ജനസഞ്ചയം ആൾക്കൂട്ടമല്ല. ഇന്ന് ലോകത്തെയൊന്നാകെ ഗ്രസിച്ചിരിക്കുന്ന ആഗോള മൂലധന ശക്തികൾക്കും അതിന്റെ ദല്ലാളന്മാർക്കുമെതിരെ പൊരുതാൻ പരമ്പരാഗത ലിബറൽ - ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും സിദ്ധാന്തങ്ങൾക്കുമൊന്നും കഴിയാതെ വന്ന സാഹചര്യത്തിൽ, ജനങ്ങളിൽനിന്ന് സ്വയം ഉയർന്നുവരുന്ന വർഗ്ഗസമരശക്തിയുടെ രാഷ്ട്രീയ പ്രകാശന രൂപമാണ് ജനസഞ്ചയം (Multitude). പഴയ കേന്ദ്രീകൃത രാഷ്ട്രീയ പാർട്ടികളുടെ കാലഹരണപ്പെടലിനെ ജീവിതം കൊണ്ട് തിരിച്ചറിയുന്ന ജനങ്ങൾ അവയെ കാഴ്ചക്കാരാക്കി നിർത്തിക്കൊണ്ട്, ഈ വിധം വിപ്ലവ രാഷ്ട്രീയ ശക്തിയായി മുന്നേറിക്കൊണ്ടിരിക്കുന്നത് ഇന്ന് പ്രകടമായി തന്നെ നാം കണ്ടുകൊണ്ടിരിക്കുന്നു.
അതിനാൽ ആഗോള കോർപ്പറേറ്റ് മൂലധന ശക്തികൾക്കും അതിന്റെ ഫാഷിസ്റ്റ് ഏജൻറൻമാർക്കും എതിരെ ഉയർന്നുവരുന്ന വർഗ്ഗസമരത്തിന്റെ ഈ പുതിയ രൂപത്തെ ഉൾക്കൊള്ളാൻ കാലഹരണപ്പെട്ട പഴയ ലിബറൽ- ഇടത് രാഷ്ട്രീയ ധാരണകൾക്ക് കഴിയില്ല എന്നത് സ്വാഭാവികമാണ്. അതുകൊണ്ടാണ് ലോക ചരിത്രത്തിലെ വർഗ്ഗസമരൂപങ്ങളുടെ കാലദൈർഘ്യം കണക്കിലെടുക്കുമ്പോൾ, ബാല്യദശയിൽ എന്നു പറയാവുന്ന ‘ജനസഞ്ചയ’ ബദൽ ജനാധിപത്യ സമരങ്ങളുടെ കുറ്റങ്ങളും കുറവുകളും മാത്രം ഉയർത്തിക്കാട്ടി അവർക്ക് പ്രതിലോമകാരികളെ സേവിക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെയാണ് ഇക്കൂട്ടർക്ക് ‘Multitude’ എന്ന തത്വശാസ്ത്രപരവും രാഷ്ട്രീയ സിദ്ധാന്തപരവുമായ ആഴമേറിയ പരികല്പനയെ ‘ആൾക്കൂട്ട’മെന്നും ‘ജനാവലി’യെന്നും വിവർത്തനം ചെയ്തത് ലഘൂകരിക്കേണ്ടിവരുന്നത്.
പഴയ ലിബറൽ- ഇടതു രാഷ്ട്രീയക്കാരിൽ നിന്ന് ഇത്തരം വിമർശനങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് കണ്ടതുകൊണ്ടാണ് നെഗ്രിയും ഹാർട്ടും മറ്റും തുടക്കത്തിൽ തന്നെ Multitude ആൾക്കൂട്ടമല്ല എന്ന് തീർത്തുപറഞ്ഞത്.
READ:തെരുവിൽനിന്ന്
പറന്നുയരുന്ന
വിദ്യാർത്ഥികളുമായി
കൈകോർക്കാം
CJP പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി വെബ്സീൻ പ്രസിദ്ധീകരിച്ച എന്റെ അഭിമുഖത്തോടുള്ള നവീൻ പ്രസാദ് അലക്സിന്റെ വിമർശനത്തിലുടനീളം Multitude- നെ ആൾക്കൂട്ടം എന്നാണ് തർജ്ജമ ചെയ്യുന്നത്. പൂരപ്പറമ്പിലേതുപോലെ ഒത്തുകൂടുന്ന ആൾക്കൂട്ടങ്ങൾക്ക് ഒരിക്കലും മേലാളധികാരപ്രയോഗത്തിനെതിരെ പൊരുതുന്ന ക്രിയാത്മക സമരശക്തിയാകാനാകില്ല. അതുകൊണ്ട് ഒരേസമയം ബഹുലവും ( Multiple) അനന്യവുമായ (Singular) വ്യവസ്ഥാവിരുദ്ധ ജനസംഘാതത്തെ (Assemblage) കുറിക്കുന്ന Multitude എന്ന പരികല്പനയ്ക്കുമേൽ ‘ആൾക്കൂട്ട’ത്തെ കെട്ടിവയ്ക്കുമ്പോൾ അതിനെ രാഷ്ട്രീയമായി നിർവീര്യമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അങ്ങനെ നരേന്ദ്രമോദിയെ മുട്ടുകുത്തിച്ച കർഷക സമരം എന്നപോലെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ പുറത്തുനിർത്തിക്കൊണ്ട് ഉയർന്നുവന്ന CJP പ്രക്ഷോഭവും പുതിയ ജനസഞ്ചയ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഗണത്തിൽ പെടുന്നു എന്ന എന്റെ നിരീക്ഷണത്തെ നവീൻ പ്രസാദ് അപ്രസക്തമെന്നു വിധിക്കുന്നു.
ഈവിധം പഴയ ലിബറൽ- ഇടതു രാഷ്ട്രീയക്കാരിൽ നിന്ന് ഇത്തരം വിമർശനങ്ങൾ ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് കണ്ടതുകൊണ്ടാണ് നെഗ്രിയും ഹാർട്ടും മറ്റും തുടക്കത്തിൽ തന്നെ Multitude ആൾക്കൂട്ടമല്ല എന്ന് തീർത്തുപറഞ്ഞത്. 2002- ൽ Michael Hardt ഇങ്ങനെ തുറന്നെഴുതി: “ The Multitude should be distinguished from the crowd, the masses or the mob because it is not an incoherent or passive aggregate but an active social subject capable of acting in common while remaining internally different. ( Michael Hardt - The Idea of Multitude)”.

