നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉന്നയിക്കുന്ന എല്ലാ പ്രശ്നങ്ങളിലും ഒരു കമ്യൂണിസ്റ്റ് പാർട്ടി എന്ന നിലയ്ക്ക് സി.പി.ഐ.എമ്മും ഇടതുപക്ഷജനാധിപത്യമുണിയും സൂക്ഷ്മമായി തന്നെ പരിശോധനാവിധേയമാക്കും. ഇടതുപക്ഷത്തിന് വിജയിക്കാൻ കഴിയാതിരുന്ന പ്രശ്നങ്ങളെന്തെന്ന് പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന കാര്യത്തിലും സംശയമില്ല. മതനിരപേക്ഷ നിലപാടുകളെ മുറുകെപ്പിടിച്ച് ഒരു വർഗീയശക്തികളുടെയും സഹായം വേണ്ടായെന്ന പ്രഖ്യാപിത നിലപാടുമായിട്ടാണ് നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യമുണി വോട്ടർമാരെ സമീപിച്ചത്.
തെരഞ്ഞെടുപ്പുകളിലെ പരാജയത്തേക്കാളേറെ മതനിരപേക്ഷതയുടെയും വർഗീയശക്തികൾ ഉയർത്തുന്ന ഭീഷണികളുടെയും കാര്യത്തിൽ ഇടതുപക്ഷം ജാഗ്രത്തായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നതാണ് ശ്ലാഘനീയമായിട്ടുള്ളത്. 9 വർഷക്കാലത്തെ ഭരണനേട്ടങ്ങളും ഒരു ക്ഷേമോന്മുഖ വികസിതസമൂഹമാക്കി കേരളത്തെ മുന്നോട്ടുനയിക്കാനുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവുമാണ് നിലമ്പൂരിലെ ജനങ്ങളോട് തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലുടനീളം വിശദീകരിച്ചത്. ഈ നിലപാട് നിലമ്പൂരിലെ വോട്ടർമാർ തള്ളിക്കളഞ്ഞതായി ഫലങ്ങളെ സൂക്ഷ്മമായി വിലയിരുത്തുമ്പോൾ പറയാനാവില്ല. ഇടതുപക്ഷവിരുദ്ധരെല്ലാം ഒത്തുചേരുന്ന അവസ്ഥയാണ് നിലമ്പൂരിലുണ്ടായത്. ഇടതുപക്ഷം ജയിക്കാതിരിക്കാൻ ബി.ജെ.പിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് വോട്ട് മറിച്ചു ചെയ്തുവെന്നത് വ്യക്തമാണ്. ഫലം വരുന്നതിന് മുമ്പ് എൻ.ഡി.എ സ്ഥാനാർത്ഥി തന്നെ മാധ്യമങ്ങളോട് അക്കാര്യം തുറന്നു പറഞ്ഞതാണ്.

മതരാഷ്ട്രവാദ നിലപാടുകൾ സൂക്ഷിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പരസ്യ പിന്തുണയുണ്ടായിരുന്നിട്ടും നിലമ്പൂരിൽ യു.ഡി.എഫിന് വോട്ട് കുറയുകയാണുണ്ടായത്. എന്നു മാത്രമല്ല സർവ്വ ഇടതുപക്ഷവിരുദ്ധരും വർഗീയശക്തികളും കിണഞ്ഞുശ്രമിച്ചിട്ടും ഇടതുപക്ഷത്തിന്റെ അടിത്തറയിൽ പോറലേൽപ്പിക്കാൻ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് എം.എൽ.എ ആയിരുന്ന പി.വി. അൻവർ മത്സരിച്ചിട്ടും എൽ.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ഷെയർ നിലനിർത്താൻ കഴിഞ്ഞു. 66,660 വോട്ടാണ് എം. സ്വരാജിന് നേടാനായത്. അതായത് ആകെ വോട്ടിന്റെ 37.88% വോട്ട് നേടാൻ ഇടതുപക്ഷ സ്ഥാനാർത്ഥിക്കായി. എന്നാൽ 2021-ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന അന്തരിച്ച വി.വി. പ്രകാശ് നേടിയ 78,527 വോട്ട് നേടാൻ പോലും ആര്യാടൻ ഷൗക്കത്തിന് കഴിഞ്ഞിട്ടില്ല. ശ്രദ്ധിക്കേണ്ട കാര്യം ഈ തെരഞ്ഞെടുപ്പിൽ 2021-നേക്കാൾ 3000-ഓളം വോട്ട് അധികം പോൾചെയ്തപ്പോഴാണ് യു.ഡി.എഫ് വോട്ടുനിലയിൽ കുറവുണ്ടായത് എന്നതാണ്.
READ: രാഷ്ട്രീയത്തിൽ
ഒരു മരക്കുറ്റിയുടെ പങ്ക്
അഥവാ നിലമ്പൂരിലെ അടിയൊഴുക്ക്
നിലമ്പൂരിൽ
ദുരധികാരത്തിനെതിരായ
ജനവിധി
നിലമ്പൂരിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രവും പശ്ചാത്തലവും കോൺഗ്രസിനും ലീഗിനും പാർടികളെന്ന നിലയ്ക്ക് നല്ല സ്വാധീനമുള്ള മണ്ഡലമാണെന്നതാണ്. തെരഞ്ഞെടുപ്പ് ചരിത്രമെടുത്താലും കൂടുതൽ തവണ ഈ മണ്ഡലത്തിൽ ജയിച്ചതും യു.ഡി.എഫാണ്. ആര്യാടൻ മുഹമ്മദ് 30 വർഷം പ്രതിനിധീകരിച്ച മണ്ഡലമാണിത്. കഴിഞ്ഞ രണ്ട് തവണയും സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തിയിട്ടുള്ള പരീക്ഷണത്തിലൂടെയാണ് ഇടതുപക്ഷത്തിന് ഈ മണ്ഡലത്തിൽ ജയിക്കാനായത്. ഒന്ന് വിശദീകരിച്ചു പറഞ്ഞാൽ കോൺഗ്രസ് നേതാവായിരുന്ന പി.വി. അൻവർ 2016-ൽ എൽ.ഡി.എഫിന്റെ സ്വതന്ത്രനായി മത്സരിച്ചപ്പോൾ യു.ഡി.എഫ് വോട്ടുകൂടി ലഭിച്ചതുകൊണ്ടാണ് ജയിക്കാനായത്.

എല്ലാവർക്കും അറിയാവുന്നതുപോലെ അന്നത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ കോൺഗ്രസിനകത്ത് ഉണ്ടായിരുന്ന എതിർപ്പും പൊതുവെ മുസ്ലീംലീഗ് പ്രവർത്തകർക്ക് ആര്യാടൻ കുടുംബത്തിനോടുണ്ടായിരുന്ന മമതയില്ലായ്മയുമാണ് അൻവറിന്റെ ജയത്തിന് തുണയായത്. ഇടതുപക്ഷാനുകൂലമായ ട്രെൻഡ് ശക്തമായി പ്രതിഫലിച്ച 2021-ലെ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ അൻവറിന് 2700 വോട്ടിന്റെ ഭൂരിപക്ഷമേ ലഭിച്ചുള്ളൂവെന്നത് കാണണം. ഈ ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങളെ വിലയിരുത്തുമ്പോൾ തീർച്ചയായും പരമ്പരാഗതമായ യു.ഡി.എഫ് മണ്ഡലത്തിലെ വോട്ടർമാരിൽ അൻവർ അനുകൂല നിലപാടെടുത്ത് നേരത്തെ ഇടതുപക്ഷത്തിന് വോട്ട് ചെയ്തവർ ഇടതുപക്ഷത്തുനിന്ന് അകലുക സ്വാഭാവികം മാത്രം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നിലമ്പൂരിൽ യു.ഡി.എഫ് അവരുടെ പരമ്പരാഗത മണ്ഡലം നിലനിർത്തി എന്നതല്ലാതെ ഈ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടെന്ന് വിലയിരുത്താനാവില്ല.
സ്വരാജിന്റെ പരാജയം ആഘോഷിക്കുന്ന കാര്യത്തിൽ ഹിന്ദുത്വവാദികളും മൗദൂദിസ്റ്റുകളും ഒരുപോലെ ആവേശം കൊണ്ടുവെന്നതും ഇടതുപക്ഷം ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടുകളോടുള്ള അവരുടെ അമർഷത്തിന്റെ പ്രതിഫലനമായിട്ട് തന്നെ കാണണം.
വളരെ ശ്രദ്ധേയമായ കാര്യം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിന്നും വോട്ടിങ് നിലയിൽ ഗണ്യമായ വർദ്ധനവാണ് എൽ.ഡി.എഫിന് ഉണ്ടായിട്ടുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 42,962 വോട്ട് കിട്ടിയ സ്ഥാനത്താണ് ഇപ്പോൾ 66,660 വോട്ട് ലഭിച്ചത്. അതായത് 2024-നേക്കാൾ 29,915 വോട്ട് കൂടുതൽ നേടാനും ഇടതുപക്ഷത്തിന് കഴിഞ്ഞു. 2016-ൽ അൻവറിന് 77,858 ഉം 2021-ൽ അൻവറിന് 81,227 ഉം വോട്ടാണ് ലഭിച്ചത്. ഈ തെരഞ്ഞെടുപ്പിൽ അൻവറിന് 19,760 വോട്ട് ലഭിച്ചു. അപ്പോഴും എൽ.ഡി.എഫിന് അതിന്റെ പരമ്പരാഗതമായ വോട്ട് നിലനിർത്താൻ കഴിഞ്ഞു. യു.ഡി.എഫ് മതതീവ്രവാദ സംഘടനകളായ ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെയാണ് മത്സരിച്ചത്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിർത്തിയെങ്കിലും അവർ വോട്ട് യു.ഡി.എഫിന് മറിച്ചുചെയ്യുകയായിരുു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 4751-ഉം, 2021-ലെ തെരഞ്ഞെടുപ്പിൽ 3281-ഉം വോട്ടുണ്ടായിരുന്ന എസ്.ഡി.പി.ഐക്ക് ഈ ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത് 2075 വോട്ട് മാത്രമാണ്.

ബി.ജെ.പി സ്ഥാനാർത്ഥിയുടെ വോട്ടിലും ഗണ്യമായ കുറവാണുണ്ടായത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്നും 17,520 വോട്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ലോക്സഭയിലേക്ക് അത് 13,555 ആയി. ഇപ്പോൾ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് 8648 വോട്ട് മാത്രം. എൽ.ഡി.എഫ് ഉറച്ച മതനിരപേക്ഷ രാഷ്ട്രീയത്തിൽ ഉറച്ചുനിന്നുകൊണ്ടുള്ള നിലപാടാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം സ്വീകരിച്ചത്. ജയിച്ചാലും തോറ്റാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന പ്രഖ്യാപനമാണ് ഇടതുപക്ഷം നടത്തിയത്. തീർച്ചയായിട്ടും യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വിജയം നേടാൻ കഴിഞ്ഞെങ്കിലും അത് മതനിരപേക്ഷ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തും മതരാഷ്ട്രവാദ-വർഗീയശക്തികളെ കൂട്ടുപിടിച്ചും നേടിയ വിജയമായിട്ടേ ചരിത്രം രേഖപ്പെടുത്തുകയുള്ളൂ.
എന്നുമാത്രമല്ല സ്വരാജിന്റെ പരാജയം ആഘോഷിക്കുന്ന കാര്യത്തിൽ ഹിന്ദുത്വവാദികളും മൗദൂദിസ്റ്റുകളും ഒരുപോലെ ആവേശം കൊണ്ടുവെന്നതും ഇടതുപക്ഷം ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടുകളോടുള്ള അവരുടെ അമർഷത്തിന്റെ പ്രതിഫലനമായിട്ട് തന്നെ കാണണം. ബാബറി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം പണിയാൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി വിധിവന്ന ഘട്ടത്തിൽ അതിനോട് പ്രതികരിച്ചുകൊണ്ട് സ്വരാജിട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെ ട്രോളുന്ന കമന്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുചെയ്തുകൊണ്ടാണ് ശശികലയും ആർ.എസ്.എസ് വിട്ട് കോഗ്രസിലെത്തിയ സന്ദീപ് വാര്യരുമൊക്കെ സ്വരാജിന്റെ പരാജയം ഒരേപോലെ ആഘോഷമാക്കിയത്.

മീഡിയവൺ ചാനലും ശശികല ടീച്ചറും ഒരേ നിലപാടുകളിൽ നിന്നുകൊണ്ടാണ് സ്വരാജിന്റെ പരാജയത്തെ വർഗീയശക്തികളുടെ വിജയമാക്കി കൊണ്ടാടിയത്. ഇതൊക്കെ കാണിക്കുന്നത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം തീവ്രവലതുപക്ഷത്തിന്റെ ആഘോഷമാകുന്നത് അവരുടെ ഇടതുപക്ഷവിരോധവും 1957-ലെ ഇ.എം.എസ് സർക്കാർ തൊട്ട് സ്വീകരിച്ചുവന്ന പാവപ്പെട്ടവർക്ക് അനുകൂലമായ ഭരണനടപടികളോട് അവരുടെയൊക്കെ മനസ്സിനകത്ത് തിളയ്ക്കുന്ന അസഹ്യതയുമാണൊനാനണ്.
