ഭാഷയുടെ
ജനാധിപത്യ സാദ്ധ്യതകൾ

‘‘ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾക്കും സാമൂഹികശാസ്ത്രപഠിതാക്കൾക്കും ഒരുപോലെ വഴികാട്ടിയായിരുന്നു യൂർഗൻ ഹേബർമാസിന്റെ ആശയങ്ങൾ. ‘ഭാഷയെ ശ്രദ്ധിക്കൂ, ജനാധിപത്യത്തിന്റെ സന്ദേശം കേൾക്കൂ’ എന്ന് അദ്ദേഹം നമ്മോട് പറഞ്ഞുകൊണ്ടേയിരുന്നു’’- ഹേബർമാസിന്റെ ചിന്തകളിലൂടെ ഒരു സഞ്ചാരം; സി.ജെ. ജോർജ്ജ് എഴുതുന്നു.

ധുനികതയുടെ പരാജയങ്ങളെയും ജനാധിപത്യത്തിന്റെ പ്രതിസന്ധികളെയും സൃഷ്ടിപരമായ ഭാഷോപയോഗങ്ങളിലൂടെ മറികടക്കാമെന്ന് പ്രത്യാശിച്ച മഹാനായ ചിന്തകൻ യൂർഗൻ ഹേബർമാസ് (1929 – 2026) വിടവാങ്ങി. ഫ്രാങ്ക്ഫർട്ട് സ്കൂളിലെ ഏറ്റവും പ്രമുഖരായ ചിന്തകരിലൊരാളായ അദ്ദേഹം, വിമർശനാത്മകസിദ്ധാന്തത്തെ (Critical Theory) പുതിയ ദിശകളിലേക്കു നയിക്കുകയും അതിനെ സാമൂഹ്യശാസ്ത്രത്തിന്റെ നെടുംതൂണായി പരിവർത്തിപ്പിക്കുകയും ചെയ്തു.

മനുഷ്യന്റെ യുക്തിപരമായ വിവേകത്തിലും ഭാഷയുടെ വിനിമയശേഷിയിലും അചഞ്ചലമായ വിശ്വാസമർപ്പിച്ച ഒരു കാലഘട്ടത്തിന്റെ അവസാനവാക്കായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള ജനാധിപത്യവിശ്വാസികൾക്കും സാമൂഹികശാസ്ത്രപഠിതാക്കൾക്കും ഒരുപോലെ വഴികാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങൾ. "ഭാഷയെ ശ്രദ്ധിക്കൂ, ജനാധിപത്യത്തിന്റെ സന്ദേശം കേൾക്കൂ" എന്ന് അദ്ദേഹം നമ്മോട് പറഞ്ഞുകൊണ്ടേയിരുന്നു. വെളിച്ചമുണ്ടാക്കുന്നതാണ് വാക്ക്, നരകമുണ്ടാക്കുന്നതാണ് വാക്ക് എന്നൊക്കെ നമുക്കറിയാം; എന്നാൽ ജനാധിപത്യം ഉളവാക്കുന്ന വാക്കിനെക്കുറിച്ച് നാം അറിയുന്നത് ഹേബർമാസിൽ നിന്നാണ്.

തിയോഡോർ അഡോണോ, മാക്സ് ഹോർക്കൈമർ
തിയോഡോർ അഡോണോ, മാക്സ് ഹോർക്കൈമർ

മാർക്സിയൻ പാരമ്പര്യത്തിലാണ് ഫ്രാങ്ക്ഫർട്ട് സ്കൂളുകാരായ സംസ്കാരചിന്തകരെ പൊതുവിൽ സ്ഥാനപ്പെടുത്താറുള്ളത്. എന്നാൽ അതിന്റെ യാന്ത്രികവർഗ്ഗവിശകലനരീതികളിൽനിന്നും നിർണ്ണയവാദപരമായ സമീപനങ്ങളിൽനിന്നും പ്രയോഗത്തിലെ ഏകാധിപത്യപരമായ പ്രവണതകളിൽനിന്നും വിടുതിനേടി വിമോചനപരമായ ആശയങ്ങളിലേക്ക് നീങ്ങാൻ കഴിഞ്ഞവർ എന്ന നിലയിലാണ് അവർ പ്രസക്തി കൈവരിക്കുന്നത്. തിയോഡോർ അഡോണോ, മാക്സ് ഹോർക്കൈമർ തുടങ്ങിയവർ നയിച്ച ഈ സംഘം സംസ്കാരത്തിന്റെ മേഖലയിൽ പ്രകടമായ അധികാരത്തിന്റെ ഭയപ്പെടുത്തലുകളെയും കടന്നുകയറ്റങ്ങളെയും വിലയിരുത്താനും വിമർശിക്കാനുമുള്ള ആശയങ്ങളും സമീപനങ്ങളും രൂപപ്പെടുത്തി. ആധുനികത വളർത്തിയെടുത്ത സംസ്കാരം ഭയാനകമായ ഒരു പാതയിലൂടെയാണ് മനുഷ്യരാശിയെ കൊണ്ടുപോകുന്നതെന്ന് അവർ കരുതി. ആധുനികതയെയും യുക്തിയെയും അവർ വളരെ സംശയത്തോടെയാണ് വീക്ഷിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെയും നാസി ക്രൂരതകളുടെയും പശ്ചാത്തലത്തിൽ, മനുഷ്യനെ സ്വതന്ത്രനാക്കേണ്ട 'യുക്തി' തന്നെ മനുഷ്യനെ അടിമയാക്കുന്ന ഉപകരണമായി മാറിയെന്ന് അവർ വാദിച്ചു. തങ്ങളുടെ പ്രശസ്തമായ കൃതിയായ 'ഡയലക്റ്റിക് ഓഫ് എൻലൈറ്റൻമെന്റിൽ' (Dialectic of Enlightenment, 1944), പ്രബുദ്ധത ഇരുട്ടിലേക്ക് നയിച്ചതിനെക്കുറിച്ചാണ് അവർ വിലപിച്ചത്. അഡോണോയെ സംബന്ധിച്ചിടത്തോളം ആധുനികലോകം എന്നത് ഒരു തടവറയായിരുന്നു; അവിടെ കലയും സംസ്കാരവും പോലും 'കൾച്ചർ ഇൻഡസ്ട്രി'യുടെ (Culture Industry) ഭാഗമായി മാറി വെറുമൊരു കച്ചവടച്ചരക്കായി അധഃപതിച്ചു.

ഹേബർമാസ് തന്റെ ദർശനങ്ങൾ പടുത്തുയർത്തിയത് തിയഡോർ അഡോണോയെപ്പോലുള്ള മുൻകാല ചിന്തകർ ഉയർത്തിയ കടുത്ത നിരാശാവാദത്തോടു (Pessimism) കലഹിച്ചും, എന്നാൽ അവരിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുമാണ്. ആധുനികതയും അതിനാധാരമായ യുക്തിയും (Reason) പൂർണ്ണമായും പരാജയപ്പെട്ട ഒന്നല്ല എന്ന് വാദിച്ച അദ്ദേഹം, ആധുനികതയെ ഒരു "അപൂർണ്ണമായ പദ്ധതി" (Modernity: An Unfinished Project, 1980) ആയി കണ്ടു. ആധുനികത അതിന്റെ വിമോചകമായ ദൗത്യം തുടരുകയാണ് വേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതിനായി യുക്തിയെ അദ്ദേഹം രണ്ടായി തിരിച്ചു: ഒന്ന്, അധികാരമോ മറ്റു നേട്ടങ്ങളോ ലക്ഷ്യമാക്കി അഡോണോ വിമർശിച്ച 'ഉപകരണയുക്തി' (Instrumental Reason). രണ്ട്, മനുഷ്യരെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന 'ആശയവിനിമയയുക്തി' (Communicative Reason). അഡോണോ മനുഷ്യനെ വിഭജിക്കുന്ന യുക്തിയെയാണ് കണ്ടതെങ്കിൽ, ഹേബർമാസ് മനുഷ്യരെ ഐക്യപ്പെടുത്തുന്ന അല്ലെങ്കിൽ സാഹോദര്യത്തിലാക്കുന്ന യുക്തിയെ 'ഭാഷ' എന്ന വിസ്മയത്തിൽനിന്ന് നിർദ്ധാരണം ചെയ്തെടുത്തു.

