ചിത്രീകരണം : ദേവപ്രകാശ്

ഥ പിറക്കുന്നതെങ്ങനെ എന്ന വിഷയത്തെക്കുറിച്ച് ഇരുപത് മിനുട്ട് സംസാരിക്കേണ്ടിയിരുന്നു.
ഉച്ച മയക്കം വരുന്ന നേരം.
ആയിരങ്ങൾ ഒത്തുകൂടിയ സദസ്സ്.
"കഥ പിറക്കുന്നതല്ല, അതിനെ ജനിപ്പിക്കാനും സാധ്യമല്ല. അത് ഉണ്ടായിരിക്കും, തൊട്ടാൽ കിട്ടും. തന്ത്രം, മന്ത്രം, ഏലസ്സ് എന്നിങ്ങനെയെല്ലാം മനസ്സിൽവെച്ചുകൊണ്ട് എഴുതാൻ പുറപ്പെട്ടാൽ പിറക്കുന്ന കഥയ്ക്ക് തലയുമുണ്ടായിരിക്കില്ല വാലുമുണ്ടായിരിക്കില്ല.
വലിയ കുമ്പളങ്ങയെപ്പോലെ അതിന്റേതായ സമയത്ത് മാത്രം സംഭവിക്കും.
അതെഴുതുകയെന്നത് വിരസമാണ്, വായിക്കുകയെന്നാൽ അതിനേക്കാൾ മുഷിപ്പുണ്ടാക്കുന്നതും.
ഒരുപക്ഷേ കഥയെക്കുറിച്ച് ഇങ്ങനെയെല്ലാം ഘോഷിച്ചു കൊണ്ടിരിക്കുന്നതും വിരസതയുണ്ടാക്കും.
അതൊന്നും വേണ്ട. "ഒരു കഥ തന്നെ ഇവിടെ പറഞ്ഞു കളയാം' എന്ന് ഞാനൊരു കഥ പറഞ്ഞു. അന്ന് പറഞ്ഞ ആ കഥയെ അല്പസ്വല്പം ഓർമയിൽ നിന്ന് ചികഞ്ഞെടുത്തുകൊണ്ട് ഇവിടെ എഴുതുകയാണ്.

മിക്കവാറും അതൊരു ഏപ്രിൽ മാസത്തിലെ പൗർണമി രാത്രിയായിരുന്നു. ആകാശത്ത് വലിയ ഓറഞ്ചുപോലെ തൂങ്ങിക്കിടക്കുന്ന ചന്ദ്രൻ.
മംഗലാപുരത്തെ ആ ചൂടുള്ള ഇരുട്ടിൽ ഒരുപക്ഷേ അതുപോലും വിയർക്കുന്നുണ്ടാകും. രാത്രി പത്തര മണി നേരത്ത് പുറപ്പെട്ട ബസ്​, ബി.സി. റോഡും കടന്ന് മാണിയും പിന്നിട്ട് പുത്തൂരിലെത്തിച്ചേർന്നതും കാറ്റ് മെല്ലെ വീശാൻ തുടങ്ങി. ആ നിലാവും കുറച്ചു സമാധാനപ്പെടുന്നതുപ്പോലെ തോന്നിച്ചു.
ചോദിക്കാതെയും പറയാതെയും പൊടുന്നനെ ബസ്സും പിടിച്ച് മൈസൂരിലേക്ക് പുറപ്പെട്ടതാണ് ഞാൻ. വെളുപ്പിന് അഞ്ചുമണി നേരത്ത് ബസ്​ മൈസൂരിലെത്തിച്ചേരും. ബസ്സിറങ്ങി അര മണിക്കൂർ നടന്നാൽ എന്റെ ജീവിതസഖിയുടെ വാടകവീട്.
ജീവിതത്തെ അലക്കിത്തോർത്തി ഒരു നീളൻ തത്തക്കുഞ്ഞിനെപ്പോലെ പ്രാണനും വിട്ട് അവൾ ഉറങ്ങുന്നുണ്ടാവും. ഇന്നല്ലെങ്കിൽ നാളെയെങ്കിലും നിന്നെ കല്യാണം കഴിക്കും, അതുവരെ എങ്ങനെയെങ്കിലും നീ സ്വന്തത്തെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കൂ, അതു കഴിഞ്ഞ് നമ്മുടെ ജീവിതം മംഗളമാകുമെന്ന് നീണ്ട കത്തുകളെഴുതി അതിൽ ചുംബനമഴകൾ ചൊരിഞ്ഞ് തപാലയക്കുമായിരുന്നു. അതിന് അവളുടെ മറുപടിയും അങ്ങനെത്തന്നെ. ഞാൻ നൂറു മുത്തങ്ങളെന്നെഴുതിയാൽ അവൾ ഇരുന്നൂറോ മുന്നൂറോ മുത്തങ്ങളെന്നെഴുതി തിരിച്ചയയ്ക്കുമായിരുന്നു. അവൾക്കില്ലാത്ത ഒരു സങ്കടത്തെപ്പറ്റി ഞാനെഴുതിയാൽ അവൾ അതിന്റെ അച്ഛനെപ്പോലൊത്ത പത്തു സങ്കടങ്ങൾ എഴുതി വയ്ക്കുമായിരുന്നു. ഒറ്റ ദിവസം ഒരു യുഗവേഗത്തിൽ മറഞ്ഞു പോകുന്നു, ഞാൻ കിഴവിയാകുന്നതിനു മുമ്പായി എന്നെ വിളിച്ചുകൊണ്ടു പോകൂ എന്നാണ് അവളുടെ സംബോധന. അയ്യോ ദൈവമേ... നീ എന്നെക്കാളും നാലു മാസം ഇളയതാണ്, അങ്ങനെയൊന്നും നടക്കാതിരിക്കട്ടെ. ഞാനിപ്പോൾത്തന്നെ കിഴവനെപ്പോലെയായി മാറിയിട്ടുണ്ട്. എന്നാൽ എന്റെ മാതാപിതാക്കൾ ഞാനിപ്പോഴും ചെറിയകുട്ടിയാണെന്നാണ് കരുതിക്കൊണ്ടിരിക്കുന്നത്. പറഞ്ഞാൽ തല്ലുമെന്നുറപ്പാണ്. കുറച്ചു നാളത്തേക്ക് സഹിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

എത്ര കാലം വേണമെങ്കിലും സഹിക്കാം.
എന്നാൽ നാളെ വെളുക്കുന്നതിനു മുമ്പ് നിന്റെ മുഖം കണ്ടില്ലെങ്കിൽ ഞാൻ ക്ഷീണിച്ച് ക്ഷീണിച്ച് മരിച്ചു പോകും. ഇവിടെ എല്ലാം വരണ്ടുണങ്ങിയതുപോലെ തോന്നുന്നു. എന്റെ ഹൃദയമിടിപ്പ് ഞാൻ തന്നെ കേട്ട് രാത്രി ഉറക്കമുണരും. അന്നേരം ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ എന്നെപ്പോലെ ഏകാകിയായി കിടക്കുന്ന പാരിജാതം. നിന്റെ ഓർമ്മ വരുന്നു, വാ എന്ന് അവൾ എഴുതിയിരുന്നു.

അവൾ പാരിജാതമെന്ന് പറഞ്ഞ നിമിഷം എന്റെ ജീവൻ തന്നെ സട കുടഞ്ഞെണീറ്റപോലെ തോന്നി.
അവൾ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുമ്പിൽ ആരോ നട്ടുപിടിപ്പിച്ച ഒരു പാരിജാതം. പാതിരാ നേരത്ത് പരക്കുന്ന അതിന്റെ പരിമളം. പ്രഭാതത്തിൽ തലകീഴായി മഞ്ഞുകണങ്ങൾക്കുമേലെ വീണുകിടക്കുന്ന അവയെ പെറുക്കി ഉറക്കം കഴിഞ്ഞ അവളുടെ പാദങ്ങളിൽ ചൊരിയുമായിരുന്നു. എല്ലാ തെറ്റുകളും പൊറുക്കണമെന്നപോലെ. ആ സുഗന്ധം മണത്ത് അവൾ ഉണരുമായിരുന്നു. എഴുന്നേറ്റ അവളുടെ ശരീരത്തിൽ നിന്ന് അനേകായിരം പാരിജാതങ്ങളുടെ വാസന. വീണ്ടും ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് പതിക്കാൻ ഞങ്ങൾക്ക് ആ ഗന്ധം മാത്രം മതിയായിരുന്നു.

സന്തോഷം തോന്നുമായിരുന്നു.
മൈസൂരിൽ ബസ്സിറങ്ങി അരമണിക്കൂർ നിലാവെളിച്ചത്തിൽ നടന്ന് പാരിജാതത്തിന്റെ ചുവട്ടിൽനിന്ന് പൂക്കൾ പെറുക്കി കതകു തുറക്കുന്ന അവളുടെ പാദങ്ങളിൽ ചൊരിഞ്ഞ് ആലസ്യതയിൽ കോട്ടുവായിടുന്ന കുഞ്ഞിന്റേതുപോലുള്ള അവളുടെ കവിളിൽ എന്റെ തണുത്ത കൈകുമ്പിൾ കൊണ്ടമർത്തി, കുളിരിനാൽ അവൾ വിറക്കുന്നപോലെ അഭിനയിച്ച് ഞങ്ങൾ രണ്ടുപേരും കിഴവനും കിഴവിയുമായി സമയം ചെലവഴിക്കുന്ന കാലത്തെ സ്തംഭിപ്പിച്ച് ഞങ്ങളുടെ കമ്പിളിപ്പുതപ്പിനുള്ളിലേക്ക് കടത്തി രമിക്കുന്നതിനെ ഞാൻ സ്വപ്നം കാണുന്നു.

