ഷിബു ഷൺമുഖം

വിട ഷിബു ഷൺമുഖം, സ‍്‍നേഹ വിഷാദസമ്മിശ്രമായ കവിത പോലെ…

“എഴുത്തിനെയും വായനയെയും കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ ഇണ്ടായിരുന്നു ഷിബു ഷൺമുഖത്തിന്. കവിതയിലും ചിത്രങ്ങളിലും സിനിമകളിലും മാത്രമല്ല തത്വശാസ്ത്രത്തിലും അദ്ദേഹത്തിന് ഉണ്ടായിരുന്ന അറിവ് ചെറുതല്ല. അത് ചിലപ്പോഴൊക്കെ കവിതകളിലും നിഴലിച്ചു,” അന്തരിച്ച കവി ഷിബു ഷൺമുഖത്തിൻെറ കാവ്യജീവിതത്തെ ഓർക്കുകയാണ് ശ്യാം സുധാകർ.

ഷിബു ഷൺമുഖത്തെ ഞാൻ പരിചയപ്പെടുന്ന കാലത്ത് അയാളൊരു ഫ്രീലാൻസ് ജേർണലിസ്റ്റാണ്. 2009 -ൽ ചെന്നൈയിൽ വച്ചായിരുന്നു ഞങ്ങളുടെ സമാഗമം. ഞാൻ അന്ന് മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥി. മലയാളവിഭാഗം നടത്തുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ കവി ടി.പി. രാജീവൻ വന്നതായി അറിഞ്ഞു. രാജീവനെ കണ്ടു. കൂടെയുണ്ടായിരുന്ന ഷിബു ഷൺമുഖത്തെ പരിചയപ്പെട്ടു. സെമിനാർ കഴിഞ്ഞ ശേഷം ഷിബുവിന്റെ വീട്ടിലേക്കായിരുന്നു ഞങ്ങൾ പോയത്. ഒരു വലിയ തണ്ണിമത്തൻ മുറിച്ച് ഷിബു ഞങ്ങളെ സൽക്കരിച്ചു. അദ്ദേഹത്തിന്റെ കവിതകൾ ഞാൻ വായിച്ചിരുന്നില്ല. പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ പത്തോളം കവിതകൾ അന്ന് ഷിബു എനിക്ക് വായിച്ചു തന്നു. കൂടാതെ അദ്ദേഹം ഇംഗ്ലീഷ് പത്രങ്ങളിൽ എഴുതിയ ചില പുസ്തക വിചാരങ്ങളും. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യം ഉണ്ടായിരുന്ന ഷിബു മലയാളത്തിലായിരുന്നു അക്കാലത്ത് കവിതകളെഴുതിയിരുന്നത്. എഴുത്തിനെയും വായനയെയും കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ ഇണ്ടായിരുന്ന ഒരാളാണ് ഷിബു ഷൺമുഖം. കവിതയിലും ചിത്രങ്ങളിലും സിനിമകളിലും മാത്രമല്ല തത്വശാസ്ത്രത്തിലും അദ്ദേഹത്തിന് ഉണ്ടായിരുന്ന അറിവ് ചെറുതല്ല. അത് ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ കവിതകളിലും നിഴലിച്ചു.

ഷിബു ഷൺമുഖം
ഷിബു ഷൺമുഖം

"ആരാണ് പോകുന്നത്?

ഇങ്ങോട്ടു വരുന്ന ആൾ

അങ്ങോട്ട് കടന്നുപോകും:

ഇയാൾ അയാളല്ലെന്നു

പറഞ്ഞാൽ അയാൾ ഇയാളാ-

ണെന്ന് റോഡ് പറയും.

മഴുവിന്റെ ആകൃതിയിൽ ജനിച്ച

വാകമരം തലയാട്ടുന്നുമുണ്ട്.