Dialectic of Enlightenment
Dialectic of Enlightenment

ആശയവിനിമയയുക്തി എന്ന ഈ സങ്കല്പം സാമൂഹ്യശാസ്ത്രത്തിൽ പുതിയൊരു കാഴ്ചപ്പാട് സാധ്യമാക്കി. ഇതുവഴി പരമ്പരാഗതമായ കേവല യുക്തിചിന്തകളിൽനിന്നു മാറി, ഒരു സമൂഹം എങ്ങനെ ജനാധിപത്യപരമായി നിലനിൽക്കുന്നുവെന്നും പ്രവർത്തിക്കുന്നുവെന്നും മനസ്സിലാക്കാൻ സാധിക്കുന്നു. ഒരു സമൂഹം ജനാധിപത്യപരമായി നിലനിൽക്കുന്നത് കേവലം നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതുകൊണ്ടല്ല; മറിച്ച്, പൗരന്മാർ സ്വതന്ത്രമായ ചർച്ചകളിലൂടെയും യുക്തിപരമായ വാദപ്രതിവാദങ്ങളിലൂടെയും പൊതുവായ തീരുമാനങ്ങളിൽ എത്തുന്നതിലൂടെയാണ്. ഇതിനെയാണ് സംവാദപരമായ ജനാധിപത്യം (Deliberative Democracy) എന്ന് വിശേഷിപ്പിക്കുന്നത്. ആശയവിനിമയയുക്തിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. അപ്പോൾ അധികാരത്തിന്റെയോ പണത്തിന്റെയോ സ്വാധീനമില്ലാതെ, ഏറ്റവും മികച്ച വാദത്തിന് (Better Argument) മുൻഗണന ലഭിക്കുന്ന സാഹചര്യം ഉളവാകുന്നു.

Read: ഹേബർമാസ്: ജ്ഞാനോദയം പൂർത്തീകരിക്കപ്പെടാത്ത
പദ്ധതിയാണ്

ഹേബർമാസിന്റെ മുഖ്യപരിഗണനാവിഷയം ജനാധിപത്യമായിരുന്നു. ജനാധിപത്യം എന്നത് കേവലം വോട്ടുപെട്ടിയിലൊതുങ്ങുന്ന ഒന്നല്ല എന്ന് വസ്തുതകൾക്കും മൂല്യങ്ങൾക്കുമിടയിൽ (Between Facts and Norms) എന്ന കൃതിയിലൂടെ അദ്ദേഹം സമർത്ഥിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, യുക്തിഭദ്രമായ സംവാദങ്ങളിൽ പങ്കാളികളാകുന്ന പൗരന്മാരുടെ — പ്രത്യേകിച്ചും ആ നിയമം ബാധിക്കാൻ സാധ്യതയുള്ള എല്ലാവരുടെയും — അംഗീകാരം നേടാൻ കഴിയുന്ന നിയമങ്ങൾക്ക് മാത്രമേ ജനാധിപത്യപരമായ സാധുത അവകാശപ്പെടാൻ കഴിയൂ. അധികാരം പ്രയോഗിക്കാനുള്ള വെറും അനുമതിയല്ല ജനാധിപത്യം; മറിച്ച്, ആശയവിനിമയത്തിലൂടെ അധികാരത്തിന്റെ ഏകപക്ഷീയതയെ നിരന്തരം ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്യുന്ന ഒരു സാമൂഹിക പ്രക്രിയയാണത്.

ഭാഷയെയും യുക്തിവിചാരത്തെയും പുതിയൊരു രീതിയിൽ സമന്വയിച്ചു കണ്ടുകൊണ്ടാണ് ഹേബർമാസ് തന്റെ ചിന്തകളെ വികസിപ്പിച്ചത്. ആശയവിനിമയാത്മകമായ അഥവാ സംവാദാത്മകമായ ജനാധിപത്യം എന്ന സങ്കല്പത്തിലേക്കും ആശയവിനിമയ പ്രവർത്തന സിദ്ധാന്ത (Theory of Communicative Action) ത്തിലേക്കും അദ്ദേഹം എത്തിച്ചേർന്നു. കേവലം വിവരങ്ങൾ കൈമാറാനുള്ള ഉപാധിയായല്ല; മറിച്ച് സമൂഹത്തെ ജനാധിപത്യവൽക്കരിക്കാനുള്ള സവിശേഷമായ സിദ്ധിയും സാധ്യതയുമുള്ള ഒരു പ്രതിഭാസമായാണ് അദ്ദേഹം ഭാഷയെ ഉൾക്കൊണ്ടത്.

ഹേബർമാസിന്റെ മുഖ്യപരിഗണനാവിഷയം ജനാധിപത്യമായിരുന്നു. ജനാധിപത്യം എന്നത് കേവലം വോട്ടുപെട്ടിയിലൊതുങ്ങുന്ന ഒന്നല്ല എന്ന് വസ്തുതകൾക്കും മൂല്യങ്ങൾക്കുമിടയിൽ (Between Facts and Norms) എന്ന കൃതിയിലൂടെ അദ്ദേഹം സമർത്ഥിച്ചു.
ഹേബർമാസിന്റെ മുഖ്യപരിഗണനാവിഷയം ജനാധിപത്യമായിരുന്നു. ജനാധിപത്യം എന്നത് കേവലം വോട്ടുപെട്ടിയിലൊതുങ്ങുന്ന ഒന്നല്ല എന്ന് വസ്തുതകൾക്കും മൂല്യങ്ങൾക്കുമിടയിൽ (Between Facts and Norms) എന്ന കൃതിയിലൂടെ അദ്ദേഹം സമർത്ഥിച്ചു.

സാഹോദര്യവും അതുവഴി ജനാധിപത്യവും സാധ്യമാക്കാനുള്ള ശേഷിയാണ് ഹേബർമാസിനെ സംബന്ധിച്ചിടത്തോളം ഭാഷയുടെ കരുത്ത്. മറ്റൊരാളെ തോൽപ്പിക്കാനുള്ള ആയുധമല്ല അത്; മറിച്ച് 'കമ്മ്യൂണിക്കേഷൻ' എന്ന വാക്ക് സൂചിപ്പിക്കുന്നത് പോലെ മനുഷ്യർക്കിടയിൽ ഐക്യപ്പെടലിന്റെ വഴികൾ തുറക്കാനുള്ള മാധ്യമമാണ്. അറിയാനും അറിയിക്കാനും ഐക്യപ്പെടാനുമുള്ള ഭാഷാപ്രയോഗത്തിലെ യുക്തിയാണ് മുൻപ് സൂചിപ്പിച്ച 'ആശയവിനിമയയുക്തി'. ഇവിടെ യുക്തിയുടെ ലക്ഷ്യം ഒരാളെ കീഴ്പ്പെടുത്തുകയല്ല, മറിച്ച് പരസ്പരധാരണ (Mutual Understanding) ഉണ്ടാക്കിയെടുക്കുക എന്നതാണ്. മനുഷ്യർ സംസാരിക്കേണ്ടത് പരസ്പരധാരണയിലെത്താനാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

