ചിത്രീകരണം: ദേവപ്രകാശ്

‘‘എന്റെ പേര് ജിൽ ബ്രാഡ്‌ലിയാണെന്ന് നീ വിശ്വസിക്കാൻ കാരണം എന്റെ തവിട്ടുനിറ കണ്ണുകളും തെളിഞ്ഞ വെള്ളനിറവുമാണെന്ന് പറഞ്ഞാൽ നീ സമ്മതിക്കുമോ?''

ശിവനേസനെ അവളായിട്ട് തന്നെ വീഡിയോ കോൾ ചെയ്ത് വിളിക്കുന്നത് ഇതാദ്യമായാണ്. ഏറെക്കുറെ ഫോട്ടോകളിൽ കണ്ടിട്ടുണ്ടെന്നല്ലാതെ കണ്ടു സംസാരിക്കാൻ പോകുന്ന ആദ്യ സന്ദർഭവുമിതാണ്.
ഇളംചുവപ്പ് നിറത്തിലുള്ള ഷർട്ടാണ് ജിൽ ബ്രാഡ്‌ലി ധരിച്ചിരുന്നത്. കഴുത്തിൽ ചെറിയൊരു മാല കിടന്നിരുന്നു. തലമുടി വിടർത്തിയിട്ടിരുന്നു. ചുണ്ടുകളിൽ മൃദുവായി ലിപ്സ്റ്റിക്ക് പുരട്ടിയിരുന്ന അവൾ, ഫേസ്ബുക്കിലെ ഫോട്ടോകളിലുള്ളതിനെക്കാളും മനോഹരിയായി കാണപ്പെട്ടു. തന്റെ പ്രായം ഒരിക്കലും വെളിപ്പെടുത്തിരുന്നില്ലായെങ്കിലും മുപ്പത്തഞ്ച് വയസ്സ് കടക്കാൻ സാധ്യതയില്ലാത്ത രൂപമായിരുന്നു അവളുടേത്.

തുടർന്നും അവൾ ഇംഗ്ലീഷിൽ തന്നെ സംസാരിച്ചുകൊണ്ടിരുന്നു.
""നിന്നെ എന്റെ അടുത്ത സ്‌നേഹിതനാക്കിയതിനുള്ള കാരണമെന്താണെന്ന് അറിയാമോ?''
അവൻ അറിയില്ലെന്ന് തലയാട്ടി.
""വിഭാകരന്റെ അതേ ഭൂപ്രദേശത്താണ് നീ താമസിക്കുന്നത്. കൂടാതെ അവൻ സംസാരിക്കുന്ന അതേ ഭാഷയെ അതേ ധ്വനിയിലാണ് സംസാരിക്കുന്നത്''.
മൗനത്തിന്റെ ചെറിയ ഇടവേളയ്ക്ക് ശേഷം അവൾ തന്നെ തുടർന്നു.
""ഇപ്പോൾ വിഭാകരൻ ആരാണെന്ന് നീ ആലോചിക്കും. അല്ലെങ്കിൽ ഊഹിക്കും. അങ്ങനെ ഊഹിക്കുകയാണെങ്കിൽ അതു ശരി തന്നെയാണ്. അയാളെന്റെ മുൻകാമുകനാണ്''.
അവളുടെ നാവ് കുഴഞ്ഞു.
""നീ കുടിച്ചിട്ടുണ്ടോ'' അവൻ ചോദിച്ചു.
അവൾ ചിരിച്ചു.
""അതേ, ഇത് രണ്ടാം തവണ''
""ആദ്യം എപ്പോഴാണ് കുടിച്ചത്?''
""എന്റെ വിഭാകരനെ പിരിഞ്ഞപ്പോൾ. എന്നാൽ അപ്പോളെനിക്ക് വിസ്‌ക്കിയോ ബിയറോ ഒന്നും കിട്ടിയില്ല. ഭണ്ഡാര അമ്മാവന്റെ പക്കൽനിന്ന് വാറ്റ് വാങ്ങി കുടിച്ചു.''
ശിവനേസന് ആ വിഭാകരനെ പിടിച്ചില്ല. അയാൾ എന്തിനാണ് പിരിഞ്ഞു പോയതെന്ന് ചോദിക്കാൻ അല്പം പോലും താല്പര്യവുമുണ്ടായിരുന്നില്ല.
""നീ വിശ്രമിക്ക്. നമുക്ക് നാളെ സംസാരിക്കാം'' അവൻ പറഞ്ഞു.
""ഇല്ല, ഇനിയും സംസാരിക്കാനുണ്ട്. ഇടയ്ക്കിടെ നീയും എന്നെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ടിരുന്നു. അതിപ്പോൾ പറയണമെന്ന് തോന്നുന്നു.''
ശിവനേസന് ജിൽ ബ്രാഡ്‌ലിയുടെ മേൽ അളവിൽ കവിഞ്ഞ ഇഷ്ടമുണ്ടായിരുന്നു. വളരെ മികച്ച രീതിയിൽ ചിത്രം വരയ്ക്കുന്നവളാണ് അവൾ. ശിവനേസൻ അവളുടെ എണ്ണമറ്റ ആരാധകരിൽ ഒരാളാണെങ്കിലും അതിലേറെ അവളുമായി ചങ്ങാത്തം സൂക്ഷിയ്ക്കുന്നയളവിൽ അവന് ചില അധിക യോഗ്യതകളുമുണ്ടായിരുന്നു.

ശിവനേസൻ ഒരു കവിയെന്നതിലുപരി ഇംഗ്ലീഷ് അറിയാവുന്ന തമിഴ് കവിയാണെന്നതുകൊണ്ടാണ് അവളേറെ ഇഷ്ടപ്പെട്ടത്.
ഇരുവരും തങ്ങളുടെ സൃഷ്ടികളെ പരസ്പരം നിരൂപണം ചെയ്യും. നീണ്ടനേരത്തോളം കലയെയും സാഹിത്യത്തെയും ചിത്രകലയെക്കുറിച്ചും അവർ ഫോൺ സന്ദേശമയച്ച് ചർച്ച ചെയ്യും. എന്നാലും ഇതൊഴിച്ച് മറ്റൊരു വിഷയത്തെ സ്പർശിക്കാൻ അവർ ശ്രമിച്ചിരുന്നില്ല.
""നീയെന്താണ് കല്യാണം കഴിക്കാത്തത്'' എന്ന് ഒരേയൊരു തവണ ജിൽ ബ്രാഡ്‌ലി അവനോടു ചോദിച്ചിരുന്നു.
വിവാഹജീവിതം തനിക്ക് ചേർന്ന ഒന്നല്ലെന്നും അങ്ങേയറ്റത്തെ സ്വതന്ത്രമായ ജീവിതമാണ് താൻ ആഗ്രഹിക്കുന്നതെന്നും ശിവനേസൻ മറുപടി പറഞ്ഞിരുന്നു.
വല്ലപ്പോഴും അവൻ തമിഴിൽ സംസാരിക്കുമ്പോൾ അവൻ ജാഫ്‌നക്കാരനാണെന്ന കാര്യം അറിയാമെന്നല്ലാതെ അവന്റെ സ്വകാര്യവിവരങ്ങൾ അന്വേഷിച്ചറിയണമെന്ന് അവൾ വിചാരിച്ചിട്ടേയില്ല.
എന്നാൽ ശിവനേസന് അവളെക്കുറിച്ച് ആഴത്തിലറിയണമെന്ന അതിയായ താല്പര്യമുണ്ടായിരുന്നു.

""നീ സിംഹളക്കാരിയായിരുന്നിട്ടും മനോഹരമായി തമിഴ് സംസാരിക്കുന്നുണ്ടല്ലോ'' എന്ന് ആശ്ചര്യപ്പെട്ടു. ''എനിക്ക് സിംഹളം പഠിപ്പിച്ചു തരുമോ?'' അവൻ ചോദിച്ചു.
ഓരോ തവണ സംസാരിക്കുമ്പോഴും സിംഹളരോടുള്ള തന്റെ വെറുപ്പ് കുറച്ചധികയളവിൽ വമിക്കുമെങ്കിലും പിന്നീട് അത് തെറ്റാണോയെന്ന് അവൻ ആലോചിക്കും.
സിംഹളമെന്ന ഒറ്റ വാക്കു തന്നെ വളരെ കയ്പാണെങ്കിലും ജിൽ ബ്രാഡ്‌ലിയെ അവൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അവൾ തന്റെ കുടുംബപ്പേരായ അനോമാ മുണവീര എന്നതിനെ ജിൽ ബ്രാഡ്‌ലിയെന്ന് മാറ്റിയതിനുള്ള കാരണം കൃത്യമായി അറിയില്ലെങ്കിലും അതവനെ സന്തോഷപ്പെടുത്തിയിരുന്നു.
ജിൽ ബ്രാഡ്‌ലി സംസാരിക്കുമ്പോൾ കേട്ടുകൊണ്ടേയിരിക്കാൻ തോന്നും. അവളുടെ തെളിഞ്ഞ ഇംഗ്ലീഷ് ഉച്ചാരണവും അല്പമായ തമിഴ് ഉച്ചാരണവും അവളെ പരമാവധി സൗന്ദര്യവതിയാക്കും.

അവൾ ചിത്രകലയെക്കുറിച്ചും പലതരം ചിത്രകാരന്മാരെക്കുറിച്ചും ഏറെ അറിവുള്ളവളായിരുന്നു. സാൽവദോർ ഡാലിയുടെ ചിത്രങ്ങളെക്കുറിച്ച് അവൾ പലപ്പോഴും പറഞ്ഞു തുടങ്ങും.
അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഓരോ തവണ കാണുമ്പോഴും വിസ്മയിച്ചു പോകുമെന്ന് അവൾ പറയും. ഡാലിയുടെ ചിത്രങ്ങൾ സ്വപ്നസദൃശമായ ലോകത്തെ രൂപപ്പെടുത്തുന്നതായും യഥാർത്ഥലോകത്ത് കാണാൻ സാധിക്കാത്ത അതിശയോക്തമായ രൂപങ്ങൾ പോലുള്ള കാഴ്ചകൾ നൽകുന്നതായും അവൾ കരുതിയിരുന്നു. സ്വപ്നങ്ങളിൽ പ്രത്യക്ഷമാകുന്നതു പോലെയുള്ള നിഗൂഢാത്മകത ഉള്ളവയായിരുന്നു അവ.
കൂടാതെ സർറിയലിസ്റ്റിക്കായ ചിത്രങ്ങളാണ് അവളെ അധികം ആകർഷിച്ചിട്ടുള്ളതെന്നും അത്തരത്തിലുള്ളയൊരു യുക്തിയെയാണ് താൻ പിന്തുടരാൻ ആഗ്രഹിക്കുന്നതെന്നും അവൾ പറയും. സ്വപ്ന സമാനമായ അവസ്ഥ വെളിപ്പെടുത്തുന്ന തരത്തിലുള്ള കവിതകളെഴുതുവാൻ ശിവനേസനോടും ആവശ്യപ്പെട്ടിരുന്നു.
അപ്പോഴെല്ലാം ഒന്നും നിരസിക്കാതെ ശരിയെന്ന് അവൻ മൂളി.

അവളുടെ എല്ലാ വിശദീകരണങ്ങൾക്കും പിറകിലായി മറഞ്ഞുകിടക്കുന്നയൊരു വിഷാദം നിറഞ്ഞു തുളുമ്പുന്നതായി അവന് തോന്നും. എന്നാലും ''നീ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ?'' എന്ന് ശിവനേസൻ ഇതുവരെ അവളോട് ചോദിച്ചിട്ടേയില്ല.
വെറുതെ സ്‌നേഹിച്ച് പിന്നീട് ഉപേക്ഷിക്കുന്നത് അവൾക്ക് ഇഷ്ടമില്ലായിരിക്കാം. അതിനെ മറികടന്ന് ചോദിക്കാമെന്ന് വിചാരിച്ചാൽപോലും, തന്നെ കല്യാണം കഴിക്കാമോ എന്നവൾ തിരിച്ചു ചോദിച്ചു കളഞ്ഞാൽ...! അങ്ങനെയൊരു ഭയമുണ്ട്.
അവൾ ഏതോ തരത്തിലുള്ള ബാധ അനുഭവിക്കുന്നതോടൊപ്പം അതിനെ ശിവനേസനോട് മാത്രം തുറന്നു പറയാൻ ഇഷ്ടപ്പെടുന്നതായും ചില നിമിഷങ്ങൾക്കുള്ളിൽ തന്നെ അവൻ മനസിലാക്കിയിരുന്നു.
താനൊരു ചിത്രകാരിയായി മാറിയില്ലായിരുന്നെങ്കിൽ ചിത്തരോഗിയായി മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമായിരുന്നുവെന്ന് തന്റെ ദിനക്കുറിപ്പ് പുസ്തകത്തിൽ ഫ്രിഡ കാലോ എഴുതിയിട്ടുണ്ടത്രെ. പറഞ്ഞുവരികയാണെങ്കിൽ താനും അവളെപ്പോലെയാണെന്ന് ആ ചിത്രകാരിയുമായി പല പ്രാവശ്യം ജിൽ ബ്രാഡ്‌ലി സ്വന്തത്തെ അഭിമാനത്തോടെ തട്ടിച്ചുപറയുമായിരുന്നു.
മറ്റൊരു അവസരത്തിൽ, ''അനേകം ചിത്രകാരന്മാർ മാനസികമായി തകർന്ന് ആത്മഹത്യ ചെയ്തിരിക്കുന്നത് പോലെ ഒരു ദിവസം ഞാനും അങ്ങനെയൊരു തീരുമാനമെടുക്കുമോയെന്നറിയില്ല'' എന്നു പറഞ്ഞിരുന്നു.
ഇതിനെല്ലാമപ്പുറം തമിഴ് ഭാഷയോടും തമിഴരോടും വളരെയേറെ വാത്സല്യം വെച്ചുപുലർത്തുന്നുണ്ടെന്നതിനെയും, അളവിലധികം ശിവനേസനെ സ്‌നേഹിക്കുന്നുണ്ടെന്നതിനെയും തന്റെ പ്രവൃത്തിയിലൂടെ വെളിപ്പെടുത്താൻ ആഗ്രഹിച്ചിരുന്നവളെപ്പോലെ അവൾ കാണപ്പെട്ടിരുന്നു.

ജിൽ ബ്രാഡ്‌ലി ഇപ്പോഴും അതേപോലുള്ളയൊരു മനോനിലയോടെയാണ് താനുമായി സംസാരിക്കുന്നതെന്നതിനെ തിരിച്ചറിയാൻ സാധിക്കുന്നുണ്ടെങ്കിലും, കുടിച്ചുകൊണ്ട് സംസാരിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് അവന് മനസിലായില്ല. ഈ അവസരത്തിൽ അവൾക്ക് ആശ്വാസം നല്കാൻ, അവൾ പറയുന്നതിനെ കേട്ടുകൊണ്ടിരിക്കുകയാണ് നല്ലതെന്ന് തോന്നി.
""ശരി, നിനക്കിഷ്ടമുള്ളതെന്തും സംസാരിക്കാം'' അവൻ പറഞ്ഞു.
എന്താണ് കഴിച്ചിരിക്കുന്നതെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു, അതേസമയം ചോദിക്കാൻ മടിയുമുണ്ടായിരുന്നു. സമയം പോകപ്പോകെ ഇഴഞ്ഞുനീങ്ങി പടരുന്ന ആ ലഹരി അവളുടെ കണ്ണുകളെ സ്പർശിച്ച് ഉന്മത്തമാക്കുന്നതു പോലെയുള്ളയൊരു കാഴ്ചയെ പ്രദാനം ചെയ്തിരുന്നു.
ഇടയ്ക്കിടെ അവൾ ഉറക്കെ ചിരിച്ചു. അങ്ങനെ ചിരിക്കുമ്പോൾ കൈയ്യിലുള്ള അവളുടെ ഐപാഡ് ഇളകിയതിനാൽ മുറിയിലെ ചുമരിൽ തൂക്കിയിട്ടിരുന്ന അസാധാരണമായ ചില ചായച്ചിത്രങ്ങളും കറങ്ങുന്ന ഫാനും കാണാനിടയായി. അവയിൽ ചിലത് വരച്ചു പൂർത്തിയാക്കാതെ തൂക്കിയിടപ്പെട്ടിരുന്നു.
""ഞാൻ സുന്ദരിയായിരിക്കുന്നതിനാലാണോ ശിവനേസാ നീ എന്നെ ഇഷ്ടപ്പെടുന്നത്?''
""പൂർണമായും അങ്ങനെയാണെന്ന് പറയാൻ കഴിയില്ല. നിന്റെ ചായച്ചിത്രങ്ങളെയും ഞാൻ ആസ്വദിക്കുന്നുണ്ട്''
""എന്റെ ചിത്രങ്ങളെ നീ ആസ്വദിച്ചിട്ടേയില്ലെ?''
അവൻ അല്പം മടിച്ച്, പിന്നീട് മെല്ലെ പറഞ്ഞു: ''നിന്റെ കണ്ണുകളെയും ചുണ്ടുകളെയും ആസ്വദിച്ചിട്ടുണ്ട്''
അങ്ങനെ പറയുമ്പോൾ അവളെ നോക്കാൻ ധൈര്യമില്ലാതെ അവൻ തല തിരിച്ചു.
അപ്പോൾ അവൾ താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു ചുവടുവെക്കാൻ പ്രാപ്തിയുള്ളവളെന്ന് വിശ്വസിച്ചുകൊണ്ട് യാതൊരു മുഖവുരയില്ലാതെ പൊടുന്നനെ ചോദിച്ചു:
""എന്നെ പൂർണ്ണനഗ്‌നയായി കാണാൻ ആഗ്രഹിക്കുന്നുണ്ടോ?''
ശിവനേസൻ ഒരു നിമിഷം ഞെട്ടിയെങ്കിലും നില വീണ്ടെടുത്തു. അളന്ന്... പതിയെ... ഓരോ വാക്കുകളായി ഉതിർന്ന് സംസാരിക്കുന്ന ഇവളുടെയടുത്തുനിന്നാണോ ഈ ചോദ്യമുയർന്നിരിക്കുന്നത്...!
""ജിൽ, നീ സുബോധത്തിലല്ല... നാളെ...''
അവൻ പൂർത്തിയാക്കുന്നതിന് മുൻപേ ''ശരിക്കും ആലോചിച്ചിട്ടു പറ... വേണോ...? വേണ്ടയോ?'' അവൾ ചോദിച്ചു.
ചെറുനിമിഷം പോലും വൈകിക്കാൻ ഇഷ്ടപ്പെടാതെ ഉടൻതന്നെ അവൻ ''വേണ്ടാ'' എന്നു പറഞ്ഞു.
""കാരണം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ നീ എന്നെ പ്രണയിക്കുന്നുവെന്ന് എനിക്കറിയാം''
""ശരി, നീ എന്തിനാണ് വിഭാകരനുമായി പിരിഞ്ഞത്?'' ശിവനേസൻ വിഷയം മാറ്റാനായി ശ്രമിച്ചു.
ഒരു പ്രാവശ്യം ശ്വാസം ആഴത്തിൽ ഉള്ളിലേക്കെടുത്ത് അവൾ പുറത്തേക്ക് വിട്ടു.
""അവൻ തമിഴനാണെന്നതിനാൽ... അങ്ങനെയല്ലെങ്കിൽ അവൻ ജാഫ്‌നക്കാരനായിരുന്നതിനാൽ''
""എന്തായാലും നിനക്ക് ഓടിപ്പോകാൻ പറ്റുമായിരുന്നല്ലോ?''
''എന്റെ പിതാവ് തേടിപ്പിടിച്ച് ഞങ്ങളെ കത്തിച്ച് ചാമ്പലാക്കുമായിരുന്നു. അല്ലെങ്കിൽ കുടുംബത്തോടൊപ്പം വീടിന് തന്നെ തീവെക്കുമായിരുന്നു''
""അതുകഴിഞ്ഞും അവനെ സ്‌നേഹിച്ചുകൊണ്ടിരുന്നുവോ?''
""അപ്പോൾ അവൻ ജീവനോടെ ഇല്ലായിരുന്നുവെന്ന് കരുതിയിരുന്നു.''
""കരുതിയിരുന്നുവെന്ന് വെച്ചാൽ?!'' ശിവനേസന് ഒന്നും മനസിലായില്ല.
""എന്റെ കല്യാണത്തിന് ശേഷം പുലികളുടെ ഇയക്കത്തിൽ ചേരുന്നതായി അവൻ വിവരമറിയിച്ചിരുന്നു''
ഏകദേശം അവൾ പറയുന്നതിനെ ശിവനേസന് മനസിലാക്കാൻ സാധിച്ചു.
""അപ്പോൾ യുദ്ധമൊടുങ്ങാൻ പോകുന്നതായി വിചാരിച്ചു. ഏതാണ്ട് ഈഴം പൂർണമായും തങ്ങളുടെ അധീനതയിലായെന്ന് ഞങ്ങളുടെ വംശം ആഘോഷപ്പൊലിമയുമായി കിരിബാത്ത് വിതരണം ചെയ്യാൻ തുടങ്ങി''
ശിവനേസന് ആ സന്ദർഭത്തെ അങ്ങനെത്തന്നെ അനുഭവിക്കാൻ കഴിഞ്ഞു. അവൻ അവളുടെ കണ്ണുകളെ തന്നെ നോക്കിക്കൊണ്ടിരുന്നു.
""ആ പരിപാടികളിലെല്ലാം സജീവമായി നേതൃത്വം വഹിച്ച ആളായിരുന്നു എന്റെ പിതാവ്. നിങ്ങളുടെ നേതാവിന്റെ ഒരു പാവരൂപമുണ്ടാക്കി എല്ലാവരും ഒരുമിച്ചുകൂടി ഞങ്ങളുടെ വീട്ടുമുറ്റത്താണ് കത്തിച്ച് ഭസ്മമാക്കിയത്. ആ പാവരൂപം എരിഞ്ഞടങ്ങുന്നതുവരെ എല്ലാവരും അതിനെ വലംവെച്ച് ആടിക്കളിച്ചിരുന്നു.''
""നീയും സന്തോഷപ്പെട്ടിരുന്നോ?''
""അതിനെക്കുറിച്ച് പറയാൻ എനിക്കറിയില്ല. എന്നാൽ വിഭാകരൻ ആ യുദ്ധക്കളത്തിലുണ്ടായിരുന്നുവെന്ന് എനിക്കറിയാമായിരുന്നു. പുറത്തു കാണിക്കാൻ കഴിയാതെ എന്റെ ഹൃദയം നീറിയിരുന്നു''
ഏറെക്കുറെ അവൾ സംസാരിച്ചുകൊണ്ടുതന്നെ കരയുവാൻ തുടങ്ങി. കണ്ണുകളെ തുവാലയാൽ മൃദുവായി തുടച്ചുകൊണ്ട് അവൾ വീണ്ടും തുടർന്നു. അവളുടെ കൺമഷി ചെറുതായി പടർന്നിരുന്നു.
""ഞങ്ങളുടെ ഗ്രാമം മുഴുവനും പടക്കത്തിന്റെ ശബ്ദത്തിൽ നടുങ്ങുംവിധം ആഹ്‌ളാദത്തിൽ മുഴുകി. തെമലു പരാതായ്... തെമലു പരാതായ്... എന്നു വിളിച്ചു പറഞ്ഞ് ആഘോഷിച്ചുകൊണ്ടിരുന്നു. സന്തോഷം വെളിപ്പെടുത്താൻ മടിച്ച തമിഴരായ കുറച്ച് അയൽവാസികളെ 'നീ പുലിയാണോ?' എന്നു ചോദിച്ച് ചോദിച്ച് അടിച്ചവശരാക്കിയിരുന്നു.''
""നിന്റെ സാഹചര്യത്തെക്കുറിച്ച് ധാരണയുണ്ടായിട്ടും നീ എന്തിനാണ് വിഭാകരനെ തെരെഞ്ഞെടുത്തത്?''
അവളുടെ മറുപടിക്കായി ശിവനേസൻ ആകാംക്ഷയോടെ കാത്തിരുന്നു. അവൾ അതിനുള്ള മറുപടി തരാതെ തന്റെ പാട്ടിന് പറഞ്ഞുകൊണ്ടേയിരുന്നു.
""അപ്പോൾ നാടിന്റെ മുഴുവൻ ഉടമസ്ഥവകാശവും സ്വന്തമായതായി പ്രഖ്യാപിച്ചിരുന്നു. എന്റെ ജീവൻ ഊഞ്ഞാലാടിക്കൊണ്ടിരുന്നു. എന്റെയുള്ളിലുള്ള ക്ഷോഭത്തിന്റെ തരി പോലും പുറത്തു കാണാൻ പാടില്ലായെന്നവിധം വളരെ ശ്രദ്ധയോടെയാണ് പെരുമാറിയത്. അന്നത്തെ ദിവസം ഞങ്ങളുടെ വീട്ടിലെ ആഘോഷം എന്റെ ഭർത്താവാണ് ഏർപ്പാട് ചെയ്തത്. ഞാൻ സ്വന്തം കൈകൾകൊണ്ട് ഇറച്ചിക്കഷ്ണങ്ങളിൽ മസാല പുരട്ടി പൊരിച്ചെടുത്ത് സന്തോഷത്തോടെ വിളമ്പുന്നതായി നടിച്ചു. തെരുവിൽ എല്ലായിടത്തും കൊടികൾ പറപ്പിച്ചുകൊണ്ടുള്ള ഹർഷാരവത്തിൽ ആളുകൾ ഉറങ്ങാൻ മറന്നുപോയിരുന്നു.''
പെട്ടെന്ന് ആരോ ഉച്ചത്തിൽ വിളിക്കുന്നതുപോലുള്ള ശബ്ദം കേട്ടു. അല്പനേരത്തിനുള്ളിൽ തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് അവൾ വീഡിയോ കോൾ മുറിച്ചു.

ശിവനേസൻ കട്ടിലിലേക്ക് ചാരിക്കിടന്നുകൊണ്ട് കണ്ണുകൾ മൂടി. വിഭാകരന്റെ ആകാരത്തെ ചിന്തയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു. ഏകദേശം അവൻ തന്നെപ്പോലെ തന്നെയായിരിക്കണമെന്ന് തോന്നി. ഒരവസരത്തിൽ തന്റെ രൂപം തന്നെ നിഴലായി പ്രത്യക്ഷപ്പെടാൻ തുടങ്ങിയതായും അവനു തോന്നി. താൻ തികഞ്ഞയൊരു കാമുകനായി മാറി അവളെ അങ്ങനെത്തന്നെ ഏറ്റെടുത്താലോയെന്നും ആലോചിച്ചു.
കനത്തയൊരു വികാരം വലിഞ്ഞുമുറുക്കുന്നതായ അനുഭവം അവനുണ്ടായി. പിന്നീട് എന്തോ ആലോചിച്ചുകൊണ്ട് മൊന്തയിലുണ്ടായിരുന്ന അല്പം വെള്ളം ഒറ്റയിരിപ്പിൽ കുടിച്ചു. കഴുത്ത് വളച്ച് അവൻ തിരുമ്മികൊണ്ടിരുന്നു. മൊത്തത്തിൽ ആശയകുഴപ്പത്തിലായിരുന്നു. തലവേദനിക്കുന്നതായും അവന് തോന്നി. അവൾ തിരിച്ചുവിളിക്കുന്നതുവരെ ഫോണിനെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
കൃത്യം പത്തുമിനിറ്റിനു ശേഷം അവൾ വീണ്ടും വിളിച്ചു.
""ക്ഷമിക്കണം'' അവൾ പറഞ്ഞു.
ഇംഗ്ലീഷുകാരുമായി കൂടുതൽ ഇടപഴകുന്നതിനാൽ അവരുടേതായ ശീലങ്ങൾ അവളിൽ കിടപ്പുണ്ടായിരുന്നു.
ശിവനേസൻ ബാക്കി കഥ കേൾക്കാൻ ധൃതിയുള്ളതായി താൽപര്യം പ്രകടിപ്പിച്ചു.
""നീ ചിത്രകാരനായ വാൻഗോഗിനെപ്പറ്റി കേട്ടിട്ടുണ്ടോ?'' അവൾ ചോദിച്ചു.
കരുതിക്കൂട്ടി അവൾ വിഷയത്തിൽനിന്ന് വ്യതിചലിച്ച് സംസാരിക്കാൻ ശ്രമിക്കുന്നതായി തോന്നി.
""എന്തിനാണ് നീ ഭർത്താവുമായി പിരിഞ്ഞതെന്ന് പറ''
""ഒരവസരത്തിൽ എന്റെ പ്രണയത്തെക്കുറിച്ചറിയാൻ അവനിടയായി. ഒരു തമിഴനെയാണോ സ്‌നേഹിച്ചതെന്ന് ചോദിച്ച് തീർത്തും മര്യാദയില്ലാത്ത വാക്കുകളാൽ തുടരെ പരിഹസിച്ചുക്കൊണ്ടേയിരുന്നു. തമിഴർക്ക് എതിരായി എല്ലാവിധത്തിലുള്ള ഗൂഢപ്രവൃത്തികളിലും ആവേശത്തോടെ ഏർപ്പെടാൻ തുടങ്ങി. അതിനെക്കുറിച്ച് സംസാരിക്കാനായി സുഹൃത്തുക്കളെ ദിവസവും വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. കൂടാതെ ഒരു തമിഴനെ സ്‌നേഹിക്കുകയെന്നുവെച്ചാൽ മഹാവിഡ്ഢിത്തമാണെന്ന് പറഞ്ഞ് ഇടയ്ക്കിടെ കളിയാക്കി ചിരിച്ചുകൊണ്ടുമിരുന്നു.''
ശിവനേസൻ അനങ്ങാതെ കേട്ടുകൊണ്ടിരുന്നു.
""എല്ലാ സിംഹളരും ചീത്ത മനുഷ്യരാണെന്ന് നീ വിചാരിക്കുന്നുണ്ടോ?''
""ഇല്ല. നീയും സിംഹളക്കാരിയാണല്ലോ!''
""നീ അതു ശരിക്കും തിരിച്ചറിയണം. തമിഴരെ മനസിലാക്കിയ ധാരാളം സിംഹളരുണ്ടായിരുന്നു. അവരെ ശ്രദ്ധിക്കാൻ നിങ്ങൾ വിട്ടുപോയിരുന്നു. അതുപോലെ അവരുമായി ഇടപഴകാനുള്ള അവസരങ്ങളെ നീങ്ങൾ കരുതികൂട്ടി തന്നെ ഒഴിവാക്കുന്നു.''
""മ്... ചിലപ്പോൾ നീ പറയുന്നത് ശരിയായിരിക്കാം'' അവൻ പറഞ്ഞു.
""എന്നാൽ, എന്റെ ഭർത്താവ് എന്റെ അച്ഛനെപ്പോലെ ചീത്തയാളായിരുന്നു. തമിഴരോട് തീർത്തും വിദ്വേഷം പ്രകടിപ്പിച്ചു. അവന്റെ അഭിപ്രായങ്ങളെ എനിക്ക് അംഗീകരിക്കാൻ സാധിക്കത്ത ഒരു സന്ദർഭത്തിൽ ഞാൻ അവനെ ഉപേക്ഷിച്ചു. നേരത്തെ ഞാൻ പറഞ്ഞതുപോലെ ഫ്രിഡ കാലോയായി ജീവിതത്തെ തന്നെ സ്‌നേഹിക്കാൻ തുടങ്ങി.''
""ഒരു പുനർവിവാഹത്തെക്കുറിച്ച് നീ ആലോചിച്ചിരുന്നില്ലേ?''
""ഇല്ല. ഞാൻ വിഭാകരനുമായി ഒരു സ്വപ്നജീവിതം നയിക്കുകയാണ്. അത് സ്വാഭാവികമായി എനിക്ക് സാധ്യമാവുന്നു. ഏകദേശം മൂന്നു വർഷമായി... അവന് എന്നോടു സംസാരിക്കാൻ പറ്റുന്നു. എനിക്ക് തുണയായിരുന്നുകൊണ്ട് ചിത്രം വരയ്ക്കാൻ സാധിക്കുന്നു. ചിലപ്പോൾ ഞാനുമായി സംയോഗത്തിലേർപ്പെട്ട് സന്തോഷിപ്പിക്കാൻ കഴിയുന്നു.''
ശിവനേസൻ ഒന്നും മിണ്ടാതെയിരുന്നു.
""നീ ഭയപ്പെടുന്നുണ്ടോ?''
""ഇല്ല. എന്നാൽ എന്തുകൊണ്ടാണ് നിന്റെ പേരു മാറ്റിയതെന്ന് പറഞ്ഞില്ലല്ലോ?''
""വിഭാകരൻ എന്നെ വാത്സല്യത്തോടെ 'ജിൽ' എന്നായിരുന്നു വിളിച്ചു ശീലിച്ചിരുന്നത്. അതുകൂടാതെ യഥാർത്ഥ ലോകത്തിനപ്പുറമുള്ളതിനെ കാണുന്നതിനെയാണല്ലോ സർറിയലിസം എന്നു വിളിക്കുന്നത്. ആ സിദ്ധാന്തത്തിന് തെളിവായി ഡാലിയുടെ ചിത്രങ്ങൾ മാത്രമാണുള്ളതെന്ന് വിശ്വസിക്കാൻ തുടങ്ങിയിരുന്നു. തുടർന്നും ഡാലിയുടെ പാതയെ പിൻപറ്റി സ്വന്തമായ ഒരു ആന്തരികലോകത്തെയും ഞാൻ രൂപപ്പെടുത്തി. ഇവ രണ്ടുംതന്നെ എന്റെ ജീവിതവുമായി ഒന്നുചേർന്നതിനാൽ അദ്ദേഹത്തിന്റെ പേരിന്റെ പകുതിയെ എന്റെ പേരുമായി ചേർക്കണമെന്ന് ആഗ്രഹിച്ചു. അതിനെ ഒരല്പം മാറ്റം വരുത്തി ജിൽ ബ്രാഡ്‌ലി എന്നാക്കി.''

വീണ്ടും അവൾ ""പേടി തോന്നുന്നുവോ'' എന്നു ചോദിച്ചാൽ ""അതേ''യെന്ന് പറയണമെന്നപോലെ അവന് തോന്നി. എന്നാൽ അവൾ അങ്ങനെ ചോദിക്കാതെ തന്റെ സ്വാഭാവികമായ അവസ്ഥയെ താണ്ടി സംസാരിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്കിടെ അവളുടെ കണ്ണുകൾ അനിച്ഛാപൂർവമായി അടച്ചു തുറക്കുന്നതായി കണ്ടു.
പെട്ടെന്ന് ചെറുതായി കുനിഞ്ഞ് കണ്ണുകൾ വിടർത്തിക്കൊണ്ട് ""ഇന്നലെ വിഭാകരൻ എന്നോട് ശരിക്കും സംസാരിച്ചിരുന്നു. അറിയാമോ... !''എന്നു പറഞ്ഞു.
അവൻ അപ്പോഴും മൗനത്തിലാണ്. ചെറിയൊരു ഞെട്ടൽ തോന്നി.
""അവൻ ജീവനോടെയുണ്ടെന്ന കാര്യം നിനക്ക് നേരത്തെയറിയാമോ?''
ഇല്ലായെന്ന് അവൾ തലയാട്ടി.
""അമേരിക്കയിലാണ് അവൻ കഴിയുന്നത്. അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ ശ്രീലങ്കയിലേക്ക് വരുന്നുണ്ടത്രേ''
""ഹാ... പിന്നെന്താണ് വേണ്ടത്...? നിനക്കിഷ്ടമുള്ള ജീവിതം ജീവിക്കാൻ പോകുന്നുവെന്ന് പറ''
""അത് തന്നെയാണ് പറ്റാത്തതും''
""എന്തുകൊണ്ട്?'' ശിവനേസന് അല്പം ശുണ്ഠി തോന്നി.
""അതുവിട്. വാൻഗോഗ് എന്നൊരു ചിത്രകാരൻ വിസ്മയിപ്പിക്കുംവിധം ആസ്വദിച്ച് ആത്മഹത്യ ചെയ്ത കഥ നിനക്കറിയാമോ?''
ദേഷ്യം പുറത്തു കാണിക്കാതിരിക്കാൻ ശിവനേസൻ നന്നേ പാടുപെട്ടു. ഇവളെന്തിനാണ് ആവശ്യമില്ലാതെ ഇടയിൽ വാൻഗോഗിനെ വലിച്ചിഴച്ചുകൊണ്ടുവരുന്നത്?
വാൻഗോഗിനെക്കുറിച്ച് അവൾ എന്തൊക്കെയോ പറയാൻ തുടങ്ങി. അവന് അതിൽ അത്ര താല്പര്യമുണ്ടായിരുന്നില്ല. കേട്ടിട്ടും കേൾക്കാത്തവനെപ്പോലെ ''വിഭാകരൻ വന്നാൽ അവന്റെ കൂടെ ജീവിക്കുന്നതിൽ ബുദ്ധിമുട്ടെന്താണ്?'' എന്നു ചോദിച്ചു.
""നീണ്ടകാലമായി ഞാനെന്റെ ചിത്രങ്ങളോടും വിഭാകരന്റെ മായികരൂപത്തോടുമൊപ്പം ജീവിച്ച് ശീലിച്ചുപോയി. അടുത്തു വരാൻ പോകുന്ന പെട്ടെന്നുള്ളൊരു മാറ്റത്തെ... അല്ലെങ്കിൽ ഒരു യഥാർത്ഥ്യത്തെ എന്നെക്കൊണ്ട് ഉടനെ സ്വീകരിക്കാൻ സാധിക്കില്ല ശിവനേസാ... അത് നിനക്കറിയില്ല, വിട്ടുകള'' അവൾ പറഞ്ഞു.
അവൻ ആവർത്തിച്ച് അതുതന്നെ ചർച്ച ചെയ്തു.
""സ്‌നേഹിക്കുന്ന ആളെ മനസ്സോടെ സ്വീകരിക്കുന്നതല്ലേ നിയമം?''
""അല്ല. ഭാവനയെ എല്ലാവിധ നിയന്ത്രണങ്ങളിൽനിന്നും സ്വതന്ത്രമാക്കി തന്നിഷ്ടപ്രകാരമുള്ള ആവിഷ്‌കാരം അനുഭവിച്ച്... തങ്ങളുടെ അടയാളങ്ങളെ മായ്ച്ച്... മനസിന്റെ അനിയന്ത്രിതമായ ആവിഷ്‌കാരത്തിന് സഹായകമായ ഒരു മായിക ജീവിതം ജീവിച്ച് ശീലിച്ച ഒരാൾക്ക് അതിൽനിന്ന് കരകയറുക എളുപ്പമല്ല. കൂടാതെ എനിക്കിപ്പോൾ മയക്കം വരുന്നതായും തോന്നുന്നു.''
""നിനക്കിപ്പോൾ വിശ്രമമാണ് വേണ്ടത്. കിടന്നോളൂ''
""ഇല്ല. എനിക്ക് ഇനിയും കുറച്ച് സംസാരിക്കാനുണ്ട്. ക്ഷമിക്കൂ''
അവൾ തന്റെ ഇരുകൈകൾകൊണ്ടും ഒപ്പി മുഖം തുടച്ചു.
""എനിക്കിഷ്ടമുള്ള വിഷയമായ ചിത്രരചന കഴിഞ്ഞാൽ അടുത്തയിഷ്ടം അടുപ്പമുള്ള ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കുകയെന്നതാണ്. വിചാരിച്ച നിമിഷങ്ങളില്ലാം വിഭാകരനുമായി എനിക്ക് സംസാരിക്കാൻ കഴിയുമായിരുന്നുവെങ്കിലും അവന്റെ വ്യാജരൂപം ഒരിക്കലും എനിക്ക് മറുപടികൾ തന്നില്ല. അത് നിന്നെക്കൊണ്ട് സാധ്യമായിരുന്നു. അതിനാൽ നിന്നോട് എനിക്ക് നന്ദിയുണ്ട്.''
""ഭക്ഷണം കഴിച്ചോ?'' അവൻ ചോദിച്ചു.
""ഇല്ല, എനിക്ക് വിശപ്പില്ല. ഞാൻ നിനക്കൊന്നു കാണിച്ചു തരാൻ പോവുകയാണ്. നോക്ക്...''
അരികിലുണ്ടായിരുന്ന പകുതി വരച്ച ഒരു ചിത്രമെടുത്ത് അവൾ കാട്ടി. അത് വെറുമൊരു കറുപ്പുവെള്ളച്ചിത്രമായിരുന്നു. അന്തരത്തിൽനിന്ന് വെള്ളം ചിതറിക്കൊണ്ടിരുന്നു. ഒരു കുതിര ആകാശത്തിലൂടെ പറക്കുന്നതായും ... ചന്ദ്രൻ കഷ്ണങ്ങളായി പറന്ന് കുറച്ചു ദൂരം കഴിഞ്ഞ് പക്ഷികളായി രൂപാന്തരം പ്രാപിക്കുന്നതുമായിരുന്നു ആ ചിത്രം. ബാക്കി ഭാഗം വരയ്ക്കാതെ വിട്ടിരുന്നു.
""ഇപ്പോൾ ഈ ചിത്രത്തെ മുഴുമിപ്പിക്കാൻ ആഗ്രഹിക്കുന്നു''
""വേണ്ട ജിൽ. നീ വിശ്രമിക്കണം'' അവൻ പറഞ്ഞു.
അവൾ ശരീരം കുലുക്കി ഒരു തവണ ഉറക്കെ ചിരിച്ചു. വീണ്ടുമൊരു പ്രാവശ്യം ജിൽ എന്നു വിളിക്കാൻ ആവശ്യപ്പെട്ടു.
""ജിൽ...''
""ഒരിക്കൽ കൂടി''
അവൻ വികാരഭരിതനായി ''ജിൽ...'' എന്നു വിളിച്ചു.
അവൾ കണ്ണുകൾ മൂടി അത് അനുഭവിച്ചു കേട്ടു.
""അവസാനമായി ഒന്നൂടെ വിളി''
""ജിൽ...''
അവൾ കരഞ്ഞുകൊണ്ടിരുന്നു. ''നന്ദി'' എന്നു വീണ്ടുമൊരു തവണ പറഞ്ഞ് അവൾ വീഡിയോ കോൾ മുറിച്ചു.
താൻ ഇപ്പോൾ ഏത് മാനസികാവസ്ഥയിലാണുള്ളതെന്നു തന്നെ ശിവനേസന് മനസിലായില്ല. ഫോൺ ഒരു ഭാഗത്തേക്ക് വീശിയെറിഞ്ഞ് പൊത്തോയെന്ന് കട്ടിലിലേക്ക് വീണു. തുറന്നു കമിഴ്ത്തി വെച്ചിരുന്ന ദസ്തയോവ്‌സ്‌കിയുടെ നോവലിനെ മേശപ്പുറത്തേക്കെറിഞ്ഞു. മുറി മുഴുവനും നിറഞ്ഞുകിടന്നിരുന്ന ജിൽ ബ്രാഡ്‌ലിടെ രൂപത്തെ കാണാൻ കഴിയുന്നുണ്ടോയെന്ന് ചുറ്റുമൊന്നു തേടാൻ ശ്രമിച്ച ശേഷം അവളെ കെട്ടിപ്പിടിച്ച് ഉറങ്ങുന്നതായി സങ്കല്പിച്ച് അവൻ ഉറക്കത്തിലേക്ക് പോയി.
മൂന്നു മണിക്കൂറുകൾക്ക് ശേഷം വിയർത്ത് വിശന്നു ക്ഷീണിച്ച മോശമായ മനസികാവസ്ഥയുമായി ഉണർന്നു. ദേഹാസകലം വിയർപ്പുതുള്ളികൾ പൊടിഞ്ഞിരുന്നു. ജിൽ ബ്രാഡ്‌ലി സംസാരിച്ചതെല്ലാം വീണ്ടും അവന്റെ ഓർമയിലേക്ക് വരാൻ തുടങ്ങി. അവൾ വാൻഗോഗിന്റെ ആത്മഹത്യയെക്കുറിച്ച് എന്തോ പറഞ്ഞിരുന്നുവല്ലോ...! തല പിടിച്ചു ഞെരുക്കിക്കൊണ്ട് ആലോചിച്ചു.
""വാൻഗോഗ് അത്യാസക്തിയോടെ ചിത്രം വരയ്ക്കാൻ തുടങ്ങി അല്പ സമയത്തിനുള്ളിൽ, താനറിയാതെ തന്നെ മരണത്തിന്റെ നിഴലുകൾ തന്റെ മീതെ ഇഴഞ്ഞുനീങ്ങുന്നതായി അനുഭവിച്ചത്രെ. അപ്പോൾ അവിടെ താനൊഴിച്ച് മറ്റാരുമില്ലെന്ന് മനസിലാക്കിയ മറുനിമിഷം, ചിത്രം വര നിർത്തിവെച്ച് ദീർഘമായി ശ്വാസമെടുത്ത് ചില ചുവടുകൾ നടന്നു ചെന്ന് ഒരു മരത്തിന് പിന്നിലായി ഒളിച്ചുകൊണ്ട് തോക്കിന്റെ വായ നെഞ്ചിലടുപ്പിച്ച് സ്വയം കൊല ചെയ്തുവത്രെ. വാൻഗോഗിന്റെ ശരീരത്തിൽനിന്നും സ്രവിക്കുന്ന രക്തം നിലക്കാത്തപ്പോഴും അദ്ദേഹം അതിയായ ആഗ്രഹവുമായി ആടിയുലഞ്ഞുകൊണ്ട് വീണ്ടും ചിത്രം വരയ്ക്കാനായി ആയിടത്തേക്ക് തന്നെ തിരിച്ചു ചെന്നുവത്രെ... ഇങ്ങനെ വാൻഗോഗിനെപ്പോലെ മരണത്തെ ആസ്വദിച്ചനുഭവിച്ച് പുല്കുന്നത് കഠിനമായിരിക്കുമല്ലേ?'' അവൾ ചോദിച്ചിരുന്നു.
അതിന് അവൻ ''എന്തുകൊണ്ട്'' എന്നു ചോദിച്ചതായി ഓർക്കുന്നു.
""ആരുമില്ലാത്ത ഒരിടത്ത് ഒളിച്ചിരിക്കുയയെന്നതും താനറിയാതെ ഒരാൾ സ്വയം വെടിവെച്ച് മരിക്കുന്നതും ആശ്ചര്യമാണെന്നല്ലാതെ അത്തരമൊരു അനുഭവം നിറവേറ്റാൻ എന്റെ പക്കൽ തോക്കില്ലല്ലോ'' എന്നു പറഞ്ഞിരുന്നു. അതുകഴിഞ്ഞ് ' തോക്കിലൂടെ മാത്രമേ മരണത്തെ വരിക്കാൻ സാധിക്കൂ എന്നില്ലല്ലോ'' എന്നു പറഞ്ഞ് ഉറക്കെ ചിരിച്ചിരുന്നു.
ശിവനേസന്റെ മനസ് പിടയ്ക്കാൻ തുടങ്ങി. ഹൃദയം പതിന്മടങ്ങ് വേഗത്തിൽ തുടിക്കുന്നതായി തോന്നി. പരിഭ്രാന്തനായി എഴുന്നേറ്റ് ഫോൺ തിരഞ്ഞു. അവളുടെ നമ്പർ വേഗത്തിൽ അമർത്തി ബന്ധപ്പെടാൻ ശ്രമിച്ചു. അവന്റെ കൈകൾ നടുങ്ങാൻ തുടങ്ങിരുന്നു. ▮

*തെമലു പരാതായ് - തമിഴൻ തോറ്റുപോയി.


എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമീള പ്രദീപൻ

ശ്രീലങ്കൻ തമിഴ് എഴുത്തുകാരി. കിഴക്കൻ ശ്രീലങ്കയിലെ അമ്പാറ ജില്ലയിലെ പൊത്തുവിൽ എന്ന സ്ഥലത്താണ് ജനിച്ചത്. 2007-ൽ പ്രസിദ്ധീകരിച്ച ‘പീലിക്കരൈ' എന്ന കഥാസമാഹാരത്തിലൂടെ ശ്രദ്ധ നേടി. 2017 ൽ ആദ്യ നോവൽ ‘കട്ടുപൊൽ' പ്രസിദ്ധീകരിച്ചു. ഇപ്പോൾ കൊളംബോ നല്ലയൻ ഗേൾസ് മഹാ വിദ്യാലയത്തിൽ ഇംഗ്ലീഷ് അധ്യാപിക.

Comments