സലിം കുമാർ: ചിരിയുടെ രാഷ്ട്രീയം

മലയാള സിനിമയിലെ ഹാസ്യചരിത്രത്തിൽ സലിം കുമാറെന്ന പേര് രേഖപ്പെടുത്തപ്പെടുക ഒരു നടനായിട്ടല്ല; മനുഷ്യാവസ്ഥയെ ഏറ്റവും ലളിതമായ ഭാഷയിൽ അവതരിപ്പിച്ച കലാകാരനായിട്ടായിരിക്കും. വിനയ് പി. ദാസ് എഴുതുന്നു.

ലയാള സിനിമയിലെ ചിരിയുടെ ഭൂപടം വരച്ചാൽ അതിന്റെ പല വഴികളും ഒടുവിൽ എത്തിച്ചേരുന്നത് സലിം കുമാറെന്ന നടനിലേക്കായിരിക്കും. എന്നാൽ, അദ്ദേഹത്തെ വെറും ‘ഹാസ്യനടൻ’ എന്നു വിളിക്കുന്നത് അദ്ദേഹത്തിന്റെ കലാജീവിതത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയായിരിക്കും. കാരണം, മലയാള സിനിമയിൽ ചിരിയെ ഏറ്റവും ഗൗരവത്തോടെ കൈകാര്യം ചെയ്ത നടന്മാരിൽ ഒരാളാണ് സലിം കുമാർ. സലിം കുമാറിന് മുമ്പും മലയാള സിനിമയിൽ ഹാസ്യനടന്മാർ ഉണ്ടായിരുന്നു. പക്ഷേ അവരുടെ കഥാപാത്രങ്ങൾ പലപ്പോഴും കഥയുടെ കേന്ദ്രത്തിൽ നിന്ന് അകന്നുനിന്നു. അവർ നായകന്റെ വിജയത്തിന് വഴിയൊരുക്കുന്ന ഇടവേളകളായിരുന്നു. സലിം കുമാറിന്റെ വരവോടെ ഈ സ്ഥിതി മാറി. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ കഥയുടെ അരികുകളിൽ നിന്ന് സംസാരിക്കാൻ തുടങ്ങി. അവർ സമൂഹത്തിന്റെ താഴെത്തട്ടുകളിൽ നിന്നുള്ളവരായിരുന്നു, പരാജയങ്ങളുടെയും അപമാനങ്ങളുടെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും നടുവിൽ ജീവിച്ചവർ. അതുകൊണ്ടുതന്നെ സലിം കുമാറിന്റെ ഹാസ്യം വെറും തമാശയല്ല. അത് കേരളീയ സമൂഹത്തിന്റെ തന്നെ ഒരു സാമൂഹിക രേഖയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ പലപ്പോഴും പരിഹാസ്യരായി തോന്നുമെങ്കിലും, ആ ചിരിയുടെ അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്നത് നമ്മുടെ സാമൂഹിക ഘടനകളുടെ ക്രൂരതയാണ്. നാം ചിരിക്കുന്നത് കഥാപാത്രത്തെ കണ്ടല്ല; പലപ്പോഴും നമ്മുടെ സമൂഹം സൃഷ്ടിച്ച മനുഷ്യാവസ്ഥകളെ കണ്ടാണ്.

നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായും ...

ഒരു കാലഘട്ടത്തിൽ മലയാള സിനിമയിലെ ഹാസ്യം സലിം കുമാറിന്റെ ശബ്ദത്തിലും ശരീരഭാഷയിലും വസിച്ചിരുന്നു. ഹാസ്യപ്രധാനമായ ചിത്രമാണോ എങ്കിൽ അതിൽ സലിമിന് എത്ര സീനുണ്ട് എന്ന പതിവ് ചോദ്യത്തിൽ നിന്നുമാറി അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ കലാപരമായ വിപ്ലവം സംഭവിച്ചത് ചിരിയിൽ നിന്ന് നിശ്ശബ്ദതയിലേക്കുള്ള യാത്രയിലായിരുന്നു. ഹാസ്യത്തിന്റെ നിഴൽവെളിച്ചങ്ങൾക്കിടയിൽ പ്രകാശമാനമാകാതിരുന്ന സൂക്ഷ്മമാഭിനയത്തിന്റെ സർഗ്ഗസംഗീതത്തെയാണ് ആദാമിന്റെ മകൻ അബുവിലെ അബു, കറുത്ത ജൂതൻ പോലുള്ള ചിത്രങ്ങളിലെ കഥയും കഥാപാത്രങ്ങളും തെളിയിച്ചത്. ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ മലയാളികൾ ആഘോഷിച്ചത് ഒരു നടന്റെ നേട്ടത്തേക്കളുമധികം പ്രബലമായി നിന്നിരുന്ന ഒരു മുൻവിധിയുടെ തകർച്ചയെയായിരുന്നു. ’ഹാസ്യനടൻ’ എന്ന ലേബലിന്റ പുറത്തും അഭിനയത്തിന്റെ അനന്തസാധ്യതകൾ ഉണ്ടെന്ന് സലിം കുമാർ തെളിയിച്ചു. പിന്നീടും ഭംഗിയായി ഹാസ്യം കൈകാര്യം ചെയ്തിരുന്ന അഭിനേതാക്കൾ സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകൾ തേടി പ്രയാണം ചെയ്യാൻ തുടങ്ങിയത് ശിരസ്സുയർത്തിപ്പായുന്ന സലിം കുമാറിന്റെ ചെമ്പൻ കുതിരയുടെയും അയാൾ തുടക്കമിട്ട അശ്വമേധത്തിന്റെയും ബലത്തിലാണെന്നത് മലയാളസിനിമാചരിത്രത്തിലെ എതിർപ്പില്ലാത്ത സത്യമാണ്.

