എൻ്റെ പൊന്നു മനുഷ്യരേ,
ഈ ആണ്ടത്തെ ഇരുപത്തഞ്ച് കഴിഞ്ഞ്.
എന്നെ പണ്ട് വഴിയിൽ കണ്ട
ഒരു കാലിതൊഴുത്തിൽ പെറ്റു എന്ന
ഒറ്റകാര്യമേ മേരിഅമ്മച്ചി ചെയ്തൊള്ളൂ.
അവധിക്ക് മുൻപേ ഏതേലും പെട്ടിലോ, കൂട്ടിലോ ഞാറ് നട്ടതിനിടയില് എന്നെ പ്രതിഷ്ഠിക്കും.
മാലാഖയെ വള്ളീല് കെട്ടിത്തൂക്കും.
മിന്നുന്ന ബൾബ് എൻ്റെ തലക്ക് മീതെ വയ്ക്കും
എന്നിട്ടിതെല്ലാം മറന്ന്
മസിനഗുഡി വഴി ഊട്ടിക്ക് പോകും.
ചിറക് അനക്കി അനക്കി മാലാഖ വിഷമിക്കും
വെള്ളം കിട്ടാതെ പശു കരച്ചില് തുടങ്ങും.
ആട്ടിൻകുഞ്ഞൊരെണ്ണം
കൂട്ടിന്ന് താഴെ വീണ്.
ഞാറ് മുഴുവൻ കഴുതകൾ തിന്നു.
ഇത്ര ദൂരം നടന്നതല്ലേ വിശപ്പുണ്ടാകും
രാജ്യത്തേക്ക് തിരിച്ച് പോയിട്ട്
രാജാക്കന്മാർക്ക് തിരക്കുണ്ട്.
രാജാക്കന്മാരുടെ രാജാവ്
എന്ത് ചെയ്യാനാണ്
ഞാനൊരു പൈതല്ലല്ലേ.
വായിക്കാം, കേൾക്കാം: യേശുക്കൊച്ചിനുള്ള
അഞ്ചാം കത്ത്