ഇരുട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുന്ന പുത്തൂരിനെ രക്ഷിക്കുവാൻ താനൊരാൾ മാത്രമാണുള്ളതെന്നപോലെ ചന്ദ്രൻ പ്രകാശിക്കുന്നുണ്ടായിരുന്നു. ഒരു ചെറിയ റാന്തലും കത്തിച്ചുവെച്ച് ആ സമയത്തും തിളപ്പിച്ച ചായയെ വീണ്ടും വീണ്ടും തിളപ്പിച്ച് കാത്തുനിൽക്കുന്ന ചായപീടികക്കാരൻ ബസ്സ് വന്നു നിന്നയുടനെ ചുറുചുറുക്കോടെ വിളിച്ചു കൂവാൻ തുടങ്ങി. പുത്തൂരിൽ ഇറങ്ങാനുണ്ടായിരുന്നവർ ഇറങ്ങുകയും ഒന്നു രണ്ടുപേർ കയറുകയും ചെയ്തു. ബസിനകത്തുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും നിദ്രയിൽ വിലയം പ്രാപിച്ചിരുന്നു. ചായ കുടിക്കാനായി ഇറങ്ങിയ ഡ്രൈവറും കണ്ടക്ടറും ബസ്സിൽ കയറാൻ ശ്രമിച്ചിരുന്ന ഒരു വൃദ്ധന്റെ കൂടെ ശണ്ഠ കൂടുന്നുണ്ടായിരുന്നു. കുഴഞ്ഞുമറിഞ്ഞ ചായം പിടിപ്പിച്ച വലിയ മരത്തൊട്ടിലുകളെയും അവയെ തൂക്കുന്ന താങ്ങുകളെയും ബസ്സിനു മുകളിലേക്ക് കയറ്റാൻ ആ വൃദ്ധൻ അനുമതി ചോദിക്കുന്നുണ്ടായിരുന്നു.

"അയ്യോ, കയറ്റാൻ സമ്മതിക്കൂ... പാവപ്പെട്ടവരെ സർക്കാർ ബസല്ലാതെ വിമാനം വന്ന് കയറ്റുമോ? എങ്ങനെയെങ്കിലും മൈസൂരിലെത്തിച്ചേർന്നാൽ മതി. അവരവർക്ക് അവരവരുടേതായ വയറ്റുപ്പിഴപ്പ്. ഞങ്ങൾക്കും ഞങ്ങളുടേതായ ജോലിയുണ്ട്. വേഗം വണ്ടി വിട്' എന്ന് ഞാൻ ബസിൽ നിന്നിറങ്ങി വൃദ്ധനുവേണ്ടി വക്കാലത്ത് പിടിച്ചു. അതിനുമിതിനും ലഗേജ് ചാർജ്ജിത്ര, ടിക്കറ്റ് ചാർജ്ജിത്ര, ഡ്രൈവറിനും കണ്ടക്ടറിനുമിത്ര എന്നെല്ലാമുറപ്പിച്ച് വൃദ്ധനും ചായപ്പീടികക്കാരനും ചേർന്ന് തൊട്ടിലുകളെയും താങ്ങുകളെയും ബസ്സിനുമേലെ കയറ്റിവെച്ചു. 'പോയി വരൂ മൊയ്തീൻ സാഹിബ്ബേ...'എന്ന് ചായക്കടക്കാരൻ വണങ്ങി. നട്ടും ബോൾട്ടുമടങ്ങിയ സഞ്ചിയും കൈയ്യിൽ പിടിച്ചുകൊണ്ട് ബസ്സിൽ കയറിയ വൃദ്ധൻ ഇരിക്കാനായി സീറ്റ് പരതാൻ തുടങ്ങി.

"വരൂ, മൊയ്തീൻ സാഹിബ്ബേ...' എന്ന് ഞാനയാളെ എന്റെ തൊട്ടടുത്ത സീറ്റിൽ വിളിച്ചിരുത്തി.

ഞാൻ പേരു പറഞ്ഞു തൊട്ടടുത്ത സീറ്റിൽ വിളിച്ചിരുത്തിയത് അയാൾക്ക് അസാധാരണമായി തോന്നിയിരിക്കണം. കുറച്ചുനേരം വെറുതെയിരുന്ന അയാൾ "അല്ലാ, നിങ്ങൾക്ക് എന്റെ പേരെങ്ങനെ മനസ്സിലായി' എന്ന് ചോദിച്ചു. ആ ഇരുട്ടിൽ നിലാവെളിച്ചം ഇടയ്ക്കിടെ ബസ്സിനകത്തേക്ക് കടന്ന് ഒളിച്ചുകളി നടത്തുന്നുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ രണ്ടുപേർക്കും പരസ്പരം മുഖങ്ങൾ കാണാൻ കഴിഞ്ഞു.
"ഇല്ല സാഹിബ്ബേ, ആ ചായക്കടക്കാരൻ ഉച്ചത്തിൽ നിങ്ങളുടെ പേര് വിളിച്ച് റ്റാറ്റാ ചെയ്തിരുന്നല്ലോ അന്നേരം മനസിലായി', ഞാൻ പറഞ്ഞു.
"ഓ അവനോ, പാവം. എല്ലായ്‌പ്പോഴും ഈ അവസാനത്തെ ബസിൽ കയറാൻ അവനാണ് സഹായിക്കാറ്' എന്ന് മിണ്ടാതിരുന്നു. "അതെന്താണ് സാഹിബ്ബേ, ബസ്സിനു മേലെ തൊട്ടിൽ. എവിടെയെങ്കിലും ഉത്സവമുണ്ടോ? അല്ല ഉറൂസാണോ?' ഞാൻ ചോദിച്ചു.

"ഉത്സവങ്ങൾക്കെന്ത് കുറവ്. ആഷാഢം കഴിഞ്ഞാൽ ഇനി ഉഗാദി വരെ ഉത്സവം തന്നെയായിരിക്കും. തൊട്ടിൽ കറക്കാൻ ത്രാണിയില്ല അത്ര തന്നെ. മാദേശ്വര കുന്നുകളിൽ ഇപ്രാവശ്യത്തെ അവസാന ഉത്സവമാണ്. അതിനായാണ് പോകുന്നത്. ബക്രീദ് സമയത്ത് പുത്തൂരിൽ തൊട്ടിലിടേണ്ടിയിരുന്നു, അതിനാണ് വന്നത്. ഇവിടെയാണ് എന്റെ ഭാര്യവും കുടുംബവുമെല്ലാം,' എന്ന് അയാൾ നെടുവീർപ്പിട്ടു.
"പുത്തൂരിൽ എവിടെയാണ് സാഹിബ്ബേ?' എന്ന് ചോദിച്ചു. "കൃത്യമായി പുത്തൂരിലല്ല. ഇവിടെത്തന്നെ സുബഹ്‌മണ്യത്തിനടുത്ത് സോണംഗേരി എന്നൊരു സ്ഥലമുണ്ടല്ലോ, അവിടെ. സോണംഗേരിക്കുറിച്ചറിയാമോ?' അയാൾ ചോദിച്ചു. ഞാൻ കുഴപ്പത്തിലായി. സോണംഗേരി എന്റെ ഉമ്മയുടെ നാടാണ്. എന്റെ ഉമ്മയുടെ മാതാപിതാക്കൾ ആ നാട്ടുകാരാണ്. ഉമ്മയുടെ ചെറുപ്പത്തിൽതന്നെ അവർ മരണമടഞ്ഞിരുന്നു. അതിനുശേഷം ഉമ്മയെ കുറച്ചകലെയുള്ള ബന്ധുക്കളാണ് വളർത്തിയത്. ഇടയ്ക്കിടെ വഴക്കു കൂടുമ്പോൾ എന്റെ ഉപ്പ സോണംഗേരിയുടെ പേരും പറഞ്ഞ് ഉമ്മയെ അപമാനിക്കുമായിരുന്നു.
"നീ സോണംഗേരിയിൽ തന്നെയായിരുന്നുവെങ്കിൽ നിന്നെ ഞാൻ കാണുകയുമില്ലായിരുന്നു, നിന്നെ കല്യാണം കഴിക്കുകയുമില്ലായിരുന്നു. നിന്റെ പൊറുതികേടുമില്ലാതെ സുഖമായി കഴിയുമായിരുന്നു' എന്ന് കളിയാക്കുമായിരുന്നു. എന്റെ ഉപ്പ പുത്തൂരുകാരനായിരുന്നു. ഇടത്തരം സമ്പന്നകുടുംബത്തിൽപ്പെട്ടയാൾ. അദ്ദേഹത്തിന്റെ ആദ്യഭാര്യ മരിച്ചപ്പോൾ അതിൽ പിറന്ന മക്കളെ നോക്കാനായി മറ്റൊരു പെണ്ണിനുവേണ്ടി അന്വേഷണം തുടങ്ങിയത്രെ. അന്നേരം കണ്ണിൽപ്പെട്ടവളാണ് എന്റെ ഉമ്മ. അപ്പോൾ അവർ ചെറിയ ബാലികയായിരുന്നു. പോറ്റിയരുടെ ആടുകളെ മേയ്ച്ചും പുഴയിൽ നീന്തിക്കളിച്ചും സുഖമായി കഴിയുകയായിരുന്നുവത്രെ എന്റെ ഉമ്മ. അവരുടെ ചുറുചുറുക്ക് കണ്ടിഷ്ടപ്പെട്ട ഉപ്പ സംഭാഷണം നടത്തിച്ച് കല്യാണം കഴിച്ചത്രെ.

"നിങ്ങളുടെ ആദ്യഭാര്യയിലെ മക്കളെ സേവിച്ചു, നിങ്ങളുടെ മക്കളെയും പ്രസവിച്ചു വളർത്തി. എന്നിട്ടും സോണംഗേരിക്കാരിയെന്ന് കളിയാക്കുന്നത് മാത്രം നിർത്തിയില്ല. നോക്കിക്കോളൂ, ഒരു ദിവസം എല്ലാം വലിച്ചെറിഞ്ഞ് ഞാൻ അങ്ങോട്ടു തന്നെ പോകും. അപ്പോൾ കാണാം നിങ്ങളുടെ മക്കളുടെ ചന്തി കഴുകാൻ ആരു വരുമെന്ന്' എന്ന് അവരും വെല്ലുവിളിക്കുമായിരുന്നു.