ഭാഷയെ ജനാധിപത്യം സാദ്ധ്യമാക്കുന്ന സവിശേഷ സിദ്ധിയായി തിരിച്ചറിഞ്ഞു കൊണ്ടാണ് ഹേബർമാസ് തന്റെ ചിന്തകൾ രൂപപ്പെടുത്തിയത്. വിശേഷാർത്ഥത്തിൽ അദ്ദേഹം ഒരു ഭാഷാചിന്തകനാണ് എന്നു പറയാം. ഭാഷാശാസ്ത്രജ്ഞർ പൊതുവിൽ ശ്രദ്ധകൊടുക്കുന്ന ഭാഷാഘടനയെയോ, ധർമ്മവിജ്ഞാനപരമായി ഭാഷയെ സമീപിച്ചവർ കണ്ടെത്തുന്ന ഭാഷാധർമ്മങ്ങളോ അല്ല, മറിച്ച് ഭാഷയുടെ ചരിത്രത്തിൽ അത് നിർവ്വഹിച്ച സവിശേഷമായ രാഷ്ട്രീയധർമ്മത്തെ മുൻനിർത്തി ഭാഷകൊണ്ട് സാദ്ധ്യമാകാവുന്ന ജനാധിപത്യവികസനത്തെ വിഭാവനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിന്റെയോ ഭയത്തിന്റെയോ സ്പർശമില്ലാത്ത ഒരു 'ആദർശ ഭാഷണസാഹചര്യം' (Ideal Speech Situation) ആണ് അദ്ദേഹത്തിന്റെ ദർശനങ്ങളുടെ കാതൽ. അവിടെ അപരൻ ഒരു ശത്രുവല്ല, മറിച്ച് സത്യം കണ്ടെത്താനുള്ള യാത്രയിലെ പങ്കാളിയാണ്. ബലപ്രയോഗത്തിലൂടെയല്ല, മറിച്ച് മികച്ച യുക്തിയിലൂടെ (Better Argument) മറ്റൊരാളെ ബോധ്യപ്പെടുത്തുന്ന രീതിയാണ് യഥാർത്ഥ സാഹോദര്യത്തിലേക്ക് നയിക്കുന്നത് (Knowledge and Human Interests, 1968).

സ്വതന്ത്രമായ ആശയവിനിമയങ്ങളിലൂടെ രൂപപ്പെടുന്ന പൊതുമണ്ഡലം അഥവാ 'പബ്ലിക് സ്ഫിയർ' എന്ന സങ്കല്പം പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം (The Structural Transformation of the Public Sphere, 1962) എന്ന കൃതിയിലൂടെയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. മധ്യവർഗ്ഗ സമൂഹങ്ങളിൽ രൂപംകൊണ്ട ഈ പൊതുമണ്ഡലം എങ്ങനെയാണ് ജനാധിപത്യത്തിന്റെ ആണിക്കല്ലായി മാറിയതെന്ന് അദ്ദേഹം ഇതിൽ വിശദീകരിച്ചു. പൗരന്മാർക്ക് സ്വതന്ത്രമായി ഒത്തുചേരാനും ഭരണകൂടത്തിന്റെ തീരുമാനങ്ങളെ വിമർശിക്കാനും കഴിയുന്ന ഇടമാണ് പൊതുമണ്ഡലം. ഭരണകൂട അധികാരത്തെ യുക്തിസഹമായ ചർച്ചകളിലൂടെ ചോദ്യം ചെയ്യാൻ സഹായിക്കുന്ന മാധ്യമങ്ങൾ, സാംസ്കാരിക കൂട്ടായ്മകൾ, സന്നദ്ധ സംഘടനകൾ എന്നിവ ഇതിന്റെ ഭാഗമാണ്.

സ്വതന്ത്രമായ ആശയവിനിമയങ്ങളിലൂടെ രൂപപ്പെടുന്ന പൊതുമണ്ഡലം അഥവാ 'പബ്ലിക് സ്ഫിയർ' എന്ന സങ്കല്പം പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം (The Structural Transformation of the Public Sphere, 1962) എന്ന കൃതിയിലൂടെയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
സ്വതന്ത്രമായ ആശയവിനിമയങ്ങളിലൂടെ രൂപപ്പെടുന്ന പൊതുമണ്ഡലം അഥവാ 'പബ്ലിക് സ്ഫിയർ' എന്ന സങ്കല്പം പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം (The Structural Transformation of the Public Sphere, 1962) എന്ന കൃതിയിലൂടെയാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.

കലയും സാഹിത്യവും എങ്ങനെയാണ് ഒരു രാഷ്ട്രീയപൊതുമണ്ഡലം രൂപപ്പെടാൻ സഹായിച്ചതെന്നും ഹേബർമാസ് വിശകലനം ചെയ്തു. ഇത് ജനാധിപത്യത്തിൽ കലാകാരരുടെയും ബുദ്ധിജീവികളുടെയും ആശയങ്ങളുടെയും സാംഗത്യം വെളിപ്പെടുത്തുന്നു. സ്വകാര്യ താല്പര്യങ്ങൾക്കപ്പുറം പൊതുവായ കാര്യങ്ങൾ ചർച്ച ചെയ്യാനും യുക്തിസഹമായ തീരുമാനങ്ങളിലെത്താനും സാധിക്കുന്ന ഇത്തരം സ്വതന്ത്രസംവാദത്തിന്റേതായ ഇടങ്ങൾ ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ചരിത്രപരമായ അവബോധത്തോടെ അദ്ദേഹം വാദിച്ചു.

'പൊതുമണ്ഡലത്തിന്റെ ഘടനാപരിണാമം' എന്ന ഹേബർമാസിന്റെ സിദ്ധാന്തത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടമാണ് ഭരണകൂടവും സൊസൈറ്റിയും തമ്മിലുള്ള ലയനം (The Blur between State and Society). ജനാധിപത്യം എങ്ങനെയാണ് ഒരു പ്രഹസനമായി മാറുന്നത് എന്ന് മനസ്സിലാക്കാൻ ഈ ആശയം നമ്മെ സഹായിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്ലാസിക്കൽ ജനാധിപത്യസങ്കല്പത്തിൽ 'ഭരണകൂടം' (State), 'സിവിൽ സൊസൈറ്റി' (Society) എന്നിവ വ്യക്തമായ രണ്ട് ഇടങ്ങളായിരുന്നു. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ സിവിൽ സൊസൈറ്റിയിലെ പൗരന്മാർ പുറത്തുനിന്ന് വിമർശനാത്മകമായി വിലയിരുത്തിയിരുന്നു. എന്നാൽ പിൽക്കാലത്ത് ഈ വേർതിരിവ് ഇല്ലാതായി. ഭരണകൂടം ജനങ്ങളുടെ സ്വകാര്യജീവിതത്തിലേക്കും സാമൂഹിക ഇടങ്ങളിലേക്കും കടന്നുവരികയും (Statification of Society), മറുഭാഗത്ത് സമൂഹത്തിലെ വലിയ ബിസിനസ് ഗ്രൂപ്പുകളും താല്പര്യസംരക്ഷകരും ഭരണകൂടത്തിന്റെ നയരൂപീകരണത്തിൽ നേരിട്ട് ഇടപെടുകയും ചെയ്യുന്ന അവസ്ഥ സംജാതമായി (Socialization of the State). രാഷ്ട്രീയത്തിന്റെ അന്തസ്സത്ത ചോർന്നുപോകലാണ് ഇങ്ങനെ ഭരണകൂടവും സൊസൈറ്റിയും ഒന്നാകുമ്പോൾ സംഭവിക്കുന്നത്. ഹേബർമാസ് വിഭാവനം ചെയ്ത ജനാധിപത്യത്തിന്റെ ആണിക്കല്ല് 'വിമർശനാത്മകമായ യുക്തി' (Critical Reason) ആയിരുന്നു. സമകാലികലോകം സാക്ഷ്യം വഹിക്കുന്നത് ആ യുക്തിയുടെയും വിമർശനാത്മകതയുടെയും സാവധാനത്തിലുള്ള പിന്മാറ്റത്തിനാണ്. പൊതുമണ്ഡലം ഇന്ന് യുക്തിസഹമായ സംവാദങ്ങൾക്കുള്ള വേദിയല്ല, മറിച്ച് അധികാരം അതിന്റെ പ്രൗഢി പ്രദർശിപ്പിക്കുന്ന ഒരു വേദിയായി (Court of Display) അതു മാറിയിരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിലെ ബൂർഷ്വാ പൊതുസമൂഹത്തെ (Bourgeois Public Sphere) വിശകലനം ചെയ്തപ്പോൾ, കോഫി ഹൗസുകളിലും വായനശാലകളിലും നിലനിന്നിരുന്ന യുക്തിഭദ്രമായ സംവാദങ്ങൾ (Rational-critical debate) എങ്ങനെയാണ് പിൽക്കാലത്ത് തകർന്നതെന്ന് അദ്ദേഹം വിവരിച്ചു. ആധുനികതയുടെ പിന്നീടുള്ള ഘട്ടത്തിൽ പൊതുസമൂഹം സ്വകാര്യസ്വത്തിന്റെ (Private Property) ആധിപത്യത്തിലേക്ക് തിരിച്ചുവരുന്നതും ഹേബർമാസ് ചൂണ്ടിക്കാട്ടി. പൊതുമണ്ഡലം സ്വകാര്യവൽക്കരിക്കപ്പെടുന്ന പ്രക്രിയയെ അദ്ദേഹം 'റീഫ്യൂഡലൈസേഷൻ' (Refeudalization) എന്ന് വിളിച്ച് അവതരിപ്പിച്ചു. ഫ്യൂഡൽ കാലഘട്ടത്തിൽ അധികാരം എന്നത് പ്രജകൾക്ക് മുന്നിൽ രാജാവ് നടത്തുന്ന ഒരു 'പ്രദർശനം' (Display) മാത്രമായിരുന്നു; അവിടെ ചർച്ചകളില്ല. ആധുനികമാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും ചേർന്ന് രാഷ്ട്രീയത്തെ വീണ്ടും ഇത്തരമൊരു 'പ്രദർശനവസ്തു'വാക്കി മാറ്റുന്നതിനെയാണ് റീഫ്യൂഡലൈസേഷൻ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഇവിടെ ജനാധിപത്യം അതിന്റെ സംവാദസ്വഭാവം കൈവെടിയുകയും, പൗരന്മാർ സജീവമായി ചർച്ചകളിൽ ഏർപ്പെടുന്നതിന് പകരം ഭരണകൂടവും മാധ്യമങ്ങളും ചേർന്ന് നിർമ്മിക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ വെറും കാഴ്ചക്കാരായി മാറുകയും ചെയ്യുന്നു. പൊതുനന്മയ്ക്കായി നടക്കേണ്ട ചർച്ചകൾ വലിയ ബിസിനസ് ഗ്രൂപ്പുകളുടെയും താല്പര്യ ഗ്രൂപ്പുകളുടെയും ലാഭത്തിനുവേണ്ടി മാറ്റിവെക്കപ്പെടുന്നു. ചുരുക്കത്തിൽ, അധികാരം വീണ്ടും പഴയ ഫ്യൂഡൽ കാലത്തെപ്പോലെ ഏതാനും വ്യക്തികളുടെ സ്വകാര്യ സ്വത്തായി മാറുന്ന അവസ്ഥയാണിത്.

രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ആശയവിനിമയപ്രവർത്തനസിദ്ധാന്തം (The Theory of Communicative Action- 1981) എന്ന ഗ്രന്ഥം ഹേബർമാസിന്റെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നു.
രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ആശയവിനിമയപ്രവർത്തനസിദ്ധാന്തം (The Theory of Communicative Action- 1981) എന്ന ഗ്രന്ഥം ഹേബർമാസിന്റെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നു.

രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ആശയവിനിമയപ്രവർത്തനസിദ്ധാന്തം (The Theory of Communicative Action- 1981) എന്ന ഗ്രന്ഥം ഹേബർമാസിന്റെ മാസ്റ്റർപീസ് ആയി കരുതപ്പെടുന്നു. ഈ ഗ്രന്ഥം പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളാണ് നിറവേറ്റിയത്: 'ആശയവിനിമയയുക്തി' (Communicative Rationality) എന്ന സങ്കല്പം വികസിപ്പിക്കുക; സമൂഹത്തെ 'സിസ്റ്റം' (System), 'ലൈഫ് വേൾഡ്' (Lifeworld) എന്നിങ്ങനെ രണ്ടായി തിരിച്ചുകൊണ്ടുള്ള പുതിയൊരു സാമൂഹിക വിശകലനം അവതരിപ്പിക്കുക; ആധുനികതയുടെ പരാജയങ്ങളെ വിശകലനം ചെയ്യുകയും ജനാധിപത്യപരമായ സംവാദങ്ങളുടെ പ്രാധാന്യം ഉറപ്പിക്കുകയും ചെയ്യുക. ഹേബർമാസിന്റെ സാമൂഹികവിശകലനത്തിൽ നാല് പ്രക്രിയകൾ നിർണ്ണായകമാണ്. നിശ്ചിത ലക്ഷ്യങ്ങൾ നേടാൻ ഭൗതികസാഹചര്യങ്ങളെ ഉപയോഗിക്കുന്ന 'ഉപകരണപ്രവർത്തനം', സാമൂഹികനിയമങ്ങൾക്കും മൂല്യങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന 'മാനദണ്ഡപരമായി നിയന്ത്രിത പ്രവർത്തനം', സ്വന്തം സ്വത്വത്തെയും വികാരങ്ങളെയും ആത്മാർത്ഥമായി മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്തുന്ന 'നാടകപ്രവർത്തനം', പരസ്പരധാരണ ലക്ഷ്യമാക്കി നടത്തുന്ന അധികാരരഹിതമായ 'ആശയവിനിമയ പ്രവർത്തനം' എന്നിവയാണവ. ഇതിൽ ആശയവിനിമയ പ്രവർത്തനമാണ് സമൂഹത്തിന്റെ ജനാധിപത്യപരമായ പുരോഗതിക്ക് ആധാരമെന്ന് അദ്ദേഹം വിശ്വസിച്ചു. ആധുനിക കാലത്ത് ഉപകരണയുക്തിയുടെ അതിപ്രസരം മറ്റു പ്രവർത്തനങ്ങളെ വിഴുങ്ങുന്നത് ജീവിതലോകത്തിന്റെ സന്തുലിതാവസ്ഥയെ തകർക്കുന്നതായി അദ്ദേഹം നിരീക്ഷിച്ചു. ആശയവിനിമയത്തിലൂടെ രൂപപ്പെടുന്ന പൊതുസമ്മതിയാണ് ജനാധിപത്യപരമായ സാധുതയുടെ (Legitimacy) അടിസ്ഥാനമെന്ന് അദ്ദേഹം സ്ഥാപിച്ചു.

ജനാധിപത്യം നിലനിൽക്കണമെങ്കിൽ ചർച്ചകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും തുല്യമായ അവസരം ലഭിക്കണമെന്ന് ഹേബർമാസ് വാദിച്ചു. 'ഐഡിയൽ സ്പീച്ച് സിറ്റുവേഷൻ' (Ideal Speech Situation) എന്ന സങ്കല്പം ഇതിനെയാണ് മുൻനിർത്തുന്നത്. സമഭാവനാപൂർണ്ണമായ ഈ പ്രക്രിയയിൽ അന്തർഭവിച്ചിരിക്കുന്ന പാരസ്പര്യത്തെയാണ് 'ആശയവിനിമയയുക്തി' എന്ന് വിളിക്കുന്നത്. ഇതിന്റെ അനിവാര്യമായ ഫലമെന്നോണം ജനാധിപത്യം ഉളവാകുന്നു. 'ജീവിതലോകം' (Lifeworld), 'വ്യവസ്ഥ' (System) എന്നീ ദ്വന്ദ്വങ്ങളെ മുൻനിർത്തിയാണ് അദ്ദേഹം ഈ ആശയത്തെ വികസിപ്പിച്ചത്. കുടുംബം, സംസ്കാരം, സൗഹൃദം തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ജീവിതലോകം; ഇവിടെ ആശയവിനിമയയുക്തിക്കാണ് പ്രാധാന്യം. എന്നാൽ സമ്പദ്‌വ്യവസ്ഥ (പണം), ഭരണം (അധികാരം) എന്നിവയുടെ മേഖലയാണ് 'വ്യവസ്ഥ'; അവിടെ ഉപകരണയുക്തിയാണ് (Instrumental Reason) പ്രവർത്തിക്കുന്നത്.