READ: സലിംകുമാർ : ഒരേ മുറിവിൽ നിന്നുള്ള ചിരിയും സങ്കടവും

നര്‍മ്മത്തിന്റെ ശരീരഭാഷ

ഹാസ്യത്തിന്റെ നിഴൽവെളിച്ചങ്ങൾക്കിടയിൽ പ്രകാശമാനമാകാതിരുന്ന സൂക്ഷ്മമാഭിനയത്തിന്റെ സർഗ്ഗസംഗീതത്തെയാണ് ആദാമിന്റെ മകൻ അബുവിലെ അബു, കറുത്ത ജൂതൻ പോലുള്ള ചിത്രങ്ങളിലെ കഥയും കഥാപാത്രങ്ങളും തെളിയിച്ചത്.
ഹാസ്യത്തിന്റെ നിഴൽവെളിച്ചങ്ങൾക്കിടയിൽ പ്രകാശമാനമാകാതിരുന്ന സൂക്ഷ്മമാഭിനയത്തിന്റെ സർഗ്ഗസംഗീതത്തെയാണ് ആദാമിന്റെ മകൻ അബുവിലെ അബു, കറുത്ത ജൂതൻ പോലുള്ള ചിത്രങ്ങളിലെ കഥയും കഥാപാത്രങ്ങളും തെളിയിച്ചത്.

ജനസ്മൃതിയുടെ കലാകാരൻ

മിമിക്രി വേദികളിൽ നിന്ന് വന്ന ഒരു കലാകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് ജനങ്ങളുടെ ഭാഷ അറിയാമായിരുന്നു. പുസ്തകങ്ങളിലെ ഭാഷയല്ല, തെരുവുകളുടെ ഭാഷ. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ജനസ്മൃതിയുടെ ഭാഗമായത്. അവ സിനിമയിലെ ഡയലോഗുകൾ മാത്രമായിരുന്നില്ല; സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങൾക്ക് കിട്ടിയ ശബ്ദമായിരുന്നു. മലയാള സിനിമയിലെ പല വലിയ നായകന്മാരുടെയും ജനപ്രീതി കാലത്തിനനുസരിച്ച് മാറിയേക്കാം. എന്നാൽ സലിം കുമാറിന്റെ കഥാപാത്രങ്ങൾ ജനസാംസ്കാരിക സ്മൃതിയുടെ ഭാഗമായി തുടരും. കാരണം അവ ഒരു നടന്റെ പ്രകടനങ്ങൾ മാത്രമല്ല; ഒരു കാലഘട്ടത്തിലെ മലയാളിയുടെ സ്വപ്നങ്ങളും പരാജയങ്ങളും ആശങ്കകളും അതിജീവനങ്ങളും മൂല്യച്യുതികളും രേഖപ്പെടുത്തിയ സാംസ്കാരിക പ്രമാണങ്ങളാണ്. അവസാനം, സലിം കുമാറിനെ ഓർക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് അദ്ദേഹം എത്രമാത്രം നമ്മെ ചിരിപ്പിച്ചു എന്നതല്ല. മറിച്ച്, ചിരിയുടെ ഉള്ളിൽ എത്രമാത്രം മനുഷ്യജീവിതം ഒളിപ്പിച്ചുവെച്ചു എന്നതാണ്. മലയാള സിനിമയിലെ ഹാസ്യചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തപ്പെടുക ഒരു നടനായിട്ടല്ല, മനുഷ്യാവസ്ഥയെ ഏറ്റവും ലളിതമായ ഭാഷയിൽ അവതരിപ്പിച്ച കലാകാരനായിട്ടായിരിക്കും.

Comments