അവർ രണ്ടുപേർക്കും വയസ്സായെങ്കിലും ഈ സോണംഗേരി വിഷയത്തിൽ വഴക്കു കൂടുന്നത് നിർത്തിയിരുന്നില്ല. ഞാൻ പഠിച്ചു വലുതായി ഒരു മലയാളി കൃസ്ത്യാനിപ്പെൺക്കുട്ടിയുടെ പിറകെ ചുറ്റിനടക്കുന്നത് എങ്ങനെയോ അറിഞ്ഞ അവർ രണ്ടുപേരും ഇപ്പോൾ മുമ്പത്തേക്കാളും വഴക്കുകൂടുന്നു. ഉപ്പയുടെ ലാളന കൂടിയതാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഉമ്മയും അവരുടെ ലാളനയാണ് ഇതിനു കാരണമെന്ന് പറഞ്ഞ് ഉപ്പയും കലഹിക്കുന്നതായി എനിക്കും വിവരം ലഭിക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ നോക്കുമ്പോൾ ഈ വൃദ്ധൻ താനും സോണംഗേരിക്കാരനെന്ന് പറഞ്ഞ് പാരിജാതത്തിന്റെ സ്വപ്നവും കണ്ടുകൊണ്ട് ബസ്സിൽ ഒഴുകിക്കൊണ്ടിരുന്ന എനിക്ക് മറ്റൊരു ലോകം കാണിക്കുകയായിരുന്നു. പുറത്ത് ഒളി പരത്തിയിരുന്ന നിലാവും വീശിയിരുന്ന കാറ്റും ഇപ്പോൾ മറ്റാരുമായോ ബന്ധപ്പെട്ടു കിടക്കുന്നതുപോലെ തോന്നി. എന്റെ വരവിനെക്കുറിച്ചറിയാതെ മൈസൂരിൽ ജാഗ്രതയായി സ്വപ്നത്തിൽ മുഴുകിയിരിക്കുന്ന സഖി, ഈ പാരിജാതത്തെപ്പോലെയുള്ള പ്രണയത്തെക്കുറിച്ചറിയാതെ അരിശം കൊള്ളുന്ന ഉപ്പയും ഉമ്മയും, ഇവയൊന്നിനെക്കുറിച്ചുമറിയാതെ നെടുവീർപ്പിട്ടുകൊണ്ട് ഓടുന്ന ഈ അവസാനത്തെ ബസ്സും കൂടാതെ ഇവയ്ക്കുള്ളിലുള്ള മുഴുവൻ ജീവനുകളിൽ ഉണർന്നിരിക്കുന്ന ഈ വൃദ്ധനും ഞാനും. എന്തോ എല്ലാം ഏകകാലത്തിൽ ഭാവതീവ്രവും തമാശയുമായി തോന്നി.

അതിനെ ശരിവയ്ക്കും വിധത്തിൽ സോണംഗേരിയിലെ മൊയ്തീൻ സാഹിബ് "നിങ്ങളുടെ നാടെവിടെയാണ്' എന്ന് ചോദിച്ചു. എന്തു പറയണമെന്നറിയില്ലായിരുന്നു. "ഞാൻ കാർവാറിനടുത്ത് അങ്കോലക്കാരനാണ്. അച്ഛന്റെ നാട് ഗോക്കർണ്ണം' എന്ന് പറഞ്ഞു. "ഓഹ്, താങ്കൾ ഗോക്കർണ്ണക്കാരനാണല്ലേ. എന്നാൽ ബ്രാഹ്‌മണനായിരിക്കും. എനിക്ക് നിങ്ങളുടെ കന്നഡ കേട്ടപ്പോഴേ അങ്ങനെ തോന്നിയിരുന്നു.' എന്ന് മൊയ്തീൻ സാഹിബ് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. "പൂർണ്ണ ബ്രാഹ്‌മണനല്ല സാഹിബ്ബേ, ഞങ്ങൾ മത്സ്യം കഴിക്കും. എന്നാൽ മാംസത്തെ തൊടില്ല. ഞങ്ങൾ ഗൗഡ സാരസ്വതർ. പക്ഷേ എനിക്ക് ഈ ജാതിയും ഗീതിയുമൊന്നുമില്ല. എല്ലാം ഒന്നു തന്നെ.' ഞാൻ പറഞ്ഞു. "അയ്യോ, ഈ ജാതിയും മതവും വയറു നിറക്കുമോ? എന്റെ കാര്യം തന്നെ നോക്കൂ. ജന്മംകൊണ്ട് ഞാനൊരു സാഹിബ്ബ്. വയറു നിറയ്ക്കാൻ അവസരം നൽകുന്നത് നിങ്ങളുടെ ഉത്സവങ്ങൾ. കുട്ടികളെയും വലിയവരെയും തൊട്ടിലിൽ കയറ്റി കറക്കിയാൽ എന്തെങ്കിലും തടഞ്ഞെങ്കിലായി, ഇല്ലെങ്കിൽ ഇല്ല. ജാതി മതമെന്ന് പറഞ്ഞ് വെറുതെയിരുന്നാൽ ദൈവം വന്ന് തിന്നാൻ തരുമോ? നീ തന്നെ അദ്ധ്വാനിക്കുക, തിന്നുക, മരിക്കുക. ഇത്രയല്ലേ ജീവിതം?' എന്നയാൾ പൊട്ടിച്ചിരിച്ചു. അപ്പോൾ അയാളുടെ വായിൽനിന്ന് ചെറുതായി ബീഡിയുടെ ഗന്ധം വമിച്ചു.

"അല്ല സാഹിബ്ബേ, ഈ ഉത്സവമെന്നൊക്കെപ്പറഞ്ഞ് നാടായ നാടൊക്കെ ചുറ്റിക്കറങ്ങുന്നുണ്ടല്ലോ. ആഹാരമൊക്കെ എങ്ങനെ ഉണ്ടാക്കും? നിങ്ങളുടെ ജാതിയിൽ എന്തൊക്കെയോ വ്യവസ്ഥകളൊക്കെയുണ്ടല്ലോ, നിസ്‌കരിക്കാതെ അന്നം തൊടാൻ പാടില്ല, ദൈവനാമം ചൊല്ലാതെ അറുത്ത മാംസം ഭക്ഷിക്കാൻ പാടില്ലായെന്നൊക്കെ? ഇത്തരം വ്യവസ്ഥകളൊക്കെയിരിക്കെ നിങ്ങൾക്ക് അങ്ങനെയൊക്കെ ജീവിക്കുക കഷ്ടമല്ലേ?' ഞാൻ ആരാഞ്ഞു.

മൊയ്തീൻ സാഹിബ്ബ് എന്റെ മുഖം നോക്കി തൊണ്ട ശരിയാക്കി, "അല്ല, നോക്കൂ ചങ്ങാതീ, താങ്കളുടെ പേര് പറഞ്ഞില്ല?' എന്ന് ചോദിച്ചു. എനിക്കും എന്തു പേരു പറയണമെന്നറിഞ്ഞില്ല. ഞാൻ നേരത്തെ പറഞ്ഞ വിവരങ്ങളുമായി ഒത്തുപോകാനെന്നവണ്ണം ആലോചിച്ച് "എന്റെ പേര് വിവേക് ശാൻഭാഗ്' എന്നു പറഞ്ഞു. എന്റെ പാരിജാതം പോലുള്ള പ്രണയത്തെക്കുറിച്ചറിയാവുന്ന വിവേക് അപ്പോഴേക്കും കഥാകാരനായും പ്രസിദ്ധി നേടിയിരുന്നു.

"ഓ ശാൻഭാഗരേ പറയുന്നതു കേൾക്കൂ' മൊയ്തീൻ സാഹിബ് തുടർന്നു. എനിക്കെന്തോ ഈ പരകായപ്രവേശം സുഖമുള്ളതായി തോന്നി. സാഹിബായ എന്നെ ശാൻഭാഗ് എന്നു വിളിക്കുന്ന മൊയ്തീൻ സാഹിബ്. വിവേക് ശാൻഭാഗിന്റെ വശ്യമനോഹരമായ മുഖത്തെയും നിമീലിതമായ കണ്ണുകളെയും ആവാഹിച്ചുകൊണ്ട് കേൾക്കാൻ തുടങ്ങി.

"നിങ്ങൾ മീൻ കഴിക്കുന്നയാളാണ്. ഞാൻ മീൻ കഴിക്കുന്നവനുമാണ്. താങ്കൾക്ക് മീനിനെക്കുറിച്ചുള്ള കാര്യം അറിയാമായിരിക്കും. എല്ലാ മീനുകളുടെയും തലയുടെയടുത്ത് മുറിവേൽപ്പിച്ചപോലുള്ള ഒരു പാടുള്ളത് താങ്കൾ കണ്ടിട്ടുണ്ടായിരിക്കും. അത് മുറിവാണ്, എന്നാൽ രക്തമില്ല. കടലിലും പുഴകളിലും കരയിലുമുള്ള എല്ലാ മീനുകൾക്കും ഈ മുറിവെങ്ങനെ സംഭവിച്ചുവെന്ന കാര്യം നിങ്ങൾക്കറിയാമോ? അറിയാമെങ്കിൽ പറയൂ, കാണട്ടെ' എന്ന് മൊയ്തീൻ സാഹിബ് ചോദിച്ചു. ഈ കഥ മനഃപാഠം പോലെയെനിക്കറിയാം. എന്റെ ഉപ്പ അവധിക്കാലങ്ങളിലെല്ലാം കണ്ണടയും വെച്ചുകൊണ്ട് വായിക്കുന്ന പക്ഷിപ്പാട്ടിലുള്ള കഥയാണത്. എന്നാലിപ്പോൾ ശാൻഭാഗായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ മൊയ്തീൻ സാഹിബിനോട് പറയാൻ പറ്റുന്ന സ്ഥിതിയില്ല.