ആധുനികകാലത്ത് 'വ്യവസ്ഥ' ജീവിതലോകത്തെ വിഴുങ്ങുന്നതിനെ ഹേബർമാസ് രൂക്ഷമായി വിമർശിച്ചു. ആശയവിനിമയയുക്തി തിരിച്ചുപിടിക്കുന്നതിലൂടെ മാത്രമേ മനുഷ്യന് യഥാർത്ഥ സ്വാതന്ത്ര്യം കൈവരിക്കാനാകൂ എന്ന് അദ്ദേഹം വിശ്വസിച്ചു. ഭാഷയിലൂടെയും സംവാദത്തിലൂടെയും വ്യക്തികൾക്കിടയിൽ ഉണ്ടാകുന്ന ധാരണയാണ് സമൂഹത്തിന്റെ പുരോഗതിക്ക് ആധാരം. സംവാദം എന്നത് അധികാരരഹിതമായ ആശയവിനിമയമാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും ആധുനികലോകത്ത് 'സംഭാഷണം' (Dialogue) മാത്രമാണ് വിമോചനമാർഗ്ഗമെന്ന് ഹേബർമാസ് ആവർത്തിച്ചു വാദിച്ചു

ഫ്രിഡ്രിക് നീഷെ, മാർട്ടിൻ ഹൈഡഗർ
ഫ്രിഡ്രിക് നീഷെ, മാർട്ടിൻ ഹൈഡഗർ

പതിനെട്ടാം നൂറ്റാണ്ടിലെ കോഫി ഹൗസുകളിൽനിന്ന് ഇന്നത്തെ ഡിജിറ്റൽ ലോകത്തേക്ക് പൊതുമണ്ഡലം മാറിയിരിക്കുന്നു. എന്നാൽ ഇന്നത്തെ ഡിജിറ്റൽ പൊതുമണ്ഡലം നേരിടുന്ന വലിയ പ്രതിസന്ധി 'അൽഗോരിത'ങ്ങളാണ്. സോഷ്യൽ മീഡിയയിലെ അൽഗോരിതങ്ങൾ ഓരോ വ്യക്തിക്കും അവർക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ മാത്രം കാണിച്ചുകൊടുക്കുന്ന 'എക്കോ ചേംബറുകൾ' സൃഷ്ടിക്കുന്നു. ഇത് വിയോജിപ്പുകളെ കേൾക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും മനുഷ്യരെ സ്വന്തം രാഷ്ട്രീയ'വെറി'കളിലേക്ക് കൂടുതൽ ചുരുക്കുകയും ചെയ്യുന്നു. പണവും അധികാരവും സംവാദാത്മകമായ മൂല്യങ്ങളെ വിഴുങ്ങുന്നതിനെ ഹേബർമാസ് 'ലൈഫ്-വേൾഡിന്റെ കോളനിവൽക്കരണം' എന്ന് വിളിക്കുന്നു. ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന ടെക് കമ്പനികൾ പൊതുമണ്ഡലത്തെ വിപണിയുടെ താല്പര്യങ്ങൾക്ക് അനുസൃതമായി മാറ്റിയെടുക്കുമ്പോൾ, ജനാധിപത്യം ദുർബലമാകുന്നു.

ആശയവിനിമയപ്രവർത്തനസിദ്ധാന്തത്തിൽ (The Theory of Communicative Action) ആധുനികതയുടെ വിമർശം കൂടി നിർവ്വഹിക്കുന്നുണ്ട്. ആധുനികതയുടെ പരാജയങ്ങളെയും ജനാധിപത്യത്തെയും സാമൂഹ്യശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെ അദ്ദേഹം വിശകലനം ചെയ്യുന്നു. ആധുനികത പരാജയപ്പെടുന്നത് യുക്തി ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് 'ഉപകരണയുക്തി' ജീവിതത്തിന്റെ എല്ലാ മേഖലകളെയും കീഴടക്കുന്നതുകൊണ്ടാണ്. ഇതിന് പരിഹാരം ഭാഷയുടെ സർഗ്ഗസാദ്ധ്യതകൾ തുറന്നുവിടുന്ന 'ആശയവിനിമയയുക്തി'യെ വീണ്ടെടുക്കുക എന്നതു മാത്രമാണ്. ആശയവിനിമയയുക്തി സുഗമമായി പ്രവർത്തിക്കാൻ ചില മുന്നുപാധികൾ ഹേബർമാസ് പറഞ്ഞുവെയ്ക്കുന്നുണ്ട്. എല്ലാവർക്കും തുല്യമായി ആശയങ്ങൾ പങ്കുവെക്കാൻ അവസരം ലഭിക്കുന്ന 'ഭാഷണതുല്യത' (Speech Equality) ഉണ്ടായിരിക്കണം; യഥാർത്ഥത്തിൽ ഇത് പൂർണ്ണമായ ഭാഷണസ്വാതന്ത്ര്യം തന്നെയാണ്. സംസാരിക്കുന്നതിൽ സത്യസന്ധത (Truthfulness) ഉണ്ടായിരിക്കണം എന്നതാണ് രണ്ടാമത്തെ നിബന്ധന. അധികാരത്തിന്റെയോ പണത്തിന്റെയോ ബലപ്രയോഗം സംവാദത്തിൽ ഉണ്ടാകരുത്. നിർബ്ബന്ധിതരായി ആളുകൾ വോട്ടിങ്ങിൽ പങ്കെടുക്കുന്നതുകൊണ്ടുമാത്രം ജനാധിപത്യമായി എന്നു കരുതരുത്. ജനാധിപത്യം പൂർണ്ണമാകുന്നത് പൗരന്മാർക്കിടയിൽ നടക്കുന്ന യുക്തിസഹമായ സംവാദത്തിന്റെ സ്വഭാവവും അളവുമനുസരിച്ചാണ്.

 ദെറീദ, ഫൂക്കോ
ദെറീദ, ഫൂക്കോ

1985-ൽ പ്രസിദ്ധീകരിച്ച ആധുനികതയുടെ ദാർശനികസംവാദം (The Philosophical Discourse of Modernity) എന്ന കൃതി, ആധുനികതയെക്കുറിച്ചുള്ള ദാർശനികചർച്ചകളിൽ അതിപ്രധാനമാണ്. ആധുനികതയുടെ ദൗർബ്ബല്യങ്ങൾ ചൂണ്ടിക്കാട്ടിയ ആധുനികോത്തര ചിന്തകർക്ക് (Post-modernists) അദ്ദേഹം നൽകിയ മറുപടിയാണിത്. നീഷെ, ഹൈഡഗർ, ഫൂക്കോ, ദെറീദ തുടങ്ങിയ ചിന്തകർ യുക്തിയെ പൂർണ്ണമായും നിരാകരിക്കുന്നുവെന്നും, അത് അരാജകത്വത്തിലേക്കോ അധികാരം ഉപയോഗിച്ചുള്ള അടിച്ചമർത്തലിലേക്കോ മാത്രമേ നയിക്കൂ എന്നും ഹേബർമാസ് കരുതി. ആധുനികോത്തരരുടെ വാദങ്ങൾ പലപ്പോഴും 'നവ-യാഥാസ്ഥിതികത്വ'വുമായി (Neo-conservatism) ബന്ധമുള്ളതാണെന്ന് അദ്ദേഹം കണ്ടു. പതിനെട്ടാം നൂറ്റാണ്ടിലെ ജ്ഞാനോദയപ്രസ്ഥാനം മുന്നോട്ടുവെച്ച യുക്തിചിന്ത, വ്യക്തിസ്വാതന്ത്ര്യം, പുരോഗതി എന്നിങ്ങനെയുള്ള മാനവികവാദസങ്കല്പനങ്ങളുടെ പിൻബലത്തോടെയാണ് ആധുനികത നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ ലോകയുദ്ധങ്ങൾ, സ്വേച്ഛാധിപത്യം, പരിസ്ഥിതി നാശം എന്നിവ ഈ 'മാനവതാവാദ'യുക്തി'യുടെ ബലഹീനതകളിലേക്ക് വിരൽ ചൂണ്ടുന്നതായി വിലയിരുത്തപ്പെട്ടു. ഇതിനെത്തുടർന്ന് ആധുനികത പരാജയപ്പെട്ടുവെന്നും നാം 'ഉത്തരാധുനികത'യിലേക്ക് പ്രവേശിച്ചുവെന്നും ഉള്ള സിദ്ധാന്തീകരണങ്ങളുണ്ടായി. എന്നാൽ ആധുനികത എന്നത് തിടുക്കപ്പെട്ടു തള്ളിക്കളയേണ്ട ഒന്നല്ല, മറിച്ച് നിരന്തരം നടക്കുന്ന പുതുക്കലുകളോടെ പൂർത്തിയാക്കേണ്ട ഒരു പദ്ധതിയാണ് (An Unfinished Project) എന്ന് ഹേബർമാസ് വാദിച്ചു. അതിന്റെ വിമോചകമൂല്യത്തെ തിരസ്കരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ആധുനികതയെ അതിന്റെ അപര്യാപ്തതകളുടെ പേരിൽ നിരാകരിക്കുന്നതിനു പകരം നിരന്തരം നവീകരിക്കപ്പെടാവുന്ന ഒന്നായി അദ്ദേഹം കണ്ടു. അനന്തമായ അർത്ഥങ്ങളിലേക്ക് നീണ്ടുപടരുന്ന തുറന്ന വാക്കിനെ ദെറിദ കണ്ടെങ്കിൽ അനന്തമായ സ്വാതന്ത്ര്യോന്മുഖസഞ്ചാരങ്ങൾ സാദ്ധ്യമാക്കുന്ന ആധുനികതയെ ഹേബർമാസ് സങ്കല്പിച്ചു!