‘‘The Multitude is the name of an immanent collective subject” (Insurgencies- 1999) എന്ന് നെഗ്രിപറയുമ്പോൾ ‘Multitude’ ആൾക്കൂട്ടം അല്ലെന്നു മാത്രമല്ല, ജനങ്ങളുടെ മേൽ പാർട്ടികേന്ദ്രം കെട്ടിയിറക്കുന്നതല്ല വിപ്ലവകർതൃത്വം, മറിച്ച് ജനങ്ങളുടെ അന്തഃസ്ഥിതമായ (Immanent) ജീവിത സ്വാധികാരത്തിൽനിന്ന് രൂപപ്പെടുന്ന രാഷ്ട്രീയ ശക്തിയാണെന്ന് വ്യക്തമാകുകയും ചെയ്യുന്നു.
ഇതുകൂടാതെ ജനസഞ്ചയത്തെ കുറിച്ചുള്ള ഈ ‘ആൾക്കൂട്ട’ ആരോപണത്തെ തള്ളിക്കളഞ്ഞ്, ഭരണകൂടാധികാരത്തിൽനിന്ന് ഭിന്നമായ ജനങ്ങളുടെ അന്തഃസ്ഥിതാധികാരത്തിന്റെ ഉണ്മയെ ഉയർത്തിപ്പിടിക്കുന്ന ഒരു ഗ്രന്ഥം തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. Poalo Virno- യുടെ A Grammar of the Multitude (2004).
ചുരുക്കത്തിൽ ജനസഞ്ചയം എന്ന രാഷ്ട്രീയസംഘാതം (political Assemblage) കേവലം ലക്ഷ്യരഹിതമായ ആൾക്കൂട്ടമാണെന്ന നവീൻ പ്രസാദിന്റെ വാദത്തിന് പിന്നിലുള്ളത്, മുകളിൽനിന്ന് നിയന്ത്രിക്കാൻ ഭരണകൂടം ഇല്ലെങ്കിൽ, ജനങ്ങളെ നയിക്കാൻ പാർട്ടിനേതൃത്വം ഇല്ലെങ്കിൽ, ജനങ്ങൾ നിയന്ത്രണവും ലക്ഷ്യവുമില്ലാത്ത ആൾപറ്റങ്ങൾ ആണെന്ന കാലഹരണപ്പെട്ട രാഷ്ട്രീയ ധാരണയാണ്.
വർഗ്ഗബോധമുള്ള മുന്നണിപ്പടയാൽ അഥവാ പാർട്ടിയാൽ ആട്ടിത്തെളിക്കപ്പെടേണ്ട വർഗ്ഗബോധശൂന്യരായ പിന്നണിപരിഷകളാണ് ജനങ്ങൾ എന്നുകരുതുന്ന പരമ്പരാഗത വിപ്ലവപാർട്ടികളാണ് യഥാർത്ഥത്തിൽ ജനങ്ങളെ ലക്കുകെട്ട ആൾക്കൂട്ടമായി കാണുന്നത്.
ഈ ‘ആൾക്കൂട്ട’ ആരോപണം കൂടാതെ സി.ജെ.പി പ്രക്ഷോഭത്തെ ഭരണകൂട മാതൃകയിലുള്ള പഴയ പാർട്ടികേന്ദ്രീകരണത്തെ മറികടക്കുന്ന ബദൽ ജനാധിപത്യ രാഷ്ട്രീയരൂപമായ ജനസഞ്ചയവുമായി ഞാൻ ബന്ധിപ്പിച്ചു വിശദീകരിക്കാൻ ശ്രമിക്കുന്നതിനെ തള്ളിക്കളയാൻ നവീൻ പ്രസാദ് മറ്റൊരു യുക്തി കൂടി ഉപയോഗിക്കുന്നുണ്ട്. ‘ഈ സമരത്തിന്റെ ആശയപരമായ കേന്ദ്രമായ’ ‘വർഗ്ഗ രാഷ്ട്രീയപരമായ മാനത്തെ’ ആൾക്കൂട്ട / ജനസഞ്ചയ സങ്കൽപ്പത്തിന് ഉൾക്കൊള്ളാൻ ആവില്ല എന്നതാണ് ആ യുക്തി. ഇങ്ങനെ ഈ സമരത്തിന്റെ പ്രാധാന്യം അതിന്റെ ആൾക്കൂട്ട /ജനസഞ്ചയ സ്വഭാവത്തിൽ അല്ല, മറിച്ച് മനുഷ്യരുടെ ഭൗതിക ജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ട വർഗ്ഗ സമരത്തിലാണെന്ന് അദ്ദേഹം സമർത്ഥിക്കാൻ ശ്രമിക്കുമ്പോൾ, ജനസഞ്ചയ പ്രക്ഷോഭങ്ങൾ വർഗ്ഗസമരത്തിന് പുറത്തു നടക്കുന്ന എന്തോ ഒന്നാണെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ, ‘Multitude: War and Democracy in the Age of Empire’ എന്ന ഗ്രന്ഥത്തിന്റെ രണ്ടാം അദ്ധ്യായം നെഗ്രിയും ഹാർട്ടും തുടങ്ങുന്നതുതന്നെ ‘MULTITUDE IS A CLASS CONCEPT’ എന്ന തുറന്ന പ്രസ്താവനയോടെയാണ്. തുടർന്ന് അവർ; The concept of Multitude is meant to repropose Marx’s political project of class struggle’ എന്ന് ജനസഞ്ചയത്തിന്റെ വർഗ്ഗരാഷ്ട്രീയമാനത്തെ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്യുന്നു.

അതിനാൽ വർഗ്ഗബോധമുള്ള മുന്നണിപ്പടയാൽ അഥവാ പാർട്ടിയാൽ ആട്ടിത്തെളിക്കപ്പെടേണ്ട വർഗ്ഗബോധശൂന്യരായ പിന്നണിപരിഷകളാണ് ജനങ്ങൾ എന്നുകരുതുന്ന പരമ്പരാഗത വിപ്ലവപാർട്ടികളാണ് യഥാർത്ഥത്തിൽ ജനങ്ങളെ ലക്കുകെട്ട ആൾക്കൂട്ടമായി കാണുന്നത്. അതുകൊണ്ടുതന്നെയാണ് സ്വയം വർഗ്ഗബോധത്തിലേക്കുയരാൻ മാത്രം ആത്മബോധമുള്ള ജനങ്ങൾ ഇത്തരം പാർട്ടികളെ തള്ളിക്കളഞ്ഞ് സ്വന്തം വർഗ്ഗസമരം സ്വയം ഏറ്റെടുത്ത് സ്വയം മുന്നേറുന്നത്.
രണ്ട്
ഇനി Multitude എന്ന പരികല്പനയുടെ ചരിത്ര പ്രാധാന്യത്തിലേക്കും രാഷ്ട്രീയ പ്രസക്തിയിലേക്കും വരാം. അന്റോണിയോ നെഗ്രി, മൈക്കിൾ ഹാർട്ട് എന്ന രണ്ടു ചിന്തകന്മാർക്ക് ശൂന്യതയിൽനിന്ന് വീണു കിട്ടിയ ഒരാശയമല്ല ഇത്. നവീൻ പ്രസാദ് പറയുന്നത് കേട്ടാൽ അങ്ങനെയാണ് തോന്നുന്നത്. എന്നാൽ ഇത് ഭരണകൂട പരമാധികാരകേന്ദ്രമായ ആധുനിക മുതലാളിത്ത രാഷ്ട്രമീമാംസയെ അട്ടിമറിക്കാൻ പാകത്തിൽ നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട വിപ്ലവകരമായ ഒരു സ്പിനോസിസ്റ്റ് പരികല്പനയാണ്. ലോകത്തെ കീഴടക്കിക്കൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥ വിദ്ധ്വംസകമായ (Subversive) ഈ രാഷ്ട്രീയ പരികല്പനയെ നൂറ്റാണ്ടുകളോളം മറച്ചു പിടിക്കുകയായിരുന്നു. മുതലാളിത്ത സ്വകാര്യ സ്വത്തിനെയും സ്വകാര്യ സ്വാർത്ഥവ്യക്തിയെയും നിലനിർത്തുന്നതിനായി, മനുഷ്യർ പ്രകൃത്യാ പരസ്പരവൈരികളും ആക്രമണകാരികളും ആണെന്ന് വാദിച്ച് ഭരണകൂട പരമാധികാരത്തിന്റെ രക്ഷയും ശിക്ഷയും സമൂഹത്തിന് അനിവാര്യമാണെന്ന് സ്ഥാപിക്കുന്ന ആധുനിക മുതലാളിത്ത രാഷ്ട്രമീമാംസയുടെ കപടനാടകത്തെ പാടേ തുറന്നു കാണിക്കുകയാണ് ‘മൾട്ടിറ്റ്യൂഡ്’ എന്ന സഹജ സാമൂഹിക ജീവിതശക്തിയുടെ നേർക്കാഴ്ച നൽകുന്നതിലൂടെ സ്പിനോസ ചെയ്യുന്നത്. ഭരണകൂടാധികാരത്തിന്റെ രക്ഷയും ശിക്ഷയും ആവശ്യമില്ലാത്ത വിധം മനുഷ്യർ പരസ്പരബന്ധത്തിലൂടെയും ആശയവിനിമയത്തിലൂടെയും പരസംക്രമണത്തിലൂടേയും (Mutual becoming) ഉത്പാദനത്തിലൂടെയും ആർജിക്കുന്ന സ്വാധികാരത്തിലൂടെ (Potentia) ജനസഞ്ചയമായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത് എന്ന് സ്പിനോസാ സമർഥിക്കുന്നു. അങ്ങനെ ജനസഞ്ചയം ഒരു അതീത (Transcendent) ബാഹ്യ ശക്തിയെയും ആശ്രയിക്കേണ്ടതില്ലാത്ത ഒരു അന്തഃസ്ഥിത (Immanent) സാമൂഹിക അധികാര രൂപമാണെന്ന് സ്പിനോസ വ്യക്തമാക്കുന്നു.

അതിനാൽ, നിയന്ത്രിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകൂടാധികാരം (Potestas) എന്നും ജീവിതത്തെ നിർമ്മിക്കുകയും വികസിപ്പിക്കുകയും ചെറുത്തുനിൽക്കുകയും ചെയ്യുന്ന ജനസഞ്ചയാധികാരം (Potentia) എന്നും സ്പിനോസ അധികാരത്തെ രണ്ടായി തിരിക്കുന്നു. സ്പിനോസ ഇങ്ങനെ ഭരണകൂട അധികാരത്തിന് കീഴ്പ്പെട്ടു ജീവിക്കുന്ന സ്വകാര്യ പൗര സമൂഹത്തിന്റെ സ്ഥാനത്ത് ഭരണകൂട അധികാരത്തെ ചെറുക്കുന്ന ജനസഞ്ചയത്തെ സ്ഥാപിക്കുന്നത്, മാർക്സ് ആധുനിക മുതലാളിത്ത ലിബറൽ പൗര സമൂഹത്തിന്റെ സ്ഥാനത്ത് പൊരുതുന്ന തൊഴിലാളി വർഗ്ഗത്തെ സ്ഥാപിക്കുന്നതിന് സമാനമാണ്.
അടുക്കളയിൽ പണിയെടുക്കുന്ന വീട്ടമ്മ മുതൽ വിവര- വിനിമയെ സാങ്കേതികരംഗത്ത് പണിയെടുക്കുന്നവർ വരെ ഇന്ന് മുന്നണി- പിന്നണി ഭേദമില്ലാത്ത തൊഴിലാളി വർഗ്ഗമാണ്. സ്വയം നയിക്കാൻ പോന്ന, സ്വയം കണ്ടെത്തിയ വർഗ്ഗമാണ് (Class for itself).
ഈ സന്ദർഭത്തിൽ നാം പരിശോധിക്കേണ്ടത്, മുതലാളിത്ത പൗരസമൂഹത്തിന്റെ സ്ഥാനത്ത് മാർക്സ് പ്രതിഷ്ഠിച്ച തൊഴിലാളി വർഗ്ഗത്തിന്റെ സ്ഥാനത്തേക്ക് മാർക്സിസ്റ്റുകളായ നെഗ്രിക്കും ഹാർട്ടിനും എന്തുകൊണ്ട് സ്പിനോസയുടെ ജനസഞ്ചയത്തെ ഉയർത്തിയെടുക്കേണ്ടിവന്നു എന്ന പ്രശ്നമാണ്. ഇതിനു പല കാരണങ്ങളുണ്ട്. ഇവയിൽ പ്രധാനപ്പെട്ട ഒന്ന്, സോഷ്യലിസ്റ്റ് വിപ്ലവം നയിക്കേണ്ട ഫാക്ടറി തൊഴിലാളിയുടെ മാതൃകയിലുള്ള തൊഴിലാളിവർഗ്ഗ മുന്നണിപ്പട ഇന്ന് ഇല്ലാതായിരിക്കുന്നു എന്നതാണ്. ആഗോളവൽക്കരണകാലത്തെ മുതലാളിത്ത മൂലധനത്തിന്റെ സമ്പൂർണ്ണ ആവാഹനത്തിന്റെ (Full subsumption of Capital) ഫലമായി മുതലാളിത്ത ചൂഷണം ഫാക്ടറി മതിലുകൾ തകർത്ത് സമൂഹത്തിലേക്കും പ്രകൃതിയിലേക്കും ഒന്നാകെ വ്യാപിച്ചിരിക്കുന്നു എന്നതാണ്. ലോകം തന്നെ ഒരു ഫാക്ടറിയായിരിക്കുന്നു. അധ്വാനത്തിന്റെ ഈ സാമൂഹികവൽക്കരണം (Socialisation of Labour) മൂലം അടുക്കളയിൽ പണിയെടുക്കുന്ന വീട്ടമ്മ മുതൽ വിവര- വിനിമയെ സാങ്കേതികരംഗത്ത് പണിയെടുക്കുന്നവർ വരെ ഇന്ന് മുന്നണി- പിന്നണി ഭേദമില്ലാത്ത തൊഴിലാളി വർഗ്ഗമാണ്. സ്വയം നയിക്കാൻ പോന്ന, സ്വയം കണ്ടെത്തിയ വർഗ്ഗമാണ് (Class for itself). അങ്ങനെ ശ്രേണിബദ്ധമായ പഴയ പാർട്ടിമാതൃക തന്നെ ആവശ്യമില്ലാത്ത സ്വച്ഛന്ദ സമരശക്തിയായി, ജനസഞ്ചയമായി, ചൂഷിതജനത മാറുകയാണ്.

ലോകം തന്നെ ഫാക്ടറിയായി മാറുന്ന ആഗോള ഡിജിറ്റൽ മുതലാളിത്തകാലത്ത് ജീവിതവും അധ്വാനവും തമ്മിൽ അന്തരമില്ലാതെയാവുകയും മനുഷ്യരുടെ സ്വകാര്യജീവിതം രാഷ്ട്രീയ ജീവിതമാവുകയും ചെയ്യുമ്പോൾ, ജീവിതം തന്നെ, ചെറുത്തുനിൽക്കുന്ന ഒരു ക്രിയാത്മക സംഘടിത പ്രതിഭാസമായി മാറുകയാണ്. ജനസഞ്ചയ രാഷ്ട്രീയത്തിൽ അതാണ് സംഭവിക്കുന്നത്.
ജനസഞ്ചയത്തിന്റെ ചെറുത്തുനിൽപ്പുകൾ ഏതെങ്കിലും ഒരു ജനവിഭാഗത്തിലോ തൊഴിൽ വിഭാഗത്തിലോ മാത്രം ഒതുങ്ങിനിൽക്കുന്നവയല്ല. ജനസഞ്ചയ പ്രക്ഷോഭങ്ങളെല്ലാം പരസ്പരം മുറിച്ചുകടക്കുന്ന (Inter -sectional) ജൈവ രാഷ്ട്രീയ വർഗ്ഗ സമരങ്ങളാണ്. ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായിരുന്നില്ല. അതുകൊണ്ടാണ് ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് അടിയറ വച്ച നരേന്ദ്രമോദി ഭരണത്തിന്റെ മർമ്മത്തിൽ അത് ചെന്ന് തറച്ചത്. സി ജെ പി പ്രക്ഷോഭത്തിന്റെ മാനിഫെസ്റ്റോ തന്നെ വിദ്യാർത്ഥി പ്രശ്നങ്ങളും കടന്ന് നരേന്ദ്രമോദിയുടെയും കൂട്ടരുടെയും കോർപ്പറേറ്റ്- ഫാഷിസ്റ്റ് ഭരണത്തിന്റെ അധോലോകത്തെ തുറന്നു കാട്ടുന്ന ഒന്നാണ് എന്നോർക്കണം. ആ നിലയ്ക്ക്, ഇന്ന് സമര രംഗത്തേക്ക് ഉയർന്നുവന്ന യുവാക്കൾ തൊഴിലാളികളും തൊഴിലില്ലാത്തവരും കൈ വേലക്കാരും സ്ത്രീകളും ദലിതരും ആദിവാസികളും എല്ലാം അടങ്ങുന്ന കീഴാള ജനസഞ്ചയത്തിന്റെ മുഴുവൻ പ്രതിനിധികളാണ്.
CJP സമരത്തിന്റെ കോർപ്പറേറ്റ്- ഫാഷിസ്റ്റ് വിരുദ്ധ ബദൽ ആഗോളവൽക്കരണ രാഷ്ട്രീയ സ്വഭാവം എന്തെന്ന് മനസ്സിലാക്കാതെ അതിന്റെ വിജയത്തിൽ പങ്കുപറ്റാൻ ശ്രമിക്കുന്നതുകൊണ്ടുമാത്രം ആർക്കും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.
ലിബറൽ ജനാധിപത്യത്തെയും സോവിയറ്റ് മാർക്സിസ്റ്റ് ജനാധിപത്യത്തെയും മറികടന്ന് ആഗോള മുതലാളിത്തത്തിനെതിരെ ഒരു ബദൽ ആഗോളവൽക്കരണ (Alter- Globalisation) വർഗ്ഗ സമരശക്തിയായി ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ജനസഞ്ചയ ബദൽ ജനാധിപത്യത്തിന്റെ ഈ മുന്നേറ്റങ്ങളെ പഴയ ദേശീയ വിപ്ലവപാർട്ടികളുടെ തന്ത്രങ്ങളും അടവുകളും കൊണ്ടൊന്നും അളക്കാനാവില്ല. ദേശീയ മുതലാളിത്ത ജനാധിപത്യ വിപ്ലവങ്ങൾ പൂർത്തീകരിച്ച്, ഘട്ടം ഘട്ടമായി സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് കടക്കാം എന്ന കോമിന്റേൺ തന്ത്രം വിവിധ രീതികളിൽ ഇന്ന് മുറുകെപ്പിടിക്കുന്നവയാണ് നമ്മുടെ വിപ്ലവ പാർട്ടികൾ. മുതലാളിത്ത മൂലധനം തന്നെ ഒരു ആഗോള പ്രതിഭാസമായി ഉദ്ഗ്രഥിക്കപ്പെടുകയും (Integrated Global Capital) ആഗോള മൂലധന വ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തതോടെ ദേശീയ മുതലാളിത്ത വിപ്ലവ പൂർത്തീകരണം പോലെയുള്ള തന്ത്രങ്ങൾ പൂർണമായും കാലഹരണപ്പെട്ടുകഴിഞ്ഞു. മാത്രമല്ല, ലോകവിപ്ലവം അനിവാര്യമായ വിവിധ ഘട്ടങ്ങളുടെ പൂർത്തീകരണത്തിലൂടെ കടന്ന് വികസിക്കുന്ന ഒന്നാണ് എന്ന തരത്തിലുള്ള യാന്ത്രിക ഘട്ടവാദത്തെ (Stagism) മാർക്സ് നേരത്തെ തള്ളിക്കളഞ്ഞ കാര്യം നമ്മുടെ മാർക്സിസ്റ്റുകൾ ഇനിയും അറിഞ്ഞിട്ടില്ല.