കൂടുതൽ പറയേണ്ടെന്നു

പറഞ്ഞാൽ പറയേണ്ടതു

കൂടിപ്പോകുമെന്നല്ലേ നിശ്ശബ്ദത

മുരളുന്നതെന്ന് ശബ്ദം

പിറുപിറുത്തപ്പോഴേയ്ക്കും

ആകാശം മൂടിക്കെട്ടി

മഴ പെയ്യാൻ ആരംഭിച്ചു.

ഇടി, മിന്നലിനോട് ചോദിച്ചു:

'കൂട് പക്ഷിയെ തേടുകയല്ലേ?'

കാക്ക അങ്ങുമിങ്ങും പറന്നു

ഇടിമിന്നൽ കവിതയെന്നപോലെ

ഭാഷയെ നെടുകെ പിളർന്നു

കാക്കയെ കാഫ്കയെന്നെ-

ഴുതിയത് കാന്റാണ്

സ്നേഹത്തെക്കുറിച്ച് ഒരക്ഷരം

മിണ്ടിപ്പോകരുതെന്ന്

സ്വാതന്ത്ര്യം ശാസിച്ചു

കണ്ണുരുട്ടിയത് മറ്റാരുമല്ല

കൂരിരുട്ടു തന്നെയാണ്

ചിരിച്ചത് സൂര്യനും

മഴ കരയുകയാണെന്നു

പറയുന്നത് ആരാണ്?

തവളയായിരിക്കും

തവള കരയുകയാണെന്നു

പറയുന്നത് ആരായിരിക്കാം?

പറയുന്നത് ആരായിരിക്കാം?

മിന്നാമിനുങ്ങായിരിക്കും

മിന്നാമിനുങ്ങിന് വെളിച്ചമുണ്ടെന്ന്

ആരു പറഞ്ഞു?

ഒന്നു നിർത്തുമോ?

തുടങ്ങിയതല്ലേയുള്ളൂ

അല്ലെങ്കിൽ വേറൊന്നു പറയാം

ഇതു കേട്ടാൽ പറഞ്ഞു പറഞ്ഞു

പറഞ്ഞുകൊണ്ടാണ് ഭൂമി

കറങ്ങുന്നതെന്നു തോന്നും

കടൽ മഹാകാവ്യമാണെഴുതുക

എന്നും തോന്നുമല്ലോ

കേട്ടില്ല?...

ഒന്നും പറഞ്ഞിട്ടുമില്ലപ്പാ...

കസേര...

അതേ കസേരയെന്താണ്?

കസേര കസേര തന്നെയാണ്,

കുമ്പസാരമല്ല

കസേര വെറും തടിയല്ല, ഇരിപ്പുമല്ല

ഒരു കസേരയും കസേരയുടെ

സൂചനയാകുന്നില്ല

ഇരിപ്പ് എന്ന തത്കാലം

കസേരയെ തോന്നിപ്പിക്കുന്നതാണ്

ഇരുന്നു നോക്കൂ ചൂലാകും

അവിടെയുമല്ല,

ഇവിടെയുമല്ല,

എവിടെയുമാണ്

"ശൂന്യതയിൽ നിന്നും

ശൂന്യതയിലൂടെ

ശൂന്യതയിലേയ്ക്ക്"-

എന്നൊന്നും മായാവിയെപ്പോലെ

പറഞ്ഞുകളയരുത്

ഇപ്പോൾ തന്നെ ശൂന്യത

മുറിഞ്ഞുമുറിഞ്ഞ് മൂന്നിടത്ത്

പൊട്ടലും ചീറ്റലും

തീയും പുകയുമായി

നോക്കൂ... മരം പോലെ വളരുന്ന

കസേര ഒരലങ്കാരം മാത്രമല്ല

കവിതയും കൂടിയാണ്

ചുടും തണുപ്പും പോലെയാണ്

പിടിച്ചു നിർത്താനാവില്ല

അതെ, ഇരിക്കുകയല്ല,

നടക്കുകയാണ് ചെയ്യുന്നത്

നടപ്പ് ഇരിപ്പായതു കൊണ്ടാണ്

തണൽ മരമുണ്ടായത്

പച്ചയായ ആലിസ് ഒരേ സമയം

വളരുമ്പോൾ ചുരുങ്ങും

ചുരുങ്ങുമ്പോൾ വളരും

പുറത്തേക്കു നോക്കിയാലേ ബസ് ഓടൂ

പുറകോട്ട് ഒരു കാലെടുത്തു

വെച്ചേ മുമ്പോട്ടു നടക്കാൻ പറ്റൂ

എന്നാണോ പറയുന്നത്?

അല്ല, തുടക്കത്തിലെത്തിയാൽ അവസാനത്തിലെത്തി എന്നാണ്

തിരിച്ചോ മറിച്ചോ എണ്ണി നോക്കൂ;

അനന്തത പൂജ്യമായി തീരും

കൂട്ടിനോക്കിയാൽ കുറയും

ഈ രാവിലെ എന്നു കോട്ടുവായിട്ട്, മൂരിനിവർക്കുമ്പോൾ വെറുതെ

ഉണ്ടായിവരുന്നതല്ല ഈ

പുലർച്ചെയെന്നറിയില്ലേ?

കാലത്ത് എന്ന നിശ്ചയം പ്രഭാതവുമല്ല

വെള്ള കീറുന്നു എന്നത് സത്യത്തിൽ കാട്ടാനയെപ്പോലെ രാത്രിയെ മെരുക്കിയെടുക്കുകയാണ്

പകൽ മറയും എന്നാണ്

ഉറവെടുക്കുന്ന വെള്ളിവര പോലെയുള്ള

ആ മദപ്പാട് പറയുന്നത്

എഴുന്നള്ളത്ത് ഏതുനേരവും ഇടഞ്ഞ് ആൾക്കൂട്ടമായി ചിതറാം,

മുളപ്പൊട്ടുന്ന വിത്തിന്റെ

ഐതിഹ്യമാലയായി

രണ്ടു മലകൾക്കിടയിലെ ചിത്രവരയിൽ ഒളിച്ചിരിക്കുകയാണ് കടംകഥ

യഥാർത്ഥത്തിൽ കൺമുമ്പിൽ സംഭവിക്കുന്നതുമായി

യാതൊരു ബന്ധവുമില്ല

ഒരു കർഷകൻ ഉണർന്ന്

വരമ്പിലൂടെ നടക്കുകയാണ്,

നെൽക്കതിരുകൾ

പാദങ്ങളെ തൊടുന്നുണ്ട്

അത്രമാത്രം

ഒരു പ്രതിജ്ഞയോ പ്രസ്താവനയോ

ആശ്ചര്യചിഹ്നമോ അല്ല

കുത്തിട്ടുനിർത്താവുന്ന വാചകവുമല്ല

ചോദ്യചിഹ്നം പോലെ ഒരു ചോദ്യം

ഉത്തരം പ്രതീക്ഷിക്കാതെ

ചോദിക്കാമെന്നേയുള്ളൂ,

ഇന്നലെയോ ഇന്നോ നാളെയോ

മറ്റെന്നാളോ ഉത്തരം കിട്ടണമെന്നുമില്ല

വെളിച്ചവും രാത്രിയും ഒന്നും

ഉന്നയിക്കുന്നില്ല

വെറുതെ എന്നു പറയുന്നതിൽ കേറി

ഇടങ്കോലിടല്ലേ

വേറെന്താണ്?

ഒന്നുമില്ല പിന്നെ?

പലതാണ് അങ്ങനെയാണല്ലേ?

ഇങ്ങനെയുമാണ്

വെളിച്ചം രാത്രിയെ കെടുത്തിക്കളയും ഒരു തരി മതി, മൂങ്ങ പിന്നെ മൂളില്ല."

('ഹെഗൽ' എന്ന ഗദ്യപദ്യമിശ്രമായ ദീർഘകാവ്യത്തിലെ ആദ്യഭാഗം.)

