വളർത്തു മൃഗങ്ങൾ

കേസന്വേഷിച്ച പോലീസുകാരൻ

എന്തിറ്റാപ്പോ പറയാസ്റ്റാ
അയ്യോ സോറി, സാറെ
ആ കേസ് അന്ന് തെളിഞ്ഞിട്ട്ല്യ
മനിഷ്യന്മാർക്ക് എടപെടാൻ
പറ്റ്യ കേസൊന്നല്ലത്
ഇത്തിരി പെശകണ്

അതൊക്കെ ഒരു കാലാർന്നു
എനിക്കെ നല്ല ഓർമ്മ്യണ്ട്‌
അതെന്തൂട്ടണ്ന്ന് വച്ച്ട്ടാ
എന്റെ മോനെ അറിയോ ജാക്സൺ
അവന്റെ കരച്ചില് കണ്ട് നിക്കാൻ പറ്റാണ്ട്
ഞാനൊരു പട്ടിക്കുട്ടീന്യാ
വാങ്ങിച്ചാ കൊടുത്തു അന്നേ
കർത്തത്
കർത്തത്ന്ന് പറഞ്ഞാണ്ടല്ലോ
മൂക്കൊട്ട് വാല് വരെ നല്ല കറ്കറപ്പ്ണ്

മ്മടെ പട്ടി ജോജിടെ കയ്യീന്നണ്
അന്നൊക്കെ അവനെ വിളിക്കല്
പട്ടിജോജീന്നല്ലാ പട്ടിപ്പൂമോനേന്നണ്
മൂന്നാലു വട്ടം പട്ടീനെ കക്കണേന്
ഞാനവനെ പൊക്കിണ്ടേ

ആ വട്ടം പൊക്കീപ്പോ
ഒരു ഡോബർ മാന്യാർന്നു കിട്ട്യേ
ഒരു കുഞ്ഞ്
വീട്ടീക്ക്യാ കൊണ്ടന്നു അയ്നെ
മോനിട്ടപ്പേരു ഹിറ്റ്ലർ, ഹിറ്റു
അവന്റെ അമ്മ ഇട്ട പേര്
പൊന്നുങ്കട്ടേന്ന്

ആ കൂത്തിച്ചി, സ്വന്തം ക്ടാവിനെ വരെ
വിളിച്ചട്ടില്ല പോന്ന്വോ ന്ന്
പക്ഷെ ആ പട്ടിപ്പന്നേനെ വിളിക്കും

വിളികേക്കുമ്പോ ചെണ്ടേടെ
കോല് ആട്ടീട്ട് ഒരു വരവ്ണ്ട്
കാണണ്ട കാഴ്ച്യാണ് ട്ടാ
ആ പട്ടി മോന്ണ്ടല്ലോ
ഓ എനിക്ക് തരിച്ച് വരിണ്ട്
അവന്‌ണ്ടല്ലോ
അവളെ ഞാനടിക്കാൻ കൈയ്യാ പൊക്ക്യാ
അപ്പോ എന്റെ നെഞ്ചത്തിക്ക്യാ ചാടും

ബാബുന്റെ കടേന്ന്
എല്ലും വേസ്റ്റും
വാങ്ങിപ്പുഴുങ്ങി കൊടുക്കലിണ്ട്
ഐന്റെ കഴപ്പ്ണ്

ഒരൂസം
അവളെത്തല്ല്യേന്
എന്റെ കയ്യവൻ
കടിച്ചാമുറിച്ചു

പണ്ടേ ഞാനോങ്ങി വച്ചാർന്നു

നേരെപ്പോയി വെട്ടോത്തിം മുട്ടിം
എടുത്ത് ചെണ്ടക്കോലങ്ങ്ട്
വെട്ട്യാക്കളഞ്ഞു
ഡോബർമാന് എന്തൂട്ടിനണ് വാല്?

പട്ടി പേടിച്ചാതൂറി
എന്തൂട്ടാർന്നു കരച്ചില് ആഹാ
അന്ന് എന്റെ മോനേം കൊണ്ട്
വീട് വിട്ട് എറങ്ങ്യതാണ് അവ്ള്
ഗുട്ടൻസ് മനസിലായാ നിങ്ങക്ക്?
അന്നാണ് ഈ കേസ് ണ്ടായത്
അല്ലാ ഈ കേസിപ്പോ കൊറേ ആയീതല്ലേ
റീയോപ്പണാ
ഡാ നീ നാരയണന്റെ മോനല്ലേ
നീയിപ്പ പോലീസിലാ?
സ്പെഷ്യൽ ടീമാ?


എന്തിറ്റാ നമ്മളിപ്പ പറയിണ്ടാർന്നേ?
ആ മറ്റേ കേസ്
അന്നെന്തിറ്റാണ്ടായേന്നാ
വീട്ടില് അടിം പറിം ആയ്ട്ട്
നിക്കുമ്പാർന്നു കോള് വന്നേ
ഞങ്ങൾ അങ്ങടാ പോയി
ചെന്ന് നോക്കിപ്പോ എന്തൂറ്റാ
ഒരു പക്ഷി മനുഷ്യൻ
ന്തിങനെ ഇങ്ട് കെടക്കാ

കയ്യിലൊരു തോക്ക്ണ്ട്
മോറൊക്കെ കാണണം
കാശ്മീരില് പണ്ട് പെല്ലറ്റ്
വച്ചട്ട് ഒരു പെട്യാ പെടച്ചില്ലേ
അമ്മാരി വല പോലെ ആയിക്കണ്
ഓ നിങ്ങക്ക് ഇഷ്ടപ്പെട്ടില്ലാരിക്കും
മറ്റേ ടീമാരിക്കും

 
ഞാനീ പക്ഷി മനിഷ്യൻന്ന്
പറഞ്ഞേന്റെ ഗുട്ടൻസ് എന്തൂട്ടാച്ചിട്ടാ?
ആ മനുഷ്യന്റെ ചുറ്റിലും
കെടക്കല്ലേ കിളിത്തൂവല് പറുപറൂന്ന്
തുമ്മി തുമ്മി ഞങ്ങടെയെടപാട് തീർന്നേനെ
ഈ പര്‌ത്തിത്തോട്ടത്തിന്റെ ഉള്ളില്
ചീരത്തോട്ടം ണ്ടായാല് എങ്ങന്യാണ്
അതാണ് സീൻണ്ടായേ
ഇതെന്തൂട്ട് കുന്താപ്പാന്നാ ആദ്യം തോന്ന്യേ
അമ്മാതിരി കെടപ്പല്ലേ കെടപ്പ്
പെറ്റമ്മ സഹിക്കില്ലട്ടാ

കിളികള് വന്ന് പോയത് കണ്ടോര്‌ണ്ട്
കിളീടെ കൊത്ത് കൊണ്ട്ട്ട്
വേന സഹിക്കാണ്ട് വന്നപ്പോ
തോക്ക് വച്ച് വെടിവച്ചുമരിച്ചതാവും ന്ന്
പലരായിട്ട് പറഞ്ഞണ്ടാർന്നേ

പോസ്റ്റ്മാർട്ടം വന്നപ്പോണ്ടല്ലോ ന്ത്ട്ടാന്നാ
കഴ്ത്തില് കത്തി വച്ചട്ട്
വരഞ്ഞതാണ് സംഭവം
പക്ഷെ കത്തി അവടെ
എവടീം ഇല്ല്യാർന്നു

അപ്പോ ഈ കിള്യോള് എവ്ടന്നു വന്നു?
ഒരു പിടിം ഇല്ല്യാർന്നുട്ടാ
അപ്പോ ആള് ആര്യാ വെടി വച്ചത്?

ഞങ്ങളാകെ പെട്ട് കെടക്കാർന്നു
ഈ ചത്തോൻണ്ടല്ലോ, സാജൻ
ഈ ഗഡി മുന്ന് ഞ്ങ്ങക്ക്
ഒരു പരാതി തന്ന്ണ്ടാർന്നു
ഗഡീടെ ഭാര്യ ഏതോ
ഒരുത്തന്റെ കൂടെ പോയിട്ട്
അയ്യോ സോറി
ഒരുത്തനല്ല ഒരുത്തി
പൊറത്ത് പറയാൻ മോശായിട്ട്
ചെക്കൻ പരാത്യാ കീറ്യാ കളഞ്ഞു
ഭാര്യ ഒരു പെൺകൊച്ചിന്റെ ഒപ്പം
ഹ്രാ ഹ്രാ ഹ്രാ
രണ്ടും കൂടെ ഫ്രഞ്ചടിക്കണ ഫോട്ടോ
കണ്ടട്ട് പോലീസുകാരു മൊത്തം  ചിരിച്ച്ട്ട്ണ്ടല്ലോ
അമ്മാതിരി ഐറ്റം
വീഡിയോണ്ടോന്ന് വരെ ഞങ്ങള് തപ്പീ
സംഭവം അന്വേഷിച്ചപ്പോ ശര്യാ
ആ കൊച്ചിനേം കാണാനില്ല
രണ്ടും കൂടെ നാട് വിട്ടതാണ്
 
സാജനെ തട്ടീത്
ഒന്നില്ലേ ഭാര്യ അല്ലേൽ ആ പെണ്ണ്
അതും അല്ലേൽ
ഇവരു ഏർപ്പാടാക്കിയ കൊട്ടേഷൻ
എനിക്ക് ഒറപ്പാർന്നു

ഭാര്യേടേം പെങ്കൊച്ചിന്റേം
ഫോട്ടോ വച്ച് ഞങ്ങളന്വേഷിച്ചുട്ടാ
എന്തോ ഭാഗ്യത്തിന്, ലക്ക്
ആ പെങ്കൊച്ചിനെ വേറൊരു
നാട്ടീന്ന് ഞങ്ങള് പൊക്കി

അവളെ കാണാൻണ്ടല്ലോ
ഹൗ എന്തൂട്ടാ ലുക്ക്
എന്തൂട്ടാ ആ സ്റ്റൈല്
ഒരു ചെൾക്ക
രണ്ടെണ്ണം കൊട്ത്തപ്പോ സ്റ്റൈലാരി
തത്ത പറയണ പോലെ സത്യമ്പറഞ്ഞു

ഒരുകാര്യം പറയാൻ മറന്നൂട്ടാ
ഓടിച്ചിട്ടട്ടാണ് ഞങ്ങള്
അവളെ പിടിച്ചേ

ഓടണേന്റെ എടേല്
അവളൊരു ഉന്തുന്തിസ്റ്റാ
ഞാനീ ഊര കുത്ത്യാങ്ങ്ട്
വീണെന്റെ മോനെ
ഈ ഊരെടെ എടേലൊള്ള എല്ലുണ്ടല്ലോ
അതാ പൊട്ടി

 
അവടെ എന്തുട്ടേലും
പറ്റ്യാലുണ്ടല്ലോസ്റ്റാ
ഒരു കുന്തോം
നമ്മക്ക് ചെയ്യാനില്ലാട്ടാ
മനുഷ്യന്റെ വാല്
ലോപിച്ച എല്ലാണ്ന്ന് അത്

ചോദ്യം ചെയ്യല് കഴിഞ്ഞ്
വീട്ടി ചെന്നപ്പോ
ഹിറ്റു മാത്രം ഉണ്ട്
വീട്ടില്

വാലു മുറിഞ്ഞ രണ്ട്
വളർത്തുമൃഗങ്ങള്

സാജന്‍റെ കൊലപാതകി ഭാര്യയെന്ന് സംശയിക്കുന്നുണ്ടെങ്കില്‍ [click here]

സാജന്‍റെ കൊലപാതകി കാമുകിയെന്ന് സംശയിക്കുന്നുണ്ടെങ്കില്‍[click here]

കൂടുതല്‍ തെളിവുകള്‍ക്ക് പൊലീസുകാരനുമായി സംസാരിക്കാന്‍[click here]

Comments