എനിക്കെതിരെ കടുത്ത വിമർശന മുന്നയിച്ചിരിക്കുന്ന നവീൻ പ്രസാദ് അലക്സ് ഒരു സി പി ഐ-എം വക്താവോ അനുഭാവിയോ ആണെന്ന് വ്യക്തമാണ്. അതുകൊണ്ട് പറയുകയാണ്; പഴയ സോവിയറ്റ് മാർക്സിസ്റ്റ് വിപ്ലവതന്ത്രം മുറുകെ പിടിച്ച് ഒരു നൂറ്റാണ്ട് കാലം ശ്രമിച്ചിട്ടും ഇന്ത്യൻ ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കാനും ഇന്ത്യൻ രാഷ്ട്രീയത്തിൽ വിപ്ലവകരമായ എന്തെങ്കിലും സ്വാധീനം ചെലുത്താനും കഴിയാതെ പോയ, ഇന്ന് നാമമാത്രമായി മാഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ് ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനം. സി. ജെ.പി പ്രക്ഷോഭത്തിന് ഇടതുപക്ഷം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തത് നല്ലതുതന്നെ. എന്നാൽ ഈ സമരത്തിന്റെ കോർപ്പറേറ്റ്- ഫാഷിസ്റ്റ് വിരുദ്ധ ബദൽ ആഗോളവൽക്കരണ രാഷ്ട്രീയ സ്വഭാവം എന്തെന്ന് മനസ്സിലാക്കാതെ അതിന്റെ വിജയത്തിൽ പങ്കുപറ്റാൻ ശ്രമിക്കുന്നതുകൊണ്ടുമാത്രം ആർക്കും ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല.

അതിനാൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ, അവരുടെ പഴയ മുഖ്യശത്രുവായ ഇന്ത്യൻ മുതലാളിത്ത മൂലധനത്തെ തന്നെ ആഗോള മൂലധന കോർപ്പറേറ്റുകൾ വിഴുങ്ങുകയും പഴയ ലിബറൽ ജനാധിപത്യത്തിന്റെ സ്ഥാനത്ത് ഒരു ജനാധിപത്യവും ആവശ്യമില്ലാത്ത ആഗോള മൂലധന സാമ്രാജ്യം അതിന്റെ ഫാഷിസ്റ്റ് ദല്ലാളന്മാരെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്തിന്റെ പുതിയ യാഥാർത്ഥ്യങ്ങളിലേക്ക് കണ്ണു തുറക്കണം. ഭൂമിയെ ഒന്നാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്രാജ്യത്തിന് അതിൻ്റെ പലതരത്തിലുള്ള സാമന്തന്മാർക്കുമെതിരെ ലോകമെമ്പാടും വിവിധരൂപങ്ങളിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന ജനസഞ്ചയ ബദൽ ജനാധിപത്യ വിപ്ലവ ശക്തികളുമായി ഐക്യപ്പെടാൻ അവർ ശ്രമിക്കണം.
നമ്മുടെ അയൽരാജ്യമായ ശ്രീലങ്കതന്നെ അതിനൊരുദാഹരണമാണ്. പാർലമെൻറിൽ മൂന്നു സീറ്റ് മാത്രമുണ്ടായിരുന്ന ജനതാ വിമുക്തി പെരുമന എന്ന എം.എൽ പാർട്ടി രജപക്സെയെ ഓടിച്ച ജനസഞ്ചയപ്രക്ഷോഭത്തിന്റെ രാഷ്ട്രീയം ഏറ്റെടുക്കുകയായിരുന്നു. ബാല്യദശയിലുള്ള ജനസഞ്ചയപ്രക്ഷോഭങ്ങൾക്ക് പഴയ കേന്ദ്രീകൃത പാർട്ടിഘടന വിട്ട് തിരശ്ചീനമായ ബദൽ സംഘടനാ രൂപങ്ങളും ബദൽ ജനാധിപത്യ സ്ഥാപനങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. ഈ സന്ദർഭത്തിൽ ജനസഞ്ചയങ്ങളുടെ പുതിയ ബദൽ ആഗോളവൽക്കരണ വർഗ്ഗസമരങ്ങളിൽ പഴയ ഇടതുപക്ഷങ്ങൾക്കും ഫാഷിസ്റ്റ് വിരുദ്ധ ലിബറൽ പാർട്ടികൾക്കും പഴയ കേന്ദ്രീകൃത രാഷ്ട്രീയ ‘തന്ത്ര’ശാഠ്യങ്ങൾ മാറ്റിവെച്ച് വിപ്ലവകരമായി ഇടപെടാൻ കഴിയും. ശ്രീലങ്കയിലെന്നപോലെ ലാറ്റിനമേരിക്കയിൽ അടക്കം പല രാജ്യങ്ങളിലും പഴയ ഇടതുപക്ഷപാർട്ടികൾ ഇങ്ങനെ ജനസഞ്ചയ പ്രക്ഷോഭങ്ങളുടെ ഭാഗമാകാൻ പാകത്തിൽ വിപ്ലവകരമായി രൂപാന്തരപ്പെടാൻ തുടങ്ങിയിട്ടുണ്ട്.
അതിനാൽ ഇന്ത്യയിലെ ഇടതുപക്ഷ പാർട്ടികൾ അവയുടെ പഴയ ദേശീയ (ജനകീയ) ജനാധിപത്യ വിപ്ലവ പൂർത്തീകരണതന്ത്രത്തിന് എതിരെ നിന്ന കോൺഗ്രസിനോട് പണ്ടുണ്ടായിരുന്ന ശത്രുത തുടരുന്നതിൽ അർത്ഥമില്ല. ചുരുക്കത്തിൽ ആഗോള മൂലധനാധിനിവേശം കാരണം ദേശീയ മൂലധനാടിത്തറക്കുണ്ടായ രൂപാന്തരം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും ചരിത്രപരമായ നിലനിൽപ്പിന്റെ അടിസ്ഥാനം ഇന്ന് പാടെ മാറ്റിയിട്ടുണ്ട്. ഇന്ന് കോൺഗ്രസിനും ഇടതുപക്ഷത്തിനും നേരിടാനുള്ള പൊതു ശത്രു കോർപ്പറേറ്റ് സാമ്രാജ്യത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യം അടിയറവച്ച നരേന്ദ്രമോദിയും കൂട്ടരുമാണ്. അതുകൊണ്ട് ഇടതുപക്ഷം പഴയകാലത്തെ കണ്ണടച്ചുള്ള കോൺഗ്രസ് വിരോധം കൈവെടിയുന്നതാണ് വരാനിരിക്കുന്ന കീഴാള ജനസഞ്ചയ സ്വാതന്ത്ര്യ സമരങ്ങളെ ശക്തമാക്കാൻ സഹായിക്കുക.
ജനസഞ്ചയ പ്രക്ഷോഭങ്ങൾക്ക് മർദ്ദനോപകരണമായ മേലാളാധികാരയന്ത്രത്തെ പിടിച്ചെടുക്കേണ്ട കാര്യമില്ല. മറിച്ച്, ജനങ്ങൾക്ക് സ്വന്തം സംഘജീവിത സ്വാധികാരത്തിന്റെ സർഗാത്മകമായ പ്രഭാവം കൊണ്ട് ഭരണകൂടത്തെ അപ്രസക്തവും നിഷ്ക്രിയവും ആക്കുകയേ വേണ്ടൂ.