ആശയവിനിമയയുക്തിയെന്ന സങ്കല്പനത്തെ മുഖ്യകല്പനയായി സ്വീകരിച്ച് ഹേബർമാസ് മുന്നോട്ടുപോകുന്ന മറ്റൊരു പ്രധാന കൃതിയാണ് വസ്തുതകൾക്കും മൂല്യങ്ങൾക്കും ഇടയിൽ (Between Facts and Norms -1992). ആധുനികസമൂഹത്തിൽ നിയമങ്ങൾ എങ്ങനെയാണ് രൂപപ്പെടേണ്ടതെന്നും അവയ്ക്ക് എങ്ങനെയാണ് അംഗീകാരം (Legitimacy) ലഭിക്കുന്നതെന്നും ഈ കൃതി ചർച്ച ചെയ്യുന്നു. പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ, നിയമത്തിന് രണ്ട് വശങ്ങളുണ്ടെന്ന് ഹേബർമാസ് വാദിക്കുന്നു. ഒന്ന്, വസ്തുത അഥവാ ഫാക്ടിസിറ്റി (Facticity). ഒരു നിയമം ഭരണകൂടം ഔദ്യോഗികമായി പാസാക്കിയതും ശിക്ഷാ നടപടികളിലൂടെ നടപ്പിലാക്കപ്പെടുന്നതുമായ അധികാരപരമായ യാഥാർത്ഥ്യത്തെയാണ് ഇതുകൊണ്ട് കുറിക്കുന്നത്. രണ്ട്, മൂല്യം അഥവാ അംഗീകാരം (Validity/Norms). നിയമങ്ങൾ വെറും വസ്തുതകൾ മാത്രമല്ല; അവയ്ക്ക് ജനങ്ങളുടെ അംഗീകാരമെന്ന മൂല്യം കൂടി ഉണ്ടാവണം. നിയമനിർമ്മാണപ്രക്രിയയിൽ പൗരന്മാർക്ക് സജീവമായ പങ്കാളിത്തം ഉണ്ടായിരിക്കണം. നിയമത്തിന് വിധേയരാകുന്നവർതന്നെ ആ നിയമത്തിന്റെ ശില്പികളാവുകയും വേണം. പൗരന്മാർ വെറും നിയമം പാലിക്കുന്നവർ മാത്രമല്ല, മറിച്ച് സ്വതന്ത്രമായ സംവാദങ്ങളിലൂടെ നിയമങ്ങൾ രൂപപ്പെടുത്തുന്നവർ കൂടിയായിരിക്കണം. അത്തരം നിയമങ്ങൾക്കേ ജനാധിപത്യസ്വഭാവം ഉണ്ടായിരിക്കൂ. ഈ ചിന്ത ചെന്നെത്തുന്നത് 'സംവാദത്തിന്റെ ധാർമ്മികത' (Discourse Ethics) എന്ന ആശയത്തിലേക്കാണ്. നൈതികബോധവും ആശയവിനിമയ പ്രവർത്തനവും (Moral Consciousness and Communicative Action- 1983) എന്ന കൃതിയിൽ ഈ ആലോചന തെളിച്ചമാർജ്ജിക്കുന്നു. ഒരാളോ ഒരു പ്രത്യേക ഗ്രൂപ്പോ മാത്രം തീരുമാനിക്കുന്നതല്ല ശരിയായ ധാർമ്മികത എന്നും, ഒരു നിയമം ബാധിക്കുന്ന എല്ലാവരും സംവാദത്തിൽ പങ്കുചേർന്ന് അത് അംഗീകരിക്കണമെന്നും അദ്ദേഹം വാദിച്ചു. അപ്പോൾ മാത്രമേ നിയമം ധാർമ്മികമായി മൂല്യമുള്ളതായിത്തീരുന്നുള്ളു.

ഹേബർമാസ്, ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ
ഹേബർമാസ്, ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ

ഹേബർമാസ് തന്റെ പിൽക്കാല രചനകളിൽ അവതരിപ്പിച്ച മറ്റൊരു ആശയമാണ് 'പോസ്റ്റ്-സെക്യുലർ' (Post-Secular) സമൂഹം. പ്രകൃതിവാദത്തിനും മതത്തിനും ഇടയിൽ (Between Naturalism and Religion- 2005), മതേതരത്വത്തിന്റെ വൈരുദ്ധ്യാത്മകത (The Dialectics of Secularization : On Reason and Religion - 2006) തുടങ്ങിയ കൃതികളിൽ ഈ ചിന്തകൾ വികസിച്ചു. മതം ആധുനികതയിൽ അപ്രത്യക്ഷമാകുമെന്ന പരമ്പരാഗത മതേതരത്ത്വസങ്കല്പം അശക്തമാണെന്ന് ഹേബർമാസ് തിരിച്ചറിയുന്നുണ്ട്. മതേതരത്വത്തിന് വിശേഷമായ എന്തെങ്കിലും അധികാരമുണ്ടെന്നോ മതവിശ്വാസം കാലഹരണപ്പെട്ടതാണെന്നോ ഉള്ള കാഴ്ചപ്പാടുകളെ അദ്ദേഹം കൈയൊഴിയുന്നു. മതവിശ്വാസികളും മതേതരവാദികളും തമ്മിലുള്ള ഒരു 'പരസ്പരപഠനപ്രക്രിയ'യാണ് പ്രകൃതിവാദത്തിനും മതത്തിനും ഇടയിൽ എന്ന കൃതിയിൽ അദ്ദേഹം മുന്നോട്ടുവെച്ച പോസ്റ്റ്-സെക്യുലർ ക്രമത്തിന്റെ കാതൽ. ഹേബർമാസും ജോസഫ് റാറ്റ്സിങ്റും (അദ്ദേഹം പിന്നീട് ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയായി അവരോധിക്കപ്പെട്ടു) തമ്മിലുള്ള സംവാദമാണ് മതേതരത്വത്തിന്റെ വൈരുദ്ധ്യാത്മകത എന്ന കൃതിയുടെ ഉള്ളടക്കം. 2004 ജനുവരി 19-ന് മ്യൂണിക്കിലെ കാത്തലിക് അക്കാദമിയിലാണ് ഈ സംവാദം നടന്നത്. ആധുനിക ലിബറൽ ജനാധിപത്യത്തിന് അത് നിലനിൽക്കാൻ ആവശ്യമായ ധാർമ്മികാടിത്തറ സ്വന്തമായി നിർമ്മിക്കാൻ കഴിയുമോ, അതോ മതപരമായ സ്രോതസ്സുകളെ ആശ്രയിക്കേണ്ടതുണ്ടോ എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. കേവലം ഭൂരിപക്ഷാഭിപ്രായംകൊണ്ടുമാത്രം നിയമങ്ങൾക്കും ധാർമ്മികതയ്ക്കും സാധുത ലഭിക്കില്ലെന്നും, അവയ്ക്ക് പ്രകൃതിനിയമങ്ങളുടെയോ (Natural Law) ദൈവികമായ മൂല്യങ്ങളുടെയോ ഒരു ഉറവിടം ആവശ്യമാണെന്നും റാറ്റ്സിങ്ർ വാദിച്ചു. യുക്തിയും വിശ്വാസവും പരസ്പരം തിരുത്തലുകൾക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. മതേതരമായ യുക്തിക്ക് (Secular Reason) എല്ലാ പൗരന്മാരെയും ഉൾക്കൊള്ളാൻ കഴിയുമെന്ന് ഹേബർമാസ് വാദിച്ചു. ജനാധിപത്യപരമായ പൊതുമണ്ഡലത്തിൽ മതവിശ്വാസികൾക്ക് തങ്ങളുടെ ബോധ്യങ്ങൾ അവതരിപ്പിക്കാൻ അവകാശമുണ്ടെന്ന് അംഗീകരിക്കുന്നതോടൊപ്പം, മതവിശ്വാസികൾ തങ്ങളുടെ ആശയങ്ങളെ പൊതുഭാഷയിലേക്ക് വിവർത്തനം ചെയ്യണമെന്ന ഒരു നിബന്ധന അദ്ദേഹം മുന്നോട്ടുവെച്ചു. സഹാനുഭൂതി, തുല്യത തുടങ്ങിയ മതപരമായ ധാർമ്മിക മൂല്യങ്ങളെ മതേതരമായ യുക്തിഭാഷയിലേക്ക് മാറ്റിയാൽ മാത്രമേ അവ നിയമനിർമ്മാണ പ്രക്രിയയിൽ ഔദ്യോഗികമായി സ്വീകാര്യമാകൂ. പ്രകൃതിവാദത്തിനും മതത്തിനും ഇടയിൽ എന്ന കൃതിയിൽ ഹേബർമാസ് മുന്നോട്ടുവെച്ച 'പോസ്റ്റ്-സെക്യുലർ' (Post-secular) സമൂഹമെന്ന ആശയത്തിന്റെ രൂപീകരണത്തിൽ ഈ സംവാദം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ഹേബർമാസിന്റെ ഏറ്റവും ഒടുവിലത്തെ ബൃഹദ്ഗ്രന്ഥമായ ഇതും തത്ത്വചിന്തയുടെ ഒരു ചരിത്രമാണ് (This Too a History of Philosophy, 2019), വിശ്വാസവും അറിവും (Faith and Knowledge) തമ്മിലുള്ള ചരിത്രപരമായ പാരസ്പര്യത്തെയാണ് വിശകലനം ചെയ്യുന്നത്. മതപരമായ ലോകവീക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ധാർമ്മികമായ ഉൾക്കാഴ്ചകളെ മതേതരയുക്തിയിലേക്ക് വിജയകരമായി പരിവർത്തിപ്പിച്ചതിലൂടെയാണ് ആധുനിക ദർശനങ്ങൾ രൂപപ്പെട്ടതെന്ന് അദ്ദേഹം ഇതിൽ സമർത്ഥിക്കുന്നു. തത്ത്വചിന്ത എന്നത് മതത്തെ സമ്പൂർണ്ണമായി നിരാകരിക്കലല്ല; മറിച്ച് അതിലെ സാർവ്വലൗകിക പ്രസക്തിയുള്ള മൂല്യങ്ങളെ ജനാധിപത്യപരമായ ഭാഷയിലേക്ക് വീണ്ടെടുക്കലാണെന്ന ദർശനം ഈ കൃതിയിലും അദ്ദേഹം പങ്കുവെക്കുന്നു.

ഈ നിലപാടുകളെല്ലാം ഹേബർമാസ് പ്രകടിപ്പിക്കുന്ന സംവാദസന്നദ്ധത പരമ്പരാഗത മാർക്സിസ്റ്റ് ചിന്തകളിൽനിന്നും യുക്തിവാദികളിൽനിന്നും അദ്ദേഹം എത്രമാത്രം വഴിപിരിഞ്ഞാണ് സഞ്ചരിച്ചത് എന്ന് വ്യക്തമാക്കുന്നതാണ്. വാസ്തവത്തിൽ, സാമ്പ്രദായിക മാർക്സിസത്തിന്റെ വർഗ്ഗസമര സങ്കല്പങ്ങളെയും സാമ്പത്തിക നിർണ്ണയവാദത്തെയും കേവല യുക്തിവാദത്തെയും മറികടന്ന ഒരു 'റാഡിക്കൽ ജനാധിപത്യചിന്തകൻ' ആണ് അദ്ദേഹം. വിപ്ലവത്തിലൂടെയുള്ള അട്ടിമറിയല്ല, നിരന്തരമായ സംവാദങ്ങളിലൂടെയുള്ള സാമൂഹിക മാറ്റമാണ് സുസ്ഥിരമെന്ന് അദ്ദേഹം വിശ്വസിച്ചു. കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിലെ ഏകാധിപത്യ പ്രവണതകളെ പ്രതിരോധിക്കാൻ ജനാധിപത്യപരമായ സംവാദങ്ങൾക്കേ സാധിക്കൂ എന്നും അദ്ദേഹം കരുതി. മാർക്സ് തന്റെ വിശകലനങ്ങളിൽ അധ്വാനത്തിനും ഉല്പാദനബന്ധങ്ങൾക്കും പ്രാധാന്യം നൽകിയപ്പോൾ, ഹേബർമാസ് ആശയവിനിമയത്തിനും സംവാദത്തിനുമാണ് തന്റെ സാമൂഹിക വിചാരപദ്ധതിയിൽ മുഖ്യസ്ഥാനം കല്പിച്ചത്. ഉല്പാദനബന്ധങ്ങളിൽ ഉടലെടുക്കുന്ന 'സാമ്പത്തികമനുഷ്യനെ' തിരയുന്ന മാർക്സിൽനിന്ന് മാറി 'ആശയമനുഷ്യനെ' പരിശോധിക്കുന്നതിന്റെ അനിവാര്യഫലമാണ് 'ഭാഷയെ' അടിസ്ഥാനപ്പെടുത്തിയുള്ള ഹേബർമാസിന്റെ വിശകലനങ്ങൾ.

മാർക്സ് തന്റെ വിശകലനങ്ങളിൽ അധ്വാനത്തിനും ഉല്പാദനബന്ധങ്ങൾക്കും പ്രാധാന്യം നൽകിയപ്പോൾ, ഹേബർമാസ് ആശയവിനിമയത്തിനും സംവാദത്തിനുമാണ് തന്റെ സാമൂഹിക വിചാരപദ്ധതിയിൽ മുഖ്യസ്ഥാനം കല്പിച്ചത്.
മാർക്സ് തന്റെ വിശകലനങ്ങളിൽ അധ്വാനത്തിനും ഉല്പാദനബന്ധങ്ങൾക്കും പ്രാധാന്യം നൽകിയപ്പോൾ, ഹേബർമാസ് ആശയവിനിമയത്തിനും സംവാദത്തിനുമാണ് തന്റെ സാമൂഹിക വിചാരപദ്ധതിയിൽ മുഖ്യസ്ഥാനം കല്പിച്ചത്.

വംശീയദേശീയതയ്ക്കും (Ethnic Nationalism) ഇടുങ്ങിയ വികാരങ്ങൾക്കും പകരമായി യൂർഗൻ ഹേബർമാസ് മുന്നോട്ടുവെച്ച 'ഭരണഘടനാപരമായ രാജ്യസ്നേഹം' (Constitutional Patriotism) എന്ന ആശയം വളരെ പ്രധാനപ്പെട്ട ഒന്നാണ്. വസ്തുതകൾക്കും മൂല്യങ്ങൾക്കുമിടയിൽ (Between Facts and Norms, 1992) എന്ന കൃതിയിൽ ഒരു ബഹുസ്വര സമൂഹത്തിൽ (Pluralistic Society) വൈവിധ്യങ്ങളെ നിലനിർത്തിക്കൊണ്ടുതന്നെ ജനങ്ങളെ ഒരുമിപ്പിച്ചു നിർത്താൻ വംശീയമായ സ്വത്വത്തേക്കാൾ ഭരണഘടനാപരമായ തത്ത്വങ്ങളോടുള്ള കൂറാണ് നല്ലതെന്ന് അദ്ദേഹം ഇതിൽ സ്ഥാപിക്കുന്നു. ദേശീയത, പൗരത്വം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന അപരന്റെ ഉൾച്ചേർക്കൽ (The Inclusion of the Other, 1996) എന്ന കൃതിയിൽ ഹേബർമാസ് ഈ ആശയത്തെ കൂടുതൽ വികസിപ്പിക്കുന്നുണ്ട്. ആധുനികരാഷ്ട്രങ്ങളിൽ 'അപരനെ' (The Other) ഉൾക്കൊള്ളാൻ വംശീയമായ ഐക്യത്തിന് കഴിയില്ലെന്നും, പകരം സാർവത്രികമായ മനുഷ്യാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്ന ഭരണഘടനാ ബോധത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം വാദിച്ചു. ആഗോളീകരണത്തിന്റെ കാലത്ത് പരമ്പരാഗതമായ രാഷ്ട്രസങ്കല്പങ്ങൾ മാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്ന ദേശീയതാനന്തര സാഹചര്യം (The Postnational Constellation, 1998) എന്ന കൃതിയിലും ഭരണഘടനാപരമായ രാജ്യസ്നേഹം ഒരു പരിഹാരമായി അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

ഹേബർമാസിന്റെ ചിന്തകൾ കേവലം അക്കാദമിക് പഠനങ്ങളല്ല, മറിച്ച് മനുഷ്യന്റെ സ്വാതന്ത്യം നിലനിർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള ഉപാധികളാണ്. ഭരണകൂടത്തിന്റെ ആധിപത്യത്തിൽനിന്നും വിപണിയുടെ ലാഭേച്ഛയിൽനിന്നും വെറിയുടെ പ്രത്യശാസ്ത്രങ്ങളിൽനിന്നും പൊതുമണ്ഡലത്തെ മോചിപ്പിച്ച്, സ്വതന്ത്രമായ സംവാദങ്ങളുടെ ഇടമാക്കി മാറ്റുക എന്നതാണ് ആധുനികമനുഷ്യൻ ഏറ്റെടുക്കേണ്ട കർത്തവ്യം എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. അധികാരം മനുഷ്യന്റെ സർഗ്ഗാത്മകയുക്തിയെ തോൽപ്പിക്കാതിരിക്കാൻ നിരന്തരമായ സംവാദങ്ങൾ അനിവാര്യമാണെന്ന് ഹേബർമാസ് നമ്മെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ചിന്താലോകത്തെ ഇങ്ങനെ സംഗ്രഹിക്കാം: വെറിയുടെ രാഷ്ട്രീയത്തിൽനിന്ന് സംവാദത്തിന്റെ സാഹോദര്യത്തിലേക്ക്; മർദ്ദകമായ ഉപകരണയുക്തിയിൽനിന്ന് സൃഷ്ടിപരമായ ആശയവിനിമയയുക്തിയിലേക്ക്.

തത്ത്വചിന്തയെ പൊതുസമൂഹത്തിന്റെ ചർച്ചാവിഷയമാക്കി മാറ്റിയ ആ വലിയ മനുഷ്യൻ വിടവാങ്ങുമ്പോൾ, ജനാധിപത്യത്തിന്റെ താത്ത്വികനും വക്താവുമായ ഒരു വലിയ ശബ്ദമാണ് ഇല്ലാതാകുന്നത്. അധികാരത്തിന്റെ നിശ്ശബ്ദതയ്ക്കും നിർമ്മിതസത്യങ്ങളുടെ (Manufactured Truths) പ്രദർശനത്തിനുമെതിരെ പൗരബോധത്തിന്റെ കരുത്ത് ആയുധമാക്കാൻ അദ്ദേഹം ലോകത്തെ പഠിപ്പിച്ചു. വിദ്വേഷത്തിനു പകരം വിവേകവും, ആധിപത്യത്തിന് പകരം ആശയവിനിമയവും മുൻനിർത്തിയുള്ള ഒരു പുതിയ രാഷ്ട്രീയസംസ്കാരത്തിനു വേണ്ടി നിലകൊള്ളുന്നതിലൂടെ മാത്രമേ ആ വലിയ ചിന്തകനോടുള്ള ആദരവ് പൂർണ്ണമാവുകയുള്ളൂ. ഓരോ വിയോജിപ്പിലും ഓരോ സ്വതന്ത്രസംവാദത്തിലും ഹേബർമാസ് പുനർജനിച്ചുകൊണ്ടേയിരിക്കും. ഭരണകൂടംതന്നെ ഒരു 'നിർമ്മിതസത്യ'വിതരണശാലയായി മാറുന്ന കാലത്തിരുന്ന് ഹേബർമാസിനെ ഓർക്കുമ്പോൾ ഹതാശമായ ചിന്തകൾ ഉണർന്നേക്കാം. എത്രമാത്രം ഉട്ടോപ്പിയൻ ആണ് ഈ ആശയങ്ങൾ എന്ന തോന്നലുണ്ടായേക്കാം. എന്നാൽ, ചിന്താപരമായി ഉണർന്നിരിക്കുക എന്നത് പരമപ്രധാനമായവർക്ക് അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ ജനാധിപത്യത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിൽ വെളിച്ചം പ്രദാനം ചെയ്യും.

യൂർഗൻ ഹേബർമാസിന്റെ
പ്രധാന കൃതികൾ:

  • Habermas, J. (1989). The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society. (Trans. Thomas Burger). MIT Press. (മൂല ജർമ്മൻ പതിപ്പ്: 1962).

  • Habermas, J. (1984 & 1987). The Theory of Communicative Action (Vol. 1 & 2). (Trans. Thomas McCarthy). Beacon Press. (മൂല ജർമ്മൻ പതിപ്പ്: 1981).

  • Habermas, J. (1987). The Philosophical Discourse of Modernity: Twelve Lectures. (Trans. Frederick Lawrence). MIT Press. (മൂല ജർമ്മൻ പതിപ്പ്: 1985).

  • Habermas, J. (1996). Between Facts and Norms: Contributions to a Discourse Theory of Law and Democracy. (Trans. William Rehg). MIT Press. (മൂല ജർമ്മൻ പതിപ്പ്: 1992).

  • Habermas, J. (2008). Between Naturalism and Religion: Philosophical Essays. Polity Press.

  • Habermas, J. (2019). Auch eine Geschichte der Philosophie (This Too a History of Philosophy). Suhrkamp.

സെക്കൻഡറി സോഴ്സുകൾ
(അനുബന്ധ വായനകൾ):

  • Adorno, T. W., & Horkheimer, M. (1997). Dialectic of Enlightenment. Verso.

  • Finlayson, J. G. (2005). Habermas: A Very Short Introduction. Oxford University Press.

  • McCarthy, T. (1978). The Critical Theory of Jürgen Habermas. MIT Press.

  • Calhoun, C. (Ed.). (1992). Habermas and the Public Sphere. MIT Press.


Summary: The Democratic Possibilities of Language: A Journey Through the Thoughts of Habermas; C. J. George Writes.


സി.ജെ. ജോർജ്ജ്

ഗവ. കോളജുകളിൽ അദ്ധ്യാപകനായിരുന്നു. ഇപ്പോൾ കോഴിക്കോട് എരഞ്ഞിപ്പാലം സെൻ്റ് സേവ്യേഴ്സ് ആർട്സ് & സയൻസ് കോളേജിൽ പ്രിൻസിപ്പൽ. ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട നിരവധി മൗലിക രചനകൾ. വാക്കിന്റെ സാമൂഹികശാസ്​ത്രം, ചിഹ്​നശാസ്​ത്രവും ഘടനാവാദവും, അടവും തുറസ്സും, ജീവൽഭാഷയുടെ പുസ്തകം, പുരോഗമനസാഹിതി. കുതിരക്കാൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments