കേരളത്തിലെ ദലിത് രാഷ്ട്രീയ/സാംസ്കാരിക മുന്നേറ്റങ്ങളെ ചിന്തയും എഴുത്തും കൊണ്ട് ആയുധവും പടച്ചട്ടയുമണിയിച്ച ആചാര്യനായിരുന്നു കെ.കെ. കൊച്ച്. എന്നാൽ ആചാര്യസ്ഥാനത്തങ്ങനെ അടങ്ങിയിരിക്കുകയല്ല അദ്ദേഹം ചെയ്തത്. അടിസ്ഥാന വർഗത്തിന്റെ അവകാശങ്ങൾക്കു വേണ്ടി അവിശ്രമം പടവെട്ടിക്കൊണ്ട്, അവർക്ക് വഴി തെളിച്ചു കാണിച്ചുകൊണ്ട് എന്നും മുന്നിൽ നടന്നു. ‘ദലിതൻ’ എന്ന കൊച്ചിന്റെ ജീവിതകഥ ഒരു വർഗത്തിന്റെയാകെ ദുരിതജീവിതത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും അനുഭവസാക്ഷ്യമായി കേരളത്തിന്റെ സാമൂഹിക ചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു. ‘ബുദ്ധനിലേക്കുള്ള ദൂര’മുൾപ്പെടെയുള്ള രചനകളോരോന്നും ചിന്തയുടെ പുതിയ സരണികൾ വെട്ടിത്തുറന്നു. പരിസ്ഥിതി സംവാദങ്ങളിൽ കൊച്ചിന്റെ ശബ്ദം എന്നും വേറിട്ടു കേട്ടു. മൂലധനത്തിന്റെ ജനാധിപത്യവൽക്കരണം എന്ന ആശയം ദലിത് ചർച്ചകളിൽ ഉയർത്തിക്കൊണ്ടുവന്നു. ഒരു ബിരുദ വിദ്യാർത്ഥിയായിരിക്കുമ്പോൾ എഴുതിത്തുടങ്ങി പിൽക്കാലത്ത് കേരളസാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടുന്നതുവരെ വളരുന്ന മികച്ച എഴുത്തുകാരനായി.
മൗലികമായ എഴുത്തും ചിന്തയും കൊണ്ട് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിൽ കനത്ത കാൽപ്പാടുകൾ പതിപ്പിച്ച കെ.കെ. കൊച്ചിന്റെ വേർപാട് ദുഃഖകരമാണ്. അയ്യങ്കാളിയെ പുലയ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സമുദായ നേതാവ് എന്ന നിലയിൽ മാത്രം ചുരുക്കി കണ്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. കേരളത്തിന്റെ നവോത്ഥാന നായകരുടെ മുൻനിരയിൽ അദ്ദേഹത്തെ പ്രതിഷ്ഠിക്കുവാനും മഹാത്മ അയ്യങ്കാളി എന്ന സ്ഥാനം കേരളത്തിന്റെ പൊതു സമൂഹത്തിൽ നേടി കൊടുക്കുന്നതിനും ഒരു വലിയ സാംസ്കാരിക ഇടപെടൽ തന്നെ വേണ്ടിയിരുന്നു. അതിനായി നിരന്തരം എഴുതുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്ത സാമൂഹിക ചിന്തകനാണ് കെ.കെ. കൊച്ച്. ദലിത് ആദിവാസി പിന്നാക്ക അവകാശങ്ങൾക്ക് വേണ്ടി ജീവിതാന്ത്യം വരെ ബൗദ്ധികമായി ഇടപെട്ടുകൊണ്ടിരുന്നു കെ.കെ. കൊച്ച്. ഇടതുപക്ഷ സഹയാത്രികൻ ആയിരുന്നുവെങ്കിലും പലപ്പോഴും ഇടതുപക്ഷപാർട്ടികളുടെ നയങ്ങൾ ഉപരിവർഗ്ഗ സമുദായത്തിന്റെ കൊടിക്കൂറയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന വിമർശനത്തോടെ അദ്ദേഹം പൂർണമായും സ്വത്വ രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. ചരിത്രത്തിൽ കീഴാള വർഗ്ഗത്തിന്റെ ഇടം തേടിയുള്ള സഞ്ചാരം ആയിരുന്നു പിന്നീട്. വർഗ്ഗ രാഷ്ട്രീയത്തിൽ നിന്നും സ്വത്വ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഒട്ടേറെ സംവാദങ്ങൾക്ക് വഴി വെച്ചു. അവിടെയൊക്കെ പതറാതെ ഉജ്വലമായിത്തന്നെ തന്റെ നിലപാടുകളെ ന്യായീകരിച്ചു. ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനം ഉപേക്ഷിച്ചതിനുശേഷം ചില സംഘടനകൾക്ക് രൂപം നൽകുകയും അതിന്റെ നേതൃസ്ഥാനങ്ങളിൽ ഇരിക്കുകയും ചെയ്തു.
