സഖാവ് സീതാറാം യെച്ചൂരിയുടെ (Sitaram Yechury) ദുഃഖകരമായ മരണവാർത്ത വന്നതിന് ശേഷം അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഓർമ്മക്കുറിപ്പുകളും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ (JNU) വിദ്യാർത്ഥികളായ ഞങ്ങൾക്ക് അദ്ദേഹം സമ്മാനിച്ചത് ഒരു കാലഘട്ടത്തിന്റെ മറക്കാനാവാത്ത ഓർമ്മകളാണ്.
യുപിഎ (UPA) ഗവൺമെൻ്റിന്റെ അവസാനവും എൻഡിഎ (NDA) ഗവൺമെൻ്റിന്റെ ആദ്യവും കണ്ടാണ് ഞങ്ങളുടെ തലമുറ ഡൽഹിയിൽ ഉന്നത വിദ്യാഭ്യാസം ആരംഭിക്കുന്നത്. അതുവരെ ക്യാമ്പസിൽ നിലനിന്ന താരതമ്യേന ലിബറലായ അന്തരീക്ഷം ക്ഷണത്തിൽ അവസാനിക്കുകയാണ്. അഭിപ്രായം പറയുവാനും, സമരം ചെയ്യുവാനും, വിവിധ പരിപാടികൾ നടത്തുവാനും വരെയുള്ള സ്വാതന്ത്ര്യം മർക്കടമുഷ്ടിയോടെ അവസാനിപ്പിക്കുന്നത് ഞങ്ങൾ നേരിൽ കണ്ടു.
അതിനെതിരെ ശക്തമായി പ്രതിഷേധിച്ചു. അവിടെ 2015 മുതൽ 2017 വരെയുള്ള കിരാതവാഴ്ച്ചക്കാലത്ത് ഞങ്ങൾ ജെ.എൻ.യു വിദ്യാർത്ഥി യൂണിയനെ മുന്നോട്ട് നയിച്ചു. ഞാൻ അതിന്റെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. ശേഷം ഡൽഹിയിൽ എസ്.എഫ്.ഐ ഭാരവാഹിയായി തുടർന്നു. ഈ ഒരു കാലഘട്ടത്തിൽ ഞങ്ങൾക്ക് ഏറ്റവും ആവേശം പകരുകയും കരുത്തും ഉർജസ്വലതയുമുള്ള നേതൃത്വമായി ഞങ്ങളെ നയിക്കുകയും ചെയ്ത ഒരു നേതാവുണ്ടായിരുന്നു. പ്രിയ സഖാവ് സീതാറാം യെച്ചൂരി!
ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിരുന്ന, ഇതുപോലെയുള്ള ഒരു പ്രതിസന്ധിക്കാലത്ത്, ധീരമായി വിദ്യാർഥി യൂണിയനെ നയിച്ച സീതാറാം യെച്ചൂരിയുടെ നേതൃത്വ മികവാണ് ഞങ്ങൾക്ക് പോരാട്ടത്തിനുള്ള ഊർജ്ജമായത്. കലുഷിതമായ ആ കാലത്താണ് ഡി.പി. ത്രിപാഠിയെന്ന തെറ്റിദ്ധാരണയിൽ പ്രബീർ പുർകായസ്തയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് എവിടെയെന്ന് പോലും അറിയിക്കാതെ ഒരു വർഷം ജയിലിലടച്ചത്. ഇന്ന് വീണ്ടും സംഘപരിവാർ ഭരണകൂടത്തിനാൽ അദ്ദേഹം ജയിലിലടക്കപ്പെട്ടു.
ജെ.എൻ.യു ക്യാമ്പസിനേയും അവിടുത്തെ വിദ്യാർത്ഥികളേയും ദേശീയ ശ്രദ്ധയിലേക്ക് ആകർഷിക്കുന്നത് അടിയന്തരാവസ്ഥക്കെതിരായ സമരമാണ്. ആ സമയത്ത് ഭരണകൂടം യൂണിവേഴ്സിറ്റി അടച്ചുപൂട്ടാൻ ശ്രമിച്ചപ്പോൾ അതിനെതിരായി 'റസിസ്റ്റൻസ്' എന്നപേരിൽ സംഘടിച്ചായിരുന്നു സീതാറാം യെച്ചൂരിയടക്കമുള്ളവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരം നയിച്ചത്.