അവസാനം കണ്ടത് ഒരു വർഷം മുൻപാണ്. രാജീവന്റെ ഇംഗ്ലീഷ് ലേഖനങ്ങൾ കൂട്ടിച്ചേർത്ത് ഒരു പുസ്തകം പുറത്തിറക്കുന്നതിന്, അതിന്റെ കോപ്പി എഡിറ്റിംഗിന് സഹായിക്കാൻ തൃശൂരുള്ള എന്റെ വീട്ടിൽ വന്നു. രണ്ട് ദിവസം പോൾ സലാനും രാജീവനും കുറസോവയും ആറ്റൂരും ബ്രിഡ്ജറ്റ് റൈലിയും ഡെറിഡയും എന്റെ വീട്ടിൽ ഞങ്ങളോടൊപ്പം വിരുന്നിരുന്നു. ഗൗരവമുള്ളതും അല്ലാത്തതുമായാ പലതും പറഞ്ഞും പങ്കിട്ടും വൈകുന്നേരം ഷിബുവും ഞാനും വെറുതേ നടക്കാൻ പോയി. ഷിബു പിന്നീട് മടങ്ങിപ്പോയി. അതിനു ശേഷം നേരിൽ കണ്ടിട്ടില്ല.

രണ്ടാഴ്ച മുൻപ് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു. അന്ന് ഞങ്ങൾ ഒന്നിച്ച് സെർച്ച് ചെയ്തു നോക്കിയ ഒരു പെയിന്റിംഗ് ഏതെന്നു ഓർമയുണ്ടോ എന്ന് ചോദിക്കാൻ. ഷിബു പറഞ്ഞു "മറന്നു, ഓർക്കുകയാണെങ്കിൽ വിളിക്കാം."

ഇന്ന് വൈകുന്നേരം ഷിജുരാജ് പറഞ്ഞാണ് അറിയുന്നത് ഷിബു മരിച്ചെന്ന്. കുറച്ചു നേരം മിണ്ടാതിരുന്നു. നമ്മൾ പറയുന്നത് ശാന്തമായി കേൾക്കുന്ന ഷിബുവിനെ, സംവാദ ലഹരിയിൽ ഉത്തേജിതനായി ചിരിച്ച് ജ്വലിച്ച് സന്തോഷത്തോടെ കൈയുയർത്തി ആംഗ്യങ്ങൾ കാട്ടുന്ന ഷിബുവിനെ ഇതാ അറ്റുപോയ സ്വന്തം ഒരവയവത്തെ ശേഷിച്ച ശരീരമെന്നോണം സ്നേഹ വിഷാദസമ്മിശ്രമായ ഒരു ശൂന്യതയോടെ ഓർമയിലേക്കു തിരിച്ചെടുക്കുന്നു. വർഷങ്ങൾക്കു മുമ്പ് മദിരാശിയിൽ ഷിബു വായിച്ച കവിതകളിലെ ചില ബിംബങ്ങൾ ഓർമയിൽ വരുന്നു- കുഴഞ്ഞ ചെളിമണ്ണിൽ പുരണ്ട കൈ, നീലാകാശം പോലൊരു ഒറ്റ പൂവ്, ചുവരിലെ ക്ലോക്ക്...

ഇവിടെ നിർത്താമെന്നു തോന്നുന്നു.

ഷിബു ഷൺമുഖം ബാക്കിവെച്ച പ്രകാശം കൂടുതൽ പേരുകളിലേക്ക് എത്തട്ടെ.

ഷിബു തന്റെ കവിതയിൽ പറയുംപോലെ:

"ഉണരണം,

വാതിൽ തുറന്നു പുറത്തുവരണം

വെള്ള കീറണം

ആദ്യത്തെ കിളി പറക്കണം

കോലമിടുന്ന നിറങ്ങളൊരുങ്ങണം

അടഞ്ഞ ഷട്ടർ തുറക്കണം

മണിയൊച്ച കേൾക്കണം

വഴിപോക്കനാരായാലും കടന്നു

പോകണം."

ഷിബു ഷൺമുഖം ട്രൂകോപ്പിയിൽ എഴുതിയ കവിതകൾ വായിക്കാം

ഹെഗൽ

മേഘസന്ദേശം

Comments