ചി​ത്രീകരണം: ഷാഹിന

നെൽക്കതിരുകൾ വിളയാൻ തുടങ്ങിയ കാലം. വയലുകളെ പിളർന്നുകൊണ്ട് പോകുന്ന പാതയോരത്ത് കറുകയും പനംപുല്ലും ആളുയരത്തിൽ വളർന്നിരുന്നു. നീലപ്പരപ്പ് ആകാശത്തുനിന്ന് ഇല്ലാതാകാൻ തുടങ്ങി. ആകാശത്തെ മാഞ്ഞുപോയ ഭാഗത്ത് മഞ്ഞ പടർന്നു. ദൂരെയായി കുരുവിക്കൂട്ടങ്ങൾ താഴുകയും പൊങ്ങുകയും ചെയ്തു. ഒരു പുതപ്പിനെ മറിച്ചിട്ട് വീശുന്നതുപോലെയുണ്ടായിരുന്നു ആ കാഴ്ച. വഴിവക്കിലെ ചെറിയ മരങ്ങളിൽനിന്ന് പക്ഷികൾ പറന്നുപോയി. മാമരങ്ങളിൽനിന്നും പറന്നു. കിളികൾ വന്നിറങ്ങുന്നതിനെ മാടത്തിലിരുന്ന് എല്ലായ്‌പ്പോഴും തുരത്തിക്കൊണ്ടിരുന്ന കർഷകൻ, വായയിൽ കിടന്നിരുന്ന പേരയ്ക്കയെ എടുക്കാതെത്തന്നെ കൈയാംഗ്യം കാണിച്ച് ഞങ്ങളെ തിരിച്ചയച്ചു. ആ ചെറിയ കുടിലിന്റെ പിറകിലൂടെ ഞങ്ങളുടെ മോട്ടോർബൈക്ക് വളഞ്ഞു പോയപ്പോൾ അവിടെനിന്നു മൂന്നു പക്ഷികൾ പറന്നു. അതിലൊന്ന് നീളമുള്ള പയറിനെയും തൂക്കിപ്പിടിച്ച് താഴ്ന്നു പറന്ന് മുളങ്കാടിനുള്ളിലേക്ക് ചെന്നു.

തോടിന് അപ്പുറത്തായാണ് താജുദ്ദീന്റെ വീടുണ്ടായിരുന്നത്. വീടിനായി സ്ഥാപിച്ച മുഴുവൻ അസ്ഥിവാരത്തിന്റെയും മൂന്നിൽ രണ്ടു ഭാഗം മാത്രം പടുത്തിയുയർത്തിയിരുന്ന ചായം പൂശാത്ത ചെങ്കൽവീട്. വെറും തിണ്ണയിൽ കിടന്നിരുന്ന താജുദ്ദീന്റെ കാലുകൾ വേലിയുടെ താഴെയിലൂടെ കണ്ടു. സറൂഖ് ഹോണടിച്ചതും താജുദ്ദീൻ കാലുകൾ വലിച്ച്, എഴുന്നേറ്റ് ലുങ്കി മുറുക്കിയുടുത്ത് പടിവാതിൽക്കലേക്ക് വന്നു. "ചായ കഴിക്കാം. വരൂ' എന്നും പറഞ്ഞ് താജുദ്ദീൻ തലയാട്ടിക്കൊണ്ട് തിരിച്ച് വീട്ടിനകത്തേക്ക് ചെന്നു. തോട്ടിൽ കുളിക്കുന്നുണ്ടായിരുന്ന സ്ത്രീ ഞങ്ങളെ തിരിഞ്ഞുനോക്കിക്കൊണ്ട് കൈകൾ നീട്ടി തേച്ചുകൊണ്ടിരുന്നു. ആ സ്ത്രീയുടെ മുകളിലൂടെ തോടിന് കുറുകെയായി ഞങ്ങൾ നിന്ന നിരത്തിന്റെ ഭാഗത്തേക്ക് നീളത്തിലുള്ളയൊരു വളഞ്ഞ മരം കിടന്നിരുന്നു. ആ വളഞ്ഞ മരത്തിൽ നടന്നു തഴമ്പിച്ച് പരന്നതും മിനുസമുള്ളതുമായ പ്രതലം രൂപപ്പെട്ടിട്ടുണ്ട്. താജുദ്ദീൻ കുപ്പായം ധരിച്ചുകൊണ്ട് അതിന്റെ മുകളിലൂടെ നടന്നുവന്നു. പുളിമരത്തിനടിയിലെ കടയിൽനിന്ന് ഞങ്ങൾ ചായ കഴിച്ചു. തിന്നാനായി അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. മൂന്നു പേരും പാതയോരത്തെ ശീമക്കൊന്നയുടെ താഴെ നിന്നുകൊണ്ടിരിക്കെ, അങ്ങോട്ട് കടന്നുവന്ന വ്യക്തി തങ്ങളുപ്പാപ്പയെ സന്ദർശിക്കാൻ കഴിയാത്തതിനെക്കുറിച്ച് സറൂഖിനോട് പുകഴ്ത്തിപ്പറഞ്ഞു. "നെഞ്ചുവേദനയ്ക്ക് കസ്തൂരി നല്ലതാണത്രെ' എന്നു പറഞ്ഞ അയാൾ മാനുകളിൽ നിന്നാണ് കസ്തൂരി ലഭിക്കുകയെന്നും, താജുദ്ദീൻ വേട്ടയാടിയ മാനുകളിൽ കസ്തൂരിയില്ലെയെന്നും ചോദിച്ചു. വേട്ടയാടുന്ന എല്ലാ മാനുകളിൽനിന്നും അതു കിട്ടുകയില്ലെന്നും, താനും വാപ്പയും കുറവരിൽനിന്നാണ് വാങ്ങിയതെന്നും, ഒരു കൊട്ടടയ്ക്കയുടെ അളവിലുള്ള അതിനെ വെള്ളത്തിലിട്ടപ്പോൾ വേരുപോലെ താഴ്ന്നിറങ്ങിയതായും, പിന്നീട് നീണ്ട ദിവസങ്ങളോളം ആ വെള്ളത്തെ കുടിച്ചതായും താജുദ്ദീൻ പറഞ്ഞു.
"ഞങ്ങൾ തേൻ... നല്ല ഒറിജിനൽ തേനും വാങ്ങിയിട്ടുണ്ട്' അപ്പോൾ ഓർമയിൽ വന്നൊരു കാര്യവും അയാൾ പറഞ്ഞു. 'ഇപ്പോഴൊക്കെ അവരാണത്രെ നന്നായി കാച്ചുന്നത്' വന്നയാൾ പറഞ്ഞു.
"തേനടയെ പിഴിഞ്ഞെടുത്താണ് കൊണ്ടുവന്നിട്ടുള്ളത്. ഒരു കുപ്പി'

അതുകേട്ട സറൂഖ് "മുയലിന്റെ ഉണക്കയിറച്ചിയും ഉണ്ടാവുമല്ലോ' എന്നു പറഞ്ഞു.
താജുദ്ദീൻ ചിരിച്ചു. ഞാൻ ഒന്നും സംസാരിച്ചില്ല. വളഞ്ഞ മരത്തടിയുടെ മീതെ കടന്നുപോവുമ്പോൾ ആ സ്ത്രീ അലച്ച് തിരുമ്പിയ വസ്ത്രങ്ങളുമായി പോകുന്നുണ്ടായിരുന്നു.

ചെങ്കൽചൂള എരിഞ്ഞുകൊണ്ടിരുന്നു. ആ സ്ഥലത്തിന് തീരെ യോജിക്കാത്ത നാലു കസേരകൾ കൊണ്ടുവന്നുവെച്ചു പോയ താജുദ്ദീൻ തേൻകുപ്പികളുമായി തിരിച്ചു വന്നു. തേനെന്നാൽ ചുവപ്പു നിറമാണെന്ന് പറയുന്നവരെ സംബന്ധിച്ച് അത് വ്യാജ നിറം. ചെമ്മഞ്ഞൾ നിറമായിരുന്നു അതിന്. പൂക്കൾക്കനുസരിച്ച് തേനിന്റെ നിറം മാറും. രണ്ടു ഗ്ലാസിൽ തേനൊഴിച്ച് താജുദ്ദീൻ ആദ്യം സറൂഖിന്റെ കൈയ്യിൽ കൊടുത്തു. അയാൾ എന്റെ നേരെ നീട്ടി. രണ്ടു പേരുടെയും കൈയിൽ തേൻ വന്നതും കുടിക്കാൻ തുടങ്ങി. താജുദ്ദീൻ തന്റെ മൂക്കിനെ കുപ്പിയുടെ വായയോടടുപ്പിച്ച് നുകർന്നുകൊണ്ട് ചിരിച്ചു. അയാൾ കുപ്പിയുയർത്തി കുടിക്കാൻ പോവുകയാണെന്ന് കരുതിയപ്പോൾ അങ്ങോട്ടു വന്ന ഒരു കുട്ടിയോട് നാവു നീട്ടാൻ പറഞ്ഞ്, ചില തുള്ളികൾ ഇറ്റിച്ചുകൊടുത്തു.

"എങ്ങനെയുണ്ട്? തൊണ്ടയിലിറക്കുമ്പോ എന്തു തോന്നുന്നു?' ഞങ്ങളെ നോക്കി താജുദ്ദീൻ ചോദിച്ചു. തലയനക്കി എന്നെ നോക്കിക്കൊണ്ട് സറൂഖ് "ഭയങ്കര മധുരം. എനിക്കു കുടിക്കാൻ പറ്റുന്നില്ല' എന്നു പറഞ്ഞു.

അത് ഗ്ലാസിൽനിന്ന് വേഗത്തിൽ പുറത്തേക്ക് വന്നില്ല, ഒടുവിൽ വന്നു. നന്നായി ഉയർത്തി തന്നെ കുടിച്ചപ്പോഴും ഗ്ലാസിന്റെ സ്ഫടിക കനത്തിൽ അത് ഒട്ടിപ്പിടിച്ചിരുന്നു. തേൻ ഇറ്റിച്ച് പട്ടിയെ വിളിച്ചപ്പോൾ അത് വേഗത്തിലോടി വന്ന് നാവു നീട്ടി നുണഞ്ഞു. വന്ന വേഗത്തിൽ പട്ടി തിരിച്ചു ചെല്ലുകയും ചെയ്തു. താജുദ്ദീൻ തന്റെ തേനിന്റെ മഹത്വത്തിൽ പുളകം കൊണ്ടു. "എങ്ങനെയുണ്ട് സാർ, തേൻ' ഉയർന്ന ശബ്ദത്തിൽ അവൻ സറൂഖിനോട് ചോദിച്ചു. പട്ടിയെ നോക്കി "ഉഞ്ച് ഉഞ്ച്' എന്നു വിളിച്ചു. പിന്നീട് അത് വന്നേയില്ല.

നേരത്തെ ഇരുട്ടുന്ന കാലമായിരുന്നു അത്; ഇരുട്ട് ആവരണം ചെയ്തു കൊണ്ടിരുന്നു. ചെങ്കൽചൂളയിൽ താജുദ്ദീൻ ഉമി നിറച്ചു കഴിഞ്ഞാൽ കാട്ടിലേക്ക് പ്രവേശിക്കാം. കുറച്ചു ബാറ്ററി വാങ്ങാൻ കടയിലേക്ക് പോകാനിരുന്ന താജുദ്ദീനോട് "കഴിക്കാനെന്തെങ്കിലും വാങ്ങാൻ പറ്റുമോ'എന്ന് ചോദിച്ചു. "ഒന്നുമില്ല, ബിസ്‌ക്കറ്റായാലും മതി' എന്നു പറഞ്ഞു സറൂഖ്.

താജുദ്ദീന്റെ മോട്ടോർബൈക്കുമായി ഞാൻ പിന്നാലെ പോകവേ, സറൂഖിന്റെ മോട്ടോർബൈക്കിന്റെ പിന്നിലിരുന്നുകൊണ്ട്, മടിയിൽ ഒറ്റക്കുഴൽ തോക്കിനെ മടക്കിവെച്ച്, വെടിയുണ്ട ഏതുനേരത്തും പൊട്ടിക്കാൻ പാകത്തിൽ താജുദ്ദീൻ പിടിച്ചിരുന്നു. തരിശുനിലങ്ങളിലൂടെ ചെന്ന് ഇരുഭാഗത്തായി മൺചെരിവുകൾ ഉയർന്നു നിൽക്കുന്ന താഴ്വാരത്തിലൂടെ ഞങ്ങൾ കാട്ടിലേക്ക് പുറപ്പെട്ടു. മരക്കമ്പുകൾ കണ്ണുകളിൽ തൊട്ടു. മുമ്പിലൂടെ പോയ മോട്ടോർബൈക്കുണ്ടാക്കിയ പൊടിപടലം പുറകിൽ ചെന്ന മോട്ടോർബൈക്കിന്റെ വെളിച്ചത്തിൽ മേലേക്കുയർന്നു കറങ്ങുന്നത് കണ്ടു. ഇതിന് മുമ്പ് പകലിൽ വന്ന ശീലമില്ലെങ്കിൽ മുമ്പോട്ടുള്ള പോക്കിനെ തടസ്സപ്പെടുത്തുന്ന ദുഷ്‌കരമായ പൊടുന്നനെയുള്ള വളവുകൾ. വഴിയിൽ മുന്നോട്ടു തള്ളി നിൽക്കുന്ന പാറകൾ. നനഞ്ഞ മൺകൂനകൾ. ചരൽകല്ലുകളുടെ നിരപ്പുകൾ. ഇവയെയെല്ലാം പിന്നിട്ട് കാടിന്റെ നിബിഢ പ്രദേശമായ മലൈയടിക്കുളത്തിന് അടുത്തുള്ള ഒരു പൊന്തയിൽ മോട്ടോർബൈക്കിനെ വെച്ച ശേഷം താജുദ്ദീൻ തന്റെ ടോർച്ചിനെ സൈക്കിൾട്യൂബ്‌കൊണ്ട് തലയിൽ ഘടിപ്പിച്ചുവെച്ചു. ആ വെളിച്ചത്തിൽ മാനിന്റെ കണ്ണുകളെയോ മുയലുകളുടെ കണ്ണുകളെയോ തിരിച്ചറിയാൻ കഴിയുമെന്ന് പറഞ്ഞ് നടക്കാൻ തുടങ്ങി.

ടോർച്ചിന്റെ വെളിച്ചത്തെ നോക്കിക്കൊണ്ട് നടന്നു പോകുമ്പോൾ, ഇരുട്ട്ശീലമായി മാറി. ഇരുട്ടിന്റെ വർണങ്ങളെ കണ്ണുകൾ തേടാൻ തുടങ്ങി. നക്ഷത്രങ്ങൾ വളരെ വിരളമായി കാണപ്പെട്ടു. കുറ്റിക്കാടുകളെ കറുപ്പ് മൂടിയിരുന്നു. പൊന്തകൾക്ക് മീതെ കറുത്ത ആകാശമില്ലായിരുന്നു. എന്നാൽ ഇരുട്ടിന്റെ സൗന്ദര്യത്തിന് ഒരു കുറവുതന്നെയായിരുന്നില്ല അത്. ഇരുട്ടിന്റെ പരുക്കൻ സ്വഭാവം അതിൽ നിറന്നുകവിഞ്ഞിരുന്നു.

മുയൽ കേൾക്കാത്തവിധം മൂവരും നടക്കേണ്ടിയിരിക്കുന്നു. എത്രതന്നെ ശ്രദ്ധിച്ചു നടന്നാലും, ശബ്ദം വരാതിരിക്കില്ല. കാലിൽ കൊളുത്തുംവിധം മുത്തങ്ങ വളർന്നിരുന്നു. പുള്ളിപ്പുള്ളിയിലകളുടെ സ്പർശം. കാലുകൾ ചുവടുവെക്കുമ്പോൾ നിലം ഉയരത്തിലാണെന്ന് തോന്നുമെങ്കിലും താഴെയായിരിക്കും; താഴെയാണെന്നു തോന്നുമ്പോൾ ഉയരെയായിരിക്കും; താഴ്ചയെയോ ഉയരത്തെയോ പ്രതീക്ഷിക്കുമ്പോൾ സമനിരപ്പായിരിക്കും. നീണ്ട നേരം നടന്ന ശേഷം ടോർച്ചിന്റെ വെളിച്ചം പൊയ്കയുടെ ഒരു വശത്തേക്ക് പതിഞ്ഞ് വീണ്ടും കാടിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. താജുദ്ദീന്റെ കാലുകൾ വെള്ളത്തിൽ തൊട്ട് ശബ്ദമുണ്ടായി. വെള്ളം തൊടാത്ത വിധം ഞാൻ മാറി നടന്നുകൊണ്ടിരുന്നു. പിന്നാലെ വന്ന സറൂഖിന്റെ കാലുകൾ ശക്തിയായി വെള്ളത്തിൽ ചവിട്ടുന്ന ശബ്ദം കേട്ടു.

ഇപ്പോൾ പേരക്കമരം പോലെയുള്ള മരങ്ങളുടെ അരികിലൂടെ കാട്ടിലെ മൃദുവായതും ഈർപ്പമുള്ളതുമായ നിരപ്പിലൂടെ നടന്നുകൊണ്ടിരുന്നു. ഞാൻ നിന്നു. പൊയ്കയിൽ നിലകൊള്ളുന്ന മരത്തിനെ ചുറ്റി വളഞ്ഞു പോകാനായി താജുദ്ദീൻ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ കാലെടുത്തു വെച്ചതും കുളിരുകോരിപ്പോയി. അതിന്റെ ചതുപ്പുഗുണമേർപ്പെടുത്തിയ അറപ്പ് പിന്നെയുമെന്തൊക്കെയോ ചെയ്തു. പൊയ്കയുടെ മറുഭാഗത്ത് പിരീത്1 ഓതുന്ന ശബ്ദം വളരെ പതിഞ്ഞ വിധത്തിൽ ഒന്നു രണ്ടു തവണ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ സറൂഖ് തന്റെ ഷർട്ടൂരി തലയിൽ ചുറ്റികെട്ടിയിരിക്കുന്നത് കണ്ടു. മരത്തിനെ ചുറ്റി മുകളിലേക്ക് കയറിയതും, വെള്ളത്തിലൂടെ എന്തോ നടന്നു വരുന്നതുപോലെ കേട്ടു. താജുദ്ദീൻ ഉച്ചത്തിൽ "മൊതല, മൊതല' എന്നു പറഞ്ഞ് വെളിച്ചമടിച്ച് തിരഞ്ഞു.
"അതിന്റെ നീളം കണ്ടോ!'
"കണ്ണാണോ അത്' മിന്നിത്തിളങ്ങുന്ന ഒന്നിനെ നോക്കി സറൂഖ് ചോദിച്ചു. ഞാനും അതിനെയാണ് കണ്ടത്. എനിക്ക് മുതലയുടെ രൂപം പോലെയോ മരക്കട്ടപോലെയോ തോന്നിയില്ല.
"അടുത്തേക്ക് ചെന്നാലോ' താജുദ്ദീൻ ചോദിച്ചു.
"വെടിവെച്ചാലോ? വെടിവെച്ചു നോക്കാം' എന്നു പറഞ്ഞു സറൂഖ്. "വേണ്ടാ, പോകാം' താജുദ്ദീൻ കാലെടുത്ത് പിന്നിലേക്ക് വെച്ച് തിരിഞ്ഞ് മുന്നിലൂടെ നടന്നു.
കുറച്ചു ദൂരം ചെന്ന ടോർച്ച് വെളിച്ചം ഒന്നു തിരിഞ്ഞു ചെരിപ്പിൽ പതിഞ്ഞു. "നിങ്ങളുടെ ചെരിപ്പഴിക്കുക' താജുദ്ദീൻ പറഞ്ഞു. ചെരിപ്പഴിച്ച്, കുനിഞ്ഞുകൊണ്ട് കരിയിലകളുടെ മീതെ കാലുകൾ വെച്ചു നടന്നു. സറൂഖിന്റെ നിഴൽരൂപം ഏതോ കമ്പിൽ കുരുങ്ങി ശ്വാസം മുട്ടുന്നതു പോലെ നടന്നുവന്നു.
എന്തൊരു കൂർമ്മത, എന്തൊരു ഗഹനമായ നിരീക്ഷണം!
ഏതോ ഒരു ചെറിയ പക്ഷി പറന്നുപോയി.

ഞങ്ങൾ ഓരോരുത്തരായി മുതുക് നിവർത്തി. പുല്ലുകൾ കരിഞ്ഞുണങ്ങിയിരുന്ന നിരപ്പിലൂടെ ഞങ്ങൾ നടന്നുകൊണ്ടിരുന്നു. പിന്നിലൂടെ നടന്നുവരികയായിരുന്ന സറൂഖ് 'ചെരിപ്പ്... ചെരിപ്പിട്ടില്ലേ?' എന്നു ചോദിച്ചപ്പോഴാണ് ഞാൻ ധരിച്ചത്. കുറച്ചു ദൂരം ചെന്നപ്പോൾ ഉണങ്ങിയ മുൾകമ്പുകൾ. എത്ര ഇടതൂർന്ന മുൾകാടുകൾ. ഒന്നു ശ്രദ്ധ തെറ്റിയാൽ മുൾകമ്പുകൾ കണ്ണിൽ തട്ടും. അല്ലെങ്കിൽ കവിളിൽ പോറലുണ്ടാവും. ദാഹിക്കാൻ തുടങ്ങിയിരുന്നു. ഇതാ ഇപ്പോൾ കഴിയുമെന്ന പോലെയായിരുന്നു സാഹചര്യം. എന്നാൽ തീരുന്നതായി തോന്നുന്നുമില്ല. വലിയ പിടിവാശിയും മുയലിനെ കിട്ടാതെ മടങ്ങില്ലെന്ന മനോഭാവവും താജുദ്ദീനെ മുമ്പോട്ട് നയിച്ചു. ഇത്രയും കയ്പൻ ബോധവുമായി എന്നെക്കൊണ്ട് തേടാൻ സാധിക്കില്ല. എന്നാൽ അവരെ ഉപേക്ഷിച്ചുകൊണ്ട് കാട്ടിൽ എവിടെയാണ് ഒറ്റയ്ക്ക് നിൽക്കുക?

കുറേകൂടി നിബിഢമായ കാടിന്റെ പ്രവേശനമുഖത്തേക്ക് ഞങ്ങൾ അപ്പോളെത്തിയിരുന്നു. അവിടെനിന്ന് കുറച്ചുകൂടി ചെന്നപ്പോൾ 'പാമ്പ്' എന്നൊരു ശബ്ദം കേട്ടു. അപ്പോഴാണ് കണ്ണിൽപെട്ടത്. ഒരു മലമ്പാമ്പ്. 'വെങ്കളാത്തിയാണോ' എന്നു ചോദിച്ച്, സറൂഖ് താജുദ്ദീന് ഒരു കമ്പ് കൊടുത്തു. താജുദ്ദീൻ ഓങ്ങി ഒരടി വെച്ചുകൊടുത്തു. അത് ഒരല്പം മുന്നോട്ടേക്കാഞ്ഞു. കമ്പ് വാങ്ങി സറൂഖ് ഒരടി അടിച്ചു;കൊണ്ടില്ല. പക്ഷേ പിന്നിലേക്ക് ബദ്ധപ്പെട്ട് നീങ്ങിയപ്പോഴാണ് അതിനെ വ്യക്തമായി കണ്ടത്. ഒരു സാധാരണ വ്യക്തിയുടെ തുടയുടെ വണ്ണമുണ്ടായിരുന്നു. വേഗത്തിൽ മരത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്ന അതിന്റെ പകുതി ഭാഗം മാത്രം കാണാൻ കഴിഞ്ഞു. അതിന്റെ നീളം എത്രയെന്ന് ഗണിക്കാൻ തോന്നുന്നുവോ അത്രത്തോളം ഗണിക്കാം. തിരിച്ചു നടക്കുമെന്നാണ് കരുതിയത്. നടത്തം മുന്നോട്ട് തന്നെ തുടർന്നു. ഒരു കുട്ടിപ്പാമ്പ്,ശംഖുവരയനത്രെ. "ഹാ... എന്തൊരു കളർ. ചെറുതായി പത്തിവിടർത്തുന്നുണ്ടല്ലോ.നല്ല പാമ്പിൻകുഞ്ഞ്...' സറൂഖ് പറഞ്ഞു. "വെങ്കളാത്തിയ കണ്ടയുടനെ മടങ്ങിപ്പോകുമെന്നാണ് കരുതിയത്'താജുദ്ദീൻ പറഞ്ഞു. തിരിച്ചു വന്ന് മറ്റൊരു വഴിയിലൂടെ ഞങ്ങൾ നടന്നു. തുറന്ന അന്തരീക്ഷമാണ്. അതിൽപിന്നീട് നടക്കാൻ കഴിഞ്ഞില്ല. ഇരുന്ന് ബിസ്‌ക്കറ്റ് കഴിച്ചു. വരണ്ട തൊണ്ടയിലൂടെ ഉരസിയവിധം അതിറങ്ങി. മുള്ളുകളുടെ മീതെ ഇരിക്കുന്നതു പോലെയായിരുന്നു ആ സ്ഥലത്തെ ഇരുത്തം. ഇടുപ്പ് വേദനിക്കുന്നുണ്ടായിരുന്നു. വീണ്ടും ഒരു തവണ നടക്കാൻ തുടങ്ങി. ഒരു പ്രദേശത്ത് എത്തിച്ചേർന്നപ്പോൾ ഞങ്ങൾ രണ്ടു പേരോടും നിൽക്കാൻ പറഞ്ഞുകൊണ്ട് താജുദ്ദീൻ പോയതും, ഞാൻ ആ പുൽത്തറയിൽ കിടന്നുകളഞ്ഞു.
"എന്തുപറ്റി, ജീവൻ പോയോ?' സറൂഖ് ചോദിച്ചു.
"വാ ചങ്ങായി, മതി. മടങ്ങാം.'
"താജുദ്ദീൻ വരട്ടെ, തിരിച്ചു പോകാം'
"കണ്ണിൽ തേൻ മറുകുണ്ടെങ്കിൽ ഭാഗ്യമാണത്രെ. ആദ്യം അതിനെ ഇല്ലാതാക്കണം. ഈ വലിയ കാട്ടിനുള്ളിൽ ഒരു മുയൽ പോലും കിട്ടില്ലെന്നാണോ, നോക്കാം'

താജുദ്ദീൻ തളർന്നിരുന്നു. അസ്വസ്ഥനാകാതെ സംസാരിച്ചു. "മനുഷ്യജന്മങ്ങൾ കാടിനെ ഇളക്കിമറിച്ചപ്പോ അതുങ്ങൾക്ക് കാര്യമെല്ലാം മനസിലായി.'

പെട്ടെന്ന് വെളിച്ചത്തെ തിരിച്ചു താജുദ്ദീൻ. അപ്പോഴാണ് മനസിലായത്, ഞങ്ങൾക്കരികിലുള്ള കുറ്റിക്കാട്ടിലാണ് മോട്ടോർബൈക്കുള്ളത്. വീട്ടിലേക്ക് തിരിച്ചെത്തുന്നതു വരെ എന്തെങ്കിലും കിട്ടുമെന്ന് താജുദ്ദീൻ വിശ്വസിച്ചു; എന്നാൽ ഒന്നും ലഭിച്ചതേയില്ല. രാത്രിഭക്ഷണം മുട്ടക്കറിയും, ബീൻസും, ടിന്നിലാക്കിയ മീനും.

രാത്രിയിലെ അലച്ചിലിന്റെ ക്ഷീണത്തെ തീർത്തുകൊണ്ട് പായയിൽനിന്ന് എഴുന്നേൽക്കാൻ പ്രയാസമായിരുന്നു. താജുദ്ദീൻ എല്ലാവരെയും എഴുന്നേല്പിച്ചു. ഇപ്പോൾ തന്നെ പുറപ്പെട്ടാൽ കുളക്കോഴിയെ വെടിവെക്കാമെന്നതിനാൽ തിടുക്കത്തിൽ കൈകാലുകളും മുഖവും കഴുകിക്കൊണ്ട്, കട്ടനും കഴിക്കാതെ പുറപ്പെട്ടുകളഞ്ഞു. രഹസ്യമായി കിടന്ന കാട്, മലർന്നു കിടന്നപ്പോളും, ഒന്നും കണ്ണിൽപെട്ടില്ല എന്ന് കരുതിയ നേരം; താജുദ്ദീൻ കൈകൊണ്ട് എന്നോട് നിർത്താൻ പറഞ്ഞ് സറൂഖിന്റെ മോട്ടോർബൈക്കിൽ നിന്നിറങ്ങി ഏതോ ശബ്ദത്തിന് കാതുകൂർപ്പിച്ചുകൊണ്ട് മെല്ലെ നടന്നു. ഒന്നുമില്ലായിരുന്നു.

പൊയ്കയുടെയടുത്തേക്ക് ചെന്നതും എന്നോട് നില്ക്കാൻ പറഞ്ഞ് അവർ പുറപ്പെട്ടു. കൊന്നപ്പൂക്കളുടെ മഞ്ഞ, പൊയ്കയിൽ പ്രതിഫലിച്ചു. പൊയ്കയുടെ തിരയടിക്കുന്നയിടത്ത് ചുവന്ന നിറത്തിലുള്ള ഇലകൾ നുരയ്‌ക്കൊപ്പം തെളിഞ്ഞുനിന്നു. ഇലകൾ അളിഞ്ഞതിനാലായിരിക്കാം ആ നിറം. പൊയ്കയോരത്തെ മരത്തിന്റെ വേരിൽ കയറി വെള്ളത്തിൽ കാൽ നനച്ചപ്പോൾ മുതലയുടെ ഓർമ വരികയാൽ തിരിഞ്ഞതും അവർ വന്നുകൊണ്ടിരിക്കുന്നത് കണ്ടു. വീണ്ടും മോട്ടോർബൈക്കിൽ കയറി പൊയ്കയോരത്തിലൂടെ തേടിക്കൊണ്ട് ചെന്നപ്പോൾ തളർച്ച ബാധിച്ച സന്ദേഹവും പേറിക്കൊണ്ടിരുന്ന ഞങ്ങളുടെ എതിരെ രണ്ട് വെൺബകവും മൂന്നോ നാലോ വെള്ളരിക്കൊക്കുകളും പറന്നുപോയി. അത് വെടിവെക്കാൻ പറ്റിയ അരികത്തായിരുന്നില്ല. പൊയ്കയുടെ മുക്കിലെ വളവിലുള്ള മരത്തിലൊരു ആളപ്പക്ഷി ഇരിക്കുന്നുണ്ടായിരുന്നു.

നിരത്തിലേക്ക് വന്ന് അവിടെയവിടെയായി കുളങ്ങൾ കിടപ്പുള്ള ഒരു വഴിയിലൂടെ പോയിക്കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ അനക്കം കേട്ട് കുളത്തിലുണ്ടായിരുന്ന പല പക്ഷികളും പറക്കാൻ തുടങ്ങി. അരയന്നക്കൊക്കുകൾ പറന്നുചെന്ന് ഇരിപ്പുറപ്പിച്ച മരചില്ലകളുടെയടുത്തേക്ക് പോയി താജുദ്ദീൻ അപ്രത്യക്ഷനായി. ചില നിമിഷങ്ങൾക്ക് ശേഷം 'ഉണ്ടകൾ പോരാ' എന്നു പറഞ്ഞ് മടങ്ങിവന്നു. അല്പനേരത്തിനുള്ളിൽ വേറെ വെടിയുണ്ടകളെയും നിറച്ച് രണ്ടുപേരും ഉച്ചിക്കൊമ്പിൽ ഇരിപ്പുറപ്പിച്ചിരുന്ന അരയന്നക്കൊക്കിനെ വെടിവെക്കാൻ പോയി. പട്ടി കുരയ്ക്കുന്നശബ്ദം കേട്ടു. തിരിഞ്ഞു നോക്കി. സിംഹളക്കാരനായ ഒരു ചേട്ടൻ കൊഴുത്ത പന്നിയെ തന്റെ സൈക്കിളിന്റെ ക്യാരിയറിൽ കെട്ടിവെച്ചുകൊണ്ട് പോകുന്നു. അതിന്റെ വയറുഭാഗത്ത് വെടിയേറ്റ പാടുണ്ടായിരുന്നു. താജുദ്ദീനും സറൂഖും മടങ്ങിവന്ന് പറഞ്ഞു: 'ഈ തോക്കിനെ നമ്പിയാണ് വന്നത്. ഹറാം പിടിച്ച സൂചിയേൽക്കുന്നില്ല.' നാട്ടതിർത്തിവരെ വന്ന് വീണ്ടും ഒരു ഒറ്റക്കുഴൽ തോക്കുമായി തിരിച്ചു. അതുമൊരു പഴയ തോക്കുജാതിയിൽ പെട്ടതുതന്നെയായിരുന്നു. അതിനാൽതന്നെ വിശ്വാസം കുറവായിരുന്നു. താജുദ്ദീന്റെ തോക്കിനെ ആരോ വാങ്ങിക്കൊണ്ട് പോയിരിക്കുകയാണ്. അല്ലെങ്കിൽ ആരോടും ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. സംസാരിച്ച് വന്നുകൊണ്ടേയിരിക്കുമ്പോൾ നിറയെ പക്ഷികൾ മറ്റൊരു കുളത്തിൽ നിൽക്കുന്നത് കണ്ടു; വെൺബകം, അരയന്നക്കൊക്ക്, വെള്ളരിക്കൊക്ക് എന്നിങ്ങനെ. താജുദ്ദീൻ ഇറങ്ങി. ഞങ്ങൾ ദൂരെച്ചെന്ന് നോക്കിക്കൊണ്ടിരുന്നു. താജുദ്ദീൻ പതുങ്ങിയിരിക്കുന്നതിനെ മരക്കൊമ്പിനിടയിലൂടെ കണ്ടു. തോക്കിനെ തോളിൽവെച്ച് ഉന്നം നോക്കി കാഞ്ചി വലിക്കുന്നതും കണ്ടു. വെടിയുണ്ടയുടെ ശബ്ദം കേട്ടു. വെടിയേറ്റില്ല. രണ്ടാം തവണയും വെടിയുണ്ടയുടെ ശബ്ദം കേട്ടു, ഏറ്റില്ല. വീണ്ടും ഇറുകിയ മുഖവുമായി ചെറുതായി തളർന്ന് താജുദ്ദീൻ പള്ളത്തിലേക്കിറങ്ങി. വെടിയൊച്ച. തൊണ്ടയ്ക്കുള്ളിലുണ്ടായിരുന്ന മുഷിമീനിനെയും മറ്റേതോ മീനുകളെയും തുപ്പിക്കൊണ്ട് പക്ഷികൾ പറന്നു. ഒരു പക്ഷി താഴേക്കു പറന്ന് മുൾക്കാടിന്റെ ഭാഗത്തേക്ക് പോയി. ആ ഭാഗത്തെ കാഴ്ച, മറ്റൊരു ഭാഗത്ത് ഓടാൻ കഴിയാതെ നിൽക്കുന്ന പക്ഷിയുടെ ഭാഗത്തേക്ക് തിരിഞ്ഞു. ഒരു ഭാഗത്തിലൂടെ ഞാനും മറ്റൊരു ഭാഗത്തിലൂടെ താജുദ്ദീനും ഓടി പക്ഷിയെ സമീപിച്ചു. എന്റെ കൈയ്യിലാണ് കത്തിയുണ്ടായിരുന്നത്. ഉയരമുള്ള ആ പക്ഷി തന്റെ നീണ്ട കൊക്കുകൊണ്ട് ഞങ്ങളെ കൊത്താൻ ശ്രമിച്ചു. ഞാൻ മാറി നിന്ന് നോക്കി. സറൂഖ് ഒരു സഹതാപബോധവുമായി അതിനെ കബളിപ്പിച്ച് കളിച്ചു. താജുദ്ദീൻ, "വേറെയോരെണ്ണത്തിനും വെടിയേറ്റിട്ടുണ്ട്. അത് വീണെതെവിടെയാണെന്ന് നോക്കിയില്ലേ?' എന്നു ചോദിച്ചു.
"ഇല്ലല്ലോ' ഞാൻ പറഞ്ഞു.
"തീർച്ചയായിട്ടും അത് വീണിട്ടുണ്ടാവും'

സറൂഖ് ഓടി മേടിലേക്ക് ചെന്നുകയറി നോക്കി. അവിടെ നിന്നുകൊണ്ട് "താജുദ്ദീൻ, നിങ്ങളോട് പറഞ്ഞിരുന്നില്ലേ. ഒരേ സമയം രണ്ടെണ്ണം പാടില്ലെന്ന്. അല്ലാഹു ബർക്കത്ത് ചെയ്യില്ല'എന്നു പറഞ്ഞു.

വഴിയിൽ നോക്കിക്കൊണ്ടേ നടന്നു. യാതൊരു പക്ഷിയെയും കണ്ടില്ല. അരയന്നക്കൊക്കിനെ ഞാനാണ് ചുമന്നുകൊണ്ടു വന്നത്. ഏകദേശം രണ്ടുകിലോ തൂക്കം കാണും. ഇതിനെയിപ്പോൾ താജുദ്ദീന്റെ വീട്ടിൽ പാചകം ചെയ്ത് കഴിച്ച്, വീട്ടിലേക്ക് വൈകുന്നേരം ചെല്ലാമെന്ന് ഉദ്ദേശിച്ചു.

മോട്ടോർബൈക്ക് താജുദ്ദീന്റെ വീടിന് മുമ്പിൽ നിന്നു. സറൂഖ് താജുദ്ദീനെ നോക്കി, "ഇതിനെ ഇട്ടുകൊണ്ട് പോകാൻ ഒരു സഞ്ചി വേണമായിരുന്നു' എന്നു പറഞ്ഞു. എനിക്ക് ഒരു മാതിരി എന്തോ തോന്നി. ഏറെ കഷ്ടപ്പെട്ട താജുദ്ദീന് ഇതിൽ ഓഹരി ഇല്ലേ? താജുദ്ദീൻ പക്ഷിയെ ഭാര്യക്കും കുട്ടികൾക്കും കാണിക്കാനായി അകത്തേക്ക് കൊണ്ടുപോയി. കത്തി തിരിച്ചുകൊടുക്കാനായി ഞാൻ പിന്നാലെ ചെന്നു. ചുവന്ന പാവാടയുമണിഞ്ഞ് ഒരു സ്ത്രീ തോട്ടിൽ കുളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

മടങ്ങുന്ന വഴിയിൽ ഇലുക്കുച്ചേന തേന്മാവിൻ ചുവട്ടിൽനിന്ന് സറൂഖ് നൂറു രൂപ കൊടുത്ത് അമ്പലമോയാ2 പിലോപ്പിമീൻ വാങ്ങി. വലിയ ഇനമാണ്. രണ്ടു പ്രധാനപ്പെട്ട വിഭവം വിരുന്നിൽ ഉണ്ടാകാൻ പാടില്ലായെന്ന് ആഗ്രഹിക്കുന്നയാൾ മീൻ വാങ്ങിയത് പൊരിക്കാനായിരിക്കുമെന്ന് ഞാൻ കരുതി. സാറൂഖിന്റെ ഇന്നത്തെ ഊണിൽ ഞാനും വിരുന്നുകാരനായി ക്ഷണിക്കപ്പെടും.

സറൂഖിന്റെ മോട്ടോർബൈക്ക് അയാളുടെ വീടിന്റെ മുമ്പിൽ നിന്നതും അരയന്നക്കൊക്കിരിക്കുന്ന സഞ്ചിയിൽനിന്ന് മീനിനെ എടുക്കാൻ പറഞ്ഞു. ഞാൻ എടുത്തു. അരയന്നക്കൊക്കിനെ എന്റെയടുത്തുനിന്ന് വാങ്ങാതെ മീനിനെ വാങ്ങി.
"എന്താണിത്'
"നിങ്ങൾക്കുള്ളതാണ്. കൊണ്ടുപോകൂ'
"ഛേ. വേണ്ട'
"എന്താണിത്, ചെറിയ പിള്ളേരെപ്പോലെ'
"ഞാനിതിനെ ഇവിടെ വെച്ചിട്ട് പോവുകയാണ്'
"ചീ, എടുത്തോണ്ട് പോകൂ. ചെറിയ പിള്ളേരെപ്പോലെ'

ഒരു പ്രാവശ്യം കണ്ണുകളെ ഇറുക്കിയടച്ചു തുറന്നുകൊണ്ട് അരയന്നക്കൊക്കുമായി ഞാൻ മെല്ലെ നീങ്ങി. ▮

1. പിരീത് - ബുദ്ധവിഹാരങ്ങളിൽ ചൊല്ലുന്ന പാലി ഭാഷയിലുള്ള മന്ത്രോച്ചാരണം 2. അമ്പലമോയാ - കിഴക്കൻ ശ്രീലങ്കയിലെ അമ്പലമോയാ എന്ന സ്ഥലത്ത് കൃഷിചെയ്യുന്ന പിലോപ്പിമീൻ


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഹസീൻ ആദം

കിഴക്കൻ ശ്രീലങ്കയിലെ അക്കരൈപ്പത്തിൽ ജനനം. ‘സിറിയതും പെരിയതുമാന എട്ടു കതൈകൾ', ‘പൂനൈ അനൈത്തും ഉണ്ണും' എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. യുദ്ധകാലാനുഭവങ്ങളെക്കുറിച്ചും ഭൂമി പിടിച്ചെടുക്കലിനെക്കുറിച്ചും ന്യൂനപക്ഷങ്ങൾക്കെതിരെ ശ്രീലങ്കയിൽ നടക്കുന്ന ആസൂത്രിത കലാപങ്ങളെക്കുറിച്ചും വംശീയതയുടെ മൂലകാരണങ്ങളെക്കുറിച്ചും ഇസ്​ലാമോഫോബിയയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. വെട്രിമാരൻ, തങ്കർ ബച്ചൻ എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ചു. ആദ്യമായി സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രത്തിന്റെ പണിപ്പുരയിലാണ്.

Comments