"ഞങ്ങൾക്കൊരു വീരപുരുഷനുണ്ട്. അദ്ദേഹം ഞങ്ങളുടെ നബി തിരുമേനിയുടെ ജാമാതാവായിരുന്നു. പേര് അലിയാർ ബിൻ അബൂത്വാലിബ് എന്നാണ്. അദ്ദേഹത്തിന്റെ പക്കൽ സുൽഫിക്കർ എന്നു പേരുള്ള ഒരു വാളുണ്ടായിരുന്നു. വെറും വാളൊന്നുമല്ല. ഉറയിൽനിന്ന് ഒരു പ്രാവശ്യം ഊരിയാൽ പിന്നെ ഒരു നൂറു ജീവനെങ്കിലും അതിനു വേണമായിരുന്നു. ഒരിക്കൽ അദ്ദേഹത്തിനു കോപം വന്നപ്പോൾ ആ വാളെടുത്ത് അറബിക്കടലിലേക്കെറിഞ്ഞു. അപ്പോൾ കടലായ കടലെല്ലാം ചുവന്നു. എല്ലാ മീനുകളുടെയും കഴുത്തും മുറിക്കപ്പെട്ടു. ആയതിനാൽ ഞങ്ങൾ സാഹിബുമാർക്ക് മീനിനെ അറുക്കാതെയും തിന്നാമെന്നായി'

മൊയ്തീൻ സാഹിബ് അറിയാവുന്ന കഥയെ പറഞ്ഞു. ഞാനെന്തിനു വെറുതെയിരിക്കണമെന്ന് തോന്നി മത്സ്യാവതാരകഥയെ അറിയാവുന്നടത്തോളം ഞാനും പറഞ്ഞു. "ഓഹ്, അതാണല്ലേ, നിങ്ങളിൽ ബ്രാഹ്‌മണർ മീൻ കഴിക്കാത്തത്. എന്നാൽ ഈ കഴിക്കേണ്ട വസ്തുക്കളെയെല്ലാം ദൈവമായി കൊണ്ടു നടന്നാൽ മനുഷ്യർക്ക് ജീവിക്കാൻ പാടാവില്ലേ ശാൻഭാഗരേ' സാഹിബ് സ്വല്പം കുഴപ്പിക്കുന്ന സ്വരത്തിൽ ചോദിച്ചു.

"അതിരിക്കട്ടെ സാഹിബ്ബേ, അങ്ങനെ നോക്കുകയാണെങ്കിൽ നിങ്ങൾ പന്നിയിറച്ചി കഴിക്കാറില്ലല്ലോ, ഈ തിന്നുന്ന കാര്യത്തെപ്പറ്റി നമ്മൾ വഴക്ക് കൂടുന്നതു വേണ്ട. എന്തു ദൈവമാണോ എന്തു മതമാണോ, എനിക്കീ ദൈവത്തിലും വിശ്വാസമില്ല ചെകുത്താനിലും വിശ്വാസമില്ല. എങ്ങനെയെങ്കിലും ഈ ലൊട്ടുലൊടുക്ക് ബസ്സ് മടിക്കേരിയും കടന്നു ഒന്നു മൈസൂരിലെത്തിച്ചേർന്നാൽ മതിയായിരുന്നു.' ഞാൻ പറഞ്ഞു.

സാഹിബിന് എന്തോ ആ പറഞ്ഞത് ഇഷ്ടപ്പെട്ടതായി തോന്നിയില്ല.
"നോക്കൂ, നിങ്ങൾ ഹിന്ദുവായിക്കൊള്ളട്ടെ മുസ്‌ലിമായിക്കൊള്ളട്ടെ അല്ലെങ്കിൽ കൃസ്ത്യാനിയായിക്കൊള്ളട്ടെ, എന്നാൽ ദൈവമില്ലായെന്നു മാത്രം പറയരുത്.'
രണ്ടു കൈയ്യും കൂപ്പിക്കൊണ്ട് ആകാശത്തേക്ക് നോക്കി അയാൾ പറഞ്ഞു.

"എന്തുകൊണ്ട് സാഹിബ്ബേ, തൊട്ടിൽ സ്ഥാപിച്ചാൽ നിങ്ങൾ സ്വയം കറക്കുമോ അതോ നിങ്ങളുടെ ദൈവം വന്ന് കറക്കിത്തരുമോ? ഞാനും അല്പം രോഷം നടിച്ചുകൊണ്ട് ചോദിച്ചു.

സാഹിബിനും ദേഷ്യം വന്നു.
"നോക്കൂ, അങ്ങനെയൊന്നും പറഞ്ഞുകൂടാ. ഞാൻ ശ്രീരംഗപട്ടണത്തെ ഉറൂസിനും ദോരനഹള്ളിയിലെ മേരിയുടെ പെരുന്നാളിനും ചാമുണ്ഡിക്കുന്നിലും ബിളിഗിരിരംഗന്റെ കുന്നിലും തൊട്ടിൽ സ്ഥാപിക്കാറുണ്ട്. നൂറല്ല ആയിരമല്ല കോടി മനുഷ്യർ വന്ന് കൈകൂപ്പി പോകാറുമുണ്ട്. ദൈവമില്ലെങ്കിൽ പിന്നെ അവർക്കെല്ലാം ഭ്രാന്താണോ? താങ്കൾക്ക് മാത്രമാണ് ബുദ്ധിയുളളത് എന്നാണോ?' സാഹിബ് ആ ഇരുളിലും ക്ഷോഭിച്ചു.
ഞാൻ ദൈവമില്ലായെന്നു പറയുന്നത് എന്റെ അഭിപ്രായമല്ല. വിവേക് പറയുന്ന വാക്കുകളാണെന്ന് അയാളോട് എങ്ങനെ പറയാമെന്നയാലോചിച്ച് മിണ്ടാതിരുന്നു.

സാഹിബ് വെറുതെയിരുന്നില്ല. "വിട്ടു കളയൂ. താങ്കൾക്ക് ഞാനൊരു കുമ്പളങ്ങ തരാം. അതിനെ യാതൊരു വിധത്തിലുമുള്ള താങ്ങുമില്ലാതെ വായുവിൽ നിർത്താൻ താങ്കൾക്ക് സാധിക്കുമോ?' സാഹിബ് സ്വല്പം കോപത്തോടെ ചോദിച്ചു.
എന്തിനാണ് നിലാവെളിച്ചം പൊഴിയുന്ന ഈ ഇരുട്ടിൽ ഇദ്ദേഹം ഇതു ചോദിക്കുന്നത്, ഒന്നും മനസിലായില്ല.
"ഇല്ല, തീർച്ചയായും സാധിക്കില്ല.' ഞാൻ പറഞ്ഞു.

"അങ്ങനെയെങ്കിൽ ഓ അതാ അങ്ങോട്ട് നോക്കൂ' എന്ന് സാഹിബ് ജനാലയിലൂടെ പുറത്തേക്ക് കാണിച്ചു.
ബസ്​ സുളള്യയും കടന്ന് അരമ്പൂരിനെയും പയസ്വിനി നദിയെയും വളഞ്ഞുകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരുന്നു. ദൂരെ വലതുഭാഗത്തായി ഭാഗമണ്ഡലയിലെ മലനിരകൾ പൗർണമി വെളിച്ചത്തിൽ ജ്വലിക്കുന്നുണ്ടായിരുന്നു. മൂടിപ്പുതച്ചുകിടക്കുന്ന മഞ്ഞിനു നടുവിൽ ദേവപുരുഷനെപ്പോലെ വട്ടത്തിൽ വിളങ്ങുന്ന ചന്ദ്രൻ. സാഹിബിന്റെ മുഖവും തിളങ്ങുന്നുണ്ടായിരുന്നു.

"ശാൻഭാഗരേ, നിങ്ങൾ വയസ്സിൽ എന്നെക്കാളും തീരെ ഇളയവനാണ്. എന്നാൽ ബുദ്ധിയിലും വിദ്യയിലും എന്നെക്കാൾ മൂപ്പുള്ളയാളെന്ന് താങ്കളെ കണ്ടാൽ തന്നെയറിയാം. ഇനി പറയുക. ആ വലിയ നിലാവിനെ അവിടെ ആ ആകാശത്തിൽ മലകൾക്ക് മേലെ ഭൂമിയിലേക്ക് പതിക്കാത്തവിധം നിർത്തിയിരിക്കുന്നതരാണ്? ദൈവമോ അതോ താങ്കളോ?'

സാഹിബ് വലിയൊരു ചോദ്യം തന്നെ എറിഞ്ഞു. എനിക്കാണെങ്കിൽ ആ ചന്ദ്രന്റെ പ്രഭ ഒരു വലിയ ലഹരിപോലെ ബാധിച്ചിരുന്നു. പാരിജാതത്തിൽ സുഗന്ധത്തെ തിരയൽ, അവളുടെ കന്യയായ ദേഹത്ത് ദൈവത്തെ കാണുക, അവളുടെ പാദങ്ങളിൽ മുഖമർത്തി കരയുക - ഒരു തരത്തിലുള്ള സങ്കീർണ്ണമായ ഈ ലോകത്തെ തൊട്ടിൽ കറക്കുന്ന ഈ വയോധികനോട് എങ്ങനെയാണ് വിശദീകരിക്കുക.

