ മുമ്പുണ്ടായിരുന്ന ഓരോന്നും- അത് സമയത്തിന്റെ കാര്യമായി കാണാമല്ലോ? ചിന്താസരണികൾക്ക് എല്ലാ കാലത്തും ചിന്താപദ്ധതി എന്ന തരത്തിൽ പ്രാധാന്യമില്ലേ?

പുതിയ ഒരു ഘട്ടത്തിൽ അതിന് പ്രസക്തിയില്ല. പ്രസക്തി എന്നുപറഞ്ഞാൽ, ചിന്തയ്ക്ക് ഇൻഫീരിയർ / സുപ്പീരിയർ എന്ന രീതിയിൽ മൂല്യമുണ്ട്. അത് മനസ്സിലാക്കിയിട്ട്, വായിച്ചുകൊണ്ടാണ് ഞാൻ നിഷേധിക്കുന്നത്. ഒരാലോചനയ്ക്ക് അതിന്റേതായ ഒരു ക്വാളിറ്റി ഇല്ലേ? അതേറ്റവും ദുഷിച്ചതാണെങ്കിൽ കൂടി സമൂഹത്തിനുവേണ്ടി ദുഷിച്ച ഒരു ഇംപാക്റ്റ് ഉണ്ടാക്കണമെന്ന് ചിന്തിച്ച് ഉണ്ടാക്കുന്ന ഒരു കൃതി പോലും ആലോചനയുടെ ഭാഗമായിട്ടാണ് ഉണ്ടായി വരുന്നത്. ഭൗതികമായ ഒരു ഇടപെടൽ ഉള്ളതുകൊണ്ട്, നാം അത് വായിക്കണം. അത് വായിച്ച് അതെഴുതിയവരുടെ ബുദ്ധിയെക്കുറിച്ച് നമ്മൾ ബോധവാന്മാരാകണം. അതുകൊണ്ട് എനിക്ക് ഇതിന്റെ കൃതി പ്രധാനമാകുന്നു. അതുമില്ലെങ്കിൽ നമുക്ക് എതിർപ്പൊന്നുമില്ല. ആലോചന തീക്ഷ്ണം തന്നെയാണ്.

ബിജിബാലിന്റെ bodhi silent scape എന്ന യൂട്യൂബ് ചാനലിലാണ് 'ചിജ്ജഡചിന്തനം' റിലീസ് ചെയ്തത്.

കളിയച്ഛൻ എന്ന പടം ചെയ്തതിനുശേഷം ഞാൻ പി. കുഞ്ഞിരാമൻ നായർ എന്ന കവിയെ പരിചയപ്പെടുകയാണ്. അദ്ദേഹത്തിന്റെ കവിതയൊന്നും വായിച്ചുണ്ടായിരുന്നില്ല. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ സമ്പൂർണകൃതികൾ വാങ്ങി വായിച്ചു.

പക്ഷേ, എനിക്ക് ആ ആലോചന കൊണ്ട് ഒന്നും ചെയ്യാനില്ല എന്നതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. എന്നാൽപോലും ഞാൻ അതിനെ ബഹുമാനിക്കുന്നു. ഉറപ്പായിട്ടും ബോധത്തിന്റെ ഒരുപാട് കാര്യങ്ങൾ അതിൽ ഇൻവെസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇഷ്ടമാണെന്നാണ് ഞാൻ പറഞ്ഞത്. അത്തരം കുറെ കാര്യങ്ങൾ തലയിൽനിന്ന് പ്രോസസ് ചെയ്ത് ഉണ്ടായതു കൊണ്ടാണ് അതിഷ്ടമാകുന്നത്. ഇത്രയും ഗഹനമായി ബോധത്തെക്കുറിച്ച് എന്നുവെച്ചാൽ, സാധാരണക്കാർ ആർക്കെങ്കിലും വേണ്ടി ഇങ്ങനെ ഒന്ന്, ഇത്രയും ആശയപരമായി ഒരു ഇൻവെസ്റ്റ്‌മെൻറ്​ ചെയ്യുകയേ വേണ്ട. ഒരു അന്വേഷിക്കാണ് ഇന്റലക്ച്വൽ വർക്ക് ഉപകാരപ്പെടുന്നത്. ഇതുപക്ഷെ, ഒരന്വേഷണമില്ലാതെ കേട്ടാൽ തന്നെ ശബ്ദത്തിലൂടെ ഒരു കിക്ക് കിട്ടുന്നതുപോലെ ഒരനുഭവം ഉണ്ടാകണമെന്നാണ് ആലോചിച്ചത്. ജഡമിന്നിതുകൊണ്ടു ജയിക്കുമിതി- ന്നിടയില്ലയിരുപ്പതിലെന്തിനുമേ
- ആ വരിയുടെ വോയ്‌സ് ഡ്രൈ ആക്കി reverb കട്ട് ചെയ്തിരിക്കുന്നു. എന്ന്പറഞ്ഞാൽ, ടെക്‌സ്റ്റ് വെറുതെ പച്ചയ്ക്കിങ്ങനെ പറയുന്ന സൗണ്ട് മാത്രമാക്കിയിട്ട് വീണ്ടും സംഗീതത്തിലേക്ക് കടക്കുകയാണ് ചെയ്യുക.

അപ്പോൾ, ഒരു പ്രോസസിൽ നില്ക്കുമ്പോൾ തന്നെ പെർസ്‌പെക്ടീവിന് മാറ്റം വന്നിട്ടുണ്ടാകുമല്ലോ. ഈ ​പ്രൊഡക്ഷന്റെ ഭാഗമായി ചില അന്വേഷണങ്ങൾ നടത്തിയിട്ടില്ലേ?

അന്വേഷണം എന്നത് എന്റെ ഉള്ളിൽ എന്നുമുണ്ട്. അന്വേഷി എന്നുപറയുന്നത് നമ്മൾ അവകാശപ്പെടുകയാണല്ലോ. അല്ലാതെ അതിന് ക്വാളിറ്റി ഉണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. പക്ഷേ, തിരഞ്ഞുകൊണ്ടിരിക്കുന്നത് ഒക്കെ സംഭവിക്കുന്നുണ്ട്. ബാർബർ ഷോപ്പിലിരിക്കുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുന്നതുപോലും അതിന്റെ തുടർച്ചയാണ്. ആകാശവാണി എന്നെ ഏല്പിച്ചതിനുശേഷം ഇതിലേക്കു ഞാൻ കടന്നു. കളിയച്ഛൻ എന്ന പടം ചെയ്തതിനുശേഷം ഞാൻ പി. കുഞ്ഞിരാമൻ നായർ എന്ന കവിയെ പരിചയപ്പെടുകയാണ്. അദ്ദേഹത്തിന്റെ കവിതയൊന്നും വായിച്ചുണ്ടായിരുന്നില്ല. പിന്നീട് ഞാൻ അദ്ദേഹത്തിന്റെ സമ്പൂർണകൃതികൾ വാങ്ങി വായിച്ചു. വായിച്ചപ്പോൾ, മലയാളഭാഷയെക്കുറിച്ച് അൽപം മതിപ്പ് കൂടുതൽ തോന്നി. അദ്ദേഹത്തിന്റെ കവിതകളിലൂടെ പോയപ്പോൾ. അദ്ദേഹത്തിന്റെ മലയാള ഭാഷ, (നമ്മളെപ്പോഴും പറയാറുള്ള, തമിഴാണ് ഭാഷ! എന്നത് എനിക്ക് വളരെ നിസ്സാരമായി തോന്നി.) ‘അത്ര മലയെ ആളുന്നത്' എന്നുപറയാറില്ലേ, അതെനിക്ക് വളരെ കാര്യമായി തോന്നി. അത്തരം ജല്പനങ്ങൾക്ക് ഇപ്പോൾ മലയാളത്തിൽ ഭയങ്കരമായ ഒരു ഇമേജറി കൊടുക്കാൻ സാധ്യമായ ഓപ്ഷനുകൾ ധാരാളം ഉണ്ടെന്ന് ആലോചിച്ചുപോയി. അദ്ദേഹത്തിന്റെ കവിതകൾ കാണുമ്പോൾ അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ഇങ്ങനെ നടക്കുന്നുണ്ട്. അത് ചിലത് ചിലതിന് കാരണമാകുന്നു എന്നു മാത്രമേയുള്ളൂ. കാരണം, മുന്നിൽ വന്നാൽ നമ്മൾ ആസ്വദിക്കാറുണ്ട്, അതാണ് സംഭവിക്കുക. ഇപ്പോൾ ഇതാണ് എനിക്ക് ഒരു കാരണമാകുന്നത്. അതായത് ഇത് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒന്നോ രണ്ടോ കൂടി മറ്റൊരു എക്​സ്​പ്രഷൻ എന്ന രീതിയിൽ നാരായണഗുരുവിന്റെത് ചെയ്താലോ എന്ന ഒരാലോചന കൂടി വന്നിട്ടുണ്ട്. ജനനീനവരത്‌നമജ്ജരി കവിത- (ഇതിന്റെ പേരിൽ ഭക്തിയിലേക്ക് കടക്കുകയൊന്നുമല്ല.) അതാണെന്റെ ചിന്താവിഷയം.

പി. കുഞ്ഞിരാമൻ നായർ

ബിജിബാലിനെ സിനിമയിലൂടെ, സിനിമയിലെ പാട്ടുകളിലൂടെ പൊതുജനങ്ങൾക്ക് അറിയാം. നാരായണഗുരുവിനെ എല്ലാവർക്കും സുപരിചിതവുമാണ്. ചിജ്ജഢചിന്തനം എന്ന കവിതയും പാട്ടുരൂപത്തിൽ ഏകദേശം ഇതേ മട്ടിൽ കേട്ടുപഴകിയിട്ടുള്ളതുമാണ്. അങ്ങനെയിരിക്കെ പെട്ടെന്നിങ്ങനെ ഒരു വർക്ക് ചെയ്യാൻ എന്താണ് കാരണം?

ഇങ്ങനെ ചില വർക്കുകൾ ചെയ്യാറുണ്ട്. എനിക്കൊരു യുട്യൂബ് ചാനലുണ്ട്, Bodhi silent scape. അതിലാണിത് റിലീസ് ചെയ്തത്. സിനിമയിൽ അല്ലാത്ത പലതും, എന്റെയും അങ്ങനെയുള്ള ആൾക്കാരുടെയും പലതരം വർക്കുകൾ ഷോകേസ് ചെയ്യാനുള്ള ചാനലാണത്. അതിൽ ഇങ്ങനെ ചില വർക്കുകൾ വന്നിട്ടുണ്ട്. നമ്മളുടേതായ രീതിയിൽ, പൈസയുടെ പരിധിയിൽനിന്ന് ചെയ്യാവുന്ന ചില കാര്യങ്ങൾ അതിൽ പ്രൊഡ്യൂസ് ചെയ്യാറുണ്ട്. ചിലപ്പോൾ ഒരു വീഡിയോ കണ്ണൂർ പാചകത്തെക്കുറിച്ചായിരിക്കും. അടുത്ത വീഡിയോ ഇസ്​ലാമോഫോബിയയെക്കുറിച്ചായിരിക്കും... അങ്ങനെ. സാമൂഹിക പ്രസക്തിയുള്ള ​പ്രൊഡക്ഷനുകൾ.

ഈ പ്രൊഡക്ഷന്റെ ഐഡിയ പ്രത്യേകിച്ചും, നടരാജന്റെ, ഉഗ്രരൂപിയായ ശിവന്റെ പെയിന്റിംഗുമൊക്കെയായിട്ട് നൂതന സാങ്കേതിക വിദ്യ സംഗീതത്തിൽ ഉപയോഗിച്ച് ആരാണ് കൊണ്ടുവന്നത്. ഈ പ്രൊഡക്ഷൻ ആരാണ് ഡിസൈൻ ചെയ്തത്?

ഞാൻ തന്നെ. ഇങ്ങനെയുള്ള ഒരു പ്രൊഡക്ട് മലയാളത്തിൽ അധികം വന്നിട്ടില്ല. സ്പിരിച്വൽ പ്രൊഡക്ഷനിൽ ഇത്തരം ഒരു രീതിയിലേക്ക് അങ്ങനെയാരും ചെയ്തിട്ടില്ല. ചിലപ്പോൾ അങ്ങനെയുള്ള രീതിയിൽ ചില വിമർശനങ്ങളും കേൾക്കേണ്ടി വന്നേക്കാം.

എസ്.എൻ.ഡി.പിയുടെ പരിപാടികളിൽ കേൾക്കുന്ന അതേ പാട്ട് എന്ന രീതിയിൽ വിഷ്വലിന്റെ മെമ്മറിയിൽ നില്ക്കുന്ന ഒന്നുതന്നെയാണല്ലോ ഇത്. പക്ഷെ തികച്ചും മറ്റൊരു രീതിയിൽ, പ്രത്യേകിച്ച് ഒരു കണ്ടംപററി മെമ്മറിയിൽ ഒരു ബോഡി മൈൻറ്​ ഡിസ്‌കോസ് എന്ന രീതിയിൽ, പാടുന്ന ആളുടെ മുഖം തന്നെ ലൈറ്റിന്റെ ഒരു സാധ്യതയെ മുൻനിർത്തി വിഷ്വലൈസ് ചെയ്യുന്നുമുണ്ടല്ലോ. പ്രത്യേകിച്ചും ആ ഒരു പാതി മുഖം, പിന്നെ ഉഗ്രരൂപിയായ ശിവന്റെ പെയിന്റിംഗ്​... അങ്ങനെ persistenceന്റെ അനുഭവത്തെ കൃത്യമായി ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന ആനുഭാവിക സമന്വയം; അത് മനോഹരമായി അവതരിപ്പിക്കുന്നു.

ഒരു പാട്ട് എന്ന രീതിയിൽ ആളുകൾ കേട്ട്​, പിന്നീടത് അഞ്ചു കൊല്ലത്തിനുശേഷമൊക്കെ ആയിരിക്കും വ്യാഖ്യാനങ്ങൾ വരിക, പിന്നെയും അഞ്ചു വർഷത്തിനുള്ളിലായിരിക്കും ആളുകൾ ഉദ്ദേശിക്കുന്നതും ഉദ്ദേശിക്കാത്തതുമായ ഒരു ഫേസിലേക്ക് പോകുക. അത് കവിതയുമായുള്ള ഒരു ബന്ധം, ‘പൂരിതന്നിലിരുന്ന് പുറം പുരി ചെയ്ത്.... രൽഭുതമാ' എന്നതിൽ പുരം നമ്മുടെ ഉള്ളിലാണ്. ആ പുരത്തെ നമ്മൾ സ്വയം പൊരിക്കാനുള്ള ഒരു പവർ സ്വയം ഉണ്ടാക്കണം എന്നു തന്നെയാണല്ലോ പറയുന്നത്. അല്ലെങ്കിൽ ഇതൊന്നുമല്ലെങ്കിലും കുറച്ചുകഴിഞ്ഞെങ്കിലും അതിലേക്കൊക്കെ കേൾവിക്കാർ എത്തും എന്നാണ് ഞാൻ കരുതുന്നത്. അതിന്റെ ആ വീഡിയോയുടെ അടിയിൽ description boxൽ ഇത് കൊടുത്താലോ എന്ന് കരുതിയിരുന്നു.

ശ്രീനാരായണഗുരു പരിണാമത്തെക്കുറിച്ച് പറഞ്ഞതായിട്ടാണ് പറയുന്നത്. ഡോ. പൽപ്പു അങ്ങനെ എന്തോ ചോദിച്ചപ്പോൾ ‘നിന്റെ അപ്പൂപ്പൻ കുരങ്ങനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചുവത്രേ.

അനുഭൂതി എന്നത് ഓരോരുത്തർക്കും വേറെ തന്നെ ഒന്നല്ലേ? പ്രത്യേകിച്ചും സമയം എന്ന കാര്യത്തെ വെച്ച് നോക്കുമ്പോൾ അനുഭവം ഒന്നാകുക എന്നത് ഒരു രസകരമായ ചോദ്യം തന്നെയല്ലേ?

Experiential reality ​ യോ relationality ​യോ ഒക്കെ വേറെയാണല്ലോ! എല്ലാവർക്കും ഉണ്ടാകുമത്. അതെ, എല്ലായ്‌പ്പോഴുമൊക്കെ receprocate ചെയ്യുന്ന കാര്യങ്ങൾക്കും അനുസരിച്ചാണ് അത് സംഭവിക്കുന്നത്. നമുക്ക് ഇതുണ്ടാകുന്നത് വേറെ തലത്തിൽ ആയിരിക്കുമല്ലോ. കാരണം, എല്ലാം ഒരു പോയിന്റിലേക്ക് എത്തുമ്പോൾ നമ്മൾ അനുഭവിക്കുന്നത് എന്ന് പറയുന്ന ക്വാളിറ്റിയിൽ വ്യത്യസ്​തമാകുകയേയുള്ളൂ. സമയത്തിന്റെ ക്വാളിറ്റിയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല. പക്ഷെ അത് receprocate ചെയ്യുമ്പോൾ ലഹരി പോലെ എന്നൊക്കെ പറയുന്നതിലെ അനുഭൂതി ഒന്നുതന്നെയായിരിക്കും. ഈ അനുഭൂതിയുടെ ക്വാളിറ്റി നമുക്ക് അളക്കാൻ സാധിക്കില്ലല്ലോ.

ഭാഷയ്ക്കതീതമായ ഒരനുഭവമാണ്​ ഈ വർക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. ഭാഷ ഉണ്ടാക്കാത്ത അനുഭവം തന്നെയാണോ അത്​?

അങ്ങനെ കണക്റ്റ് ചെയ്താൽ, ഒരു സ്ഫുരണം പോലെയായിരിക്കുകയേ ഉള്ളൂ അത്. ഒരു സ്ഫുരണത്തിന് എവിടെ എടുത്തുകഴിഞ്ഞാലും ഒരേ ക്വാളിറ്റി തന്നെ ആയിരിക്കുകയില്ലേ? അതുപോലെതന്നെയാണ്​ ആ അനുഭവവും. പക്ഷേ, ഇത് പറയാനോ എക്​സ്​പ്രസ്​ ചെയ്യാനോ സാധിക്കണമെന്നുമില്ല. ചിലപ്പോൾ ഭാഷാപരമായി അതിന്റെ എക്‌സ്​പ്രഷൻസിനെ നോക്കിയാൽ qualitaitve expression തന്നെ ആയിരിക്കും ഈ വേദാന്തമൊക്കെ.

'ചിജ്ജഢ ചിന്തനം' മ്യൂസിക് ആൽബത്തിലെ രംഗം.

വേദാന്തം ഒരു ecstacy ആണ്. അത് ആ പിരീഡിൽ നിൽക്കുന്ന possible thought ഉണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. ആ രീതി തന്നെയാണ് പിന്നീട് നോവലിസ്റ്റുകളൊക്കെ, ഈഗോ ഇല്ലായ്മ ചെയ്യാൻ എഴുത്തിന്റെ അനുഭാവികതലത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് പറയാമല്ലോ. അപ്പോൾ വേദാന്തത്തെ ഒരു high experience എന്നോ നോവലിനെ ഒരു low experience എന്നോ താരതമ്യം ചെയ്യേണ്ടതില്ലായെന്ന് തോന്നുന്നു. എല്ലാം അനുഭവത്തിന്റെ പല നിലകളിൽ ആണുള്ളത് എന്നല്ലേ?

ഇവർ പൂർണരാണ് എന്ന് പറയാതിരുന്നാൽ മതി. അതുതന്നെയാണല്ലോ പ്രശ്‌നം. ഇതൊരു ടെക്​സ്​റ്റ്​ ആണെങ്കിൽ you can think about it and read എന്നുപറഞ്ഞാൽ ഓകെ ആണ്. ഇനി, ഇത് ഇപ്പോൾ ഒന്നും ഇങ്ങോട്ട് വരേണ്ട എന്നുപറയുന്ന ചില രീതിയുമുണ്ട്. ഉദാഹരണത്തിന് ശ്രീനാരായണഗുരു പരിണാമത്തെക്കുറിച്ച് പറഞ്ഞതായിട്ടാണ് പറയുന്നത്. ഡോ. പൽപ്പു അങ്ങനെ എന്തോ ചോദിച്ചപ്പോൾ ‘നിന്റെ അപ്പൂപ്പൻ കുരങ്ങനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചുവത്രേ. അതിന്റെ അർത്ഥം നമ്മളിപ്പോൾ മനസ്സിലാക്കുമ്പോൾ he is not upto there. പക്ഷെ, ശ്രീനാരായണഗുരുവിന് ക്വാളിറ്റി ഉണ്ടായിരുന്നു. ഇന്നദ്ദേഹം ഉണ്ടായിരുന്നെങ്കിൽ അത് അദ്ദേഹം സ്വീകരിച്ചേനേ. ആ ശാസ്ത്രാവബോധം അദ്ദേഹം ഉൾക്കൊണ്ടേനേ. സാധാരണ മനുഷ്യന്റെ അറിവുകൾ ആയിരുന്നില്ല എന്നുമുണ്ടായിരുന്നത്. അദ്ദേഹം വളരെയധികം സാമൂഹികാവബോധമുണ്ടായിരുന്ന ആളാണ്.

ഗുരു മനുഷ്യനെ ഓർഗാനിക് ആയി കാണാൻ ശ്രമിച്ചു. അതുകൊണ്ടാണ് അനുകമ്പാദശകമൊക്കെ നാരായണഗുരുവിന് എഴുതാൻ പറ്റിയത്. സംസ്‌കൃതക്കാർക്കും ശങ്കരാചാര്യർക്കും പുരാണേതിഹാസങ്ങൾക്കുമൊക്കെ അനുകമ്പയെക്കുറിച്ച് എന്തെങ്കിലും ഒരു വേരുണ്ടോ?

‘ബ്രിട്ടീഷുകാരാണ് നമുക്ക് സന്യാസം തന്നത്’ എന്ന് ഗുരു ഒരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ നാരായണഗുരു ആധുനികതയുടെ വക്താവായി മാറാൻ സാധിച്ച അനുഭവത്തെപ്പറ്റിയാണ്​ പറഞ്ഞതെന്ന്​ തോന്നുന്നു. പ്രത്യേകിച്ചും ആവിവൻതോണി തുടങ്ങിയ വളരെ ആധുനികമായ ഇമേജുകൾ അദ്ദേഹത്തിന്റെ കവിതയിൽ കാണുന്നുമുണ്ടല്ലോ.
ഒരാധുനിക ഗുരുവിനെ അല്ലെങ്കിൽ ആധുനികതയിൽ ഗുരുവിന്റെ ചിന്താസരണിയെ നോക്കിക്കാണുക രസകരമല്ലെ?

അതെ. ഇപ്പോൾ ശങ്കരന്റേത് എന്നു പറയപ്പെടുന്ന കൃതികളിലൊക്കെ അനുകമ്പയൊന്നും തൊട്ടുതീണ്ടിയിട്ടില്ല. ഗുരു മനുഷ്യനെ ഓർഗാനിക് ആയി കാണാൻ ശ്രമിച്ചു. അതുകൊണ്ടാണ് അനുകമ്പാദശകമൊക്കെ നാരായണഗുരുവിന് എഴുതാൻ പറ്റിയത്. സംസ്‌കൃതക്കാർക്കും ശങ്കരാചാര്യർക്കും പുരാണേതിഹാസങ്ങൾക്കുമൊക്കെ അനുകമ്പയെക്കുറിച്ച് എന്തെങ്കിലും ഒരു വേരുണ്ടോ? മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ അനുകമ്പയെക്കുറിച്ച് ഒരു പേജുപോലും ഉള്ളതായി എനിക്കറിയില്ല. ഇപ്പോൾ സഹജീവിയോട് അനുകമ്പ കാണിക്കുന്ന ഒരു എപ്പിസോഡ് പോലും നമുക്കിതിലൊന്നും കാണാൻ കഴിയുന്നില്ല. ബുദ്ധനെക്കുറിച്ചൊക്കെ പറയുമ്പോഴാണ് പിന്നെയും ഇതൊക്കെ കേൾക്കുന്നത്. സ്‌നേഹത്തെക്കുറിച്ച് സെമറ്റിക് മതങ്ങളിലൊക്കെ പറയുന്നു. ശ്രീനാരായണഗുരു തന്നെ, അത് ഉൾക്കൊണ്ട ഒരു അനുകമ്പയാണല്ലോ റിഫ്‌ളക്റ്റ് ചെയ്യുന്നത്.

നാരായണഗുരുവിന് ഇസ്‌ലാം സ്വാധീനം ഉണ്ടായിരുന്നതായി പറയുന്നുണ്ടല്ലോ. ഇച്ചാമസ്താനെ കണ്ടുമുട്ടിയതായും കപ്പപ്പാട്ടുകളിൽ ഒക്കെ അത്തരം ചില റഫറൻസ് ഉള്ളതായും പറയുന്നു. അത് സമൂഹത്തിനോട് പറയാൻ അത്ര എളുപ്പമായിരിക്കില്ല. ഗുരുവിന്റെ അനുകമ്പ എല്ലാവർക്കും അറിയാം. ഒരുപക്ഷേ അനുകമ്പാദശകം എന്ന പേരും. ഒരുപക്ഷെ ഇത്തരം റിസർച്ചുകൾ പൊതുജനങ്ങളിലേക്ക് എത്തുക അസാധ്യവുമായിരിക്കാം. ഇത്തരത്തിൽ ഗുരുവിനെക്കുറിച്ചുള്ള നിരീക്ഷണം വളരെ ശ്രദ്ധ ഉള്ള ഒന്നല്ലെ?

ഉണ്ട്. എല്ലാം സ്വാധീനിച്ചിട്ടുണ്ട്. അതാണ് മൈത്രേയനൊക്കെ പറയാൻ ആഗ്രഹിക്കുന്നത്. ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജി കൂടി ഉപയോഗിച്ചാണ് അദ്ദേഹം അത് പറയാൻ ശ്രമിക്കുന്നത്. ഇൻക്ലൂസീവ് ആയി ഒരു സ്വഭാവം ഒരാൾ പ്രകടിപ്പിക്കുന്നത് വലിയ കാര്യമാണ്. അതിന്റെ vibe ആളുകൾക്ക് കിട്ടുകയാണ് വേണ്ടത്. ‘നീ അതാണെങ്കിലും നീ എന്നെയും ചേർത്തല്ലോ’- അതാണ് ഗുരുവിന്റെ എത്തിക്‌സ്.

പൊളിറ്റിക്കൽ എന്നുപറയുമ്പോൾ കൂടുതൽ ആളുകളെ അഡ്രസ് ചെയ്യുന്ന ഒരു രീതിയാണല്ലോ. ഒരേ സമയത്ത് ആ കാലഘട്ടത്തെയും അതിന്റെ സ്വഭാവത്തെയും പരിഗണിക്കേണ്ടതില്ലേ? അക്കാലത്ത് ആളുകൾ പല തട്ടിൽ നിൽക്കുമ്പോൾ പൊതുവായി അവരെ അഡ്രസ് ചെയ്യുക എന്നത് എത്ര ശ്രമകരമായിരുന്നിരിക്കണം! ഈ സ്‌കോളർലി ഡിസ്‌കഷനുകളൊക്കെ വളരെ വിരളമായ സാധ്യതകൾ ആയിരുന്നിരിക്കുമല്ലോ. പൊതുജനങ്ങൾക്ക് സ്വത്വബോധം തന്നെ ഇല്ല. അതിനെ അഡ്രസ് ചെയ്യാൻ തന്നെ ഇത്തരം കവിതകളുണ്ടായത്, അല്ലെങ്കിൽ ഉണ്ടാക്കിയത് ഇടപെടലുകളായി കാണാമല്ലോ?

അംബേദ്കറിന്റെ ഒരു പോരായ്മയും ഇതാണ്. അദ്ദേഹത്തിന് തന്റെ ആശയങ്ങൾ പൂർണമായും താഴെക്കിടയിൽ എത്തിക്കാനായോ എന്നത് സംശയമാണ്. ഗാന്ധി തന്നെ മതം വെച്ചിട്ടാണല്ലോ പ്രവർത്തിച്ചത്. ഗാന്ധി വളരെ rightist ആയിട്ടാണ് ചിന്തിച്ചിരുന്നത്. അതുകൊണ്ട് ഗാന്ധിജിക്ക് താഴെ തട്ടിൽ അദ്ദേഹത്തെ എത്തിക്കാൻ പറ്റി. അംബേദ്കറിനൊന്നും ഇതുവരെ എത്താൻ പറ്റിയിട്ടില്ലല്ലോ. കുറച്ചുപേർക്ക് അതറിയാമെന്നല്ലാതെ അംബേദ്കറിന്റെ മൂല്യം എത്രപേർ ഉൾക്കൊണ്ടിട്ടുണ്ട്? അത്തരം ഒരു intelligence അദ്ദേഹം കാണിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. എന്നാൽ ശ്രീനാരായണഗുരു രസകരമായിട്ട് അത് ചെയ്തു. ഒരേ സമയം equality യെക്കുറിച്ചോ അല്ലെങ്കിൽ അത്തരത്തിലുള്ള മൂല്യങ്ങളെക്കുറിച്ചോ പറഞ്ഞുകൊണ്ടിരിക്കുക.

ട്രൈബൽ എന്നുപറയുമ്പോൾ അസംസ്കൃതവും സംസ്കൃതവും ചേർന്ന പദപ്രയോഗങ്ങളാണ് അതിലുള്ളത്. ഭയങ്കര രസമാണത്. ഒരേസമയം സംസ്കൃതവും ഒരേസമയം വളരെ ലോക്കലായ മലയാളവും ഒക്കെ ചേർന്നിട്ടാണ് അതെഴുതിയിട്ടുള്ളത്

ആന്തരികമായി ജ്ഞാനാന്വേഷിയായും പുറത്ത് socially involving ആയും ഉള്ള ജീവിതമായിരുന്നല്ലോ ഗുരുവിന്റേത്. എന്നാലും രണ്ട് തലങ്ങളിലും ഗുരുവിന് ഒരു കുറവും വന്നിട്ടില്ല എന്നുവേണ്ടേ കരുതാൻ?

ഒന്നിനും ഒരു കുറവും വന്നിട്ടില്ല. ആന്തരികമായ ക്വാളിറ്റിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. അതൊക്കെ കവിതകളിൽ കാണാൻ സാധിക്കുന്നുണ്ടല്ലോ. ആകാശവാണിക്കുവേണ്ടി ജനനീനവരത്‌നമഞ്ജരി ചെയ്തപ്പോൾ ​പ്രൊഫ. എം.കെ.സാനു അതിന്റെ ആമുഖ അവതരണത്തിന് സംസാരിക്കുന്നത് കേൾക്കാൻ പറ്റിയിട്ടുണ്ട്. അദ്ദേഹം പറയുന്നത്, കവികൾ അല്ലെങ്കിൽ കവികളുടെ സ്വപ്നം എന്നത്, കവിത എഴുതിയിട്ട് അത് മ്യൂസിക് ആയി മാറുകയെന്നതാണ്. സംഗീതം ചെയ്യുക എന്നുള്ളതല്ല. മറിച്ച്, itself become music എന്ന ഒരവസ്ഥ. കവിത വായിക്കുമ്പോൾ സംഗീതമായി മാറുന്ന ഒരവസ്ഥ കവിയുടെ ആഴമാണ്. അതിനുദാഹരണമാണ് ജനനീനവരത്‌നമഞ്ജരി എന്ന കൃതി. എനിക്ക് ശരിക്കും അത് ഫീൽ ചയ്തു. കാരണം, അതിന്റെ വൃത്തത്തിന്റെ പേര് മറന്നുപോയി. ആ വൃത്തം പ്രത്യേക വൃത്തമാണ്. അത്ര എളുപ്പമല്ല അതിൽ എഴുതാൻ. കടുപ്പമാണ്. ഗുരു സംസ്‌കൃതവൃത്തങ്ങൾ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടല്ലോ. ജനനീനവരത്‌നമഞ്ജരി എന്ന കൃതി അടിമുടി വല്ലാത്ത ഒരു സൃഷ്ടിയാണ് എന്ന്​ അത് ചെയ്യുമ്പോൾ എനിക്ക് തോന്നി. കാണാപാഠം പഠിച്ച്​ അത് ചെയ്യുമ്പോൾ നമ്മൾ ആ പദഘടനയെ അഡ്മയർ ചെയ്യുന്ന ഒരു അവസ്ഥ എത്തി.

ഡോ. അംബേദ്കർ, ശ്രീനാരായണ ഗുരു, ഗാന്ധിജി

പറയുന്നത് എന്തുമായിക്കൊള്ളട്ടെ, ഞാൻ നേരത്തെ പറഞ്ഞില്ലേ, ഇൻറലിജൻസ്​ ഇല്ലാതാവുകയാണെന്ന്. ആ അവസ്ഥയാണത്. നമ്മളൊക്കെ ഇൻറലിജൻസിനെയാണല്ലോ ആരാധിച്ചുകൊണ്ടിരിക്കുന്നത്. ഇൻറലിജൻസിനെ കളയാൻ വളരെ ബുദ്ധിമുട്ടാണ് നമ്മൾക്ക്. അപ്പോൾ ഇൻറലിജൻസിനെ submit ചെയ്യുമ്പോൾ അത് വേണ്ടെന്നു വെയ്ക്കുന്ന ഒരവസ്ഥ ഭയങ്കര അത്ഭുതമാണ്. വരിയിലൂടെതന്നെയാണ് അദ്ദേഹത്തിന് അത് പറയാൻ പറ്റുന്നത്, വരിയിലൂടെയും മനോഹരമായിട്ട് പറയാൻ പറ്റണമല്ലോ ഈ കാര്യം, ഇത്രയും പറയണമല്ലോ! എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഞാൻ പറഞ്ഞത്.

ചിജ്ജഢചിന്തനം എന്ന കവിത പ്രത്യേകിച്ചും തോടയം എന്ന വൃത്തത്തിൽ രചിച്ച ആ റിഥത്തിൽ നിന്ന് പ്രത്യേകിച്ച് കൂടുതൽ മാറ്റങ്ങൾ ഒന്നും ആവശ്യപ്പെടാൻ സാധിക്കാത്ത ഒരു കൃതി എടുക്കാനിടയായതെങ്ങനെയാണ്?

അത് കുറച്ചുകൂടി pictorial ആണെന്ന് എനിക്ക് തോന്നുന്നു. ജനനീനവരത്‌നമഞ്ജരി conceptual depth ഉള്ള കവിതയാണ്. ചിത്രങ്ങളുണ്ട്. ഇപ്പോൾ മേലായമൂലമതിയാലാവൃതം ജനനി! നീലാസ്യമാടിവിടുമീ- കീലാലവായ്വനല കോലാഹലം ഭൂവന- മാലാപമാത്രമഖിലം; കാലാധിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടംഭവതിമെയ് - മേലാകെ മൂടുമതിനാലൊരുമുള്ളതറി വീലാഗമാന്തനിലയെ!
അതിൽ ചിത്രങ്ങളുണ്ട്. പക്ഷെ ഇതിന്റത്രയും ഒരു മാസ് അപ്പീലില്ല. മാസ് അപ്പീൽ എന്നതുകൊണ്ടുദ്ദേശിച്ചത് ഒരു Lucifer അപ്പീലില്ല. വേറൊരുതരം അനുഭവമാണത്. പുരുഷൻ എന്ന അർത്ഥത്തിലൊന്നുമല്ല ഞാൻ പറഞ്ഞത്. അതിന്റെ ചിത്രങ്ങൾക്ക് ഒരു rawness ഉണ്ട്.

ഗുരുവെന്ന സാമൂഹിക പരിഷ്​കർത്താവിനെ നമുക്കറിയാം. പക്ഷെ, കവി എന്ന രീതിയിലാണ്​ ഈ അനുഭവം. സാധാരണ ഒരു കവി പോലുമല്ല

Rawness എന്ന് പറയുമ്പോൾ ചിത്രീകരണത്തിൽ കൂടുതൽ wild imagination സാധ്യമാക്കുന്ന, ചിന്താസരണിയെതന്നെ അനുഗമിക്കാവുന്ന, പ്രത്യേകിച്ചും ഷാർപ്പ്​ ഇമേജുകൾ കിട്ടുന്നത് എന്നാണോ?

അതെ, ഷാർപ്പ്​ ആയ ഇമേജുകൾ കിട്ടുന്നുണ്ട്. ഭയങ്കര ട്രൈബൽ അനുഭവമാണ് അതെന്ന്​ തോന്നുന്നു. മറ്റേത് കുറച്ച് സംസ്‌കൃതീകരിച്ച കോൺസെപ്​റ്റാണ്​, ജനനീനവരത്‌നമഞ്ജരിയിലും ശിവപ്രസാദപഞ്ചകത്തിലും ഒക്കെ ഈ അനുഭവമാണുള്ളത്. വരികളും അങ്ങനെയാണ് വിന്യസിച്ചിരിക്കുന്നത്. ട്രൈബൽ എന്നുപറയുമ്പോൾ അസംസ്കൃതവും സംസ്കൃതവും ചേർന്ന പദപ്രയോഗങ്ങളാണ് അതിലുള്ളത്. ഭയങ്കര രസമാണത്. ഒരേസമയം സംസ്കൃതവും ഒരേസമയം വളരെ ലോക്കലായ മലയാളവും ഒക്കെ ചേർന്നിട്ടാണ് അതെഴുതിയിട്ടുള്ളത്. ചൊല്ലാനൊക്കെ നല്ല രസമാണ്.ഭവസങ്കടനാശനപാഹിശിവ കവിസന്തതിസന്തതവുംതൊഴുമെൻ ഭവനാടകമാടിയകംപൊരുളേ
അതിൽ moving images ഒക്കെ ഉണ്ട്. പ്രത്യക്ഷത്തിൽ ഇതൊരു ഭക്തിഗാനമായി തോന്നുകയും ചെയ്യും.

ഗുരുവിന്റെ സ്തോത്ര കൃതികൾക്കെല്ലാം ഇത്തരം വിഷ്വൽ ഇമാജിനേഷൻ സാധ്യമാക്കുന്ന പദപ്രയോഗങ്ങളും വൃത്താവലംബവും ഒക്കെ ഇടകലർന്ന സ്വഭാവമാണല്ലോ ഉള്ളത്. അത് മ്യൂസിക്കൽ പ്രൊഡക്ഷനിലേക്ക് കൊണ്ടുവരുമ്പോൾ ജനകീയമാവുക എന്നർത്ഥത്തിലാണോ? ലോക്കലൈസ് ചെയ്യുന്ന ഒരു സംസ്കൃതാനുഭവം, അങ്ങനെയാണല്ലോ ഉണ്ടായിവരുന്നത് അല്ലെ?

അതെ, വേണ്ടവർക്ക് അതെടുക്കാം. എന്നാൽ പ്രത്യക്ഷത്തിൽ അതിനുള്ളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലേക്ക് പോകണമെങ്കിൽ അതുമെടുക്കാം. പിന്നെ ഞാനീ പറഞ്ഞതിലെ ആകർഷകത്വം എന്നത്, ഭാഷാപരമായ കാര്യങ്ങളാണ്. പ്രത്യേകിച്ചും ശബ്ദാനുഭവം.

നാരായണഗുരുവുമായിട്ട് എങ്ങനെയാണ് വ്യക്തിപരമായി റിലേറ്റ്​ ചെയ്യുന്നത്?

അത് അഞ്ച് കൊല്ലമായിട്ടുണ്ടാകും. ഞാൻ ആകാശവാണിയുമായി ബന്ധപ്പെട്ടാണ് ഗുരുവിന്റെ കൃതി സംഗീതം ചെയ്യുന്നത്. അതിന് മുമ്പ് ആത്മീയാചാര്യൻ, ഒരു സാമൂഹിക പരിഷ്​കർത്താവ്​ തുടങ്ങിയ ചിന്ത ഉണ്ടെന്നല്ലാതെ അറിയാനുള്ള വേദികൾ ഒന്നും നമുക്കുണ്ടായിട്ടില്ല. ഗുരുവെന്ന സാമൂഹിക പരിഷ്​കർത്താവിനെ നമുക്കറിയാം. പക്ഷെ, കവി എന്ന രീതിയിലാണ്​ ഈ അനുഭവം. സാധാരണ ഒരു കവി പോലുമല്ല- പിന്നെ അദ്ദേഹം എഴുതിയതാണോ അല്ലയോ എന്ന തർക്കങ്ങൾ ഒന്നുമല്ല പറയുന്നത്, ആലോചിക്കുമ്പോൾ ഒരു മനുഷ്യനാൽ എഴുതപ്പെട്ടതല്ലേ! -അങ്ങനെ എഴുതുകയെന്നു പറയുമ്പോൾ വല്ലാത്ത ഒരു വർക്ക്, intriguing work എന്നൊക്കെ പറയാം. വളരെ വലിയ ഒരനുഭവമായി തോന്നി. വളരെ ക്വാളിറ്റേറ്റീവ്, ഇത് മറ്റൊല്ലാത്തിനുമുപരിയായി തോന്നി.

ഗുരുവിന്റെ കവിതയിലേക്ക് ഒരന്വേഷണം എങ്ങനെയാണുണ്ടായത്?
പൊതുവെ എല്ലാവരും സാമൂഹിക പരിഷ്​കർത്താവ്​ അല്ലെങ്കിൽ ആത്മീയ നേതാവ്​എന്ന രീതിയിൽ ചിന്തിച്ച് അവസാനിപ്പിക്കാറാണല്ലോ പതിവ്​. മറിച്ച്​, ഒരു ചിന്താസരണി എന്ന രീതിയിൽ കവിതകളിലെ ആശയങ്ങളിലൂടെ പുതുമയുള്ള ആധുനിക ജീവിതസാധ്യതകൾ അന്വേഷിക്കുന്നതിലേക്ക് വന്നുചേർന്നുവല്ലോ. അതെങ്ങനെയായിരുന്നു?

അത്യാവശ്യം വായിക്കുന്ന പലരോടും സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വിളിച്ചയാൾ പറഞ്ഞത്​, ശ്രീനാരായണഗുരു ഇങ്ങനെയൊക്കെ എഴുതും അല്ലേ? എന്നാണ് ! ആർക്കും അറിയില്ല, അദ്ദേഹം ഇങ്ങനെയൊക്കെയാണ് എന്ന്. ഒരുകവി എന്ന രീതിയിൽ കേട്ടിട്ടുമില്ല. ആകെ പറയുന്നത്, ദൈവമെ കാത്തുകൊൾകങ്ങ് എന്ന വരിയാണ്​, അത്​ കേട്ടാൽ പെട്ടെന്ന് ശ്രീനാരായണഗുരു ആണ് ഇതെഴുതിയത് എന്ന് പറയാറുണ്ട്. അത്രയേയുള്ളൂ.

അതുതന്നെ പൊതുജനങ്ങൾക്കെല്ലാം അറിയുന്നതല്ല. പ്രത്യേകിച്ചും ദൈവദശകം ആണ്​ ഈ ചൊല്ലുന്നതെന്നുപോലും അറിയുമെന്ന് തോന്നുന്നില്ല. ഗുരുവിന്റെ കൃതികളുടെ പേരുപോലും വളരെയധികം സംസ്‌കൃതീകരിച്ച ഒരു അനുഭവപശ്ചാത്തലത്തിന്റെ ഭാഗമായി ആധുനിക നിരീക്ഷണങ്ങൾക്ക് വിധേയമാകാതെ മങ്ങിപ്പോകുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്. അങ്ങനെയിരിക്കെ, ദൈവദശകം എന്നത് ജനകീയമായ ഒരു പ്രാർത്ഥന, അത്രയേയുള്ളൂ. വേറൊരു അർത്ഥത്തിൽ ഗുരുവിന്റെ ബൃഹത്തായ കവിതാ സംഭാവനകൾ മറനീക്കി ജനഹൃദയങ്ങളിൽ എത്തിയിട്ടില്ല എന്നുപറയാൻ കഴിയില്ലേ?

അതെ, അങ്ങനെയൊരു ഓർമ ഉണ്ടെന്നെയുള്ളൂ. ഒരു പ്രയർ സോങ്ങ് എന്നതുപോലെ. ഉദാഹരണത്തിന് നന്മരൂപിയായ ദൈവമേ എന്ന പാട്ടുപോലെ, അന്നവസ്ത്രാദിമുട്ടാതെ... ഇങ്ങനെ ദൈവവുമായി ബന്ധപ്പെട്ട കുറേ വാക്കുകളെല്ലാമാണ്. ശരിക്കും തിരിച്ചറിഞ്ഞിരിക്കണം എന്നില്ല. ‘നാവികൻനീ ഭവാബ്ദിക്ക് ഒരാവിവൻതോണിനിൻപദം’ എന്നാണല്ലോ പറയുക. പക്ഷെ നമ്മൾ പാടുമ്പോൾ അതല്ല തോന്നുന്നത്. അത് മുറിഞ്ഞുപോകുന്നുണ്ട്. ‘നാവികൻനീ ഭവാബ്ദിക്ക് ഒരാവിവൻതോണി ’/ എന്ത്? ‘നിൻപദം’ വേറെ എവിടെയാണോ പാടുന്നത്. വളരെ മോഡേൺ ഇമേജ് ആണ്.

എനിക്ക് നാരായണഗുരുവിനെ ക്കുറിച്ച് തോന്നിയിട്ടുള്ളത് ഒരു ‘മാസ്റ്റർ ഓഫ് കോമൺസെൻസ്’ ആണെന്നാണ്. അതുകൊണ്ടാണ് ഇങ്ങനെ യുക്തിസഹമായി കാര്യങ്ങളെ കാണാൻ പറ്റിയത്

Sailors ഒക്കെയായിട്ട് ജീവിതത്തെ റിലേറ്റ് ചെയ്തിട്ടാണല്ലോ ഇത് എഴുതി ചേർത്തിരിക്കുന്നത്. ഇന്ന് ചിന്തിച്ചുവച്ചിരിക്കുന്നതിനപ്പുറം നാരായണഗുരു ആധുനികതയെ സെൻറ്​ തോമസിന്റെ വരവുമൊക്കെയായി റിലേറ്റ് ചെയ്യാനാകുന്ന ഒരു സോഷ്യൽ ഇമാജിനേഷനൊക്കെ ഉൾക്കൊണ്ടതിന്റെ prime instance of reflection ആ വരിയിലെ ഇമേജിലുണ്ട്. അത്​ ആളുകൾക്ക്​, പ്രത്യേകിച്ച് പാടുന്നവർക്കൊന്നും കാര്യമായിട്ട് മനസിലാകുന്നില്ല. നീ നാവികനാണെന്നുള്ളത് പിടികിട്ടി. അതുകഴിഞ്ഞിട്ട് എന്താണുന്നുള്ളത്, അങ്ങനെയൊന്നിമില്ല. ചില വാക്കുകൾ മാത്രമായിട്ടാണ് പ്രെയർ എന്ന നിലയിൽപോലും ആളുകൾ connect ചെയ്യുന്നത്.

ഡോ. പൽപു / Photo: keralaculture.org

നേരത്തെ, യാത്രയെ പറ്റി പറയുന്നത് കുറച്ചുകൂടി വ്യാപ്തിയിലാണ്. Go beyond this landscape എന്ന സാധ്യതയെ അഡ്രസ് ചെയ്യുകയാണല്ലോ. പിന്നെ, ആധുനിക ചിന്തയുടെ ഭാഗമായി ഒരു ക്രിസ്​ത്യൻ ലോകത്തെ അല്ലെങ്കിൽ കടൽ കടന്ന് ഒരു ലോകമുണ്ട് എന്നൊക്കെ തിരിച്ചറിയുകയാണ്​. ഗുരുവിന്റെ ശിഷ്യൻമാരിൽ പലരും വിദേശത്ത് പഠിച്ചവരാണല്ലോ. നടരാജഗുരു ഒക്കെ അങ്ങനെയുള്ളവരാണ്. ഡോ. പൽപ്പുവും മൂർക്കോത്ത് കുമാരനും കേരളത്തിനുപുറത്ത് പോയി പഠിച്ചവരാണ്​. Beyond this landscape ആയ ചിന്തകൾ ഗുരുവിന് കിട്ടിയിട്ടുണ്ട്. അതിന്റെ അനുഭവം ഇതിലൂടെ വായിച്ചെടുക്കാൻ ശ്രമിക്കാം. പക്ഷെ, അന്ന് ഈ ഇമേജുകൾ എഴുതുമ്പോൾ നാരായണഗുരുവിനുണ്ടായിരിക്കാൻ ഇടയുള്ള ഇത്തരം അറിവുകളും അനുഭവങ്ങളും വിട്ട് അവസാനകാലത്തേക്ക് വരുമ്പോൾ, വിദ്യാഭ്യാസത്തിന്റെ പിൻബലത്തിൽ ശ്രദ്ധിച്ച്​ സാമൂഹിക ഔന്നത്യത്തിന്റെ സാധ്യതകൾക്കായി ആഹ്വാനം ചെയ്തിട്ടുമുണ്ട്. അവസാനകാലമാകുമ്പോഴേക്കും ഗുരു തന്നെ ഒരു പ്രസ്ഥാനത്തിന്റെ പ്രതിപുരുഷനായി മാത്രം തിരിച്ചറിയപ്പെടുന്ന ഒരവസ്ഥയും ഉണ്ടായിരുന്നതുകൊണ്ടാകാം, ഇത്തരം ആശയങ്ങളെ മറികടന്ന് കച്ചവടബോധത്തിൽ തങ്ങിനിന്ന്​ പ്രസ്ഥാനം മാത്രം വളരാൻ ഇടയാക്കിയത്- അങ്ങനെ പറയാമല്ലോ?

ഒരു പ്രത്യേക മേഖലയിൽ മാസ്റ്റർ ആയിരുന്ന ആളുകൾ ഉണ്ടല്ലോ. അവരൊന്നും മറ്റ് മേഖലകളിലൊന്നും exposed ആയിരിക്കില്ല. ഇപ്പോൾ മ്യുസീഷ്യൻ തന്നെ ചിലപ്പോൾ autistic പോലും ആണോ എന്ന് നമുക്കറിയാൻ സാധിക്കില്ല. ഒരു നാരോ ആയ ലോകമായിരിക്കും അവരുടേത്. അതിൽ ഗംഭീരമായ ഒരു കോൺട്രിബ്യൂഷൻ ആയിരിക്കും. എനിക്ക് നാരായണഗുരുവിനെ ക്കുറിച്ച് തോന്നിയിട്ടുള്ളത് ഒരു ‘മാസ്റ്റർ ഓഫ് കോമൺസെൻസ്’ ആണെന്നാണ്. അതുകൊണ്ടാണ് ഇങ്ങനെ യുക്തിസഹമായി കാര്യങ്ങളെ കാണാൻ പറ്റിയത്​, അതേസമയം പാകതയുള്ള ഒരു സ്പിരിച്വാലിറ്റിയാണ് നാരായണഗുരു അനുഭവിച്ചിരുന്നതും. ഒരു എക്​സ്​ട്രീം സ്​പിരിച്വാലിറ്റി ഒന്നുമല്ലായിരുന്നു. ഒരുപാട് compromise ചെയ്യാവുന്ന, എപ്പോഴും contradict ചെയ്തുകൊണ്ടിരിക്കുന്ന തരത്തിലൊക്കെയുള്ള ഒരാളാണ്.
പിന്നെ, താളത്തിൽ കവിത എഴുതുന്നു എന്നതുതന്നെ, താളാത്മകത ചിന്തയിലുണ്ടെങ്കിലും ഇങ്ങനെ താളത്തിൽ, മ്യൂസിക്കിൽ കവിത എഴുതാൻ പറ്റുമോ? അങ്ങനെ ഒരു അനുഭവമാണ് എനിക്ക് ഗുരുവിനെക്കുറിച്ച് തോന്നുന്നത്. ഏറ്റവും ബേസിക്കായ മനുഷ്യജീവിയായി നിൽക്കുകയും ഒപ്പം spiritually ഏറ്റവും elevated ആയി കൊണ്ടുവരാൻ പറ്റുകയും ചെയ്​ത പ്രത്യേക പ്രതിഭാസമാണ്. ആരെയും അങ്ങനെയൊന്നും നമുക്ക് കാണാൻപോലും പറ്റില്ല. Interaction ലൂടെയാണല്ലോ നമുക്ക് ഒരു വ്യക്തിത്വത്തെപ്പറ്റി പറയാൻ പറ്റുന്നത്, അല്ലാതെ വർക്കുകളിലൂടെ അല്ലല്ലോ. Interact ചെയ്യുമ്പോൾ പലപ്പോഴും പണി പാളിയിട്ടുമുണ്ടല്ലോ. പല പ്രതിഭകളെയും സംബന്ധിച്ച്​ അവർക്കുള്ളതെല്ലാം തകർന്നടിയാറുമുണ്ടല്ലോ. പക്ഷെ ഇദ്ദേഹത്തിന് അത് വന്നിട്ടില്ല. ഇദ്ദേഹത്തെ മാത്രമേ ഒരുപക്ഷെ ചരിത്രത്തിൽ അത്രയും വ്യക്തതയുള്ള ഒരാളായി കാണാൻ കഴിയൂ. ഗാന്ധിജി പോലും തന്റേതായ രീതിയിലുള്ള പ്രത്യേക ചര്യകൾ തന്നെ പിന്തുടരുന്നതിലേക്ക് ഫോഴ്‌സ് ചെയ്യുന്നതായി കാണാൻ കഴിയും. അദ്ദേഹവും ജീവിതത്തിലുടനീളം evolve ചെയ്തുകൊണ്ടിരുന്ന ആളായിരുന്നു എന്ന് മനസ്സിലാക്കുന്നു. എന്നാൽ അടിസ്ഥാനപരമായി തിരുത്തലുകൾ അത്രയ്ക്ക് ആവശ്യമില്ലാത്ത വ്യക്തിത്വമായിരുന്നല്ലോ നാരായണഗുരു. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ബിജിബാൽ

സംഗീത സംവിധായകൻ, കർണാടക സംഗീതജ്ഞൻ. അറബിക്കഥ, വയലിൻ, വെനീസിലെ വ്യാപാരി, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ സിനിമകൾക്ക് സംഗീതസംവിധാനവും കളിയച്ഛൻ, ഒഴിമുറി, പത്തേമാരി തുടങ്ങിയ സിനിമകൾക്ക് പാശ്ചാത്തല സംഗീതവും നിർവഹിച്ചു.

സൗമ്യ സാജൻ

ഹൈദരാബാദ്​ യൂണിവേഴ്​സിറ്റിയിലെ സെൻറർ ഫോർ അപ്ലൈഡ്​ ലിംഗ്വസ്​റ്റിക്​സ്​ ആൻറ്​ ​ട്രാൻസ്​ലേഷൻ സ്​റ്റഡീസിൽ ഡോക്​ടറൽ റിസർച്ച്​ ഫെ​ലൊ.

Comments