അന്ന് സർവ്വകലാശാല പൂട്ടാൻ ശ്രമിച്ചുവെങ്കിലും, ഹോസ്റ്റൽ മെസ്സും, ക്ലാസ് മുറികളും ലൈബ്രറിയും നാൽപതുദിവസം വിദ്യാർത്ഥികൾ ഏറ്റെടുത്ത് നടത്തി സമരം വിജയിപ്പിച്ചു. സീതാറാം അടക്കുള്ളവർ അന്നുയർത്തിയ മുദ്രാവാക്യം "University is functioning, the VC is on strike" എന്നതായിരുന്നു. ഇതെല്ലാം ജെ.എൻ.യുവിലും പുറത്തും ഞങ്ങളെ അഭിസംബോധന ചെയ്ത സഖാവ് സീതാറാം കൃത്യമായി പറഞ്ഞു.
വിദ്യാർത്ഥികളുടെ വിയോജിപ്പുകളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും അടിച്ചമർത്താൻ ഗവൺമെൻ്റും സർവ്വകലാശാല ഭരണകൂടവും എടുത്ത നിലപാടുകൾക്കെതിരെ ഡൽഹി യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥികൾ സംഘടിച്ചപ്പോൾ അവിടെ സഖാവ് സീതാറാം നടത്തിയ പ്രസംഗം ഇന്നലെയെന്നവണ്ണം ഓർക്കുന്നുണ്ട്.
മാവോ സേതൂങ്ങിനെയും ജവഹർലാൽ നെഹ്റുവിനേയും ഉദ്ധരിച്ചുകൊണ്ടാണ് സംസാരിച്ചത്. മാവോയുടെ "നൂറുപൂക്കൾ വിടരട്ടെ ആയിരം ചിന്താസരണികൾ ഉണരട്ടെ" എന്ന വിയോജിപ്പിന്റെ സ്വരത്തെ അംഗീകരിക്കുന്ന വാചകങ്ങൾ അദ്ദേഹം പറഞ്ഞു. നെഹ്റു 1947-ൽ ഉത്തർപ്രദേശിലെ അലഹബാദ് സർവ്വകലാശാലയിൽ പ്രസംഗിച്ച, ജെഎൻയുവിന്റെ ആപ്തവാക്യങ്ങളായി എഴുതിചേർത്ത, "A University should stand for humanism, reason, tolerance, and adventure of ideas" എന്ന വാക്യവും യെച്ചൂരി പറഞ്ഞു. ഈ വാചകങ്ങൾ ആദ്യം കോൺഗ്രസും ഇപ്പോൾ ബിജെപിയും തകർക്കാൻ ശ്രമിക്കുന്നതിനെ വിമർശിച്ചു. അടിയന്തരാവസ്ഥയെ തോൽപിച്ചതുപോലെ ഇന്നും വിദ്യാർത്ഥികൾ ഈ അജണ്ടകളെ ചെറുത്ത് തോൽപിക്കുമെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഓരോരുത്തരെയും ആവേശം കൊള്ളിക്കുകയും ധൈര്യം പകരുകയും ചെയ്തു.
അദ്ദേഹത്തോടൊപ്പമുള്ള നല്ല ഓർമ്മകൾ പലതുണ്ട്. അതിലൊന്ന് ജെ.എൻ.യുവിലെ വിഷയങ്ങൾ സംസാരിക്കാനായി സർവ്വകലാശാലയുടെ വിസിറ്ററായ രാഷ്ട്രപതി പ്രണബ് മുഖർജിയെ ഞങ്ങളൊരുമിച്ച് കാണാൻ പോയതാണ്. അന്ന് ഞങ്ങൾക്ക് മുമ്പിൽ വെച്ച് അദ്ദേഹം പ്രണബ് മുഖർജിയോട് പറഞ്ഞു. "ദാദാ, വിദ്യാർത്ഥി യൂണിയൻ നയിക്കുന്നത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ് എന്നത് സർവകലാശാലാ ഭരണകൂടത്തിന് സഹിക്കാനാവുന്നില്ല. അതിനാൽ തന്നെ ഇവരെ ഓരോരുത്തരേയും നിരന്തരം ആക്രമിക്കുകയാണ്. ഇത് അവസാനിപ്പിക്കേണ്ടതുണ്ട്."
മറ്റൊരിക്കൽ ഡൽഹി എ.കെ.ജി ഭവനിൽ വച്ച് സീതാറാം തന്റെ ഗവേഷണം ആരംഭിച്ച പ്രൊഫ. പ്രഭാത് പട്നായിക്കിനൊപ്പം നിൽക്കുമ്പോൾ "ആ പഴയ പി.എച്ച്.ഡി പൂർത്തീകരിക്കാനുള്ള ഉദ്ദേശം വല്ലതുമുണ്ടോ" എന്ന് ഞാൻ അൽപം കുസൃതിയോടെ ചോദിച്ചപ്പോൾ അദ്ദേഹം ഹൃദ്യമായി പൊട്ടിച്ചിരിക്കുകയും പ്രഭാതിനെ നോക്കുകയും ചെയ്തത് ഓർക്കുന്നു.
ഫിഡൽ കാസ്ട്രോ അന്തരിച്ച സമയത്ത് ജെ.എൻ.യുവിൽ ഞങ്ങളുടെ സ്റ്റുഡൻസ് യൂണിയൻ സംഘടിപ്പിച്ച അനുസ്മരണത്തിൽ ക്യൂബൻ അമ്പാസിഡർക്കും പ്രൊഫ. പ്രഭാത് പട്നായിക്കിനുമൊപ്പം സീതാറാമും പ്രാസംഗികനായിരുന്നു. ജ്യോതിബസുവിനൊപ്പം ഫിഡലിനെ സന്ദർശിച്ച ഓർമ്മകളും സംഭാഷണവും അദ്ദേഹം ഹൃദ്യമായി വിവരിച്ചു. അവിടെ ഇംമ്പീരിയലിസത്തെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നതിനിടയിലാണ് മൈക്കിന്റെ ചാർജ് തീർന്നുപോയത്. അപ്പോൾ "Is this also an imperialist conspiracy?" എന്ന് ചോദിച്ച് ഏവരേയും പൊട്ടിച്ചിരിപ്പിച്ചു. ഏത് സന്ദർഭത്തിലും നർമം ഉൾക്കൊണ്ട് സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ ഹ്യൂമർ സെൻസ് അവിടെ പ്രകടമായിരുന്നു.
ക്യാമ്പസിലെത്തുമ്പോഴുള്ള പ്രസംഗത്തിന്റെ തുടക്കത്തിൽ "ഞാൻ ഏത് ഭാഷയിലാണ് സംസാരിക്കേണ്ടത്?" എന്ന് അദ്ദേഹം നിറഞ്ഞ സദസ്സിനോട് ചോദിക്കും. ഞങ്ങൾ ഇംഗ്ലീഷ് എന്നും മറ്റുചിലർ ഹിന്ദി എന്നും വിളിച്ചു പറയും ചെറിയ ബഹളമുണ്ടാകും. അപ്പോൾ അദ്ദേഹം "നിങ്ങൾ തർക്കമുണ്ടാക്കിയാൽ ഞാൻ എന്റെ മാതൃഭാഷയായ തെലുഗുവിൽ സംസാരിക്കും കേട്ടോ" എന്ന് ചിരിയോടെ പറയും. ഒടുവിൽ ഏവർക്കും മനസ്സിലാകാനായി ഇംഗ്ലീഷിൽ തന്നെ സംസാരിക്കും.
ചോദ്യോത്തര വേളയിൽ ഹിന്ദിയിൽ ചോദ്യം ചോദിക്കുന്ന കുട്ടികളോട് ഹിന്ദിയിൽ തന്നെ മറുപടിയും പറയും. ജെഎൻയുവിലെ പബ്ലിക്ക് മീറ്റിംഗുകൾക്ക് വരുമ്പോൾ പലപ്പോഴും സദസിന്റെ ഭാഗത്തുനിന്ന് കടുത്ത വിമർശനവും പ്രകോപനപരവുമായ ചോദ്യങ്ങൾ വരും. ചിലതെല്ലാം ഇടതുവിരുദ്ധരുടേയും വിമർശകരുടേയും ചോദ്യങ്ങളായിരിക്കും. എന്നാൽ, അത്തരം സന്ദർഭങ്ങളെ സീതാറാം കയ്യിലെടുക്കുന്നത് ഒന്ന് കാണേണ്ടതുതന്നെയാണ്. നർമ്മത്തിലും കൃത്യമായ മറുപടിയിലും സന്ദർഭോചിതമായ ഇടപെടലുകളുമെല്ലാം ചാലിച്ചതായിരുന്നു ആ പ്രതികരണങ്ങൾ.
കേരളത്തിൽ ചുംബനസമരം നടക്കുന്ന സമയത്ത് ജെഎൻയുവിലെ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്ന എന്റെ ചോദ്യത്തിന് കൃത്യമായ രാഷ്ട്രീയ ശരികളോടെയാണ് അദ്ദേഹം മറുപടി നൽകിയത്. ഇവയെല്ലാം തന്നെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ എന്ന നിലയിൽ ഞങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങൾക്ക് വ്യക്തത വരുത്തുകയും ഉറച്ചതാക്കുകയും ചെയ്ത സന്ദർഭങ്ങളാണ്.
ഞങ്ങളുടെ ഇലക്ഷൻ കഴിഞ്ഞയുടനെ ഒരിക്കൽ എ.കെ.ജി ഭവനിൽ കാണാൻ ചെന്നപ്പോൾ യാദൃശ്ചികമായി ഒരേ ലിഫ്റ്റിൽ തന്നെ സീതാറാമും പ്രകാശ് കാരാട്ടും ഞാനും കയറി. എന്തുകൊണ്ടോ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രതിനിധിയായ എന്നെ പ്രകാശ് കാരാട്ട് ആദ്യകാഴ്ച്ചയിൽ തന്നെ തിരിച്ചറിഞ്ഞു. അദ്ദേഹത്തിൽ നിന്ന് ഞാൻ ആരെന്ന് മനസിലാക്കിയ സീതാറാം ഊഷ്മളമായ ചിരിയോടെ തോളിൽ കൈ ചേർത്തു പിടിച്ചാണ് എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കൊണ്ടുപോയത്.
മറ്റൊരിക്കൽ കേരള സർവ്വകലാശാലയിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ അവിടുത്തെ ഗവേഷക യൂണിയൻ ചെയർമാൻ പ്രഭാഹരനൊപ്പം വന്ന് കണ്ടോട്ടെ എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു പരിപാടിക്കിടയിൽ ചോദിച്ചപ്പോൾ "ദയവായി വരൂ," എന്നുപറഞ്ഞ് കാണാവുന്ന സമയം പറഞ്ഞു. അന്നും ഞങ്ങളോട് ഹൃദ്യമായി സംസാരിച്ചു. വിദ്യാർത്ഥികളോടുള്ള കരുതലും സ്നേഹവും എന്നും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
സഖാവ് സീതാറാം യെച്ചൂരി എന്ന വലിയ മനുഷ്യന്റെ വിയോഗം പുരോഗമന, ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങൾക്കെല്ലാം തീരാനഷ്ടമാണ്. ഞങ്ങളെപ്പോലെ, അദ്ദേഹം പാർട്ടി ജനറൽ സെക്രറട്ടറിയായിരുന്ന കാലത്ത് എസ്.എഫ്.ഐ പ്രവർത്തകരായിരുന്നവർക്ക് അതൊരു പിതൃവാൽസല്യത്തിൻ്റേയും അമൂല്യമായ ഓർമ്മകളുടേയും നഷ്ടമാണ്. സി.പി.ഐ.എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിക്ക് ഓർമ്മകളുടെ ബാഷ്പാഞ്ജലി. ഹൃദയത്തിൽ നിന്നൊരു ലാൽസലാം. Rest in Power, Comrade!