"സാഹിബ്ബേ, ഞാൻ നിങ്ങളോളം വലിയവനല്ല. നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം നൽകാനുമറിയില്ല. ഏതോ ഒരു ആഗ്രഹവും മനസ്സിൽ വച്ചുകൊണ്ട് മൈസൂരിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. യാതൊരു വിഘ്‌നവുമില്ലാതെ അത് നടക്കട്ടെയെന്ന് നിങ്ങളുടെ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. ഞാൻ കുറച്ച് ഉറങ്ങാൻ നോക്കട്ടെ. നിങ്ങളും ഉറങ്ങൂ. ക്ഷീണിച്ചിരിക്കുന്നുണ്ടല്ലോ'ഞാൻ പറഞ്ഞു.

സാഹിബിന് സമാധാനമായതുപോലെ കാണപ്പെട്ടില്ല. അദ്ദേഹത്തിന് ഇനിയും എന്തൊക്കെയോ പറയാനുണ്ടെന്നതുപോലെ തോന്നി. എനിക്ക് സങ്കടം തോന്നി. ഇനി കുറച്ചുദൂരം കൂടി താണ്ടിയാൽ എന്റെ വീട്. അവിടെ ഈ നിലാവെളിച്ചമുള്ള രാത്രിയിൽ ഉറങ്ങുന്ന ഉപ്പയും ഉമ്മയും അനിയന്മാരും അനിയത്തികളും. അവരാരുമറിയാതെ വീടിന്റെ മുമ്പിലൂടെ കടന്നു പോകാനിരിക്കുന്ന ഈ ബസ്സ്. ബസ്സിനുള്ളിൽ കള്ളനെപ്പോലെ ഇരിക്കുന്ന ഞാൻ. മൈസൂരിൽ എന്റെ വരവിന്റെ സൂചന പോലുമറിയാതെ കിടന്നു മറിയുന്ന അവൾ. ഉപ്പയും ഉമ്മയും ഇപ്പോൾ നിത്യവും എന്നെയോർത്ത് കരയുകയാണെന്ന് അനിയത്തി തന്റെ വിലക്ഷണമായ കൈയ്യക്ഷരം കൊണ്ട് എനിക്കെഴുതിയിരുന്നു.

കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. സന്തോഷം തോന്നുണ്ടായിരുന്നു. ബസ്സ് സംപാജെ ഗേറ്റ് കടന്ന് ദേവറകൊല്ലിയിലെ കാടിനു നടുവിൽ നിലാവെളിച്ചത്ത് കിഴവനെപ്പോലെ ചലിക്കുന്നുണ്ടായിരുന്നു. സാഹിബ് എന്നെപ്പോലെ ചന്ദ്രവെട്ടത്തെ തുറന്ന കണ്ണുകളുമായി നോക്കിക്കൊണ്ട് ഇരുന്നിരുന്നു. അയാളുടെ സങ്കടങ്ങളെന്തെന്നോ എന്റെ സന്തോഷമെന്തെന്നോ അറിയാത്തപോലെ മൂടിക്കിടക്കുന്ന മഞ്ഞ്.

"സാഹിബ്ബേ, ഉറക്കം വരുന്നില്ലയല്ലേ?' ഞാൻ ചോദിച്ചു. അയാൾ ഒന്നുമുരിയാടാതെ ആടിയാടിക്കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു.

***

"ദേശകാലയ്ക്കു4വേണ്ടി ഒരു കഥയെഴുതി അയക്കെടാ' എന്ന് വിവേക് ശാൻഭാഗ് പറഞ്ഞപ്പോൾ കണ്മുന്നിൽ ഉയർന്നുവന്നത് മൊയ്തീൻ സാഹിബിന്റെ അന്നത്തെ ആ മുഖവും, എല്ലാം കാണുന്നവനും അറിയുന്നവനുമായ ആ ഏകദൈവമാണ് നമ്മുടെ തലയ്ക്കു മുകളിലെന്ന് തെളിയിക്കാനായി അയാൾ കാണിച്ചുതന്ന അന്നത്തെ ആ പൂർണചന്ദ്രനും, പാരിജാതത്തിന്റെ ലഹരിയിൽ ഉറഞ്ഞുകിടക്കുന്നവൻ ചന്ദ്രനെ കാണാൻ സാധിക്കാത്തവിധം കുരുടനായിരിക്കുന്നു എന്നറിയാതെ വാദിച്ചുകൊണ്ടിരുന്ന ആ സാഹിബും, ഒരു സാഹിബായിട്ടുപോലും മറ്റൊരു സാഹിബിന്റെ തലവരയറിയാൻ ശാൻഭാഗെന്ന് കുരങ്ങുകളിച്ച ഞാനും. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന അതേ കുരങ്ങുകളി, അതേ നിസ്സാഹയമായ പ്രണയവും. ഒരു ചെറിയ പാരിജാതത്തിന്റെ പരിമളമാണെങ്കിൽപോലും ഓടിച്ചെന്ന് നിന്റെ പാദങ്ങളെ എന്റെ ശിരസ്സിൽ വെക്കൂ... ഞാൻ പരിശുദ്ധനാകട്ടെ എന്ന് വ്യസനിച്ചു കരയുന്ന ഉന്മാദ മനസ്.

"നിങ്ങളുടെ മകൻ ഇത്ര ദുഷ്ടനാണെന്നറിഞ്ഞിരുന്നെങ്കിൽ ഇവനെ കല്യാണം കഴിക്കുകയേയില്ലായിരുന്നു. സ്‌നേഹിച്ച തെറ്റിന് ഞാൻ പരിതപിക്കുന്നു. ഈ മക്കൾക്കുവേണ്ടിയാണ് ഞാൻ ഇയാളുടെ കൂടെ കഴിയുന്നത്. ഇനിയെങ്കിലും കണ്ട പെൺപിള്ളേരുടെ പിറകെ ചന്തിയും ചൊറിഞ്ഞ് നടക്കുന്നത് നിർത്താൻ പറയൂ. ഇല്ലെങ്കിൽ നിങ്ങളുടെ മകനെയും പേരമക്കളെയും നിങ്ങൾതന്നെ പോറ്റിവളർത്തുക' എന്ന് പാരിജാതത്തെപ്പോലെയുള്ള ഭാര്യ എന്റെ ഉമ്മയുടെയടുത്ത് പരാതിപ്പെടുന്നുണ്ടായിരുന്നു. ഇതുപോലുള്ള നൂറിൽപരം പരാതികൾ മറഞ്ഞും കേട്ടിട്ടുണ്ട് ഇനി തെളിഞ്ഞും കേൾക്കാനിരിക്കുന്നുമുണ്ട്. പരാതികൾ എത്രയുണ്ടെങ്കിലും നിങ്ങൾ രണ്ടുപേരും ഇനി അല്പസമയത്തിനുള്ളിൽ ഇണക്കിളികളെപ്പോലെ കൈകളിണച്ചുകൊണ്ട് നടക്കുന്നത് കാണാനിരിക്കുന്നതേയുള്ളൂ എന്ന് മനസിൽത്തന്നെ ഊഹിച്ചുവെങ്കിലും ഉമ്മയായ അവൾ ഭർത്താവിനെ എങ്ങനെ ചൊൽപ്പടിക്ക് നിർത്താമെന്നതിനെപ്പറ്റിയുള്ള ചെപ്പടിവിദ്യകളും മരുമകൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

അതിലൊന്ന് ചാണകവെള്ളത്തിൽ ചൂല് മുക്കി അതുകൊണ്ട് ഭർത്താവിനെ അടിക്കുകയെന്നതായിരുന്നു. ഏതോ ഒരു ടിവി ചാനലിൽ ഇതു കണ്ട അവർ വെറുതെ തമാശയ്ക്ക് ഈ ഉപായം പറഞ്ഞുകൊടുത്ത് മരുമകളെ കുരങ്ങുകളിപ്പിക്കാൻ നോക്കുകയായിരുന്നു. മരുമകളാണെങ്കിൽ താൻ മണ്ടനാകാൻ നിന്നു തരില്ലെന്നു കാണിക്കാൻ "അയ്യോ, നിങ്ങളുടെ മകനെ ചാണകം കൊണ്ടെന്തിന്, മലം കൊണ്ടടിച്ചാലും ബുദ്ധിവരില്ല' എന്ന് പറഞ്ഞു. ഈ രണ്ടു പെണ്ണുങ്ങളുടെയും സംസാരം മലത്തിന് ചുറ്റും കിടന്നുകറങ്ങുന്നത് കണ്ട മക്കൾ രണ്ടാളും വ്യാക്ക് വ്യാക്ക് എന്ന് ഓക്കാനിക്കുന്നുണ്ടായിരുന്നു. കടുംകോപത്തിലിരിക്കുമ്പോൾ അപൂർവമായി ഭഗവതിയെപ്പോലെ വെളിപ്പെടുന്ന ക്രിസ്ത്യാനിയായ ഭാര്യ, മനസിലായെങ്കിലും എന്റെ തലയ്ക്കകത്തേക്ക് കയറാത്ത അവളുടെ സങ്കടങ്ങൾ, ദേഷ്യത്തിലാണെങ്കിലും സന്തോഷത്തിലാണെങ്കിലും ഒരു വശത്തുള്ള ചെന്നികുത്തുമായി എല്ലായ്‌പ്പോഴും ബദ്ധപ്പാടോടെ ഓടിനടക്കുന്ന ഉമ്മ, തലയ്ക്കകത്തേക്ക് ഇറങ്ങുമെങ്കിലും എന്നെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത അവരുടെ സങ്കടങ്ങൾ, അടുക്കളയിൽനിന്ന് എന്നും പരന്നുകൊണ്ടിരിക്കുന്ന ബാല്യകാലത്തെ നൂറ് സുഗന്ധങ്ങൾ.

"അയ്യോ, ഞാൻ സാബിയനായിത്തന്നെ നിലനിന്നാൽ മതിയായിരുന്നു. ഇപ്പുറം മുസ്‌ലിമല്ലാതെയും അപ്പുറം ക്രിസ്ത്യാനിയല്ലാതെയും മൊത്തത്തിൽ ഹിന്ദുവല്ലാതെയും എല്ലാവരിൽനിന്നും ശകാരവുംകേട്ട് ഓടിനടക്കേണ്ട തലവിധി എന്തിനായിരുന്നു' ഞാൻ എന്റെ സ്ഥിരം ഡയലോഗ് അവരുടെ മുമ്പിൽ എടുത്തിട്ടു.
"സാബിയനായിരുന്നാൽ ഇവളെയും കെട്ടി അവളെയും കെട്ടി വേറെയും തെരഞ്ഞുകൊണ്ട് ഒരു മഹാരാജനെപ്പോലെ ജീവിക്കാമായിരുന്നു നിങ്ങൾക്ക്' എന്ന് അവളും ഒരു പതിവ് ഡയലോഗ് കാച്ചി.
"അയ്യോ അവനാദ്യം ഇടുപ്പിൽനിന്ന് പാന്റ് വഴുതിപ്പോകാത്തവണ്ണം തിന്നും കുടിച്ചും വീർത്ത ഒരുവളെ കൈകാര്യം ചെയ്യട്ടെ. അതുകഴിഞ്ഞ് രണ്ടോ മൂന്നോ എണ്ണത്തിനെ കെട്ടാൻ പറ നിന്റെ കെട്ടിയോനോട്' എന്ന് പതിവുപോലെ ഉമ്മയും ഒരു ഡയലോഗ് എടുത്തെറിഞ്ഞു.

അവർ രണ്ടുപേരുടെയും സംസാരം ഇപ്പോൾ എന്റെ ഇടുപ്പിനു ചുറ്റും കറങ്ങുന്നതായി ശ്രദ്ധിച്ച മക്കൾക്ക് മുഷിപ്പ് തോന്നി അവിടെനിന്നും മാറി.

അവർ അവിടെനിന്ന് പോയതും ഞാൻ മെല്ലെ ക്രിസ്ത്യാനിയായ ഭാര്യ ഇരുന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നു നീങ്ങിയിരിക്കാൻ അഭ്യർഥിച്ച് അവളുടെ അടുത്തിരുന്നു. "നാണമില്ലേ നിനക്ക്, ഇത്ര പഴികേട്ടിട്ടും വീണ്ടും പൂച്ചയെപ്പോലെ അവളുടെയടുത്തിരിക്കാൻ. വാ ഇവിടെയിരിക്ക്' എന്ന് ഉമ്മ അവരുടെയടുത്തുള്ള പലക കാണിച്ചു. ഭാര്യ മുഖം കറുപ്പിച്ചാലും വേണ്ടില്ല മകൻ കുറച്ചു നേരം തന്റെയടുത്ത് ഇരിക്കട്ടെയെന്ന ഉമ്മയുടെ ചെറിയ മോഹം. അവരുടെ ഭർത്താവും മക്കളും ചന്തിയുറപ്പിച്ച് ഇരുന്നിരുന്ന് തഴമ്പിച്ചുപോയ ആ പലക. അടുപ്പിലെ പുകയടിച്ച് അത് കറുത്തുപ്പോയിരുന്നെങ്കിലും തീയുടെ വെളിച്ചത്തിൽ പ്രകാശിക്കുന്ന ആ പലകയ്ക്കുവേണ്ടി ചെറുപ്പത്തിൽ ഞങ്ങളെല്ലാം എത്രയോ കലഹിച്ചിരുന്നു. ഇപ്പോൾ ആരും വരാനില്ലെന്ന സങ്കടത്താൽ അതും കണ്ണീരൊലിപ്പിക്കുന്നതുപോലെ തോന്നി. ഇപ്പോൾ ഇരിക്കാൻ സാധിക്കാത്തവിധം ഉയരത്തിൽ വളർന്നിരിക്കുന്ന മുട്ടുകാൽ. എങ്കിലും ഇരുന്നു. ഉമ്മയുടെയും മകന്റെയും കഥ പറച്ചിൽ തുടങ്ങിയെന്ന് വിരസത തോന്നി ഭാര്യയും അവിടെനിന്ന് പോയി. അവളുടെ മുഖത്ത് കണ്ടും കാണാത്തതുപോലെ ഒളിമിന്നിയ പുഞ്ചിരി. ഈ ഉമ്മയുടെയടുത്ത് മാത്രം ഈ മകൻ ഇരിക്കുമ്പോൾ അവൾക്ക് ഈ ലോകത്ത് ഒന്നും സംഭവിക്കുകയില്ലയെന്നും ബാക്കിയെല്ലാം ഇവന്റെ വിളയാട്ടെന്നുമുള്ള ഭ്രാന്തൻ വിശ്വാസം. ആയതിനാൽ ഇതുപോലുള്ള കൊടുങ്കാറ്റ് വീശുമ്പോഴെല്ലാം ഉമ്മയുടെ മുന്നിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് സ്വസ്ഥത കൊളളുമായിരുന്നു.

അവൾ അപ്പുറത്തേക്ക് പോയതും ഉമ്മയുടെ ഒഴിഞ്ഞ ചെവികളിലേക്ക് നോക്കി. മക്കളെ പഠിപ്പിച്ച് വലിയവരാക്കാൻ തന്റെ ചെവിയിലെ ആഭരണങ്ങളെല്ലാം പണയം വെച്ചിരിക്കുകയാണെന്ന് തെളിച്ചുകാണിക്കാൻ ചെവികളെ ഒഴിച്ചിട്ടിരുന്നു. ആ ചെവികൾ കമ്മലുകൾകൊണ്ട് മൂടപ്പെട്ടാൽ അവയുടെ ദിവ്യസൗന്ദര്യം നഷ്ടപ്പെടുമെന്നതിനാൽ ഞങ്ങളെല്ലാം അങ്ങനെത്തന്നെ കിടക്കട്ടെയെന്ന് കരുതിയിരുന്നു. കമ്മൽ വാങ്ങിച്ചു കൊടുക്കണമെങ്കിൽ എന്റെയൊരു നിബന്ധനയുണ്ടായിരുന്നു.

അത് മൊയ്തീൻ സാഹിബിന് അവസാനം എന്തു സംഭവിച്ചുവെന്ന കാര്യം അവർ മുഴുവനായും വിവരിക്കണമെന്നതായിരുന്നു.

ഞാൻ പറയാൻ മറന്നുപോയി, അതേ പഴയ മൊയ്തീൻ സാഹിബിനെക്കുറിച്ച് തന്നെയാണ്. ഞാൻ ബസിൽ വിവേക് ശാൻഭാഗായി അഭിനയിച്ച് ഈ സാഹിബിന്റെ കുറച്ചു കഥയും കേട്ട് എന്റെയും ദൈവങ്ങളെപ്പറ്റിയുള്ള അല്പസ്വൽപ്പം കള്ളക്കഥകളും പറഞ്ഞ് മൈസൂരിലെത്തിച്ചേർന്ന് പാരിജാതത്തിന്റെ ചുവട്ടിൽനിന്ന് മഞ്ഞിൽ തലകീഴായി കിടന്നിരുന്ന ഒരു പിടി പൂക്കളുമെടുത്ത്, വാതിൽ തുറന്നവളുടെ പാദങ്ങളിൽ ചൊരിഞ്ഞിരുന്നു.

"നാടകം കളിച്ചത് മതി, പോയി പല്ലുതേച്ച് കിടക്കാൻ നോക്ക്' എന്നു പറഞ്ഞു അവൾ. ഉറങ്ങാൻ പോകുന്നവനെ എഴുന്നേൽപ്പിച്ചിരുത്തി "എന്തെങ്കിലും സംസാരിക്ക്' എന്നും പറഞ്ഞു.
ഉറക്കത്തിൽ കെട്ടിപ്പിടിക്കാൻ പോയവനെ തടഞ്ഞുനിർത്തി "പ്രണയമെന്നാൽ പ്രേമമോ കാമമോ' എന്ന ചോദ്യവും ചോദിച്ചു.
"അത് പ്രേമവുമല്ല, കാമവുമല്ല. ഒരുതരം കുരങ്ങുകളുടേതുപോലെ പരിപൂർണമായ വിളയാട്ടം' എന്ന് അവളുടെ മൂക്കിന്റെ നീളം വിരലുകൊണ്ട് അളന്ന് അതേ വിരലുകൊണ്ട് എന്റെ മൂക്കും അളന്ന് "നോക്ക്, നമ്മൾ രണ്ടുപേരുടെയും മൂക്കുകൾ ചേർത്തുവെച്ചാൽ അതെങ്ങിനെയാണ് ഒരു തികഞ്ഞ ത്രികോണമാകുന്നത്' എന്ന് എന്തോ പറയാൻ ഒരുങ്ങി.
"ഒരു നിമിഷം, സത്യം പറ. സത്യത്തിൽ നീ ആരാണ്. എന്റെ ആരാണു നീ?' എന്ന് ചാഞ്ഞുകൊണ്ട് അവൾ കരഞ്ഞു.
"എവിടുന്നുള്ള അടയ്ക്ക എവിടുന്നുള്ള ചുണ്ണാമ്പ്! ചവച്ചുനോക്കിയാലറിയാം നിന്റെ നാക്ക് എത്ര ചുവക്കുമെന്ന്' ഞാൻ പറഞ്ഞു.
"സത്യം പറ. ഈ പുലർകാലത്ത് എന്റെ ശരീരത്തിലേക്ക് കയറി വരുന്ന നീ സത്യമായും ആരാണ്?' അവൾ ചോദിച്ചു.
"അയ്യോ എന്റെ പെണ്ണേ, ഞാൻ രാത്രി മുഴുവനും വിവേക് ശാൻഭാഗായിരുന്നു' എന്ന് മൊയ്തീൻ സാഹിബിന്റെ കഥ അവളോടു മൊഴിഞ്ഞു.
അവളെന്തോ ചിരിച്ചില്ല.
"നിന്റെ ജീവിതം മുഴുവനും വഞ്ചനയുടെ കഥയാണ്. ജീവിതത്തിൽ എത്ര പേരെ പറ്റിച്ചിട്ടുണ്ട്? സത്യം പറ. എന്നെപ്പോലെ എത്ര പെൺകുട്ടികളെ കബളിപ്പിച്ചിട്ടുണ്ട്?' അവൾ ചോദിച്ചു.
"പെൺകുട്ടികളെ അധികമൊന്നും പറ്റിച്ചിട്ടില്ല. എന്നാൽ ആണുങ്ങളിൽ മൊയ്തീൻ സാഹിബിനെ മാത്രമാണ്' ഞാൻ മറുപടി പറഞ്ഞു.
"പാവം, ആ വൃദ്ധൻ മൈസൂരിലെ ഈ തണുപ്പിൽ തൊട്ടിലുകളും സ്ഥാപിച്ച് എവിടെ പെട്ടുകിടക്കുന്നുണ്ടോ ആവോ' അവൾ ചിലച്ചു.
"നീ കാണിക്കുന്ന ഈ കരുണയും ഒരു നാടകം മാത്രം. നിനക്ക് സത്യത്തിൽ വേണ്ടതെന്താണെന്ന് എനിക്കു മാത്രമറിയാം' എന്ന് തനിക്ക് മാത്രമറിയാവുന്നതുപോലെ ഉറക്കുവാൻ ശ്രമിച്ചുനോക്കി.
"ഉറക്കുവാൻ ശ്രമിക്കുന്നതിന് മുമ്പ് കുറച്ചൊന്നാലോചിക്ക്. ഈ കിടന്നിരിക്കുന്ന കുംഭം ഞാനോ അതോ വിവേകോ? ബ്യാരിയോ അതോ കൊങ്ങിണിയനോ? എനിക്കു തന്നെ സംശയം തോന്നുന്നു. അല്പം പരീക്ഷിച്ചു നോക്ക്' ഞാൻ അവളെ നോക്കി അമർത്തിച്ചിരിച്ചു. അവൾ ദേഷ്യത്താൽ തൊഴിവച്ചു തന്നു.

അതുകഴിഞ്ഞ് ഈ കഥയെ പലരോടും പറഞ്ഞു.
ജീവിതമെന്നാലെന്ത് സാഹിത്യമെന്നാലെന്ത് എന്നെല്ലാം വലിയ ചർച്ചകളൊക്കെ നടക്കുമ്പോൾ ഞാൻ എന്റേതായ ഒരു ഡയലോഗുമിരിക്കട്ടെ എന്ന ഉദ്ദേശ്യവുമായി ഉത്സവസ്ഥലങ്ങളിൽ തൊട്ടിൽ സ്ഥാപിക്കുന്ന മൊയ്തീൻ സാഹിബിന്റെ കൂടെ ഞാൻ വിവേക് ശാൻഭാഗായി അഭിനയിച്ച് കബളിപ്പിച്ചതിന് മുമ്പുള്ള സാംസ്‌കാരികമായ സങ്കീർണ്ണാവസ്ഥയെ കൺമുമ്പിൽ വെളിപ്പെടുന്നപോലെ വിവരിച്ച് മൊത്തത്തിൽ ചർച്ചയെ തലയും വാലുമില്ലാത്ത സ്ഥിതിയിലേക്ക് കൊണ്ടുവന്ന് കുരങ്ങുകളിപ്പിക്കുമായിരുന്നു. എന്നാൽ എനിക്ക് മൊയ്തീൻ സാഹിബിന്റെ പൂർണകഥ എന്താണെന്നറിയില്ലായിരുന്നു.

ചില വർഷങ്ങൾക്ക് മുമ്പ് ഇതേപോലെ പലകയിലിരുന്ന് ഉമ്മയോട് അതുമിതും പറഞ്ഞുകൊണ്ടിരിക്കെ "എപ്പോഴും സോണംഗേരി... സോണംഗേരി എന്ന് തുള്ളിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. നിങ്ങക്ക് ഈ സോണംഗേരിയിലെ മൊയ്തീൻ സാഹിബിനെ അറിയോ എന്ന് ചോദിച്ചു. അവർ ഒരു നിമിഷത്തേക്ക് പരിഭ്രമിച്ചു. "ആരാണ്, തൊട്ടിലാട്ടക്കാരൻ മൊയ്തീൻ സാഹിബോ?' എന്ന് അവർ ആശ്ചര്യപൂർവ്വം ചോദിച്ചു. ഞാൻ അതേയെന്ന് പറഞ്ഞു. "ഓ, ആ മനുഷ്യനെപ്പറ്റി നിനക്കും അറിയാമോ?' എന്ന് ഉമ്മ അല്പം നിരുത്സാഹം നടിച്ചു. ഞാൻ എനിക്കറിയാവുന്നത്രയും പറഞ്ഞുകൊടുത്തു.

"ഓ, നിനക്ക് അത്രയേ അറിയുകയുള്ളൂ, മറ്റൊന്നും അറിയില്ല അല്ലേ?' ഉമ്മ കൂതൂഹലം ജനിപ്പിച്ചു.

എന്താണെന്ന് ചോദിച്ചു. അന്നേരം മൊയ്തീൻ സാഹിബിനെപ്പറ്റിയുള്ള കഥ ഇത്ര മതിയെന്ന് പറഞ്ഞ് പകുതിയിൽവച്ച് നിർത്തിയിരുന്നു. അതിൽ പിന്നീട് എത്രയോ തവണ ചോദിച്ചെങ്കിലും ഇതുവരെ അത് പൂർത്തിയാക്കിയിട്ടില്ല.

ഉമ്മ പറഞ്ഞ കഥയിലെ മുഖ്യകഥാപാത്രം മൊയ്തീൻ സാഹിബായിരുന്നില്ല.
അത് അയാളുടെ ആദ്യഭാര്യ ബീപ്പാത്തുമ്മയായിരുന്നു. ഈ ബീപ്പാത്തുമ്മ വളരെ സുന്ദരിയായ സ്ത്രീയായിരുന്നത്രെ. എത്രത്തോളം സുന്ദരിയെന്നാൽ പൗർണമിയിലെ നിലാവെളിച്ചത്തോളം സുന്ദരിയായിരുന്നുവത്രെ. എന്നാലും ഈ സാഹിബ് വളരെ സുന്ദരിയും സ്വഭാവമഹിമയുള്ളവളുമായ ഭാര്യയെ ഒഴിവാക്കി മൈസൂരിനടുത്തുള്ള ചാമരാജനഗറിലെ സോലിഗ സമുദായത്തിലെ ഒരു സ്ത്രീയെ കെട്ടിക്കൊണ്ടു വന്നു എന്നത് ഈ കഥ പറയുമ്പോഴും എന്റെ ഉമ്മയ്ക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. അതേ, പെണ്ണൊരുത്തിയുടെ ആശ്ചര്യഭരിതമായ സ്വരത്തിൽ അവർ ഈ പകുതി കഥ പറഞ്ഞിരുന്നു.

അക്കാലത്ത് എന്റെ ഉമ്മ അല്പം കൂടി ചെറിയ പെണ്ണായിരുന്നു. സോണംഗേരിയിൽ ഒഴുകുന്ന തോടിന്റെ ഇപ്പുറത്ത് ഉമ്മയുടെ വീട്. അപ്പുറത്തായി മൊയ്തീൻ സാഹിബിന്റെ വീട്. മൊയ്തീൻ സാഹിബിന് ഗന്ധശാല നെല്ല് വിളയിക്കുന്ന ചെറിയ പാടമുണ്ടായിരുന്നത്രെ. വേനൽക്കാലത്ത് തണ്ണീർമത്തനും കൃഷി ചെയ്യുമായിരുന്നത്രെ. മഴക്കാലത്ത് നെല്ലു വിളയിച്ച് വേനൽകാലത്ത് തൊട്ടിലുമായി ഉത്സവങ്ങളും അന്വേഷിച്ച് പോകുമായിരുന്നത്രെ. അപ്പോൾ വേനൽകാലത്ത് തോട്ടിൽനിന്ന് കുടത്തിൽ വെള്ളവും ശേഖരിച്ച് തണ്ണീർമത്തൻ കൃഷി പാരിപാലിക്കുന്നത് ബീപ്പാത്തുമ്മയുടെ ജോലിയായിരുന്നു. അപ്പോൾ തണ്ണീർമത്തൻ കിട്ടാനുള്ള ആഗ്രഹത്താൽ വെള്ളം നിറയ്ക്കാൻ ഉമ്മയായിരുന്നുവത്രെ അവരെ സഹായിച്ചിരുന്നത്.

അങ്ങനെയിരിക്കെ ഒരു വൈകുന്നേരം ഇവർ രണ്ടുപേരും വെള്ളം നിറച്ചുകൊണ്ടിരിക്കുമ്പോൾ മൊയ്തീൻ സാഹിബിന്റെ പിന്നിലായി ആ സോലിഗ സ്ത്രീയും നടന്നു വന്നുവത്രെ.

"ഇവളെ ഞാൻ കല്യാണം കഴിച്ചാണ് കൊണ്ടു വന്നിരിക്കുന്നത്. ഇവളെ അനിയത്തിയെപ്പോലെ നോക്കിക്കൊള്ളേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്' എന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ മൊയ്തീൻ സാഹിബ് കുളിമുറിയിലേക്ക് കടന്നുചെന്നു.

