മനുഷ്യപുത്രൻ

അല്ലാഹു അക്ബർ

‘അല്ലാഹു അക്ബർ'

ഇന്നലെ രാത്രി വരെ
ദൈവം മാത്രമാണ് വലിയവൻ എന്നർത്ഥം വന്ന ഒരു പ്രാർത്ഥന
ഇന്നതിന്റെ അർത്ഥം അത് മാത്രമല്ല

‘അല്ലാഹു അക്ബർ' ഇന്നൊരു രാഷ്ട്രീയ വാക്യം
പഴയ അർത്ഥത്തിന്റെ ശാഖയിൽ നിന്ന്
തന്നെ വിടുവിച്ചുകൊണ്ട് ഒരു പക്ഷിയെപ്പോലെ
അത് പറന്നുകൊണ്ടിരിക്കുന്നു

ഒരു ചെറിയ പെൺകുട്ടി
അവളുടെ കുഞ്ഞു ശബ്ദത്തിൽ
നാട്ടിലെങ്ങും പരക്കുന്ന ഒരു എതിർപ്പു മന്ത്രമായി
അതിനെ മാറ്റിയിരിക്കുന്നു

‘അല്ലാഹു അക്ബർ' എന്നാൽ എന്താണ് എന്ന്
ആയിരം കൈകൾ ഗൂഗിളിൽ തേടുന്നു
അത് ഒരു മതവികാരത്തിന്റെ വാക്യമെന്ന്
ചിലർ അർത്ഥമെടുക്കുന്നു
അല്ല
അർത്ഥം മാറിക്കഴിഞ്ഞു

‘അല്ലാഹു അക്ബർ' എന്നാൽ ഞങ്ങൾക്ക് നീതി വേണം
‘അല്ലാഹു അക്ബർ' എന്നാൽ എന്നെ ഭയപ്പെടുത്താൻ നോക്കേണ്ട
‘അല്ലാഹു അക്ബർ' എന്നാൽ ഇത് എന്റെ നാട്
‘അല്ലാഹു അക്ബർ' എന്നാൽ നമ്മൾ ഒരേ അവകാശമുള്ളവർ
‘അല്ലാഹു അക്ബർ' എന്നാൽ നിന്റെ അവകാശങ്ങളെ ഞാൻ സംരക്ഷിക്കും
‘അല്ലാഹു അക്ബർ' എന്നാൽ യഥാർത്ഥ ദേശഭക്തി
‘അല്ലാഹു അക്ബർ' എന്നാൽ കാപട്യത്തിന്റെ നേർക്ക് കാർപ്പിച്ചു തുപ്പൽ
‘അല്ലാഹു അക്ബർ' എന്നാൽ തലകുനിക്കുന്നത് ദൈവത്തിന്റെ മുമ്പിൽ മാത്രം

‘അല്ലാഹു അക്ബർ' എന്ന് പറയാൻ
ഒരുവൻ ഇനി ഇസ്​ലാം മതക്കാരനാകേണ്ടതില്ല
അവൻ അല്ലാഹുവിനെ വണങ്ങുകയും വേണ്ട

നീതി നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഏവർക്കും ഉറക്കെപ്പറയാം
‘അല്ലാഹു അക്ബർ'
സമാധാനം ആഗ്രഹിക്കുന്ന ആർക്കും വിളിക്കാം
‘അല്ലാഹു അക്ബർ'
അനീതിക്കു മുമ്പിൽ തലകുനിക്കാത്ത എല്ലാവർക്കും ഏറ്റെടുക്കാം
‘അല്ലാഹു അക്ബർ'

ആയിരം അർത്ഥങ്ങളുള്ള
ചരിത്ര പ്രഖ്യാപനമാക്കി അതിനെ മാറ്റിക്കഴിഞ്ഞു
ഒരു ചെറിയ പെൺകുട്ടി...


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ഷാജി ചെന്നൈ

എഴുത്തുകാരൻ, സംഗീത നിരൂപകൻ, വിവർത്തകൻ, വിമർശകൻ, സിനിമാ നടൻ.

മനുഷ്യപുത്രൻ

തമിഴ് കവി, എഡിറ്റർ, രാഷ്ട്രീയ പ്രവർത്തകൻ. എസ്. അബ്ദുൽ ഹദീമ് എന്നാണ് യഥാർഥ പേര്. 22 സമാഹാരങ്ങളിലായി മൂവായിരത്തിലധികം കവിതകളെഴുതി.

Comments