ചിന്തകനും ആക്ടിവിസ്റ്റുമായ സഖാവ് സലീംകുമാറുമായി നാലു പതിറ്റാണ്ടിലേറെക്കാലത്തെ ബന്ധമാണുള്ളത്. കേരളത്തിലെ സി.പി.ഐ (എം.എൽ) പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന സലിംകുമാറുമായി ഏറെ കാലം ഒന്നിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിൽ, എറണാകുളത്തെ മകളുടെ വീട്ടിൽ ചികിത്സയ്ക്കുശേഷം വിശ്രമിക്കുന്ന സമയത്ത് കണ്ടിരുന്നു. ഏറെ സമയം ഇന്ത്യയിലെ ദലിത് പ്രശ്നവും ഇടതുപക്ഷ സമീപനവും കേരളത്തിലെ ദലിത് ബുദ്ധിജീവികൾക്കിടയിലെ മാർക്സിസ്റ്റ് വിരുദ്ധതയുമെല്ലാം ചർച്ചയിലേക്ക് കടന്നുവന്നു. ആ സംഭാഷണത്തിനുശേഷം ഇതാണ് ഹിന്ദു ഫാസിസം എന്ന തന്റെ പുസ്തകം എനിക്ക് സമ്മാനിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളം പാർസലായി കോഴിക്കോട്ടെ കേളു ഏട്ടൻ പഠനഗവേഷണകേന്ദ്രത്തിലേക്ക് അയച്ചുതരികയും ചെയ്തു.
സി.പി.ഐ- എം.എൽ പ്രസ്ഥാനം നേരിട്ട രാഷ്ട്രീയവും സംഘടനാപരവുമായ രൂക്ഷമായ പ്രതിസന്ധിയുടെ ഒരു ഘട്ടത്തിലാണ് ബംഗാളിലെ മിഡ്നാപ്പൂർ ജില്ലയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്. സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത നിലപാടുകളുടെയും വിഭാഗീയമായ രാഷ്ട്രീയ സമീപനങ്ങളുടെയും ഏറ്റുമുട്ടൽ വേദി കൂടിയായിരുന്നു 1985–ലെ സി.ആർ.സി.പി.ഐ-എം.എല്ലിന്റെ മിഡ്നാപ്പൂർ കോൺഗ്രസ്. ആഴ്ചകൾ നീണ്ടുനിന്ന മാരത്തോൺ ചർച്ചകൾക്കിടയിൽ കിട്ടുന്ന ഇടവേളകളിൽ ഞാനും സലീംകുമാറും കൃഷ്ണൻകുട്ടിയുമെല്ലാം സമ്മേളനപരിസരത്തുള്ള വനമേഖലയിലെ സാന്താൾ ആവാസമേഖലകൾ സന്ദർശിച്ചിരുന്നു. സാന്താളുകൾ സലീംകുമാറിനെ അവരിലൊരാളായി തിരിച്ചറിഞ്ഞ് കെട്ടിപ്പിടിച്ച് അഭിവാദ്യം ചെയ്ത സന്ദർഭം ഓർത്തുപോകുകയാണ്.
സോഷ്യലിസത്തെ ലക്ഷ്യമായി കാണുന്ന ലിബറൽ ഡെമോക്രാറ്റിക് നിലപാടുകളിൽ നിന്നുകൊണ്ടാണ് ഇന്ത്യയിലെ ജാതിപ്രശ്നത്തെ അംബേദ്കർ സമീപിച്ചത്. അതുകൊണ്ടുതന്നെ പല ഘട്ടങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും മഹാരാഷ്ട്രയിലെ തന്റെ അസ്പൃശ്യതക്കെതിരായ ഇടപെടലുകളിൽ അംബേദ്കറുടെ ഏറ്റവും അടുത്ത പങ്കാളികൾ മാർക്സിസ്റ്റുകളായിരുന്നു. ഈ കാര്യങ്ങളെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് എറണാകുളത്തെ മകളുടെ വീട്ടിലിരുന്ന് ഞങ്ങൾ ഏറെനേരം സംസാരിച്ചത്. സാന്ദർഭികമായി അരുന്ധതി റോയിക്കെതിരായി ചില ദലിത് ബുദ്ധിജീവികൾ നടത്തിയ അതിവൈകാരികവും അപക്വവുമായ വിമർശനങ്ങളെ അദ്ദേഹം സൂചിപ്പിച്ചു. അരുന്ധതിക്കെതിരെ പ്രതിനിധാന വിഷയമുന്നയിച്ച് ആക്ഷേപകരമായി എഴുതിയ പല ദലിത് ബുദ്ധിജീവികളും, അംബേദ്കർ ആരെയാണ് പ്രതിനിധീകരിച്ചിരുന്നത് എന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും എവിടെയാണ് കേന്ദ്രീകരിക്കപ്പെട്ടിരുന്നതെന്നും മനസ്സിലാക്കാതെ പോയവരാണെന്നായിരുന്നു സലീംകുമാറിന്റെ ഖേദം.

