ചാൾസ് സിമിക്

പച്ചവെളിച്ചത്തിന്റെ ​​​​​​​നിഴലിൽ

തെളിഞ്ഞ മുറി

ന്നേവരെയുള്ള
എല്ലാ പുസ്തകങ്ങളുടെയും എല്ലാ പേജുകളും ശൂന്യമാണ്.

അതൊരു വലിയ രഹസ്യമാണ്!
എന്നാലും വായിക്കുന്നവർ ഇതേപ്പറ്റി പരസ്പരം ഒന്നും തന്നെ മിണ്ടുന്നില്ല.

എന്റെ ഇടത്തിലെ ഓരോ വീടും ഓരോ ലൈബ്രറികളാണ്.
കർക്കശകാരായ സ്ത്രീകൾ
തണുത്ത നിശബ്ദത പാലിക്കുന്ന അവിടങ്ങളിൽ
രാത്രി ഏറെ വൈകിയും
മഞ്ഞ വെളിച്ചം കാണാം.

ഈയിടെയായി എന്റെ കണ്ണുകളെ വേദനിപ്പിക്കും വിധം
ഞാൻ പരക്കെ വായിക്കാറുണ്ട്
ഇത് ആകാശത്തെക്കുറിച്ചുള്ള ഒരു പുസ്തകമാണ്,
ചിലപ്പോൾ അത് ജയിലിന്റെ വാസ്തുവിനെപ്പറ്റിയുമാവും.

ഇടക്കിടെ ചിന്തയെ സ്വതന്ത്രമാക്കിയ
ഒരുകൂട്ടം മനുഷ്യർ വന്ന്
ദേഷ്യത്തോടെ
ചില കുറിപ്പുകൾ എഴുതിപ്പോകുന്നു.
അവർക്കുശേഷം എന്റെ അച്ഛൻ
ബ്രീവറിയുടെ ഒരു വോളിയത്തിന്റെ വലുപ്പുപ്പം നോക്കി
അത് പുറത്തേക്കെടുക്കുന്നതും കാണാം.

എനിക്കറിയാം!
ഞാൻ അവനേക്കാളും പ്രായമുള്ളവനാണെന്ന്.
നിറം മങ്ങിയ മുഷിഞ്ഞക്കുപ്പായം ധരിക്കുന്ന,
വെണ്ണീറിന്റെ നിറമുള്ള തലമുടിയുള്ള ഞാൻ
അടുത്ത പേജിലേക്ക് പോകുന്നതിനു മുന്നേ
എന്റെ വിരലുകളെല്ലാം അത് രുചിച്ചിട്ടുണ്ടാകും.

റഞ്ഞിരിക്കുന്നതിനെയാണ്
പലരും ഇഷ്ടപ്പെടുന്നതെന്നിരിക്കെ
തെളിഞ്ഞതിനെ വീണ്ടും തെളിയിക്കുക
എന്നത് പ്രയാസമാണ്.
ഞാനും
അതുകൊണ്ടുതന്നെ മരങ്ങൾക്ക് ചെവികൊടുത്തു.

എന്നോട് മാത്രമായി അവർക്കെല്ലാം
ചില രഹസ്യങ്ങൾ ഉണ്ടായിരുന്നു.
എന്നിട്ടും ഞാനത് അറിഞ്ഞില്ല.

വേനൽക്കാലമായി.
കഥകൾ നിറച്ചുകൊണ്ട് എന്റെ തെരുവിലെ
ഓരോ മരവും *ഷെഹ്റസാദായി മാറി.
എന്റെ രാവുകളും കഥകളുടെ ആ വന്യതയിൽ ഇഴുകി ചേർന്നു.

കഥകളുമായി ഞങ്ങൾ
ഇരുട്ട് നിറഞ്ഞ വീടുകളിലേക്ക് കയറിച്ചെന്നു.
കഥകളില്ലാത്ത നിശബ്ദവും
ഉപേക്ഷിക്കപ്പെട്ടതുമായ
കുറ്റാകൂരിരുട്ട് നിറഞ്ഞ വീടുകളും അവിടെ ഉണ്ടായിരുന്നു.

അവിടങ്ങളിലെ തട്ടിൻപുറങ്ങളിൽ
കണ്ണുകൾ അടച്ചിരിക്കുന്ന ഒരാൾ ഉണ്ടെന്ന ചിന്ത,
ഉറക്കത്തെ മുറിക്കും വിധം എന്നെ അത്ഭുതപ്പെടുത്തി.

സത്യം നഗ്‌നവും തണുത്തതുമാണ്!
ഇത് പറഞ്ഞത് വല്ലപ്പോഴും മാത്രം
സ്വന്തം മുറിയിൽ നിന്ന് പുറത്തിറങ്ങുന്ന,
എപ്പോഴും വെളുത്ത കുപ്പായം ധരിക്കുന്ന ആ സ്ത്രീയായിരുന്നു.

നീണ്ട രാത്രികളെ അതിജീവിച്ചതിനെക്കുറിച്ച്
ഒന്ന് രണ്ട് കാര്യങ്ങൾ
സൂര്യൻ പറഞ്ഞു.
ഏറ്റവും ലളിതമായവ.

കഠിനമായതെല്ലാം അവർക്ക് തെളിഞ്ഞതായിരുന്നു.
അതിനാൽ അവർ നിശബ്ദമായി.
അങ്ങനെയുള്ള ദിവസങ്ങൾ അവർക്ക് ‘തെളിഞ്ഞതും'.

ദൈവം സ്വയം ഒരു കറുത്ത ഹെയർപ്പിന്നോ,
വാൽക്കണ്ണാടിയോ,
പല്ല് പൊഴിഞ്ഞ ഒരു ചീർപ്പോ ആയി മാറിയാലോ?
ഇല്ല! അങ്ങനെ ഉണ്ടാവില്ല.

എല്ലാം കാര്യങ്ങളും അതുപോലെത്തന്നെയിരിക്കും.
കണ്ണുചിമ്മുന്ന, ശബ്ദമില്ലാത്ത തെളിഞ്ഞ
വെളിച്ചത്തിൽ ആ മരങ്ങൾ
ഓരോ രാത്രിക്കുവേണ്ടിയും കാത്തുനിൽക്കും.
​▮

*ഷഹറസാദ്: ആയിരത്തൊന്ന് രാവുകളിൽ (അറബിക്കഥ ) നിറയെ കഥകൾ പറയുന്ന പെൺകുട്ടി.


ചാൾസ്​ സിമിക്​

സെർബിയൻ- അമേരിക്കൻ കവി. പാരിസ്​ റിവ്യൂവിന്റെ സഹ പോയട്രി എഡിറ്ററായിരുന്നു. The World Doesn't End എന്ന സമാഹാരത്തിന്​ 1990ൽ കവിതയുള്ള പുലിറ്റ്​സർ സമ്മാനം നേടി. 2023 ജനുവരി ഒമ്പതിന്​ മരിച്ചു.

ശ്രുതി ടി.എസ്​.

രണ്ടാം വർഷമാധ്യമപഠന വിദ്യാർത്ഥി, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല.

Comments