കെ.കെ. കൊച്ച് ഞങ്ങളുടെ
തലമുറയുടേതു കൂടിയായിരുന്നു…
കേരളത്തിന്റെ
വേറിട്ടൊരു ചിന്താപദ്ധതിയായിരുന്നു
കെ.കെ. കൊച്ച്

പിൽക്കാലത്ത് അദ്ദേഹം ഒരു സംഘടനയിലും അംഗമാകാതെ യാതൊരുവിധ കെട്ടുപാടുകൾക്കും വിധേയനാകാതെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി ജീവിതം സമർപ്പിക്കുകയായിരുന്നു. സമൂഹത്തിൽ അന്തസ്സുറ്റ ജീവിതം ദലിത് ആദിവാസി വിഭാഗങ്ങളുടെ അവകാശമാണെന്നും അത് ആരും വെച്ച് നീട്ടേണ്ട ഔദാര്യമല്ല എന്നുമുള്ള നിലപാട് എക്കാലവും ഉയർത്തിപ്പിടിച്ചു. ഭൂമി ഉൾപ്പെടെയുള്ള വിഭവങ്ങളുടെ മേലുള്ള അധികാര അവകാശങ്ങൾ തദ്ദേശീയ ജന വിഭാഗങ്ങൾക്കാണെന്നുമുള്ള സന്ദേശമാണ് പ്ലാച്ചിമട സമരത്തിന്റെ ഉള്ളടക്കമെന്നും അത് കവർന്നെടുക്കുന്നത് അധിനിവേശം ആണെന്നും കൊക്കകോള കമ്പനിക്കെതിരെ നടന്ന പ്രതിഷേധകൂട്ടായ്മയിൽ അദ്ദേഹം പ്രസംഗിച്ചത് ഓർക്കുകയാണ് ഞാൻ. കേരളത്തിൽ ഭൂപ്രശ്നം ഉയർത്തിക്കൊണ്ട് ആദിവാസി ദലിത് വിഭാഗങ്ങൾ നടത്തിയ ചെങ്ങറ, മുത്തങ്ങ സമരം പോലുള്ള തീഷ്ണമായ സമര പോരാട്ടങ്ങൾക്ക് പിന്തുണയുമായി കെ.കെ കൊച്ച് എന്ന സോഷ്യൽ ആക്ടിവിസ്റ്റ് രംഗത്തുണ്ടായിരുന്നു. സാഹിത്യ മേഖലയിൽ ദലിത് സാഹിത്യത്തിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിൽ കെ.കെ. കൊച്ചെന്നെ എഴുത്തുകാരൻ വഹിച്ച പങ്ക് നിസ്തുലമാണ്. കോളേജ് വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലുള്ള പ്രസിദ്ധീകരണങ്ങളിൽ തന്റെ രചനകൾ കൊണ്ട് അദ്ദേഹം ശ്രദ്ധേയനായി. ‘ബുദ്ധനിലേക്കുള്ള ദൂരം’, ‘ദേശീയതയിലേക്കുള്ള ചരിത്ര പഠനം’, ‘കേരള ചരിത്രവും സമൂഹ രൂപീകരണവും ദലിത് പാഠം’, ‘കലാപവും സംസ്കാരവും’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനകൾ. കെ.കെ. കൊച്ച് പറയാൻ ബാക്കിവെച്ചത് ഏറെ ഉണ്ടാവും. നിഷേധം എന്നാൽ നിലനിൽക്കുന്ന വ്യവസ്ഥയെ നിരാകരിക്കലാണ്. കെ.കെ. കൊച്ച് എന്ന നിഷേധി ലാളിത്യം കൊണ്ടും സ്നേഹപൂർവമായ പെരുമാറ്റം കൊണ്ടും ഒരു വലിയ സുഹൃദ് വലയത്തിന്റെ ഉടമ യായിരുന്നു. കൊച്ചേട്ടൻ എന്നും കെ.കെ എന്നും കെ.കെ കൊച്ച് എന്നും അറിയപ്പെട്ടിരുന്ന കൊച്ചുകല്ലറ കൊച്ച് ഇനി ഒരു ഓർമ്മയാണ്. മരിക്കാത്ത ഓർമ്മകൾ.
READ ALSO : കെ.കെ. കൊച്ച് എഴുതിയ ട്രൂകോപ്പി ലേഖനങ്ങള്‍