സഹസ്രാബ്ദങ്ങളായി അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമായി നമ്മുടെ ധൈഷണികമണ്ഡലത്തെ പിടിച്ചുകുലുക്കിയ അംബേദ്കറെ, വ്യത്യസ്തമായൊരു സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും പ്രതിനിധാനമെന്ന നിലയിൽതന്നെ ദലിത് പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നായിരുന്നു സലീംകുമാറിന്റെ നിരീക്ഷണം. അംബേദ്കറെ ദലിതരുടെ മാത്രം പ്രതിനിധിയായി ചുരുക്കുന്നവർ കടുത്ത വിഭാഗീയമായ സ്വത്വമാത്രവാദത്തിൽ സ്വയം നിപതിക്കുകയാണെന്നും അദ്ദേഹം കണ്ടിരുന്നു. ഗാന്ധി – അംബേദ്കർ പ്രശ്നത്തിലും ഇത്തരം ദലിത് ചിന്തകരുടെ നിലപാടുകളോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഗാന്ധിയും അംബേദ്കറുമൊക്കെ പ്രതിനിധീകരിക്കുന്നത് ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന മൗലികമായി വ്യത്യസ്തമായ രണ്ട് ആശയധാരകളെയാണ്. അരുന്ധതിയോട് ചില ദലിത് ബുദ്ധിജീവികളെടുത്ത സമീപനത്തെ മുൻനിർത്തി ഇത്തരം ആശയസമരങ്ങളിൽ ഇന്ത്യയിലെ പൗരർക്ക് തങ്ങളുടേതായ രീതിയിൽ യോജിപ്പും വിയോജിപ്പുമൊക്കെ രൂപപ്പെടുത്താൻ അവകാശമുണ്ട്.
ഈയൊരു യാഥാർത്ഥ്യം കാണാത്തവർ ഫലത്തിൽ അംബേദ്കറുടെ ചരിത്രത്തിലെ സ്ഥാനത്തെയും വീക്ഷണങ്ങളെയും തന്നെ വേണ്ടത്ര മനസ്സിലാക്കാത്തവരാണ്. അരുന്ധതിറോയിയെ ജിപ്സി ഗേൾ ഇമേജുള്ളവർ എന്ന രീതിയിൽ നടത്തിയ വിമർശനത്തെ അതിശക്തമായി തന്നെ സലീംകുമാർ ചോദ്യം ചെയ്യുന്നുണ്ട്. അരുന്ധതിറോയ് ഒരു സ്ത്രീപ്രതിനിധാനമോ കീഴാള പ്രതിനിധാനമോ ഒരു സമൂഹത്തിന്റെയും പ്രതിനിധാനമോ ഇല്ലാത്ത ആളാണെങ്കിലും അവർക്ക് അവരെതന്നെ പ്രതിനിധീകരിക്കാൻ അവകാശമില്ലെന്ന് ആർക്കാണ് പറയാൻ കഴിയുകയെന്ന വളരെ പ്രസക്തമായ ചോദ്യം സലീംകുമാർ ഉന്നയിക്കുന്നു.

നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങളെ ജനാധിപത്യവിരുദ്ധമാക്കി തീർക്കുന്ന ഇടപെടലുകൾ അംബേദ്കറുടെ വീക്ഷണങ്ങൾക്ക് അംഗീകരിക്കാനാവുന്നതല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അരുന്ധതിയുടെ സ്ഥാനത്ത് ഒരു സവർണപുരുഷനായിരുന്നുവെങ്കിൽ അവരെ ആക്ഷേപിച്ച ദലിത് ബുദ്ധിജീവികൾ ഇങ്ങനെയൊരു സൂക്ഷിച്ചുനോട്ടം നടത്തുമായിരുന്നോവെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ഈ നിലപാടുകളൊക്കെ കാണിക്കുന്നത്, ദലിത് ബൗദ്ധികലോകം ഒരിക്കലും ജനാധിപത്യവിരുദ്ധമാകാൻ പാടില്ല എന്നാണ്. അംബേദ്കർ വിഭാവനം ചെയ്തത് സാമൂഹ്യനീതിയും സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പുലരുന്ന ആദർശ സമൂഹമായിരുന്നു. അതെ, ഒരു ജാതിരഹിത സമൂഹം.
READ: കെ.എം. സലിംകുമാർ : അധഃസ്ഥിത മുന്നേറ്റത്തിന്റെ
ചിന്താ നേതൃത്വം
മരണം വരെയും പോരാളി
ഗാന്ധി കൊളോണിയൽ അടിമത്വത്തിൽ നിന്നുള്ള ഇന്ത്യയുടെ വിമോചനമെന്ന രാഷ്ട്രത്തിന്റെ പ്രശ്നമാണ് പ്രധാനമായി കണ്ടത്. എന്നാൽ അംബേദ്കറെ സംബന്ധിച്ച് നിർണ്ണായകമായിരുന്നത് സാമൂഹ്യവും രാഷ്ട്രീയവുമായ മനുഷ്യാന്തസ്സിന്റെ വീണ്ടെടുപ്പായിരുന്നു. 1892–ൽ എ.ഐ.സി.സിയുടെ അലഹബാദ് സമ്മേളനത്തിൽ ഡബ്ല്യു.സി. ബാനർജി നടത്തിയ അദ്ധ്യക്ഷപ്രസംഗം, ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹ്യമായ അടിമത്വത്തെയും ജാതീയവും ലിംഗപരവുമായ അടിച്ചമർത്തലിനെയും ഒട്ടും പരിഗണിക്കാതെയായിരുന്നു. അംബേദ്കർ ‘ജാതി ഉന്മൂലന’ത്തിൽ ഈ പ്രസംഗം ദീർഘമായിതന്നെ ഉദ്ധരിക്കുന്നുണ്ട്. ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യ പരിഷ്കരണത്തിലേക്കുള്ള വഴിയെന്നത് സ്വർഗത്തിലേക്കുള്ള പാതയെന്നതുപോലെ ഏറെ ദുർഘടം പിടിച്ചതാണെന്ന് എഴുതുന്നുമുണ്ട്.

മാർക്സിസ്റ്റുകളും അംബേദ്കറും തമ്മിൽ സന്ധിക്കുന്നത് ജാതി ഉന്മൂലനത്തെ സംബന്ധിച്ച സമീപനത്തിലാണ്. അംബേദ്കറും മാർക്സിസ്റ്റുകളും ഒരുപോലെ കരുതുന്നത്, ഇന്ത്യൻ സാഹചര്യത്തിൽ ജാതി- ജന്മിത്വാധിഷ്ഠിതമായ ഭൂബന്ധങ്ങളുടെ അഴിച്ചുപണിയിലൂടെയും പ്രത്യുൽപാദനബന്ധങ്ങളെ ജാതിരഹിതമായ സ്ത്രീപുരുഷബന്ധങ്ങൾ കൊണ്ടുവന്നും മാത്രമെ ജാതിയെ ഇല്ലാതാക്കാൻ കഴിയൂ എന്നാണ്. ഇവിടെയാണ് സലീംകുമാർ നമ്മുടെ ദലിത് ചിന്തകരിൽ മാർക്സിസ്റ്റ് സമീപനത്തെ കൂടി തന്റെ എഴുത്തിലും ഇടപെടലുകളിലും അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധവും ആശയവ്യവഹാരങ്ങളുമെല്ലാം ദലിത് വിഷയത്തെ ചരിത്രപരമായും വസ്തുനിഷ്ഠമായും വിശകലനം ചെയ്യാൻ സഹായകരമായി എന്നുതന്നെ കാണാം.
ധൈഷണികതയെ സംബന്ധിച്ച എല്ലാ വരേണ്യ സാമ്പ്രദായിക കാഴ്ചപ്പാടുകളെയും നിരാകരിച്ചുകൊണ്ടാണ് ഏറ്റവും അടിത്തട്ടിൽ കിടക്കുന്ന ഗിരിവർഗ പശ്ചാത്തലത്തിൽ നിന്ന് നിശിതമായ സാമൂഹ്യാപഗ്രഥനശേഷിയുമായി കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിലേക്ക് സലീംകുമാർ കടന്നുവന്നത്. ഗ്രാംഷി നിരീക്ഷിക്കുന്നതുപോലെ, ഒരാളുടെ ധൈഷണികശേഷിയെന്നത് അവർക്ക് സത്യത്തിന്റെയോ യുക്തിയുടേയോ മേൽ പ്രത്യേക അവകാശമുള്ളതുകൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് അവരുടെ സാമൂഹ്യധർമ്മമാണവരെ ബുദ്ധിജീവികളാക്കുന്നത്. വിശാലമായ അർത്ഥത്തിൽ ധൈഷണികതയെന്നത് മനുഷ്യപ്രവർത്തനത്തിന്റെ എല്ലാ മണ്ഡലങ്ങളിലും നടത്തുന്ന പ്രവർത്തനങ്ങളെയാകെ ഉൾക്കൊള്ളുന്നതാണ്. സലീംകുമാർ കീഴാള ജനസമൂഹത്തിൽ നിന്നുയർന്നുവന്ന ഒരു ജൈവ ധൈഷണികനായിരുന്നു.