മൂന്ന്
Multitude എന്ന വിപ്ലവ രാഷ്ട്രീയ പരികല്പനയ്ക്കു നേരെ നവീൻ പ്രസാദ് അലക്സ് ചില പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സോവിയറ്റ് മാർക്സിസ്റ്റ് മാതൃകയിൽ വിശ്വസിക്കുന്ന ഒരാളിൽ നിന്ന് സ്വാഭാവികമായും ഉണ്ടാകാവുന്ന ചോദ്യങ്ങളാണിവ.
READ:ജന്തർ മന്തറിലെത്തിയ
വിദ്യാർത്ഥികളും
ജനസഞ്ചയ
ദൗർബല്യങ്ങളും
ജനസഞ്ചയ വിപ്ലവത്തിൽ അധികാരം ആരാണ് പിടിച്ചെടുക്കുന്നത്? ഉല്പാദന ബന്ധങ്ങളെ ആരാണ് മാറ്റിമറിക്കുന്നത്? പഴയ ഭരണകൂടത്തെ ആരാണ് പൊളിച്ചെഴുതുന്നത്? പുതിയ സ്ഥാപനങ്ങളെ ആരാണ് നിർമ്മിക്കുന്നത്? പ്രതിവിപ്ലവത്തെ ആരാണ് നേരിടുന്നത്?
ഈ ചോദ്യങ്ങൾ ഒന്നാകെ എടുത്താൽ അവ കേന്ദ്രീകൃതാധികാരത്തിന്റെ അനിവാര്യതയിൽ അടിയുറച്ചവയാണ് എന്നു കാണാം. മനുഷ്യ സാമൂഹ്യജീവിതത്തിന്റെ നിലനിൽപ്പിനും ഭദ്രതക്കും വളർച്ചയ്ക്കും ഭരണകൂട പരമാധികാരം (Sovereignty) എന്ന അതീതശക്തികേന്ദ്രത്തിന്റെ അനിവാര്യതയിൽ പ്രതിഷ്ഠിക്കപ്പെട്ട പാശ്ചാത്യ രാഷ്ട്രമീമാംസയുടെ മണ്ഡലത്തെയാണ് മൗലികമായി അവ ആശ്രയിക്കുന്നത്. മൃഗങ്ങളെപ്പോലെ പ്രാകൃതാവസ്ഥയിലായിരുന്ന (State of nature) മനുഷ്യരെ പരിഷ്കൃത സാമൂഹ്യ ജീവികളായി രൂപാന്തരപ്പെടുത്തിയത് മുകളിൽ പ്രതിഷ്ഠിക്കപ്പെട്ട കേന്ദ്ര പരമാധികാരത്തിന്റെ ശക്തിയാണെന്ന് സിദ്ധാന്തിക്കുന്ന തോമസ് ഹോബ്‌സ് മുതൽ തുടങ്ങുന്നതാണ്, പരമാധികാര കേന്ദ്രിത മായ പാശ്ചാത്യ ലിബറൽ രാഷ്ട്രീയ ചിന്തകളെല്ലാം. സ്പിനോസക്ക് ശേഷം മാർക്‌സാണ് മനുഷ്യ സമൂഹത്തിന്റെ പ്രാകൃത / പരിഷ്കൃത വിരുദ്ധ ദ്വന്ദത്തെ തള്ളിക്കളഞ്ഞ്, യഥാർത്ഥത്തിൽ മർദ്ദനോപകരണമായ ഈ അധികാരകേന്ദ്രം, സമൂഹം സ്വാധികാരത്തിലേക്ക് ഉയരുമ്പോൾ കൊഴിഞ്ഞുപോകുമെന്ന് പ്രസ്താവിച്ചത്.

എന്നാൽ പിന്നീട് ഭരണത്തിൽ വന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കൊന്നും ഹോബ്‌സിന്റെ ‘ലവിയത്താൻ’ തല ഒഴിവാക്കാനായില്ല. ‘അധികാരം സോവിയറ്റുകളിലേക്ക്’ എന്ന് ആദ്യമൊക്കെ പറഞ്ഞുകൊണ്ടിരുന്ന ലെനിന്, ഒടുവിൽ ജനങ്ങളെ നേരെ ചൊവ്വേ നടത്തണമെങ്കിൽ അധികാരം പാർട്ടിയിൽ കേന്ദ്രീകരിക്കണം എന്നു വന്നു. സ്റ്റാലിൻ ഒടുവിൽ ഭീമാകാരനായ ഒരു ‘ലവിയത്താ’നായി മാറുകയും ചെയ്തു. മാവോയ്ക്ക് ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തുകടക്കാൻ ഒടുവിൽ പാർട്ടികേന്ദ്രത്തെ ആക്രമിക്കുക എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യേണ്ടതായിവന്നു. എന്നാൽ മാവോയ്ക്കും അത് മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ല. അവിടെയും വീണ്ടും പാർട്ടി ജനങ്ങൾക്കുമേൽ പരമാധികാര ഭരണകേന്ദ്രമായി തുടരുന്നു.
ഈ പ്രതിസന്ധി യഥാർത്ഥത്തിൽ പാർട്ടിയിൽ അടക്കം വിവിധ രൂപങ്ങളിൽ പ്രവർത്തിക്കുന്ന ഭരണകൂട പരമാധികാരം, മാർക്സ് പറഞ്ഞതുപോലെ, കൊഴിഞ്ഞുപോകുമ്പോൾ മനുഷ്യജീവിതത്തെ നിലനിർത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന ബദൽ ശക്തി ഏത് എന്ന ചോദ്യവുമായി ബന്ധപ്പെട്ടതാണ്.
ഇവിടെയാണ് കേന്ദ്രീകൃത ഭരണകൂട അധികാരം ജനങ്ങളെ മെരുക്കുന്നതിനും അടിമപ്പെടുത്തുന്നതിനുമുള്ള യാന്ത്രികവും ജഡവുമായ മേലാളാധികാരം മാത്രമാണെന്നും ഇതിനെ എക്കാലവും ചെറുത്തു മുന്നേറുന്ന ജനങ്ങളുടെ അധികാരം ഭരണകൂട അധികാരത്തിൽനിന്ന് ഗുണപരമായി തന്നെ ഭിന്നമായ നൈസർഗികവും സൃഷ്‌ടിയുന്മുഖവുമായ മറ്റൊരു അധികാരമാതൃകയാണെന്നുമുള്ള സ്പിനോസയുടെ രാഷ്ട്രീയ സിദ്ധാന്തം പ്രസക്തമാകുന്നത്.
പഴയ ലോകത്തിന്റെ അധികാരത്തെ പിടിച്ചെടുക്കുകയല്ല, മറിച്ച്, പുതിയൊരു ലോകത്തെ സൃഷ്ടിക്കുന്നതിലൂടെ പഴയ ലോകത്തിന്റെ അധികാരത്തെ നിഷ്ക്രിയമാക്കുകയാണ് ജനസഞ്ചയബദൽ അധികാരത്തിന്റെ ലക്ഷ്യം.
സമീപകാലത്തായി തത്വചിന്തയിലും രാഷ്ട്രീയ ചിന്തയിലും വിപ്ലവം സൃഷ്ടിച്ചുകൊണ്ട് സ്പിനോസിസ്റ്റുകളായ ഒട്ടേറെ ചിന്തകർ, ചെറുത്തു നിൽക്കുന്ന ജനങ്ങളുടെ ബദൽ ജീവിതാധികാരം എന്ന യാഥാർത്ഥ്യത്തെ ഉയർത്തിയെടുത്തിട്ടുണ്ട്. അങ്ങനെ ഇന്ന് ലോകമെമ്പാടും വിവിധ രൂപങ്ങളിൽ ഉയർന്നുവരുന്ന ജനസഞ്ചയവർഗ്ഗസമരങ്ങളിൽ പ്രവർത്തിക്കുന്നത് മേലാളഭരണകൂടാധികാരത്തെ തന്നെ നിർണയിക്കുന്ന കീഴാള ബദൽ അധികാരത്തിന്റെ വികസ്വര ശക്തികളാണെന്ന് തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഇത് വ്യക്തമാക്കുന്നത്, ഇന്ന് ഉയർന്നുവന്നു കൊണ്ടിരിക്കുന്ന ജനസഞ്ചയ പ്രക്ഷോഭങ്ങൾക്ക് മർദ്ദനോപകരണമായ മേലാളാധികാരയന്ത്രത്തെ പിടിച്ചെടുക്കേണ്ട കാര്യമില്ല എന്നാണ്. മറിച്ച്, ജനങ്ങൾക്ക് സ്വന്തം സംഘജീവിത സ്വാധികാരത്തിന്റെ സർഗാത്മകമായ പ്രഭാവം കൊണ്ട് ഭരണകൂടത്തെ അപ്രസക്തവും നിഷ്ക്രിയവും ആക്കുകയേ വേണ്ടൂ. അതിനാൽ പഴയ ലോകത്തിന്റെ അധികാരത്തെ പിടിച്ചെടുക്കുകയല്ല, മറിച്ച്, പുതിയൊരു ലോകത്തെ സൃഷ്ടിക്കുന്നതിലൂടെ പഴയ ലോകത്തിന്റെ അധികാരത്തെ നിഷ്ക്രിയമാക്കുകയാണ് ജനസഞ്ചയബദൽ അധികാരത്തിന്റെ ലക്ഷ്യം. കാരണം, കീഴാള വർഗ്ഗ ജീവിതാധികാരമാണ് വർഗ്ഗ സമരത്തിൽ ആദ്യം നിലകൊള്ളുന്നത്. അതിനാണ് പ്രാഥമ്യം (Primacy). അതിനെ അടിച്ചമർത്തുന്നതിന് രൂപം കൊള്ളുന്ന രണ്ടാംതരം അധികാരമാണ് ഭരണകൂടാധികാരം. അതിനാൽ ജനസഞ്ചയ വിപ്ലവത്തിൽ അധികാരം ആരു പിടിച്ചെടുക്കും എന്ന ചോദ്യം പ്രസക്തമല്ല.

ഇന്ത്യയിലെ മഹത്തായ ആദിവാസി- കർഷക കലാപങ്ങളെല്ലാം മേലാളാധികാരത്തിനെതിരായ ഈ കീഴാള ജനസഞ്ചയ ബദൽ അധികാരത്തിന്റെ മുന്നേറ്റങ്ങളായിരുന്നു. ക്വിറ്റിന്ത്യാ സമരം പോലും ഇത്തരം കീഴാള ജനസഞ്ചയ പ്രക്ഷോഭങ്ങളുടെ സ്വഭാവം കൈവരിക്കുകയുണ്ടായി. കോൺഗ്രസ് നേതാക്കളും മുതിർന്ന പുരുഷന്മാരും എല്ലാം പെട്ടെന്ന് അറസ്റ്റിലായപ്പോൾ നിലച്ചുപോകുമാ യിരുന്ന ആ സമരം ഏറ്റെടുത്തത് മുകളിൽനിന്ന് ആജ്ഞകൾ ആവശ്യമില്ലാത്ത യുവാക്കളും സ്ത്രീകളും അടങ്ങുന്ന ജനസഞ്ചയമാണ്. അതുകൊണ്ടാണ് സി.ജെപി പ്രക്ഷോഭം നമ്മെ ഇന്ന് ക്വിറ്റിന്ത്യാ സമരത്തെ ഓർമിപ്പിക്കുന്നത്.
എന്നാൽ, പുതിയ ജനസഞ്ചയ പ്രക്ഷോഭങ്ങൾ അധ്വാനത്തിന്റെ സാമൂഹികവൽക്കരണം മൂലം പഴയ വർഗ്ഗവിഭജനങ്ങളെയും സ്വകാര്യ- പൊതുകാര്യ വിഭജനങ്ങളെയും മറികടന്ന് അധ്വാനവും ജീവിതവും, രാഷ്ട്രീയവും ജീവിതവും, ഒന്നായിത്തീർന്ന ജൈവ രാഷ്ട്രീയശക്തികളായി (Bio- Political power) പരിണമിച്ച കീഴാളവർഗ്ഗങ്ങളുടെ മുന്നേറ്റങ്ങളാണ്.
അങ്ങനെ പഴയ ഭരണകൂടത്തെ ആരാണ് പൊളിച്ചെഴുതുന്നത്? പുതിയ സ്ഥാപനങ്ങളെ ആരാണ് നിർമ്മിക്കുന്നത്? പ്രതിവിപ്ലവത്തെ ആരാണ് നേരിടുന്നത്? തുടങ്ങിയ പാർട്ടികേന്ദ്രിത വിപ്ലവത്തിന്റെ ചോദ്യങ്ങൾ തന്നെയും പ്രസക്തമല്ലാതാകുന്നു.
പാർട്ടിരാഷ്ട്രീയത്തെ അപ്രസക്തമാക്കുന്ന പുതിയ ജനസഞ്ചയവർഗ്ഗസമരം വിപ്ലവ പാർട്ടി രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞ് ലിബറൽ ജനാധിപത്യത്തിന്റെ ഏതെങ്കിലും രൂപത്തിലേക്ക് മടങ്ങിപ്പോവുകയല്ല ചെയ്യുന്നത്. മറിച്ച്, സമത്വമില്ലാത്ത സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുന്ന ലിബറൽ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യമില്ലാത്ത സമത്വം വാഗ്ദാനം ചെയ്യുന്ന സോവിയറ്റ് ജനാധിപത്യത്തിന്റെയും അപരിഹാര്യമായ കൊടിയ പ്രതിസന്ധി ജനസഞ്ചയ ബദൽ ജനാധിപത്യ രാഷ്ട്രീയം മുറിച്ചു കടക്കുകയാണ് ചെയ്യുന്നത്.