പക്ഷെ അന്നുമുതൽ ബീപ്പാത്തുമ്മ ആ വീട്ടിലേയ്ക്ക് കയറിയിട്ടില്ലത്രെ. മക്കളില്ലാത്ത ആ സ്ത്രീ വയലിനു ഇപ്പുറത്തായി തെങ്ങുമടലുകൊണ്ട് പാടവരമ്പത്ത് ചെറ്റക്കുടിലു കെട്ടി ജീവിക്കാൻ തുടങ്ങിയത്രെ. അപ്പുറത്തുള്ള അല്പം വലിയ വീട്ടിൽ സോലിഗ സ്ത്രീ. അവർക്കും മക്കളില്ലായിരുന്നുവത്രെ.

"എനിക്ക് വിഷമം തോന്നുന്ന കാര്യമെന്താണെന്നറിയുമോ?' ഉമ്മ ഒരു ബിംബാത്മകമായ രൂപകം പറഞ്ഞു.
ബീപ്പാത്തുമ്മ തന്റെ കുടിലിന്റെ വാതിലിൽ ചാരിക്കൊണ്ട് കൈയ്യിലൊരു ഓലത്തണ്ടുമായി ഭർത്താവ് തന്റെയടുക്കലേക്ക് വരുമോ എന്ന് നിലാവെളിച്ചത്തിൽ കാത്തുകൊണ്ടിരിക്കുന്ന ദൃശ്യമായിരുന്നു അത്. കെട്ടിയോൻ വന്നേയില്ലത്രെ. അവർ കാത്തുകൊണ്ടേയിരുന്നത്രെ. അയാൾ സോലിഗ ഭാര്യയെ വിട്ട് ഒരു രാത്രിയെങ്കിലും പോകണേയെന്ന് ചെറിയ പെൺകുട്ടിയായിരുന്ന എന്റെ ഉമ്മയും ആഗ്രഹിച്ചിരുന്നുവത്രെ. എന്നാൽ അവർ അവിടെ ഉണ്ടായിരുന്ന കാലത്തോളം ഒരു രാവുപോലും തന്റെ ആദ്യഭാര്യയെ കാണാൻ മൊയ്തീൻ സാഹിബ് ചെന്നിട്ടില്ലത്രെ.

ബീപ്പാത്തുമ്മ വളരെയേറെ കരഞ്ഞുകൊണ്ട് തണ്ണീർമത്തൻ വള്ളികളിൽ വെള്ളവും ഒഴിച്ചുകൊണ്ടിരിക്കുമായിരുന്നത്രെ. ഈ ആണുങ്ങളുടെ കാര്യംതന്നെ എനിക്ക് മനസ്സിലാകുന്നില്ല എന്നു പറഞ്ഞുകൊണ്ട് ഉമ്മ നെടുവീർപ്പിട്ടിരുന്നു. ബസ്സിൽ മൊയ്തീൻ സാഹിബിനെ കണ്ടുമുട്ടിയിരുന്നുവെന്ന കാര്യം അവരോട് പറയണമെന്ന് വിചാരിച്ച ഞാൻ എന്തോ സ്വയം തടഞ്ഞു. ദൈവത്തെക്കുറിച്ചും ചന്ദ്രനെക്കുറിച്ചും കണ്മുമ്പിൽ പ്രത്യക്ഷപ്പെടുത്തുംവിധം സംസാരിച്ച മൊയ്തീൻ സാഹിബ് പക്ഷെ പറയാത്ത എന്തെല്ലാം കാര്യങ്ങൾ സൂക്ഷിച്ചിരിക്കുന്നല്ലോ എന്ന് തോന്നി.

എന്റെ നിസ്സാരമായ പ്രണയലീലകളെ പർവ്വതീകരിച്ച് കെട്ടിയോൾ ഉമ്മയുടെയടുത്ത് പരാതിപറയുമ്പോൾ മൊയ്തീൻ സാഹിബിന്റെ കഥ ഓർമ വന്ന് പുഴയുടെ ഒരു കരയിൽ നെൽപ്പാടത്തിനരികിൽ കുറെ കുടിലുകളും കെട്ടി കെട്ടിയോനുവേണ്ടി കാത്തിരിക്കുന്ന പല സ്ത്രീകളുടെയും രൂപങ്ങൾ കൺമുന്നിൽ തെളിയുമ്പോൾ എനിക്ക് ചിരിവരുമായിരുന്നു.

ഇന്നിപ്പോൾ വിവേകിന്റെ ദേശകാലയ്ക്കുവേണ്ടി ഈ കഥയെഴുതുമ്പോഴെങ്കിലും മൊയ്തീൻ സാഹിബിന്റെ മുഴുവൻ കഥയും അറിയണമെന്ന് വയസ്സായിക്കഴിഞ്ഞ ഉമ്മയുടെ അടുത്ത് അതേ പലകയിലിരുന്നുകൊണ്ട് എത്ര ദൈന്യമായി അഭ്യർത്ഥിച്ചെങ്കിലും അവർ പറയുന്നില്ല. തല കഴക്കുന്നയളവിൽ ഇതുപോലുള്ള കഥകൾ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞിട്ടുള്ള അവരിലും ഇപ്പോൾ കഥ പറഞ്ഞ് തീർക്കാനുള്ള ഉത്സാഹം ബാക്കിയുണ്ടായിരുന്നില്ല.

ഇപ്പോൾ അവരുടെയടുത്ത് മൂപ്പായ ഒരു പഴയ പൂച്ചയുണ്ട്. ഇപ്പോൾ ഉമ്മയ്ക്ക് അതിനെക്കുറിച്ചുള്ള ചിന്ത മാത്രം. പെൺപൂച്ചയെന്നു മനസ്സിലാക്കി അതിനെ വളർത്തിയെങ്കിലും ഇതുവരെ അതൊരു കുഞ്ഞിനെ പ്രസവിച്ചിട്ടില്ല. അതിനാൽത്തന്നെ അത് ആൺപൂച്ചയാണെന്ന സംശയമുണ്ട്. എന്നാൽ ആൺപൂച്ചയുടെ യാതൊരു ലക്ഷണവും അത് കാണിക്കുന്നില്ല. എന്നാൽ പരിസരത്തുള്ള ആൺപൂച്ചകൾ ഇതും ആൺപൂച്ചയാണെന്ന് മനസിലാക്കിയിട്ടുണ്ടത്രെ. രാത്രി വീട്ടിലേക്ക് നുഴഞ്ഞുകയറി ഇതിന്റെ കൂടെ കലഹിച്ച് കടിച്ചുപറിച്ച് ദേഹം മുഴുവനും ചോര പൊടിയും വിധം പരിക്കേൽപ്പിച്ച് പോകുമത്രെ. ആണുമല്ല പെണ്ണുമല്ല എന്നാണ് ഉമ്മയുടെ നിഗമനം. അവരുടെ പറച്ചിൽകേട്ട എന്റെ മക്കൾ അതെവിടെ നിന്നോ വായിച്ചറിഞ്ഞ് ഇത് ട്രാൻസ്‌ജെൻഡർ പൂച്ചയായിരിക്കാമെന്ന് അതിനെ തലോടി ശുശ്രൂഷിക്കുന്നു.

ഒന്നു നോക്കിയാൽ അത് ട്രാൻസ്‌ജെൻഡറായിരിക്കുന്നതാണ് നല്ലതെന്ന് കെട്ടിയോൾ പല്ലിളിക്കുന്നു. ഈ എല്ലാ അലങ്കോലങ്ങൾക്കുമിടയിൽ മൊയ്തീൻ സാഹിബ് ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ? അയാളുടെ ആദ്യഭാര്യ ബീപ്പാത്തുമ്മയ്ക്ക് എന്തു സംഭവിച്ചു? സോലിഗ ഭാര്യയ്‌ക്കോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തന്നെ ലഭിക്കുന്നില്ല. ഞാനാണെങ്കിൽ ഈ കഥയെ ഇത്രയുമെഴുതി വിവേക് ശാൻഭാഗിന് അയച്ചു കൊടുക്കുകയാണ്. ▮

1. സാഹിബ് - തെക്കൻ കർണാടകയിൽ മുസ്​ലിംകൾ പൊതുവേ സാഹിബ് എന്നാണറിയപ്പെടുന്നത്.
2. വിവേക് ശാൻഭാഗ് - സമകാലിക കന്നഡ സാഹിത്യത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ. യു. ആർ. അനന്തമൂർത്തിയുടെ ജാമാതാവ്
3. അക്ബർ സദഖ എന്ന പേരിലറിയപ്പെടുന്ന പ്രശസ്തമായ മാപ്പിളപ്പാട്ട് കൃതി
4. ദേശകാല - വിവേക് ശാൻഭാഗ് പത്രാധിപരായ സാഹിത്യപ്രസിദ്ധീകരണം.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അബ്ദുൾ റഷീദ്

കന്നഡ കഥാകൃത്ത്, നോവലിസ്റ്റ്, കവി, വിവർത്തകൻ, കോളമിസ്റ്റ്. കവരത്തി ആകാശവാണിയിൽ ഹെഡ് ഓഫ് പ്രോഗ്രാംസ്. ഹാലു കുടിദ ഹുഡുഗ, പ്രാണപക്ഷി (കഥാസമാഹാരങ്ങൾ), നന്ന പാടിഗെ നാനു (കവിതാസമാഹാരം), മാത്തിഗൂ ആചെ, അലെമാരിയ ദിനചരി, കാലുചക്ര, മൈസൂര് പോസ്റ്റ് (ലേഖനസമാഹാരങ്ങൾ), ഹൂവിനകൊല്ലി (നോവൽ)എന്നിവയാണ് കൃതികൾ.

എ.കെ. റിയാസ് മുഹമ്മദ്

എഴുത്തുകാരൻ, പ്രാദേശിക ഭാഷാ ചരിത്രകാരൻ, വിവർത്തകൻ. കന്നട, തമിഴ് ഭാഷകളിൽനിന്ന് നിരവധി കഥകളും കവിതകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ചുവന്ന തത്തയും മറ്റു കഥകളും- കന്നടയിലെ പുതുകഥകൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments