ഒരു വിജയ് കഥ
മാറുന്ന മീഡിയ,
മാറുന്ന താരരാഷ്ട്രീയം- 3
▮
വിജയ് എന്ന പ്രതിഭാസം
2026-ലെ തമിഴ്‌നാട് നിയമസഭാതെരഞ്ഞെടുപ്പിൽ സൂപ്പർസ്റ്റാർ വിജയ്-യുടെ പാർട്ടി തമിഴക വെട്രി കഴകം (TVK) അപ്രതീക്ഷിത വിജയമാണ് നേടിയത്. രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച ജയം. സിനിമാതാരം എന്ന നിലയിലുള്ള വിജയ്- യുടെ പ്രശസ്തി മാത്രമാണ് അദ്ദേഹത്തിന്റെ പാർട്ടിക്ക് മുതൽക്കൂട്ടായത് എന്നു വിശ്വസിക്കുന്നത് മാറിയ കാലത്തിന്റെ ചുവരെഴുത്തുകൾ സൂക്ഷ്മതയോടെ വായിക്കാതിരിക്കുന്നതിന്റെ ലക്ഷണമാണ്.
2024 ഫെബ്രുവരിയിൽ മാത്രം സ്ഥാപിതമായ രാഷ്ട്രീയ പാർട്ടിയാണ് TVK എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. എന്നാൽ വിജയ് -യുടെ ഫാൻക്ലബ് ഏതാണ്ട് ഒരു പതിറ്റാണ്ടെങ്കിലും സമൂഹത്തിൽ കെട്ടിപ്പടുത്ത സ്വീകാര്യതയും നിശ്ശബ്ദമായ സാമൂഹിക പ്രവർത്തനങ്ങളും ഈ പുതിയ രാഷ്ട്രീയപാർട്ടിയുടെ അഭൂതപൂർവ വിജയത്തിന് സഹായിച്ചുവെന്ന് നിസ്സംശയം പറയാം. DMK-യുടെ രാഷ്ട്രീയത്തിനും അപ്രമാദിത്വത്തിനും സർവ്വോപരി ദ്രവീഡിയൻ പ്രത്യയശാസ്ത്ര സങ്കല്പങ്ങൾക്കുമേറ്റ ഏറ്റവും വലിയ തിരിച്ചടിയായി ടി വി കെയുടെ വിജയം വിലയിരുത്തപ്പെടുന്നുണ്ട്.
READ: സ്‌ക്രീനിലെ തട്ടുപൊളിപ്പൻ താരം
മന്ത്രിയായാൽ
(ഒരു സുരേഷ് ഗോപി അനുഭവം)
ഒരു വിജയ് കഥ
മാറുന്ന മീഡിയ,
മാറുന്ന താരരാഷ്ട്രീയം
ഏതാണ്ട് അരനൂറ്റാണ്ടിനിപ്പുറമാണ് തമിഴ്‌നാട്ടിൽ ദ്രാവിഡ രാഷ്ട്രീയം പ്രത്യക്ഷത്തിൽ പറയാത്ത ഒരു പാർട്ടി അധികാരത്തിലേറുന്നത്. ഡി എം കെയ്ക്കു മുൻപ് ദ്രാവിഡ കഴകം ആയിരുന്നപ്പോൾപോലും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി സിനിമ ഉപയോഗപ്പെടുത്തുന്ന പ്രവണത തമിഴ്‌നാട്ടിൽ സാധാരണമായിരുന്നു. നടന്മാരായ ശിവാജി ഗണേശനും എം ജി ആറും, തിരക്കഥയും സംഭാഷണവും എഴുതിയിരുന്ന കരുണാനിധിയും ഇത്തരത്തിൽ സിനിമാ- രാഷ്ട്രീയ അച്ചുതണ്ടിന്റെ പ്രയോക്താക്കളും വക്താക്കളുമായിരുന്നു. എന്നാൽ ഇവിടെ തുടർന്നു ചർച്ചചെയ്യാനുദ്ദേശിക്കുന്ന പല കാരണങ്ങൾകൊണ്ടുതന്നെ, ഈ പ്രവണതയുടെ ഏറ്റവും അവസാനത്തെ കണ്ണിയായിമാത്രം വിജയ്- യെ വിലയിരുത്താനാവില്ല.
മൂന്നു പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിൽ ഏതാണ്ട് പകുതിയും സിനിമയ്ക്കുപുറത്തുള്ള തന്റെ രാഷ്ട്രീയസ്വത്വം സസൂക്ഷ്മം പരുവപ്പെടുത്തുകയായിരുന്നു വിജയ് എന്ന് ആമുഖമായി പറയാം. തമിഴ് സിനിമയിലെ അതികായരുടെ പരാജയപ്പെട്ട രാഷ്ട്രീയപ്രവേശനങ്ങൾ അദ്ദേഹത്തിന്റെ മുന്നിലുണ്ട്. ഈ പരാജയങ്ങളിൽനിന്ന് വ്യക്തമായ പാഠം വിജയ് ഉൾക്കൊണ്ടിട്ടുണ്ട്, അതിനാൽ ചെറിയൊരു ചുവടുപിഴപോലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹത്തിനറിയാം.

തമിഴ്സിനിമയുടെ കാഴ്ചാസംസ്കാരത്തിന്റെ സാമൂഹ്യവശങ്ങളെക്കുറിച്ചുള്ള ബൃഹദ്പഠനത്തിന്റെ ഭാഗമായി, തമിഴ്‌നാട്ടിലെ ചെറുകിട പട്ടണങ്ങളിൽ 2025-ൽ നടത്തിയ ഫീൽഡ്‌വർക്കിനിടയിൽ വ്യക്തമായ ഒരു കാര്യം; വിജയ് രസികർ മൻറത്തിന്റെ രഹസ്യാത്മകതയായിരുന്നു. 2024 ഫെബ്രുവരിയിൽത്തന്നെ പാർട്ടിയായി മാറിയിരുന്നെങ്കിലും പൊതുസമക്ഷം വലിയ ദൃശ്യപരതയില്ലാതെ പ്രവർത്തിക്കുകയായിരുന്നു. പല രീതിയിൽ സമീപിച്ചിട്ടും തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായും വിശദമായും സംസാരിക്കാൻ രസിഗർ മൻറത്തിന്റെ നേതാക്കളാരും തയ്യാറായില്ല. വലിയ ചില നീക്കങ്ങൾ അണിയറയിലുണ്ടെന്ന പ്രതീതി അന്നേ മനസ്സിലാക്കാമായിരുന്നു. സിനിമയിലെ വിജയ് -യുടെ താരമൂല്യം മാത്രം മൂലധനമാക്കി ഒരു രാഷ്ട്രീയപ്പാർട്ടിയുടെ മുന്നോട്ടുപോക്ക് ബുദ്ധിമുട്ടാവും എന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നുവെന്നുവേണം മനസ്സിലാക്കാൻ.
ഈ സാഹചര്യം കൃത്യമായി വിശകലനം ചെയ്യുന്നതിനായി സിനിമ പോലുള്ള മാദ്ധ്യമം കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടുകളായി ഏതൊക്കെ തരത്തിലുള്ള രൂപാന്തരങ്ങൾക്ക് വിധേയമായിയെന്ന് അന്വേഷിക്കേണ്ടത് അനിവാര്യമാണ്. ഒരു ബഹുജന മാദ്ധ്യമം എന്ന നിലയിൽ സിനിമയ്ക്കുണ്ടായിരുന്ന പരിവേഷം, അതിന് സമൂഹത്തിലുണ്ടായിരുന്ന രാഷ്ട്രീയസ്വാധീനം, ഏക വിനോദോപാധി എന്ന നിലയിൽ അതിനുണ്ടായിരുന്ന അപ്രമാദിത്വം, ആയിരത്തോളം വരുന്ന കാണികൾ ഒരുമിച്ച് ആവേശത്തോടെ ആർപ്പുവിളിച്ച് ആഘോഷിച്ചുകൊണ്ടിരുന്ന കൂറ്റൻ സിനിമാശാലകൾ, ഇവയെല്ലാം ഈയടുത്തകാലത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റങ്ങളുടെ ആദ്യത്തെ വ്യക്തമായ ചിത്രം കാണാനായത് ടെലിവിഷന്റെ, പ്രത്യേകിച്ച് സാറ്റലൈറ്റ് ചാനലുകളുടെ വരവോടെയാണ്. ഇന്റർനെറ്റ് സുലഭമായിത്തുടങ്ങിയശേഷം തങ്ങളുടെ ചെറിയ ഉപകരണങ്ങളിലൂടെ ഓരോ ഉപയോക്താവും ഉപഭോഗം ചെയ്യുന്ന ദൃശ്യങ്ങളുടെ (visual images) അതിപ്രസരം സിനിമയുടെ മായക്കാഴ്ചയിൽ അഭിരമിച്ചുപോയിരുന്ന ഒരു തലമുറയുടെ കാഴ്ചയോടുള്ള സങ്കല്പങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
ഡി എം കെ ചെയ്യാതിരുന്നതും ടി വി കെ സമർത്ഥമായി ചെയ്തതും ഇൻസ്റ്റഗ്രാം ഇടപെടലുകളാണ്. സിനിമ- രാഷ്ട്രീയം എന്നതിലുപരി, സമൂഹമാദ്ധ്യമം വഴി വോട്ടറുടെ പ്രായത്തിനനുസൃതമായി കൃത്യമായ ഗവേഷണത്തിലൂടെ സ്‌റ്റോറികൾ മെനഞ്ഞെടുത്ത് നിരന്തരം പ്രചരിപ്പിച്ചതാണ് വിജയ്- യുടെ പാർട്ടിയെ ഭരണത്തിലെത്തിച്ചത്.
നായക കഥാപാത്രങ്ങൾക്കും മാസ് ഹീറോസിനും വേണ്ടിമാത്രം നിർമ്മിക്കപ്പെട്ട കച്ചവട സിനിമാതന്ത്രങ്ങളിൽ പലതും പുതുതലമുറയുടെ ദൃശ്യസംസ്കാരത്തിന് യോജിച്ചുപോകുന്നതായിരുന്നില്ല. അനേകം അനുയായികളുടെ അകമ്പടിയോടെയുള്ള അമാനുഷവലുപ്പത്തിലുള്ള നായകബിംബത്തിന്റെ രംഗപ്രവേശം ഒരു വലിയ സിനിമാശാലയിലുണ്ടാക്കുന്ന പ്രകമ്പനം, ഇതേ ദൃശ്യം ആറിഞ്ച് വലിപ്പത്തിലുള്ള മൊബൈൽ ഫോണിൽ കാണുമ്പോഴുണ്ടാവുന്നില്ല. മാത്രവുമല്ല, നിരന്തരമായി ചെറിയ ദൈർഘ്യമുള്ള ദൃശ്യങ്ങളുമായിമാത്രം ഇടപഴകുന്നതോടെ ഒരു ശരാശരി കാണിയുടെ അറ്റെൻഷൻ സ്പാൻ കുറഞ്ഞുപോകുന്നുമുണ്ട്.
അതുപോലെ, 25, 50, 100 ദിവസങ്ങൾ തുടർച്ചയായി തിയറ്റർ പ്രദർശനം ഒരു സിനിമയുടെ വിജയത്തിന്റെ ശരിയായ അളവുകോലല്ലാതെ മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ പ്രാഥമിക സ്വാധീനം (initial impact) തന്നെ മതിയാകും ഒരു സിനിമയുടെ OTT മുതലായ പ്ലാറ്റ്‌ഫോമുകളിലൂടെ ആർജ്ജിക്കാവുന്ന ലാഭത്തിലേക്കുള്ള വഴി. ഇന്ത്യൻ നഗരങ്ങളിലും ഗ്ലോബൽ സെന്ററുകളിലുമുള്ള റിലീസിനു ശേഷത്തെ ആദ്യ രണ്ടാഴ്ചത്തെ വരുമാനംതന്നെ മതിയാകും, മിതമായ ബജറ്റിൽ പുറത്തിറക്കുന്ന മലയാളസിനിമകൾക്ക് ലാഭം കൊയ്യാൻ. അതുകൊണ്ടുതന്നെ റേഡിയോ, ടെലിവിഷൻ, പത്രങ്ങൾ, ഓൺലൈൻ മാദ്ധ്യമങ്ങൾ, സമൂഹമാദ്ധ്യമങ്ങൾ എന്നിങ്ങനെ പ്രൊമോഷൻ സാധ്യമായ എല്ലാ ഇടങ്ങളിലും ഇടപെട്ട് ആദ്യ രണ്ടാഴ്ചത്തെ വരുമാനം വർദ്ധിപ്പിക്കുന്നതാണ് പുതിയ പ്രവണത.

താരങ്ങൾ ഇവയൊക്കെയും തങ്ങളുടെ സമൂഹമാദ്ധ്യമ പേജുകളിലൂടെ പങ്കുവയ്ക്കുന്നു. ഇത്തരമൊരു മാദ്ധ്യമോന്മാദം (media frenzy) സൃഷ്ടിക്കാനാണ് എല്ലാ പരസ്യമാർഗ്ഗങ്ങളിലൂടെയും ഏതൊരു സിനിമാക്കാരനും ഇപ്പോൾ ശ്രമിക്കുന്നത്. ഇത്രയും വിശദമായി പരസ്യവും വരുമാനവും തമ്മിലുള്ള ബന്ധവും അതിൽ സമൂഹമാദ്ധ്യമങ്ങളുടെ പ്രത്യേക പങ്കും അടങ്ങുന്ന പ്രക്രിയ ചർച്ച ചെയ്തതിന്റെ ഉദ്ദേശ്യം, സമൂഹമാദ്ധ്യമങ്ങളിലെ താര ഇടപെടലുകൾ പഴയ സിനിമാ- പ്രേക്ഷക സമവാക്യങ്ങളിൽ വരുത്തിയ കാതലായ മാറ്റം വിശദീകരിക്കാനാണ്.
ഇതൊക്കെയാണ് യാഥാർത്ഥ്യമെന്നിരിക്കിലും ഡി എം കെ പോലെയുള്ള ചരിത്രപ്രാധാന്യമുള്ള പാർട്ടി തങ്ങളുടെ പുതിയ തലമുറയിലെ നേതാവായി ഉദയനിധി സ്റ്റാലിനെ പൊതുജനത്തിൽ പരിചയപ്പെടുത്താനായി സിനിമ തന്നെയാണ് ഉപയോഗപ്പെടുത്തിയത്. പതിനഞ്ചോളം സിനിമകളിൽ ഉദയനിധി സ്റ്റാലിൻ അഭിനയിച്ചിരുന്നു, പോരാത്തതിന് റെഡ് ജയന്റ് എന്ന നിർമ്മാണ-വിതരണ കമ്പനിയും നടത്തിയിരുന്നു. റെഡ് ജയന്റ് തമിഴ് സിനിമയിലെ കുത്തകയായി മാറുകയും ചെയ്തു. ആ പാർട്ടിയിലെ കുടുംബാധിപത്യത്തിന്റെ ഉദാഹരണമായി ഈ പട്ടാഭിഷേകം വിമർശിക്കപ്പെട്ടെങ്കിലും തമിഴ്‌നാട്ടിൽ സിനിമയ്ക്കുള്ള പ്രചുരപ്രചാരം തന്നെയാണ് ഡി എം കെയെ ഇത്തരത്തിൽ രാഷ്ട്രീയ പ്രവേശത്തിന്റെ എളുപ്പവഴിയായി ചിന്തിപ്പിച്ചത്. അതുവരെയും പ്രശസ്തനല്ലാതിരുന്ന ഒരാളുടെ മുഖം തിരശ്ശീലയിലൂടെയും പോസ്റ്ററുകളിലൂടെയും ഒറ്റയടിക്ക് തമിഴ്‌നാടുമുഴുവൻ പരിചയപ്പെടുത്താൻ സിനിമയല്ലാതെ മറ്റേത് മാദ്ധ്യമമാണ് ഇപ്പോൾ നിലവിലുള്ളത്.
എന്നാൽ, ഡി എം കെയ്ക്ക് തെറ്റിയത് സിനിമയിലൂടെയുള്ള പ്രശസ്തിയെ വിലയിരുത്തിയതിലല്ല, ആ പ്രശസ്തി സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരമുള്ള ഇന്നത്തെ കാലത്ത് നിലനിർത്തുക അസാദ്ധ്യമാണ് എന്ന് തിരിച്ചറിയുന്നതിലാണ്. ഒരു പക്ഷേ ടെലിവിഷനേക്കാളും നൈരന്തര്യം ഉപഭോക്താവിൽനിന്ന് സാമൂഹ്യമാദ്ധ്യമങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ചെറിയ ദൈർഘ്യമുള്ള ഇടപെടലുകളാണെങ്കിലും, നിത്യേനയും, മണിക്കൂറുകൾ തോറും, എപ്പോൾ ഉപയോഗിക്കാൻ തുടങ്ങുമ്പോഴും, ഇടപെട്ടാൽ മാത്രമേ ഏതൊരു ആശയത്തിനും, ഒരേതരം കണ്ടെന്റുകൾക്കും സമൂഹമാദ്ധ്യമങ്ങളിൽ പ്രസക്തിയുണ്ടാവുകയുള്ളൂ എന്ന രീതിയിലാണ് അവയുടെ അൽഗോരിതം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഇൻസ്റ്റഗ്രാമിന്റെ യുക്തിതന്നെ, കുറഞ്ഞ സമയം കൊണ്ട് ഉപയോക്താക്കളുടെ താല്പര്യം എങ്ങനെ മനസിലാക്കാമെന്നും ആ രീതിയിലുള്ള കണ്ടെന്റുകൾ തുടർച്ചയായി പുഷ് ചെയ്ത് അവരെ എങ്ങനെ കൂടുതൽ സമയം അതേ പ്ലാറ്റ്ഫോമിൽ പിടിച്ചുനിർത്താം എന്ന കുശാഗ്രബുദ്ധിയിലാണ് നിലനിൽക്കുന്നത്. ഇത്തരം പ്ലാറ്റ്ഫോമുകൾ നിരന്തരമായി ഗവേഷണം ചെയ്യുന്നതും തങ്ങളുടെ പ്ലാറ്റ്ഫോമിലെ ഉപയോക്താവിന്റെ സ്ക്രീൻടൈം കൂട്ടുകയും നിലനിർത്തുകയും ചെയ്യാനാണ്.
അഴിമതി, സ്വജനപക്ഷപാതം, കുത്തകവൽക്കരണം എന്നിങ്ങനെ കരുണാനിധിയുടെ കുടുംബത്തെച്ചൂണ്ടി ഡി എം കെയുടെ സമീപഭൂതകാലത്തിലെ പല ഇടപാടുകളോടും ജനങ്ങൾക്കൊരു വിപ്രതിപത്തി ഉണ്ടായിരുന്നുവെന്നും ഇപ്പോൾ നാം തിരിച്ചറിയുന്നുണ്ട്.
ഡി എം കെ ചെയ്യാതിരുന്നതും ടി വി കെ സമർത്ഥമായി ചെയ്തതും ഇൻസ്റ്റഗ്രാം ഇടപെടലുകളാണ്. സിനിമ- രാഷ്ട്രീയം എന്നതിലുപരി, സമൂഹമാദ്ധ്യമം വഴി വോട്ടറുടെ പ്രായത്തിനനുസൃതമായി കൃത്യമായ ഗവേഷണത്തിലൂടെ സ്‌റ്റോറികൾ മെനഞ്ഞെടുത്ത് നിരന്തരം പ്രചരിപ്പിച്ചതാണ് വിജയ്- യുടെ പാർട്ടിയെ ഭരണത്തിലെത്തിച്ചത്.
സാമൂഹമാദ്ധ്യമങ്ങൾ തന്നെ പലരീതിയിലുണ്ടല്ലോ. ഫേസ്ബുക് തന്ത്രപരമായി ഉപയോഗിക്കാൻ കഴിഞ്ഞതാണ് അമേരിക്കയിൽ ഡോണൾഡ് ട്രംപ് ആദ്യമായി തിരഞ്ഞെടുപ്പ് നേരിടുമ്പോൾ അനുകൂലമായ ഘടകം. വോട്ടർമാർക്കിടയിൽ പ്രബലമായ വെള്ളക്കാരുൾപ്പെടുന്ന സമൂഹത്തെ തന്റെ പക്ഷത്തേക്ക് വരുത്തിത്തീർക്കാൻ ഈ ഫേസ്ബുക് ഇടപെടൽ സഹായിച്ചുവെന്ന് പറയപ്പെടുന്നു. തങ്ങൾക്കനുകൂലമായ വാർത്തകളും രാഷ്ട്രീയപരസ്യങ്ങളും നിരന്തരമായി അനുകൂല വോട്ടർമാർക്കിടയിൽ ആഭിമുഖ്യം കൂട്ടാനുതകുന്ന രീതിയിൽ കടത്തിവിട്ടതിന്റെ ഫലമായി ജയം ഉറപ്പിക്കുകയായിരുന്നു ട്രംപ് അനുകൂല ചാനലുകളും പേജുകളും.

ഫേസ്ബുക്കിന്റെ പ്രത്യേകത മുഖമില്ലായ്മയാണെന്ന് ഇപ്പോൾ നാം മനസ്സിലാക്കുന്നുണ്ട്. കർത്തൃത്വമില്ലാത്ത, മാനിപ്പുലേറ്റീവായ, ഏകപക്ഷീയവും താർക്കികവുമായ (polemic) പേജുകളും കണ്ടെന്റും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആ ഇടം. നേരത്തെ പ്രതിപാദിച്ചതുപോലെ 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി ജെ പിയും തങ്ങളുടെ വിജയത്തിനായി ഫേസ്ബുക് തന്ത്രപരമായി ഉപയോഗിച്ചു. എന്നാൽ ഫേസ്ബുക്കിന്റെ പ്രഭാവം ഒരു പ്രത്യേക പ്രായപരിധിയിൽപ്പെട്ട ഉപയോക്താക്കൾക്കിടയിലായി പരിമിതപ്പെട്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം കാണാതിരുന്നുകൂടാ.
നമ്മുടെ അയൽരാജ്യങ്ങളിൽ ഈയടുത്ത് രൂപമെടുത്ത ഒട്ടൊക്കെ അക്രമാസക്തമായ ജനാധിപത്യ വിപ്ലവങ്ങൾ; ശ്രീലങ്കയിലായാലും, ബംഗ്ലാദേശിലായാലും, നേപ്പാളിലായാലും; നടന്നത് യുവാക്കൾ മുൻകൈയെടുത്ത് ‘വൃദ്ധരാഷ്ട്രീയ’ത്തെ തോൽപ്പിക്കുന്നതാണ്. ഇവിടെ കാണാൻ കഴിയുന്നത്, ഫേസ്ബുക് 'അങ്കിൾ'മാരിൽനിന്ന് ഇൻസ്റ്റഗ്രാം കയ്യാളുന്ന ജൻ- സിയിലേക്ക് ആഖ്യാനം കൈമാറ്റം ചെയ്യപ്പെടുന്നതാണ്. പഴയ തലമുറയെന്ന് വിളിക്കപ്പെടുന്നവർ ഇപ്പോഴും ജനം തെരുവിലിറങ്ങി നിയമം കയ്യിലെടുക്കുന്നതിനെ മാത്രം പ്രതിഷേധമായി കരുതുന്നവരാണ്. അത്തരത്തിലെ ജനരോഷപ്രകടനങ്ങളുടെ സാധുതയെ ചോദ്യം ചെയ്യുകയോ, അവയ്ക്ക് ഇനി പ്രസക്തിയില്ല എന്ന് വാദിക്കുകയോ അല്ല ഇവിടെ ലക്‌ഷ്യം വയ്ക്കുന്നത്. ജൈവീകമായി ഉരുവം കൊള്ളുന്ന മൈക്രോ പ്രതിഷേധങ്ങളുടെ വ്യാപ്തി പരിഗണിക്കേണ്ടിയിരിക്കുന്നു എന്നു മാത്രമാണ്. കോക്റോച്ച് ജനതാപാർട്ടി ദിവസങ്ങൾക്കകം നേടിയ പ്രശസ്തിയെ ഭരണകൂടം എങ്ങനെയാണ് നേരിടുന്നതെന്ന് നാം കണ്ടുകൊണ്ടിരിക്കുകയാണ്.
തങ്ങളുടെ മുന്നിലുള്ള സെൻസർഷിപ്പ് ഉപകരണങ്ങളും പഴുതുകളും ഉപയോഗിച്ച് പുതിയ ചിന്തകളെയും പ്രതിഷേധങ്ങളെയും അടിച്ചമർത്താമെന്നത് ഭരണകൂടത്തിന്റെ വ്യാമോഹം മാത്രമാണ്. തൽക്കാലം, പാരമ്പര്യ മാദ്ധ്യമങ്ങളിലെ വാർത്ത കയ്യാളുന്നവർക്ക് ഇത്തരം മൈക്രോ ഇടപെടലുകളും സാമൂഹ്യചലനങ്ങളും മനസ്സിലായിട്ടില്ലെങ്കിലും ഭരണകൂടം അപകടം മണത്തിട്ടുണ്ട്. അതിനനുസൃതമായ നടപടികൾ എടുത്തുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
സ്വേച്ഛാധിപത്യ വിരുദ്ധവികാരങ്ങൾ യുവജനരാഷ്ട്രീയ ബോധത്തിന്റെ ഒരു പ്രധാന ഘടകമായി മാറുന്നു. ഈ സന്ദർഭത്തിൽ, വിജയ്- യുടെ വാക്ചാതുര്യം, പ്രത്യേകിച്ച് ആകർഷകമായി കാണപ്പെടുന്നു. അധികാരത്തോടുള്ള ചെറുത്തുനിൽപ്പിനും നിലവിലുള്ള അധികാര ഘടനകളോടുള്ള എതിർപ്പിനും അത് ഊന്നൽ നൽകുന്നു.
ഇപ്പോൾ നമുക്ക് പരിചിതമായ പ്ലേബുക് പ്രകാരം ഇത്തരം യുവസംഗമങ്ങളെ വെറും ഓൺലൈൻ കൂത്താട്ടങ്ങളായി ചാപ്പകുത്തുകയാണ് ആദ്യ പടി. തങ്ങളുടെ ആജ്ഞാനുവർത്തിക്കളായ മാദ്ധ്യമപ്രസ്ഥാനങ്ങളെ ഉപയോഗപ്പെടുത്തി അവഹേളനമായിരിക്കാം അടുത്തപടി. ഇൻകംടാക്സ്, ഇ ഡി, സി ബി ഐ എന്നിങ്ങനെ ഭരണകൂടത്തിന്റെ മർദ്ദനോപകാരണങ്ങളുടെ ഭീഷണിയായിരിക്കാം അടുത്തപടി. ഈ കുറിപ്പടി പൊതുജനങ്ങളെ സംബന്ധിച്ച് എളുപ്പം പ്രവചിക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാദ്ധ്യമങ്ങളുടെ യഥാർത്ഥ സാധ്യത തിരിച്ചറിയുന്നവരുടെ കൈകളിൽ, യുവാക്കളുമായി വളരെയടുത്ത് സംവദിക്കാനുള്ള ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമായി മാറുന്നത് കാണാം. രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിച്ച ജനപ്രക്ഷോഭത്തിന്റെ ലീഡറും പിന്നീട് നേപ്പാൾ പ്രധാനമന്ത്രിയുമായ ബലേൻഷാ അതിനുമുൻപ് പ്രശസ്തനായ റാപ്പറായിരുന്നു. യുവാക്കളെ അണിനിരത്തുന്നതിന് റാപ് സംഗീതത്തിന്റെ സ്ഥാപനവിരുദ്ധതയ്ക്കൊപ്പം ആ പ്രക്ഷോഭകാലത്ത് ട്വിറ്ററും ഇൻസ്റ്റഗ്രാമും പോലെയുള്ള മാദ്ധ്യമങ്ങൾ ഫലപ്രദമായി ഉപയോഗിച്ചു. ഈ പ്രക്ഷോഭത്തിനെതിരെ നേപ്പാൾ ഭരണകൂടത്തിന്റെ അവസാനവഴി ഇന്റർനെറ്റ് നിരോധിക്കുകയായിരുന്നു. കാശ്മീരിലും മണിപ്പുരിലും ഇന്ത്യൻ ഭരണകൂടവും ഈ തന്ത്രം പ്രയോഗിച്ചിരുന്നു. (ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ എൻട്രൻസ് ഫലം അറിയാനായി 40 കിലോമീറ്റർ അകലെയുള്ള പട്ടണത്തിലേക്ക് കർഫ്യൂ കാലത്ത് പോയതിന്റെ തിക്താനുഭവം എന്റെ കാശ്മീരി വിദ്യാർത്ഥി പങ്കുവച്ചിട്ടുണ്ട്).
നേപ്പാളിലെ പ്രക്ഷോഭകാരികൾ പ്രയോഗിച്ച് ഫലം കണ്ടതിനു സമാനമായ തന്ത്രം തന്നെയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി വി കെ ഉപയോഗിച്ചത്. ഇൻസ്റ്റഗ്രാം സമൃദ്ധമായി ഉപയോഗിക്കുന്ന യുവാക്കൾ ധാരാളമുള്ള നഗരപരിസരങ്ങളിലെ മണ്ഡലങ്ങളാണ് ടി വി കെയ്ക്ക് ഏറ്റവും ഭൂരിപക്ഷം സമ്മാനിച്ചത്. തമിഴ് ജനതയ്ക്കിടയ്ക്ക് ഡി എം കെയുടെ രാഷ്ട്രീയ കുത്തകയോടുള്ള താല്പര്യക്കുറവും മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നു. യാഥാസ്ഥിതിക തിരഞ്ഞെടുപ്പ് വിശകലനങ്ങളും പ്രവചനങ്ങളും എങ്ങനെയാണ് ഡി എം കെയുടെ പരാജയം മുൻകൂട്ടിക്കാണാതെപോയത് എന്നതും സമൂഹമാദ്ധ്യമങ്ങളിലെ പ്രവണതകൾ ഉപരിതലത്തിൽ ദൃശ്യമാകാതിരുന്നതുകൊണ്ടാവണം.

ഡി എം കെ അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയാണെന്നത് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നതാണ്. ജെമിനി സർക്കിൾ മേൽപ്പാലത്തിന്റെ കോൺട്രാക്ട് ആണ് അതിന്റെ ചരിത്രത്തിലെ ആദ്യത്തെ സ്കാന്റൽ. പൊതുവെ നിഷ്കളങ്കരായിരുന്ന തമിഴരെ അഴിമതി പഠിപ്പിച്ചതുപോലും ഡി എം കെയായിരുന്നു എന്നു പോലും ജെമിനി സർക്കിൾ കുംഭകോണം മുൻനിർത്തി പറയാറുണ്ട്. അഴിമതി, സ്വജനപക്ഷപാതം, കുത്തകവൽക്കരണം എന്നിങ്ങനെ കരുണാനിധിയുടെ കുടുംബത്തെച്ചൂണ്ടി ഡി എം കെയുടെ സമീപഭൂതകാലത്തിലെ പല ഇടപാടുകളോടും ജനങ്ങൾക്കൊരു വിപ്രതിപത്തി ഉണ്ടായിരുന്നുവെന്നും ഇപ്പോൾ നാം തിരിച്ചറിയുന്നുണ്ട്.
ടി.വി.കെയുടെ ആവിർഭാവം യുവാക്കളെ ബാധിക്കുന്ന വിശാലമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വേണം മനസ്സിലാക്കാൻ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ അച്ചടക്കനടപടികൾക്കും നിരീക്ഷണത്തിനും വിധേയമാക്കുന്നു. പോലീസും മറ്റ് നിയന്ത്രണ സംവിധാനങ്ങളും ഉൾപ്പെടെയുള്ള ഭരണകൂട സ്ഥാപനങ്ങൾ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തുന്നു. പല യുവാക്കൾക്കും, ഈ സംഭവവികാസങ്ങൾ കേവലം ഭരണം എന്ന നിലയിലല്ല, മറിച്ച് സ്വയംഭരണത്തിനും സ്വയം പ്രകടിപ്പിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളായാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ, സ്വേച്ഛാധിപത്യ വിരുദ്ധവികാരങ്ങൾ യുവജനരാഷ്ട്രീയ ബോധത്തിന്റെ ഒരു പ്രധാന ഘടകമായി മാറുന്നു. ഈ സന്ദർഭത്തിൽ, വിജയ്- യുടെ വാക്ചാതുര്യം, പ്രത്യേകിച്ച് ആകർഷകമായി കാണപ്പെടുന്നു. ഭരണത്തിന്റെയോ നയത്തിന്റെയോ വിശദമായ പരിപാടി അവതരിപ്പിക്കുന്നതിനുപകരം, അധികാരത്തോടുള്ള ചെറുത്തുനിൽപ്പിനും നിലവിലുള്ള അധികാര ഘടനകളോടുള്ള എതിർപ്പിനും അത് ഊന്നൽ നൽകുന്നു.
1970-കളിലെ ഹിന്ദി സിനിമയെയും അമിതാഭ് ബച്ചനേയും ഓർമ്മിപ്പിക്കുന്ന ആദ്യകാല സിനിമകളിലെ ‘ക്ഷോഭിക്കുന്ന യുവത്വം’ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച നായകനായി മാറുന്നതോടെ, വിജയ്- യുടെ താരപ്രഭാവത്തിന്റെ പ്രയാണം പൂർത്തിയാവുന്നു.
നേരത്തെ പ്രതിപാദിച്ചതുപോലെ, രാഷ്ട്രീയവും താരസങ്കല്പവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്; പ്രത്യകിച്ച് തമിഴ്‌നാട്ടിലും തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലും കർണ്ണാടകയിലും. ആ രാഷ്ട്രീയം ഉപദേശീയതയുമായി ബന്ധപ്പെട്ടുകിടക്കുന്നതായിരുന്നു. എൻ ടി ആറിന്റെയും, എം ജി ആറിന്റെയും എന്തിന് രാഷ്ട്രീയത്തിൽ നേരിട്ടിറങ്ങിയിട്ടില്ലെങ്കിലും രാജ്‌കുമാറിന്റെയും താരവ്യക്തിത്വം മേല്പറഞ്ഞ ഉപദേശീയതയുടെ ഭാഗമായിരുന്നുവെന്ന് കാണാം. മാധവപ്രസാദിന്റെ ഭാഷയിൽ പറഞ്ഞാൽ ഇത് സിനിമാ- രാഷ്ട്രീയത്തിന്റെ, cine-politics ന്റെ അത്യന്താപേക്ഷികമായ ചേരുവയാണ്. ഒരു പക്ഷെ ഈ പ്രദേശങ്ങളിൽനിന്ന് ആദ്യമായാണ് അത്തരമൊരു സിനിമാ- രാഷ്ട്രീയ അച്ചുതണ്ടിന്റെ ഭാഗമല്ലാത്ത ഒരു രാഷ്ട്രീയം ഉത്ഭവിക്കുന്നത്.
എന്താണ് വിജയ്- യുടെ നായകസ്വത്വം?
രണ്ടുതരം താര/നായക രൂപങ്ങളാണ് വിജയ് സിനിമകളിൽ കാഴ്ചവച്ചത്: ആദ്യകാലത്ത് ഒരു brooding (ആലോചനാമഗ്നനായ) നായകൻ അഥവാ കാമുകൻ (പൂവേ ഉനക്കാഗ- 1996, കാതലുക്ക് മര്യാദൈ -1997, തുള്ളാത മനമും തുള്ളും- 1999) ആയിരുന്നുവെങ്കിൽ പിന്നീട് ഒരു കൂട്ടം അനുയായികളുടെ ലീഡർ എന്ന നിലയിൽ ആക്ഷൻ ഹീറോയായി മാറുന്നു (തിരുമലൈ- 2003, തലൈവാ- 2013). തന്റെ അച്ഛൻ സി. ചന്ദ്രശേഖർ നിർമ്മിച്ച മിക്ക ആദ്യകാല സിനിമകളിലും സിസ്റ്റത്തിന്റ ഇരയായിപ്പോകുന്ന നായകനാണെങ്കിൽ, തികച്ചും വ്യക്തമായി രാഷ്ട്രീയം പറയുന്ന പിന്നീടുള്ള സിനിമകളിൽ, അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിപ്പോയ സിസ്റ്റത്തെ ഒറ്റയ്ക്ക് നേരിടുകയും മാറ്റിത്തീർക്കുകയും ചെയ്യുന്ന നായകനാവുകയും ചെയ്യുന്നുണ്ട് (തെരി- 2016). മേർസൽ (2017), തെരി തുടങ്ങിയ അദ്ദേഹത്തിന്റെ കരിയറിലെ അവസാനകാലത്തെ സിനിമകളിൽ കണ്ടുവരുന്ന ഒരു പ്രവണത, നായകന് രണ്ടു നായികമാരുണ്ടാവുന്നതാണ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തന്റെ ഭാര്യയുമായി പിരിഞ്ഞ വിജയ് സൗഹൃദത്തിനുപരിയായുള്ള തൃഷ കൃഷ്ണനുമായുള്ള ബന്ധം ഒരിക്കലും രഹസ്യമായി സൂക്ഷിക്കുന്നില്ല. അതിമാനുഷനായി കല്പിക്കപ്പെട്ട ഒരു സൂപ്പർസ്റ്റാറിന് പൊതുസമൂഹത്തിൽ വിലക്കപ്പെട്ട അത്തരം ബന്ധങ്ങൾ സ്വാഭാവികമാണ് എന്ന കൾച്ചറൽ മെമ്മറിയാണോ ഇത് എന്നുപോലും നമുക്ക് സംശയിക്കാം. എം ജി ആറും ജയലളിതയും തമ്മിലുള്ള ബന്ധം ഒട്ടും രഹസ്യമായിരുന്നില്ലല്ലോ.

1970-കളിലെ ഹിന്ദി സിനിമയെയും അമിതാഭ് ബച്ചനേയും ഓർമ്മിപ്പിക്കുന്ന ആദ്യകാല സിനിമകളിലെ ‘ക്ഷോഭിക്കുന്ന യുവത്വം’ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച നായകനായി മാറുന്നതോടെ, വിജയ്- യുടെ താരപ്രഭാവത്തിന്റെ പ്രയാണം പൂർത്തിയാവുന്നു. ഏതാണ്ട് തലൈവാ (2013) മുതൽ തന്നെ രാഷ്ട്രീയം തന്റെ ലക്ഷ്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി കൃത്യമായി കരുക്കൾ നീക്കുന്ന രാഷ്ട്രീയ ചിന്തകനെ നമുക്ക് കാണാം. ബദൽ ഭരണകൂടങ്ങളെക്കുറിച്ചും ന്യായവ്യവസ്ഥകളെക്കുറിച്ചും ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതരത്തിലുള്ള സീനുകൾ സർക്കാർ (2018) പോലുള്ള ഇത്തരം രാഷ്ട്രീയ സിനിമകളിലൊക്കെ ധാരാളമായുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനുദ്ദേശിച്ച് നിർമ്മാണം പൂർത്തിയാക്കിയ വിജയ് പടം ജന നായകൻ, നിസ്സാരമെന്ന് തോന്നാവുന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ഇനി രാഷ്ട്രീയം മാത്രമേയുള്ളൂ സിനിമയില്ലയെന്ന് അദ്ദേഹം പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ വിജയ് തന്റെ രാഷ്ട്രീയദർശനവും സൂക്ഷ്മമായ രാഷ്ട്രീയവും വിശദീകരിക്കാൻ ഈ പടം ഉപയോഗിച്ചിട്ടുണ്ടാവുമെന്നത് പ്രേക്ഷകരുടെ പ്രതീക്ഷയുയർത്തുന്നുണ്ട്. എന്തായാലും അങ്ങനെ ഒരു പടം ഇറക്കിയതുകൊണ്ടുമാത്രമാണ് അദ്ദേഹത്തിന്റെ പാർട്ടി അധികാരത്തിലെത്തിയതെന്നുള്ള പഴി വിജയ്ക്ക് കേൾക്കേണ്ടിവന്നില്ല.
ടി വി കെയുടെ രാഷ്ട്രീയത്തിന് ഇന്നത്തെ ജനാധിപത്യവ്യവസ്ഥയിൽ സ്ഥാനമുണ്ടോ എന്നും, രാഷ്ട്രീയക്കാരനും നേതാവുമായി എത്രത്തോളം വിജയ് വിജയിക്കുമെന്നും പ്രവചിക്കുന്നത് അസ്ഥാനത്തത്രേ. അതൊക്കെയും കാലം തെളിയിക്കേണ്ട കാര്യങ്ങളാണ്. തമിഴ് രാഷ്ട്രീയത്തിന് പൊതുവേ പരിചയമില്ലാത്ത മുന്നണി സമവാക്യങ്ങളും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിക്കുമുന്നിലെ തടസ്സമാവാനിടയുണ്ട്.
ടി വി കെയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ ഒരു പരിവർത്തനാത്മക സാമൂഹിക പ്രസ്ഥാനം എന്നതിലുപരി രാഷ്ട്രീയ പങ്കാളിത്തത്തിന്റെ പുതിയ രൂപമായിട്ടാണ് മനസ്സിലാക്കേണ്ടത്. അംഗീകാരമോ അവസരമോ മാന്യതയോ നിഷേധിക്കുന്നതായി അവർ കരുതുന്ന സ്ഥാപനങ്ങൾക്കെതിരെ യുവാക്കൾ സ്വയം ഏറ്റെടുക്കുന്ന കൂട്ടായ പ്രവർത്തനരീതിയാണ് രൂപപ്പെടുന്നത്.
മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രൊഫസ്സറായിരുന്ന ഡോ എസ്. ആനന്തി, വിജയ്- യുടെ രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, രാഷ്ട്രീയ പങ്കാളിത്തവും രാഷ്ട്രീയ സമാഹരണവും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു:
"ടി വി കെ എന്ന പുതിയ പാർട്ടിയുടെ സംഘടനാഘടന ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നിരുന്നാലും, സിനിമയെ കേന്ദ്രീകരിച്ചുള്ള കൂട്ടായ സ്വത്വത്തിന്റെയും പങ്കാളിത്തത്തിന്റെയും ഇടങ്ങളായി ദീർഘകാലം പ്രവർത്തിച്ചിരുന്ന വിജയ്- യുടെ ഫാൻസ് ക്ലബ്ബുകൾ യുവാക്കൾ ചേർന്നതാണ്, അവരുടെ കൂട്ടായ്മയുടെ അനുഭവങ്ങൾ ആദ്യം സിനിമ കാണുന്നതിലൂടെയും ആരാധനയിലൂടെയും രൂപപ്പെട്ടു. സിനിമാപ്രേമികളിൽ നിന്ന് രാഷ്ട്രീയ പങ്കാളിത്തത്തിലേക്കുള്ള മാറ്റം അതുകൊണ്ടുതന്നെ ആശ്ചര്യകരമല്ല. ഈ പുതിയ രാഷ്ട്രീയ ഇടത്തിനുള്ളിൽ ആവിഷ്‌കാരം കണ്ടെത്തുന്ന തരത്തിലുള്ള സാമൂഹിക ഉത്കണ്ഠകളും അഭിലാഷങ്ങളും ശ്രദ്ധേയമാണ്. വിജയുടെ ആകർഷണം (appeal) ഒരു മൂർത്തമായ രാഷ്ട്രീയ ദർശനത്തിലല്ല, മറിച്ച് ധിക്കാരത്തിന്റെ പ്രതീകാത്മക വാഗ്ദാനത്തിലാണ്. തങ്ങളുടെ നിരാശകൾ പ്രകടിപ്പിക്കുകയും അവരുടെ ഒഴിവാക്കൽ ബോധത്തിന് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയായി യുവാക്കൾ വിജയിയെ വീക്ഷിച്ചേക്കാം (1)"
വിജയ്- യുടെ ഈ പ്രതിഭാസത്തെ വിപ്ലവകരമായ പ്രക്ഷോഭമായി തെറ്റിദ്ധരിക്കരുതെന്ന് അവർ നമ്മെ ഓർമ്മപ്പെടുത്തുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും യുവാക്കളുടെ അസംതൃപ്തി ദൃശ്യമാണെങ്കിലും, ടി വി കെയെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങൾ ഒരു പരിവർത്തനാത്മക സാമൂഹിക പ്രസ്ഥാനം എന്നതിലുപരി രാഷ്ട്രീയ പങ്കാളിത്തത്തിന്റെ പുതിയ രൂപമായിട്ടാണ് മനസ്സിലാക്കേണ്ടത്. അംഗീകാരമോ അവസരമോ മാന്യതയോ നിഷേധിക്കുന്നതായി അവർ കരുതുന്ന സ്ഥാപനങ്ങൾക്കെതിരെ യുവാക്കൾ സ്വയം ഏറ്റെടുക്കുന്ന കൂട്ടായ പ്രവർത്തനരീതിയാണ് രൂപപ്പെടുന്നത്.

സമൂഹമാദ്ധ്യമത്തിലെ താരം
സെലിബ്രിറ്റികൾ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് പൊതുവേ പ്രമോഷനുവേണ്ടിയാണ്. സിനിമാതാരങ്ങളാണെങ്കിൽ തങ്ങളുടെ പുതിയ പടത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കൃത്യമായി കൊറിയോഗ്രാഫ് ചെയ്ത രീതിയിൽ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതും കാണാം. സെലിബ്രിറ്റികളുടെ വിമാനത്താവള സന്ദർശനങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന പി ആർ ഏജൻസികൾ വരെയുണ്ടെന്ന് പറയപ്പെടുന്നു. പണ്ട് പാപ്പരാസികൾ സെലിബ്രിറ്റികൾ അറിയാതെ ചെയ്തിരുന്ന ജോലി തികച്ചും ആകസ്മികമെന്ന് തോന്നുന്ന രീതിയിൽ ചീത്രീകരിക്കുകയും സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവയ്ക്കുകയുമാണ് ചെയ്യുന്നത്. സെലിബ്രിറ്റികളുടെ ദൈനംദിനജീവിതത്തിനും കാഴ്ചക്കാരുണ്ടെന്നിരിക്കെ ഇതിലെന്തെങ്കിലും തെറ്റുള്ളതായി തോന്നുന്നില്ല. ‘കീപ്പിങ് അപ്പ് വിത്ത് ദി കർദാഷിയൻസ്’ പോലുള്ള റിയാലിറ്റി ടെലിവിഷൻ പ്രോഗ്രാമുകൾ ഇതിന്റെ നല്ല ഉദാഹരണമാണ്. തങ്ങളുടെ ഫാൻസുമായി എന്തൊക്ക പങ്കുവയ്ക്കണമെന്നത് സെലിബ്രിറ്റികളുടെ പ്രത്യേകാവകാശമാണു താനും.
സിനിമയുടെ പ്രതാപകാലത്ത് ഒരു താരം ഇങ്ങനെ തികച്ചും സാധാരണമായ കാര്യങ്ങൾ ഫാൻസിനു മുൻപിൽ ചെയ്യുന്നതോർത്തുനോക്കൂ. രജനികാന്തിനെക്കുറിച്ച് പ്രചാരത്തിലുണ്ടായിരുന്ന കഥകളിലൊന്ന് ഇത്തരത്തിലുള്ളതാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിത രജനികാന്തിനെക്കുറിച്ച് അദ്ദേഹത്തിന് അപ്രിയമായതെന്തോ പരാമർശിക്കുകയുണ്ടായി. ഒരു പ്രതികാരമെന്ന നിലയ്ക്ക് ജയലളിതയുടെ പോയസ് ഗാർഡനിലെ ഔദ്യോഗിക വസതിയിൽനിന്ന് നിയമസഭയിലേക്ക് പോകുന്നവഴിയിൽ രജനി സ്വന്തം വണ്ടിയിൽനിന്ന് ഇറങ്ങിനിന്നു. ജനങ്ങൾ തിക്കിക്കൂട്ടി ട്രാഫിക് തടസ്സപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ യാത്രയും തടസ്സപ്പെട്ടു. ആരാണ് യഥാർത്ഥ താരം എന്ന് രജനി ഈയൊരൊറ്റ പ്രവൃത്തികൊണ്ട് തെളിയിച്ചു എന്നാണ് കഥ.
ഇതിന്റെ മറുപുറം രജനിയെപ്പോലെയൊരു താരത്തിന്റെ യാഥാർത്ഥജീവിതത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ സിനിമയ്ക്ക് പുറത്തെ യഥാർത്ഥ വ്യക്തിത്വത്തെക്കുറിച്ച്, ചിന്തകളെക്കുറിച്ച് ഒന്നുംതന്നെ പ്രേക്ഷകസമൂഹത്തിന് അറിയുമായിരുന്നില്ല, സിനിമ അതിന്റെ പ്രശസ്തിയുടെ കൊടുമുടി കയറിനിൽക്കുന്ന അക്കാലത്ത് അത് പ്രധാനവുമായിരുന്നില്ല. ഇതാണൊരുപക്ഷേ സിനിമയിൽ താരം അവതരിപ്പിക്കുന്ന വേഷങ്ങളും യാഥാർത്ഥ വ്യക്തിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ ഒരു തലമുറയ്ക്കുതന്നെയും കഴിയാതെപോയത്.
സമൂഹമാദ്ധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്ത് പ്രൊമോഷനോടും പ്രശസ്തിയോടും പുറംതിരിഞ്ഞുനിൽക്കുന്ന നായകനോ നായികയോ ഒരു താരമായി മാറുന്നില്ല. അത്തരത്തിൽ താരസങ്കല്പം തന്നെ മാറിയിരിക്കുന്നു. നിരന്തരം തങ്ങളുടെ ഫാൻസുമായി സംവദിക്കുന്നുവെന്ന് പ്രതീതിയുണ്ടാക്കുന്ന താരങ്ങളാണ് ഇക്കാലത്ത് പിടിച്ചുനിൽക്കുന്നത്. അത് ഫേസ്ബുക് ലൈവ് വഴിയാകാം, ഡബ് സ്മാഷ് വഴിയാകാം, ഇൻസ്റ്റഗ്രാം റീലുകളും യൂട്യൂബ് ഷോർട്സ് വഴിയുമാകാം. ചെറിയ ദൈർഘ്യമെങ്കിലും തങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നതിലൂടെയാണ് ഇക്കാലത്തെ താരസാന്നിധ്യം നിലനിൽക്കുന്നത്. വിജയ്, ബലേൻഷാ എന്നിവരെപ്പോലുള്ള പുതിയകാലത്തെ രാഷ്ട്രീയ നേതൃത്വത്തെ സംബന്ധിച്ച് സമൂഹമാദ്ധ്യമത്തിന്റെ വ്യാപ്തിയും പരിധിയും അവർ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നുവേണം പറയാൻ.

വാട്സാപ് അങ്കിൾ / ഫേസ്ബുക് ജീവി
വിവിധതരം സമൂഹമാദ്ധ്യമ പ്ലാറ്റുഫോമുകളും അവയാൽ നിയന്ത്രിക്കപ്പെടുന്ന തലമുറകളും വിശദീകരണമർഹിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെക്കുറിച്ച് പൊതുവെ പറയപ്പെടുന്നത്, അദ്ദേഹത്തിന്റെ ലോക വീക്ഷണം തികച്ചും ഒരു ടെലിവിഷൻ പ്രേക്ഷകന്റേതായിരുന്നുവെന്നാണ്. അദ്ദേഹം സ്വയം ഒരു റിയാലിറ്റി ടെലിവിഷൻ താരവുമായിരുന്നു. നന്നായി ടെലിവിഷനിൽ പ്രത്യക്ഷപ്പെടുകയെന്നത് അദ്ദേഹത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. ടെലിവിഷൻ ചാനലുകളുടെയും അവയിലെ പ്രത്യേക പരിപാടികളുടെയും റേറ്റിങ് അദ്ദേഹം ഇപ്പോഴും താല്പര്യത്തോടെ വീക്ഷിക്കുന്നു, അവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ട്വീറ്റുചെയ്യുകയും ചെയ്യുന്നു. ടെലിവിഷൻ കോമഡി താരങ്ങളോടുപോലും കലഹിക്കുന്ന അദ്ദേഹം, ടി വി വാർത്തകളുടെയും ടെലിവിഷനാൽ നിയന്ത്രിക്കപ്പെട്ട ഒരു കാലത്തിന്റെ സൃഷ്ടിയാണെന്നും പറയാം. ഉറക്കമില്ലാത്ത രാത്രികളിൽ തുടർച്ചയായി അസമയത്തു ട്വീറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ ‘നിരാശനായ അമ്മാവൻ’ (frustrated uncle) സ്വഭാവത്തെ മറന്നുകൊണ്ടല്ല ഇത്രയും പറഞ്ഞത്. സാമാന്യവിദ്യാഭ്യാസം മാത്രമുള്ള വെളുത്ത വർഗ്ഗക്കാരായ മദ്ധ്യവർഗ്ഗത്തിന്റെ നിരാശയും ലോകവീക്ഷണവുമാണ് ട്വിറ്ററിന്റെ ആദ്യകാലം മുതലുള്ള ഉപയോക്താവായ ട്രംപിന്റെ ഭാഷയിലും പെരുമാറ്റത്തിലും കാണാവുന്നത്. രാഷ്ട്രീയത്തിലെ തന്റെ സ്വത്വം അതാണെന്ന് തിരിച്ചറിഞ്ഞ് അതൊരു അഭികാമ്യമായ യോഗ്യതയായി ഉയർത്തിക്കാട്ടുകയാണ് ട്രംപ് ചെയ്തിരുന്നത്.
മാദ്ധ്യമ ഉപയോഗങ്ങളിലെ ചില സന്ദിഗ്ധതകളാണ് ഇന്ത്യയിലെ 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്നത്. ഇന്ത്യയിലെ മാർക്കറ്റുകളിൽ സ്മാർട്ട് ഫോണുകൾ വ്യാപകമാവുന്നതും മദ്ധ്യവർഗ്ഗത്തിന് താങ്ങാവുന്ന രീതിയിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാകുന്നതും 2010-കളുടെ ആദ്യ പകുതിയിലാണ്. വാട്സ്ആപ് ഗ്രൂപ്പുകളുടെ വ്യാപനവും ഇക്കാലത്താണ് സംഭവിക്കുന്നത്.
ഇൻസ്റ്റഗ്രാം കൊണ്ടാടുന്ന തലമുറയുടെ ഊർജ്ജം ക്രിയാത്മക രാഷ്ട്രീയ ഇടപെടലായി വികസിക്കുമോ അതോ കൂടുതൽ വിരുദ്ധ രൂപങ്ങൾ സ്വീകരിക്കുമോ എന്നത് ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു. ടി വി കെയും വിജയ്‍യും അതിനൊരു തുടക്കമാവുകയാണെങ്കിൽ അത്രയും നല്ലത്.
നിർവ്വികാരവും നിഷ്പക്ഷവുമായി വാർത്തകൾ കൈകാര്യം ചെയ്തുവന്നിരുന്ന പൈതൃക മാദ്ധ്യമങ്ങൾ (legacy media), പ്രത്യേകിച്ച് വർത്തമാനപ്പത്രങ്ങൾ, മാറിവന്ന മാദ്ധ്യമപരിതോവസ്ഥയിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയും പതിയെ പിൻവാങ്ങുകയും ചെയ്യുന്നതും ഏതാണ്ടിതേ കാലത്താണ്. സെൻസേഷനലൈസ് ചെയ്യപ്പെട്ട ഫോർവേഡുകളായും മറ്റും തങ്ങളുടെ മൊബൈൽ ഫോൺ പോലുള്ള ഉപകരണങ്ങളിലേക്കെത്തിയത്, അവയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ചിന്തകളില്ലാതെ കൺസ്യൂം ചെയ്യുന്ന ഒരു തലമുറയുടെ മുന്നിലേക്കാണ്. മാദ്ധ്യമസംഭവങ്ങൾ (മീഡിയ ഇവന്റ്) എന്ന നിലയിൽ ‘ഇന്ത്യ എഗൈൻസ്റ്റ് കറപ്‌ഷനും’ നിർഭയ കേസും ഉയർത്തിയ മാറ്റങ്ങളും ഇത്തരത്തിലെ മാദ്ധ്യമങ്ങളുടെ ശൈലിമാറ്റം കൃത്യമായി വരച്ചുകാട്ടിയിരുന്നു.
അർജന്റീനയുടെ ദേശീയ ഫുട്ബോൾ ടീമിന് കേരളത്തിൽ ഇത്ര ആരാധകരുണ്ടാവുന്നതിന് കാരണം, 1986-ൽ ടെലിവിഷനിൽ ലൈവ് ടെലികാസ്റ്റ് വഴി നാം കണ്ട ആദ്യ ലോകകപ്പിലെ ജേതാക്കൾ അവരായിരുന്നതുകൊണ്ടുകൂടിയാണ്. ഇതേ യുക്തി പ്രയോഗിച്ചാൽ 2014-ലെ തെരഞ്ഞെടുപ്പിൽ നിർണ്ണായക ശക്തിയായിരുന്ന വാട്സ്ആപ് ഗ്രൂപ്പുകളും ഫേസ്ബുക്കും കയ്യാളിയിരുന്ന മദ്ധ്യവർഗ്ഗം എന്തൊക്കെത്തരം വിമർശനമുണ്ടായാലും മോദിയോടൊപ്പം ഇപ്പോഴും നിലയുറപ്പിക്കുന്നതും അവരുടെ മാദ്ധ്യമ ജീവിതത്തിന്റെ സുവർണ്ണകാലത്തെ അവരുടെ നായകൻ മോദിയായിരുന്നതുകൊണ്ടാണ്.

വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിച്ചിരുന്ന തലമുറയെക്കാളും സ്വെയ് ചെയ്യപ്പെടാൻ ബുദ്ധിമുട്ടാണ് ഇന്നത്തെ സമൂഹമാദ്ധ്യമങ്ങളുടെ ഉപയോക്താക്കൾ. അവരുടെ രാഷ്ട്രീയ തിരിച്ചറിവിനും ചരിത്രാവബോധത്തിനും പരിമിതികളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യവർഗ്ഗത്തിന്റെ അറിവിന്റെ മൊത്തം ഭാരം ആധുനികകാലത്തെ മനുഷ്യന്റെ ചിന്തയിലുണ്ടായിരുന്നു. എന്നാൽ ആ ആധുനികത എല്ലായ്പ്പോഴും പുരോഗമനം മാത്രമല്ല മനുഷ്യരാശിക്ക് സമ്മാനിച്ചത്. അടിമത്തവും കോളോണിയലിസവും കോൺസെൻട്രേഷൻ ക്യാമ്പുകളും മനുഷ്യപുരോഗതിയുടെ ചരിത്രത്തിന്റെതന്നെ ഭാഗവുമാണ്.
ഇൻസ്റ്റഗ്രാം കൊണ്ടാടുന്ന തലമുറ, അവരുടെ പരിമിതികൾക്കകത്തുവച്ചുതന്നെ, അവരുടെ വിപ്ലവം നടത്തട്ടെ. അവരുടെ ഊർജ്ജം ക്രിയാത്മക രാഷ്ട്രീയ ഇടപെടലായി വികസിക്കുമോ അതോ കൂടുതൽ വിരുദ്ധ രൂപങ്ങൾ സ്വീകരിക്കുമോ എന്നത് ഒരു തുറന്ന ചോദ്യമായി അവശേഷിക്കുന്നു. ടി വി കെയും വിജയ്‍യും അതിനൊരു തുടക്കമാവുകയാണെങ്കിൽ അത്രയും നല്ലത്. എന്നിരുന്നാലും, ടി വി കെയുടെ ഉയർച്ചയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരമ്പരാഗത ചട്ടക്കൂടിലൂടെ മാത്രം മനസ്സിലാക്കാൻ കഴിയില്ല. മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ, യുവാക്കൾക്കിടയിലെ രാഷ്ട്രീയസ്വത്വത്തിന്റെ പുതിയ രൂപങ്ങൾ എന്നിവയ്ക്കുള്ള പ്രതികരണമായി ഇതിനെ വിശകലനം ചെയ്യണം.
▮
(1): Political oligarchy, masculine mobs and women’s exclusion: India’s 2026 questionDr S Anandhi’s interview with The New Indian Express published on 12 Jan 2016.
(അവസാനിച്ചു).