ഈ ചോദ്യാവലിയിലെ മറ്റൊരു പ്രധാന ചോദ്യം ഉത്പാദനബന്ധങ്ങളെ ആരാണ് മറികടക്കുന്നത് എന്നതാണ്. മനുഷ്യാധ്വാനശക്തിയും ഉൽപാദനോപാധികളും ചേർന്ന ഉൽപാദന ശക്തിയുടെ ക്രിയാത്മകവികാസം തന്നെയാണ് അതിന് ചങ്ങലയായിത്തീരുന്ന ഉത്പാദന ബന്ധങ്ങളെ മറികടക്കുന്നത്. വ്യവസായ മുതലാളിത്തത്തിന്റെ കാലത്ത് ഫാക്ടറിക്കുള്ളിൽ തളക്കപ്പെട്ടിരുന്ന അധ്വാനശക്തിയായ തൊഴിലാളി വർഗ്ഗമായിരുന്നു അതിന്റെ നിലനിൽപ്പിന് വിഘാതമായ മുതലാളിത്ത ഉൽപാദന ബന്ധങ്ങളെ മറികടക്കേണ്ട ശക്തി. എന്നാൽ ആഗോളവൽക്കരിക്കപ്പെട്ട മൂലധന സാമ്രാജ്യത്തിന്റെ ഇക്കാലത്ത് ലോകം തന്നെ ഫാക്ടറിയായി മാറുന്നു എന്ന് പറഞ്ഞല്ലോ. ഇതിലൂടെ പഴയ മുതലാളിത്ത -പ്രാങ് മുതലാളിത്ത വിഭജനങ്ങളെ മറികടന്ന്, ചെറുതും വലുതുമായ മാനസികവും ശാരീരികവുമായ എല്ലാ അധ്വാന രൂപങ്ങളും ആഗോള മുതലാളിത്ത പ്രക്രിയയിലേക്ക് ആവാഹിക്കപ്പെടുന്നു. ഈ സമഗ്ര പരിവർത്തനത്തിലൂടെ ഗ്രാമീണ കർഷകരും കൈവേലക്കാരും സോഫ്റ്റ്‌വെയർ എൻജിനീയറും വീട്ടമ്മമാരും അടക്കമുള്ള മനുഷ്യരുടെ എല്ലാ അധ്വാനരൂപങ്ങളും ആഗോള ഫാക്ടറിയിലെ അധ്വാന ചൂഷണത്തിന്റെ അദൃശ്യ ശൃംഖലകളിലേക്ക് കണ്ണി ചേർക്കപ്പെടുന്നു.
അങ്ങനെ പഴയ ഫാക്ടറി നിയമങ്ങൾ ഒന്നും ബാധകമല്ലാത്ത ലോകത്തെ ഏറ്റവും ദരിദ്രരായ ജനകോടികളുടെ പോലും അധ്വാനത്തിന്റെ ‘അധികമൂല്യം’ കവർന്നെടുക്കാനുള്ള അനന്തമായ സാധ്യതകൾ മലർക്കെ തുറക്കപ്പെടുന്നു. ഉദാഹരണത്തിന്, ലോകോത്തര ബ്രാൻഡ് ആയ ഐ ഫോൺ എന്ന ഉൽപ്പന്നം വിപണിയിലെത്തുന്നത് എത്രയെത്ര വിദൂര രാജ്യങ്ങളിലെ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്ന ദരിദ്ര തൊഴിലാളികളുടെ കൈകളിലൂടെ കടന്നു വന്നിട്ടാണ് എന്ന് പരിശോധിച്ചാൽ മതിയാവും. ഐ ഫോണിന്റെ ഡിസൈനും ബ്രാൻഡിങ്ങും അമേരിക്കയിൽ നടക്കുമ്പോൾ ഇതിന്റെ നിർമ്മാണത്തിന് ഒഴിവാക്കാനാവാത്ത കോബാൾട്ട് എന്ന ലോഹധാതു ആഫ്രിക്കൻ ഖനികളിൽ ബാലവേല ചെയ്യുന്ന കുട്ടികൾ കുറഞ്ഞ കൂലിക്ക് തുരന്നെടുക്കുന്നതാണ്. മറ്റു കമ്പോണന്റുകൾ ജപ്പാനിലും കൊറിയയിലുമുള്ള കമ്പനികളിലാണ് നിർമ്മിക്കുന്നത്. ഇതെല്ലാം അസംബ്ൾ ചെയ്തു അവസാന രൂപം നൽകുന്നത് ചൈനയിലെ ഒരു കമ്പനിയിലെ തൊഴിലാളികളും. ഇങ്ങനെ ഉത്പാദനം ആഗോള ഫാക്ടറിയിലൂടെ സാമൂഹ്യവൽക്കരിക്കപ്പെടുമ്പോൾ അധ്വാന മൂല്യത്തെ ആഗോള മൂലധനം കവർന്നെടുക്കുന്നതിന്റെ ഒരു മാതൃക മാത്രമാണിത്.
ആഗോള ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് ആധിപത്യം പുലർത്തുന്ന ഈ ഉൽപ്പാദന ബന്ധമാതൃകയെ അട്ടിമറിക്കാൻ ആഗോളതലത്തിൽ തന്നെ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ബദൽ ഉത്പാദന ശക്തി രൂപമാണ് യഥാർത്ഥത്തിൽ മൾട്ടിറ്റ്യൂഡ്. അമേരിക്കയിലെ ലോകശ്രദ്ധയാകർഷിച്ച വാൾ സ്ട്രീറ്റ് ഉപരോധത്തിൽ ജനസഞ്ചയം ഉയർത്തിയ മുദ്രാവാക്യം ‘1% നിങ്ങളും 99% ഞങ്ങളും’ എന്നതായിരുന്നു. മാനവരാശിയെയും പ്രകൃതിയെയും ഊറ്റിക്കുടിക്കുന്ന കോർപ്പറേറ്റുകളെയും ബഹുവിധമായി അധ്വാനിക്കുന്ന ലോക ജനസഞ്ചയത്തെയുമാണ് ഈ മുദ്രാവാക്യം സൂചിപ്പിക്കുന്നത്. അതുകൊണ്ട് മൈതാനങ്ങളിൽ ഒത്തുകൂടുന്ന ‘ആൾക്കൂട്ട’മല്ല ‘ജനസഞ്ചയം’, എന്നുമാത്രമല്ല ആഗോള ഡിജിറ്റൽ മൂലധനസാമ്രാജ്യത്തെ ചെറുക്കാനായി ലോകവ്യാപകമായി ഉയർന്നുവരുന്ന സാമ്പത്തിക രാഷ്ട്രീയ പ്രതിഭാസമാണ് എന്നുതന്നെ പറയാം.
